sunday sermon jn 3, 15-21

ദനഹാക്കാലം അഞ്ചാം ഞായർ

യോഹ 3, 15-21

സന്ദേശം

The Ultimate Sermon On John 3:16 | Sharefaith Magazine

ദൈവത്തിന്റെ വെളിപാടുകളാണ് ദനഹാക്കാലത്തിലൂടെ നമ്മുടെ മുൻപിൽ അനാവരണം ചെയ്യപ്പെടുന്നത്. ദനഹാക്കാലം അഞ്ചാം ഞായറാഴ്ച്ചത്തെ സുവിശേഷത്തിലൂടെയും ഒരു വെളിപാടാണ് നമുക്ക് ലഭിക്കുന്നത്. വെളിപാട് ഇതാണ്: ദൈവം സ്നേഹമാകുന്നു. സ്നേഹം ദൈവമാകുന്നു. ക്രിസ്തുവിലൂടെ വെളിപ്പെട്ട ഈ മഹാരഹസ്യം ഇന്നത്തെ സുവിശേഷത്തിലാണ് ഉള്ളത്. ” അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” ദൈവ സ്നേഹത്തിന്റെ പാരമ്യമായി, ക്രിസ്തുവായി ദൈവം ഈ ഭൂമിയിൽ അവതരിച്ചുകൊണ്ടു അവിടുന്ന് തന്റെ സ്നേഹം പ്രകടമാക്കി. ക്രിസ്തുവാകട്ടെ തന്റെ ജീവിതത്തിലൂടെ ദൈവത്തിന്റെ സ്നേഹം എന്താണെന്ന് ലോകത്തിനു മനസ്സിലാക്കി കൊടുത്തു. ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്, “മകളേ, മകനേ നിന്നിലൂടെ എന്റെ സ്നേഹം വെളിപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.” നമ്മിലൂടെ ദൈവത്തിന്റെ സ്നേഹം, ക്രിസ്തുവിന്റെ സ്നേഹം വെളിവാക്കപ്പെടുന്നവിധം ജീവിക്കുക എന്നതാണ് ഇന്നത്തെ സുവിശേഷ സന്ദേശം.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷത്തിലെ പതിനാറാം വാക്യം ബൈബിളിലെ ഏറ്റവും മനോഹരമായ വാക്യമാണ്. ക്രിസ്തുമതത്തിന്റെ സകല ദൈവശാസ്ത്രവും, ക്രിസ്തുമതത്തിന്റെ കാമ്പും കാതലും ഈ വാക്യത്തിൽ അടങ്ങിയിരിക്കുന്നു. ‘ക്രിസ്തുവായി ഈ ഭൂമിയിൽ അവതരിക്കത്തക്കവിധം ദൈവം ഈ ലോകത്തെ അത്രയധികമായി സ്നേഹിച്ചു. തന്നിൽ വിശ്വസിക്കുന്നവരാരും നശിച്ചുപോകാതെ രക്ഷപ്രാപിക്കേണ്ടതിനു അവിടുന്ന് നമുക്ക് വേണ്ടി മരിച്ചു. ഉത്ഥാനം ചെയ്തു ഇന്നും ജീവിക്കുന്നു.  സുവിശേഷങ്ങളുടെ summary ആണ് ഈ ദൈവവചനം. തുടർന്നുവരുന്ന വചനങ്ങളോ ദൈവസ്നേഹത്തിന്റെ സ്വഭാവത്തെ വെളിവാക്കുന്നതും.

ബൈബിൾ മുഴുവൻ, ഉത്പത്തി മുതൽ വെളിപാടുവരെ, വരച്ചുകാണിക്കുന്നതു ദൈവം സ്നേഹമാകുന്നു എന്നാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹായാണ് ഈ സത്യം വളരെ വ്യക്തമായി നമ്മോടു പറയുന്നത്. “…സ്നേഹം ദൈവത്തിൽ നിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തിൽനിന്നു ജനിച്ചവനാണ്; അവൻ ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്നേഹമാകുന്നു.” (1യോഹ 4, 7-8) ഈ സ്നേഹത്തിന്റെ സവിശേഷത എന്താണ്? നാം ദൈവത്തെ സ്‌നേഹിക്കുന്നതുകൊണ്ട് അവിടുന്ന് നമ്മെയും സ്നേഹിക്കുന്നു എന്നതല്ല ഈ സ്നേഹത്തിന്റെ പ്രത്യേകത. ദൈവം നമ്മെ സ്നേഹിക്കുകയും, നമ്മുടെ പാപങ്ങൾക്ക് പരിഹാര ബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതാണ് ഈ സ്നേഹത്തിന്റെ പ്രത്യേകത. ( (1യോഹ 4, 10) എങ്ങനെയാണ് ദൈവത്തിന്റെ സ്നേഹം നമുക്ക് വെളിവായത്? “തന്റെ ഏകപുത്രൻ വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെയാണ്  ദൈവത്തിന്റെ സ്നേഹം നമ്മുടെ ഇടയിൽ വെളിവാക്കപ്പെട്ടത്.  (1യോഹ 4, 9)

‘ദൈവമായിരുന്നിട്ടും ദൈവത്തിന്റെ സമാനത മുറുകെപ്പിടിക്കാതെ, തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ചു, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ട്, മരണവരെ, കുരിശുമരണംവരെ അനുസരണമുള്ളവനായിക്കൊണ്ട്’ (ഫിലിപ്പി 2, 6-8) ഈശോ ദൈവത്തിന്റെ സ്നേഹം ലോകത്തിനു കാണിച്ചുകൊടുത്തു. അതിരുകളില്ലാത്ത, അളവുകളില്ലാത്ത ദൈവത്തിന്റെ സ്നേഹം ക്രിസ്തുവിലൂടെ വെളിവായപ്പോൾ മനുഷ്യന് സ്വപ്നപോലും കാണാൻ കഴിയാത്തത്ര മഹത്വമുള്ളതായിത്തീർന്നു ദൈവത്തിന്റെ സ്നേഹം! എന്തെന്ത് രൂപങ്ങളാണ്, എന്തെന്ത് ഭാവങ്ങളാണ് ദൈവത്തിന്റെ സ്നേഹത്തിനു ഉള്ളത്?

Jesus Loves You Pictures, Photos, and Images for Facebook, Tumblr,  Pinterest, and Twitter

പ്രപഞ്ചത്തെ സൃഷ്ടിച്ച, തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച സ്നേഹമാണ് ദൈവത്തിന്റെ സ്നേഹം; ഇസ്രായേൽ ജനത്തെ ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് രക്ഷിച്ച സ്വാതന്ത്ര്യമാണ്  ദൈവത്തിന്റെ സ്നേഹം; ഇസ്രായേൽ ജനത്തോടൊപ്പം മരുഭൂമിയിലും, വനത്തിലും, അവർ പോയിടത്തെല്ലാം അവരോടൊപ്പം കൂടാരമടിച്ച ത്യാഗമാണ് ദൈവത്തിന്റെ സ്നേഹം; ദൈവജനത്തിന് രക്ഷകനെ വാഗ്ദാനംചെയ്ത, സമയത്തിന്റെ പൂർണതയിൽ കാലിത്തൊഴുത്തിൽ മനുഷ്യനായി പിറന്ന എളിമയാണ് ദൈവത്തിന്റെ സ്നേഹം; പീഡകൾ സഹിച്ചു കാൽവരിയിൽ ലോകരക്ഷയ്ക്കായി മരിച്ച സഹനമാണ് ദൈവത്തിന്റെ സ്നേഹം; വിശുദ്ധ കുർബാനയായി, ഇന്നും മനുഷ്യനോടൊത്ത് വസിക്കുന്ന വലിയ കാരുണ്യമാണ് ദൈവത്തിന്റെ സ്നേഹം; എന്നും എപ്പോഴും എന്നെ നയിക്കുന്ന, എന്നെ കാക്കുന്ന എന്റെ ക്രിസ്തുവാണ് ദൈവത്തിന്റെ സ്നേഹം! 

എങ്ങനെയാണ് ദൈവസ്നേഹത്തിൽ നിലനിൽക്കുവാൻ, ആ സ്നേഹം അനുഭവിക്കുവാൻ നമുക്ക് സാധിക്കുക? മുന്തിരിച്ചെടിയുടെയും ശാഖകളുടെയും ഉപമയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഈശോ ഇതിനുള്ള ഉത്തരം നമുക്ക് തരുന്നുണ്ട്. “പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാൻ നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പാലിച്ചു അവിടുത്തെ സ്നേഹത്തിൽ നിലനിൽക്കുന്നതുപോലെ, നിങ്ങൾ എന്റെ കൽപ്പനകൾ പാലിച്ചാൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും.” (യോഹ 15, 9-10)

ദൈവത്തിന്റെ ഈ സ്നേഹം രക്ഷിക്കുന്ന സ്നേഹമാണ്, ശിക്ഷിക്കുന്ന സ്നേഹമല്ല. സ്നേഹമുള്ളവരേ, എപ്പോഴും ഓർമയിൽ സൂക്ഷിക്കുക: “ദൈവം തന്റെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യത, അവൻ വഴി ലോകം രക്ഷപ്രാപിക്കാനാണ്.” (യോഹ 3, 17) നമ്മുടെ ദൈവം ശിക്ഷിക്കുന്ന ദൈവമല്ല, രക്ഷിക്കുന്ന ദൈവമാണ്. എന്നാൽ, പ്രകാശമായ ദൈവം ലോകത്തിലേക്ക് വന്നിട്ടും, ആ പ്രകാശത്തെ സ്വീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾ അന്ധകാരത്തിൽ ജീവിക്കേണ്ടിവരും; നന്മയായ ദൈവം നിങ്ങളുടെ അടുത്തേക്ക് വന്നിട്ടും ആ നന്മയെ ജീവിതത്തിൽ സ്വീകരിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് തിന്മയിൽ ജീവിക്കേണ്ടിവരും; സൗഖ്യമായ ദൈവം ലോകത്തിലേക്ക് വന്നിട്ടും, ആ സൗഖ്യത്തെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നില്ലെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് രോഗത്തിൽ ജീവിക്കേണ്ടിവരും. എന്താണ് വചനം പറയുന്നത്? “ഇതാ ഞാൻ നിന്റെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. “ (നിയമ 30, 15) “…നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവൻ തിരഞ്ഞെടുക്കുക. നിന്റെ ദൈവമായ കർത്താവിനെ സ്നേഹിച്ചു, അവിടുത്തെ വാക്കു കേട്ട്, അവിടുത്തോടു ചേർന്ന് നിൽക്കുക; നിനക്ക് ജീവനും ദീർഘായുസ്സും ലഭിക്കും.” (നിയമ 30, 19-20)

Pin on Prayer Mentor

സ്നേഹമുള്ളവരേ, ദൈവസ്നേഹത്തിൽ വസിച്ചു, ആ സ്നേഹത്തിന്റെ spark ഉള്ള നല്ല ക്രൈസ്തവരായി ജീവിക്കുവാൻ ശ്രമിക്കുക! സ്നേഹമായിരിക്കട്ടെ നമ്മിലെ അഗ്നിജ്വാല. നമ്മുടെ ജീവിതത്തിന്റെ സ്വാദ് വിശുദ്ധ പൗലോശ്ലീഹാ പറയുന്ന ഗുണങ്ങളുള്ള സ്നേഹമായിരിക്കണം, ദൈവസ്നേഹത്തിന്റെ spark  ആയിരിക്കണം. എന്തും വിലകൊടുത്തു വാങ്ങുന്നത് മനുഷ്യൻ ശീലമാക്കിയതുകൊണ്ടു, സ്നേഹവും വിലകൊടുത്തു വാങ്ങാമെന്നാണ് മനുഷ്യൻ ചിന്തിക്കുന്നത്. ഭാര്യയെ നിങ്ങള്ക്ക് വിലകൊടുത്തു വാങ്ങാൻ പറ്റിയേക്കാം. എന്നാൽ അവളിലെ സ്നേഹം? അത് വിലകൊടുത്തു വാങ്ങാൻ കഴിയില്ല. സ്നേഹത്തിലേക്ക് വില കടന്നുവരുന്ന നിമിഷം സ്നേഹം മരിക്കുന്നു. സ്നേഹം ചന്തയിൽ ലഭ്യമല്ല എന്നോർക്കുക!

സ്നേഹം പരമോന്നതമായ മൂല്യമാണ്. അതുകൊണ്ടാണ് സ്നേഹം ദൈവമാകുന്നു എന്ന് നാം പറയുന്നത്. സ്നേഹമുണ്ടെങ്കിൽ എല്ലാം സ്വന്തമാക്കാൻ നമുക്ക് കഴിയും. ഒരു കഥ കേട്ടിട്ടില്ലേ?

ഒരിക്കൽ ഒരു യുവതി അവളുടെ വീടിന്റെ മുൻവാതിൽ തുറന്ന് പുറത്തേക്കു ഇറങ്ങുകയായിരുന്നു. തന്റെ വീടിന്റെ മുൻപിൽ മൂന്ന് വൃദ്ധരായ മനുഷ്യർ നിൽക്കുന്നത് അവൾ കണ്ടു. അവൾക്കു അവർ അപരിചിതരായിരുന്നു. എന്നാൽ അവർ വളരെ ക്ഷീണിതരാണെന്ന് അവൾക്കു തോന്നി. അവൾ അവരോടു പറഞ്ഞു: “എനിക്ക് നിങ്ങളെ പരിചയമില്ല. എന്നാൽ, നിങ്ങൾ മൂന്നുപേർക്കും നല്ല വിശപ്പുണ്ടെന്നു തോന്നുന്നു. അകത്തേക്ക് വരൂ. ഞാൻ നിങ്ങൾക്ക് എന്തെങ്കിലും ഭക്ഷിക്കുവാൻ തരാം.” “നിങ്ങളുടെ ഭർത്താവ് വീട്ടിലുണ്ടോ?” അവർ ചോദിച്ചു. അവൾ ഇല്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു:”ഭർത്താവ് വീട്ടിൽ ഇല്ലെങ്കിൽ ഞങ്ങൾക്ക് അകത്തുവരുവാൻ ബുദ്ധിമുട്ടുണ്ട്.” ഭർത്താവ് തിരികെയെത്തിയപ്പോൾ നടന്നതെല്ലാം അവൾ അയാളോട് പറഞ്ഞു. “പോയി, അവരെ വിളിച്ചുകൊണ്ടു വരൂ. ഇപ്പോൾ ഞാൻ വീട്ടിലുണ്ടല്ലോ” അവൾ പുറത്തേക്കു പോയി അവരെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു. “ക്ഷമിക്കണം, ഞങ്ങൾ ഒരുമിച്ചു ഒരു വീട്ടിലേക്കു പോകാറില്ല. ഞങ്ങളിൽ ഒരാളെ നിങ്ങൾക്ക് ക്ഷണിക്കാം” എന്നായിരുന്നു അവരുടെ മറുപടി. ഇതുകേട്ട് ആ യുവതി അത്ഭുതപ്പെട്ടു. “എന്താണ് പുതിയ പ്രശ്നം? ഇപ്പോൾ എന്റെ ഭർത്താവു വീട്ടിലുണ്ട്. വരൂ, എന്തെങ്കിലും ഭക്ഷിക്കൂ.” അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു: “എന്റെ പേര് ധനം എന്നാണ്.’ അടുത്ത് നിന്ന ആളെ ചൂണ്ടിയിട്ടു അയാൾ പറഞ്ഞു: “ഇദ്ദേഹം വിജയം.” അതിനപ്പുറം നിന്നയാളെ കാണിച്ചിട്ട് പറഞ്ഞ:”ഇയാൾ സ്നേഹം.” “നിങ്ങൾ അകത്തേക്ക് പോയി ഭർത്താവിനോട് ചോദിക്കൂ, ഞങ്ങളിൽ ആര് അകത്തു വരാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന്.” അവൾ അകത്തുപോയി ഭർത്താവിനോട് എല്ലാം പറഞ്ഞു. വിസ്മയത്തോടെ ഭർത്താവ് പറഞ്ഞു: “അങ്ങനെയെങ്കിൽ നമുക്ക് ധനത്തെ വിളിക്കാം. നമ്മുടെ വീട് ധനംകൊണ്ടു നിറയുമല്ലോ.” യുവതിക്ക് അത് ഇഷ്ടപ്പെട്ടില്ല. അവൾ പറഞ്ഞു: നമുക്ക് വിജയത്തെ വിളിക്കാം”. ഇതെല്ലം കേട്ടിരുന്ന അവരുടെ കൊച്ചുമകൾ പറഞ്ഞു: “നമുക്ക് സ്നേഹത്തെ അകത്തേക്ക് വിളിക്കാം, നമ്മുടെ വീട് അപ്പോൾ സ്നേഹംകൊണ്ട് നിറയും. അവർക്കു അത് സമ്മതമായിരുന്നു. യുവതി പറത്തുപോയി ആ വൃദ്ധരോടു പറഞ്ഞു: “ഞങ്ങൾ സ്നേഹത്തെ അകത്തേക്ക് വിളിക്കാൻ തീരുമാനിച്ചു. ആരാണ് നിങ്ങളിൽ സ്നേഹം. ദയവായി അകത്തേക്ക് വരൂ.”  അപ്പോൾ സ്നേഹം അകത്തേക്ക് പ്രവേശിക്കുവാൻ നടന്നു നീങ്ങി. പുറകെ മറ്റു രണ്ടുപേരും അദ്ദേഹത്തെ അനുഗമിച്ചു. യുവതിക്ക് അത്ഭുതമായി. അവൾ ചോദിച്ചു: “ഞാൻ സ്നേഹത്തെ മാത്രമേ ക്ഷണിച്ചിട്ടുള്ളു.” അതിൽ ഒരാൾ പറഞ്ഞു: “നിങ്ങൾ ധനത്തെയോ, വിജയത്തെയോ ക്ഷണിച്ചിരുന്നെങ്കിൽ മറ്റു രണ്ടുപേർ പുറത്തു നിന്നേനെ. പക്ഷെ സ്നേഹനിങ്ങൾ സ്നേഹത്തെ ക്ഷണിച്ചു. സ്നേഹം എങ്ങോട്ടു പോകുന്നുവോ, ഞങ്ങൾ രണ്ടുപേരും സ്നേഹത്തെ പിന്തുടരും.”

സമാപനം

സ്നേഹമുള്ളവരേ, എവിടെ സ്‌നേഹമുണ്ടോ, അവിടെ ധനവും, വിജയവും സമാധാനവും എല്ലാമുണ്ട്. കാരണം, സ്നേഹം ദൈവമാണ്. സ്നേഹം വെറും കാമമല്ല. കാമം നിങ്ങളെ സംതൃപ്തമാക്കില്ല. സ്നേഹമാണ് സംതൃപ്തി നൽകുന്നത്. സ്നേഹം അധികാര യാത്രയല്ല. അത് വിനീതവും നിഷ്കളങ്കവുമായ ഒരനുഭവമാണ്. ഖലീൽ ജിബ്രാൻ പറയുന്നു: “സ്നേഹം നിങ്ങളെ കിരീടമണിയിക്കുന്നപോലെ, തന്നെ നിങ്ങളെ കുരിശിൽ തറയ്ക്കുകയും ചെയ്യും.” (പ്രവാചകൻ) നിങ്ങളിലെ നന്മയെ സ്നേഹം കിരീടമണിയിക്കും. നിങ്ങളിലെ കപടതയെ അത് കുരിശിൽ  തറയ്ക്കും. സ്നേഹം ലഭിക്കണമെങ്കിൽ നിങ്ങൾ എല്ലാം എല്ലാം അപകടപ്പെടുത്തണം. എല്ലാ മുറുകെപ്പിടിത്തങ്ങളും, വാശിയും, ഭാവി സുരക്ഷിതത്വങ്ങളും ബലികൊടുക്കണം. അപ്പോൾ സ്നേഹം നമ്മെ, നമ്മുടെ കുടുംബങ്ങളെ കിരീടമണിയിക്കും. അപ്പോൾ ദൈവമാകും നമ്മുടെ ജീവിതം നിറയെ. കടുംബം നിറയെ. സ്നേഹം ദൈവമാകുന്നു.

God is Love: The Interrelationship of the Trinity | Experiencing His Victory

ദൈവത്തിന്റെ സ്നേഹം നമ്മുടെ ജീവിതത്തെ ദീപങ്ങളുടെ ഉത്സവമാക്കി മാറ്റട്ടെ. ദൈവത്തിന്റെ സ്നേഹം ക്രിസ്തുവായി, വിശുദ്ധ കുർബാനയായി നമ്മിൽ നിറയട്ടെ. ആമേൻ!   

sunday sermon jn 1, 1-12

ദനഹാക്കാലം നാലാം ഞായർ

യോഹ 2, 1-12

സന്ദേശം

Wedding Feast at Cana - Sign of Transformation - Crossroads Initiative

അമേരിക്കയിൽ നവയുഗപ്പിറവി എന്ന് പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയുടെ നാല്പത്തിയാറാമത്തെ പ്രസിഡന്റായി ജോ ബൈഡനും, നാല്പത്തിയൊമ്പതാമത്തെ വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും കഴിഞ്ഞ 20 നു സ്ഥാനമേറ്റതു നാമെല്ലാവരും ടിവിയിൽ കണ്ടതാണ്. ഈ സ്ഥാനാരോഹണവേളയിൽ എന്നെ കൂടുതൽ ആകർഷിച്ചത് സത്യപ്രതിജ്ഞാ ചടങ്ങാണ്.  ജോ ബൈഡൻ 127 വർഷം പഴക്കമുള്ള കുടുംബ ബൈബിളിൽ കൈ വച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ഏറ്റുചൊല്ലിയത്. കമല ഹാരിസാകട്ടെ യുഎസിലെ ആദ്യ ആഫ്രിക്കൻ വംശജനായ ജഡ്ജി തർഗുഡ് മാർഷലിന്റെ ബൈബിളിലും, കുടുംബസുഹൃത്ത് റെജീന ഷെൽട്ടണിന്റെ ബൈബിളിലും കൈ വച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ഏറ്റുചൊല്ലിയത്. എനിക്കിതു വലിയ സുവിശേഷ പ്രഘോഷണമായിട്ടാണ് തോന്നിയത്. അമേരിക്കയുടെ, അമേരിക്കൻ ജനതയുടെ ജീവിതത്തിന്റെ അടിസ്ഥാനം ദൈവമാണെന്ന്, തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും, രാഷ്ട്രീയ പദ്ധതികളുടെയും, രാഷ്ട്രനിർമാണത്തിന്റെയും അടിസ്ഥാനം ദൈവമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു അവർ, ഈ പ്രവർത്തിയിലൂടെ. ദൈവമഹത്വത്തിന്റെ വലിയ അടയാളമായി മാറി, ജോ ബൈഡന്റെയും, കമലയുടെയും ഈ പ്രവർത്തി. 

ഇന്നത്തെ സുവിശേഷത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിലെ ദൈവിക മഹത്വം വെളിപ്പെടുത്തുന്ന ഒരു അത്ഭുതത്തിലേക്കാണ്, കാനായിലെ കല്യാണവിരുന്നിൽ നടന്ന അത്ഭുതത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. വെള്ളം വീഞ്ഞാക്കി മാറ്റിയ ഈശോയുടെ ഈ പ്രവർത്തി എങ്ങനെ, എന്തുകൊണ്ട് ദൈവമഹത്വം പ്രകടമാക്കുന്ന അത്ഭുതമായി മാറി എന്നാണ് നാമിന്ന് വിചിന്തനം ചെയ്യുക. ഈശോയുടെ ഈ പ്രവർത്തി ദൈവമഹത്വം പ്രകടമാക്കുന്ന ഒന്നായി മാറിയതുപോലെ, ഈ ഭൂമിയിൽ മനുഷ്യന്റെ, ക്രൈസ്തവന്റെ പ്രവർത്തികളെല്ലാം ക്രിസ്തുവിലുള്ള ദൈവമഹത്വം പ്രകടമാക്കുന്നവ ആകണം എന്നാണ് സുവിശേഷം നമ്മോടു പറയുന്നത്.

വ്യാഖ്യാനം

മൂന്നാം ദിവസം വിവാഹം നടന്നു എന്നാണ്‌ വിശുദ്ധ യോഹന്നാൻ രേഖപ്പെടുത്തുന്നത്. ഈ മൂന്നാം ദിവസം ഈശോയുടെ മാമ്മോദീസായ്ക്കു ശേഷമുള്ള മൂന്നാം ദിവസമല്ല. ഇത് യഹൂദപാരമ്പര്യത്തിൽ കണക്കാക്കുന്ന മൂന്നാം ദിവസമാണ്. സാബത്തിനോട് ചേർന്നാണ് യഹൂദർ മൂന്നാം ദിവസം കണക്കുകൂട്ടിയിരുന്നത്. അവർ ഒന്നാദിനം ഞായർ, രണ്ടാം ദിനം തിങ്കൾ, മൂന്നാം ദിനം ചൊവ്വ എന്ന രീതിയിയിലായിരുന്നു മനസ്സിലാക്കിയിരുന്നത്. മൂന്നാം ദിനത്തിന്റെ പ്രത്യേകത പ്രപഞ്ച സൃഷ്ടിയുടെ വിവരണവുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. പ്രഞ്ചസൃഷ്ടിയുടെ വേളയിൽ മൂന്നാദിനം എല്ലാം നല്ലതായി ദൈവം കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നാം ദിനത്തിൽ രണ്ടുപ്രാവശ്യം ദൈവം എല്ലാം നല്ലതെന്നു പറയുന്നുണ്ട്. അതുകൊണ്ടു, യഹൂദപാരമ്പര്യത്തിൽ എല്ലാ നല്ല കാര്യങ്ങളും പ്രത്യേകിച്ച് വിവാഹം നടന്നിരുന്നത് ആഴ്ചയുടെ മൂന്നാം ദിവസമാണ്. കാനായിലെ കല്യാണവും ആഴ്ചയുടെ മൂന്നാം ദിനത്തിലാണ് നടക്കുന്നത്. ഇന്നും യഹൂദവിവാഹങ്ങൾ ആഴ്ച്ചയുടെ മൂന്നാം ദിവസമാണ് നടക്കുന്നത്.

കാനായിലെ കല്യാണ വീട് ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളുടെ ആരംഭം കുറിക്കുന്ന ഇടമായി മാറുകയാണ്. ഈശോ തന്റെ മഹത്വം വെളിപ്പെടുത്താൻ പ്രവർത്തിച്ച ആദ്യ അടയാളത്തിനു സാക്ഷ്യം വഹിച്ചവർ വളരെയാണ്. യേശുവിനെ വിവാഹവിരുന്നിനു ക്ഷണിച്ച മണവാളന്റെ കുടുംബം, അവരുടെ വീഞ്ഞ് തീർന്നുപോയതറിഞ്ഞു അവരെ സഹായിക്കാൻ സന്നദ്ധത കാണിച്ച പരിശുദ്ധ ‘അമ്മ, അമ്മയുടെ നിർദ്ദേശ പ്രകാരം യേശുവിന്റെ വാക്കുകൾ അനിസരിച്ചു പ്രവർത്തിച്ച പരിചാരകർ, വീഞ്ഞ് മേൽത്തരമാണെന്ന് രുചിച്ചറിഞ്ഞു സാക്ഷ്യപ്പെടുത്തിയ കലവറക്കാരൻ, യേശു പ്രവർത്തിച്ച ആദ്യ അടയാളം കണ്ടു അവനിൽ വിശ്വസിച്ച ശിഷ്യന്മാർ

Wedding Feast of Cana

തുടങ്ങി ക്ഷണിക്കപ്പെട്ട ധാരാളം അതിഥികളും ഈ പ്രവർത്തിക്കു സാക്ഷികളാണ്. എന്നാൽ, ഇവരെക്കുറിച്ചൊന്നും ഇന്ന് നാം വിചിന്തനം ചെയ്യുന്നില്ല. ഇവരെക്കുറിച്ചൊക്കെ നാം ധാരാളം വിചിന്തനം ചെയ്തിട്ടുള്ളതാണ്. അവയെല്ലാം മനസ്സിൽ സൂക്ഷിച്ചുകൊണ്ടുതന്നെ ഈശോ വെള്ളം വീഞ്ഞാക്കുന്നു എന്ന മാത്രം നമുക്കിന്നു വിശകലനം ചെയ്യാം.

ഈശോയുടെ ആ പ്രവർത്തി, വെള്ളം വീഞ്ഞാക്കുന്നു എന്ന പ്രവർത്തി – അതൊരു അത്ഭുതമായിരുന്നു. ദൈവപുത്രനായ ഈശോയുടെ പ്രവർത്തികൾ അത്ഭുതങ്ങളാകാതെ മറ്റെന്താകാനാണ്! അത് ക്രിസ്തുവിലുള്ള ദൈവ മഹത്വം വെളിപ്പെടുത്തുന്ന അടയാളമായിരുന്നു. ഈശോയുടെ പ്രവർത്തികൾ ദൈവമഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളാകാതെ മറ്റെന്താകാനാണ്!  ഈശോയുടെ ഈ പ്രവർത്തി മനുഷ്യനിൽ രൂപാന്തരം ഉണ്ടാകണം എന്ന് പറയുന്ന സന്ദേശമായിരുന്നു. ഈശോയുടെ പ്രവർത്തികൾ, അവിടുത്തെ വചനങ്ങൾ മനുഷ്യനെ രൂപാന്തരപ്പെടുത്തുന്നവയാകാതെ മറ്റെന്താകാനാണ്! ഈശോയുടെ വെള്ളം വീഞ്ഞാക്കുന്നു എന്ന പ്രവർത്തി ഒരു സൂചികയാണ് – ഓരോ മനുഷ്യനും അവന്റെ ജീവിത പ്രവർത്തികളെ ദൈവമഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളാക്കി മാറ്റണം എന്നതിന്റെ സൂചിക!

ഇന്നത്തെ സുവിശേഷത്തിലെ ഈ ആദ്യ അടയാളം മാത്രമല്ല, ഈശോയുടെ ഓരോ പ്രവർത്തിയും, സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളവയും അല്ലാത്തവയും, പരസ്യ ജീവിതകാലത്തു ഈശോ ചെയ്തവ മാത്രമല്ല ഇന്നും ഈശോ ചെയ്യുന്നതും ഇനിയും ചെയ്യാനിരിക്കുന്നവയുമായ എല്ലാ പ്രവർത്തികളും ദൈവ മഹത്വത്തിന്റെ അടയാളങ്ങളാണ്. സംശയമുണ്ടെങ്കിൽ, സുവിശേഷങ്ങളിലൂടെ കടന്നുപോകൂ… നിങ്ങൾ വിസ്മയിച്ചുപോകും … മനുഷ്യജീവിതങ്ങളിൽ അവിടുന്ന് ചെയ്ത പ്രവർത്തികളെ ഒന്ന് വിശകലനം ചെയ്തു നോക്കൂ…നിങ്ങൾ   കണ്ണുകൾ തുറന്ന് , വാ പൊളിച്ചങ്ങനെ നിന്നുപോകും…എന്തിനു നിങ്ങളുടെ തന്നെ, ജീവിതത്തിലേക്ക്,

Can you imagine… “Blessed with every blessing!” | Coffee With The Lord

കുടുംബജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ… ജീവിതത്തിൽ വീഞ്ഞു തീർന്നുപോയ എത്രയെത്ര സന്ദർഭങ്ങൾ! ആവശ്യത്തിന് പണമില്ലാതെ, ചെയ്യുന്ന ബിസിനസ്സെല്ലാം തകരുന്ന അവസരങ്ങൾ, സമൂഹത്തിന്റെ മുൻപിൽ നാണംകെടുന്ന സമയങ്ങൾ, പഠിക്കാൻ കഴിയാതെ, ജോലിയില്ലാതെ അലഞ്ഞ നിമിഷങ്ങൾ, പാപത്തിൽ നടന്ന വഴികൾ …ഇവിടെയെല്ലാം ഈശോ അത്ഭുതങ്ങൾ പ്രവർത്തിച്ചതോർക്കുമ്പോൾ നിങ്ങൾ  അത്ഭുതംകൊണ്ടു സംസാരിക്കാൻ പറ്റാത്തവരാകും…കാരണം, വിശുദ്ധ കുർബാനയിൽ നാം പ്രാർത്ഥിക്കുന്നതുപോലെ, “നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹങ്ങളാണ്” ക്രിസ്തു നമുക്ക് നൽകിയിരിക്കുന്നത്, ദൈവം നമ്മിൽ വർഷിച്ചിരിക്കുന്നത്! ക്രിസ്തു അത്ഭുതത്തിൽ കുറഞ്ഞതൊന്നും പ്രവർത്തിക്കുന്നില്ല എന്നോർക്കുക!

എങ്ങനെ ഈശോ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു? എന്തുകൊണ്ട് ഈശോ അത്ഭുതങ്ങൾ മാത്രം പ്രവർത്തിക്കുന്നു? ദൈവപുത്രനായ ക്രിസ്തു ദൈവവുമായി ഒന്നായിരുന്നതുകൊണ്ട്.  തന്നെ മുഴുവനും ദൈവത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്നതുകൊണ്ട്. ദൈവമേ, നിന്റെ ഇഷ്ടം മാത്രം ചെയ്തുകൊണ്ട് ജീവിക്കാൻ ഞാൻ തയ്യാറാണ് എന്ന് പറഞ്ഞു ജീവിച്ചതുകൊണ്ട്! പിതാവായ ദൈവം ഈശോയെ ഏല്പിച്ച ജോലി പൂർത്തിയാക്കിക്കൊണ്ടാണ് ഈശോ ഈ ഭൂമിയിൽ ദൈവത്തെ മഹത്വപ്പെടുത്തിയത്. (യോഹ 17, 4) ഓരോ ക്രൈസ്തവനും ക്രിസ്തുവിൽ ജീവിച്ചുകൊണ്ട്, ക്രിസ്തു അവളെ, അവനെ ഏൽപ്പിച്ച ജോലികൾ ചെയ്യുമ്പോഴാണ് ദൈവം മഹത്വപ്പെടുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം, പതിനഞ്ചാം അദ്ധ്യായം അഞ്ചാം വാക്യം ഓർക്കുക: “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെക്കൂടാതെ നിങ്ങൾക്കു ഒന്നും ചെയ്യാൻ കഴിയുകയില്ല.”

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത് ഈ ഭൂമിയിൽ നാം ചെയ്യുന്നതെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവാനാണ്. ഈശോ ദൈവത്തിലും, ദൈവത്തോടുമൊപ്പം ആയിരുന്നത്കൊണ്ട് അവിടുത്തെ പ്രവർത്തികൾ ദൈവമഹത്വത്തിനുള്ളവയായതുപോലെ, “കർത്താവാണ് എന്റെ അവകാശവും പാനപാത്രവുമെന്നു” (സങ്കീ 16, 5) വിശ്വാസത്തോടെ, ആ വിശ്വാസം ഏറ്റുപറഞ്ഞു ജീവിച്ചാൽ നമ്മുടെ ജീവിതത്തിൽ നാം ചെയ്യുന്നവയെല്ലാം അത്ഭുതങ്ങളായിത്തീരും. അവ ദൈവമഹത്വം വെളിപ്പെടുത്തുന്നവയാകും. ‘നാം ധാരാളം ഫലം പുറപ്പെടുവിക്കുകയും, അങ്ങനെ ക്രിസ്തുവിന്റെ ശിഷ്യരാകുകയും ചെയ്യുമ്പോഴാണ് പിതാവ് മഹത്വപ്പെടുന്നത്.’ (യോഹ 15, 8)

ഇതാണ് ഇന്നത്തെ കാലഘട്ടത്തിൽ ക്രൈസ്തവ ജീവിതം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. ഈ ലോകമാകുന്ന കാനായിൽ ക്രിസ്തുവിന്റെ മഹത്വം നമ്മുടെ ജീവിത്തിലൂടെ, ജീവിത പ്രവർത്തികളിലൂടെ വെളിപ്പെടണം. നമ്മുടെ ക്രൈസ്തവജീവിതങ്ങൾ – അത് കുടുംബത്തിലാണെങ്കിലും, വൈദിക -സന്യാസ അ ന്തസ്സിലൂടെയാണെങ്കിലും, ജോലിസ്ഥലത്താണെങ്കിലും, സ്കൂളിലോ കോളേജിലോ ആണെങ്കിലും – കാര്യക്ഷമതയുള്ള, ദൈവമഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളാകണ മെന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിൽ വരുമോ ഇല്ലയോ എന്നതല്ല നമ്മുടെ പ്രശ്നം? പരിശുദ്ധ പിതാവ് വരുന്നത് നല്ലതാണ്. അതിലൂടെ ദൈവമഹത്വം പ്രകടമാക്കുകയും ചെയ്യും. പക്ഷേ, അതിനല്ല പരമപ്രാധാന്യം നൽകേണ്ടത്. എന്റെ ജീവിതത്തിലെ പ്രവർത്തികൾ ദൈവമഹത്വത്തിനു ഇടയാകുന്നുണ്ടോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. നാടിന്റെ പ്രധാനമന്ത്രിയെ കാണുന്നതും നല്ലതാണ്. പക്ഷേ, അതല്ല പ്രധാനപ്പെട്ടത്. പ്രധാനപ്പെട്ടത്‌ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിൽ ആഴപ്പെടുക എന്നതാണ്, ആഴപ്പെടുവാൻ വേണ്ടി ദൈവജനത്തെ ഒരുക്കുക എന്നതാണ്.

നമ്മുടെ ക്രൈസ്തവ ജീവിതത്തിലൂടെ ലോകത്തുണ്ടായ, രാജ്യത്തുണ്ടായ വലിയ അനുഗ്രഹങ്ങൾ കണ്ട്, ആ പൊൻമുട്ടകളിൽ ആകർഷിതരായി, സ്വയം മറന്ന് നാമെന്തു ചെയ്തു? താറാവിനെയങ്ങു കൊന്നു! ദൈവത്തിലുള്ള വിശ്വാസം അങ്ങ് മാറ്റി വച്ചു.

Moral Stories For Children: The Goose that Laid Golden Egg: Short story for  kids

ലോകകാര്യങ്ങളാണ്, സമ്പത്താണ്, അധികാരമാണ്, രാഷ്ട്രീയ പാർട്ടികളാണ് നമ്മുടെതന്നെ കഴിവുകളാണ് നന്മകളാകുന്ന, മിഷനറിപ്രവർത്തനങ്ങളാകുന്ന പൊൻമുട്ടകളിടുവാൻ നമ്മെ പ്രാപ്തരാക്കുന്നതെന്നു വെറുതെയങ്ങു നാം വിശ്വസിച്ചു. അപ്പോൾ നമ്മുടെ പ്രവർത്തികൾ, നമ്മുടെ ജീവിതം എങ്ങനെയുള്ളതായി? അത്ഭുതങ്ങളല്ലാതെയായി. അടയാളങ്ങളാകാതെ പോയി; സന്ദേശങ്ങളാകാതെ പോയി. ഇതല്ലേ ഇന്ന് നമുക്ക് വന്നു ഭവിച്ചിരിക്കുന്ന ദുരന്തം? ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ പ്രധാനമന്ത്രിയെ കണ്ടതുകൊണ്ട്, രാഷ്ട്രീയ പാർട്ടികളുമായി ഞങ്ങൾക്ക് തൊട്ടുകൂടായ്മയില്ല എന്ന് പറഞ്ഞതുകൊണ്ട് വല്ല ഗുണമുണ്ടോ? ഇല്ല. ദൈവത്തിൽ അടിയുറച്ച ക്രൈസ്തവ ജീവിതങ്ങളെ രൂപപ്പെടുത്തുകയാണ് വേണ്ടത്. നമ്മുടെ ക്രൈസ്തവജീവിതങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയാണ് വേണ്ടത്. അതിനായി സഭയുടെ എല്ലാ സംവിധാനങ്ങളെയും ഒരുക്കുകയാണ്  ശക്തിപ്പെടുത്തുകയാണ് വേണ്ടത്! അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാചടങ്ങു മാത്രമല്ല സകല മനുഷ്യരുടെയും എല്ലാ പ്രവർത്തികളും ദൈവമഹത്വം വെളിപ്പെടുത്തുന്നവയാകണമെന്നതായിരിക്കണം നമ്മുടെ പ്രാർത്ഥന!

സമാപനം

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ കാരണം ക്രിസ്തുവാണ്. നമ്മുടെ ജീവിത പ്രവർത്തികളുടെ പ്രചോദനം ക്രിസ്തുവാണ്. നമ്മുടെ പ്രവർത്തികളിലൂടെ വെളിപ്പെടുന്നതും ക്രിസ്തുവാണ്. കാനായിലെ കല്യാണ വിരുന്നിൽ ഈശോ പ്രവർത്തിച്ച അത്ഭുതം നമ്മിലെ ഉറങ്ങിക്കിടക്കുന്ന ക്രൈസ്തവജീവിതത്തെ ഉണർത്തുവാൻ ഇടയാക്കട്ടെ. അപ്പോൾ നാം പറയുന്ന പ്രവർത്തിക്കുന്ന കാര്യങ്ങൾ അത്ഭുതങ്ങളിലേക്ക് വഴിതുറക്കും. നമ്മുടെ പ്രവർത്തികൾ മൂലം നമ്മുടെ ജീവിതത്തിൽ, ഈ ലോകത്തിൽ ദൈവാനുഗ്രഹം വക്കോളം നിറയും. നമ്മുടെ പ്രവർത്തികളെ രുചിച്ചുനോക്കുന്നവർ അത്ഭുതപ്പെടും. കാനായിലെ കല്യാണ വിരുന്നിൽ അത്ഭുതംകണ്ടു ശിഷ്യന്മാർ ഈശോയിൽ വിശ്വസിച്ചതുപോലെ, അപ്പോൾ ലോകം ക്രസിതുവിൽ വിശ്വസിക്കും.

If you don't believe in miracles | Amy Rees Anderson's Blog

ഈ ഭൂമിയിൽ ക്രിസ്തു മഹത്വപ്പെടുവാൻ കുറുക്കുവഴികളില്ല എന്ന് മനസ്സിലാക്കിക്കൊണ്ട്, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ കാര്യക്ഷമമാക്കാൻ, ഫലം പൃപ്പെടുവിക്കുന്നവയാക്കാൻ നമുക്ക് ശ്രമിക്കാം. ഇന്നത്തെ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം നമുക്ക് ഉണ്ടാകട്ടെ. ആമേൻ!

feast of st. sebastian

വിശുദ്ധ സെബസ്ത്യാനോസ്

Art in Tuscany | Martyrdom of Saint Sebastian

രക്തസാക്ഷിത്വം അത്ര ദൂരെയുള്ള ഒരു കാര്യമല്ല, അത് നിന്റെ പടിക്കലുണ്ട് എന്ന് ലോകമെങ്ങുമുള്ള ക്രൈസ്തവരോടൊപ്പം നാമും ചിന്തിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിയായിത്തീർന്ന വിശുദ്ധ. സെബസ്ത്യാനോസിന്റെ തിരുനാൾ നാം ആഘോഷിക്കുന്നത്. ആഫ്രിക്കൻ-യൂറോപ്യൻ രാജ്യങ്ങളിൽ ഭീകരവാദത്തിന് ഇരയാകുന്ന ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വം സത്യവിശ്വാസത്തിന്റെ കരുത്തായി മാറുന്നുണ്ടെങ്കിലും ക്രൈസ്തവർ ലോകത്തിന്റെ പല ഭാഗങ്ങളിലും ആക്രമിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു എന്നത് ഒരു യാഥാർഥ്യമാണ്.   ക്രിസ്ത്യൻ ദേവാലയങ്ങൾ അടച്ചുപൂട്ടിയില്ലെങ്കിൽ അക്രമത്തിന്റെ മാർഗമെന്ന് മധ്യപ്രദേശിലെ വി.എച്.പി നേതാവ് ഭീഷണി മുഴക്കിയിട്ടു അധിക ദിവസങ്ങളായിട്ടില്ല. രക്തസാക്ഷിത്വം അത്ര ദൂരെയുള്ള ഒരു കാര്യമല്ല എന്ന ചിന്തയിൽ നിന്നുകൊണ്ടാകണം നാം ഇക്കൊല്ലം വിശുദ്ധ. സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കേണ്ടത്. എല്ലാവർക്കും തിരുനാൾ മംഗളങ്ങൾ ആശംസിക്കുന്നു.

ഫ്രാൻസിലെ മെഡിറ്ററേനിയൻ സമുദ്രത്തിൻറെ തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന നർബോണ എന്ന നഗരത്തിൽ കത്തോലിക്ക മാതാപിതാക്കളുടെ പുത്രനായി എ.ഡി. 255 ൽ ജനിച്ച, ഭാരതസഭയില്‍ ഏറ്റവും കൂടുതല്‍ വണങ്ങപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന, വിശുദ്ധ സെബസ്ത്യാനോസ് ജീവിതംകൊണ്ടും ജീവന്‍കൊടുത്തും ക്രിസ്തുവിന് സാക്ഷ്യം നല്‍കിയ രക്തസാക്ഷിയാണ്. അറിയുന്തോറും, മനസ്സിലാക്കുന്തോറും ആഴംകൂടുന്ന ജലാശയമാണ് വിശുദ്ധ സെബസ്ത്യാനോസ്. കാലവും മനുഷ്യരും മറക്കാത്ത അത്ഭുത തേജസ്സാണ് വിശുദ്ധ സെബസ്ത്യാനോസ്. കാറ്റില്‍കെടാത്ത സൂര്യശിഖപോലെ സഹനത്തിന്റെ വേളയിലും ക്രിസ്തുവിനു സാക്ഷ്യം നല്‍കി ജീവിതം സഫലമാക്കിയ വിശുദ്ധ സെബസ്ത്യാനോസ് നമുക്കെന്നും പ്രചോദനകരമാണ്. ആ ജീവിതം എന്നും നമുക്ക് പ്രോത്സാഹനമാണ്.

റോമാസാമ്രാജ്യം. ഡയക്ളീഷന്‍ ചക്രവര്‍ത്തിയുടെ ഭരണകാലം. യുദ്ധനിപുണനായ സെബാസ്റ്റ്യനെ ചക്രവര്‍ത്തി തന്റെ സേനാനായകനാക്കി. സാമ്രാജ്യത്തിലുള്ളവരെല്ലാം റോമന്‍ ദേവന്മാരെ ആരാധിക്കണമെന്നു ചക്രവര്‍ത്തി കല്പന പുറപ്പെടുവിച്ചു. അതിനു തയ്യാറാകാതിരുന്ന ക്രൈസ്തവരെയെല്ലാം അറസ്റ്റുചെയ്തു തുറുങ്കിലടച്ചു. ജയിലിലായ ക്രൈസ്തവരെ ചക്രവര്‍ത്തിയറിയാതെ സെബസ്ത്യാനോസ് സന്ദര്‍ശിച്ച് ക്രിസ്തുവിലുള്ള  വിശ്വാസത്തില്‍ ശക്തരാക്കി. പക്ഷേ, ഇത് അധികനാള്‍ നീണ്ടുനിന്നില്ല. ചക്രവര്‍ത്തിയുടെ കഴുകകണ്ണുകള്‍   തന്റെ സൈന്യത്തില്‍ ഒരുവന്‍ തന്നെ ക്രൈസ്തവനെന്നു കണ്ടുപിടിച്ചു. പിന്നെ താമസിച്ചില്ല. രാജകല്പനയായി. സെബസ്ത്യാനോസിനെ  അറസ്റ്റുചെയ്തു. അമ്പ് എയ്ത് കൊല്ലാന്‍ ആജ്ഞാപിച്ചു. പടയാളികൾ അമ്പെയ്ത്തു ആരംഭിച്ചു. അമ്പ് എയ്തിട്ടും മരിക്കാതിരുന്ന സെബസ്ത്യാനോസിനെ ചക്രവര്‍ത്തിയുടെ പടയാളികള്‍ ഗദയ്ക്കടിച്ചുകൊന്നു.

സ്നേഹമുള്ളവരെ, ക്രിസ്തുവിനു സാക്ഷ്യംവഹിയ്ക്കാന്‍ തയ്യറാകുന്ന എല്ലാവര്‍ക്കും മാതൃകയാണ് വിശുദ്ധ സെബസ്ത്യാനോസ്. സ്വന്തം കുരിശു വഹിച്ചുകൊണ്ടാണ് വിശുദ്ധ സെബസ്ത്യാനോസ് ക്രിസ്തുവിനെ അനുഗമിച്ചത്. “ഗോതമ്പുമണി നിലത്തുവീണു അഴിഞ്ഞ് ഫലം പുറപ്പെടുവിക്കുന്നത് പോലെ” വിശുദ്ധ സെബസ്ത്യാനോസ് സ്വന്തം ജീവിതം നേദിച്ചുകൊണ്ട് ക്രിസ്തുവിനു സാക്ഷ്യം നല്‍കി. നമ്മുടെ ക്രൈസ്തവ ജീവിതം ഈ ഭൂമിയില്‍ ധന്യമാകുവാന്‍ വിശുദ്ധനെപ്പോലെ നമുക്കും ജീവിക്കനാകണം.

നാം കേരളത്തിൽ അമ്പ്‌ തിരുനാൾ, മകര തിരുനാൾ, പിണ്ടി തിരുനാൾ തുടങ്ങിയ പേരുകളില്‍ വിശുദ്ധന്റെ  തിരുനാൾ ആഘോഷിക്കുമ്പോള്‍ ഓര്‍ക്കുക: വിശുദ്ധനെപ്പോലെ ഈ ഭൂമിയില്‍ ജീവിക്കേണ്ടവള്‍, ജീവിക്കേണ്ടവൻ ഞാന്‍; കേരളത്തിൽ അമ്പ് തിരുനാൾ ക്രൈസ്തവ ഹൈന്ദവ മുസ്ളിം മതങ്ങളുടെ സൗഹൃദസംഗമത്തിൻറെ തിരുനാളായി ആഘോഷിക്കുമ്പോള്‍ ഓര്‍ക്കുക: കൊന്നും കൊലവിളിച്ചുമല്ല, സ്നേഹിച്ചും, പങ്കുവച്ചും, വിശുദ്ധനെപ്പോലെ വിശ്വാസം ഏറ്റു പറഞ്ഞും ഈ ഭൂമിയില്‍ ജീവിക്കേണ്ടവള്‍, ജീവിക്കേണ്ടവൻ ഞാന്‍. വിശുദ്ധന്റെ നാമധാരിയായി ജീവിക്കുമ്പോള്‍ ഓര്‍ക്കുക: സ്നേഹം ത്യാഗമാണെന്നും, ത്യാഗം സഹനമാണെന്നും, സഹനം  രക്ഷയാണെന്നും മനസ്സിലാക്കി ഈ ഭൂമിയില്‍ ജീവിക്കേണ്ടവള്‍, ജീവിക്കേണ്ടവൻ ഞാന്‍.

ക്രൂശിതനെ അനുഗമിക്കുമ്പോള്‍ സഹനത്തിന്റെ മൂല്യം നാം അറിയണം.  ഭൂമിക്ക് തണുപ്പേകുന്ന കാര്‍മേഘങ്ങള്‍ തണുപ്പാര്‍ജിക്കുന്നത് കടുത്ത താപം ഏറ്റുവാങ്ങിയ ശേഷമാണ്. മഴനീര്‍ തുള്ളികള്‍ കനത്ത ആഘാതം സഹിച്ചാണ് ഭൂമിയിലേക്ക് പതിക്കുന്നത്. അപ്പോഴേ ദാഹജലമായി പരിണമിക്കുകയുള്ളു. ക്രിസ്തുവിനു സാക്ഷ്യം വഹിക്കുമ്പോള്‍ നാം നേരിടുന്ന വെല്ലുവിളികള്‍ വിശ്വാസത്തോടെ, കരുത്തോടെ വിശുദ്ധനെപ്പോലെ അഭിമുഖീകരിക്കണം.

സ്നേഹമുള്ളവരെ, വിശുദ്ധ സെബസ്ത്യാനോസിനെപ്പോലെ ജീവിത സാഹചര്യങ്ങളില്‍ ത്യാഗം സഹിച്ചുകൊണ്ടുതന്നെ പരസ്പരം ക്ഷമിച്ചും വിട്ടുവീഴ്ച ചെയ്തും ക്രിസ്തുവിനു സാക്ഷ്യം വഹിക്കുവാന്‍ നമുക്കാകട്ടെ. ലൗകിക തൃഷ്ണകളുടെ, അധികാരത്തിന്റെ, സമ്പത്തിന്റെ പിന്നാലെയല്ല, ക്രിസ്തുവിന്റെ പിന്നാലെ നമ്മുക്ക് പോകാം. വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു നമ്മുടെ ക്രൈസ്തവജീവിതത്തെ ശക്തമാക്കാം. അതിനു വിശുദ്ധ സെബസ്ത്യാനോസാകട്ടെ നമ്മുടെ പ്രചോദനം. വിശുദ്ധ സെബസ്ത്യാനോസാകട്ടെ നമ്മുടെ മാതൃക.

Nigerian Christians fear a bloody holiday at hands of terrorists
Nigerian Christians – they are always in the shadow of martyrdom!!!

എല്ലാവർക്കും പ്രത്യേകിച്ച്, വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധാരികൾക്കും തിരുനാൾ മംഗളങ്ങൾ!!

ആമേൻ!

year of st. joseph

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം

ഡിസംബർ 8, 2020 – ഡിസംബർ 8, 2021

ജോസഫ്-ദൈവത്തിന്റെ നിഴൽ

മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ… (മത്താ 1, 18)

Pin on Pray

ചില ജന്മങ്ങളുണ്ട്, കർമ്മങ്ങളുടെ കൊടുംയാതന അനുഭവിച്ചുതീർക്കുമ്പോഴും അവ ദൈവേഷ്ടങ്ങളാണെന്ന, സ്വർണത്തെ ശുദ്ധീകരിക്കുന്ന അഗ്നിനാളങ്ങളാണെന്ന ഉറച്ച ബോധ്യത്തോടെ മുന്നോട്ട് പോകുന്നവർ! അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരാളാണെനിക്ക് ജോസഫ് – ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ട ആശാരിപ്പണിക്കാരനായ ചെറുപ്പക്കാരൻ!

കാട്ടുചെടികളിൽ പൂവുകൾ വിരിയുന്നപോലെ നൈസർഗികമായൊരു പുഞ്ചിരിയുമായി ജീവിതത്തെ അഭിമുഖീകരിക്കുന്ന ഈ ചെറുപ്പക്കാരൻ എനിക്ക് അത്ഭുതമായിരുന്നു! കുഞ്ഞുന്നാളിലേ മാതാപിതാക്കളിൽനിന്നു ലഭിച്ച ദൈവവിശ്വാസത്തെ സ്വാംശീകരിച്ച ഒരു ഭാവാത്മകത, അയാളെ മറ്റു ചെറുപ്പക്കാരിൽനിന്ന് വ്യത്യസ്തനാക്കുന്നു. യഹൂദസംസ്കാരത്തനിമയും, സാമൂഹ്യനീതിബോധവും വ്യക്തിത്വത്തിലേക്കു അന്തർവ്യാപനംചെയ്ത്, സൂക്ഷ്മമായ ഇഴയടുപ്പത്തോടെ വർത്തിക്കുന്ന അയാളുടെ മൂല്യബോധത്തെ അവഗണിക്കാൻ കഴിയില്ല തന്നെ. 

ഓരോ പ്രാവശ്യവും കണ്ടുമുട്ടുന്തോറും, സംസാരിക്കുന്തോറും ഞങ്ങളുടെ സൗഹൃദത്തിനു ആഴംകൂടുന്നത് ഞാൻ അറിഞ്ഞിരുന്നു. കാരണം, അത്രമേൽ അഗാധവും, തീവ്രവുമായ സ്നേഹത്തിന്റെയും മനസ്സിലാക്കലിന്റെയും പൂക്കൾ വിരിയുന്ന ഒരു ഉദ്യാനമായിരുന്നു അയാൾ.

അന്നും പതിവുപോലെ, വൈകുന്നേരം, രണ്ടുപേരുടെയും ജോലികഴിഞ്ഞു ഞങ്ങൾ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന്റെ മുകളിൽ കയറി ഇരുന്നു. രണ്ടു ദിവസം കാണാതിരുന്നതിന്റെ ആകാംക്ഷയും, സ്നേഹവും ഞങ്ങളുടെ കണ്ണുകളിൽ തിളങ്ങിയിരുന്നു.

ആ ചെറിയ പട്ടണത്തിൽ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു സ്ഥലമായിരുന്നു അത്. അവിടെനിന്നു നോക്കിയാൽ ചെറുകാറ്റിൽ ഓളംവെട്ടുന്ന ഗലീലി തടാകം കാണാമായിരുന്നു. തടാകത്തിലെ കുഞ്ഞോളങ്ങൾ അസ്തമയസൂര്യരശ്മികളിൽ തട്ടി വിടരുന്ന സ്വർണ രാജികൾ ഹൃദയാവർജ്ജകമായിരുന്നു.

ജോസഫിന് അന്ന് പറയാനുണ്ടായിരുന്നതത്രയും അവന്റെ വിവാഹ നിശ്ചയത്തെക്കുറിച്ചായിരുന്നു.

“ഒരു സാധാരണ പെൺകുട്ടിയാണെങ്കിലും അവളുടെ പ്രസാദം നിറഞ്ഞ മുഖം ആകർഷണീയമാണ്. നീലാകാശംപോലെ പ്രസന്നമാർന്ന വ്യക്തിത്വം…തളിര് പോലെ! ഗോതമ്പിന്റെ നിറകതിരുപോലെ! ഒന്ന് സംസാരിക്കാൻ തോന്നിയെങ്കിലും …” ജോസഫ് നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.

മറിയത്തെക്കുറിച്ചു പറഞ്ഞപ്പോഴൊക്കെ പൂവിന്റെ ചിരിയും, മഞ്ഞിന്റെ നിർമലതയും, നിലാവിന്റെ സുഗന്ധവുമുള്ള ഒരു പെൺകുട്ടിയെ മനസ്സിൽ കണ്ടു. ആ സ്നേഹമയൂരത്തിന്റെ വിരിമാറിൽ ചേർന്ന് പുണർന്നു അവളോടൊപ്പം പുതിയൊരു ജീവിതമുണർത്താനുള്ള ആവേശം അയാളുടെ കണ്ണുകളിൽ പുതിയൊരു ഗാനമുയർത്തി.

അപ്പോൾ ജോസഫ് പറഞ്ഞത് അത്ഭുതത്തോടെ ഞാൻ കേട്ടു.

“ലഹരിപിടിപ്പിക്കുന്ന പ്രേമത്തിൽ അലിയാനല്ല, മറിച്ചു സ്നേഹത്തെ മനോജ്ഞമായ മുത്താക്കി മറിയത്തിന്റെ ഹൃദയത്തിൽ സമർപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”

പെട്ടെന്ന് ജോസഫിന്റെ മുഖത്തേക്ക് ഞാൻ നോക്കി. ഒരു പ്രവാചകന്റെ മുഖമായിരുന്നു അയാൾക്ക്‌.

“ഞാൻ ഒരിക്കലും സ്നേഹം ആവശ്യപ്പെടുകയില്ല. അത് അടിമത്വമാണ്. സ്നേഹം നൽകുകയെന്നതാണ് സ്വാതന്ത്ര്യം. നമ്മുടെ ഉള്ളിൽ നിറയുന്ന സ്നേഹത്തിന്റെ ആവിഷ്കാരം മറ്റുള്ളവരെ സേവിക്കുന്നതിലൂടെയാകണം. എന്റെ വിവാഹ നിശ്ചയദിവസം ഞാനെടുത്ത തീരുമാനവും ഇതുതന്നെയാണ്. സ്നേഹത്തിന്റെ ഭാഷ സമർപ്പണത്തിന്റേതാണ്, യുക്തിയുടേതല്ല.”

ഞങ്ങൾക്കിടയിൽ ഒരു നിശബ്ദത പിറന്നുവീണതു ഞങ്ങൾ അറിഞ്ഞതേയില്ല.

മനുഷ്യ ബന്ധങ്ങളിൽവച്ച് ഏറ്റവും അടുപ്പമേറിയതും, ഏറ്റവും തൃപ്തികരവും, എന്നും നിലനിൽക്കുന്നതും, വളർച്ചക്ക് ഉതകുന്നതുമായ വിവാഹബന്ധത്തിലേക്കു പ്രവേശിക്കുവാൻ ജോസഫ് ഒരുങ്ങുകയാണെന്നു എനിക്ക് മനസ്സിലായി.

ഭാര്യാഭർതൃ ബന്ധത്തെ പരസ്പരം കോർത്തിണക്കുന്ന ശക്തമായ വൈകാരിക ആശ്രയത്വമെന്ന ചരടിനെ എത്ര വിശുദ്ധമായാണ് ഇയാൾ കാണുന്നത്?

മറിയത്തെ വിവാഹം കഴിക്കുവാൻ, നിർമലമായ സ്നേഹത്താൽ വീർപ്പുമുട്ടിക്കുവാൻ സ്വർഗത്തിൽ നിന്നുവന്ന ചിറകുകളില്ലാത്ത മാലാഖയാണോ ഇയാളെന്നുപോലും ഞാൻ സംശയിച്ചു.

ജോസഫിനോട് എനിക്ക് ബഹുമാനം തോന്നി.

പട്ടണത്തിന്റെ നടുക്കുള്ള കിണറ്റിൽനിന്ന് വെള്ളം കോരിക്കൊണ്ടു പോകുന്ന സ്ത്രീകളുടെ സംസാരം കേട്ടു ചിന്തയിൽ നിന്നുണർന്ന ജോസഫ് എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു. സ്വപ്നങ്ങളുടെ രാജകുമാരന്റേതുപോലുള്ള ഒരു പുഞ്ചിരി!

അയാൾ പറഞ്ഞു: “വിവാഹത്തിന്റെ തിയതി നിശ്ചയിച്ചിട്ടില്ല. നമ്മുടെ ആചാരപ്രകാരം തലേന്ന് ചില്ലു ഗ്ലാസ്സുകൾ പൊട്ടിച്ചു കളയുന്ന ആചാരം ചെയ്യണം.”

അതെന്തിന് എന്ന അർത്ഥത്തിൽ ഞാൻ അയാളെ നോക്കിയപ്പോൾ, അയാൾ തുടർന്നു: ജീവിതത്തിൽ എന്തും ഉടഞ്ഞുപോയേക്കുമെന്നു ധ്വനിപ്പിക്കുന്ന ആ ആചാരം എനിക്കിഷ്ടമാണ്. പ്രത്യേകിച്ചും സ്നേഹം. ഏറ്റവും ചെറിയ അശ്രദ്ധയിൽപോലും ഉടഞ്ഞുപോകാവുന്നതാണ് സ്നേഹം. പാരസ്പര്യത്തിന്റെ തലോടലിൽ പുഷ്പിക്കുന്ന സ്നേഹം വാടുവാൻ ഒരു നിമിഷം മതി. മെഴുതിരിനാളങ്ങൾപോലെയാണ് മനുഷ്യബന്ധങ്ങൾ.  ചെറിയ നിശ്വാസത്തിൽപോലും ഉലയാം, കെട്ടുപോകാം.”

അല്പനേരത്തെ നിശ്ശബ്ദതയ്ക്ക്‌ ശേഷം ആരോടെന്നില്ലാതെ അയാൾ കൂട്ടിച്ചേർത്തു:

“ഞങ്ങളുടെ സ്നേഹത്തിനിടയിൽ കാറ്റും മഴയും ഉണ്ടാകുവാൻ ഇത്തിരിയിടംപോലും ഞാൻ വിട്ടുകൊടുക്കുകയില്ല.”

ഞാനെല്ലാം കേട്ടിരുന്നതേയുള്ളു.

അതെ, സ്നേഹം അതിനിഗൂഢമായൊരു പ്രതിഭാസമാണ്. സ്നേഹം ദൈവമാണ്. സ്നേഹത്തിലാണ്, ദൈവത്തിലാണ് സ്ത്രീയും പുരുഷനും ഒന്നാകുന്നത്. അപ്പോൾപിന്നെ ഒട്ടും അശ്രദ്ധ പാടില്ല.

നിന്റെ വിവാഹനിശ്ചയത്തിൽ ജോസഫേ, എനിക്ക് സന്തോഷമാണ്.

ഞാനപ്പോൾ മറിയത്തെ ഓർത്തു.

ജോസഫിനെപ്പോലൊരാളെ ഭർത്താവായി കിട്ടുന്ന മറിയം, നീ ഭാഗ്യവതിയാണ്.!

വളരെ സമർത്ഥനായ ആശാരിപ്പണിക്കാരനായി മാത്രമേ ജോസഫിനെ ഞാൻ മനസ്സിലാക്കിയിട്ടുള്ളു. ജോലിയിൽ മിടുക്കനാണ്, വിശ്വസ്തനാണ് എന്നൊക്കെയാണ് ഗ്രാമത്തിലുള്ളവർ ഇയാളെപ്പറ്റി പറയുന്നത്.

പരുപരുത്ത മരക്കഷണങ്ങളെ മാത്രമല്ല, തന്റെ ചിന്തയെയും മനസ്സിനെയും ഇയാൾ ചിന്തേരിട്ട് മിനുക്കുന്നുണ്ടായിരുന്നു.

ജോസഫേ, നിന്റെ സ്നേഹിതനാകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

ഞാൻ മനസ്സിൽ പറഞ്ഞത് കേട്ടപോലെ ജോസഫ് അയാളുടെ വലതുകൈ എന്റെ തോളത്തിട്ടുകൊണ്ടു പറഞ്ഞു: ” വാ, പോകാം.  അമ്മ കാത്തിരിക്കുന്നുണ്ടാകും.”

ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റുനിന്നു.

ജോസഫിനെ നോക്കിയപ്പോൾ പക്വതയുള്ളൊരു ചെറുപ്പക്കാരൻ എന്ന് മനസിൽ തോന്നി. 

അയാളുടെ ചുമലിൽ തട്ടിക്കൊണ്ടു ഞാൻ പറഞ്ഞു: “ഹേ, ചെറുപ്പക്കാരാ, വെറും ജഡികമായ അഭിലാഷത്താലല്ല നീ മറിയത്തെ സ്വീകരിക്കുന്നത്. സ്നേഹിക്കുക. മറിയത്തിനു പകരം വയ്ക്കാനാകാത്ത വ്യക്തിയായി മാറുക. നിങ്ങളുടെ വിവാഹജീവിതം മംഗളമാകട്ടെ.”

Flower Stem of St. Joseph's Lily | ClipArt ETC

നിഷ്കളങ്കമായൊരു ചിരിയോടെ അയാളെന്നെ ആലിംഗനം ചെയ്തു. എന്നിട്ട് എന്റെ കാതിൽ മെല്ലെ പറഞ്ഞു: “മറിയം എനിക്ക് ദൈവം തന്ന എന്റെ ജീവിത പങ്കാളിയാണ്.”

ഒരു ചെറു പക്ഷിക്കൂട്ടം ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ പറന്നുപോയി.

അപ്പോൾ ആകാശത്തിൽ കാർമേഘം ഉരുണ്ടുകയറുന്നുണ്ടായിരുന്നു! 

(തുടരും)

SUNDAY SERMON JN 1, 29-34

ദനഹാക്കാലം മൂന്നാം ഞായർ

യോഹ 1, 29 – 34

സന്ദേശം

Jesus, the Lamb of God

ലോകം മുഴുവനും സ്നേഹം നിറഞ്ഞ, പുണ്യംനിറഞ്ഞ ത്യാഗത്തിന്റെ ഒരു ക്യാൻവാസായി മാറിയിരിക്കുകയാണോ എന്ന പ്രതീതി ജനിപ്പിക്കുന്ന ഒരു സമയത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഭാരതസഭയുടെ മിക്കവാറും ദേവാലയങ്ങളിൽ ഇടവക മധ്യസ്ഥയുടെ /മധ്യസ്ഥന്റെ തിരുനാളുകൾ അല്ലെങ്കിൽ ഇതിനോട് ചേർന്ന് മറ്റു വിശുദ്ധരെയും ഉൾപ്പെടുത്തി സംയുക്തതിരുനാളുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്തുവിനുവേണ്ടി തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ, തങ്ങളുടെ ജീവിതംകൊണ്ട് അവർ ചെയ്ത ത്യാഗത്തെയാണ്, സഹനത്തെയാണ് നാം ഓർക്കുന്നതും, അവരെ ബഹുമാനിക്കുന്നതും. ദക്ഷിണേന്ത്യയിലാണെങ്കിൽ ഹൈന്ദവ സഹോദരർ ത്യാഗത്തിന്റെ വഴികളിലൂടെ ഈശ്വര ദർശനത്തിനായി ശബരിമലയിലേക്ക് നീങ്ങുന്ന കാലമാണ്. ഡെൽഹിയിൽ അതിജീവനത്തിനായി ഭാരതത്തിലെ കർഷകർ ത്യാഗം ചെയ്തു സമരം ചെയ്യുകയാണ്. ഇവയേക്കാൾ ഉയർന്നു നിൽക്കുന്ന ത്യാഗം നാം കാണുന്നത് ലോകത്തിലെ ക്രൈസ്തവരിലാണ്. Open Doors International എന്ന സംഘടനയുടെ റിപ്പോർട്ടനുസരിച്ചു 2020 ൽ അമ്പതു രാജ്യങ്ങളിലായി 30 കോടിയിലേറെ ക്രൈസ്തവർ വിവിധ തരത്തിലുള്ള പീഡനങ്ങൾക്കും വിവേചനങ്ങൾക്കും അക്രമങ്ങൾക്കും വിധേയരായി. 2020 ൽ 4761 ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ വധിക്കപ്പെട്ടു. നൈജീരിയയിൽ മാത്രം ഇസ്‌ലാമിക തീവ്രവാദ സംഘടനയായ ബോക്കോഹറാം 3530 പേരെയാണ് കഴിഞ്ഞ വർഷം കൊലപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബർ 15 നു 750 ക്രൈസ്തവരെയാണ് എത്യോപ്യൻ പട്ടാളം കൂട്ടക്കൊലചെയ്തത്. ഈയിടെ പാക്കിസ്ഥാനിലെ ലാഹോറിൽ രണ്ടു ക്രിസ്ത്യൻ സഹോദരികളെ മതപരിവർത്തനത്തിന് വിസമ്മതിച്ചതിനെ പേരിൽ പീഡിപ്പിച്ചു കൊലപ്പെടുത്തി.  

The Horrific Killing of Christians in Nigeria | The Heritage Foundation

ത്യാഗത്തിന്റെ രക്ത ചിത്രങ്ങൾകൊണ്ട്, ത്യാഗത്തിന്റെ സുന്ദര പുഷ്പങ്ങൾകൊണ്ട് ലോകം നിറയുമ്പോൾ ഇന്നത്തെ സുവിശേഷം മഹാത്യാഗമാണ് ക്രിസ്തു എന്ന് വെളിപ്പെടുത്തുകയാണ്. ദനഹാക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച, ത്യാഗനിർഭരമായ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുവാൻ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

ദനഹാക്കാലത്തിന്റെ ആദ്യഞായറാഴ്ച്ച പ്രവചനങ്ങളുടെ പൂർത്തീകരണമായാണ് ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തിയത്. (ലൂക്ക 4, 16-21) ദനഹാതിരുനാളിൽ “ഇവനെന്റെ പ്രിയപുത്രൻ” (മത്താ 3, 17) എന്ന വെളിപാട് സ്വർഗത്തിൽ നിന്നുണ്ടായി. രണ്ടാം ഞായറാഴ്ച്ച ദൈവത്തിന്റെ വചനമാണ് ക്രിസ്തു എന്ന വെളിപാടാണ് സുവിശേഷം പ്രഘോഷിച്ചത്. (യോഹ 1, 1-18) ഇന്ന്, മൂന്നാം ഞായറാഴ്ച്ച സുവിശേഷം പ്രഖ്യാപിക്കുന്നത് “ക്രിസ്തു ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്എന്നാണ്. (യോഹ 1, 29)

വിശുദ്ധ സ്നാപക യോഹന്നാനാണ് ഈശോയെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. ‘കർത്താവിനു വഴിയൊരുക്കുവിൻ” (ലൂക്ക 3, 4) എന്ന് മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമായ‘ സ്നാപകൻ ഉപയോഗിക്കുന്ന പേര് “ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്നാണ്‌.

യോഹന്നാൻ സുവിശേഷകൻ രൂപകങ്ങളും പ്രതീകങ്ങളും ഉപയോഗിച്ചാണ് ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുന്നത്.  അദ്ദേഹം രൂപകങ്ങളുടെ, പ്രതീകങ്ങളുടെ, വാക്കുകളുടെ ബാഹ്യമായ വിശകലനത്തിലും വിവരണത്തിലും തങ്ങിനിൽക്കാതെ ആന്തരാർത്ഥത്തിലേക്ക് ചൂഴ്ന്നിറങ്ങി ഈശോയിൽ പൂർത്തിയാകുന്ന രക്ഷാകര രഹസ്യത്തെ അനാവരണം ചെയ്തുകൊണ്ടാണ് ഈ വെളിപ്പെടുത്തൽ സാധ്യമാക്കുന്നത്. ഇന്നത്തെ സുവുശേഷത്തിലെ ഈശോ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്തരാർത്ഥം ത്യാഗം ചെയ്യുന്നവൻ, ബലിയർപ്പിക്കപ്പെടുന്നവൻ ക്രിസ്തു എന്നാണ്‌.

ആട് എല്ലാ സംസ്കാരത്തിലും മനുഷ്യന് ഇഷ്ടപ്പെട്ട മൃഗമായിരുന്നു. മെസപ്പെട്ടോമിയൻ, ഏഷ്യൻ, യൂറോപ്യൻ സംസ്കാരങ്ങളിലെല്ലാം കാലഘട്ടങ്ങളുടെ വ്യത്യാസത്തിൽ ആട് പ്രധാനപ്പെട്ട വളർത്തുമൃഗമായിത്തീരുന്നുണ്ട്. ആദ്യകാല വളർത്തുമൃഗങ്ങളിൽ പെട്ട ആട് പിൽക്കാലത്ത് മതങ്ങളുടെ പ്രതീകമായി മാറുന്നുണ്ട്. Middle East പ്രദേശങ്ങളിൽ വ്യാപകമായുണ്ടായിരുന്ന ആട് പിന്നീട് അവിടെയുള്ള മതങ്ങളിലെ ബലിമൃഗമായി പരിഗണിക്കപ്പെടുന്നുണ്ട്. യഹൂദസംസ്കാരത്തിൽ അത് പെസഹാക്കുഞ്ഞാടായിട്ട് ചിത്രീകരിക്കപ്പെട്ടു. ഉത്പത്തി പുസ്തകത്തിൽ ആബേലിന്റെ ബലിയർപ്പണം മുതൽ ആട് ബലിമൃഗമായി കാണപ്പെടുന്നുണ്ട്.

Where in the Scriptures does it say that God told Cain and Abel to bring a  blood sacrifice? – The GoodSeed Blog

മോറിയ മലയിൽ ഇസഹാക്കിനു പകരം ദൈവത്തിനു അബ്രാഹം ബലിയർപ്പിക്കുന്നതു ഒരു ആടിനെയാണ്. (ഉത്പ 22, 13) പുറപ്പാടിന്റെ പുസ്തകത്തിലെ ആദ്യത്തെ പെസഹായുടെ സമയത്താണ് ആടിനെ ബലിയർപ്പിക്കുന്നതു ദൈവികവും, ആചാരബന്ധിതവുമാകുന്നത്. ഇവിടംമുതലാണ് കുഞ്ഞാടിനെ (പുറ 12, 5) അർപ്പിക്കുന്നത് കർത്താവിനു സമർപ്പിക്കുന്ന പെസഹാബലി (പുറ 12, 27) ആകുന്നതും, കുഞ്ഞാട് ലോകത്തിന്റെ പാപങ്ങൾനീക്കുന്ന, മരണത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന, ജീവൻ രക്ഷിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി പ്രതീകവത്ക്കരിക്കപ്പെടുന്നത്. പിന്നീട് അനുദിനബലികളിൽ കുഞ്ഞാടിനെ ബലിയർപ്പിക്കൽ യഹൂദസംസ്കാരത്തിൽ ഒരു സാധാരണ ആചാരമായിത്തീർന്നു.

ക്രിസ്തുവിനു ശേഷം 500 ൽ ഏറെ വർഷങ്ങൾ കഴിഞ്ഞു രൂപംകൊണ്ട ഇസ്‌ലാം മതത്തിലും ബലിമൃഗം ആടുതന്നെയായാണ്. ഇതിനു പല കാരണങ്ങളുണ്ടാകാം. ഒന്ന്, ഈ മതം മധ്യ പൗരസ്ത്യദേശത്തു ഉടലെടുത്തതുകൊണ്ടാകാം. രണ്ട്, യഹൂദ പാരമ്പര്യത്തിന്റെ തുടർച്ചയാണ് തങ്ങളെന്ന് കാണിക്കാൻ നൂറ്റാണ്ടുകൾ പഴക്കമുള്ള യഹൂദ മത സംസ്കാരത്തിൽ നിന്ന് കടം കൊണ്ടതാകാം. അബ്രഹാം തന്റെ പുത്രനെ ബലിയർപ്പിക്കുവാൻ ഒരുങ്ങുന്നതും, പിന്നീട് ദൈവിക ഇടപെടലിന് ശേഷം ആട്ടിൻകുട്ടിയെ ബലിയർപ്പിച്ചതുമായ പാരമ്പര്യം യഹൂദ മത സംസ്കാരത്തിൽ നിന്ന് അവർ സ്വീകരിച്ചതാണ്. മൂന്ന്, ഇസ്‌ലാം മതം ഏതു മതത്തിന്റെ ഭാഗമായി വളർന്നുവന്നോ, ആ മതത്തിന്റെ ബലിമൃഗത്തിന്റെ തുടർച്ച യായി ആടിനെ സ്വീകരിച്ചതാകാം. എന്തായാലും ഒന്ന് തീർച്ചയാണ്. ഇസ്‌ലാം മതം യഹൂദമതത്തിന്റെ തുടർച്ചയല്ല. മാത്രമല്ല, ഇസ്‌ലാം മതത്തിനു ക്രിസ്തുമതവുമായി അതിന്റെ പ്രതീകങ്ങളുമായി യാതൊരു ബന്ധവുമില്ല.

‘കുഞ്ഞാട്’, എന്ന രൂപകം യഹൂദ മത പാരമ്പര്യത്തിൽ നിലനിൽക്കുന്നതാണ്. അത് യഹോവായ്ക്കുള്ള ബലിയർപ്പണവുമായി ബന്ധപെട്ടാണ് നിൽക്കുന്നതും. യഹൂദ പശ്ചാത്തലത്തിൽ വിവിധതരം ബലിയർപ്പണങ്ങൾ ഉണ്ട്. ദഹനബലി, സമാധാനബലി, പാപപരിഹാരബലി എന്നിങ്ങനെ. ബലിയായി അർപ്പിക്കപ്പെടുന്നതിനു മുൻപ്, കുഞ്ഞാടിന്റെ തലയിൽ കൈവച്ചതിനുശഷമാണ് കുഞ്ഞാടിനെ അർപ്പിക്കുന്നത്. പുരോഹിതൻ അത് ദഹിപ്പിച് പാപങ്ങൾക്ക് പരിഹാരം ചെയ്യണം. അപ്പോൾ കുറ്റങ്ങൾ ക്ഷമിക്കപ്പെടും. (ലേവ്യർ 4, 35)

അതായത്, അന്നത്തെ മൃഗബലിയുടെ ലക്ഷ്യങ്ങൾ പാപപരിഹാരവും അതുവഴിയുള്ള വിശുദ്ധീകരണവുമായിരുന്നു. ഹെബ്രായരുടെ പുസ്തകത്തിൽ പറയുന്നത് “നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല”. (ഹെബ്രാ 9, 22) എന്നാണ്.

‘കുഞ്ഞാട്’ യഹൂദ ക്രൈസ്തവ പാരമ്പര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രതീകവും കൂടിയാണ്. അത് വിശുദ്ധിയുടെ, നിർമലതയുടെ, സ്നേഹത്തിന്റെ പ്രതീകമാണ്. കുഞ്ഞാട് നിഷ്കളങ്കതയെ, ലാളിത്യത്തെ പ്രതിനിധാനം ചെയ്യുന്നു. അത് പൂർണമായും മറ്റുള്ളവർക്ക് സമർപ്പിതമാണ്. മറ്റൊരുവാക്കിൽ, കുഞ്ഞാട് ത്യാഗത്തിന്റെ പ്രതീകമാണ്. കുഞ്ഞാടിന്റെ തലയിൽ കൈവച്ചു പാപങ്ങളെല്ലാം അതിലേക്കു ആവേശിപ്പിച്ചശേഷമാണ് ബലിയർപ്പിക്കുന്നത്‌. അപ്പോൾ കുഞ്ഞാട് പാപപരിഹാരവുമായിത്തത്തീരുന്നു.

ഇത്തരത്തിലുള്ള പ്രതീകാത്മക ഘടകങ്ങൾ ക്രിസ്തുവിലേക്കു ചേർക്കുമ്പോൾ ക്രിസ്തു ദൈവത്തിന്റെ കുഞ്ഞാടാകുന്നു; അവിടുന്ന് ത്യാഗത്തിന്റെ ആൾരൂപമാകുന്നു. ക്രിസ്തു മനുഷ്യന്റെ പാപങ്ങൾക്ക് പരിഹാരമാകുന്നു.

ശരിയാണ്. നമുക്ക് മൃഗബലിയുടെ ഒരു സംസ്കാരത്തെ ഉൾക്കൊള്ളുവാൻ സാധിക്കുകയില്ല. എന്നാൽ, അന്നത്തെ സമൂഹത്തിന്റെ മത സാംസ്കാരിക വളർച്ചയെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും കഴിയണം. ബുദ്ധിപരമായി ഒട്ടും വളരാത്ത ഒരു സമൂഹത്തിൽ, ശാസ്ത്രീയമായി ഉയർച്ചയില്ലാത്ത കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആചാരങ്ങളും രീതികളും ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്. നമുക്കിന്നു അതിനും അപ്പുറം നിൽക്കാനും കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്താരാർത്ഥം ഉൾക്കൊള്ളാനും സാധിക്കണം.

ദൈവത്തിന്റെ മഹാത്യാഗമാണ് പ്രപഞ്ചസൃഷ്ടിയും, പ്രപഞ്ചവും. ദൈവത്തിന്റെ മഹാസ്നേഹമാണ്, മഹാത്യാഗമാണ് ക്രിസ്തു, ദൈവത്തിന്റെ കുഞ്ഞാട്. “സ്വന്തം ഏകജാതനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ സ്നേഹിക്കുന്ന ദൈവ”ത്തിന്റെ ത്യാഗമാണ് ക്രിസ്തു. ഈ ലോകത്തിന്റെ പാപപരിഹാരവും വിശുദ്ധീകരണവുമാണ് ക്രിസ്തു. ദൈവത്തിന്റെ മഹാത്യാഗമാണ് ദൈവമായിരുന്നിട്ടും അവിടുന്ന് മനുഷ്യനായത്. ദൈവത്തിന്റെ അവർണ നീയമായ ത്യാഗമാണ് ഈശോയുടെ പീഢാസഹനവും മരണവും. ദൈവത്തിന്റെ അനന്തമായ, അതിരുകളില്ലാത്ത, മഹത്തായ ത്യാഗമാണ് അപ്പത്തിന്റെ രൂപത്തിൽ അവിടുന്ന് നമ്മോടൊത്തു വസിക്കുന്ന വിശുദ്ധ കുർബാന. അവിടുത്തെ

God Did Not Order Abraham To Kill His Son | The Vegan Muslim Initiative

വിവരിക്കാൻ പറ്റാത്തത്ര ത്യാഗമല്ലേ സ്നേഹമുള്ളവരേ നിങ്ങളും ഞാനും ഓരോ വിശുദ്ധ ബലിയിലും സ്വീകരിക്കുന്ന അവിടുത്തെ ശരീരവും രക്തവും! ഈ ത്യാഗത്തിന്റെ പ്രതീകമാണ് കുഞ്ഞാട്, ഈ ത്യാഗത്തിന്റെ ആൾ രൂപമാണ് ക്രിസ്തു! വിശുദ്ധ പൗലോശ്ലീഹാ തിമൊത്തെയോസിനോട് പറഞ്ഞതുപോലെ, ഈ ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസിനീയവും തികച്ചും സ്വീകാര്യവുമാണ്. ഈ ക്രിസ്തു തന്നെയാണ് സ്നാപകൻ പറഞ്ഞതുപോലെ ദൈവത്തിന്റെ കുഞ്ഞാടും ആത്മാവിനാൽ നിറഞ്ഞവനും, പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനം ചെയ്യുന്നവനും.

സ്നേഹമുള്ളവരേ, ക്രിസ്തുവിനെപ്പോലെ ത്യാഗത്തിന്റെ ആൾരൂപങ്ങളാകാനാണ് ഇന്നത്തെ ദൈവവചനം നമ്മെ ക്ഷണിക്കുന്നത്. ത്യാഗം മനുഷ്യജീവിതത്തിന്റെ സ്വഭാവം ആയതുകൊണ്ടാണ് ദൈവം ത്യാഗത്തിന്റെ വസ്ത്രം ധരിച്ചു ഈ ലോകത്തിലേക്കു വന്നത്. ത്യാഗമാണ്, സ്നേഹത്തിൽ കുതിർന്ന ത്യാഗമാണ് നമ്മുടെ ജീവിതത്തെ ധന്യമാക്കുന്നത്, നമ്മുടെ പ്രാർത്ഥനകളെ മൂല്യമുള്ളതാക്കുന്നത്.

കുരുക്ഷേത്രയുദ്ധം അവസാനിച്ചതിനുശേഷം യുധിഷ്ഠിര രാജാവ് ഒരു യാഗം (യജ്ഞം) ചെയ്തു. പുരോഹിതർക്കും, ദരിദ്രർക്കും ധാരാളം ദാനം ചെയ്തു. രാജാവിന്റെ ത്യാഗം കണ്ടു എല്ലാവരും അദ്ദേഹത്തെ പുകഴ്ത്തി. അവർ പറഞ്ഞു: “നമ്മുടെ ജീവിതകാലത്തു ഇതുപോലെയൊരു ത്യാഗം നമ്മൾ കണ്ടിട്ടില്ല.” ആ സമയത്തു ഒരു ചെറിയ കീരി അവിടെ പ്രത്യക്ഷപ്പെട്ടു. അവന്റെ ശരീരത്തിന്റെ പകുതി സ്വർണ നിറവും, മറ്റേ പകുതി തവിട്ടുനിറവുമായിരുന്നു. യജ്ഞം നടന്ന സ്ഥലത്തു അത് കിടന്നു ഉരുണ്ടു. എന്നിട്ടു ദുഃഖത്തോടെ വിളിച്ചുപറഞ്ഞു:”ഇത് യജ്ഞമല്ല.എന്തിനാണ് ഈ ത്യാഗത്തെ നിങ്ങൾ പ്രശംസിക്കുന്നത്? നിങ്ങൾ കപടവിശ്വാസികളും നുണയന്മാരുമാണ്.” സദസ്സിലുണ്ടായിരുന്ന രാജാക്കന്മാരും മറ്റുള്ളവരും ദേഷ്യപ്പെട്ടു. അവർ പറഞ്ഞു: “ഇത്തരമൊരു അത്ഭുത കരമായ ത്യാഗം ഞങ്ങൾ കണ്ടിട്ടില്ല. നീ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്?”

കീരി മറുപടി പറഞ്ഞു: “പ്രിയപ്പെട്ടവരേ, എന്നോട് ദേഷ്യം തോന്നരുത്. എന്റെ വാക്കുകൾ ക്ഷമയോടെ കേൾക്കുക.”

ഒരു ചെറിയ ഗ്രാമത്തിൽ ഒരു ബ്രാഹ്മണനും, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, മരുമകൾ എന്നിവർ ജീവിച്ചിരുന്നു. കൊടിയ ദാരിദ്ര്യമായിരുന്നു അവർക്കു. മാസങ്ങളോളം ഒന്നും ലഭിച്ചില്ല. ഒരിക്കൽ അവർക്കു കുറച്ചു ചോറും, പയറും കിട്ടി. അവർ അത് പാകം ചെയ്തു ഭക്ഷിക്കാൻ തുടങ്ങിയപ്പോൾ, വാതിലിൽ മുട്ട് കേട്ടു. വാതിൽ തുറന്നപ്പോൾ വിശന്നു വളഞ്ഞ ഒരു അതിഥിയെ കണ്ടെത്തി. ബ്രാഹ്മണർ അയാളെ അകത്തു വിളിച്ചു ഭക്ഷണത്തിന്റെ ഒരു ഭാഗം നൽകി. പക്ഷെ അയാൾക്ക്‌ തൃപ്തിയായില്ല. ” പതിനഞ്ചു  ദിവസമായി ഞാൻ പട്ടിണിയിലാണ്. കുറച്ചുകൂടി തരുമോ?” അപ്പോൾ ബ്രാഹ്മണരുടെ ഭാര്യ അവളുടെ പങ്കു അയാൾക്ക് നൽകി. വീണ്ടും അയാൾക്ക് തൃപ്തിയായില്ല. മകൻ തന്റെ പങ്കു കൊടുത്തു. വീണ്ടും തൃപ്തിയാകാഞ്ഞു മരുമകളും അവളുടെ പങ്കു കൊടുത്തു.

What Is True Charity As Per Hinduism? – Story Of Golden Mongoose From  Mahabharata? | Hindu Blog

ഭക്ഷിച്ചു തൃപ്തിയായി അയാൾ അവരെ അനുഗ്രഹിച്ചിട്ടു അവിടെനിന്നും പോയി. ഈ നാലുപേരും പിറ്റേദിവസം പട്ടിണിമൂലം മരിച്ചു. അവിടെയുണ്ടായിരുന്ന ഞാൻ ഈ കാഴ്ച്ചകണ്ട്‌ അമ്പരന്നു. ഉടനെ അവിടെ കിടന്നിരുന്ന അല്പം ചോറുവറ്റുകളിൽ കിടന്നു ഞാൻ ഉരുണ്ടു. അപ്പോൾ ആ ത്യാഗത്തിന്റെ മഹത്വംകൊണ്ട് എന്റെ ശരീരത്തിന്റെ ഒരു ഭാഗം സ്വർണ നിറമായി. മറ്റേഭാഗവും സ്വർണ നിറമാക്കുവാൻ അതുപോലെയൊരു യജ്ഞത്തിനായി ഞാൻ അലയുകയാണ്. ഇതുവരെ കണ്ടെത്തിയില്ല. ഇവിടെ വന്നും യജ്ഞസ്ഥലത്തു കിടന്നു ഞാൻ ഉരുണ്ടു. ഒന്ന് സംഭവിച്ചില്ല. ധാരാളിത്തത്തിൽ എവിടെയാണ് ത്യാഗം?” ഇതുകേട്ട് യുധിഷ്ഠിര രാജാവും, മറ്റുള്ളവരും ലജ്ജിച്ചു തലതാഴ്ത്തി.

ത്യാഗമാണ് നമ്മുടെ ജീവിതത്തെയും, ജീവിത പ്രവർത്തനങ്ങളെയും മഹത്വമുള്ളതാക്കുന്നത്, ദൈവികമാക്കുന്നത്.

ഉത്തമമായ ത്യാഗജീവിതത്തിന് ഉദാഹരണങ്ങൾതേടി എങ്ങോട്ടും പോകേണ്ട. നമ്മുടെ കുടുംബത്തിൽ തന്നെയുണ്ട് ത്യാഗത്തിന്റെ മാതൃകകൾ! മാതാപിതാക്കൾ ഈ ലോകത്തിൽ ത്യാഗത്തിന്റെ ആൾ രൂപങ്ങളാണ്. കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി, അവർ സ്വയം ഇല്ലാതാകുകയാണ്.

Indian Diet Plan For Mothers After Cesarean Delivery (confinement care  after c section) - Dietburrp

ഗർഭകാലത്തിലൂടെ കടന്നു ഒരമ്മ തന്റെ കുഞ്ഞിന് ജന്മം നൽകുന്ന അവസ്ഥ ത്യാഗത്തിന്റെ ഉന്നത രൂപമാണ്. പ്രകൃതിയിലെ വൃക്ഷങ്ങളും ത്യാഗത്തിന്റെ സൗന്ദര്യമാണ് പ്രഘോഷിക്കുന്നത്‌. മറ്റുള്ളവർക്കുവേണ്ടിയല്ലേ, വെയിലുദിക്കുന്നതും, മഴപെയ്യുന്നതും? ചന്ദ്രൻ നിലാവ് പൊഴിക്കുന്നത്? മരങ്ങൾ പുഷ്പിക്കുന്നത്? മൃഗങ്ങൾ പാല് തരുന്നത്? എല്ലാ ത്യാഗത്തിന്റെ പ്രതിഫലനങ്ങളാണ്!

ക്രിസ്തു ലോകത്തിന്റെ കുഞ്ഞാട് എന്നതിന്റെ ആന്തരാർത്ഥം മനസ്സിലാക്കുവാനും ത്യാഗം നിറഞ്ഞ ക്രൈസ്തവ ജീവിതം നയിക്കുവാനും നാം ശ്രമിക്കണം.

ഇന്നത്തെ സാമൂഹ്യ സമ്പർക്കമാധ്യമങ്ങൾ നൽകുന്ന സന്ദേശം ഇതിനു കടകവിരുദ്ധമാണ്. അവർ പറയുന്നത്: “മറ്റുള്ളവർക്കുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ത്യാഗപൂർവം ജീവിക്കുന്നവർ വിഡ്ഢികളാണ്” എന്നാണ്‌. ഇന്നത്തെ ലോകം അവരെ വിളിക്കുന്നത്, ‘ജീവിക്കാതെ മരിക്കുന്നവർ’ എന്നാണ്‌. ശരിയാകാം. മക്കൾക്കുവേണ്ടിമാത്രം ജീവിക്കുന്ന എത്രയോ മാതാപിതാക്കൾ പെരുവഴിയിലാകുന്നു? എത്രയോ പേരുടെ ജീവിതങ്ങൾ നരകതുല്യമാകുന്നു? മറ്റുള്ളവർക്കായി ത്യാഗം ചെയ്യുന്നവരെ ഒട്ടും പരിഗണിക്കാത്തവരുമുണ്ട്. പക്ഷേ, അത് ജീവിതത്തിന്റെ യഥാർത്ഥ ചിത്രമല്ല. ത്യാഗമാണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത് എന്ന്, ത്യാഗമാണ് നമ്മുടെ ജീവിതത്തെ ദൈവികമാക്കുന്നത്‌ എന്ന്, ത്യാഗമാണ് നമ്മുടെ യഥാർത്ഥ സ്വഭാവമെന്ന്‌ ഈ ലോകം നമ്മിലൂടെ, ക്രൈസ്തവരിലൂടെ അറിയണം.

സമാപനം  

സ്നേഹമുള്ളവരേ, നമ്മുടെ ക്രൈസ്തവ ജീവിതം ബലിയർപ്പിക്കപ്പെടുന്ന കുഞ്ഞാടിന്റെതുപോലെ ത്യാഗനിർഭരമായിരിക്കുവാൻ നമുക്ക് ശ്രമിക്കാം. ഓരോ വിശുദ്ധ കുർബാനയും നമ്മോടു പറയുന്നത് വിശുദ്ധ കുർബാന ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ ത്യാഗത്തിന്റെ ആഘോഷമാണ് എന്നാണ്‌.

Yes..Go For It!: Parents Sacrifice for Children: Boy and Apple Tree

ഇന്നത്തെ വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുത്തു ത്യാഗത്തിന്റെ ക്രൈസ്തവജീവിതത്തിലേക്കു കൂടുതൽ കരുത്തോടെ നമുക്ക് നടന്നു പോകാം.

SUNDAY SERMON JN1, 1-18

ദനഹാക്കാലം രണ്ടാം ഞായർ

യോഹ 1, 1 – 28

സന്ദേശം

John 1:1 - Wikipedia

കഴിഞ്ഞ ബുധനാഴ്ച്ച, ജനുവരി ആറാംതീയതി സീറോ മലബാർ സഭ ദനഹാതിരുനാൾ, ഈശോയുടെ പ്രത്യക്ഷീകരണ തിരുനാൾ ആഘോഷിച്ചുകൊണ്ട് ദനഹാക്കാലത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്.  ദനഹാക്കാലത്തിന്റെ സന്ദേശം ‘സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയായി പിറന്ന ലോകരക്ഷകനായ കർത്താവായ ക്രിസ്തു ‘ (ലൂക്ക 2, 11) തന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തുന്നു എന്നതാണ്. ദനഹാതിരുനാളിനു മുൻപുള്ള ഞായറാഴ്ച്ചയാണ് ദനഹാക്കാലത്തെ ഒന്നാം ഞായറാഴ്ച. അന്നത്തെ സുവിശേഷത്തിലൂടെ ഈശോയുടെ പ്രത്യക്ഷീകരണമാണ് സഭ പ്രഘോഷിച്ചത്. അതിങ്ങനെയായിരുന്നു: ആത്മാവിന്റെ ശക്തിയോടെ ഈശോ താൻ വളർന്ന സ്ഥലമായ നസ്രസ്സിൽ വന്നു. അവിടുത്തെ സിനഗോഗിൽ പ്രവേശിച്ചു വായിക്കാനായി എഴുന്നേറ്റ ഈശോയ്ക്ക് ഏശയ്യാ പ്രവാചകന്റെ പുസ്തകം നൽകപ്പെട്ടു. വായിച്ചു കഴിഞ്ഞ ശേഷം ഈശോ പറഞ്ഞു, നിങ്ങൾ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. (ലൂക്ക 4, 20) നസ്രസ്സിലെ സിനഗോഗിൽവച്ച് ഈശോ തന്നെത്തന്നെ വെളിപ്പെടുത്തുകയായിരുന്നു. ദനഹാതിരുനാളിൽ മാമ്മോദീസ വേളയിൽ സ്വർഗ്ഗത്തിന്റെ അംഗീകാരത്തോടെ ഈശോ തന്നെത്തന്നെ വെളിപ്പെടുത്തി. (മത്താ 3, 17) അതിലൊന്നാണ് യോർദാൻ നദി മാത്രമല്ല, ലോകം മുഴുവനും പുളകംകൊണ്ട നിമിഷമായിരുന്നു അത്.

ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ചയാണിന്ന്. ക്രിസ്തു വചനമാണെന്നുള്ള വെളിപ്പെടുത്തലാണ് ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്. ക്രിസ്തു വചനമാകുമ്പോൾ നാം പറയുന്ന ഓരോ വചനത്തിലൂടെയും ക്രിസ്തുവിനെ വെളിപ്പെടുത്തുക എന്നാണ് ഇന്നത്തെ സന്ദേശം നമ്മോടു പറയുന്നത്. 

വ്യാഖ്യാനം

ഗലീലിയിൽ നിന്നുള്ള മുക്കുവനായ യോഹന്നാന്റെ സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം തന്നെ ഒരു വചനോത്സവമാണ്. ദൈവത്തിന്റെ വചനം മാംസമായി, ക്രിസ്തുവായി എന്ന മഹാരഹസ്യത്തിന്റെ വളരെ താത്വികവും, കവിതാത്മകവുമായ ഒരാവിഷ്കാരമാണ് നാമിവിടെ കാണുന്നത്. യോഹന്നാൻ തന്റെ സുവിശേഷം എഴുതുന്നത്, ‘യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് മനുഷ്യർ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം മനുഷ്യർക്ക് അവന്റെ നാമത്തിൽ ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ്’. (യോഹ 20, 31) കർത്താവിന്റെ സുവിശേഷ രചന ആകർഷകമാക്കുന്നതിനു ധാരാളം സമകാലീന ചിന്താധാരകളും

What is the Logos? | GotQuestions.org

അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിലൊന്നാണ്, യവനചിന്ത അല്ലെങ്കിൽ ഗ്രീക്ക് തത്വചിന്ത. യവന തത്വചിന്തയുടെ പ്രധാന പ്രമേയമാണ് വചനം (Logos=വചനം) പുരാതന യവന തത്വചിന്തയനുസരിച്ചു ലോഗോസിൽ നിന്നാണ്, വചനത്തിൽ നിന്നാണ് സർവവും ഉണ്ടായത്.  അവർക്കു ലോഗോസ്, പ്രപഞ്ചോത്പത്തിയുടെ ദൈവികമായ കാരണമാണ്. നിത്യവും മാറ്റമില്ലാത്തതുമായ സത്യമാണ് ലോഗോസ്, വചനം; സൃഷ്ടിയുടെ ആരംഭം മുതൽ ഉള്ള ഒന്നാണ് ലോഗോസ്, വചനം. ഈ ഗ്രീക്ക് ചിന്തയെ വളരെ കാവ്യാത്മകവും, താത്വികവും, ആധ്യാത്മികവുമാക്കുകയാണ് വിശുദ്ധ യോഹന്നാൻ. “ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടിയായിരുന്നു; വചനം ദൈവമായിരുന്നു”. (യോഹ 1, 1) കവിത തുളുമ്പുന്ന മനോഹരമായ ഗദ്യത്തിലാണ് യോഹന്നാൻ ഇത് അവതരിപ്പിച്ചിട്ടുള്ളത്. പിന്നീട് അദ്ദേഹം പറയും, ‘വചനം മാംസമായി, ക്രിസ്തുവായി നമ്മുടെയിടയിൽ വസിച്ചു’. (യോഹ 1, 14)

ഇതൊരു സാംസ്കാരിക അനുരൂപണമല്ലേ എന്ന് പലരും ചോദിച്ചേക്കാം. അല്ല. ഇതൊരു സാംസ്കാരിക അനുരൂപണമല്ല. ഒരു സംസ്കാരത്തിൽ ഒളിഞ്ഞുകിടന്ന സത്യം വിശുദ്ധ യോഹന്നാനിലൂടെ വെളിപ്പെടുകയാണ്. ഗ്രീക്ക് ചിന്തയിൽ വിടർന്ന മനോഹരമായ ഒരു സത്യത്തെ ലോകത്തിനുമുന്പിൽ ദൃശ്യാവിഷ്‌കാരം നൽകാൻ യോഹന്നാന് ഭാഗ്യം ലഭിക്കുകയാണ്.

ഇന്നത്തെ സുവിശേഷ ഭാഗം ക്രിസ്തുവിന്റെ വചനങ്ങളല്ല എന്നതും നാം മനസ്സിലാക്കണം. ക്രിസ്തുവിനെക്കുറിച്ചുള്ള വചനങ്ങളാണ്. ഈ വചനങ്ങളിലൂടെ വളരെ സ്പഷ്ടമായും, കൃത്യമായും ക്രിസ്തു വെളിപ്പെടുന്നതുകൊണ്ട് ഈ വചനങ്ങൾ ദൈവവചനത്തിന്റെ status ലേക്ക് ഉയരുകയാണ്. ശ്രദ്ധിച്ചു കേൾക്കുക, നാലാം സുവിശേഷത്തിന്റെ ആമുഖം മാത്രമാണ് ഇന്നത്തെ സുവിശേഷ ഭാഗം, യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം ഒന്നുമുതൽ പതിനെട്ടുവരെയുള്ള വാക്യങ്ങൾ.

പക്ഷേ, വലിയ വലിയ സത്യങ്ങൾ ഉൾക്കൊള്ളുന്ന, രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ദൈവവചനങ്ങൾ തന്നെയാണ് ഇവ. ഉത്പത്തി പുസ്തകത്തിൽ ദൈവത്തിന്റെ ‘ഉണ്ടാകട്ടെ’ എന്ന വചനത്തിലൂടെയാണ് സകലതും സൃഷ്ടിക്കപ്പെടുന്നത്. യോഹന്നാൻ പറയുന്നു, ‘സമസ്തവും അവനിലൂടെ, വചനത്തിലൂടെ ഉണ്ടായി’ (യോഹ 1, 3) കാരണം, വചനം ശക്തമാണ്, നിത്യമാണ്, മാറ്റമില്ലാത്തതാണ്; വചനം ദൈവമാണ്. വചനമാണ് ഈ പ്രപഞ്ചത്തിനു അർഥം നൽകുന്നത്, അറിവ് നൽകുന്നത്. ഭാരത ഭാഷാചിന്തകനായ ഭർതൃഹരി പറയുന്നത്, “ജ്ഞാനം സർവം ശബ്ദേനെ ഭാസതേ” എന്നാണ്.  അറിവ് മുഴുവൻ വരുന്നത് ശബ്ദത്തിൽ നിന്നാണ്, വാക്കിൽ നിന്നാണ്, വചനത്തിൽ നിന്നാണ്.

സ്നേഹമുള്ളവരേ, വചനം ക്രിസ്തുവാണ്. വചനത്തിലൂടെയാണ് ‘സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയായി പിറന്ന ലോകരക്ഷകനായ കർത്താവായ ക്രിസ്തു’ (ലൂക്ക 2, 11) തന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തുന്നത്. വചനം ശക്തമായതുകൊണ്ട്, വചനം ദൈവമായതുകൊണ്ട് ആ വചനം ഉപയോഗിക്കുമ്പോൾ നാം അതീവ ശ്രദ്ധാലുക്കളാകണം. നമ്മിലെ അനന്തമായ ദൈവികശക്തിയുടെ പ്രകടനമാണ് വചനം.

The Gospel of John and the True Meaning of the Logos- Unit 3 | tutored2learn

ഇന്നത്തെ സുവിശേഷ ഭാഗം നമുക്ക് മനസ്സിലാക്കിത്തരുന്ന കാര്യങ്ങൾ ഇവയാണ്:

1. വചനം നിത്യമാണ്. വചനം ദൈവമാണ്. ആ വചനം, ദൈവം മാംസമായി, ക്രിസ്തുവായി നമ്മുടെ ഇടയിൽ വസിച്ചു. അതുവഴി നാം കൃപക്കുമേൽ കൃപ സ്വീകരിച്ചിരിക്കുന്നു.

2. വചനം ദൈവത്തിന്റെ ശക്തിയാണ്. അത് ദൈവത്തിന്റെ ദാനമാണ്. നമ്മിലുള്ള ഈ ദൈവത്തിന്റെ ദാനം പറയുന്നവന്റെ രുചിക്കനുസരിച്ചു രൂപാന്തരപ്പെടുന്നതാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ രുചിയെന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും വചനത്തിന്റെ വെളിപ്പെടൽ. ഒരാളുടെ ജീവിതത്തിന്റെ രുചി, സ്വഭാവം നന്മയാണെങ്കിൽ, സ്നേഹമാണെങ്കിൽ, കരുണയാണെങ്കിൽ ആ വ്യക്തി പറയുന്ന വാക്കുകൾ നന്മയായി, സ്നേഹമായി, കരുണയായി വെളിപ്പെടും. അപ്പോൾ ആ വ്യക്തി ആയിരിക്കുന്നിടം മുഴുവൻ വചനത്തിന്റെ രൂപാന്തരംകൊണ്ട്, നന്മകൊണ്ട്, സ്നേഹം കൊണ്ട്, കരുണകൊണ്ടു നിറയും. ദൈവികതയാണ് വാക്കുകളിലൂടെ പുറത്തുവരുന്നതെങ്കിൽ അവളുടെ / അവന്റെ വാക്കൂകളിലൂടെ ദൈവം വെളിപ്പെടും. നാം ആരോടെങ്കിലും “ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്നെ എനിക്ക് ഇഷ്ടമാണ് എന്ന് പറയുമ്പോൾ പുറപ്പെടുന്ന energy, ശക്തി ദൈവികത എത്രയോ അധികമാണ്!

കഴിഞ്ഞ ദിവസം പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടി ഫോണിൽ വിളിച്ചു എന്നോട് പറഞ്ഞു:”അച്ചാ ‘അമ്മ ഇന്നെന്നെ മോളേ എന്ന് വിളിച്ചു.” വീഡിയോ കോൾ ആയിരുന്നതുകൊണ്ട് എനിക്കവളുടെ മുഖത്തെ പ്രകാശം കാണാൻ സാധിച്ചു. നിങ്ങൾക്ക് ഇത് തമാശയായി തോന്നാം. എനിക്ക് ആ അമ്മയെ അറിയാം. ടീച്ചർ ആയ അവളുടെ കാർക്കശ്യ സ്വഭാവം അറിയാം. വീട്ടിലും ക്ളാസിലെപ്പോലെയാണ് ആ ‘അമ്മ പെരുമാറുന്നത്.  അതുകൊണ്ടു എനിക്കിതു കേട്ടപ്പോൾ അത്ഭുതം തോന്നി! ഓ! situation ഞാൻ പറഞ്ഞില്ലല്ലോ അല്ലേ. Guests വരുന്നതിന്റെ ഭാഗമായി രാവിലെ വീട് വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു മകൾ. അമ്മയാകട്ടെ സ്‌കൂളിലേക്ക് പോകാനുള്ള തിരക്കിലും. ഒരുങ്ങുന്ന തിരക്കിൽ ‘അമ്മ അവളോട് പറഞ്ഞു:  “മോളേ, നീ ഇത്രയും ചെയ്‌താൽ മതി. ബാക്കി ‘അമ്മ വരുമ്പോൾ ചെയ്തുകൊള്ളാം.” അമ്മയുടെ മോളേ എന്ന വിളി കേട്ടിട്ട് ആ മകൾ statue ആയിപ്പോയി.’അമ്മ സ്‌കൂളിലേക്ക് ഇറങ്ങിയപ്പോൾ തന്നെ അവൾ എന്നെ വിളിച്ചു.  എന്നിട്ട്, സന്തോഷത്തോടെ, നിറഞ്ഞ സംതൃപ്തിയോടെ എന്നോട് പറയുകയാണ്, അച്ചാ അമ്മയെന്നെ മോളേന്നു വിളിച്ചെന്ന്.  ആ മുഖമൊന്ന് നിങ്ങൾ കാണണമായിരുന്നു! ഈ ലോകത്തിലെ സന്തോഷം മുഴുവനും ആ മുഖത്തുണ്ടായിരുന്നു! സ്നേഹിതരേ, വാക്കിനു ശക്തിയുണ്ട്. വാക്കിനു, പറയുന്നവരിലും കേൾക്കുന്നവരിലും ക്രിസ്തുമസിന്റെ അനുഭവം ജനിപ്പിക്കാനുള്ള സാധ്യതയുണ്ട്. വാക്കിനു, പറയുന്നവരിലും, കേൾക്കുന്നവരിലും കൃപയ്ക്കുമേൽ കൃപയുടെ മഴപെയ്യിക്കുവാനുള്ള സാധ്യതയുണ്ട്.

നേരെ മറിച്ചൊന്ന് ചിന്തിച്ചു നോക്കൂ… കുടുംബത്തിലെ വികൃതിയായ, താന്തോന്നിയായ മകൻ ഗേറ്റ് കടന്നുവരുന്നത് ‘അമ്മ അടുക്കളയുടെ ജനാലയിലൂടെ കണ്ടു. ഉടനെ ‘അമ്മ മക്കളോട് പറയുകയാണ്: “ദേ, ചെകുത്താൻ വരുന്നുണ്ട്.” ആരായിരിക്കും സ്നേഹമുള്ളവരേ അപ്പോൾ വീട്ടിലേക്കു വരിക? വൈകുന്നേരം മദ്യപിച്ചു ആടിയാടിവരുന്ന അപ്പനെക്കണ്ടു കൊച്ചുമകൻ പറയുകയാണ്, “സൂക്ഷിച്ചോ, പാമ്പ് വരുന്നുണ്ട്.” അപ്പോൾ വീട്ടിലേക്കു എന്താ വരിക? വീട്ടിൽ ഭർത്താവിനെ, ഭാര്യയെ, മക്കളെ, പിശാചുക്കള്, ഭ്രാന്തി, നാശം പിടിച്ചതുങ്ങള് എന്നിങ്ങനെ പുഴുത്തുനാറിയ വാക്കുകളുടെ കൊട്ട മറിച്ചിട്ടാൽ എന്തായിരിക്കും, എങ്ങനെയായിരിക്കും ആ വീട്? പറയുന്നവന്റെ രുചിക്കനുസരിച്ചു നമ്മുടെ വാക്കുകൾ രൂപാന്തരപ്പെടും.

3. “നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടും. നിന്റെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും”. (മത്താ 12, 37) ജീവനെ നശിപ്പിക്കാനും പുലർത്താനും വചനത്തിനു കഴിയും (സുഭാ 18, 21) കാരണം, വചനം, ദൈവത്തിന്റെ വചനം, സജീവവും, ഊർജ്വസ്വലവുമാണ്. ഇരുതല വാളിനേക്കാൾ മൂർച്ഛയേറിയതും ചേതനയിലും, ആത്മാവിലും … ഹൃദയത്തിന്റെ വിചാരങ്ങളെ വിവേചിക്കുന്നതുമാണ്…. ( ഹെബ്രാ 4, 12) അതുകൊണ്ട്, നമ്മുടെ സംഭാഷണങ്ങൾ വിശുദ്ധമാക്കുവാൻ, നാം പറയുന്ന വാക്കുകളിലൂടെ, കേൾക്കുന്നവരുടെ ഹൃദയങ്ങളിൽ ക്രിസ്തുവിനെ ജനിപ്പിക്കുവാൻ, നമ്മുടെ സംസാരത്തിലൂടെ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മോടു ആവശ്യപ്പെടുന്നു. എന്തുമാത്രം അനാവശ്യമായ സംസാരങ്ങളാണ് നാം നടത്തുന്നത്! മലയാളിയുടെ ‘തള്ള് ‘ പ്രസിദ്ധമാണല്ലോ! നമ്മുടെ മത, സാമൂഹ്യ, രാഷ്ട്രീയ നേതാക്കന്മാർ പോലും എത്രയോ വികൃതമായ പദപ്രയോഗങ്ങളാണ് നടത്തുന്നത്! നമ്മുടെ കുടുംബങ്ങളിൽ നാം ഉപയോഗിക്കുന്ന വാക്കുകൾ എത്രയോ വികൃതങ്ങളാണ്! വചനം നിറയെ ദൈവികശക്തിയാണ് എന്ന് നമുക്ക് എപ്പോഴും ഓർക്കാം.

ഈ വചനത്തിന്റെ ആഘോഷമാണ് നമ്മുടെ വിശുദ്ധ കുർബാന. നമ്മുടെ സീറോ മലബാർ കുർബാനക്രമത്തിൽ വചനവേദി തന്നെ ഒരുക്കിയിട്ടുള്ളത് വിശുദ്ധ കുർബാനയിൽ വചനമായ ക്രിസ്തുവിനു കൊടുക്കുന്ന പ്രാധാന്യം കാണിക്കുവാനാണ്. (വചനവേദി ഇല്ലാത്ത പള്ളികളിൽ വചനവേദി ഉൾപ്പെടുത്തി ദേവാലയ ഘടന പുനഃക്രമീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്!)

സുവിശേഷ വായനയ്ക്ക് മുൻപ് കാർമ്മികൻ സ്വർഗമാകുന്ന മദ്ബഹയിലേക്കു, വചനമാകുന്ന ക്രിസ്തുവിനെ കൊണ്ടുവരുവാൻ പോകുന്നുണ്ട്. മദ്ബഹയിൽ ബലിപീഠത്തിലിരിക്കുന്ന സുവിശേഷം തന്റെമുഖം മറയ്ക്കേ ഉയർത്തിപ്പിടിച്ചു കാർമ്മികൻ ശുശ്രൂഷികളോടൊപ്പം തിരികെ വചനവേദിയിലേക്കു, മനുഷ്യരിലേക്ക് ഇറങ്ങി വരുന്ന മനോഹരമായ ഒരു മുഹൂർത്തമുണ്ട്. സ്വർഗത്തിൽ നിന്ന് വചനമായ ക്രിസ്തു വരുന്ന ആഘോഷമായ പ്രദക്ഷിണമാണത്! വിശുദ്ധരും, മാലാഖമാരും അവിടെ സന്നിഹിതരാണ്! അപ്പോൾ ശുശ്രൂഷി ഉറക്കെ ഹല്ലേലൂയാ, ഹല്ലേലൂയാ എന്ന് പറയും. ഉടനെ ഗായകസംഘവും ജനങ്ങളും സ്വർഗത്തിൽ നിന്ന് വരുന്ന വചനമാകുന്ന ദൈവത്തെ ഹാലേലൂയ പാടി സ്തുതിക്കും. ധൂപങ്ങളുടെയും, വിളക്കുകളുടെയും അകമ്പടിയോടെ വരുന്ന വചനമാകുന്ന ദൈവത്തെ സ്വീകരിക്കുന്ന ഈ നിമിഷം എത്രയോ ധാന്യമാണ്! ഭക്തന് ആത്മീയാനുഭവം നൽകുന്ന ദിവ്യമായ ഈ മുഹൂർത്തം ഭക്തൻ വചനത്താൽ വിശുദ്ധീകരിക്കപ്പെടുന്ന നിമിഷം കൂടിയാണ്! എന്നാൽ, ഇത്രയും സുന്ദരമായ നിമിഷങ്ങളെ എന്ത് കാരണങ്ങളാലായാലും  ഇല്ലാതാക്കുന്ന സാഹചര്യം എത്ര ന്യായീകരിച്ചാലും ഉൾക്കൊള്ളാനാകുന്നില്ല.

നമ്മുടെ സീറോ മലബാർ കുർബാന ക്രമത്തിൽ മൂന്നാം ഗ്ഹന്ത പ്രാർത്ഥനയിൽ വചനമായ ദൈവത്തെ അനുസ്മരിക്കുന്നുണ്ട്. “…അങ്ങയിൽ മറഞ്ഞിരിക്കുന്ന ആത്മജാതനും അങ്ങയോടു സാദൃശ്യനും അങ്ങയിൽ നിന്നുള്ള പ്രകാശവും അങ്ങയുടെ സത്തയുടെ പ്രതിച്ഛായയുമായ വചനമാകുന്ന ദൈവത്തെ ഞങ്ങൾ വാഴ്ത്തുന്നു.” ഈ നിമിഷം വചനമാകുന്ന ദൈവത്തെ വാഴ്ത്തി സ്തുതിച്ചുകൊണ്ട് നിൽക്കാൻ ഭക്തന് കഴിയണം. വചനം ദൈവമാണെന്നും, വചനം മാംസമായി നമ്മുടെ ഇടയിൽ വസിക്കുന്നുവെന്നും, നമ്മിലൂടെ നമ്മുടെ വാക്കുകളിലൂടെ എപ്പോഴും ദൈവത്തിന്റെ വെളിപാട് സംഭവിക്കുകയാണെന്നും ഓർക്കാൻ നമുക്കാകണം.

സമാപനം

സ്നേഹമുള്ളവരേ, നാം ചിലപ്പോൾ പറയാറില്ലേ, അവൾ /അവൻ പറഞ്ഞാൽ അച്ചട്ടാണ് എന്ന്. അവൾ /അവൻ പറയുന്നപോലെ സംഭവിക്കുമെന്ന്. ശരിയാണ്. അവളും അവനും പറഞ്ഞാൽ മാത്രമല്ല, നമ്മിൽ ആരും എന്ത് പറഞ്ഞാലും അത് സംഭവിക്കും. കാരണം, വാക്ക്, വചനം, ദൈവമാണ് ദൈവിക ശക്തിയാണ്. എന്റെ വാക്കുകളിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്താൻ എനിക്ക് കഴിയും എന്ന് മനസ്സിലാക്കിക്കൊണ്ട് നമ്മുടെ വാക്കുകളെ വിമലീകരിക്കുവാൻ നമുക്കാകട്ടെ.

The Power of Words | HMA Public Relations

നമ്മുടെ ജീവിതത്തിന്റെ രുചികളെ നന്മയുള്ളതാക്കുവാൻ നമുക്കാകട്ടെ. അതിനുള്ള അനുഗ്രഹം വചനമാകുന്ന ദൈവം ഈ വിശുദ്ധ ബലിയിൽ നമുക്കു നൽകട്ടെ. വചനമാകുന്ന വിത്ത് സ്വീകരിച്ചു നൂറുമേനി ഫലം പുറപ്പെടുവിക്കുവാൻ ഈശോയെ എന്നെ അനുഗ്രഹിക്കണമേയെന്നു ഈ ദിവസം മുഴുവനും നമുക്ക് പ്രാർത്ഥിക്കാം. ആമേൻ!

SUNDAY SERMON LK 2, 21-35

പിറവിക്കാലം രണ്ടാം ഞായർ

ലൂക്ക 2, 21 – 35

സന്ദേശം

Fulfilling Prophecy (Luke 2:22-40) Activities and Lesson |  Ministry-To-Children

ശുഭപ്രതീക്ഷകളോടെ നാം പുതുവർഷത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. 12 മാസങ്ങളും, 52 ആഴ്ചകളും, 365 ദിവസങ്ങളും, 8784 മണിക്കൂറുകളും, 527040 മിനിറ്റുകളും, 31622400 സെക്കന്റുകളും സമ്മാനിച്ച് കടന്നുവന്നിരിക്കുന്ന 2021 ലെ ആദ്യ ഞായറാഴ്ചയാണിന്ന്. കോവിഡ് എന്ന മഹാമാരിയുമായി നമ്മോടൊത്തുണ്ടായിരുന്ന 2020 നമ്മുടെ നാടിനെയും,  ലോകത്തെത്തന്നെയും കൊണ്ടുപോയത് നാമൊരിക്കലും സങ്കല്പിച്ചുപോലും നോക്കാത്ത സ്തംഭനത്തിലേക്കും ഭീതിയിലേക്കുമാണ്. അതുകൊണ്ടുതന്നെ, നവത്സരാശംസകൾക്കൊപ്പം, ഈ ഭൂമിയിൽ ആയുരാരോഗ്യവും സമാധാനവും നിറഞ്ഞുവിളയട്ടെയെന്ന പ്രാർത്ഥനയോടെ നമുക്ക് സുവിശേഷ സന്ദേശത്തിനായി കാതോർക്കാം.

വ്യാഖ്യാനം

ഈശോയുടെ തിരുപ്പിറവിക്ക്‌ശേഷം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഈശോയുടെ ദേവാലയസമർപ്പണവും, പരിച്ഛേദനാചാരവുമാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രതിപാദ്യവിഷയം. ഇതോടൊപ്പം തന്നെ ഈശോയുടെ പേരിടീൽ കർമവും നടക്കുന്നുണ്ട്. ഇന്നത്തെ സുവിശേഷ ഭാഗത്തു സവിശേഷ ശ്രദ്ധ അർഹിക്കുന്ന രണ്ട് പേരാണ് ഈശോയുടെ മാതാപിതാക്കൾ. മോശയുടെ നിയമമനുസരിച്ചുള്ള കർമങ്ങളെല്ലാം ചെയ്യാൻ വളരെ താത്പര്യം കാണിക്കുന്ന യൗസേപ്പിതാവും മേരിയും ആധുനിക മനുഷ്യന് അത്ര താത്പര്യമുള്ള കഥാപാത്രങ്ങളാകണമെന്നില്ല. നിയമങ്ങളെ ധിക്കരിക്കുക എന്നത് ഫാഷനായി കാണുന്ന മനുഷ്യർക്ക്, യൗസേപ്പിതാവും മാതാവും ചെയ്യുന്ന ഇക്കാര്യങ്ങൾ ഒരുതരം പഴഞ്ചൻ ഏർപ്പാടായി തോന്നാം. ജന്മദിനത്തിലോ, മാമ്മോദീസ സ്വീകരിച്ച ദിനത്തിലോ മക്കളേ പള്ളിയിൽ പോയി കുർബാന അർപ്പിച്ചു പ്രവർത്തിക്കണേയെന്നോ മറ്റോ പറഞ്ഞാൽ മാതാപിതാക്കന്മാർക്കെതിരെ ഉറഞ്ഞു തുള്ളുന്ന തലമുറകൾക്കു ചെങ്ങാലികളെയും, പ്രാവിൻകുഞ്ഞുങ്ങളെയുമൊക്കെ സമർപ്പിക്കുന്നത് വിഡ്ഢിത്വമായും തോന്നാം.

പക്ഷേ, ഈശോയുടെ മാതാപിതാക്കന്മാർ ‘കർത്താവിന്റെ നിയമത്തിൽ പറഞ്ഞിരിക്കുന്നതിനനുസരിച്ചു’ ജീവിക്കാൻ മാത്രം ദൈവവിശ്വാസമുള്ളവരും, ദൈവാശ്രയബോധമുള്ളവരും ആയിരുന്നു. ദൈവത്തിന്റെ മുൻപിലും, മനുഷ്യരുടെ ദൃഷ്ടിയിലും, പ്രപഞ്ചത്തോട് ചേർന്നും അസാധാരണമായ തെളിമയോടെ ജീവിച്ചു തീർക്കേണ്ട സാധാരണമായ ഒരു ജീവിതമാണ് ദൈവം തങ്ങൾക്കു നൽികിയിരിക്കുന്നതെന്ന ബോധ്യമാണ് അവരെ മുന്നോട്ടു നയിച്ചത്. നിയമങ്ങൾ വിഗ്രഹവത്ക്കരിക്കപ്പെടേണ്ടവയല്ലെന്നും, മതനിയമങ്ങൾ പ്രകൃതി നിയമങ്ങൾപോലെ അലംഘനീയമല്ലെന്നും അറിയാഞ്ഞിട്ടല്ല യൗസേപ്പും മാതാവും ഇവയെല്ലാം അനുഷ്ഠിച്ചത്. ഭൂമിയിലെ ചെറിയ മനുഷ്യൻപോലും എല്ലാ നിയമങ്ങൾക്കും മീതെയാണെന്ന ബോധ്യമില്ലാഞ്ഞിട്ടുമല്ല അവർ ഇവയെല്ലാം ചെയ്തത്. അവർ മോശയുടെ നിയമങ്ങളെല്ലാം കൃത്യമായി അനുഷ്ഠിച്ചത് അതിൽ ദൈവത്തിന്റെ ഇഷ്ടം കണ്ടതുകൊണ്ടാണ്. ലോക മഹിമക്കല്ല, ദൈവമഹത്വത്തിനായിട്ടാണ് തങ്ങൾ ഇവ ചെയ്യുന്നതെന്ന അറിവുണ്ടായിരുന്നതുകൊണ്ടാണ്. അനുഷ്ഠാനബന്ധിയായ ഒരു മതജീവിതമല്ല, ദൈവേഷ്ടബന്ധിയായ ഒരു ജീവിതമാണ് തൊങ്ങലുകളില്ലാത്ത, ആത്മാർഥത നിറഞ്ഞ ഒരു ആത്മീയ ജീവിതത്തിനു വേണ്ടതെന്ന വലിയ സന്ദേശമാണ് ഈശോയുടെ മാതാപിതാക്കൾ നമ്മോടു ഇന്ന് പറയുന്നത്.

വിശുദ്ധ യൗസേപ്പിതാവിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും തൊങ്ങലുകളില്ലാത്ത, ആത്മാർത്ഥത നിറഞ്ഞ ആത്മീയജീവിതമാണ്, ആ ആത്മീയ ജീവിതം അവരിൽ രൂപപ്പെടുത്തുന്ന നന്മമനസ്സാണ് ഈ സുവിശേഷ ഭാഗത്തിന്റെ highlights. സമകാലിക കേരള മനസ്സിന്റെ പൾസ് തൊട്ടറിയുമ്പോഴാണ് ഈശോയുടെ മാതാപിതാക്കന്മാരുടെ ആത്മീയജീവിതവും, നന്മ മനസ്സും നമുക്ക് വെല്ലുവിളിയാകുന്നത്. കേരളം ഒരു പരിധിവരെ ക്രിമിനൽ സ്വഭാവമുള്ള, വർഗീയ മനസ്സുള്ള സമൂഹമായി മാറുകയാണോ എന്ന് വർത്തമാനപത്രങ്ങളുടെ എഡിറ്റോറിയലുകൾ വരെ സംശയമുന്നയിക്കുന്ന ഒരു കാലഘട്ടമാണിത്. മോഷണങ്ങളിൽ തുടങ്ങി, പീഡനങ്ങളിലേക്കും, കൊലപാതകങ്ങളിലേക്കും വരെ criminality വളർന്നിരിക്കുന്നു! മാതൃഹത്യയും, പിതൃഹത്യയും, ബാലഹത്യയും ക്രിമിനൽ കേരളത്തിന്റെ ദുർമുഖമുദ്രകളായിരിക്കുന്നു. ഉറ്റവരുടെ കൈകൾകൊണ്ടുതന്നെ

God's own country' is an offensive label for unsafe Kerala

ജീവൻ വെടിയേണ്ടിവരുന്നവരുടെ കരച്ചിൽ നമ്മുടെ പല വീടുകളിൽ നിന്നും ഉയരുകയാണ്. അപ്പോഴാണ് ഇനിയും കൈമോശം വരാത്ത നല്ല ഹൃദയമുള്ളവർ ചോദിക്കുന്നത്, നമുക്കൊപ്പമുള്ള പലരിൽനിന്നും കളഞ്ഞുപോയ ആ നന്മ മനസ്സ് എവിടെനിന്നാണ് ഇനി കണ്ടെടുക്കേണ്ടത് എന്ന്. ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെ മാതാപിതാക്കന്മാർ.

വർഗീയതയും, ജാതിരാഷ്ട്രീയവും, അമിതമായ സമുദായ ചിന്തയും വിഷലിപ്തമാക്കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ മതജീവിതത്തിൽ, അനുഷ്ഠാന ബന്ധിതമായവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഇന്നത്തെ മതജീവിതത്തിൽ ദൈവേഷ്ടം എന്തെന്നറിഞ്ഞു നല്ലൊരു ആത്മീയജീവിതം നയിക്കുക അത്ര എളുപ്പമല്ല. മതനിയമങ്ങളെയും, സമൂഹനിയമങ്ങളെയും, പ്രകൃതിനിയമങ്ങളെയും വളരെ പുച്ഛത്തോടെ നോക്കിക്കാണുന്ന ഒരു വ്യവസ്ഥിതിയിൽ, ഇവയ്‌ക്കെല്ലാമിടയിൽ ദൈവേഷ്ടം കണ്ടെത്തുക എന്നത് വളരെ വിഷമകരവുമാണ്. എന്നാൽ, ഈശോയുടെ മാതാപിതാക്കന്മാരുടെ കാലത്തും സാഹചര്യങ്ങൾ ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. ചിലപ്പോൾ തോന്നും, ഇതിലും വഷളായിരുന്നുവെന്ന്! എങ്കിലും, യൗസേപ്പിതാവിന്റെയും, മാതാവിന്റെയും ജീവിതം എല്ലാറ്റിലും ദൈവത്തിന്റെ ഇഷ്ടം കണ്ടെത്തുക എന്ന മൂല്യമനുസരിച്ചുള്ളതായിരുന്നു. മാതാവ് പറഞ്ഞതെന്താണ്? “ഇതാ കർത്താവിന്റെ ദാസി, നിന്റെ ഇഷ്ടംപോലെ എന്നിൽ സംഭവിക്കട്ടെ”. (ലൂക്ക 1, 38) യൗസേപ്പിതാവ് ചെയ്തതെന്താണ്? “ജോസഫ് നിദ്രയിൽ നിന്ന് ഉണർന്ന് കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു”.(മത്താ 1, 24)  ഇന്നത്തെ സുവിശേഷ ഭാഗത്തു ഈ മാതാപിതാക്കന്മാർ ചെയ്തതെന്താണ്? ‘കർത്താവിന്റെ നിയമത്തിൽ പറഞ്ഞതനുസരിച്ചു അവർ പ്രവർത്തിച്ചു.’ (ലൂക്ക 2, 24) ഇത്രയും തെളിമയാർന്ന ഒരു ആത്മീയജീവിതം നമുക്കെവിടെയോ നഷ്ടപ്പെട്ടുപോയിരിക്കുന്നു പ്രിയപ്പെട്ടവരേ. ഫലമോ? നന്മയായിട്ടുള്ളതെയൊന്നും നമ്മിലൂടെ സംഭവിക്കുന്നില്ല.

തൊങ്ങലുകളില്ലാത്ത, തെളിമയാർന്ന, പ്രസാദാത്മകമായ ഒരാത്മീയജീവിതത്തിന് അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ കഴിയും. നന്മ മനസ്സുകൾ പ്രസരിപ്പിക്കുന്ന ആത്മീയ ചൈതന്യം മറ്റുള്ളവരിലേക്കും പടർന്നു മാറ്റങ്ങൾ വരുത്തും. ഈശോയുടെ മാതാപിതാക്കളുടെ നന്മ മനസ്സ് പ്രധാനമായും 3 അത്ഭുതങ്ങളാണ് പ്രവർത്തിച്ചത്.

മകന്റെ നന്മ നിറഞ്ഞ ജീവിതം. കുടുംബത്തെ ദൈവത്തിന്റെ വഴികളിലൂടെ നയിക്കുവാൻ സാധിച്ചതുകൊണ്ടു സ്വന്തം മകനെ ദൈവമകനായി രൂപപ്പെടുത്തുവാൻ അവർക്കു സാധിച്ചു. നിയമങ്ങളുടെ യഥാർത്ഥ ചൈതന്യം ജീവിതത്തിൽ പാലിച്ചതുകൊണ്ടാകണം, “സാബത്തു മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാബത്തിനുവേണ്ടിയല്ല” (മർക്കോ 2, 27) എന്ന വിപ്ലവാത്മകമായ വചനങ്ങൾ ഈശോയിൽ നിന്ന് ഉതിർന്നത്. “ശത്രുക്കളെ സ്നേഹിക്കുവിൻ” (മത്താ 5, 44)എന്നതടക്കമുള്ള പുതിയനിയമങ്ങൾ അന്നത്തെ ആത്മീയ സങ്കല്പങ്ങളെ ദേവാലയത്തിലെ കച്ചവട മേശകൾ പോലെ തകിടം മറിക്കുവാൻ ക്രിസ്തുവിനു കഴിഞ്ഞത്  മാതാപിതാക്കളുടെ പുണ്യംകൊണ്ടും കൂടിയാണ്. മാതാപിതാക്കളുടെ നന്മ മനസ്സിന്റെ സാമിപ്യം മക്കളിൽ ഗർഭാവസ്ഥമുതലേ സ്വാധീനിക്കുമെന്ന് പറയുന്നത് ആധുനിക ശാസ്ത്രമാണ്. ജീവിതത്തിന്റെ പെരുവഴിയിൽ നിന്നുകൊണ്ട് “എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം” (യോഹ 4, 34) എന്ന് പറയത്തക്ക പാകതയിലേക്കു ക്രിസ്തു വളർന്നത് മാതാപിതാക്കളുടെ നന്മ മനസ്സിന്റെ അത്ഭുതമല്ലാതെ മറ്റെന്താണ് സ്നേഹമുള്ളവരേ?

2. നമ്മുടെ നന്മ മനസ്സ് മറ്റുള്ളവർക്ക് ദൈവത്തിന്റെ രക്ഷ കാണാൻ, അനുഭവിക്കാൻ ഇടവരുത്തും. ഈശോയുടെ മാതാപിതാക്കന്മാരുടെ നന്മ മനസ്സാണ് ഈശോയെ അന്ന് ദേവാലയത്തിൽ എത്തിച്ചത്. മോശയുടെ നിയമങ്ങൾക്കനുസരിച്ചുള്ള കർമങ്ങൾക്കായി ഈശോയെ അവർ ദേവാലയത്തിൽ കൊണ്ടുവന്നതുകൊണ്ടാണ് നീതിമാനും, ദൈവഭക്തനും രക്ഷകനെ പ്രതീക്ഷിച്ചിരുന്നവനായ ശിമയോന് രക്ഷകനെ കാണാൻ സാധിച്ചത്.

Are you a good person? Morality experts say this is how to find out

ശിശുവിനെ കൈയ്യിലെടുത്തു ദേഹം പറയുകയാണ്: ‘കർത്താവേ, സകല ജനത്തിനുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കണ്ടു കഴിഞ്ഞു. ഇതാ ഇപ്പോൾ എന്നെ സമാധാനത്തിൽ വിട്ടയയ്ക്കേണമേ! (ലൂക്ക 2, 29-32) ദൈവത്തിന്റെ രക്ഷ കാത്തിരിക്കുന്ന, അവിടുത്തെ സ്നേഹം, കാരുണ്യം, നീതി പ്രതീക്ഷിച്ചിരിക്കുന്ന ധാരാളം മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ കുടുംബത്തിലുണ്ട്; നമ്മുടെ ഇടവകയിലുണ്ട്. നമ്മുടെ നന്മ മനസ്സ്, തെളിമയാർന്ന ആത്മീയജീവിതം അവർക്കു ദൈവത്തെ കാണാൻ, അനുഭവിക്കാൻ ഇടയാവുകയല്ലേ ഏറ്റവും വലിയ അത്ഭുതം?

ഉത്പത്തി പുസ്തകത്തിൽ വർഷങ്ങളായി പിണങ്ങിയിരുന്ന ഏസാവും, യാക്കോബും വീണ്ടും കണ്ടുമുട്ടുന്ന ഒരു രംഗമുണ്ട്. ഏശാവിന്റെ കാത്തു നിന്ന യാക്കോബ്, 400 പേരോടൊപ്പം വരുന്ന ഏസാവിനെ കണ്ടു ഞെട്ടി. പിന്നെ ഏസാവ്‌ വന്നു അവന്റെ ബലിഷ്ഠമായ കൈകൾ യാക്കോബിന്റെ തോളിൽ വച്ചപ്പോൾ അയാൾ വീണ്ടു ഞെട്ടി. തന്നെ ഇപ്പോൾ ജേഷ്ഠൻ കഴുത്തുഞെരിച്ചുകൊല്ലും എന്നും പ്രതീക്ഷിച്ചു നിന്ന യാക്കോബ്, ജേഷ്ഠന്റെ കൈകൾക്കു ഭാരം കുറയുന്നതും, അവ പഞ്ഞിപോലെ മൃദുലമാകുന്നതും കണ്ടു പൊട്ടിക്കരഞ്ഞു. എന്നിട്ടു ഏസാവിനോട് പറഞ്ഞു: ‘ചേട്ടാ, ഞാനിപ്പോൾ അങ്ങയുടെ മുഖത്ത് ദൈവത്തിന്റെ മുഖം കാണുന്നു’ വെന്ന്. (ഉത്പത്തി 33, 1-11) അതെ, നന്മ മനസ്സുകളുടെ മുഖത്ത് ദൈവത്തിന്റെ മുഖം കാണത്തക്ക വിധം 5D effect ആണ്. നിർഭാഗ്യവശാൽ, ഇന്നു ദൈവത്തെ കാത്തുനിൽക്കുന്നവരുടെ അടുത്തേക്ക് ചെല്ലുന്നത് ദുർമുഖങ്ങളാണ് എന്നത് നമ്മെ വേദനിപ്പിക്കണം. ഈശോയുടെ മാതാപിതാക്കൾ, ദൈവമുഖങ്ങളുള്ള നന്മ മനസ്സുള്ളവരാകാൻ നമ്മെ പ്രചോദിപ്പിക്കട്ടെ.

3. നമ്മുടെ നന്മ മനസ്സ് മക്കളെക്കുറിച്ചും നമ്മെക്കുറിച്ചുമുള്ള ദൈവ വെളിപാടുകൾക്കു നിമിത്തമാകും. ശിശുവിനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അത്ഭുതപ്പെട്ടു നിന്ന യൗസേപ്പിനോടും, മറിയത്തോടും ശിമയോൻ ദൈവത്തിന്റെ വെളിപാടുകൾ പങ്കുവയ്ക്കുകയാണ്. ഈശോയ്ക്ക് വഴിയൊരുക്കുവാനെത്തിയ സ്നാപകനെക്കുറിച്ചും അദേഹത്തിന്റെ മാതാപിതാക്കൾക്ക് ദർശനം ലഭിക്കുന്നുണ്ട്. മൂന്ന് പ്രാവശ്യം ഈശോയെ തള്ളിപ്പറഞ്ഞ പത്രോസ്, മൂന്ന് പ്രാവശ്യം അവിടുത്തെ ഏറ്റുപറയുമ്പോൾ, അയാളുടെ മനസ് നന്മയാൽ നിറയുമ്പോൾ അയാൾക്കും ലഭിക്കുന്നുണ്ട് ജീവിതത്തെക്കുറിച്ചു വെളിപാടുകൾ. ‘ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെ’എന്ന മനസ്സോടെ ദൈവത്തിന്റെ മുൻപിൽ, ജീവിതത്തിന്റെ മുൻപിൽ ആയിരിക്കുവാൻ നമുക്ക് സാധിക്കണം.

സമാപനം

സ്നേഹമുള്ളവരേ, നമ്മുടെ ക്രിയസ്തവജീവിതങ്ങൾക്കു പുതിയൊരു ദിശാബോധം നൽകുകയാണ് ഇന്നത്തെ സുവിശേഷ സന്ദേശം.

62+ Top Direction Quotes And Sayings

നിയമങ്ങളിലെ – അത് സഭാനിയമങ്ങളാകാം, കുടുംബത്തിലെ ചട്ടങ്ങളാകാം, സമൂഹനിയമങ്ങളാകാം, പ്രകൃതി നിയമങ്ങളാകാം – ദൈവേഷ്ടം തേടുവാൻ, അത് കണ്ടെത്തുവാൻ തക്ക ഒരാത്മീയ ജീവിതം, നന്മ മനസ്സ് നമുക്കുണ്ടാകട്ടെ. അപ്പോൾ നമ്മിലൂടെ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും, നമ്മുടെ മക്കൾ, വചനം പറയുന്നപോലെ, ‘ജ്ഞാനത്തിലും, പ്രായത്തിലും, ദൈവത്തിന്റെയും, മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരും’. (ലൂക്ക 2, 52) നമ്മിലൂടെ മറ്റുള്ളവർ ദൈവത്തിന്റെ രക്ഷ കാണും, അനുഭവിക്കും. നമ്മെ ക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം നമുക്ക് ലഭിക്കും. കർത്താവായ ഈശോയെ, തൊങ്ങലുകളില്ലാത്ത, തെളിമയാർന്ന ഒരു ക്രൈസ്തവ ജീവിതം എനിക്ക് നൽകണമേ എന്ന് ഈ വിശുദ്ധ കുർബാനയിൽ നമുക്ക് പ്രാർത്ഥിക്കാം. അപ്പോൾ 2021 നമുക്കൊരു അനുഗ്രഹ വർ ഷമായിത്തീരും. ആമേൻ!