പിറവിക്കാലം രണ്ടാം ഞായർ
ലൂക്ക 2, 21 – 35
സന്ദേശം

ശുഭപ്രതീക്ഷകളോടെ നാം പുതുവർഷത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. 12 മാസങ്ങളും, 52 ആഴ്ചകളും, 365 ദിവസങ്ങളും, 8784 മണിക്കൂറുകളും, 527040 മിനിറ്റുകളും, 31622400 സെക്കന്റുകളും സമ്മാനിച്ച് കടന്നുവന്നിരിക്കുന്ന 2021 ലെ ആദ്യ ഞായറാഴ്ചയാണിന്ന്. കോവിഡ് എന്ന മഹാമാരിയുമായി നമ്മോടൊത്തുണ്ടായിരുന്ന 2020 നമ്മുടെ നാടിനെയും, ലോകത്തെത്തന്നെയും കൊണ്ടുപോയത് നാമൊരിക്കലും സങ്കല്പിച്ചുപോലും നോക്കാത്ത സ്തംഭനത്തിലേക്കും ഭീതിയിലേക്കുമാണ്. അതുകൊണ്ടുതന്നെ, നവത്സരാശംസകൾക്കൊപ്പം, ഈ ഭൂമിയിൽ ആയുരാരോഗ്യവും സമാധാനവും നിറഞ്ഞുവിളയട്ടെയെന്ന പ്രാർത്ഥനയോടെ നമുക്ക് സുവിശേഷ സന്ദേശത്തിനായി കാതോർക്കാം.
വ്യാഖ്യാനം
ഈശോയുടെ തിരുപ്പിറവിക്ക്‌ശേഷം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഈശോയുടെ ദേവാലയസമർപ്പണവും, പരിച്ഛേദനാചാരവുമാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രതിപാദ്യവിഷയം. ഇതോടൊപ്പം തന്നെ ഈശോയുടെ പേരിടീൽ കർമവും നടക്കുന്നുണ്ട്. ഇന്നത്തെ സുവിശേഷ ഭാഗത്തു സവിശേഷ ശ്രദ്ധ അർഹിക്കുന്ന രണ്ട് പേരാണ് ഈശോയുടെ മാതാപിതാക്കൾ. മോശയുടെ നിയമമനുസരിച്ചുള്ള കർമങ്ങളെല്ലാം ചെയ്യാൻ വളരെ താത്പര്യം കാണിക്കുന്ന യൗസേപ്പിതാവും മേരിയും ആധുനിക മനുഷ്യന് അത്ര താത്പര്യമുള്ള കഥാപാത്രങ്ങളാകണമെന്നില്ല. നിയമങ്ങളെ ധിക്കരിക്കുക എന്നത് ഫാഷനായി കാണുന്ന മനുഷ്യർക്ക്, യൗസേപ്പിതാവും മാതാവും ചെയ്യുന്ന ഇക്കാര്യങ്ങൾ ഒരുതരം പഴഞ്ചൻ ഏർപ്പാടായി തോന്നാം. ജന്മദിനത്തിലോ, മാമ്മോദീസ സ്വീകരിച്ച ദിനത്തിലോ മക്കളേ പള്ളിയിൽ പോയി കുർബാന അർപ്പിച്ചു പ്രവർത്തിക്കണേയെന്നോ മറ്റോ പറഞ്ഞാൽ മാതാപിതാക്കന്മാർക്കെതിരെ ഉറഞ്ഞു തുള്ളുന്ന തലമുറകൾക്കു ചെങ്ങാലികളെയും, പ്രാവിൻകുഞ്ഞുങ്ങളെയുമൊക്കെ സമർപ്പിക്കുന്നത് വിഡ്ഢിത്വമായും തോന്നാം.
പക്ഷേ, ഈശോയുടെ മാതാപിതാക്കന്മാർ ‘കർത്താവിന്റെ നിയമത്തിൽ പറഞ്ഞിരിക്കുന്നതിനനുസരിച്ചു’ ജീവിക്കാൻ മാത്രം ദൈവവിശ്വാസമുള്ളവരും, ദൈവാശ്രയബോധമുള്ളവരും ആയിരുന്നു. ദൈവത്തിന്റെ മുൻപിലും, മനുഷ്യരുടെ ദൃഷ്ടിയിലും, പ്രപഞ്ചത്തോട് ചേർന്നും അസാധാരണമായ തെളിമയോടെ ജീവിച്ചു തീർക്കേണ്ട സാധാരണമായ ഒരു ജീവിതമാണ് ദൈവം തങ്ങൾക്കു നൽികിയിരിക്കുന്നതെന്ന ബോധ്യമാണ് അവരെ മുന്നോട്ടു നയിച്ചത്. നിയമങ്ങൾ വിഗ്രഹവത്ക്കരിക്കപ്പെടേണ്ടവയല്ലെന്നും, മതനിയമങ്ങൾ പ്രകൃതി നിയമങ്ങൾപോലെ അലംഘനീയമല്ലെന്നും അറിയാഞ്ഞിട്ടല്ല യൗസേപ്പും മാതാവും ഇവയെല്ലാം അനുഷ്ഠിച്ചത്. ഭൂമിയിലെ ചെറിയ മനുഷ്യൻപോലും എല്ലാ നിയമങ്ങൾക്കും മീതെയാണെന്ന ബോധ്യമില്ലാഞ്ഞിട്ടുമല്ല അവർ ഇവയെല്ലാം ചെയ്തത്. അവർ മോശയുടെ നിയമങ്ങളെല്ലാം കൃത്യമായി അനുഷ്ഠിച്ചത് അതിൽ ദൈവത്തിന്റെ ഇഷ്ടം കണ്ടതുകൊണ്ടാണ്. ലോക മഹിമക്കല്ല, ദൈവമഹത്വത്തിനായിട്ടാണ് തങ്ങൾ ഇവ ചെയ്യുന്നതെന്ന അറിവുണ്ടായിരുന്നതുകൊണ്ടാണ്. അനുഷ്ഠാനബന്ധിയായ ഒരു മതജീവിതമല്ല, ദൈവേഷ്ടബന്ധിയായ ഒരു ജീവിതമാണ് തൊങ്ങലുകളില്ലാത്ത, ആത്മാർഥത നിറഞ്ഞ ഒരു ആത്മീയ ജീവിതത്തിനു വേണ്ടതെന്ന വലിയ സന്ദേശമാണ് ഈശോയുടെ മാതാപിതാക്കൾ നമ്മോടു ഇന്ന് പറയുന്നത്.
വിശുദ്ധ യൗസേപ്പിതാവിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും തൊങ്ങലുകളില്ലാത്ത, ആത്മാർത്ഥത നിറഞ്ഞ ആത്മീയജീവിതമാണ്, ആ ആത്മീയ ജീവിതം അവരിൽ രൂപപ്പെടുത്തുന്ന നന്മമനസ്സാണ് ഈ സുവിശേഷ ഭാഗത്തിന്റെ highlights. സമകാലിക കേരള മനസ്സിന്റെ പൾസ് തൊട്ടറിയുമ്പോഴാണ് ഈശോയുടെ മാതാപിതാക്കന്മാരുടെ ആത്മീയജീവിതവും, നന്മ മനസ്സും നമുക്ക് വെല്ലുവിളിയാകുന്നത്. കേരളം ഒരു പരിധിവരെ ക്രിമിനൽ സ്വഭാവമുള്ള, വർഗീയ മനസ്സുള്ള സമൂഹമായി മാറുകയാണോ എന്ന് വർത്തമാനപത്രങ്ങളുടെ എഡിറ്റോറിയലുകൾ വരെ സംശയമുന്നയിക്കുന്ന ഒരു കാലഘട്ടമാണിത്. മോഷണങ്ങളിൽ തുടങ്ങി, പീഡനങ്ങളിലേക്കും, കൊലപാതകങ്ങളിലേക്കും വരെ criminality വളർന്നിരിക്കുന്നു! മാതൃഹത്യയും, പിതൃഹത്യയും, ബാലഹത്യയും ക്രിമിനൽ കേരളത്തിന്റെ ദുർമുഖമുദ്രകളായിരിക്കുന്നു. ഉറ്റവരുടെ കൈകൾകൊണ്ടുതന്നെ

ജീവൻ വെടിയേണ്ടിവരുന്നവരുടെ കരച്ചിൽ നമ്മുടെ പല വീടുകളിൽ നിന്നും ഉയരുകയാണ്. അപ്പോഴാണ് ഇനിയും കൈമോശം വരാത്ത നല്ല ഹൃദയമുള്ളവർ ചോദിക്കുന്നത്, നമുക്കൊപ്പമുള്ള പലരിൽനിന്നും കളഞ്ഞുപോയ ആ നന്മ മനസ്സ് എവിടെനിന്നാണ് ഇനി കണ്ടെടുക്കേണ്ടത് എന്ന്. ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെ മാതാപിതാക്കന്മാർ.
വർഗീയതയും, ജാതിരാഷ്ട്രീയവും, അമിതമായ സമുദായ ചിന്തയും വിഷലിപ്തമാക്കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ മതജീവിതത്തിൽ, അനുഷ്ഠാന ബന്ധിതമായവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഇന്നത്തെ മതജീവിതത്തിൽ ദൈവേഷ്ടം എന്തെന്നറിഞ്ഞു നല്ലൊരു ആത്മീയജീവിതം നയിക്കുക അത്ര എളുപ്പമല്ല. മതനിയമങ്ങളെയും, സമൂഹനിയമങ്ങളെയും, പ്രകൃതിനിയമങ്ങളെയും വളരെ പുച്ഛത്തോടെ നോക്കിക്കാണുന്ന ഒരു വ്യവസ്ഥിതിയിൽ, ഇവയ്‌ക്കെല്ലാമിടയിൽ ദൈവേഷ്ടം കണ്ടെത്തുക എന്നത് വളരെ വിഷമകരവുമാണ്. എന്നാൽ, ഈശോയുടെ മാതാപിതാക്കന്മാരുടെ കാലത്തും സാഹചര്യങ്ങൾ ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. ചിലപ്പോൾ തോന്നും, ഇതിലും വഷളായിരുന്നുവെന്ന്! എങ്കിലും, യൗസേപ്പിതാവിന്റെയും, മാതാവിന്റെയും ജീവിതം എല്ലാറ്റിലും ദൈവത്തിന്റെ ഇഷ്ടം കണ്ടെത്തുക എന്ന മൂല്യമനുസരിച്ചുള്ളതായിരുന്നു. മാതാവ് പറഞ്ഞതെന്താണ്? “ഇതാ കർത്താവിന്റെ ദാസി, നിന്റെ ഇഷ്ടംപോലെ എന്നിൽ സംഭവിക്കട്ടെ”. (ലൂക്ക 1, 38) യൗസേപ്പിതാവ് ചെയ്തതെന്താണ്? “ജോസഫ് നിദ്രയിൽ നിന്ന് ഉണർന്ന് കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു”.(മത്താ 1, 24) ഇന്നത്തെ സുവിശേഷ ഭാഗത്തു ഈ മാതാപിതാക്കന്മാർ ചെയ്തതെന്താണ്? ‘കർത്താവിന്റെ നിയമത്തിൽ പറഞ്ഞതനുസരിച്ചു അവർ പ്രവർത്തിച്ചു.’ (ലൂക്ക 2, 24) ഇത്രയും തെളിമയാർന്ന ഒരു ആത്മീയജീവിതം നമുക്കെവിടെയോ നഷ്ടപ്പെട്ടുപോയിരിക്കുന്നു പ്രിയപ്പെട്ടവരേ. ഫലമോ? നന്മയായിട്ടുള്ളതെയൊന്നും നമ്മിലൂടെ സംഭവിക്കുന്നില്ല.
തൊങ്ങലുകളില്ലാത്ത, തെളിമയാർന്ന, പ്രസാദാത്മകമായ ഒരാത്മീയജീവിതത്തിന് അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ കഴിയും. നന്മ മനസ്സുകൾ പ്രസരിപ്പിക്കുന്ന ആത്മീയ ചൈതന്യം മറ്റുള്ളവരിലേക്കും പടർന്നു മാറ്റങ്ങൾ വരുത്തും. ഈശോയുടെ മാതാപിതാക്കളുടെ നന്മ മനസ്സ് പ്രധാനമായും 3 അത്ഭുതങ്ങളാണ് പ്രവർത്തിച്ചത്.
മകന്റെ നന്മ നിറഞ്ഞ ജീവിതം. കുടുംബത്തെ ദൈവത്തിന്റെ വഴികളിലൂടെ നയിക്കുവാൻ സാധിച്ചതുകൊണ്ടു സ്വന്തം മകനെ ദൈവമകനായി രൂപപ്പെടുത്തുവാൻ അവർക്കു സാധിച്ചു. നിയമങ്ങളുടെ യഥാർത്ഥ ചൈതന്യം ജീവിതത്തിൽ പാലിച്ചതുകൊണ്ടാകണം, “സാബത്തു മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാബത്തിനുവേണ്ടിയല്ല” (മർക്കോ 2, 27) എന്ന വിപ്ലവാത്മകമായ വചനങ്ങൾ ഈശോയിൽ നിന്ന് ഉതിർന്നത്. “ശത്രുക്കളെ സ്നേഹിക്കുവിൻ” (മത്താ 5, 44)എന്നതടക്കമുള്ള പുതിയനിയമങ്ങൾ അന്നത്തെ ആത്മീയ സങ്കല്പങ്ങളെ ദേവാലയത്തിലെ കച്ചവട മേശകൾ പോലെ തകിടം മറിക്കുവാൻ ക്രിസ്തുവിനു കഴിഞ്ഞത് മാതാപിതാക്കളുടെ പുണ്യംകൊണ്ടും കൂടിയാണ്. മാതാപിതാക്കളുടെ നന്മ മനസ്സിന്റെ സാമിപ്യം മക്കളിൽ ഗർഭാവസ്ഥമുതലേ സ്വാധീനിക്കുമെന്ന് പറയുന്നത് ആധുനിക ശാസ്ത്രമാണ്. ജീവിതത്തിന്റെ പെരുവഴിയിൽ നിന്നുകൊണ്ട് “എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം” (യോഹ 4, 34) എന്ന് പറയത്തക്ക പാകതയിലേക്കു ക്രിസ്തു വളർന്നത് മാതാപിതാക്കളുടെ നന്മ മനസ്സിന്റെ അത്ഭുതമല്ലാതെ മറ്റെന്താണ് സ്നേഹമുള്ളവരേ?
2. നമ്മുടെ നന്മ മനസ്സ് മറ്റുള്ളവർക്ക് ദൈവത്തിന്റെ രക്ഷ കാണാൻ, അനുഭവിക്കാൻ ഇടവരുത്തും. ഈശോയുടെ മാതാപിതാക്കന്മാരുടെ നന്മ മനസ്സാണ് ഈശോയെ അന്ന് ദേവാലയത്തിൽ എത്തിച്ചത്. മോശയുടെ നിയമങ്ങൾക്കനുസരിച്ചുള്ള കർമങ്ങൾക്കായി ഈശോയെ അവർ ദേവാലയത്തിൽ കൊണ്ടുവന്നതുകൊണ്ടാണ് നീതിമാനും, ദൈവഭക്തനും രക്ഷകനെ പ്രതീക്ഷിച്ചിരുന്നവനായ ശിമയോന് രക്ഷകനെ കാണാൻ സാധിച്ചത്.

ശിശുവിനെ കൈയ്യിലെടുത്തു ദേഹം പറയുകയാണ്: ‘കർത്താവേ, സകല ജനത്തിനുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കണ്ടു കഴിഞ്ഞു. ഇതാ ഇപ്പോൾ എന്നെ സമാധാനത്തിൽ വിട്ടയയ്ക്കേണമേ! (ലൂക്ക 2, 29-32) ദൈവത്തിന്റെ രക്ഷ കാത്തിരിക്കുന്ന, അവിടുത്തെ സ്നേഹം, കാരുണ്യം, നീതി പ്രതീക്ഷിച്ചിരിക്കുന്ന ധാരാളം മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ കുടുംബത്തിലുണ്ട്; നമ്മുടെ ഇടവകയിലുണ്ട്. നമ്മുടെ നന്മ മനസ്സ്, തെളിമയാർന്ന ആത്മീയജീവിതം അവർക്കു ദൈവത്തെ കാണാൻ, അനുഭവിക്കാൻ ഇടയാവുകയല്ലേ ഏറ്റവും വലിയ അത്ഭുതം?
ഉത്പത്തി പുസ്തകത്തിൽ വർഷങ്ങളായി പിണങ്ങിയിരുന്ന ഏസാവും, യാക്കോബും വീണ്ടും കണ്ടുമുട്ടുന്ന ഒരു രംഗമുണ്ട്. ഏശാവിന്റെ കാത്തു നിന്ന യാക്കോബ്, 400 പേരോടൊപ്പം വരുന്ന ഏസാവിനെ കണ്ടു ഞെട്ടി. പിന്നെ ഏസാവ് വന്നു അവന്റെ ബലിഷ്ഠമായ കൈകൾ യാക്കോബിന്റെ തോളിൽ വച്ചപ്പോൾ അയാൾ വീണ്ടു ഞെട്ടി. തന്നെ ഇപ്പോൾ ജേഷ്ഠൻ കഴുത്തുഞെരിച്ചുകൊല്ലും എന്നും പ്രതീക്ഷിച്ചു നിന്ന യാക്കോബ്, ജേഷ്ഠന്റെ കൈകൾക്കു ഭാരം കുറയുന്നതും, അവ പഞ്ഞിപോലെ മൃദുലമാകുന്നതും കണ്ടു പൊട്ടിക്കരഞ്ഞു. എന്നിട്ടു ഏസാവിനോട് പറഞ്ഞു: ‘ചേട്ടാ, ഞാനിപ്പോൾ അങ്ങയുടെ മുഖത്ത് ദൈവത്തിന്റെ മുഖം കാണുന്നു’ വെന്ന്. (ഉത്പത്തി 33, 1-11) അതെ, നന്മ മനസ്സുകളുടെ മുഖത്ത് ദൈവത്തിന്റെ മുഖം കാണത്തക്ക വിധം 5D effect ആണ്. നിർഭാഗ്യവശാൽ, ഇന്നു ദൈവത്തെ കാത്തുനിൽക്കുന്നവരുടെ അടുത്തേക്ക് ചെല്ലുന്നത് ദുർമുഖങ്ങളാണ് എന്നത് നമ്മെ വേദനിപ്പിക്കണം. ഈശോയുടെ മാതാപിതാക്കൾ, ദൈവമുഖങ്ങളുള്ള നന്മ മനസ്സുള്ളവരാകാൻ നമ്മെ പ്രചോദിപ്പിക്കട്ടെ.
3. നമ്മുടെ നന്മ മനസ്സ് മക്കളെക്കുറിച്ചും നമ്മെക്കുറിച്ചുമുള്ള ദൈവ വെളിപാടുകൾക്കു നിമിത്തമാകും. ശിശുവിനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അത്ഭുതപ്പെട്ടു നിന്ന യൗസേപ്പിനോടും, മറിയത്തോടും ശിമയോൻ ദൈവത്തിന്റെ വെളിപാടുകൾ പങ്കുവയ്ക്കുകയാണ്. ഈശോയ്ക്ക് വഴിയൊരുക്കുവാനെത്തിയ സ്നാപകനെക്കുറിച്ചും അദേഹത്തിന്റെ മാതാപിതാക്കൾക്ക് ദർശനം ലഭിക്കുന്നുണ്ട്. മൂന്ന് പ്രാവശ്യം ഈശോയെ തള്ളിപ്പറഞ്ഞ പത്രോസ്, മൂന്ന് പ്രാവശ്യം അവിടുത്തെ ഏറ്റുപറയുമ്പോൾ, അയാളുടെ മനസ് നന്മയാൽ നിറയുമ്പോൾ അയാൾക്കും ലഭിക്കുന്നുണ്ട് ജീവിതത്തെക്കുറിച്ചു വെളിപാടുകൾ. ‘ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെ’എന്ന മനസ്സോടെ ദൈവത്തിന്റെ മുൻപിൽ, ജീവിതത്തിന്റെ മുൻപിൽ ആയിരിക്കുവാൻ നമുക്ക് സാധിക്കണം.
സമാപനം
സ്നേഹമുള്ളവരേ, നമ്മുടെ ക്രിയസ്തവജീവിതങ്ങൾക്കു പുതിയൊരു ദിശാബോധം നൽകുകയാണ് ഇന്നത്തെ സുവിശേഷ സന്ദേശം.

നിയമങ്ങളിലെ – അത് സഭാനിയമങ്ങളാകാം, കുടുംബത്തിലെ ചട്ടങ്ങളാകാം, സമൂഹനിയമങ്ങളാകാം, പ്രകൃതി നിയമങ്ങളാകാം – ദൈവേഷ്ടം തേടുവാൻ, അത് കണ്ടെത്തുവാൻ തക്ക ഒരാത്മീയ ജീവിതം, നന്മ മനസ്സ് നമുക്കുണ്ടാകട്ടെ. അപ്പോൾ നമ്മിലൂടെ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും, നമ്മുടെ മക്കൾ, വചനം പറയുന്നപോലെ, ‘ജ്ഞാനത്തിലും, പ്രായത്തിലും, ദൈവത്തിന്റെയും, മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരും’. (ലൂക്ക 2, 52) നമ്മിലൂടെ മറ്റുള്ളവർ ദൈവത്തിന്റെ രക്ഷ കാണും, അനുഭവിക്കും. നമ്മെ ക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം നമുക്ക് ലഭിക്കും. കർത്താവായ ഈശോയെ, തൊങ്ങലുകളില്ലാത്ത, തെളിമയാർന്ന ഒരു ക്രൈസ്തവ ജീവിതം എനിക്ക് നൽകണമേ എന്ന് ഈ വിശുദ്ധ കുർബാനയിൽ നമുക്ക് പ്രാർത്ഥിക്കാം. അപ്പോൾ 2021 നമുക്കൊരു അനുഗ്രഹ വർ ഷമായിത്തീരും. ആമേൻ!