SUNDAY SERMON JN1, 1-18

ദനഹാക്കാലം രണ്ടാം ഞായർ

യോഹ 1, 1 – 28

സന്ദേശം

John 1:1 - Wikipedia

കഴിഞ്ഞ ബുധനാഴ്ച്ച, ജനുവരി ആറാംതീയതി സീറോ മലബാർ സഭ ദനഹാതിരുനാൾ, ഈശോയുടെ പ്രത്യക്ഷീകരണ തിരുനാൾ ആഘോഷിച്ചുകൊണ്ട് ദനഹാക്കാലത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്.  ദനഹാക്കാലത്തിന്റെ സന്ദേശം ‘സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയായി പിറന്ന ലോകരക്ഷകനായ കർത്താവായ ക്രിസ്തു ‘ (ലൂക്ക 2, 11) തന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തുന്നു എന്നതാണ്. ദനഹാതിരുനാളിനു മുൻപുള്ള ഞായറാഴ്ച്ചയാണ് ദനഹാക്കാലത്തെ ഒന്നാം ഞായറാഴ്ച. അന്നത്തെ സുവിശേഷത്തിലൂടെ ഈശോയുടെ പ്രത്യക്ഷീകരണമാണ് സഭ പ്രഘോഷിച്ചത്. അതിങ്ങനെയായിരുന്നു: ആത്മാവിന്റെ ശക്തിയോടെ ഈശോ താൻ വളർന്ന സ്ഥലമായ നസ്രസ്സിൽ വന്നു. അവിടുത്തെ സിനഗോഗിൽ പ്രവേശിച്ചു വായിക്കാനായി എഴുന്നേറ്റ ഈശോയ്ക്ക് ഏശയ്യാ പ്രവാചകന്റെ പുസ്തകം നൽകപ്പെട്ടു. വായിച്ചു കഴിഞ്ഞ ശേഷം ഈശോ പറഞ്ഞു, നിങ്ങൾ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. (ലൂക്ക 4, 20) നസ്രസ്സിലെ സിനഗോഗിൽവച്ച് ഈശോ തന്നെത്തന്നെ വെളിപ്പെടുത്തുകയായിരുന്നു. ദനഹാതിരുനാളിൽ മാമ്മോദീസ വേളയിൽ സ്വർഗ്ഗത്തിന്റെ അംഗീകാരത്തോടെ ഈശോ തന്നെത്തന്നെ വെളിപ്പെടുത്തി. (മത്താ 3, 17) അതിലൊന്നാണ് യോർദാൻ നദി മാത്രമല്ല, ലോകം മുഴുവനും പുളകംകൊണ്ട നിമിഷമായിരുന്നു അത്.

ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ചയാണിന്ന്. ക്രിസ്തു വചനമാണെന്നുള്ള വെളിപ്പെടുത്തലാണ് ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്. ക്രിസ്തു വചനമാകുമ്പോൾ നാം പറയുന്ന ഓരോ വചനത്തിലൂടെയും ക്രിസ്തുവിനെ വെളിപ്പെടുത്തുക എന്നാണ് ഇന്നത്തെ സന്ദേശം നമ്മോടു പറയുന്നത്. 

വ്യാഖ്യാനം

ഗലീലിയിൽ നിന്നുള്ള മുക്കുവനായ യോഹന്നാന്റെ സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം തന്നെ ഒരു വചനോത്സവമാണ്. ദൈവത്തിന്റെ വചനം മാംസമായി, ക്രിസ്തുവായി എന്ന മഹാരഹസ്യത്തിന്റെ വളരെ താത്വികവും, കവിതാത്മകവുമായ ഒരാവിഷ്കാരമാണ് നാമിവിടെ കാണുന്നത്. യോഹന്നാൻ തന്റെ സുവിശേഷം എഴുതുന്നത്, ‘യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് മനുഷ്യർ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം മനുഷ്യർക്ക് അവന്റെ നാമത്തിൽ ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ്’. (യോഹ 20, 31) കർത്താവിന്റെ സുവിശേഷ രചന ആകർഷകമാക്കുന്നതിനു ധാരാളം സമകാലീന ചിന്താധാരകളും

What is the Logos? | GotQuestions.org

അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിലൊന്നാണ്, യവനചിന്ത അല്ലെങ്കിൽ ഗ്രീക്ക് തത്വചിന്ത. യവന തത്വചിന്തയുടെ പ്രധാന പ്രമേയമാണ് വചനം (Logos=വചനം) പുരാതന യവന തത്വചിന്തയനുസരിച്ചു ലോഗോസിൽ നിന്നാണ്, വചനത്തിൽ നിന്നാണ് സർവവും ഉണ്ടായത്.  അവർക്കു ലോഗോസ്, പ്രപഞ്ചോത്പത്തിയുടെ ദൈവികമായ കാരണമാണ്. നിത്യവും മാറ്റമില്ലാത്തതുമായ സത്യമാണ് ലോഗോസ്, വചനം; സൃഷ്ടിയുടെ ആരംഭം മുതൽ ഉള്ള ഒന്നാണ് ലോഗോസ്, വചനം. ഈ ഗ്രീക്ക് ചിന്തയെ വളരെ കാവ്യാത്മകവും, താത്വികവും, ആധ്യാത്മികവുമാക്കുകയാണ് വിശുദ്ധ യോഹന്നാൻ. “ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടിയായിരുന്നു; വചനം ദൈവമായിരുന്നു”. (യോഹ 1, 1) കവിത തുളുമ്പുന്ന മനോഹരമായ ഗദ്യത്തിലാണ് യോഹന്നാൻ ഇത് അവതരിപ്പിച്ചിട്ടുള്ളത്. പിന്നീട് അദ്ദേഹം പറയും, ‘വചനം മാംസമായി, ക്രിസ്തുവായി നമ്മുടെയിടയിൽ വസിച്ചു’. (യോഹ 1, 14)

ഇതൊരു സാംസ്കാരിക അനുരൂപണമല്ലേ എന്ന് പലരും ചോദിച്ചേക്കാം. അല്ല. ഇതൊരു സാംസ്കാരിക അനുരൂപണമല്ല. ഒരു സംസ്കാരത്തിൽ ഒളിഞ്ഞുകിടന്ന സത്യം വിശുദ്ധ യോഹന്നാനിലൂടെ വെളിപ്പെടുകയാണ്. ഗ്രീക്ക് ചിന്തയിൽ വിടർന്ന മനോഹരമായ ഒരു സത്യത്തെ ലോകത്തിനുമുന്പിൽ ദൃശ്യാവിഷ്‌കാരം നൽകാൻ യോഹന്നാന് ഭാഗ്യം ലഭിക്കുകയാണ്.

ഇന്നത്തെ സുവിശേഷ ഭാഗം ക്രിസ്തുവിന്റെ വചനങ്ങളല്ല എന്നതും നാം മനസ്സിലാക്കണം. ക്രിസ്തുവിനെക്കുറിച്ചുള്ള വചനങ്ങളാണ്. ഈ വചനങ്ങളിലൂടെ വളരെ സ്പഷ്ടമായും, കൃത്യമായും ക്രിസ്തു വെളിപ്പെടുന്നതുകൊണ്ട് ഈ വചനങ്ങൾ ദൈവവചനത്തിന്റെ status ലേക്ക് ഉയരുകയാണ്. ശ്രദ്ധിച്ചു കേൾക്കുക, നാലാം സുവിശേഷത്തിന്റെ ആമുഖം മാത്രമാണ് ഇന്നത്തെ സുവിശേഷ ഭാഗം, യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം ഒന്നുമുതൽ പതിനെട്ടുവരെയുള്ള വാക്യങ്ങൾ.

പക്ഷേ, വലിയ വലിയ സത്യങ്ങൾ ഉൾക്കൊള്ളുന്ന, രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ദൈവവചനങ്ങൾ തന്നെയാണ് ഇവ. ഉത്പത്തി പുസ്തകത്തിൽ ദൈവത്തിന്റെ ‘ഉണ്ടാകട്ടെ’ എന്ന വചനത്തിലൂടെയാണ് സകലതും സൃഷ്ടിക്കപ്പെടുന്നത്. യോഹന്നാൻ പറയുന്നു, ‘സമസ്തവും അവനിലൂടെ, വചനത്തിലൂടെ ഉണ്ടായി’ (യോഹ 1, 3) കാരണം, വചനം ശക്തമാണ്, നിത്യമാണ്, മാറ്റമില്ലാത്തതാണ്; വചനം ദൈവമാണ്. വചനമാണ് ഈ പ്രപഞ്ചത്തിനു അർഥം നൽകുന്നത്, അറിവ് നൽകുന്നത്. ഭാരത ഭാഷാചിന്തകനായ ഭർതൃഹരി പറയുന്നത്, “ജ്ഞാനം സർവം ശബ്ദേനെ ഭാസതേ” എന്നാണ്.  അറിവ് മുഴുവൻ വരുന്നത് ശബ്ദത്തിൽ നിന്നാണ്, വാക്കിൽ നിന്നാണ്, വചനത്തിൽ നിന്നാണ്.

സ്നേഹമുള്ളവരേ, വചനം ക്രിസ്തുവാണ്. വചനത്തിലൂടെയാണ് ‘സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയായി പിറന്ന ലോകരക്ഷകനായ കർത്താവായ ക്രിസ്തു’ (ലൂക്ക 2, 11) തന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തുന്നത്. വചനം ശക്തമായതുകൊണ്ട്, വചനം ദൈവമായതുകൊണ്ട് ആ വചനം ഉപയോഗിക്കുമ്പോൾ നാം അതീവ ശ്രദ്ധാലുക്കളാകണം. നമ്മിലെ അനന്തമായ ദൈവികശക്തിയുടെ പ്രകടനമാണ് വചനം.

The Gospel of John and the True Meaning of the Logos- Unit 3 | tutored2learn

ഇന്നത്തെ സുവിശേഷ ഭാഗം നമുക്ക് മനസ്സിലാക്കിത്തരുന്ന കാര്യങ്ങൾ ഇവയാണ്:

1. വചനം നിത്യമാണ്. വചനം ദൈവമാണ്. ആ വചനം, ദൈവം മാംസമായി, ക്രിസ്തുവായി നമ്മുടെ ഇടയിൽ വസിച്ചു. അതുവഴി നാം കൃപക്കുമേൽ കൃപ സ്വീകരിച്ചിരിക്കുന്നു.

2. വചനം ദൈവത്തിന്റെ ശക്തിയാണ്. അത് ദൈവത്തിന്റെ ദാനമാണ്. നമ്മിലുള്ള ഈ ദൈവത്തിന്റെ ദാനം പറയുന്നവന്റെ രുചിക്കനുസരിച്ചു രൂപാന്തരപ്പെടുന്നതാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ രുചിയെന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും വചനത്തിന്റെ വെളിപ്പെടൽ. ഒരാളുടെ ജീവിതത്തിന്റെ രുചി, സ്വഭാവം നന്മയാണെങ്കിൽ, സ്നേഹമാണെങ്കിൽ, കരുണയാണെങ്കിൽ ആ വ്യക്തി പറയുന്ന വാക്കുകൾ നന്മയായി, സ്നേഹമായി, കരുണയായി വെളിപ്പെടും. അപ്പോൾ ആ വ്യക്തി ആയിരിക്കുന്നിടം മുഴുവൻ വചനത്തിന്റെ രൂപാന്തരംകൊണ്ട്, നന്മകൊണ്ട്, സ്നേഹം കൊണ്ട്, കരുണകൊണ്ടു നിറയും. ദൈവികതയാണ് വാക്കുകളിലൂടെ പുറത്തുവരുന്നതെങ്കിൽ അവളുടെ / അവന്റെ വാക്കൂകളിലൂടെ ദൈവം വെളിപ്പെടും. നാം ആരോടെങ്കിലും “ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്നെ എനിക്ക് ഇഷ്ടമാണ് എന്ന് പറയുമ്പോൾ പുറപ്പെടുന്ന energy, ശക്തി ദൈവികത എത്രയോ അധികമാണ്!

കഴിഞ്ഞ ദിവസം പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടി ഫോണിൽ വിളിച്ചു എന്നോട് പറഞ്ഞു:”അച്ചാ ‘അമ്മ ഇന്നെന്നെ മോളേ എന്ന് വിളിച്ചു.” വീഡിയോ കോൾ ആയിരുന്നതുകൊണ്ട് എനിക്കവളുടെ മുഖത്തെ പ്രകാശം കാണാൻ സാധിച്ചു. നിങ്ങൾക്ക് ഇത് തമാശയായി തോന്നാം. എനിക്ക് ആ അമ്മയെ അറിയാം. ടീച്ചർ ആയ അവളുടെ കാർക്കശ്യ സ്വഭാവം അറിയാം. വീട്ടിലും ക്ളാസിലെപ്പോലെയാണ് ആ ‘അമ്മ പെരുമാറുന്നത്.  അതുകൊണ്ടു എനിക്കിതു കേട്ടപ്പോൾ അത്ഭുതം തോന്നി! ഓ! situation ഞാൻ പറഞ്ഞില്ലല്ലോ അല്ലേ. Guests വരുന്നതിന്റെ ഭാഗമായി രാവിലെ വീട് വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു മകൾ. അമ്മയാകട്ടെ സ്‌കൂളിലേക്ക് പോകാനുള്ള തിരക്കിലും. ഒരുങ്ങുന്ന തിരക്കിൽ ‘അമ്മ അവളോട് പറഞ്ഞു:  “മോളേ, നീ ഇത്രയും ചെയ്‌താൽ മതി. ബാക്കി ‘അമ്മ വരുമ്പോൾ ചെയ്തുകൊള്ളാം.” അമ്മയുടെ മോളേ എന്ന വിളി കേട്ടിട്ട് ആ മകൾ statue ആയിപ്പോയി.’അമ്മ സ്‌കൂളിലേക്ക് ഇറങ്ങിയപ്പോൾ തന്നെ അവൾ എന്നെ വിളിച്ചു.  എന്നിട്ട്, സന്തോഷത്തോടെ, നിറഞ്ഞ സംതൃപ്തിയോടെ എന്നോട് പറയുകയാണ്, അച്ചാ അമ്മയെന്നെ മോളേന്നു വിളിച്ചെന്ന്.  ആ മുഖമൊന്ന് നിങ്ങൾ കാണണമായിരുന്നു! ഈ ലോകത്തിലെ സന്തോഷം മുഴുവനും ആ മുഖത്തുണ്ടായിരുന്നു! സ്നേഹിതരേ, വാക്കിനു ശക്തിയുണ്ട്. വാക്കിനു, പറയുന്നവരിലും കേൾക്കുന്നവരിലും ക്രിസ്തുമസിന്റെ അനുഭവം ജനിപ്പിക്കാനുള്ള സാധ്യതയുണ്ട്. വാക്കിനു, പറയുന്നവരിലും, കേൾക്കുന്നവരിലും കൃപയ്ക്കുമേൽ കൃപയുടെ മഴപെയ്യിക്കുവാനുള്ള സാധ്യതയുണ്ട്.

നേരെ മറിച്ചൊന്ന് ചിന്തിച്ചു നോക്കൂ… കുടുംബത്തിലെ വികൃതിയായ, താന്തോന്നിയായ മകൻ ഗേറ്റ് കടന്നുവരുന്നത് ‘അമ്മ അടുക്കളയുടെ ജനാലയിലൂടെ കണ്ടു. ഉടനെ ‘അമ്മ മക്കളോട് പറയുകയാണ്: “ദേ, ചെകുത്താൻ വരുന്നുണ്ട്.” ആരായിരിക്കും സ്നേഹമുള്ളവരേ അപ്പോൾ വീട്ടിലേക്കു വരിക? വൈകുന്നേരം മദ്യപിച്ചു ആടിയാടിവരുന്ന അപ്പനെക്കണ്ടു കൊച്ചുമകൻ പറയുകയാണ്, “സൂക്ഷിച്ചോ, പാമ്പ് വരുന്നുണ്ട്.” അപ്പോൾ വീട്ടിലേക്കു എന്താ വരിക? വീട്ടിൽ ഭർത്താവിനെ, ഭാര്യയെ, മക്കളെ, പിശാചുക്കള്, ഭ്രാന്തി, നാശം പിടിച്ചതുങ്ങള് എന്നിങ്ങനെ പുഴുത്തുനാറിയ വാക്കുകളുടെ കൊട്ട മറിച്ചിട്ടാൽ എന്തായിരിക്കും, എങ്ങനെയായിരിക്കും ആ വീട്? പറയുന്നവന്റെ രുചിക്കനുസരിച്ചു നമ്മുടെ വാക്കുകൾ രൂപാന്തരപ്പെടും.

3. “നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടും. നിന്റെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും”. (മത്താ 12, 37) ജീവനെ നശിപ്പിക്കാനും പുലർത്താനും വചനത്തിനു കഴിയും (സുഭാ 18, 21) കാരണം, വചനം, ദൈവത്തിന്റെ വചനം, സജീവവും, ഊർജ്വസ്വലവുമാണ്. ഇരുതല വാളിനേക്കാൾ മൂർച്ഛയേറിയതും ചേതനയിലും, ആത്മാവിലും … ഹൃദയത്തിന്റെ വിചാരങ്ങളെ വിവേചിക്കുന്നതുമാണ്…. ( ഹെബ്രാ 4, 12) അതുകൊണ്ട്, നമ്മുടെ സംഭാഷണങ്ങൾ വിശുദ്ധമാക്കുവാൻ, നാം പറയുന്ന വാക്കുകളിലൂടെ, കേൾക്കുന്നവരുടെ ഹൃദയങ്ങളിൽ ക്രിസ്തുവിനെ ജനിപ്പിക്കുവാൻ, നമ്മുടെ സംസാരത്തിലൂടെ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മോടു ആവശ്യപ്പെടുന്നു. എന്തുമാത്രം അനാവശ്യമായ സംസാരങ്ങളാണ് നാം നടത്തുന്നത്! മലയാളിയുടെ ‘തള്ള് ‘ പ്രസിദ്ധമാണല്ലോ! നമ്മുടെ മത, സാമൂഹ്യ, രാഷ്ട്രീയ നേതാക്കന്മാർ പോലും എത്രയോ വികൃതമായ പദപ്രയോഗങ്ങളാണ് നടത്തുന്നത്! നമ്മുടെ കുടുംബങ്ങളിൽ നാം ഉപയോഗിക്കുന്ന വാക്കുകൾ എത്രയോ വികൃതങ്ങളാണ്! വചനം നിറയെ ദൈവികശക്തിയാണ് എന്ന് നമുക്ക് എപ്പോഴും ഓർക്കാം.

ഈ വചനത്തിന്റെ ആഘോഷമാണ് നമ്മുടെ വിശുദ്ധ കുർബാന. നമ്മുടെ സീറോ മലബാർ കുർബാനക്രമത്തിൽ വചനവേദി തന്നെ ഒരുക്കിയിട്ടുള്ളത് വിശുദ്ധ കുർബാനയിൽ വചനമായ ക്രിസ്തുവിനു കൊടുക്കുന്ന പ്രാധാന്യം കാണിക്കുവാനാണ്. (വചനവേദി ഇല്ലാത്ത പള്ളികളിൽ വചനവേദി ഉൾപ്പെടുത്തി ദേവാലയ ഘടന പുനഃക്രമീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്!)

സുവിശേഷ വായനയ്ക്ക് മുൻപ് കാർമ്മികൻ സ്വർഗമാകുന്ന മദ്ബഹയിലേക്കു, വചനമാകുന്ന ക്രിസ്തുവിനെ കൊണ്ടുവരുവാൻ പോകുന്നുണ്ട്. മദ്ബഹയിൽ ബലിപീഠത്തിലിരിക്കുന്ന സുവിശേഷം തന്റെമുഖം മറയ്ക്കേ ഉയർത്തിപ്പിടിച്ചു കാർമ്മികൻ ശുശ്രൂഷികളോടൊപ്പം തിരികെ വചനവേദിയിലേക്കു, മനുഷ്യരിലേക്ക് ഇറങ്ങി വരുന്ന മനോഹരമായ ഒരു മുഹൂർത്തമുണ്ട്. സ്വർഗത്തിൽ നിന്ന് വചനമായ ക്രിസ്തു വരുന്ന ആഘോഷമായ പ്രദക്ഷിണമാണത്! വിശുദ്ധരും, മാലാഖമാരും അവിടെ സന്നിഹിതരാണ്! അപ്പോൾ ശുശ്രൂഷി ഉറക്കെ ഹല്ലേലൂയാ, ഹല്ലേലൂയാ എന്ന് പറയും. ഉടനെ ഗായകസംഘവും ജനങ്ങളും സ്വർഗത്തിൽ നിന്ന് വരുന്ന വചനമാകുന്ന ദൈവത്തെ ഹാലേലൂയ പാടി സ്തുതിക്കും. ധൂപങ്ങളുടെയും, വിളക്കുകളുടെയും അകമ്പടിയോടെ വരുന്ന വചനമാകുന്ന ദൈവത്തെ സ്വീകരിക്കുന്ന ഈ നിമിഷം എത്രയോ ധാന്യമാണ്! ഭക്തന് ആത്മീയാനുഭവം നൽകുന്ന ദിവ്യമായ ഈ മുഹൂർത്തം ഭക്തൻ വചനത്താൽ വിശുദ്ധീകരിക്കപ്പെടുന്ന നിമിഷം കൂടിയാണ്! എന്നാൽ, ഇത്രയും സുന്ദരമായ നിമിഷങ്ങളെ എന്ത് കാരണങ്ങളാലായാലും  ഇല്ലാതാക്കുന്ന സാഹചര്യം എത്ര ന്യായീകരിച്ചാലും ഉൾക്കൊള്ളാനാകുന്നില്ല.

നമ്മുടെ സീറോ മലബാർ കുർബാന ക്രമത്തിൽ മൂന്നാം ഗ്ഹന്ത പ്രാർത്ഥനയിൽ വചനമായ ദൈവത്തെ അനുസ്മരിക്കുന്നുണ്ട്. “…അങ്ങയിൽ മറഞ്ഞിരിക്കുന്ന ആത്മജാതനും അങ്ങയോടു സാദൃശ്യനും അങ്ങയിൽ നിന്നുള്ള പ്രകാശവും അങ്ങയുടെ സത്തയുടെ പ്രതിച്ഛായയുമായ വചനമാകുന്ന ദൈവത്തെ ഞങ്ങൾ വാഴ്ത്തുന്നു.” ഈ നിമിഷം വചനമാകുന്ന ദൈവത്തെ വാഴ്ത്തി സ്തുതിച്ചുകൊണ്ട് നിൽക്കാൻ ഭക്തന് കഴിയണം. വചനം ദൈവമാണെന്നും, വചനം മാംസമായി നമ്മുടെ ഇടയിൽ വസിക്കുന്നുവെന്നും, നമ്മിലൂടെ നമ്മുടെ വാക്കുകളിലൂടെ എപ്പോഴും ദൈവത്തിന്റെ വെളിപാട് സംഭവിക്കുകയാണെന്നും ഓർക്കാൻ നമുക്കാകണം.

സമാപനം

സ്നേഹമുള്ളവരേ, നാം ചിലപ്പോൾ പറയാറില്ലേ, അവൾ /അവൻ പറഞ്ഞാൽ അച്ചട്ടാണ് എന്ന്. അവൾ /അവൻ പറയുന്നപോലെ സംഭവിക്കുമെന്ന്. ശരിയാണ്. അവളും അവനും പറഞ്ഞാൽ മാത്രമല്ല, നമ്മിൽ ആരും എന്ത് പറഞ്ഞാലും അത് സംഭവിക്കും. കാരണം, വാക്ക്, വചനം, ദൈവമാണ് ദൈവിക ശക്തിയാണ്. എന്റെ വാക്കുകളിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്താൻ എനിക്ക് കഴിയും എന്ന് മനസ്സിലാക്കിക്കൊണ്ട് നമ്മുടെ വാക്കുകളെ വിമലീകരിക്കുവാൻ നമുക്കാകട്ടെ.

The Power of Words | HMA Public Relations

നമ്മുടെ ജീവിതത്തിന്റെ രുചികളെ നന്മയുള്ളതാക്കുവാൻ നമുക്കാകട്ടെ. അതിനുള്ള അനുഗ്രഹം വചനമാകുന്ന ദൈവം ഈ വിശുദ്ധ ബലിയിൽ നമുക്കു നൽകട്ടെ. വചനമാകുന്ന വിത്ത് സ്വീകരിച്ചു നൂറുമേനി ഫലം പുറപ്പെടുവിക്കുവാൻ ഈശോയെ എന്നെ അനുഗ്രഹിക്കണമേയെന്നു ഈ ദിവസം മുഴുവനും നമുക്ക് പ്രാർത്ഥിക്കാം. ആമേൻ!