ദനഹാക്കാലം മൂന്നാം ഞായർ
യോഹ 1, 29 – 34
സന്ദേശം

ലോകം മുഴുവനും സ്നേഹം നിറഞ്ഞ, പുണ്യംനിറഞ്ഞ ത്യാഗത്തിന്റെ ഒരു ക്യാൻവാസായി മാറിയിരിക്കുകയാണോ എന്ന പ്രതീതി ജനിപ്പിക്കുന്ന ഒരു സമയത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഭാരതസഭയുടെ മിക്കവാറും ദേവാലയങ്ങളിൽ ഇടവക മധ്യസ്ഥയുടെ /മധ്യസ്ഥന്റെ തിരുനാളുകൾ അല്ലെങ്കിൽ ഇതിനോട് ചേർന്ന് മറ്റു വിശുദ്ധരെയും ഉൾപ്പെടുത്തി സംയുക്തതിരുനാളുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്തുവിനുവേണ്ടി തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ, തങ്ങളുടെ ജീവിതംകൊണ്ട് അവർ ചെയ്ത ത്യാഗത്തെയാണ്, സഹനത്തെയാണ് നാം ഓർക്കുന്നതും, അവരെ ബഹുമാനിക്കുന്നതും. ദക്ഷിണേന്ത്യയിലാണെങ്കിൽ ഹൈന്ദവ സഹോദരർ ത്യാഗത്തിന്റെ വഴികളിലൂടെ ഈശ്വര ദർശനത്തിനായി ശബരിമലയിലേക്ക് നീങ്ങുന്ന കാലമാണ്. ഡെൽഹിയിൽ അതിജീവനത്തിനായി ഭാരതത്തിലെ കർഷകർ ത്യാഗം ചെയ്തു സമരം ചെയ്യുകയാണ്. ഇവയേക്കാൾ ഉയർന്നു നിൽക്കുന്ന ത്യാഗം നാം കാണുന്നത് ലോകത്തിലെ ക്രൈസ്തവരിലാണ്. Open Doors International എന്ന സംഘടനയുടെ റിപ്പോർട്ടനുസരിച്ചു 2020 ൽ അമ്പതു രാജ്യങ്ങളിലായി 30 കോടിയിലേറെ ക്രൈസ്തവർ വിവിധ തരത്തിലുള്ള പീഡനങ്ങൾക്കും വിവേചനങ്ങൾക്കും അക്രമങ്ങൾക്കും വിധേയരായി. 2020 ൽ 4761 ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ വധിക്കപ്പെട്ടു. നൈജീരിയയിൽ മാത്രം ഇസ്ലാമിക തീവ്രവാദ സംഘടനയായ ബോക്കോഹറാം 3530 പേരെയാണ് കഴിഞ്ഞ വർഷം കൊലപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബർ 15 നു 750 ക്രൈസ്തവരെയാണ് എത്യോപ്യൻ പട്ടാളം കൂട്ടക്കൊലചെയ്തത്. ഈയിടെ പാക്കിസ്ഥാനിലെ ലാഹോറിൽ രണ്ടു ക്രിസ്ത്യൻ സഹോദരികളെ മതപരിവർത്തനത്തിന് വിസമ്മതിച്ചതിനെ പേരിൽ പീഡിപ്പിച്ചു കൊലപ്പെടുത്തി.

ത്യാഗത്തിന്റെ രക്ത ചിത്രങ്ങൾകൊണ്ട്, ത്യാഗത്തിന്റെ സുന്ദര പുഷ്പങ്ങൾകൊണ്ട് ലോകം നിറയുമ്പോൾ ഇന്നത്തെ സുവിശേഷം മഹാത്യാഗമാണ് ക്രിസ്തു എന്ന് വെളിപ്പെടുത്തുകയാണ്. ദനഹാക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച, ത്യാഗനിർഭരമായ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുവാൻ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.
വ്യാഖ്യാനം
ദനഹാക്കാലത്തിന്റെ ആദ്യഞായറാഴ്ച്ച പ്രവചനങ്ങളുടെ പൂർത്തീകരണമായാണ് ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തിയത്. (ലൂക്ക 4, 16-21) ദനഹാതിരുനാളിൽ “ഇവനെന്റെ പ്രിയപുത്രൻ” (മത്താ 3, 17) എന്ന വെളിപാട് സ്വർഗത്തിൽ നിന്നുണ്ടായി. രണ്ടാം ഞായറാഴ്ച്ച ദൈവത്തിന്റെ വചനമാണ് ക്രിസ്തു എന്ന വെളിപാടാണ് സുവിശേഷം പ്രഘോഷിച്ചത്. (യോഹ 1, 1-18) ഇന്ന്, മൂന്നാം ഞായറാഴ്ച്ച സുവിശേഷം പ്രഖ്യാപിക്കുന്നത് “ക്രിസ്തു ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്എന്നാണ്. (യോഹ 1, 29)
വിശുദ്ധ സ്നാപക യോഹന്നാനാണ് ഈശോയെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. ‘കർത്താവിനു വഴിയൊരുക്കുവിൻ” (ലൂക്ക 3, 4) എന്ന് മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമായ‘ സ്നാപകൻ ഉപയോഗിക്കുന്ന പേര് “ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്നാണ്.
യോഹന്നാൻ സുവിശേഷകൻ രൂപകങ്ങളും പ്രതീകങ്ങളും ഉപയോഗിച്ചാണ് ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുന്നത്. അദ്ദേഹം രൂപകങ്ങളുടെ, പ്രതീകങ്ങളുടെ, വാക്കുകളുടെ ബാഹ്യമായ വിശകലനത്തിലും വിവരണത്തിലും തങ്ങിനിൽക്കാതെ ആന്തരാർത്ഥത്തിലേക്ക് ചൂഴ്ന്നിറങ്ങി ഈശോയിൽ പൂർത്തിയാകുന്ന രക്ഷാകര രഹസ്യത്തെ അനാവരണം ചെയ്തുകൊണ്ടാണ് ഈ വെളിപ്പെടുത്തൽ സാധ്യമാക്കുന്നത്. ഇന്നത്തെ സുവുശേഷത്തിലെ ഈശോ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്തരാർത്ഥം ത്യാഗം ചെയ്യുന്നവൻ, ബലിയർപ്പിക്കപ്പെടുന്നവൻ ക്രിസ്തു എന്നാണ്.
ആട് എല്ലാ സംസ്കാരത്തിലും മനുഷ്യന് ഇഷ്ടപ്പെട്ട മൃഗമായിരുന്നു. മെസപ്പെട്ടോമിയൻ, ഏഷ്യൻ, യൂറോപ്യൻ സംസ്കാരങ്ങളിലെല്ലാം കാലഘട്ടങ്ങളുടെ വ്യത്യാസത്തിൽ ആട് പ്രധാനപ്പെട്ട വളർത്തുമൃഗമായിത്തീരുന്നുണ്ട്. ആദ്യകാല വളർത്തുമൃഗങ്ങളിൽ പെട്ട ആട് പിൽക്കാലത്ത് മതങ്ങളുടെ പ്രതീകമായി മാറുന്നുണ്ട്. Middle East പ്രദേശങ്ങളിൽ വ്യാപകമായുണ്ടായിരുന്ന ആട് പിന്നീട് അവിടെയുള്ള മതങ്ങളിലെ ബലിമൃഗമായി പരിഗണിക്കപ്പെടുന്നുണ്ട്. യഹൂദസംസ്കാരത്തിൽ അത് പെസഹാക്കുഞ്ഞാടായിട്ട് ചിത്രീകരിക്കപ്പെട്ടു. ഉത്പത്തി പുസ്തകത്തിൽ ആബേലിന്റെ ബലിയർപ്പണം മുതൽ ആട് ബലിമൃഗമായി കാണപ്പെടുന്നുണ്ട്.

മോറിയ മലയിൽ ഇസഹാക്കിനു പകരം ദൈവത്തിനു അബ്രാഹം ബലിയർപ്പിക്കുന്നതു ഒരു ആടിനെയാണ്. (ഉത്പ 22, 13) പുറപ്പാടിന്റെ പുസ്തകത്തിലെ ആദ്യത്തെ പെസഹായുടെ സമയത്താണ് ആടിനെ ബലിയർപ്പിക്കുന്നതു ദൈവികവും, ആചാരബന്ധിതവുമാകുന്നത്. ഇവിടംമുതലാണ് കുഞ്ഞാടിനെ (പുറ 12, 5) അർപ്പിക്കുന്നത് കർത്താവിനു സമർപ്പിക്കുന്ന പെസഹാബലി (പുറ 12, 27) ആകുന്നതും, കുഞ്ഞാട് ലോകത്തിന്റെ പാപങ്ങൾനീക്കുന്ന, മരണത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന, ജീവൻ രക്ഷിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി പ്രതീകവത്ക്കരിക്കപ്പെടുന്നത്. പിന്നീട് അനുദിനബലികളിൽ കുഞ്ഞാടിനെ ബലിയർപ്പിക്കൽ യഹൂദസംസ്കാരത്തിൽ ഒരു സാധാരണ ആചാരമായിത്തീർന്നു.
ക്രിസ്തുവിനു ശേഷം 500 ൽ ഏറെ വർഷങ്ങൾ കഴിഞ്ഞു രൂപംകൊണ്ട ഇസ്ലാം മതത്തിലും ബലിമൃഗം ആടുതന്നെയായാണ്. ഇതിനു പല കാരണങ്ങളുണ്ടാകാം. ഒന്ന്, ഈ മതം മധ്യ പൗരസ്ത്യദേശത്തു ഉടലെടുത്തതുകൊണ്ടാകാം. രണ്ട്, യഹൂദ പാരമ്പര്യത്തിന്റെ തുടർച്ചയാണ് തങ്ങളെന്ന് കാണിക്കാൻ നൂറ്റാണ്ടുകൾ പഴക്കമുള്ള യഹൂദ മത സംസ്കാരത്തിൽ നിന്ന് കടം കൊണ്ടതാകാം. അബ്രഹാം തന്റെ പുത്രനെ ബലിയർപ്പിക്കുവാൻ ഒരുങ്ങുന്നതും, പിന്നീട് ദൈവിക ഇടപെടലിന് ശേഷം ആട്ടിൻകുട്ടിയെ ബലിയർപ്പിച്ചതുമായ പാരമ്പര്യം യഹൂദ മത സംസ്കാരത്തിൽ നിന്ന് അവർ സ്വീകരിച്ചതാണ്. മൂന്ന്, ഇസ്ലാം മതം ഏതു മതത്തിന്റെ ഭാഗമായി വളർന്നുവന്നോ, ആ മതത്തിന്റെ ബലിമൃഗത്തിന്റെ തുടർച്ച യായി ആടിനെ സ്വീകരിച്ചതാകാം. എന്തായാലും ഒന്ന് തീർച്ചയാണ്. ഇസ്ലാം മതം യഹൂദമതത്തിന്റെ തുടർച്ചയല്ല. മാത്രമല്ല, ഇസ്ലാം മതത്തിനു ക്രിസ്തുമതവുമായി അതിന്റെ പ്രതീകങ്ങളുമായി യാതൊരു ബന്ധവുമില്ല.
‘കുഞ്ഞാട്’, എന്ന രൂപകം യഹൂദ മത പാരമ്പര്യത്തിൽ നിലനിൽക്കുന്നതാണ്. അത് യഹോവായ്ക്കുള്ള ബലിയർപ്പണവുമായി ബന്ധപെട്ടാണ് നിൽക്കുന്നതും. യഹൂദ പശ്ചാത്തലത്തിൽ വിവിധതരം ബലിയർപ്പണങ്ങൾ ഉണ്ട്. ദഹനബലി, സമാധാനബലി, പാപപരിഹാരബലി എന്നിങ്ങനെ. ബലിയായി അർപ്പിക്കപ്പെടുന്നതിനു മുൻപ്, കുഞ്ഞാടിന്റെ തലയിൽ കൈവച്ചതിനുശഷമാണ് കുഞ്ഞാടിനെ അർപ്പിക്കുന്നത്. പുരോഹിതൻ അത് ദഹിപ്പിച് പാപങ്ങൾക്ക് പരിഹാരം ചെയ്യണം. അപ്പോൾ കുറ്റങ്ങൾ ക്ഷമിക്കപ്പെടും. (ലേവ്യർ 4, 35)
അതായത്, അന്നത്തെ മൃഗബലിയുടെ ലക്ഷ്യങ്ങൾ പാപപരിഹാരവും അതുവഴിയുള്ള വിശുദ്ധീകരണവുമായിരുന്നു. ഹെബ്രായരുടെ പുസ്തകത്തിൽ പറയുന്നത് “നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല”. (ഹെബ്രാ 9, 22) എന്നാണ്.
‘കുഞ്ഞാട്’ യഹൂദ ക്രൈസ്തവ പാരമ്പര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രതീകവും കൂടിയാണ്. അത് വിശുദ്ധിയുടെ, നിർമലതയുടെ, സ്നേഹത്തിന്റെ പ്രതീകമാണ്. കുഞ്ഞാട് നിഷ്കളങ്കതയെ, ലാളിത്യത്തെ പ്രതിനിധാനം ചെയ്യുന്നു. അത് പൂർണമായും മറ്റുള്ളവർക്ക് സമർപ്പിതമാണ്. മറ്റൊരുവാക്കിൽ, കുഞ്ഞാട് ത്യാഗത്തിന്റെ പ്രതീകമാണ്. കുഞ്ഞാടിന്റെ തലയിൽ കൈവച്ചു പാപങ്ങളെല്ലാം അതിലേക്കു ആവേശിപ്പിച്ചശേഷമാണ് ബലിയർപ്പിക്കുന്നത്. അപ്പോൾ കുഞ്ഞാട് പാപപരിഹാരവുമായിത്തത്തീരുന്നു.
ഇത്തരത്തിലുള്ള പ്രതീകാത്മക ഘടകങ്ങൾ ക്രിസ്തുവിലേക്കു ചേർക്കുമ്പോൾ ക്രിസ്തു ദൈവത്തിന്റെ കുഞ്ഞാടാകുന്നു; അവിടുന്ന് ത്യാഗത്തിന്റെ ആൾരൂപമാകുന്നു. ക്രിസ്തു മനുഷ്യന്റെ പാപങ്ങൾക്ക് പരിഹാരമാകുന്നു.
ശരിയാണ്. നമുക്ക് മൃഗബലിയുടെ ഒരു സംസ്കാരത്തെ ഉൾക്കൊള്ളുവാൻ സാധിക്കുകയില്ല. എന്നാൽ, അന്നത്തെ സമൂഹത്തിന്റെ മത സാംസ്കാരിക വളർച്ചയെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും കഴിയണം. ബുദ്ധിപരമായി ഒട്ടും വളരാത്ത ഒരു സമൂഹത്തിൽ, ശാസ്ത്രീയമായി ഉയർച്ചയില്ലാത്ത കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആചാരങ്ങളും രീതികളും ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്. നമുക്കിന്നു അതിനും അപ്പുറം നിൽക്കാനും കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്താരാർത്ഥം ഉൾക്കൊള്ളാനും സാധിക്കണം.
ദൈവത്തിന്റെ മഹാത്യാഗമാണ് പ്രപഞ്ചസൃഷ്ടിയും, പ്രപഞ്ചവും. ദൈവത്തിന്റെ മഹാസ്നേഹമാണ്, മഹാത്യാഗമാണ് ക്രിസ്തു, ദൈവത്തിന്റെ കുഞ്ഞാട്. “സ്വന്തം ഏകജാതനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ സ്നേഹിക്കുന്ന ദൈവ”ത്തിന്റെ ത്യാഗമാണ് ക്രിസ്തു. ഈ ലോകത്തിന്റെ പാപപരിഹാരവും വിശുദ്ധീകരണവുമാണ് ക്രിസ്തു. ദൈവത്തിന്റെ മഹാത്യാഗമാണ് ദൈവമായിരുന്നിട്ടും അവിടുന്ന് മനുഷ്യനായത്. ദൈവത്തിന്റെ അവർണ നീയമായ ത്യാഗമാണ് ഈശോയുടെ പീഢാസഹനവും മരണവും. ദൈവത്തിന്റെ അനന്തമായ, അതിരുകളില്ലാത്ത, മഹത്തായ ത്യാഗമാണ് അപ്പത്തിന്റെ രൂപത്തിൽ അവിടുന്ന് നമ്മോടൊത്തു വസിക്കുന്ന വിശുദ്ധ കുർബാന. അവിടുത്തെ

വിവരിക്കാൻ പറ്റാത്തത്ര ത്യാഗമല്ലേ സ്നേഹമുള്ളവരേ നിങ്ങളും ഞാനും ഓരോ വിശുദ്ധ ബലിയിലും സ്വീകരിക്കുന്ന അവിടുത്തെ ശരീരവും രക്തവും! ഈ ത്യാഗത്തിന്റെ പ്രതീകമാണ് കുഞ്ഞാട്, ഈ ത്യാഗത്തിന്റെ ആൾ രൂപമാണ് ക്രിസ്തു! വിശുദ്ധ പൗലോശ്ലീഹാ തിമൊത്തെയോസിനോട് പറഞ്ഞതുപോലെ, ഈ ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസിനീയവും തികച്ചും സ്വീകാര്യവുമാണ്. ഈ ക്രിസ്തു തന്നെയാണ് സ്നാപകൻ പറഞ്ഞതുപോലെ ദൈവത്തിന്റെ കുഞ്ഞാടും ആത്മാവിനാൽ നിറഞ്ഞവനും, പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനം ചെയ്യുന്നവനും.
സ്നേഹമുള്ളവരേ, ക്രിസ്തുവിനെപ്പോലെ ത്യാഗത്തിന്റെ ആൾരൂപങ്ങളാകാനാണ് ഇന്നത്തെ ദൈവവചനം നമ്മെ ക്ഷണിക്കുന്നത്. ത്യാഗം മനുഷ്യജീവിതത്തിന്റെ സ്വഭാവം ആയതുകൊണ്ടാണ് ദൈവം ത്യാഗത്തിന്റെ വസ്ത്രം ധരിച്ചു ഈ ലോകത്തിലേക്കു വന്നത്. ത്യാഗമാണ്, സ്നേഹത്തിൽ കുതിർന്ന ത്യാഗമാണ് നമ്മുടെ ജീവിതത്തെ ധന്യമാക്കുന്നത്, നമ്മുടെ പ്രാർത്ഥനകളെ മൂല്യമുള്ളതാക്കുന്നത്.
കുരുക്ഷേത്രയുദ്ധം അവസാനിച്ചതിനുശേഷം യുധിഷ്ഠിര രാജാവ് ഒരു യാഗം (യജ്ഞം) ചെയ്തു. പുരോഹിതർക്കും, ദരിദ്രർക്കും ധാരാളം ദാനം ചെയ്തു. രാജാവിന്റെ ത്യാഗം കണ്ടു എല്ലാവരും അദ്ദേഹത്തെ പുകഴ്ത്തി. അവർ പറഞ്ഞു: “നമ്മുടെ ജീവിതകാലത്തു ഇതുപോലെയൊരു ത്യാഗം നമ്മൾ കണ്ടിട്ടില്ല.” ആ സമയത്തു ഒരു ചെറിയ കീരി അവിടെ പ്രത്യക്ഷപ്പെട്ടു. അവന്റെ ശരീരത്തിന്റെ പകുതി സ്വർണ നിറവും, മറ്റേ പകുതി തവിട്ടുനിറവുമായിരുന്നു. യജ്ഞം നടന്ന സ്ഥലത്തു അത് കിടന്നു ഉരുണ്ടു. എന്നിട്ടു ദുഃഖത്തോടെ വിളിച്ചുപറഞ്ഞു:”ഇത് യജ്ഞമല്ല.എന്തിനാണ് ഈ ത്യാഗത്തെ നിങ്ങൾ പ്രശംസിക്കുന്നത്? നിങ്ങൾ കപടവിശ്വാസികളും നുണയന്മാരുമാണ്.” സദസ്സിലുണ്ടായിരുന്ന രാജാക്കന്മാരും മറ്റുള്ളവരും ദേഷ്യപ്പെട്ടു. അവർ പറഞ്ഞു: “ഇത്തരമൊരു അത്ഭുത കരമായ ത്യാഗം ഞങ്ങൾ കണ്ടിട്ടില്ല. നീ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്?”
കീരി മറുപടി പറഞ്ഞു: “പ്രിയപ്പെട്ടവരേ, എന്നോട് ദേഷ്യം തോന്നരുത്. എന്റെ വാക്കുകൾ ക്ഷമയോടെ കേൾക്കുക.”
ഒരു ചെറിയ ഗ്രാമത്തിൽ ഒരു ബ്രാഹ്മണനും, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, മരുമകൾ എന്നിവർ ജീവിച്ചിരുന്നു. കൊടിയ ദാരിദ്ര്യമായിരുന്നു അവർക്കു. മാസങ്ങളോളം ഒന്നും ലഭിച്ചില്ല. ഒരിക്കൽ അവർക്കു കുറച്ചു ചോറും, പയറും കിട്ടി. അവർ അത് പാകം ചെയ്തു ഭക്ഷിക്കാൻ തുടങ്ങിയപ്പോൾ, വാതിലിൽ മുട്ട് കേട്ടു. വാതിൽ തുറന്നപ്പോൾ വിശന്നു വളഞ്ഞ ഒരു അതിഥിയെ കണ്ടെത്തി. ബ്രാഹ്മണർ അയാളെ അകത്തു വിളിച്ചു ഭക്ഷണത്തിന്റെ ഒരു ഭാഗം നൽകി. പക്ഷെ അയാൾക്ക് തൃപ്തിയായില്ല. ” പതിനഞ്ചു ദിവസമായി ഞാൻ പട്ടിണിയിലാണ്. കുറച്ചുകൂടി തരുമോ?” അപ്പോൾ ബ്രാഹ്മണരുടെ ഭാര്യ അവളുടെ പങ്കു അയാൾക്ക് നൽകി. വീണ്ടും അയാൾക്ക് തൃപ്തിയായില്ല. മകൻ തന്റെ പങ്കു കൊടുത്തു. വീണ്ടും തൃപ്തിയാകാഞ്ഞു മരുമകളും അവളുടെ പങ്കു കൊടുത്തു.

ഭക്ഷിച്ചു തൃപ്തിയായി അയാൾ അവരെ അനുഗ്രഹിച്ചിട്ടു അവിടെനിന്നും പോയി. ഈ നാലുപേരും പിറ്റേദിവസം പട്ടിണിമൂലം മരിച്ചു. അവിടെയുണ്ടായിരുന്ന ഞാൻ ഈ കാഴ്ച്ചകണ്ട് അമ്പരന്നു. ഉടനെ അവിടെ കിടന്നിരുന്ന അല്പം ചോറുവറ്റുകളിൽ കിടന്നു ഞാൻ ഉരുണ്ടു. അപ്പോൾ ആ ത്യാഗത്തിന്റെ മഹത്വംകൊണ്ട് എന്റെ ശരീരത്തിന്റെ ഒരു ഭാഗം സ്വർണ നിറമായി. മറ്റേഭാഗവും സ്വർണ നിറമാക്കുവാൻ അതുപോലെയൊരു യജ്ഞത്തിനായി ഞാൻ അലയുകയാണ്. ഇതുവരെ കണ്ടെത്തിയില്ല. ഇവിടെ വന്നും യജ്ഞസ്ഥലത്തു കിടന്നു ഞാൻ ഉരുണ്ടു. ഒന്ന് സംഭവിച്ചില്ല. ധാരാളിത്തത്തിൽ എവിടെയാണ് ത്യാഗം?” ഇതുകേട്ട് യുധിഷ്ഠിര രാജാവും, മറ്റുള്ളവരും ലജ്ജിച്ചു തലതാഴ്ത്തി.
ത്യാഗമാണ് നമ്മുടെ ജീവിതത്തെയും, ജീവിത പ്രവർത്തനങ്ങളെയും മഹത്വമുള്ളതാക്കുന്നത്, ദൈവികമാക്കുന്നത്.
ഉത്തമമായ ത്യാഗജീവിതത്തിന് ഉദാഹരണങ്ങൾതേടി എങ്ങോട്ടും പോകേണ്ട. നമ്മുടെ കുടുംബത്തിൽ തന്നെയുണ്ട് ത്യാഗത്തിന്റെ മാതൃകകൾ! മാതാപിതാക്കൾ ഈ ലോകത്തിൽ ത്യാഗത്തിന്റെ ആൾ രൂപങ്ങളാണ്. കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി, അവർ സ്വയം ഇല്ലാതാകുകയാണ്.

ഗർഭകാലത്തിലൂടെ കടന്നു ഒരമ്മ തന്റെ കുഞ്ഞിന് ജന്മം നൽകുന്ന അവസ്ഥ ത്യാഗത്തിന്റെ ഉന്നത രൂപമാണ്. പ്രകൃതിയിലെ വൃക്ഷങ്ങളും ത്യാഗത്തിന്റെ സൗന്ദര്യമാണ് പ്രഘോഷിക്കുന്നത്. മറ്റുള്ളവർക്കുവേണ്ടിയല്ലേ, വെയിലുദിക്കുന്നതും, മഴപെയ്യുന്നതും? ചന്ദ്രൻ നിലാവ് പൊഴിക്കുന്നത്? മരങ്ങൾ പുഷ്പിക്കുന്നത്? മൃഗങ്ങൾ പാല് തരുന്നത്? എല്ലാ ത്യാഗത്തിന്റെ പ്രതിഫലനങ്ങളാണ്!
ക്രിസ്തു ലോകത്തിന്റെ കുഞ്ഞാട് എന്നതിന്റെ ആന്തരാർത്ഥം മനസ്സിലാക്കുവാനും ത്യാഗം നിറഞ്ഞ ക്രൈസ്തവ ജീവിതം നയിക്കുവാനും നാം ശ്രമിക്കണം.
ഇന്നത്തെ സാമൂഹ്യ സമ്പർക്കമാധ്യമങ്ങൾ നൽകുന്ന സന്ദേശം ഇതിനു കടകവിരുദ്ധമാണ്. അവർ പറയുന്നത്: “മറ്റുള്ളവർക്കുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ത്യാഗപൂർവം ജീവിക്കുന്നവർ വിഡ്ഢികളാണ്” എന്നാണ്. ഇന്നത്തെ ലോകം അവരെ വിളിക്കുന്നത്, ‘ജീവിക്കാതെ മരിക്കുന്നവർ’ എന്നാണ്. ശരിയാകാം. മക്കൾക്കുവേണ്ടിമാത്രം ജീവിക്കുന്ന എത്രയോ മാതാപിതാക്കൾ പെരുവഴിയിലാകുന്നു? എത്രയോ പേരുടെ ജീവിതങ്ങൾ നരകതുല്യമാകുന്നു? മറ്റുള്ളവർക്കായി ത്യാഗം ചെയ്യുന്നവരെ ഒട്ടും പരിഗണിക്കാത്തവരുമുണ്ട്. പക്ഷേ, അത് ജീവിതത്തിന്റെ യഥാർത്ഥ ചിത്രമല്ല. ത്യാഗമാണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത് എന്ന്, ത്യാഗമാണ് നമ്മുടെ ജീവിതത്തെ ദൈവികമാക്കുന്നത് എന്ന്, ത്യാഗമാണ് നമ്മുടെ യഥാർത്ഥ സ്വഭാവമെന്ന് ഈ ലോകം നമ്മിലൂടെ, ക്രൈസ്തവരിലൂടെ അറിയണം.
സമാപനം
സ്നേഹമുള്ളവരേ, നമ്മുടെ ക്രൈസ്തവ ജീവിതം ബലിയർപ്പിക്കപ്പെടുന്ന കുഞ്ഞാടിന്റെതുപോലെ ത്യാഗനിർഭരമായിരിക്കുവാൻ നമുക്ക് ശ്രമിക്കാം. ഓരോ വിശുദ്ധ കുർബാനയും നമ്മോടു പറയുന്നത് വിശുദ്ധ കുർബാന ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ ത്യാഗത്തിന്റെ ആഘോഷമാണ് എന്നാണ്.

ഇന്നത്തെ വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുത്തു ത്യാഗത്തിന്റെ ക്രൈസ്തവജീവിതത്തിലേക്കു കൂടുതൽ കരുത്തോടെ നമുക്ക് നടന്നു പോകാം.
Reblogged this on Nelson MCBS.
LikeLike