ദനഹാക്കാലം ആറാം ഞായർ
യോഹ 3, 22-31
സന്ദേശം

ദനഹാക്കാലത്തിലെ അവസാനത്തെ ഞായറാഴ്ച്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ദനഹാക്കാലത്തിലെ ഞായറാഴ്ചകളിലെ സുവിശേഷ സന്ദേശം ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു. ഇന്നത്തെയും സുവിശേഷം വെളിച്ചം വീശുന്നതും ഈയൊരു സന്ദേശത്തിലേക്കാണ്. ഇന്ന് വീണ്ടും വിശുദ്ധ സ്നാപകയോഹന്നാൻ ഈശോയെ വെളിപ്പെടുത്തുകയാണ്. ആ വെളിപ്പെടുത്തലിന്റെ പ്രത്യേകതയാണ് ഇന്നത്തെ സുവിശേഷഭാഗത്തെ മനോഹരമാക്കുന്നത്. സ്നാപക യോഹന്നാൻ യേശുവിനു നൽകുന്ന അവസാനത്തെ സാക്ഷ്യമാണ്, വെളിപ്പെടുത്തലാണ് ഇത്. അതാകട്ടെ, സ്വന്തം വ്യക്തിത്വവും, ജീവിതവും, വാക്കുകളും, നിലപാടുകളും എല്ലാം മാറ്റിവച്ചുകൊണ്ടാണ്. എങ്ങനെയാണ് നമ്മുടെ ജീവിതംകൊണ്ട് ക്രിസ്തുവിനെ വെളിപ്പെടുത്തേണ്ടതെന്നു ഇന്ന് സ്നാപകൻ നമുക്കു പറഞ്ഞു തരും.
വ്യാഖ്യാനം
യൂദയാ ദേശത്തു ക്രിസ്തുവും, സാലിമിനടുത്തുള്ള എനോനിൽ സ്നാപക യോഹന്നാനും മാമ്മോദീസ നൽകുന്നു എന്ന വിവരം നൽകിക്കൊണ്ടാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. രണ്ടുപേരും നൽകിയിരുന്ന സ്നാനം ഒരുപോലെയുള്ളതായിരുന്നോ, വ്യത്യസ്തമായിരുന്നെങ്കിൽ അത് എങ്ങനെയുള്ളതായിരുന്നു എന്നൊക്കൊയുള്ള സംശയങ്ങൾ നമ്മിലുണ്ടാകുക സ്വാഭാവികമാണ്.
സ്നാപകയോഹന്നാൻ യഹൂദമതത്തിലെ താപസജീവിതം നയിച്ചിരുന്ന ഖുമറാൻ സമൂഹത്തിൽപെട്ട എസ്സീനുകൾ എന്നറിയപ്പെട്ട സന്യാസികളിൽ ഒരാളായിരുന്നു. ഖുമറാൻ ഒരു സ്ഥലമാണ്. Middle East നും ഇസ്രയേലിനും (Israel) ഇടയ്ക്കുള്ള വെസ്റ്റ് ബാങ്കിലെ (West Bank) ചരിത്രപ്രസിദ്ധവും പുരാവസ്തുക്കൾ

ഉൾക്കൊള്ളുന്നതുമായ പ്രദേശമാണ് ഖുമറാൻ. ചാവുകടലിന്റെ ഈ പ്രദേശത്തുനിന്ന് ലഭിച്ച ചാവുകടൽ ചുരുളുകളിൽ (Dead Sea Scrolls) നിന്നാണ് എസ്സീനുകളെക്കുറിച്ചു നമുക്ക് അറിവ് കിട്ടുന്നത്.
‘ക്രിസ്തുവിനായി വഴിയൊരുക്കുവാൻ മരുഭൂമിയിൽ വിളിച്ചുപറയുന്ന ശബ്ദമായി’ വന്ന സ്നാപക യോഹന്നാൻ എസ്സീനുകൾക്കിടയിൽ ഉണ്ടായിരുന്ന ജലസ്നാനമെന്ന ആചാരം കടമെടുക്കുകയാണ്. ഒഴുകുന്ന വെള്ളത്തിൽ മുങ്ങിയുള്ള സ്നാനം മിശിഹായെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനുള്ള ആചാരമായി അദ്ദേഹം ചെയ്തുപോന്നു. എന്തുകൊണ്ട് ജലസ്നാനം? ലോകത്തിന്റെ സന്തോഷങ്ങളെയെല്ലാം മാറ്റിവച്ച് താപസജീവിതം നയിക്കുന്നതിന്റെ അടയാളമായിട്ടായിരുന്നു എസ്സീനുകൾ ജലസ്നാനം ചെയ്തിരുന്നത്. ജലത്തിൽ നിന്ന് ശുദ്ധരായി ഉയിർത്തെഴുന്നേറ്റു, സമൂഹത്തിലെ അനീതികളോടും, തിന്മകളോടും പടപൊരുതുന്ന താപസന്മാരായിട്ടാണ് എസ്സീനുകൾ യഹൂദമതത്തിൽ ജീവിച്ചിരുന്നത്. ലോകത്തിലെ പല പുരാതന സംസ്കാരങ്ങളിലും ഒഴുകുന്നജലത്തിൽ മുങ്ങി നിവരുക എന്നത് പാപങ്ങളിൽ നിന്ന് ശുദ്ധമാക്കപ്പെട്ട് പുതിയ ജന്മത്തിലേക്കു പ്രവേശിക്കുന്നതിന്റെ പ്രതീകമായി കണ്ടിരുന്നു. അതുകൊണ്ടുതന്നെ ജലസ്നാനം പൊതുവെ അംഗീകരിക്കപ്പെട്ട ഒരു ആചാരമായിരുന്നു. പാപങ്ങളെല്ലാം ഏറ്റുപറഞ്ഞു, ഉള്ളതിൽ നിന്ന് മറ്റുള്ളവർക്ക് പങ്കുവച്ചു മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നവർക്കേ മിശിഹായുടെ രക്ഷയിൽ പങ്കുപറ്റുവാൻ സാധിക്കുകയുള്ളു എന്ന് പ്രസംഗിച്ച സ്നാപകൻ, ആ മാനസാന്തരത്തിന്റെ പ്രതീകമായിട്ടാണ് ജലസ്നാനത്തെ കണ്ടിരുന്നത്.
ജലത്താലും ആത്മാവിനാലും മാമ്മോദീസ നൽകുവാൻ വന്നവനാണ് ഈശോയെങ്കിലും, സ്നാപകൻ നൽകിയ ജലസ്നാനം തന്നെയായിരിക്കണം ഈശോയും നൽകിയിരുന്നത്. കാരണം, ആത്മാവിനെ സ്വീകരിക്കുവാൻ, ജനത്തെ ഒരുക്കുവാനാണ് ഈശോ വന്നത്. ആ ഒരുക്കത്തിന്റെ തുടക്കമായിരുന്നിരിക്കണം ഈ ആചാരങ്ങൾ. സ്വർഗത്തിൽ നിന്ന് ആത്മാവ് ഇറങ്ങി വന്ന് വസിക്കുന്ന ക്രിസ്തു പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുവാനാണ് വന്നിരിക്കുന്നത് എന്ന് സ്നാപകയോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. (യോഹ 1, 33) ഇക്കാരണങ്ങളാൽ, ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തുവിന്റെയും സ്നാപകന്റെയും ജലസ്നാനങ്ങൾ ഒരേ സ്വഭാവമുള്ളതായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.
ക്രിസ്തു ശിഷ്യരോടൊത്തു യൂദയാ ദേശത്തു ചെയ്തിരുന്ന ജലസ്നാനവും, സ്നാപകൻ ചെയ്തിരുന്ന ജലസ്നാനവും ഒരേപോലെയായിരുന്നതുകൊണ്ടാകണം സ്നാപകന്റെ ശിഷ്യരും യഹൂദനും തമ്മിൽ ഇതേ ചൊല്ലി തർക്കമുണ്ടായത്. സ്നാപകയോഹന്നാൻ ഈ അവസരം വളരെ സമർത്ഥമായി ഉപയോഗിക്കുകയാണ്. അദ്ദേഹം വളരെ മനോഹരമായി ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുവാൻ ഈ സാഹചര്യം പ്രയോജനപ്പെടുത്തുകയാണ്. ‘ക്രിസ്തുവിനു മുൻപേ അയയ്ക്കപ്പെട്ടവനായ’ സ്നാപകയോഹന്നാൻ, “ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന് പറഞ്ഞുകൊണ്ട് ഈശോയെ വെളിപ്പെടുത്തിയ സ്നാപക യോഹന്നാൻ, “അവന്റെ ചെരുപ്പിന്റെ വാറഴിക്കുവാൻ പോലും താൻ യോഗ്യനല്ലെന്നു’ ഏറ്റുപറഞ്ഞ സ്നാപകയോഹന്നാൻ, തന്റെ തന്നെ കുറവുകൾക്കുംമേൽ, തന്റെ മാനുഷിക പരിമിതികൾക്കുംമേൽ ഉന്നതത്തിൽ നിന്നുള്ള ക്രിസ്തുവിനെ കാണിച്ചുകൊടുക്കുകയാണ്, പ്രതിഷ്ഠിക്കുകയാണ്.
കാരണം, സ്നാപകന് സംശയം ഉണ്ടായിരുന്നു, അദ്ദേഹം വല്ലാതെ പേടിച്ചിരുന്നു, ഒരുവേള തന്റെ താപസജീവിതംകണ്ട് ജനങ്ങൾ തന്നെ ക്രിസ്തുവായി തെറ്റിദ്ധരിക്കുമോയെന്ന്! ഒരുപക്ഷേ, നീതിക്കുവേണ്ടിയുള്ള തന്റെ ദാഹം കണ്ട് ജനങ്ങൾ തന്നെ ക്രിസ്തുവായി കാണുമോയെന്ന്! ചിലപ്പോൾ, തന്റെ മനോഹരമായ പ്രസംഗം കേട്ട്, തന്നെ ക്രിസ്തുവായി, മിശിഹായായി വാഴ്ത്തിപ്പാടുമോയെന്ന്!
അതുകൊണ്ടു, ഒരുപക്ഷേ ലോകത്തിന്റെ ദൃഷ്ടിയിൽ വളരെ ശക്തമായ തന്റെ വ്യക്തിത്വം മറച്ചുപിടിച്ചുകൊണ്ടു, മാറ്റിവച്ചുകൊണ്ടു, തന്റെ കുറവുകളെ ഏറ്റുപറഞ്ഞുകൊണ്ടു, മണവാളനായ ക്രിസ്തുവിന്റെ അടുത്ത് നിന്ന് അവന്റെ സ്വരം ശ്രവിക്കുന്ന, അതിൽ സന്തോഷിക്കുന്ന സ്നേഹിതൻ മാത്രമാണ് താൻ എന്ന് പറഞ്ഞുകൊണ്ട് സ്നാപകയോഹന്നാൻ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുകയാണ്:

‘ഞാനല്ല അവനാണ് ക്രിസ്തു’! അവനാണ് ലോകത്തിന്റെ പാപങ്ങൾ നീക്കുന്നവൻ! അവനാണ് ദൈവാരാജ്യത്തിലേക്കുള്ള വാതിൽ! അവനാണ്, അവൻ മാത്രമാണ് ലോകത്തിന്റെ രക്ഷകൻ!
സ്നേഹമുള്ളവരേ, എങ്ങനെയാണ് ലോകത്തിൽ ക്രിസ്തുവിനെ വെളിപ്പെടുത്തേണ്ടതെന്നു സ്നാപകൻ നമ്മെ പഠിപ്പിക്കുകയാണ്. ഈ ഭൂമിയിൽ താൻ ചെയ്തു തീർക്കേണ്ട ദൗത്യമെന്താണെന്നു അറിഞ്ഞ സ്നാപകൻ, തനിക്ക് നേടിയെടുക്കാൻ കഴിയുമായിരുന്ന നേട്ടങ്ങളും, അംഗീകാരങ്ങളും വേണ്ടെന്നു വച്ച്, തന്റെ ദൗത്യത്തോട് 100% ആത്മാർത്ഥത പുലർത്തുകയാണ്. ഓരോ ക്രൈസ്തവനും തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ സ്നാപകന്റെ ജീവിതത്തിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. എന്റെ കുറവിലാണ് ഈ ഭൂമിയിൽ ക്രിസ്തു നിറവായി മാറുന്നതെന്ന് ഓരോ ക്രൈസ്തവനും അറിയണം. ഞാൻ അപ്രത്യക്ഷനാകുമ്പോഴാണ് ക്രിസ്തു ഈ ഭൂമിയിൽ എന്നിലൂടെ പ്രത്യക്ഷനാകുന്നതെന്ന് നാം മനസ്സിലാക്കണം. എന്റെ absence ൽ ആണ് ക്രിസ്തു present ആകുന്നത്. ഇന്നത്തെ സുവിശേഷം നമ്മെ പഠിക്കുന്ന വലിയ പാഠം ഇതാണ്.
ഒന്ന് ചിന്തിച്ചു നോക്കൂ … ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന, വലിയ കോടികൾ മുടക്കി നാം പണിയുന്ന നമ്മുടെ ദേവാലയങ്ങളാണോ, നമ്മുടെ എളിയ സത്പ്രവർത്തികളാണോ ഈ ലോകത്തിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുന്നത്?

ആധുനിക ലോകം ക്രിസ്തു കരുണയുള്ളവനാണ് എന്ന് കണ്ടത് ആരിലൂടെയാണ്? നമ്മുടെ സ്കൂളുകളിലൂടെയാണോ? ഉയർന്നു നിൽക്കുന്ന കോളേജുകളിലൂടെയാണോ? അതോ, നീ ക്കരയുള്ള വെള്ളസാരിയുടുത്ത ഒരു പാവം കന്യാസ്ത്രീയിലൂടെയോ? വിശുദ്ധ മദർ തെരേസയാകുന്ന പേനകൊണ്ടല്ലേ ലോകമാകുന്ന ചുമരിൽ ക്രിസ്തു കരുണയാകുന്നു എന്ന് വെളിപ്പെട്ടത്? അപ്പോൾ എവിടെയാണ് നാം invest ചെയ്യേണ്ടത്? സ്ഥാപനങ്ങളിലോ, അതോ??
വൈദിക ജീവിത വഴികളിൽ വേദന നിറഞ്ഞ ഒരു അനുഭവത്തിലൂടെ കടന്നുപോയപ്പോൾ അത് ദൈവത്തിന്റെ ഇഷ്ടമാണെന്നു കാണാൻ ഒട്ടേറെ ബുദ്ധിമുട്ടിയ നാളുകളോർക്കുന്നു. സങ്കീർത്തനം 61 ന്റെ ആദ്യപാഠങ്ങൾ ചൊല്ലി പ്രാർത്ഥിച്ചിരുന്ന നാളുകൾ! “ദൈവമേ എന്റെ നിലവിളി കേൾക്കണമേ. എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ. ഹൃദയം തകർന്ന ഞാൻ ഭൂമിയുടെ അതിർത്തിയിൽ നിന്നും അങ്ങയെ വിളിക്കുന്നു. എനിക്ക് അപ്രാപ്യമായ പാറയിൽ എന്നെ കയറ്റി നിർത്തണമേ!” ഒരു ദിവസം ചാപ്പലിൽ പ്രാർത്ഥനയ്ക്കായി ഇരുന്നപ്പോൾ, കഴിഞ്ഞ കുറെ ദിവസങ്ങളായി ഉള്ളിൽ കൊണ്ട് നടന്ന കരച്ചിൽ കുറെ ചോദ്യങ്ങളായി പുറത്തുചാടി. “ദൈവമേ, എന്തുകൊണ്ട് വീണ്ടു വീണ്ടും എന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു? എന്തുകൊണ്ട് നല്ല രീതിയിൽ മുന്നോട്ടു പോകാൻ എനിക്ക് പറ്റുന്നില്ല? കൂടുതൽ ഭാരം കയറ്റിവയ്ക്കുന്നതല്ലാതെ, എന്തുകൊണ്ടാണ് ആരും എന്നെ സഹായിക്കാത്തത്? അസ്വസ്ഥത നിറഞ്ഞ ഈ സാഹചര്യത്തിലൂടെ എത്രനാൾ ഞാൻ മുന്നോട്ട് പോകണം? എനിക്കൊരു വഴി കാണിച്ചു തരില്ലേ?”
അൽപനേരം ഞാൻ കണ്ണടച്ചിരുന്നു. ആ നിശബ്ദതയിൽ ഒരു സ്വരം വളരെ വ്യക്തമായി ഞാൻ കേട്ടു: “മകനേ, നീ തകർക്കപ്പെട്ടവനും ബലഹീനനും ആകുമ്പോൾ എന്റെ പിതാവ് നിനക്ക് കാണിച്ചു തരും അവിടുന്ന് എത്ര ശക്തിമാനാണെന്ന്,”
കണ്ണ് തുറന്നപ്പോൾ എനിക്കല്പം ആശ്വാസം തോന്നി. ദുരന്തങ്ങൾ ഉണ്ടാകട്ടെ, ഞാൻ ബലഹീനനാകട്ടെ. അപ്പോൾ എന്റെ ദൈവത്തിന്റെ ശക്തി എനിക്കും ഈ ലോകത്തിനും വെളിപ്പെടും. എന്റെ അറിവിന്റെ ഉയരങ്ങളിലല്ല, എന്റെ കഴിവിന്റെ ഉന്നതിയിലുമല്ല, എന്റെ ബലഹീനതയിലാണ്, ഞാൻ കുറയുമ്പോഴാണ് ക്രിസ്തു എന്നിലൂടെ ലോകത്തിനു വെളിവാകുന്നത്. തിരമാലകൾ പോലെ ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ വരുമ്പോഴെല്ലാം ഈയൊരനുഭവം ഇന്നും എന്നെ തളരാതെ കാത്തുസൂക്ഷിക്കുന്നു.
വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസ്കാർക്കെഴുതിയ ലേഖനം നാലാം അദ്ധ്യായം 7 മുതൽ 10 വരെയുള്ള വാക്യങ്ങൾ ഓർക്കുക. ” എന്നാൽ, പരമമായ ഈ ശക്തി ദൈവത്തിന്റേതാണ് ഞങ്ങളുടേതല്ല എന്ന് വെളിപ്പെടുത്തുന്നതിന് ഈ നിധി മൺപാത്രങ്ങളിലാണ് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. ഞങ്ങൾ എല്ലാ വിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകർക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചു വീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങൾ എല്ലായ്പ്പോഴും ശരീരത്തിൽ സംവഹിക്കുന്നു.”

2007 ൽ ലോകത്തിലെ ഏറ്റവും നല്ല footballer ആയ തിരഞ്ഞെടുക്കപ്പെട്ട ബ്രസീലിയൻ കളിക്കാരൻ കാക്കയെ (Ricardo Kaka) ഓർക്കുന്നില്ലേ? Midfielder ആയ കളിച്ചിരുന്ന കാക്ക ജേഴ്‌സിയിൽ I belong to Jesus എന്നെഴുതുക മാത്രമല്ല, ഓരോ വിജയത്തിനും ശേഷം പറഞ്ഞിരുന്നത് ഈ വിജയം നൽകിയത് Jesus ആണെന്നാണ്. നേട്ടത്തിന്റെ നെറുകയിലും ക്രിസ്തുവിനെ വെളിപ്പെടുത്തുകയായിരുന്നു Ricardo Kaka. ഫിലിപ്പി 4, 13 എന്ന് കണ്ണുകൾക്കിടയിൽ ആലേഖനം ചെയ്തുകൊണ്ട് മുൻ അമേരിക്കൻ football താരവും professional baseball താരവുമായ ടിം റ്റിബോ (Tim Tebow) കളിക്കളത്തിലിറങ്ങിയപ്പോൾ 9 കോടിയോളം പേരാണ് ഈ ദൈവ വചനം ഗൂഗിളിൽ search ചെയ്തത്. എന്താണ് ആ വചനം? “എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും.”

താനെന്ന കളിക്കാരനെക്കാൾ ടിം റ്റിബോക്ക് പ്രധാനപ്പെട്ടത് ക്രിസ്തു തന്നിലൂടെ പ്രസംഗിക്കപെടുക എന്നതായിരുന്നു.
നാം ഈ ഭൂമിയിൽ, പ്രിയപ്പെട്ടവരേ, വെളിപ്പെടുത്തേണ്ടത് നമ്മുടെ വ്യക്തി പ്രഭാവമല്ല, നമ്മുടെ ലോകപ്രഭുത്വങ്ങളെയുമല്ല. ഈശോ നസ്രായനായ വെറും മനുഷ്യനായ ആളാണെന്നോ, ഒരു പ്രവാചകനാണെന്നോ, വിപ്ലവകാരിയാണെന്നോ ഒന്നുമല്ല നാം വെളിപ്പെടുത്തേണ്ടത്. ഈശോ ദൈവമാണെന്ന്, ക്രിസ്തുവാണെന്നു, ലോകരക്ഷകനാണെന്ന് വെളിപ്പെടുത്തുന്ന സ്നാപകന്മാരായി മാറുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുവാൻ തയ്യാറുണ്ടോ എന്നതാണ് ഇന്നത്തെ ചോദ്യം. ഈ ചോദ്യത്തിന്റെ ഉത്തരം എഴുതേണ്ടത് online ആയിട്ടല്ല പച്ചയായ നമ്മുടെ ജീവിതംകൊണ്ടാണ്.
സമാപനം
സ്നേഹമുള്ളവരേ, ചിലപ്പോൾ നമ്മുടെ കഴിവുകൾ നമ്മിലെ ക്രിസ്തുവിനെ മറച്ചുകളയും. നമ്മുടെ പ്രശസ്തി നമ്മിലെ ക്രിസ്തുവിനെ മറച്ചുകളയും. നമ്മുടെ സമ്പത്തു, നമ്മുടെ സൗന്ദര്യം, നാം വലുതെന്നു കരുതുന്ന പലതും നമ്മിലെ ക്രിസ്തുവിനെ മറ്റുള്ളവർ കാണാതിരിക്കാനുള്ള വിലങ്ങുതടികളാകും. കാരണം, നാം ബുദ്ധിയുള്ളവരാണെങ്കിൽ, സമ്പന്നരാണെങ്കിൽ ആളുകൾ നമ്മുടെസാമർത്യമായിരിക്കും കാണുക. നമ്മുടെ സമ്പത്തായിരിക്കും കാണുക.
എന്നാൽ, നമ്മൾ എളിയവരാകുമ്പോൾ, സ്നേഹവും നന്മയും ഉള്ളവരാകുമ്പോൾ, ക്രിസ്തു, അവിടുത്തെ ശക്തി നമ്മിലൂടെ പ്രകാശിതമാകും. വിശുദ്ധ സ്നാപകയോഹന്നാനെപ്പോലെ ഈ ഭൂമിയിലെ നമ്മുടെ ദൗത്യം നമുക്ക് തിരിച്ചറിയാം.

ക്രിസ്തുവിനെ നമ്മിലൂടെ ഈ ലോകത്തിനു വെളിപ്പെടുത്തുക എന്ന ദൗത്യം ഏറ്റവും ഭംഗിയായി നിർവഹിക്കുവാൻ നമ്മുടെ ജീവിതങ്ങളെ നമുക്ക് ഒരുക്കാം. സ്നാപകനെപ്പോലെ നമ്മുടെ ദൗത്യം നമുക്കും ധീരതയോടെ നിറവേറ്റാം. ആമേൻ!
Reblogged this on Nelson MCBS.
LikeLike