sunday sermon mt 4, 1-11

നോമ്പുകാലം ഒന്നാം ഞായർ

മത്താ 4,1 – 11

സന്ദേശം

Image result for mt 4, 1-11

2021-ലെ അമ്പതുനോമ്പിന്റെ ആദ്യ ഞായറാഴ്ചയിലേക്കു പ്രവേശിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. നൊന്തുസ്നേഹിക്കുക എന്നർത്ഥമുള്ള നൊയ് +അൻപ് എന്ന രണ്ടു വാക്കുകൾ ചേർന്നതാണ് നോമ്പ്, അല്ലെങ്കിൽ നോയമ്പ്. അമ്പതു നോമ്പ് സമുചിതമായി ആചരിക്കുവാനും, ചില സ്വഭാവരീതികളിൽ നിന്നും, ഭക്ഷണങ്ങളിൽനിന്നും അകന്നു നിൽക്കാനും, ഉപവാസത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും പ്രാർത്ഥനയിലൂടെയും നമ്മെ ത്തന്നെ വിശുദ്ധീകരിക്കുവാനും ഉള്ള ഉറച്ച തീരുമാനങ്ങളുമായിട്ടാകണം നാമെല്ലാവരും ഇന്ന് വിശുദ്ധ കുർബാനയ്ക്ക് അണഞ്ഞിരിക്കുന്നത്. ജീവിതത്തെ സഹോദരസ്നേഹംകൊണ്ട് നിറയ്ക്കാനും, പരസ്പരം ക്ഷമിച്ചുകൊണ്ടു ദൈവത്തിന്റെ മുഖമുള്ളവരായി ജീവിക്കുവാനും, നമുക്കുള്ളത് മറ്റുള്ളവർക്ക് പങ്കുവയ്ക്കാനും ശ്രമിച്ചുകൊണ്ട് നൊന്ത് സ്നേഹിക്കാനുള്ള ഉറച്ച തീരുമാനങ്ങൾ നാം ഈ ബലിയിൽ സമർപ്പിക്കുന്നുണ്ട്. നമ്മുടെ ഈ തീരുമാനത്തെയും നമ്മെ ഓരോരുത്തരെയും ക്രിസ്തു ഇപ്പോൾ അനുഗ്രഹിക്കുന്നുണ്ട്. അവിടുത്തെ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ ദൈവവചന സന്ദേശത്തിലേക്ക്   നമുക്ക് പ്രവേശിക്കാം.

നോമ്പുകാലത്തിന്റെ ആദ്യ ഞായറാഴ്ച്ച ഈശോയുടെ മരുഭൂമിയിലെ പരീക്ഷയാണ് ദൈവവചനം വിവരിക്കുന്നത്. നോമ്പുകാലത്തിന്റെ ഈ ആദ്യ ഞായറാഴ്ച്ചത്തെ സന്ദേശം, ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ, പ്രലോഭനങ്ങളിൽ നിന്നകന്ന് നൊന്തുസ്നേഹിക്കുവാൻ പഠിക്കുക എന്നതാണ്.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെ മരുഭൂമി വാസവും, ഉപവാസവും, പരീക്ഷകന്റെമേൽ അവിടുന്ന് നേടുന്ന വിജയവും സമാന്തരസുവിശേഷങ്ങൾ മൂന്നും രേഖപ്പെടുത്തിയിട്ടുള്ളതാണ്. “ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു. സാത്താനാൽ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവൻ മരുഭൂമിയിൽ വസിച്ചു.” (മർക്കോ 1, 12 -13) എന്ന ചെറുവിവരണം മാത്രം മാർക്കോസ് സുവിശേഷകൻ നൽകുമ്പോൾ വിശുദ്ധ മത്തായിയും ലൂക്കായും വിശദമായ സംഭവ വിവരണമാണ് നൽകുന്നത്. മൂന്നുപേരും നാൽപതു ദിവസമാണ് ഈശോ മരുഭൂമിയിൽ ചിലവഴിച്ചത് എന്നും പറയുന്നുണ്ട്.

വിശുദ്ധഗ്രന്ഥത്തിൽ 40 എന്ന സംഖ്യക്ക് വളരെ പ്രാധാന്യമുണ്ട്. 40 ബൈബിളിൽ അർത്ഥങ്ങൾകൊണ്ടും, അനുമാനങ്ങൾകൊണ്ടും സമ്പന്നമായ ഒരു സംഖ്യയാണ്. ബൈബിളിൽ 146 പ്രാവശ്യം 40 എന്ന സംഖ്യ ഉപയോഗിക്കുന്നുണ്ട്. 40 എന്ന സഖ്യക്ക് പരീക്ഷണകാലഘട്ടം, വിചാരണ ചെയ്യപ്പെടുന്ന സമയം, രൂപാന്തരത്തിലൂടെ ശക്തിപ്പെടുന്ന കാലം എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. ഇത് മനുഷ്യജീവിതത്തിന്റെ വളരെ പ്രത്യേകമായ ഒരു കാലഘട്ടത്തെ യാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യമായി ഈ സംഖ്യയെ നാം കാണുന്നത് നോഹയുമായി, പെട്ടകവുമായി ബന്ധപ്പെട്ടാണ്. അവിടെ നാൽപ്പതു ദിനരാത്രങ്ങൾ പെട്ടകം ഒഴുകി നടന്നു എന്നാണ് വചനം പറയുന്നത്. ദൈവം ഒരുക്കിയ ഒരു സമൂഹം … ദൈവത്തിന്റെ കല്പനയനുസരിച്ചു എല്ലാം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യർ … അവരോടു ചേർന്ന് നിൽക്കുന്ന പക്ഷി മൃഗജാലങ്ങൾ… വളരെ മനോഹരമായ ഒരു ആവാസ വ്യവസ്ഥ! “ദൈവം ഇടപെടും” എന്ന ഉറച്ച വിശ്വാസത്തിൽ ജീവിക്കുകയാണ് അവർ. പരീക്ഷണത്തിന്റെ, പരിപാലനയുടെ ഇത്തരത്തിലുള്ള ജീവിതമായിരുന്നു ഇസ്രായേൽ ജനത്തിന് നാൽപ്പതു ദിനരാത്രങ്ങൾ. ഇങ്ങനെ 40 ദിനരാത്രങ്ങൾ കടന്നുപോയപ്പോൾ അവരുടെ ജീവിതത്തിൽ സംഭവിച്ചത് അത്ഭുതമായിരുന്നു. അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ മഴവില്ലു വിരിഞ്ഞു.

മോസസ് 40 വർഷമാണ് ഈജിപ്തിൽ കഴിഞ്ഞത്. സീനായ് മലയിൽ അദ്ദേഹം 40 രാത്രിയും പകലും ചിലവഴിക്കുന്നുണ്ട്.  മോസസ് അയച്ച ചാരന്മാർ 40 ദിവസമാണ് കാനാൻ ദേശം നിരീക്ഷിച്ചു റിപ്പോർട്ട് കൊടുക്കുവാൻ എടുത്തത്. കാനാൻ ദേശം സ്വന്തമാക്കുന്നതിനു മുൻപ് 40 വർഷമാണ് ഇസ്രായേൽ ജനം അലഞ്ഞു നടന്നത്. ദൈവത്തിൽ വിശ്വസിച്ചും, ദൈവത്തെ ധിക്കരിച്ചും, പരീക്ഷിക്കപ്പെട്ടും അവർ അലയുകയായിരുന്നു. അത് ദൈവത്തിന്റെ അരുളപ്പാടുകളുടെ, ദൈവ ഇടപെടലുകളുടെ, ദൈവ നിഷേധത്തിന്റെ, യുദ്ധങ്ങളുടെ, ദാരിദ്ര്യത്തിന്റെ, ദാഹത്തിന്റെ, വിശപ്പിന്റെ, ദിനരാത്രങ്ങളായിരുന്നു. പക്ഷെ, അവസാനം കാനാൻദേശം അവരുടെ മുൻപിൽ മനോഹരമായ ഒരു ക്യാൻവാസുപോലെ തെളിഞ്ഞു നിൽക്കുകയാണ്.

ഭക്ഷണവും ജലവുമില്ലാതെ 40 ദിവസമാണ് ഏലിയാ പ്രവാചകൻ ഹോറെബ് മലയിൽ ജീവിച്ചത്. “40 ദിവസം കഴിയുമ്പോൾ നിനിവേ നശിപ്പിക്കപ്പടും” (യോനാ 3, 4) എന്ന് യോനാ ദൈവത്തിന്റെ അരുളപ്പാടു വിളിച്ചുപറഞ്ഞപ്പോൾ ആ നാല്പതുദിവസവും വലിയവരും ചെറിയവരുമായ നിനിവേ നിവാസികൾ, മനുഷ്യനും മൃഗവും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ചു. അവിടെ നാല്പതുദിവസം അവർക്ക് രക്ഷയായി തീർന്നു.

ഇന്നത്തെ സുവിശേഷത്തിൽ ഈശോ പരീക്ഷിക്കപ്പെടുന്നതിനായി 40 ദിവസമാണ് മരുഭൂമിയിൽ ചിലവഴിക്കുന്നത്. യഹൂദപാരമ്പര്യത്തിലെ 40 എന്ന സംഖ്യ ഇവിടെയും സൂചിപ്പിക്കപ്പെടുന്നതുവഴി ഈശോയുടെ മരുഭൂമിയിലെ പരീക്ഷയുടെ സ്വഭാവവും, യഹൂദ സംസ്കാരത്തിന്റെ തുടർച്ചയും നമുക്കിവിടെ കാണാവുന്നതാണ്.

ഈശോ എങ്ങനെയാണ് മരുഭൂമിയിലേക്ക് പ്രവേശിച്ചത് എന്ന് ചിന്തിക്കുന്നത് വലിയൊരു ധ്യാനമാണ്. ജലത്തിൽ മുങ്ങി നിവർന്നപ്പോൾ ആകാശത്തുനിന്ന് സ്നേഹം, ദൈവത്തിന്റെ ആത്മാവ് ഒരു വെള്ളരിപ്രാവായി ഈശോയെ പൊതിഞ്ഞു. സ്നേഹത്തിന്റെ വെണ്മേഘങ്ങളിൽ നിന്ന് ഒരു സ്വരം ഈശോ കേട്ടു: ‘ഇവൻ എന്റെ പ്രയപുത്രൻ’. ഈശോ ഒരു നിമിഷം കോരിത്തരിച്ചു നിന്ന് കാണണം. കാരണം താൻ ദൈവപിതാവിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു എന്ന ചിന്ത അവിടുത്തെ സന്തോഷിപ്പിച്ചിട്ടുണ്ടാകണം. തീർച്ചയായും പിതാവിനെ നോക്കി ഈശോ പുഞ്ചിരിച്ചിട്ടുണ്ടാകും! താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവത്താൽ നിറഞ്ഞാണ് ഈശോ ജലസ്നാനം കഴിഞ്ഞു മരുഭൂമിയിലേക്ക് നടന്നുപോകുന്നത്.

എന്താണ് മരുഭൂമി? കേവലം ഭൂമിശാസ്ത്ര പരമായി മരുഭൂമിയെ അറിഞ്ഞാൽ നമുക്ക് ഈ വചനഭാഗത്തിന്റെ സന്ദേശം മനസ്സിലാവുകയില്ല.

മരുഭൂമി, ഈ ലോകം തന്നെയാണ്. പ്രലോഭനങ്ങളുടെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ സ്ഥലമാണ് മരുഭൂമി. മരുഭൂമി ശൂന്യതയാണ്, അനന്തതയുടെ മരുഭൂമി നിരാശയുടെ ഭൂമിയാണ്. മരുഭൂമി നൽകുന്ന മരുപ്പച്ചകളും, പ്രതീക്ഷകളുമെല്ലാം ക്ഷണികമാണ്. മരുഭൂമിയുടെ എല്ലാ സ്വഭാവങ്ങളും നിറഞ്ഞതാണ് ഈ ലോകം. യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു എന്ന് പറയുമ്പോൾ ഈശോയെ ആത്‌മാവ്‌ ലോകത്തിലേക്കു നയിച്ചു എന്നാണു മനസ്സിലാക്കേണ്ടത്. പ്രലോഭനത്തിന്റെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ മരുഭൂമിയിൽ Basic instincts കളുടെ, അടിസ്ഥാനചോദനകളുടെ, സ്വാഭാവിക പ്രവണതകളുടെ വലിയ പ്രലോഭനങ്ങൾ ഈശോയെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. എന്നാൽ, താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവം പ്രലോഭങ്ങളുടെമേൽ ജയം നേടുവാൻ ഈശോയെ സഹായിക്കുകയാണ്. ഒന്നും ഈശോയെ പ്രലോഭിപ്പിക്കുന്നില്ല. പഞ്ചേന്ദ്രിയങ്ങൾക്കു സംതൃപ്തി നൽകുന്നതൊന്നും ഈശോയെ ഭ്രമിപ്പിക്കുന്നില്ല. അംഗീകാരങ്ങളും, സ്ഥാനമാനങ്ങളും, അലങ്കാരങ്ങളുമൊക്കെ ദൈവത്തിന്റെ പ്രിയപുത്രന്, ദൈവത്തിന്റെ എല്ലാമായി തീർന്നവന് എന്താണ്?

സ്നേഹമുള്ളവരേ, ദൈവത്തിന്റെ പുത്രിയും, പുത്രനും ആകുക, ദൈവത്തിന്റെ എല്ലാമാകുക, ആ അനുഭവത്തിലേക്ക് വളരുക എന്നതാണ് ഈ ലോകമാകുന്ന മരുഭൂമിയിൽ ജീവിക്കുവാൻ ആദ്യം നാം നേടിയെടുക്കേണ്ട നന്മ! അതിന് നാം സ്നാനത്തിലൂടെ കടന്നുപോകണം. എന്താണ് സ്നാനം? നൊന്തു സ്നേഹിക്കുക എന്നതാണ് സ്നാനം. സ്നേഹം വേദനാക്ഷമമാണ്. വേദനയില്ലാത്ത, ത്യാഗം ഇല്ലാത്ത സ്നേഹം പൊള്ളയാണ്. സഹനത്തിലൂടെ, സ്നേഹത്തിലൂടെ, ക്ഷമയിലൂടെ, മറക്കുക എന്ന നന്മയിലൂടെ, കടന്നുപോകുക എന്നതാണ് സ്നാനം. അപ്പോൾ ജീവിതത്തിന്റെ ഓരോ നിമിഷവും നാം ഈ സ്നാനത്തിലൂടെ കടന്നുപോകും. ജീവിതത്തിന്റെ ഓരോ നിമിഷവും ‘ഞാൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു’ എന്ന അനുഭവത്തിലൂടെ നാം കടന്നുപോകും. ഈ അനുഭവം പ്രലോഭനങ്ങളെ അതിജീവിക്കുവാൻ, മറ്റുള്ളവരുടെ ജീവിതത്തെ നന്മയുള്ളതാക്കുവാൻ, മറ്റുള്ളവർക്ക് ദൈവാനുഭവം നൽകാൻ, മരുഭൂമി തുല്യമായ ഈ ലോകത്തിൽ പറുദീസാ സൃഷ്ടിക്കുവാൻ നമ്മെ സഹായിക്കും.

2015 ൽ പുറത്തിറങ്ങിയ പ്രദീപൻ മുല്ലനേഴിയുടെ ഒരു മലയാളം സിനിമയുണ്ട്. “നമുക്കൊരേ ആകാശം” എന്നാണ് സിനിമയുടെ പേര്. സിനിമ തുടങ്ങുന്നത് അധികം സംസാരിക്കാത്ത, ചിരിക്കാത്ത, മുഖത്ത് എന്തോ ഭയം പ്രദർശിപ്പിക്കുന്ന ഉള്ളിൽ ആരോടും പറയാൻ പറ്റാത്ത എന്തോ ഒന്നുണ്ട് എന്ന് പ്രേക്ഷകന് തോന്നുന്ന ഒരു കുട്ടിയെ (കണ്ണൻ) അവതരിപ്പിച്ചുകൊണ്ടാണ്. അവന്റെ പിതാവ് അവനെ ലാൽജി എന്ന മനഃശാസ്ത്രഞ്ജന്റെ അടുത്തേക്ക് കൊണ്ടുപോകുകയാണ്, ചികിത്സിക്കുവാൻ. ലാൽജി കുട്ടിയോട് വളരെ സ്നേഹപൂർവ്വം പെരുമാറി അവന്റെ ഉള്ളിലുള്ളത് പുറത്തെടുക്കുവാൻ സഹായിക്കുകയാണ്. പിന്നെ ഫ്ലാഷ്ബാക്ക് ആയി കഥ പറയുകയാണ്.

കൂട്ടുകാരിൽ നിന്ന് റോഡിൽ വയ്ക്കുന്ന അള്ളിനെക്കുറിച്ചു അറിഞ്ഞ കണ്ണൻ, കൂട്ടുകാരെല്ലാം പോയിക്കഴിഞ്ഞപ്പോൾ അള്ളു റോഡിൽ വയ്ക്കുകയാണ്. ഉടനെ തന്നെ ഒരു കാർ വന്നു. അള്ളിന്റെ മുകളിലൂടെ ടയർ കയറി. അല്പദൂരം മാറി കാർ നിന്നു. കാറിൽ നിന്ന് ഒരു പ്രായമായ അങ്കിൾ ഇറങ്ങി വന്നു പൊട്ടിയ ടയർ നോക്കി ആകുലപ്പെട്ടു. കുട്ടിയും അവിടെ വരുന്നുണ്ട്. കാറിനുള്ളിലെ ആന്റിയെക്കണ്ടു അവനു വിഷമവും വരുന്നുണ്ട്. ആന്റിയെ ആശുപത്രിയിൽ കൊണ്ട് പോകുകയാണ് എന്ന് തന്റെ യാത്രയുടെ ഉദ്ദേശ്യം അയാൾ കുട്ടിയോട് പറയുന്നുണ്ട്. പുറകെ വന്ന ഒരു ലോറിക്കാരന്റെ സഹായത്തോടെ ടയർ മാറ്റിയിട്ടു അങ്കിൾ യാത്ര തുടർന്നു. കണ്ണൻ പിന്നാലെ സൈക്കിളിൽ ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ട്ടർ അങ്കിളിനോട് പറയുന്നത് കണ്ണൻ കേട്ടു. “കുറച്ചു നേരത്തെ എത്തിയിരുന്നെങ്കിൽ! ഒരു രണ്ട് മണിക്കൂറായിക്കാണും…” വെള്ളത്തുണിയിൽ പൊതിഞ്ഞ ആന്റിയുടെ മൃതദേഹം കണ്ടു കണ്ണൻ കരഞ്ഞു. അവൻ അവിടെ നിന്ന് വീട്ടിലേക്കു ഓടി. പിന്നെ അവൻ ആരോടും മിണ്ടാതെയായി, സങ്കടത്തോടെ എപ്പോഴും ഒറ്റയ്ക്കിരിക്കും.

സംഭവം കേട്ടു കഴിഞ്ഞു മനഃശാസ്ത്രജ്ഞൻ കുട്ടിയ്ക്ക് കൊടുത്ത മരുന്ന്, ആ അങ്കിളിനോട് പോയി ക്ഷമ പറയുകയെന്നതായിരുന്നു. അങ്ങനെ കുട്ടിയും അവന്റെ അച്ഛനും കൂടി അങ്കിളിന്റെ അടുത്തെത്തി ക്ഷമ പറഞ്ഞു. അവരോർത്തു അങ്കിൾ ദേഷ്യപ്പെടുമെന്ന്. എന്നാൽ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അങ്കിൾ പറഞ്ഞു: “മോൻ വിഷമിക്കേണ്ട. ഞാൻ എന്റെ ഭാര്യയെ വീട്ടിൽ നിന്ന് എടുക്കുമ്പോൾ തന്നെ അവൾ മരിച്ചിരുന്നു. അതുകൊണ്ടു മോൻ ഒട്ടും വിഷമിക്കണ്ട. നീ പഠിച്ചു മിടുക്കനാകണം. മറക്കാനും, പൊറുക്കാനും, സാധിക്കുമ്പോഴല്ലേ, നാം മനുഷ്യരാവുക.” അപ്പോൾ മുതൽ കണ്ണൻ വീണ്ടും ചിരിച്ചു തുടങ്ങി. അവന്റെ ജീവിതത്തിലേക്ക് സന്തോഷം തിരികെയെത്തി.

നൊന്തു സ്നേഹിക്കുകയെന്ന സ്നാനത്തിലൂടെ നമ്മെത്തന്നെ കടത്തിവി ട്ട്, ഞാൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു എന്ന അനുഭവം ഉണ്ടായാലേ, മറ്റുള്ളവരിലേക്കും ആ അനുഭവം പകർന്നുകൊടുക്കാൻ നമുക്ക് സാധിക്കുകയുള്ളു.

നാമും നാൽപ്പതു ദിവസത്തിന്റെ, അമ്പതു ദിവസത്തിന്റെ, ഞായറാഴ്ചകൾ മാറ്റി നിർത്തിയാൽ നാല്പത്തിരണ്ടു ദിവസത്തിന്റെ നോമ്പിലേക്കു, ഉപവാസത്തിലേക്കു പ്രവേശിക്കുകയാണ്. മരുഭൂമി തുല്യമായ ലോകജീവിതത്തെക്കുറിച്ചു, ബോധ്യമുള്ളവരാകാൻ, പ്രലോഭനങ്ങളെക്കുറിച്ചു, അതിന്റെ സാഹചര്യങ്ങളെക്കുറിച്ചു ശ്രദ്ധയുള്ളവരാകുവാനും, ദൈവത്തിന്റെ അരുളപ്പാടിന് ചെവികൊടുക്കുവാനും, ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെയെന്നു പറഞ്ഞു ജീവിക്കാൻ പഠിക്കാനും, ദൈവത്തിന്റെ എല്ലാമാണ് ഞാൻ എന്ന അനുഭവത്തിലേക്ക് പ്രവേശിക്കുവാനും നാം തുടങ്ങുകയാണ്.

സ്നേഹമുള്ളവരെ, ഓർക്കുക, ജീവിതം പ്രലോഭനങ്ങൾ നിറഞ്ഞതാണ്. മരുഭൂമിപോലെ പറന്നു കിടക്കുന്ന അഹന്തയുടെ ആഘോഷങ്ങളിലേക്കാണ് ലോകം നമ്മെ ക്ഷണിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്ത് വിവരിക്കുന്ന മൂന്നു പ്രലോഭനങ്ങൾ അല്ല, മുപ്പതിനായിരം പ്രലോഭനങ്ങൾ ഓരോ നിമിഷവും നമ്മിലേക്ക്‌ കടന്നുവരും.

മനുഷ്യന്റെ അടിസ്ഥാന ചോദനയാണ് വിശപ്പ്. വിശപ്പുകൾ നമുക്ക് പലവിധമാണ്. ശരീരത്തിന്റെ വിശപ്പ്, രതിയോടുള്ള വിശപ്പ്, മനസ്സിന്റെ പരിഗണിക്കപ്പെടാനുള്ള, സ്നേഹം കിട്ടാനുള്ള, അധികാരം നേടാനുള്ള, സമ്പത്ത് വാരിക്കൂട്ടുവാനുള്ള, വിശപ്പ്, സ്വാർത്ഥതയുടെ, അഹങ്കാരത്തിന്റെ, വൈരാഗ്യത്തിന്റെ വിശപ്പ്! അങ്ങനെ വിശപ്പുകളുടെ ഒരു കൂട്ടമാണ് നമ്മുടെ ജീവിതം. ഈ വിശപ്പുകളെ ശമിപ്പിക്കാൻ പലപ്പോഴും, എന്ത് സർക്കസും കാണിക്കാൻ നാം തയ്യാറാണ്. ആരുടെ കാലിൽ വീഴാനും തയ്യാർ. ആരെ ആരാധിക്കാനും റെഡി!

എന്താണ് പ്രലോഭനം? അത് നമ്മുടെ ജീവിതാവസ്ഥയോടു ചേർന്ന് നിൽക്കുന്നതാണ്. ഓരോരുത്തർക്കും പലതാണ് പ്രലോഭനങ്ങൾ. നമ്മുടെ ജീവിതാവസ്ഥയോടു ചേരാത്ത ഘടകങ്ങളോട് നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ് പ്രലോഭനം. അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തി കടന്നുപോകുന്ന പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുകളാകാം.

നൊന്തു സ്‌നേഹിക്കാൻ പഠിച്ചാൽ, ജീവിതത്തിന്റെ ഓരോ നിമിഷവും സ്നാനങ്ങളിലൂടെ കടന്നുപോകാനും, ഞാൻ ദൈവത്തിന്റെ എല്ലാമാണ് എന്ന അനുഭവത്തിൽ ആയിരിക്കുവാനും, പ്രലോഭനങ്ങളെ അതിജീവിച്ചു വിശുദ്ധമായി ജീവിക്കുവാനും നമുക്ക് സാധിക്കും. നമ്മുടെ ഭാരങ്ങൾ കുറയ്ക്കാനും, മറ്റുള്ളവരുടെ ഭാരങ്ങൾ കുറയ്ക്കാൻ സഹായിക്കാനും, അവരുടെ ജീവിതത്തിൽ ഉത്ഥാനത്തിന്റെ സന്തോഷം ഉണ്ടാകുവാനും ശ്രമിക്കുമ്പോൾ നാം നൊന്തുസ്നേഹിക്കുകയായിരിക്കും.

സമാപനം

സ്നേഹമുള്ളവരേ, ഈ നോമ്പുകാലം ദൈവം നമുക്ക് നൽകിയിരിക്കുന്ന വലിയ അനുഗ്രഹമാണ്, അവസരമാണ്, നമ്മുടെ

Image result for new man in Holy Spirit

ജീവിതത്തെക്കുറിച്ചു അറിയുവാൻ, പഴയ മനുഷ്യനെ കളഞ്ഞു പുതിയ മനുഷ്യനായി തീരുവാൻ, നൻമ ചെയ്യുവാൻ ഉള്ള അവസരം. നമ്മുടെ ക്രൈസ്തവ പാരമ്പര്യത്തിൽ കുരിശു വര തിരുനാളിന്, വിഭൂതി തിരുനാളിന്, മുൻപുള്ള ഞായറാഴ്ച്ച പേത്തുർത്ത ഞായർ എന്നാണു അറിയപ്പെടുന്നത്. തിരിഞ്ഞുനോക്കൽ എന്നാണ് ഈ വാക്കിന്റെ അർഥം. അനുതാപത്തിനും, അനുരഞ്ജനത്തിനുമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന സമയമാണ് നോമ്പുകാലം എന്ന് ഓർമിപ്പിക്കുകയാണ് പേത്തുർത്തയുടെ ഉദ്ദേശ്യം. പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി, നൊന്തു സ്നേഹിക്കാൻ പറ്റാതിരുന്നതുവഴി വന്നുപോയ വീഴ്ചകൾക്ക് പരിഹാരം ചെയ്‌ത്‌, ബന്ധങ്ങളിലെ വിള്ളലുകൾ നേരെയാക്കി ക്രിസ്തുവിൽ നവീകരിക്കപ്പെട്ടവരാകുക എന്ന വലിയ ഓർമപ്പെടുത്തലാണ് പേത്തുർത്ത. നമ്മുടെ വസ്ത്രങ്ങൾ പഴകിയതാണ്. പുതിയ വസ്ത്രം ധരിച്ചു ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാനുള്ള സമയം വന്നിരിക്കുന്നു. അതിനുള്ള തയ്യാറെടുപ്പാകട്ടെ ഈ അമ്പതു നോമ്പുകാലം. ആമേൻ!