നോമ്പുകാലം മൂന്നാം ഞായർ
മത്താ 20,17 – 28
സന്ദേശം

ക്രിസ്തുസുവിശേഷത്തിന്റെ സാമൂഹിക, രാഷ്ട്രീയ ദർശനത്തിലേക്ക്, മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ക്രൈസ്തവർ പിന്തുടരേണ്ട ദർശനത്തിലേക്ക് വിരൽ ചൂണ്ടുന്ന സുവിശേഷവുമായാണ് അമ്പതു നോമ്പിന്റെ മൂന്നാം ഞായറാഴ്ച നമ്മുടെ മുൻപിൽ നിൽക്കുന്നത്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ പ്രലോഭനങ്ങളിൽ നിന്നകന്ന് നൊന്തുസ്നേഹിക്കുവാൻ പഠിക്കണമെന്നും, ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കണമെന്നും കഴിഞ്ഞ രണ്ടു ഞായറാഴ്ചയിലൂടെ നമ്മെ പഠിപ്പിച്ചശേഷം, മനുഷ്യന്റെ സാമൂഹിക ജീവിത പരിണാമത്തിന്റെ ചലനക്രമങ്ങളിലേക്കും വ്യാപിച്ചുനിൽക്കേണ്ട ഒന്നാണ് ക്രിസ്തുസവിശേഷമെന്ന പുരോഗമനപരവും ഒപ്പം അദ്ധ്യാത്മികവുമായ ചിന്തയിലേക്കാണ് ഈ മൂന്നാം ഞായറാഴ്ച്ച നമ്മെ ക്ഷണിക്കുന്നത്.
ക്രിസ്തുവിനു പതിനെട്ടു നൂറ്റാണ്ടുകൾക്കുശേഷം ജീവിച്ച കാറൽ മാർക്സിന്റെ “മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രം വർഗ സമരങ്ങളുടെ ചരിത്ര”മാണെന്ന വിലയിരുത്തലിനെ വിപ്ലവകരമെന്ന് ലോകം വിശേഷിച്ചപ്പോൾ, അതിന്റെ അലയൊലിയിൽ മുങ്ങിപ്പോയത് ക്രിസ്തുവിന്റെ എന്നും എപ്പോഴും വിപ്ലവകരമായി നിലനിൽക്കുന്ന ചരിത്ര വിലയിരുത്തലായിരുന്നു. എന്താണാ വിലയിരുത്തൽ? മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രം വർഗസമരങ്ങളുടെയല്ല, മനുഷ്യ ശുശ്രൂഷയുടെ, മറ്റുള്ളവർക്കുവേണ്ടി മോചനദ്രവ്യമാകുന്നതിന്റെ ചരിത്രമാണ് എന്ന വിലയിരുത്തലാണ് ചരിത്രപുസ്തകത്തിന്റെ താളുകളുടെ മാർജിനിലേക്ക് തള്ളപ്പെട്ടത്. നിർഭാഗ്യവശാൽ, ലോകചരിത്രം രക്തത്തിന്റെയും, അധികാരത്തിന്റെയും, അധികാര പ്രമത്തതയുടെയും പടയോട്ടങ്ങളുടേതുമായി ചുരുങ്ങിപ്പോയി. എന്നാൽ, ലോകചരിത്രം ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് നെയ്തപ്പെട്ട മനോഹരമായ ഒരു വസ്ത്രമാണ് എന്ന് ഇന്നും ക്രിസ്തു പ്രഘോഷിക്കുകയാണ്. ഇതാണ് ഇന്നത്തെ സുവിശേഷ സന്ദേശം.
വ്യാഖ്യാനം
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള മൂന്നു പ്രവചനങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തേതിലും, ഇന്ന് നാം വായിച്ചുകേട്ട മൂന്നാം പ്രവചനത്തിലും ഈശോ ജെറുസലേമിലേക്കു പോകുന്നതിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. സുവിശേഷങ്ങൾ, പ്രത്യേകിച്ച് സമാന്തര സുവിശേഷങ്ങളായ മത്തായി, മാർക്കോസ്, ലൂക്ക സുവിശേഷങ്ങൾ, ക്രിസ്തുവിന്റെ ജീവിതത്തെ, ജീവിതലക്ഷ്യത്തെ ജെറുസലേം കേന്ദ്രമാക്കിയാണ് അവതരിപ്പിക്കുന്നത്.
ജറുസലേമിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുവാനുള്ള രക്ഷാകരചരിത്രത്തിന്റെ രത്നചുരുക്കമാണ് ഈശോയുടെ വിവരണം. അവിടെ അത്താഴമേശയിലെ സൗഹൃദമുണ്ട്; ചതിയുണ്ട്, മുപ്പതുവെള്ളിക്കാശിന്റെ കച്ചവടമുണ്ട്, പീഡാസഹനമുണ്ട്, കാൽവരിയുണ്ട്, മരണമുണ്ട്, മരണശഷമുള്ള ഉത്ഥാനമുണ്ട്. എന്നാൽ, കൈയെത്തും ദൂരത്തുള്ള കാൽവരി യുടെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ, മരണത്തിന്റെ മണമുള്ള കാറ്റിലും, കുരിശിന്റെ നിഴലിലും നിൽക്കുമ്പോൾ, മനുഷ്യൻ, അത് ആരുമാകട്ടെ. സെബദീപുത്രന്മാരാകാം, അവരുടെ മാതാപിതാക്കളാകാം, ശിഷ്യരാകാം, നിങ്ങളാകാം, ഞാനാകാം, ആരുമാകട്ടെ, മനുഷ്യൻ ചിന്തിക്കുന്നത് സ്ഥാനമാനങ്ങളെക്കുറിച്ചാണ്, അധികാരത്തെക്കുറിച്ചാണ്, കാമക്രോധമോഹങ്ങളെക്കുറിച്ചാണ്. അവളും, അവനും അപ്പോഴും സ്വപ്നം കാണുന്നത് സ്വന്തം ഉയർച്ചയെക്കുറിച്ചാണ്; സ്വന്തം നേട്ടത്തെക്കുറിച്ചു മാത്രമാണ്!
ഇതാണ് മനുഷ്യജന്മത്തിലെ വിരോധാഭാസം! അതുകൊണ്ടാണ് നരശാസ്ത്രജ്ഞന്മാർ പറയുന്നത് ‘മനുഷ്യൻ ജനിതകമായിത്തന്നെ അക്രമാസക്തരും സ്വാർത്ഥമതികളു’മാണെന്ന്! മനുഷ്യന് എപ്പോഴും ഒരു counter മനഃസ്സാക്ഷിയുണ്ടെന്നു തോന്നുന്നു! പഞ്ച നക്ഷത്ര ഹോട്ടലിലിരുന്ന് മനുഷ്യൻ തെരുവിൽ അലയുന്നവരെപ്പറ്റി ചർച്ച ചെയ്യും. Ac പള്ളികളിലിരുന്ന് ചുട്ടുപൊള്ളുന്ന വെയിലിൽ പണിയുന്നവർക്കുവേണ്ടി പ്രാർത്ഥിക്കും. അപകടങ്ങൾ നടക്കുമ്പോഴും, ആൾക്കൂട്ടക്കൊലപാതകങ്ങൾ അരങ്ങേറുമ്പോഴും മനുഷ്യന്റെ ചിന്ത അത് ആസ്വദിക്കുവാനായിരിക്കും, അത് മൊബൈലിൽ ഒപ്പിയെടുത്തു ആഘോഷിക്കുവാനായിരിക്കും. അപ്പൻ മരിച്ചാലും കുടിക്കും, കുഞ്ഞു ജനിച്ചാലും കുടിക്കും. ഭർത്താവ് മരിച്ചിട്ടായാലും വേണ്ടില്ല എനിക്ക് പുതിയ സാരി വാങ്ങിക്കണം. എന്നിങ്ങനെയാണ് മനുഷ്യന്റെ സ്വാർത്ഥതയുടെ മോഹനിയാട്ടങ്ങൾ!

ഇത്തരം counter മനഃസ്സാക്ഷി ക്രൈസ്തവോചിതമല്ലെന്നും, ക്രിസ്ത്യാനിയുടെ mind set വളരെ വ്യത്യസ്തമായിരിക്കണമെന്നും ഈശോ ഇന്നത്തെ സുവിശേഷത്തിലൂടെ നമ്മെ പഠിപ്പിക്കുകയാണ്. മാത്രമല്ല, ഇത്തരമൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഉദാത്തമായ, മനോഹരമായ ഒരു ദർശനം, ജീവിത കാഴ്ചപ്പാട് ഈശോ നൽകുകയാണ്. എന്റെ ശിഷ്യരേ, നിങ്ങൾ വിജാതീയരെപ്പോലെ ആകരുത്. അവരെങ്ങനെയാണ്? അവർ counter മനഃസ്സാക്ഷിക്കാരാണ്. കുരിശിന്റെ നിഴലിൽ നിന്ന് അധികാരത്തിന്റെ ചെങ്കോലിനെ പറ്റി സംസാരിക്കുന്നവരാണ്. കുരിശിൽ പ്രാണൻ പിടയുന്ന കരച്ചിലിനിടയിലും അധികാരത്തിന്റെ വസ്ത്രം പങ്കിടുന്നവരാണ് അവർ. പക്ഷെ നിങ്ങളുടെ കാഴ്ചപ്പാട്, ജീവിത ദർശനം ഇങ്ങനെയായിരിക്കണം: ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് പുതിയ ലോകത്തെ നെയ്യുന്നവരാകണം നിങ്ങൾ. കാരണം, ക്രിസ്തു ഈ ഭൂമിയിൽ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്ക് മോചനദ്രവ്യമായി തന്നെത്തന്നെ നൽകുവാനാണ്.
സ്നേഹമുള്ളവരേ, ഈശോയുടെ ജീവിതത്തിന്റെ സ്വഭാവം ശുശ്രൂഷയാണ്; സഹനമാണ്; ത്യാഗമാണ്; അന്ധകാരത്തിന്റെ, തിന്മയുടെ, അമർഷത്തിന്റെ, അധികാരപ്രമത്തതയുടെ അടിമത്തത്തിൽ കഴിയുന്നവർക്കുവേണ്ടിയുള്ള മോചനദ്രവ്യമാണ്. സെബദീപുത്രന്മാരുടെ അമ്മയുടെ മനോഭാവം, പത്തു ശിഷ്യന്മാരുടെ അമർഷം, വിജാതീയരുടെ ഭരണകർത്താക്കളുടെ യജമാനത്വം – ഇവയെല്ലാം ലോകത്തിന്റെ രീതികളാണ്. ക്രിസ്തുവിന്റെ കാഴ്ചപ്പാട്, ജീവിത ദർശനം ഇതിനൊക്കെ കടകവിരുദ്ധമാണ്. വലിയവനാകാതെ ശുശ്രൂഷകനാകാൻ, ഒന്നാമനാകാതെ ദാസനാകാൻ, ശുശ്രൂഷിക്കപ്പെടാതെ ശുശ്രൂഷിക്കാൻ, മറ്റുള്ളവരെ അടിമകളാക്കാതെ അവർക്കുവേണ്ടി ജീവൻ കൊടുക്കാൻ -ഇതൊക്കെയാണ് ക്രിസ്തുവിന്റെ രീതികൾ. ഈ ക്രിസ്തുവിനെ കേന്ദ്രീകരിച്ചാകണം ഇനി നമ്മുടെ ജീവിതം.
ഗോത്രവർഗ കാലഘട്ടം മുതൽ, നവീന ശിലായുഗം, അടിമത്തകാലഘട്ടം, ഫ്യൂഡലിസം, മുതലാളിത്വം, ഇപ്പോൾ നാം എത്തിനിൽക്കുന്ന ജനാധിപത്യകാലം ഉൾപ്പെടെയുള്ള ലോകത്തിന്റെ രീതികൾ എന്നും അധികാര പ്രമത്തതയുടെയും, സ്വാർത്ഥതയുടെയുമാണെന്നതിന് ഉദാഹരണങ്ങൾ ആവശ്യമില്ല. വെട്ടിപ്പിടുത്തതിന്റെ രാഷ്ട്രീയം കളിക്കാത്തവർ ആരാണുള്ളത്?
എന്നാൽ നമ്മുടെ ഇടയിൽ ഇത്തരത്തിലുള്ള ഒരു ജീവിതരീതി ഒരു ജീവിതമേഖലയിലും ഈശോ ആഗ്രഹിക്കുന്നില്ല. ഈശോ പറയുന്നത് കേൾക്കൂ: “എന്നാൽ, നിങ്ങളുടെ ഇടയിൽ അങ്ങനെ ആകരുത്”. ഈ വചനം നമ്മെ അസ്വസ്ഥമാക്കുന്നുണ്ടോ? നമ്മുടെ ഹൃദയം പൊള്ളുന്നുണ്ടോ? ഉറക്കെ വിളിച്ചുപറയാൻ തോന്നുന്നുണ്ടോ? കർത്താവേ, ഞങ്ങളുടെ ഇടയിലും അങ്ങനെയാണ്. തോന്നണം. കാരണം, നമ്മുടെ ഇടയിലും അങ്ങനെയാണ്.
മാമ്മോദീസായിലൂടെ ക്രൈസ്തവരെല്ലാം ക്രിസ്തുവിന്റെ ശുശ്രൂഷയുടെ ദൗത്യമേറ്റെടുക്കുമ്പോൾ, വിവാഹമെന്ന കൂദാശയിലൂടെ ദമ്പതികൾ കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി ശുശ്രൂഷയുടെ അഭിഷേകം സ്വീകരിക്കുമ്പോൾ, വൈദികർ ശുശ്രൂഷാപൗരോഹിത്യം സ്വീകരിക്കുമ്പോൾ, സന്യാസിനീ സന്യാസികൾ അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നെ വൃതങ്ങളിലൂടെ ക്രിസ്തുവിന്റെ ശുശ്രൂഷ ഏറ്റെടുക്കുമ്പോൾ, ഈശോ പറയുന്നത് മക്കളേ, ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് പുതിയ ലോകത്തെ നെയ്യുന്നവരാകണം നിങ്ങൾ എന്നാണ്.
നമ്മുടെ ക്രൈസ്തവ ജീവിത മണ്ഡലങ്ങളിൽ ഒരു ഉടച്ചുവാർക്കൽ, തകിടം മറിക്കൽ, എന്നിട്ട് ഒരു പണിതുയർത്തൽ ആവശ്യമില്ലേ? സഭയുടെ പ്രേഷിതതലങ്ങളിൽ ശുശ്രൂഷയുടെ ലാളിത്യത്തിനുപകരം കോട്ടും ടൈയ്യും കെട്ടുന്ന, performance മാത്രം നോക്കുന്ന, profit മാത്രം ലക്‌ഷ്യം വയ്ക്കുന്ന ആധുനിക മാനേജുമെന്റ്, വാണിജ്യ ശൈലികൾ അമിതമായി കടന്നുവരുന്നില്ലേ? അസഹിഷ്ണതയുടെ “കടക്കൂ പുറത്ത്’ ആക്രോശങ്ങൾ ക്രിസ്തുവിന്റെ സഭയ്ക്കുള്ളിൽ നിന്നും കേൾക്കുന്നില്ലേ? അന്ന്, കാൽവരിയുടെ തൊട്ടടുത്തുനിന്ന് ഈശോ മരണത്തെപറ്റി പറഞ്ഞപ്പോൾ, ശിഷ്യന്മാർ സ്ഥാനമോഹങ്ങൾക്കു പുറകെയായിരുന്നു. ഇന്നും, കൊറോണ പോലുള്ള വൈറസുകൾ ജീവിതം തകർക്കുമെന്നറിഞ്ഞിട്ടും നാം പള്ളികൾക്കുവേണ്ടി ആക്രോശിക്കുകയാണ്; സമ്പത്തു വാരിക്കൂട്ടാനും, കെട്ടിടങ്ങൾ പണിതുയർത്താനും ഓടിനടക്കുകയാണ്; നിയമനിർമാണസഭകളിൽ അധികാരം കൊണ്ട് മത്ത് പിടിച്ചു കോമരം തുള്ളുകയാണ്. അധികാരം ഉറപ്പിക്കുവാൻ വൃത്തികെട്ട കളികൾ നടത്തുകയാണ്. സ്നേഹമുള്ളവരെ, പാപത്തിന്റെ ബന്ധനം നമ്മെ വരിഞ്ഞുമുറുക്കിയിട്ടും, മരണം പടിവാതിൽക്കൽ എത്തിയിട്ടും ക്രിസ്തുവിലേക്കു, ക്രിസ്തു ദർശനത്തിലേക്ക് തിരിയാൻ നാം മടികാണിക്കുന്നു.
സമാപനം
സ്നേഹമുള്ളവരേ, ഈ അമ്പതു നോമ്പിന്റെ ദിനങ്ങളിൽ ക്രിസ്തുവിന്റെ ശുശ്രൂഷയുടെ ദർശനം സ്വന്തമാക്കാൻ നമുക്കാകട്ടെ. അധികാരത്തിന്റേതായ ഒന്നും ഈശോയ്ക്കുണ്ടായിരുന്നില്ല എന്ന് നാം ഓർക്കണം. അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചത് രാജാവാകുവാനായിരുന്നില്ല. തികച്ചും കാരുണ്യംകൊണ്ടു മാത്രമാണ്

ഈശോ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. അവിടുന്ന് വെള്ളം വീഞ്ഞാക്കിയതും, അപ്പം വർധിപ്പിച്ചതും അധികാരഭ്രമം കൊണ്ടുമായിരുന്നില്ല. മനുഷ്യന്റെ ആവശ്യങ്ങളിൽ ഹൃദയം വേദനിച്ചതുകൊണ്ടും, മനുഷ്യന്റെ വിശപ്പ് മനസ്സിലാക്കിയതുംകൊണ്ടാണ്. ക്രിസ്തുവിനെപ്പോലെ നമുക്കും ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് പുതിയ ലോകത്തെ നെയ്യുന്നവരാകാം കാരണം, നമ്മുടെ ദൈവം, ക്രിസ്തു ഈ ഭൂമിയിൽ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്ക് മോചനദ്രവ്യമായി തന്നെത്തന്നെ നൽകുവാനാണ്. ആമേൻ!
Reblogged this on Nelson MCBS.
LikeLike