Maundy thursday/pesahavyaazham

പെസഹാവ്യാഴം 2021

Maundy Thursday Images, Stock Photos & Vectors | Shutterstock

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാമിന്ന് പെസഹാ തിരുനാൾ ആഘോഷിക്കുകയാണ്. അപ്പമെടുത്തു ഇതെന്റെ ശരീരമാകുന്നു വെന്ന് ഉച്ചരിച്ചപ്പോൾ ദൈവം അപ്പമായി മാറിയ, അപ്പം ദൈവമായി മാറിയ മഹാത്ഭുതം നടന്നതിന്റെ ഓർമ! രക്ഷാകര ചരിത്രത്തിന്റെ തോടും പുഴയും കൈവഴികളും ഒരു ബിന്ദുവിൽ, വിശുദ്ധ കുർബാന എന്ന ബിന്ദുവിൽ സംഗമിച്ചതിന്റെ ഓർമ!

നമുക്കറിയാവുന്നതുപോലെ, പഴയനിയമത്തിലെ പെസ്സഹായല്ല നാമിന്ന് ആചരിക്കുന്നത്. ഈജിപ്തിലെ ഫറവോയ്‌ക്കെതിരെ മോശയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനം നടത്തിയ ബഹുജനമുന്നേറ്റ സമരത്തിന്റെ അവസരത്തിൽ രക്ഷകനായ ദൈവം ഈജിപ്തുകാരെ ശിക്ഷിച്ചും, ഇസ്രായേൽക്കാരെ രക്ഷിച്ചും കടന്നുപോയതിന്റെ ആഘോഷത്തിൽ കഴിച്ച ആദ്യപെസഹായുടെ ഓർമയല്ല നാമിന്ന് ആചരിക്കുന്നത്. പകൽ മേഘസ്തംഭവും രാത്രി അഗ്നിത്തൂണുമായി ദൈവത്താൽ നയിക്കപ്പെട്ട ഇസ്രായേൽ ജനം, സ്വദേശത്തുവച്ചും വിദേശത്തുവച്ചും, ആദ്യപെസഹായുടെ ഓർമയിൽ നടത്തിയ പെസ്സഹാകർമങ്ങളുടെ തുടർച്ചയുമല്ല നാം നടത്തുന്നത്. പിന്നെയോ, പുതിയ നിയമത്തിലെ സ്നേഹത്തിന്റെ പുതിയഭാഷ്യവുമായി ചരിത്രത്തിന്റെ നെഞ്ചിലൂടെ പെസഹാ നടത്തിയ ഈശോ – പെസഹാ എന്ന വാക്കിന് കടന്നുപോകൽ എന്നർത്ഥം – ചരിത്രത്തിന്റെ നെഞ്ചിലൂടെ കടന്നുപോയ ഈശോ, ലോകത്തിന്റെ ജീവനുവേണ്ടി തന്റെ ശരീരവും രക്തവും നൽകിക്കൊണ്ട് വിശുദ്ധ കുർബാന യായിത്തീർന്നതിന്റെ ഓർമയാണ് ഈ പെസഹാ വ്യാഴാഴ്ച്ച നാം ആഘോഷിക്കുന്നത്.  

ഓർമകളുണ്ടായിരിക്കണമെന്നത് വെറുമൊരു സിനിമാപ്പേര് മാത്രമല്ലല്ലോ! ഓർമകളിലൂടെയാണ് മരിച്ചവർപോലും നമ്മിൽ ജീവിക്കുന്നത്. ഓർമകളാണ്, സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, തോൽവിയുടെ, വിജയത്തിന്റെ, കാരുണ്യത്തിന്റെ ഓർമകളാണ്, ജീവിക്കുവാൻ നമുക്ക് ഊർജം നൽകുന്നത്. കഴിഞ്ഞകാലങ്ങളിലെ നമ്മുടെ ജീവിതത്തിൽ നാം പോലുമറിയാതെ ദൈവം കൈ പിടിച്ചു നടത്തിയതിന്റെ ഓർമകളാണ്, നാം പോലുമറിയാതെ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിൽ ഇടപെട്ടതിന്റെ ഓർമകളാണ് നമ്മെ എളിമയുള്ളവരാക്കുന്നതും, ക്രിസ്തു ദൈവമാണെന്നും, ആ ദൈവം രക്ഷകനാണെന്നും ഏറ്റുപറയുവാൻ നമ്മെ പ്രാപ്തരാക്കുന്നതും. ഓർമകളാണ് നാം പറയുന്നതിനും, ചെയ്യുന്നതിനും, ആചരിക്കുന്നതിനുമെല്ലാം അർഥം നൽകുന്നതും, പ്രസക്തി നൽകുന്നതും.  

ഓർമകളുണ്ടായിരിക്കണം നമുക്ക്, ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതും, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ സ്നേഹിച്ചതും ദൈവം അപ്പമായി മാറിയ, അപ്പം ദൈവമായി മാറിയ ഈ മുഹൂർത്തത്തിനുവേണ്ടിയായിരുന്നില്ലേ? ഓർമകളുണ്ടായിരിക്കണം നമുക്ക്,അവിടുന്ന് മനുഷ്യനായി പിറന്നതും, വചനം പ്രഘോഷിച്ചും, അത്ഭുതങ്ങൾ ചെയ്തു ജനത്തോടൊപ്പമായിരുന്നതും, ഈ മുഹൂർത്തത്തിനുവേണ്ടിയായിരുന്നില്ലേ? ഓർമകളുണ്ടായിരിക്കണം നമുക്ക്, ഒറ്റപ്പെടലിന്റെ വേദനകൾക്കിടയിലും ദൈവേഷ്ടം പൂർത്തിയാക്കുവാൻ സെഹിയോൻ ശാലയിലെ യാഗവേദിയിലേക്ക് നടന്ന മനുഷ്യപുത്രൻ

Maundy Thursday 2018: Wishes, Quotes, Whatsapp Status, Images & Meaning

കാൽകഴുകലിന്റെ അഗ്നിയൊരുക്കി വചനമന്ത്രങ്ങളുച്ചരിച്ച്, സ്വയം യാഗമായത് ഈ മുഹൂർത്തത്തിനുവേണ്ടിയായിരുന്നില്ലേ? ഓർമകളുണ്ടായിരിക്കണം നമുക്ക്. ഈ ഓർമകളുണ്ടെങ്കിൽ പെസഹാവ്യാഴാഴ്ചയുടെ ദൈവശാസ്ത്രം ക്രൈസ്തവന്റെ മനസ്സിൽ ഒരു മഴവില്ലുപോലെ വിരിഞ്ഞുനിൽക്കും. ഈ ഓർമകളുണ്ടെങ്കിൽ രക്ഷാകരചരിത്രത്തിന്റെ കേന്ദ്രം, ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രം വിശുദ്ധ കുർബാനയാണെന്ന് മനസ്സിലാക്കുവാൻ ക്രൈസ്തവന് ബുദ്ധിമുട്ടുണ്ടാകുകയില്ല. ജീവിതത്തിൽ വിശുദ്ധ കുർബാനയിലേക്ക്, കുർബാനയുടെ ചൈതന്യത്തിലേക്ക് ചുവടൊന്ന് മാറ്റിചവിട്ടുവാൻ ബുദ്ധിമുട്ടുണ്ടാകില്ല. പെസഹാ വ്യാഴം, വിശുദ്ധ കുർബാനയെ പ്രണയിക്കുവാൻ, വിശുദ്ധ കുർബാനയുടെ കണ്ണോടെ ജീവിതത്തെ ലോകത്തെ നോക്കിക്കാണുവാൻ നമ്മെ പഠിപ്പിക്കുകയാണ്.

രക്ഷാകര ചരിത്രത്തിൽ വംശാവലിയുടെ കേന്ദ്രം, ലക്‌ഷ്യം ക്രിസ്തുവാണെങ്കിൽ – വിശുദ്ധ മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായത്തിൽ ക്രിസ്തുവിന്റെ വംശാവലി തുടങ്ങുന്നത് ഇങ്ങനെയാണ്: “അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു… മാഥാൻ യാക്കോബിന്റെ പിതാവായിരുന്നു…യാക്കോബ് മറിയത്തിന്റെ ഭർത്താവായ യൗസേപ്പിന്റെ പിതാവായിരുന്നു. അവളിൽ നിന്ന് ക്രിസ്തു എന്ന് വിളിക്കപ്പെടുന്ന യേശു ജനിച്ചു. ഇങ്ങനെ അബ്രാഹം മുതൽ ദാവീദുവരെ പതിനാലും, ദാവീദുമുതൽ   ബാബിലോൺ പ്രവാസം വരെ പതിനാലും ബാബിലോൺ പ്രവാസം മുതൽ ക്രിസ്‌തുവരെ പതിനാലും തലമുറകളാണുള്ളത്.” (മത്താ 1, 1 -17) ഇവിടെ വംശാവലി അവസാനിക്കുകയാണ്. കാരണം, ക്രിസ്തുവാണ് ultimate -അവസാനകണ്ണി, എല്ലാത്തിന്റെയും പൂർത്തീകരണം! വംശാവലിയുടെ കേന്ദ്രം ക്രിസ്തുവാണ്.

വംശാവലിയുടെ കേന്ദ്രം ക്രിസ്തുവാണെങ്കിൽ, രക്ഷാകര ചരിത്രത്തിന്റെ കേന്ദ്രം, അവസാനകണ്ണി വിശുദ്ധ കുർബാനയാണ്. രക്ഷാകര ചരിത്രത്തിന്റെ പരിസമാപ്തി വിശുദ്ധ കുർബാനയിലാണ്‌. രക്ഷാകര ചരിത്രത്തിന്റെ തുടർച്ചയും വിശുദ്ധകുർബാനയിൽത്തന്നെ. ദൈവത്തിന്റെ കാരുണ്യത്തെ, കാരുണ്യത്തിലെ പരിപാലനയെ, പരിപാലനയിലെ സ്നേഹത്തെ, സ്നേഹത്തിലെ കരുതലിനെ അത്രമേൽ ലഹരിയോടും, സൗന്ദര്യത്തോടുംകൂടി വാറ്റി പാകപ്പെടുത്തി ആവിഷ്കരിച്ചിരിക്കുകയാണ് വിശുദ്ധ കുർബാനയിൽ. അതുകൊണ്ടാണ് പെസഹാവ്യാഴം ക്രൈസ്തവന്റെ ഏറ്റവും വലിയപെരുന്നാളാകുന്നത്. അപ്പോൾ നിങ്ങൾ ചോദിക്കും, പിന്നെന്തിനാണ് കുരിശുമരണം? പിന്നെന്തിനാണ് ഉത്ഥാനം? ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും വിശുദ്ധ കുർബാനയിൽ തുന്നിച്ചേർത്തിരിക്കുകയല്ലേ? അതുകൊണ്ടാണ് ലത്തീൻ റീത്തുകാർ വിശുദ്ധ കുർബാനയിലെ കൂദാശാവചനത്തിനുശേഷം, ‘വിശാസത്തിന്റെ ഈ രഹസ്യം നമുക്ക് പ്രഖ്യാപിക്കാം’ എന്ന് വൈദികൻ പറയുമ്പോൾ, “അങ്ങ് വീണ്ടും വരും വരെ മരണത്തിന്റെ, ഉത്ഥാനത്തിന്റെ ഈ രഹസ്യം ഞങ്ങൾ പ്രഘോഷിക്കുന്നു”വെന്ന് മറുപടിയായി പറയുന്നത്.. സീറോമലബാർ റീത്തിന്റെ ആരാധനാക്രമദൈവശാസ്ത്രമനുസരിച്ചും വിശുദ്ധ കുർബാന ഈശോയുടെ പീഢാനുഭവ, മരണ ഉത്ഥാന രഹസ്യങ്ങളുടെ ആഘോഷമാണ്.

ഒന്ന് ഭാവന ചെയ്യൂ…ടിവി സ്‌ക്രീനിന്റെ പകുതി ഭാഗത്ത് ഈശോ അപ്പം മുറിക്കുകയാണ്. “ഇതെന്റെ ശരീരമാകുന്നു” എന്നും “ഇതെന്റെ രക്തമാകുന്നു” എന്നും പറഞ്ഞ് വിശുദ്ധ കുർബാനയാകുകയാണ് ഈശോ. സ്‌ക്രീനിന്റെ മറ്റേ പകുതിയിൽ സെഹിയോൻശാല വിട്ടിറങ്ങിയ ഈശോ കുരിശിൽ കിടക്കുകയാണ്. “ഏൽ   ഏൽ ലമാസബക്താനി, എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു?” എന്താണത്? ജീവിതവേദനയുടെ പാരമ്യത്തിൽ ഒരു സാധാരണ ഇസ്രായേൽക്കാരന്റെ പ്രാർത്ഥനയാണത്. ഉടനെ തന്നെ മറ്റൊരു പ്രാർത്ഥന പുറത്തുവരികയാണ്. മാതാവ് പഠിപ്പിച്ച പ്രാർത്ഥന ഈശോ ഓർക്കുകയാണ്. മാതാവ് മാത്രമല്ല, ഓരോ യഹൂദ സ്ത്രീയും തങ്ങളുടെ മക്കളെ പഠിപ്പിക്കുന്ന പ്രാർത്ഥനയാണിത്‌, ജീവിത പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട സമർപ്പണത്തിന്റെ മനോഭാവം! “എന്റെ പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.” പിന്നെ അവിടുന്ന് മിഴികളടച്ചു. ഈ രണ്ടു യാഥാർഥ്യങ്ങളും ഒരേ സംഭവങ്ങളാണ്. അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസുകാരോട് പറയുന്നത്: ‘നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോൾ അവിടുത്തെ കുരിശുമരണം പ്രഖ്യാപിക്കുകയാണ്.‘ (1 കോറി 11, 26)

പെസഹാ വ്യാഴാഴ്ച്ച ആഘോഷത്തിലൂടെ ദൈവത്തിന്റെ രക്ഷ, സാന്നിധ്യം ഇന്നും തുടിച്ചുനിൽക്കുന്നത് വിശുദ്ധ കുർബാനയിലാണ്‌ എന്ന് നാം പ്രഖ്യാപിക്കുകയാണ്. വിശുദ്ധ കുർബാന ക്രൈസ്തവന് വെറുമൊരു ആചാരമോ അനുഷ്ഠാനമോ അല്ല. അത് ജീവിതമാണ്, ജീവിത ബലിയാണ്, ജീവിതമൂല്യമാണ് ക്രൈസ്തവന്. വിശുദ്ധ കുർബാനയിൽ നിങ്ങളുടെയും, എന്റെയും ജീവിതത്തിന്റെ അടങ്ങാത്ത കടലിരമ്പങ്ങളുണ്ട്. പാവപ്പെട്ടവന്റെ വേദനയുണ്ടതിൽ; തകർന്ന കുടുംബങ്ങളുടെ തകരുന്ന ദാമ്പത്യങ്ങളുടെ മുറിപ്പാടുകളുണ്ടതിൽ. അക്രമത്തിന്റെ ആക്രോശങ്ങൾക്കിടയിൽ, വർഗീയതയുടെ അമർത്തലുകൾക്കിടയിൽ ചതഞ്ഞരയുന്ന ജീവിതങ്ങളുണ്ടതിൽ. ലഹരിയുടെ, രതിയുടെ, സ്വാർത്ഥതയുടെ ഭ്രാന്തിൽ പൊലിഞ്ഞുപോകുന്ന ബാല്യങ്ങളുടെ സ്ത്രീകളുടെ കരച്ചിലുകളുണ്ടതിൽ. അതിജീവനത്തിനായി സമരം ചെയ്യുന്ന ഭാരതത്തിലെ കർഷകരുടെ വിയർപ്പിന്റെ ഗന്ധമുണ്ടതിൽ. നിങ്ങളെയും എന്നെയും ചേർത്ത് നിർത്തുന്ന കാരുണ്യവാനായ ദൈവത്തിന്റെ സ്നേഹഭാവങ്ങളുണ്ടതിൽ. മഹാമാരികൾ വന്നാലും നമ്മെ സുഖപ്പെടുത്തുന്ന ദൈവം (പുറ 16,26), കണ്ണിലെ കൃഷ്ണമണിപോലെ നമ്മെ പരിപാലിക്കുന്ന ദൈവം (നിയമ 32, 10), പാവപ്പെട്ടവനും ദരിദ്രനായ എന്നെ കരുതുന്ന ദൈവം (സങ്കീ 40, 17), ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട് (ജെറ 1, 19) എന്ന് പറഞ്ഞു കൈ നീട്ടി എന്നെ രക്ഷിക്കുന്ന ദൈവം (മത്താ 14, 31) … അങ്ങനെ എന്നെ കാക്കുന്ന, കരുതുന്ന, എന്റെ ജീവിതവുമായി താദാത്മ്യപ്പെട്ടു നിൽക്കുന്ന ദൈവത്തിന്റെ മഹാസാന്നിധ്യമാണ്, സാന്നിധ്യത്തിന്റെ ആഘോഷമാണ് പ്രിയപ്പെട്ടവരേ വിശുദ്ധ കുർബാന. നമ്മുടെ ജീവിതവുമായി ഒട്ടിച്ചേർന്നു നിൽക്കുന്ന ഒരു ദൈവമാണ് വിശുദ്ധ കുർബാനയിൽ ഉള്ളത്. എന്താ സംശയമുണ്ടോ? സുവിശേഷങ്ങൾ തുറന്നു നോക്കുന്നോ…

വിശുദ്ധ മത്തായിയുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 9 മുതലുള്ള വാക്യങ്ങൾ. സിനഗോഗിൽ ഇതുപോലെ വചനം കേട്ടുകൊണ്ടിരുന്ന ജനങ്ങൾക്കിടയിൽ കൈശോഷിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. ഈശോ അവനോടു പറഞ്ഞു:” നിന്റെ കൈ നീട്ടുക. സുഖപ്പെടട്ടെ”. ആരും യേശുവിനോടു ചോദിച്ചില്ല. ആരും യേശുവിനോടു പറഞ്ഞില്ല. മനുഷ്യന്റെ വേദന അറിയുമ്പോൾ അവളുടെ / അവന്റെ വേദനകളുമായി താദാത്മ്യപ്പെടുകയാണ് ഈശോ!

വിശുദ്ധ യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തിൽ 38 വർഷമായി തളർവാതം പിടിപെട്ട് കിടക്കുന്ന ഒരു മനുഷ്യനെ നാം കാണുന്നുണ്ട്. ഈശോ അവനെ സമീപിക്കുകയാണ്. അവന്റെ അടുത്ത് ചെന്നിട്ട്, അവിടെ അയാളോടൊത്തു ഇരുന്നിട്ട്, ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുകയാണ്: ‘സുഖപ്പെടുവാൻ നിനക്ക് ആഗ്രഹമുണ്ടോ?’ ആ മനുഷ്യൻ അമ്പരക്കുകയാണ്. ജീവിതത്തിന്റെ അങ്ങേയറ്റത്തുപോലും ഇവനെങ്ങനെ ഒരു സാധ്യത ഭാവന ചെയ്തിട്ടില്ല. തന്റെ ദുരിതത്തെക്കുറിച്ചല്ലാതെ കണക്കുകൂട്ടലും അയാൾ നടത്തിയിട്ടില്ല. ഒരു സെക്കന്റുപോലും നഷ്ടപ്പെടുത്താതെ അയാൾ പറയുകയാണ്: ‘ഉവ്വ് കർത്താവേ.’ അവിടുന്ന് അവനെ സുഖപ്പെടുത്തുകയാണ്. ആരും യേശുവിനോട് പറഞ്ഞില്ല. ആരും യേശുവിനോടു ചോദിച്ചില്ല. ഒരു മെമ്മോറണ്ടംപോലും ആരും യേശുവിനുമുന്പിൽ വച്ചില്ല. മനുഷ്യന്റെ നോവ് മനസ്സിലാക്കി അവനിലേക്ക്‌ കടന്നുചെല്ലുകയാണ് ഈശോ.

2013 നവംബറിൽ മുഖത്തുൾപ്പെടെ ചെറുതും വലുതുമായ മുഴകൾ നിറഞ്ഞു മനുഷ്യരൂപമെന്നു തോന്നിക്കാൻ പോലും മനുഷ്യൻ, വിനീഷിയോ റിവാ വത്തിക്കാനിലെത്തി. ഫ്രാൻസിസ് പാപ്പായെ കാണുകയാണ് യാത്രോദ്ദേശ്യം. അദ്ദേഹത്തിന്റെ അസുഖത്തിന്റെ പേര് ന്യൂറോ ഫൈബ്രോ മറ്റോസിസ്. ദേഹം മുഴുവൻ മുഴകൾ. ഇപ്പോഴും ദേഹമാകെ ചൊറിയും. എന്നിട്ട് വെള്ളമൊലിക്കും; അതോടൊപ്പം രക്തവും. വിനീഷിയോയുടെ അകത്തെ വസ്ത്രങ്ങൾ എപ്പോഴും ചോരയിൽ കുളിച്ചിരിക്കും. വീൽ ചെയറിലിരുന്നാണ് അദ്ദേഹം പാപ്പായെ കാണാനെത്തിയത്. ജനങ്ങൾക്കിടയിലൂടെയുള്ള യാത്രയ്ക്കിടെ പാപ്പാ അദ്ദേഹത്തിന്റെ അരികിലെത്തി. പിന്നീട് സംഭവിച്ചത് ചരിത്രമായി. ഒരിക്കലും കണ്ടിട്ടില്ലാത്ത വികൃതമായ ആ മനുഷ്യരൂപത്തിന്റെ, മുന്തിരിക്കുലകൾപോലെ കുരുക്കൾ നിറഞ്ഞ ആ മുഖത്ത് പാപ്പാ ചുംബിച്ചു. ഇന്നത്തെ രാഷ്ട്രീയക്കാരെപ്പോലെയായിരുന്നില്ല. അഭിനയമില്ല. ഫോട്ടോഗ്രാഫർ മാരോട് നേരത്തെ പറഞ്ഞുവച്ചിട്ടില്ല. ഇലക്ഷൻ സമയത്തുകാണുന്ന കോപ്രായമല്ല. അയ്യേ, ഛേ എന്ന ഭാവങ്ങൾ മുഖത്ത് ഒട്ടുമില്ല. സ്നേഹം മാത്രം കരുണമാത്രം പാപ്പാ ഒട്ടും ധൃതി കാട്ടാതെ സ്നേഹോഷ്മളമായി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു ചുംബിച്ചു. അതിനുശേഷം വിനീഷിയോ റിവാ പറയുകയാണ്: ” എനിക്കിപ്പോൾ സന്തോഷമാണ്. ഭയമില്ല. അപകർഷതാബോധമില്ല. ദൈവം ഇന്നെന്നെ കെട്ടിപ്പിടിച്ചു.”

സ്നേഹമുള്ളവരേ, പെസഹാവ്യാഴം വിശുദ്ധ കുർബാനയിലേക്കു, വിശുദ്ധ കുർബാനയുടെ മനോഭാവത്തിലേക്ക് മിഴിതുറക്കുവാൻ നമ്മെ ക്ഷണിക്കുകയാണ്. വിശുദ്ധ കുർബാനയിലേക്ക് നമ്മുടെ ജീവിതത്തിന്റെ ചുവടുമാറ്റുവാൻ ഈ പെസഹാവ്യാഴം നമ്മെ പ്രേരിപ്പിക്കുകയാണ്. നമ്മുടെ ജീവിതവുമായി ഒട്ടിച്ചേർന്നു നിൽക്കുന്ന ദൈവത്തെ, വിശുദ്ധ കുർബാനയിലെ ക്രിസ്തുവിനെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുവാൻ നമുക്കാകണം. അതിന് രണ്ടു കാര്യങ്ങൾ അത്യന്താപേക്ഷിതമാണ്. ഒന്ന്, പാദക്ഷാളനം. രണ്ട്, അപ്പമായിത്തീരൽ.

ആദ്യത്തേത് പാദമാണ്. മനുഷ്യശരീരത്തിലെ അഴുക്കുമായി, മണ്ണുമായി പെട്ടെന്ന് തൊടുന്ന ചെറിയൊരു ഇടമാണ് പാദം. പാദം ഒരു പ്രതീകമാണ്. തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. ആ ഇടം കഴുകേണ്ടിയിരിക്കുന്നു. നീ കുളി കഴിഞ്ഞവനാണെങ്കിലും ആ ഒരിത്തിരി ഇടം അഴുക്കു പുരണ്ടതായിരിക്കും. കഴുകുകതന്നെ വേണം. ശരീരത്തിനെന്നപോലെ മനസ്സിനും പാദമുണ്ട്. തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. ജോഷ്വായുടെ പുസ്തകം ഏഴാം അധ്യായത്തിൽ ആഖാൻ   എന്ന വ്യക്തിയുടെ പാപത്തെക്കുറിച്ചു പറയുന്നുണ്ട്. നാം നല്ല വ്യക്തികളായിരിക്കാം, നല്ല മനസ്സിന് ഉടമകളുമായിരിക്കാം. എന്നാൽ, ഒരിത്തിരി ഇടം, സ്വാർത്ഥതയുടെ, സ്വരുക്കൂട്ടലിന്റെ ഒരു ഇത്തിരി ഇടം എന്റെ മനസ്സിന്റെ അഴുക്കുപിടിച്ച പാദമാണ്. കഴുകേണ്ടിയിരിക്കുന്നു. ഹൃദയത്തിനും പാദമുണ്ട്, തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. ദാവീദിന്റെ ജീവിതം ഓർക്കുക. എന്റെ നല്ല ഹൃദയത്തിലെ, രതിയുടെ, ലഹരിയുടെ, മദ്യപാനത്തിന്റെ, പുകവലിയുടെ ഒരിത്തിരി ഇടം. കഴുകേണ്ടിയിരിക്കുന്നു. കണ്ണിനും പാദമുണ്ട്, തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. കൈകൾക്കും പാദമുണ്ട്, തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. കഴുകേണ്ടിയിരിക്കുന്നു പ്രിയപ്പെട്ടവരേ. അപ്പോഴേ നാം വിശുദ്ധ കുർബാനയിലേക്ക് ജീവിതത്തിന്റെ ചുവടു മാറ്റിചവിട്ടുവാൻ പ്രാപ്തരാകുകയുള്ളു.

രണ്ടാമത്തേത് അപ്പം. മനുഷ്യന്റെ ജീവിതവുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന ഒന്നാണ് അപ്പം. ക്രൈസ്തവവിശ്വാസത്തിന്റെ ഏറ്റവും ഉദാത്തമായ ചൈതന്യമാണ് അപ്പമായിത്തീരുകയെന്നത്. കാരണം, നമ്മുടെ ജീവിതവുമായി താദാത്മ്യപ്പെടാൻ, ഒന്നായിത്തീരാൻ ഈശോ ആഗ്രഹിച്ചപ്പോൾ അവിടുന്ന് തിരഞ്ഞെടുത്തത് അപ്പമാണ്. അവിടുന്ന് അപ്പത്തിന്റെ രൂപത്തിലായി നമ്മോടു ഒന്നായിത്തീരാൻ, ക്രൈസ്തവജീവിതത്തിന്റെ ചൈതന്യം കാണിച്ചുതരാൻ, മറ്റുള്ളവർക്കായി ജീവിക്കേണ്ടത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കാൻ. അപ്പവും, പ്രിയപ്പെട്ടവരേ, പ്രതീകമാണിനി. വാത്സല്യത്തിന്റെ, പങ്കുവയ്ക്കലിന്റെ, ഔദാര്യത്തിന്റെ, കരുതലിന്റെ, മറ്റുള്ളവരുടെ വളർച്ചയ്ക്കായി ഇല്ലാതായിത്തീരുന്നതിന്റെ, സംതൃപ്തിയുടെ പ്രതീകം.

വിശുദ്ധ കുർബാനയുടെ ചൈതന്യത്തിനു വിപരീതമായ, ക്രൈസ്തവ ജീവിതത്തിന്റെ ഭംഗി കെടുത്തുന്ന വളരെ അപകടകരമായ ഒരു മനോഭാവം ഇന്ന് സാമൂഹ്യ മാധ്യമങ്ങൾവഴി പ്രചരിക്കുന്നുണ്ട്: ‘മറ്റുള്ളവർക്കുവേണ്ടി, കുടുംബത്തിനുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ജീവിക്കുന്നവർ വിഡ്ഢികളാണ്, ജീവിക്കാതെ മരിക്കുന്നവർ.’ ഈയിടെ കേട്ട ഒരു ധ്യാന പ്രസംഗത്തിലും ഇതേ വാക്കുകൾ വീണ്ടും കേൾക്കുകയുണ്ടായി. മാതാപിതാക്കളേ, മക്കൾക്കുവേണ്ടി ചന്ദനംപോലെ അരഞ്ഞു ഇല്ലാതായിട്ട് ഒരു കാര്യോം ഇല്ലാട്ടോ എന്ന് അദ്ദേഹത്തിന്റെ ശൈലിയിൽ അദ്ദേഹം പറഞ്ഞപ്പോൾ എന്റെ നെഞ്ച് തകർന്നു. വിശുദ്ധ കുർബാനയ്ക്കു നേരെയുള്ള കൊഞ്ഞനംകുത്തായിട്ട് അതെനിക്ക് തോന്നി. പെസഹാ വ്യാഴത്തിന്റെ ചൈതന്യത്തിനു നേരെ വിപരീതമായ സന്ദേശമാണിത്. പെസഹാ വ്യാഴം നമ്മോടു പറയുന്നത് ‘വിശുദ്ധ കുർബാനയിലെ ഈശോയെപ്പോലെ മറ്റുള്ളവർക്കുവേണ്ടി, കുടുംബത്തിനുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ജീവിക്കുന്നവർ മഹാത്മാക്കളാണ്, മരിച്ചിട്ടും ജീവിക്കുന്നവർ’ എന്നാണ്.

സ്നേഹമുള്ളവരേ, നാം ചുവടുമാറ്റി ചവിട്ടേണ്ടിയിരിക്കുന്നു. പാദങ്ങൾ കഴുകി, അപ്പമായിത്തീർന്ന്

Introduction to Maundy Thursday | Martin Luther Lutheran Church

നമ്മുടെ മനുഷ്യജീവിത സാഹചര്യങ്ങളിൽ വിശുദ്ധകുർബാന യാകേണ്ടിയിരിക്കുന്നു. നമ്മുടെ കുടുംബങ്ങളെ വീണ്ടെടുക്കാൻ, നമ്മുടെ ക്രൈസ്തവസഹോദരങ്ങളെ ക്രിസ്തുവിൽ നവീകരിക്കുവാൻ നാം വിശുദ്ധ കുർബാന യാകേണ്ടിയിരിക്കുന്നു. ഈ പെസഹാ വ്യാഴാഴ്‌ചത്തെ പ്രാർത്ഥനകളും, ആചാരങ്ങളും അതിനായി നമ്മെ സഹായിക്കട്ടെ. ആമേൻ!

sunday sermon-Palmsunday oshananjayar

ഓശാന ഞായർ

മത്താ 21, 1-11

Palm Sunday 2018 - Calendar Date

ദൈവത്തിലേക്കും സഹോദരനിലേക്കും പ്രകൃതിയിലേക്കുമുള്ള തീർത്ഥാടനമായ അമ്പത്   നോമ്പിന്റെ അവസാന ആഴ്ചയിലേക്കുള്ള പ്രവേശന കവാടമാണ് നാം ഇന്ന് ആചരിക്കുന്ന ഓശാന ഞായർ. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ബഹളത്തിലാണ് ഇത്തവണത്തെ ഓശാന ഞായർ നാം ആഘോഷിക്കുന്നത് എന്നത് ഈ തിരുനാളിന്റെ പ്രസക്തി വർധിപ്പിക്കുന്നുണ്ട്. അങ്ങ് ഡെൽഹീന്ന് നേതാക്കളെത്തി വലിയ വലിയ റോഡ് ഷോകളൊക്കെ നടത്തുന്നത് കാണുമ്പോൾ പലകാരണങ്ങളാൽ ചരിത്രത്തിൽ ഇടം പിടിച്ച ഒരു റോഡ് ഷോയുടെ അനുസ്മരണമാണ് ഓശാനഞായർ എന്നത് ചിന്തനീയമാണ്!

നമുക്കറിയാവുന്നതുപോലെ ഇന്നത്തെ റോഡ് ഷോകളുടെ ആർഭാടവും പത്രാസുമൊന്നും ആ റോഡ് ഷോയ്ക്കുണ്ടായിരുന്നില്ല. തുറന്ന ജീപ്പുകൾക്കും, സ്പോർട്സ് കാറുകൾക്കും പകരം കഴുതയായിരുന്നു ഈശോയുടെ വാഹനം. വഴിയിൽ കാത്തുനിൽക്കാൻ ജനത്തെ തയ്യാറാക്കി നിറുത്തിയിരുന്നില്ല. കൊടിതോരണങ്ങളൊന്നും കരുതിയിരുന്നില്ല. എഴുതിത്തയ്യാറാക്കിയ മുദ്രാവാക്യങ്ങളും ഇല്ലായിരുന്നു!

ഈശോ ജറുസലേമിലേക്ക് വളരെ സാധാരണമായി ഒരു കഴുതയുടെ പുറത്തു പ്രവേശിക്കുകയാണ്. ഇതുകണ്ട ജനം, എന്തോ ഒരു അത്ഭുതം നടന്നാലെന്നപോലെ, അതൊരു ഉത്സവമാക്കി മാറ്റുകയാണ്. റെഡ് കാർപറ്റിനുപകരം തങ്ങളുടെ വസ്ത്രങ്ങൾ, കൊടികൾക്കുപകരം മരച്ചില്ലകൾ, മുദ്രാവാക്യങ്ങൾക്കുപകരം ഈശോ ചെയ്ത അത്ഭുതങ്ങൾ, തങ്ങൾ എന്താണ് വിളിച്ചുപറയുന്നതെന്നുപോലും അറിയാതെ ഈശോയെ നീ ദാവീദിന്റെ പുത്രനാണെന്ന ഏറ്റുപറച്ചിലുകൾ, ഒരു രാജാവിനോടെന്നപോലെ, ഹോസാന, ഞങ്ങളെ രക്ഷിക്കണമേയെന്ന വിളികൾ! (മത്താ 21, 9) സുവിശേഷകന്മാർ ഒരേ സ്വരത്തിൽ പറയുന്നത്, ജനം മുഴുവൻ ആനന്ദത്തിലാറാടി, നഗരം മുഴുവൻ ഇളകിവശായി എന്നാണ്. (മത്താ 20, 10) അന്ന് റോഡ് ഷോകൾക്ക് അവാർഡ് ഉണ്ടായിരുന്നെങ്കിൽ ഒരു പരിസ്ഥിതി സൗഹൃദ അവാർഡ് ഈശോയുടെ ജറുസലേം പ്രവേശത്തിന് ലഭിക്കുമായിരുന്നു!

ഉയർത്തിപ്പിടിച്ച കുരുത്തോലകളും, ആലപിക്കുന്ന ഓശാനഗീതങ്ങളുമായി നാമിന്ന് ആചരിക്കുന്ന ഓശാനഞായർ ഇന്നത്തെ റോഡ് ഷോകൾപോലെ വെറുമൊരു രാഷ്ട്രീയ നാടകമായിരുന്നില്ല. ജറുസലേം പ്രവേശം ഈശോയുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ ഒരാശയമല്ല. അത് രക്ഷാകരചരിത്രത്തിന്റെ ഭാഗമായി ജറുസലേമിൽ അരങ്ങേറേണ്ട രക്ഷാകര സംഭവങ്ങളുടെ കൊടിയേറ്റമായിരുന്നു. അത്, “സീയോൻ പുത്രിയോട് പറയുക, ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്ക് വരുന്നു” എന്ന സഖറിയ പ്രവാചകന്റെ പ്രവചനത്തിന്റെ (സഖ 9, 9) പൂർത്തീകരണമായിരുന്നു. അത് പിതാവായ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ഈശോ എടുത്ത തീരുമാനത്തിന്റെ വലിയ പ്രകടനമായിരുന്നു.

അതുകൊണ്ട് കഴുതപ്പുറത്തേറി വരുന്ന ഒരു ചെറുപ്പക്കാരനെ കണ്ടതിന്റെ ഭ്രാന്തമായ ഒരാവേശമായിരുന്നില്ല ഇസ്രായേൽ ജനം അവിടെ അരങ്ങുതകർത്തത്. തിരുനാളാഘോഷത്തിന്റെ ഭാഗമായ ഒരു ആഹ്ലാദപ്രകടനവും അല്ലായിരുന്നു അത്. പിന്നെയോ, ഒലിവിലച്ചില്ലകൾക്കും, ഓശാനഗീതങ്ങൾക്കും, നൃത്തചുവടുകൾക്കും അപ്പുറം, ദൈവത്തിന്റെ ഇഷ്ടം പൂർത്തീയാക്കുവാൻ നിശ്ചയദാർഢ്യത്തോടും, ഉറച്ച കാൽവയ്പുകളോടും കൂടി വന്ന ശക്തമായ ഒരു മനസ്സിനോടൊത്തുള്ള, വ്യക്തിയോടൊത്തുള്ള ദൈവത്തിന്റെ, മനുഷ്യന്റെ, പ്രകൃതിയുടെ ആഘോഷമായിരുന്നു അത്! ദൈവാനുഭവത്താൽ നിറഞ്ഞ്, ദൈവത്തിന്റെ വാക്കുകൾ പ്രഘോഷിക്കുവാൻ, ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യുവാൻ ഒരു വ്യക്തി തയ്യാറായി വരുമ്പോൾ ആ വ്യക്തിയെ ആരവങ്ങളോടെയല്ലാതെ, ആഘോഷങ്ങളോടെയല്ലാതെ, ആനന്ദനൃത്തങ്ങളോടെയല്ലാതെ പിന്നെ എങ്ങനെയാണ് സ്വീകരിക്കേണ്ടത്?

ബുദ്ധമത പാരമ്പര്യത്തിൽ ബുദ്ധനായിത്തീർന്ന ഗൗതമനെ ഈ പ്രപഞ്ചം സ്വീകരിക്കുന്ന ഒരു വിവരണമുണ്ട്. പ്രബുദ്ധത നിറഞ്ഞു ബുദ്ധനായിത്തീർന്നശേഷം അദ്ദേഹം താൻ ഉൾക്കൊണ്ട ധർമ്മം പഠിപ്പിക്കാൻ, താൻ അനുഭവിച്ചറിഞ്ഞ ചൈതന്യം ജീവിക്കാൻ യാത്ര തിരിക്കുകയാണ്. അങ്ങനെ കടന്നു വരുന്ന ബുദ്ധനെ പ്രപഞ്ചം, അസ്ത്വിത്വം മുഴുവൻ ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിക്കുന്നത്. ഉണങ്ങിനിന്ന മരങ്ങളെല്ലാം പൂവണിയുകയാണ്. വരണ്ടുകിടന്ന അരുവികളിൽ ജലം നിറഞ്ഞു അവ കളകളാരവത്തോടെ ഒഴുകുകയാണ്. വീശിയടിച്ച കാറ്റിൽ മരങ്ങളെല്ലാം നൃത്തം ചെയ്തപ്പോൾ ബുദ്ധൻ കടന്നുപോയ വഴികളിലെല്ലാം പുഷ്പവൃഷ്ടിയുണ്ടാകുകയാണ്. വെറും ഗൗതമൻ ബുദ്ധനായി വരുമ്പോൾ, ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് അദ്ദേഹത്തെ പ്രപഞ്ചം സ്വീകരിക്കേണ്ടത്?

ബ്രസീലിയൻ നോവലിസ്റ്റായ പൗലോ കൊയ്‌ലോ (Paulo Coelho) യുടെ ആൽക്കമിസ്റ്റ് (Alchemist) എന്ന നോവലിൽ ഇതേ ആശയം തന്നെ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. സാന്റിയാഗോ എന്ന ഇടയബാലന്റെ, താൻ സ്വപ്നത്തിൽ കാണുന്ന നിധിയന്വേഷിച്ചുള്ള യാത്രയാണ് ഈ നോവലിന്റെ പ്രമേയം. സ്വപ്നത്തിന്റെ പൊരുളും, പൊരുളിൽ തെളിയുന്ന നിധിയും കണ്ടെത്താനുള്ള യാത്രയിൽ സലേമിലെ രാജാവ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന വൃദ്ധനായ മെൽക്കിസെദേക് (Melchizedek) സാന്റിയാഗോയ്ക്ക് കൊടുക്കുന്ന ഒരു ഉപദേശം ഇങ്ങനെയാണ്: ‘നീ ആരായിരുന്നാലും, നീ എന്ത് ചെയ്യുന്നവനായാലും നിന്റെ ആത്മാവിന്റെ ആഴത്തിൽ നീ ഒരു കാര്യം ആഗ്രഹിച്ചാൽ, അത് ഈ പ്രപഞ്ചത്തിന്റെ ആത്മാവിൽ പിറന്നുവീഴും…നീ വളരെ ശക്തമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് സാധിതമാക്കാൻ ഈ പ്രപഞ്ചം മുഴുവൻ, ഈ അസ്തിത്വം മുഴുവൻ നിന്നോടൊത്തു സഹകരിക്കും.’ ജീവിതത്തിന്റെ വിശുദ്ധിയുമായി, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ മുന്നിട്ടിറങ്ങുമ്പോൾ സ്നേഹമുള്ളവരേ ദൈവവും, മനുഷ്യരും, ഈ പ്രപഞ്ചവും നമ്മോടൊത്തുണ്ടാകും!  

എന്തുകൊണ്ടാണ് വിശുദ്ധരുടെ തിരുനാളുകൾ നാം മഹാമഹം ആഘോഷിക്കുന്നത്? ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് കടന്നുപോയ അവരെ ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് ഓർമിക്കേണ്ടത്? എന്തുകൊണ്ടാണ് വിവാഹം, തിരുപ്പട്ടം, സന്യാസ വ്രതവാഗ്ദാനം എന്നിവ നമ്മളാൽ കഴിയും വിധം നാം ആഘോഷമാക്കുന്നത്? വിവാഹത്തിലൂടെ, തിരുപ്പട്ടത്തിലൂടെ, സന്യാസജീവിതത്തിലൂടെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ കടന്നുവരുന്ന ചെറുപ്പക്കാരെ ആഘോഷത്തോടെയല്ലേ സ്വീകരിക്കേണ്ടത്?  സന്തോഷത്തോടെയല്ലേ ജീവിതാന്തസ്സിന്റെ വഴികളിലേക്ക് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ പറഞ്ഞുവിടേണ്ടത്?

സ്നേഹമുള്ളവരേ, ദൈവം കനിഞ്ഞു നൽകിയ ജീവിതവുമായി ഈ ഭൂമിയിലൂടെ കടന്നുപോകുമ്പോൾ ആ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുക എന്നതിൽ കവിഞ്ഞ്, മനുഷ്യന്, ക്രൈസ്തവന് എന്താണ് ഈ ഭൂമിയിൽ ചെയ്യുവാനുള്ളത്? അങ്ങനെ കടന്നുവരുന്ന ക്രൈസ്തവനെ കണ്ടെത്തുവാൻ, തിരിച്ചറിയുവാൻ ജെറുസലേമിലേക്കു രാജകീയ പ്രവേശം നടത്തുന്ന ക്രിസ്തുവിനെ നോക്കിയാൽ മതി. കാരണം, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിച്ചുകൊണ്ടു ജീവിക്കുന്ന ഒരു വ്യക്തിയിൽ അവശ്യം തെളിഞ്ഞു നിൽക്കുന്ന എല്ലാ ഗുണങ്ങളും കഴുതപ്പുറത്തേറിവരുന്ന ക്രിസ്തുവിൽ കണ്ടെത്തുവാൻ നമുക്ക് കഴിയും.

ഒന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ തീരുമാനിക്കുന്ന ഒരുവൻ എളിമപ്പെടുന്നു. ഈശോ വിനയാന്വിതനായി കഴുതപ്പുറത്താണ് തന്റെ രാജകീയ പ്രവേശം നടത്തുന്നത്. “ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്’ (മത്താ 11, 29) എന്ന് മൊഴിഞ്ഞ ഈശോ ജീവിതത്തിന്റെ വഴികളിൽ തന്റെ വാക്കുകൾക്ക് ജീവൻ കൊടുക്കുകയാണ്. ഇന്നത്തെ രാഷ്ട്രീയ മത നേതാക്കളെപ്പോലെ ശീതീകരിച്ച വാഹനങ്ങളിലിരുന്ന് ജനത്തിനുനേരെ കൈവീശുന്ന, ശീതീകരിച്ച മുറികളിലിരുന്ന് പട്ടിണിപ്പാവങ്ങൾക്കുവേണ്ടി പ്രകടനപത്രികകളും,   ലേഖനങ്ങളും, പ്രസ്താവനകളും പടച്ചുവിടുന്ന ഒരു നേതാവായിട്ടല്ല ഈശോ കഴുതപ്പുറത്തു എഴുന്നള്ളിയത്. ആ വൈരുധ്യങ്ങളുടെ രാജകുമാരനിൽ എളിമയുള്ള, ആത്മാർത്ഥതയുള്ള ഒരു ഹൃദയം കാണുവാൻ ജനങ്ങൾക്ക് സാധിച്ചു. 

ദൈവത്തിന്റെ ഇഷ്ടം ജീവിതവൃതമായി സ്വീകരിച്ചുകൊണ്ട് ഭാരതത്തിന്റെ രാഷ്ട്രപിതാവായ വളർന്ന മഹാത്മാഗാന്ധിജിയെ ആനന്ദത്തോടെ ഭാരതം ഏറ്റുവാങ്ങിയത് അദ്ദേഹത്തിന്റെ എളിമകൊണ്ടായിരുന്നു. മഹാത്മാവിനെ ദരിദ്രനായി കാണുവാൻ അന്നത്തെ പല സവർണ

Third Class Train India High Resolution Stock Photography and Images - Alamy

നേതാക്കൾക്കും താത്പര്യമില്ലായിരുന്നു. എന്നാൽ, ദരിദ്രന്റെ തേർഡ് ക്ലാസിലൂടെ ഗാന്ധി നടത്തിയ ഓരോ ട്രെയിൻ യാത്രയും ഭാരതത്തിലെ സാധാരണ ജനത്തിന്റെ ഹൃദയത്തിലേക്കുള്ള ഫസ്റ്റ് ക്ലാസ് യാത്രകളായിരുന്നു. ട്രെയിൻ നിറുത്തിയ സ്റ്റേഷനുകളിൽ അദ്ദേഹത്തിനുകിട്ടിയ സ്വീകരണങ്ങൾ ഈശ്വരഹിതം പൂർത്തിയാക്കുവാൻ നിശ്ചയദാർഢ്യത്തോടെ ഇറങ്ങിപ്പുറപ്പെട്ട ഒരു മനുഷ്യന് കിട്ടിയ ആദരവായിരുന്നു; അദ്ദേഹത്തിന്റെ എളിമയ്ക്ക് കിട്ടിയ സ്വീകാര്യതയായിരുന്നു!

രണ്ടാമതായി, ദൈവത്തിന്റെ ഇഷ്ടം ജീവിതമാക്കാൻ ഒരാൾ തീരുമാനിക്കുമ്പോൾ ദൈവത്തോടുള്ള, ദൈവിക കാര്യങ്ങളോടുള്ള തീക്ഷ്ണതയാൽ അയാൾ നിറയുന്നു. കഴുതപ്പുറത്തേറിവന്ന ഈശോ, ജനങ്ങളുടെ ഓശാനവിളികളും, ആഹ്ലാദവും കണ്ട് അഹങ്കരിക്കാതെ, ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. അവിടുന്ന് പിതാവിന്റെ ഭവനം ശുദ്ധീകരിക്കുകയാണ്. (മത്താ 21, 12-14) ദൈവത്തിന്റെ ഹിതം നിറവേറ്റുവാൻ ആഗ്രഹിക്കുന്നവർ അങ്ങനെയാണ്. നാട്ടിലും, വീട്ടിലും കള്ളുകുടിയും, ചില്ലറ തരികിടകളുമായി  കുടുംബം നോക്കാതെ നടന്ന ഒരാൾ, ഒരുനാൾ ധ്യാനത്തിനുപോയി ദൈവാനുഭവം നിറഞ്ഞു പുതിയമനുഷ്യനായി തിരിച്ചുവരുമ്പോൾ അവളിൽ / അവനിൽ ഉണ്ടാകുന്ന മാറ്റം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പരിശുദ്ധ അമ്മയെപ്പോലെ, ധ്യാനത്തിന്റെ ഏതെങ്കിലും ഒരു നിമിഷം ഇതാ കർത്താവിന്റെ ദാസി/ ദാസൻ എന്നും പറഞ്ഞു ജീവിതം മുഴുവൻ ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുമ്പോൾ, പിന്നെ ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. വീട്ടിലെത്തിയാൽ എല്ലാം clean ചെയ്യുകയാണ്. പൊടിപിടിച്ചു കിടന്ന കർത്താവിന്റെ രൂപം, മാറാലപിടിച്ചുകിടന്ന ക്രൂശിതരൂപം, വീട്ടിലെ മൊത്തം കാര്യങ്ങൾ എല്ലാം ശുദ്ധീകരിച്ചു അവൾ / അവൻ ദൈവത്തിന്റേതാക്കുകയാണ്. അവളുടെ / അവന്റെ പ്രവർത്തികളും, വാക്കുകളും, നടക്കുന്ന വഴികളും എല്ലാം ദൈവത്തോടുള്ള തീക്ഷ്ണതയുടെ പ്രകടനങ്ങളാകുകയാണ്.

മൂന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാനുള്ള ഒരാളുടെ തീരുമാനം അയാളെ സന്തോഷംകൊണ്ട് നിറയ്ക്കുന്നു; ഒപ്പം മറ്റുള്ളവരെയും. പിതാവിന്റെ ഹിതം നിറവേറ്റുവാനായി ജറുസലേമിലേക്ക് കടന്നുവന്ന ഈശോ ഉള്ളുനിറയെ ആനന്ദത്തോടും, സംതൃപ്തിയോടും കൂടിയാണ് ഇസ്രായേൽ ജനത്തിനുമുന്പിൽ നിന്നത്. ആ സന്തോഷം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്, പിന്നെ ആൾക്കൂട്ടത്തിലേക്ക് പടരുന്നതായിട്ടാണ് നാം കാണുന്നത്. കുടുംബത്തിന് തലവേദനയായിരുന്ന ഭർത്താവ്, നാണക്കേട് മാത്രമായിരുന്ന അപ്പൻ ധ്യാനം കൂടി നന്മയിലേക്ക് കടന്നുവന്നപ്പോൾ അയാളും കുടുംബം മുഴുവനും ആനന്ദത്താൽ ആർപ്പുവിളിക്കുന്നതു നിങ്ങൾ കണ്ടിട്ടില്ലേ? ഓശാന ഞായറാഴ്ച്ചയുടെ സന്തോഷം, ആഹ്ലാദം നമ്മിൽ, നമ്മുടെ കുടുംബങ്ങളിൽ നിറയാൻ നാം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാകണം.

നാലാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുന്ന വ്യക്തി അവൾ /അവൻ ആയിരിക്കുന്ന ഇടങ്ങളിൽ ഒരു അനുഗ്രഹമായിരിക്കും. ആ വ്യക്തിയുടെ സാന്നിധ്യം മാത്രമല്ല, ആ വ്യക്തിയുടെ വേദനയും, പീഡാസഹനവും എന്തിന് മരണംപോലും ഒരു അനുഗ്രഹമായിരിക്കും. ഈശോയുടെ സാന്നിധ്യം അവിടെ ജനത്തിന് അനുഗ്രഹമായി മാറുകയാണ്. സുവിശേഷം പറയുന്നതിങ്ങനെയാണ്: ” അന്ധന്മാരും മുടന്തന്മാരും ദേവാലയത്തിൽ അവന്റെ അടുത്തെത്തി. അവൻ അവരെ സുഖപ്പെടുത്തി.” (മത്താ 21, 15) പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ തയ്യാറായി വരുന്നവന്റെ സാന്നിധ്യം മാത്രമല്ല, വാക്കുകൾ മാത്രമല്ല, അവളുടെ / അവന്റെ വേദനകൾ പോലും, പീഡാസഹനങ്ങൾ പോലും, എന്തിന് മരണംപോലും അനുഗ്രഹമായിത്തീരും. അതാണ് ഈശോയുടെ ജീവിതം.

സമാപനം

സ്നേഹമുള്ളവരേ, ഓശാനഞായർ വെറുമൊരു റോഡ് ഷോ അല്ല. അത് നമ്മുടെ ജീവിതത്തിൽ ഓരോ നിമിഷവും സംഭവിക്കേണ്ട ദൈവിക പദ്ധതിയാണ്. നിങ്ങൾ ഓർക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഈ നോമ്പുകാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചത്തെ സുവിശേഷം നമ്മെ ഓശാന ഞായറാഴ്ച്ചയിലേക്കു ഒരുക്കുകയായിരുന്നു. അന്ന് സുവിശേഷം നമ്മോടു പറഞ്ഞത്,

The Deeper Meaning of Palm Sunday - The Good Life

“കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗ രാജ്യത്തിൽ പ്രവേശിക്കുന്നത്.” കുരുത്തോലകളുടെ നൈർമല്യത്തോടെ, നമുക്ക് ഉറക്കെ വിളിക്കാം, ഓശാന, കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ! കർത്താവേ, നിന്റെ ഇഷ്ടം നിറവേറ്റുന്നവരാകാൻ ഞങ്ങളെ ശക്തരാക്കണമേ! വലിയ ആഴ്ചയിലെ സംഭവങ്ങൾ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കട്ടെ. നമ്മിൽ സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷം, രക്ഷ നിറയട്ടെ. ആമേൻ!

sunday sermon jn 10, 1-18

നോമ്പുകാലം ആറാം ഞായർ

യോഹ 10, 1-18

സന്ദേശം

Good Shepherd Sunday – deacon rudy's notes

സ്ഥാനാർഥി നിർണയത്തിന്റെയും, പത്രിക സമർപ്പണത്തിന്റെയും തിരക്കിലാണ് രാഷ്ട്രീയ കേരളം. ഏതു വ്യക്തിയെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കണമെന്ന്, അതിനുശേഷം ആരെ തിരഞ്ഞെടുക്കണമെന്ന് ചിന്തിക്കുകയാണ് കേരളം. രാഷ്ട്രീയ കേരളം ഭാവി നേതാക്കൾക്കായി തിരയുമ്പോൾ, തിരുസ്സഭ ഇന്ന്, അമ്പതു നോമ്പിന്റെ ആറാം ഞായറാഴ്ച്ച നല്ല നേതാവ് ആരായിരിക്കണമെന്ന്, നല്ല ഇടയൻ എങ്ങനെയുള്ള ആളാണെന്ന് നമ്മെ ഓർമപ്പെടുത്തുകയാണ്. നല്ല ഇടയന്റെ, നല്ല ഇടയനായ ഈശോയുടെ സുന്ദരമായ ചിത്രമാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ വരച്ചു കാണിക്കുന്നത്.

വ്യാഖ്യാനം 

പ്രധാനമായും മൂന്ന് രൂപകങ്ങളാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ ഉപയോഗിക്കുന്നത്. ഒന്ന്, ഇടയൻ. ഈശോ പറയുന്നു: ” ഞാൻ നല്ല ഇടയനാണ്.” (യോഹ 10, 11) രണ്ട്, ആടുകൾ. “നിങ്ങൾ ആടുകളാണ്” എന്ന് ഈശോ പറയുന്നില്ലെങ്കിലും ആടുകൾ അന്ന് പറയുമ്പോൾ മനുഷ്യരെയാണ്, നമ്മെയാണ് ഈശോ മനസ്സിൽ കാണുന്നത്. മൂന്ന്, വാതിൽ. ഈശോ പറയുന്നു: “ഞാനാണ് ആടുകളുടെ വാതിൽ.” (യോഹ 10, 7)

ഇടയനും ആട്ടിൻകൂട്ടവും നമ്മുടെ സംസ്കാരത്തിന്റെ മുഖ്യഘടകമല്ലെങ്കിലും, ഇടയനെക്കുറിച്ചും, ആടുകളെക്കുറിച്ചും നമുക്ക് അറിയാവുന്നതുകൊണ്ട്, ‘ഈശോ നല്ല ഇടയനാണ്’ എന്ന രൂപകം മനസ്സിലാക്കാൻ നമുക്കു എളുപ്പമാണ്. എവിടെനിന്നാണ് ഈ ആശയം ഈശോയ്ക്ക് ലഭിച്ചത് എന്നതിനെക്കുറിച്ചു പല അഭിപ്രായങ്ങളുണ്ട്. പ്രധാനപ്പെട്ട ഒരു വാദം ഇതാണ്: Jesus lived in India എന്ന പുസ്തകത്തിൽ ഹോൾഗെർ കെർസ്റ്റൻ (Holger Kersten), ബുദ്ധമത പാരമ്പര്യത്തിൽ നിന്നാകാം ഈശോയ്ക്ക് ഇങ്ങനെയൊരു ആശയം ലഭിച്ചിട്ടുണ്ടാകുക എന്ന് അഭിപ്രായപ്പെടുന്നുണ്ട്. ക്രിസ്തുവിന് മുൻപ് നിലവിലുണ്ടായിരുന്ന ബുദ്ധ മത പാരമ്പര്യത്തിൽ ബോധിസത്വനെ നല്ലയിടയനായി ചിത്രീകരിച്ചിട്ടുള്ള പ്രതിമകൾ കണ്ടെടുത്തിട്ടുള്ളത് ഈ അഭിപ്രായത്തിന് തെളിവായി നൽകുന്നുമുണ്ട്. എന്നാൽ, മനുഷ്യന്റെ സാധാരണ ജീവിതസാഹചര്യങ്ങളെ കൂട്ടിയിണക്കി സാരോപദേശങ്ങൾ പറയുന്ന രീതി സ്വീകരിച്ച ഈശോ, ഇടയനും ആട്ടിൻകൂട്ടവുമെന്ന ചിത്രവും ഇസ്രായേൽക്കാരുടെ ജീവിതപശ്ചാത്തലത്തിൽ നിന്ന് എടുത്തതായിരിക്കണമെന്നാണ് ക്രൈസ്തവ പണ്ഡിതന്മാർ വിശ്വസിക്കുന്നത്. ഈ അഭിപ്രായമാണ് ഏറ്റവും സ്വീകാര്യമെന്നാണ് എനിക്കും തോന്നുന്നത്.

ഇടയനും ആട്ടികൂട്ടവും മധ്യപൂർവേഷ്യയിലെ ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. ജനത്തിന് ഏറ്റവും പരിചിതമായ ജീവനുള്ള ഒരു ചിത്രം എടുത്തുകൊണ്ട് ഈശോ ഇവിടെ തന്നെ വെളിപ്പെടുത്തുകയാണ്. ഒപ്പം, ആടുകൾക്കുവേണ്ടി ജീവൻ സമർപ്പിക്കുന്ന നല്ല ഇടയനായ ലോകരക്ഷകൻ താനാണെന്ന് സൂചിപ്പിക്കുകയാണ്.

ഇടയന്റെ സ്വഭാവം വളരെ വ്യക്തമായി അറിയുന്നവരാണ് ഇസ്രായേൽക്കാർ. അവർക്ക് ഇടയൻ എന്നത് ജീവിതത്തിന്റെ ഭാഗമാണ്. പഴയനിയമത്തിൽ സാമുവലിന്റെ ഒന്നാം പുസ്തകത്തിൽ അദ്ധ്യായം 7, വാക്യങ്ങൾ 34-36 ഇടയന്റെ സ്വഭാവം എന്താണെന്ന് വിവരിക്കുന്നുണ്ട്. ഫിലിസ്ത്യരുടെ നേതാവായ ഗോലിയാത്ത് ഇസ്രായേൽക്കാരെ വെല്ലുവിളിക്കുന്ന കാലം. ഗോലിയാത്തിനെക്കൊന്ന് ഫിലിസ്ത്യരെ തോൽപ്പിക്കാൻ കഴിയാതെ വലയുകയാണ് ഇസ്രായേൽ സൈന്യം. അപ്പോൾ ഇടയനായ ദാവീദ് ഫിലിസ്ത്യരുടെ നേതാവായ ഗോലിയാത്തിനെ കൊല്ലുവാൻ തയ്യാറാകുകയാണ്. ഇതുകണ്ട്  സാവൂൾ രാജാവ് അവനോടു ചോദിക്കുന്നത്, നീ വെറും ബാലനല്ലേ

Who Was Goliath in the Bible? What's the Story of this Giant Philistine?

എന്നാണ്. അപ്പോൾ ദാവീദ് പറയുകയാണ്: ” പിതാവിന്റെ ആടുകളെ മേയിക്കുന്നവനാണ് അങ്ങയുടെ ഈ ദാസൻ. സിംഹമോ, കരടിയോ വന്നു ആട്ടിന്പറ്റത്തിൽ നിന്ന് ഒരാട്ടിൻകുട്ടിയെ തട്ടിയെടുത്താൽ, ഞാൻ അതിന്റെ പിന്തുടർന്ന് ആട്ടിൻകുട്ടിയെ രക്ഷിക്കും. അത് എന്നെ എതിർത്താൽ ഞാൻ അതിന്റെ ജടയ്ക്കു പിടിച്ചു അടിച്ചു കൊല്ലും.’ സാവൂൾ വിസ്മയത്തോടെ ഇതെല്ലം കേട്ടുനിൽക്കുകയാണ്. “ഞാൻ ഈ കുട്ടിയെ underestimate ചെയ്തോ” എന്ന് രാജാവ് ഉള്ളിൽ ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ദാവീദ് അല്പം ശബ്ദം താഴ്ത്തി പറഞ്ഞു: “അങ്ങയുടെ ദാസൻ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്.” അവന്റെ മുഖഭാവം കണ്ട രാജാവിന് അതൊരു വെറും ‘തള്ളല്ലാ’ എന്ന് മനസ്സിലായി.

യഥാർത്ഥ ഇടയന്റെ ചിത്രമാണ്, സ്വഭാവമാണ് ദാവീദ് വരച്ചുകാട്ടിയത്. ആട്ടിൻകൂട്ടത്തിൽ നിന്ന് ഒരാടിനെ തട്ടിയെടുത്താൽപ്പോലും ശത്രുവിനെ പിന്തുടർന്ന് ആ ആട്ടിൻകുട്ടിയെ രക്ഷിക്കുന്ന ഇടയന്റെ ചിത്രം ദാവീദ് വളരെ മനോഹരമായാണ് അവതരിപ്പിക്കുന്നത്. യഥാർത്ഥ ഇടയന്റെ ദർശനം ഇതാണ്: ‘സ്വന്തം ജീവൻ സമർപ്പിച്ചും ആടുകളെ രക്ഷിക്കുക.’ ആരും സഞ്ചരിച്ചിട്ടില്ലാത്ത അജ്ഞാതമായ പാതകളിലൂടെ സഞ്ചരിച്ച് ആടുകളെ രക്ഷിക്കുവാൻ ഇടയന് കഴിയണം. ഇടയൻ ആടുകളെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യണം. ഇതെല്ലാം അറിയാമായിരുന്ന ദാവീദ് രാജാവ് ആത്മാവിൽ നിറഞ്ഞു പാടിയത് ഇങ്ങനെയല്ലേ? “കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാകുകയില്ല…അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല.” (സങ്കീ 23, 1-4)

എസക്കിയേൽ പ്രവാചകന്റെ പുസ്തകം 34, 15-16 വാക്യങ്ങൾ പറയുന്നു: “ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാൻ അവയ്ക്കു വിശ്രമസ്ഥലം നൽകും. നഷ്ടപ്പെട്ടതിനെ ഞാൻ അന്വേഷിക്കും. വഴിതെറ്റിയതിനെ ഞാൻ തിരിയെക്കൊണ്ടുവരും. മുറിവേറ്റതിനെ ഞാൻ വച്ചുകെട്ടും…നീതിപൂർവം ഞാനവയെ പോറ്റും.”

ഇസ്രായേൽ ജനത്തിന് പരിചിതമായ ഈ രൂപകം ഈശോയിലേക്കു ആരോപിക്കുമ്പോൾ എത്ര മനോഹരമായാണ് ഇടയസങ്കല്പം പൂത്തുലയുന്നത്! ഇടയനില്ലാത്ത ആടുകളെപ്പോലെ അലയുന്ന നമ്മോടു് അനുകമ്പ കാണിക്കുന്ന ഒരു നല്ല ഇടയൻ, കർത്താവായ ഈശോ നമുക്കുണ്ടെന്നത് എത്ര ആശ്വാസമാണ് നമുക്ക് നൽകുന്നത്! ജീവനുണ്ടാകുവാനും അത് സമൃദ്ധിയായി ഉണ്ടാകുവാനും ഭൂമിയിലേക്ക് വന്ന ക്രിസ്തു വിശുദ്ധ കുർബാനയിലൂടെ ഇന്നും ജീവൻ നമുക്ക് നല്കുകയല്ലേ? ആടുകൾക്കുവേണ്ടി ജീവൻ സമർപ്പിക്കുന്ന ഇടയനെയല്ലേ പ്രിയപ്പെട്ടവരേ, കാൽവരിയിൽ നാം കാണുന്നത്? നൂറാടുകളുണ്ടായിരിക്കെ അതിൽനിന്നു നഷ്ടപ്പെട്ടാൽ തൊണ്ണൂതൊണ്ണൂറ്റൊൻപതിനേയും ആലയിൽ വിട്ടിട്ട് നഷ്ടപ്പെട്ട ഒരാടിനെ തേടിപ്പോകുന്ന ക്രിസ്തുവിനെയല്ലേ, കുമ്പസാരവേദികളിൽ ഇന്നും നാം കണ്ടുമുട്ടുന്നത്? അതെ, ക്രിസ്തു നല്ല ഇടയനാണ്.

രണ്ടാമത്തെ രൂപകം ആടുകളാണ്. ആടുകളുടെ പ്രത്യേകതയെന്തെന്നു നിങ്ങൾക്കറിയില്ലേ? ആടിനെ ഒരിക്കലും തനിച്ചു നാം കാണാറില്ല. തനിച്ചാകുമ്പോൾ വഴിതെറ്റിയതായി അതിനു തോന്നും. എവിടെ പോകണമെന്നോ, എന്ത് ചെയ്യണമെന്നോ അറിയാതെ അത് കറങ്ങിനടക്കും. മൃഗങ്ങളിൽ ഏറ്റവും ബലഹീനർ ആണവർ. 20 വാരയിൽ കൂടുതൽ കണ്ണ് കാണില്ല. അതുകൊണ്ട് നയിക്കാൻ ആളുവേണം.

32,522 Flock Of Sheep Stock Photos, Pictures & Royalty-Free Images - iStock

ആൾക്കൂട്ടത്തിൽ അവയ്ക്കു സുരക്ഷിതത്വം അനുഭവപ്പെടും. ആട്ടിന്പറ്റത്തെ നോക്കൂ…ഒട്ടും ഇടം കൊടുക്കാതെ മുട്ടിയുരുമ്മിയാണ് അവ പോകുന്നത്. ഒറ്റയ്ക്കായാൽ അത് അവയ്ക്ക് മരണമാണ്.

മനുഷ്യരായ നാം ഈ ആടുകളെപ്പോലെയാണ്. മനുഷ്യൻ തനിച്ചു തീർത്തും നിസ്സഹായനാണ്. ഭൂമുഖത്തുള്ള എല്ലാ ജീവികളിലും വച്ച് ഏറ്റവും ദുർബലനും നിസ്സഹായനായ ജീവി മനുഷ്യനാണ്. മനുഷ്യന്റെ ശരീരം ഒരു മൃഗത്തിന്റെ ശരീരത്തോളം ശക്തമല്ല. മനുഷ്യന്റെ എല്ലാ അവയവങ്ങളും മൃഗങ്ങളുടേതിനേക്കാൾ ബലഹീനമാണ്. ഒരു പക്ഷിയെപ്പോലെ മനുഷ്യന് പറക്കാൻ കഴിയില്ല. ഒരു കുതിരയ്‌ക്കൊപ്പമോ, ചെന്നായ, മാൻ, പുള്ളിപ്പുലി ഇവയ്‌ക്കൊപ്പമോ മനുഷ്യന് ഓടാൻ കഴിയില്ല. ഒരു ചീങ്കണ്ണിയെപ്പോലെ നീന്താൻ, കുരങ്ങിനെപ്പോലെ മരം കയറാൻ കഴിയില്ല. കഴുകനെപ്പോലെ കണ്ണുകളോ, കാട്ടുപൂച്ചയ്ക്കുള്ള പല്ലുകളോ മനുഷ്യനില്ല. ചെറിയൊരു പ്രാണി കടിച്ചാൽ മനുഷ്യൻ മരിക്കും. അത്രേയുള്ളു. അതുകൊണ്ടു തന്നെ മനുഷ്യന്റെ അടിസ്ഥാന വികാരം ഭയമാണ്. മനുഷ്യന് ആയുധങ്ങൾ വേണം, സുരക്ഷിതത്വം ഉറപ്പിക്കാൻ. ആദ്യം ശിലായുധങ്ങൾ, ലോഹായുധങ്ങൾ, അകലെനിന്ന് മൃഗങ്ങളെ നേരിടാൻ അമ്പും വില്ലും, പിന്നെ തോക്കുകൾ, ആണവായുധങ്ങൾ … ഇപ്പോൾ ആയുധങ്ങൾ കയ്യിൽ കരുതേണ്ട. ബട്ടണമർത്തിയാൽ മതി, മിസൈൽ കുതിച്ചുയരും. പക്ഷെ ബട്ടൺ ആരുടെ കയ്യിലാണ്? മോസ്കോയിലോ, വൈറ്റ് ഹൌസ്സിലോ, ഡെൽഹിയിലോ? ആരാണ് എപ്പോഴാണ് അമർത്തുന്നത്? അപ്പോഴും ഭയം മാത്രം ബാക്കി! ആരാണ് മനുഷ്യൻ? വെറും ആടുകൾ! ഓരോ ചുവടിലും ഭയം കൊണ്ട്നടക്കുന്ന ആടുകൾ! മനുഷ്യന്റേത് ഒരു ആടുജീവിതം!?

പ്രിയപ്പെട്ടവരേ, ആടുകൾക്ക് ഇടയനെ, നല്ല ഇടയനെ ആവശ്യമുണ്ട്. നല്ല ഇടയനില്ലെങ്കിൽ ആടുകൾ ചിതറിക്കപ്പെടും. കലക്കവെള്ളം കുടിക്കും. യോനായുടെ പുസ്തകത്തിൽ കർത്താവ് പറയുന്നതുപോലെ, ഇടതേത്, വലുതേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത മനുഷ്യർക്കും (യോനാ 4, 11) -ഇത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെക്കുറിച്ചല്ലാട്ടോ – വെറും ബലഹീനനായ മനുഷ്യർക്കും ഇടയനെ ആവശ്യമാണ്. അത് ലൗകിക ഇടയന്മാർ പോരാ. കാരണം അവർ സ്വാർത്ഥമതികളാണ്, അഹങ്കാരികളാണ്, ആക്രാന്തം കാട്ടുന്നവരാണ്.  എസക്കിയേൽ പ്രവാചകന്റെ പുസ്തകം അദ്ധ്യായം 34 ൽ കർത്താവ് അരുളിച്ചെയ്യുന്നു: ‘ഇസ്രായേലിന്റെ ഇടയന്മാരേ നിങ്ങൾക്ക് ദുരിതം! …നിങ്ങൾ ആടുകളെ പോറ്റുന്നില്ല. …മുറിവേറ്റതിനെ വച്ചുകെട്ടുന്നില്ല. ഇടയനില്ലാത്തതിനാൽ…കാട്ടിലെ മൃഗങ്ങൾക്ക് അവ ഇരയായിത്തീർന്നു.’

മനുഷ്യർക്ക് വേണ്ടത്, നമുക്ക് വേണ്ടത് ആടുകളെ അറിയുന്നവനും, ആടുകളെ പേരുചൊല്ലി വിളിക്കുന്നവനും, അവയെ സമൃദ്ധമായ മേച്ചിൽ സ്ഥലങ്ങളിലേക്ക് നയിക്കുന്നവനുമായ ഇടയനെയാണ്. ഈ ലോകത്തിലെ ഇടയന്മാർ പക്ഷെ, ആടുകളെ കൊല്ലുന്നവരും, അവയെ ഭക്ഷിച്ചു കൊഴുക്കുന്നവരുമാണ്. നാടിനെയും നാട്ടാരെയും നന്നാക്കുവാൻ മുന്നോട്ടു വരുന്ന നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മത നേതാക്കന്മാരെ നോക്കുക! ആടുകൾ, സാധാരണ മനുഷ്യർ, ഈ നാട് ഒട്ടും തന്നെ വളരുന്നില്ല. വികസനം, വികസനം എന്ന പ്ലാവിലക്കൊമ്പുകൾ കാട്ടി ആടുകളെ ഇവർ കൊതിപ്പിക്കുകയാണ്. എന്നിട്ട്, വളരുന്നതാരാ? നമ്മുടെ ഇടയന്മാർ! വികസിക്കുന്നതാരാ? നമ്മുടെ നേതാക്കന്മാർ! രാജ്യത്തെ കടക്കെണിയിലാക്കുകയും, കടം വാങ്ങിയതിൽ നിന്ന് അടിച്ചു മാറ്റുകയും, അതിൽ നിന്ന് ഒരിറ്റു പുല്ല് ഒരു കിറ്റിലാക്കി ആടുകൾക്ക് തരികയും അങ്ങനെ ആടുകളെ പറ്റിക്കുകയും ചെയ്യുന്ന നേതാക്കന്മാരാണ് നമുക്കുള്ളത്. ആടുകളെ തെരുവിൽ അലയാനും, കാട്ടുമൃഗങ്ങൾക്കു ഇരയാകാനും കൊടുത്തിട്ടു, സ്വന്തം കൂടാരങ്ങൾ മോടിപിടിപ്പിക്കാനും, സ്വന്തം പ്രസ്ഥാനങ്ങൾ വളർത്താനും നടക്കുന്ന ഇടയന്മാരാണ് നമുക്കുള്ളത്! ആടുകളെ സൗകര്യപൂർവം കൊല്ലുന്ന, കൊന്നു തിന്നുന്ന ചെന്നായ്ക്കളോടു ചങ്ങാത്തം കൂടുന്ന, അതിനെ ന്യായീകരിക്കുവാൻ ദൈവവചനം വിലയ്‌ക്കെടുക്കുന്ന ഇടയന്മാരാണ് നമുക്കുള്ളത്!

ഇന്നത്തെ സുവിശേഷത്തിലെ മൂന്നാമത്തെ രൂപകമായ ഈശോയെന്ന വാതിലിലൂടെ രക്ഷയിലേക്ക് പ്രവേശിക്കുവാൻ   നാം ഈ നോമ്പ് കാലത്ത് ശ്രമിക്കണം. ഈശോ ഒരേ സമയം ഇടയനും വാതിലുമാണ്. ഈ വാതിലിലൂടെ അകത്തു പ്രവേശിക്കുമ്പോൾ അവിടെ മെറ്റൽ ഡിക്റ്റേറ്റർ ഉണ്ടാകും. കാരണം, സ്നേഹവും സമർപ്പണവും ഉള്ളവർക്ക് മാത്രമേ ഈ വാതിലിലൂടെ പ്രവേശനമുള്ളൂ – ഇടയനെ അറിയുന്ന, ഇടയന്റെ സ്വരം കേൾക്കുന്ന, ഇടയനോടൊത്തു നടക്കുന്നവർക്കു മാത്രം!

സമാപനം

അതുകൊണ്ട് നമുക്ക് വേണ്ടത് ലൗകിക ഇടയന്മാരെയല്ല. എന്നെ അറിയുന്ന, എന്റെ പേരുചൊല്ലി വിളിക്കുന്ന, എന്റെ കൂടെ നടക്കുന്ന, എനിക്കുവേണ്ടി ജീവൻ സമർപ്പിക്കുന്ന എന്റെ ദൈവത്തെ, എന്റെ ഈശോയെ ഇടയനായി സ്വീകരിക്കുവാൻ നമുക്ക് സാധിക്കണം. സ്നേഹമുള്ളവരേ, എപ്പോഴും നമ്മുടെ കണ്മുന്പിലുള്ള, എപ്പോഴും നമ്മുടെ വലതുഭാഗത്തുള്ള നല്ലിടയനാണ് ഈശോ.  (സങ്കീ 16, 8) അനാഥർക്ക് സഹായം നൽകുന്ന, അവരുടെ ഹൃദയത്തിനു ധൈര്യം കൊടുക്കുന്ന നല്ലിടയനാണ് ഈശോ.  ഹൃദയം നുറുങ്ങുന്നവർക്കു സമീസ്ഥനാകുന്ന, മനമുരുകുന്നവരെ രക്ഷിക്കുന്ന (സങ്കീ 34, 18) നല്ലിടയനാണ് ഈശോ. നമ്മുടെ ശരീരത്തിൽ സ്വസ്ഥതയില്ലാതെ വരുമ്പോൾ, അസ്ഥികളിൽ ആരോഗ്യമില്ലാതെ വരുമ്പോൾ, നമ്മുടെ വ്രണങ്ങൾ അഴുകി നാറുമ്പോൾ, പാപം നിമിത്തം വിലപിച്ചു കഴിയുമ്പോൾ, നമ്മെ തോളിലേറ്റുന്ന, നമ്മുടെ മുറിവുകൾ വച്ചുകെട്ടുന്ന, വരുവിൻ നമുക്ക് രമ്യതപ്പെടാമെന്നു പറയുന്ന നല്ലിടയനാണ് ഈശോ. വീണുകിടക്കുന്നവനിട്ടു ഒരു ചവിട്ടുകൂടി കൊടുക്കുന്ന ഇടയന്മാരുള്ള ഈ ലോകത്തിൽ, ഒറ്റപ്പെടുത്താനും, കുറ്റപ്പെടുത്താനും തിടുക്കം കൂട്ടുന്ന ഇടയന്മാരുള്ള ഈ ലോകത്തിൽ, വീണവനെ എഴുന്നേൽപ്പിക്കുന്ന, ഒറ്റപ്പെട്ടവനെ ചേർത്തുപിടിക്കുന്ന നല്ലിടയനായ ഈശോയുടെ സ്വരം കേട്ട് അവിടുത്തെ പിന്തുടരുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ശക്തിപ്പെടുത്തട്ടെ. നാം ആടുകളായതുകൊണ്ട് ഇടയനായ ഈശോയെ പിഞ്ചൊല്ലുവാനും,

The Lamb | Jesus drawings, Jesus art, Jesus sketch

നാം ഇടയന്മാരായതുകൊണ്ട് നമ്മുടെ, കുടുംബത്തിൽ, ഇടവകയിൽ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തന മണ്ഡലങ്ങളിൽആടുകൾക്കുവേണ്ടി ജീവൻ സമർപ്പിക്കുവാനുമുള്ള അനുഗ്രഹത്തിനായി ഈ വിശുദ്ധ ബലി നമുക്ക് തുടർന്ന് അർപ്പിക്കാം. ആമേൻ!

sunday sermon jn 7, 37-39+8, 12-20

നോമ്പുകാലം അഞ്ചാം ഞായർ

യോഹ 7, 37- 39 +8, 12-20

സന്ദേശം

75 Light of the World ideas | light of the world, jesus pictures, christian  art

അമ്പതു നോമ്പിന്റെ അഞ്ചാം ഞായറാഴ്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. നോമ്പുകാലത്തെ ദൈവകൃപയാൽ നിറച്ചു, ക്രൈസ്തവജീവിതങ്ങളെ തിളക്കമുള്ളതാക്കി തീർക്കുവാനുള്ള ആഗ്രഹവുമായാണ് ഇന്നത്തെ സുവിശേഷം നമ്മെ സമീപിക്കുന്നത്. സുവിശേഷ സന്ദേശം ഇതാണ്: പരിശുദ്ധാത്മാവിനാൽ നിറഞ്ഞു, ക്രിസ്തുവിന്റെ പ്രകാശങ്ങളായി ജീവിക്കുകയാണ് ക്രൈസ്തവ ധർമം.

വ്യാഖ്യാനം

ജറുസലേമിൽ കൂടാരത്തിരുനാളിന്റെ അവസാനദിനത്തിലും, പിറ്റേദിവസവുമായി ഈശോ നടത്തുന്ന രണ്ട്   പ്രഖ്യാപനങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാന ആകർഷണം. മൂന്ന് പ്രധാന തിരുനാളുകളാണ് യഹൂദപാരമ്പര്യത്തിലുള്ളത്. 1. പെസഹാതിരുനാൾ (Passover/Pesach) 2. പെന്തക്കുസ്ത (Pentecost) 3. കൂടാരത്തിരുനാൾ (The Feast of Tabernacles/Sukkot). ഹെബ്രായ കലണ്ടറിലെ നീസാൻ മാസം പതിനഞ്ചാം തിയതി ആചരിക്കുന്ന തിരുനാളാണ് ഇസ്രായേൽക്കാരുടെ പെസഹാതിരുനാൾ. സീനായ് മലമുകളിൽ ദൈവം മോശയ്ക്ക് പത്തുകല്പനകൾ നൽകിയതിനെ അനുസ്‌മരിച്ചുകൊണ്ടുള്ള തിരുനാളാണ് പന്തക്കുസ്ത തിരുനാൾ. ദൈവം നൽകുന്ന ദാനങ്ങൾക്കുള്ള, ആദ്യഫലങ്ങൾക്കുള്ള നന്ദിപ്രകടനമായും ഈ തിരുനാൾ ആഘോഷിക്കുന്നുണ്ട്. കൂടാരത്തിരുനാളാകട്ടെ  ഇസ്രായേൽ ജനം ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് കാനൻ ദേശം ലക്ഷ്യമാക്കി പുറപ്പെടുന്നതിനെ അനുസ്മരിച്ചുള്ള ആഘോഷമാണ്. ഇസ്രായേല്യരുടെ വിളവെടുപ്പ് ഉത്സവവുംകൂടിയാണിത്.

ഇന്ന് നാം ശ്രവിച്ച സുവിശേഷ ഭാഗത്ത് രണ്ട് പ്രസ്താവനകളാണ് ഉള്ളത്. ഒന്ന് ഏഴാം അദ്ധ്യായം 38, 39 വാക്യങ്ങൾ. “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ    വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന് … ജീവജലത്തിന്റെ അരുവികൾ ഒഴുകും.” കൂടാരത്തിരുനാളിന്റെ മഹാദിനത്തിലാണ് ഈശോ ജനങ്ങളോട് ഇങ്ങനെ പറഞ്ഞത്. കൂടാരത്തിരുനാളിന്റെ ആചാരങ്ങളെ മനസ്സിലാക്കുകയാണെങ്കിൽ ഈ ദൈവ വചനത്തിന്റെ ആന്തരാർത്ഥം ഗ്രഹിക്കുവാൻ എളുപ്പമുണ്ടാകും. പഴയനിയമത്തിലെ നെഹമിയായുടെ പുസ്തകം (The Book of Nehemiah) എട്ടാം അദ്ധ്യായം 13 മുതൽ 18 വരെയുള്ള വാക്യങ്ങളിൽ കൂടാരത്തിരുനാളിന്റെ ആചാരങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അവിടെയും പക്ഷേ ഈ തിരുനാളിന് ജലവുമായുള്ള ബന്ധം പറയുന്നില്ല.

കൂടാരത്തിരുനാളിൽ ഇസ്രായേൽ ജനം ഒലിവ്, കാട്ടൊലിവ്, കൊളുന്ത്, ഈന്തപ്പന എന്നിവകൊണ്ട് കൂടാരങ്ങൾ ഉണ്ടാക്കും. ഉത്സവത്തിന്റെ ആദ്യദിനം മുതൽ അവസാനദിവസം വരെ നിയമ ഗ്രന്ഥം വായിക്കും. അവസാന ദിനത്തിൽ ജലം കൊണ്ടുള്ള ആചാരങ്ങളാണ്. പുരോഹിതൻ സീലോഹ കുളത്തിൽ നിന്ന് സ്വർണം കൊണ്ടുള്ള കുടത്തിൽ വെള്ളം കോരിക്കൊണ്ടുവന്ന് ബലിപീഠത്തിനടുത്തുള്ള വെള്ളികൊണ്ടുള്ള പാത്രത്തിൽ ഒഴിക്കും. അപ്പോൾ ഗായകസംഘവും ജനങ്ങളും ഗാനങ്ങൾ ആലപിക്കും. ചില യഹൂദ പാരമ്പര്യങ്ങളിൽ പറയുന്നത് ഈ ജലം ദൈവാത്മാവിന്റെ പ്രതീകമെന്നാണ്. ഈ പാരമ്പര്യത്തിന്റെ ചുവടുപിടിച്ചാകണം യോഹാന്നാൻ സുവിശേഷകൻ പറയുന്നത്, “അവൻ ഇത് പറഞ്ഞത് തന്നിൽ വിശ്വസിക്കുന്നവർ സ്വീകരിക്കുവാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്” എന്ന്. ജീവജലം ഈശോയ്ക്ക് ആത്മാവാണ്, നിത്യജീവൻ പ്രദാനം ചെയ്യുന്ന ആത്മാവ്. യോഹന്നാന്റെ സുവിശേഷം നാലാം അധ്യായത്തിൽ ഈശോ സമരായക്കാരി സ്ത്രീയോടും ഇക്കാര്യം പറയുന്നുണ്ട്: “…ഞാൻ നൽകുന്ന ജലം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാൻ നൽകുന്ന ജലം അവനിൽ നിത്യജീവനിലേക്ക് നിർഗളിക്കുന്ന അരുവിയാകും”. (4, 14) സഖറിയായുടെ പ്രവചനത്തിൽ ജറുസലേമിൽ നിന്നുള്ള ജീവജലത്തെക്കുറിച്ച് പറയുന്നുണ്ട്. ” അന്ന് (മിശിഹായുടെ നാളിൽ) ജീവജലം ജറുസലേമിൽ നിന്ന് പുറപ്പെട്ട് പകുതി കിഴക്കേ കടലിലേക്കും, പകുതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും.  അത് വേനൽക്കാലത്തും ശീതകാലത്തും ഒഴുകിക്കൊണ്ടിരിക്കും.” (സഖറിയാ 14, 8) അതായത്, ക്രിസ്തുവിൽ നിറഞ്ഞു നിൽക്കുന്ന ജീവജലം, പരിശുദ്ധാത്മാവ്, സ്ഥലകാല പരിമിതികൾ ഇല്ലാത്ത  നിരന്തര പ്രവാഹമായിരിക്കും.

സ്നേഹമുള്ളവരേ, ജലം ആത്മാവിന്റെ പ്രതീകമാണ്, പരിശുദ്ധാത്മാവിന്റെ. എല്ലാ മതങ്ങളും ജലത്തിന് പ്രതീകാത്മകത നൽകുന്നുണ്ട്. ജലം എല്ലാമതങ്ങൾക്കും വിശുദ്ധിയുടെ പ്രതീകമാണ്; പുനർജന്മത്തിന്റെ, നവീകരണത്തിന്റെ പ്രതീകമാണ്. യഹൂദ പാരമ്പര്യത്തിൽ, അവിടെ നിന്ന് ക്രൈസ്തവ പാരമ്പര്യത്തിലും ജലം ആത്മാവിന്റെ പ്രതീകമാണ്. ക്രിസ്തു ആത്മാവിനാൽ നിറഞ്ഞവനാണ്, ആത്മാവ് തന്നെയാണ്. അവിടുന്ന്, ജലത്തിന്റെ, ആത്മാവിന്റെ ഉറവയാണ്. ആ ഉറവയിൽ നിന്ന് കുടിക്കുന്നവർ ആരായാലും അവരിലും ആത്മാവിന്റെ നിറവുണ്ടാകും, ഒഴുക്കുണ്ടാകും. തന്നിലുള്ള ഈ ആത്മാവിനെ നൽകുവാനാണ്‌ ഈശോ ഈ ലോകത്തിലേക്ക് വന്നത്. ക്രിസ്തുവിന് സാക്ഷ്യം നൽകുവാൻ വന്ന സ്നാപക യോഹന്നാൻ എന്താണ് പറഞ്ഞത്? “ഞാൻ ജലം കൊണ്ട് സ്നാനം നൽകുന്നു (യോഹ 1, 26) … അവനാണ് (ക്രിസ്തുവാണ്) പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുന്നവൻ.” (യോഹ 1, 33) തന്നെ ശ്രവിച്ചവരോട് “ദൈവം അളന്നല്ല പരിശുദ്ധാത്മാവിനെ കൊടുക്കുന്നത്” (യോഹ 3, 34) എന്ന് പറഞ്ഞ ഈശോ, ആത്മ്മാവിനെ സ്വീകരിക്കുവാൻ ഒരുങ്ങിയിരുന്ന ശിഷ്യർക്ക് പരിശുദ്ധാത്മാവിനെ നൽകുകയാണ്. വചനം പറയുന്നു: “അഗ്നി ജ്വാലകൾ പോലുള്ള നാവുകൾ… അവരെല്ലാവരും  പരിശുദ്ധാത്മാവിനാൽ നിറഞ്ഞു.” (അപ്പ 2, 3-4)

ലോകം മുഴുവനും ആത്മാവിനെ നൽകുവാൻ വന്ന ഈശോ, താൻ ആത്മാവിന്റെ നിറവാണെന്നറിഞ്ഞുകൊണ്ട്, പിറ്റേദിവസം ജനത്തിനോട് പറയുകയാണ് “ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.” (യോഹ 8, 12) എന്ന്. എങ്ങനെയാണ്, എന്തുകൊണ്ടാണ് ഈശോ ലോകത്തിന്റെ പ്രകാശമായത്? അവിടുന്ന് ജീവജലത്തിന്റെ ഉറവയായതുകൊണ്ട്.  അവിടുന്ന് ദൈവാത്മാവിന്റെ നിറകുടമായതുകൊണ്ട്. അപ്പോൾ ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത് എന്തായിരിക്കും? മക്കളേ, ദൈവാത്മാവിനാൽ നിങ്ങൾ നിറയുമ്പോൾ ഈ ലോകത്തിൽ നിങ്ങൾ ക്രിസ്തുവിന്റെ പ്രകാശങ്ങളായിരിക്കും. ദൈവാത്മാവിന്റെ നിറവ് നിങ്ങളിൽ ഇല്ലെങ്കിൽ ഈ ലോകത്തിൽ നിങ്ങൾ ക്രിസ്തുവിന്റെ പ്രകാശങ്ങൾ ആയിരിക്കുകയില്ല. വെളിച്ചമുള്ളിടത്തു മാത്രം നടക്കാനല്ല ഈശോ നമ്മോട് പറയ്യുന്നത്. അവിടുന്ന് നമ്മോടു പറയുന്നത് ആയിരിക്കുന്ന, നടക്കുന്ന ഇടങ്ങളിലെല്ലാം പ്രകാശം പരത്തുവാനാണ്, പ്രകാശങ്ങൾ ആകാനാണ്. അതിന് ഏറ്റവും ആവശ്യകമായ ഘടകം, ആവശ്യകമായ കാര്യം പരിശുദ്ധാത്മാവിനാൽ നിറയുക എന്നതാണ് 

പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ക്രിസ്തുവിന്റെ പ്രകാശങ്ങളാകുക എന്ന മഹത്തായ ലക്ഷ്യവുമായിട്ടാണ് ഓരോ ക്രൈസ്തവനും ഈ ഭൂമിയിൽ ജീവിക്കുന്നത്. ക്രിസ്തുമതവും, മറ്റുമതങ്ങളും മനുഷ്യനിൽ ദൈവത്തിന്റെ പ്രകാശം നിറഞ്ഞവരാകാൻ മനുഷ്യരെ പഠിപ്പിക്കുന്ന, സഹായിക്കുന്ന ഘടകങ്ങളായി പ്രവർത്തിക്കാനുള്ളതാണ്. ഇരുളിന് കീഴടക്കാൻ കഴിയാത്ത ദൈവത്തിന്റെ വെളിച്ചങ്ങൾക്ക് മാത്രമേ, ലോകത്തിൽ നിറഞ്ഞിരിക്കുന്ന അന്ധകാരത്തെ മാറ്റുവാൻ സാധിക്കുകയുള്ളു. നാം ജീവിക്കുന്ന സാഹചര്യങ്ങളിൽ സത്യത്തിന്റെ, സ്നേഹത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ പ്രകാശങ്ങളാകുമ്പോഴാണ് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ അർത്ഥപൂർണമാകുന്നത്. എന്റെ കുടുംബം ഇരുട്ടിലാണോ എന്നത് എന്നിൽ ദൈവികപ്രകാശം എന്തുമാത്രമുണ്ട് എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. മാമ്മോദീസാ സ്വീകരിച്ച്, മറ്റു കൂദാശകൾ കൂടെക്കൂടെ സ്വീകരിച്ച്  ക്രിസ്തുമതത്തിലായിരിക്കുമ്പോൾ ക്രിസ്തുവിന്റെ പ്രകാശങ്ങളാകുന്നില്ലെങ്കിൽ, മതംകൊണ്ട് , മതജീവിതംകൊണ്ട്    എന്ത് പ്രയോജനം?

എന്താണ് ക്രിസ്തുമതത്തിന്റെ ഭംഗി? എന്താണ് ക്രിസ്തുമതത്തെ മനോഹരിയാക്കുന്നത്? ക്രിസ്തുവിന്റെ പ്രകാശങ്ങളായി തിളങ്ങിനിൽക്കുന്ന ക്രൈസ്തവർ തന്നെയാണ് ക്രിസ്തുമതത്തിന്റെ ഭംഗി, സൗന്ദര്യം! അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മ്യാൻമറിലെ സിസ്റ്റർ ആൻ റോസ് നു ത്വാങ്! (Sister Ann Rose Nu Tawng) ഞാൻ പറയുന്നത്, ആളുകളെ മർദ്ദിക്കുകയും, വെടിവച്ചു കൊല്ലുകയും ചെയ്യുന്ന പട്ടാളത്തിനുമുന്പിൽ, തെരുവിൽ മുട്ടുകുത്തി നിന്നുകൊണ്ട് ആൻ റോസ് എന്ന കന്യാസ്ത്രീ നടത്തിയ ഹൃദയ വിലാപത്തെ കുറിച്ചാണ്. നമുക്കെല്ലാം അറിയാവുന്നതുപോലെ മ്യാൻമറിലെ ജനത ആഴ്ചകളായി പട്ടാളഭരണ

Leave the protestors, kill me instead,' Myanmar nun pleads with military,  photo goes viral - News Rush

കൂടത്തിനെതിരെ പ്രക്ഷോഭത്തിലാണ്. ജനാധിപത്യ പ്രക്ഷോഭം ക്രൂരമായി അടിച്ചമർത്തുകയാണ് പാട്ടാളം. സ്ത്രീകളെയും, കുഞ്ഞുങ്ങളെയുമടക്കം അവർ എല്ലാവരെയും മൃഗീയമായി കൊല്ലുകയാണ്. അപ്പോഴാണ്, “നിങ്ങൾക്കുവേണമെങ്കിൽ എന്റെ ജീവനെടുക്കാം, അവരെ വെറുതെ വിട്ടേക്കൂ …അവരെ നമ്മുടെ കുടുംബാംഗങ്ങളെ പ്പോലെ കാണൂ …” എന്നും പറഞ്ഞു മ്യാൻമറിലെ മേയ്റ്റ് കെയ്‌ന നഗരത്തെരുവിൽ മുട്ടുകുത്തിനിന്നുകൊണ്ടു ആൻ റോസ് എന്ന കത്തോലിക്കാ കന്യാസ്ത്രീ പട്ടാളത്തോടു അപേക്ഷിച്ചത്. അധികാരത്തിന്റെ, മസിൽപവറിന്റെ അന്ധകാരത്തിലായിരുന്ന മ്യാൻമാർ പട്ടാളം മാത്രമല്ല, ലോകം മുഴുവനും ഈ രംഗം കണ്ടു തരിച്ചിരുന്നു പോയി!  സ്നേഹമുള്ളവരേ, അത്രമേൽ, ആർദ്രമായിരുന്നു ആ യാചന! അത്രമേൽ വേദനാജനകമായിരുന്നു! അത് ലോകമനഃസ്സാക്ഷിയെ വളരെയേറെ മുറിവേൽപ്പിച്ചു. കാരണം, അത്രമേൽ പ്രകാശപൂർണമായിരുന്നു ആ രംഗം! ആ നിമിഷം സിസ്റ്റർ ആൻ റോസ് ക്രിസ്തുവിന്റെ പ്രകാശമായിരുന്നു!

അവിടെ ആ തെരുവിലേക്കോടിച്ചെന്നത് വെറുമൊരു സ്ത്രീ ആയിരുന്നില്ല, ആ നഗരത്തെരുവിൽ മുട്ടുകുത്തി നിന്നതു വെറുമൊരു കന്യാസ്ത്രീ ആയിരുന്നില്ല! ലോകം നടുങ്ങുമാറ്‌, ഒരു നിമിഷനേരത്തേക്കെങ്കിലും മ്യാൻമാർ പട്ടാളത്തെ അസ്വസ്ഥമാക്കിക്കൊണ്ടു പട്ടാളത്തോട് കെഞ്ചിയത് ദൈവത്തിന്റെ ആത്മാവാൽ നിറഞ്ഞ, ക്രിസ്തുവിന്റെ പ്രകാശമായ, ക്രിസ്തുവിന്റെ സമർപ്പിത സിസ്റ്റർ ആൻ റോസ് നു ത്വാങ് ആയിരുന്നു!

ഞാനൊന്ന് ഭാവനയിൽ കാണാൻ ശ്രമിക്കുകയാണ്… അന്ന്, കൂടാരത്തിരിനാളെല്ലാം കഴിഞ്ഞ് പെട്ടിയും കിടക്കയുമെല്ലാം എടുത്തു വീട്ടിലേക്ക് പോകാൻ തിരക്കുകൂട്ടുന്ന ജനത്തിന്റെ ഇടയിൽ ക്രിസ്തു നിന്നു..അവിടുന്ന് ഇരുകൈകളും വിരിച്ചു പിടിച്ചുകൊണ്ട് ഉച്ചത്തിൽ ജനത്തിനോട് പറഞ്ഞു: ” ചെവിയുള്ളവർ കേൾക്കട്ടെ. ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.” ജനം മുഴുവനും ഒരുനിമിഷം ആ മുഖത്തെ പ്രകാശം കണ്ട് , ദൈവിക ദീപ്തി കണ്ട് വിസ്മയിച്ചു നിന്നുകാണും! ഇന്ന്… മ്യാൻമാറിലെ തെരുവിൽ ക്ഷുഭിതരായി നിൽക്കുന്ന ക്രൂരന്മാരായ ബർമീസ് പട്ടാളത്തിന്റെ മുൻപിൽ ഒരുകൂട്ടം മനുഷ്യർ തങ്ങൾക്കുനേരെ വരുന്ന വെടിയുണ്ടയുംപ്രതീക്ഷിച്ചു നിൽക്കുമ്പോൾ അതാ ഓടിവരുന്നു വെള്ളവസ്ത്രമണിഞ്ഞ, തലയിൽ കറുത്ത തുണിയിട്ട ഒരു കത്തോലിക്കാ കന്യാസ്ത്രീ…അവൾ ഓടി വന്ന് കൈകൾ അപേക്ഷാരൂപത്തിൽ വിരിച്ചുപിടിച്ച്, റോഡിൽ മുട്ടുകുത്തി പട്ടാളക്കാരോട് പറഞ്ഞു: “ഈ മക്കളെ വെറുതെ വിടൂ… പകരം എന്നെ വെടിവച്ചുകൊള്ളൂ… നാമെല്ലാം ഒരു കുടുംബത്തിലെ മക്കളല്ലേ?” ഒരു നിമിഷം പട്ടാളക്കാർ അവളുടെ മുഖത്തെ പ്രകാശം കണ്ട് വിസ്മയിച്ചു പോയിക്കാണണം. ഒരു വലിയ പ്രകാശം….ഒരു ദൈവിക പ്രഭ..ക്രിസ്തു എന്ന പ്രകാശം!

ഒരിക്കൽ കൽക്കട്ടയിലെ തെരുവിൽ ഒപ്പം സേവനം ചെയ്യാൻ വന്ന യുവജനങ്ങളോട് വിശുദ്ധ മദർ തെരേസാ (St. Mother Teresa) പറഞ്ഞതിങ്ങനെയാണ്. “നിങ്ങളുടെ ജീവിതമാകുന്ന വിളക്ക് മറ്റുള്ളവരുടെ മുൻപിൽ പ്രകാശിക്കട്ടെ. ക്രിസ്തുവിന്റെ വചനമാകാൻ, ക്രിസ്തുവിന്റെ വസ്ത്രമാകാൻ, ആഹാരമാകാൻ, പ്രകാശമാകാൻ നമുക്കായില്ലെങ്കിൽ ലോകത്തിൽ അന്ധകാരം കൂടുതലായി നിറയും.” ലോകത്തിന്റെ ആഘോഷങ്ങളിൽ ഭ്രമിച്ചു നിൽക്കാതെ, സ്വാഭാവിക ജീവിതത്തിന്റെ ഉത്സവ കാഴ്ച്ചകളിൽ കണ്മിഴിച്ചു നിൽക്കാതെ, ശബ്ദ കോലാഹലങ്ങളുടെയും തിരക്കുകളുടെയും ഇടയിൽ പെട്ട് ജീവിതം നഷ്ടപ്പെടുത്താതെ, ആത്മീയമായി ജീവിച്ചാൽ അന്ധകാരം നിറഞ്ഞ ഇടങ്ങളിലേക്ക് ആത്മാവ് നമ്മെ നയിക്കും – ക്രിസ്തുവിന്റെ പ്രകാശങ്ങളാകാൻ! ആ അന്ധകാരം നിറഞ്ഞ ഇടം ചിലപ്പോൾ നിന്റെ മകളുടെ, മകന്റെ ജീവിതമാകാം…നിന്റെ മാതാപിതാക്കളുടെ, സ്നേഹിതരുടെ, അയൽവക്കക്കാരുടെ, ഇടവക ജനങ്ങളുടെ, സന്യാസ സമൂഹത്തിലുള്ളവരുടെ ജീവിതങ്ങളാകാം… അവിടെ പ്രകാശങ്ങളാകാൻ ദൈവാത്മാവിനാൽ നിറഞ്ഞു ഒരുങ്ങി നിൽക്കണം നാം …എപ്പോഴും!

സമാപനം

പ്രിയപ്പെട്ടവരെ, നാം ജീവിക്കുന്ന ഈ ഭൂമിയിൽ അന്ധകാരം ധാരാളമുണ്ട്. വൈരുധ്യങ്ങൾ ഏറെയുണ്ട്. സ്നേഹിക്കുന്നവരും കൊല്ലുന്നവരുമുണ്ട്. നേരും നെറികേടുമുണ്ട്. ദൈവവും ചെകുത്താനുമുണ്ട്! ഇരുളും വെളിച്ചവുമുണ്ട്! എന്നാൽ, ഈശോ നമ്മോടു പറയുന്നത്, പ്രകാശമായ അവിടുത്തെ നാം അനുഗമിച്ചാൽ നമ്മിൽ ദൈവിക പ്രകാശമുണ്ടാകും എന്നാണ്.  എന്നിട്ട് ഒന്ന് മനോഹരമായി പുഞ്ചിരിച്ചിട്ട് ഈശോ നമ്മോടു പറയും:” നീ ലോകത്തിന്റെ പ്രകാശമാണ്'” ഇന്നത്തെ വിശുദ്ധ കുർബാനയിൽ

Finding Light In The Word Of God – St. Catherine Of Siena Parish

പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് നാം ജീവിക്കുന്ന സാഹചര്യങ്ങളിൽ ക്രിസ്തുവിന്റെ പ്രകാശങ്ങളായി ജീവിക്കുവാൻ നമുക്ക് സാധിക്കട്ടെ. എങ്ങും അന്ധകാരമാണ് എന്നും പറഞ്ഞു നിരാശപ്പെട്ടിരിക്കാതെ, പ്രകാശങ്ങളായി, ലോകത്തെമുഴുവൻ നിറനിലാവിൽ എപ്പോഴും നിർത്തുവാൻ നമുക്ക് ശ്രമിക്കാം. ആമേൻ! 

sunday sermon mt 21, 23-44

നോമ്പുകാലം നാലാം ഞായർ

മത്താ 21, 23 – 44

ജോഷ്വ 6, 27 – 7, 15

റോമാ 8, 12 – 21

സന്ദേശം

Jesus drawing with oil pastels || Christmas drawing - YouTube

ക്രിസ്തുവിന്റെ സമാധാനത്തിന്റെ തീർത്ഥാടകനായി ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെത്തിയിരിക്കുന്നുവെന്ന വലിയ വാർത്ത മധ്യ പൂർവേഷ്യക്ക് മാത്രമല്ല, ലോകത്തിന് മുഴുവനും സന്തോഷം പകരുന്ന ഒന്നാണ്. യുദ്ധത്തിലും ഭീകരവാഴ്ചയിലും തളർന്ന് ദുർബലമായ ഇറാക്കിലെ ക്രൈസ്തവ വിശ്വാസികളോട് ക്രിസ്തുവിനെ സ്വന്തമാക്കി പ്രതീക്ഷയോടെ മുന്നേറുവാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് മാർപാപ്പ തന്റെ ചരിത്ര പ്രസിദ്ധമായ സന്ദർശനം തുടങ്ങിയത്. ഇന്ന്, അമ്പതു നോമ്പിന്റെ നാലാം ഞായറാഴ്ച്ച നാം ശ്രവിച്ച സുവിശേഷവും ക്രിസ്തുവിനെ അവകാശമായി സ്വീകരിച്ചുകൊണ്ട്, എല്ലാറ്റിന്റെയും അവകാശിയായി ഏറ്റുപറഞ്ഞുകൊണ്ട് ജീവിക്കുവാനാണ് നമ്മോട് ആഹ്വാനം ചെയ്യുന്നത്. സർവത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമാക്കുകയാണ് ഈ ലോകജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും, ഈ ലോകത്തിലെ. എന്തെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള ഏറ്റവും നല്ല മാർഗം അതിന്റെ അവകാശിയെ സ്വന്തമാക്കലാണ് എന്നും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നമുക്ക് സുവിശേഷ സന്ദേശത്തിലേക്കു കടക്കാം.

വ്യാഖ്യാനം

സുവിശേഷങ്ങളിൽ തന്റെ പരസ്യജീവിതകാലഘട്ടത്തിൽ ഈശോ നടത്തുന്ന പീഡാനുഭവ പ്രവചനങ്ങളുടെ ഉപമാവിഷ്കാരമാണ് നാമിവിടെ കാണുക. അവകാശിയെക്കൊന്ന് അവകാശം സ്വന്തമാക്കാൻ ആഗ്രഹിച്ച ഇസ്രയേലിന്റെ മണ്ടത്തരത്തിനു മുൻപിൽ ഈശോ ഉയർത്തുന്ന പരിഹാസമാണീ ഉപമ. ഇന്നും മനുഷ്യൻ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആന മണ്ടത്തരം മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്ന വലിയ വിപത്തിലേക്കുള്ള ഒരു ചൂണ്ടുപലകയും കൂടിയാണ് ഇന്നത്തെ സുവിശേഷത്തിലെ ഈ ഉപമ. ആനുകാലികമായി ഈ ഉപമയെ ഒന്ന് വിശദീകരിച്ചാൽ ഇതിലെ അന്തസത്ത നമുക്ക് മനസ്സിലാകും; മനുഷ്യന്റെ ആനമണ്ടത്തരം പിടികിട്ടുകയും ചെയ്യും.

ദൈവപരിപാലനയുടെ അനന്തസാധ്യതകൾക്കിടയിലാണ് മനുഷ്യൻ ജീവിക്കുന്നത്. ഈ ജീവിതം ഈ ഭൂമിയിൽ ദൈവമാണ് നമുക്ക് നൽകിയത്. കർഷകൻ മുന്തിരിത്തോട്ടം കാത്തുസൂക്ഷിക്കുന്നതുപോലെ, അവിടുത്തെ പരിപാലനയുടെ വേലിക്കെട്ടിനുള്ളിൽ ജീവനും ശക്തിയും നൽകി കണ്ണിലെ കൃഷ്ണമണിപോലെ ദൈവം നമ്മെ കാത്തുസൂക്ഷിക്കുന്നു. വിശുദ്ധ കൂദാശകളാകുന്ന, സഭയാകുന്ന കൃഷിക്കാരിലൂടെ നമ്മെ വളർത്തുന്നു. ഇത്രയെല്ലാം തന്റെ കരുണയിൽ, സ്നേഹത്തിൽ ദൈവം ചെയ്യുന്നത് നാം ഈ ഭൂമിയിൽ നൂറുമേനി, അറുപതുമേനി, മുപ്പതുമേനി ഫലം പുറപ്പെടുവിക്കാനാണ്. ആ ഫലം കാത്തിരിക്കുന്ന ഉടമസ്ഥനായ ദൈവം ഈരേഴുപതിനാലു ലോകങ്ങളുടെയും, അതിലുള്ള സകലത്തിന്റെയും അവകാശിയായി ക്രിസ്തുവിനെ ആക്കിയിരിക്കുന്നു.  

സ്നേഹമുള്ളവരേ, നമ്മുടെ വിശ്വാസത്തെ നാം വർധിപ്പിക്കണം. ജീവിതത്തിന്റെ ഓരോ നിമിഷവും ഈ വിശ്വാസം ഏറ്റുപറയണം. എന്താണ് ഏറ്റുപറയേണ്ടത്? ‘ഈശോയേ, ഈ ലോകത്തിന്റെ അവകാശി നീയാണ്, എന്റെ ജീവിതത്തിന്റെ അവകാശി നീയാണ്. നീയാണെന്റെ അവകാശവും പാനപാത്രവും. എന്റെ ജീവിതം, എന്റെ ജീവിതത്തിന്റെ ഭാഗധേയം നിന്റെ, നിന്റെ മാത്രം കൈകളിലാണ്.’ 

American Portrait Painter | Jesus pictures, Jesus christ images, Pictures  of jesus christ

വിശുദ്ധ പൗലോശ്ലീഹാ ഇക്കാര്യം വളരെ കൃത്യമായി പറയുന്നുണ്ട്. “അവൻ (ക്രിസ്തു) അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും, എല്ലാ സൃഷ്ടികൾക്കും മുൻപുള്ള ആദ്യജാതനുമാണ്. കാരണം, അവനിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ, ആധിപത്യങ്ങളോ, ശക്തികളോ, അധികാരങ്ങളോ എന്തുമാകട്ടെ എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുന്പുള്ളവൻ. അവനിൽ സമസ്തവും സ്ഥിതിചെയ്യുന്നു.” (കൊളോ 1, 15-17) ആർക്കാണ് പിതാവിന്റെ അവകാശത്തിന് അർഹത? മക്കൾക്കാണ്. അപ്പോൾ, അവകാശത്തിൽ പങ്കുപറ്റുവാൻ എന്ത് ചെയ്യണം? നാം ദൈവത്തിന്റെ മക്കളാകണം. ആരാണ് ദൈവത്തിന്റെ മക്കൾ? റോമാക്കാർക്കെഴുതിയ ലേഖനത്തിൽ നാം വായിച്ചുകേട്ടതുപോലെ, ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവത്തിന്റെ മക്കൾ. (റോമാ 8, 14) പൗലോശ്ലീഹാ പറയുന്നു: “നാം മക്കളെങ്കിൽ അവകാശികളുമാണ്. ദൈവത്തിന്റെ അവകാശികളും, ക്രിസ്തുവിന്റെ കൂട്ടവകാശികളും.” (റോമാ 8, 17) ദൈവത്തിന്റെ മക്കളായി ജീവിച്ചുകൊണ്ട്, ക്രിസ്‌തുവിനെ അവകാശിയായി ഏറ്റുപറഞ്ഞുകൊണ്ട് ജീവിക്കുമ്പോഴാണ് ദൈവത്തിന്റെ അവകാശത്തിൽ നാം പങ്കുകാരാകുന്നത്.

എന്നാൽ, സ്നേഹമുള്ളവരേ ശ്രദ്ധിച്ചു കേൾക്കണം, ഈ ലോകം, ലോകത്തിലുള്ള നാമെല്ലാവരും, നൽകപ്പെട്ടിട്ടുള്ളതിന്റെയെല്ലാം ഉടമസ്ഥനായ ദൈവത്തെ മറന്ന്, ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ പരിഗണിക്കാതെ, എല്ലാം സ്വന്തമാക്കാൻ ശ്രമിക്കുന്നു. എല്ലാം സ്വന്തമാക്കാൻ അവകാശിയെ കൊന്നുകളയുന്നു. അവകാശിയെക്കുറിച്ചുള്ള ഓർമപോലും  അവകാശങ്ങൾ സ്വന്തമാക്കാൻ തടസ്സമാകുമെന്ന് കണ്ട് അവകാശിയെ, തങ്ങളുടെ ജീവിതത്തിന്റെ, മനഃസ്സാക്ഷിയുടെ പുറത്തേക്ക് എറിഞ്ഞുകളയുന്നു.  “മറ്റാർക്കും വസിക്കാൻ ഇടംകിട്ടാത്തവിധം വീടോടു വീട് ചേർത്ത്, വയലോട്  വയൽ ചേർത്ത് അതിന്റെ മധ്യത്തിൽ തനിച്ചു വസിക്കുവാൻ’ (ഏശയ്യാ 5,8) അവകാശി തടസ്സമാകുന്നുവെന്നുകണ്ട് നീ അവകാശിയെ കൊല്ലുന്നു. ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാനും, വീഞ്ഞ് കുടിച്ചു മദിക്കാനും അവകാശി പ്രതിബന്ധമാകുമെന്ന് മനസ്സിലാക്കി നീ അവകാശിയെ വകവരുത്തുന്നു. 

കുടുംബനാഥനെന്ന നിലയിൽ നീ സമ്പാദിക്കുന്നതെല്ലാം നിന്റെ കുടുംബങ്ങൾക്കും അർഹതപ്പെട്ടിരിക്കെ, നിന്റെ സുഖത്തിനായി മാത്രം നിന്റെ സമ്പാദ്യം കള്ളുകുടിക്കാൻ ഉപയോഗിക്കുമ്പോൾ, പുകവലിക്കാൻ എടുക്കുമ്പോൾ, എല്ലാം നിന്റേതെന്ന മട്ടിൽ ഉപയോഗിക്കുമ്പോൾ, നീ ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ കൊന്നു നിന്റെ ജീവിതത്തിന്റെ പുറമ്പോക്കിലേക്കു എറിഞ്ഞുകളയുകയാണ്. ഈ ലോകത്തിലുള്ളതെല്ലാം ക്രിസ്തുവിന്റേതായിരിക്കെ, അത് പരിഗണിക്കാതെ, എല്ലാം, സുഖങ്ങളും, സ്വത്തുക്കളും, എല്ലാം എല്ലാം നിന്റേതാക്കാൻ നീ ശ്രമിക്കുമ്പോൾ – നീ ആരുമാകാം, ഒരു പുരോഹിതൻ, സന്യാസി, ഭാര്യ, ഭർത്താവ്, യുവതീയുവാക്കൾ, കുഞ്ഞുങ്ങൾ, – ഓരോരുത്തരും അവരവരുടേതായ തലത്തിൽ,

Why Selfish Men Live Shorter Lives | 50ish.org

സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ ക്രിസ്തുവിനെ കൊല്ലുകയാണ്, നിങ്ങളുടെ ജീവിതത്തിന്റെ പുറത്തേക്കു എറിഞ്ഞുകളയുകയാണ്. എല്ലാം ക്രിസ്തുവിന്റേതായിരിക്കേ, നിങ്ങളുടേതെന്ന മട്ടിൽ, ഇരുമ്പു സേഫുകളിലും, ലോക്കറുകളിലും മറ്റും സൂക്ഷിക്കുകയും, ആർക്കും പങ്കുവെക്കാതെ, ആരെയും സഹായിക്കാതെ കണ്ണെഴുതി പൊട്ടും തൊട്ടു, ശീതീകരിച്ച കാറുകളിൽ കറങ്ങുമ്പോൾ ഓർക്കുക, നിങ്ങൾ അവകാശിയെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് പുറത്തു നിർത്തുകയാണ്.

പക്ഷെ സ്നേഹിതരെ, നിങ്ങൾക്ക് ഒന്നും സ്വന്തമാക്കാൻ സാധിക്കുകയില്ല. കാരണം, അവകാശം മുഴുവൻ സ്വന്തമാക്കാൻ ഒരു മാർഗ്ഗമേയുള്ളു – അവകാശിയെ സ്വന്തമാക്കുക. സമ്പത്തു ആവശ്യമുണ്ടോ, സർവ സമ്പത്തിന്റെയും ഉടയവനായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗനന്ദര്യം വേണമോ, സൗന്ദര്യം മാത്രമായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗഖ്യം വേണമോ, സൗഖ്യദായകനായ ക്രിസ്തുവിനെ സ്വന്തമാക്കുക. സമാധാനം വേണമോ, സന്തോഷം വേണമോ, എല്ലാറ്റിന്റെയും അവകാശിയെ സ്വന്തമാക്കുക. അല്ലെങ്കിൽ അവകാശത്തിൽ പങ്കുപറ്റാൻ നിനക്കാകില്ല. നാം വലിക്കുന്ന ശ്വാസവും, ഇറുത്തെടുക്കുന്ന ഒരു പുൽനാമ്പും, കൈക്കുമ്പിളിലാക്കുന്ന കടലിലെ ഇത്തിരി വെള്ളവും, നാം ചിലവഴിക്കുന്ന ഒറ്റരൂപാ തുട്ടുപോലും നമ്മുടേതല്ല. അതിനു അവകാശിയുണ്ട്, കർത്താവായ ഈശോ തമ്പുരാൻ! അവകാശിയെ ജീവിതത്തിന്റെ പുറമ്പോക്കിൽ നിർത്തി, ഇവയെല്ലാം നമ്മുടേതെന്ന മട്ടിൽ ആസ്വദിക്കാൻ ശ്രമിച്ചാൽ, ഉടമസ്ഥൻ വരികതന്നെ ചെയ്യും, അവകാശം നമ്മിൽ നിന്ന് തിരിച്ചെടുക്കാൻ.

ഇത് ഇലക്ഷൻ കാലമാണല്ലോ! ഓരോ മണ്ഡലവും സ്വന്തമാക്കാൻ, നേടിയെടുക്കാൻ സ്ഥാനാർത്ഥികൾ നെട്ടോട്ടമോടുന്ന സമയമാണിത്! സ്ഥാനാർത്ഥികൾ അസംബ്‌ളി മണ്ഡലം സ്വന്തമാക്കാൻ എന്തുചെയ്യണം? ധാർഷ്ട്യത്തോടെ ദേ, ഈ മണ്ഡലം ഞാനങ്ങ് എടുക്കുവാ എന്നുപറഞ്ഞാൽ അതവർക്ക് കിട്ടുമോ? ഇല്ല. സമ്പത്തുണ്ടെങ്കിൽ കിട്ടുമോ? ഇല്ല. കൈയ്യൂക്കുകൊണ്ട് നേടിയെടുക്കാൻ പറ്റുമോ? ഇല്ല. അവർ എന്ത് ചെയ്യണം? അവകാശിയെ, സ്വന്തമാക്കണം. ആരാണ് ഒരു മണ്ഡലത്തിന്റെ അവകാശി? ജനം! ജനത്തെ സ്വന്തമാക്കുന്ന സ്ഥാനാർത്ഥിക്കേ മണ്ഡലം നേടാൻ സാധിക്കൂ. ജനത്തെ കൊല്ലുന്ന, ജനത്തെ വഞ്ചിക്കുന്ന സ്ഥാനാർത്ഥിക്ക് മണ്ഡലം കിട്ടില്ല.

അവകാശിയെ കൊന്നാൽ അവകാശം മുഴുവൻ സ്വന്തമാക്കാമെന്നത് മണ്ടത്തരമാണ്. നിങ്ങൾ അവകാശിയെ കൊന്നാൽ രണ്ടുകാര്യം സംഭവിക്കാം. ഒന്ന്, അവകാശത്തിനു നൂറ്റൊന്നു ആളുകൾ ഉണ്ടാകും. അവകാശം ചിന്നഭിന്നമായിപ്പോകും. രണ്ട്, ഉടമസ്ഥൻ വന്നു നിങ്ങളെ നശിപ്പിച്ചുകളയും. ഒന്നാമത്തെ വായനയിലെ ആഖാന്റെ ജീവിതം ഓർക്കുന്നത് നല്ലതാണ്. ദൈവവചനം മറന്ന്, ദൈവ കല്പന മറന്ന്, ദൈവത്തെ മറന്ന്, എല്ലാം സ്വന്തമാക്കാൻ ശ്രമിച്ച ആഖാന്റെ തകർച്ച നമുക്ക് പാഠമാകട്ടെ.

സ്നേഹമുള്ളവരേ, ക്രിസ്തുവാകുന്ന മൂലക്കല്ലിൽ നിങ്ങൾ നിങ്ങളുടെ ജീവിതം പടുത്തുയർത്തുന്നില്ലായെങ്കിൽ, അവകാശിയെ നിങ്ങൾ സ്വന്തമാക്കുന്നില്ലായെങ്കിൽ വചനം പറയുന്നു, നിങ്ങളുടെ ജീവിതം തകർന്നു പോകും, മാത്രമല്ല, കണ്ണിമയ്ക്കുന്ന നേരത്തിൽ അത് ധൂളി, ധൂളിയായിപ്പോകും! ക്രിസ്തുവാകുന്ന അവകാശിയെ സ്വന്തമാക്കാൻ സഭയെ ഇനിയും സജ്ജമാക്കാൻ നാം തയ്യാറായില്ലെങ്കിൽ ജീവിതം മാത്രമല്ല, സഭയും, സഭയുടെ പ്രവർത്തനങ്ങളും, പ്രസ്ഥാനങ്ങളുമെല്ലാം തകർന്നുപോകും. കണ്ണിമയ്ക്കുന്ന നേരത്തിൽ അത് ധൂളി, ധൂളിയായിപ്പോകും!  

ഈ ദൈവവചനത്തെ ഭീഷണിയായി കാണരുതേ. സ്നേഹിക്കുന്ന ദൈവത്തിന്റെ ഹൃദയത്തിന്റെ കരച്ചിലാണിത്. ‘നിങ്ങൾക്കുവേണ്ടി ഞാൻ എല്ലാം ചെയ്തിട്ടും, ഓരോ ദിവസവും വിശുദ്ധ കുർബാനയിലൂടെ എന്നെത്തന്നെ തന്നിട്ടും, നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടും, സ്നേഹമുള്ള മക്കളെ, എന്തുകൊണ്ട് നിങ്ങൾ തകർച്ചയുടെ വഴി തിരഞ്ഞെടുക്കുന്നു. എന്തുകൊണ്ട് നിങ്ങൾ അവകാശം മാത്രം വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു? എന്തുകൊണ്ട് നിങ്ങൾ പാപ്പരായിപ്പോകുന്ന വഴി തിരഞ്ഞെടുക്കുന്നു? എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ കുടുംബത്തിൽ, വ്യക്തിജീവിതങ്ങളിൽ നിങ്ങൾക്കായി എല്ലാം നൽകുന്ന അവകാശിയെ കൊന്ന് ജീവിതത്തിന്റെ പുറമ്പോക്കിലേക്കെറിയുന്നു?’ കേൾക്കാൻ പറ്റുന്നുണ്ടോ, ദൈവത്തിന്റെ ഈ കരച്ചിൽ?

സമാപനം

ഞാൻ ആരെയും വിധിക്കുന്നില്ല. പക്ഷെ ലോകത്തിൽ സംഭവിക്കുന്നവയെ നിരീക്ഷിക്കുമ്പോൾ, എന്റെ ജീവിതത്തിലെ, എന്റെ കുടുംബത്തിലെ അസ്വസ്ഥതകൾ കാണുമ്പോൾ, ഞാൻ ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കാണാതെ വരുമ്പോൾ, ഞാൻ സ്വയം ചോദിക്കുകയാണ് സ്നേഹമുള്ളവരേ, എന്റെ ജീവിതത്തിന്റെയും, ഈ ലോകത്തിലുള്ള എല്ലാറ്റിന്റെയും അവകാശിയായ ക്രിസ്തുവിനെ എന്റെ ജീവിതത്തിൽ നിന്ന് ഞാൻ അകറ്റി നിർത്തിയിരിക്കുകയാണോ? അവകാശിയില്ലെങ്കിലും എല്ലാം സ്വന്തമാക്കാമെന്ന ഹുങ്കിലാണോ, എല്ലാം ആസ്വദിക്കാമെന്ന അഹന്തയിലാണോ ഞാൻ ജീവിക്കുന്നത്?  

Jesus Christ, Jesus Nazareth Drawing Hands Pencil, Jesus Christ,  monochrome, painting png | PNGEgg

ഓർക്കുക, അവകാശം സ്വന്തമാക്കാൻ ഒരേയൊരു മാർഗ്ഗമേയുള്ളു: അവകാശിയെ സ്വന്തമാക്കുക. ഈ നോമ്പുകാലം അതിനുവേണ്ടിയാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്. ആമേൻ!