sunday sermon jn 10, 1-18

നോമ്പുകാലം ആറാം ഞായർ

യോഹ 10, 1-18

സന്ദേശം

Good Shepherd Sunday – deacon rudy's notes

സ്ഥാനാർഥി നിർണയത്തിന്റെയും, പത്രിക സമർപ്പണത്തിന്റെയും തിരക്കിലാണ് രാഷ്ട്രീയ കേരളം. ഏതു വ്യക്തിയെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കണമെന്ന്, അതിനുശേഷം ആരെ തിരഞ്ഞെടുക്കണമെന്ന് ചിന്തിക്കുകയാണ് കേരളം. രാഷ്ട്രീയ കേരളം ഭാവി നേതാക്കൾക്കായി തിരയുമ്പോൾ, തിരുസ്സഭ ഇന്ന്, അമ്പതു നോമ്പിന്റെ ആറാം ഞായറാഴ്ച്ച നല്ല നേതാവ് ആരായിരിക്കണമെന്ന്, നല്ല ഇടയൻ എങ്ങനെയുള്ള ആളാണെന്ന് നമ്മെ ഓർമപ്പെടുത്തുകയാണ്. നല്ല ഇടയന്റെ, നല്ല ഇടയനായ ഈശോയുടെ സുന്ദരമായ ചിത്രമാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ വരച്ചു കാണിക്കുന്നത്.

വ്യാഖ്യാനം 

പ്രധാനമായും മൂന്ന് രൂപകങ്ങളാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ ഉപയോഗിക്കുന്നത്. ഒന്ന്, ഇടയൻ. ഈശോ പറയുന്നു: ” ഞാൻ നല്ല ഇടയനാണ്.” (യോഹ 10, 11) രണ്ട്, ആടുകൾ. “നിങ്ങൾ ആടുകളാണ്” എന്ന് ഈശോ പറയുന്നില്ലെങ്കിലും ആടുകൾ അന്ന് പറയുമ്പോൾ മനുഷ്യരെയാണ്, നമ്മെയാണ് ഈശോ മനസ്സിൽ കാണുന്നത്. മൂന്ന്, വാതിൽ. ഈശോ പറയുന്നു: “ഞാനാണ് ആടുകളുടെ വാതിൽ.” (യോഹ 10, 7)

ഇടയനും ആട്ടിൻകൂട്ടവും നമ്മുടെ സംസ്കാരത്തിന്റെ മുഖ്യഘടകമല്ലെങ്കിലും, ഇടയനെക്കുറിച്ചും, ആടുകളെക്കുറിച്ചും നമുക്ക് അറിയാവുന്നതുകൊണ്ട്, ‘ഈശോ നല്ല ഇടയനാണ്’ എന്ന രൂപകം മനസ്സിലാക്കാൻ നമുക്കു എളുപ്പമാണ്. എവിടെനിന്നാണ് ഈ ആശയം ഈശോയ്ക്ക് ലഭിച്ചത് എന്നതിനെക്കുറിച്ചു പല അഭിപ്രായങ്ങളുണ്ട്. പ്രധാനപ്പെട്ട ഒരു വാദം ഇതാണ്: Jesus lived in India എന്ന പുസ്തകത്തിൽ ഹോൾഗെർ കെർസ്റ്റൻ (Holger Kersten), ബുദ്ധമത പാരമ്പര്യത്തിൽ നിന്നാകാം ഈശോയ്ക്ക് ഇങ്ങനെയൊരു ആശയം ലഭിച്ചിട്ടുണ്ടാകുക എന്ന് അഭിപ്രായപ്പെടുന്നുണ്ട്. ക്രിസ്തുവിന് മുൻപ് നിലവിലുണ്ടായിരുന്ന ബുദ്ധ മത പാരമ്പര്യത്തിൽ ബോധിസത്വനെ നല്ലയിടയനായി ചിത്രീകരിച്ചിട്ടുള്ള പ്രതിമകൾ കണ്ടെടുത്തിട്ടുള്ളത് ഈ അഭിപ്രായത്തിന് തെളിവായി നൽകുന്നുമുണ്ട്. എന്നാൽ, മനുഷ്യന്റെ സാധാരണ ജീവിതസാഹചര്യങ്ങളെ കൂട്ടിയിണക്കി സാരോപദേശങ്ങൾ പറയുന്ന രീതി സ്വീകരിച്ച ഈശോ, ഇടയനും ആട്ടിൻകൂട്ടവുമെന്ന ചിത്രവും ഇസ്രായേൽക്കാരുടെ ജീവിതപശ്ചാത്തലത്തിൽ നിന്ന് എടുത്തതായിരിക്കണമെന്നാണ് ക്രൈസ്തവ പണ്ഡിതന്മാർ വിശ്വസിക്കുന്നത്. ഈ അഭിപ്രായമാണ് ഏറ്റവും സ്വീകാര്യമെന്നാണ് എനിക്കും തോന്നുന്നത്.

ഇടയനും ആട്ടികൂട്ടവും മധ്യപൂർവേഷ്യയിലെ ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. ജനത്തിന് ഏറ്റവും പരിചിതമായ ജീവനുള്ള ഒരു ചിത്രം എടുത്തുകൊണ്ട് ഈശോ ഇവിടെ തന്നെ വെളിപ്പെടുത്തുകയാണ്. ഒപ്പം, ആടുകൾക്കുവേണ്ടി ജീവൻ സമർപ്പിക്കുന്ന നല്ല ഇടയനായ ലോകരക്ഷകൻ താനാണെന്ന് സൂചിപ്പിക്കുകയാണ്.

ഇടയന്റെ സ്വഭാവം വളരെ വ്യക്തമായി അറിയുന്നവരാണ് ഇസ്രായേൽക്കാർ. അവർക്ക് ഇടയൻ എന്നത് ജീവിതത്തിന്റെ ഭാഗമാണ്. പഴയനിയമത്തിൽ സാമുവലിന്റെ ഒന്നാം പുസ്തകത്തിൽ അദ്ധ്യായം 7, വാക്യങ്ങൾ 34-36 ഇടയന്റെ സ്വഭാവം എന്താണെന്ന് വിവരിക്കുന്നുണ്ട്. ഫിലിസ്ത്യരുടെ നേതാവായ ഗോലിയാത്ത് ഇസ്രായേൽക്കാരെ വെല്ലുവിളിക്കുന്ന കാലം. ഗോലിയാത്തിനെക്കൊന്ന് ഫിലിസ്ത്യരെ തോൽപ്പിക്കാൻ കഴിയാതെ വലയുകയാണ് ഇസ്രായേൽ സൈന്യം. അപ്പോൾ ഇടയനായ ദാവീദ് ഫിലിസ്ത്യരുടെ നേതാവായ ഗോലിയാത്തിനെ കൊല്ലുവാൻ തയ്യാറാകുകയാണ്. ഇതുകണ്ട്  സാവൂൾ രാജാവ് അവനോടു ചോദിക്കുന്നത്, നീ വെറും ബാലനല്ലേ

Who Was Goliath in the Bible? What's the Story of this Giant Philistine?

എന്നാണ്. അപ്പോൾ ദാവീദ് പറയുകയാണ്: ” പിതാവിന്റെ ആടുകളെ മേയിക്കുന്നവനാണ് അങ്ങയുടെ ഈ ദാസൻ. സിംഹമോ, കരടിയോ വന്നു ആട്ടിന്പറ്റത്തിൽ നിന്ന് ഒരാട്ടിൻകുട്ടിയെ തട്ടിയെടുത്താൽ, ഞാൻ അതിന്റെ പിന്തുടർന്ന് ആട്ടിൻകുട്ടിയെ രക്ഷിക്കും. അത് എന്നെ എതിർത്താൽ ഞാൻ അതിന്റെ ജടയ്ക്കു പിടിച്ചു അടിച്ചു കൊല്ലും.’ സാവൂൾ വിസ്മയത്തോടെ ഇതെല്ലം കേട്ടുനിൽക്കുകയാണ്. “ഞാൻ ഈ കുട്ടിയെ underestimate ചെയ്തോ” എന്ന് രാജാവ് ഉള്ളിൽ ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ദാവീദ് അല്പം ശബ്ദം താഴ്ത്തി പറഞ്ഞു: “അങ്ങയുടെ ദാസൻ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്.” അവന്റെ മുഖഭാവം കണ്ട രാജാവിന് അതൊരു വെറും ‘തള്ളല്ലാ’ എന്ന് മനസ്സിലായി.

യഥാർത്ഥ ഇടയന്റെ ചിത്രമാണ്, സ്വഭാവമാണ് ദാവീദ് വരച്ചുകാട്ടിയത്. ആട്ടിൻകൂട്ടത്തിൽ നിന്ന് ഒരാടിനെ തട്ടിയെടുത്താൽപ്പോലും ശത്രുവിനെ പിന്തുടർന്ന് ആ ആട്ടിൻകുട്ടിയെ രക്ഷിക്കുന്ന ഇടയന്റെ ചിത്രം ദാവീദ് വളരെ മനോഹരമായാണ് അവതരിപ്പിക്കുന്നത്. യഥാർത്ഥ ഇടയന്റെ ദർശനം ഇതാണ്: ‘സ്വന്തം ജീവൻ സമർപ്പിച്ചും ആടുകളെ രക്ഷിക്കുക.’ ആരും സഞ്ചരിച്ചിട്ടില്ലാത്ത അജ്ഞാതമായ പാതകളിലൂടെ സഞ്ചരിച്ച് ആടുകളെ രക്ഷിക്കുവാൻ ഇടയന് കഴിയണം. ഇടയൻ ആടുകളെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യണം. ഇതെല്ലാം അറിയാമായിരുന്ന ദാവീദ് രാജാവ് ആത്മാവിൽ നിറഞ്ഞു പാടിയത് ഇങ്ങനെയല്ലേ? “കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാകുകയില്ല…അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല.” (സങ്കീ 23, 1-4)

എസക്കിയേൽ പ്രവാചകന്റെ പുസ്തകം 34, 15-16 വാക്യങ്ങൾ പറയുന്നു: “ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാൻ അവയ്ക്കു വിശ്രമസ്ഥലം നൽകും. നഷ്ടപ്പെട്ടതിനെ ഞാൻ അന്വേഷിക്കും. വഴിതെറ്റിയതിനെ ഞാൻ തിരിയെക്കൊണ്ടുവരും. മുറിവേറ്റതിനെ ഞാൻ വച്ചുകെട്ടും…നീതിപൂർവം ഞാനവയെ പോറ്റും.”

ഇസ്രായേൽ ജനത്തിന് പരിചിതമായ ഈ രൂപകം ഈശോയിലേക്കു ആരോപിക്കുമ്പോൾ എത്ര മനോഹരമായാണ് ഇടയസങ്കല്പം പൂത്തുലയുന്നത്! ഇടയനില്ലാത്ത ആടുകളെപ്പോലെ അലയുന്ന നമ്മോടു് അനുകമ്പ കാണിക്കുന്ന ഒരു നല്ല ഇടയൻ, കർത്താവായ ഈശോ നമുക്കുണ്ടെന്നത് എത്ര ആശ്വാസമാണ് നമുക്ക് നൽകുന്നത്! ജീവനുണ്ടാകുവാനും അത് സമൃദ്ധിയായി ഉണ്ടാകുവാനും ഭൂമിയിലേക്ക് വന്ന ക്രിസ്തു വിശുദ്ധ കുർബാനയിലൂടെ ഇന്നും ജീവൻ നമുക്ക് നല്കുകയല്ലേ? ആടുകൾക്കുവേണ്ടി ജീവൻ സമർപ്പിക്കുന്ന ഇടയനെയല്ലേ പ്രിയപ്പെട്ടവരേ, കാൽവരിയിൽ നാം കാണുന്നത്? നൂറാടുകളുണ്ടായിരിക്കെ അതിൽനിന്നു നഷ്ടപ്പെട്ടാൽ തൊണ്ണൂതൊണ്ണൂറ്റൊൻപതിനേയും ആലയിൽ വിട്ടിട്ട് നഷ്ടപ്പെട്ട ഒരാടിനെ തേടിപ്പോകുന്ന ക്രിസ്തുവിനെയല്ലേ, കുമ്പസാരവേദികളിൽ ഇന്നും നാം കണ്ടുമുട്ടുന്നത്? അതെ, ക്രിസ്തു നല്ല ഇടയനാണ്.

രണ്ടാമത്തെ രൂപകം ആടുകളാണ്. ആടുകളുടെ പ്രത്യേകതയെന്തെന്നു നിങ്ങൾക്കറിയില്ലേ? ആടിനെ ഒരിക്കലും തനിച്ചു നാം കാണാറില്ല. തനിച്ചാകുമ്പോൾ വഴിതെറ്റിയതായി അതിനു തോന്നും. എവിടെ പോകണമെന്നോ, എന്ത് ചെയ്യണമെന്നോ അറിയാതെ അത് കറങ്ങിനടക്കും. മൃഗങ്ങളിൽ ഏറ്റവും ബലഹീനർ ആണവർ. 20 വാരയിൽ കൂടുതൽ കണ്ണ് കാണില്ല. അതുകൊണ്ട് നയിക്കാൻ ആളുവേണം.

32,522 Flock Of Sheep Stock Photos, Pictures & Royalty-Free Images - iStock

ആൾക്കൂട്ടത്തിൽ അവയ്ക്കു സുരക്ഷിതത്വം അനുഭവപ്പെടും. ആട്ടിന്പറ്റത്തെ നോക്കൂ…ഒട്ടും ഇടം കൊടുക്കാതെ മുട്ടിയുരുമ്മിയാണ് അവ പോകുന്നത്. ഒറ്റയ്ക്കായാൽ അത് അവയ്ക്ക് മരണമാണ്.

മനുഷ്യരായ നാം ഈ ആടുകളെപ്പോലെയാണ്. മനുഷ്യൻ തനിച്ചു തീർത്തും നിസ്സഹായനാണ്. ഭൂമുഖത്തുള്ള എല്ലാ ജീവികളിലും വച്ച് ഏറ്റവും ദുർബലനും നിസ്സഹായനായ ജീവി മനുഷ്യനാണ്. മനുഷ്യന്റെ ശരീരം ഒരു മൃഗത്തിന്റെ ശരീരത്തോളം ശക്തമല്ല. മനുഷ്യന്റെ എല്ലാ അവയവങ്ങളും മൃഗങ്ങളുടേതിനേക്കാൾ ബലഹീനമാണ്. ഒരു പക്ഷിയെപ്പോലെ മനുഷ്യന് പറക്കാൻ കഴിയില്ല. ഒരു കുതിരയ്‌ക്കൊപ്പമോ, ചെന്നായ, മാൻ, പുള്ളിപ്പുലി ഇവയ്‌ക്കൊപ്പമോ മനുഷ്യന് ഓടാൻ കഴിയില്ല. ഒരു ചീങ്കണ്ണിയെപ്പോലെ നീന്താൻ, കുരങ്ങിനെപ്പോലെ മരം കയറാൻ കഴിയില്ല. കഴുകനെപ്പോലെ കണ്ണുകളോ, കാട്ടുപൂച്ചയ്ക്കുള്ള പല്ലുകളോ മനുഷ്യനില്ല. ചെറിയൊരു പ്രാണി കടിച്ചാൽ മനുഷ്യൻ മരിക്കും. അത്രേയുള്ളു. അതുകൊണ്ടു തന്നെ മനുഷ്യന്റെ അടിസ്ഥാന വികാരം ഭയമാണ്. മനുഷ്യന് ആയുധങ്ങൾ വേണം, സുരക്ഷിതത്വം ഉറപ്പിക്കാൻ. ആദ്യം ശിലായുധങ്ങൾ, ലോഹായുധങ്ങൾ, അകലെനിന്ന് മൃഗങ്ങളെ നേരിടാൻ അമ്പും വില്ലും, പിന്നെ തോക്കുകൾ, ആണവായുധങ്ങൾ … ഇപ്പോൾ ആയുധങ്ങൾ കയ്യിൽ കരുതേണ്ട. ബട്ടണമർത്തിയാൽ മതി, മിസൈൽ കുതിച്ചുയരും. പക്ഷെ ബട്ടൺ ആരുടെ കയ്യിലാണ്? മോസ്കോയിലോ, വൈറ്റ് ഹൌസ്സിലോ, ഡെൽഹിയിലോ? ആരാണ് എപ്പോഴാണ് അമർത്തുന്നത്? അപ്പോഴും ഭയം മാത്രം ബാക്കി! ആരാണ് മനുഷ്യൻ? വെറും ആടുകൾ! ഓരോ ചുവടിലും ഭയം കൊണ്ട്നടക്കുന്ന ആടുകൾ! മനുഷ്യന്റേത് ഒരു ആടുജീവിതം!?

പ്രിയപ്പെട്ടവരേ, ആടുകൾക്ക് ഇടയനെ, നല്ല ഇടയനെ ആവശ്യമുണ്ട്. നല്ല ഇടയനില്ലെങ്കിൽ ആടുകൾ ചിതറിക്കപ്പെടും. കലക്കവെള്ളം കുടിക്കും. യോനായുടെ പുസ്തകത്തിൽ കർത്താവ് പറയുന്നതുപോലെ, ഇടതേത്, വലുതേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത മനുഷ്യർക്കും (യോനാ 4, 11) -ഇത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെക്കുറിച്ചല്ലാട്ടോ – വെറും ബലഹീനനായ മനുഷ്യർക്കും ഇടയനെ ആവശ്യമാണ്. അത് ലൗകിക ഇടയന്മാർ പോരാ. കാരണം അവർ സ്വാർത്ഥമതികളാണ്, അഹങ്കാരികളാണ്, ആക്രാന്തം കാട്ടുന്നവരാണ്.  എസക്കിയേൽ പ്രവാചകന്റെ പുസ്തകം അദ്ധ്യായം 34 ൽ കർത്താവ് അരുളിച്ചെയ്യുന്നു: ‘ഇസ്രായേലിന്റെ ഇടയന്മാരേ നിങ്ങൾക്ക് ദുരിതം! …നിങ്ങൾ ആടുകളെ പോറ്റുന്നില്ല. …മുറിവേറ്റതിനെ വച്ചുകെട്ടുന്നില്ല. ഇടയനില്ലാത്തതിനാൽ…കാട്ടിലെ മൃഗങ്ങൾക്ക് അവ ഇരയായിത്തീർന്നു.’

മനുഷ്യർക്ക് വേണ്ടത്, നമുക്ക് വേണ്ടത് ആടുകളെ അറിയുന്നവനും, ആടുകളെ പേരുചൊല്ലി വിളിക്കുന്നവനും, അവയെ സമൃദ്ധമായ മേച്ചിൽ സ്ഥലങ്ങളിലേക്ക് നയിക്കുന്നവനുമായ ഇടയനെയാണ്. ഈ ലോകത്തിലെ ഇടയന്മാർ പക്ഷെ, ആടുകളെ കൊല്ലുന്നവരും, അവയെ ഭക്ഷിച്ചു കൊഴുക്കുന്നവരുമാണ്. നാടിനെയും നാട്ടാരെയും നന്നാക്കുവാൻ മുന്നോട്ടു വരുന്ന നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മത നേതാക്കന്മാരെ നോക്കുക! ആടുകൾ, സാധാരണ മനുഷ്യർ, ഈ നാട് ഒട്ടും തന്നെ വളരുന്നില്ല. വികസനം, വികസനം എന്ന പ്ലാവിലക്കൊമ്പുകൾ കാട്ടി ആടുകളെ ഇവർ കൊതിപ്പിക്കുകയാണ്. എന്നിട്ട്, വളരുന്നതാരാ? നമ്മുടെ ഇടയന്മാർ! വികസിക്കുന്നതാരാ? നമ്മുടെ നേതാക്കന്മാർ! രാജ്യത്തെ കടക്കെണിയിലാക്കുകയും, കടം വാങ്ങിയതിൽ നിന്ന് അടിച്ചു മാറ്റുകയും, അതിൽ നിന്ന് ഒരിറ്റു പുല്ല് ഒരു കിറ്റിലാക്കി ആടുകൾക്ക് തരികയും അങ്ങനെ ആടുകളെ പറ്റിക്കുകയും ചെയ്യുന്ന നേതാക്കന്മാരാണ് നമുക്കുള്ളത്. ആടുകളെ തെരുവിൽ അലയാനും, കാട്ടുമൃഗങ്ങൾക്കു ഇരയാകാനും കൊടുത്തിട്ടു, സ്വന്തം കൂടാരങ്ങൾ മോടിപിടിപ്പിക്കാനും, സ്വന്തം പ്രസ്ഥാനങ്ങൾ വളർത്താനും നടക്കുന്ന ഇടയന്മാരാണ് നമുക്കുള്ളത്! ആടുകളെ സൗകര്യപൂർവം കൊല്ലുന്ന, കൊന്നു തിന്നുന്ന ചെന്നായ്ക്കളോടു ചങ്ങാത്തം കൂടുന്ന, അതിനെ ന്യായീകരിക്കുവാൻ ദൈവവചനം വിലയ്‌ക്കെടുക്കുന്ന ഇടയന്മാരാണ് നമുക്കുള്ളത്!

ഇന്നത്തെ സുവിശേഷത്തിലെ മൂന്നാമത്തെ രൂപകമായ ഈശോയെന്ന വാതിലിലൂടെ രക്ഷയിലേക്ക് പ്രവേശിക്കുവാൻ   നാം ഈ നോമ്പ് കാലത്ത് ശ്രമിക്കണം. ഈശോ ഒരേ സമയം ഇടയനും വാതിലുമാണ്. ഈ വാതിലിലൂടെ അകത്തു പ്രവേശിക്കുമ്പോൾ അവിടെ മെറ്റൽ ഡിക്റ്റേറ്റർ ഉണ്ടാകും. കാരണം, സ്നേഹവും സമർപ്പണവും ഉള്ളവർക്ക് മാത്രമേ ഈ വാതിലിലൂടെ പ്രവേശനമുള്ളൂ – ഇടയനെ അറിയുന്ന, ഇടയന്റെ സ്വരം കേൾക്കുന്ന, ഇടയനോടൊത്തു നടക്കുന്നവർക്കു മാത്രം!

സമാപനം

അതുകൊണ്ട് നമുക്ക് വേണ്ടത് ലൗകിക ഇടയന്മാരെയല്ല. എന്നെ അറിയുന്ന, എന്റെ പേരുചൊല്ലി വിളിക്കുന്ന, എന്റെ കൂടെ നടക്കുന്ന, എനിക്കുവേണ്ടി ജീവൻ സമർപ്പിക്കുന്ന എന്റെ ദൈവത്തെ, എന്റെ ഈശോയെ ഇടയനായി സ്വീകരിക്കുവാൻ നമുക്ക് സാധിക്കണം. സ്നേഹമുള്ളവരേ, എപ്പോഴും നമ്മുടെ കണ്മുന്പിലുള്ള, എപ്പോഴും നമ്മുടെ വലതുഭാഗത്തുള്ള നല്ലിടയനാണ് ഈശോ.  (സങ്കീ 16, 8) അനാഥർക്ക് സഹായം നൽകുന്ന, അവരുടെ ഹൃദയത്തിനു ധൈര്യം കൊടുക്കുന്ന നല്ലിടയനാണ് ഈശോ.  ഹൃദയം നുറുങ്ങുന്നവർക്കു സമീസ്ഥനാകുന്ന, മനമുരുകുന്നവരെ രക്ഷിക്കുന്ന (സങ്കീ 34, 18) നല്ലിടയനാണ് ഈശോ. നമ്മുടെ ശരീരത്തിൽ സ്വസ്ഥതയില്ലാതെ വരുമ്പോൾ, അസ്ഥികളിൽ ആരോഗ്യമില്ലാതെ വരുമ്പോൾ, നമ്മുടെ വ്രണങ്ങൾ അഴുകി നാറുമ്പോൾ, പാപം നിമിത്തം വിലപിച്ചു കഴിയുമ്പോൾ, നമ്മെ തോളിലേറ്റുന്ന, നമ്മുടെ മുറിവുകൾ വച്ചുകെട്ടുന്ന, വരുവിൻ നമുക്ക് രമ്യതപ്പെടാമെന്നു പറയുന്ന നല്ലിടയനാണ് ഈശോ. വീണുകിടക്കുന്നവനിട്ടു ഒരു ചവിട്ടുകൂടി കൊടുക്കുന്ന ഇടയന്മാരുള്ള ഈ ലോകത്തിൽ, ഒറ്റപ്പെടുത്താനും, കുറ്റപ്പെടുത്താനും തിടുക്കം കൂട്ടുന്ന ഇടയന്മാരുള്ള ഈ ലോകത്തിൽ, വീണവനെ എഴുന്നേൽപ്പിക്കുന്ന, ഒറ്റപ്പെട്ടവനെ ചേർത്തുപിടിക്കുന്ന നല്ലിടയനായ ഈശോയുടെ സ്വരം കേട്ട് അവിടുത്തെ പിന്തുടരുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ശക്തിപ്പെടുത്തട്ടെ. നാം ആടുകളായതുകൊണ്ട് ഇടയനായ ഈശോയെ പിഞ്ചൊല്ലുവാനും,

The Lamb | Jesus drawings, Jesus art, Jesus sketch

നാം ഇടയന്മാരായതുകൊണ്ട് നമ്മുടെ, കുടുംബത്തിൽ, ഇടവകയിൽ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തന മണ്ഡലങ്ങളിൽആടുകൾക്കുവേണ്ടി ജീവൻ സമർപ്പിക്കുവാനുമുള്ള അനുഗ്രഹത്തിനായി ഈ വിശുദ്ധ ബലി നമുക്ക് തുടർന്ന് അർപ്പിക്കാം. ആമേൻ!

One thought on “sunday sermon jn 10, 1-18”

Leave a comment