ഓശാന ഞായർ
മത്താ 21, 1-11

ദൈവത്തിലേക്കും സഹോദരനിലേക്കും പ്രകൃതിയിലേക്കുമുള്ള തീർത്ഥാടനമായ അമ്പത് നോമ്പിന്റെ അവസാന ആഴ്ചയിലേക്കുള്ള പ്രവേശന കവാടമാണ് നാം ഇന്ന് ആചരിക്കുന്ന ഓശാന ഞായർ. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ബഹളത്തിലാണ് ഇത്തവണത്തെ ഓശാന ഞായർ നാം ആഘോഷിക്കുന്നത് എന്നത് ഈ തിരുനാളിന്റെ പ്രസക്തി വർധിപ്പിക്കുന്നുണ്ട്. അങ്ങ് ഡെൽഹീന്ന് നേതാക്കളെത്തി വലിയ വലിയ റോഡ് ഷോകളൊക്കെ നടത്തുന്നത് കാണുമ്പോൾ പലകാരണങ്ങളാൽ ചരിത്രത്തിൽ ഇടം പിടിച്ച ഒരു റോഡ് ഷോയുടെ അനുസ്മരണമാണ് ഓശാനഞായർ എന്നത് ചിന്തനീയമാണ്!
നമുക്കറിയാവുന്നതുപോലെ ഇന്നത്തെ റോഡ് ഷോകളുടെ ആർഭാടവും പത്രാസുമൊന്നും ആ റോഡ് ഷോയ്ക്കുണ്ടായിരുന്നില്ല. തുറന്ന ജീപ്പുകൾക്കും, സ്പോർട്സ് കാറുകൾക്കും പകരം കഴുതയായിരുന്നു ഈശോയുടെ വാഹനം. വഴിയിൽ കാത്തുനിൽക്കാൻ ജനത്തെ തയ്യാറാക്കി നിറുത്തിയിരുന്നില്ല. കൊടിതോരണങ്ങളൊന്നും കരുതിയിരുന്നില്ല. എഴുതിത്തയ്യാറാക്കിയ മുദ്രാവാക്യങ്ങളും ഇല്ലായിരുന്നു!
ഈശോ ജറുസലേമിലേക്ക് വളരെ സാധാരണമായി ഒരു കഴുതയുടെ പുറത്തു പ്രവേശിക്കുകയാണ്. ഇതുകണ്ട ജനം, എന്തോ ഒരു അത്ഭുതം നടന്നാലെന്നപോലെ, അതൊരു ഉത്സവമാക്കി മാറ്റുകയാണ്. റെഡ് കാർപറ്റിനുപകരം തങ്ങളുടെ വസ്ത്രങ്ങൾ, കൊടികൾക്കുപകരം മരച്ചില്ലകൾ, മുദ്രാവാക്യങ്ങൾക്കുപകരം ഈശോ ചെയ്ത അത്ഭുതങ്ങൾ, തങ്ങൾ എന്താണ് വിളിച്ചുപറയുന്നതെന്നുപോലും അറിയാതെ ഈശോയെ നീ ദാവീദിന്റെ പുത്രനാണെന്ന ഏറ്റുപറച്ചിലുകൾ, ഒരു രാജാവിനോടെന്നപോലെ, ഹോസാന, ഞങ്ങളെ രക്ഷിക്കണമേയെന്ന വിളികൾ! (മത്താ 21, 9) സുവിശേഷകന്മാർ ഒരേ സ്വരത്തിൽ പറയുന്നത്, ജനം മുഴുവൻ ആനന്ദത്തിലാറാടി, നഗരം മുഴുവൻ ഇളകിവശായി എന്നാണ്. (മത്താ 20, 10) അന്ന് റോഡ് ഷോകൾക്ക് അവാർഡ് ഉണ്ടായിരുന്നെങ്കിൽ ഒരു പരിസ്ഥിതി സൗഹൃദ അവാർഡ് ഈശോയുടെ ജറുസലേം പ്രവേശത്തിന് ലഭിക്കുമായിരുന്നു!
ഉയർത്തിപ്പിടിച്ച കുരുത്തോലകളും, ആലപിക്കുന്ന ഓശാനഗീതങ്ങളുമായി നാമിന്ന് ആചരിക്കുന്ന ഓശാനഞായർ ഇന്നത്തെ റോഡ് ഷോകൾപോലെ വെറുമൊരു രാഷ്ട്രീയ നാടകമായിരുന്നില്ല. ജറുസലേം പ്രവേശം ഈശോയുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ ഒരാശയമല്ല. അത് രക്ഷാകരചരിത്രത്തിന്റെ ഭാഗമായി ജറുസലേമിൽ അരങ്ങേറേണ്ട രക്ഷാകര സംഭവങ്ങളുടെ കൊടിയേറ്റമായിരുന്നു. അത്, “സീയോൻ പുത്രിയോട് പറയുക, ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്ക് വരുന്നു” എന്ന സഖറിയ പ്രവാചകന്റെ പ്രവചനത്തിന്റെ (സഖ 9, 9) പൂർത്തീകരണമായിരുന്നു. അത് പിതാവായ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ഈശോ എടുത്ത തീരുമാനത്തിന്റെ വലിയ പ്രകടനമായിരുന്നു.
അതുകൊണ്ട് കഴുതപ്പുറത്തേറി വരുന്ന ഒരു ചെറുപ്പക്കാരനെ കണ്ടതിന്റെ ഭ്രാന്തമായ ഒരാവേശമായിരുന്നില്ല ഇസ്രായേൽ ജനം അവിടെ അരങ്ങുതകർത്തത്. തിരുനാളാഘോഷത്തിന്റെ ഭാഗമായ ഒരു ആഹ്ലാദപ്രകടനവും അല്ലായിരുന്നു അത്. പിന്നെയോ, ഒലിവിലച്ചില്ലകൾക്കും, ഓശാനഗീതങ്ങൾക്കും, നൃത്തചുവടുകൾക്കും അപ്പുറം, ദൈവത്തിന്റെ ഇഷ്ടം പൂർത്തീയാക്കുവാൻ നിശ്ചയദാർഢ്യത്തോടും, ഉറച്ച കാൽവയ്പുകളോടും കൂടി വന്ന ശക്തമായ ഒരു മനസ്സിനോടൊത്തുള്ള, വ്യക്തിയോടൊത്തുള്ള ദൈവത്തിന്റെ, മനുഷ്യന്റെ, പ്രകൃതിയുടെ ആഘോഷമായിരുന്നു അത്! ദൈവാനുഭവത്താൽ നിറഞ്ഞ്, ദൈവത്തിന്റെ വാക്കുകൾ പ്രഘോഷിക്കുവാൻ, ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യുവാൻ ഒരു വ്യക്തി തയ്യാറായി വരുമ്പോൾ ആ വ്യക്തിയെ ആരവങ്ങളോടെയല്ലാതെ, ആഘോഷങ്ങളോടെയല്ലാതെ, ആനന്ദനൃത്തങ്ങളോടെയല്ലാതെ പിന്നെ എങ്ങനെയാണ് സ്വീകരിക്കേണ്ടത്?
ബുദ്ധമത പാരമ്പര്യത്തിൽ ബുദ്ധനായിത്തീർന്ന ഗൗതമനെ ഈ പ്രപഞ്ചം സ്വീകരിക്കുന്ന ഒരു വിവരണമുണ്ട്. പ്രബുദ്ധത നിറഞ്ഞു ബുദ്ധനായിത്തീർന്നശേഷം അദ്ദേഹം താൻ ഉൾക്കൊണ്ട ധർമ്മം പഠിപ്പിക്കാൻ, താൻ അനുഭവിച്ചറിഞ്ഞ ചൈതന്യം ജീവിക്കാൻ യാത്ര തിരിക്കുകയാണ്. അങ്ങനെ കടന്നു വരുന്ന ബുദ്ധനെ പ്രപഞ്ചം, അസ്ത്വിത്വം മുഴുവൻ ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിക്കുന്നത്. ഉണങ്ങിനിന്ന മരങ്ങളെല്ലാം പൂവണിയുകയാണ്. വരണ്ടുകിടന്ന അരുവികളിൽ ജലം നിറഞ്ഞു അവ കളകളാരവത്തോടെ ഒഴുകുകയാണ്. വീശിയടിച്ച കാറ്റിൽ മരങ്ങളെല്ലാം നൃത്തം ചെയ്തപ്പോൾ ബുദ്ധൻ കടന്നുപോയ വഴികളിലെല്ലാം പുഷ്പവൃഷ്ടിയുണ്ടാകുകയാണ്. വെറും ഗൗതമൻ ബുദ്ധനായി വരുമ്പോൾ, ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് അദ്ദേഹത്തെ പ്രപഞ്ചം സ്വീകരിക്കേണ്ടത്?
ബ്രസീലിയൻ നോവലിസ്റ്റായ പൗലോ കൊയ്‌ലോ (Paulo Coelho) യുടെ ആൽക്കമിസ്റ്റ് (Alchemist) എന്ന നോവലിൽ ഇതേ ആശയം തന്നെ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. സാന്റിയാഗോ എന്ന ഇടയബാലന്റെ, താൻ സ്വപ്നത്തിൽ കാണുന്ന നിധിയന്വേഷിച്ചുള്ള യാത്രയാണ് ഈ നോവലിന്റെ പ്രമേയം. സ്വപ്നത്തിന്റെ പൊരുളും, പൊരുളിൽ തെളിയുന്ന നിധിയും കണ്ടെത്താനുള്ള യാത്രയിൽ സലേമിലെ രാജാവ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന വൃദ്ധനായ മെൽക്കിസെദേക് (Melchizedek) സാന്റിയാഗോയ്ക്ക് കൊടുക്കുന്ന ഒരു ഉപദേശം ഇങ്ങനെയാണ്: ‘നീ ആരായിരുന്നാലും, നീ എന്ത് ചെയ്യുന്നവനായാലും നിന്റെ ആത്മാവിന്റെ ആഴത്തിൽ നീ ഒരു കാര്യം ആഗ്രഹിച്ചാൽ, അത് ഈ പ്രപഞ്ചത്തിന്റെ ആത്മാവിൽ പിറന്നുവീഴും…നീ വളരെ ശക്തമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് സാധിതമാക്കാൻ ഈ പ്രപഞ്ചം മുഴുവൻ, ഈ അസ്തിത്വം മുഴുവൻ നിന്നോടൊത്തു സഹകരിക്കും.’ ജീവിതത്തിന്റെ വിശുദ്ധിയുമായി, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ മുന്നിട്ടിറങ്ങുമ്പോൾ സ്നേഹമുള്ളവരേ ദൈവവും, മനുഷ്യരും, ഈ പ്രപഞ്ചവും നമ്മോടൊത്തുണ്ടാകും!
എന്തുകൊണ്ടാണ് വിശുദ്ധരുടെ തിരുനാളുകൾ നാം മഹാമഹം ആഘോഷിക്കുന്നത്? ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് കടന്നുപോയ അവരെ ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് ഓർമിക്കേണ്ടത്? എന്തുകൊണ്ടാണ് വിവാഹം, തിരുപ്പട്ടം, സന്യാസ വ്രതവാഗ്ദാനം എന്നിവ നമ്മളാൽ കഴിയും വിധം നാം ആഘോഷമാക്കുന്നത്? വിവാഹത്തിലൂടെ, തിരുപ്പട്ടത്തിലൂടെ, സന്യാസജീവിതത്തിലൂടെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ കടന്നുവരുന്ന ചെറുപ്പക്കാരെ ആഘോഷത്തോടെയല്ലേ സ്വീകരിക്കേണ്ടത്? സന്തോഷത്തോടെയല്ലേ ജീവിതാന്തസ്സിന്റെ വഴികളിലേക്ക് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ പറഞ്ഞുവിടേണ്ടത്?
സ്നേഹമുള്ളവരേ, ദൈവം കനിഞ്ഞു നൽകിയ ജീവിതവുമായി ഈ ഭൂമിയിലൂടെ കടന്നുപോകുമ്പോൾ ആ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുക എന്നതിൽ കവിഞ്ഞ്, മനുഷ്യന്, ക്രൈസ്തവന് എന്താണ് ഈ ഭൂമിയിൽ ചെയ്യുവാനുള്ളത്? അങ്ങനെ കടന്നുവരുന്ന ക്രൈസ്തവനെ കണ്ടെത്തുവാൻ, തിരിച്ചറിയുവാൻ ജെറുസലേമിലേക്കു രാജകീയ പ്രവേശം നടത്തുന്ന ക്രിസ്തുവിനെ നോക്കിയാൽ മതി. കാരണം, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിച്ചുകൊണ്ടു ജീവിക്കുന്ന ഒരു വ്യക്തിയിൽ അവശ്യം തെളിഞ്ഞു നിൽക്കുന്ന എല്ലാ ഗുണങ്ങളും കഴുതപ്പുറത്തേറിവരുന്ന ക്രിസ്തുവിൽ കണ്ടെത്തുവാൻ നമുക്ക് കഴിയും.
ഒന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ തീരുമാനിക്കുന്ന ഒരുവൻ എളിമപ്പെടുന്നു. ഈശോ വിനയാന്വിതനായി കഴുതപ്പുറത്താണ് തന്റെ രാജകീയ പ്രവേശം നടത്തുന്നത്. “ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്’ (മത്താ 11, 29) എന്ന് മൊഴിഞ്ഞ ഈശോ ജീവിതത്തിന്റെ വഴികളിൽ തന്റെ വാക്കുകൾക്ക് ജീവൻ കൊടുക്കുകയാണ്. ഇന്നത്തെ രാഷ്ട്രീയ മത നേതാക്കളെപ്പോലെ ശീതീകരിച്ച വാഹനങ്ങളിലിരുന്ന് ജനത്തിനുനേരെ കൈവീശുന്ന, ശീതീകരിച്ച മുറികളിലിരുന്ന് പട്ടിണിപ്പാവങ്ങൾക്കുവേണ്ടി പ്രകടനപത്രികകളും, ലേഖനങ്ങളും, പ്രസ്താവനകളും പടച്ചുവിടുന്ന ഒരു നേതാവായിട്ടല്ല ഈശോ കഴുതപ്പുറത്തു എഴുന്നള്ളിയത്. ആ വൈരുധ്യങ്ങളുടെ രാജകുമാരനിൽ എളിമയുള്ള, ആത്മാർത്ഥതയുള്ള ഒരു ഹൃദയം കാണുവാൻ ജനങ്ങൾക്ക് സാധിച്ചു.
ദൈവത്തിന്റെ ഇഷ്ടം ജീവിതവൃതമായി സ്വീകരിച്ചുകൊണ്ട് ഭാരതത്തിന്റെ രാഷ്ട്രപിതാവായ വളർന്ന മഹാത്മാഗാന്ധിജിയെ ആനന്ദത്തോടെ ഭാരതം ഏറ്റുവാങ്ങിയത് അദ്ദേഹത്തിന്റെ എളിമകൊണ്ടായിരുന്നു. മഹാത്മാവിനെ ദരിദ്രനായി കാണുവാൻ അന്നത്തെ പല സവർണ

നേതാക്കൾക്കും താത്പര്യമില്ലായിരുന്നു. എന്നാൽ, ദരിദ്രന്റെ തേർഡ് ക്ലാസിലൂടെ ഗാന്ധി നടത്തിയ ഓരോ ട്രെയിൻ യാത്രയും ഭാരതത്തിലെ സാധാരണ ജനത്തിന്റെ ഹൃദയത്തിലേക്കുള്ള ഫസ്റ്റ് ക്ലാസ് യാത്രകളായിരുന്നു. ട്രെയിൻ നിറുത്തിയ സ്റ്റേഷനുകളിൽ അദ്ദേഹത്തിനുകിട്ടിയ സ്വീകരണങ്ങൾ ഈശ്വരഹിതം പൂർത്തിയാക്കുവാൻ നിശ്ചയദാർഢ്യത്തോടെ ഇറങ്ങിപ്പുറപ്പെട്ട ഒരു മനുഷ്യന് കിട്ടിയ ആദരവായിരുന്നു; അദ്ദേഹത്തിന്റെ എളിമയ്ക്ക് കിട്ടിയ സ്വീകാര്യതയായിരുന്നു!
രണ്ടാമതായി, ദൈവത്തിന്റെ ഇഷ്ടം ജീവിതമാക്കാൻ ഒരാൾ തീരുമാനിക്കുമ്പോൾ ദൈവത്തോടുള്ള, ദൈവിക കാര്യങ്ങളോടുള്ള തീക്ഷ്ണതയാൽ അയാൾ നിറയുന്നു. കഴുതപ്പുറത്തേറിവന്ന ഈശോ, ജനങ്ങളുടെ ഓശാനവിളികളും, ആഹ്ലാദവും കണ്ട് അഹങ്കരിക്കാതെ, ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. അവിടുന്ന് പിതാവിന്റെ ഭവനം ശുദ്ധീകരിക്കുകയാണ്. (മത്താ 21, 12-14) ദൈവത്തിന്റെ ഹിതം നിറവേറ്റുവാൻ ആഗ്രഹിക്കുന്നവർ അങ്ങനെയാണ്. നാട്ടിലും, വീട്ടിലും കള്ളുകുടിയും, ചില്ലറ തരികിടകളുമായി കുടുംബം നോക്കാതെ നടന്ന ഒരാൾ, ഒരുനാൾ ധ്യാനത്തിനുപോയി ദൈവാനുഭവം നിറഞ്ഞു പുതിയമനുഷ്യനായി തിരിച്ചുവരുമ്പോൾ അവളിൽ / അവനിൽ ഉണ്ടാകുന്ന മാറ്റം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പരിശുദ്ധ അമ്മയെപ്പോലെ, ധ്യാനത്തിന്റെ ഏതെങ്കിലും ഒരു നിമിഷം ഇതാ കർത്താവിന്റെ ദാസി/ ദാസൻ എന്നും പറഞ്ഞു ജീവിതം മുഴുവൻ ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുമ്പോൾ, പിന്നെ ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. വീട്ടിലെത്തിയാൽ എല്ലാം clean ചെയ്യുകയാണ്. പൊടിപിടിച്ചു കിടന്ന കർത്താവിന്റെ രൂപം, മാറാലപിടിച്ചുകിടന്ന ക്രൂശിതരൂപം, വീട്ടിലെ മൊത്തം കാര്യങ്ങൾ എല്ലാം ശുദ്ധീകരിച്ചു അവൾ / അവൻ ദൈവത്തിന്റേതാക്കുകയാണ്. അവളുടെ / അവന്റെ പ്രവർത്തികളും, വാക്കുകളും, നടക്കുന്ന വഴികളും എല്ലാം ദൈവത്തോടുള്ള തീക്ഷ്ണതയുടെ പ്രകടനങ്ങളാകുകയാണ്.
മൂന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാനുള്ള ഒരാളുടെ തീരുമാനം അയാളെ സന്തോഷംകൊണ്ട് നിറയ്ക്കുന്നു; ഒപ്പം മറ്റുള്ളവരെയും. പിതാവിന്റെ ഹിതം നിറവേറ്റുവാനായി ജറുസലേമിലേക്ക് കടന്നുവന്ന ഈശോ ഉള്ളുനിറയെ ആനന്ദത്തോടും, സംതൃപ്തിയോടും കൂടിയാണ് ഇസ്രായേൽ ജനത്തിനുമുന്പിൽ നിന്നത്. ആ സന്തോഷം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്, പിന്നെ ആൾക്കൂട്ടത്തിലേക്ക് പടരുന്നതായിട്ടാണ് നാം കാണുന്നത്. കുടുംബത്തിന് തലവേദനയായിരുന്ന ഭർത്താവ്, നാണക്കേട് മാത്രമായിരുന്ന അപ്പൻ ധ്യാനം കൂടി നന്മയിലേക്ക് കടന്നുവന്നപ്പോൾ അയാളും കുടുംബം മുഴുവനും ആനന്ദത്താൽ ആർപ്പുവിളിക്കുന്നതു നിങ്ങൾ കണ്ടിട്ടില്ലേ? ഓശാന ഞായറാഴ്ച്ചയുടെ സന്തോഷം, ആഹ്ലാദം നമ്മിൽ, നമ്മുടെ കുടുംബങ്ങളിൽ നിറയാൻ നാം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാകണം.
നാലാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുന്ന വ്യക്തി അവൾ /അവൻ ആയിരിക്കുന്ന ഇടങ്ങളിൽ ഒരു അനുഗ്രഹമായിരിക്കും. ആ വ്യക്തിയുടെ സാന്നിധ്യം മാത്രമല്ല, ആ വ്യക്തിയുടെ വേദനയും, പീഡാസഹനവും എന്തിന് മരണംപോലും ഒരു അനുഗ്രഹമായിരിക്കും. ഈശോയുടെ സാന്നിധ്യം അവിടെ ജനത്തിന് അനുഗ്രഹമായി മാറുകയാണ്. സുവിശേഷം പറയുന്നതിങ്ങനെയാണ്: ” അന്ധന്മാരും മുടന്തന്മാരും ദേവാലയത്തിൽ അവന്റെ അടുത്തെത്തി. അവൻ അവരെ സുഖപ്പെടുത്തി.” (മത്താ 21, 15) പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ തയ്യാറായി വരുന്നവന്റെ സാന്നിധ്യം മാത്രമല്ല, വാക്കുകൾ മാത്രമല്ല, അവളുടെ / അവന്റെ വേദനകൾ പോലും, പീഡാസഹനങ്ങൾ പോലും, എന്തിന് മരണംപോലും അനുഗ്രഹമായിത്തീരും. അതാണ് ഈശോയുടെ ജീവിതം.
സമാപനം
സ്നേഹമുള്ളവരേ, ഓശാനഞായർ വെറുമൊരു റോഡ് ഷോ അല്ല. അത് നമ്മുടെ ജീവിതത്തിൽ ഓരോ നിമിഷവും സംഭവിക്കേണ്ട ദൈവിക പദ്ധതിയാണ്. നിങ്ങൾ ഓർക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഈ നോമ്പുകാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചത്തെ സുവിശേഷം നമ്മെ ഓശാന ഞായറാഴ്ച്ചയിലേക്കു ഒരുക്കുകയായിരുന്നു. അന്ന് സുവിശേഷം നമ്മോടു പറഞ്ഞത്,
“കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗ രാജ്യത്തിൽ പ്രവേശിക്കുന്നത്.” കുരുത്തോലകളുടെ നൈർമല്യത്തോടെ, നമുക്ക് ഉറക്കെ വിളിക്കാം, ഓശാന, കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ! കർത്താവേ, നിന്റെ ഇഷ്ടം നിറവേറ്റുന്നവരാകാൻ ഞങ്ങളെ ശക്തരാക്കണമേ! വലിയ ആഴ്ചയിലെ സംഭവങ്ങൾ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കട്ടെ. നമ്മിൽ സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷം, രക്ഷ നിറയട്ടെ. ആമേൻ!