ഉയിർപ്പുകാലം അഞ്ചാം ഞായർ
യോഹ 21, 1-14
സന്ദേശം

നഷ്ടങ്ങളുടെ, വേദനകളുടെ ആകുലതകളുടെ കണക്കു പുസ്തകവുമായിട്ടാണ് നാമിന്ന് വിശുദ്ധ ബലിയർപ്പിക്കുവാൻ ദേവാലയത്തിൽ ബലിപീഠത്തിനു ചുറ്റും, വീടുകളിൽ ടിവിക്കുമുന്പിൽ ഒരുമിച്ചു കൂടിയിരിക്കുന്നത്. കോവിഡിന്റെ രണ്ടാം വരവ് അത്രമാത്രം നമ്മെ തളർത്തിയിരിക്കുകയാണ്. ഓക്സിജൻ കിട്ടാതെ കഷ്ടപ്പെടുന്ന രോഗികൾ, ദിവസങ്ങളായി ഒന്നിനുപുറകെ മറ്റൊന്നായി നടത്തപ്പെടുന്ന സംസ്കാരങ്ങൾ, ആളൊഴിഞ്ഞ ദേവാലയങ്ങൾ, രോഗഭീതിയിൽ വായ് മൂടികടന്നുപോകുന്ന വർത്തമാനം, പോകെപ്പോകെ കാലവും ലോകവും സ്ക്രീനിലെ കാഴ്ചകളായി മാറുന്ന അവസ്ഥ! ഇങ്ങനെയൊക്കെയാണെങ്കിലും, ലോകം എത്ര സംഘർഷഭരിതമാണെങ്കിലും എത്രമേൽ അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണെങ്കിലും, രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതിരുന്നപ്പോൾ കടൽക്കരയിൽ ക്രിസ്തു പ്രത്യക്ഷപ്പെട്ടതുപോലെ നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നമ്മുടെ രക്ഷക്കായി ക്രിസ്തു പ്രത്യക്ഷപ്പെടുമെന്ന വലിയ സന്ദേശമാണ് ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നത്. നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ക്രിസ്തുവിനെ മനസ്സിലാക്കാനും ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ കർത്താവായി ഏറ്റുപറയുവാനും ഇന്നത്തെ സുവിശേഷം, ഈ കാലഘട്ടം നമ്മെ ക്ഷണിക്കുന്നു.
വ്യാഖ്യാനം
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഇരുപത്തിയൊന്നാം അദ്ധ്യായം സുവിശേഷകന്റെ മരണശേഷം എഴുതിച്ചേർത്തതാണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഈ അധ്യായത്തിലെ പ്രമേയങ്ങൾ മറ്റു അധ്യായങ്ങളിലെ പ്രമേയങ്ങളോട് ചേർന്നുപോകുന്നവതന്നെയാണ്. ഉത്ഥാനത്തിനുശേഷം താൻ ഇന്നും ജീവിക്കുന്നുവെന്ന് ശിഷ്യന്മാരെ ബോധ്യപ്പെടുത്താൻ ഈശോ ശിഷ്യന്മാർക്കു പലപ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ പ്രത്യക്ഷീകരണങ്ങളെല്ലാം ക്രിസ്തു കർത്താവാണെന്ന് അനുഭവിച്ചറിയുവാനും, പ്രഘോഷിക്കുവാനും ശിഷ്യന്മാരെ ശക്തിപ്പെടുത്തുവാൻ വേണ്ടിയായിരുന്നു. ഇന്നത്തെ മൂന്നാമത്തെ പ്രത്യക്ഷീകരണവും ഈ ഒരു ലക്ഷ്യത്തിനുവേണ്ടിയായിരുന്നു.
ഈശോയുടെ കുരിശു മരണത്തിനുശേഷം യഹൂദന്മാരെ ഭയന്ന് സ്വയം ലോക്ക് ഡൗണിൽ ആയിരുന്നല്ലോ ശിഷ്യന്മാർ. കുറച്ചുകാലം ലോക്ക് ഡൗണിൽ കഴിയുമ്പോൾ നമുക്കറിയാവുന്നതുപോലെ എന്തിനെ ഭയന്നാണോ ലോക്ക് ഡൗണിൽ ആയിരുന്നത്, ആ ഭയമെല്ലാം പതുക്കെ പതുക്കെ അകന്നുതുടങ്ങും. പിന്നെ അതിജീവനത്തെക്കുറിച്ചുള്ള ചിന്തയാകും. “എന്തും വരട്ടെ. എങ്ങനെയെങ്കിലും ജീവൻ നിലനിർത്തണം.” അതായിരിക്കും പിന്നത്തെ ആലോചന. ഇത് തന്നെയായിരുന്നു ശിഷ്യരുടേയും ചിന്ത. ഒരു ലോക്ക് ഡൗണിലൂടെ കടന്നുപോയ നമുക്ക്, ലോക് ഡൗണിന്റെ പോലത്തെ സാഹചര്യത്തിലൂടെ കടന്നുപോകുന്ന നമുക്ക് ശിഷ്യന്മാരുടെ മനോവിചാരങ്ങളെ മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടാകില്ല.
ഈ ചിന്തകളുടെ, സംഭാഷണങ്ങളുടെ അവസാന ചിത്രമാണ് അദ്ധ്യായം 21 ലെ മൂന്നാം വാക്യം. പത്രോസാണ് പറയുന്നത്: “ഞാൻ മീൻ പിടിക്കുവാൻ പോകുകയാണ്”. മറ്റ് ശിഷ്യന്മാരോ? അവരും റെഡി! ഇത് ഈശോയെക്കുറിച്ചു ചിന്തിക്കാഞ്ഞിട്ടല്ല. ഈശോയോട് സ്നേഹമില്ലാഞ്ഞിട്ടല്ല. ഈശോയ്ക്കുവേണ്ടി ജീവിക്കാൻ താത്പര്യമില്ലാഞ്ഞിട്ടുമല്ല. മനുഷ്യമനസ്സിന്റെ സ്വാഭാവിക പ്രകടനമാണിത്. എന്നിനി ക്രിസ്തുവിന്റെ പ്രത്യക്ഷം ഉണ്ടാകുമെന്നറിയില്ല. അവൻ ഏൽപ്പിക്കുന്ന ദൗത്യമെന്തെന്നും അറിയില്ല. പക്ഷേ, അവൻ വരുമ്പോൾ, തങ്ങൾ ശാരീരികമായും മാനസികമായും തയ്യാറല്ലെങ്കിലോ? അവർ ഇറങ്ങുകയാണ്.

അതിജീവിക്കുവാൻ പറ്റുമെന്നും അവർക്കു ഉറപ്പായിരുന്നു. Target accomplish ചെയ്യാൻ പറ്റുമെന്ന് 100% വും sure ആയിരുന്നു. Logistics, വള്ളവും വലയും മറ്റും കിട്ടാൻ പ്രയാസമില്ല. അവരുടെ നാടാണ്. കൂട്ടുകാരുണ്ട് സഹായിക്കാൻ. Manpower ധാരാളമുണ്ട്. അനുഭവസമ്പത്തിനു ഒരു കുറവുമില്ല. പിന്നെ team leader ആയി പത്രോസുണ്ട്. തടാകം കണ്ടാൽ തന്നെ അതിന്റെ സ്വഭാവം പറയാൻ കഴിയുന്നവൻ. വെള്ളത്തിന്റെ ചെറിയൊരു അനക്കം പോലും വ്യാഖ്യാനിക്കാൻ പറ്റുന്നവൻ. എവിടെയെറിഞ്ഞാൽ മീൻ കിട്ടുമെന്ന് sense ചെയ്യാൻ സാധിക്കുന്നവൻ. അവർ ഇറങ്ങുകയാണ്. എന്നാൽ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുകയാണ് ആ രാത്രി! നസീബില്ലാത്ത, ഭാഗ്യം അകലെയായ ഒരു രാത്രി!
പ്രത്യാശയറ്റ ആ രാത്രി അരുണോദയത്തിനു വഴിമാറിക്കൊടുത്തപ്പോൾ സംഭവിച്ചത് ശിഷ്യരെപ്പോലും വിസ്മയിപ്പിച്ചു കളഞ്ഞു. ഉത്ഥിതനായ ക്രിസ്തു അവരുടെ പ്രതീക്ഷയായി, സമൃദ്ധിയായി, രക്ഷകനായി കടന്നുവരികയാണ്. തടാകത്തിന്റെ ഓരോ ഇഞ്ചും അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടാതിരുന്ന വേളയിൽ, അവരുടെ smartness ഉം strategy കളുമെല്ലാം നിഷ്ഫലമായ ഘട്ടത്തിൽ ചാകരപോലെ മത്സ്യത്തിന്റെ സമൃദ്ധി അവൻ അവർക്കു കൊടുക്കുകയാണ്. അപ്പോൾ ഒരു വെളിപാടുപോലെ യോഹന്നാൻ വിളിച്ചു പറയുകയാണ് “അത് കർത്താവാണ്”. യോഹന്നാൻ വീണ്ടും വീണ്ടും പറയുകയാണ്: “സുഹൃത്തുക്കളെ, അത് കർത്താവാണ്. നമ്മുടെ ഇല്ലായ്മയിൽ, നിരാശയിൽ നമ്മെ രക്ഷിക്കാൻ കടന്നുവന്നിരിക്കുന്നത് കർത്താവാണ്. നമ്മുടെ ഹൃദയത്തിന്റെ നൊമ്പരങ്ങളറിഞ്ഞ് നമ്മുടെ അടുത്തെത്തിയിരിക്കുന്നത് കർത്താവാണ്. നമ്മുടെ ബലഹീനതയിൽ നമ്മെ ശക്തിപ്പെടുത്തിയത് കർത്താവാണ്. അതെ, അത് കർത്താവാണ്.”
സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിലേക്ക്, ജീവിത സാഹചര്യങ്ങളിലേക്ക്, ചിലപ്പോൾ സന്തോഷത്തിന്റെ, മറ്റു ചിലപ്പോൾ സങ്കടത്തിന്റെ നിമിഷങ്ങളിലേക്കു കടന്നു വരുന്ന ക്രിസ്തുവിനെ നാം കാണണം. അവനെ കർത്താവായി പ്രഘോഷിക്കണം. കാരണം നമ്മുടെ ജീവിതത്തിന്റെ പുറപ്പാടുകളിൽ താങ്ങായും തണലായും അവൻ നമ്മോടൊപ്പമുണ്ട്. നമ്മെ രക്ഷിക്കുവാൻ മനുഷ്യനായപിറന്ന ദൈവം, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ “ഞാൻ എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്” എന്ന് ചോദിച്ചുകൊണ്ടോ, “മേലിൽ പാപം ചെയ്യരുത്” (യോഹ 8, 11) എന്ന് പറഞ്ഞുകൊണ്ടോ, “നിങ്ങൾ ആകുലരാകേണ്ട” (ലൂക്ക 12, 22) എന്ന് ഓർമിപ്പിച്ചുകൊണ്ടോ, “എനിക്ക് കുടിക്കാൻ തരിക” (യോഹ 4, 7 എന്ന് പറഞ്ഞുകൊണ്ടോ, ‘നിങ്ങളുടെ കൈവശം എന്തുണ്ട്’ (മർക്കോ 6, 38) എന്ന് ചോദിച്ചുകൊണ്ടോ, “ഇതെന്റെ ശരീരമാകുന്നു വാങ്ങി ഭക്ഷിക്കുവിൻ, ഇതെന്റെ രക്തമാകുന്നു, വാങ്ങി കുടിക്കുവിൻ” (മത്താ 26, 26-30) എന്ന് ക്ഷണിച്ചുകൊണ്ടോ പ്രിയപ്പെട്ടവരേ കർത്താവായ ക്രിസ്തു എപ്പോഴും നമ്മോടൊപ്പമുണ്ട്. കണ്ണുകൾ തുറന്ന് നമ്മുടെ ജീവിതത്തിലേക്ക്, ജീവിതസാഹചര്യങ്ങളിലേക്ക് നാം നോക്കണം.
ഈ പ്രപഞ്ചത്തിൽ ഏതൊരു വസ്തുവും ചലിക്കണമെങ്കിൽ അതിന്റെ പിന്നിൽ ഒരു ഊർജം ഉണ്ടാകണം. ആ ഊർജത്തെ മനസ്സിലാക്കാനും, അതിന്റെ ചലനം പ്രപഞ്ചത്തിൽ ദർശിക്കുവാനും കഴിയുമ്പോൾ അത് കർത്താവാണെന്ന് പറയുവാനുള്ള ആർജവം നമുക്കുണ്ടാകണം. ഈ ഭൂമിയിൽ ഓരോ ജീവിയും അതത് രൂപത്തിൽ ഉണ്ടാകുന്നത് ദൈവത്തിന്റെ ഇച്ഛയാലാണ്. ഒരു ചെടി വളരുന്നതോ, പൂവിടുന്നതോ അത് കായ്ക്കുന്നതോ നാമാരും വിചാരിച്ചാൽ സാധിക്കില്ല. ആ ചെടിയിലുണ്ടാകുന്ന പൂവിന്റെ നിറം, വലിപ്പം, അതിന്റെ ഇതളുകളുടെ ഗണിതപരമായ അകലം എന്നിവ ദൈവമാണ് നിശ്ചയിച്ചിരിക്കുന്നത്. എന്തിന്, അവയ്ക്കനുസരിച്ചുള്ള പ്രാണിയോ, പാറ്റയോ, ചിത്രശലഭമോ, പക്ഷിയോ മാത്രമേ അതിൽ വന്നിരിക്കൂ. എന്നാൽ, ഇതെല്ലം കാണുമ്പോൾ ഇവയെല്ലാം ചെയ്യുന്നത് കർത്താവാണ് എന്ന് പറയുവാൻ നമുക്ക് കഴിയണം. മാവിന്റെയും മറ്റു ചെടികളുടെയും, വൃക്ഷങ്ങളുടെയും പൂക്കളിൽ തേനീച്ചകളും, പ്രാണികളും, പക്ഷികളും വന്നിരിക്കുന്നു, അങ്ങനെ അത് അടുത്ത തലമുറക്ക് വഴിയൊരുക്കുന്നു. ആരാണ് ഇത് ചെയ്യുന്നത്? അത് കർത്താവാണ് എന്ന് പറയുവാൻ സാധിക്കുന്നവൾ, സാധിക്കുന്നവൻ ഭാഗ്യവാൻ! വഴിയാത്രയിൽ ഒരു lift തന്ന് ആരെങ്കിലും സഹായിക്കുമ്പോൾ, വിഷമിച്ചിരിക്കുമ്പോൾ ഒരു ഫോൺ വിളിയിലൂടെ നമ്മുടെ സുഹൃത്ത് നമ്മെ ആശ്വസിക്കുമ്പോൾ, തളർന്നിരിക്കുമ്പോൾ സാരമില്ല എല്ലാം ശരിയാകുമെന്ന് പറഞ്ഞു തോളത്ത് തട്ടുമ്പോൾ അത് കർത്താവാണ് എന്ന് കാണാനുള്ള കാഴ്ച്ച നമുക്കുണ്ടാകണം.

ചെവിയുണ്ടായാൽ കേൾവിയുണ്ടാകില്ല. കണ്ണുണ്ടായാൽ കാഴ്ചയുണ്ടാകില്ല. വായ ഉണ്ടായാൽ മാത്രം സംസാരിക്കുവാൻ കഴിയില്ല. തലച്ചോറും ഹൃദയവുമുണ്ടാകാം. പക്ഷെ, ചിന്തിക്കുവാൻ കഴിയണമെന്നില്ല. അവിടെയെല്ലാം ജീവന്റെ ഘടകങ്ങൾ വേണം. പ്രാണൻ, വ്യാനൻ, ഉദാനൻ, സമാനൻ, അപമാനൻ എന്നീ പഞ്ചപ്രാണങ്ങളാണ് ഇന്ദ്രിയങ്ങൾക്കും, രക്ത ചംക്രമണത്തിനും ദഹനപ്രക്രിയയ്‌ക്കെല്ലാം സഹായകം. അറിയോ പ്രിയപ്പെട്ടവരേ നിങ്ങൾക്ക്? ഇവയെ പ്രവർത്തിപ്പിക്കുന്നത് കർത്താവാണ്. നമ്മുടെ കാലിൽ വിരലുകൾ, കാല്പത്തി, മടക്കുകൾ, മുട്ട് എന്നിവ വളരെ കൃത്യമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. അല്ലെങ്കിൽ നമുക്ക് നടക്കാനോ, ഇരിക്കാനോ, ഓടാനോ സാധിക്കില്ല. ഇത് ഏതൊരു എൻജിനിയറാണ് കണിശമായി അളന്ന് കണക്കാക്കി നിശ്ചയിച്ചത്? അത് കർത്താവാണ്. ഒരു യന്ത്രം, ബൈക്കോ, സ്കൂട്ടറോ എന്തുമാകട്ടെ. അവ ചലിക്കുവാൻ, പ്രവർത്തിക്കുവാൻ ഊർജം വേണം. അതിനു ഇലക്ട്രിസിറ്റിയായോ, ഡീസലായോ, പെട്രോളായോ ലഭിച്ചാൽ മതി, എന്നാൽ, ഇവയിൽ അടങ്ങിയിട്ടുള്ള ശക്തിയുടെ കേന്ദ്രം ഏതാണ്? അത് കർത്താവാണ്.
“Neither be created, nor be destroyed” എന്ന് ആധുനിക ശാസ്ത്രവും, “നാസതോ വിദ്യതേഭാവ, ന ഭാവ വിദ്യതേ സത” എന്ന് ഭഗവത് ഗീതയും വ്യക്തമാക്കുന്ന ഈ സത്തയെ “eternal energy” എന്നാണ് അമേരിക്കൻ തത്വ ചിന്തകനായ എമേഴ്സൺ അവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നിൽക്കുന്ന ഈ അനശ്വര സത്യത്തെ അറിയാൻ, ഏറ്റുപറയുവാൻ കഴിയുമ്പോഴേ അവിടുന്ന് ഒരുക്കിവച്ചിരിക്കുന്ന സമൃദ്ധിയിലേക്ക്, ഭക്ഷണത്തിലേക്ക് നമ്മുടെ ജീവിതങ്ങൾ എത്തിച്ചേരുകയുള്ളു. ജീവിതത്തിന്റെ ദുരിതങ്ങളിലൂടെ നീ കടന്നു പോകുമ്പോഴും, നന്മയുടെ വഴികളിലൂടെ കടന്നുപോകുമ്പോഴും നിന്റെ ജീവിതത്തിന്റെ കടൽക്കരയിൽ അവനുണ്ടാകും. പൂന്താനം മഹാകവി പാടുന്ന പോലെ, ‘കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നുവരുത്തുന്നതും അവനാണ്. മാളികമുകളേറിയ മന്നന്റെ തലയിൽ മാറാപ്പുകെട്ടുന്നതും അവനാണ്. ആ ദൈവത്തെ തിരിച്ചറിയുവാൻ നമുക്കായാൽ ഈ കോവിഡ് മഹാമാരി ആകുന്ന തിബേരിയൂസ് കടലിൽ രാത്രിമുഴുവനും അദ്ധ്വാനിച്ച് ഒന്നും നേടാതെ, ഭാവിയെന്തെന്നറിയാതെ നിൽക്കുമ്പോൾ, കടൽക്കരയിൽ നിനക്ക് നിന്റെ ദൈവത്തെ കണ്ടുമുട്ടാൻ, അവിടുത്തെ അറിയുവാൻ കഴിയും. ഈ ദർശനം സ്വന്തമാക്കുകയാണെങ്കിൽ ഒന്നല്ല, ഒരു നൂറുവട്ടം, ജീവിതത്തിൽ നാം കർത്താവായ ക്രിസ്തുവിനെ കണ്ടുമുട്ടും. അവിടുന്ന് നമുക്ക് നിർദ്ദേശങ്ങൾ തരും. ജീവിതം വിജയപ്രദമാകും. അവിടുത്തെ ക്ഷണം നാം കേൾക്കും “കുഞ്ഞുങ്ങളേ, വന്ന് പ്രാതൽ കഴിക്കുവിൻ.” അപ്പോൾ ദൈവം ഒരുക്കുന്ന വിഭവങ്ങൾ നമ്മുടെ ജീവിതത്തിന്റെ മേശമേൽ നിറയും. നാം സതൃപ്തരാകും.
ഒരിക്കൽ എന്റെ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് ഞാനൊരു വീട് സന്ദർശിച്ചു. ആ വീടിന്റെ സാമ്പത്തിക അവസ്ഥയും, രണ്ടു പെൺകുട്ടികളുടെ പഠനത്തിനായി മാതാപിതാക്കൾ ബുദ്ധിമുട്ടുന്ന കാര്യവുമെല്ലാം കേട്ടപ്പോൾ അവരെ കാണാൻ എനിക്കും ആഗ്രഹം തോന്നി. അങ്ങനെ ഒരു ദിവസം വൈകുന്നേരം ഞാൻ അവരുടെ വീട്ടിലെത്തി. അമ്മയും രണ്ടു മക്കളും അവിടെയുണ്ടായിരുന്നു. അവരോടു ഞാൻ സംസാരിച്ചു. പഠനത്തെപ്പറ്റിയും, പഠനച്ചിലവിനെപ്പറ്റിയുമൊക്കെ വിശദമായി അവർ പറഞ്ഞു. എത്രമാത്രം അധ്വാനിച്ചിട്ടും മുന്നോട്ട് പോകാനാവാത്ത അവസ്ഥയിലാണ് അവർ എന്നൊക്കെ പറഞ്ഞു കുറെ കരഞ്ഞു. ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ തന്നെ വീട്ടിലെ കുടുംബനാഥനും എത്തി. അല്പം മദ്യപിച്ചിട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹവും കാര്യങ്ങളൊക്കെ പറഞ്ഞു. അവർ തന്ന കട്ടൻ കാപ്പിയും കുടിച്ചു ഇറങ്ങുന്നതിന് മുൻപ് മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം കണ്ടെത്താൻ ഞാൻ ശ്രമിക്കാം എന്ന് പറഞ്ഞു. ഒരുമിച്ചു പ്രാർത്ഥിച്ചിട്ട്, എന്റെ മൊബൈൽ നമ്പർ അവർക്ക് കൊടുത്തിട്ട്, അവരുടെ നമ്പർ എന്റെ മൊബൈലിൽ save ചെയ്തിട്ട് ഞാൻ ആശ്രമത്തിലേക്ക് പോന്നു.
വൈകുന്നേരത്തെ പ്രാർത്ഥനയും അത്താഴവും കഴിഞ്ഞു മുറിയിലെത്തിയപ്പോൾ എന്റെ മൊബൈൽ അടിച്ചു. ഞാൻ ചെന്നെടുത്തപ്പോൾ, വൈകുന്നേരം സന്ദർശിച്ച വീട്ടിലെ അമ്മച്ചിയായിരുന്നു. ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ എന്ന് പറഞ്ഞശേഷം ആ സ്ത്രീ കരയാൻ തുടങ്ങി. ഒന്ന് പകച്ചെങ്കിലും ഞാൻ പറഞ്ഞു: ‘കരയാതെ എന്ത് പറ്റി എന്ന് പറയൂ.” കരച്ചിൽ ഒന്ന് പിടിച്ചടക്കിയിട്ട് വലിയസ്വരത്തിൽ ആ ‘അമ്മ പറഞ്ഞു: ” അച്ചാ, ഞാൻ കർത്താവിനെ കണ്ടു.” എനിക്കാകെ എന്തോ പോലെയായി. ആ വീട്ടിലെ എന്റെ പ്രാർത്ഥന ശരിയായില്ലേ? ഇങ്ങനെ ചിന്തിച്ചയുടനെ ആ സ്ത്രീ പറഞ്ഞു:
“അച്ചനറിയോ, അച്ചൻ വരുന്നതിന് അല്പം മുൻപ് മുട്ടിന്മേൽ നിന്ന് ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. എന്തേ കർത്താവേ എന്നെ സഹായിക്കാൻ വരാത്തേ? ആരെങ്കിലും വഴി എന്നെ ഒന്ന് സഹായിക്കില്ലേ? അപ്പോഴാണ് അച്ചാ, അച്ചൻ വീട്ടിലേക്ക് വന്നത്. ശരിക്കും ഞാൻ കർത്താവിനെ കണ്ടു അച്ചാ.” എനിക്കൊന്നും പറയുവാൻ കഴിഞ്ഞില്ല. ആ അമ്മ തന്നെ ഞാൻ പിന്നെ വിളിക്കാം അച്ചോ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. എന്താ ചെയ്യേണ്ടതെന്നറിയാതെ നിന്ന ഞാൻ, ആ കുടുംബത്തിന്റെ കടൽക്കരയിൽ എന്റെ രൂപത്തിൽ കടന്നു ചെന്ന കർത്താവിന് നന്ദി പറയുവാൻ ചാപ്പലിലേക്ക് നടന്നു.
നമ്മുടെ ജീവിത സാഹചര്യങ്ങളിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടുപോലും ഇടപെടുന്നവാനാണ് നമ്മുടെ ദൈവം. കാരണം, സങ്കീർത്തനം 40, 17 പറയുന്നു: “ഞാൻ പാവപ്പെട്ടവനും ദരിദ്രനുമാണ്. എങ്കിലും എന്റെ കർത്താവിന് എന്നെപ്പറ്റി കരുതലുണ്ട്.” തീർത്തും ശരിയാണ്. നിങ്ങളുടെ ജീവിതത്തെപ്പറ്റി ചിന്തിച്ചു നോക്കൂ…അവന്റെ കനിവല്ലേ നമ്മുടെ ജീവിതം? അവന്റെ കൈ പിടിച്ചുള്ള നടത്തലായിരുന്നില്ലേ നമ്മുടെ ജീവിതം. അവിടുത്തെ അനന്ത പരിപാലനയുടെ പ്രതിഫലനമല്ലേ നമ്മുടെ കുടുംബം?
നമ്മുടെ ജീവിതത്തിന്റെ – ജീവിതം എങ്ങനെയുള്ളതും ആയിക്കൊള്ളട്ടെ, നിരാശയുടെ, കണക്കുകൂട്ടലുകൾ തെറ്റുന്നതിന്റെ, രോഗത്തിന്റെ, മഹാമാരിയുടെ, എങ്ങനെയുമായിക്കൊള്ളട്ടെ – നമ്മുടെ ജീവിതമാകുന്ന കടൽക്കരയിൽ ഈശോ വന്നു നിൽക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉഷസ് ഉദിക്കും.
കഷ്ടങ്ങളുടെ രാത്രിയുടെ കടന്നു പോകുമ്പോഴും നിരാശപ്പെടാതെ നിൽക്കുമ്പോൾ ജീവിതത്തിൽ പ്രഭാതം വിടരും. ക്രിസ്തുവാകുന്ന പുലരി വിരിയും. അവിടെ നമുക്കാവശ്യമുള്ളത് കർത്താവായ ക്രിസ്തു തയ്യാറാക്കി വച്ചിട്ടുണ്ടായിരിക്കും.
സമാപനം
ലോകം മുഴുവനും വലിയ ദുരിതത്തിലൂടെ കടന്നുപോകുമ്പോഴും, മനുഷ്യ ജീവിതത്തിൽ ധാരാളം വിഷമങ്ങളുണ്ടാകുമ്പോഴും ക്രൈസ്തവർ ക്രിസ്തുവിൽ സമാധാനം കണ്ടെത്തുന്നത് സ്നേഹമുള്ളവരേ, ലോകം മുഴുവനും ശ്രദ്ധിക്കുന്നുണ്ട്. ഏതു സാഹചര്യത്തിലും നാം ഭയരഹിതരായിരിക്കണമെന്നു ക്രിസ്തു ആഗ്രഹിക്കുന്നു. കാരണം അവിടുന്ന് നമ്മുടെ ജീവിതത്തിൽ ഇടപെടും, നമുക്ക് സമാധാനം നൽകാൻ, സമൃദ്ധി നൽകാൻ, ജീവൻ നൽകാൻ, നമ്മെ മുന്നോട്ടു നയിക്കാൻ. സഹോദരീ, സഹോദരാ, ഈ ഞായറാഴ്ച്ച നിനക്കായി, നിന്റെ ജീവിതത്തിനായി, നിന്റെ ജീവിതത്തിനായി മാത്രം ക്രിസ്തു ഒരുക്കിയിരിക്കുന്ന ദിനമാണ്. സഹോദരീ, സഹോദരാ, ഈ ഞായറാഴ്ച്ചയിലെ ദൈവവചനം നിനക്കായി, നിന്റെ ജീവിതത്തിനായി, നിന്റെ ജീവിതത്തിനായി മാത്രം ക്രിസ്തു ഒരുക്കിയിരിക്കുന്ന സന്ദേശമാണ്.

നിന്റെ ജീവിതമാകുന്ന കടൽക്കരയിൽ ക്രിസ്തുവിനെ അന്വേഷിക്കുക, നീ കണ്ടെത്തുക തന്നെ ചെയ്യും. ആമ്മേൻ!













