ഈസ്റ്റർ ഞായർ 2021

“ലോകത്തിൽ അന്ധകാരം നിറഞ്ഞിരിക്കുന്നു. അത് പല രൂപങ്ങളിൽ ഭൂമിയിൽ വ്യാപിച്ചിരിക്കുന്നു. ബോംബുകളായി തെരുവുകളിൽ പൊട്ടിച്ചിതറുന്നു. മദ്യമായി കുടുംബങ്ങളെ തകർക്കുന്നു. ലഹരികളായി ചെറുപ്പക്കാരെ നശിപ്പിക്കുന്നു. വർഗീയതയായി മനുഷ്യർ തമ്മിൽ തമ്മിൽ കൊന്നുതീർക്കുന്നു. ലോകത്തിൽ അന്ധകാരം നിറഞ്ഞിരിക്കുന്നു.” ന്യൂയോർക്കിലെ ഇൻഡോർ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞു നിന്ന ജനങ്ങളോടായി പ്രസിദ്ധ സുവിശേഷ പ്രസംഗകനായ ബില്ലി ഗ്രഹാം (Billy Graham) പറഞ്ഞതാണിത്. എന്നിട്ടദ്ദേഹം ചോദിച്ചു: “എന്താണിതിന് ഒരു മറുമരുന്ന്? ഒന്ന് നിർത്തിയിട്ടു അദ്ദേഹം പറഞ്ഞു: “ഉത്ഥിതനായ !ക്രിസ്തു! ഉത്ഥിതനായ ക്രിസ്തു മാത്രം!
ലോകത്തിനുമുഴുവൻ പ്രകാശം നൽകുന്ന, ലോകത്തിന്റെ രക്ഷകനായ, ലോകത്തിന്റെ പ്രതീക്ഷയായ ഉത്ഥിതനായ ക്രിസ്തുവിന്റെ ഉയിർപ്പിതിരുനാൾ നാമിന്നു ആഘോഷിക്കുകയാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും അന്ധകാരം നിറഞ്ഞാടുകയാണിന്ന്! ലോകത്തിൽ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ, വർഗീയതയുടെ, അക്രമത്തിന്റെ, വംശീയതയുടെ അന്ധകാര പടലങ്ങൾ നീക്കം ചെയ്യുവാൻ പ്രകാശമായി കടന്നുവരുന്ന ക്രൈസ്തവർ നിഷ്കരുണം കശാപ്പുചെയ്യപ്പെടുകയാണ്! ക്രിസ്തുവിന്റെ സമർപ്പിതയായതിന്റെ, സമർപ്പിതനായതിന്റെ അടയാളമായ വസ്ത്രം പോലും ധരിച്ചു യാത്രചെയ്യുവാൻ, ജീവിക്കുവാൻ പറ്റാത്തവിധം മതസ്പർധയുടെ, വർഗീയതുടെ, അസഹിഷ്ണതയുടെ, അന്ധകാരം നമ്മുടെ ഭാരതത്തിൽപോലും പരക്കുകയാണ്. എന്നാലും പ്രകാശമായ, ഉത്ഥിതനായ ക്രിസ്തുവിന്റെ അനുയായികളായ നമുക്ക് അവിടുത്തെ ഉത്ഥാനത്തിരുനാൾ, അന്ധകാരം നിറഞ്ഞ ഈ ലോകത്തിനെ പ്രകാശംകൊണ്ടു നിറയ്ക്കുവാൻ കഴിയുന്ന ദൈവം ക്രിസ്തു മാത്രമാണെന്ന് പ്രഘോഷിക്കുന്ന ഉത്ഥാനത്തിരുനാൾ നമുക്ക് ആഘോഷിക്കാതിരിക്കുവാൻ പറ്റുകയില്ല. ഉത്ഥാനത്തിരുനാൾ പ്രകാശമായ ക്രിസ്തുവിന്റെ തിരുനാളായതുകൊണ്ടുതന്നെ ഇന്നത്തെ ഉത്ഥാനത്തിരുനാൾ സന്ദേശം, “ഹേ, ക്രൈസ്തവരേ, ക്രിസ്തുവാകുന്ന പ്രകാശത്തിൽ ജീവിക്കുവാൻ കടപ്പെട്ടവരാണ് നിങ്ങൾ” എന്നാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം ആചരിച്ച തിരുക്കർമങ്ങളും, വായിച്ചു കേട്ട വിശുദ്ധ ഗ്രന്ഥ വായനകളും ക്രിസ്തുവാകുന്ന പുതിയ പ്രകാശത്തിലേക്ക് പ്രവേശിക്കുക എന്നാണ് നമ്മോടു പറയുന്നത്. ഒപ്പം, വിശുദ്ധ വാരം നമ്മെ ഓർമിപ്പിക്കുന്നത് ഇസ്രായേൽ ജനത്തിന് പ്രകാശമായ ക്രിസ്തുവിനെ കാണുവാൻ സാധിച്ചില്ല എന്നുമാണ്. “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു” (യോഹ 9, 5) എന്ന് തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ടും ഇസ്രായേൽ ജനത്തിന് കേൾക്കുവാൻ സാധിച്ചില്ല. കാരണം അവർ അന്ധകാരത്തിലായിരുന്നു. അവസാന അത്താഴത്തിനുശേഷം രാത്രിയിലാണ്, അന്ധകാരത്തിലാണ് ജനം പടയാളികളോടൊപ്പം ഈശോയെ പിടികൂടാൻ പോകുന്നത്. രാത്രിയുടെ ഏതോ ശപിക്കപ്പെട്ട നിമിഷത്തിലാണ് യൂദാസ് ഈശോയെ ചുംബിച്ചുകൊണ്ട് ഒറ്റിക്കൊടുക്കുന്നത്. (മത്താ 26, 49) പിടികൂടിയ ശേഷം ജനത്തിനോട്, “ഇത് നിങ്ങളുടെ സമയമാണ്, അന്ധകാരത്തിന്റെ ആധിപത്യവും” (ലൂക്ക 22, 53)എന്ന് ഈശോ പറഞ്ഞിട്ടും പ്രകാശത്തിന്റെ നാഥനെ അവർ തിരിച്ചറിഞ്ഞില്ല. അന്ധകാരത്തിന്റെ, പൈശാചികതയുടെ നിഴൽ നൃത്തമാടിയ ആ രാത്രിയിലാണ് പീഡാസഹനത്തിന്റെ മണിക്കൂറുകളിലൂടെ അവൻ കടന്നുപോയത്. വിരോധാഭാസം നോക്കണേ, അന്ധകാരത്തിൽ, പ്രകാശത്തിന്റെ, അഗ്നിയുടെ അടുത്തുനിന്നാണ് പത്രോസ് പ്രകാശത്തെ തള്ളിപ്പറഞ്ഞത്. (ലൂക്ക 22, 54, 62) പ്രകാശമായ ക്രിസ്തുവിന്റെ മരണനേരം മുഴുവനും, ആറാം മണിക്കൂർ മുതൽ ഒൻപതാം മണിക്കൂർവരെ ഭൂമിയിൽ അന്ധകാരമായിരുന്നു. (ലൂക്ക 23, 44) ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത് നോക്കുക: “ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾത്തന്നെ …” (യോഹ 20, 1)
അന്ധകാരത്തിലായിരുന്ന ഇസ്രായേൽ ജനം പ്രകാശമായ ക്രിസ്തുവിനെ കണ്ടില്ല എന്ന ദുരന്തം നമുക്ക് ഉണ്ടാകാതിരിക്കുവാൻ 2021 ലെ ഉത്ഥാനത്തിരുന്നാൾ, പ്രകാശമായി ക്രിസ്തുവിലേക്ക് നമ്മെ ക്ഷണിക്കുകയാണ്. അന്ധകാരത്തിന്റെ, അതിന്റെ പ്രകടനങ്ങളായ രോഗത്തിട്നെ, ശത്രുതയുടെ, അസ്വസ്ഥതയുടെ, തകർച്ചയുടെ, ശ്രമിച്ചിട്ടും, ശ്രമിച്ചിട്ടും കരകയറാൻ പറ്റാത്തതിന്റെ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ക്രിസ്തുവാകുന്ന പ്രകാശത്തിൽ ജീവിക്കുവാൻ നമ്മോട് ആഹ്വാനംചെയ്യുകയാണ്.
സ്നേഹമുള്ളവരേ, ക്രിസ്തുവാണ് നമ്മുടെ പ്രകാശം, ഈ ലോകത്തിന്റെ പ്രകാശം, നിത്യപ്രകാശം. അവനിൽ അന്ധകാരമില്ല. സങ്കീർത്തനം 34, 5 ൽ പറയുന്നതുപോലെ അവിടുത്തെ നോക്കുന്നവർ പ്രകാശിതരാകും. നാം അവിടുത്തെ നോക്കുകയാണെങ്കിൽ, നമ്മുടെ കുടുംബങ്ങൾ ഈശോയെ നോക്കുകയാണെങ്കിൽ, നമ്മുടെ മക്കൾ ഈശോയെ നോക്കുകയാണെങ്കിൽ നാം, അവർ പ്രകാശിതരാകും. അപ്പോൾ എന്ത് സംഭവിക്കും? ‘അവിടുത്തെ അനിഗമിക്കുന്നവർ അന്ധകാരത്തിൽ

നടക്കുകയില്ല.’ ഇന്ന് ലോകം അന്ധകാരത്തിലാണെങ്കിൽ നാമിന്ന് ഇരുട്ടിൽത്തപ്പി നടക്കുന്നവരാണെങ്കിൽ അതിന്റെ അർഥം നാം പ്രകാശമായ ക്രിസ്തുവിനെ കണ്ടിട്ടില്ല, മനസ്സിലാക്കിയിട്ടില്ല. നാം ക്രൈസ്തവർ ഇന്ന് ക്രിസ്തുസാക്ഷ്യത്തിന്റെ പാതയിൽ നിന്ന് അകന്ന്, വർഗീയ പ്രസ്ഥാനങ്ങളുടെ, നിരീശ്വര പ്രസ്ഥാനങ്ങളുടെ പിന്നാലെ പോകുകയാണെങ്കിൽ നാം അന്ധകാരത്തിലല്ലേ? അന്ധകാരത്തിന്റെ പ്രവർത്തികൾ ചെയ്യുന്നവരോട് ചേർന്ന് അന്ധകാരത്തിലേക്ക് നടക്കുകയല്ല വേണ്ടത്, അവരെ പ്രകാശത്തിന്റെ പാതയിലേക്ക് നയിക്കുകയാണ് വേണ്ടത്. പ്രകാശമുള്ളിടത്തു നടക്കാനല്ല, നടക്കുന്നിടത്തെല്ലാം പ്രകാശമാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ക്രൈസ്തവന്റെ ഇന്നും ജീവിക്കുന്ന, പ്രകാശമായ സത്യമായ ദൈവം, ക്രിസ്തു, മറ്റുള്ളവരുടെ ദൈവത്തിനു സമനാണെന്ന് വൈദികർ തന്നെ സംയുക്ത പ്രസ്താവനകൾ ഇറക്കുമ്പോൾ ആരാണ് ഇരുട്ടിൽ, ആരാണ് പ്രകാശത്തിൽ?
ക്രിസ്തു ഈ ലോകത്തിലേക്ക് വന്നപ്പോൾ പ്രവാചകൻ പറഞ്ഞത് ‘അന്ധകാരത്തിൽ, മരണത്തിന്റെ നിഴലിൽ കഴിഞ്ഞിരുന്ന ജനതയ്ക്കു വലിയൊരു പ്രകാശം ഉദയം ചെയ്തു’ എന്നാണ്. (മത്താ 4, 16) വിശുദ്ധ പൗലോശ്ലീഹാ നമ്മെ ഉദ്ബോധിപ്പിക്കുന്നത് എന്താണ്? “പ്രിയപ്പെട്ടവരേ, രാത്രി കഴിയാറായി. പകൽ സമീപിച്ചിരിക്കുന്നു. ആകയാൽ, അന്ധകാരത്തിന്റെ പ്രവർത്തികൾ പരിത്യജിച്ചു, പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കാം. പകലിന് യോജിച്ചവിധം നമുക്ക് പെരുമാറാം.” (റോമ 13, 12)
ഉത്ഥാനത്തിരുനാൾ നമ്മെ ക്ഷണിക്കുന്നത് ക്രിസ്തുവിലേക്കാണ്, അവിടുത്തെ പ്രകാശത്തിലേക്കാണ്. ഈ ഉത്ഥാനത്തിരുനാൾ നമ്മുടെ ജീവിതത്തെ, കുടുംബത്തെ പ്രകാശംകൊണ്ട് നിറയ്ക്കുവാൻ നമ്മെ പ്രേരിപ്പിക്കട്ടെ. നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിന്റെ പ്രകാശങ്ങളായി നമുക്ക് ഉയിർത്തെഴുന്നേൽക്കാം. ജീവിതത്തിൽ, സ്വാർത്ഥതകൾ, അഹന്ത, ഇഷ്ടങ്ങളുടെ വൈരുധ്യങ്ങൾ, മദ്യാസക്തി, ലഹരിയോടുള്ള ആഗ്രഹം, മൊബൈൽ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകാരണങ്ങളോടുള്ള ആസക്തി തുടങ്ങിയവ അന്ധകാരം നിറയ്ക്കുമ്പോൾ ഉത്ഥിതനായ ക്രിസ്തു നിങ്ങളുടെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരട്ടെ. കടന്നു വന്ന് നമുക്ക് സമാധാനം നൽകട്ടെ.

അതിനുള്ള കൃപയ്ക്കാകട്ടെ ഇന്നത്തെ നമ്മുടെ ഉത്ഥാനത്തിരുനാളിലെ വിശുദ്ധ കുർബാന.
എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുന്നു! ആമേൻ!