sunday sermon – holy trinity

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

യോഹ 16, 12-15

റോമ 5, 1-5

സന്ദേശം

Why Don't the New Testament Authors Explain the Trinity?

ശ്ളീഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയായ ഇന്ന് തിരുസ്സഭ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. മനുഷ്യമനസ്സിന് അഗ്രാഹ്യമായ വലിയൊരു ദൈവിക രഹസ്യമാണ് പരിശുദ്ധ ത്രിത്വം. ഇന്നുവരെ വെളിപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്ലിഷ്ടമായ ഒരു വിശ്വാസ രഹസ്യവും പരിശുദ്ധ ത്രിത്വം തന്നെയാണ്.

ബൈബിളിൽ ത്രിത്വം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ആശയം വളരെ ശക്തമായി പുതിയനിയമത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തന്റെ സ്വർഗാരോഹണത്തിന് മുൻപ് ഗലീലിയിലെ മലയിൽ വച്ച് ഈശോ ശിഷ്യർക്ക് പ്രേഷിതദൗത്യം നൽകുമ്പോൾ പറഞ്ഞത്, “നിങ്ങൾപോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് സ്നാനം നൽകുവിൻ” (മത്താ 28, 19) എന്നാണ്. അതിനുശേഷം വിശുദ്ധ പൗലോശ്ലീഹായും വളരെ വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ”. (2 കോറി 13, 13) ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ ത്രിത്വമെന്ന സങ്കൽപം വികാസം പ്രാപിച്ചിരുന്നില്ല. എന്നാൽ, ത്രിത്വം എന്ന ആശയത്തിന് രൂപം വരുന്നത് യഹൂദരുടെ ഷേമ ഇസ്രായേൽ എന്ന പ്രാർത്ഥനയിൽ ദൈവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന “നമ്മുടെ ദൈവമായ കർത്താവ് ഒരേ കർത്താവാണ്” (നിയമ 6, 4) എന്ന പ്രാർത്ഥനയിൽ നിന്നാണ്. ഈ പാർത്ഥനയുടെ വികസിതരൂപമായിട്ടാണ് ദൈവം ഒന്നേയുള്ളു. എന്നാൽ ദൈവത്തിനു മൂന്നാളുകളുണ്ട് എന്ന വിശ്വാസ പ്രമാണത്തിലേക്ക് തിരുസ്സഭ കടന്നുവരുന്നത്.

ആഫ്രിക്കയിലെ കർത്തേജിൽ നിന്നുള്ള ക്രൈസ്തവ പണ്ഡിതനായ തെർത്തുല്യൻ എ.ഡി.150 ൽ ഈ പദം ഉപയോഗിച്ചതോടെയാണ് ക്രിസ്തുമതത്തിൽ ത്രിത്വം (Trinity) എന്ന പദം ചിരപ്രതിഷ്ട നേടിയത്. സഭാപിതാക്കന്മാരിൽ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അന്ത്യോക്യായിലെ തെയോഫിലോസ് ആണ് ത്രിത്വം (Trinity) എന്ന വാക്ക് ആദ്യം ഉപയോഗിച്ചത്. ദൈവം (പിതാവ്), ദൈവത്തിന്റെ വചനം (Word, Logos), ദൈവത്തിന്റെ ജ്ഞാനം (Wisdom, Sophia) എന്നിങ്ങനെയാണ് അദ്ദേഹം ത്രിത്വത്തെ വിശദീകരിച്ചത്. പിന്നീട് വിശുദ്ധ ജസ്റ്റിൻ, അലക്‌സാണ്ടറിയായിലെ വിശുദ്ധ ക്ലമന്റ് തുടങ്ങിയവരും, നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ തുടങ്ങിയ കൗൺ സിലുകളും പരിശുദ്ധ ത്രിത്വത്തിന്റെ വ്യക്തിത്വവും, സ്വഭാവവും വളരെ മനോഹരമായി വിശദീകരിക്കുന്നുണ്ട്.

പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മ എന്ന അർത്ഥത്തിലാണ് കത്തോലിക്കാ തിരുസ്സഭ ത്രിത്വം എന്ന പദം ഇന്ന് ഉപയോഗിക്കുന്നത്.

Fr. Matthew Charlesworth, S.J. | Homily: Feast of the Most Holy Trinity

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വർഷത്തിലൊരിക്കൽ നാം ആഘോഷിക്കുന്നത് നമ്മുടെ വിശ്വാസത്തിലെ പരമ പ്രധാനമായ ഒരു രഹസ്യത്തെപ്പറ്റി ഓർക്കാനും മനസ്സിലാക്കാനുമായിട്ടാണ്. ഇന്നുവരെ ആർക്കും തന്നെ പൂർണമായി പിടികൊടുക്കാതെ ഒഴിഞ്ഞുമാറുന്ന വലിയ രഹസ്യമാണ് പരിശുദ്ധ ത്രിത്വമെങ്കിലും, നമ്മുടെ വിശ്വാസ ജീവിതത്തിൽ വളരെ അടുത്തുനിൽക്കുന്ന യാഥാർഥ്യമാണിത്. ഒന്നോർത്താൽ രാവിലെ എഴുന്നേൽക്കുന്നതുമുതൽ രാത്രി ഉറങ്ങാൻപോകുമ്പോഴും പരിശുദ്ധ ത്രിത്വത്തിന്റെ സ്മരണയിലാണ് നാം ജീവിക്കുന്നത്. രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ നമ്മുടെ ആദ്യത്തെ പ്രവർത്തി എന്താണ്? കുരിശുവരച്ച്, പിതാവിനും പുത്രനും പരിശുധാത്മാവിനും നമ്മെ തന്നെ സമർപ്പിച്ച്, നമ്മെത്തന്നെ വിശുദ്ധീകരിച്ചുകൊണ്ടല്ലേ നാം ഓരോ ദിനവും തുടങ്ങുന്നത്? അതിനുശേഷം നാം ചെയ്യുന്ന ഓരോ പ്രവർത്തിക്ക് മുൻപും നാം ഒന്ന് കുരിശുവരച്ച് ത്രിത്വദൈവത്തെ ഓർത്തിട്ടല്ലേ ഓരോന്നും ചെയ്യുന്നത്? പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു നെറ്റിയിൽ കുറിച്ചുവരച്ചുകൊണ്ടല്ലേ നാം മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത്?

ചെറുപ്പത്തിലേ അമ്മച്ചി എന്നെ പഠിപ്പിച്ച വലിയൊരു ഭക്തകൃത്യമായിരുന്നു, ഉറങ്ങുന്നതിനുമുന്പ് പായയുടെ നാല് corners ലും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു കുരിശുവരയ്ക്കുക എന്നത്. ഇന്നും ഞാനത് ചെയ്യുന്നുണ്ട്.  പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണത്തിലാണ് ഞാൻ ഉറങ്ങുന്നത് എന്ന ബോധ്യം ശാന്തമായി ഉറങ്ങുവാൻ എന്നെ സഹായിച്ചു.. ഓരോ ഭക്ഷണത്തിനു മുൻപും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ആശീർവാദത്തോടെയാണ് നാം ഭക്ഷിക്കാൻ തുടങ്ങുന്നത്. വിവാഹിതരാകുന്ന നവദമ്പതികളെ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചിട്ടല്ലേ നാം വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നത്? ചുരുക്കിപ്പറഞ്ഞാൽ, ത്രിത്വത്തെക്കുറിച്ചു ആഴത്തിലൊന്നും അറിയില്ലെങ്കിലും, നമ്മുടെ ക്രൈസ്തവജീവിതം, പരിശുദ്ധ ത്രിത്വത്തിലാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.

കക്കാകൊണ്ട് സമുദ്രജലം വറ്റിക്കാൻ ശ്രമിക്കുന്നതിലും ശ്രമകരമാണ്, സങ്കീർണമാണ് പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു മനസ്സിലാക്കാനെന്ന് വിശുദ്ധ ആഗസ്തീനോസിനോട് പറയുന്ന കുട്ടിയുടെ കഥ കേൾക്കുമ്പോൾ നാമും തലകുലുക്കും. ശരിയാണ്, ഇത് വലിയൊരു രഹസ്യം തന്നെയാണ് എന്ന് സമ്മതിക്കും. എങ്കിലും പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു നമുക്കറിയാവുന്നവ ശരിയായി മനസ്സിലാക്കുന്നത് നമ്മുടെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുകതന്നെ ചെയ്യും.

ഒന്നാമതായി, രക്ഷാകര ചരിത്രം പരിശുദ്ധ ത്രിത്വത്തിന്റെ ചരിത്രമാണ്. ഉത്പത്തി 1, 1-2: ദൈവമായ കർത്താവ് (പിതാവായ ദൈവം) ആദിയിൽ തന്റെ വചനത്താൽ (പുത്രനായ ദൈവം) സൃഷ്ടികർമം നടത്തുമ്പോൾ ദൈവത്തിന്റെ ചൈതന്യം (പരിശുദ്ധാ ത്മാവായ ദൈവം) വെള്ളത്തിനുമുകളിൽ ചലിച്ചുകൊണ്ടിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമാണ് നാമിവിടെ കാണുന്നത്. “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം” (ഉത്പ 1, 26) എന്ന് പറയുമ്പോൾ, നമുക്ക് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്.

മമ്രേയുടെ ഓക്കുമരത്തോപ്പിന് സമീപം ദൈവം അബ്രാഹത്തിന് പ്രത്യക്ഷനാകുന്നത് മൂന്നാളുകളായിട്ടാണ്. ബൈബിൾ പണ്ഡിതന്മാർ അബ്രാഹത്തെ സന്ദർശിക്കുന്ന ഈ മൂന്ന് വ്യക്തിത്വങ്ങളെ പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. (ഉത്പ 18, 1-15) ചുട്ടെടുത്ത ഇഷ്ടിക ഉപയോഗിച്ച് ബാബേൽഗോപുരം പണിതുയർത്തുമ്പോൾ അതോടൊപ്പം മനുഷ്യന്റെ അഹങ്കാരവും ഉയരുന്നതുകണ്ട ദൈവം പറയുന്നത് ഇങ്ങനെയാണ്:”നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ പരസ്പരം ഗ്രഹിക്കാനാകാത്തവിധം ഭിന്നിപ്പിക്കാം.” (ഉത്പ 11, 7) ഇവിടെയും നമുക്ക് എന്ന് പറഞ്ഞുകൊണ്ടുള്ള സംഭാഷണം പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്. ഇവിടുന്നങ്ങോട്ട് പുതിയനിയമത്തിലെത്തിയാൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാർത്തയിൽ നാം പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യം കാണുന്നുണ്ട്. പിതാവായ ദൈവത്തിന്റെ ദൂതനാണ് മറിയത്തിനോട് സംസാരിക്കുന്നത്. പരിശുദ്ധാത്മാവിനാൽ ആണ് മറിയം ഗർഭവതിയാകുന്നത്. അവളുടെ ഉദരത്തിൽ രൂപപ്പെടുന്നതാകട്ടെ പുത്രനായ ദൈവവും. ഈശോയുടെ മാമ്മോദീസാ വേളയിലും ത്രിത്വത്തിന്റെ സാന്നിധ്യം നാം കാണുന്നുണ്ട്. “സ്നാനം കഴിഞ്ഞപ്പോൾ യേശു (പുത്രനായ ദൈവം) വെള്ളത്തിൽനിന്ന് കയറി…ദൈവാത്മാവ് (ആത്മാവായ ദൈവം) പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയപുത്രൻ …ഒരു സ്വരം സ്വർഗത്തിൽ നിന്ന് കേട്ടു” (പിതാവിന്റെ സ്വരം). (മത്താ 3, 16-17) വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ 15 മുതൽ 17 വരെയുള്ള അധ്യായങ്ങളിൽ ത്രിത്വത്തിന്റെ സാന്നിധ്യം കാണാം. പുത്രനായ ദൈവം പിതാവിനെക്കുറിച്ചും, പരിശുധാത്മാവിനെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ഇത്രയും ബൈബിൾ ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാകും, രക്ഷാകര ചരിത്രം പരിശുദ്ധാത്മാവിന്റെ ചരിത്രമാണ്, പ്രവർത്തനമാണ് എന്ന്.

Trinity the source and reason for BECs

രണ്ടാമതായി, പരിശുദ്ധ ത്രിത്വത്തിലെ കൂട്ടായ്മ നമുക്കെന്നും മാതൃകയാണ്. ഈ ഭൂമിയിലെ ഓരോ കൂട്ടായ്മയും ത്രിത്വ നുഭവമാണ്. നമ്മുടെ കുടുംബങ്ങളും, ഇടവകകളും, രാജ്യവും എല്ലാം ത്രിത്വയ്ക കൂട്ടായ്മയുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ ഏറ്റവും നല്ല മാതൃക പരിശുദ്ധ ത്രിത്വമായിരിക്കണം, ത്രിത്വത്തിലെ കൂട്ടായ്മയായിരിക്കണം. കൂട്ടായ്മയുടെ അരൂപി നഷ്ടപ്പെടുമ്പോൾ നമ്മുടെ കുടുംബങ്ങൾ തകർച്ചയിലേക്ക് നീങ്ങും. കൂട്ടായ്മയുടെ അർഥം മറക്കുന്ന മാതാപിതാക്കന്മാരും, കൂട്ടായ്മ ഒരു ബാധ്യതയായിക്കാണുന്ന മക്കളും കുടുംബങ്ങളുടെ തകർച്ചക്ക് ഒരുപോലെ ഉത്തരവാദികളാണ്. ഏകാധിപത്യ പ്രവണത കാണിക്കുന്ന അധികാരികളും, തോന്നലുകൾക്ക് അനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന ജനങ്ങളും സമൂഹത്തിന്റെ, രാജ്യത്തിന്റെ ഇടവകയുടെ തകർച്ചക്ക് ഉത്തരവാദികളാണ്. ഈ ലോകത്തിൽ എവിടെയെങ്കിലും നിഷ്കളങ്ക രക്തം വീണ് മണ്ണ് നനയുന്നുണ്ടെങ്കിൽ, നിഷ്കളങ്കരുടെ കണ്ണീരുവീണ് തലയിണ നനയുന്നുണ്ടെങ്കിൽ,  മ്യാൻമാറിലെപ്പോലെ, ലോകത്തിന്റെ ഏതെങ്കിലും കോണിൽനിന്ന്  പാവപ്പെട്ട മനുഷ്യർ പലായനം ചെയ്യാൻ വിധിക്കപ്പെടുന്നുണ്ടെങ്കിൽ, പാക്കിസ്ഥാനിലെപ്പോലെ മുസ്‌ലിം ആകാൻ സമ്മതിക്കാത്തതിന്റെപേരിൽ ക്രൈസ്തവർ മാനഭംഗത്തിന് ഇരയാകുന്നുണ്ടെങ്കിൽ, വർഗീയതയുടെ പേരിൽ മനുഷ്യർ വിഭജിക്കപ്പെടുന്നുണ്ടെങ്കിൽ, വിശ്വാസങ്ങളുടെ പേരിൽ, കുർബാനയുടെ പേരിൽ, സമ്പത്തിന്റെ പേരിൽ ക്രൈസ്തവർ ഐക്യമില്ലാതെ ജീവിക്കുന്നുണ്ടെങ്കിൽ,   അതിന്റെയൊക്കെ കാരണം, പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്‌മ യുടെ അനുഭവം ഇല്ലാത്തതാണ്. 

മൂന്നാമതായി, നാം അനുദിനം അർപ്പിക്കുന്ന വിശുദ്ധ കുർബാന പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിപ്പാണ്, സ്തുതിപ്പിന്റെ ആഘോഷമാണ്. വൈദികൻ ചൊല്ലുന്ന ഓരോ പ്രാർത്ഥനയ്ക്കും ശേഷം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി അർപ്പിച്ചുകൊണ്ടാണ് പ്രാർത്ഥന അവസാനിപ്പിക്കുന്നത്. നമ്മുടെ സാധാരണ കുർബാനയിൽ ഇരുപത് പ്രാവശ്യത്തെ കൂടുതൽ പരിശുദ്ധ ത്രിത്വത്തെ സ്മരിക്കുന്നുണ്ട്. വിശുദ്ധ കുർബാനയിലെ വിശ്വാസപ്രമാണം പരിശുദ്ധ ത്രിത്വത്തിന്റെ ജീവൻ തുടിച്ചു നിൽക്കുന്ന വിവരണമാണ്. വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥന ഉൾപ്പെടുത്താതെ തന്നെ നമ്മുടെ കുർബാന പരിശുദ്ധ ത്രിത്വത്തിനുള്ള ഒരു സ്തുതിപ്പാണ്. വിശുദ്ധ പൗലോശ്ലീഹായുടെ നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും …എന്ന ആശീർ വാദ പ്രാർത്ഥന രണ്ടു പ്രാവശ്യം നമ്മുടെ കുർബാനയിൽ ചൊല്ലുന്നുണ്ട്. ശുശ്രൂഷി ചൊല്ലുന്ന കാറോസൂസാ പ്രാർത്ഥനയുടെ അവസാനം ശുശ്രൂഷി വിശുദ്ധ കുർബാന അർപ്പിക്കുന്ന എല്ലാവർക്കുംവേണ്ടി ഒരു ആഹ്വാനം നടത്തുന്നുണ്ട്. നിങ്ങൾ എത്രപേർ അത് ശ്രദ്ധിച്ചിട്ടുണ്ടെന്ന്, ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. ശുശ്രൂഷി പറയുന്നത് ഇങ്ങനെയാണ്: “നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.” അതായത്, നമ്മുടെ എല്ലാ യാചനകളും, നമ്മെ നമ്മെയും, നാമുമായി ചേർന്ന് നിൽക്കുന്ന എല്ലാവരെയും, നമ്മുടെ കുടുംബങ്ങളിൽ, അകാലങ്ങളിൽ കഴിയുന്ന എല്ലാവരെയും, പരിശുദ്ധ ത്രിത്വത്തിന് സമർപ്പിക്കണമെന്നാണ് ശുശ്രൂഷി ഉറക്കെ പറയുന്നത്. അതിന്റെ പ്രതിവചനമെന്താണ്? “ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേയ്ക്ക് ഞങ്ങൾ സമർപ്പിക്കുന്നു.” എത്ര മനോഹരമായ പ്രാർത്ഥനയാണിത്! പക്ഷെ ശരാശരി ക്രൈസ്തവൻ ഈ സമയം തെക്കോട്ടും വടക്കോട്ടും നോക്കി നിൽക്കും!! എത്രപേർ ബോധ്യത്തോടെ ഈ പ്രാർത്ഥന ചൊല്ലുന്നുണ്ടെന്ന് ഓർത്തു നോക്കുന്നത് നല്ലതാണ്. കൂടാതെ സമാപന ആശീർവാദപ്രാർത്ഥനയിലും മിക്കവാറും നാം ഈ ത്രിത്വ പ്രാർത്ഥന ചൊല്ലുന്നുണ്ട്. നമ്മുടെ ക്രൈസ്തവ വിശ്വാസത്തിൽ പരിശുദ്ധ ത്രിത്വത്തിനുള്ള പ്രാധാന്യമാണ് ഇതിൽ നിന്നെല്ലാം വെളിവാകുന്നത്.

സ്നേഹമുള്ളവരേ, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ഞായറാഴ്ച്ച പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു ധ്യാനിക്കാനും, ത്രിത്വത്തിന്റെ സംരക്ഷണം പ്രാർത്ഥിക്കാനും നമുക്കാകണം. ഏകാധിപത്യ പ്രവണതകൾ വർധിച്ചുവരുന്ന ഇക്കാലത്തു പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ മാതൃക ലോകത്തിന് നൽകാൻ നാം ശ്രമിക്കേണ്ടതുണ്ട്. അതിനായി, നമ്മുടെ ജീവിതങ്ങൾ, പ്രവർത്തനങ്ങൾ, കുടുംബങ്ങൾ, ഇടവകകൾ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ നേർ സാക്ഷ്യങ്ങളായി മാറണം. ഈ കോവിഡ് മഹാമാരിയുടെ കാലത്തു നാം കാണിക്കുന്ന കൂട്ടായ്മയുടെ ഉറവിടം പരിശുദ്ധ ത്രിത്വത്തിന്റേതാണ് എന്ന് മനസ്സിലാക്കുക. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഓരോ ദിവസം ആരംഭിക്കാനും, അവസാനിപ്പിക്കാനും നമുക്കാകട്ടെ. പഠിക്കുന്നതിന് മുൻപ് പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചു നമ്മെയും, നമ്മുടെ പുസ്തകങ്ങളെയും പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണയിൽ ആക്കുക. എന്നും ഇപ്പോഴും, പ്രത്യേകിച്ച്, ഇന്ന് മുഴുവനും പരിശുദ്ധ ത്രിത്വമേ, എന്റെ ഭാഗ്യമേ എന്ന സുകൃതജപം ചൊല്ലി പ്രാർത്ഥിക്കുക. 

What is the Trinity? It is one God in three persons: Father, Son, Holy  Spirit

നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധ ത്രിത്വമേ, കോവിഡ് മഹാമാരിമൂലം ക്ലേശിക്കുന്ന ലോകത്തെ സംരക്ഷിക്കണമേ. പരിശുദ്ധ ത്രിത്വമേ, ഞങ്ങളെ ഓരോരുത്തരെയും ത്രിത്വത്തിന്റെ സംരക്ഷണയിൽ സമർപ്പിക്കുന്നു. പരിശുദ്ധ ത്രിത്വമേ,എന്റെ ഭാഗ്യമേ! ആമേൻ!

sunday sermon -Feast Pentecost

പന്തക്കുസ്തത്തിരുനാൾ

യോഹ 14, 15-16, 25-26; 15, 26

സന്ദേശം

May 23, 2021: Pentecost Sunday | National Catholic Reporter

മനുഷ്യവംശം ഇന്നോളം ദർശിച്ചിട്ടുള്ള ഏറ്റവും വലിയ  മഹാമാരികളിലൊന്നിന്റെ പിടിയിൽ പെട്ട് ലോകം വെന്റിലേറ്ററിലായിരിക്കുന്ന കാലഘട്ടത്തിലാണ് ക്രൈസ്തവന്റെ ഏറ്റവും വലിയ തിരുനാൾ, പെന്തെക്കുസ്താ തിരുനാൾ നാം ആഘോഷിക്കുന്നത്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ നേരുന്നു!

ഒരു കാത്തിരിപ്പിന്റെ ഫലസമാപ്തിയാണ് പെന്തക്കുസ്താ തിരുനാൾ. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം ‘ശിഷ്യന്മാർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റുസ്ത്രീകളോടും, അവന്റെ സഹോദരരോടൊപ്പം പ്രാർത്ഥനയിൽ’ (അപ്പ 1, 14)   വലിയൊരു കാത്തിരിപ്പിലായിരുന്നു. ഭീതിക്കും ദുരിതങ്ങൾക്കുമിടയിൽ , ഇന്നലെവരെ എല്ലാം തങ്ങളുടെ കയ്യിൽ ഭദ്രമാണെന്ന് കരുതിയിരുന്ന ഭരണാധിപന്മാരും, ഏത് പ്രശ്നത്തിനും തങ്ങളുടെ പക്കലേ പ്രതിവിധിയുള്ളുവെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ആത്മീയ, മത നേതാക്കളും, ലോകം തങ്ങളുടെ കൈവിരൽത്തുമ്പിലെന്ന് ഊറ്റംകൊണ്ടിരുന്ന ബിസ്സിനെസ്സ് പ്രമാണിമാരും, കോടീശ്വരന്മാരും, സൂപ്പർതാരങ്ങളും, ആരുടെയും സഹായമില്ലാതെ പിടിച്ചുനിൽക്കാം എന്ന് പ്രതീക്ഷിച്ചിരുന്ന കർഷകരും സാധാരണക്കാരും “കൊറോണ വൈറസ് രോഗത്തിന് മരുന്ന് കണ്ടെത്തിയിരിക്കുന്നു” എന്ന ശാസ്ത്രലോകത്തിന്റെ അറിയിപ്പിന് യാതൊരു ഉറപ്പുമില്ലാതെ കാത്തിരിക്കുന്ന പോലെയല്ലായിരുന്നു ശിഷ്യരുടെ കാത്തിരിപ്പ്!   ശിഷ്യന്മാർക്ക് ഉറപ്പായിരുന്നു ഈ കാത്തിരിപ്പ് വെറുതെയാകില്ലായെന്ന്. കാരണം, അവർ ക്രിസ്തുവിൽ, അവിടുത്തെ വാഗ്ദാനത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നു. അവിടുന്ന് വളരെ വ്യക്തമായി അവരോട് പറഞ്ഞിരുന്നു: ” എന്നിൽ നിന്ന് നിങ്ങൾകേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ” (അപ്പ 1, 5) എന്ന്.

ഇസ്രായേലിൽ, ജറുസലേമിൽ, യഹൂദജനം മുഴുവൻ അവരുടെ പെന്തക്കുസ്താ തിരുനാളിനായി ഒരുങ്ങുന്ന കാലമായിരുന്നു അത്. ആഴ്ചകളുടെ തിരുനാളായിരുന്നു അവർക്കത്. ലേവ്യരുടെ പുസ്തകം അദ്ധ്യായം 23 ൽ അതിന്റെ വിവരണമുണ്ട്. ” സാബത്തിന്റെ പിറ്റേദിവസം മുതൽ, അതായത്, നീരാജനത്തിനായി കറ്റ കൊണ്ടുവന്ന ദിവസം മുതൽ ഏഴ് പൂർണമായ ആഴ്ചകൾ നിങ്ങൾ കണക്കാക്കണം. ഏഴാമത്തെ സാബത്തിന്റെ പിറ്റേദിവസം, അതായത് അമ്പതാം ദിവസം കർത്താവിന് പുതിയ ധാന്യങ്ങൾകൊണ്ട് നിങ്ങൾ ധാന്യബലി അർപ്പിക്കണം.” (23, 15-16) ഇതായിരുന്നു പഴയനിയമത്തിലെ പെന്തക്കുസ്താ. yahoതുടർന്നുള്ള ഭാഗത്തു ഈ പെന്തക്കുസ്തായുടെ ആഘോഷം വിവരിക്കുന്നുണ്ട്. യഹൂദരുടെ തിരുനാളായ Shavout, പെന്തക്കുസ്താ (പെന്തക്കുസ്താ എന്ന വാക്കിന്റെ അർഥം 50 എന്നാണ്) ആചരിക്കാൻ യഹൂദജനം ഒത്തുകൂടിയപ്പോൾ, യഹൂദരായിരുന്നെങ്കിലും, ഈശോയുടെ ശിഷ്യരും, മാതാവും മറ്റുള്ളവരും ക്രിസ്തുവിന്റെ വാഗ്ദാനത്തിനായി കാത്തിരിക്കുകയായിരുന്നു എന്നത് ദൈവപരിപാലനയായിരിക്കാം.. ലോകത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടേണ്ട, പുതിയൊരു പെന്തക്കുസ്തയ്ക്കായാണ് തങ്ങൾ ഒരുമിച്ചുകൂടിയിരിക്കുന്നതെന്ന് ശിഷ്യരോ, തങ്ങൾ ആചരിക്കുവാൻ പോകുന്ന പെന്തക്കുസ്താ ഇതാ അർത്ഥശൂന്യമാകാൻ പോകുന്നെന്ന് യഹൂദരോ ചിന്തിച്ചു കാണില്ല.

എന്നാൽ, സ്വർഗം പുതിയൊരു പെന്തക്കുസ്തയ്ക്കായി തയ്യാറെടുത്തിരിക്കുകയായിരുന്നു. ഈശോയുടെ ശിഷ്യരും കൂട്ടരും അവർ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ മുറിയിൽ പ്രാർത്ഥനയിൽ ആയിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റിന്റെ ആരവം അവർ കേട്ടു. അത് വലിയൊരു ശബ്ദമായി രൂപപ്പെട്ടു. ആ ശബ്ദം അവരുടെ വീടിനുള്ളിൽ മുഴങ്ങിയതുപോലെ അവർക്കു തോന്നി. അന്തരീക്ഷത്തിൽ പെട്ടെന്നുണ്ടായ മാറ്റത്തിന്റെ കാരണം അന്വേഷിക്കാൻ ശ്രമിച്ച അവരുടെ മേൽ അതാ അഗ്നിജ്വാലകൾ പോലുള്ള നാവുകൾ വന്നു നിന്നു. (അപ്പ 2, 1-3) വചനം പറയുന്നു: “അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.” (അപ്പ 2, 4)

Pentecost - St Mary Magdalene, Enfield

സ്നേഹമുള്ളവരേ, സ്വർഗം കാത്തിരുന്ന അതുല്യമായ നിമിഷമായിരുന്നു അത്! ദൈവത്തിന്റെ രക്ഷാകരപദ്ധതി മനുഷ്യകരങ്ങളിലൂടെ തുടരുവാൻ സഭ രൂപംകൊണ്ട ദിനം! ക്രിസ്തുവിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണം. മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയാത്തവിധം അതി മനോഹരമായി സ്വർഗം ഭൂമിയിൽ ദൈവ ചൈതന്യത്തിന്റെ മഴവില്ലു വിരിയിച്ച ദിനം! പ്രിയപ്പെട്ടവരേ, മനുഷ്യന് ദൈവത്തിന്റെ മനസ്സ് അറിയുവാൻ കഴിഞ്ഞിരുന്നെങ്കിൽ, ദൈവത്തിന്റെ അത്ഭുതം മനസ്സിലാക്കുവാൻ സാധിച്ചിരുന്നെങ്കിൽ ലോകം ഈ ദിവസത്തെ വലിയൊരു ദാനമായി, സമ്മാനമായി നെഞ്ചേറ്റുമായിരുന്നു!

നിങ്ങൾക്കറിയുമോ ദൈവത്തിന്റെ ഈ ആത്മാവിനെ, റൂഹാദ് കുദ്ശായെ (Ruach HaKodesh in Hebrew) പരിശുദ്ധാത്മാവിനെ ലോകത്തിനു നല്കുവാനായിട്ടാണ് ഈശോ ലോകത്തിലേക്ക് വന്നത്. ബേത് ലഹേമിലെ പുൽത്തൊഴുത്തിൽ പിറന്ന്, വചനം പ്രഘോഷിച്ചു നടന്ന്, കുരിശുമരണത്തിലൂടെ കടന്ന്, മരണത്തെ ജയിച്ചു ഇന്നും ജീവിക്കുന്ന ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത് ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയാണ്. എന്തിനുവേണ്ടിയായിരുന്നു ദാവീദിന്റെ പട്ടണത്തിൽ ഒരു രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചത്? (ലൂക്ക 2, 10) ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. എന്തിനു വേണ്ടിയായിരുന്നു, വഴിയും സത്യവും ജീവനുമായി ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്? ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. എന്തിനുവേണ്ടിയായിരുന്നു ക്രിസ്തു കാൽവരി കയറി കുരിശിൽ മരിച്ചത്? ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. ക്രിസ്തുവിനു വഴിയൊരുക്കുവാനെത്തിയ സ്നാപക യോഹന്നാൻ അത് പറഞ്ഞിരുന്നു: ‘ആത്മാവ് ഇറങ്ങി ആരിൽ വസിക്കുന്നുവോ അവനാണ് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുന്നവൻ’. (യോഹ 1, 34) തന്റെ സ്വർഗാരോഹണത്തിനു തൊട്ടു മുന്പ് ഈശോ എന്താണ് പറഞ്ഞത്? “യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം നൽകി. നിങ്ങളാകട്ടെ ഏറെ താമസിയാതെ പരിശുദ്ധാത്മാവിനാൽ സ്നാനമേൽക്കും.” (അപ്പ 1, 5)

ആത്മാവിനെ നൽകുവാനാണ്‌ ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത്. അവിടുത്തെ മനുഷ്യാവതാരം ആത്മാവിന്റെ പ്രവർത്തിയായിരുന്നു; ദൈവരാജ്യം ആത്മാവിന്റെ നിറവാണ്, ആത്മാവിന്റെ പ്രവർത്തിയാണ്. വിശുദ്ധ കുർബാന പരിശുദ്ധാത്മാ അഭിഷേകത്തിന്റെ ആഘോഷമാണ്.  ഉത്ഥിതനായ ഈശോ ആത്മാവിന്റെ ശോഭയാണ്. സഹായകന് മാത്രമേ ഈ ഭൂമുഖം പുതുതായി സൃഷ്ടിക്കാൻ, മനുഷ്യനെ നവീകരിക്കുവാൻ കഴിയൂ എന്ന് അറിഞ്ഞ ഈശോ ഈ ആത്മാവിനു വേണ്ടി ഒരുങ്ങാനാണ് ശിഷ്യരോട്‌ എന്നും പറഞ്ഞത്. പുതിയനിയമത്തിൽ പലപ്രാവശ്യം ഇക്കാര്യം ഈശോ പറയുന്നുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ഈശോ പറയുന്നു: ‘എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും. (14, 26) വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ഈശോ പറയുന്നു: “സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല!” (11, 13) ആരാണ് നമുക്ക് പരിശുദ്ധാത്മാവിനെ നൽകുന്നത്? ഈശോയുടെ ഉത്തരം ഇതാണ്: ‘ദൈവമാണ് നമുക്ക് ആത്മാവിനെ നൽകുന്നത്. (യോഹ 3, 34b) ഇനി ആരാണ് ദൈവം? ഈശോ വളരെ വ്യക്തമായി നൽകുന്ന നിർവചനം ഇതാണ്: “ദൈവം ആത്മാവാണ്.” (യോഹ 4, 23) എങ്ങനെയാണ് ദൈവത്തെ ആരാധിക്കേണ്ടത്? “അവിടുത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.” ((യോഹ 4, 24) അപ്പോൾ നമ്മിൽ പരിശുദ്ധാത്മാവില്ലെങ്കിൽ നമ്മിൽ ദൈവമില്ല. നമുക്ക് ദൈവത്തെ ആരാധിക്കുവാനും കഴിയില്ല. അതുകൊണ്ടാണ് പരിശുദ്ധാത്മാവിനെ നൽകുവാനാണ് ക്രിസ്തു യേശു ഈ ലോകത്തിലേക്ക് വന്നത്.

സകലതിനെയും നവീകരിക്കുന്ന പരിശുദ്ധാതമാവിന് മാത്രമേ നമുക്ക് പുതിയ ഹൃദയം നൽകാൻ സാധിക്കൂ, പുതിയ ഭാഷ സംസാരിക്കാൻ നമ്മെ പ്രാപ്തരാക്കാൻ കഴിയൂ, പുതിയ മനോഭാവങ്ങളിലേക്കു നമ്മെ വളർത്തുവാൻ പറ്റൂ, ഒരു പുതിയ ലോകം സൃഷിടിക്കുവാൻ സാധിക്കൂ. അതുകൊണ്ടാണ് വിശുദ്ധ സ്നാപക യോഹന്നാൻ പറഞ്ഞത്: എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ…അവൻ പരിശുദ്ധാത്മാവിനാൽ, പരിശുദ്ധാത്മാവാകുന്ന അഗ്നിയാൽ നിങ്ങളെ സ്നാനപ്പെടുത്തും’. കാരണം ആത്മാവിനു മാത്രമേ നമ്മെ ശക്തിപ്പെടുത്താൻ, പുതുക്കിപ്പണിയുവാൻ സാധിക്കൂ. അതുകൊണ്ടാണ് ക്രിസ്തു ആത്മ്മാവിനെ നൽകുവാൻ ഈ ലോകത്തിലേക്ക് വന്നത്.

ഈശോയ്ക്കറിയാം, കുശവന്റെ ചൂളയിലെ അഗ്നിയിൽ വെന്ത് മാത്രമേ മണ്ണിന് പുതിയ പാത്രങ്ങളെ സൃഷ്ടിക്കുവാൻ കഴിയൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യന്റെ തലയിൽ കാലങ്ങളായി നിറച്ചിരിക്കുന്ന ചപ്പുചവറുകളെ, മനുഷ്യൻ തന്റെ നിധിയെന്നു കരുതി സൂക്ഷിച്ചു വച്ചിരിക്കുന്ന ചപ്പുചവറുകളെ കത്തിച്ചുകളയുവാൻ ആത്മാവാകുന്ന അഗ്നിക്ക് മാത്രമേ സാധിക്കൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യനിലെ അഹന്തയുടെ, അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞുകൊണ്ടു ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നഗ്നനാക്കുവാൻ, ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നിഷ്ക്കളങ്കനാക്കുവാൻ പരിശുദ്ധാത്മാവാകുന്ന അഗ്നിക്കേ കഴിയൂ എന്ന്. ആത്മാവാകുന്ന അഗ്നിയിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ കപടതകളെല്ലാം, നാം കടംകൊണ്ടിരിക്കുന്നതെല്ലാം, മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി ഏച്ചുകൂട്ടിയിരിക്കുന്നതെല്ലാം കത്തിയെരിയും. അവശേഷിക്കുന്നത് പുതിയ മനുഷ്യനായിരിക്കും, നവീകരിക്കപ്പെട്ട, പുതിയ മനുഷ്യൻ.

പരിശുദ്ധാത്മാവാകുന്ന അഗ്നിയിൽ നമ്മുടെ മുഖംമൂടികളെല്ലാം ഉരുകി വീഴണം; നമ്മുടേതല്ലാത്ത മുഖങ്ങളെല്ലാം കത്തിയെരിയണം. കൊറോണ മുഖം മൂടികളെക്കുറിച്ചല്ല ഞാൻ പറയുന്നത്. എത്രയെത്ര മുഖങ്ങളാണ് നമുക്കുള്ളത്. ഭാര്യയുടെ അടുത്ത് വരുമ്പോൾ ഒരു മുഖം, ഭർത്താവിന്റെ അടുത്ത് വരുമ്പോൾ മറ്റൊന്ന്. കുട്ടികളുടെ അടുത്ത് മാതാപിതാക്കൾക്ക് ഒരു മുഖം. ആരും കാണുന്നില്ലെങ്കിൽ നാം വേറൊരു മുഖം അണിയും. പള്ളിയിൽ വരുമ്പോൾ ഒന്ന്, വികാരിയച്ചനെ കാണുമ്പോൾ മറ്റൊന്ന്, ടീച്ചറെ കാണുമ്പോൾ ഒന്ന്, കൂട്ടുകാരെ കാണുമ്പോൾ വേറൊന്ന്. ആളുകളുടെ അടുത്ത് ഒരു മുഖം, ഒറ്റയ്ക്കിരിക്കുമ്പോൾ മറ്റൊന്ന്…… അങ്ങനെ എത്രയെത്ര മുഖങ്ങൾ…മുഖം മൂടികൾ!!!! വർഷങ്ങളായി ശരിയായ മുഖം നഷ്ടപ്പെട്ടവരാണോ നാം? പരിശുദ്ധാത്മാവു നമ്മിൽ വരുമ്പോൾ കാപട്യം നിറഞ്ഞ മുഖങ്ങളെല്ലാം മാറി, ഒറിജിനൽ മുഖമുള്ളവരാകും നമ്മൾ!!

ഇസ്രായേൽ ജനം തകർന്നടിഞ്ഞു, ബാബിലോൺ അടിമത്വത്തിൽ ആയിരുന്നപ്പോൾ, നെബുക്കദ്‌നേസർ തടവുകാരായി കൊണ്ടുപോയിരുന്നവരിൽ എസക്കിയേൽ പ്രവാചകനും ഉണ്ടായിരുന്നു. ജനം മുഴുവനും അടിമകൾ! ഇസ്രായേലിനു ഒരു പുനർജന്മമുണ്ടാകുമോ എന്ന് ജനം ഭയപ്പെട്ടിരുന്ന കാലം. യുവജനങ്ങളെല്ലാം പ്രതീക്ഷയറ്റു, നിരാശരായി. വൃദ്ധന്മാർ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞു. അപ്പോൾ ദൈവം എസക്കിയേൽ പ്രവാചകനോട് പറഞ്ഞു: ‘എന്റെ ആത്മാവിനെ നിങ്ങൾക്ക് ഞാൻ നൽകും. ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ലഭിക്കും.  പുതിയ ചൈതന്യത്തോടെ ആത്മാവ് നിങ്ങളെ നയിക്കും. നിരാശയുടെ, പ്രതീക്ഷയില്ലായ്മയുടെ ശിലാഹൃദയം എടുത്തുമാറ്റി നിങ്ങൾക്ക് സ്നേഹത്തിന്റെ, പ്രത്യാശയുടെ മാംസളഹൃദയം നൽകും.’ സ്നേഹമുള്ളവരേ, സ്നേഹമുള്ളവരേ ഈ പരിശുദ്ധാത്മാവിനെ നൽകുവാനാണ് ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്.

കാലാകാലങ്ങളിൽ സഭയിലുണ്ടായ പ്രതിസന്ധികളെയും, സഭയിലുണ്ടായ വിവാദങ്ങളെയും മറികടന്നു ഇന്നും ക്രിസ്തുവിന്റെ സഭ നിലനിൽക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ശക്തമായി സഭയിൽ ഉള്ളതുകൊണ്ടാണ്. ജോൺ ഇരുപത്തിമൂന്നാം മാർപ്പാപ്പയുടെ കാലത്ത് രണ്ടാം വത്തിക്കാൻ സൂനഹദോസ് വിളിച്ചുകൂട്ടുവാൻ പാപ്പായെ പ്രേരിപ്പിച്ചത്, സഭയുടെ അടഞ്ഞു കിടക്കുന്ന വാതിലുകളും ജനലുകളും തുറക്കുവിൻ, നവീനകരണത്തിന്റെ ആത്മാവ്, കാറ്റ് സഭയ്ക്കുള്ളിൽ പ്രവേശിക്കട്ടെ

Pentecost: Why and How to Celebrate

എന്ന് പറയുവാൻ പ്രേരിപ്പിച്ചത് ആത്മ്മാവാണ്.  സഭയ്‌ക്കെതിരെ ആഞ്ഞടിച്ച എത്ര കൊടുങ്കാറ്റുകളെയാണ്, എത്ര പേമാരികളെയാണ് അവൾ ആത്മാവിന്റെ ശക്തിയിൽ അതിജീവിച്ചത്! അല്ലെങ്കിൽ എത്രയോ പണ്ടേ കടലാസുകൊട്ടാരം പോലെ ഈ സഭ തകർന്നുപോയേനെ! ഇന്നും നമ്മുടെ ധ്യാനകേന്ദ്രങ്ങളിൽ ആത്മാവിന്റെ അഭിഷേകത്താൽ നടക്കുന്ന അത്ഭുതങ്ങൾ, മാനസാന്തരങ്ങൾ ആത്മാവിന്റെ പ്രവർത്തന ഫലമാണ്. തകർന്നുപോയ കുടുംബ ബന്ധങ്ങൾ വീണ്ടും ഒരുമിച്ചു ചേരുന്നത്, വർഷങ്ങളോളം പിണക്കത്തിലായിരുന്ന സഹോദരർ പരസ്പരം ക്ഷമിച്ചു സാഹോദര്യത്തിലേക്കു വരുന്നത് പരിശുദ്ധാത്മാവിന്റെ മാത്രം കൃപകൊണ്ടാണ്.

സമാപനം

സ്നേഹമുള്ളവരേ, പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ, അഭിഷേചിതരാകാൻ നമുക്ക് ആഗ്രഹിക്കാം. നാം ഒരുക്കമുള്ളവരാണെങ്കിൽ നമുക്കും ആത്മാവിനെ ലഭിക്കും. കാരണം, “ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.” (യോഹ 3, 34) അവിടുന്ന് ആത്മാവിനെ കൊടുക്കുമ്പോൾ ഓരോരുത്തർക്കും വ്യക്തിപരമായിട്ടാണ് നൽകുന്നത്. “അഗ്നിജ്വാലകൾ പോലുള്ള നാവുകൾ തങ്ങളോരോരുത്തരുടേയും മേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു.” (അപ്പ 2, 3) നമ്മിലോരോരുത്തരിലേക്കും ആത്മാവിനെ നൽകുവാൻ സ്വർഗം തയ്യാറായിരിക്കുകയാണ്. ദേവാലയത്തിൽ നാം ഒരുമിച്ചു വിശുദ്ധ ബലിയർപ്പിക്കുമ്പോഴും ആത്മാവ് വരുന്നത് ഓരോരുത്തരിലേക്കും ആയിരിക്കും. അത് സ്വീകരിക്കുവാനുള്ള യോഗ്യതയിൽ ആയിരിക്കുക എന്നതാണ് പ്രധാനം.  നമുക്കായി ആത്മാവിനെ ഒരുക്കുന്ന പണിപ്പുരയാണ് പ്രിയപ്പെട്ടവരേ സ്വർഗം.

നാം ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്: ഒന്ന്, ദൈവം നമുക്ക് നൽകുന്ന, നമ്മിലുള്ള പരിശുദ്ധാത്മാവിനെ നിർവീര്യമാക്കരുത്. (1 തെസ 5, 19) രണ്ട്, പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്. (എഫേ 4, 30) മൂന്ന്, പരിശുദ്ധാത്മാവിനെതിരായി സംസാരിക്കാതിരിക്കുക.  (മത്താ 12, 32) വിശുദ്ധ കുർബാന പരിശുദ്ധാത്മാവിന്റെ, പരിശുദ്ധാത്മാഭിഷേകത്തിന്റെ ആ ഘോഷമാണെന്നറിഞ്ഞു ആഗ്രഹത്തോടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക. നിശബ്ദരായി ആത്മാവിനായി യാചിക്കാം.

കണ്ണുകളടച്ചു നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമേ! പരിശുദ്ധാത്മാവേ, കോവിഡ് എന്ന മഹാമാരിയെ ഭൂമുഖത്തുനിന്നു ഓടിച്ചുകളഞ്ഞു ലോകത്തെ വിശുദ്ധീകരിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം നിറയാൻ, രോഗങ്ങളിൽ സൗഖ്യമുണ്ടാകാൻ, സാമ്പത്തിക ഞെരുക്കങ്ങളിൽ, ഇല്ലായ്മകളിൽ സമൃദ്ധിയുണ്ടാകാൻ, ദുരന്തങ്ങളിൽ പ്രതീക്ഷയുണ്ടാകാൻ, പഠിക്കുന്ന ഞങ്ങളുടെ മക്കളിൽ ബുദ്ധിയുണ്ടാകാൻ, ജോലിയില്ലാത്തവർക്കു ജോലി ലഭിക്കാൻ ആത്മാവേ, പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമേ! (choir പാടുന്നു) ശ്ലീഹന്മാരിൽ നിറഞ്ഞ പോൽ ശക്തിയേകി നയിക്കണേ.”

5 Things You Didn't Know About Pentecost – The Episcopal Diocese of Central  Florida

ഓരോ വിശുദ്ധ കുർബാനയിലും ആത്മാവിനെ നമുക്കു പ്രത്യേകമാം വിധം ഈശോ നൽകുന്നുണ്ട്. ഈ ബലിയിലും ആത്മാവിന്റെ വർഷമുണ്ടാകും. നമ്മിലോരോരുത്തരിലും ആത്മാവ് നിറയും. അതിനായി പ്രാർത്ഥിച്ചു ഈ ബലി നമുക്ക് തുടർന്ന് അർപ്പിക്കാം.  ആമ്മേൻ!

sunday sermon mk 16, 9-20

ഉയിർപ്പുകാലം ഏഴാം ഞായർ

മർക്കോ 16, 9 – 20

സന്ദേശം – ദൈവികത കതിരിട്ടു നിർത്തുന്ന ജീവിതം

കാറും കോളും നിറഞ്ഞ നടുക്കടലിൽ പെട്ടുപോയ ഒരവസ്ഥയിലാണ് ലോകം ഇന്ന്! എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് മനുഷ്യരെല്ലാം. കോവിഡിന്റെ വേഷം മാറലുകളിൽ ഞെട്ടുകയാണ് നാം.  നമ്മുടെയൊക്കെ സാമ്പത്തിക സ്ഥിതി വളരെ പരുങ്ങലിലായിരിക്കുന്നതുകൊണ്ട് ഉള്ളിൽ ഒരു ആന്തലുമുണ്ട്! അറബിക്കടലിലെ ന്യൂനമർദ്ദം മൂലമുണ്ടായ മഴ കണ്ടിട്ട് മെയ് മാസത്തിലും ഇങ്ങനെ മഴയോ എന്ന് അതിശയിച്ചുപോകുന്ന കാലം! വെള്ളപ്പൊക്കം കഷ്ടത്തിലാക്കുന്ന ജീവിതങ്ങളെ ടിവിയിൽ കാണുമ്പോൾ മനസ്സിലെവിടെയോ ഒരു നൊമ്പരം! അതിലും ഭീകരമായിരുന്നു ഇസ്രായേലിലെ യുദ്ധ കാഴ്ച്ച! മുസ്‌ലിം തീവ്രവാദികൾ നടത്തിയ റോക്കറ്റാക്രമണം മനുഷ്യത്വഹീനമായ പ്രവർത്തിതന്നെയാണ്.

നാമെല്ലാവരും ഇത്തരത്തിലുള്ള ചിന്തകളുമായാണ് വിശുദ്ധ കുർബാനയ്ക്ക് അണഞ്ഞിരിക്കുന്നത്. നമുക്ക് ദൈവത്തിന്റെ പക്കലേക്ക് കരങ്ങളുയർത്താം, ഹൃദയഭാരമുള്ള നമ്മുടെ ജീവിതത്തെ അൾത്താരയിൽ സമർപ്പിക്കാം.

ജീവിത സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും ക്രൈസ്തവ ജീവിതങ്ങളെ മനോഹരമാക്കിക്കൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാനാണ് ഈ ഞായറാഴ്ചയിലെ സുവിശേഷം നമ്മോട് പറയുന്നത്. അങ്ങനെ മാത്രമേ മഹാമാരികളെയും മറ്റും അതിജീവിക്കുവാനുള്ള ദൈവകൃപയിൽ ജീവിക്കുവാൻ കഴിയൂ എന്ന് ഈശോ ഓർമപ്പെടുത്തുകയാണ്. ഇന്നത്തെ സുവിശേഷ സന്ദേശമിതായിരിക്കട്ടെ: ക്രൈസ്തവരെല്ലാം അവരുടെ ജീവിതത്തിൽ, വാക്കിലും, ചിന്തയിലും, പ്രവർത്തിയിലും ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കണം; ദൈവികത, ദൈവിക പുണ്യങ്ങൾ കതിരിട്ടു നിർത്തുന്ന ജീവിതം നയിക്കണം.

വ്യാഖ്യാനം

ക്രിസ്തുവിനു ശിഷ്യന്മാർ ഒരുതരത്തിൽ, വെറും മാനുഷികമായി ചിന്തിച്ചാൽ, എന്നും ഒരു ബാധ്യതയായിരുന്നു. അവിടുത്തെ പഠനങ്ങൾ മനസ്സിലാക്കുവാൻ മാത്രം അറിവുള്ളവരായിരുന്നില്ല അവർ. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളുമായിരുന്നില്ല.  അല്പം സ്വാധീനമുള്ള വ്യക്തി എന്ന് പറയാവുന്നത് യൂദാസ് മാത്രമായിരുന്നു. എന്നാൽ അദ്ദേഹത്തിന് സമൂഹത്തിന്റെ മുൻപിൽ പാരമ്പര്യത്തിൽ പറയുന്നപോലെ വിപ്ലവകാരി എന്ന ലേബലായിരുന്നു. ക്രിസ്തുവിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്നെങ്കിലും, ഈശോയുടെ അറസ്റ്റ്, വിചാരണ, കുരിശുചുമക്കൽ, മരണം തുടങ്ങിയ critical situations ൽ അവർക്കൊന്നും ചെയ്യാൻ കഴിയാതെ പോയി. ഇന്നത്തെ സുവിശേഷത്തിലെ, “ഉയിർപ്പിക്കപ്പെട്ടതിനുശേഷം തന്നെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസരാഹിത്യത്തെയും, ഹൃദയകാഠിന്യത്തേയും ഈശോ കുറ്റപ്പെടുത്തി” (മർക്കോ 16, 14) എന്ന വചനം ഈശോയുടെ മാനസികാവസ്ഥ വെളിപ്പെടുത്തുന്നതാണ്.

എങ്കിലും ഉത്ഥാനാനന്തരം ഈശോ വീണ്ടും വീണ്ടും ശ്രമിക്കുകയാണ് അവരെ ബോധ്യപ്പെടുത്താൻ, താൻ ഉത്ഥിതനായ, ഇന്നും ജീവിക്കുന്ന ദൈവമാണെന്ന്! മഗ്ദലേന മറിയത്തിനും, (യോഹ 20, 11-18) എമ്മാവൂസിലേക്കു പോയ ശിഷ്യർക്കും, (ലൂക്ക 24, 13-35) ശിഷ്യന്മാർ ഒരുമിച്ചുകൂടിയിരുന്നപ്പോഴും (യോഹ 21, 19 -23) ഈശോ നടത്തിയ പ്രത്യക്ഷീകരണങ്ങൾ (Apparitions) ഈ ഉദ്യമത്തിന്റെ ഭാഗമായിരുന്നു. പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരുന്നതുകൊണ്ട് ഈശോയ്ക്ക് ഉറപ്പായിരുന്നു, ശിഷ്യന്മാർ സർവസജ്ജരായി ലോകം മുഴുവനും സുവിശേഷം പ്രഘോഷിക്കുമെന്ന്. ഇതാണ് ഇന്നത്തെ സുവിശേഷത്തിന്റെ emotional background. അങ്ങനെയാണ് ഈശോ സ്വർഗാരോഹണത്തിനു മുൻപ് തന്റെ സുവിശേഷദൗത്യദർശനം, മിഷനറി പ്രവർത്തന ദർശനം, എല്ലാറ്റിലുമുപരി, തന്റെ ശിഷ്യർക്കുണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങൾ അവരുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

ക്രിസ്തുവിന്റെ സുവിശേഷദൗത്യദർശനത്തിൽ പരമപ്രധാനമായത് സുവിശേഷ പ്രഘോഷണമാണ്. ഈശോ അവർക്ക് കൊടുക്കുന്ന, ലോകാവസാനം വരെയുള്ള ഈശോയുടെ ശിഷ്യർക്കെല്ലാവർക്കും കൊടുക്കുന്ന mandate ഇതാണ്: “നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ.” (മർക്കോ16,15) ഈ സുവിശേഷ പ്രഘോഷണത്തിന്റെ അടിസ്ഥാനമാകട്ടെ, ദൈവരാജ്യം ആയിരുന്നു. ക്രിസ്തുവിന്റെ സുവിശേഷദൗത്യദർശനത്തിൽ ദൈവരാജ്യ പ്രഘോഷണമായിരുന്നു കാതലായ ഭാഗം. വിശുദ്ധ മാർക്കോസ് ഇക്കാര്യം തന്റെ സുവിശേഷത്തിന്റെ തുടക്കത്തിലേ പറഞ്ഞു വയ്ക്കുന്നുണ്ട്: “യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ടപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയയിലേക്ക് വന്നു. അവൻ പറഞ്ഞു: ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ.” (മർക്കോ 1, 14-15) ഇതാണ് the essence of his Gospel message – “ദൈവരാജ്യം സമീപിച്ചിരിക്കുന്നു.”

ലോകം മുഴുവനുമുള്ള ദൈവമക്കളെ സുവിശേഷ പ്രഘോഷണം വഴി സുവിശേഷത്തിൽ, ദൈവരാജ്യത്തിൽ വിശ്വസിക്കുവാനും, അതിൽ സ്നാനം സ്വീകരിച്ചു ക്രിസ്തുമാർഗത്തിൽ എത്തിക്കാനുമുള്ള പ്രവർത്തനമാണ് ക്രിസ്തുവിന്റെ മിഷനറി പ്രവർത്തനദർശനം.   ക്രിസ്തുവിന്റെ രക്ഷയിലേക്ക്, സന്തോഷത്തിലേക്ക്, സമാധാനത്തിലേക്ക് എല്ലാ ദൈവമക്കളെയും, വർഗ വർണ ജാതി വ്യത്യാസമില്ലാതെ കൊണ്ടുവരിക എന്നതാണ് ക്രിസ്തുവിന്റെ മിഷനറി പ്രവർത്തന ദർശനത്തിന്റെ കാതൽ.

INDIA Missionaries of Charity: the suffering Christ in each sick person

ക്രിസ്തുവിന്റെ ദൈവരാജ്യ സങ്കല്പങ്ങളെ അവതരിപ്പിക്കുന്ന, ക്രിസ്തുവാണ് ഏകരക്ഷകനെന്ന് ജീവിതംകൊണ്ട് പ്രഘോഷിക്കുന്ന പ്രവർത്തനങ്ങൾ മാത്രമേ ക്രിസ്തുവിന്റെ മിഷനറി ദർശനത്തിന്റെ പ്രതിഫലനങ്ങളാകുകയുള്ളു. അല്ലാത്തവയൊന്നും, എത്രവലിയ കോർപ്പറേറ്റ് മാനേജ് മെന്റ് സംവിധാനങ്ങളായാലും, ലോകത്തിലെ മറ്റു പ്രസ്ഥാനങ്ങളെ വെല്ലുന്നവയായാലും, ക്രിസ്തുവിന്റെ മിഷനറി ദർശനത്തിന്റെ പ്രകാശനങ്ങളാകുകയില്ല. മാത്രമല്ല,

ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ ജീവിതത്തിന്റെ structure, ഘടന എങ്ങനെയായിരിക്കണമെന്നുള്ളത് രൂപപ്പെട്ടുവരേണ്ട ഒന്നാണെന്ന് ഈശോയ്ക്കറിയാമായിരുന്നു.  ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ സമൂഹത്തിനു ഭാവിയിൽ ഒരു ഭരണക്രമം വേണ്ടിവന്നാൽ അത് എങ്ങനെയായിരിക്കണം? ഈശോ അത് പറഞ്ഞിട്ടില്ല. അത് ഇന്നത്തെപ്പോലെ ഹയരാർക്കിക്കൽ ആകണോ, ജനാധിപത്യപരമാകണോ എന്നൊന്നും ഈശോ അവതരിപ്പിച്ചിട്ടില്ല. എന്നാൽ രണ്ടു കാര്യങ്ങൾ വളരെ വ്യക്തമാണ്. ഒന്ന്, രൂപപ്പെട്ടുവരേണ്ട ജീവിതത്തിന്റെ ഘടന ക്രിസ്തുവിന്റെ മിഷനറി പ്രവർത്തന ദർശനത്തിന് അനുസൃതമായിരിക്കണം. രണ്ട്, ക്രിസ്തുമാർഗ്ഗത്തിലേക്കു വരുന്നവർക്ക് സവിശേഷ ഗുണങ്ങൾ ഉണ്ടായിരിക്കണം.

ക്രിസ്തു മാർഗത്തിൽ വരുന്നവരുടെ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങൾ ഇവയാണ്:

ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ ജീവിതം, പ്രവർത്തനങ്ങൾ പൈശാചികമായിരിക്കില്ല. മാത്രമല്ല, അവരുടെ ജീവിതം വഴി, തിന്മയെ, പൈശാചികതയെ ഇല്ലാതാക്കാൻ അവർക്കു സാധിക്കും. അവർ, തങ്ങൾ ആയിരിക്കുന്ന സ്ഥലങ്ങളെ, സമൂഹങ്ങളെ വിശുദ്ധീകരിക്കുന്നവരാകും. അവർ പുതിയ ഭാഷകൾ, സ്നേഹത്തിന്റെ, കരുണയുടെ, വിശ്വസ്തതയുടെ, നീതിയുടെ ഭാഷകൾ സംസാരിക്കുന്നവരാകും. സർപ്പങ്ങളെപ്പോലെ വിഷം നിറഞ്ഞ മനസ്സുകളെ അവർ വിമലീകരിച്ചു നിഷ്കളങ്ക മനസ്സുള്ളവരാക്കും. മാരകമായതൊന്നും അവരെ ഉപദ്രവിക്കുകയില്ല. ജീവിതത്തിൽ വേദനകളുണ്ടെങ്കിലും, മുറിവുകളുണ്ടെങ്കിലും, അവർ ഉള്ളിൽ, മനസ്സിൽ, ഹൃദയത്തിൽ സൗഖ്യമുള്ളവരാകും. അവർ മറ്റുള്ളവർക്ക് സൗഖ്യം, സന്തോഷം നല്കുന്നവരായിരിക്കും.’

വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിൽ മാത്രം നാം വായിക്കുന്ന ഈ സവിശേഷ ഗുണങ്ങൾ ആദിമക്രൈസ്തവരുടെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷമാണ് ആദ്യം രചിക്കപ്പെട്ടത്. അന്നുണ്ടായിരുന്ന ക്രിസ്തുവിന്റെ ശിഷ്യരുടെ  ആദിമക്രൈസ്തവരുടെ ജീവിതത്തിൽ അദ്ദേഹം ഈ ഗുണങ്ങളെല്ലാം കണ്ടിട്ടുണ്ടാകണം. ക്രിസ്തുവിന്റെ വചനങ്ങളുടെ നേർസാക്ഷ്യങ്ങളായി ആദിമക്രൈസ്തവർ ജീവിച്ചിരുന്നു എന്ന് ചരിത്രവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

ക്രിസ്തുവിന്റെ സുവിശേഷദൗത്യദർശനം, മിഷനറി പ്രവർത്തന ദർശനം, എല്ലാറ്റിലുമുപരി, തന്റെ ശിഷ്യർക്കുണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഒരുമിച്ചു ചേരുന്നതാണ് ക്രിസ്തുവിന്റെ ക്രൈസ്തവ ജീവിത ദർശനം. ഇത് വൈദികർക്ക്, സന്യസ്തർക്ക് മാത്രമുള്ളതല്ല. ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഉണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങൾ ആണ്. എല്ലാ ക്രൈസ്തവരും ലോകമെങ്ങുപോയി, തങ്ങൾ ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ സുവിശേഷം പ്രഘോഷിക്കേണ്ടവരാണ്. എല്ലാ ക്രൈസ്തവരും മിഷനറി പ്രവർത്തനം നടത്തേണ്ടവരാണ്. തങ്ങളുടെ മുൻപിൽ വരുന്നവരെ ക്രിസ്തു വിശ്വാസത്തിലേക്ക്, ക്രിസ്തു രക്ഷയിലേക്ക് നയിക്കേണ്ടവരാണ്. എല്ലാ ക്രൈസ്തവർക്കും ഈശോ പറയുന്ന സവിശേഷ ഗുണങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. അങ്ങനെ ലോകത്തിന്റെ മുൻപിൽ, ഞാൻ ക്രിസ്തുവിന്റെ മകളാണ്, മകനാണ് എന്ന് ധൈര്യത്തോടും, വിശ്വാസത്തോടുംകൂടി പ്രഖ്യാപിക്കുവാൻ കഴിയത്തക്ക ആർജവം നേടിയെടുക്കാനാണ് ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത്. ഉറപ്പുള്ള നട്ടെല്ലോടെ ക്രിസ്തുവിന്റെ വ്യക്തിത്വത്തിന്റെ ശോഭയിൽ, ക്രിസ്തു പറയുന്ന സവിശേഷഗുണങ്ങളുടെ തിളക്കത്തിൽ നിൽക്കുവാൻ കഴിയുമ്പോഴാണ് നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ നൂറുമേനി ഫലം പുറപ്പെടുവിക്കുന്നത്.  കാലുകൾ കൃത്യസ്ഥലത്തെന്നു ഉറപ്പാക്കിക്കൊണ്ട്, കാലുകൾ ക്രിസ്തുവിൽ ആണെന്ന്, ക്രിസ്തുവിന്റെ സുവിശേഷ മൂലങ്ങളിൽ ആണെന്ന് ഉറപ്പാക്കിക്കൊണ്ട് നിവർന്ന് ദൃഢതയോടെ നിന്ന് ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്നവരാകണം നാം ക്രൈസ്തവർ! ജീവിതംകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന, ജീവിതംകൊണ്ട് ക്രിസ്തുവിലേക്ക് അനേകായിരങ്ങളെ ആകർഷിക്കുന്ന ക്രൈസ്തവവ്യക്തിത്വങ്ങൾക്ക് ഉടമകളാകുമ്പോൾ സ്നേഹമുള്ളവരേ, നമ്മുടെ ഓരോ വാക്കും, നോട്ടവും, ഓരോ ചുവടും മിഷനറി പ്രവർത്തന ചൈതന്യമുള്ളതാകും. വിടർന്നു വിലസുന്ന ഒരു റോസാപ്പൂവിന്റെ മനോഹാരിത ആർക്കെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ? ആ പൂവിന്റെ അസ്തിത്വം തന്നെ അതിന്റെ സാന്ദര്യം പ്രഘോഷിക്കുകയല്ലേ?

വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 7 ൽ സ്നാപകയോഹന്നാന്റെ ശിഷ്യന്മാർ വന്നു ഈശോയുടെ ചോദിക്കുന്നുണ്ട്, നീ തന്നെയാണോ മിശിഹായെന്ന്. ചോദ്യം ഇങ്ങനെ മനസ്സിലാക്കാം. ദൈവരാജ്യം പ്രഘോഷിക്കാൻ വന്ന, ദൈവരാജ്യം ഈ ഭൂമിയിൽ സ്ഥാപിക്കാൻ വന്ന മിശിഹാ നീയാണോ? ഈശോ രണ്ടാമതൊന്നു ആലോചിക്കാൻ നിൽക്കാതെ പറഞ്ഞു, ‘പോയി നിങ്ങൾ കാണുന്ന എന്റെ ജീവിതം, എന്റെ പ്രവർത്തനങ്ങൾ എന്തെന്ന് സ്നാപകയോഹന്നാനോട് പറയുക.’ ഈശോക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടായിരുന്നു. കാരണം, ദൈവികത, ദൈവരാജ്യം കതിരിട്ടു നിന്ന, നിറഞ്ഞു നിന്ന, ഫലം ചൂടി നിന്ന ജീവിതമായിരുന്നു ക്രിസ്തുവിന്റേത്.

ഫ്രഞ്ച് തത്വ ചിന്തകനായ ജാക്വെസ് ദെറീദ (Jacques Derrida 1930-2004) യുടെ Deconstruction theory യിൽ, അപനിർമാണ സിദ്ധാന്തത്തിൽ പറയുന്നതിനെ ഇതോടു ചേർത്ത് പ്രതിപാദിക്കാവുന്നതാണ്. അദ്ദേഹം പറയുന്നത്, the essence is to be found in the appearance എന്നാണ്. ഏതെങ്കിലും വസ്തുവിന്റെയോ, വ്യക്തിയുടെയോ സത്ത, essence വസ്തുക്കളുടെ, വ്യക്തികളുടെ ഉള്ളിൽ മാത്രമല്ല അവയുടെ അസ്തിത്വം മുഴുവനും നിറഞ്ഞു നിൽക്കും. മാത്രമല്ല, അവ അത് കാണിക്കുകയും ചെയ്യും. ഒരു കല്ല് ആ കല്ലിന്റെ സത്തയെ, essence നെ മുഴുവൻ വെളിപ്പെടുത്തും. അത് കല്ലാണെന്നും, പരുപരുത്തതാണെന്നും, ഭാരമുള്ളതാണെന്നും … അങ്ങനെ അതിന്റെ സത്തയെ വെളിപ്പെടുത്തിക്കൊണ്ടാണ് അത് ഈ ഭൂമിയിൽ കാണപ്പെടുന്നത്. അതായത്, ദൈവരാജ്യമെന്ന, സുവിശേഷ പ്രഘോഷണമെന്ന ക്രിസ്തുമതത്തിന്റെ സത്ത essence അതിന്റെ പ്രവർത്തനങ്ങളാകുന്ന, ജീവിതമാകുന്ന appearance ൽ നിറഞ്ഞു നിൽക്കണം. അല്ലെങ്കിൽ രണ്ടും വ്യത്യസ്ത ധ്രുവങ്ങളിൽ സഞ്ചരിച്ചു കൊണ്ടേയിരിക്കും, തികച്ചും വൈരുധ്യങ്ങളിലൂടെ. Essence ഉം appearance ഉം വൈരുധ്യം നിറഞ്ഞതായാൽ വളരെ വികൃതമായിരിക്കും ആ അവസ്ഥ!

How to Have a Fruitful Life by Genice Phillips l Christian Life with God l  Beyond Success l Bearing Fruit through God's Word - Beliefnet

ഒന്ന് ഭാവന ചെയ്യുക. ഒരു അക്രൈസ്തവൻ നമ്മുടെ അടുത്ത് വരുന്നു. അയാൾ ചോദിക്കുന്നു: ” സുഹൃത്തേ, നിങ്ങളുടെ ക്രൈസ്തവ ജീവിതം എന്ന് പറഞ്ഞാൽ എന്താണ്? ശരിക്കും ഒരു ക്രിസ്ത്യാനി ആരാണ്?” നിങ്ങൾക്ക് നിങ്ങളിൽ തന്നെ വിശ്വാസമുണ്ടെങ്കിൽ, പറയാൻ ധൈര്യമുണ്ടെങ്കിൽ നിങ്ങൾ പറയും: സുഹൃത്തേ, നീ എന്റെ ജീവിതം, ഞങ്ങൾ ക്രൈസ്തവരുടെ ജീവിതം, പ്രവർത്തനങ്ങൾ നോക്കൂ… അതിൽ കതിരിട്ടു നിൽക്കുന്ന ക്രിസ്തുവിനെ നിനക്ക് കാണാൻ കഴിയും.” അപ്പോൾ ആ സഹോദരൻ തനിക്കുചുറ്റും കാണുന്ന ക്രൈസ്തവ സാന്നിധ്യങ്ങളെ നിരീക്ഷിക്കും. ആ സഹോദരൻ, ക്രൈസ്തവ ജീവിതങ്ങളിൽ, ക്രൈസ്തവ  സ്ഥാപനങ്ങളിൽ, കോളേജുകളിൽ,  ക്രൈസ്തവ  കുടുംബങ്ങളിൽ, മിഷനറി പ്രവർത്തനങ്ങളിൽ കതിരിട്ടു നിൽക്കുന്ന ദൈവരാജ്യ മൂല്യങ്ങൾ കാണും. അവയിൽ, നിറഞ്ഞു നിന്ന് പുഞ്ചിരിക്കുന്ന ക്രിസ്തുവിനെ കണ്ടു പുളകമണിയും. (pause)

അങ്ങനെ പുളകമണിയണമെങ്കിൽ അയാൾ കണ്ണ് പൊട്ടനായിരിക്കണമെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? സ്നേഹമുള്ളവരേ, അങ്ങനെ ഒരാൾ വന്നു ചോദിച്ചാൽ എന്ത് ഉത്തരം ഞാൻ കൊടുക്കും? (pause) ക്രിസ്തുവിന്റെ ക്രൈസ്തവ ജീവിത ദർശനം, സുവിശേഷ ദർശനം പ്രാവർത്തികമാക്കാൻ നാം പരാജയ പെട്ടെന്നാണോ?

എങ്കിൽ ഒരു പൊളിച്ചെഴുത്തിനുള്ള സമയമായി. രണ്ടു കാര്യങ്ങളെ ഈശോ പറയുന്നുള്ളു. ഒന്ന്, എന്ത് പ്രഘോഷിക്കണം. രണ്ട്, എങ്ങനെ പ്രഘോഷിക്കണം. ഒന്ന് നമ്മുടെ സുവിശേഷ ദൗത്യം. രണ്ട്, നമ്മുടെ ജീവിതം, സഭയുടെ പ്രവർത്തനരീതികൾ. ഒരു കഥയിങ്ങനെയാണ്.

ഉയർന്ന ഒരു ഉദ്യോഗസ്ഥന്റെ പുത്രൻ യു പി സ്‌കൂളിൽ പഠിക്കുന്നുണ്ടായിരുന്നു. ഉദ്യോഗസ്ഥന്റെ വീട്ടിൽ മൂന്ന് ജോലിക്കാരുണ്ട്‌. മകനെ സ്‌കൂളിൽ കൊണ്ടുപോയി ആക്കുന്നത് ഓരോ ദിവസവും ഓരോ ജോലിക്കാരന്റെയും കടമയാണ്. ഒന്നാമൻ കുട്ടിയെ സ്കൂളിൽ കൊണ്ട് പോകുന്നത് വളരെ അലസമായ രീതിയിലായിരുന്നു. അയാൾ കുട്ടിയുടെ കൈ പിടിച്ചു ഗെയ്റ്റ് വരെ നടക്കും. അത് കുട്ടിയുടെ അച്ഛനമ്മമാരെ കാണിക്കാനായിട്ടാണ്. പിന്നീട് അയാൾ വളരെ അലക്ഷ്യമായി നടക്കും. കുട്ടിയോട് വളരെ ദേഷ്യത്തിൽ തന്റെ കൂടെ വരുവാൻ ആജ്ഞാപിക്കും. വഴിയിൽ വച്ചയാൾ സിഗരറ്റു കത്തിച്ചു വലിയ്ക്കും; ആളുകളെ ചീത്തപറയും. ഇതെല്ലാം കുട്ടി കാണുന്നുണ്ട്. വഴിയിൽ നായകളെ കാണുമ്പോൾ കുട്ടിക്ക് പേടിയാണ്. അപ്പോൾ കുട്ടി അയാളോട് ചേർന്ന് നടക്കും. സ്‌കൂൾ മുറ്റത്തെത്തിയപ്പോൾ അയാൾ പുറകിലേക്ക് നോക്കും. കുട്ടി സ്‌കൂൾ മുറ്റത്തു കയറിയെന്നു കാണുമ്പോൾ യാത്രപോലും പറയാതെ അയാൾ മടങ്ങിപ്പോകും. അയാൾ ജോലി ചെയ്തില്ല എന്ന് പറയുവാൻ പറ്റില്ല. പക്ഷെ ചെയ്യേണ്ട വിധം ചെയ്തുവോ?

രണ്ടാമത്തെ ദിവസം ആ കുട്ടി രണ്ടാമത്തെ ജോലിക്കാരനോടൊപ്പമാണ് ജോലിക്കു പോയത്. വീട്ടിൽ നിന്ന് അയാൾ കുട്ടിയുടെ കയ്യും പിടിച്ചു മുറ്റത്തേക്കിറങ്ങി. പിന്നീട് ആ കൈ വിട്ടത് സ്‌കൂളിൽ എത്തിയ ശേഷമാണ്. വഴിയിൽ കുട്ടിക്ക് നായയെ പേടിക്കേണ്ടി വന്നില്ല. വഴിയിൽ വെച്ച് ഒന്ന് സ്വതന്ത്രനായെങ്കിൽ എന്ന് കുട്ടി ആഗ്രഹിച്ചു. പക്ഷെ അയാൾ പിടി വിട്ടില്ല.  വഴിയരുകിൽ കണ്ട ഒരു മനോഹരമായ പുഷ്പം പറിച്ചു തരാവോയെന്ന് ചോദിച്ചപ്പോഴും അയാൾ സമ്മതിച്ചില്ല. ആ പൂവിന്റെ പേരെന്തെന്നു കുട്ടി ചോദിച്ചു. അതും തന്റെ ദൗത്യമല്ലെന്നു അയാൾ കരുതി. അങ്ങോട്ടും ഇങ്ങോഒട്ടും നോക്കാതെ നേരെ നടക്കുവാൻ അയാൾ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി നിശ്ശബ്ദനായി നടന്നു സ്‌കൂളിലെത്തി.

പിറ്റേന്ന് കുട്ടി മൂന്നാമത്തെ ജോലിക്കാരന്റെ കൂടെയാണ് സ്‌കൂളിൽ പോയത്. കുട്ടിയുടെ കൈ പിടിച്ചു സഹായിക്കേണ്ട സമയങ്ങളിൽ മാത്രം അയാൾ കൈ പിടിച്ചു. അല്ലാത്തപ്പോൾ സ്വതന്ത്രനായി നടക്കാൻ അനുവദിച്ചു. നായകളെ കണ്ടപ്പോൾ ജാഗ്രതയോടെ നിലകൊണ്ടു. നടന്നുപോകും വഴി കുട്ടി ഒരു പാട്ടു പാടിയപ്പോൾ

Boy 7 Walk Away High Resolution Stock Photography and Images - Alamy

അയാൾ അവനെ പ്രോത്സാഹിപ്പിച്ചു. വഴിവക്കിൽ കണ്ട പൂക്കളുടെയും പൂമ്പാറ്റകളുടെയും, കായ്കനികളുടെയും പേരുകൾ കുട്ടി ചോദിച്ചുകൊണ്ടിരുന്നു. ചോദ്യങ്ങളേയും ആകാംക്ഷകളെയും തല്ലിക്കെടുത്താൻ അയാൾ ശ്രമിച്ചില്ല. ജിജ്ഞാസയുടെ അഗ്നി ആളിക്കത്തിക്കുന്ന വിറകുകൊള്ളിയായിരുന്നു അയാളുടെ ഓരോ മറുപടിയും. കഥപറയാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ ഒരു കഥയും പറഞ്ഞു. അന്ന് കുട്ടി സ്‌കൂളിൽ എത്തിയത് അറിഞ്ഞതേയില്ല. 

മൂന്ന് ജോലിക്കാരും ഒരുപോലെ ശമ്പളം വാങ്ങുന്നവരായിരുന്നു. മൂന്നുപേരും അവരുടെ ജോലി നിർവഹിക്കുകയും ചെയ്തു. എന്നാൽ, എങ്ങനെ? 

സമാപനം

സ്നേഹമുള്ളവരെ, നമ്മുടെ സുവിശേഷ ദൗത്യത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കുമ്പോൾ ധാരാളം implications ഉള്ള, ധാരാളം പ്രത്യാഘാതങ്ങളും പ്രതിഫലനങ്ങളും ഉള്ള കഥയാണിത്. ഈ ലോകത്തെ ക്രിസ്തുവിലേക്കു നയിക്കുവാനുള്ള നമ്മുടെ ദൗത്യം ഏതു രീതിയിലാണ് നമ്മുടെ ജീവിതത്തിലൂടെ നിർവഹിക്കപ്പെടുന്നത് എന്ന് ചിന്തിക്കാൻ നമുക്കാകണം. കോവിഡിന്റെ രണ്ടാം തരംഗത്തിൽ വലയുന്ന മനുഷ്യർക്ക് ക്രിസ്തുവിന്റെ മുഖമാകാൻ നാമെല്ലാവരും മുന്നിട്ടിറങ്ങിയിരിക്കുന്നത് ആശാവഹമാണ്. ഒരു പള്ളിയുടെ മുൻപിൽ കുറെ ഭക്ഷ്യവിഭവങ്ങൾ വച്ചിട്ട് അവിടെ എഴുതിവച്ചിരിക്കുകയാണ് “ഇത് നിങ്ങൾക്കുള്ളതാണ്, ആവശ്യക്കാർക്ക് ഉള്ളതാണ്.” ക്രിസ്തുവിന്റെ ഹൃദയമാണത്. ധാരാളം പള്ളികളും സന്യാസ സ്ഥാപനങ്ങളും, ധാരാളം ക്രൈസ്തവർ വ്യക്തിപരമായും സ്നേഹമേകാൻ, സൗഖ്യമേകാൻ, സാന്ത്വനമേകാൻ അങ്ങനെ ക്രിസ്തുവിനെ നൽകാൻ തയ്യാറായി വരുന്നത് കാണുമ്പോൾ ക്രിസ്തു ഇന്നത്തെ സുവിശേഷത്തിൽ പറഞ്ഞ സവിശേഷഗുണങ്ങളുള്ള ക്രൈസ്തവരായി നാം മാറുകയാണ്. ദൈവത്തിന് സ്തുതി!

സ്നേഹമുള്ളവരേ ഓർക്കുക, നമുക്കെതിരെ വരുന്ന ശത്രുക്കളെ നമ്മുടെ നല്ല ക്രൈസ്തവജീവിതംകൊണ്ട്, ക്രിസ്തു പറയുന്ന സവിശേഷ ഗുണങ്ങളാൽ നിറഞ്ഞ ജീവിതംകൊണ്ട് മാത്രമേ തോൽപ്പിക്കുവാൻ സാധിക്കൂ, അത് മഹാമാരികളായാലും മുസ്‌ലിം തീവ്രവാദ രാഷ്ട്രീയമായാലും, വർഗീയ രാഷ്ട്രീയമായാലും.

5 Love Languages to show God that you love Him. | Guideposts

ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ, ആകാംക്ഷയോടെ ക്രിസ്തുവിനെ അറിയുവാൻ വരുന്നവർക്ക് ക്രിസ്തുവിനെ കാണിച്ചുകൊടുക്കുവാൻ നമുക്ക്, നമ്മുടെ കുടുംബങ്ങൾക്ക്, സഭയ്ക്ക് കഴിയട്ടെ. അതാണ് ഇന്നത്തെ നമ്മുടെ ചലഞ്ച്! ഈ വിശുദ്ധ കുർബാന അതിനായി നമ്മെ ശക്തിപ്പെടുത്തട്ടെ. ആമേൻ!

sunday sermon jn 17, 20-26

ഉയിർപ്പുകാലം ആറാം ഞായർ

യോഹ 17, 20-26

സന്ദേശം

John 17:20-23 – See you in Heaven

കോവിഡ് 19 ന്റെ തേർവാഴ്ച്ച 2019 നവംബറിൽ തുടങ്ങിയതാണെങ്കിലും, അതിന്റെ ഭീകരമുഖം അടുത്തുകാണുകയാണ് നാം ഈ നാളുകളിൽ. 2020 ൽ അത് നമുക്ക് വലിയൊരു വാർത്തമാത്രമായിരുന്നെങ്കിൽ ഇന്ന് കോവിഡ് നമ്മുടെ വീട്ടിൽ എത്തിയിരിക്കുകയാണ്, അതിന്റെ ഭീകരത നാം മുഖാമുഖം കാണുകയാണ്. തെല്ലൊരു ഭയത്തോടെയാണെങ്കിലും എല്ലാ ഹൃദയങ്ങളിൽ നിന്നും പ്രാർത്ഥനകൾ ഉയരുന്ന ഇക്കാലത്ത്, ടിവിയുടെ മുന്പിലിരുന്ന്   വിശുദ്ധ കുർബാന അർപ്പിക്കുന്ന നമുക്ക് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ ആശ്വസിപ്പിക്കുന്ന, പ്രതീക്ഷ നൽകുന്ന സന്ദേശമാണ് ക്രിസ്തു നല്കിയതെങ്കിൽ, ഈ ഞായറാഴ്ച്ച ഒരുമയുടെ, ഐക്യത്തിന്റെ സന്ദേശമാണ് സുവിശേഷം നമുക്ക് നൽകുന്നത്. കാരണം, എല്ലാ ക്രൈസ്തവരും, എല്ലാ മനുഷ്യരും ക്രിസ്തുവിൽ ഒന്നായി നിന്നാൽ മാത്രമേ ദൈവകൃപയിൽ ജീവിക്കുവാൻ, ജീവിത പ്രശ്നങ്ങളെ ധീരമായി നേരിടാൻ, മഹാമാരികൾ പോലുള്ള അവസ്ഥകളെ അഭിമുഖീകരിക്കുവാൻ, അതിജീവിക്കുവാൻ ശക്തരാകുകയുള്ളു. അതുകൊണ്ട്, മഹാമാരി നമ്മെ ഇല്ലാതാക്കുവാൻ വിവിധ രൂപങ്ങൾ സ്വീകരിക്കുമ്പോൾ, നമ്മുടെ ക്രൈസ്തവ വിശ്വാസം വെല്ലുവിളികളെ നേരിടുമ്പോൾ വിഘടിതരായി നിന്നാൽ നാം നശിക്കുമെന്നും, ഒരുമിച്ചുനിന്നാൽ നാം നേടുമെന്നും ഈശോ ഇന്ന് നമ്മെ ഓർമിപ്പിക്കുന്നു.  

വ്യാഖ്യാനം

“ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് അറിഞ്ഞ” ഈശോ ശിഷ്യർക്കുവേണ്ടി, ലോകത്തിനുവേണ്ടി നടത്തുന്ന ഹൃദയസ്പർശിയായ പ്രാർത്ഥനയാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രതിപാദ്യ വിഷയം. മരണത്തെ മുന്നിൽ കണ്ടു നിൽക്കുന്ന ഈശോയുടെ പ്രാർത്ഥനയാണിതെങ്കിലും മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള സുവിശേഷ ഭാഗമാണിത് എന്നതിൽ സംശയമില്ല. എങ്കിലും, മാനവകുലം മുഴുവനും, ക്രിസ്തുവിൽ ഒന്നായ ഒരു ജീവിതം നയിക്കണം എന്ന ആഗ്രഹമാണ് ഈശോ ഇവിടെ പ്രകടിപ്പിക്കുന്നത്.

ലോകം മുഴുവനും, ലോകത്തിലെ മനുഷ്യർ മുഴുവനും, ഒരു കുടുംബത്തിലുള്ള എല്ലാവരും ഒരുമയിൽ ജീവിക്കുന്നതിന് ഈശോ നൽകുന്ന മാതൃകാ ചിത്രം വളരെ വിസ്മയം നിറഞ്ഞതാണ്. ഈശോ പറയുന്നു: “പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് …”! “നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്ക് തന്ന മഹത്വം ഞാൻ അവർക്കു നൽകി”. ചിത്രം ഇതാണ്: “നമ്മെപ്പോലെ അവരും ഒന്നായിരിക്കുന്നതിന്.” പരിശുദ്ധ ത്രിത്വത്തിലെ ഒരുമയുടെ, ഐക്യത്തിന്റെ extention and expansion ആയിരിക്കണം ക്രൈസ്തവജീവിതം, മനുഷ്യ ജീവിതമെന്നാണ് ഈശോ വിഭാവനം ചെയ്യുന്ന ദർശനം.

അതിന് എന്ത് ചെയ്യണം? ഈശോ പ്രാർത്ഥിക്കുന്നു: ‘അങ്ങ് എനിക്ക് നൽകിയ സ്നേഹം അവരിൽ ഉണ്ടാകേണമേ!’ ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും അടിസ്ഥാനത്തിൽ ജീവിതം പടുത്തുയർത്തിയാൽ ഒരുമയിൽ, ഐക്യത്തിൽ ജീവിക്കാനാകും എന്നതാണ് ഈശോയുടെ action plan. പിതാവായ ദൈവവും പുത്രനായ ദൈവവും സ്നേഹമാകുന്ന പരിശുദ്ധാത്മാവിൽ ഒന്നായിരിക്കുന്നതുപോലെ ഈ ലോകവും അതിലെ മനുഷ്യരും തമ്മിൽ തമ്മിലും, മനുഷ്യരും പ്രപഞ്ചവും തമ്മിലും അതിലുമുപരി, ദൈവവും, മനുഷ്യനും, പ്രപഞ്ചവും, തമ്മിലും ഒരുമയിൽ ജീവിക്കുവാൻ, ഒന്നായിരിക്കുവാൻ ഈശോ ആഗ്രഹിക്കുന്നു.

Prayer To Jesus

അതിനായി പ്രാർത്ഥിക്കുന്നു. ഇതിലും മഹത്തായ ഒരു പ്രാർത്ഥന എവിടെ കാണാനാകും?  ഇതിലും ഉന്നതമായ ഒരു ജീവിത വീക്ഷണം എവിടെ കണ്ടെത്താനാകും? ഇതിൽ അടങ്ങിയിരിക്കുന്നു ഈശോയുടെ ദൈവ ദർശനവും, മനുഷ്യ ദർശനവും, പ്രപഞ്ച ദർശനവും. ഈ ദർശനത്തിനനുസരിച്ചു ക്രൈസ്തവജീവിതം രൂപപ്പെടുത്തുവാൻ സാധിച്ചാൽ കോവിഡിനെ മാത്രമല്ല അതിനേക്കാൾ വലിയ ദുരന്തങ്ങളെയും തോൽപ്പിക്കാൻ നമുക്കാകും.

കോവിഡ് മഹാമാരിക്കാലം നൽകുന്ന വലിയ വലിയ ഉൾക്കാഴ്ചകളിൽ വളരെ പ്രധാനപ്പെട്ടതാണ് കോവിഡിനുശേഷം എങ്ങനെയായിരിക്കണം എന്റെ, എന്റെ കുടുംബത്തിന്റെ, സഭയുടെ ആത്മീയജീവിതം എന്നത്.  ഇന്ന് കോവിഡാനന്തര ലോകത്തെക്കുറിച്ച്, സാമ്പത്തിക രംഗത്തെക്കുറിച്ച്, കോവിഡാനന്തര മനുഷ്യനെക്കുറിച്ച്, ചിന്തിക്കുമ്പോൾ, ചിന്തിക്കണം നമ്മൾ കോവിഡാനന്തര സഭയെക്കുറിച്ച്, കോവിഡാനന്തര സഭയുടെ ആത്മീയതയെക്കുറിച്ച്, സഭയുടെ motivation നെക്കുറിച്ച്, കോവിഡാനന്തര മാനസിക ഭാവത്തെക്കുറിച്ച്. അപ്പോൾ അടിസ്ഥാന ശിലയായി സ്വീകരിക്കാവുന്ന ദൈവവചന ഭാഗമാണ് നമ്മുടെ ഇന്നത്തെ സുവിശേഷം. ലോകത്തെ മുഴുവൻ ഒന്നായിക്കാണുന്ന ഒരു മനോഭാവം, ക്രിസ്തുവിൽ കേന്ദ്രീകൃതമായ ഒരു പുതിയ christian humanisam, ക്രൈസ്തവ മാനവികത ഉടലെടുക്കേണ്ടിയിരിക്കുന്നു.  

അതിനുവേണ്ടിയാണ്, അങ്ങനെയൊരു ആത്മീയത, മാനവികത രൂപപ്പെടുന്നതിനുവേണ്ടിയാണ് ഈശോ പ്രാർഥിച്ചത്. എന്നാൽ, തന്റെ ശിഷ്യരാകെ, മാനവകുലമാകെ ഒന്നായിത്തീരാൻ ആഗ്രഹിച്ച ഈശോയുടെ പ്രാർത്ഥനതന്നെ എന്തുമാത്രം ഫലവത്തായി എന്ന് ചിന്തിച്ചു നോക്കിയാൽ അല്ലെങ്കിൽ ഈശോ പ്രാർത്ഥിച്ചതുപോലും വർഷങ്ങൾ രണ്ടായിരത്തിലധികമായിട്ടും നടന്നില്ലല്ലോയെന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരം പറയാൻ നാം വളെരെയേറെ ബിദ്ധിമുട്ടേണ്ടിവരും!  ഈശോയെ ഏറ്റവും അധികം വേദനിപ്പിക്കുന്നതും, വീണ്ടും വീണ്ടും മുറിപ്പെടുത്തുന്നതും ഈ യാഥാർഥ്യം തന്നെയായിരിക്കും – ക്രിസ്തുവിന്റെ സഭയിലെ ഭിന്നതകൾ! പിളർപ്പുകൾ! ഇന്നത്തെ സുവിശേഷഭാഗം മനസ്സിരുത്തി വായിച്ചാൽ മനസ്സിലാകും ഈശോയുടെ ഉള്ളിലെ ചിന്തയെന്താണെന്ന്. തിരുസ്സഭയിലെ ഭിന്നതയുടെ, അനൈക്യത്തിന്റെ പ്രചാരകർ മിശിഹായുടെ ശത്രുക്കളും, ലോകത്തിന്റെ മിത്രങ്ങളുമാണെന്നാണ് ഈശോയുടെ ഭാഷ്യം. താനും പിതാവും ഒന്നായിരിക്കുന്നതുപോലെ, സ്നേഹത്തിൽ മനുഷ്യരും ഒന്നായിരുന്നാൽ മാത്രമേ ദൈവരാജ്യം സംസ്ഥാപിതമാകുകയുള്ളു എന്ന് ഈശോയ്ക്കറിയാമായിരുന്നു. പിതാവായ ദൈവം ക്രിസ്തുവിനെ ഈ ലോകത്തിലേക്ക് അയച്ചുവെന്നു ലോകം വിശ്വസിക്കണമെങ്കിൽ സഭയിൽ ഐക്യമുണ്ടാകണം, സഭ ക്രിസ്തുവിൽ ഒന്നായി നിൽക്കണം എന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. സഭ ഒന്നായി നിൽക്കാത്തിടത്തോളം കാലം ക്രിസ്തുവാണ് ലോകരക്ഷകനെന്ന്, പിതാവിനാൽ അയക്കപ്പെട്ട രക്ഷകൻ ക്രിസ്തുവാണെന്ന് ലോകം അറിയുവാൻ പോകുന്നില്ലായെന്നും അവിടുന്ന് മനസ്സിലാക്കിയിരുന്നു.  ക്രിസ്തുവിന്റെ ഈ മനോവേദന ഇന്നത്തെ സുവിശേഷഭാഗത്തിന്റെ വരികൾക്കിടയിൽ നിന്ന് വായിച്ചെടുക്കാൻ നമുക്ക് സാധിക്കും. ക്രിസ്തുവിന്റെ ഈ മനോവേദന മനസ്സിലാകുമ്പോഴാണ് ഇന്നത്തെ സഭ ക്രിസ്തുവിൽ നിന്ന് എത്രയോ അകലെയാണ് എന്ന് നാം അറിയുക! ക്രിസ്തുവിന്റെ പ്രാർത്ഥനയ്ക്ക്, ആഗ്രഹത്തിന് എത്രയോ വിരുദ്ധമാണ് എന്ന് നാമറിയുക! ക്രിസ്തുവിന്റെ ഹൃദയത്തിലെ മുറിവുകളുടെ ആഴം നമുക്ക് മനസ്സിലാകുക!

ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്കേറ്റ മാരകമായ മുറിവുകൾ എങ്ങനെ രൂപപ്പെട്ടു എന്ന് ചിന്തിക്കുമ്പോഴാണ് ദൈവികമായവ കൈകാര്യം ചെയ്യുന്ന മനുഷ്യന്റെ സ്വാർത്ഥതയും, അഹന്തയും ഫണം വിടർത്തിയാടുന്നത് നാം കാണുന്നത്. ക്രിസ്തുവിന്റെ സഭയുടെ ആരംഭകാലങ്ങൾ ഒരുമയുടെ, ഐക്യത്തിന്റെ കഥകളാണ് നമുക്ക് പറഞ്ഞു തരുന്നത്. പിന്നീട്, പതുക്കെ പതുക്കെ, അധികാരത്തിന്റെ, രാജകീയ ആഡംബരങ്ങളുടെ, പണത്തിനോടുള്ള ആർത്തിയുടെ ചെകുത്താന്മാർ ഉറഞ്ഞു തുള്ളിയപ്പോൾ, സഭയിൽ സ്നേഹം, ഐക്യം, ആർജവം എന്നീ നന്മകൾ അപ്രത്യക്ഷമായി. ക്രൈസ്തവന്റെ ജീവിതത്തിലെ, ക്രൈസ്തവകുടുംബങ്ങളിലെ, തിരുസ്സഭയിലെ ഭിന്നതകൾക്കെല്ലാം കാരണം അധികാരം, പണം, ഭൂമി, സുഖഭോഗങ്ങൾ, അഹന്ത എന്നിവയായിരുന്നു. ക്രിസ്തുവിന്റെ ഐക്യത്തിനുവേണ്ടിയുള്ള പ്രാർത്ഥന, ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനം ഇന്നും സാധിതമാകുന്നില്ലായെങ്കിൽ അതിന്റെ കാരണങ്ങളും ഇവയൊക്കെത്തന്നെയാണ്. തിരുസഭയുടെ ചരിത്രവും അതാണ് നമ്മോട് പറയുന്നത്.

തിരുസ്സഭ അവളുടെ വളർച്ചയുടെ പാതയിൽ ധാരാളം ഭിന്നതകളേയും, പാഷണ്ഡതകളെയും അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ ഇവയെല്ലാം, ക്രിസ്തുവിന്റെ ചൈതന്യത്തിൽ നിന്നുള്ള വ്യതിചലനങ്ങളായിരുന്നു എന്നത് വ്യക്തമാണ്. AD 336 ൽ ഉടലെടുത്ത ഭിന്നതക്ക് നേതൃത്വം കൊടുത്തത് ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ നിന്നുള്ള ആരിയൂസ് ആണ്. ക്രിസ്തുവിന്റെ പുത്രുത്വത്തെ ചൊല്ലിയായിരുന്നു ആരിയൂസ് കലഹിച്ചതും പിന്നീട് സഭയിൽ നിന്ന് വിട്ടുപോയതും. കോൺസ്റ്റാന്റിനോപ്പോളിലെ ആർച്ചു ബിഷപ്പായിരുന്ന നെസ്തോറിയസ് (AD 450) കന്യകാമാതാവിനെ ക്രിസ്തുവിന്റെ അമ്മ (Christo tokos) എന്ന് വിശേഷിപ്പിച്ചതോടെയാണ് ഭിന്നത ആരംഭിച്ചത്. പിന്നീട് സഭ അദ്ദേഹത്തെ പാഷണ്ഡിയായി മുദ്രകുത്തുകയും അദ്ദേഹം പുറത്താകുകയും ചെയ്തു. 589 ൽ യേശുവിൽ മനുഷ്യസ്വഭാവമില്ല ദൈവ സ്വഭാവം മാത്രമേയുള്ളുവെന്ന അന്ത്യോക്യൻ പാത്രിയാർക്കീസ് മാർ യാക്കോബിന്റെ വാദമാണ്  യാക്കോബായ സഭകളുടെ ഉത്ഭവത്തിനു കാരണമായിത്തീർന്നത്. Great Schism of 1054 പരിശുദ്ധാത്മാവിനെച്ചൊല്ലിയായിരുന്നു.

Election Results and Jesus' Prayer for Unity | The Stream

സഭയിലെ വലിയൊരു പിളർപ്പായിട്ടാണ് ഇതിനെ കാണുന്നത്. മാർട്ടിൻ ലൂഥർ എന്ന അഗസ്റ്റീനിയൻ സന്യാസി താൻ ചൂണ്ടിക്കാണിച്ച സഭയിലെ തെറ്റുകളെ തിരുത്തുന്നതിന് സഭ കാണിച്ച അലംഭാവത്തെ പരസ്യമായി വെല്ലുവിളിച്ചതോടെയാണ് പ്രൊട്ടസ്റ്റന്റ് സഭകളുടെ തുടക്കമായത്. അദ്ദേഹത്തോടൊപ്പം സഭയ്ക്ക് എതിരായിരുന്നു നാട്ടുരാജാക്കന്മാരും കൂടിയതോടെ സഭയിൽ പിളർപ്പുണ്ടായി. ആദ്യനൂറ്റാണ്ടുമുതലെ ഉണ്ടായിരുന്ന മാർത്തോമ്മാ നസ്രാണി സഭ 1653 ലെ കൂനൻ കുരിശു സത്യത്തോടെയാണ് പിളർപ്പുകളിലേക്ക് പോയത്.

അറിവിന്റെ ഹുങ്കോ, അധികാരത്തിന്റെ ധാർഷ്ട്യമോ, സാമ്പത്തിനോടുള്ള ആർത്തിയോ എന്ത് തന്നെയായാലും വിശുദ്ധ പൗലോശ്ലീഹാ പറയുന്നതുപോലെ, ‘ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുകയാണ്.’ ഇന്ന് ക്രിസ്തുവിന്റെ പേരിൽ എത്ര സഭാ സമൂഹങ്ങൾ ഉണ്ടെന്നോ, ക്രിസ്തു വിഭജിക്കപ്പെട്ടതിന്റെ പേരിൽ എത്ര കുടുംബങ്ങൾ തകർന്നെന്നോ, ക്രിസ്തു വിഭജിക്കപ്പെട്ടതിന്റെ പേരിൽ എന്തുമാത്രം യുദ്ധങ്ങൾ നടന്നെന്നോ, തർക്കങ്ങൾ ഉണ്ടായെന്നോ ആർക്കും പറയുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. “എല്ലാവരും ഒന്നായിരിക്കുവാൻ” എന്ന ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയുവാൻ ക്രിസ്തു ഇനിയും എത്രനാൾ കാത്തിരിക്കേണ്ടി വരുമോ, എന്തോ?

കഴിഞ്ഞ ഏപ്രിൽ 18 മുതൽ 25 വരെ ഷെക്കെയ്ന ടെലിവിഷൻ അവതരിപ്പിച്ച മിസ്പാ 3 കൺവെൻഷനിൽ സംസാരിച്ച അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ബഹുമാനപ്പെട്ട സേവ്യർഖാൻ വട്ടായിലച്ചൻ സഭയിൽ ഐക്യമുണ്ടാകണമെന്നു ആഹ്വാനം ചെയ്യുകയുണ്ടായി. അദ്ദേഹം ഇങ്ങനെയാണ് തന്റെ ചിന്ത അവതരിപ്പിച്ചത്: ‘ക്രിസ്ത്യാനികളുടെ ഐക്യം അനിവാര്യമാണ്. കാലം അതിക്രമിച്ചിരിക്കുന്നു. നാമെല്ലാവരും ഒന്നിച്ചുനിൽക്കണം. ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ, തീവ്രവാദികൾ വന്ന് നിന്നെ പിടിച്ചുകൊണ്ടുപോയി കൊല്ലാൻ നിർത്തുമ്പോൾ നീ ഓർത്തഡോക്‌സാണോ, കത്തോലിക്കനാണോ, യാക്കോബായ ആണോ, പ്രൊട്ടസ്റ്റന്റാണോ ലത്തീനാണോ, സീറോമലബാറാണോ എന്നായിരിക്കില്ല ചോദിക്കുക. Are you a Christian? നീ ഒരു ക്രിസ്ത്യാനിയാണോ എന്നായിരിക്കും ചോദിക്കുക. ഭിന്നത, കലഹം തുടങ്ങിയവയുടെ കാരണം നിസ്സാരങ്ങളായിരിക്കാം. എന്നാൽ നാം വിഘടിച്ചു നിന്നാൽ ക്രിസ്തുവിന്റെ പേരിൽ വിഭജിതരായി നിന്നാൽ, നാം തുടച്ചുമാറ്റപ്പെടും.” ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിന്റെ സഭയിൽ ഐക്യമുണ്ടാകാൻ ഉണരണമെന്നും സഭയെ ശക്തിപ്പെടുത്തുവാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം പറയുമ്പോൾ ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയുവാനുള്ള ആഗ്രഹമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. നിസ്സാരകാര്യങ്ങളെ ചെല്ലിയുള്ള തർക്കങ്ങളും, അധികാരത്തിനും സ്വത്തിനുംവേണ്ടിയുള്ള വടംവലികളും തകർക്കുന്നത് ക്രിസ്തുവിന്റെ സ്വപ്നത്തെയാണ്, പ്രാർത്ഥനയെയാണ്‌.

ക്രിസ്തുവിന്റെ “പിതാവേ അവരെല്ലാവരും ഒന്നായിരിക്കുന്നതിനു”വേണ്ടിയുള്ള പ്രാർത്ഥന വിശുദ്ധ കുർബാനയുടെ frame of reference ൽ നിന്നുകൊണ്ടായിരുന്നു അവിടുന്ന് നടത്തിയത്. (Frame of reference എന്നത് ഒരു ആശയപരമായ അവസ്ഥയാണ്. മാനദണ്ഡങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യപ്പെടുകയും, അളക്കപ്പെടുകയും, വിധിക്കപ്പെടുകയും ചെയ്യുന്ന ഒരു സംവിധാനത്തെ Frame of reference എന്ന് പറയാം. ഉദാഹരണത്തിന്, ഭൂമിയുടെ Frame of reference ൽ നിൽക്കുമ്പോഴാണ്, ഭൂമിയുടെ മാനദണ്ഡങ്ങളിൽ നിൽക്കുമ്പോഴാണ് ചലനനിയമങ്ങൾക്ക് പ്രസക്തിയുള്ളൂ.) ഒടുവിലത്തെ അത്താഴവേളയിൽ വിശുദ്ധ കുർബാന സ്ഥാപിച്ച ശേഷമാണ്, അതേത്തുടർന്നു ശിഷ്യരുടെ കാലുകൾ കഴുകിയ ശേഷമാണ് ഈശോയുടെ പ്രഭാഷണങ്ങളെ, ഈശോയുടെ പ്രാർത്ഥനയെ വിശുദ്ധ യോഹന്നാൻ അവതരിപ്പിക്കുന്നത്. വിശുദ്ധ കുർബാനയുടെ frame of reference ൽ നിന്നുകൊണ്ട് ലോകത്തെയും, ജീവിതത്തെയും ജീവിതയാഥാർഥ്യങ്ങളെയും നിരീക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ക്രിസ്തു തന്റെ കണ്ണുകളെ പിതാവിങ്കലേക്ക് ഉയർത്തുകയായിരുന്നു. സ്നേഹത്തിന്റെ, ഐക്യത്തിന്റെ, കാരുണ്യത്തിന്റെ വിശുദ്ധ കുർബാനയുടെ Frame of Reference ൽ നിൽക്കുമ്പോൾ ഐക്യത്തിനുവേണ്ടിയല്ലാതെ മറ്റെന്തിനുവേണ്ടിയാണ് ഈശോ പ്രാർത്ഥിക്കുക!

സ്നേഹമുള്ളവരേ, നാമും ക്രിസ്തുവാകുന്ന, വിശുദ്ധ കുർബാന യാകുന്ന Frame of Reference ൽ നിന്നുകൊണ്ട്, ലോകത്തെയും, നമ്മുടെ ജീവിതത്തെയും, ജീവിതയാഥാർഥ്യങ്ങളെയും നിരീക്ഷിക്കുവാനും വിശകലനം ചെയ്യുവാനും ശ്രമിക്കുകയാണെങ്കിൽ നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ, ആത്മീയജീവിതത്തെ, സഭാജീവിതത്തെ ക്രിസ്തുവിന്റെ, വിശുദ്ധ കുർബാനയുടെ മൂല്യങ്ങളിൽ പടുത്തുയർത്തുവാൻ സാധിക്കും. അപ്പോൾ ഭിന്നതയുടെ സ്വരങ്ങൾ ഇല്ലാതാകും; അനൈക്യത്തിന്റെ കോട്ടകൾ തകർന്നുപോകും; വിഘടനവാദങ്ങളും, വെറുപ്പും വൈരാഗ്യവുമെല്ലാം ഉരുകിയൊലിച്ചുപോകും. ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയും.

എന്നാൽ, നാം നിൽക്കുന്ന സ്ഥലം, Frame of reference വേറെയാണെങ്കിൽ നമ്മുടെ നിരീക്ഷണവും, വിശകലനവും എല്ലാം പാളിപ്പോകും. ഉദാഹരണത്തിന് ഭൂമിയിൽ നിൽക്കുന്ന ഒരു വ്യക്തിക്ക് ഒരു ദിവസം ഒരു ഉദയവും അസ്തമയവുമേ കാണാൻ സാധിക്കുകയുള്ളു. എന്നാൽ, ബഹിരാകാശത്തിലെ യാത്രികർക്ക് ഒരു ദിവസം 27 ഉദയങ്ങളും അസ്തമയങ്ങളും കാണാൻ കഴിയും. Frame of reference മാറിയാൽ നാം കാണുന്ന കാഴ്ചകളും യാഥാർഥ്യങ്ങളും വ്യത്യസ്തമാകും. ഇന്ന് നമ്മുടെ സഭയിൽ, കുടുംബത്തിൽ അനൈക്യങ്ങളുണ്ടെങ്കിൽ, അതിന്റെ കാരണം നമ്മുടെ Frame of reference മാറിപ്പോയിട്ടുണ്ട് എന്നാണ്. നാം നിൽക്കുന്നത് വിശുദ്ധ കുർബാനയാകുന്ന, ക്രിസ്തുവാകുന്ന Frame of reference ൽ ആണോ? നാം കോർപ്പറേറ്റ് സ്ഥാപന നടത്തിപ്പിന്റെ, അല്ലെങ്കിൽ രാഷ്ട്രീയപാർട്ടികളുടെ Frame of reference ൽ നിന്ന് നമ്മുടെ ക്രൈസ്തവജീവിതം നയിക്കുവാൻ ശ്രമിക്കുകയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, നമുക്കിടയിലെ, കഴുത്തറപ്പൻ മാത്സര്യങ്ങളും, കുതികാൽവെട്ടുകളും, പള്ളികളും ഭൂമിയും പിടിച്ചെടുക്കാനുള്ള ഓട്ടങ്ങളും, അധികാരവടംവലികളും,

Churches expand ministries in unique ways - The Boston Globe

എണ്ണാൻ കഴിയാത്തിടത്തോളമുള്ള ഗ്രൂപ്പുകളും കാണുമ്പോൾ നമ്മുടെ Frame of reference മാറിപ്പോയിരിക്കുന്നു എന്ന് പറയാനാണ് എനിക്ക് തോന്നുന്നത്. ക്രിസ്തുവിൽ എവിടെയാണ് കഴുത്തറപ്പൻ മാത്സര്യം? ക്രിസ്തുവിൽ എവിടെയാണ് അനൈക്യം? ക്രിസ്തുവിൽ എവിടെയാണ് അധികാരവടംവലികൾ, ക്രിസ്തുവിൽ എവിടെയാണ് പണത്തോടുള്ള ആർത്തി? വിശുദ്ധ കുർബാനയിൽ എവിടെയാണ് വെറുപ്പ്, വൈരാഗ്യം? വലിപ്പച്ചെറുപ്പങ്ങൾ? വിശുദ്ധ കുർബാന യുടെ Frame of reference ൽ നിൽക്കുമ്പോൾ എങ്ങനെയാണ് കുർബാനയുടെ പേരിൽ തല്ലുപിടിക്കുവാൻ സാധിക്കുക? വിശുദ്ധ കുർബാന യുടെ Frame of reference ൽ നിൽക്കുമ്പോൾ എങ്ങനെയാണ് ഭിന്നതയിൽ ബലിയർപ്പിക്കുവാൻ സാധിക്കുക?  എന്താ ക്രിസ്തു ഇവിടെ തോറ്റുപോകുകയാണോ? അൾത്താരയിലെ അനൈക്യം അല്ലേ ക്രിസ്തുവിനോട് ചെയ്യാവുന്ന  ഏറ്റവും വലിയ ക്രൂരത? അതല്ലേ നാം, നമ്മുടെ സഭ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങൾക്കെല്ലാം അടിസ്ഥാന കാരണം?

വിശുദ്ധ കുർബാനയുടെ തക്സയിൽ വരുത്തേണ്ട മാറ്റത്തെപ്പറ്റി ചിന്തിക്കുന്നതിനു മുൻപ് നമ്മുടെ സിനഡും സഭയും, ഐക്യത്തോടെ, ഏകമനസ്സോടെ ബലിയർപ്പിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാനല്ലേ ശ്രമിക്കേണ്ടത്? അൾത്താരയിലെ ഐക്യമല്ലേ പരമ പ്രധാനം? ‘പരിപാവനമാം സർവ്വേശാ’ എന്നായാലും ‘സർവ്വേശാ നീ പരിശുദ്ധൻ’ എന്നായാലും ആർക്കാണ് പ്രശ്നം? എന്നാൽ, എങ്ങനെ ബലിയർപ്പിക്കണം എന്നതിൽ ഒരു യോജിപ്പ്  – അതിന് വിശുദ്ധ കുർബാനയാകുന്ന Frame of Reference ൽ നിന്നുകൊണ്ട് ജീവിതത്തെ കാണാൻ പഠിക്കണം, ക്രിസ്തുവിനെപ്പോലെ! അപ്പോൾ ഐക്യത്തിന്റെ പൂക്കൾ നമ്മുടെ സഭയിൽ, കുടുംബങ്ങളിൽ വിരിയും. ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയും!

സമാപനം

സ്നേഹമുള്ളവരേ, കോവിഡാനന്തര ആത്മീയത ക്രിസ്തുവിൽ നാം ഒന്ന് എന്ന പാഠം ഉൾക്കൊണ്ടുകൊണ്ട് തുടങ്ങാൻ നമുക്കാകട്ടെ. ക്രിസ്തു വിഭജിക്കപ്പെടാതിരിക്കട്ടെ. ഒരുമിച്ചു ഒരേ ബലി അർപ്പിക്കുന്ന ക്രൈസ്തവരായി നമുക്ക് മാറാം. ആരെയും മാറ്റി നിർത്താത്ത, എല്ലാവരെയും ഉൾക്കൊള്ളുന്ന എല്ലാവർക്കും ഉള്ളതെല്ലാം പങ്കു വയ്ക്കുന്ന പുതിയ ക്രൈസ്തവരായി നാം മാറണം. ശിഷ്യരുടെ പാഠങ്ങൾ കഴുകിയ ശേഷം, വിശുദ്ധ കുർബാന സ്ഥാപിച്ചശേഷം നടത്തുന്ന ഈശോയുടെ ഈ പ്രാർത്ഥന, ആഗ്രഹം ഒരുമയിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്.

നമ്മുടെ കോവിഡാനന്തര ക്രൈസ്തവ ജീവിതം എങ്ങനെയുള്ളതായിരിക്കണമെന്നു ചിന്തിക്കുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ. ക്രിസ്തുവിൽ നാമെല്ലാം ഒന്നെന്ന മഹത്തായ ക്രിസ്തു സന്ദേശം നമ്മുടെ വ്യക്തി ജീവിതത്തിൽ, കുടുംബ ജീവിതത്തിൽ, സമൂഹ ജീവിതത്തിൽ നമുക്ക് പ്രാവർത്തികമാക്കാം.

Jesus' prayer for unity in his Church | GAFCON

നാമെല്ലാവരും ക്രിസ്തുവിൽ ഒന്നായാൽ, ദൈവവും, മനുഷ്യനും പ്രപഞ്ചവും തമ്മിൽ ഒന്നായാൽ കോവിഡ് മാത്രമല്ല, ഒരു മഹാമാരിയും നമ്മെ സ്പർശിക്കുകയില്ല.  ക്രിസ്തുവിൽ നമ്മൾ ഒന്ന് എന്ന മുദ്രാവാക്യത്തോടെ കോവിഡാനന്തര ക്രിസ്തവജീവിതം തുടങ്ങാം. ആമ്മേൻ!