sunday sermon lk 10, 25-37

ശ്ളീഹാക്കാലം മൂന്നാം ഞായർ

ലൂക്ക 10, 23-42

1 കോറി 7, 1 -7

സന്ദേശം

56 - The Parable of the Good Samaritan (Malayalam) 88 - YouTube

വല്ലാത്തൊരു പ്രതിസന്ധിയിലാണ് ലോകവും മനുഷ്യരും. മഹാമാരിയുടെ ആക്രമണം നമ്മുടെ ജീവിത സന്തോഷം കെടുത്തിക്കളഞ്ഞിരിക്കുകയാണ്. എന്നാൽ, പരസ്പരം നല്ല അയൽക്കാരായിക്കൊണ്ട് ആ സന്തോഷം അല്പമായിട്ടെങ്കിലും തിരിച്ചു പിടിക്കാൻ നാം ശ്രമിക്കുന്നുണ്ട് എന്നുള്ളത് ആശാവഹമാണ്. ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ തിളക്കം നമ്മുടെ സഹായ സംരംഭങ്ങളിൽ തെളിഞ്ഞുകാണുന്നുണ്ട്. ആ ക്രൈസ്തവ ചൈതന്യത്തെ ആളിക്കത്തിക്കാൻ ഉതകുന്ന ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്.

വ്യാഖ്യാനം

ബൈബിൾ പണ്ഡിതന്മാർ, നല്ല സമരയക്കാരന്റെ ഉപമ ആധ്യാത്മിക, സാമൂഹ്യ ഭൂമികയിൽ നിന്നുകൊണ്ട് നോക്കിക്കാണുകയും അതനുസരിച്ചു ഈ സുവിശേഷഭാഗത്തെ വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മനുഷ്യന്റെ വൈകാരിക തലത്തിൽ നിന്നുകൊണ്ട് ഈ സുവിശേഷഭാഗത്തെ കാണുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ വൈകാരിക തലത്തിലെ പാകത വലിയ ഒരു അളവ് വരെ നമ്മുടെ ആത്മീയജീവിതത്തെ പരിപുഷ്ടമാക്കാൻ ഉപകരിക്കും.

അടിസ്ഥാനപരമായി ആരാണ് നല്ല അയൽക്കാരനെന്ന ചോദ്യത്തിന് ഈശോ നൽകുന്ന ഉത്തരമാണ് ഈ സംഭവം. “നീയും പോയി ഇതുപോലെ   ചെയ്യുക” എന്ന ഈശോയുടെ വചനം പലപ്രാവശ്യം നാം കേട്ടിട്ടുണ്ടെങ്കിലും, എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന, നല്ലൊരു അയൽക്കാരനാകുമ്പോഴുണ്ടാകുന്ന പരിണിതഫലത്തെക്കുറിച്ചു അധികമായി നാം ചിന്തിച്ചിട്ടില്ലായെന്ന് എനിക്ക് തോന്നുന്നു. നാം നമ്മുടെ സഹോദരങ്ങൾക്ക്, നാം കണ്ടുമുട്ടുന്നവർക്ക് നല്ലൊരു അയൽക്കാരനാകുമ്പോൾ അവരുടെ ജീവിതത്തിൽ സന്തോഷം, ആശ്വാസം, പ്രതീക്ഷ എന്നിവ നിറയുകയാണ്. നമ്മുടെ ജീവിതത്തിലും സന്തോഷം നിറയുകയാണ്. മനുഷ്യന്റെ വൈകാരിക ജീവിതത്തിന്റെ ഭൂമികയിൽ നിന്നുകൊണ്ട് ഈ സുവിശേഷ ഭാഗത്തെ നോക്കുമ്പോൾ, ജീവിതം സന്തോഷംകൊണ്ട് നിറയാൻ എന്ത് ചെയ്യണമെന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ നല്ല സമരായന്റെ ഉപമ എന്ന് എനിക്ക് തോന്നുന്നു.

മനുഷ്യ ജീവിത ചരിത്രം മുഴുവനും ജീവിത സന്തോഷത്തിന്റെ താക്കോലും തേടിയുള്ള യാത്രയാണ്. വലിയ ചിന്തകന്മാരും, പ്രവാചകന്മാരും ജീവിതസന്തോഷമെന്തെന്ന് നിർവചിക്കാനും, ആ സന്തോഷം  കണ്ടെത്താൻ കഴിയുന്ന വഴികളെ  ശ്രമിച്ചിട്ടുണ്ട്.  പുരാതന ഗ്രീക്ക് തത്വ ചിന്തകനായ എപ്പിക്യൂറസ് (Epicurus) മനുഷ്യ ജീവിതത്തിന്റെ ഏക ലക്ഷ്യമായി പറയുന്നത് സന്തോഷം കണ്ടെത്തലാണ്. മനുഷ്യൻ രാത്രി പകലാക്കി അദ്ധ്വാനിക്കുന്നത് എന്തിനാണ്? ബിസിനസുകാർ അമിതലാഭമുണ്ടാക്കി മുന്നേറുന്നത് എന്തിനാണ്? മത നേതാക്കന്മാർ പ്രാർത്ഥനകളും പ്രഭാഷണങ്ങളും നടത്തുന്നത് എന്തിനാണ്? നാടിന്റെ നന്മയ്ക്കുവേണ്ടിയാണോ? നേതാക്കന്മാരെ പ്രീണിപ്പിക്കാനാണോ? അല്ല. ആത്യന്തികമായി, സ്വന്തം സന്തോഷത്തിനുവേണ്ടിയാണ്. എന്താണ് മനുഷ്യന് സന്തോഷം നൽകുന്നത്?  സമ്പത്താണോ? ലൗകിക സുഖങ്ങളാണോ? അധികാരമാണോ?  പെറു, എത്യോപ്യ, ഘാന രാജ്യങ്ങളെക്കാൾ കൂടിയ ആത്മഹത്യാനിരക്ക് ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, സൗത്ത് കൊറിയ  തുടങ്ങിയ രാജ്യങ്ങളിലാണ്.  പാവപ്പെട്ട രാജ്യങ്ങളിലെ മനുഷ്യർ ഉപയോഗിക്കുന്നതിനേക്കാൾ അമ്പതു മടങ്ങു് ശക്തി (Energy) സമ്പന്നരായവർ അവരുടെ വയറു നിറയ്ക്കാൻ മാത്രമല്ല, കാറുകളും, മൊബൈലുകളും, കംപ്യുട്ടറുകളും, ഫ്രിഡ്ജുകളും, ടെലിവിഷനുകളും നിറയ്ക്കാൻ ഉപയോഗിക്കുന്നതുകൊണ്ട്, സമ്പന്നർ അമ്പതു മടങ്ങു് സന്തോഷവാന്മാർ എന്നുപറയാൻ സാധിക്കുമോ?

അപ്പോൾ എന്താണ് സന്തോഷത്തിന്റെ ഏകകം? അളവുകോൽ? സന്തോഷത്തിന്റെ അളവുകോൽ നല്ല സമറായക്കാരനാണ്, നല്ല സമരായക്കാരന്റെ മനോഭാവമാണ്. സന്തോഷത്തിന്റെ അളവുകോൽ ക്രിസ്തുവാണ്, ക്രിസ്തുവിന്റെ മനോഭാവമാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ മാലാഖമാർ ആട്ടിടയരോട് പറഞ്ഞത് ‘സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയാണ്.’ (ലൂക്ക 2, 10) കാരണം, പിതാവായ ദൈവത്തിന് അറിയാം, മനുഷ്യന് ഏറ്റവും ആവശ്യമേറിയത് സന്തോഷമാണെന്ന്. ക്രിസ്തു ഈ ലോകത്തിന് നൽകുവാൻ ആഗ്രഹിച്ചതും സന്തോഷമാണ്, നന്മ നിറഞ്ഞ, സ്നേഹം നിറഞ്ഞ, ത്യാഗം നിറഞ്ഞ സന്തോഷം. എന്റെ അയൽക്കാരൻ ആരാണ് എന്ന ചോദ്യത്തിന്, നിന്റെ ജീവിതത്തിൽ സന്തോഷം നൽകുന്നവൻ ആരോ അവനാണ് നിന്റെ അയൽക്കാരൻ എന്ന് പറയാനാണ് ഈശോ ആഗ്രഹിച്ചത്. ചോദ്യം ഉന്നയിച്ച നിയമജ്ഞന് ഈശോ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. അപ്പോഴാണ് ഈശോ ഈ ഉപമ പറഞ്ഞത്. എന്നാൽ അന്നും ഇന്നും ഉപ്മയുടെ പൊരുൾ നമുക്ക് മനസ്സിലായിട്ടില്ല. സ്നേഹമുള്ളവരേ, മനുഷ്യ ജീവിതം, നമ്മുടെയും, നാം കണ്ടുമുട്ടുന്നവരുടെയും ജീവിതം സന്തോഷ പ്രദമാകുവാൻ എന്ത് ചെയ്യണമെന്നാണ് ഈശോ നമ്മോടു പറഞ്ഞത്.  അതാണ് ഈ ഉപമയുടെ പൊരുൾ.

എപ്പോഴാണ് മനുഷ്യന്റെ സന്തോഷം നഷ്ടമാകുന്നത്? എപ്പോഴാണ് മനുഷ്യൻ ദുഃഖിതനാകുന്നത്? മനുഷ്യൻ ആക്രമിക്കപ്പെടുമ്പോൾ. ജീവിതാവഴികളിൽ പലരീതിയിൽ മനുഷ്യൻ ആക്രമിക്കപ്പെടുന്നുണ്ട്. എന്തിനാണ് ആളനക്കമില്ലാത്ത ആ വഴികളിലൂടെ ഒറ്റയ്ക്ക് പോയത് എന്ന് ചോദിക്കാം. അതുകൊണ്ടല്ലേ ആക്രമിക്കപ്പെട്ടത് എന്നും ചോദ്യമുയർത്താം. സുഹൃത്തേ, അങ്ങനെ ഒറ്റപ്പെട്ട വഴികളിൽ മാത്രമാണോ നമ്മൾ ആക്രമിക്കപ്പെടുന്നത്? നമ്മുടെ ജീവിത സന്തോഷം നശിപ്പിക്കാൻ അക്രമികൾ പതിയിരിക്കുന്നത് അവിടെ മാത്രമാണോ? നമ്മുടെ കുടുംബങ്ങളിൽ നാം ആക്രമിക്കപ്പെടുന്നില്ലേ? ഉത്തമ സുഹൃത്തുക്കളാൽ നാം മാനസികമായി, ശാരീരികമായി ആക്രമിക്കപ്പെടുന്നില്ലേ? “അവളുടെ, അവന്റെ ആ ഒരു വാക്ക് എന്നെ തളർത്തിക്കളഞ്ഞു”എന്ന് എത്രയോ വട്ടമാണ് നമ്മൾ പറഞ്ഞിട്ടുള്ളത്? നിലംപറ്റെ വീണുപോയ എത്രയോ സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്? നമ്മുടെ ജീവിതത്തിന്റെ കുടുംബത്തിന്റെ സന്തോഷം എത്രയോ വട്ടമാണ് ഇല്ലാതായിട്ടുള്ളത്? ഒരു നല്ല സമരായൻ കടന്നു വരണേ എന്ന് എത്രയോ പ്രാവശ്യമാണ് നാം ആഗ്രഹിച്ചിട്ടുള്ളത്?

ഈയിടെ Whats App ൽ കണ്ട Short Film ഈ സന്ദേശത്തോടൊത്തു പോകുന്നതാണ്. അതിന്റെ കഥയിങ്ങനെയാണ്:

Film തുടങ്ങുന്നത് ഒരു കുട്ടി എഴുന്നേറ്റ് നിന്ന് English text വിക്കി വിക്കി വായിക്കുന്നതിലൂടെയാണ്. ടീച്ചർ അവനെ ശകാരിക്കുമ്പോൾ കുട്ടികൾ പറയുന്നു: അയ്യോ മിസ്സെ അവൻ വിക്കനാ…പിന്നെ കൂട്ടച്ചിരിയും. ഇവനാണ് കഥാനായകൻ. അവൻ വിക്കനാണ്. ആ കളിയാക്കൽ അവനെ വല്ലാതെ വേദനിപ്പിച്ചു…സമൂഹം അവനെ പല തരത്തിൽ ഇങ്ങനെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും ആക്രമിച്ചിട്ടുണ്ടാകണം. അവൻ വഴിയിൽ ജീവിതത്തിന്റെ വഴിയിൽ വീണുകിടക്കുകയാണ്. സ്വയം രക്ഷപ്പെടുവാൻ പരിശ്രമിക്കുന്നുണ്ട്. പലപ്പോഴും അനങ്ങാൻ കഴിയാതെ വിഷമിച്ചിട്ടുണ്ടാകണം. എന്തായാലും അടുത്ത ഷോട്ടിൽ വളർന്നു ചെറുപ്പക്കാരനായ അവൻ ഒരു Interview വിന് വന്നിരിക്കുകയാണ്. ധാരാളം candidates ഉണ്ട്. അവരെ കണ്ടപ്പോഴേ അവൻ തളർന്നു. slow motion ൽ ആണ് ഈ രംഗങ്ങളെല്ലാം …അതായത് അവന് നിലത്തുനിന്നും എഴുന്നേൽക്കാൻ പറ്റുന്നില്ല…വീണ്ടും വീണ്ടും ആക്രമിക്കപ്പെടുകയാണ്. കണ്ടുമുട്ടിയ ഒരു candidate അവന് പറയാൻ പറ്റുന്നില്ല. അത്രത്തോളം പരിഭ്രാന്തനും അശക്തനുമാണവൻ! അവസാനം, അവന്റെ പേര് വിളിച്ചു: “who is Sharan here?” അവൻ മുറിയിലേക്ക് ചെന്നു.   കസേരയിലിരുന്നു. ഒരു Madam അവന്റെ Certificates ചോദിച്ചു. പിന്നെ introduce ചെയ്യാൻ പറഞ്ഞു.  പേടി   കാരണം, അപകർഷതാബോധം കാരണം, അവന് എന്തെങ്കിലും പറയാൻ, ഒന്ന് പുഞ്ചിരിക്കാൻ, ഒന്ന് അനങ്ങാൻ …ഒന്നും അവന് പറ്റുന്നില്ല. അവൻ പരാജയത്തിന്റെ നിലത്തു വീണ് കിടക്കുകയാണ്. കുറച്ചെന്തോ പറയാൻ ശ്രമിച്ചപ്പോഴേക്കും interview ചെയ്യാനിരുന്നവരിൽ നടുക്കിരുന്ന ആൾ അവനോടു വിക്കി വിക്കി പറയാൻ തുടങ്ങി:സ..സാരോല്യ …പേ.. പേ ടിക്കേണ്ട …പ്പ …പ… പറഞ്ഞോളൂ… അവൻ കേട്ടത് ഒരു ശക്തിയായി അവനിലേക്കൊഴുകി. ഇതാ തന്നെപ്പോലൊരാൾ, താനുമായി ചേർന്ന് നിൽക്കുന്ന ഒരാൾ… ആരോ തന്നെ താങ്ങി എഴുന്നേൽപ്പിക്കുന്നതുപോലെ…എഴുന്നേറ്റു നിൽക്കാൻ സഹായിക്കുന്നതുപോലെ…ആത്മവിശാസത്തിന്റെ, ആശ്വാസത്തിന്റെ ലേപനം തരുന്ന പോലെ…അവൻ പറയാൻ തുടങ്ങി…അയാൾ പലപ്പോഴും സഹായിച്ചു…പുഞ്ചിരിയുടെ…ചെറിയ വാക്കുകളിലൂടെ… അവൻ സന്തോഷത്തോടെ വിജയകരമായി interview പൂർത്തിയാക്കി. പുറത്തിറങ്ങിയ ശരണിന്റെ ചിന്തകൾ ഇങ്ങനെയായിരുന്നു: ആ interview കഴിഞ്ഞപ്പോൾ ജോലി കിട്ടുമോയെന്നതല്ലായിരുന്നു എന്റെ ചിന്ത. ലോകം കീഴടക്കിയ ഒരാളുടെ സന്തോഷമായിരുന്നു എന്റെ ഉള്ളിൽ.” അവൻ നേരെ ചെന്നത് തന്റെ പേര് ചോദിച്ച സുഹൃത്തിന്റെ അടുത്തേക്കായിരുന്നു. അദ്ദേഹത്തെ shake hand ചെയ്തിട്ട് സന്തോഷത്തോടെ അവൻ പറഞ്ഞു: “ഹായ്, എന്റെ പേര് ശരൺ…!” ചിത്രം അവസാനിക്കുന്നത് ഇങ്ങനെയല്ല. ഇതിനൊരു tail end ഉണ്ട്. അല്പംകഴിഞ്ഞു interview വിനിരുന്ന Madam ത്തിന്റെ ചോദ്യം: “സാറെന്തിനാണ് അയാളുടെ മുൻപിൽ വിക്കഭിനയിച്ചത്? സാറിന്റെ പ്രസന്നമായ മുഖം സ്‌ക്രീനിൽ …ഒപ്പം പല അർഥങ്ങൾ ഒളിപ്പിച്ചു വച്ച ഒരു ചിരിയും!

സ്നേഹമുള്ളവരേ, ജീവിതത്തിന്റെ വഴികളിൽ ആക്രമിക്കപ്പെട്ടു തളർന്നു വീഴുന്നവർ ഏറെയാണ്. നിങ്ങളും ഞാനും അതിലുണ്ട്. നമ്മുടെ മാതാപിതാക്കളും മക്കളും അതിലുണ്ട്.  സ്ത്രീകളും പുരുഷന്മാരും അതിലുണ്ട്. ആക്രമിക്കുന്നത് ലേബലൊട്ടിച്ച കള്ളന്മാരോ, തീവ്രവാദികളോ ആയിരിക്കണമെന്നില്ല. നമുക്കുണ്ടാകുന്ന ജീവിത പരാജയങ്ങൾ, നമ്മുടെ കുറവുകൾ, നമുക്ക് സംഭവിക്കുന്ന ചില ദുരന്തങ്ങൾ, ബന്ധങ്ങളിലെ വിള്ളലുകൾ, നമ്മിലെ തന്നെ അപകർഷതാബോധം നിറഞ്ഞ മനസ്സ്, നാം മറ്റുള്ളവരോടും, മറ്റുള്ളവർ നമ്മോടും പറയുന്ന കാര്യങ്ങൾ…സാമ്പത്തിക തകർച്ചകൾ … കോവിഡ് പോലെയുള്ള

India's secret torture chambers : A book and an essay | Indian Vanguard

മഹാമാരികൾ, രോഗങ്ങൾ, അങ്ങനെയങ്ങനെ അക്രമികൾ ധാരാളമാണ് നമുക്ക് ചുറ്റും. വിജനമായ വഴികൾ മാത്രമായിരിക്കണമെന്നില്ല ആക്രമിക്കപ്പെടുന്ന സ്ഥലങ്ങൾ. അതെവിടെയുമാകാം, സ്കൂൾ, നമ്മുടെ വീട്, കളിസ്ഥലങ്ങൾ നമ്മുടെ ഇടവക ദേവാലയം, സുഹൃദ്‌വലയങ്ങൾ, പൊതുസ്ഥലങ്ങൾ, സർക്കാർ ഓഫീസുകൾ…അങ്ങനെ ധാരാളം ഇടങ്ങളുണ്ട് നാം ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതായി. ശാരീരികമായി മാത്രമല്ല ഈ ആക്രമണങ്ങൾ എന്നും അറിഞ്ഞിരിക്കുക. ശാരീരികമായും, മാനസികമായും, വൈകാരികമായും, ആധ്യാത്മികമായും ഒക്കെ ആക്രമണങ്ങൾ നമ്മെത്തേടിയെത്തും.

ഈ ലോകത്തു എവിടെയെല്ലാം ദൈവമക്കൾ ആക്രമിക്കപ്പെടുന്നുണ്ടോ, അവിടെയെല്ലാം നല്ല സമരിയാക്കാരിയാകാനുള്ള, നല്ല സമരിയാക്കാരനാകാനുള്ള വിളിയാണ് ഓരോ ക്രൈസ്തവനും ഉള്ളത്.   കഥയിലെ മറുവശത്തുകൂടി കടന്നുപോകുന്ന പുരോഹിതനാകാനുള്ള വിളിയല്ല ക്രൈസ്തവനുള്ളത്; കണ്ടെങ്കിലും അവഗണിച്ചു കടന്നുപോകുന്ന ലെവായനാകാനുമുള്ള വിളിയല്ല ക്രൈസ്തവനുള്ളത്. പിന്നെയോ,മനസ്സലിഞ്ഞു, അടുത്തുചെന്ന്, എണ്ണയും വീഞ്ഞുമൊഴിച്ചു, മുറിവുകൾ വച്ചുകെട്ടി, സ്വന്തം കഴുതപ്പുറത്തിരുത്തി സത്രത്തിൽ കൊണ്ട് പോയി പരിചരിക്കുന്ന നല്ല സമരിയാക്കാരിയാകാനുള്ള, നല്ല സമരിയാക്കാരനാകുള്ള, നല്ല അയൽക്കാരനാകാനുള്ള, നല്ല അയൽക്കാരിയാകാനുള്ള വിളിയാണ് ഓരോ ക്രൈസ്തവന്റെയും ജീവിതം. മറ്റുള്ളവരുടെ ജീവിതാവസ്ഥയോളം താഴ്ന്നു ചെന്ന്, അവരെ ആശ്വസിപ്പിച്ചു അവരുടെ ജീവിത സന്തോഷം തിരികെക്കൊടുക്കുന്ന നല്ല സമരാക്കാരനാകുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് പ്രിയപ്പെട്ടവരേ. വീണുപോയവനെ ഒന്നുകൂടി കാലുയർത്തി തൊഴിക്കുവാനുള്ള വിളിയല്ലാ, വീണുകിടക്കുന്നവരെ പിടിച്ചെഴുന്നേൽപ്പിക്കുവാനുള്ള വിളിയാണ് നമ്മുടേത്. അവളുടെ, അവന്റെ ജീവിതം സന്തോഷംകൊണ്ട് നിറയ്ക്കുവാനുള്ള വിളിയാണ് നമുക്കുള്ളത്.    

കഴിഞ്ഞ ദിവസം എനിക്ക് ലഭിച്ച ഒരു ഇമെയിൽ എന്നെ ഒത്തിരി കരയിപ്പിച്ചു. എന്റെ ഒരു വൈദിക സുഹൃത്താണ് കത്തെഴുതിയത്. തെറ്റിദ്ധാരണകളുടെ ഫലമായി പ്രാർത്ഥനയുടെ കാലത്തിലൂടെ കടന്നുപോകുന്ന ആളാണ് അദ്ദേഹം. കത്തിലെ പ്രസക്ത ഭാഗം ഇങ്ങനെയാണ്. “….വഴിയിൽ വീണുപോയ ഒരാളാണ് ഞാൻ.  ആക്രമിക്കപ്പെടുമ്പോഴും   ശബ്ദമുയർത്താൻ കഴിയാതെപോയി. എന്നാലും ദൈവേഷ്ടമാണെന്ന് വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോയപ്പോൾ വീണുകിടക്കുന്ന എന്നെ വീണ്ടും ചവിട്ടാനാണ് പലരും ശ്രമിക്കുന്നത്. ഈയിടെയും ബോസിന്റെ ഒരു കത്ത് കിട്ടി. എനിക്ക് ഒട്ടും അറിവില്ലാത്ത ആരോപണം അദ്ദേഹം അതിൽ ഉന്നയിച്ചിരിക്കുകയാണ്. വീണ്ടും വീണ്ടും ആക്രമിക്കപ്പെടുകയാണ്.  അഹങ്കാരത്തോടെ ഞാൻ സന്തോഷിച്ചു നടക്കുകയാണ് പോലും! ഞാൻ എന്താണ് ചെയ്യേണ്ടത്? വിശദീകരിച്ചു നാണം കെടണോ? അറിയില്ല. …

ആ സഹോദരനുവേണ്ടി കുറെ നേരം പ്രാർത്ഥിച്ചതിനുശേഷം ഞാൻ ഇങ്ങനെ വളെരെ ഹൃസ്വമായ ഒരു മറുപടി എഴുതി:

പ്രിയ സുഹൃത്തേ, നിന്റെ ജീവിതവഴികളിൽ തീർച്ചയായും ഒരു നല്ല സമരിയാക്കാരൻ വരും. പ്രാർത്ഥനയോടെ,

സമാപനം

സ്നേഹമുള്ളവരേ, സകല ജനത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയായ ക്രിസ്തു ജീവിതസന്തോഷമായി നമ്മിലുണ്ട് എന്ന ഉറച്ച വിശ്വാസത്തോടെ നമുക്ക് ഈ മഹാമാരിക്കാലത്തെ നേരിടാം. ജീവിതത്തിലേക്ക് കടന്നുവരുന്ന ആക്രമണങ്ങൾ നമ്മിലെ സന്തോഷം തകർക്കുമ്പോൾ നമുക്ക് പരസ്പരം നല്ല അയൽക്കാരാകാം  – ആ സന്തോഷം തിരികെ പിടിക്കുവാൻ. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നല്ല അയൽക്കാരായി കടന്നുചെന്നുകൊണ്ട് “നിങ്ങൾ ഇപ്പോഴും കർത്താവിൽ സന്തോഷിക്കുവിൻ” (ഫിലി 4, 4) എന്ന സന്ദേശം പകർന്നു നൽകാം.

ജീവിതത്തിന്റെ വഴികളിൽ വീണുപോയവരെ വീണ്ടും വീണ്ടും തൊഴിക്കാതെ, അവരെ, അലിവിന്റെ, സാന്ത്വനത്തിന്റെ, സ്നേഹത്തിന്റെ ലേപനം നൽകി കാരുണ്യത്തിന്റെ കരങ്ങൾ പിടിച്ചു നമുക്ക് എഴുന്നേല്പിക്കാം. അവരുടെയും നമ്മുടെയും ജീവിതങ്ങൾ സന്തോഷംകൊണ്ട് നിറയ്ക്കാം. ആമേൻ!

One thought on “sunday sermon lk 10, 25-37”

Leave a comment