
ഒന്ന്
വിശുദ്ധ അന്തോണീസ്
ജൂൺ 13
വിശുദ്ധ കുർബാന ദൈവികതയുടെ സമ്പൂർണതയാണ്; അത് സർവ വ്യാപിയായ ഒരാർദ്രസാന്നിധ്യമാണ്. ഈ പ്രപഞ്ചമാകെ, സൂര്യനും ചന്ദ്രനും, നക്ഷത്രങ്ങളും, മണ്ണും, മനുഷ്യനും, മരങ്ങളും പുഷ്പങ്ങളും, ഭൂമിയിലെ ചെറുതും വലുതുമായതെല്ലാം ഈ സാന്നിധ്യത്തിന്റെ ബിംബങ്ങളാണ്. വിശുദ്ധ കുർബാനയിലെ ത്യാഗത്തിന്റെ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, നന്മയുടെ അനസ്യൂതമായ പ്രവാഹമാണ് പ്രപഞ്ചം മുഴുവനും. ഇവിടെ നാം കണ്ടുമുട്ടുന്ന പ്രത്യക്ഷരൂപങ്ങളെല്ലാം വിശുദ്ധ കുർബാനയെ വെളിപ്പെടുത്തുകയാണ്. വിശുദ്ധ കുർബാനയെ പ്രപഞ്ചം വളരെ വ്യക്തമായി അറിയുന്നുണ്ട്. അരുണോദയത്തോടൊപ്പം ഉണരുന്ന പ്രകൃതി, ആകാശത്ത് വിരിയുന്ന നിറച്ചാർത്തുകളോടൊപ്പം, കിഴക്കൻകാറ്റിന്റെ നനുനനുപ്പിനൊപ്പം, ആ കാറ്റിലാടുന്ന ഇലകളോടൊപ്പം, പക്ഷികളുടെ പാട്ടിനൊപ്പം, വിശുദ്ധ കുർബാനയെ സ്തുതിക്കുന്നത് പ്രഭാതങ്ങളിലെ ദൈവിക വിസ്മയമാണ്! പ്രപഞ്ചത്തിലുള്ളവയുടെ ബോധത്തിന്റെ ഭാവനാസഞ്ചാരങ്ങളെ മനസ്സിലാക്കുവാൻ സാധാരണ മനുഷ്യന് കഴിയുന്നില്ലെങ്കിലും വിശുദ്ധ കുർബാനയിൽ ദൈവികതയെ അനുഭവിക്കുവാൻ പ്രപഞ്ചത്തിലുള്ളവയ്ക്കാകുന്നുണ്ട്. മനുഷ്യനാകട്ടെ പ്രതീക നിബിഡവും അർത്ഥസാന്ദ്രവുമായ ഹൃദയ ഭാഷയിൽ വിശുദ്ധ കുർബാനയെ മനസ്സിലാക്കുന്നുണ്ട്; അതിന്റെ മൂർത്ത ബിംബങ്ങളെ പ്രകൃതിയിൽ ദർശിക്കുന്നുമുണ്ട്. അതുകൊണ്ടാണ് പുലരിയിൽ ഉദിച്ചു നിൽക്കുന്ന സൂര്യനിൽ തിരുവോസ്തിയിലെ ക്രിസ്തുവിനെ കാണാൻ ജെസ്യൂട്ട് വൈദികനായ പിയറെ തെയ്യാർദെ ഷെർദാന് (Teilhard de Chardin 1881-1955) കഴിഞ്ഞത്. ഭാരതത്തിലെ പരിസ്ഥിതിസ്നേഹിയും (Indian environmentalist) ചിപ്കോ പ്രസ്ഥാനത്തിന്റെ (Chipko Movement) ന്റെ സ്ഥാപകനുമായ സുന്ദർലാൽ ബഹുഗുണ ഒരു പുഷ്പത്തെ തലോടുമ്പോഴും, ഒരു വൃക്ഷത്തെ ആലിംഗനം ചെയ്യുമ്പോഴും അനുഭവിക്കുന്നത് ഇതേ ദൈവികതയെയാണ്.
വിശുദ്ധ അന്തോണീസ് പ്രപഞ്ചം അറിയുന്ന, പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിശുദ്ധ കുർബാനയുടെ കൂട്ടുകാരനായിരുന്നു. വിശുദ്ധ കുർബാനയുടെ ജീവിതത്തിന്റെ സ്പന്ദനങ്ങൾ അപൂർവമായ ചാരുതയോടെ വിശുദ്ധന്റെ ജീവിതത്തിൽ ആവിഷ്കൃതമായിട്ടുണ്ട്. വിശുദ്ധന്റെ ജീവിതം അടുത്തറിയുന്ന ഓരോരുത്തരുടെയും ഉള്ളിലും വിശുദ്ധ കുർബാനയോടുള്ള സ്നേഹം പതുക്കെ പതുക്കെ പിറവികൊള്ളുന്നത് അത്ഭുതത്തോടെയേ കാണുവാൻ സാധിക്കൂ. വിശുദ്ധ കുർബാനയുടെ വികാസവും, വ്യാപനവുമായിരുന്നു (the extension and expansion of Holy Eucharist) വിശുദ്ധന്റെ ജീവിതം!
അദ്ദേഹത്തിന്റെ ജീവിതത്തിൽ വിശുദ്ധ കുർബാന വെറുമൊരു ആചാരമോ, അലങ്കാരമോ ആയിരുന്നില്ല. വിശുദ്ധ കുർബാന അദ്ദേഹത്തിന് ജീവിതം തന്നെയായിരുന്നു, ജീവിതമൂല്യമായിരുന്നു. പോർച്ചുഗലിൽ ലിസ്ബൺ എന്ന നഗരത്തിലെ ധനികകുടുംബത്തിന്റെ ആഡംബരങ്ങളെല്ലാം ഉപേക്ഷിച്ച്, വൈദികനായി, സന്യാസിയായി, ഈശോയെ കരങ്ങളിലും, അധരങ്ങളിലും, ജീവിതത്തിലും വഹിച്ചുകൊണ്ട് ജീവിച്ച് മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ ശക്തി, പ്രചോദനം വിശുദ്ധ കുർബാനയായിരുന്നു.
അതുകൊണ്ടായിരിക്കണം, വിശുദ്ധ കുർബാനയിൽ ദൈവ സാന്നിധ്യമില്ലെന്ന് വാദിച്ചൊരു യഹൂദന്റെ വെല്ലുവിളി ധൈര്യപൂർവം അന്തോണീസ് ഏറ്റെടുത്തത്. വെല്ലുവിളി ഇങ്ങനെയാണ്: യഹൂദന് ഒരു കഴുതയുണ്ട്. അതിനെ മൂന്നുദിവസം അദ്ദേഹം പട്ടിണിക്കിടും. മൂന്നാം ദിവസം കഴുതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം അതിന് കൊടുക്കും. ആ സമയം തന്നെ അന്തോണീസച്ചൻ തിരുവോസ്തിയുമായി കഴുതയുടെ മുൻപിൽ എത്തണം. കഴുത ഭക്ഷണം ഉപേക്ഷിച്ച് വിശുദ്ധ കുർബാനയെ വണങ്ങുകയാണെങ്കിൽ യഹൂദൻ വിശുദ്ധ കുർബാനയിലെ ദൈവസാന്നിധ്യം വിശ്വസിക്കും. വെല്ലുവിളി സ്വീകരിച്ച അന്തോണീസച്ചൻ മൂന്നാം ദിവസം വിശന്നു വലഞ്ഞിരിക്കുന്ന കഴുതയുടെ മുൻപിൽ തിരുവോസ്തിയുമായി നിന്നു. യഹൂദനാകട്ടെ ഭക്ഷണവുമായും. ആളുകളെല്ലാം ആകാംക്ഷയോടെ നോക്കി നിൽക്കുകയായിരുന്നു. അപ്പോൾ അതാ, വിശന്നിരുന്ന ആ കഴുത ഭക്ഷണം ഒന്ന് നോക്കുകപോലും ചെയ്യാതെ തലകുനിച്ച് വിശുദ്ധ കുർബാനയെ ആരാധിച്ചു! ഈ പ്രപഞ്ചം മുഴുവൻ വിശുദ്ധ കുർബാനയെ അറിയുന്നു എന്നത് എത്രയോ സത്യമാണ്!
വിശുദ്ധ അന്തോണീസിനെ വിശുദ്ധിയിൽ, ദൈവിക ഭ്രമണപഥത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്ന ഊർജസൂത്രവാക്യമായിരുന്നു വിശുദ്ധ കുർബാന. അദ്ദേഹം, താൻ ജീവിച്ചിരുന്ന കാലത്തെ വചന പ്രഘോഷകരിൽ മുന്പനായതും, അദ്ദേഹത്തിന് വിശുദ്ധ ഗ്രന്ഥത്തിൽ അവഗാഹമായ പാണ്ഡിത്യം ഉണ്ടായതും, പാവങ്ങളോടും രോഗികളോടും ഹൃദയാർദ്രമായ സ്നേഹം ഉണ്ടായതും, വിശുദ്ധ കുർബാനയിലുള്ള വിശ്വാസത്തിന് ജീവിതത്തിൽ ദൃശ്യാവിഷ്‌കാരം നല്കിയതുകൊണ്ടാണ്.
ഓരോ ക്രൈസ്തവന്റെയും പ്രത്യക്ഷമായ ക്രൈസ്തവജീവിതത്തിന്റെ അളവുകോൽ വിശുദ്ധ കുർബാനയാണ്.
