ശ്ളീഹാക്കാലം അഞ്ചാം ഞായർ
ലൂക്ക 12, 16 – 34
സന്ദേശം
ഒരായിരം ആകുലതകളുടെ നടുവിലാണ് ഇന്ന് മനുഷ്യർ! മഹാമാരിയായ കോവിഡ് തന്നെയാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആകുലത. അതോടൊപ്പം തന്നെയുള്ള ആകുലതയാണ് ജീവിതത്തെക്കുറിച്ചുള്ളത്. സർക്കാരുകൾ ലോക്ക് ഡൗൺ പ്രാഖ്യാപിച്ചും, നിർബന്ധങ്ങളും, ഇളവുകളും, കിറ്റുകളും നൽകുന്നുണ്ടെങ്കിലും വരുമാനമില്ലാത്ത സാഹചര്യത്തിൽ എന്തുചെയ്യും എന്നുള്ളത് ഉള്ളു പൊള്ളുന്ന ആകുലതയാണ്. അപ്പോഴാണ് ഉള്ള പൈസപോലും തട്ടിയെടുക്കുന്ന സർക്കാരുകളുടെ പെട്രോൾ വിലവർധന! ആരും പ്രതികരിക്കാത്തതുകാണുമ്പോൾ ആകുലത കൂടുകയാണ്. അതോടൊപ്പം തന്നെ ലവ് ജിഹാദുപോലുള്ള വർഗീയ പ്രശ്നങ്ങൾ വേറെയും. അങ്ങനെയൊന്നില്ലെന്ന് ക്രാസിത്വ അധികാരികൾ തന്നെ പറയുമ്പോൾ അതിന്റെ വേദന അനുഭവിക്കുന്നവർ വാവിട്ട് കരയുകയാണ്. അങ്ങനെയങ്ങനെ ആകുലതകൾ ഏറുകയാണ്. ജീവിതത്തിലേക്ക് അരിച്ചിറങ്ങുന്ന ആകുലതകൾക്കിടയിലും, ദൈവത്തിന്റെ വചനം ആശ്വാസത്തിന്റെ ഔഷധമായി നമ്മിലേക്കെത്തുകയാണ്. നമ്മെ കരുതുന്ന, വിലമതിക്കുന്ന പിതാവായ ദൈവത്തിന്റെ വലിയ പരിപാലനയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം.
വ്യാഖ്യാനം
ദൈവപരിപാലനയിൽ ആശ്രയം വയ്ക്കുക എന്ന മനോഹരമായ സന്ദേശവുമായിട്ടാണ് ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. സുവിശേഷം തുടങ്ങുന്നത് “അതിനാൽ ഞാൻ നിങ്ങളോടു പറയുന്നു” എന്നും പറഞ്ഞുകൊണ്ടാണ്. എന്തുകൊണ്ടാണ് ഈശോ അതിനാൽ എന്ന് പറയുന്നത്. മുൻപ് പറഞ്ഞ ഒന്നിന്റെ, ഒരു വാദത്തിന്റെ, ഒരു പ്രസ്താവനയുടെ സമാപനം ആയിട്ടാണ് ഈശോ തുടർന്നുള്ള കാര്യങ്ങൾ പറയുന്നത്. ആരാധനാക്രമ കലണ്ടറിൽ വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 12 ലെ 16 മുതലുള്ള വാക്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും, ഒന്ന് ചുരുക്കാൻ വേണ്ടി നാം ഇന്ന് 22 മുതലുള്ള വാക്യങ്ങളാണ് വായിച്ചു കേട്ടത്. ആദ്യഭാഗത്തെ ഈശോയുടെ പ്രസ്താവനയുടെ ചുരുക്കം ഇതാണ്: മനുഷ്യൻ ലൗകിക കാര്യങ്ങളിൽ, സമ്പത്തിൽ, ലോകവസ്തുക്കളെക്കുറിച്ചുള്ള അത്യാഗ്രഹങ്ങളിൽ മുഴുകി ജീവിക്കേണ്ടവനല്ല. കാരണം, ഈ ഭൂമിയിലെ മനുഷ്യ ജീവിതം ധന്യമാകുന്നത് സമ്പത്തുകൊണ്ടല്ല. പിന്നീട് ഭോഷനായ മനുഷ്യന്റെ ഉപമയും ഇതിനോട് ചേർത്ത് പറഞ്ഞിട്ട് ഈശോ പറയുന്നു: ‘ആത്മാവാണ്, ജീവനാണ് പ്രധാനപ്പെട്ടത്. ദൈവ സന്നിധിയിലാണ് മനുഷ്യർ സമ്പന്നരാകേണ്ടത്. അല്ലാതെ, ആത്മാവിനെ മറന്ന് തിന്നുകുടിച്ച് ആനന്ദിക്കുകയല്ല വേണ്ടത്.
ഇത്രയും പറഞ്ഞിട്ട് ഈശോ പറയുകയാണ്, “അതിനാൽ”. “അതിനാൽ” എന്നും പറഞ്ഞ് ഈശോ നടത്തുന്ന മനോഹരമായ ഈ പ്രഭാഷണത്തിന് സമാനതകളില്ല. ബുദ്ധിസത്തിലും മറ്റും ആകുലരാകരുത്, ആഗ്രഹങ്ങളാണ്, അതുമൂലമുണ്ടാകുന്ന ആകുലതകളാണ് ഈലോകത്തിലെ ദുരിതങ്ങൾക്കെല്ലാം കാരണമെന്നൊക്കെ പറയുന്നുണ്ടെങ്കിലും, ഇന്നുവരെ ഇത്രയും വ്യക്തമായി, ലളിതമായി, ജീവിതബന്ധിയായി ഇതുപോലൊരു സന്ദേശം ആരും അവതരിപ്പിച്ചിട്ടില്ല. നമുക്ക് പിതാവായി ദൈവമുണ്ടെന്നും, ആ ദൈവം നമ്മെ വിലമതിക്കുന്നവനാണെന്നും, ആ ദൈവത്തിന്റെ പരിപാലനയിൽ ആയിരിക്കുമ്പോൾ നാം ആകുലപ്പെടേണ്ടതില്ലെന്നും എത്രയോ മനോഹരമായാണ് ഈശോ പറഞ്ഞുവയ്ക്കുന്നത്!
ഇതേകാര്യം വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പറയുമ്പോൾ സ്ഥിതപ്രജ്ഞനായ ഒരു ഗുരുവിനെപ്പോലെ ഈശോ ഏറ്റവും അവസാനമായി പറഞ്ഞു വയ്ക്കുന്ന ഒരു സന്ദേശമില്ലേ? എന്താണത്? ” ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി.” (മത്താ 6, 34) ഈ സുവിശേഷ ഭാഗത്തിന്റെ കാച്ചിക്കുറുക്കിയ രൂപമാണത്. മകളേ, മകനേ അന്നന്നുവേണ്ട ആഹാരം നിനക്ക് മതി. ഇന്ന് നിന്നെ സംരക്ഷിക്കുന്നവന് നാളെയും മറ്റന്നാളും നിന്നെ സംരക്ഷിക്കുവാൻ കഴിയും എന്നല്ലേ ഈശോ നമ്മോടു പറയുന്നത്? ആകുലപ്പെട്ടിട്ട് എന്തുകാര്യം? ഉണ്ട്, കാര്യമുണ്ട്. ഹാർട്ട് അറ്റാക്ക് വരുത്താം, വയറ്റിൽ അൾസറുണ്ടാക്കാം, രോഗിയായിമാറാം, വലിയ ആശുപത്രികളെ പൈസ കൊടുത്തു സഹായിക്കാം. നിങ്ങൾക്ക് പാപ്പരാകാം. ഇതിൽ കൂടുതൽ ഒന്നും സംഭവിക്കല്ല പ്രിയപ്പെട്ടവരേ. എന്നാൽ, ദൈവത്തിന്റെ വചനം ശ്രവിക്കുക യാണെങ്കിൽ,അതിൽ വിശ്വസിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തെ ദൈവം സുന്ദരമാക്കും. ‘എന്റെ മക്കളേ, ചെറിയ അജഗണമേ, ഭയപ്പെടേണ്ട. എന്തന്നാൽ നിങ്ങൾക്കാവശ്യമുള്ളതെല്ലാം നൽകാൻ പിതാവായ ദൈവം പ്രസാദിച്ചിരിക്കുന്നു.’ (ലൂക്ക 12, 32)
സ്നേഹമുള്ളവരേ, മൂന്ന് കാര്യങ്ങൾ ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഒന്ന്, നമ്മെ പരിപാലിക്കുന്ന, നമ്മുടെ പിതാവായ ദൈവത്തിൽ വിശ്വസിക്കുക.
പഴയ നിയമത്തിൽ നിന്നും രക്ഷാകര പദ്ധതിയോടൊപ്പം സഞ്ചരിക്കുന്ന മനോഹരമായ ഒരു ആദ്ധ്യാത്‌മിക ഭാവമാണ് ദൈവത്തിൽ ആശ്രയിക്കുകയെന്നത്. ദൈവപരിപാലയിൽ പൂർണമായി വിശ്വസിച്ചുകൊണ്ട് ജീവിച്ചാൽ ദൈവത്തിന്റെ രക്ഷ സ്വന്തമാക്കാമെന്നും, ദൈവം തന്റെ സ്നേഹപരിപാലനയുടെ ചിറകിൻ കീഴിൽ മനുഷ്യവർഗത്തെ പരിരക്ഷിക്കുമെന്നും ഉള്ളതിന്റെ വ്യക്തമായ ചരിത്രമാണ് വിശുദ്ധ ഗ്രന്ഥ ത്തിൽ ഇതൾ വിരിയുന്നത്. ഉത്പത്തി പുസ്തകം ഇരുപത്തിരണ്ടാം അദ്ധ്യായ ത്തിൽ അബ്രാഹത്തിന്റെ ദൈവപരിപാലനയിലുള്ള വിശ്വാസം നാം കാണുന്നുണ്ട്. ദൈവം കാണിച്ചുകൊടുത്ത നാട്ടിലേക്ക് സർവവും ഉപേക്ഷിച്ചു, ദൈവത്തിന്റെ വാക്കിൽ മാത്രം വിശ്വസിച്ചു യാത്രതിരിച്ചവനാണ് അബ്രഹാം. അബ്രാഹത്തിനു തെറ്റ് പറ്റിയോയെന്നു നമുക്ക് സംശയം തോന്നുമെങ്കിലും, ദൈവം അവനെ എല്ലാം നൽകി അനുഗ്രഹിക്കുകയാണ്. അവസാനം ദൈവം നൽകിയ മകനെയും കൊണ്ട് ബലിയർപ്പിക്കുവാൻ പോകുമ്പോൾ അവൻ ചോദിക്കുകയാണ്: ദഹനബലിക്കുള്ള കുഞ്ഞാടെവിടെ? അതിനുള്ള മറുപടി, സ്നേഹമുള്ളവരേ, ശ്രദ്ധേയമാണ്. അബ്രാഹം പറഞ്ഞു: “ദൈവം തന്നെ തരും“. (22, 8) എത്രവട്ടം നാം നമ്മുടെ ജീവിത സാഹചര്യങ്ങളിൽ, ഇല്ലായ്മയുടെ, ദാരിദ്ര്യത്തിന്റെ, നഷ്ടങ്ങളുടെ നീറുന്ന സാഹചര്യങ്ങളിൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്?
ഉത്പത്തി പുസ്തകത്തിലെ ജോസഫ് കഠിനമായ പരീക്ഷണങ്ങളെല്ലാം കഴിഞ്ഞു സഹോദരെ വീണ്ടും കണ്ടുമുട്ടിയപ്പോൾ പറയുകയാണ്: “ജീവൻ നിലനിർത്താൻ വേണ്ടി ദൈവമാണ് എന്നെ നിങ്ങൾക്കുമുന്പേ ഇങ്ങോട്ട യച്ചത്”. പുറപ്പാടിന്റെ പുസ്തകത്തിൽ പരാതി പറയുന്ന ജനത്തിനുമുന്പിൽ, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയിൽ നിന്നുകൊണ്ട്, ഒരു നുള്ളു ഗോതമ്പിനുപോലും സാധ്യമല്ലാത്ത അവസ്ഥയിൽ നിന്നുകൊണ്ട് മോശ ഇസ്രായേൽ ജനത്തിനോട് പറയുന്നത് എന്താണെന്നറിയോ? “നിങ്ങൾക്ക് ഭക്ഷിക്കുവാൻ വൈകുന്നേരം മാംസവും, രാവിലെ വേണ്ടുവോളം അപ്പവും കർത്താവ് തരും”. (16, 8) എങ്ങനെയാണ് ഇത്രയും ദൈവാശ്രയത്തിൽ ജീവിക്കുവാൻ സാധിക്കുക!
ഒന്നുമില്ലാത്തവരായി വാഗ്ദാനദേശത്തേയ്ക്കു നടക്കുന്ന ഇസ്രായേൽ ജനം മനുഷ്യ നിസ്സഹായതയുടെ ഒരു നേർചിത്രമാണ്. തിന്നാനില്ല, കുടിക്കാനില്ല, ഉടുക്കാനില്ല, മരണത്തിന്റെ നിഴലിലാണ് എപ്പോഴും. ഈ അവസ്ഥയിലും, ജനം പറയുന്നു: ” കർത്താവാണ് എന്റെ ഓഹരിയും, പാനപാത്രവും. എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.” (സങ്കീ: (16, 5) ഇത്രയും ദൈവാശ്രയം നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആശിക്കുകയാണ്!
ബൈബിളിലെ ഓരോ പുസ്തകത്തിലും ദൈവപരിപാലനയിലുള്ള വിശ്വാസത്തിന്റെ, വിശ്വാസ പ്രകടനത്തിന്റെ കഥകളാണ്, സംഭവങ്ങളാണ് നാം വായിക്കുക. അവസാനം, പഴയനിയമത്തിന്റെ, പ്രവചനങ്ങളുടെ, നിയമത്തിന്റെ എല്ലാം പൂർത്തീകരണമായി ക്രിസ്തു വന്നപ്പോൾ അവിടുന്ന് പറയുന്നു: ‘സ്നേഹമുള്ള മക്കളെ, നിങ്ങൾ ആകുലപ്പെടരുത്. കലവറയോ, കളപ്പുരകളോ ഇല്ലാത്ത പക്ഷികളെ പോറ്റുന്നവനാണ് നമ്മുടെ ദൈവം. ഒന്നും അറിയാത്ത വയൽപ്പൂക്കളെ അണിയിച്ചൊരുക്കുന്നവനാണ് നമ്മുടെ ദൈവം. എങ്കിൽ, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നിങ്ങളെ ദൈവം പോറ്റാതിരിക്കുമോ?’
ഇല്ല. ഇല്ലായെന്ന് നാം ഉറക്കെ പറയണം. പക്ഷെ, ഈശോ പറയുന്നു: ‘അങ്ങനെ ഓരോ നിമിഷവും, ദൈവപരിപാലനയിൽ ആയിരിക്കുവാൻ നിന്നെ, നിന്റെ നിക്ഷേപത്തെ, ദൈവത്തിനു സമർപ്പിക്കുക. നീ ദൈവാശ്രയത്തിൽ ആണെന്നുള്ളതിന്റെ അടയാളമാണത്. കാരണം, “നിന്റെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിന്റെ ഹൃദയവും”. (ലൂക്ക 12, 34) നമ്മെ പരിപാലിക്കുന്ന പിതാവായ ദൈവത്തെ കാണുവാൻ കഴിയുന്നില്ലെങ്കിലും, നമ്മുടെ ജീവിത വഴികളിലെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങൾ ദൈവത്തിന്റെ സ്നേഹപരിപാലനയിൽ വിശ്വസിക്കുവാൻ നമ്മെ ശക്തിപ്പെടുത്തും.
നല്കപ്പെട്ടതിനെ കെട്ടിപ്പിടിച്ചു വയ്ക്കുന്നതല്ല ബുദ്ധി, തരുന്നവനെ ആശ്രയിക്കുന്നതാണ് എന്നറിയുന്നവർക്കേ ദൈവാശ്രയത്തിന്റെ സാന്ദര്യം ആസ്വദിക്കുവാൻ കഴിയുകയുള്ളൂ.
രണ്ട്, ദൈവത്തിന്റെ മുൻപിൽ വിലയുള്ളവരാണ് നാം. മനുഷ്യജീവൻ ഭക്ഷണത്തിനും വസ്ത്രത്തിനും മാത്രമല്ല ഈ ഭൂമിയിലുള്ള എല്ലാറ്റിനും ഉപരിയാണ്. ദൈവം ഈ ലോകത്തെ, ലോകത്തിലെ സർവ്വതിനേയും, പ്രത്യേകിച്ച് മനുഷ്യരെയും വിലയുള്ളതായി കാണുന്നവനാണ്. എത്രത്തോളം? ‘തന്റെ ഏകപുത്രനെ നൽകുവാൻ തയ്യാറാകുന്നിടത്തോളം.’ (യോഹ 3, 16) വിതയ്ക്കുകയോ, കൊയ്യുകയോ ചെയ്യാതെ, കാലവറയോ കളപ്പുരകളോ ഇല്ലാതെ ദൈവം തീറ്റിപ്പോറ്റുന്ന ഈ ലോകത്തിലെ പക്ഷികളേക്കാൾ വിലയുള്ളവരാണ് മനുഷ്യർ എന്ന് ഇന്നത്തെ ലോകം മറന്നു പോകുന്നു. നൂൽ നൂൽക്കുകയോ, വസ്ത്രം നെയ്യുകയോ ചെയ്യാത്ത വയൽപ്പൂക്കളെ മനോഹരമായി അണിയിക്കുന്ന ദൈവം നിന്നെയും എന്നെയും സംരക്ഷിക്കുമെന്ന് വിശ്വസിക്കുവാൻ ഇന്നത്തെ മനുഷ്യർ മടിക്കുന്നു. നല്കപ്പെട്ടതെല്ലാം നഷ്ടമാകുമ്പോഴും, രോഗം വരുമ്പോഴും, മഹാമാരി പിടിമുറുക്കുമ്പോഴും, വേദനകൾക്കിടയിലും, സന്തോഷത്തിലും, ആനന്ദത്തിലും എല്ലാം ദൈവത്തിന്റെ മുൻപിൽ വിലയുള്ളവരാണ് നാമെന്നു മറക്കാതെ ജീവിക്കുവാൻ നമുക്കാകട്ടെ.
മൂന്ന്, നമ്മിലൂടെയാണ് ഈ പ്രപഞ്ചത്തെ മുഴുവനും ഇന്ന് ദൈവം പരിപാലിക്കുന്നത്. മനുഷ്യ ജീവിതത്തെ സമ്പത്തും, സുഖങ്ങളും, അനിയന്ത്രിതങ്ങളായ ആഗ്രഹങ്ങളും ധാരാളം മലിനപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം അവളെ, അവനെ വളരെയേറെ സ്വാർഥരാക്കിയിട്ടുണ്ട്. ദൈവപരിപാലന അനുഭവിച്ചുകൊണ്ട് ഈ ഭൂമിയിലൂടെ മുന്നോട്ട് പോകുമ്പോൾ ആ ദൈവപരിപാലനയെ കണ്ടുമുട്ടുന്നവർക്ക് പകർന്നു നൽകിക്കൊണ്ട് മുന്നോട്ട് പോകുവാൻ നമുക്കാകണം. നേടിയെടുക്കാനും, സ്വന്തമാക്കാനും, തട്ടിപ്പറിച്ചെടുക്കാനും, കൊല്ലാനും, കൊല്ലിക്കുവാനും ലോകം ശ്രമിക്കുമ്പോൾ, ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത് പരിപാലിക്കുവാനാണ്. അല്ലെങ്കിൽ എങ്ങനെയാണ് പ്രിയപ്പെട്ടവരേ, ഈ പ്രപഞ്ചം, മനുഷ്യർ നിലനിൽക്കുക? വംശീയവെറി പൂണ്ടവരും, വർഗീയ വാദികളും, ദൈവമില്ലാത്തവരും, ദൈവത്തെ തള്ളിപ്പറയുന്നവരും, ബഹിരാകാശത്തുപോലും സംഹാരത്തിന്റെ കൈകൾ സ്ഥാപിക്കുവാൻ ശ്രമിക്കുന്നവരും, മഹാമാരിയ്ക്കെതിരെയുള്ള വാക്സിനെപോലും പണസമ്പാദനത്തിനുള്ള മാർഗമാക്കുന്നവരുമായി ധാരാളം മനുഷ്യർ ഓടിനടക്കുമ്പോൾ, വീണു കിടക്കുന്നവനെ, വേദനിക്കുന്നവനെ, സംരക്ഷിക്കുവാൻ പരിപാലിക്കുവാൻ ഇവിടെ ആരുമില്ല! ദൈവത്തിന്റെ മുഖങ്ങളാകുവാൻ, കൈകളാകുവാൻ, കാലുകളാകുവാൻ, ദൈവത്തിന്റെ ഹൃദയമുള്ളവരാകുവാൻ ഇവിടെ ആരുമില്ല! മലയാളത്തിലെ കവി സച്ചിദാനന്ദൻ പാടുന്നപോലെ, “ചെറിയൊരീ പ്രാണനും കയ്യിൽവച്ച് കനലിൽ ചവുട്ടി” നാം മർത്യർ ഓടുന്ന ഈ ഓട്ടത്തിൽ എല്ലാവരെയും കൈകോർത്തു പിടിക്കുവാൻ നമുക്കാകണം. കാരണം, പ്രകൃതിയുടെ ചെറിയൊരു ഭാഗം മാത്രമായ മനുഷ്യനെ ദൈവം ഇത്രമാത്രം ചേർത്തുപിടിക്കുന്നുണ്ടെങ്കിൽ, കരുതുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നമുക്കും അങ്ങനെ ചെയ്തുകൂടാ?
സമാപനം
സ്നേഹമുള്ളവരേ, ദൈവത്തിൽ, ദൈവ പരിപാലനയിൽ വിശ്വാസമുള്ളവരും, ബോധ്യമുള്ളവരും ആകുക! ദൈവത്തിനു എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ടെന്നും, അത് എന്റെ ക്ഷേമത്തിനുള്ള പദ്ധതിയാണ് എന്നും തിരിച്ചറിയുക. ജീവിതം അന്ധകാരം നിറഞ്ഞതാകുമ്പോൾ അറിയുക എന്നെ പ്രകാശത്തിലേക്ക് നയിക്കുവാനുള്ള പദ്ധതി ദൈവം ഒരുക്കുന്നുണ്ടെന്ന്. നിന്റെ ചുറ്റുമുള്ളവർ അതിശയിക്കും വിധം ദൈവം നിന്നെ വളർത്തുമ്പോൾ അതിലും ഉണ്ട് ഒരു ദൈവിക പദ്ധതി. നിന്നെ മുറിക്കുമ്പോൾ, രണ്ടു കഷണങ്ങളാക്കുമ്പോൾ, അതിനുള്ളിലുണ്ട് ഒരു അനുഗ്രഹ പദ്ധതി. നിന്റെ തകർച്ച മറ്റുള്ളവർക്ക്, ചിലപ്പോൾ നിനക്കുതന്നെ, ഒരനുഗ്രഹമാകും. നിന്നെ നന്നായി അറിയുന്ന, നിന്റെ പ്രകൃതി അറിയുന്ന നിന്റെ രൂപരേഖ അറിയുന്ന ദൈവത്തിന്റെ നിത്യമായ പദ്ധതി നിന്നിലൂടെ വെളിപ്പെടുകയാണ്. നിന്റെ ജീവിതത്തിലൂടെ, നിന്റെ കുടുംബത്തിൽ, നീയുമായി ചേർന്ന് നിൽക്കുന്നവരിൽ ദൈവത്തിന്റെ രക്ഷയുടെ, കാരുണ്യത്തിന്റെ പരിപാലനയുടെ സ്വർഗ്ഗചിറകുകൾ വിരിയട്ടെ. ദൈവത്തിന് നിന്നെത്തന്നെ സമർപ്പിക്കുക. നിന്റെ വളർച്ചകളും, വേദനകളും, മുറിവുകളും, ദൈവനാമമഹത്വത്തിനാകട്ടെ.

നമുക്ക് പ്രാർത്ഥിയ്ക്കാം, ഈശോയെ, സന്തോഷത്തിലും ബുദ്ധിമുട്ടിലും നിന്നിൽ ആശ്രയിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ! ആമ്മേൻ!
Reblogged this on Nelson MCBS.
LikeLike