രണ്ട്
വിശുദ്ധ തോമസ് മൂർ
ജൂൺ 22

ആധുനിക മനുഷ്യൻ ഒരു സ്വപ്നത്തിലെന്നപോലെ ലോകത്തിന്റെ, ശാസ്ത്രത്തിന്റെ രത്നങ്ങൾ വാരിക്കൂട്ടുന്ന തിരക്കിലാണ്. കോവിഡ് 19 മഹാമാരി അവളുടെ/അവന്റെ സ്വപ്നങ്ങളെയെല്ലാം തകിടം മറിച്ചെങ്കിലും, ഇപ്പോഴും ജീവിതവഴികളിൽ നിഴലുകൾ കോറിയിട്ട് അവൾ/അവൻ അവയെ ഉമ്മവച്ച് കളിക്കുകയാണ്! “ആഹാരത്തിനുവേണ്ടിയല്ലാതെ എന്തിന് പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിന് അദ്ധ്വാനിക്കുന്നു?” (ഏശയ്യാ 55, 2) തുടങ്ങിയ ദൈവിക ശബ്ദങ്ങൾക്കൊന്നും ചെവികൊടുക്കുവാൻ മനുഷ്യൻ തയ്യാറാകുന്നില്ല. നാം നിഴലുകൾക്ക് പിന്നാലെയാണ്. വെറും വ്യർത്ഥമായ ഓട്ടം! ഭക്ഷണവും ജലവും തേടി വഴിതെറ്റി അലയുന്ന മനുഷ്യർ … കുടുംബങ്ങൾ … സമൂഹങ്ങൾ…! തെളിനീരുറവയെ അവഗണിച്ച് കലക്കവെള്ളം കുടിക്കുന്ന ജന്മങ്ങൾ!
പ്രപഞ്ചത്തെയും മനുഷ്യനെയും സുന്ദരമാക്കുന്ന, സ്‌നേഹംകൊണ്ടും, വാത്സല്യംകൊണ്ടും പൂമ്പാറ്റയാക്കുന്ന ദൈവത്തിന്റെ കരകൗശലമാണ് ജീവന്റെ ഉറവയായ വിശുദ്ധ കുർബാന. ജീവൻ നൽകുന്ന, ജീവനുള്ള അപ്പമാണ് വിശുദ്ധ കുർബാന. (യോഹ 6, 50) എല്ലാം നൽകുന്ന, സമൃദ്ധിയായി നൽകുന്ന വിശുദ്ധ കുർബാനയെന്ന മാമരം ഉണ്ടായിട്ടും അതിന്റെ തണലിൽ വിശ്രമിക്കാതെ, അതിന്റെ ചില്ലകളിൽ ചേക്കേറാതെ, അതിൽ നിന്നും ഭക്ഷിക്കാതെ അകാലത്തിൽ മരണമടയുവാൻ വിധിക്കപ്പെട്ടവരായി നാം മാറിയിരിക്കുകയാണ്!
നമുക്കെല്ലാവർക്കും അറിയാവുന്ന സത്യമാണിത്: ‘വിശുദ്ധ കുർബാന ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാണ്. നമ്മുടെ ജീവിതാന്തസ്സുകളുടെ വഴികളിൽ ദൈവം കാത്തുവച്ചിരിക്കുന്ന പാഥേയമാണത്.’ നമുക്കിത് അറിയാഞ്ഞിട്ടല്ല. നാമിത് സൗകര്യപൂർവം മറക്കുകയാണ്. ഉറവ വറ്റാത്ത വിശുദ്ധ കുർബാനയുടെ വിശാലമാനങ്ങളായി വിടരുന്ന ക്രൈസ്തവ ജീവിതാന്തസ്സുകളെ ഊർജ്വസ്വലതയോടെ നിലനിർത്തുന്നതും, ദൈവകൃപയിൽ വളർത്തുന്നതും വിശുദ്ധകുർബാന തന്നെയാണെന്ന തിരിച്ചറിവിലേക്ക് ക്രൈസ്തവർ മടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കുടുംബ, സന്യാസ, പൗരോഹിത്യ ജീവിതാന്തസ്സുകളിലേക്കുള്ള പ്രവേശം വളരെ ആർഭാടത്തോടെതന്നെ നാം നടത്തുമ്പോൾ, വിശുദ്ധ കുർബാനയാണ് ഈ ജീവിതാന്തസ്സുകൾക്ക് വിളക്കുകാണിച്ചുകൊണ്ട് മുൻപിൽ നടക്കുന്നതെന്ന കാര്യം നാം മറക്കരുത്. ജീവിതസാഹചര്യങ്ങളിൽ സമർപ്പണത്തിന്റെ, സ്നേഹത്തിന്റെ, ത്യാഗത്തിന്റെ വഴികളിലൂടെ മുന്നേറുവാൻ ക്രൈസ്തവരെ ശക്തിപ്പെടുത്തുന്നത് വിശുദ്ധ കുർബാനയാണ്. വെല്ലുവിളി നിറഞ്ഞ അവസരങ്ങളിലും, ആപത്ഘട്ടങ്ങളിലും, പ്രതീക്ഷയറ്റ സന്ദർഭങ്ങളിലും, ഹൃദയം ജ്വലിപ്പിക്കുന്നതും, കണ്ണുകൾക്ക് കാഴ്ച്ച നല്കുന്നതും, ദിശാസൂചികയായും, പ്രേരകശക്തിയായും വർത്തിക്കുന്നതും വിശുദ്ധ കുർബാനയാണ്.
ക്രൈസ്തവജീവിതാന്തസ്സുകളെ പരിപാലിക്കുന്നതും, പരിപുഷ്ടമാക്കുന്നതും വിശുദ്ധ കുർബാനയാണ് എന്ന വിശ്വാസം ജീവിത മൂല്യമായി സ്വീകരിച്ച വിശുദ്ധനാണ് വിശുദ്ധ തോമസ് മൂർ (1477-1535) ലണ്ടനിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച്, നിയമോപദേഷ്ടാവായി ജോലിചെയ്ത്, കുടുംബജീവിതത്തിലൂടെ ക്രിസ്തുവിനു സാക്ഷ്യം നൽകിയ തോമസ് മൂറിന് നിത്യവുള്ള വിശുദ്ധ കുർബാനയായിരുന്നു ശക്തി. ഹെൻട്രി എട്ടാമൻ ചാൻസലർ സ്ഥാനം നൽകി രാജ്യസേവനത്തിന് നിയോഗിച്ചപ്പോഴും വിശുദ്ധ കുർബാനയോടുള്ള സ്നേഹം അദ്ദേഹം മുറുകെപ്പിടിച്ചു. അൾത്താര ശുശ്രൂഷിയായി, അനു ദിനം ദിവ്യകാരുണ്യം സ്വീകരിച്ച് ജീവിച്ച അദ്ദേഹത്തോട് ഒരു രാജ്യതന്ത്രഞ്ജന് യോജിക്കാത്ത കാര്യമാണ് താങ്കൾ ചെയ്യുന്നത് എന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ ക്രൈസ്തവജീവിതത്തിൽ വിശുദ്ധ കുർബാനയ്ക്കുള്ള സ്ഥാനത്തെക്കുറിച്ചായിരുന്നു അദ്ദേഹം വിവരിച്ചത്. നല്ലൊരു ക്രൈസ്തവനായി, കുടുംബനാഥനായി, നിയമോപദേഷ്ടാവായി, രാജ്യ തന്ത്രജ്ഞനായി ജീവിക്കുവാൻ തനിക്കു ശക്തിയും പ്രചോദനവും ലഭിക്കുന്നത് വിശുദ്ധ കുർബാനയിൽ നിന്നാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ശരിയല്ലേ? കുടുംബത്തിൽ രോഗിയായ ഒരാൾക്കുവേണ്ടി ഉറക്കമിളച്ചിരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നത് വിശുദ്ധ കുർബാനയിലെ സ്നേഹമല്ലേ? അമ്മയുടെ പ്രസവവേദന വിശുദ്ധ കുർബാനയിലെ ത്യാഗമല്ലേ? സന്യാസ-പൗരോഹിത്യജീവിതത്തിലെ വെല്ലുവിളികൾക്കുള്ളിലെ സഹനം വിശുദ്ധ കുർബാനയിലെ കാരുണ്യമല്ലേ? നമ്മുടെ പ്രതീക്ഷയാണ്, സമൃദ്ധിയാണ്, സമാധാനമാണ് വിശുദ്ധ കുർബാന.
തന്റെ കർത്തവ്യ നിർവഹണത്തിനായി പ്രകാശവും വിവേകവും ലഭിക്കുന്നത് വിശുദ്ധ കുർബാനയിൽ നിന്നാണെന്ന് തോമസ് മൂർ ഉറച്ച് വിശ്വസിച്ചിരുന്നു. വിശ്വാസത്തിനുവേണ്ടി മരണം വരിക്കാൻ തയ്യാറായ അദ്ദേഹം ജീവിതത്തെ വിശുദ്ധ കുർബാനയുടെ ആഘോഷമാക്കുകയായിരുന്നു.
ക്രൈസ്തവ ജീവിതാന്തസ്സുകൾ നമ്മുടെ ജീവിതങ്ങളെ വിശുദ്ധ കുർബാനയുടെ ജീവിതമാക്കി മാറ്റുവാനുള്ള വിളിയാണ്. വിശുദ്ധ കുർബാനയെ ജീവിതത്തിന്റെ കേന്ദ്രമാക്കുമ്പോൾ നമ്മുടെ ജീവിതാന്തസ്സുകളുടെ അർത്ഥമെന്താണെന്ന് നമുക്ക് സംശയം ഉണ്ടാകുകയില്ല. വിശുദ്ധ കുർബാന നമ്മുടെ ജീവിതാന്തസ്സുകൾക്ക്, ജീവിത സാഹചര്യങ്ങൾക്ക് ദർശനമായും ആദർശമായും നിലനിൽക്കുന്നു.

Reblogged this on Nelson MCBS.
LikeLike