കൈത്താക്കാലം രണ്ടാം ഞായർ
ലൂക്കാ 15, 11-32
സന്ദേശം

ഈശോ പറഞ്ഞ ഉപമകളിലും കഥകളിലും വച്ച് സാഹിത്യപരമായും സന്ദേശപരമായും ഏറ്റവും സുന്ദരമായ ഉപമയാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം. കുഞ്ഞുന്നാൾ മുതലേ കേട്ടുപരിചയിച്ച ഈ ധൂർത്ത പുത്രന്റെ ഉപമയിൽ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന പല മുഹൂർത്തങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ സുവിശേഷ വ്യാഖ്യാനത്തിന് ഈശോ അവതരിപ്പിക്കുന്ന ഒരു രേഖാചിത്രമേ ഞാൻ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നുള്ളു. അത് ധൂർത്തുപുത്രന്റെ തിരിച്ചുവരവിൽ പിതാവും പുത്രനും തമ്മിലുള്ള കണ്ടുമുട്ടലാണ്. വികാര നിർഭരമായ ഒരു രംഗമാണിത്. വായനക്കാരന്റെ കണ്ണുകളെ ഈറനണിയിക്കുന്ന, മനസ്സിനെ തരളിതമാക്കുന്ന, ഹൃദയത്തിൽ മാറ്റങ്ങളുടെ സ്പോടനങ്ങൾ ഉണ്ടാക്കാവുന്ന ഒരു രംഗം!
കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങളും, എല്ലിച്ച ശരീരവുമായി മകൻ തിരികെ എത്തുകയാണ്. അലച്ചലിന്റെ ദൈന്യതയിലും, അയാൾ, മുറ്റത്തു തന്നെയും കാത്തു നിൽക്കുന്ന അപ്പനെ കണ്ടു. തന്റെ വീട്ടിലേക്ക് മടങ്ങിവരുന്ന മകനെ അപ്പനും കണ്ടു. വർഷങ്ങളായി, മാസങ്ങളായി മകനെ കാത്തിരിക്കുന്ന ഒരു പിതാവിന്റെ ഹൃദയവേദനയോടെ, അതിന്റെ വിറയലോടെ പിതാവ് പുത്രനെ സമീപിക്കുകയാണ്. അകലെവച്ചു കണ്ടപ്പോൾ തന്നെ ഓടിച്ചെല്ലുകയാണ്. അടുത്തുചെന്ന പിതാവ് മറ്റൊന്നും ആലോചിക്കാതെ അവനെ കെട്ടിപ്പുണരുകയാണ്. കെട്ടിപ്പുണർന്നിട്ട് അവന്റെ നെറുകയിൽ ചുംബിക്കുന്നതിനിടയിൽ “മകനെ, എന്റെ പൊന്നു മകനെ” എന്ന് ഒരു ഭ്രാന്തനെപ്പോലെ പുലമ്പുകയാണ്. മകനാകട്ടെ, കണ്ണിൽനിന്ന് കുടുകുടെ ഒഴുകുന്ന കണ്ണീർ ഇടതുകൈകൊണ്ട് തുടച്ചുനീക്കുന്നതിനിടയിൽ, വലതുകൈകൊണ്ട് അപ്പന്റെ കവിളിൽ തൊട്ടുകൊണ്ട് പറയുകയാണ്: “മാപ്പ്! അങ്ങയുടെ മകനെന്ന് വിളിക്കപ്പെടാൻ ഞാൻ യോഗ്യനല്ല. ദാസരിൽ ഒരുവനായി എന്നെ കരുതണേ അപ്പാ!” അപ്പൻ ഒന്നുകൂടെ അവനെ തന്നിലേക്ക് ചേർത്തുപിടിച്ചു. മാപ്പു നൽകിയതിന്റെ സ്പർശം മകൻ അനുഭവിച്ചറിഞ്ഞു!
നഷ്ടപ്പെടലിന്റെയും വീണ്ടെടുക്കലിന്റെയും കാണാതാകലിന്റെയും കണ്ടെത്തലിന്റെയും, ഓടിപ്പോകലിന്റെയും മടങ്ങിവരവിന്റെയും മാപ്പപേക്ഷിക്കുന്നതിന്റെയും, മാപ്പുനൽകലിന്റെയും വികാരഭരിതമായ ദൃശ്യാവിഷ്കാരമാണ് ഈ കണ്ടുമുട്ടൽ രംഗം. ആധുനിക മനുഷ്യൻ ബഹിരാകാശത്തേക്ക് പിക്‌നിക്കിന് പോകാൻ ഒരുങ്ങുന്ന ഈ ശാസ്ത്ര ലോകത്തിൽ മാപ്പപേക്ഷിക്കുന്നതിന്റെയും, മാപ്പുനൽകലിന്റെയും, ദൈവത്തിൽ നിന്ന് മാപ്പ് സ്വീകരിക്കുന്നതിന്റെയും മുഹൂർത്തങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ, തന്റെ ആത്മാവിനെ മനുഷ്യനിലേക്ക് ഒഴുക്കിയ ദൈവത്തെ നഷ്ടപ്പെടുത്തുകയെന്ന ഏറ്റവും വലിയ മണ്ടത്തരത്തിലൂടെ ഭൂമിയിലെ മനുഷ്യൻ ജീവിതം ക്ലേശകരമാക്കുകയാണ്. ഇന്നോളം നടത്തിയിട്ടുള്ള യുദ്ധങ്ങളും, ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളും കലാപങ്ങളും ചൂഷണങ്ങളും ഇനിയും നടത്താനിരിക്കുന്നവയും വഴി മനുഷ്യൻ ദൈവത്തിൽ നിന്ന് അകന്നിരിക്കുകയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന്റെ ആരംഭം മുതൽ മനുഷ്യൻ ഇങ്ങനെയായിരുന്നു. വിശുദ്ധ ബൈബിൾ മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തിയ കഥകളല്ലേ പറയുന്നത്? ഐതിഹ്യങ്ങളും, വേദഗ്രന്ഥങ്ങളുമെല്ലാം മനുഷ്യന്റെ ഈയൊരവസ്ഥ പല രീതിയിൽ പ്രതിപാദിക്കുന്നുണ്ട്.
എന്തുകൊണ്ടാണ് മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തുന്നത്? മനുഷ്യന്റെ സരളമായ ഹൃദയം എപ്പോൾ കഠിനമാകുന്നുവോ, അവന്റെ അവളുടെ നിർമലമായ, നിഷ്കളങ്കമായ ഹൃദയം എപ്പോൾ കളങ്കിതമാകുന്നുവോ, എപ്പോൾ സ്വാർത്ഥതയും, സുഖപോലുപതയും അവന്റെ അവളുടെ ഹൃദയത്തെ മലിനപ്പെടുത്തുന്നുവോ അപ്പോൾ മനുഷ്യന് ദൈവത്തെ നഷ്ടപ്പെടും.
ദൈവത്തെ നഷ്ടപ്പെടുത്തുന്ന മനുഷ്യന്റെ കഥയാണ് ഇന്നത്തെയും മാനവ ചരിത്രം. ഇന്ന് ലോകത്തിനു ഏറ്റവും ആവശ്യമായിരിക്കുന്നത് മാപ്പപേക്ഷിക്കുന്നതിന്റെയും, ദൈവം മാപ്പുനല്കുന്നതിന്റെയും ധ്യന്യത നിറഞ്ഞ, ദൈവികമായ മുഹൂർത്തങ്ങളാണ്. ഈ മുഹൂർത്തങ്ങൾ, വ്യക്തിജീവിതത്തിൽ, കുടുംബത്തിൽ, ഇടവകയിൽ, ഈ ലോകത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.
മാപ്പ് ദൈവിക വരപ്രസാദമാണ്. മാപ്പപേക്ഷിക്കലും, മാപ്പ് നൽകലും, മാപ്പ് ലഭിക്കലും എല്ലാം ദൈവത്തിന്റെ കൃപയാണ്. ദൈവത്തോടും മനുഷ്യരോടും,പ്രകൃതിയോടുമുള്ള നമ്മുടെ ബന്ധങ്ങളിൽ ഉണ്ടാകുന്ന പരിക്കുകളിൽ നമുക്ക് വളരെ വിലപ്പെട്ടവ കവർച്ചചെയ്യപ്പെടുന്നുണ്ട്. നമുക്ക് നഷ്ടങ്ങൾ ധാരാളമാണ്. അത് നമ്മുടെ ജീവിതത്തെ കുടുംബത്തെ അന്ധകാരത്തിലാഴ്ത്തും. പിന്നെ ജീവിതത്തിൽ നിറങ്ങളില്ല. ഇല്ലെന്നല്ല. ഒരു നിറം മാത്രം. കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും- എല്ലാറ്റിനും ഒരു ചാര നിറം!
എത്രയൂം പെട്ടെന്ന് തിരിഞ്ഞു നടക്കുക, മാപ്പപേക്ഷിക്കുക. അല്ലെങ്കിൽ ഓരോ നിമിഷവും നമ്മുടെ ജീവിതത്തിൽ നിന്ന് മൂല്യമുള്ളവ കവർച്ച ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും.
ഓർക്കുക: ജീവിതത്തോട് നാം പുലർത്തുന്ന സുഗന്ധമുള്ള ഒരു സമീപനത്തിന്റെ പേരാണ് മാപ്പ് !
ദൈവത്തോടും സഹോദരരോടും മാപ്പപേക്ഷിക്കുന്ന, ദൈവത്തിൽ നിന്നും സഹോദരങ്ങളിൽ നിന്നും മാപ്പ് ലഭിക്കുന്ന അവസരങ്ങൾ, ദൈവിക മുഹൂർത്തങ്ങൾ ഇന്നത്തെ ലോകം അനുഭവിക്കേണ്ടിയിരിക്കുന്നു. ദൈവത്തോടും സഹോദരരോടും മാപ്പപേക്ഷിക്കുവാൻ നാം ദൈവത്തിലേക്ക്, സഹോദരങ്ങളിലേക്ക് തിരിച്ചു നടക്കേണ്ടിയിരിക്കുന്നു, ദൈവത്തിലേക്ക്, സഹോദരങ്ങളിലേക്ക് തിരിച്ചു നടക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.
ലോകമെങ്ങുമുള്ള ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക്, കഴിഞ്ഞ ദിവസം ഡൽഹിയിൽ തകർക്കപ്പെട്ട ദേവാലയം ഉൾപ്പെടെ, ലോകത്തു തകർക്കപ്പെടുന്ന ദേവാലയങ്ങൾക്ക്, മനുഷ്യർ നടത്തുന്ന ചെറുതും വലുതുമായ ദൈവദൂഷണങ്ങൾക്കു ലോകം മാപ്പു ചോദിക്കേണ്ടിയിരിക്കുന്നു.
ലോകമെങ്ങും അമ്മമാരുടെ ഉദരത്തിൽ വച്ച് തന്നെ കൊല്ലപ്പെടുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുണ്ടല്ലോ. അവരോടു ലോകം ചെയ്യുന്ന കൊടും ക്രൂരതയ്ക്ക് മാപ്പുചോദിക്കേണ്ടിയിരിക്കുന്നു. അനുദിനം കുടുംബങ്ങളിൽ, പൊതു നിരത്തുകളിൽ മറ്റ് സ്ഥലങ്ങളിൽ കുട്ടികളും പീഡിപ്പിക്കപ്പെടുമ്പോൾ ലോകം മാപ്പു ചോദിക്കേണ്ടിയിരിക്കുന്നു!
ലക്ഷക്കണക്കിന് മനുഷ്യർ ആഹാരം കിട്ടാതെ മരിക്കുമ്പോൾ, വീടില്ലാതെ അലയുമ്പോൾ, നാം നടത്തുന്ന ആഡംബരങ്ങൾക്കും, ആഘോഷങ്ങൾക്കും മാപ്പുചോദിക്കേണ്ടതല്ലേ? സഹോദരീ, സഹോദരാ, നിനക്ക് അരർ ഹതയുള്ളതിനേക്കാൾ കൂടുതൽ എന്തെങ്കിലും നീ സൂക്ഷിച്ചു വച്ചിട്ടുണ്ടെങ്കിൽ നീ മടങ്ങി വരേണ്ടിയിരിക്കുന്നു, മാപ്പുചോദിക്കേണ്ടിയിരിക്കുന്നു. നാം ഭക്ഷണം കഴിക്കുമ്പോൾ ഒരാൾപോലും വിശക്കാതിരിക്കാനുള്ള ശ്രദ്ധ നമുക്കുണ്ടാകണം. ഈ കോവിഡ് കാലത്തും ആഘോഷങ്ങൾ നടത്തി, നടുമുറ്റങ്ങൾ മേന്മയേറിയ പുല്ലും കല്ലും പതിപ്പിച്ചു മോടിയാക്കുമ്പോൾ, കോടികളുടെ വീടുകളും, അംബര ചുംബികളായ ദേവാലയങ്ങളും കെട്ടിടങ്ങളും പാർലമെൻറ് സമുച്ചയങ്ങളും പണിയുമ്പോൾ ഓർക്കുക നാം തിരിച്ചുവരേണ്ടിയിരിക്കുന്നു, മാപ്പു ചോദിക്കേണ്ടിയിരിക്കുന്നു.

ഒരു മഹാമാരി നമ്മുടെ ജീവിതത്തെ തകർത്തുകൊണ്ട് മുന്നോട്ട് പോകുമ്പോൾ അതിനു പരിഹാരം social distance ൽ, സോപ്പിട്ട് കൈകഴുകലിൽ, വാക്സിനുകളിൽ, ഇളവുകളിലും, കിറ്റുകളിലും മാത്രം ആശ്രയിക്കുകയാണെങ്കിൽ സ്നേഹമുള്ളവരേ നമ്മൾ വിഡ്ഢികളാണ്. ഇന്ന് നമ്മുടെ ജീവിതസാഹചര്യങ്ങളിൽ നാം പ്രതീക്ഷിക്കുന്നതിലുമപ്പുറം, നമുക്ക് നേരിടാൻ കഴിയുന്നതിലുമപ്പുറം ദുരിതങ്ങൾ കടന്നുവരുന്നുണ്ടെങ്കിൽ അതിനുകാരണം ഒന്നുമാത്രം – ലോകം, മനുഷ്യർ തങ്ങളുടെ സ്രഷ്ടാവായ ദൈവത്തിൽ നിന്ന് അകന്നു പോയിരിക്കുന്നു. ഇതിനു പരിഹാരം ഒന്നുമാത്രം-ദൈവത്തിനോട് മാപ്പപേക്ഷിക്കുക. ധൂർത്തപുത്രനെപ്പോലെ, ദൈവത്തിന്റെ മുൻപിൽ നിന്നുകൊണ്ട് കരഞ്ഞുകൊണ്ട് പറയുക: “ദൈവമേ, പിതാവേ, മാപ്പ്!” കാരുണ്യവാനായ, സ്നേഹപിതാവായ ദൈവത്തിൽ നിന്നും ലഭിക്കുന്ന മാപ്പുകൊണ്ട്, അതിൽനിന്ന് പ്രവഹിക്കുന്ന പ്രസാദവരംകൊണ്ടു, മനുഷ്യന്റെ ജീവിതം, ഈ മാനവസമൂഹം, ലോകം മുഴുവനും നിറയണം. ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹത്തിൽ നിന്നൊഴുകുന്ന പ്രസാദവരത്തിൽ ഓരോ വ്യക്തിയും കുടുംബങ്ങളും, ഈ ലോകം മുഴുവനും കുളിച്ചു കയറണം. മാപ്പപേക്ഷിക്കുന്നതിന്റെയും, മാപ്പ് നൽകലിന്റെയും ദൈവിക മുഹൂർത്തങ്ങൾ കൊണ്ട് ഓരോ ദിവസത്തിന്റെയും 24 മണിക്കൂറും നിറയണം. അപ്പോൾ നമ്മുടെ കുടുംബങ്ങളിൽ വസന്തം വിരിയും. നാം ദൈവത്തിന്റെ സമാധാനത്തിന്റെ പുതുവസ്തങ്ങൾ ധരിക്കും. അവിടുത്തെ സന്തോഷത്തിന്റെ ആഭരണങ്ങൾ ധരിക്കും. അവിടുത്തെ പ്രത്യാശയുടെ ആഘോഷങ്ങൾ നടത്തും.
മഹാനായ നെൽസൺ മണ്ടേലയുടെ ജീവിതത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്:
ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായശേഷം തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഒരു റെസ്റ്റോറന്റിൽ യാദൃശ്ചികമായി ഭക്ഷണം കഴിക്കാൻ നെൽസൺ മണ്ടേല കയറി. ഭക്ഷണത്തിന് ഓർഡർ നൽകിയ ശേഷം അത് വരുന്നതുവരെ കാത്തിരിക്കുന്ന സമയത്ത്....
മണ്ടേലയുടെ സീറ്റിനു കുറച്ചകലെയുള്ള ഒരു സീറ്റിൽ ഒരാൾ ഭക്ഷണത്തിനായി കാത്തിരിക്കുകയായിരുന്നു. അയാളെ തന്റെ മേശയിലേക്ക് വിളിക്കാൻ മണ്ടേല സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഭക്ഷണം വന്നപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി,.. ഒപ്പം വന്നിരുന്ന ആ മനുഷ്യനും..
പക്ഷേ ഭക്ഷണം കഴിക്കുമ്പോൾ അയാളുടെ കൈകൾ വിറച്ചുതുടങ്ങി. പെട്ടെന്ന് ഭക്ഷണം കഴിച്ച ശേഷം അയാൾ തല കുനിച്ച് റസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് നടന്നു….
ഇയാൾ പോയതിനുശേഷം മണ്ടേലയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മണ്ടേലയോട് പറഞ്ഞു,..” ആ വ്യക്തിക്ക് എന്തോ അസുഖം ബാധിച്ചിട്ടുണ്ടെന്നു തോന്നുന്നു… കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു…അതോടൊപ്പം ശരീരവും…
മണ്ടേല പറഞ്ഞു, “ഇല്ല, അങ്ങനെയല്ല.. എന്നെ ജയിലിലടച്ച ജയിലിലെ ജയിലറായിരുന്നു അദ്ദേഹം. എന്നെ പീഡിപ്പിക്കുകയും, വേദനിക്കുമ്പോൾ ഞാൻ വെള്ളം ചോദിക്കുമ്പോളുമെല്ലാം എൻ്റെ ദേഹത്തു അയാൾ മൂത്രം ഒഴിക്കുമായിരുന്നു,എന്നെ അയാളുടെ മൂത്രം ബലമായി കുടിപ്പിക്കാറുമുണ്ട്….. അത് എന്നെ വല്ലാതെ വേദനിപ്പിക്കാറുണ്ട്….
മണ്ടേല തുടർന്നു: “ഞാൻ ഇപ്പോൾ രാഷ്ട്രപതിയായി,. ഏതെങ്കിലും തരത്തിൽ ഞാൻ പ്രതികാരം ചെയ്യുമെന്നദ്ദേഹം ഭയപ്പെടുന്നു!!. പക്ഷെ എന്റെ ജീവിതം അങ്ങനെയല്ല പ്രതികാരം നമ്മെ നാശത്തിലേക്ക് നയിക്കുമെന്നാണ് ഞാൻ കരുതുന്നത്!!! അതേസമയം, ക്ഷമയുടെയും, കരുണയുടെയും,സഹിഷ്ണുതയുടെയും മനോഭാവം നമുക്ക് സമാധാനവും വിജയങ്ങളും നൽകും. ഞാൻ അദ്ദേഹത്തിന് മാപ്പ് കൊടുക്കുന്നു. അതിലൂടെ ദൈവത്തിന്റെ പ്രസാദവരം അയാളിൽ നിറയട്ടെ.!!!!
മാപ്പപേക്ഷിക്കലും,മാപ്പ് നൽകലും, മാപ്പ് ലഭിക്കലും ദൈവത്തിന്റെ പ്രസാദവരത്തിന്റെ പ്രവർത്തിയാണ്. ദൈവപിതാവിന്റെ മുൻപിൽ നിന്നുകൊണ്ട് ദൈവമേ എന്നോട് കരുണതോന്നണമേ എന്ന് പറഞ്ഞു പ്രാർത്ഥിക്കുവാൻ കഴിഞ്ഞാൽ ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്ന കണ്ടുമുട്ടൽ നമ്മുടെ ജീവിതത്തിലും സംഭവിക്കും. സ്നേഹമുള്ളവരേ, ഓരോ കുർബാനയിലും ഈ കണ്ടുമുട്ടലിന് വേദിയൊരുക്കപ്പെടുന്നുണ്ട്. നാം ദൈവത്തിൽ നിന്ന് അകന്നു പോകുമ്പോൾ, പാപാവസ്ഥയിൽ കഴിയുമ്പോൾ ഓർക്കുക, വിശുദ്ധ കുർബാനയിൽ ഈശോ നമുക്കായി കാത്തിരിക്കുന്നുണ്ട് എന്ന്. നമ്മുടെ വിശുദ്ധ കുർബാനയിലെ അനുരഞ്ജന ശുശ്രൂഷയുടെ സമയം ഈ കണ്ടുമുട്ടലിന്റെ വേദിയാണ്, നിമിഷങ്ങളാണ്.
വിശുദ്ധ കുർബാന പാപമോചനത്തിന്റെ, രക്ഷയുടെ കൂദാശയാണ്. വിശുദ്ധ കുമ്പസാരത്തിലൂടെ ബലിയർപ്പിക്കുവാൻ യോഗ്യതനേടുന്ന ഭക്തനെ ഉത്ഥിതനായ ദൈവത്തെ ദർശിക്കുവാൻ, ആ ഉത്ഥിതനായ ദൈവത്തെ സ്വീകരിക്കുവാൻ ഏറ്റവും അടുത്ത ഒരുക്കത്തിലേക്കാണ് അനുരഞ്ജന ശുശ്രൂഷ നയിക്കുന്നത്. ദൈവവുമായി അനുരഞ്ജനപ്പെടുന്ന, എല്ലാം ക്ഷമിക്കുന്ന അവിടുത്തെ പ്രസാദവരത്തിൽ നിറയുന്ന വ്യക്തിക്ക് മാത്രമേ,അവിടുത്തെ ദർശിക്കുവാനും അവിടുത്തെ കാരുണ്യം അനുഭവിക്കുവാനും സാധിക്കൂ.
വിശുദ്ധ കുർബാനയിൽ റൂഹാക്ഷണ പ്രാർത്ഥനയ്ക്ക് ശേഷമാണ് അനുരഞ്ജന ശുശ്രൂഷ വരുന്നത്. കൃത്യമായി പറഞ്ഞാൽ, റൂഹക്ഷണ പ്രാർത്ഥനയ്ക്കും വിശുദ്ധ കുർബാനയുടെ ഉയർത്തലിനും (Elevation) ഇടയിലാണ് അനുരഞ്ജന ശുശ്രൂഷ തുടങ്ങുന്നത്. ‘ദൈവമേ എന്നോട് കരുണ തോന്നേണമേ…” എന്ന പ്രാർത്ഥനയോടെയാണ് ഇത് ആരംഭിക്കുന്നത്. ഈ പ്രാർത്ഥനയ്ക്കുശേഷം ഉടനെത്തന്നെ വിശുദ്ധ കുർബാനയുടെ ഉയർത്തലും അതിനെത്തുടർന്നുള്ള ഗീതവുമാണ്. അതിനുശേഷം വൈദികന്റെ “നമ്മുടെ കർത്താവീശോമിശിഹായുടെ …” എന്ന പ്രാർത്ഥനയോടെ വീണ്ടും അനുരഞ്ജന ശുശ്രൂഷ തുടരുകയാണ്. അതുകൊണ്ടു തന്നെ അനുരഞ്ജന ശുശ്രൂഷയ്ക്ക് രണ്ടു ഭാഗമുണ്ടെന്നു പറയാം.
ഒന്ന്, വിശുദ്ധ കുർബാനയുടെ ഉയർത്തലിനുള്ള ഏറ്റവും അടുത്ത ഒരുക്കം. ഉത്ഥിതനായ ഈശോയെ, ഇന്നും ജീവിക്കുന്ന ദൈവത്തെ അപ്പത്തിന്റെ രൂപത്തിൽ നമ്മുടെ നേത്രങ്ങൾകൊണ്ട് ദർശിക്കുവാൻ പോകുകയാണ്. ആ ദർശനം സാധിതമാകണമെങ്കിൽ ഭക്തൻ നിർമ്മലനായിരിക്കണം. ഹൃദയശുദ്ധിയുള്ളവർ ആണ്, അവർ മാത്രമാണ് ദൈവത്തെ കാണുന്നത്. ധൂർത്ത പുത്രനെപ്പോലെ അയോഗ്യത ഏറ്റുപറഞ്ഞു ദൈവസന്നിധിയിൽ കണ്ണീരോടെ, പാപങ്ങൾ ഏറ്റുപറഞ്ഞു നിൽക്കണം.
അപ്പോൾ വൈദികൻ കൈകൾ കുരിശാകൃതിയിൽ നെഞ്ചോട് ചേർത്തുപിടിച്ച് – അനുരഞ്ജന ചൈതന്യത്തോടെ ബലിപീഠം ചുംബിക്കുന്നു. വികാര നിർഭരമായ നിമിഷങ്ങളാണ് ഇവ. എന്നിട്ട് വൈദികൻ തിരുവോസ്തിയെടുത്തു ഉയർത്തി പറയുന്നു: കാണുവിൻ ഇതാണ് അപ്പം. ഇതാണ് ഉത്ഥിതനായ ഈശോ. ആത്മാവായ ദൈവം. നിത്യജീവൻ നൽകുന്ന ദൈവം. ഈ ദൃശ്യം കാണുന്ന ദൈവജനം മുഴുവൻ ഹൃദയത്തിൽ പറയണം: “എന്റെ കർത്താവേ, എന്റെ ദൈവമേ!” ഇത് കാണാൻ കഴിയണമെങ്കിൽ, ഇത് അനുഭവിക്കാൻ കഴിയണമെങ്കിൽ അനുരഞ്ജനത്തിലാകണം.
രണ്ട്, സഹോദരങ്ങളുമായുള്ള അനുരഞ്ജനം. ദൈവവുമായുള്ള അനുരഞ്ജനത്തിൽ സഹോദരങ്ങളുമായുള്ള അനുരഞ്ജനവും അടങ്ങിയിട്ടുണ്ടെങ്കിലും, പ്രത്യേകമായി നമുക്ക് അവസരം നൽകുകയാണ്. കാരണം, ഉത്ഥിതനായ ഈശോയെ ഭക്തന്റെ ഉള്ളിലേക്ക്, ഹൃദയത്തിലേക്ക് സ്വീകരിക്കുവാനുള്ള അടുത്ത ഒരുക്കമാണ് നാം ഇപ്പോൾ നടത്തുന്നത്. ഇവിടെ ശുശ്രൂഷിയുടെ ആഹ്വാനങ്ങൾക്ക് “കർത്താവേ, അങ്ങയുടെ ദാസരുടെ …” എന്ന പ്രാർത്ഥനചൊല്ലുമ്പോൾ നമ്മുടെ ജീവിത സാഹചര്യങ്ങളെ, അവിടെ നാം കണ്ടുമുട്ടുന്നവരെ, കുടുംബത്തിലുള്ളവരെ…എല്ലാം ഓർക്കണം. അവരോടുള്ള ബന്ധം എങ്ങനെ എന്ന് ചിന്തിക്കണം. അവരോട് മാപ്പപേക്ഷിക്കണം. തെറ്റുകൾ ഏറ്റുപറയുന്നവന് ഐശ്വര്യം ഉണ്ടാകും. അവൾ/ അവൻ ദൈവവര പ്രസാദത്താൽ നിറയും. ദൈവ വര പ്രസാദത്താൽ നിറയുന്ന ഭക്തനേ ദൈവത്തെ സ്വീകരിക്കുവാൻ അർഹതയുള്ളൂ.
സ്നേഹമുള്ളവരേ, ലോകത്തിനിന്ന് ഏറ്റവും ആവശ്യമായിട്ടുള്ളത് ദൈവവുമായുള്ള അനുരഞ്ജനമാണ്. അതിനു നാം ദൈവത്തിലേക്ക് മടങ്ങിവരേണ്ടിയിരിക്കുന്നു. ധൂർത്തപുത്രനെപ്പോലെ നമ്മുടെ അയോഗ്യത ഏറ്റുപറയേണ്ടിയിരിക്കുന്നു.

മാപ്പു അപേക്ഷിക്കുന്നതും, മാപ്പ് ലഭിക്കുന്നതും ദൈവത്തിന്റെ പ്രസാദവരത്തിന്റെ പ്രവർത്തിയാണ്. പരിശുദ്ധാത്മാവിന്റെ അഭിഷേകമാണത്. ഈ വിശുദ്ധ കുർബാനയിൽ ദൈവത്തിന്റെ മാപ്പിന്, പ്രസാദവരത്തിന് അർഹരാകാൻ നമുക്ക് പ്രാർത്ഥിക്കാം. അവിടുത്തെ പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറയാൻ പ്രാർത്ഥിക്കാം. ലോകം മുഴുവൻ അനുതാപത്തിലേക്ക്, ക്രിസ്തുവിലേക്ക് കടന്നുവരുവാൻ, അവിടുത്തെ പ്രസാദവരത്താൽ നിറയാൻ നമുക്ക് പ്രാർത്ഥിക്കാം. ഇന്നത്തെ വിശുദ്ധ കുർബാനയിലെ അനുരഞ്ജന ശുശ്രൂഷ നല്ല ചൈതന്യത്തോടെ നടത്തുവാൻ നമുക്കാകട്ടെ. ആമ്മേൻ!