കൈത്താക്കാലം നാലാം ഞായർ
മര്‍ക്കോ 7, 1 – 13
സന്ദേശം

കൈത്താക്കാലത്തിന്റെ നാലാം ഞായറാഴ്ച്ച പാരമ്പര്യത്തിന്റെയും നിയമങ്ങളുടെയും കുരുക്കിൽപ്പെട്ട് ദൈവത്തെയും ദൈവത്തിന്റെ ഏറ്റവും വലിയ കല്പനയായ സ്നേഹത്തെയും മറന്നു ജീവിക്കുന്ന നിയമജ്ഞരെയും ഫരിസേയരെയും തിരുത്തുന്ന ഈശോയെയാണ് സുവിശേഷത്തിലൂടെ അവതരിപ്പിക്കുന്നത്. മാനുഷിക സാമൂഹിക പാരമ്പര്യങ്ങളല്ല, ദൈവത്തിന്റെ സ്നേഹത്തിന്റെ കല്പനയാണ് മനുഷ്യൻ ജീവിതത്തിൽ സ്വീകരിക്കേണ്ടതെന്നും, ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്നും ഓർമിപ്പിച്ചുകൊണ്ട് ഈശോ നമ്മുടെ മുൻപിൽ നിൽക്കുമ്പോൾ അന്നത്തെ ഫരിസേയ- നിയമജ്ഞരെപ്പോലെ നമ്മുടെ ശിരസ്സുകളും കുനിഞ്ഞുപോകുന്നില്ലേയെന്ന് എനിക്ക് ഒരു സംശയം! എന്തായാലും, സർവാധികാരിയും , എല്ലാറ്റിനെയും അടക്കിഭരിക്കുന്ന, കോപിക്കുകയും ഒപ്പം അനുഗ്രഹിക്കുകയും ചെയ്യുന്ന നിയമത്തിന്റെയും പാരമ്പര്യത്തിന്റെയും ഒരു ദൈവത്തെയല്ല ഈശോ നമുക്ക് കാണിച്ചു തരുന്നത്. പഴയനിയമത്തിലെ നിയമങ്ങളുടെയും പാരമ്പര്യത്തിന്റെയും ദൈവമാണത്. സ്നേഹം നിറഞ്ഞ, കാരുണ്യം കാണിക്കുന്ന കൂടെ വസിക്കുന്ന ഒരു ദൈവത്തെയാണ് ഈശോ ലോകത്തിന്റെ മുൻപിൽ വരച്ചു കാട്ടിയത്. ഈ ദൈവത്തെ അറിയുവാനും, ദൈവത്തിന്റെ സ്നേഹം ജീവിതത്തിന്റെ സഹജഭാവമാക്കുവാനുമാണ് ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത്.
വ്യാഖ്യാനം
ഫരിസേയരുടെയും നിയമജ്ഞരുടെയും ദൈവബോധത്തിന് കടകവിരുദ്ധമായ ദൈവബോധം അവതരിപ്പിച്ച ഈശോയെ എങ്ങനെയും കുടുക്കിലാക്കണമെന്ന് ആഗ്രഹിച്ച ഫരിസേയ-നിയമജ്ഞരാണ് ഈശോയുടെ ശിഷ്യന്മാർ കൈകഴുകാതെ ഭക്ഷണം കഴിക്കുന്നതുകണ്ട് ഈശോയ്‌ക്കെതിരെ തിരിയുന്നത്.
ഫരിസേയ-നിയമജ്ഞരെ മുന്നോട്ടുനയിച്ച ശക്തി അവരുടെ മതത്തിന്റെ പാരമ്പര്യങ്ങളായിരുന്നു. അതിസൂക്ഷ്മങ്ങളായ അനുഷ്ടാനങ്ങളുടെ ആകെത്തുകയായിരുന്നു യഹൂദര്‍ക്ക് മതം. 365 വിലക്കുകള്‍, 248 കല്പനകള്‍. അങ്ങനെ 613 നിയമങ്ങളുണ്ടായിരുന്നു. ഈ പാരമ്പര്യങ്ങളെ പിന്തുടര്‍ന്നുള്ള ജീവിതവും, നിയമങ്ങളുടെ വള്ളിപുള്ളി തെറ്റാതെയുള്ള അനുഷ്ടാനവും തങ്ങള്‍ക്ക് നിത്യരക്ഷ പ്രദാനം ചെയ്യുമെന്ന് അവര്‍ വിശ്വസിച്ചു. അനുഷ്ടാനങ്ങള്‍ക്ക് അര്‍ത്ഥം ലഭിക്കുന്നത്, നിയമങ്ങള്‍ പ്രസക്തമാകുന്നത് മനുഷ്യത്വപരമായ, ഹൃദയപരിശുദ്ധിയോടെയുള്ള, നിസ്വാര്‍ത്ഥമായ ജീവിതം വഴിയാണെന്നുള്ള കാര്യം അവര്‍ മറന്നുപോയി.
അതുവഴി അവര്‍ നാല് തെറ്റുകള്‍ ചെയ്തു. ഒന്ന്, യഹോവയുടെ, ദൈവത്തിന്റെ വചനത്തെക്കാള്‍ പാരമ്പര്യങ്ങള്‍ക്ക് അവര്‍ പ്രാധാന്യം കൊടുത്തു. രണ്ട്, മനുഷ്യരുടെ കല്‍പ്പനകള്‍ പ്രമാണങ്ങളായി പഠിപ്പിച്ചു. മൂന്ന്, ദൈവകല്പനയെ, സ്നേഹത്തിന്റെ പ്രമാണത്തെ അവര്‍ അര്‍ത്ഥമില്ലാത്തതാക്കി. നാല്, പാരമ്പര്യമനുസരിച്ച് ജീവിക്കാത്തവരെ ദൈവ നിന്ദകരായി മുദ്രകുത്തി. പാരമ്പര്യങ്ങളെ, നിയമങ്ങളെ ജീവിതത്തിന്റെ പ്രചോദക ശക്തിയാക്കിമാറ്റിയതുകൊണ്ട് അവര്‍ അന്ധരായിത്തീര്‍ന്നു. പാരമ്പര്യത്തിന്റെ ബലത്തില്‍ അവര്‍ പ്രവാചകന്മാരെ കൊന്നു, മാതാപിതാക്കന്മാരെ അവഗണിച്ചു. പാരമ്പര്യം സംരക്ഷിക്കാന്‍ ദൈവപുത്രനെ കുരിശിലേറ്റി. എന്നിട്ട് അവര്‍ക്ക് എന്ത് സംഭവിച്ചു? അവര്‍ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ന്നടിഞ്ഞു; സമാധാനമെന്തെന്നറിയാതെ വർഷങ്ങളോളം അലഞ്ഞുതിരിഞ്ഞു. ഇന്നും അസ്വസ്ഥരായ ജനതയായി ജീവിക്കുന്നു.
സ്നേഹമുള്ളവരെ, ഇന്നത്തെ കാലഘട്ടത്തിലെ ക്രൈസ്തവ ജീവിതങ്ങള്‍ കാണുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണോയെന്നു സംശയിച്ചുപോകുന്നു. നാമും നമ്മുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുവാനോ, വിശദീകരിക്കുവാനോവേണ്ടി നിയമങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ അവ ദൈവവചനത്തിനു എതിരായിപ്പോകുന്നു. മാതാപിതാക്കളോടുള്ള കടമകള്‍ നിർവഹിക്കാതിരിക്കാൻ പാരമ്പര്യങ്ങളെ തേടിപ്പോകുന്നു. നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍, ക്രിസ്തുവിന്റെ ത്യാഗത്തെ, മൗനത്തെ മറക്കുന്നു. ദൈവവചനത്തെ നമ്മുടെ സൗകര്യാനുസൃതം നാം ദുരുപയോഗിക്കുന്നു. നമ്മുടെ ഹൃദയങ്ങള്‍ ക്രിസ്തുവില്‍നിന്ന്, ക്രിസ്തു സ്നേഹത്തിൽ നിന്ന് വളരെ അകലെയാണ്.
രണ്ട് സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും ക്രൈസ്തവരുടെ ദൈവബോധം നവീകരിക്കപ്പെട്ടിട്ടില്ല. നിയമങ്ങൾക്ക്, പാരമ്പര്യങ്ങൾക്ക്, അധികാരത്തിന് പകരം സ്നേഹത്തെ പകരം വച്ച ക്രിസ്തു ഇന്നും അകലെയാണ്. നിയമത്തിന്റെ, കാർക്കശ്യത്തിന്റെ, പാരമ്പര്യത്തിന്റെ അധികാരത്തിന്റെ പഴയനിയമം ഇന്നും സ്നേഹത്തിന്റെ പുതിയനിയമത്തിന് മുകളിൽ നിൽക്കുന്നു. ദൈവം സ്നേഹമാണെന്നത് ഒരു പരസ്യവാക്യത്തിനപ്പുറത്തേക്ക് ജീവിതത്തിന്റെ സന്ദേശമായി ക്രൈസ്തവർ എന്തുമാത്രം ഉൾക്കൊണ്ടിട്ടുണ്ട് എന്നത് ഇപ്പോഴും സംശയമാണ്! അധികാരംകൊണ്ട് നിർണയിക്കപ്പെടുന്ന സ്നേഹം യാഥാർത്ഥസ്നേഹമല്ലെന്നും, ഉപാധികളുള്ള സ്നേഹമാണെന്നും, സ്നേഹമില്ലാത്ത അധികാരം ഏകാധിപത്യം മാത്രമാണെന്നും സ്നേഹത്തിന്റെ മറവിൽ നിയമങ്ങളും പാരമ്പര്യങ്ങളും നടപ്പാക്കുന്നത് ഫാസിസമാണെന്നും എന്നാണ് നാം മനസ്സിലാക്കുക?!

സ്നേഹമുള്ളവരെ, എന്താണ് നമ്മുടെ പ്രചോദക ശക്തി, driving force? ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ സ്നേഹമായിരിക്കണം ക്രൈസ്തവന്റെ പ്രചോദക ശക്തി, അവനെ മുന്നോട്ട് നയിക്കുന്ന driving force. അപ്പോൾ മാത്രമേ, ക്രിസ്തുവിനെ, ക്രിസ്തുമതത്തെ സ്നേഹത്തിന്റെ മതമായി പരിവർത്തിപ്പിക്കാനും, മതാനുഷ്ഠാനങ്ങളുടെ, പാരമ്പര്യങ്ങളുടെ, കർക്കശമായ നിയമങ്ങളുടെ, മതാനുഷ്ഠാനചിഹ്നങ്ങളുടെ വ്യവഹാരലോകത്തിൽ നിന്നും ക്രിസ്തുവിനെ വകഞ്ഞുമാറ്റി സ്നേഹത്തിന്റെ പുതിയ നിയമത്തിന്റെ വക്താവായി രൂപാന്തരപ്പെടുത്താനും നമുക്കാകൂ. പാരമ്പര്യത്തിന്റെയും, അണുവിടവ്യതിചലിക്കാത്ത ആചാരങ്ങളുടെയും, അധികാരത്തിന്റെയും അതിന്റെ ചിഹ്നങ്ങളുടെയും മേലാപ്പ് പൊളിച്ചുമാറ്റി, താഴേക്കിറങ്ങി ക്രിസ്തു സ്നേഹത്തിന്റെയും ശുശ്രൂഷയുടെയും വഴിയിലേക്ക് നാമോരോരുത്തരും, സഭയും തിരിച്ചു നടക്കേണ്ടിയിരിക്കുന്നു.
എന്നാൽ, നാമാകട്ടെ, നമ്മുടെ കാര്യസാധ്യത്തിനുവേണ്ടി, നമ്മുടെ സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടി മാത്രം കൗശലപൂർവ്വം ദൈവകല്പനയെ, സ്നേഹത്തെ അവഗണിച്ചുകൊണ്ട് ദൈവത്തിന്റെ വചനത്തെക്കാള്‍ പാരമ്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടു ക്കുന്നു. നമ്മുടെ സീറോ മലബാർ സഭയിൽ ഒരിക്കൽക്കൂടി പൊങ്ങിവന്നുകൊണ്ടിരിക്കുന്ന ആരാധനാക്രമപ്രശ്നം നിയമങ്ങളുടെയും, പാരമ്പര്യങ്ങളുടെയും പേരിൽ സ്നേഹത്തെ, ക്രിസ്തുവിനെ അവഗണിക്കുന്നതുകൊണ്ടല്ലേ? നമ്മിലെ സ്വാർത്ഥത നിർമിക്കുന്ന നിയമങ്ങളുടെ കാർക്കശ്യ സ്വഭാവമല്ലേ നമ്മുടെ കുടുംബങ്ങളെ തകർക്കുന്നത്. നമ്മുടെ പിടിവാശികളുടെയും, പിണക്കങ്ങളുടെയും, ഒക്കെ കാരണങ്ങൾ അണുവിട വ്യതിചലിക്കാതെ നാം മുറുകെപ്പിടിക്കുന്ന പാരമ്പര്യങ്ങളല്ലേ? ഇങ്ങനെ ഫരിസേയ-നിയമജ്ഞരെപ്പോലെ നിയമങ്ങൾക്കും, പാരമ്പര്യങ്ങൾക്കും അമിത പ്രാധാന്യംകൊടുത്താൽ, അവ നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും. അവ മാത്രമല്ല, അവയോടു ചേര്‍ന്നുള്ള നാല് തെറ്റുകളും നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും. എന്ത് ചെയ്താലും പാരമ്പര്യത്തെ കൂട്ടുപിടിച്ചുള്ള ന്യായീകരണങ്ങളും നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും.
ഒരാള്‍ ഒരു പെരുമ്പാമ്പിന്റെ കുഞ്ഞിനെ ഒരുപാട് സ്നേഹിച്ച് വളര്‍ത്താന്‍ തുടങ്ങി. പാമ്പും അയാളും തമ്മില്‍ നല്ല അടുപ്പമായി. പാമ്പ് വളര്‍ന്ന് ഒരു പെരുമ്പാമ്പായി. അങ്ങനെയിരിക്കുമ്പോള്‍ പാമ്പിനു മൂന്നാല് ദിവസമായി ഒരു മന്ദത! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും. ചത്തുപോകുമോയെന്ന ഭയത്താല്‍ അയാള്‍ അതിനെ മൃഗ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ഡോക്ടര്‍ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട് മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു. “എത്ര ദിവസമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്?” “മൂന്നാല് ദിവസ്സമായി” അയാള്‍ മറുപടി പറഞ്ഞു. “ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ?” “വയ്യായായതിനുശേഷം ഇതെന്റെ അടുത്തുവന്നു കിടക്കുന്നുണ്ട്. “”എങ്ങനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്?” “നീളത്തിലാണ് അത് എന്റെ അടുത്ത് കിടക്കുക.” ഒന്ന് പുഞ്ചിരിച്ചിട്ട് ഡോക്ടര്‍ അയാളോട് പറഞ്ഞു: “ഈ പാമ്പിനു ഒരു അസുഖവും ഇല്ല. ഇത് നിങ്ങളെ വിഴുങ്ങുവാനുള്ള ശ്രമത്തിലാണ്. ഇത് നിങ്ങളുടെ അടുത്തുവന്നു കിടന്നു നിങ്ങളുടെ നീളം അളക്കുകയാണ്. പട്ടിണികിടന്നു ഇരപിടിക്കാന്‍ ശരീരത്തെ ഒരുക്കുകയാണ്. എത്രയും വേഗം ഇതിനെ ഉപേക്ഷിക്കുക.”
ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ വചനമായിരിക്കണം, കാരുണ്യമായിരിക്കണം, സ്നേഹമായിരിക്കണം, നന്മയായിരിക്കണം നമ്മുടെ ജീവിതത്തിന്റെ driving force. അല്ലാത്തതെല്ലാം – ജീവനില്ലാത്ത പാരമ്പര്യങ്ങൾ, പണം, അധികാരം, ആസക്തികൾ, മദ്യം, തുടങ്ങിയവയെല്ലാം – നമ്മെ, നമ്മുടെ കുടുംബത്തെ, സഭയെ വിഴുങ്ങുവാൻ അളവെടുത്തുകൊണ്ടിരിക്കുന്ന, വിഴുങ്ങിക്കൊണ്ടിരിക്കുന്ന പെരുമ്പാമ്പുകളാണ്. ഒന്ന് ചിന്തിച്ചു നോക്കൂ: ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുർബാനയെ പറ്റിയുള്ള വഴക്കുകൾ, അത് എന്ത് പാരമ്പര്യത്തിന്റെ പേരിലായാലും നമ്മുടെ സഭയെ വിഴുങ്ങുന്ന പെരുമ്പാമ്പാണ്. ദാമ്പത്യ ബന്ധങ്ങളിൽ, സുഹൃത് ബന്ധങ്ങളിൽ സഹോദരീ സഹോദര ബന്ധങ്ങളിൽ, എന്തുകൊണ്ട് ഇത്തരം പെരുമ്പാമ്പുകളെ നമുക്ക് ഉപേക്ഷിച്ചുകൂടാ? വിശുദ്ധ കുർബാനയുടെ കാര്യത്തിൽ എങ്കിലും എന്തുകൊണ്ട് നമുക്ക് ഈ പെരുമ്പാമ്പുകളെ ഉപേക്ഷിച്ചുകൂടാ!? പാരമ്പര്യങ്ങളുടെ പെരുമ്പാമ്പുകളെ വളർത്തുന്ന നാം അറിയുന്നില്ല, അവ നമ്മെ വിഴുങ്ങുവാനുള്ള തയ്യാറെടുപ്പിലാണെന്ന്! അല്ലാ സഹോദരരെ, ആ പെരുമ്പാമ്പുകൾ നമ്മെ, സഭയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്! ഈശോ നമ്മെ ഓർമപ്പെടുത്തുന്നു: ‘മക്കളെ, മനുഷ്യരുടെ കൽപ്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുന്ന നിങ്ങൾ ദൈവ വചനത്തെ നിരർത്ഥകമാക്കിക്കൊണ്ട് ദൈവ സ്നേഹത്തെ അവഗണിക്കുന്നു.
സമാപനം
സ്നേഹമുള്ളവരെ, ദൈവവചനത്തെ നിരര്‍ത്ഥകമാക്കിക്കൊണ്ട്, ദൈവ സ്നേഹത്തെ അവഗണിച്ച്, പാരമ്പര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുത്ത്, തെറ്റായ കീഴ്വഴക്കങ്ങളെ ഊട്ടിവളര്‍ത്തി മുന്നോട്ടുപോയാല്‍ ഈ പെരുമ്പാമ്പുകള്‍ നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ, കുടുംബത്തെ വിഴുങ്ങിക്കളയും. ഇത് മാത്രമല്ല ഇതുപോലുള്ള തിന്മകള്‍ നമ്മുടെ ജീവിതത്ത്തിലുണ്ടെങ്കില്‍ മദ്യപാനമാകാം, ദേഷ്യമാകാം, സംശയ മനസ്സാകാം എന്തുതന്നെയായാലും അത് നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ നമ്മുടെ കുടുംബത്തെ വിഴുങ്ങിക്കളയും. എത്രയും വേഗം ഇവയെ ഉപേക്ഷിക്കുക. ഉപേക്ഷിച്ചില്ലെങ്കില്‍ – നാം, നമ്മുടെ സഭ, നമ്മുടെ കുടുംബം കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ന്നടിയും. സമാധാനമെന്തെന്നറിയാതെ അലഞ്ഞുതിരിയും. ദൈവവചനത്തെക്കാള്‍ നാം മുറുകെപ്പിടിക്കുന്ന പാരമ്പര്യങ്ങള്‍, നിസ്സാരങ്ങളെന്ന് തോന്നുന്ന തെറ്റായ പ്രവണതകൾ നമ്മെ വിഴുങ്ങാന്‍ നമ്മുടെ അളവെടുത്തുകൊണ്ടിരിക്കുകയാണ്.

ഓര്‍ക്കുക, എല്ലാറ്റിലുമുപരി, ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ സ്നേഹമായിരിക്കണം ക്രൈസ്തവന്റെ പ്രചോദക ശക്തി, അവളെ / അവനെ മുന്നോട്ട് നയിക്കുന്ന driving force.