SUNDAY SERMON MT 17, 14-21

ഏലിയാ-സ്ലീവാ-മൂശേക്കാലം

സ്ലീവാ രണ്ടാം ഞായർ

മത്താ 17, 14-21  

സന്ദേശം

Catholic.net - Turn to Jesus

ഒരു അപസ്മാര രോഗിയെയും, ക്രിസ്തുവിൽ പൂർണവിശ്വാസമുള്ള അവന്റെ പിതാവിനെയും, അപസ്മാര രോഗിയെ സുഖപ്പെടുത്തുന്ന ഈശോയെയും അവതരിപ്പിക്കുന്ന ഇന്നത്തെ സുവിശേഷഭാഗം എന്നിൽ വലിയ ഞെട്ടൽ ഉണ്ടാക്കുകയാണ്. കാരണമെന്തെന്നോ? ഈ അപസ്മാര രോഗിയെപ്പോലെയുള്ള ധാരാളം വ്യക്തികളെ ഇന്നത്തെ ലോകത്തിൽ ഞാൻ കാണുന്നു. കോവിഡ് എന്ന മഹാമാരി അപസ്മാരംപോലെ ഉറഞ്ഞു തുള്ളുകയാണ് ഇപ്പോഴും. വർത്തമാനപ്പത്രങ്ങളും അപസ്മാരരോഗികളുടെ കഥകളാണ് നമ്മോട് പറയുന്നത്. വാർത്തകളുടെ തലക്കെട്ടുകൾ ഇങ്ങനെയാണ്: “വഴക്കിനെത്തുടർന്ന് യുവാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച്. പിതാവ് അറസ്റ്റിൽ.” “പ്രണയം തള്ളിയ വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു.” “തകഴിയിൽ പോത്തിന്റെ ചെവി വെട്ടിമാറ്റി”. “ഒരു വയസ്സുകാരന്റെ മരണം: മുത്തശ്ശി അറസ്റ്റിൽ”. 2015 ലെ ബജറ്റ് ദിനത്തിൽ നിയമസഭയിൽ അപസ്മാര രോഗികളെപ്പോലെ പെരുമാറിയ അന്നത്തെ കുറെ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ കസേര മറച്ചിടുന്നതും, കമ്പ്യുട്ടർ തകർക്കുന്നതും കേരളം live ആയി കണ്ടിട്ടും, ആ അപസ്മാരരോഗികൾ കേരളീയരുടെ നേരെ പല്ലിളിച്ചു് കാണിച്ചിട്ട് ഇപ്പോൾ പുലമ്പുന്നു അതെല്ലാം വ്യാജമെന്ന്! ദീപികയിൽ വന്ന ഒരു വാർത്തയും കേൾക്കൂ: “പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്നു, ഭാര്യയേയും വെട്ടി, യുവാവ് ജീവനൊടുക്കി.” അപസ്മാര രോഗത്തിന്റെ വിവിധ ദൃശ്യങ്ങളല്ലേ ഇവയെല്ലാം? ഇന്ന് ലോകത്തെ ഗ്രസിച്ചിരിക്കുന്ന ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയവ സ്വയം നശിപ്പിച്ചും, ലോകത്തെയും, വ്യക്തികളെയും, കുടുംബങ്ങളെയും, സമൂഹങ്ങളെയും നശിപ്പിച്ചും അപസ്മാരരോഗികളെപ്പോലെ തകർത്താടുകയാണ്.

ഈ ലോകത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങളിൽ നിന്ന്, അപസ്മാര രോഗങ്ങളിൽനിന്ന് ലോകത്തെ മുഴുവനും രക്ഷിക്കുവാൻ, സുഖപ്പെടുത്തുവാൻ ക്രിസ്തുവിൽ വിശ്വസിക്കുക എന്ന് വിളിച്ചു പറയുകയാണ് ഇന്നത്തെ സുവിശേഷ ഭാഗം.   സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ആവിഷ്കാരമാണ് ഈ ദൈവവചന ഭാഗം. ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകുവാൻ ആഗ്രഹിക്കുന്നവരോട്, ക്രിസ്തുവിന്റെ – ആത്മീയമോ, ശാരീരികമോ, മാനസികമോ എന്തുമാകട്ടെ – ക്രിസ്തുവിന്റെ സൗഖ്യം പ്രതീക്ഷിക്കുന്നവരോട് വചനം പറയുന്നത് ഈശോ ആവശ്യപ്പെടുന്നത് ഹൃദയത്തിലുള്ള വിശ്വാസമാണ്.

വ്യാഖ്യാനം

ഒരു പിതാവിന്റെ വേദനയുടെ മുൻപിൽ, പുത്രന്റെ സൗഖ്യത്തിനുവേണ്ടിയുള്ള പിതാവിന്റെ കരച്ചിലിനുമുന്പിൽ നിൽക്കുന്ന ഈശോ, ആ പിതാവിന്റെ ഹൃദയം കാണുകയാണ്. തന്നിൽ പൂർണ വിശ്വാസം അർപ്പിച്ചുവന്നിരിക്കുന്ന പിതാവിന് ഈശോ, പുറപ്പാടിന്റെ പുസ്തകം അദ്ധ്യായം 15, 26 ൽ പറയുന്നപോലെ സുഖപ്പെടുത്തുന്ന കർത്താവാകുകയാണ്.

Your faith in Jesus is powerful! | Jesus.net

ദൈവരാജ്യം നമ്മിൽ സംഭവിക്കണമെങ്കിൽ, ദൈവത്തിന്റെ സൗഖ്യം സ്വന്തമാക്കണമെങ്കിൽ അടിസ്ഥാനമായി മനുഷ്യന് വേണ്ടത് ദൈവത്തിലുള്ള വിശ്വാസമാണ്. യഥാർത്ഥ ക്രൈസ്തവന്റെ ആന്തരിക ഭാവമാണത്. ദേവാലയങ്ങളുടെ വലിപ്പമോ, സംസ്കാരത്തിന്റെ പവിത്രതയോ, ആചാരങ്ങളുടെയും, ആരാധനാക്രമങ്ങളുടെയും ദൈർഘ്യമോ, വൈവിധ്യമോ അല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ അളവുകോൽ. ക്രിസ്തുവിലുള്ള വിശ്വാസമാണ് എന്റെ ക്രൈസ്തവ വ്യക്തിത്വത്തിന്റെ അളവുകോൽ. താബോർ മലയിലെ രൂപാന്തരത്തിലൂടെ തന്റെ ശിഷ്യരെ ഇത്തരമൊരു വിശ്വാസത്തിലേക്ക് ഉയർത്തുവാൻ സാധിച്ചു എന്ന പൂർണ വിശ്വാസത്തിലാണ് ഈശോ ജനക്കൂട്ടത്തിന്റെ അടുത്തേക്ക് വരുന്നത്. അപ്പോഴാണ് അപസ്മാര രോഗിയായ ബാലനെ കണ്ടുമുട്ടുന്നതും, അവനെ സുഖപ്പെടുത്തുന്നതും.

ഒരു പിതാവ് അപസ്മാരം ബാധിച്ച തന്റെ മകനെയും കൊണ്ട് ഈശോയെ സമീപിക്കുകയാണ്. തന്റെ മകന്റെ അപസ്മാരരോഗം അദ്ദേഹത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ആ മകനെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നുണ്ടായിരുന്നു. വീടിന്റെ മുറ്റത്തു തന്നെ തുറന്ന അടുപ്പുകളുള്ള ഒരു സംസ്കാരത്തിൽ അപസ്മാരം വരുമ്പോൾ മകനെ തീയിൽ നിന്ന് രക്ഷിക്കുവാൻ അയാൾ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മഴവെള്ളം സംഭരിക്കുവാൻ വീടിന്റെ പരിസരത്തു തന്നെ ചെറിയ കുളങ്ങളുള്ളതുകൊണ്ടു വെള്ളത്തിൽ നിന്നു രക്ഷിക്കുകയെന്നതും വലിയ പ്രശ്നമായിരുന്നു അയാൾക്ക്.   ഇങ്ങനെയുള്ള ഒരു വ്യക്തി തന്റെ കഴിവുകൾക്കും, ലോകത്തിന്റെ അറിവുകൾക്കും തന്റെ മകനെ സുഖപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. മാത്രമല്ല, അയാൾ ആൾദൈവങ്ങൾക്കും പിന്നാലെ ഓടിനടന്നു കാണണം.  അതിന്റെ ഭാഗമായിട്ടാകണം അയാൾ ശിഷ്യരെ സമീപിച്ചത്. അവരാകട്ടെ, താബോർമലയിൽ നിന്ന് കിട്ടിയ ധൈര്യത്തിൽ ഒരു കൈ ശ്രമിക്കുകയും ചെയ്തു.

എന്നാൽ, ഇവയെല്ലാം തങ്ങൾക്കു സൗഖ്യം തരികയില്ലെന്നും, ജീവിതത്തിൽ വലുതായി കരുതുന്നതെല്ലാം വെറുതെയാണെന്നും, അവയ്ക്കൊന്നും തന്നെ സുഖപ്പെടുത്താൻ കഴിയുകയില്ലെന്നും അറിയുമ്പോൾ മാത്രമേ, നാം ദൈവ വിശ്വാസത്തിലേക്ക് പ്രവേശിക്കുകയുള്ളു എന്നതാണ് സത്യം.

വിശ്വ പ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ, കിർസിദ റോഡ്രിഗസ് (Kyrzaida Rodriguez, 40) കാൻസർ വന്നു മരിക്കുന്നതിന് മുൻപ് എഴുതിയ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്.   അവൾ തന്റെ ഇൻസ്റ്റാഗ്രാം സുഹൃത്തുക്കൾക്ക് ഇങ്ങനെ എഴുതി. “ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡ് കാർ എന്റെ ഗാരേജിലുണ്ട്. പക്ഷെ ഞാനിപ്പോൾ വീൽ ചെയറിലാണ് യാത്ര ചെയ്യുന്നത്. എന്റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും ചെരിപ്പുകളും ഉണ്ട്. പക്ഷെ ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു. ബാങ്കിൽ ആവശ്യത്തിന് പണമുണ്ട്. എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല.

38 Kyrzayda Rodriguez Photos and Premium High Res Pictures - Getty Images

എന്റെ വീട് ഒരു കൊട്ടാരം പോലെയാണ്. എന്നാൽ, ഇപ്പോൾ ഞാൻ ആശുപത്രി കിടക്കയിലാണ്. ഞാൻ പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്ന് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് യാത്രചെയ്യുമായിരുന്നു. ഇപ്പോൾ ഒരു ലാബിൽ നിന്ന് മറ്റൊരു ലാബിലേക്ക്. എന്റെ മുടി അലങ്കരിക്കുവാൻ എനിക്ക് ഏഴ് ബ്യൂട്ടീഷ്യൻ (Beutician) മാരുണ്ടായിരുന്നു. ഇന്ന് എന്റെ തലയിൽ ഒരു മുടി പോലുമില്ല. ഒരു സ്വകാര്യ ജെറ്റിൽ ഞാൻ ഇഷ്ടമുള്ളിടത്തേക്കു പറക്കുമായിരുന്നു. ഇപ്പോൾ ഒന്ന് നടക്കാൻ രണ്ടു പേരുടെ സഹായം വേണം. ധാരാളം ഭക്ഷണങ്ങൾ വാങ്ങാമെങ്കിലും എന്റെ ഇപ്പോഴത്തെ ഭക്ഷണം ഒരു ദിവസം രണ്ടു ഗുളികകളും, രാത്രിയിൽ കുറച്ചു തുള്ളി ഉപ്പുമാണ്. ഈ വീഡി കാർ, നിരവധി ബാങ്ക് അൽകൗണ്ടുകൾ, ഈ ജെറ്റ്, അന്തസ്സും പ്രശസ്തിയും ഒന്നും എനിക്ക് ഒരു പ്രയോജനവുമില്ല.”  ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് അവരുടെ മൂന്നാം ചരമവാർഷികമായിരുന്നു.      

ഇന്നത്തെ സുവിശേഷ ഭാഗത്തിലെ പിതാവും ഇങ്ങനെ ഒരു മാനസികാവസ്ഥയിലെത്തിയിരിക്കണം! ഒടുക്കം, അതെ, ഒടുക്കം, ‘ദൈവമേ, നീ മാത്രമേയുള്ളു എന്റെ ആശ്രയം” എന്ന സമർപ്പണത്തിലേക്കു കടന്നുവന്ന നിമിഷം അയാൾ, അയാൾ മാത്രമല്ല അയാളുടെ മകനും, അയാളുടെ വിശ്വാസം വഴി, അയാളുടെ കുടുംബം മുഴുവനും, വിശ്വാസത്തിന്റെ തീർത്ഥത്തിൽ സ്നാനം ചെയ്യുകയാണ്. ആ സ്നാനത്തിൽ അവർക്കു സൗഖ്യം ലഭിക്കുകയാണ്. ആ സ്നാനത്തിൽ നിന്ന് ഉണർന്നുവരുമ്പോൾ അവർ അറിയുന്നു, ക്രിസ്തുവിന്റെ അടുത്ത് മാത്രമേ സൗഖ്യമുള്ളുവെന്ന്; ഈശോയുടെ വചനത്തിൽ സൗഖ്യമുണ്ടെന്ന്, ഈശോയുടെ സാന്നിധ്യം സൗഖ്യം നല്കുന്നതാണെന്ന്‌; ഈശോ മുഴുവനും സൗഖ്യമാണെന്ന്. വാണിജ്യ സിനിമകൾക്ക്, ക്രൈസ്തവന്റെ സുഖപ്പെടുത്തുന്ന കർത്താവിന്റെ, ദൈവത്തിന്റെ, ഈശോയുടെ  പേര് നൽകി ക്രൈസ്തവവിശ്വാസത്തെയും, ഈശോയെയും അപമാനിക്കുന്നവർക്ക് വലിയൊരു വെല്ലുവിളിയാണ്, ഈശോയെ, കർത്താവേ, എന്റെ പുത്രനിൽ കനിയേണമേയെന്ന സുവിശേഷഭാഗത്തിലെ പിതാവിന്റെ ഉള്ളം തകർന്നുള്ള കരച്ചിൽ!

സ്നേഹമുള്ളവരേ, ഈശോയുടെ സൗഖ്യത്തിന്റെ അടിസ്ഥാന ഘടകം വിശ്വാസമാണ്, ദൈവത്തിലുള്ള, ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം. ഈശോയുടെ സൗഖ്യപ്പെടുത്തലുകളിൽ അത് രണ്ടു രീതിയിൽ അവതരിക്കപ്പെടുന്നുണ്ട്. ഒന്ന്, സൗഖ്യപ്പെട്ട ആളുടെ വിശ്വാസത്തെ ഈശോ പ്രകീർത്തിക്കുന്നു. ആ അവസരങ്ങളിൽ ഈശോ പറയുന്നു, “നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” രണ്ട്, സുഖപ്പെട്ടയാളുടെയോ, അയാളോടൊപ്പം വന്നവരുടെയോ വിശ്വാസത്തെക്കുറിച്ചു നിശ്ശബ്ദനായിക്കൊണ്ട്, ശിഷ്യരുടെ അല്ലെങ്കിൽ ജനത്തിന്റെ വിശ്വാസത്തെക്കുറിച്ചു പറയും. ഇവിടെ രണ്ടാമത്തെ രീതിയാണ് ഈശോ സ്വീകരിച്ചത്. രീതി ഏതാണെങ്കിലും ഈശോ പറയാനാഗ്രഹിക്കുന്നതു വിശ്വാസത്തെക്കുറിച്ചു തന്നെയാണ്.

ദൈവത്തിലുള്ള വിശ്വാസത്തിന്റെ തീവ്രത അവിടുന്ന് അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. അതാണ് വിശ്വാസം. ആഴമുള്ള ജീവിതാനുഭവങ്ങളിൽ നിന്നാണ് വിശ്വാസം രൂപപ്പെടുന്നത്. എന്റെ ജീവിതത്തിന്റെ മാനുഷിക, ലൗകിക അസാധ്യതകൾക്കുമുന്പിൽ ദൈവം ഒരു വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് വിശ്വാസം. ഞാൻ പാവപ്പെട്ടവയും ദരിദ്രനുമാണ് എങ്കിലും എന്റെ കർത്താവിനു എന്നെക്കുറിച്ചു കരുതലുണ്ട് എന്ന വികാരമാണ് വിശ്വാസം. ഹൃദയം തകർന്നവർക്കു സമീസ്ഥനാണ് ദൈവമെന്ന ബോധ്യമാണ് വിശ്വാസം. എന്റെ പരിമിതികൾക്കും അപ്പുറം എന്നെ താങ്ങി നടത്തുവാൻ ദൈവം എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന ക്ഷീണിതമായ മനസ്സിന്റെ ആഗ്രഹമാണ് വിശ്വാസം. ഈ വിശ്വാസത്തിലേക്കു നാം വളരണം. ഈ വിശ്വാസം നമ്മുടെ ജീവശ്വാസത്തിന്റെ താളമാകണം. അപ്പോഴേ, ക്രിസ്തുവിന്റെ സൗഖ്യം സ്വീകരിക്കുവാനും മറ്റുള്ളവർക്ക് സൗഖ്യം നൽകുവാനും നമുക്ക് കഴിയുകയുള്ളു.

ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്: ഒന്ന്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ വിശ്വസിക്കുന്നവനാകണം ക്രൈസ്തവൻ. രണ്ട്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ സ്നാനപ്പെട്ടു നിൽക്കുന്നവായിരിക്കണം ക്രൈസ്തവൻ. രോഗങ്ങളെന്തായാലും ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകണം. മൂന്ന്‌, മുറിവുകൾ നല്കുന്നവനല്ല, മുറിവുകൾ സുഖപ്പെടുത്തുന്നവനാണ് ക്രൈസ്തവൻ.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിലെ അപസ്മാരരോഗിയെ അയാളിൽ മാത്രമായി ഒതുക്കുവാൻ ആകില്ല. ഇന്ന് ലോകത്തിനു മുഴുവൻ അപസ്മാരം പിടിപെട്ടിരിക്കുകയാണ്. വ്യക്തികൾക്കും, സമൂഹത്തിനും ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ. രാഷ്ട്രീയ മത സാംസ്കാരിക രംഗത്ത് ഉള്ളവർ അപസ്മാരരോഗികളെപ്പോലെ ഗോഷ്ടികൾ കാണിക്കുന്നു. ഇന്ന് ഗവൺമെന്റുകൾക്കു അപസ്മാരം പിടിച്ചിരിക്കുകയാണ്. ജനത്തിനുവേണ്ടി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ കോർപറേറ്റുകൾക്ക് വേണ്ടി ചുവടുവയ്ക്കുന്നു. പാവപ്പെട്ട കർഷകരെക്കാണുമ്പോൾ അവർക്കു അപസ്മാരം പിടിക്കുന്നു. നമ്മുടെ നാട്ടിലെ നേതാക്കൾക്കും അപസ്മാരമാണ്; ആക്രാന്തമാണ്‌. അവർ കാട്ടുന്ന ഗോഷ്ടികൾ അവരുടെ രോഗത്തെ ശരിവയ്ക്കുകയാണ്. മാതാപിതാക്കൾക്ക് മക്കളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ! കൈക്കുഞ്ഞിനെ കൊല്ലുന്ന പിതാവ്! മാതാപിതാക്കൾക്കെതിരെ കേസ് കൊടുക്കുന്ന മക്കൾ, അനുജനെതിരെ കോടതിയിൽ പോകുന്ന ജേഷ്ഠൻ! ലൗകികതയുടെ പേക്കൂത്തുകൾ കാട്ടുന്ന ആത്മീയ നേതാക്കൾ!! ഇടവകയിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ, ക്ഷമയുടെയും, കരുണയുടെയും, വിട്ടുവീഴ്ചയുടെയും മാർഗത്തിലൂടെ ഇടവകയിൽ തന്നെ തീരുമാനം ഉണ്ടാക്കാതെ നേരെ കേസുകൊടുക്കുവാൻ ഓടുമ്പോൾ അപസ്മാരത്തിന്റെ ലക്ഷണങ്ങളല്ലേ ഇവയെല്ലാം എന്ന് നാം ചിന്തിക്കണം. ഈ ഭൂമിയെ ഒരു അപസ്മാരരോഗിയെപ്പോലെ നാം വികൃതമാക്കിയിരിക്കുന്നു.

സമാപനം

ഈ ഭൂമിക്ക്‌, സമൂഹത്തിനു, കുടുംബങ്ങൾക്ക്, വ്യക്തികൾക്ക് സൗഖ്യം ആവശ്യമായിരിക്കുന്നു. ഒരു വ്യക്തിയെ രോഗത്തിന്റെ ബലഹീനാവസ്ഥയിലേക്കല്ലാ, വ്യക്തിയുടെ സൗഖ്യത്തിലേക്കാണ് ഈശോ ക്ഷണിക്കുന്നത്. ഈശോയ്ക്ക് നമ്മെ സുഖപ്പെടുത്താൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക. മകളെ, മകനെ, നിന്റെ ഉള്ളിലെ ആഗ്രഹം ഈശോയോടു പറയുക. സുഖപ്പെടലിന്റെ അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും.

നമുക്ക് പ്രാർത്ഥിക്കാം: അപസ്മാരം നിറഞ്ഞ ഒരു സംസ്കാരത്തിലൂടെയാണ്, മനസ്സിലാക്കാനാകാത്ത ജീവിത സാഹചര്യങ്ങളിലൂടെയാണ് ഈശോയെ, ഞങ്ങൾ കടന്നുപോകുന്നത്.   ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. ഞങ്ങളെ സുഖപ്പെടുത്തണമേ. ആമേൻ!

SUNDAY SERMON MT 4, 12-17

ഏലിയാ-സ്ലീവാമൂശേക്കാലം

സ്ലീവാ ഒന്നാം ഞായർ

മത്താ 4, 12-17   

സന്ദേശം

Matthew 4,12-17, 23-25 - Digital Catholic Missionaries (DCM)

“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ” എന്ന് എപ്പോഴും പ്രാർഥിച്ചുകൊണ്ടും, പ്രഘോഷിച്ചുകൊണ്ടും, ആ ദൈവ രാജ്യ സംസ്ഥാപനത്തിനുവേണ്ടി പ്രയത്നിച്ചുംകൊണ്ട് മുന്നോട്ട് പോകുന്ന ക്രൈസ്തവരെയും, ദൈവാരാജ്യമൂല്യങ്ങളെയും തകർക്കാൻ ലൗവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങി അനേകം ജിഹാദുകളുണ്ടെന്നും അതുകൊണ്ട് ക്രൈസ്തവരെല്ലാവരും ജാഗ്രതയോടെയിരിക്കണമെന്നുമുള്ള ഓർമപ്പെടുത്തലിനെച്ചൊല്ലി വാദപ്രതിപാദങ്ങൾ നടന്നുകൊണ്ടിക്കെയാണ് ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ സ്ലീവാ ഒന്നാം ഞായറാഴ്ച്ച നാം ആചരിക്കുന്നത്.  ലേഖനത്തിൽ വായിച്ചുകേട്ടതുപോലെ, ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നുവെങ്കിലും ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണം വരെ, കുരിശുമരണംവരെ അനുസരണമുള്ളവനായ ക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ രക്ഷാകരമാക്കിയ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനുശേഷമുള്ള ഈ ഞായറാഴ്ച്ച, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുന്ന ക്രിസ്തുവിനെയാണ് തിരുസ്സഭ സുവിശേഷത്തിലൂടെ അവതരിപ്പിക്കുന്നത്. എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ദൈവരാജ്യസ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകണമെ ന്ന് ഓർമപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം.  ഈ ദൈവവചനഭാഗത്തിനും സന്ദേശത്തിനും വലിയ പ്രാധാന്യമുണ്ട്.

വ്യാഖ്യാനം

ഈശോ ജനിച്ചത് ബെത്ലഹേമിലാണ്. വളർന്നത് നസ്രത്തിലാണ്. സുവിശേഷം പ്രസംഗിച്ചു ലോകത്തിനു രക്ഷനൽകുവാൻ കടന്നു ചെന്നത് ജെറുസലേമിലേക്കാണ്. എന്നാൽ തന്റെ ഗലീലയിലെ സുവിശേഷ പ്രവർത്തനത്തിൽ ഈശോ കൂടുതൽ കാലം ചിലവഴിച്ചത് കഫെർണാമിലാണ്. ഇന്നത്തെ സുവിശേഷ ഭാഗത്തു വിജാതീയരുടെ ഗലീലിയിലേക്ക് വന്ന ഈശോ താമസിക്കുന്നത് ഗലീലിക്കടലിന്റെ വടക്കു പടിഞ്ഞാറൻ തീരത്തു സ്ഥിതിചെയ്യുന്ന കഫെർണാമിലാണ്. ഈശോയുടെ പ്രവർത്തനങ്ങളുമായി വളരെ അടുപ്പമുള്ള സ്ഥലമാണ് കഫർണാം. വിശുദ്ധ മത്തായിയുടെ സുവിശേഷം 9, 1 ൽ പറയുന്നത് കഫർണാം ഈശോയുടെ സ്വന്തം പട്ടണമെന്നാണ്. ഇവിടെ വച്ചാണ് ഈശോ ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നത്. (ലൂക്ക 7, 1 – 10) മേൽക്കൂര പൊളിച്ചു താഴോട്ടു, ഈശോയുടെ മുന്പിലേക്കിറക്കിയ തളർവാതരോഗിയെ സുഖപ്പെടുത്തിയതും ഇവിടെ വച്ചാണ്. 40 ഓളം അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുവാൻ ഭാഗ്യം ലഭിച്ച ഒരു മുക്കുവ ഗ്രാമമാണ് കഫർണാം.

ഈശോയുടെ പരസ്യജീവിത കാലത്തെ മഹാത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന കഫെർനാമിലേക്കു ഈശോ ആദ്യമായി കടന്നു വന്നപ്പോൾ വിശുദ്ധ മത്തായി ഈ അവസരത്തെ ദൈവികമാക്കുകയാണ്. അദ്ദേഹം ഈശോയെ തിരഞ്ഞെടുക്കപ്പെട്ട യഹൂദരുടെ മാത്രമല്ല, സകല ജനത്തിന്റെയും രക്ഷകനായി അവതരിപ്പിക്കുകയാണ്. മാത്രമല്ല, പ്രവചനങ്ങളുടെ പൂർത്തീകരണമായി ദർശിക്കുകയാണ്. വീണ്ടും ഒരുപടികൂടി കടന്നു, അന്ധകാരത്തിൽ കഴിയുന്നവർക്ക് വലിയ പ്രകാശമായി കാണിച്ചുകൊടുക്കുകയാണ്. തീർന്നില്ല, മരണത്തിന്റെ മേഖലയിൽ കഴിയുന്നവർക്ക്, ജീവിതകാലത്തു അതിന്റെ നിഴലിൽ കഴിയുന്നവർക്ക് വലിയ പ്രകാശമായി, ആശ്വാസമായി, ജീവനായി ഈശോയെ ഉയർത്തി നിർത്തുകയാണ്. തിരഞ്ഞെടുക്കപ്പെട്ടവരുടെ മാത്രമല്ല, വിജാതീയരുടെയും പ്രതീക്ഷയായി, പ്രകാശമായി ഈശോയെ അവതരിപ്പിക്കുകയാണ്. മറ്റൊരുവാക്കിൽ, ലോകം മുഴുവന്റെയും, ജീവിച്ചിരിക്കുന്നവരുടെയും, മരിച്ചവരുടെയും ദൈവമായി ഈശോയെ ഉയർത്തി പ്രതിഷ്ഠിക്കുകയാണ് വിശുദ്ധ മത്തായി ഇവിടെ. ഈയൊരു ചെറിയ സുവിശേഷ ഭാഗത്തു ഈശോ സൂര്യതേജസ്സായി തിളങ്ങുകയാണ്!

എന്തിനാണെന്നു സൂര്യതേജസായ, ലോകരക്ഷകനായ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്? ക്രിസ്തു ഈ ഭൂമിയിൽ വന്നത് ഇവിടം സ്വർഗമാക്കാനാണ്, ഇവിടെ ദൈവരാജ്യം, സ്വർഗ്ഗരാജ്യം സ്ഥാപിക്കാനാണ്. ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്.  അതുകൊണ്ടാണ് ദൈവരാജ്യത്തെ അവതരിപ്പിച്ചുകൊണ്ട് ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് തന്നെ. എന്താണ് മനുഷ്യൻ ആദ്യമായും അവസാനമായും തന്റെ ജീവിതത്തിൽ അന്വേഷിക്കേണ്ടത്? ഈശോ പറയും, മനുഷ്യൻ ആദ്യം അന്വേഷിക്കേണ്ടത് ദൈവരാജ്യമാണ്. (മത്താ 6, 33) ഈശോ ശിഷ്യന്മാരെ അയയ്ക്കുമ്പോൾ പറയുന്നതും ദൈവാരാജ്യത്തിലേക്ക് ജനത്തെ ക്ഷണിക്കുവാനാണ്. (ലൂക്ക 10, 9)

എന്താണ് ദൈവരാജ്യം? ഈശോ ദൈവരാജ്യത്തെ കണ്ടിരുന്നത് ദൈവാത്മാവിന്റെ പ്രവർത്തനമേഖലയായിട്ടാണ്. ദൈവാത്മാവാണ് ലോകത്തിൽ, മനുഷ്യനിൽ പ്രവർത്തിക്കുന്നതെങ്കിൽ ദൈവരാജ്യമായി എന്നാണ് ഈശോ പറയുന്നത്. ഈശോ പറയുന്നു: “ദൈവാത്മാവിനെക്കൊണ്ടാണ് ഞാൻ പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നതെങ്കിൽ ദൈവരാജ്യം നിങ്ങളിൽ വന്നിരിക്കുന്നു.” (മത്താ 12 ,28) സ്വർഗാരോഹണത്തിന് മുൻപ് ഈശോ ദൈവരാജ്യത്തിന്റെ താക്കോൽ ശിഷ്യർക്ക് നൽകുന്നുണ്ട്. വിശുദ്ധ പൗലോശ്ലീഹാ റോമാക്കാരോട് പറയുന്നത് “ദൈവാരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല, പ്രത്യുത നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്.” (റോമാ 14, 17)  ദൈവരാജ്യത്തിന്റെ, സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു കൊണ്ടാണ് സമാന്തര സുവിശേഷങ്ങളിൽ ഈശോ തന്റെ പരസ്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് എന്നത് ഈശോയുടെ സന്ദേശത്തെ മനോഹരമായി വെളിവാക്കുന്നുണ്ട്. അതുകൊണ്ടു എന്റെ ഉറച്ച വിശ്വാസമിതാണ്: ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈശോയ്ക്കിത് ഒരു വീണ്ടെടുപ്പിന്റെ ശ്രമമാണ്, ദൈവരാജ്യത്തിന്റെ വീണ്ടെടുപ്പ്. ഈശോയുടെ ലക്‌ഷ്യം ഈ ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുക എന്നതായിരുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് ഇങ്ങനെയാണ്: “അപ്പോൾ മുതൽ യേശു പ്രസംഗിക്കുവാൻ തുടങ്ങി: മാനസാന്തരപ്പെടുവിൻ, സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.” (മത്താ 4, 17) മർക്കോസിന്റെ സുവിശേഷത്തിൽ ദൗത്യം ആരംഭിക്കുന്നത് ഇങ്ങനെ: “സമയത്തെ പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ.” (മർക്കോ 1, 15) ലൂക്കയുടെ സുവിശേഷത്തിൽ ദൗത്യം ആരംഭിക്കുന്നത് ഇങ്ങനെ: “കർത്താവിന് സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കുവാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.” (ലൂക്ക 4, 19)

ആദിമാതാപിതാക്കൾ പറുദീസായിലായിരുന്നു എന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് അവർ ദൈവരാജ്യത്തിലായിരുന്നു എന്നാണ്. പക്ഷെ, മനുഷ്യൻ ഈ പറുദീസാ, ദൈവരാജ്യം നഷ്ടപ്പെടുത്തി. പിന്നീട് പലതരത്തിലുള്ള രാജ്യങ്ങളും അവൻ പരീക്ഷിച്ചുനോക്കി. ഗോത്രങ്ങളായും, പ്രഭുത്വങ്ങളായും, കുറേക്കാലം… പിന്നെ അടിമത്തം, സാമ്രാജ്യത്വം, കമ്മ്യൂണിസം, സോഷ്യലിസം, ക്യാപിറ്റലിസം… അവസാനമെന്നോണം ജനാധിപത്യം. എന്നാൽ, എല്ലാറ്റിനും ചോരയുടെ, വെട്ടിപ്പിടിക്കലിന്റെ, വഞ്ചനയുടെ കഥകളാണ് പറയാനുള്ളത്….

മനുഷ്യ ചരിത്രത്തിനെന്നും നിഷ്കളങ്കരുടെ രക്തത്തിന്റെ മണമാണുള്ളത്. തോൽക്കുന്നവന്റെയും ജയിക്കുന്നന്റെയും ചരിത്രം കൊല്ലുന്നതിന്റെയും കൊല്ലപ്പെടുന്നതിന്റേതുമാണ്. മഹാഭാരത യുദ്ധത്തിൽ മരണശയ്യയിൽ കിടക്കുന്ന ദുര്യോധനൻ മറുപക്ഷത്തോട് പറയുന്നത് ഇങ്ങനെയാണ്: “… ചതികൊണ്ട് നേടിയ നിങ്ങളുടെ വിജയകിരീടങ്ങൾക്കു എന്ത് വിലയാണുള്ളത്? വഞ്ചനയിൽ ജീവിച്ചു, വഞ്ചനകൊണ്ട് ജയിച്ചു, ജയത്തെത്തന്നെ നിങ്ങൾ പരാജയമാക്കി.” പിന്നീട് അയാൾ യുധിഷ്ഠരനോട് പറഞ്ഞു: “യുധിഷ്ഠരാ, വിധവകളുടെ ഒരു മഹാരാജ്യം നിന്നെ കാത്തിരിക്കുന്നു.” നോക്കൂ… എന്തൊരു വാക്യമാണ്! വിധവകളുടെ മഹാരാജ്യം! എല്ലാ യുദ്ധവും ബാക്കിയാക്കുന്നത് അതാണ്. യുദ്ധം എപ്പോഴും, ശത്രുത എപ്പോഴും, സ്വത്തിനുവേണ്ടിയോ, സ്ഥലത്തിനുവേണ്ടിയോ, എന്തിനൊക്കെ വേണ്ടിയായാലും തർക്കങ്ങൾ എപ്പോഴും നഷ്ടങ്ങളിലെ അവസാനിക്കൂ! അല്ലെങ്കിൽ ബൈബിൾ മറിച്ചു നോക്കിക്കോളൂ, ലോകചരിത്രത്തിലെ ഏടുകൾ മറിച്ചു നോക്കിക്കോളൂ.. ദൈവ രാജ്യത്തിൽ നിന്നകലുന്നതെല്ലാം നാശത്തിലേ അവസാനിക്കുകയുള്ളു,

എന്നിട്ടും വിശ്വാസമാകുന്നില്ലെങ്കിൽ നമ്മുടെ ഇന്ത്യയുടെ, കേരളത്തിന്റെ വർത്തമാന ചരിത്രം ഒന്ന് വീക്ഷിച്ചാൽ എല്ലാം മനസ്സിലാകും. ‘അവതാരങ്ങൾ’ ജനങ്ങളുടെ ഭരണകൂടങ്ങളെ വിഴുങ്ങിയിരിക്കുന്ന അവസ്ഥ……ജനാധിപത്യം ഫാസിസത്തിന്റെ കുപ്പായം ത്യ ധരിച്ചുകൊണ്ടിരിക്കുന്ന കാലം…അധികാരമുറപ്പിക്കുവാൻ വേണ്ടി മാത്രം തെരുവുയുദ്ധങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു…സർവ്വ നാശത്തിന്റെ രാസായുധങ്ങൾ അണിയറയിൽ ഒരുങ്ങിയിരിക്കുമ്പോഴും രാജ്യങ്ങൾ യുദ്ധത്തിനായി കോപ്പു കൂട്ടുന്നു…

അതോടൊപ്പം തന്നെ നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ തകർക്കുവാൻ പലതരത്തിലുള്ള ജിഹാദുകൾ നടന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ പെൺകുട്ടികളുടെ, യുവാക്കളുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെ, അവരുടെ പക്വമായ വ്യക്തിത്വത്തെ താഴ്ത്തിക്കെട്ടുവാനല്ല ഞാൻ ആഗ്രഹിക്കുന്നത്. നമ്മുടെ യുവതീയുവാക്കൾ ക്രിസ്തുവിൽ വിശ്വസിക്കുന്നവരും ക്രിസ്തുവിന് ജീവിതത്തിലൂടെ സാക്ഷ്യം വഹിക്കുന്നവരുമാണ്. എന്നാൽ, ജിഹാദികൾ കൊളുത്തുന്ന അഗ്നിയുടെ ആകർഷണ വലയത്തിൽപെട്ടു പോകുന്നവർ ഉണ്ടെന്ന് ഓർമപ്പെടുത്തേണ്ടിയിരിക്കുന്നു. നാർക്കോട്ടിക് ജിഹാദ് പുതിയതല്ല. പക്ഷേ, ഈ കേരളത്തിൽ, ക്രൈസ്തവർക്കെതിരെ ഒരായുധമായി ജിഹാദികൾ ഉപയോഗിക്കുവാൻ തുടങ്ങിയെന്നുള്ളതാണ്, ദൈവരാജ്യത്തിന്റെ മൂല്യങ്ങളെ തകർക്കുവാൻ തുടങ്ങിയെന്നതാണ് പുതിയ കാര്യം.

സ്നേഹമുള്ളവരേ, ദൈവരാജ്യത്തിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്ന ഈ മനുഷ്യകുലത്തെ ദൈവരാജ്യത്തിലേക്ക്, രക്ഷയിലേക്ക് വീണ്ടടുക്കുകയാണ് ഈശോയുടെ ദൗത്യം, അന്നും, ഇന്നും, എന്നും.

DON MOEN (Praise & Worship Leader) - SEEK FIRST THE KINGDOM OF GOD! This is  a wonderful reminder. | Facebook

അന്ധകാരത്തിലിരിക്കുന്ന ജനത്തിന് വലിയ പ്രകാശമായി, തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് മാത്രമല്ല, വിജാതീയർക്കും പ്രതീക്ഷയായിക്കൊണ്ട് ക്രിസ്തു ഇന്ന് നമ്മെയും ദൈവരാജ്യത്തിലേക്ക് ക്ഷണിക്കുകയാണ്. മാമ്മോദീസായിലൂടെ ദൈവം നമുക്ക് നൽകിയ ദൈവരാജ്യം കുരങ്ങന്റെ കയ്യിലെ പൂമാലപോലെ പിച്ചിച്ചീന്തിക്കൊണ്ടാണ് നാം നിൽക്കുന്നത്. സമാധാനത്തിനു പകരം യുദ്ധം, സ്നേഹത്തിനു പകരം വെറുപ്പ്, സത്യത്തിന് പകരം നുണ! ദേവാലയങ്ങളായ മനുഷ്യഹൃദയങ്ങൾ കള്ളന്മാരുടെ ഗുഹകൾ, ദൈവം വസിക്കുന്ന പള്ളികൾ കച്ചവട സ്ഥലങ്ങൾ! കച്ചവട സ്ഥലങ്ങളോ ഇന്ന് ജനത്തിന്റെ തീർത്ഥാടനസ്ഥലങ്ങളും!

ഇന്ന്, ദൈവരാജ്യം പ്രഘോഷിക്കുന്ന എന്തിനെയും തകർത്തുകളയുവാൻ ശ്രമിക്കുന്നവരുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. ദൈവികമായ, നന്മനിറഞ്ഞ, വിശുദ്ധമായ എന്തിനെയും അവസരം കിട്ടുമ്പോൾ ആർത്തിയോടെ പിടിച്ചുവിഴുങ്ങി, പള്ളകൾ വലുതാക്കി, പെറ്റുപെരുകാനാണു ഒരുകൂട്ടം ശ്രമിക്കുന്നത്. സ്നേഹമുള്ളവരേ, നമ്മുടെ മുൻപിൽ ധാരാളം ഉദാഹരണങ്ങളുണ്ട്. ഒരുകാലത്ത് ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ, ക്രൈസ്തവ മൂല്യങ്ങൾ നിറഞ്ഞു നിന്ന രാജ്യങ്ങളായിരുന്നു ഈജിപ്ത്, ലബനൻ, സിറിയ തുടങ്ങിയവ. ഇന്നവ മുസ്‌ലിം രാജ്യങ്ങളാണ്.  ഒരുകാലത്ത് ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ, ക്രൈസ്തവ മൂല്യങ്ങൾ നിറഞ്ഞു നിന്ന രാജ്യമായിരുന്നു അർമേനിയ. ഇന്നത് മുസ്‌ലിം രാജ്യമാണ്. തുര്‍ക്കിയിലെ ഹാഗിയ സോഫിയ തലയുയര്‍ത്തി നിന്ന ക്രൈസ്തവ അഭിമാന സ്തംഭമായിരുന്നു. ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ പ്രതീകമായിരുന്നു. ഇന്ന് അതൊരു മുസ്ലീം പള്ളിയാണ്.

നന്മയായിട്ടുള്ളതെന്തും, ആധുനികതയുടെ പേരിൽ, നവോത്ഥാനമെന്നപേരിൽ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ കുടുംബങ്ങളിലെ ദൈവരാജ്യ മൂല്യങ്ങളെയൊക്കെ ചാനൽ മുതലകൾ വിഴുങ്ങിയിട്ട് കാലങ്ങളായില്ലേ? ചൈതന്യം നഷ്ടപ്പെട്ട വിശുദ്ധ ബലികളികളർപ്പിക്കുന്ന നമ്മുടെ ദേവാലയങ്ങൾ ഇനിയും കോവിഡ് കാലം കഴിഞ്ഞും ദൈവരാജ്യത്തിന്റെ മണികളാണ് മുഴക്കുന്നത് എന്ന് വീമ്പ് പറയുവാൻ പറ്റുമോ നമുക്ക്?

ഈശോ നമ്മെ ക്ഷണിക്കുകയാണ് വീണ്ടും. ദൈവരാജ്യത്തിലേക്ക് കടക്കുവാൻ ക്രിസ്‍തു ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ഒന്നാമത്തേത്, മനസാന്തരപ്പെടുവിൻ എന്നാണ്. രണ്ടാമതായി, ഒന്നാം വായനയിൽ പറയുന്നപോലെ അഹങ്കരിക്കാതിരിക്കുക. വചനം പറയുന്നു: ‘നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകുകയും നല്ല വീടുകൾ പണിതു അവയിൽ താമസിക്കുകയും …മറ്റു സകലത്തിലും സമൃദ്ധിയുണ്ടാകുകയും ചെയ്യുമ്പോൾ അഹങ്കരിച്ചു എന്റെ ശക്തിയും എന്റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഇതെല്ലം നേടിത്തന്നതെന്നു നീ പറയരുത്. ദൈവമായ കർത്താവാണ് നിനക്കിതെല്ലാം തന്നത്.’

മൂന്നാമതായി, ലേഖനവായനയിൽ കേട്ടപോലെ ക്രിസ്തുവിന്റെ എളിയ മനോഭാവം പുലർത്തുക. അപ്പോൾ ദൈവരാജ്യം നമ്മുടെ ഇടയിൽ ജനിക്കും. അപ്പോൾ യേശുവിന്റെ നാമത്തിനു മുൻപിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുകയും യേശുക്രിസ്തു കർത്താവാണെന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയും ചെയ്യും.

സ്നേഹമുള്ളവരെ, കാലത്തിന്റെ അടയാളങ്ങൾ നമ്മോടു പറയുന്നു നാം ദൈവരാജ്യത്തിലേക്കു തിരിയേണ്ടിയിരിക്കുന്നു. തകർന്നു പോയിക്കൊണ്ടിരിക്കുന്ന ദൈവരാജ്യ മൂല്യങ്ങളെ നമുക്ക് തിരിച്ചുപിടിക്കണം. ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും,

ദൈവരാജ്യ സ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകേണ്ടിയിരിക്കുന്നു. ഈശോ പഠിപ്പിച്ച പ്രാർത്ഥന ഇപ്പോഴും ഓർക്കാം: ദൈവമേ, നിന്റെ രാജ്യം വരണമേ!

SUNDAY SERMON

ലിയാ-സ്ലീവാ-മൂശേക്കാലം മൂന്നാം ഞായർ

മത്താ 13, 24-30   

സന്ദേശം

Matthew 13, 24-30 | Digital Catholic Missionaries (DCM)

ഏലിയാസ്ലീവാ മോശെക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച കളകളുടെ ഉപമയുമായിട്ടാണ് ഈശോ നമ്മെ സമീപിയ്ക്കുന്നത്.  പ്രപഞ്ചമാകുന്ന, ലോകമാകുന്ന വയലിൽ നല്ല വിത്ത് മാത്രമാണ് ദൈവം വിതച്ചതെങ്കിൽ, പിന്നെ ആർത്തു വളരുന്ന കളകൾ എവിടെനിന്ന് വന്നു എന്ന ന്യായമായ ചോദ്യമായിരിക്കണം ഇപ്പോൾ നിങ്ങളുടെ മനസ്സിൽ. ശരിയാണ്, എല്ലാം നല്ലതാണെന്ന് പറഞ്ഞ സർവേശ്വരന്റെ ഈ പ്രപഞ്ചത്തിൽ എവിടെനിന്നാണ് കളകൾ വന്നത്? ലോകത്തിലെ ഭൂരിഭാഗം മനുഷ്യരും നന്മയും, സ്നേഹവും, സമാധാനവും ആഗ്രഹിക്കുന്നവരാണ്. എന്നാൽ പിന്നെ, അഫ്ഗാനിസ്ഥാനിലെ താലിബാൻ എവിടെനിന്ന് വന്നു? നൈജീരിയ, കെനിയ എന്നിവിടങ്ങളിലെ ക്രൈസ്തവരെ കൊന്നൊടുക്കുന്ന തീവ്രവാദികൾ എങ്ങനെ വന്നു? എല്ലാ മനുഷ്യരും ദൈവമക്കളാണെന്നും, എല്ലാവരുടെയും രക്തത്തിന്റെ നിറം ചുവപ്പാണെന്നും പറയുന്ന ഈ ലോകത്തിൽ എന്തുകൊണ്ടാണ് വംശഹത്യകൾ നടക്കുന്നത്? രാഷ്ട്രീയ കൊലപാതകങ്ങളും, വർഗീയ ഫാസിസവുമാകുന്ന കളകൾ എങ്ങനെ ഇവിടെ തഴച്ചു കൊഴുത്തു വളരുന്നു? കൊള്ളയും, കൊള്ളിവയ്പ്പും, അഴിമതിയും അക്രമവും, ആൾക്കൂട്ടക്കൊലപാതകങ്ങളും, കുട്ടികളെ തട്ടിക്കൊണ്ടുപോകലും, സ്ത്രീകളെ മാനഭംഗപ്പെടുത്തലും എല്ലാം എവിടെനിന്നു വന്നു? ലൗ ജിഹാദ് മുതൽ നാർക്കോട്ടിക് ജിഹാദുകൾ എന്തുകൊണ്ട് ഈ കേരളത്തിലും തഴച്ചു വളരുന്നു? “സ്നേഹത്തിന്റെ കൂദാശയും ഐക്യത്തിന്റെ അടയാളവും. ഉപവിയുടെ ഉടമ്പടിയുമായ വിശുദ്ധ കുർബാന”യെച്ചൊല്ലി എവിടെനിന്നാണ് ഇത്രയും ഒച്ചപ്പാടുകൾ ഉയരുന്നത്? വെറുതെയല്ല കളകളുടെ ഉപമയുമായി ഈശോ ഈ ഞായറാഴ്ച്ച നമ്മെ സമീപിച്ചിരിക്കുന്നത്!

നല്ല വിത്തുകൾ മാത്രം വിതച്ച ദൈവത്തിന്റെ സ്വർഗ്ഗരാജ്യത്തിൽ, ഈ ഭൂമിയിൽ, ഇരുളിന്റെ ശക്തികൾ കളകൾ വിതയ്ക്കുന്നു. അതായത്, ദൈവം, തന്റെ സ്നേഹത്തിന്റെ, കരുണയുടെ, നീതിയുടെ രാജ്യം വളർത്തുവാൻ ശ്രമിക്കുമ്പോൾ, അവിടെ കളകളും പ്രത്യക്ഷപ്പെടുന്നു. പ്രത്യക്ഷപ്പെടുക മാത്രമല്ല, നല്ല വിത്തുകളുടെ വളവും ജലവും സ്വീകരിച്ചുകൊണ്ട് അവ തഴച്ചു വളരുന്നു.

Narco-Jihad: Drug Trafficking and Security in Afghanistan and Pakistan -  The National Bureau of Asian Research (NBR)

ഈ ലോകത്തിന്റെ സ്വഭാവത്തെയാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. ഈ ലോകത്തിന് രണ്ട് സ്വഭാവങ്ങളുണ്ട്. ദ്വന്ദാത്മകമാണ് ഈ ലോകം. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ നമുക്കത് മനസ്സിലാകും. ഇരുളും വെളിച്ചവും, സുഖവും ദുഃഖവും, രോഗവും ആരോഗ്യവും, നന്മയും തിന്മയും, സ്നേഹവും വെറുപ്പും, സമ്പത്തും ദാരിദ്ര്യവും…അങ്ങനെ എവിടെ നോക്കിയാലും രണ്ടു സ്വഭാവങ്ങൾ കാണും. എന്നാൽ, യാഥാർഥ്യം, ശരിയായത് ഒന്ന് മാത്രമേയുള്ളു. ഇരുളല്ലാ, വെളിച്ചമാണ് യാഥാർഥ്യം. തിന്മയല്ല, നന്മയാണ് യാഥാർഥ്യം. അതുകൊണ്ടാണ് ഈശോ പറയുന്നത് രണ്ടും ഒരുമിച്ച് വളരട്ടെയെന്ന്. കാരണം, നല്ലതിനെ സംരക്ഷിക്കുവാൻ വേണ്ടി തിന്മയെ, കളകളെ ഇല്ലാതാക്കുവാൻ ശ്രമിക്കുമ്പോൾ   നല്ല ചെടികളും, നന്മയും ചിലപ്പോൾ ഇല്ലാതായേക്കാം. കളകളെ ഇല്ലാതാക്കുവാൻവേണ്ടി, നമ്മുടെ സമയവും, energy യും ചിലവാക്കുമ്പോൾ,നന്മയ്ക്കുവേണ്ടി, നല്ല ചെടികൾക്കുവേണ്ടി സമയവും energy യും കൊടുക്കുവാൻ നാം  മറന്നെന്ന് വരാം.  അല്ലെങ്കിൽ, ആവശ്യമുള്ളിടത്തോളം പരിരക്ഷണം കൊടുക്കുവാൻ പറ്റിയില്ലെന്നും വരാം. കൊയ്ത്തുകാലം വരുമ്പോൾ, കൂടുതൽ ശ്രദ്ധ കൊടുത്തു് നല്ലതും, ചീത്തയും വേർതിരിക്കുവാൻ സാധിക്കുമെന്നാണ് ഈശോ  പറയുന്നത്.കൊയ്ത്തുകാലം വരുമ്പോൾ മാത്രമേ, ശരിയായത് തിരിച്ചറിയുവാനും ശേഖരിക്കുവാനും കഴിയൂ.

എന്താണ് കൊയ്ത്തുകാലം? ഈശോ ഈ ഉപമ വ്യാഖ്യാനിക്കുമ്പോൾ പറയുന്നത് കൊയ്ത്തുകാലം യുഗാന്തമാണെന്നാണ്. (മത്താ 13, 39) കൊയ്ത്തുകാർ ദൈവദൂതരും. കളകൾ, തിന്മ ചെയ്തവർ തീയിലെറിയപ്പെടും. നീതിമാന്മാർ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ ശോഭിക്കും. കൊയ്ത്തുകാലം വരുമ്പോൾ, കൂടുതൽ ശ്രദ്ധ കൊടുത്തു് നല്ലതും, ചീത്തയും വേർതിരിക്കുവാൻ സാധിക്കുമെന്നാണ് ഈശോ  പറയുന്നത്. (മത്താ 13, 39) നമ്മുടെ കത്തോലിക്കാ വിശ്വാസത്തിൽ ഇത്രയും മനസ്സിലാക്കാനും യുഗാന്തോൻമുഖരായി ജീവിക്കുവാനും വചനം നമ്മോട് ആഹ്വാനം ചെയ്യുന്നുണ്ട്.

എന്നാൽ അല്പം കൂടി പ്രായോഗികമായി ഈ സുവിശേഷ ഭാഗത്തെ സമീപിക്കുവാൻ പ്രതീകാത്മക വ്യാഖ്യാനം (Symbolic Interpretation) നമ്മെ സഹായിക്കും. പ്രതീകാത്മകമായ (Symbolic) ഒരു വ്യാഖ്യാനം ഇങ്ങനെയാണ്: കൊയ്ത്തുകാലം ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനത്തിന്റെ സമയമാണ്. ഇരുളും വെളിച്ചവും, സുഖവും ദുഃഖവും, രോഗവും ആരോഗ്യവും, നന്മയും തിന്മയും, സ്നേഹവും വെറുപ്പും, സമ്പത്തും ദാരിദ്ര്യവും നമ്മുടെ ജീവിതത്തിന്റെ മുൻപിൽ വന്നിങ്ങനെ നിൽക്കും. ദൈവത്തിന്റെ നന്മയും, ദുഷ്ടന്റെ തിന്മയും നമ്മുടെ മുന്പിലുണ്ടാകും. ഓരോ തീരുമാനത്തിന്റെയും സമയം വളരെ തീവ്രതയേറിയതാണ്. കാറ്റിലകപ്പെട്ട കരിയിലപോലെ അത് നമ്മുടെ ജീവിതങ്ങളെ കശക്കിയെറിയും. രക്തപങ്കിലമായ ഒരു യുദ്ധത്തിനെക്കാൾ രൂക്ഷതയേറിയതാകും ചിലപ്പോൾ നമ്മുടെ അവസ്ഥ! 

പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതത്തിൽ ‘അമ്മ ഇതുപോലൊരു കൊയ്ത്തുകാലത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഈശോയുടെ തയ്യാറാണോ എന്ന ചോദ്യവുമായി സ്വർഗം അവളുടെ മുൻപിൽ വന്നു നിന്ന സമയം. അവൾ വളരെ അസ്വസ്ഥയായി എന്നാണ് വചനം പറയുന്നത്. നന്മയുടെയും തിന്മയുടെയും ഒരു സംഘർഷം, വടംവലി അവളുടെ മനസ്സിൽ നടന്നു. ഏത് തിരഞ്ഞെടുക്കണമെന്നറിയാതെ നിന്ന സമയം. (ലൂക്ക 1, 26-38) ഈശോയുടെ ജീവിതത്തിലും ഒരു കൊയ്ത്തുകാലം വരുന്നുണ്ട്, തീരുമാനമെടുക്കുവാനുള്ള സമയം. ഒറ്റിക്കൊടുക്കുന്നവൻ തിന്മയുടെ ശക്തികളുമായി ചേർന്ന് ഈശോയെ നശിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ ഈശോ ഗത്സമേൻ തോട്ടത്തിലാണ്. എ”അവൻ തീവ്രവേദനയിൽ മുഴുകി …അവന്റെ വിയർപ്പ് രക്തത്തുള്ളികൾ പോലെ നിലത്തുവീണു” എന്നാണ് ഈശോയുടെ മാനസികാവസ്ഥയെപറ്റി വചനം പറയുന്നത്. ഗോതമ്പുചെടികളും, കളകളും ജീവിതത്തിന്റെ മുൻപിൽ നിൽക്കുമ്പോൾ ഏത് കൊയ്തെടുക്കണമെന്ന് തിരഞ്ഞെടുക്കുക അത്ര എളുപ്പമല്ല. ഇവിടെ ആര് ജയിക്കും?

ആര് ജയിക്കും, ഏത് തിരഞ്ഞെടുക്കണം എന്നറിയാൻ നമുക്ക് നിയമാവർത്തന പുസ്തകം വരെയൊന്ന് പോകണം.  

നിയമാവർത്തനപുസ്തകം അദ്ധ്യായം 30 ൽ മോശ തന്റെ മരണത്തിന് മുൻപ് ഇസ്രായേൽ ജനത്തോട് പറയുന്നത് നോക്കൂ. “ഇതാ ഇന്ന് ഞാൻ നിന്റെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. …നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും, അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്‌താൽ നീ ജീവിക്കും. …എന്നാൽ ഇവയൊന്നും കേൾക്കാതെ നിന്റെ ഹൃദയം വ്യതിചലിക്കുകയും…ചെയ്‌താൽ നീ തീർച്ചയായും നശിക്കും. ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാൻ നിന്റെ മുൻപിൽ വച്ചിരിക്കുന്നു…” (15 – 19) ഈ രണ്ടു യാഥാർഥ്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ മുൻപിൽ വന്നു നിൽക്കുമ്പോൾ ഏത് തിരഞ്ഞെടുക്കണം? ആര് ജയിക്കും?

പ്രസിദ്ധ ഇംഗ്ലീഷ് നാടകകൃത്തായ ജോർജ് ബെർണാഡ് ഷാ (George Bernard Shaw) ഒരു ദൃഷ്ടാന്തം വിവരിക്കുന്നുണ്ട്: ഒരിക്കൽ വൃദ്ധനായ ഒരു അമേരിക്കക്കാരൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന, ഉള്ളിൽ നടക്കുന്ന യുദ്ധത്തെക്കുറിച്ച് ബെർണാഡ് ഷായോട് വിവരിച്ചു. അദ്ദേഹം പറഞ്ഞു: “സാർ, എന്റെ ഉള്ളിൽ രണ്ട് പട്ടികൾ ഉണ്ട്. ഒരു പട്ടി വളരെ തിന്മ നിറഞ്ഞതാണ്. മറ്റേതാകട്ടെ വളരെ നല്ലതും. രണ്ടുപേരും എന്റെ ഉള്ളിൽ കിടന്ന് കടിപിടി കൂടുകയാണ്.” അദ്ദേഹം ശ്വാസമെടുക്കാൻ അല്പമൊന്ന് നിർത്തിയപ്പോൾ ബെർണാഡ് ഷാ ചോദിച്ചു: ” “ആരാണ് എപ്പോഴും ജയിക്കുന്നത്?” തെല്ലൊന്ന് ആലോചിച്ച ശേഷം അയാൾ പറഞ്ഞു: “ഏതിനാണോ ഞാൻ കൂടുതൽ തീറ്റ കൊടുക്കുന്നത് അത്.”

സ്നേഹമുള്ളവരേ, കൊയ്ത്തുകാലം നമ്മുടെ ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനങ്ങളുടെ സമയമാണ്. തീരുമാനമെടുക്കുന്ന സമയം കൊയ്ത്തുകാലമാണ്. നാം കൊയ്യാൻ പോകുകയാണ്. ഏതു കൊയ്യണം? നന്മയോ, തിന്മയോ? സ്നേഹമോ വെറുപ്പോ? കുടുംബത്തിന്റെ വളർച്ചയോ, തളർച്ചയോ? സമാധാനമോ യുദ്ധമോ? ജീവനോ മരണമോ? ഏത് ഞാൻ തിരഞ്ഞെടുക്കും? ഏതിനോടാണോ എനിക്ക് ഏറെ ഇഷ്ടം അതിനെ, ഏതിനെയാണോ ഞാൻ നാന്നായി തീറ്റിപ്പോറ്റുന്നത് അതിനെ ഞാൻ തിരഞ്ഞെടുക്കും. ഇരുളാണ് എന്നിലുള്ളതെങ്കിൽ, വെറുപ്പാണ് എന്നിലുള്ളതെങ്കിൽ, അഹങ്കാരത്തിന്റെ, അസൂയയുടെ, നാശത്തിന്റെ സർപ്പങ്ങളോടൊപ്പമാണ് എന്റെ ജീവിതമെങ്കിൽ ജയിക്കുന്നത് തിന്മയായിരിക്കും. ഏത് തിരഞ്ഞെടുക്കണമെന്നത് നമ്മുടെ ജീവിതത്തിന്റെ നാഥൻ ആരാണ് എന്നതിനെ ആശ്രയിച്ചിരിക്കും. മനുഷ്യപുത്രനാണ് ഈശോയാണ് നിന്റെ ജീവിതത്തിന്റെ നാഥൻ എങ്കിൽ, നീ ജീവിക്കും. ഈശോയല്ല, കളകളുടെ, തിന്മയുടെ, ദുഷ്ടതയുടെ കേശുമാരാണ്, സാത്താനാണ് നിന്റെ ജീവിതത്തിന്റെ നാഥനെങ്കിൽ നീ നശിക്കും.

വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, നാം ‘ദൈവത്തിന്റെ വയലാണ്’ (1 കോറി 3, 9) ദൈവം വചനമാകുന്ന വിത്ത് വിതയ്ക്കുന്ന വയലുകൾ. അവിടുന്ന് നല്ല വിത്തുകൾ നമ്മിൽ വിതയ്ക്കുന്നു. എന്നാൽ നാം അറിയുന്നു, നമ്മിൽ കളകളും വളരുന്നുണ്ടെന്ന്. ദൈവം തന്റെ കൃപാവരം, energy നമുക്ക് എപ്പോഴും നൽകുന്നു. ഓർക്കുക, നമ്മിലെ കളകൾ ഇതേ വളവും ജലവും വലിച്ചെടുത്താണ് വളരുന്നത്.  കാരണം, energy ഒന്നേയുള്ളു. ആ energy കൊണ്ട് ആരെ തീറ്റിപ്പോറ്റണമെന്നുള്ളത് നിന്റെ, നമ്മുടെ തീരുമാനമാണ്. ജീവിതം മുഴുവനും തീരുമാനങ്ങളുടെ കൂട്ടമാണ്. ഓരോ നിമിഷവും നാം തീരുമാനങ്ങളെടുക്കുകയാണ്. വളരെ ഗൗരവമേറിയതാണ് ഓരോ തീരുമാനത്തിന്റെ നിമിഷവും, ഓരോ കൊയ്ത്തുകാലവും. ഓരോ വ്യക്തിയും അവളുടെ/അവന്റെ തീരുമാനമാണ്. വെളിച്ചമാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ വെളിച്ചം, സ്നേഹമാണെങ്കിൽ സ്നേഹം. വെറുപ്പാണെങ്കിൽ വെറുപ്പ്‌, തിന്മയാണെങ്കിൽ തിന്മ!

ജീവിതം ഒരു ചെസ്സ് കളിപോലെയാണ്. നമ്മുടെ ഓരോ തീരുമാനത്തിനും ഒരു പരിണിതഫലം, Consequence ഉണ്ട്. അത് ജീവിതത്തിലെ സാധാരണ കാര്യങ്ങളായാലും ഗൗരവമേറിയകാര്യങ്ങളായാലും ഒരുപോലെയാണ്. എന്നാൽ, തീരുമാനം, തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണ്. ഓരോ തിരഞ്ഞെടുപ്പിന്റെയും, തീരുമാനത്തിന്റെയും സമയം, പ്രിയപ്പെട്ടവരേ, യുഗാന്തം പോലെ പ്രധാനപ്പെട്ടതാണ്. ഓരോ തീരുമാനത്തിനും ഒരു പരിണിതഫലം, Consequence ഉണ്ട്.

വ്യക്തി ജീവിതത്തിലും, കുടുംബജീവിതത്തിലെ, സമൂഹത്തിലും, ലോകം മുഴുവനും ഇന്ന് കളകൾ, തിന്മകൾ വർധിച്ചുവരികയാണ്. ചിലപ്പോൾ തോന്നും, കളകളല്ലേ തഴച്ചു വളരുന്നത് എന്ന്! വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സന്ദേശങ്ങളാണ് സാമൂഹ്യ സമ്പർക്ക മാധ്യമങ്ങളിലൂടെ തലങ്ങും വിലങ്ങും പായുന്നത്! ഈശോ ഇന്ന് നമ്മെ ഓർമിപ്പിക്കുന്നത്, കളകൾ തീയിലേറിയപ്പെടും എന്ന് തന്നെയാണ്.

ഈ കാലഘട്ടത്തിൽ സുവിശേഷം നൽകുന്ന മുന്നറിയിപ്പുകൾ ഇവയാണ്: 1. നാം ദൈവത്തിന്റെ വയലാണ്. 2. ദൈവം നമ്മിൽ നല്ല വിത്തുകൾ വിതയ്ക്കുന്നു. 3. വിത്തുകൾ വളർന്ന് ചെടിയായി ഫലം പുറപ്പെടുവിക്കുവാൻ അവിടുന്ന് നമുക്ക് energy, കൃപ നൽകുന്നു. 4. നമ്മിലുള്ള തിന്മയും ഇതേ energy യാണ് വലിച്ചെടുക്കുന്നത്. 5. ജീവിതത്തിലെ തീരുമാനങ്ങളാണ് നമ്മെ ജീവനിലേക്കും മരണത്തിലേയ്ക്കും നയിക്കുന്നത്.

Goodness with limited kindness: Be selfish

ഈ അവബോധത്തോടെ ദൈവം നൽകുന്ന energy സ്വീകരിച്ചുകൊണ്ട് നമുക്ക് ജീവൻ തിരഞ്ഞെടുക്കുവാൻ ശ്രമിക്കാം. വെളിച്ചത്തിൽ ജീവിക്കുവാൻ പഠിക്കാം. ആമേൻ!

vishudha kurbaanayude upasakar/വിശുദ്ധ കുർബാനയുടെ ഉപാസകർ-3

മൂന്ന്

വിശുദ്ധ മദർ തെരേസാ

സെപ്റ്റംബർ 5

വിശുദ്ധ കുര്‍ബാന ഒരു ദര്‍പ്പണമാണ് – പ്രപഞ്ചതാളലയങ്ങളുടെ പ്രതിഫലനം കാട്ടുന്ന ഒരു മൊഴിക്കണ്ണാടി. സമസ്ത പ്രപഞ്ചത്തിന്റെയും മനസ്സുണ്ടതില്‍; പെരുവഴിയില്‍ തളര്‍ന്നുവീഴുന്ന പാവപ്പെട്ടവന്റെ നിസ്വനമുണ്ടതില്‍; തെരുവില്‍ അലഞ്ഞുനടക്കുന്ന ഭിക്ഷാടകരായ ആകാശപ്പറവകളുടെ നിസ്സഹായമായ ചിറകടിയുണ്ടതില്‍; എയിഡ്സ് രോഗികളുടെ, വിഹ്വലതയുണ്ടതില്‍; ബുദ്ധിവികസിക്കാത്തവരുടെ നെഞ്ചിലെ സ്നേഹ ത്തിനായുള്ള കരച്ചിലുണ്ടതില്‍; ലോകത്തിന്റെ ഇമ്പമാര്‍ന്ന സ്വരങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്ത, മഴവില്ലിന്റെ മനോഹാരിത കാണാന്‍ കഴിയാത്ത മക്കളുടെ തേങ്ങലുകളുണ്ടതില്‍; മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ ഉള്‍മനസ്സിന്റെ നോവുണ്ടതില്‍, തകര്‍ന്ന കുടുംബങ്ങളുടെ മുറിപ്പാടുണ്ടതില്‍. ‘നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നു വീഴുന്ന മക്കളുടെ ജീവനുവേണ്ടി കരങ്ങളുയര്‍ത്തുന്ന’ വൈദികന്റെ, സന്യാസിയുടെ പ്രാര്‍ഥനയുണ്ടതില്‍. മനുഷ്യ അസ്തിത്വത്തിന്റെ എല്ലാ അടരുകളെയും ചൂഴ്ന്നു നില്‍ക്കുന്ന സമ്പൂര്‍ണതയാണ് വിശുദ്ധ കുര്‍ബാന.

വിശുദ്ധ കുർബാനയുടെ ഈ സത്യത്തിലേക്ക് ഹൃദയത്തിന്റെ വാതിൽ തുറന്നു വച്ച മഹത് വ്യക്തിത്വമായിരുന്നു വിശുദ്ധ മദർ തെരേസായുടെത്. അൽബേനിയായിൽ 1910 ൽ ജനിച്ച ആഗ്നസ് കൽക്കട്ടയിലെ ലോറേറ്റാ മഠത്തിൽ ചേർന്ന് ഉണ്ണീശോയുടെ തെരേസായെന്ന പേര് സ്വീകരിച്ച് സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചത് വെറുമൊരു വിഡ്ഢിത്തം അല്ലായിരുന്നു. എന്റെ ഇഷ്ടമല്ല ഈശോയെ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞ് സ്വർഗീയഗാനങ്ങൾകൊണ്ട് ജീവിതം നിലാവുപോലെ മനോഹരമാക്കുവാനായിരുന്നു അവൾ സന്യാസിനിയായത്.  19 വർഷക്കാലം ലോറേറ്റാ സന്യാസിനിയായി ജീവിച്ചശേഷമാണ് ഏറ്റവും ദരിദ്രരിൽ ഈശോയെ കണ്ട് അവരെ ശുശ്രൂഷിക്കുക എന്ന ചിന്തയിൽ കൽക്കട്ടയിലെ തെരുവിലേക്കിറങ്ങിയത്.

ഒരു കാലഘട്ടത്തിന്റെ മുഴുവൻ ദൈന്യതയും, ദുഃഖവും, നിസ്സഹായതയും കണ്ണിലെ കനലുകളും ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ് മദർ തെരേസായുടെ ജീവിതം വിശുദ്ധ കുർബാനയുടെ സത്യാവിഷ്കാരമായി മാറിയത്. താൻ അനുഭവിച്ചറിഞ്ഞ ജീവിത വൈരുധ്യങ്ങളും, വർത്തമാനകാല രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളും മൈക്കുകെട്ടി വിളിച്ചുപറയാതെ, മനുഷ്യ ജീവിതസാഹചര്യങ്ങളിലേക്ക് വിശുദ്ധ കുർബാനയുടെ ചൈതന്യത്തെ പകർത്തിയെഴുതുവാനാണ് അവർ ശ്രമിച്ചത്. പരിശുദ്ധ കുർബാനയായിരുന്നു അവരുടെ ശക്തിയും ചൈതന്യവും. ഉപവി മിഷനറിമാരുടെ സമൂഹത്തിന് രൂപംകൊടുത്തപ്പോഴും നിർബന്ധമാക്കിയത് വിശുദ്ധ കുർബാന അർപ്പണമായിരുന്നു, വിശുദ്ധ കുർബാനയോടുള്ള സ്നേഹമായിരുന്നു.

പരിശുദ്ധ കുർബാനയെ ജീവിതത്തിലൂടെ ആവിഷ്കരിച്ചതിലൂടെയാണ് മദർ തെരേസ ലോകത്തെ പുത്തൻ കാഴ്ചകളിലേക്കും ബോധ്യങ്ങളിലേക്കും നയിച്ചത്. എന്നും മനുഷ്യ ജീവിത സാഹചര്യങ്ങളിലേക്ക് ഇറങ്ങുന്നതിനുമുമ്പ് പരിശുദ്ധ കുർബാനയുടെ മുൻപിൽ സമയം ചിലവഴിച്ച നേരങ്ങളിൽ ഒരു ദർപ്പണത്തിലെന്നപോലെ മദർതെരേസ പരിശുദ്ധ കുർബാനയിൽ ക്രിസ്തുവിനെ കണ്ടു; ഒപ്പം സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട എല്ലാവരെയും. പരിശുദ്ധ കുർബാനയിൽ ദൈവത്തെ കണ്ട്, ദൈവത്തോടൊപ്പം ലോകത്തെ കണ്ട്, പിന്നീട് തെരുവുകളിൽ പോയി കണ്ടുമുട്ടുന്ന സഹോദരങ്ങളിൽ ക്രിസ്തുവിനെ കാണുകയായിരുന്നു അവരുടെ ജീവിതം. അങ്ങനെ ദരിദ്രർക്ക്, ക്ലേശിതർക്ക് വിശുദ്ധകുർബാനയായിത്തീരാം എന്നതായിരുന്നു അവരുടെ വിശ്വാസം.

പരിശുദ്ധ കുർബാനയിൽ കണ്ട ക്രിസ്തുവിനെ സഹോദരങ്ങളിൽ കാണാൻ തോളിലൊരു മാറാപ്പുമായി, ദുർഗന്ധം വമിക്കുന്ന തെരുവോരങ്ങളിലും, അഴുക്കുചാലുകളിലേക്കും നടന്നു നീങ്ങുന്ന മദർതെരേസ തന്റെ കൈകളിലെടുക്കുന്ന ഓരോ കുഞ്ഞിലും, മരണാസന്നരായ സഹോദരങ്ങളിലും വിശുദ്ധ കുർബാനയിലെ ക്രിസ്തുവിനെ കണ്ടു.  പരിശുദ്ധ കുർബാനയിൽ ക്രിസ്തുവിനെ കാണാതെ, ക്രിസ്തുവിനോടൊപ്പം മുറിവേറ്റ ഈ ലോകത്തെ കാണാതെ മിഷനറി പ്രവർത്തനങ്ങൾ നടത്തുന്നവരുടെ ജീവിതങ്ങൾ ഒരിക്കലും ദൈവിക ചൈതന്യത്തിന്റെ, ദൈവകാരുണ്യത്തിന്റെ, വിശുദ്ധകുർബാനയുടെ ആവിഷ്കാരങ്ങളാകുകയില്ല എന്നത് മദർ തെരേസയുടെ ഉറച്ച ബോധ്യങ്ങളിൽ ഒന്നായിരുന്നു.

വിശുദ്ധ കുർബാന മദർ തെരേസയ്ക്ക് ഒരു ദർപ്പണമായിരുന്നു, ക്രിസ്തുവിനെ, ക്രിസ്തുവിനോടൊപ്പം ഈ ലോകത്തെ മുഴുവനും കാണുവാൻ സാധിക്കുന്ന ഒരു മൊഴിക്കണ്ണാടി. തന്നെ മാറ്റിനിർത്തിക്കൊണ്ട്, വിശുദ്ധ കുർബാനയിലൂടെ, മനുഷ്യരിലേക്ക് എത്തിച്ചേരുവാനാണ് മദർ തെരേസ ശ്രമിച്ചത്. അതുകൊണ്ടു തന്നെയാണ് കൊൽക്കത്തയിലെ  തെരുവുകളിൽ ആർക്കുംവേണ്ടാത്ത  കുഞ്ഞുങ്ങളെ പെറുക്കിയെടുത്ത നീലക്കരയുള്ള വെള്ളാസാരിയുടുത്ത ആ കൃശഗാത്രിയായ കന്യാസ്ത്രിക്ക്, ആധുനിക ലോകമാകുന്ന ചുമരിൽ ദൈവം കാരുണ്യമാകുന്നു എന്ന് എഴുതുവാൻ കഴിഞ്ഞത്.

ഈ കാലഘട്ടത്തിലെ ക്രൈസ്തവർ വിശുദ്ധ കുർബാനയെ തിരിച്ചറിയുകയും, സ്വന്തം ക്രൈസ്തവ വ്യക്തിത്വത്തെ വിശുദ്ധ കുർബാനയിലൂടെ ലോകത്തിൽ ആവിഷ്കരിക്കുകയും ചെയ്യണം. താൻ എന്തായിരിക്കുന്നുവോ അത് വിശുദ്ധ കുർബാനയാകുന്നു എന്ന് പ്രഖ്യാപിക്കുവാനായിരിക്കണം നമ്മുടെ ജീവിതം. വിശുദ്ധ കുർബാനയിലെ ഈശോയെപ്പോലെ മനുഷ്യ ജീവിത സാഹചര്യങ്ങളിൽ മുറിയ്ക്കപ്പെടാനും ചിന്തപ്പെടുവാനും തയ്യാറുള്ള ഒരു ജീവിതം – അതാണ് മദർ തെരേസ. ആ ജീവിതത്തിൽ ലാളിത്യമുണ്ട്; ക്രൈസ്തവീകതയുണ്ട്; ക്രിസ്തുവുണ്ട്; ക്രിസ്തുവിന്റെ കാരുണ്യമുണ്ട്; വിശുദ്ധ കുർബാനയുടെ ദാർശനികതയുണ്ട്.

sunday sermon

ഏലിയാ-സ്ലീവാ-മൂശേക്കാലം രണ്ടാം  ഞായർ

മത്താ 13, 1-9   

സന്ദേശം

The Sower

കർഷകരും, നെൽപ്പാടങ്ങളും പതുക്കെ പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ഇന്നത്തെ സുവിശേഷത്തിൽ വായിച്ചുകേട്ട വിതക്കാരന്റെ ഉപമ മനസ്സിലാക്കുവാൻ ഇന്നത്തെ കുട്ടികൾക്കെങ്കിലും അല്പം ബുദ്ധിമുട്ടുണ്ടാകും. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ പഞ്ചായത്തിന്റെ നാലുഭാഗത്തും നെൽപ്പാടങ്ങളുണ്ടായിരുന്നു. ഇന്ന് പക്ഷേ, നെൽപ്പാടങ്ങളൊക്കെ അപ്രത്യക്ഷമാകുകയാണ്. മാത്രമല്ലാ, വീട്ടിൽച്ചെല്ലുമ്പോൾ അനുജന്റെ മക്കളോട് എങ്ങനെയാണ് നെൽപ്പാടങ്ങളിൽ വിത്ത് വിതയ്ക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം പറയുവാൻ അവർ ബുദ്ധിമുട്ടുന്നു. ഇടവത്തിലെ ചേറ്റുവിത, ചിങ്ങത്തിലെ മുണ്ടകൻ, മകരം കുംഭത്തിലെ പുഞ്ച കൃഷികളെക്കുറിച്ച് ഇന്ന് എത്രപേർക്ക് അറിയാം? പാടം ഒരുക്കുന്നതിനുള്ള കരിയും നുകവും, കെട്ടി അടിക്കാനുള്ള ചെരുപ്പ്, ഞാറു നടുന്നതിനുമുൻപ് ഞവർക്കാനുള്ള ഞവരി എന്നിവ കണ്ടിട്ടുണ്ടോ ഇന്നത്തെ തലമുറ? സംശയമാണ്. എങ്ങനെയാണ് വിത്തുവിതക്കാൻ നിലം ഒരുക്കുന്നത്? ആറ് ചാല് ഉഴുത് പാടം പാകമാക്കണം. ഇതിൽ നാലാമത്തെ ചാല് കഴിഞ്ഞ് ചെരുപ്പ് ഉപയോഗിച്ച് നിലം അടിക്കണം. പിന്നെ ഞവര ഉപയോഗിച്ച് ഞവർക്കണം. അത് കഴിഞ്ഞു വേണം മുളപൊട്ടി പാകമായ നെൽ വിത്ത് വിതയ്ക്കുവാൻ. വിതയ്ക്കുമ്പോൾ വിത്തിൽ അല്പം വെളിച്ചെണ്ണ ചേർക്കണം, വിത്ത് ചെളിയിൽ പൂണ്ടുപോകാതിരിക്കുവാൻ. വിതച്ചു കഴിഞ്ഞ് നാലാം ദിവസം വെള്ളം വറ്റിച്ചു കളയണം. പിന്നെ, നല്ല പരിപാലന വേണം. എങ്കിലേ, വിത്ത് മുളച്ചു വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിക്കുകയുള്ളു.

ഇന്നത്തെ തലമുറയ്ക്ക് ഈ അറിവുകൾ, അനുഭവങ്ങൾ കുറവാണെങ്കിലും, നിലം ഒരുക്കാതെ വിത്ത് വിതയ്ക്കുന്നത് മണ്ടത്തരമാണ് എന്നെങ്കിലും മനസ്സിലാക്കുവാൻ കഴിഞ്ഞാലേ, ഇന്നത്തെ സുവിശേഷത്തിലെ ഉപമയുടെ അർഥം, സന്ദേശം ഗ്രഹിക്കുവാൻ സാധിക്കൂ…

ഏലിയാ സ്ലീവാമൂശെക്കാലം രണ്ടാം ഞായറാഴ്ച്ച വചനമാകുന്ന വിത്ത് വിതയ്ക്കുന്ന വിതക്കാരനായി ഈശോ കടന്നുവരികയാണ്. മണ്ണിന്റെ മണമുള്ള ഒരു രൂപകവുമായിട്ടാണ് ഈശോ നമ്മുടെ ക്രൈസ്തവജീവിത പഠന കളരിയിലേക്കു എത്തിയിരിക്കുന്നത്. ദൈവത്തിന്റെ വചനം നമ്മുടെ ക്രൈസ്തവജീവിതങ്ങളെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്ന് ഈശോ ഇന്ന് നമ്മെ പഠിപ്പിക്കും. നമുക്ക് ഇങ്ങനെയൊന്ന് ഭാവന ചെയ്താലോ?

പ്രഭാതപ്രാർത്ഥനയും കഴിഞ്ഞ് മലയിറങ്ങുമ്പോഴാണ് ഈശോ ആ കാഴ്ച്ച കണ്ടത്. വിതയ്ക്കാൻ വിത്തും ചുമന്നുകൊണ്ട് കുറെ കർഷകർ പാടത്തേക്ക് പോകുന്നു. ഈശോയ്ക്ക് അവരോട് അനുകമ്പ തോന്നിക്കാണണം. ഈശോ ഓർത്തു: ‘ഇവർ നിലം ഒരുക്കിക്കാണുമോ? വിതയ്ക്കുമ്പോൾ വിത്തുകൾ വഴിയിൽ വീണാലോ? പക്ഷികൾ കൊത്തിക്കൊണ്ടു പോകില്ലേ? പാടത്തോട് ചേർന്ന് കിടക്കുന്ന പാറപ്പുറത്ത് വീണാലോ? ഉണങ്ങിപോകില്ലേ? വരമ്പോട് ചേർന്ന് നിൽക്കുന്ന മുൾച്ചെടികൾക്കിടയിൽ വീണാലോ? മുൾച്ചെടികൾ ഞെരുക്കിക്കളയില്ലേ? “പിതാവേ, ഈ കർഷകർ വിതയ്ക്കുന്ന വിത്തുകൾ നല്ല നിലത്തു വീണു നൂറുമടങ്ങു് വിളവ് ഇവർക്കുകൊടുക്കണേ” ഈശോ മനസ്സിൽ പറഞ്ഞു. അപ്പോൾ തന്നെ മറ്റൊരു ചിന്തയും ഈശോയുടെ മനസ്സിലേക്ക് ഓടിയെത്തി. ഞാനിന്ന് പറയുവാൻ പോകുന്ന വചനങ്ങൾ ഈ വിത്തുകൾ പോലെ തന്നെയല്ലേ? ഞാനല്ലേ വിതക്കാരൻ?

Chantilly Bible Church | Kids Korner Virtual Sunday School

കേൾക്കുന്ന മനുഷ്യർ അവരുടെ ഹൃദയങ്ങൾ ഒരുക്കിയിട്ടുണ്ടാകുമോ? വചനം കേട്ട് അവർ നന്മ നിറഞ്ഞ ജീവിതത്തിലേക്ക് വരുമോ? കേൾക്കുന്ന വചനത്തിന്റെ ശക്തി ഇവർക്ക് അറിയാമോ? പ്രഭാതത്തിന്റെ ചെറിയ തണുപ്പിലും ഈശോയുടെ നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു. ഈശോ സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി പറഞ്ഞു: ‘പിതാവേ, വചനം കേൾക്കുന്ന മനുഷ്യരുടെ ഹൃദയങ്ങൾ നൂറുമടങ്ങു ഫലം പുറപ്പെടുവിക്കാൻ ഒരുക്കണമേ.’ മുഖത്ത് പൊടിഞ്ഞ വിയർപ്പുതുള്ളികൾ തോളത്തു കിടന്ന് ഷോളെടുത്തു തുടച്ചിട്ട് ഈശോ ജനങ്ങൾക്കിടയിലേക്ക് നടന്നു.

ഈശോ അന്ന് ജനങ്ങളുടെ ഇടയിലേക്ക് ചെന്നിട്ട്, ഇങ്ങനെ പറയാൻ തുടങ്ങി: “ഒരു കർഷകൻ വിത്ത് വിതക്കാൻ പുറപ്പെട്ടു…”

ഈ സുവിശേഷഭാഗം വായിച്ചുകേട്ടപ്പോൾ, ‘കിലുക്കം’ സിനിമയിലെ ഇന്നസെന്റിന്റെ ശൈലിയിൽ നാമും മനസ്സിൽ പറഞ്ഞിട്ടുണ്ടാകും: ‘കേട്ടിണ്ട്……കേട്ടിണ്ട്……ഒത്തിരി പ്രാവശ്യം കേട്ടിണ്ട്…….എന്നാൽ, നമ്മുടെ ക്രൈസ്തവജീവിതങ്ങളും, കുടുംബജീവിതങ്ങളും ധാരാളം ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന ഇക്കാലത്ത്, നമ്മുടെ സഭ ധാരാളം പ്രതിബന്ധങ്ങളെ, ആക്രമണങ്ങളെ, ഉള്ളിൽ നിന്ന് തന്നെയുള്ള പ്രതിസന്ധികളെ നേരിടുന്ന ഈ കാലഘട്ടത്തിൽ അല്പം ഗൗരവത്തോടെ തന്നെ ഈ സുവിശേഷഭാഗത്തെ സമീപിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ദൈവ വചനം ഒരുക്കമുള്ള ഹൃദയത്തിൽ സ്വീകരിച്ചു, മുപ്പതുമേനിയും, അറുപതുമേനിയും, നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്ന ക്രൈസ്തവരാകുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

സമാന്തര സുവിശേഷങ്ങളിലെല്ലാം (Synoptic Gospels) വിവരിക്കുന്ന ഒരു സുവിശേഷ ഭാഗമാണ്  വിതക്കാരന്റെ ഉപമ. “ആദിയിൽ വചനമുണ്ടായിരുന്നു” എന്നും പറഞ്ഞു വചനത്തിന്റെ മഹത്വത്തെ വാഴ്ത്തുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പക്ഷെ വചനം വിതയ്ക്കുന്ന ഈശോയെക്കുറിച്ചുള്ള പ്രതിപാദനം ഇല്ല. എങ്കിലും വചനമായ ക്രിസ്തു, വചനത്തിലൂടെ, ക്രിസ്തുവിലൂടെ നമുക്ക് രക്ഷ നൽകുവാൻ ആഗ്രഹിക്കുന്നുവെന്ന്, വചനമാണ്  രക്ഷ നൽകുന്നത് എന്ന് വിശുദ്ധ യോഹന്നാൻ  പറയുന്നുണ്ട്. വചനത്തിന്റെ പ്രാധാന്യം ബൈബിളിൽ വളരെ  വ്യക്തമാണ്. വചനമാണ് ജീവൻ നൽകുന്നത്. (യാക്കോബ് 1, 18) ദൈവത്തിന്റെ വചനംകൊണ്ടാണ് മനുഷ്യൻ ജീവിക്കുന്നത്. (മത്താ, 4, 4) വചനമാണ് ക്രൈസ്തവന്റെ ജീവിതവഴിയിലെ വിളക്ക്. (സങ്കീ 109, 105) വചനമാണ് നമുക്ക് സൗഖ്യം നൽകുന്നത്. (ജ്ഞാനം 16, 12) ഒരു യുവാവിനോ, യുവതിക്കോ അവരുടെ മാർഗം എങ്ങനെ നിർമ്മലമായി സൂക്ഷിക്കുവാൻ സാധിക്കും? ദൈവത്തിന്റെ വചനമനുസരിച്ചു വ്യാപാരിച്ചുകൊണ്ട്. (സങ്കീ 119, 9) ആരാണ് ഭാഗ്യപ്പെട്ടവർ? ദൈവ വചനം കേൾക്കുന്നവരാണ്. (ലൂക്ക 11,28) പാറപ്പുറത്ത് വീട് പണിയുന്ന ബുദ്ധിമാനായ മനുഷ്യൻ ആരാണ്? ദൈവ വചനം കേട്ട് അനുസരിക്കുന്നവനാണ്. (മത്താ 7, 24) എന്താണ് മനുഷ്യന്റെ മാർഗങ്ങളിൽ പ്രകാശം നൽകുന്നത്? വചനമാണ്. എന്താണ് എളിയവർക്ക് അറിവ് നൽകുന്നത്? ദൈവത്തിന്റെ വചനമാണ്. (സങ്കീ 119, 130) എന്താണ് ഈ ലോകത്തിൽ സത്യമായിട്ടുള്ളത്? കർത്താവിന്റെ വചനമാണ്. (സങ്കീ 33, 4) മനുഷ്യന്റെ ജീവിതത്തിലെ പരീക്ഷകളെ നേരിടാൻ അവളിൽ/ അവനിൽ പാകിയിരിക്കുന്ന വചനത്തെ വിനയപൂർവം സ്വീകരിക്കണം. (യാക്കോബ് 1, 21) സജീവവും, ഉർജ്ജസ്വലവുമായതും, ഇരുതല വാളിനേക്കാൾ മൂർച്ചയേറിയതും, ചേതനയിലും, ആത്മാവിലും,സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതും എന്താണ്? ദൈവത്തിന്റെ വചനമാണ്. (ഹെബ്രാ 4, 12)

എന്തിനായിരിക്കണം ഈശോ മനോഹരമായ വിത്തിന്റെ ഉപമ പറഞ്ഞത്? ദൈവവചനത്തെ മനുഷ്യ ഹൃദയങ്ങളിൽ പാകുവാനാണ് ഈശോ ഈ ഉപമ പറയുന്നത്. ഒരു കമ്പ്യൂട്ടർ കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കുവാൻ പ്രോഗ്രാം (Program) ചെയ്യുന്നതുപോലെ, ഈശോ തന്റെ മുന്പിലിരിക്കുന്ന ജനങ്ങളെ, വചന ബന്ധിതമായ, ദൈവരാജ്യത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന മക്കളായിത്തീരുവാൻ പ്രോഗ്രാം ചെയ്യുകയായിരുന്നു. മുപ്പതുമേനി, അറുപതു മേനി, നൂറുമേനി performance കാണിക്കുന്ന, പുറപ്പെടുവിക്കുന്ന രാജ്യത്തിന്റെ മക്കളാകുവാനുള്ള App, ആപ്ലിക്കേഷൻ അവർക്കു നൽകുകയായിരുന്നു ചോദ്യം ഇതാണ്: How do we get programmed? How do I get programmed in my Christian life?   

നമുക്ക് ഉപമയിലേക്ക് വരാം. വിത്ത് വിതക്കപ്പെടുന്നത് നാല് സ്ഥലങ്ങളിലാണ് – വഴിയരുകിൽ, പാറമേൽ, മുൾച്ചെടികൾക്കിടയിൽ, നല്ല നിലത്ത്. ഒറ്റനോട്ടത്തിൽ, ഒരു കർഷകന്റെ നോട്ടത്തിൽ വളരെ സാധ്യമായ നാല് സ്ഥലങ്ങളാണിവ. ആദ്യത്തെ മൂന്നു സ്ഥലങ്ങൾക്കും അതിന്റേതായ അപകടങ്ങൾ ഉണ്ട്. നാലാമത്തെ സ്ഥലമാകട്ടെ ഫലം പുറപ്പെടുവിക്കാൻ ഉതകുന്ന (Conducive) ഇടവും. സാധാരണയായി നമ്മുടെ ഹൃദയങ്ങളുടെ അവസ്ഥയെയാണ് ഈ നാല് സ്ഥലങ്ങളും പ്രതിനിധാനം ചെയ്യുന്നത് എന്നാണു നാം പറയുക.  എന്നാൽ, ഹൃദയത്തെ എന്നതിനേക്കാൾ മനുഷ്യ മനസ്സിന്റെ അവസ്ഥകളെയാണ് ഈ നാല് സ്ഥലങ്ങൾ അവതരിപ്പിക്കുന്നത്.

The Sower | c. 1865. Pastel and crayon or pastel on cream bu… | Flickr

വചനമാകുന്ന വിത്ത് വന്ന് വീഴുന്നത് നമ്മുടെ ജീവിതാവസ്ഥകളിലാണ്.  നാലു തരത്തിലുള്ള സാധ്യതകളിലൂടെയാണ് നാം കടന്നുപോകുന്നത്. ഉദാഹരണത്തിന്, എങ്ങനെയാണ് നാം സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നത്? ഇതിനു നാല് പടികൾ (steps, levels) ഉണ്ട്: ഒന്ന്, അബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ് (unconscious Incompetence) ഒരു കൊച്ചുകുട്ടിക്കു അറിയില്ല എന്താണ് സൈക്കിൾ എന്ന്, എന്താണ് സൈക്കിൾ സവാരി എന്ന്. അബോധാവസ്ഥയിലാണ് (Unconscious) ആ കുട്ടി. മാത്രമല്ല, ആ കുട്ടി സൈക്കിൾ ചവിട്ടുവാൻ പ്രാപ്തനുമല്ല. (Incompetence) അവൾക്കു, അവനു ഒരു സൈക്കിൾ ആരെങ്കിലും സമ്മാനമായി കൊടുത്താലോ? ആ കുഞ്ഞതു നോക്കിയെന്നിരിക്കും, പക്ഷെ മറ്റു കുട്ടികൾ അതെടുത്തു കളിക്കും.

ആധ്യാത്മിക ജീവിതത്തിൽ മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണിത്. മനുഷ്യൻ അബോധാവസ്ഥയിലാണ്. (Unconscious) അതിനാൽ തന്നെ, അശക്തനുമാണ്. (Incompetence) ദൈവവചനം എന്താണ് എന്നറിയില്ല. ദൈവ വചനത്തിന്റെ ശക്തിയെക്കുറിച്ചു അറിയില്ല. ധാരാളം വചനങ്ങൾ വിവിധ അവസരങ്ങളിൽ, പലതരം വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ അവളിലേക്ക്/അവനിലേക്ക് എത്തപ്പെടും. എന്നാൽ, അബോധാവസ്ഥയിൽ ജീവിക്കുന്ന മനുഷ്യൻ, അവൾ, അവൻ അജ്ഞതയിലാകാം; അഹങ്കാരത്തിന്റെ, രതിയുടെ, സമ്പത്തിന്റെ ലഹരിയിലാകാം. മറ്റുള്ളവർ പറയുന്ന നന്മ മനസ്സിലാക്കുവാൻ, അതനുസരിച്ചു പ്രവർത്തിക്കുവാൻ അവൾക്കു, അവനു താത്പര്യമില്ല. അതുകൊണ്ടുതന്നെ, പ്രാപ്തിയുമില്ല…. ധാരാളം മനുഷ്യരുണ്ട് ഇങ്ങനെയുള്ള അവസ്ഥയിൽ! അവരുടെ മുൻപിൽ വിളമ്പുന്നവ മറ്റുള്ളവർ കൊത്തിയെടുക്കും. വഴിയരികിൽ വീണ വിത്തിനെപ്പോലെ.

രണ്ട്, ബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ്. (Conscious Incompetence) ഒരു കുട്ടി അവൾ, അവൻ, വളർന്നു കഴിഞ്ഞപ്പോൾ മനസ്സിലായി എന്താണ് സൈക്കിൾ, എന്താണ് സൈക്കിൾ സവാരി എന്ന്. പക്ഷെ സൈക്കിൾ ചവിട്ടുവാനുള്ള, ബൈക്ക് താങ്ങുവാനുള്ള ശക്തിയായിട്ടില്ല.

ഇതാണ് ആധ്യാത്മിക ജീവിതത്തിലെ പാറമേൽ വീണ വിത്തിന്റെ, വചനത്തിന്റെ അവസ്ഥ! കാര്യങ്ങളെല്ലാം അറിയാം. (Conscious) ദൈവം ആരെന്നറിയാം.  ദൈവവചനത്തിന്റെ ശക്തി എന്തെന്ന് അറിയാം. ഈ വചനത്തിനനുസരിച്ചു ജീവിച്ചാൽ ജീവിതം മനോഹരമാകുമെന്നും അറിയാം. പക്ഷെ മറ്റു സാഹചര്യങ്ങളൊന്നും അനുകൂലമല്ല. ചീത്ത കൂട്ടുകാരുടെ സ്വാധീനം, ചീത്ത പുസ്തകങ്ങൾ നൽകുന്ന താൽക്കാലിക സുഖങ്ങൾ, മാതാപിതാക്കളെ അനുസരിക്കുവാനുള്ള മടി, ego, സ്വന്തം ചിന്തകൾക്കുപിന്നാലെയുള്ള ഓട്ടം… ഒട്ടും ആഴമില്ലാത്ത ജീവിതം! (Incompetence) പലർക്കും ജീവിതം ഇവിടെ നഷ്ടപ്പെടുന്നു… ഇതും മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണ്!

മൂന്ന്, ബോധപൂർവ്വകമായ പ്രാപ്തി (Conscious Competence). അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നു. ബൈക്ക് ഓടിക്കുവാൻ പഠിക്കുന്നു. (Conscious) ഇപ്പോൾ അവൾക്കു, അവനു സൈക്കിൾ ചവിട്ടാം. പക്ഷെ ഇടയ്ക്കു വീഴും. ബൈക്ക് ഓടിക്കാം. പക്ഷെ ഗിയർ മാറുമ്പോൾ നിന്നുപോകുന്നു…ചിലപ്പോൾ ബാലൻസ് തെറ്റുന്നു…. മുന്നോട്ടു നോക്കണം…സൈഡിലേക്ക് നോക്കണം…ഹോൺ അടിക്കണം. അതിനിടക്ക് കാലുരണ്ടും സൈക്കിളിന്റെ പെടലിൽ കൃത്യമാക്കണം……അങ്ങനെയങ്ങനെ സൈക്കിൾ ചവിട്ടുവാൻ അറിയാമെങ്കിലും (Competence) ധാരാളം മറ്റു പ്രശ്നങ്ങൾ!!

ഇവിടെ മനുഷ്യൻ ബോധവാനാണ്. (Conscious) എന്താണ് ക്രൈസ്തവജീവിതം, കുടുംബജീവിതം, അതിന്റെ ഉത്തരവാദിത്വങ്ങൾ…… എല്ലാം അറിയാം. ദിവസവും കുടുംബപ്രാർത്ഥന ചൊല്ലണം …ഭാര്യയോടും മക്കളോടുമൊത്തു സമയം ചെലവഴിക്കണം……ഞായറാഴ്ച്ച വിശുദ്ധമായി ആചരിക്കണം……എല്ലാം അറിയാം. ബോധവാനാണ്. ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ കഴിവുള്ളവനുമാണ്. (Competence) പക്ഷെ ദുശീലങ്ങൾ ……അമിതമായ മദ്യപാനം…സാമ്പത്തിക പ്രശ്നങ്ങൾ …… എല്ലാം നാലുവശത്തും നിന്ന് ഞെരുക്കുകയാണ്. മുള്ളുകൾ ചെടികളെ ഞെരുക്കുന്നപോലെ! ഇതും മനുഷ്യൻ കടന്നുപോകുന്ന ജീവിതാവസ്ഥയാണ്.

നാല്, അബോധാവസ്ഥയിലുള്ള പ്രാപ്തി (Unconscious Competence). ഇവിടെ ബോധപൂർവം അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിച്ചു. ബൈക്ക് ഓടിക്കുവാൻ പഠിച്ചു. പക്ഷെ ഇവിടെ അബോധാവസ്ഥ എന്ന് പറയുന്നത്, എങ്ങനെ സൈക്കിൾ ചവിട്ടണം, എങ്ങനെ ബൈക്ക് ഓടിക്കണമെന്നു പ്രത്യേകം ചിന്തിക്കേണ്ട ആവാശ്യമില്ല. (Unconscious) സൈക്കിൾ ചവിട്ടൽ വളരെ എളുപ്പമാകുന്നു. അത് ജീവിതത്തിന്റെ ഭാഗമാകുന്നു.  വഴിയേ പോകുന്ന ആളുകളോട് സവാരിക്കിടെ വർത്തമാനം പറയാം……മറ്റുള്ളവരെ greet ചെയ്യാം……വേണമെങ്കിൽ കൈകൾ ഫ്രീയാക്കിക്കൊണ്ടു ride ചെയ്യാം……ഇപ്പോൾ അവൾ, അവൻ സവാരി ആസ്വദിക്കുകയാണ്, അതിനുള്ള പ്രാപ്തിയിലാണ്. (Competence)

ദൈവ വചനമനുസരിച്ചുള്ള, ദൈവരാജ്യത്തിന്റെ സ്വഭാവമനുസരിച്ചുള്ള ജീവിതത്തിന്റെ അവസ്ഥ ഇതായിരിക്കണം. (Unconscious Competence). ഒരു ക്രൈസ്തവന്റെ ജീവിതത്തിൽ വചനം ഉറകൂടി നിൽക്കുമ്പോൾ, വചനം അവളുടെ, അവന്റെ ജീവിതത്തിന്റെ ഭാഗമായിത്തീരും. പിന്നെ ഓരോ നിമിഷവും വചനം എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. അവളുടെ അവന്റെ ജീവിതം automatically ദൈവത്തിന്റെ വചനത്തിനു അധിഷ്ഠിതമാകും. പിന്നെ അവളുടെ അവന്റെ ക്രൈസ്തവ ജീവിതം സുന്ദരമാകും; എളുപ്പമുള്ളതാകും. ദൈവത്തിന്റെ വചനത്തിന്റെ, പ്രസാദവരത്തിന്റെ ഭംഗിയിൽ അവരുടെ ജീവിതം, കുടുംബജീവിതം പ്രശോഭിക്കും.

സ്നേഹമുള്ളവരേ, ഈ നാലാമത്തെ സ്റ്റേജിൽ നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ എത്തുമ്പോൾ നമ്മുടെ ഹൃദയം നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും ഫലം പുറപ്പെടുവിക്കുവാൻ സജ്ജമാകും. നാം ക്രിസ്തുവിന്റെ സഭയുടെ കാവൽ ഗോപുരങ്ങളായിത്തീരും.

വിവിധ തരത്തിലുള്ള ജിഹാദുകളുടെ രൂപത്തിൽ വർഗീയ ശക്തികൾ സഭയെ ആക്രമിക്കുമ്പോൾ മുപ്പതുമേനിയും, അറുപതുമേനിയും, നൂറുമേനിയും ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് അവയെ നേരിടുവാൻ നമുക്കാകണം. ക്രൈസ്തവർ പ്രതികരിക്കണം. പക്ഷെ അവർ പ്രതികരിക്കേണ്ടത് വിശുദ്ധമായ ജീവിതം കൊണ്ടായിരിക്കണം. ക്രൈസ്തവർ പ്രതിരോധിക്കണം. പക്ഷെ അത് നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും വചനത്തിന്റെ ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ടായിരിക്കണം. നാം നിശ്ശബ്ദരാകരുത്. പക്ഷെ വിളിച്ചു പറയേണ്ടത്, ഉറക്കെ പ്രഘോഷിക്കേണ്ടത് ദൈവത്തിന്റെ വചനമായിരിക്കണം. പ്രതീകാത്മമായിപ്പോലും, ഹിംസയുടെ, വെറുപ്പിന്റെ ഭാഷ, പ്രവർത്തനം നമ്മിൽ നിന്നുണ്ടാകരുത്. പകരം, ക്രിസ്തു സ്നേഹത്തിന്റെ വക്താക്കളായി നാം മാറണം. തിരുസഭയ്ക്കു ഒരു ശരിയേ ഉള്ളു. അത് ക്രിസ്തുവാണ്. തിരുസഭയ്ക്കു ഒരു വഴിയേ ഉള്ളു. അത് കുരിശിന്റെ, സഹനത്തിന്റെ വഴിയാണ്. തിരുസഭയ്ക്കു ഒരു ശബ്ദമേയുള്ളു. അത് വചനത്തിന്റെ ശബ്ദമാണ്.

സമാപനം

ഈശോ നമ്മെ ക്ഷണിക്കുകയാണ്, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ. വചനം കൊണ്ട് നമ്മുടെ

Jesus the Sower Drawing by Oluwaseyi Alade | Saatchi Art

ക്രൈസ്തവ ജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ നമുക്ക് സാധിക്കട്ടെ. കാരണം, “നമ്മൾ വീണ്ടും ജനിച്ചിരിക്കുന്നത്‍ നശ്വരമായ ബീജത്തിൽ നിന്നല്ല, അനശ്വരമായ ബീജത്തിൽ നിന്നാണ്-സജീവവും, സനാതനവുമായ ദൈവ വചനത്തിൽ നിന്ന്.” (1 പത്രോ 1, 23) വിതക്കാരന്റെ ഉപമ നമ്മുടെ ജീവിതത്തെയും, ജീവിത വ്യാപാരങ്ങളെയും മനസ്സിലാക്കുവാനുള്ള ഒരവസരമാണ്. ദൈവ വചനം നമ്മുടെ ജീവിതത്തിന്റെ ഭാഗമെന്നോണം നമ്മുടെ ജീവിതത്തിൽ പ്രകാശിക്കട്ടെ. മകളെ, മകനെ, ദൈവ വചനമാകട്ടെ നിന്റെ പാദങ്ങൾക്ക് വിളക്കും, വഴിയിൽ പ്രകാശവും. ആമേൻ!