sunday sermon

ഏലിയാ-സ്ലീവാ-മൂശേക്കാലം രണ്ടാം  ഞായർ

മത്താ 13, 1-9   

സന്ദേശം

The Sower

കർഷകരും, നെൽപ്പാടങ്ങളും പതുക്കെ പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ഇന്നത്തെ സുവിശേഷത്തിൽ വായിച്ചുകേട്ട വിതക്കാരന്റെ ഉപമ മനസ്സിലാക്കുവാൻ ഇന്നത്തെ കുട്ടികൾക്കെങ്കിലും അല്പം ബുദ്ധിമുട്ടുണ്ടാകും. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ പഞ്ചായത്തിന്റെ നാലുഭാഗത്തും നെൽപ്പാടങ്ങളുണ്ടായിരുന്നു. ഇന്ന് പക്ഷേ, നെൽപ്പാടങ്ങളൊക്കെ അപ്രത്യക്ഷമാകുകയാണ്. മാത്രമല്ലാ, വീട്ടിൽച്ചെല്ലുമ്പോൾ അനുജന്റെ മക്കളോട് എങ്ങനെയാണ് നെൽപ്പാടങ്ങളിൽ വിത്ത് വിതയ്ക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം പറയുവാൻ അവർ ബുദ്ധിമുട്ടുന്നു. ഇടവത്തിലെ ചേറ്റുവിത, ചിങ്ങത്തിലെ മുണ്ടകൻ, മകരം കുംഭത്തിലെ പുഞ്ച കൃഷികളെക്കുറിച്ച് ഇന്ന് എത്രപേർക്ക് അറിയാം? പാടം ഒരുക്കുന്നതിനുള്ള കരിയും നുകവും, കെട്ടി അടിക്കാനുള്ള ചെരുപ്പ്, ഞാറു നടുന്നതിനുമുൻപ് ഞവർക്കാനുള്ള ഞവരി എന്നിവ കണ്ടിട്ടുണ്ടോ ഇന്നത്തെ തലമുറ? സംശയമാണ്. എങ്ങനെയാണ് വിത്തുവിതക്കാൻ നിലം ഒരുക്കുന്നത്? ആറ് ചാല് ഉഴുത് പാടം പാകമാക്കണം. ഇതിൽ നാലാമത്തെ ചാല് കഴിഞ്ഞ് ചെരുപ്പ് ഉപയോഗിച്ച് നിലം അടിക്കണം. പിന്നെ ഞവര ഉപയോഗിച്ച് ഞവർക്കണം. അത് കഴിഞ്ഞു വേണം മുളപൊട്ടി പാകമായ നെൽ വിത്ത് വിതയ്ക്കുവാൻ. വിതയ്ക്കുമ്പോൾ വിത്തിൽ അല്പം വെളിച്ചെണ്ണ ചേർക്കണം, വിത്ത് ചെളിയിൽ പൂണ്ടുപോകാതിരിക്കുവാൻ. വിതച്ചു കഴിഞ്ഞ് നാലാം ദിവസം വെള്ളം വറ്റിച്ചു കളയണം. പിന്നെ, നല്ല പരിപാലന വേണം. എങ്കിലേ, വിത്ത് മുളച്ചു വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിക്കുകയുള്ളു.

ഇന്നത്തെ തലമുറയ്ക്ക് ഈ അറിവുകൾ, അനുഭവങ്ങൾ കുറവാണെങ്കിലും, നിലം ഒരുക്കാതെ വിത്ത് വിതയ്ക്കുന്നത് മണ്ടത്തരമാണ് എന്നെങ്കിലും മനസ്സിലാക്കുവാൻ കഴിഞ്ഞാലേ, ഇന്നത്തെ സുവിശേഷത്തിലെ ഉപമയുടെ അർഥം, സന്ദേശം ഗ്രഹിക്കുവാൻ സാധിക്കൂ…

ഏലിയാ സ്ലീവാമൂശെക്കാലം രണ്ടാം ഞായറാഴ്ച്ച വചനമാകുന്ന വിത്ത് വിതയ്ക്കുന്ന വിതക്കാരനായി ഈശോ കടന്നുവരികയാണ്. മണ്ണിന്റെ മണമുള്ള ഒരു രൂപകവുമായിട്ടാണ് ഈശോ നമ്മുടെ ക്രൈസ്തവജീവിത പഠന കളരിയിലേക്കു എത്തിയിരിക്കുന്നത്. ദൈവത്തിന്റെ വചനം നമ്മുടെ ക്രൈസ്തവജീവിതങ്ങളെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്ന് ഈശോ ഇന്ന് നമ്മെ പഠിപ്പിക്കും. നമുക്ക് ഇങ്ങനെയൊന്ന് ഭാവന ചെയ്താലോ?

പ്രഭാതപ്രാർത്ഥനയും കഴിഞ്ഞ് മലയിറങ്ങുമ്പോഴാണ് ഈശോ ആ കാഴ്ച്ച കണ്ടത്. വിതയ്ക്കാൻ വിത്തും ചുമന്നുകൊണ്ട് കുറെ കർഷകർ പാടത്തേക്ക് പോകുന്നു. ഈശോയ്ക്ക് അവരോട് അനുകമ്പ തോന്നിക്കാണണം. ഈശോ ഓർത്തു: ‘ഇവർ നിലം ഒരുക്കിക്കാണുമോ? വിതയ്ക്കുമ്പോൾ വിത്തുകൾ വഴിയിൽ വീണാലോ? പക്ഷികൾ കൊത്തിക്കൊണ്ടു പോകില്ലേ? പാടത്തോട് ചേർന്ന് കിടക്കുന്ന പാറപ്പുറത്ത് വീണാലോ? ഉണങ്ങിപോകില്ലേ? വരമ്പോട് ചേർന്ന് നിൽക്കുന്ന മുൾച്ചെടികൾക്കിടയിൽ വീണാലോ? മുൾച്ചെടികൾ ഞെരുക്കിക്കളയില്ലേ? “പിതാവേ, ഈ കർഷകർ വിതയ്ക്കുന്ന വിത്തുകൾ നല്ല നിലത്തു വീണു നൂറുമടങ്ങു് വിളവ് ഇവർക്കുകൊടുക്കണേ” ഈശോ മനസ്സിൽ പറഞ്ഞു. അപ്പോൾ തന്നെ മറ്റൊരു ചിന്തയും ഈശോയുടെ മനസ്സിലേക്ക് ഓടിയെത്തി. ഞാനിന്ന് പറയുവാൻ പോകുന്ന വചനങ്ങൾ ഈ വിത്തുകൾ പോലെ തന്നെയല്ലേ? ഞാനല്ലേ വിതക്കാരൻ?

Chantilly Bible Church | Kids Korner Virtual Sunday School

കേൾക്കുന്ന മനുഷ്യർ അവരുടെ ഹൃദയങ്ങൾ ഒരുക്കിയിട്ടുണ്ടാകുമോ? വചനം കേട്ട് അവർ നന്മ നിറഞ്ഞ ജീവിതത്തിലേക്ക് വരുമോ? കേൾക്കുന്ന വചനത്തിന്റെ ശക്തി ഇവർക്ക് അറിയാമോ? പ്രഭാതത്തിന്റെ ചെറിയ തണുപ്പിലും ഈശോയുടെ നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു. ഈശോ സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി പറഞ്ഞു: ‘പിതാവേ, വചനം കേൾക്കുന്ന മനുഷ്യരുടെ ഹൃദയങ്ങൾ നൂറുമടങ്ങു ഫലം പുറപ്പെടുവിക്കാൻ ഒരുക്കണമേ.’ മുഖത്ത് പൊടിഞ്ഞ വിയർപ്പുതുള്ളികൾ തോളത്തു കിടന്ന് ഷോളെടുത്തു തുടച്ചിട്ട് ഈശോ ജനങ്ങൾക്കിടയിലേക്ക് നടന്നു.

ഈശോ അന്ന് ജനങ്ങളുടെ ഇടയിലേക്ക് ചെന്നിട്ട്, ഇങ്ങനെ പറയാൻ തുടങ്ങി: “ഒരു കർഷകൻ വിത്ത് വിതക്കാൻ പുറപ്പെട്ടു…”

ഈ സുവിശേഷഭാഗം വായിച്ചുകേട്ടപ്പോൾ, ‘കിലുക്കം’ സിനിമയിലെ ഇന്നസെന്റിന്റെ ശൈലിയിൽ നാമും മനസ്സിൽ പറഞ്ഞിട്ടുണ്ടാകും: ‘കേട്ടിണ്ട്……കേട്ടിണ്ട്……ഒത്തിരി പ്രാവശ്യം കേട്ടിണ്ട്…….എന്നാൽ, നമ്മുടെ ക്രൈസ്തവജീവിതങ്ങളും, കുടുംബജീവിതങ്ങളും ധാരാളം ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന ഇക്കാലത്ത്, നമ്മുടെ സഭ ധാരാളം പ്രതിബന്ധങ്ങളെ, ആക്രമണങ്ങളെ, ഉള്ളിൽ നിന്ന് തന്നെയുള്ള പ്രതിസന്ധികളെ നേരിടുന്ന ഈ കാലഘട്ടത്തിൽ അല്പം ഗൗരവത്തോടെ തന്നെ ഈ സുവിശേഷഭാഗത്തെ സമീപിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ദൈവ വചനം ഒരുക്കമുള്ള ഹൃദയത്തിൽ സ്വീകരിച്ചു, മുപ്പതുമേനിയും, അറുപതുമേനിയും, നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്ന ക്രൈസ്തവരാകുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

സമാന്തര സുവിശേഷങ്ങളിലെല്ലാം (Synoptic Gospels) വിവരിക്കുന്ന ഒരു സുവിശേഷ ഭാഗമാണ്  വിതക്കാരന്റെ ഉപമ. “ആദിയിൽ വചനമുണ്ടായിരുന്നു” എന്നും പറഞ്ഞു വചനത്തിന്റെ മഹത്വത്തെ വാഴ്ത്തുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പക്ഷെ വചനം വിതയ്ക്കുന്ന ഈശോയെക്കുറിച്ചുള്ള പ്രതിപാദനം ഇല്ല. എങ്കിലും വചനമായ ക്രിസ്തു, വചനത്തിലൂടെ, ക്രിസ്തുവിലൂടെ നമുക്ക് രക്ഷ നൽകുവാൻ ആഗ്രഹിക്കുന്നുവെന്ന്, വചനമാണ്  രക്ഷ നൽകുന്നത് എന്ന് വിശുദ്ധ യോഹന്നാൻ  പറയുന്നുണ്ട്. വചനത്തിന്റെ പ്രാധാന്യം ബൈബിളിൽ വളരെ  വ്യക്തമാണ്. വചനമാണ് ജീവൻ നൽകുന്നത്. (യാക്കോബ് 1, 18) ദൈവത്തിന്റെ വചനംകൊണ്ടാണ് മനുഷ്യൻ ജീവിക്കുന്നത്. (മത്താ, 4, 4) വചനമാണ് ക്രൈസ്തവന്റെ ജീവിതവഴിയിലെ വിളക്ക്. (സങ്കീ 109, 105) വചനമാണ് നമുക്ക് സൗഖ്യം നൽകുന്നത്. (ജ്ഞാനം 16, 12) ഒരു യുവാവിനോ, യുവതിക്കോ അവരുടെ മാർഗം എങ്ങനെ നിർമ്മലമായി സൂക്ഷിക്കുവാൻ സാധിക്കും? ദൈവത്തിന്റെ വചനമനുസരിച്ചു വ്യാപാരിച്ചുകൊണ്ട്. (സങ്കീ 119, 9) ആരാണ് ഭാഗ്യപ്പെട്ടവർ? ദൈവ വചനം കേൾക്കുന്നവരാണ്. (ലൂക്ക 11,28) പാറപ്പുറത്ത് വീട് പണിയുന്ന ബുദ്ധിമാനായ മനുഷ്യൻ ആരാണ്? ദൈവ വചനം കേട്ട് അനുസരിക്കുന്നവനാണ്. (മത്താ 7, 24) എന്താണ് മനുഷ്യന്റെ മാർഗങ്ങളിൽ പ്രകാശം നൽകുന്നത്? വചനമാണ്. എന്താണ് എളിയവർക്ക് അറിവ് നൽകുന്നത്? ദൈവത്തിന്റെ വചനമാണ്. (സങ്കീ 119, 130) എന്താണ് ഈ ലോകത്തിൽ സത്യമായിട്ടുള്ളത്? കർത്താവിന്റെ വചനമാണ്. (സങ്കീ 33, 4) മനുഷ്യന്റെ ജീവിതത്തിലെ പരീക്ഷകളെ നേരിടാൻ അവളിൽ/ അവനിൽ പാകിയിരിക്കുന്ന വചനത്തെ വിനയപൂർവം സ്വീകരിക്കണം. (യാക്കോബ് 1, 21) സജീവവും, ഉർജ്ജസ്വലവുമായതും, ഇരുതല വാളിനേക്കാൾ മൂർച്ചയേറിയതും, ചേതനയിലും, ആത്മാവിലും,സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതും എന്താണ്? ദൈവത്തിന്റെ വചനമാണ്. (ഹെബ്രാ 4, 12)

എന്തിനായിരിക്കണം ഈശോ മനോഹരമായ വിത്തിന്റെ ഉപമ പറഞ്ഞത്? ദൈവവചനത്തെ മനുഷ്യ ഹൃദയങ്ങളിൽ പാകുവാനാണ് ഈശോ ഈ ഉപമ പറയുന്നത്. ഒരു കമ്പ്യൂട്ടർ കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കുവാൻ പ്രോഗ്രാം (Program) ചെയ്യുന്നതുപോലെ, ഈശോ തന്റെ മുന്പിലിരിക്കുന്ന ജനങ്ങളെ, വചന ബന്ധിതമായ, ദൈവരാജ്യത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന മക്കളായിത്തീരുവാൻ പ്രോഗ്രാം ചെയ്യുകയായിരുന്നു. മുപ്പതുമേനി, അറുപതു മേനി, നൂറുമേനി performance കാണിക്കുന്ന, പുറപ്പെടുവിക്കുന്ന രാജ്യത്തിന്റെ മക്കളാകുവാനുള്ള App, ആപ്ലിക്കേഷൻ അവർക്കു നൽകുകയായിരുന്നു ചോദ്യം ഇതാണ്: How do we get programmed? How do I get programmed in my Christian life?   

നമുക്ക് ഉപമയിലേക്ക് വരാം. വിത്ത് വിതക്കപ്പെടുന്നത് നാല് സ്ഥലങ്ങളിലാണ് – വഴിയരുകിൽ, പാറമേൽ, മുൾച്ചെടികൾക്കിടയിൽ, നല്ല നിലത്ത്. ഒറ്റനോട്ടത്തിൽ, ഒരു കർഷകന്റെ നോട്ടത്തിൽ വളരെ സാധ്യമായ നാല് സ്ഥലങ്ങളാണിവ. ആദ്യത്തെ മൂന്നു സ്ഥലങ്ങൾക്കും അതിന്റേതായ അപകടങ്ങൾ ഉണ്ട്. നാലാമത്തെ സ്ഥലമാകട്ടെ ഫലം പുറപ്പെടുവിക്കാൻ ഉതകുന്ന (Conducive) ഇടവും. സാധാരണയായി നമ്മുടെ ഹൃദയങ്ങളുടെ അവസ്ഥയെയാണ് ഈ നാല് സ്ഥലങ്ങളും പ്രതിനിധാനം ചെയ്യുന്നത് എന്നാണു നാം പറയുക.  എന്നാൽ, ഹൃദയത്തെ എന്നതിനേക്കാൾ മനുഷ്യ മനസ്സിന്റെ അവസ്ഥകളെയാണ് ഈ നാല് സ്ഥലങ്ങൾ അവതരിപ്പിക്കുന്നത്.

The Sower | c. 1865. Pastel and crayon or pastel on cream bu… | Flickr

വചനമാകുന്ന വിത്ത് വന്ന് വീഴുന്നത് നമ്മുടെ ജീവിതാവസ്ഥകളിലാണ്.  നാലു തരത്തിലുള്ള സാധ്യതകളിലൂടെയാണ് നാം കടന്നുപോകുന്നത്. ഉദാഹരണത്തിന്, എങ്ങനെയാണ് നാം സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നത്? ഇതിനു നാല് പടികൾ (steps, levels) ഉണ്ട്: ഒന്ന്, അബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ് (unconscious Incompetence) ഒരു കൊച്ചുകുട്ടിക്കു അറിയില്ല എന്താണ് സൈക്കിൾ എന്ന്, എന്താണ് സൈക്കിൾ സവാരി എന്ന്. അബോധാവസ്ഥയിലാണ് (Unconscious) ആ കുട്ടി. മാത്രമല്ല, ആ കുട്ടി സൈക്കിൾ ചവിട്ടുവാൻ പ്രാപ്തനുമല്ല. (Incompetence) അവൾക്കു, അവനു ഒരു സൈക്കിൾ ആരെങ്കിലും സമ്മാനമായി കൊടുത്താലോ? ആ കുഞ്ഞതു നോക്കിയെന്നിരിക്കും, പക്ഷെ മറ്റു കുട്ടികൾ അതെടുത്തു കളിക്കും.

ആധ്യാത്മിക ജീവിതത്തിൽ മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണിത്. മനുഷ്യൻ അബോധാവസ്ഥയിലാണ്. (Unconscious) അതിനാൽ തന്നെ, അശക്തനുമാണ്. (Incompetence) ദൈവവചനം എന്താണ് എന്നറിയില്ല. ദൈവ വചനത്തിന്റെ ശക്തിയെക്കുറിച്ചു അറിയില്ല. ധാരാളം വചനങ്ങൾ വിവിധ അവസരങ്ങളിൽ, പലതരം വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ അവളിലേക്ക്/അവനിലേക്ക് എത്തപ്പെടും. എന്നാൽ, അബോധാവസ്ഥയിൽ ജീവിക്കുന്ന മനുഷ്യൻ, അവൾ, അവൻ അജ്ഞതയിലാകാം; അഹങ്കാരത്തിന്റെ, രതിയുടെ, സമ്പത്തിന്റെ ലഹരിയിലാകാം. മറ്റുള്ളവർ പറയുന്ന നന്മ മനസ്സിലാക്കുവാൻ, അതനുസരിച്ചു പ്രവർത്തിക്കുവാൻ അവൾക്കു, അവനു താത്പര്യമില്ല. അതുകൊണ്ടുതന്നെ, പ്രാപ്തിയുമില്ല…. ധാരാളം മനുഷ്യരുണ്ട് ഇങ്ങനെയുള്ള അവസ്ഥയിൽ! അവരുടെ മുൻപിൽ വിളമ്പുന്നവ മറ്റുള്ളവർ കൊത്തിയെടുക്കും. വഴിയരികിൽ വീണ വിത്തിനെപ്പോലെ.

രണ്ട്, ബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ്. (Conscious Incompetence) ഒരു കുട്ടി അവൾ, അവൻ, വളർന്നു കഴിഞ്ഞപ്പോൾ മനസ്സിലായി എന്താണ് സൈക്കിൾ, എന്താണ് സൈക്കിൾ സവാരി എന്ന്. പക്ഷെ സൈക്കിൾ ചവിട്ടുവാനുള്ള, ബൈക്ക് താങ്ങുവാനുള്ള ശക്തിയായിട്ടില്ല.

ഇതാണ് ആധ്യാത്മിക ജീവിതത്തിലെ പാറമേൽ വീണ വിത്തിന്റെ, വചനത്തിന്റെ അവസ്ഥ! കാര്യങ്ങളെല്ലാം അറിയാം. (Conscious) ദൈവം ആരെന്നറിയാം.  ദൈവവചനത്തിന്റെ ശക്തി എന്തെന്ന് അറിയാം. ഈ വചനത്തിനനുസരിച്ചു ജീവിച്ചാൽ ജീവിതം മനോഹരമാകുമെന്നും അറിയാം. പക്ഷെ മറ്റു സാഹചര്യങ്ങളൊന്നും അനുകൂലമല്ല. ചീത്ത കൂട്ടുകാരുടെ സ്വാധീനം, ചീത്ത പുസ്തകങ്ങൾ നൽകുന്ന താൽക്കാലിക സുഖങ്ങൾ, മാതാപിതാക്കളെ അനുസരിക്കുവാനുള്ള മടി, ego, സ്വന്തം ചിന്തകൾക്കുപിന്നാലെയുള്ള ഓട്ടം… ഒട്ടും ആഴമില്ലാത്ത ജീവിതം! (Incompetence) പലർക്കും ജീവിതം ഇവിടെ നഷ്ടപ്പെടുന്നു… ഇതും മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണ്!

മൂന്ന്, ബോധപൂർവ്വകമായ പ്രാപ്തി (Conscious Competence). അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നു. ബൈക്ക് ഓടിക്കുവാൻ പഠിക്കുന്നു. (Conscious) ഇപ്പോൾ അവൾക്കു, അവനു സൈക്കിൾ ചവിട്ടാം. പക്ഷെ ഇടയ്ക്കു വീഴും. ബൈക്ക് ഓടിക്കാം. പക്ഷെ ഗിയർ മാറുമ്പോൾ നിന്നുപോകുന്നു…ചിലപ്പോൾ ബാലൻസ് തെറ്റുന്നു…. മുന്നോട്ടു നോക്കണം…സൈഡിലേക്ക് നോക്കണം…ഹോൺ അടിക്കണം. അതിനിടക്ക് കാലുരണ്ടും സൈക്കിളിന്റെ പെടലിൽ കൃത്യമാക്കണം……അങ്ങനെയങ്ങനെ സൈക്കിൾ ചവിട്ടുവാൻ അറിയാമെങ്കിലും (Competence) ധാരാളം മറ്റു പ്രശ്നങ്ങൾ!!

ഇവിടെ മനുഷ്യൻ ബോധവാനാണ്. (Conscious) എന്താണ് ക്രൈസ്തവജീവിതം, കുടുംബജീവിതം, അതിന്റെ ഉത്തരവാദിത്വങ്ങൾ…… എല്ലാം അറിയാം. ദിവസവും കുടുംബപ്രാർത്ഥന ചൊല്ലണം …ഭാര്യയോടും മക്കളോടുമൊത്തു സമയം ചെലവഴിക്കണം……ഞായറാഴ്ച്ച വിശുദ്ധമായി ആചരിക്കണം……എല്ലാം അറിയാം. ബോധവാനാണ്. ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ കഴിവുള്ളവനുമാണ്. (Competence) പക്ഷെ ദുശീലങ്ങൾ ……അമിതമായ മദ്യപാനം…സാമ്പത്തിക പ്രശ്നങ്ങൾ …… എല്ലാം നാലുവശത്തും നിന്ന് ഞെരുക്കുകയാണ്. മുള്ളുകൾ ചെടികളെ ഞെരുക്കുന്നപോലെ! ഇതും മനുഷ്യൻ കടന്നുപോകുന്ന ജീവിതാവസ്ഥയാണ്.

നാല്, അബോധാവസ്ഥയിലുള്ള പ്രാപ്തി (Unconscious Competence). ഇവിടെ ബോധപൂർവം അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിച്ചു. ബൈക്ക് ഓടിക്കുവാൻ പഠിച്ചു. പക്ഷെ ഇവിടെ അബോധാവസ്ഥ എന്ന് പറയുന്നത്, എങ്ങനെ സൈക്കിൾ ചവിട്ടണം, എങ്ങനെ ബൈക്ക് ഓടിക്കണമെന്നു പ്രത്യേകം ചിന്തിക്കേണ്ട ആവാശ്യമില്ല. (Unconscious) സൈക്കിൾ ചവിട്ടൽ വളരെ എളുപ്പമാകുന്നു. അത് ജീവിതത്തിന്റെ ഭാഗമാകുന്നു.  വഴിയേ പോകുന്ന ആളുകളോട് സവാരിക്കിടെ വർത്തമാനം പറയാം……മറ്റുള്ളവരെ greet ചെയ്യാം……വേണമെങ്കിൽ കൈകൾ ഫ്രീയാക്കിക്കൊണ്ടു ride ചെയ്യാം……ഇപ്പോൾ അവൾ, അവൻ സവാരി ആസ്വദിക്കുകയാണ്, അതിനുള്ള പ്രാപ്തിയിലാണ്. (Competence)

ദൈവ വചനമനുസരിച്ചുള്ള, ദൈവരാജ്യത്തിന്റെ സ്വഭാവമനുസരിച്ചുള്ള ജീവിതത്തിന്റെ അവസ്ഥ ഇതായിരിക്കണം. (Unconscious Competence). ഒരു ക്രൈസ്തവന്റെ ജീവിതത്തിൽ വചനം ഉറകൂടി നിൽക്കുമ്പോൾ, വചനം അവളുടെ, അവന്റെ ജീവിതത്തിന്റെ ഭാഗമായിത്തീരും. പിന്നെ ഓരോ നിമിഷവും വചനം എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. അവളുടെ അവന്റെ ജീവിതം automatically ദൈവത്തിന്റെ വചനത്തിനു അധിഷ്ഠിതമാകും. പിന്നെ അവളുടെ അവന്റെ ക്രൈസ്തവ ജീവിതം സുന്ദരമാകും; എളുപ്പമുള്ളതാകും. ദൈവത്തിന്റെ വചനത്തിന്റെ, പ്രസാദവരത്തിന്റെ ഭംഗിയിൽ അവരുടെ ജീവിതം, കുടുംബജീവിതം പ്രശോഭിക്കും.

സ്നേഹമുള്ളവരേ, ഈ നാലാമത്തെ സ്റ്റേജിൽ നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ എത്തുമ്പോൾ നമ്മുടെ ഹൃദയം നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും ഫലം പുറപ്പെടുവിക്കുവാൻ സജ്ജമാകും. നാം ക്രിസ്തുവിന്റെ സഭയുടെ കാവൽ ഗോപുരങ്ങളായിത്തീരും.

വിവിധ തരത്തിലുള്ള ജിഹാദുകളുടെ രൂപത്തിൽ വർഗീയ ശക്തികൾ സഭയെ ആക്രമിക്കുമ്പോൾ മുപ്പതുമേനിയും, അറുപതുമേനിയും, നൂറുമേനിയും ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് അവയെ നേരിടുവാൻ നമുക്കാകണം. ക്രൈസ്തവർ പ്രതികരിക്കണം. പക്ഷെ അവർ പ്രതികരിക്കേണ്ടത് വിശുദ്ധമായ ജീവിതം കൊണ്ടായിരിക്കണം. ക്രൈസ്തവർ പ്രതിരോധിക്കണം. പക്ഷെ അത് നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും വചനത്തിന്റെ ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ടായിരിക്കണം. നാം നിശ്ശബ്ദരാകരുത്. പക്ഷെ വിളിച്ചു പറയേണ്ടത്, ഉറക്കെ പ്രഘോഷിക്കേണ്ടത് ദൈവത്തിന്റെ വചനമായിരിക്കണം. പ്രതീകാത്മമായിപ്പോലും, ഹിംസയുടെ, വെറുപ്പിന്റെ ഭാഷ, പ്രവർത്തനം നമ്മിൽ നിന്നുണ്ടാകരുത്. പകരം, ക്രിസ്തു സ്നേഹത്തിന്റെ വക്താക്കളായി നാം മാറണം. തിരുസഭയ്ക്കു ഒരു ശരിയേ ഉള്ളു. അത് ക്രിസ്തുവാണ്. തിരുസഭയ്ക്കു ഒരു വഴിയേ ഉള്ളു. അത് കുരിശിന്റെ, സഹനത്തിന്റെ വഴിയാണ്. തിരുസഭയ്ക്കു ഒരു ശബ്ദമേയുള്ളു. അത് വചനത്തിന്റെ ശബ്ദമാണ്.

സമാപനം

ഈശോ നമ്മെ ക്ഷണിക്കുകയാണ്, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ. വചനം കൊണ്ട് നമ്മുടെ

Jesus the Sower Drawing by Oluwaseyi Alade | Saatchi Art

ക്രൈസ്തവ ജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ നമുക്ക് സാധിക്കട്ടെ. കാരണം, “നമ്മൾ വീണ്ടും ജനിച്ചിരിക്കുന്നത്‍ നശ്വരമായ ബീജത്തിൽ നിന്നല്ല, അനശ്വരമായ ബീജത്തിൽ നിന്നാണ്-സജീവവും, സനാതനവുമായ ദൈവ വചനത്തിൽ നിന്ന്.” (1 പത്രോ 1, 23) വിതക്കാരന്റെ ഉപമ നമ്മുടെ ജീവിതത്തെയും, ജീവിത വ്യാപാരങ്ങളെയും മനസ്സിലാക്കുവാനുള്ള ഒരവസരമാണ്. ദൈവ വചനം നമ്മുടെ ജീവിതത്തിന്റെ ഭാഗമെന്നോണം നമ്മുടെ ജീവിതത്തിൽ പ്രകാശിക്കട്ടെ. മകളെ, മകനെ, ദൈവ വചനമാകട്ടെ നിന്റെ പാദങ്ങൾക്ക് വിളക്കും, വഴിയിൽ പ്രകാശവും. ആമേൻ!

One thought on “sunday sermon”

Leave a comment