
മൂന്ന്
വിശുദ്ധ മദർ തെരേസാ
സെപ്റ്റംബർ 5
വിശുദ്ധ കുര്‍ബാന ഒരു ദര്‍പ്പണമാണ് – പ്രപഞ്ചതാളലയങ്ങളുടെ പ്രതിഫലനം കാട്ടുന്ന ഒരു മൊഴിക്കണ്ണാടി. സമസ്ത പ്രപഞ്ചത്തിന്റെയും മനസ്സുണ്ടതില്‍; പെരുവഴിയില്‍ തളര്‍ന്നുവീഴുന്ന പാവപ്പെട്ടവന്റെ നിസ്വനമുണ്ടതില്‍; തെരുവില്‍ അലഞ്ഞുനടക്കുന്ന ഭിക്ഷാടകരായ ആകാശപ്പറവകളുടെ നിസ്സഹായമായ ചിറകടിയുണ്ടതില്‍; എയിഡ്സ് രോഗികളുടെ, വിഹ്വലതയുണ്ടതില്‍; ബുദ്ധിവികസിക്കാത്തവരുടെ നെഞ്ചിലെ സ്നേഹ ത്തിനായുള്ള കരച്ചിലുണ്ടതില്‍; ലോകത്തിന്റെ ഇമ്പമാര്‍ന്ന സ്വരങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്ത, മഴവില്ലിന്റെ മനോഹാരിത കാണാന്‍ കഴിയാത്ത മക്കളുടെ തേങ്ങലുകളുണ്ടതില്‍; മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ ഉള്‍മനസ്സിന്റെ നോവുണ്ടതില്‍, തകര്‍ന്ന കുടുംബങ്ങളുടെ മുറിപ്പാടുണ്ടതില്‍. ‘നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നു വീഴുന്ന മക്കളുടെ ജീവനുവേണ്ടി കരങ്ങളുയര്‍ത്തുന്ന’ വൈദികന്റെ, സന്യാസിയുടെ പ്രാര്‍ഥനയുണ്ടതില്‍. മനുഷ്യ അസ്തിത്വത്തിന്റെ എല്ലാ അടരുകളെയും ചൂഴ്ന്നു നില്‍ക്കുന്ന സമ്പൂര്‍ണതയാണ് വിശുദ്ധ കുര്‍ബാന.
വിശുദ്ധ കുർബാനയുടെ ഈ സത്യത്തിലേക്ക് ഹൃദയത്തിന്റെ വാതിൽ തുറന്നു വച്ച മഹത് വ്യക്തിത്വമായിരുന്നു വിശുദ്ധ മദർ തെരേസായുടെത്. അൽബേനിയായിൽ 1910 ൽ ജനിച്ച ആഗ്നസ് കൽക്കട്ടയിലെ ലോറേറ്റാ മഠത്തിൽ ചേർന്ന് ഉണ്ണീശോയുടെ തെരേസായെന്ന പേര് സ്വീകരിച്ച് സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചത് വെറുമൊരു വിഡ്ഢിത്തം അല്ലായിരുന്നു. എന്റെ ഇഷ്ടമല്ല ഈശോയെ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞ് സ്വർഗീയഗാനങ്ങൾകൊണ്ട് ജീവിതം നിലാവുപോലെ മനോഹരമാക്കുവാനായിരുന്നു അവൾ സന്യാസിനിയായത്. 19 വർഷക്കാലം ലോറേറ്റാ സന്യാസിനിയായി ജീവിച്ചശേഷമാണ് ഏറ്റവും ദരിദ്രരിൽ ഈശോയെ കണ്ട് അവരെ ശുശ്രൂഷിക്കുക എന്ന ചിന്തയിൽ കൽക്കട്ടയിലെ തെരുവിലേക്കിറങ്ങിയത്.
ഒരു കാലഘട്ടത്തിന്റെ മുഴുവൻ ദൈന്യതയും, ദുഃഖവും, നിസ്സഹായതയും കണ്ണിലെ കനലുകളും ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ് മദർ തെരേസായുടെ ജീവിതം വിശുദ്ധ കുർബാനയുടെ സത്യാവിഷ്കാരമായി മാറിയത്. താൻ അനുഭവിച്ചറിഞ്ഞ ജീവിത വൈരുധ്യങ്ങളും, വർത്തമാനകാല രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളും മൈക്കുകെട്ടി വിളിച്ചുപറയാതെ, മനുഷ്യ ജീവിതസാഹചര്യങ്ങളിലേക്ക് വിശുദ്ധ കുർബാനയുടെ ചൈതന്യത്തെ പകർത്തിയെഴുതുവാനാണ് അവർ ശ്രമിച്ചത്. പരിശുദ്ധ കുർബാനയായിരുന്നു അവരുടെ ശക്തിയും ചൈതന്യവും. ഉപവി മിഷനറിമാരുടെ സമൂഹത്തിന് രൂപംകൊടുത്തപ്പോഴും നിർബന്ധമാക്കിയത് വിശുദ്ധ കുർബാന അർപ്പണമായിരുന്നു, വിശുദ്ധ കുർബാനയോടുള്ള സ്നേഹമായിരുന്നു.
പരിശുദ്ധ കുർബാനയെ ജീവിതത്തിലൂടെ ആവിഷ്കരിച്ചതിലൂടെയാണ് മദർ തെരേസ ലോകത്തെ പുത്തൻ കാഴ്ചകളിലേക്കും ബോധ്യങ്ങളിലേക്കും നയിച്ചത്. എന്നും മനുഷ്യ ജീവിത സാഹചര്യങ്ങളിലേക്ക് ഇറങ്ങുന്നതിനുമുമ്പ് പരിശുദ്ധ കുർബാനയുടെ മുൻപിൽ സമയം ചിലവഴിച്ച നേരങ്ങളിൽ ഒരു ദർപ്പണത്തിലെന്നപോലെ മദർതെരേസ പരിശുദ്ധ കുർബാനയിൽ ക്രിസ്തുവിനെ കണ്ടു; ഒപ്പം സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട എല്ലാവരെയും. പരിശുദ്ധ കുർബാനയിൽ ദൈവത്തെ കണ്ട്, ദൈവത്തോടൊപ്പം ലോകത്തെ കണ്ട്, പിന്നീട് തെരുവുകളിൽ പോയി കണ്ടുമുട്ടുന്ന സഹോദരങ്ങളിൽ ക്രിസ്തുവിനെ കാണുകയായിരുന്നു അവരുടെ ജീവിതം. അങ്ങനെ ദരിദ്രർക്ക്, ക്ലേശിതർക്ക് വിശുദ്ധകുർബാനയായിത്തീരാം എന്നതായിരുന്നു അവരുടെ വിശ്വാസം.
പരിശുദ്ധ കുർബാനയിൽ കണ്ട ക്രിസ്തുവിനെ സഹോദരങ്ങളിൽ കാണാൻ തോളിലൊരു മാറാപ്പുമായി, ദുർഗന്ധം വമിക്കുന്ന തെരുവോരങ്ങളിലും, അഴുക്കുചാലുകളിലേക്കും നടന്നു നീങ്ങുന്ന മദർതെരേസ തന്റെ കൈകളിലെടുക്കുന്ന ഓരോ കുഞ്ഞിലും, മരണാസന്നരായ സഹോദരങ്ങളിലും വിശുദ്ധ കുർബാനയിലെ ക്രിസ്തുവിനെ കണ്ടു. പരിശുദ്ധ കുർബാനയിൽ ക്രിസ്തുവിനെ കാണാതെ, ക്രിസ്തുവിനോടൊപ്പം മുറിവേറ്റ ഈ ലോകത്തെ കാണാതെ മിഷനറി പ്രവർത്തനങ്ങൾ നടത്തുന്നവരുടെ ജീവിതങ്ങൾ ഒരിക്കലും ദൈവിക ചൈതന്യത്തിന്റെ, ദൈവകാരുണ്യത്തിന്റെ, വിശുദ്ധകുർബാനയുടെ ആവിഷ്കാരങ്ങളാകുകയില്ല എന്നത് മദർ തെരേസയുടെ ഉറച്ച ബോധ്യങ്ങളിൽ ഒന്നായിരുന്നു.
വിശുദ്ധ കുർബാന മദർ തെരേസയ്ക്ക് ഒരു ദർപ്പണമായിരുന്നു, ക്രിസ്തുവിനെ, ക്രിസ്തുവിനോടൊപ്പം ഈ ലോകത്തെ മുഴുവനും കാണുവാൻ സാധിക്കുന്ന ഒരു മൊഴിക്കണ്ണാടി. തന്നെ മാറ്റിനിർത്തിക്കൊണ്ട്, വിശുദ്ധ കുർബാനയിലൂടെ, മനുഷ്യരിലേക്ക് എത്തിച്ചേരുവാനാണ് മദർ തെരേസ ശ്രമിച്ചത്. അതുകൊണ്ടു തന്നെയാണ് കൊൽക്കത്തയിലെ തെരുവുകളിൽ ആർക്കുംവേണ്ടാത്ത കുഞ്ഞുങ്ങളെ പെറുക്കിയെടുത്ത നീലക്കരയുള്ള വെള്ളാസാരിയുടുത്ത ആ കൃശഗാത്രിയായ കന്യാസ്ത്രിക്ക്, ആധുനിക ലോകമാകുന്ന ചുമരിൽ ദൈവം കാരുണ്യമാകുന്നു എന്ന് എഴുതുവാൻ കഴിഞ്ഞത്.
ഈ കാലഘട്ടത്തിലെ ക്രൈസ്തവർ വിശുദ്ധ കുർബാനയെ തിരിച്ചറിയുകയും, സ്വന്തം ക്രൈസ്തവ വ്യക്തിത്വത്തെ വിശുദ്ധ കുർബാനയിലൂടെ ലോകത്തിൽ ആവിഷ്കരിക്കുകയും ചെയ്യണം. താൻ എന്തായിരിക്കുന്നുവോ അത് വിശുദ്ധ കുർബാനയാകുന്നു എന്ന് പ്രഖ്യാപിക്കുവാനായിരിക്കണം നമ്മുടെ ജീവിതം. വിശുദ്ധ കുർബാനയിലെ ഈശോയെപ്പോലെ മനുഷ്യ ജീവിത സാഹചര്യങ്ങളിൽ മുറിയ്ക്കപ്പെടാനും ചിന്തപ്പെടുവാനും തയ്യാറുള്ള ഒരു ജീവിതം – അതാണ് മദർ തെരേസ. ആ ജീവിതത്തിൽ ലാളിത്യമുണ്ട്; ക്രൈസ്തവീകതയുണ്ട്; ക്രിസ്തുവുണ്ട്; ക്രിസ്തുവിന്റെ കാരുണ്യമുണ്ട്; വിശുദ്ധ കുർബാനയുടെ ദാർശനികതയുണ്ട്.
