പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ
മത്താ 16, 13 – 19
സന്ദേശം

സീറോ മലബാർ സഭയുടെ ആരാധനക്രമ വത്സരത്തിലെ അവസാനത്തെ കാലമായ പള്ളിക്കൂദാശക്കാലത്തിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ്. ഇന്ന് പള്ളിക്കൂദാശക്കാലം ഒന്നാം ഞായർ. ഈ ഭൂമിയിൽ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭയെ ഓർത്ത് ദൈവത്തിന് നന്ദിപറയുക, മിശിഹാ തന്റെ മണവാട്ടിയായി സഭയെ അവസാന വിധിക്കുശേഷം സ്വർഗ്ഗസ്ഥനായ പിതാവിന് സമർപ്പിക്കുന്നത് അനുസ്‌മരിക്കുക, യുഗാന്തത്തിൽ സഭ അവളുടെ മക്കളോടൊപ്പം സ്വർഗീയ ജറുസലേമാകുന്ന നിത്യസൗഭാഗ്യത്തിൽ എത്തിച്ചേരുന്നതിന്റെ മുന്നാസ്വാദനം അനുഭവിക്കുക എന്നീ ലക്ഷ്യങ്ങളാണ് പള്ളിക്കൂദാശക്കാലത്ത് നാം മനസ്സിൽ സൂക്ഷിക്കുന്നത്.
പള്ളിക്കൂദാശാക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ച്ച സഭാസമർപ്പണത്തിരുനാളായിട്ടാണ് തിരുസ്സഭ ആഘോഷിക്കുന്നത്. തിരുസ്സഭയെ മനസ്സിൽ കണ്ടുകൊണ്ടെന്നോണം ഇന്നത്തെ സുവിശേഷത്തിൽ ” നീ പത്രോസാണ്. ഈ പാറമേൽ ഞാൻ സഭ സ്ഥാപിക്കും.” എന്ന് പറഞ്ഞുകൊണ്ട് ഈശോ തിരുസ്സഭയ്ക്ക് രൂപം കൊടുത്തതിനെയാണ് ഇന്ന് നാം പ്രത്യേകം ഓർക്കുന്നത്. ക്രിസ്തുവിന്റെ സ്നേഹ സന്ദേശവുമായി ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്ന തിരുസ്സഭയിൽ അംഗങ്ങളായതിൽ അഭിമാനിക്കുന്നവരാണ്, സന്തോഷിക്കുന്നവരാണ് നാമെല്ലാവരും. തിരുസ്സഭ എന്നും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ, കരുണയുടെ, നന്മയുടെ പ്രതീകമായിട്ടാണ് ലോകത്തിൽ നിലനിൽക്കുന്നത്. അതുകൊണ്ടാണ്, ലോകരാഷ്ട്രങ്ങളും, ലോകനേതാക്കളുമെല്ലാം, ലോകസമാധാനത്തിനായി, മാനവ സൗഹാർദത്തിനായി സഭയെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും ലോകം മുഴുവനും തിരുസഭയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ക്രിസ്തുവിന്റെ പ്രതിനിധിയായ, വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പയെ അമേരിക്കൻ പ്രസിഡണ്ട് സന്ദർശിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. ഇന്നലെ, ശനിയാഴ്ചയാകട്ടെ, നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രി മാർപ്പാപ്പയെ സന്ദർശിച്ചു. മാർപാപ്പയെ സന്ദർശിച്ച നേതാക്കളുടെ ഉദ്ദേശം എന്തുമാകട്ടെ, അവരുടെ ഹിഡ്ഡൻ (Hidden) അജണ്ടകൾ എന്തുമാകട്ടെ, അവർ പ്രതിനിധീകരിക്കുന്ന പ്രത്യയ ശാസ്ത്രങ്ങൾ എന്തുമാകട്ടെ, ക്രിസ്തുവിന്റെ ശബ്ദമായ, ക്രിസ്തുവിന്റെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുന്നവരുടെ സമൂഹമായ തിരുസ്സഭയ്ക്ക് ലോകത്തെ നന്മയിലേക്ക് നയിക്കുവാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് അവർ, ലോകം സഭയെ സമീപിക്കുന്നത്.
ക്രിസ്തുവിന്റെ ഈ സഭയിൽ അഭിമാനംകൊള്ളുന്ന ക്രൈസ്തവരായിട്ടാകണം ഇന്നത്തെ സുവിശേഷത്തിലെ വിശുദ്ധ പത്രോസിന്റെ വിശ്വാസ പ്രഖ്യാപനം നാം കാണുവാൻ. ഈശോയെ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവായി, നിന്റെ ജീവിതത്തിന്റെ, ഈ ലോകത്തിന്റെ രക്ഷകനായി ഏറ്റുപറയുക എന്നതാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്ന വെല്ലുവിളി.
വ്യാഖ്യാനം
സമാന്തര സുവിശേഷങ്ങളായ വിശുദ്ധ മത്തായിയുടെയും, മാർക്കോസിന്റെയും ലൂക്കായുടെയും സുവിശേഷങ്ങളിൽ ഒരുപോലെ കാണപ്പെടുന്ന ഭാഗമാണ് ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചു കേട്ടത്. ഇതിൽ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ വിവരണമാണ് ഇന്നത്തെ നമ്മുടെ വിചിന്തനത്തിനായി നൽകിയിരിക്കുന്നത്. ഈ വിവരണമാകട്ടെ ഇന്നത്തെ കാലഘട്ടത്തിന് യോജിച്ചതുമാണ്.
ഈശോ ഈ ലോകത്തിലേക്ക് വന്നത് ലോകത്തിന്റെ മിശിഹാ, രക്ഷകനായിട്ടാണ്. ഈ സത്യം ലോകത്തിന് വെളിപ്പെടുത്തുവാനാണ് സുവിശേഷങ്ങളിൽ അവിടുന്ന് ശ്രമിക്കുന്നത്. ‘സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയായി ദാവീദിന്റെ പട്ടണത്തിൽ ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു’ (ലൂക്ക 2, 10) എന്ന് മാലാഖമാർ അറിയിച്ചിട്ടും മാതാവും യൗസേപ്പിതാവും ശിശുവിന് ഈശോ എന്നാണു പേരിട്ടത്. (മത്താ 1, 25) അതായത്, ഇനി ഈശോ തന്റെ വചനങ്ങളിലൂടെ, പ്രവർത്തികളിലൂടെ, തന്നെത്തന്നെ മിശിഹായായി, ക്രിസ്തുവായി ലോകത്തിന് വെളിപ്പെടുത്തണം. അതിന്റെ ഭാഗമായിട്ടാണ് ഈശോ ശിഷ്യരോട് ചോദിക്കുന്നത്: “ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?”

താൻ ആരാണെന്ന് ചോദിക്കുവാൻ, പത്രോസിലൂടെ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുവാൻ എന്തുകൊണ്ടാണ് ഈശോ കേസരിയാ ഫിലിപ്പി തിരഞ്ഞെടുത്തത്? എന്തുകൊണ്ട്, തന്റെ ജനനസ്ഥലമായ ബേത്ലഹേം ഈശോ തിരഞ്ഞെടുത്തില്ല? എന്തുകൊണ്ട് ഗലീലി, ജെറുസലേം എന്നീ പട്ടണങ്ങളെ തഴഞ്ഞു കേസരിയാ ഫിലിപ്പി തിരഞ്ഞെടുത്തു? ചോദ്യം യുക്തിപരമല്ലേ? താൻ ആരാണെന്ന് ചോദിക്കുവാൻ, പത്രോസിലൂടെ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുവാൻ ഈശോ കേസരിയാ ഫിലിപ്പി തിരഞ്ഞെടുത്തത് വെറുമൊരു തോന്നലിന്റെ ബലത്തിലല്ല. വ്യക്തമായ ലക്ഷ്യത്തോടെയാണ്.
മറ്റുപട്ടണങ്ങളിൽ നിന്ന് കേസരിയാ ഫിലിപ്പിയെ വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളാണ് ഈ പട്ടണത്തെ തിരഞ്ഞെടുക്കാൻ ഈശോയെ പ്രേരിപ്പിച്ചത്. പല മതങ്ങളുടെ സംഗമസ്ഥാനമാണ് കേസരിയാ ഫിലിപ്പി. ഗ്രീക്ക് ദേവനായ പാനിന്റെ വലിയൊരു പ്രതിമ ഇവിടെ ഉണ്ടായിരുന്നു. ബാൽ ദേവനെ ആരാധിക്കുന്നവർ ഈ പട്ടണത്തിൽ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. വിജാതീയ ദേവതയായ അസ്തേറിന്റെ ആളുകളും ഈ പട്ടണത്തിലുണ്ട്. ധാരാളം മതങ്ങളുള്ളതുകൊണ്ടുതന്നെ മതപ്രഭാഷണങ്ങളും, ചർച്ചകളും, വാഗ്‌വാദങ്ങളും നിരന്തരം നടക്കുന്ന ഒരു പട്ടണമാണിത്. മറ്റുസ്ഥലങ്ങളിൽനിന്നു സന്ദർശകർ ഈ പട്ടണത്തിലേക്ക് വരാറുണ്ടായിരുന്നു. ഇങ്ങനെ പല മതങ്ങളുടെ സംഗമസ്ഥലമായ, പല ദൈവങ്ങളെ ആരാധിക്കുന്ന ജനങ്ങളുള്ള ഈ പട്ടണത്തിൽവച്ചു താൻ മിശിഹായാണെന്നു പ്രഖ്യാപിക്കുവാൻ ഈശോ അവസരം ഒരുക്കുകയാണ്.
നാം വിചാരിക്കുന്നപോലെ അത്ര നിസ്സാരമായ ഒരു സാഹചര്യമായിരുന്നില്ല അത്! ചോദ്യം ഉന്നയിച്ച ഈശോയുടെ മനസ്സിൽ വേവലാതിയാണ്. ആരാണ് ഉത്തരം പറയുക? എന്തായിരിക്കും ഉത്തരം? ഈ കാണുന്ന ദേവന്മാരെപ്പോലെ ഒരാൾ എന്നായിരിക്കുമോ ഉത്തരം? ഈ കാണുന്ന മതനേതാക്കന്മാരെ പോലെ ഒരാൾ? മനുഷ്യരെ പറ്റിച്ചു കറങ്ങിനടക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെപ്പോലെ ഒരാൾ? ഇവരുടെ സാംസ്കാരിക നേതാക്കന്മാരെപ്പോലെ ഒരാൾ? അതുമല്ലെങ്കിൽ പഴയനിയമ പ്രവാചകരിൽ ഒരാൾ? ഈശോയുടെ ചങ്കിടിക്കുകയാണ്.
ശിഷ്യന്മാരാണെങ്കിലോ? കണക്ക് ക്ലാസ്സിൽ ശതമാനം കാണാൻ ബോർഡിന്റെ മുൻപിൽ നിൽക്കുന്ന കുട്ടിയെപ്പോലെയാണവർ. കൃത്യമായ ഉത്തരം എന്തെന്ന് അറിയില്ല. എന്ത് ഉത്തരം പറയും? എന്ത് പറഞ്ഞാലാണ് ശരിയാവുക? അപ്പോഴാണ് എല്ലാവരേം ഞെട്ടിച്ചുകൊണ്ട് പത്രോസ് പറയുന്നത് “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്”. “കോടീശ്വരൻ” പ്രോഗ്രാമിലെപ്പോലെ, പത്രോസ് … പറഞ്ഞ … ഉത്തരം …. ശരിയാണ്. ….. എന്ന് പറയാൻ ആരുമില്ലായിരുന്നെങ്കിലും, സ്നേഹമുള്ളവരേ, ഈശോ ഒന്ന് പുഞ്ചിരിച്ചു കാണണം. ഈശോയ്ക്ക് മനസ്സിലായി വെറും മനുഷ്യനായ പത്രോസിൽ ദൈവാത്മാവ് നിറഞ്ഞിരിക്കുന്നു. വെറും മുക്കുവനായ പത്രോസിന്റെ മാംസ രക്തങ്ങളല്ല, മാനുഷിക ബുദ്ധിയല്ല, സ്വർഗ്ഗസ്ഥനായ പിതാവാണ് പത്രോസിലൂടെ ഈ സത്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈശോ പറയുകയാണ്, പത്രോസേ, ‘നീയാണ് എന്റെ സഭ!’ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ആരൊക്കെ ക്രിസ്തുവിനെ കർത്താവും ദൈവവുമായി ഏറ്റുപറയുന്നുണ്ടോ, ആരിലൂടെയൊക്കെയോ ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ സ്വർഗ്ഗസ്ഥനായ പിതാവ് ആഗ്രഹിക്കുന്നുണ്ടോ, അവരാണ് യഥാർത്ഥ സഭ എന്ന് ഈശോ നമ്മെ പഠിപ്പിക്കുകയാണ്.
പ്രിയപ്പെട്ടവരേ, നൂറ്റാണ്ടുകളായി, വർഷങ്ങളായി നാം ക്രിസ്തുവിനോടൊപ്പം നമ്മുടെ കേസരിയാ ഫിലിപ്പികളിലാണ് – വിവിധ മതങ്ങളുള്ള, ദൈവങ്ങളുള്ള, വിശ്വാസങ്ങളുള്ള, നേതാക്കന്മാരുള്ള, ആചാരങ്ങളുള്ള, അഭിപ്രായങ്ങളുള്ള കേസരിയാ ഫിലിപ്പികളിൽ! ഭാരതമൊരു കേസരിയ ഫിലിപ്പിയാണ്, നമ്മുടെ കുടുംബം, സൗഹൃദക്കൂട്ടങ്ങൾ, നാം തന്നെ കേസരിയ ഫിലിപ്പികളാണ്. അവിടെ വച്ച് ഈശോ നമ്മോട് പറയാറുണ്ട്, അവിടുത്തെ ഏറ്റുപറയുവാൻ. അപ്പോൾ നാം എന്ത് ചെയ്തു? കോടികൾമുടക്കി ബ്രഹ്‌മാണ്ഡങ്ങളായ ദേവാലയങ്ങൾ പണിതു. എന്നിട്ട് അവിടെ നിന്ന് വിളിച്ചു പറഞ്ഞു ക്രിസ്തു എന്റെ ദൈവമാണ്. ലോകത്തിന്റെ രക്ഷകൻ എന്നല്ല, എന്റെ രക്ഷകനാണ്, എന്റെ ദൈവമാണെന്ന്. വീണ്ടും അവിടുന്ന് നമ്മോട് പറഞ്ഞു, ലോകത്തിന്റെ കോണുകളിൽ പോയി സാക്ഷികളാകുവാൻ! അവിടെച്ചെന്ന് സ്ഥാപനങ്ങൾ പണിതിട്ട് നാം വിളിച്ചു പറഞ്ഞു, സുഹൃത്തുക്കളെ നിങ്ങളുടെ മൂവത്തു മുക്കോടി ദൈവങ്ങളില്ലേ, അതുപോലെ, plus one ദൈവം. അതാണ് അതാണ് ഞങ്ങളുടെ ദൈവമെന്ന്. എന്റെ ദൈവമായ ക്രിസ്തുമാത്രമാണ് നിങ്ങളുടെയും ദൈവമെന്ന് ഏറ്റുപറയുവാൻ നാം മടിച്ചു.
പിന്നെയും ഈശോ പറഞ്ഞു: നിങ്ങളുടെ ജീവിതസാഹചര്യങ്ങളാകുന്ന കേസരിയാഫിലിപ്പികളിൽ അവിടുത്തെ ഏറ്റുപറയുവാൻ. അപ്പോൾ നമ്മൾ നമ്മുടെ കുടുംബങ്ങളിൽ പ്രാർത്ഥിക്കാൻ പ്രത്യേകം മുറികൾ പണിതു; ധാരാളം രൂപങ്ങൾ എടുത്തുവച്ചു. എന്നിട്ട്, വീട് വെഞ്ചിരിപ്പിന് സമയം നോക്കാൻ കണിയാന്റെ അടുത്തേയ്ക്ക് പോയി; അച്ഛനെ വിളിക്കാൻ പോകാൻ രാഹുകാലം കഴിയാൻ നോക്കിയിരുന്നു. ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും ഈശോ നമ്മുടെ നാഥൻ ആയില്ല. പിന്നെ നമ്മൾ ക്രിസ്തുവിനെ മറന്ന്, കോവിഡ് മൂലം കഷ്ടപ്പെടുന്ന മനുഷ്യരിൽ വേദനിക്കുന്ന ക്രിസ്തുവിനെ കാണാതെ, ഒരിക്കലും തീരാത്ത മരാമത്ത് പണികൾ നടത്താനും, അലങ്കാരപ്പണികൾ ചെയ്യാനും, ഗ്രോട്ടോകൾ പണിയുവാനും, വിശുദ്ധരെ പലയിടങ്ങളിൽ കുടിയിരുത്തുവാനും, പെരുന്നാളുകൾ നടത്തുവാനും നമ്മുടെ പണവും, സമയവും, കഴിവും ചിലവഴിച്ചു! നമ്മുടെ മത നേതാക്കന്മാർ ഇഫ്‌താർ പാർട്ടികളിലും, ഉത്സവങ്ങളിലും പോയി പരസ്പരം ആലിംഗനംചെയ്ത്, നമസ്തേ പറഞ്ഞു. എന്നിട്ടു അവരുടെ കാതുകളിൽ പറഞ്ഞു, നിങ്ങളുടെയും ഞങ്ങളുടെയും ദൈവം – എല്ലാം ഒന്നാന്നേയ്!! സാംസ്കാരികാനുരൂപണത്തിന്റെ പേരും പറഞ്ഞു വിശുദ്ധ കുർബാനയിൽ മറ്റു മതസ്ഥരുടെ ആചാരങ്ങളും ചിഹ്നങ്ങളും വേദഗ്രന്ഥ വായനകളും ചേർത്തിട്ട് നാം വിളിച്ചുപറഞ്ഞു – എല്ലാ മതങ്ങളും ദൈവങ്ങളും ഒന്നാന്നേയ്!!! നമുക്ക് തെറ്റിപ്പോയില്ലേ സ്നേഹമുള്ളവരേ?
സ്നേഹമുള്ളവരേ, ഓർക്കണം, ഈ ലോകത്തിന്റെ ഏക രക്ഷകൻ ഈശോ ആണെന്ന സത്യം വിളിച്ചു പറയുന്നതിന് നമ്മുടെ പിതാമഹന്മാർക്കു മടിയുണ്ടായിരുന്നില്ല. ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞ അവർ, ആ അനുഭവത്തിന്റെ ചൂടിൽ ക്രിസ്തു ഏക രക്ഷകൻ എന്ന്, ക്രിസ്തു ദൈവമെന്ന് വിളിച്ചു പറഞ്ഞു. അവരിൽ ചിലരെ, ചുട്ടുകൊന്നു, മറ്റുചിലരെ മൃഗങ്ങൾക്ക് ഇരയായിക്കൊടുത്തു. വേറെചിലരെ പലതരത്തിലുള്ള ആയുധങ്ങൾകൊണ്ട് നിഷ്കരുണം കൊന്നുകളഞ്ഞു. ഭാരതവും പിന്നിലായിരുന്നില്ല…കേരളത്തിൽ നിന്ന് ഒരു ദൈവസഹായം പിള്ള, ഒറീസ്സയിൽ സുവിശേഷ പ്രസംഗകനായ ഗ്രഹാം സ്റ്റൈനും അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പും തിമോത്തിയും,

പിന്നെ സിസ്റ്റർ റാണിമാരിയ… എന്നാലും അവരെല്ലാം ജീവൻ വെടിയുന്നവരെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു: ക്രിസ്തു ജീവനുള്ള ദൈവത്തിന്റെ പുത്രനാണെന്ന്. എന്റെ ക്രൈസ്തവരേ അതേ ചൈതന്യത്തോടുകൂടി, അതേ ആർജ്ജവത്തോടുകൂടി നാം വീണ്ടും വിളിച്ചുപറയണം, വീണ്ടും, വീണ്ടും വിളിച്ചുപറയണം ഈ ലോകത്തിൽ ഒരേയൊരു രക്ഷകനേയുള്ളു, അത് ഈശോയാണ് എന്ന്.
ഒരു രാജകൊട്ടാരത്തിൽ വലിയൊരു വാദ്യ സംഘമുണ്ടായിരുന്നു. എല്ലാവരും instruments വായിച്ചപ്പോൾ ഒരു വിരുതൻ പുല്ലാങ്കുഴൽ വായിക്കുന്ന മട്ടിൽ ഇരുന്നു. അപ്പോൾ രാജാവ് പറഞ്ഞു: “എനിക്ക് ഓരോരുത്തരുടെയും സംഗീതം പ്രത്യേകം കേൾക്കണം.” അത് കേട്ടപ്പോൾ ഈ വിരുതൻ രോഗം നടിച്ചു കിടന്നു. കൊട്ടാരം വൈദ്യൻ പറഞ്ഞു: “ഇയാൾ രോഗിയല്ല.” ഒറ്റയ്ക്ക് പുല്ലാങ്കുഴൽ വായിക്കുവാൻ അയാൾ നിർബന്ധിതനായി. പുല്ലാങ്കുഴൽ വായിക്കാനറിയാത്ത അയാൾ സദസ്സിന്റെ മുൻപിൽ പുല്ലാങ്കുഴലും പിടിച്ച് ഇളിഭ്യനായി നിന്നു.
സ്നേഹമുള്ളവരേ, തിരുസ്സഭ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ, കരുണയുടെ , സാഹോദര്യത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമാധാനത്തിന്റെ സംഗീതം പുറപ്പെടുവിക്കുന്ന മനോഹരമായ വാദ്യ ഉപകരണമാണ്. ഓരോ ക്രൈസ്തവനും തിരുസ്സഭയോട് ചേർന്ന് ക്രിസ്തുവിന്റെ സ്നേഹത്തിന്റെ, കരുണയുടെ , സാഹോദര്യത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമാധാനത്തിന്റെ സംഗീതം പുറപ്പെടുവിക്കുന്ന effective musical insruments ആണ്. അല്ലെങ്കിൽ അങ്ങനെ ആയിരിക്കണം. കൂട്ടത്തിൽ ചേർന്ന് ക്രിസ്തുവിന്റെ സ്വഭാവമില്ലാത്ത ക്രൈസ്തവനായി നിന്നാൽ എന്നെങ്കിലും നിന്റെ സ്വഭാവം ലോകം അറിയും. അപ്പോൾ നീ ലോകത്തിന്റെ മുൻപിൽ ഇളിഭ്യനായി നിൽക്കും. അങ്ങനെ ഇളിഭ്യരായിത്തീരുന്ന ക്രൈസ്തവരുടെ കൂട്ടായ്മയല്ല തിരുസ്സഭ!
സ്നേഹമുള്ളവരേ, ആദിമസഭയെപ്പോലെ ക്രിസ്തു ലോകരക്ഷകൻ എന്ന് നാമോരോരുത്തരും വാക്കുകൊണ്ടും ജീവിതംകൊണ്ടും വിളിച്ചുപറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പത്രോസിനെപ്പോലെ നാമും സാക്ഷ്യപ്പെടുത്തണം ഈശോ കർത്താവാണെന്ന്, ദൈവമാണെന്ന്. മറ്റാരിലും രക്ഷയില്ലെന്നും, ആകാശത്തിന് കീഴെ, മനുഷ്യരുടെയിടയിൽ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല, ക്രിസ്തുവിന്റേതല്ലാതെ (അപ്പ 4, 12) എന്ന് ജീവിതത്തിന്റെ കേസരിയാ ഫിലിപ്പികളിൽ നിന്ന് നാം പ്രഘോഷിക്കണം. നമ്മുടെ സുരക്ഷിത താവളങ്ങളിൽനിന്ന് പുറത്തുകടന്ന് ദൈവപരിപാലനയിൽ വിശ്വസിച്ചുകൊണ്ട് ഇന്ന് നാം ഈശോയെ, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവായി ഏറ്റുപറയുന്നില്ലെങ്കിൽ, നാളെ അതിനുള്ള അവസരമുണ്ടാകുമെന്ന് പറയാനാകില്ലാ പ്രിയപ്പെട്ടവരേ! നാളെ ചിലപ്പോൾ പ്രഘോഷിക്കുവാൻ വചനവേദികൾ ഉണ്ടായെന്നു വരില്ല; ബലിയർപ്പിക്കുവാൻ ബലിവേദികളുണ്ടാകുകയില്ല; ഒരുമിച്ചു കൂടുവാൻ ദേവാലയങ്ങൾ ഉണ്ടാകുമെന്നതിനും ഒരു ഉറപ്പുമില്ല.
സമാപനം
അതിനാൽ നമുക്ക് “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്” എന്ന് ഏറ്റുപറഞ്ഞ ധീരരായ ക്രൈസ്തവരോട് ചേർന്ന് ക്രിസ്തുവിന് സാക്ഷികളാകാം. വിശുദ്ധ പൗലോസിനെപ്പോലെ സാഹചര്യം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും എനിക്ക് ജീവിതം ക്രിസ്തുവാണെന്ന് ഏറ്റുപറയാം. ക്രിസ്തുവിനെ കൂടുതൽ അറിയുവാൻ നമുക്ക് ശ്രമിക്കാം. നമ്മുടെ ദൈവം ഇന്നും ജീവിക്കുന്ന ദൈവമാണ്. ക്രിസ്തുവിന്റെ വചനങ്ങൾ എന്നും ജീവനുള്ളതാണ്. അതുപോലെതന്നെ നമ്മുടെ ക്രൈസ്തവ സാക്ഷ്യങ്ങൾ ജീവനുള്ളതാകട്ടെ. ക്രിസ്തുവിന്റെ മണവാട്ടിയായ തിരുസ്സഭയെ നമുക്ക് സ്നേഹിക്കാം. തിരുസ്സഭ നമ്മുടെ അമ്മയാണ്, അധ്യാപികയാണ്, ക്രിസ്തുവിലേക്കുള്ള വഴികാട്ടിയാണ്. സഭ പഠനങ്ങൾക്കനുസരിച്ച്, സഭയുടെ തീരുമാനങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകാൻ നമുക്കാകട്ടെ.

വിശുദ്ധ കുർബാനയിൽ നാം ചൊല്ലുന്നതുപോലെ, ” സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നിൽക്കുന്ന സഭയിൽ” അംഗങ്ങളായതിൽ അഭിമാനിച്ചുകൊണ്ട്, ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാം. ആമേൻ!








![ISKCON News: Mayapur Institute: “Are You Growing In Your Spiritual Life?” [Article]](https://iskconnews.org/media/img_versions/2018/05-May/mi_slideshow.jpg)





