SUNDAY SERMON MT 20, 1-16

ഏലിയാ-സ്ലീവാ-മൂശേക്കാലം

മൂശേ ഒന്നാം ഞായർ

മത്താ 20, 1-16  

സന്ദേശം

My Reflections...: Reflection for August 21, Wednesday; Saint Pius X, Pope; Matthew  20:1-16

ഏലിയാ സ്ലീവാ മൂശേ കാലത്തിലെ ഏലിയാ സ്ലീവാ കാലങ്ങൾ ആചരിച്ച ശേഷം, നാം ഈ ഞായറാഴ്ച്ച മൂശേക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മിശിഹായുടെ രണ്ടാമത്തെ വരവിനു മുൻപായി ഏലിയാ വരുമെന്ന ചിന്തയാണ് ഏലിയാ എന്ന പേരിലൂടെ നാം മനസ്സിലാക്കിയത്.  ചെങ്കടലിനു മീതെ തന്റെ വടി നീട്ടിക്കൊണ്ട് മോശ ഇസ്രായേൽ ജനത്തിന് കടലിന്റെ നടുവിലൂടെ വഴി കാട്ടിയതുപോലെ, സ്ലീവാവഴി മിശിഹാ പറുദീസായിലേക്കു വഴികാട്ടിതന്നുകൊണ്ട് മർത്യകുലത്തെ രക്ഷിച്ചിരിക്കുന്നു എന്നതാണ് സ്ലീവാ, മോശെ എന്നീ പേരുകൾ സൂചിപ്പിക്കുന്നത്. എന്താണ് ഏലിയാ സ്ലീവാ മൂശേക്കാലങ്ങൾ നമ്മോട് പറയുന്നത്? ദൈവം മനുഷ്യനെ സൃഷ്ടിച്ചതും, ഇസ്രായേൽ ജനത്തെ ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് സ്വതന്ത്രമാക്കി കാനാൻ ദേശത്തേക്ക് മോശെയുടെ നേതൃത്വത്തിൽ നയിച്ചതും, കുരിശുമരണം വഴി ക്രിസ്തു മാനവ കുലത്തിന് രക്ഷനേടിത്തന്നതും, അവിടുന്ന് വിശുദ്ധ കുർബാനയിലൂടെ  ലോകാവസാനം വരെ നമ്മോടൊത്ത് വസിക്കുന്നതും, നമ്മെ സ്വർഗത്തിലേക്ക് വിളിക്കുവാനായി അവിടുന്ന് രണ്ടാമതും വരുന്നതുമെല്ലാം ദൈവത്തിന്റെ മഹാകാരുണ്യത്തെയാണ് പ്രഘോഷിക്കുന്നത് എന്നാണ് ഏലിയാ സ്ലീവാ മൂശേക്കാലങ്ങൾ നമ്മോട് പറഞ്ഞു തരുന്നത്. ഈ ഞായറാഴ്ചയിലെ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയും നമ്മോട് പറയുന്നത് ദൈവത്തിന്റെ അനന്ത കാരുണ്യത്തെക്കുറിച്ചു തന്നെയാണ്.

ഏലിയ സ്ലീവാ മോശെക്കാലവും ഇന്നത്തെ സുവിശേഷ ഭാഗവും നമുക്ക് നൽകുന്ന സന്ദേശമിതാണ്: ജീവിത സാഹചര്യങ്ങളെന്തു തന്നെയായാലും ക്രിസ്തുവിന്റെ കാഴ്ചപ്പാടോടെ, ലോകനീതിക്കും മേലേ നിൽക്കുന്ന ദൈവ കാരുണ്യത്തിന്റെ കാഴ്ചപ്പാടോടെ, ജീവിതത്തെ, ജീവിത ബന്ധങ്ങളെ, ലോകത്തെ നോക്കിക്കാണുക!

വ്യാഖ്യാനം

നമ്മുടെ ജീവിതം രൂപപ്പെടുന്നത് നാം എങ്ങനെയാണ് ജീവിതത്തെ നോക്കിക്കാണുന്നത് എന്നതിനെ ആശ്രയിച്ചാണ്. ഇന്നത്തെ രോഗഭീതി, യുദ്ധത്തിന്റെയും ഭീകരവാദത്തിന്റെയും അവസ്ഥ, ഭരണകൂടങ്ങളുടെ ഫാസിസ്റ്റു മനോഭാവം, അവസരങ്ങളുടെ ലോകത്തു പതിനൊന്നാം മണിക്കൂറിൽ എത്തപ്പെടുന്നവരുടെ ഭയം എന്നിവയെ ക്രൈസ്തവോചിതമായ കാരുണ്യത്തോടെ വീക്ഷിക്കുവാൻ ശരിയായ കാഴ്ചപ്പാട് നമുക്ക് ആവശ്യമാണ്. നമ്മുടെ കാഴ്ചപ്പാടിനനുസരിച്ചാണ് നാം നമ്മുടെ സമയം, സമ്പത്ത്, കഴിവുകൾ എന്നിവ ഉപയോഗിക്കുന്നത്. നമ്മുടെ ബന്ധങ്ങളെ, സാമൂഹിക നിലപാടുകളെ നമ്മുടെ കാഴ്ച്ചപാടുകൾ ഒട്ടേറെ സ്വാധീനിക്കും. വ്യത്യസ്ത കാഴ്ചപ്പാടുകളുമായിട്ടായിരിക്കും, നാമോരോരുത്തരും ജീവിക്കുന്നത്. ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു ചിത്രമുണ്ടെങ്കിൽ അതായിരിക്കും നിങ്ങളുടെ ജീവിത കാഴ്ചപ്പാടിന്റെ ചിത്രം. അറിഞ്ഞോ, അറിയാതെയോ, ഈ ചിത്രം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും. നിങ്ങളുടെ പ്രതീക്ഷകളെ, നിങ്ങളുടെ, മൂല്യങ്ങളെ, ബന്ധങ്ങളെ, നിങ്ങളുടെ കുടുംബത്തിലെ രീതികളെ, ലക്ഷ്യങ്ങളെ, എല്ലാം ഈ കാഴ്ച്ചപ്പാട് സ്വാധീനിക്കും.

എന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒരു ചിത്രമാണ് ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെത്. തന്റെ കൃഷിത്തോട്ടത്തെക്കുറിച്ചും, അവിടെ ജോലിചെയ്യുന്നവരെക്കുറിച്ചും പരിഗണനയുള്ള, മൂന്നാം മണിക്കൂറിലും, ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും, പതിനൊന്നാം മണിക്കൂറിലും ജോലിക്കാരെ തേടുന്ന, അവരോടുള്ള വാഗ്‌ദാനങ്ങളിൽ വിശ്വസ്തത കാട്ടുന്ന, ഒരു സാധാരണക്കാരന്റെ നിത്യ ജീവിതച്ചെലവ് അറിയുന്ന, ഏതു മണിക്കൂറിലും വരുന്നവനായാലും അവനു നിത്യജീവിത ചെലവ് നിർവഹിക്കുവാൻ പറ്റുന്ന തരത്തിൽ കൂലി കൊടുക്കുന്ന, അർഹതപ്പെട്ടത്‌ കൊടുക്കുക എന്നതിനേക്കാൾ, ജീവിതത്തിൽ ആവശ്യങ്ങൾ നടത്തുവാൻ ഉതകുന്നത് കൊടുക്കുവാൻ ആഗ്രഹിക്കുന്ന, ലോകത്തിന്റെ നിലപാടുകൾക്കും, കാഴ്ച്ചപ്പാടുകൾക്കും, എന്തിനു സാമൂഹിക നീതിക്കും അപ്പുറം  കരുണയുള്ള ഹൃദയവുമായി നിൽക്കുന്ന ഈശോയുടെ ചിത്രമാണ് എന്റെ ജീവിത കാഴ്ചപ്പാട്. ഈശോയുടെ കരുണയുടെ കാഴ്ചപ്പാട് ഞാൻ ഇന്നുവരെ പഠിച്ച എല്ലാ സിദ്ധാന്തങ്ങൾക്കും, ഇസങ്ങൾക്കും, എല്ലാ ലോക കാഴ്ചപ്പാടുകൾക്കും ഉപരിയാണ്.

ഇന്നത്തെ സുവിശേഷഭാഗം മൂന്ന് തലങ്ങളിൽ നിന്നുകൊണ്ട് മനസ്സിലാക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒന്നാമത്തേത്, ആത്മികം.

ഈ പ്രപഞ്ചത്തിന് മുഴുവനും രക്ഷ നൽകുവാൻ, എല്ലാവരെയും ദൈവത്തിലേക്ക് നയിക്കുവാൻ വന്ന ഈശോ നമ്മുടെ ഹൃദയങ്ങളെ ദേവാലയങ്ങളാക്കുവാൻ വന്നവനാണ്. ഈശോയുടെ ഈ ആഗ്രഹത്തിന്റെ വലിയ പ്രകടനമാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം 16, 26 ൽ നാം വായിക്കുന്നത്. “ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിന് പകരമായി എന്ത് കൊടുക്കും?” നമ്മുടെ ആത്മാക്കളെ സ്വർഗത്തിനായി നേടുവാനാണ് ഈശോ ഇഇഇ ലോകത്തിലേക്ക് വന്നത്. ആത്മാവിന്റെ രക്ഷ,

ISKCON News: Mayapur Institute: “Are You Growing In Your Spiritual Life?”  [Article]

നിത്യതയുടെ പ്രതിഫലം, മനുഷ്യന്റെ അധ്വാനത്തിന്റെ അളവോ, തൂക്കമോ നോക്കിയല്ല, ദൈവ കൃപയുടെ, ദൈവ കാരുണ്യത്തിന്റെ ആഴമനുസരിച്ചാണ് എന്ന് ലോകത്തെ പഠിപ്പിക്കുവാനാണ് ഈശോ ഈ ഉപമ പറയുന്നത്.

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേൽ ജനത്തിൽ നിന്ന് ക്രിസ്തുവിലേക്ക് വന്ന യഹൂദ ക്രൈസ്തവരാണോ, അതോ, പുറജാതികളായ, സമൂഹത്തിൽ നിന്ന് പലവിധ കാരണങ്ങളാൽ അകറ്റി നിർത്തപ്പെട്ടിരിക്കുന്ന വിജാതീയരിൽ നിന്ന് ക്രിസ്തുവിലേക്ക് വന്ന വിജാതീയ ക്രൈസ്തവരാണോ രക്ഷ പ്രാപിക്കുന്നത് എന്ന ഒരു ചോദ്യം ആദിമ ക്രൈസ്തവ സമൂഹത്തിലുണ്ടായിരുന്നു. ക്രൈസ്തവ സഭയുടെ പുലരിയിൽ വന്ന യഹൂദ ക്രൈസ്തവരാണോ അതോ ക്രൈസ്തവസഭ വളർച്ചയുടെ പടവുകൾ പിന്നിട്ടപ്പോൾ വന്ന വിജാതീയ ക്രൈസ്തവരാണോ രക്ഷ പ്രാപിക്കുന്നത്? ഈ ആത്മീയ പ്രതിസന്ധിയെയാണ് മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമ അഭിസംബോധന ചെയ്യുന്നത്. സഭയുടെ ആദ്യകാലങ്ങളിൽ മതമർദ്ദനത്തിലൂടെ, രക്തസാക്ഷിത്വത്തിലൂടെ സഭയെ വളർത്തിയെടുത്ത യഹൂദ ക്രൈസ്തവർ ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ വളർച്ചയ്ക്കായി, ദൈവഹിതത്തോട് ചേർന്ന് വളരെയേറെ സഹിച്ചവരാണ്. എന്നാൽ, പതിനൊന്നാം മണിക്കൂറിൽ കയറിവന്ന വിജാതീയ ക്രൈസ്തവർ സഭയിൽ ദൈവാനുഭവത്താൽ നിറഞ്ഞവരായി വചനം പ്രഘോഷിക്കുന്നത് കണ്ടപ്പോൾ, പ്രവചിക്കുന്നത് കണ്ടപ്പോൾ യഹൂദ ക്രൈസ്തവർക്ക് അങ്കലാപ്പായി. അവരോട് ഈശോ പറയുന്നു, മനുഷ്യന്റെ അധ്വാനമല്ലാ, മനുഷ്യന്റെ രീതികളല്ലാ, ദൈവത്തിന്റെ കൃപയാണ്, ദൈവത്തിന്റെ കരുണയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. പതിനൊന്നാം മണിക്കൂറിലും വന്ന ജോലിക്കാരനും, ഒന്നാം മണിക്കൂറിൽ വന്ന ജോലിക്കാരന ദൈവത്തിന്റെ മുൻപിൽ തുല്യരാണെന്ന് വലിയ സത്യം ഈശോ ജനങ്ങളെ, നമ്മെ  പഠിപ്പിക്കുകയാണിവിടെ. ദൈവ ജനമായ യഹൂദർക്കെന്നതുപോലെതന്നെ, വിജാതീയർക്കും, ആത്മാവിന്റെ രക്ഷയിൽ തുല്യപങ്കാളിത്തം നൽകുവാൻ ദൈവം തന്റെ കരുണയിൽ തീരുമാനിച്ചിരിക്കുന്നു എന്ന സത്യമാണ് ഈശോ ഇവിടെ പകർന്നു നൽകുന്നത്.

ഈ ഉപമയുടെ രണ്ടാമത്തെ തലം സാമൂഹികം ആണ്. ഉപമയിൽ, ഒന്നാം മണിക്കൂറിലും (രാവിലെ 6 മണി) മൂന്നാം മണിക്കൂറിലും (രാവിലെ 9 മണി) ആറാം മണിക്കൂറിലും (ഉച്ചക്ക് 12 മണി) പതിനൊന്നാം മണിക്കൂറിലും (വൈകുനേരം 6 മണി) രംഗത്തേക്ക് കടന്നു വരുന്ന തൊഴിലാളികളെ അവതരിപ്പിച്ചുകൊണ്ടാണ് ഈശോ വലിയൊരു സാമൂഹിക വിപ്ലവത്തിന് കളമൊരുക്കുന്നത്. ഉപമയിൽ പറയുന്നപോലെ, ദിവസത്തിന്റെ ഏത് മണിക്കൂറിലും ജോലി അന്വേഷിച്ച് നൽക്കവലകളിൽ തൊഴിലാളികൾ നിൽക്കുന്നത് സാധാരണ ജീവിതത്തിലെ ഒരു ചിത്രമായിരുന്നു. കുറേ നാളുകൾക്ക് മുൻപ് കേരളത്തിന് ഈ ചിത്രം അന്യമായിരുന്നു. എന്നാൽ ഇന്ന് ഈ ചിത്രം സർവ സാധാരണമാണ്. പെരുമ്പാവൂർ തുടങ്ങിയ പട്ടണങ്ങളിൽ അന്യസംസ്ഥാനത്തൊഴിലാളികൾ ആരെങ്കിലും ജോലിക്കായി തങ്ങളെ വിളിക്കുമെന്ന പ്രതീക്ഷയിൽ കാത്തു നിൽക്കുന്നത് ഇന്നിന്റെ ചിത്രമാണ്.

ഉപമയിൽ രാവിലെ 6 മണിമുതൽ പണിയുന്നവരും, 9 നും, 12 നും വന്നവരും, വൈകുന്നേരം 5 മണിക്ക് എത്തിയവരും യജമാനനുമായി ഉടമ്പടി നടത്തിയത് ഒരു ദനാറയ്ക്കായിരുന്നെങ്കിലും, കൂലി കൊടുക്കുന്ന സമയമായപ്പോൾ ഈ തുല്യതയിലെ അനീതി കണ്ടെത്താൻ അവർക്ക് ദാസ് കാപ്പിറ്റലിന്റെ ആവശ്യമില്ലായിരുന്നു. അവർ പ്രതികരിക്കുകയാണ്. ഇന്നത്തെ പാർട്ടിക്കാരുടെ “നോക്കുകൂലി” പരിപാടി അന്നില്ലാതിരുന്നതുകൊണ്ട് രാവിലെ വന്നവർ നന്നായി ജോലി ചെയ്തു കാണണം. അതുകൊണ്ടു തങ്ങളുടെ ജോലിക്കനുസരിച്ച് വിയർപ്പിന്റെ വിലയായ, അധ്വാനത്തിന്റെ വിലയായ കൂലി അവർ ആവശ്യപ്പെടുകയാണ്. എന്നാൽ പതിനൊന്നാം മണിക്കൂറിൽ വന്ന

Mandatory Afternoon Rest for Kerala Labourers: a Positive Step towards a  Dignified Work Culture | The New Leam

മനുഷ്യനെയും അവന്റെ ജീവിതാവശ്യങ്ങളെയും മനസിലാക്കുന്ന വീട്ടുടമസ്ഥൻ അവനും ഉടമ്പടിയനുസരിച്ചുള്ള കൂലി കൊടുക്കുകയാണ്. അവന്റെ അധ്വാനത്തിന്റെ സമയമല്ല, അവന്റെ കുടുംബത്തിന്റെ ആവശ്യമായിരുന്നു വീട്ടുടമസ്ഥന് പ്രധാനപ്പെട്ടത്.

ക്രിസ്തുവിന്റെ സാമൂഹിക കാഴ്ചപ്പാടിന്റെ സൗന്ദര്യം ഇന്നത്തെ തൊഴിലാളി പ്രസ്ഥാനങ്ങൾക്കോ, ഗവണ്മെന്റുകൾക്കോ, എന്തിന് ക്രൈസ്തവർക്ക് പോലും മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടാകും. വെറും സിദ്ധാന്തങ്ങളോ, പുസ്തകങ്ങളിൽ കാണിക്കുന്ന അക്ഷക്കൂട്ടുകളോ മാത്രമല്ല ഈശോയ്ക്ക് സാമൂഹിക നീതി. അത്, നീതിയെയും ഉല്ലംഘിക്കുന്ന കരുണയാണ്. ആ കരുണയുടെ കാഴ്ചപ്പാടിലേ, ഒരുവന് അർഹതപ്പെടുന്നതിനും അപ്പുറം അവളുടെ/അവന്റെ ആവശ്യങ്ങളുടെ നെടുവീർപ്പുകളിലേക്ക് കടന്നെത്തി നിൽക്കുവാൻ നമുക്ക് സാധിക്കുകയുള്ളു. പതിനൊന്നാം മണിക്കൂറിൽ വരുന്നവന്റെയും കണ്ണീരിന്റെ നനവ്, കുടുംബത്തിലെ പട്ടിണി, ചങ്കിലെ പിടച്ചിൽ അറിയണമെങ്കിൽ ഈശോയുടെ കരുണയുടെ കാഴ്ചപ്പാടിലേക്ക് ഇന്നുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ഗവണ്മെന്റ് സംവിധാനങ്ങളും വളരേണ്ടിയിരിക്കുന്നു.

ഈശോയുടെ കരുണയുടെ കാഴ്ച്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാനും, അതുവഴി, സാമൂഹിക നീതിയും, സ്വാതന്ത്ര്യവും, വളർച്ചയും സാധ്യമാക്കാനുമാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. ലോകത്തിന്റെ കാഴ്ചപ്പാടിനും, കണക്കുകൂട്ടലുകൾക്കും ക്രിസ്തുവിന്റെ കാഴ്ചപ്പാടിനെയും, കണക്കുകൂട്ടലുകളെയും മനസ്സിലാക്കുവാൻ സാധിക്കുകയില്ല. അത് കരുണയുടെ കാഴ്ചപ്പാടാണ്. ഒന്നാം മണിക്കൂറിൽ വന്നവന്റെയും, പതിനൊന്നാം മണിക്കൂറിൽ വന്നവന്റെയും ജീവിതത്തിന്റെ താളമറിയുന്ന, ഹൃദയത്തിന്റെ മിടിപ്പ് feel ചെയ്യുന്ന കാഴ്ചപ്പാടാണത്. ഒന്നാം മണിക്കൂറിൽ വന്നവന്റെയും, പതിനൊന്നാം മണിക്കൂറിൽ വന്നവന്റെയും കുടുംബത്തിന്റെ പൾസ്‌ തൊട്ടു നോക്കുന്ന കാഴ്ചപ്പാടാണത്.  വേലയുടെ സമയമല്ല, ജീവിതത്തിന്റെ ആവശ്യമാണ് ക്രിസ്തുവിന്റെ പരിഗണന. അത് അനീതിയല്ല, കരകവിഞ്ഞൊഴുകുന്ന കരുണയാണ്.

ഇവിടെ തൊഴിലാളി വിരുദ്ധനെന്നു ഈശോയെ മുദ്രകുത്തുന്ന തൊഴിലാളി പ്രസ്ഥാനങ്ങൾ ഉണ്ടെങ്കിൽ ഓർക്കുക, വിപ്ലവ വർഗീയ പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തെ കാണുന്ന ക്രൈസ്തവ സഹോദരങ്ങളും കേൾക്കുക, ലോകചരിത്രത്തിൽ ആദ്യമായി ‘വേലക്കാരൻ കൂലിക്കു അർഹനാണെന്നു വിളിച്ചുപറഞ്ഞു, തൊഴിലാളിയുടെ പക്ഷം ചേർന്നത് ക്രിസ്തുവാണ്. “ദരിദ്രരുമായി സ്വത്തു പങ്കുവയ്ക്കാതിരിക്കുക എന്നത് അവരിൽ നിന്ന് മോഷ്ടിച്ച് സ്വന്തമാക്കിയിരുന്നു എന്ന് തന്നെയാണ് ” എന്ന് ഈ കാലഘട്ടത്തിലും വിളിച്ചുപറയുന്നത് വിപ്ലവ പ്രസ്ഥാനങ്ങളുടെ ആചാര്യന്മാരല്ല, ഫ്രാൻസിസ് പാപ്പയാണ്. സ്വയം തൊഴിലാളിയായിക്കൊണ്ട്, തൊഴില്ന്റെ മഹത്വവും, തൊഴിലാളിയുടെ വേദനയും അറിയാവുന്ന ക്രിസ്തുവിനു എങ്ങനെ തൊഴിലാളിയോട് അനീതിചെയ്യുവാൻ കഴിയും?  നീതിയെയും വെല്ലുന്ന കരുണയാണ് ഈശോയുടെ കാഴ്ചപ്പാട്.

ഉപമയുടെ മൂന്നാമത്തെ തലം കാരുണികം ആണ്. നീതിയും കരുണയും ഒരുമിച്ചു നിൽക്കുന്ന ഒരു പാരസ്പര്യം ആണ് ഈ ഉപമയുടെ സൗന്ദര്യം. ക്രിസ്തുമതത്തിന്റെ സൗകുമാര്യം തന്നെ കരുണയുള്ള ദൈവം നമുക്കുണ്ട് എന്നുള്ളതാണ്. ക്രിസ്തുവിന്റെ മുൻപിൽ കരുണയാണ് ദൈവനീതി. നർദീൻ സുഗന്ധതൈലവുമായി കടന്നു വന്ന പെൺകുട്ടിയോടും,

God of Compassion and Mercy! | Jesus Calls

വ്യഭിചാരത്തെ പിടിക്കപ്പെട്ട പെണ്കുട്ടിയോടും ഈശോ കാണിച്ചത് സഹോദര്യത്തിലധിഷ്ഠിതമായ നീതി മാത്രമായിരുന്നോ? ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യേ, കുരിശിൽ കിടന്നപ്പോൾ നല്ല കള്ളനോട് കാണിച്ചത് നീതി മാത്രമായിരുന്നോ? ഒരിക്കലുമല്ല. അത് കാരുണ്യമായിരുന്നു. ക്രിസ്തുവിലൂടെ പ്രകാശിക്കുന്ന കാരുണ്യം ലോകത്തിന്റെ കാഴ്ചപ്പാടാണ് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!

സാമൂഹ്യനീതിയുടെ എല്ലാ അതിർവരമ്പുകളെയും അതിശയിപ്പിക്കുന്ന ഈശോയുടെ കരുണയുടെ കാഴ്ചപ്പാടിലേക്കു ഓരോ മനുഷ്യനും രാഷ്ട്രീയ സംവിധാനങ്ങളും കടന്നുവരേണ്ടിയിരിക്കുന്നു. ജോലിചെയ്യുന്ന സമയമെന്നതിനേക്കാൾ, ഒരു മനുഷ്യന്റെ, അവന്റെ, അവളുടെ കുടുംബത്തിന്റെ ജീവിതത്തിന്റെ ആവശ്യങ്ങളിലേക്കു ഉയരുവാൻ അവൾക്കു, അവനു കൂലികൊടുക്കുന്നവർക്കു കഴിയണമെന്ന കാരുണ്യത്തിന്റെ വ്യവസ്ഥിതിയിലേക്കാണ് ഈശോ വിരൽചൂണ്ടുന്നത്. ഇവിടെയാണ് ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനം കാലഘട്ടത്തിന്റെ ശബ്ദമാകുന്നത്. പാപ്പാ പറയുന്നത്, സമ്പത്തിന്റെയും, ധനത്തിന്റെയും, നീതിയുടെയും ആഗോളവത്ക്കരണം സാഹോദര്യത്തിലേക്കു നമ്മെ എത്തിച്ചിട്ടില്ല എന്നാണ്.

എന്നുവച്ചാൽ, ഇന്നും നിന്റെ സഹോദരൻ, സഹോദരി ചൂഷണത്തിന്റെ, അനീതിയുടെ ഇരകളായിത്തന്നെ നിൽക്കുകയാണ്. അവരോടു കരുണകാണിക്കുന്നതു വലിയ അപരാധിമായി എണ്ണപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.  പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന സഹോദരങ്ങൾക്ക് കാരുണ്യത്തിന്റെ കാര്യങ്ങൾ നീട്ടുന്നതിനെ തീരെ പിറുപിറുക്കുന്ന ഫരിസേയ മനോഭാവം ഇന്നും നിലനിൽക്കുകയാണ്. അതുകൊണ്ടല്ലേ, കൽക്കത്തായിലെ തെരുവുകളിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളെ പെറുക്കിയെടുത്ത ആ നീലക്കരയുള്ള വെള്ള സാരിയുടുത്ത വിശുദ്ധയെ ആധുനിക മനുഷ്യർ ലോകത്തിനുമുന്നിൽ അപഹാസ്യയാക്കിയത്? അതുകൊണ്ടുതന്നെയല്ലേ, രാജ്യദ്രോഹക്കുറ്റം ചുമത്തി ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തത്?

സ്നേഹമുള്ളവരേ, നിങ്ങൾക്ക് വേണമെങ്കിൽ എന്തിനെയും രാജദ്രോഹമായിക്കാണാം. മതം മാറ്റമായി ചിത്രീകരിക്കാം. വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്നത്, നഗ്നനെ ഉടുപ്പിക്കുന്നത്, ദളിതന്റെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നത് … എന്തിനെയും നിങ്ങൾക്ക് കുറ്റകരമായിക്കാണാം. അത് നിങ്ങളുടെ കാഴ്ചപ്പാടിന്റെ വൈകൃതമാണെന്ന് മാത്രം മനസ്സിലാക്കുക!  നിങ്ങൾക്ക് നിരീശ്വരവാദ കാഴ്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാം. ദൈവം ഇല്ലെന്നു വിളിച്ചുപറയാം. ഫലം പക്ഷേ, ജീവിത നിരാശയായിരിക്കും. യുക്തിവാദ കാഴ്ചപ്പാടിലൂടെയും നിങ്ങൾക്ക് ജീവിതത്തെ കാണാം. ദൈവം മരിച്ചെന്നു പ്രസംഗിക്കാം. ഫലം ദുഃഖമായിരിക്കും. മുതലാളിത്തകാഴ്ചപ്പാടും നിങ്ങൾക്ക് സ്വീകരിക്കാം. ഫലം അടിമത്തമായിരിക്കും. വർഗീയ കാഴ്ച്ചപ്പാടും നിങ്ങൾക്കാകാം. ഫലം അരാജകത്വമായിരിക്കും. എന്നാൽ, ഈശോയുടെ കാഴ്ചപ്പാട് നമ്മെ സ്നേഹത്തിലേക്ക്, സ്വാതന്ത്ര്യത്തിലേക്കു, സമൃദ്ധിയിലേക്ക് നയിക്കും.

ചിലപ്പോഴൊക്കെ എനിക്കുതോന്നും പതിനൊന്നാം മണിക്കൂറിൽ വേലയ്ക്കുവരുന്നവർക്കുവേണ്ടിയല്ലേ, ക്രിസ്തു വന്നതെന്ന്! സുവിശേഷങ്ങൾ തുറന്നുനോക്കൂ… അവൻ സുഖപ്പെടുത്തിയത് ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ജീവിച്ചവരെയല്ലേ? 38 വർഷമായി കുളക്കരയിൽ കിടന്നവൻ, കുഷ്ഠവുമായി അലഞ്ഞുതിരിഞ്ഞവർ…; അവൻ വഴി നന്മയിലേക്ക് വന്നതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ കഴിഞ്ഞവരല്ലേ? മറിയം മഗ്ദലേന, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ, മുടിയനായ പുത്രൻ, ശമരിയാക്കാരി സ്ത്രീ… അവൻ രക്ഷ നൽകിയതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ആയിരുന്നവരെയല്ലേ? നോക്കൂ, നല്ലകള്ളന്റെ ജീവിതം! ഇതൊന്നും അനീതിയല്ലാ സ്നേഹമുള്ളവരെ. ഇത് കരുണയാണ്, കരുണയുടെ കാഴ്ചപ്പാടിന്റെ ആഘോഷമാണ്.

അങ്ങനെയെങ്കിൽ, നമ്മളും പതിനൊന്നാം മണിക്കൂറുകാരാണോ? ജോസ് അന്നംക്കുട്ടി ജോസിന്റെ “ദൈവത്തിന്റെ ചാരന്മാർ” എന്ന പുസ്തകത്തിൽ അദ്ദേഹം ബാങ്കളൂരിൽ പഠിച്ചിരുന്ന കാലത്ത് നടത്തിയ ഒരു കുമ്പസാരത്തെ പറ്റി പറയുന്നുണ്ട്. last സെമ്മിൽ വളരെ കുറച്ചു മാർക്ക് കിട്ടിയതിന്റെ വിഷമത്തിലും പഠിക്കാതിരുന്നതിന്റെ കുറ്റബോധത്തിലും കുമ്പസാരത്തിനെത്തിയ ജോസ് തന്റെ അവസ്ഥ പറഞ്ഞു. അടുത്ത പരീക്ഷ ഉടനെ വരുന്നകാര്യവും പറഞ്ഞു. അപ്പോൾ കുമ്പസാരിപ്പിക്കുന്ന അച്ഛൻ പറഞ്ഞു: ജോസേ, ഞാനും പഠിക്കുന്നയാളാണ്. രണ്ടു പേപ്പർ തയ്യാറാക്കണം ഉടനെ. നമ്മൾ രണ്ടുപേരും, സുവിശേഷത്തിൽ പറഞ്ഞ പതിനൊന്നാം മണിക്കൂറുകാരാണ്. ഈശോ കരുണയുള്ളവനല്ലേടാ? നമുക്കൊന്ന് ആഞ്ഞുപിടിച്ചാലോ? പതിനൊന്നാം മണിക്കൂറുകാർക്കും അർഹതപ്പെട്ടത്‌ അവൻ തരും.” ജോസിന് അതൊരു ശക്തിയായി.  ജോസ് ആഞ്ഞുപിടിച്ചു. നല്ല മാർക്കും കിട്ടി.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ നാമൊക്കെ ഈ പതിനൊന്നാം മണിക്കൂറുകാരാണ്. എന്താ നമ്മുടെ പ്രാർത്ഥന? ദേ, പരീക്ഷ അടുത്തു ട്ടോ കർത്താവേ, ശരിക്കും പഠിച്ചിട്ടില്ല, കുറെ ശ്രമിച്ചു കർത്താവേ, ഒരു ജീവിതപങ്കാളി ഇതുവരെ ആയിട്ടില്ല. ബിസിനസ്സ് കർത്താവേ, ഒരു രക്ഷയില്ല. രോഗത്തിന്റെ പിടിയിലായിട്ടു കുറേക്കാലമായി. കുടുംബസമാധാനം തകർന്നിട്ടു നാളുകളായി. നാമൊക്കെ, പതിനൊന്നാം മണിക്കൂറുകാരാണ്. അവിടുത്തെ കരുണ ഇതാണ്: നമ്മുടെ ജീവിതത്തിനാവശ്യമായവ, നമ്മുടെ ജീവിതവിജയത്തതിനാവശ്യമായവ ദൈവം നമുക്ക് തരും. നാം എന്തുചെയ്യണം? ദൈവത്തിന്റെ മുന്തിരിത്തോപ്പാകുന്ന ഈ ലോകത്തിൽ നമ്മുടെ ജോലികൾ ചെയ്യുക. അവിടുത്തെ കരുണയിൽ തീർച്ചയായും നാം പങ്കുകാരാകും.

നാമുൾപ്പെടെ, പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന, ഇനിയും വീണ്ടെടുക്കപ്പെടാൻ വളരെ സാധ്യതയുള്ള ധാരാളം മനുഷ്യർ നമ്മോടൊത്തു ജീവിക്കുന്നുണ്ട്. പതിനൊന്നാം മണിക്കൂറിൽ ജോലിചെയ്യാൻ വന്നപ്പോൾ അയാളുടെ ഉള്ളിലുണ്ടായിരുന്ന ചിന്തകൾ വായിച്ചെടുക്കുവാൻ എന്നെങ്കിലും നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ പ്രിയപ്പെട്ടവരേ? ചിലപ്പോൾ ജോലികഴിഞ്ഞു കിട്ടുന്ന കൂലികൊണ്ടു വാങ്ങിക്കൊണ്ടുവരുന്ന അപ്പത്തിനുവേണ്ടി കാത്തിരിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചായിരുന്നിരിക്കാം അദ്ദേഹത്തിന്റെ ചിന്ത! അല്ലെങ്കിൽ നാളെ ഫീസുകൊടുക്കുവാനുള്ള മകളുടെ ആകുലത്തെയെക്കുറിച്ചായിരിന്നിരിക്കാം. …. ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന മനുഷ്യരുടെ മനസ്സ് വായിക്കുവാൻ നമുക്ക് സാധിച്ചാൽ എനിക്കുറപ്പുണ്ട്, നമ്മുടെ സഹോദരനെ, സഹോദരിയെ കരുണയുടെ നറും നിലാവിൽ കുളിപ്പിക്കുവാൻ കരുണയുടെ വിളക്കുകളാകും നമ്മൾ!  

സമാപനം

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ കാഴ്ച്ചപ്പാടിലൂടെ നമ്മുടെ ജീവിതത്തെ, ജീവിതസാഹചര്യങ്ങളെ നോക്കിക്കാണാൻ നമുക്ക് പഠിക്കാം. ഈശോയുടെ കരുണയ്ക്കു അർഹരാകാനും, അവിടുത്തെ കരുണയുടെ കാഴ്ചപാട് സ്വന്തമാക്കാനും ആകട്ടെ നമ്മുടെ ക്രൈസ്തവജീവിതം. ഇന്നത്തെ വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ കാഴ്ചപ്പാട് നമുക്ക് കണ്ടു പഠിക്കാം. നോക്കൂ, എങ്ങനെയാണ് ഈശോ അപ്പം മുറിക്കുന്നത്? എങ്ങനെയാണ് അവിടുന്ന് അപ്പമായിത്തീരുന്നത്? ആർക്കുവേണ്ടിയാണ് അവിടുന്ന് അപ്പമാകുന്നത്? ബലിപീഠം ഈശോയുടെ കാരുണ്യത്തിന്റെ കാഴ്ചപ്പാട് പഠിക്കാനുള്ള സ്കൂൾ ആണ്. സൂക്ഷിച്ചു നോക്കൂ, നിന്റെ ദൈവം തന്നെ വെളിപ്പെടുത്തുന്നത് അപ്പം മുറിക്കലിലൂടെയാണ്; നിന്റെ ദൈവത്തിന്റെ കാഴ്ചപ്പാട് തെളിയുന്നതും വിശുദ്ധ കുർബാനയിലൂടെയാണ്. ആമേൻ!

The Compassion Of Jesus | The Heaton File

One thought on “SUNDAY SERMON MT 20, 1-16”

Leave a comment