മംഗളവാർത്താക്കാലം -ഞായർ
ലൂക്കാ 1, 5 – 25
സന്ദേശം

കോവിഡിന്റെ പിടിയിൽപെട്ടു നട്ടംതിരിയുന്ന ലോകത്തിനൊപ്പം, നമ്മുടെ വിശ്വാസത്തിന്റെ ആഘോഷവും പ്രഘോഷണവുമായി ഇക്കൊല്ലവും നാം ക്രിസ്തുമസ് ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. ക്രൈസ്തവവിശ്വാസം വലിയ വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം 2021 ലെ ക്രിസ്തുമസ് ആഘോഷിക്കുവാൻ ഒരുങ്ങുന്നത്. ലോകം മുഴുവനും രാഷ്ട്രീയ ഇസ്ലാമിന്റെ അധീശത്വ ഭീകരത ജനങ്ങളിൽ ഭയം ജനിപ്പിക്കുന്ന ഒരു കാലഘട്ടമാണിത്. ക്രൈസ്തവ ചരിത്രത്തിന്റെ ആദ്യകാലങ്ങളിൽ ഉണ്ടായ ക്രൈസ്തവ അധിനിവേശത്തെ ചൂണ്ടിക്കാട്ടി എത്ര ന്യായീകരിച്ചാലും ഇന്നത്തെ മുസ്‌ലിം അധിനിവേശ ശ്രമങ്ങളെ നീതീകരിക്കാനാവില്ല. നൈജീരിയ പോലുള്ള രാജ്യങ്ങളിലെ ക്രൈസ്തവ മത മർദ്ദനങ്ങളും, ലെബനോൻ, സുഡാൻ പോലുള്ള രാജ്യങ്ങളിലെ അസ്വസ്ഥതകളും നമ്മെ വേദനിപ്പിക്കുന്നുണ്ട്. കൊറോണ പകർച്ച വ്യാധികൾക്കിടയിലും മതേതരത്വ രാജ്യമായ നമ്മുടെ ഇന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുണ്ട്. കർണാടകയിലെ ബൽഗാമിലുള്ള ക്രൈസ്തവരിന്ന് തീവ്ര ഹിന്ദുത്വയുടെ ഭീഷണിയിലാണ്. യൂറോപ്യൻ രാജ്യങ്ങളിലെ ഇസ്‌ലാമിക ആക്രമണങ്ങളും, നമ്മുടെ നാട്ടിലെ ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പോലുള്ള കാര്യങ്ങളും നമ്മുടെ വിശ്വാസത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. അതോടൊപ്പം ചേർത്ത് വയ്‌ക്കേണ്ട ഒന്നാണ് നമ്മുടെ സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയെച്ചൊല്ലിയുള്ള വിവാദങ്ങൾ. ഇത് നമ്മൾ സാധാരണ ക്രൈസ്തവരെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ട് എന്നത് പറഞ്ഞറിയിക്കാൻ വയ്യ. മനുഷ്യ ജീവന് യാതൊരു മൂല്യവും കൽപ്പിക്കാതെ ഭ്രൂണഹത്യയെ നിയമവിധേയമാക്കുന്ന ധാർമികപ്രശ്നവും ഈ കാലഘട്ടത്തിന്റെ വലിയ മുറിവാണ്.
ഈ സാഹചര്യങ്ങൾ ഞാൻ ഓർമപ്പെടുത്തുന്നത് വന്നണഞ്ഞിരിക്കുന്ന ക്രിസ്തുമസ് കാലത്തെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ ഗൗരവത്തോടെ കാണുവാൻ വേണ്ടിയാണ്. നന്മയും സന്തോഷവും, സമാധാനവുമാണ് നാം ആഗ്രഹിക്കുന്നതെങ്കിലും, നമ്മുടെ അറിവുപോലുമില്ലാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന വൈരുധ്യങ്ങളെന്ന് തോന്നുന്ന യാഥാർഥ്യങ്ങളെക്കുറിച്ചൊന്ന് ബോധമുള്ളവരാകാൻ വേണ്ടിയാണ്. മംഗളവർത്തക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ചമുതൽ 25 നോമ്പാചരിച്ച്, ക്രിസ്തുവിലുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തി ക്രിസ്തുമസിനായി ഒരുങ്ങാൻ വേണ്ടിയാണ്.
വ്യാഖ്യാനം
മംഗളവാർത്താക്കാലത്തിന്റെ ഈ ആദ്യ ഞായറാഴ്ച്ചത്തെ സുവിശേഷഭാഗം സഖറിയായ്ക്കു കർത്താവിന്റെ ദൂതൻ പ്രത്യക്ഷപ്പെടുന്നതും അതിനെത്തുടർന്നുള്ള സംഭവവികാസങ്ങളുമാണ്. ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ സന്ദേശമിതാണ്: ജീവിതത്തിന്റെ വൈരുധ്യങ്ങളിൽ എന്നെപ്പറ്റിയുള്ള, എന്റെ കുടുംബത്തെ പറ്റിയുള്ള ദൈവത്തിന്റെ ഇഷ്ടം, ദൈവത്തിന്റെ പ്ലാനും പദ്ധതിയും കാണുക, കാണാൻ പഠിക്കുക.
ചരിത്രപരമായ ഒരു സാഹചര്യത്തിലാണ് ഇന്നത്തെ സുവിശേഷത്തിലെ വൃദ്ധ ദമ്പതികളായ സഖറിയായെയും എലിസബത്തിനെയും അവതരിപ്പിച്ചിരിക്കുന്നത്. ഹേറോദേസ് രാജാവായിരുന്ന കാലത്തു, അബിയായുടെ ഗണത്തിൽ പെട്ട, അഹരോന്റെ പുത്രിമാരിൽപെട്ട എന്നൊക്കെ അവതരിപ്പിക്കുന്നത് നൂറ്റാണ്ടുകൾക്കുമുന്പ് നടന്ന സംഭവത്തിന് വിശ്വാസ്യത വർദ്ധിപ്പിക്കുമെന്നതിന് സംശയമില്ല.
കർത്താവിന്റെ ആലയത്തിൽ ധൂപാർപ്പണ സമയത്തു സംഭവിച്ചതെല്ലാം രക്ഷാകരപദ്ധതിയിലെ ദൈവത്തിന്റെ ഇടപെടലുകളാണ്. എന്നാൽ ജീവിതത്തിലെ ദൈവിക ഇടപെടലുകളെ മനസ്സിലാക്കാനോ, ദൈവിക വെളിപാടുകൾക്കു മുൻപിൽ സ്വയം സമർപ്പിതനാകുവാനോ സഖറിയായ്ക്കു ആയില്ല. അബ്രഹാമിന്റെ ജീവിതത്തിൽ ദൈവിക ഇടപെടലുകളുണ്ടായപ്പോൾ അദ്ദേഹം കാണിച്ച വിശ്വാസ തീക്ഷ്ണത നാം സഖറിയായിൽ നിർഭാഗ്യവശാൽ കാണുന്നില്ല. ഫലമോ? അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വൈരുധ്യങ്ങൾ കടന്നുവരാൻ ദൈവം ഇടയാക്കുകയാണ്. വൈരുധ്യങ്ങളിലൂടെ കടത്തിവിട്ടുകൊണ്ട് ദൈവം സഖറിയയേയും കുടുംബത്തെയും രക്ഷയിലേക്ക് കൊണ്ടുവരികയാണ്.
ശരിയാണ്, വൈരുധ്യങ്ങൾ നിലനിൽക്കുന്നില്ല; അവയ്ക്കു നിലനിൽക്കാൻ സാധിക്കുകയുമില്ല. ഇരുളും വെളിച്ചവും ഒരുപോലെ …സാധ്യമല്ല. രാവും പകലും …സാധ്യമല്ല. ഇപ്പോൾ മഴപെയ്യുന്നു, ഇപ്പോൾ മഴ പെയ്യുന്നില്ല. ഒരേ സമയത്തു ഇത് രണ്ടും സംഭവിക്കുക സാധ്യമല്ല. എന്നാൽ സത്യം എപ്പോഴും വൈരുധ്യങ്ങളിലൂടെയാണ് പുറത്തുവരിക. ഇംഗ്ലീഷ് നോവലിസ്റ്റായ ജോർജ് ഓർവെൽ (George Orwell) തന്റെ 1984 എന്ന നോവലിൽ പറയുന്നത് ഇങ്ങനെയാണ്: ‘സമാധാനം യുദ്ധങ്ങളിലൂടെയാണ് വരുന്നത്;
സത്യം നുണകളിലൂടെയാണ്, സ്നേഹം വെറുപ്പിലൂടെയാണ്, സമൃദ്ധി പട്ടിണിയിലൂടെയാണ് കടന്നുവരുന്നത്. (സ്വതന്ത്ര വിവർത്തനം) അമേരിക്കൻ Inventor ആയ തോമസ് ആൽവാ എഡിസൺ (Thomas Alva Edison) ഈ പ്രകൃതിയിലെ ഒരു വൈരുധ്യം അവതരിപ്പിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ‘കാരുണ്യം ദയ, സ്നേഹം എന്നീ ഗുണങ്ങളുള്ള ദൈവം എന്നെ സൃഷ്ടിച്ചതുപോലെതന്നെയല്ലേ, ഞാൻ പിടിച്ച് തിന്നുന്ന മത്സ്യത്തെയും സൃഷ്ടിച്ചത്? മത്സ്യത്തിനെവിടെ കാരുണ്യം ദയ, സ്നേഹം കിട്ടുന്നു?’ (Interview in NY Times Magazine) “ജീവിതത്തിന്റെ വൈരുധ്യങ്ങളുടെ മുൻപിൽ എന്തുകൊണ്ട് മനുഷ്യൻ ഭ്രാന്തനാകുന്നില്ല” എന്നാണ് മനഃശാസ്ത്രജ്ഞനായ എറിക് ഫ്രോo (Erich Fromm) ചോദിക്കുന്നത്.
എന്നാൽ ജീവിത വൈരുധ്യങ്ങൾക്കിടയിലെ ദൈവത്തിന്റെ പ്രവർത്തനം മനസ്സിലാക്കുവാൻ മനുഷ്യന് സാധിച്ചാൽ അവളുടെ / അവന്റെ ജീവിതം ശോഭനമാകും. സഖറിയായുടെ ജീവിതത്തിലേക്ക് നോക്കൂ… വൈരുധ്യങ്ങളുടെ മനുഷ്യനാണോ എന്നുപോലും തോന്നുമാറ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുകയാണ്.
ഒന്നാമത്തെ വൈരുധ്യം ഇതാണ്: സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു എന്നാണ്. എന്നാൽ തന്റെ പേരിന്റെ അർഥം അദ്ദേഹം ഓർക്കുന്നില്ല. തന്റെ പേരിന്റെ അർഥം എന്തെന്ന് അദ്ദേഹം ഒന്നോർത്തിരുന്നെങ്കിൽ ദൈവദൂതന്റെ മുൻപിൽ വിശ്വാസ സ്ഥൈര്യത്തോടെ നിൽക്കാമായിരുന്നു. പക്ഷെ അദ്ദേഹം അത് ചെയ്തില്ല. കർത്താവിന്റെ ദൂതന്റെ സന്ദേശത്തിലെ ദൈവികചൈതന്യം പോലും അദ്ദേഹത്തിൽ വിസ്മയം ഉളവാക്കിയില്ല. “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണെന്നും, മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുമെന്നും” (സങ്കീ 34, 18) എന്തുകൊണ്ട് അദ്ദേഹം ഓർത്തില്ലാ? “കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യുമെന്ന്” എന്തുകൊണ്ട് അദ്ദേഹം എലിസബത്തിനോട് പറഞ്ഞില്ല? “കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ലെന്നും” (സങ്കീ 34, 9) എന്തുകൊണ്ട് അദ്ദേഹം ചിന്തിച്ചില്ല?
രണ്ടാമത്തെ വൈരുധ്യം: വചനം പറയുന്നു: “അവർ ദൈവത്തിന്റെ മുൻപിൽ നീതി നിഷ്ഠരും, കർത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.” പക്ഷേ, സ്വർഗം മുൻപിൽ വന്നു നിന്നപ്പോൾ, ദൈവം വെളിപാടുമായി സഖറിയയുടെ മുൻപിൽ നിന്നപ്പോൾ അദ്ദേഹത്തിന് ആ സ്വർഗത്തെ, ദൈവത്തെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല.
മൂന്നാമത്തെ വൈരുധ്യം: “ദൂതൻ അവനോട് പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു.” എത്രകാലമായുള്ള പ്രാർത്ഥനയാണ് സഖറിയയുടെ? വിവാഹത്തിന് മുൻപ് തുടങ്ങിയ പ്രാർത്ഥനയാണ്. ദൈവമേ, നല്ലൊരു ജീവിത പങ്കാളിയെ നൽകണേ. മക്കളെ നൽകി അനുഗ്രഹിക്കണേ. വിവാഹം കഴിഞ്ഞും ഇന്നുവരെ ദൈവമേ മക്കളെ തരണേ എന്നായിരുന്നു പ്രാർത്ഥന. എന്നെങ്കിലും ദൈവം തന്റെ പ്രാർത്ഥന കേൾക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നത്. കാലമെത്ര കഴിഞ്ഞു … മനുഷ്യൻ എത്ര ആഗ്രഹിച്ചാലും ദൈവത്തിന്റെ സമയം വരണമല്ലോ. എന്നാൽ, ആ സമയം വന്നപ്പോൾ സഖറിയായ്ക്കത് വിശ്വസിക്കാനായില്ല.
നാലാമത്തെ വൈരുധ്യം: ദൂതൻ അവനോടു പറഞ്ഞു: “നിന്റെ ഭാര്യ എലിസബത്തിൽ നിനക്ക് ഒരു പുത്രൻ ജനിക്കും.” ഈ പുത്രൻ ആരായിരിക്കുമെന്ന് ദൂതൻ പറയുന്നുണ്ട്. എന്നാൽ, ഒന്നുകൂടി കൃത്യമായി ആരാണീ പുത്രൻ എന്നറിയണമെങ്കിൽ ലൂക്കായുടെ സുവിശേഷം മൂന്നാം ആദ്യം നാലാം വാക്യം ഒന്ന് മറിച്ചു നോക്കണം. അവിടെ പറയുന്നു, ‘സഖറിയയുടെ പുത്രനായ യോഹന്നാൻ മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദമാണ് എന്ന്.‘ ജനിക്കുവാൻ പോകുന്ന ശിശു ശബ്ദമാണ്. അപ്പോൾ ഇതാ സഖറിയാസ് മൂകനാകുന്നു. എന്തൊരു വൈരുധ്യമാണിത് പ്രിയപ്പെട്ടവരേ!!! ജീവിതം മൂകമാകുകയാണ്. ആംഗ്യങ്ങൾ കാണിച്ചുകൊണ്ട് ജനങ്ങളുടെമുൻപിൽ അദ്ദേഹം അപഹാസ്യനാകുകയാണ്.
ദൈവത്തിന്റെ അരുളപ്പാടിന്റെ മുൻപിൽ നമ്മുടെ ജീവിതം പതറുമ്പോൾ, വൈരുധ്യങ്ങളുടെ ഒരു നീണ്ട നിര ക്ഷണിക്കപ്പെടാതെ തന്നെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ അവശ്യം നമ്മുടെ ജീവിതം തകർന്നുപോകും. ആരോടും ഒന്നും പറയുവാൻ വയ്യാത്ത അവസ്ഥ! ജീവിതത്തിൽ വലിയൊരു ഒറ്റപ്പെടൽ എന്ന അനുഭവത്തിലൂടെ ഒരുവൻ കടന്നുപോകും. മറ്റുള്ളവർ ഉള്ളതും ഇല്ലാത്തതും പറഞ്ഞുപരത്തും. ജീവിതം വളരെ അസ്വസ്ഥമാകും!
നമ്മുടെ ജീവിതം മൂകമാകുമ്പോൾ, എത്ര ശ്രമിച്ചിട്ടും ഒന്നും നേടാനാകുന്നില്ലെങ്കിൽ, നാം അസ്വസ്ഥരാകുന്നുണ്ടെങ്കിൽ, തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെടുന്നുണ്ടെങ്കിൽ അറിയുക, ദൈവം നമ്മെ ജീവിതത്തിന്റെ വൈരുധ്യങ്ങളിലൂടെ കടന്നുപോകുവാൻ അനുവദിക്കുകയാണ് എന്ന്. അസാധ്യതകളെ പോലും സാധ്യതകളാക്കാൻ കഴിവുള്ളവനാണ് ദൈവമെന്നു വിശ്വസിക്കുമ്പോൾ, വൈരുധ്യങ്ങളിൽ നിന്ന് രക്ഷ കൊണ്ടുവരാൻ ദൈവത്തിന് സാധിക്കുമെന്ന് വിശ്വസിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ പ്രകാശം തെളിയും!
സ്നേഹമുള്ളവരേ, നാം നിത്യേനയെന്നോണം വൈരുദ്ധ്യങ്ങളെ അഭിമുഖീകരിക്കുന്നവരാണ്; അതിൽ ആകുലപ്പെടുന്നവരാണ്. വിശുദ്ധ പൗലോശ്ലീഹായുടെ ദുഃഖം എന്തെന്നറിയില്ലേ? അദ്ദേഹം റോമക്കാരോട് പറയുകയാണ്: പ്രിയപ്പെട്ട സഹോദരരേ, ഒരു വലിയ വൈരുധ്യത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. “ഞാൻ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണ് ഞാൻ പ്രവർത്തിക്കുന്നത്.” (റോമാ 7, 16) ദൈവത്തിന്റെ കരച്ചിലും ഈവിധ വൈരുധ്യങ്ങളെക്കുറിച്ചാണ്. “ആകാശമേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക…ഞാൻ മക്കളെ പോറ്റിവളർത്തി. എന്നാൽ അവർ എന്നോട് കലഹിച്ചു.” (ഏശയ്യാ 1, 2)
കാലങ്ങൾകൂടിയായിരിക്കും കുടുംബത്തിലുള്ളവരെല്ലാവരും ഒരുമിച്ച് ഒരു യാത്രയ്ക്ക് പോകാൻ തീരുമാനിക്കുന്നത്. അപ്പോഴതാ പിള്ളേര് രണ്ടുപേർക്ക് അസുഖം….വളരെ പ്രാർത്ഥിച്ചു ഒരുങ്ങി വിവാഹിതരായി…വർഷങ്ങൾ കഴിഞ്ഞിട്ടും മക്കൾ ഉണ്ടാകുന്നില്ല. ഉത്സാഹിച്ചു പഠിച്ചു …നല്ല മാർക്കോടെ പാസ്സായി. നല്ല ജോലി ലഭിക്കുന്നില്ല. മക്കളെ വളർത്തി വലുതാക്കി…അവരുടെ കല്യാണം നടക്കുന്നില്ല. ഇങ്ങനെ വൈരുധ്യങ്ങളുടെ ഒരു മേളയാണ് നമ്മുടെയൊക്കെ ജീവിതം!
നമ്മുടെ വിശുദ്ധ കുർബാനയുടെ ഇപ്പോഴത്തെ വിവാദം നോക്കൂ… രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്നത് “വിശുദ്ധ കുർബാന സ്നേഹത്തിന്റെ കൂദാശയും, ഐക്യത്തിന്റെ അടയാളവും, ഉപവിയുടെ ഉടമ്പടിയുമെന്നാണ്.” എന്നാൽ സംഭവിക്കുന്നതോ? നേരെമറിച്ചും. വിശുദ്ധ കുർബാന അനൈക്യത്തിന്റെ അടയാളമായിരിക്കുന്നു!! ഇങ്ങനെ വിശുദ്ധ കുർബാനയെ തെരുവിലിട്ട് വസ്ത്രാക്ഷേപം ചെയ്യണമായിരുന്നോ? എന്തായാലും വിശുദ്ധ കുർബാന ഇപ്പോൾ വൈരുധ്യങ്ങളിലൂടെ കടന്നുപോകുകയാണ്!!
ജീവിതത്തിലെ വൈരുധ്യങ്ങൾക്കിടയിലും ദൈവത്തിന്റെ പരിപാലന കൂടെയുണ്ടെന്ന ബോധ്യം ഉണ്ടാകുകയാണ് പ്രധാനം. സഖറിയാ Silent ആയപ്പോൾ അദ്ദേഹത്തിന് ദൈവത്തെ Listen ചെയ്യാൻ സാധിച്ചു.
ദൈവം നമ്മെ അനുഗ്രഹിച്ചുകൊണ്ട് നമ്മുടെ തലയ്ക്ക് മുകളിൽ, കുടുംബത്തിന് മുകളിൽ നിൽക്കുമ്പോഴും ആ അനുഗ്രഹങ്ങളെ ഉൾക്കൊള്ളുവാൻ കഴിയാത്ത വിധം നമ്മുടെ ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന് സ്‌കറിയയുടെ വാർദ്ധക്യം!!! മക്കളുണ്ടാകാൻ കഴിയുന്ന പ്രായമാണോ ഇത്? ആരും സംശയിച്ചു പോകും!! തടസ്സങ്ങൾക്കുമപ്പുറം അത്ഭുതം പ്രവർത്തിക്കുവാൻ കഴിയുന്നവനാണ് എന്റെ ദൈവം എന്ന വിശ്വാസത്തിലേക്ക് വളരുവാൻ സാധിച്ചാൽ പ്രിയപ്പെട്ടവരേ നമ്മുടെ ജീവിതത്തിലേക്ക് ദൈവാനുഗ്രഹത്തിൽ കുത്തൊഴുക്കുണ്ടാകും. നമ്മുടെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും അതിൽ ദൈവത്തിന്റെ പ്രവർത്തനം, ദൈവത്തിന്റെ പദ്ധതി കണ്ടെത്താൻ നമുക്കാകണം.
സഖറിയായുടെ ഭാര്യയായ എലിസബത്തിന്റെ മനോഭാവവും നമ്മോടു ചിലത് പറയുന്നുണ്ട്. മക്കളില്ലാത്ത, വന്ധ്യയായ സ്ത്രീകളെ ബൈബിളിന്റെ പലതാളുകളിലും നാം കണ്ടുമുട്ടുന്നുണ്ട്, പഴയനിയമത്തിൽ പ്രത്യേകിച്ചും. ഇസഹാക്കിന്റെ, യാക്കോബിന്റെ, സാംസണിന്റെ, സാമുവേലിന്റെ അമ്മമാരെല്ലാം മക്കൾക്കുവേണ്ടി കാത്തിരുന്ന്, ഒരു തരത്തിൽ പറഞ്ഞാൽ മടുത്തവരായിരുന്നു, എലിസബത്തിനെപ്പോലെ. എന്നാൽ ഇവരിലെല്ലാം ദൈവത്തിന്റെ കൃപ അത്ഭുതം പ്രവർത്തിച്ചു. എന്നുവച്ചാൽ, ഈ ഭൂമിയിൽ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്നു നാം മനസ്സിലാക്കുവാൻ വേണ്ടിയാണിത്. നമുക്കറിയാവുന്നതുപോലെ, എലിസബത്ത് എന്ന വാക്കിനു അർഥം ദൈവത്തിന്റെ വാഗ്ദാനം എന്നാണ്. എലിസബത്ത് യഹൂദവംശത്തിൽ പെട്ട ഒരു സാധാരണ സ്ത്രീയായിരുന്നു. ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്നു. ദൈവത്തിന്റെ വാഗ്ദാനം അവളിൽ ചലനങ്ങൾ സൃഷ്ടിച്ചപ്പോൾ, അവൾ ഏറ്റുപറയുകയാണ്: “മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാൻ കർത്താവ് എന്നെ കടാക്ഷിച്ച് എനിക്കിത് ചെയ്തു തന്നിരിക്കുന്നു.” ‘ദേ, ബന്ധുക്കളെ, അയൽവക്കക്കാരേ, സുഹൃത്തുക്കളെ ഇതാ ദൈവം, ശക്തനായവൻ എന്റെ അപമാനം നീക്കിക്കളഞ്ഞിരിക്കുന്നു!!
ജീവിതത്തിന്റെ ഏത് മേഖലയിലാണ് ദൈവം ഇടപെടേണ്ടതെന്ന്, ഏത് കാര്യത്തിലേക്കാണ് ദൈവം തന്റെ കൃപ ഒഴുക്കേണ്ടതെന്ന് വിശ്വസത്തോടെ ദൈവത്തിന്റെ മുൻപിൽ ഏറ്റുപറയുമ്പോൾ, സ്നേഹമുള്ളവരേ, നമ്മുടെ അപമാനം നീക്കിക്കളയുവാൻ, നമ്മുടെ ജീവിതത്തിലെ വൈരുദ്ധ്യങ്ങളെ ഇല്ലാതാക്കുവാൻ ദൈവം നമ്മുടെ ജീവിതത്തിലേക്ക് ഇറങ്ങിവരും.
ജീവിതത്തിൽ എന്ത് സംഭവിച്ചാലും – നല്ലതായാലും, ബുദ്ധിമുട്ടേറിയതായാലും – അതിൽ ദൈവത്തിന്റെ കൃപ, ദൈവത്തിന്റെ രക്ഷ കണ്ടെത്താൻ നമുക്കാകണം.
സമാപനം
സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുകൾ കാണാനും അത് മറ്റുള്ളവരോട് പ്രഘോഷിക്കുവാനും നമുക്കാകണം. നമ്മിലെ ഇല്ലായ്മയെ നികത്താൻ, നമ്മിലെ വൈരുദ്ധ്യങ്ങളെ ഇല്ലാതാക്കുവാൻ കഴിവുള്ളവനാണ് നമ്മുടെ ദൈവം. മരുഭൂമിപോലുള്ള നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ നീർച്ചാലൊഴുക്കി സമ്പൽ സമൃദ്ധമാക്കാൻ കഴിയുന്നവനാണ് നമ്മുടെ ദൈവം. അതുകൊണ്ടല്ലേ, എല്ലാ രാത്രിയിലും ഉറങ്ങാൻ കിടക്കുന്നതിനു മുൻപ്, നാളെ ഉണരുമോയെന്നറിയില്ലെങ്കിലും നാം അലാറം set ചെയ്യുന്നത്! ജെറമിയാ പ്രവാചകൻ പറയുന്നപോലെ, ദൈവത്തിനു നമ്മെക്കുറിച്ചു നല്ലൊരു പദ്ധതിയുണ്ട്. അത് നമ്മുടെ നന്മയ്ക്കു വേണ്ടിയുള്ള പദ്ധതിയാണ്. (ജറ 29, 11) അതുകൊണ്ടു, യഥാകാലം പൂർത്തിയാകുന്ന ദൈവത്തിന്റെ വചനത്തിൽ വിശ്വസിക്കുക! നമ്മുടെ ജീവിതത്തിലേക്കും ദൈവം മാലാഖാമാരെ അയയ്ക്കും. അപ്പോൾ, ദൈവത്തിന്റെ അരുളപ്പാടു മനസ്സിലാക്കുവാനുള്ള,

അതിനോട് സഹകരിക്കുവാനുള്ള വലിയ കൃപയ്ക്കുവേണ്ടി ഈ വിശുദ്ധ ബലിയിൽ നമുക്ക് പ്രാർത്ഥിക്കാം. ക്രിസ്തുമസിനുള്ള ഒരുക്കക്കാലം ദൈവത്തോടൊത്തു ചിലവഴിക്കുവാൻ നമുക്ക് സാധിക്കട്ടെ. ദൈവത്തിന്റെ വഴികൾ നമ്മുടെ വഴികളല്ലെന്നും, വൈരുദ്ധ്യങ്ങളെ വളർച്ചയ്ക്കുള്ള പടവുകളാക്കാൻ കഴിയുന്നവനാണ് നമ്മുടെ ദൈവമെന്നും ഉള്ള വിശ്വാസത്തിൽ ജീവിക്കാനാകുക വലിയ ദൈവ കൃപതന്നെയാണ്! ആമേൻ!
Reblogged this on Nelson MCBS.
LikeLike
Great reflection. Thanks Father
LikeLike
Thank you very much Shibi achan….
LikeLike