മംഗളവാർത്താക്കാലം -ഞായർ 2
ലൂക്കാ 1, 26 – 38
സന്ദേശം
മംഗളവർത്തക്കാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച്ച, തെല്ല് ആകുലതയോടെയായിരിക്കണം നമ്മൾ ഇന്നത്തെ സുവിശേഷം വായിച്ചുകേട്ടത്. നമുക്കറിയാവുന്നതുപോലെ, വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകരണത്തിന്റെ പേരിൽ ഉണ്ടായ ആശയക്കുഴപ്പങ്ങളും, പ്രായോഗിക ബുദ്ധിമുട്ടുകളും ഇന്നത്തെ സുവിശേഷത്തിന്റെ വെളിച്ചത്തിൽ നമ്മുടെ ക്രൈസ്തവ മനഃസ്സാക്ഷിയോട് ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. കത്തോലിക്കാ സഭയിലെ വ്യക്തിഗത സഭകളിലൊന്നായ നമ്മുടെ സീറോമലബാർ സഭയുടെ അന്തസ്സിനേയും, അച്ചടക്കത്തേയും, കെട്ടുറപ്പിനെയും ബാധിക്കുമാറ്, വിശുദ്ധ കുർബാനയിൽ നാം പറയുന്നപോലെ, സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചു ബിഷപ്പിനെയും, സഭയുടെ ഉന്നതാധികാര സമിതിയായ ബിഷപ്‌സ് സിനഡിന്റെ തീരുമാനത്തെയും, എന്തെല്ലാം ന്യായീകരണങ്ങളുടെ പേരിലായാലും, വിലമതിക്കാതെ പോയ സാഹചര്യം, പരിശുദ്ധ അമ്മയുടെ “ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ സംഭവിക്കട്ടെ” യെന്ന സമർപ്പണ മനോഭാവത്തിന്റെ മുൻപിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഈ കാര്യം സൂചിപ്പിക്കാതെ തന്നെ വേണമെങ്കിൽ ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ വിചിന്തനം നമുക്ക് നടത്താം. പക്ഷേ, അപ്പോൾ നാം കണ്ണടച്ച് ഇരുട്ടാക്കുകയായിരിക്കും. ആത്മാർത്ഥത ഇല്ലാത്തവരായിപ്പോകും. ഇന്നത്തെ ദൈവവചനഭാഗം, പരിശുദ്ധ കന്യകാമറിയത്തിന്റെ സമർപ്പണമനോഭാവം നമ്മുടെ ആനുകാലിക ജീവിത സാഹചര്യങ്ങളോട്, അവയോട് നാം പുലർത്തുന്ന മനോഭാവങ്ങളോട് എന്ത് പറയുന്നു എന്നല്ലേ ശരിക്കും നാം പരിശോധിക്കേണ്ടത്?
വ്യാഖ്യാനം
വളരെ സാധാരണമായ ഗ്രാമീണ സാഹചര്യങ്ങളിൽ ജീവിച്ച മറിയം എന്നൊരു സാധാരണ യുവതി, ദൈവത്തിന്റെ രക്ഷാകരചരിത്രത്തോടു ചേർന്ന് അവളുടെ ജീവിതത്തിലെടുത്ത ഒരു തീരുമാനത്തിന്റെ, അവൾ പുലർത്തിയ മനോഭാവത്തിന്റെ ആഘോഷമാണ് ഇന്നത്തെ സുവിശേഷ ഭാഗം. ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാകാം, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ജീവിച്ചതുകൊണ്ടാകാം, മകളേ, നിനക്കുവേണ്ടി, നിന്റെ നാളേയ്ക്കു വേണ്ടി ശുഭമായ ഭാവിയും പ്രത്യാശയും മനസ്സിൽ സൂക്ഷിക്കുന്ന ഒരു ദൈവമുണ്ടെന്നും ആ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് (ജറെമിയ 29, 11) എപ്പോഴും നീ ജീവിക്കണമെന്നും, മറിയത്തിന്റെ മാതാപിതാക്കളായ ജോവാക്കിമും അന്നയും അവളെ ചെറുപ്പത്തിലേ പഠിപ്പിച്ചതുകൊണ്ടാകാം – എന്തുതന്നെയായാലും മറിയത്തിന്റെ ഈ തീരുമാനം രക്ഷാകര പദ്ധതിയെ മാത്രമല്ല, ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ഈ കാലഘട്ടത്തിൽ നമുക്ക് മുന്നിൽ വലിയ വെല്ലുവിളി ഉയർത്തുന്ന ഈ സമർപ്പണ മനോഭാവത്തിന്റെ, ഈ തീരുമാനത്തിന്റെ ചുവടുപിടിച്ചാകട്ടെ ഇന്നത്തെ സുവിശേഷ വിചിന്തനയാത്ര.
ഇന്നത്തെ സുവിശേഷത്തിൽ, രക്ഷാകര പദ്ധതിയുടെ പണിപ്പുരയിൽ നിന്ന് ദൈവം ഗബ്രിയേൽ ദൂതനെ അയയ്‌ക്കുന്നത് പരിശുദ്ധ അമ്മയെക്കുറിച്ചുള്ള സ്വർഗ്ഗത്തിന്റെ മനസ്സ് തുറക്കുവാനാണ്. ഓരോ മാലാഖയും ഭൂമിയിലേക്ക് വരുന്നത് ഇത്തരമൊരു ദൗത്യവുമായിട്ടാണ്. ഇതാ ദൈവത്തിന്റെ ശക്തിയായ ഗബ്രിയേൽ ദൂതൻ വെറുമൊരു സാധാരണ യഹൂദ സ്ത്രീയുടെ മുൻപിൽ വന്നു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കുകയാണ്. സ്നേഹമുള്ളവരേ, സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന മനോഹര ദൃശ്യമാണിത്. ഒരു മഹാസമാഗമം! ഇന്നുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായത്. ഇന്നുവരെ മനുഷ്യൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹൃദ്യമായ, ആത്മാർഥത നിറഞ്ഞ അഭിവാദ്യങ്ങളാണ് മാലാഖയിൽ നിന്ന് ഉതിർന്നുവീണത്! ഇത് കേട്ട് ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! പക്ഷികൾ ചിറകടിച്ചു പറന്നു ആഹ്ലാദിച്ചിട്ടുണ്ടാകണം! വൃക്ഷങ്ങൾ പുഷ്പവൃഷ്ടി നടത്തിയിട്ടുണ്ടാകണം! അത്രമാത്രം സ്വർഗീയമായിരുന്നു ദൂതന്റെ അറിയിപ്പ്.
ദൈവത്തിന്റെ മാലാഖ ഈശോയുടെ ജനനത്തിന്റെ അറിയിപ്പിനായി മാതാവിന്റെ അടുത്ത് എത്തിയപ്പോൾ, അറിയിപ്പ് മാത്രമായിരുന്നില്ല മാലാഖയുടെ ലക്‌ഷ്യം. മാലാഖ ചോദിക്കാതെ ചോദിച്ചത്, Mary, are you ready for it? മറിയം, ഈ ദൗത്യത്തിന് നീ തയ്യാറാണോ? എന്നാണ്. ദൂതന്റെ അറിയിപ്പിനും, മാതാവിന്റെ തീരുമാനത്തിനും ഇടയ്ക്കുള്ള മൗനം, നിശബ്ദത – ആ ഇടവേള ധ്യാനിക്കേണ്ടതാണ് നാം. സ്നേഹമുള്ളവരേ, സ്വർഗം നിശ്ചലമായ നിമിഷമായിരുന്നു അത്! മാലാഖമാരെല്ലാം ഭൂമിയിലേയ്ക്ക്, മേരിയിലേക്കു മാത്രം നോക്കിയിരുന്ന നിമിഷമായിരുന്നിരിക്കണം അത്! കാരണം, ഭൂമിക്ക്, ഭൂമിയിലെ മനുഷ്യർക്ക് അത്ര എളുപ്പത്തിൽ ഉത്തരം കൊടുക്കുവാൻ സാധിക്കാത്ത ഒരു ചോദ്യമാണ് സ്വർഗം ചോദിച്ചത്? ഇന്നുവരെയുള്ള പാരമ്പര്യമനുസരിച്ച്, വിവാഹംകഴിക്കാതെ ഗർഭവതിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ മറിയത്തിന് കഴിയില്ല. ഇന്നുവരെയുള്ള രീതിയനുസരിച്ച് പോകാനാണ് താത്പര്യമെന്ന് മറിയം വാശിപിടിച്ചാലോ? ആരും ഒന്നും പറയാൻ പോകുന്നില്ല. ഇതിന് സമ്മതം കൊടുത്താൽ എന്താണ് സംഭവിക്കാൻ പോകുന്നത്? അവൾക്കറിയില്ല. സമ്മതം കൊടുത്തില്ലെങ്കിൽ ദൈവം അവളെ, അവളെയെന്നല്ല ആരെയും, നിർബന്ധിക്കുവാനും പോകുന്നില്ല. ഇതെല്ലം സ്വർഗത്തിനറിയാം. അതുകൊണ്ടാണ് സ്വർഗത്തിന് ആകാംക്ഷ!! സ്വർഗം കാത്തിരിക്കുകയാണ്, മനുഷ്യന്റെ ഉത്തരത്തിന്!!!
മേരി നിശബ്ദയായി, മുട്ടുകുത്തി നിൽക്കുകയാണ്. ഒരു വലിയ നിശ്ശബ്ദതയ്ക്കുശേഷം മാതാവ്, ദൈവത്തിൽ പൂർണമായി വിശ്വസിച്ചുകൊണ്ട്, തന്നെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ തയ്യാറാണ്”.

ഞാൻ തയ്യാറാണ് എന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഊഹിക്കുവാൻ പറ്റുമോ, പ്രിയപ്പെട്ടവരേ, സ്വർഗം എത്രമാത്രം സന്തോഷിച്ചുകാണുമെന്ന്? മറിയത്തിന്റെ ഈ തീരുമാനമാണ്, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത ഈ സമർപ്പണ മനോഭാവമാണ് ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കിയത്!
ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയരുന്നുണ്ടാകും. “എങ്കിൽ പിന്നെ എന്തിനാണ് മാതാവ് ദൂതനോട് ചോദ്യങ്ങൾ ചോദിച്ചത്?” ശരിയാണ് യുവതിയായ മറിയം ചോദ്യങ്ങൾ ചോദിച്ചു. പക്ഷെ, ചോദ്യം ചെയ്തില്ല സ്നേഹമുള്ളവരേ. ഹീലോളജി (Healology)എന്ന മോനോഹരമായൊരു പുസ്‌തകമുണ്ട്. ക്രിസ് ജാമി (Criss Jami) യാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. അതിൽ മനോഹരമായൊരു ചിന്തയുണ്ട്. അദ്ദേഹം പറയുകയാണ്, “സുഹൃത്തുക്കൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കളാകട്ടെ ചോദ്യം ചെയ്യുന്നു.” (“Friends ask you questions, enemies question you.”) ഉത്പത്തി പുസ്തകത്തിൽ സായാഹ്നങ്ങളിൽ ദൈവത്തോടൊത്തു ഉലാത്തിക്കൊണ്ടിരുന്ന ആദത്തെയും ഹവ്വയേയും പോലെ, ദൈവത്തോടൊത്തു സൗഹൃദത്തിൽ കഴിഞ്ഞിരുന്നൊരു യഹൂദ യുവതിയായ മറിയം ചോദ്യങ്ങൾ ചോദിക്കുന്നതിൽ എന്തിനു അത്ഭുതപ്പെടുന്നു? എത്രയോ വട്ടം ദൈവത്തോടൊത്തു മറിയം പ്രാർത്ഥനയിൽ ഇരുന്നിട്ടുണ്ട്? എത്രയോ വട്ടം അവർ സഹൃദ സംഭാഷണങ്ങൾ നടത്തിക്കാണണം? എത്രയോ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടാകണം. എത്രയോ വട്ടം ദൈവം ഉത്തരം കൊടുത്തിട്ടുണ്ടാകണം! – സുഹൃത്തുക്കൾ ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കൾ ചോദ്യം ചെയ്യുന്നു!! – അവൾ സർവ സ്വാതന്ത്ര്യത്തോടും കൂടി പറയുകയാണ്: “ഇതാ കർത്താവിന്റെ ദാസി, നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ.”
സ്നേഹമുള്ളവരേ, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത സ്വാർത്ഥത ഒട്ടുമേയില്ലാത്ത സമർപ്പണ മനോഭാവത്തോടെ ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാ ക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. പരിശുദ്ധ അമ്മ നമ്മുടെയൊക്കെ – ക്രിസ്തുവിൽ വിശ്വസിക്കുന്നുവെന്ന് പറയുകയും, ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുകയാണ് ഞങ്ങളുടെ കടമയെന്ന് പ്രഖ്യാപിക്കുകയും, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുകയാണ് ഞങ്ങളുടെ ജീവിത ലക്ഷ്യം എന്ന് പറയുകയും ചെയ്യുന്ന – നമ്മുടെയൊക്കെ ക്രൈസ്തവ ജീവിതങ്ങൾക്ക് ഇന്ന് വലിയ വെല്ലുവിളിയാണ്. വിവിധ ജീവിതാന്തസ്സുകളിൽ പ്രവേശിക്കുന്നതിന് മുൻപ് ദൈവത്തിന്റെയും, ദൈവത്തിന്റെ സഭയുടെയും മുൻപിൽ വിശുദ്ധ ബൈബിളിൽ തൊട്ട് സത്യം ചെയ്‌തതിന്‌ശേഷം ആ പ്രതിജ്ഞകൾക്കൊക്കെ വില കൽപ്പിക്കാതെ നമ്മുടെ തോന്നലുകൾക്കും, ലോകത്തിന്റെ പ്രത്യയശാസ്ത്രങ്ങൾ ക്കും രീതികൾക്കുമനുസരിച്ചും, നമ്മുടെ പിടിവാശികൾക്കുമനുസരിച്ചും ജീവിക്കുന്ന നമുക്ക് ഇന്നത്തെ സുവിശേഷഭാഗത്തിലെ പരിശുദ്ധ കന്യകാമറിയം വലിയ വെല്ലുവിളിയാണ്.
പരിശുദ്ധ അമ്മയെപ്പോലെ നമ്മുടെ സാധരണ കുടുംബജീവിത സാഹചര്യങ്ങളിൽ, ജീവിതത്തിന്റെ പച്ചയായ സംഭവങ്ങളിൽ നാമും പകച്ചു നിന്നിട്ടുണ്ടാകണം. നമ്മിൽ കുറച്ചു

പേരോട് സ്വർഗ്ഗത്തിന്റെ ചോദ്യം ഇതായിരുന്നു: ‘മകളേ, മകനേ നിന്റെ ജീവിതത്തിലൂടെ എന്നെ ലോകത്തിന് പ്രദാനം ചെയ്യാമോ? ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, ഗർഭം ധരിച്ച ക്രിസ്തുവിനെ വിവാഹ കുടുംബ ജീവിതാന്തസ്സിലൂടെ ലോകത്തിന് നൽകുവാൻ നീ തയ്യാറാണോ? വിവാഹമെന്ന കൂദാശയിലൂടെ, ദാമ്പത്യ ജീവിതത്തിലേക്ക്, കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നിങ്ങൾ ഒരു തീരുമാനമെടുത്തില്ലേ? എന്തായിരുന്നു ആ തീരുമാനം? “ദൈവമേ, നീ എനിക്ക് തരുന്ന ജീവിത പങ്കാളിയോടുകൂടി ജീവിക്കാൻ, ഈ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകത്തിനു കൊടുക്കുവാൻ ഞാൻ തയ്യാറാണ്.” മനസ്സിൽ എടുത്ത ഈ തീരുമാനത്തെ വിവാഹമെന്ന കൂദാശയുടെ നേരത്ത് വിശുദ്ധ ബൈബിളിൽ തൊട്ട് നിങ്ങൾ ഏറ്റുപറഞ്ഞു. അപ്പോൾ വൈദികൻ എന്ത് പറഞ്ഞു? സ്നേഹമുള്ള നവദമ്പതികളേ, സന്തോഷത്തിലും ദുഃഖത്തിലും …ഒരുമിച്ചു ജീവിക്കണം. പരസ്പരം ബഹുമാനിക്കണം. കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി വിട്ടുവീഴ്ച്ച ചെയ്യണം. മുതിർന്നവരിലൂടെ, വൈദികരിലൂടെ ദൈവമഹിതം അറിയുമ്പോൾ അത് ദൈവേഷ്ടമായി സ്വീകരിക്കണം. ഇങ്ങനെ വിവാഹിതരായ ശേഷം, നിങ്ങളുടെ സമർപ്പണ ജീവിതം പരിശുദ്ധ അമ്മയുടേത് പോലെ ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെ എന്നായിരുന്നോ? എത്രയോ വട്ടമാണ് എടുത്ത് പ്രതിജ്ഞ ലംഘിച്ചത്? നമ്മുടെ സുഖത്തിനും സൗകര്യത്തിനുവേണ്ടി എത്ര പ്രാവശ്യമാണ് നമ്മുടെ ഇഷ്ടം നിറവേറ്റിയത്? ഇന്നത്തെ സുവിശേഷ ഭാഗം വെല്ലുവിളിയാണ്!
നമ്മുടെ ക്രൈസ്തവ സഭയിലുള്ള മറ്റൊരു ജീവിതാന്തസ്സാണ് സന്യസ്ത ജീവിതം. ഇവിടെയും ചോദ്യം ഒന്നുതന്നെ: ‘മകളേ, മകനേ നിന്റെ ജീവിതത്തിലൂടെ എന്നെ ലോകത്തിന് പ്രദാനം

ചെയ്യാമോ? ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, ഗർഭം ധരിച്ച ക്രിസ്തുവിനെ സന്യസ്ത ജീവിതാന്തസ്സിലൂടെ ലോകത്തിന് നൽകുവാൻ നീ തയ്യാറാണോ? ഞങ്ങൾ സന്യാസിനികൾ, സന്യാസികൾ ദീർഘനാളത്തെ പരിശീലനത്തിനും, പരിചിന്തനത്തിനും ശേഷം തീരുമാനമെടുത്തു, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് ജീവിതത്തിന്റെ ഓരോ നിമിഷവും പറഞ്ഞുകൊണ്ട് ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, ആ ക്രിസ്തുവിനെ ലോകത്തിനു നൽകാനും ഞങ്ങൾ തയ്യാറാണ്. എന്നിട്ട് അനുസരണം, ദാരിദ്ര്യം ബ്രഹ്മചര്യം അനുഷ്ഠിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. നാളുകൾ കഴിഞ്ഞപ്പോൾ, ദൈവേഷ്ടം തന്നിഷ്ടത്തിന് വഴിമാറി. അനുസരണം ന്യായീകരണങ്ങളിലൂടെ വലിച്ചെറിയപ്പെട്ടു. ബ്രഹ്‌മചര്യം സ്വന്തം മനഃസാക്ഷിയുടെ കോടതി മുറികളിൽ വിചാരണചെയ്യപ്പെടുന്നു! ജീവിതത്തിന്റെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ പോലും ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ഭൂമിയിൽ ക്രിസ്തുമസ് സംജാതമാകാൻ ജീവിതം സമർപ്പിച്ച മറിയമെവിടെ? ഇന്നത്തെ സന്യസ്തരെവിടെ?
ഇനിയുമൊരു ജീവിതാന്തസ്സുള്ളത് പൗരോഹിത്യമാണ്. ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ നേരിട്ട് പങ്കുപറ്റുവാൻ ക്രിസ്തുവിന്റെ തിരുസഭയിൽ പുരോഹിതരാകുന്നവർ സ്വീകരിക്കുന്നത് എത്രയോ സമുന്നതമായ ദൗത്യമാണ്!! എന്താകുവാനാണ് നീണ്ട വർഷങ്ങൾ ഒരുങ്ങുന്നത്? ക്രിസ്തുവിന്റെ പുരോഹിതരാകുവാൻ. ആർക്കുവേണ്ടിയാണ്? ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിന്റെ തിരുസ്സഭയ്ക്കുവേണ്ടി.

ആരാണ് ദൗത്യം തരുന്നത്? ക്രിസ്തുവാണ് ദൗത്യം തരുന്നത്. ആരിലൂടെ? തിരുസ്സഭയിലൂടെ. അപ്പോൾ തിരുസ്സഭയിലൂടെ വെളിപ്പെടുന്നത് ആരുടെ ദൗത്യമാണ്? ക്രിസ്തുവിന്റെ. ഇവിടെയും പ്രതിജ്ഞയുണ്ട്. തിരുപ്പട്ടത്തിന് തുടക്കമായിട്ട് അഭിവന്ദ്യ മെത്രാന്റെ മുൻപിൽ മുട്ടുകുത്തി തന്നെത്തന്നെ സമർപ്പിക്കുകയാണ്. കത്തോലിക്കാ സഭയിൽ, സീറോമലബാർ സഭയിൽ, ഈ രൂപതയിൽ മെത്രാനിൽ ദൈവത്തിന്റെ ഇഷ്ടം കണ്ട് അത് അനുവർത്തിക്കാൻ ഞാൻ തയ്യാറാണ്!! തിരുസഭയിൽ, അധികാരികളിലൂടെ വെളിപ്പെടുന്ന ദൗത്യം നിറവേറ്റുന്നവരാണ് പുരോഹിതർ. സ്വന്തം ഇഷ്ടം, സ്വന്തം താത്പര്യം ചെയ്യുവാനല്ല ദൈവം പൗരോഹിത്യത്തിലേക്ക് ക്ഷണിക്കുന്നത്. പക്ഷെ തീരുമാനമെടുത്ത ശേഷം, എടുത്ത പ്രതിജ്ഞയെ മറന്ന് സ്വതം ഇഷ്ടം ചെയ്യുവാൻ ജാഥയായി ഇറങ്ങിപുറപ്പെടുമ്പോൾ ക്രിസ്തുവിന്റെ പൗരോഹിത്യം അപഹസിക്കപ്പെടുകയല്ലേ? ഇന്നത്തെ സുവിശേഷ ഭാഗം, സുവിശേഷ ഭാഗത്തിലെ പരിശുദ്ധ ‘അമ്മ ഇന്നത്തെ പുരോഹിതർക്കും, മത നേതാക്കന്മാർക്കും വെല്ലുവിളിയാണ്!!
ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ പരിശുദ്ധ അമ്മ നമ്മുടെ മുൻപിൽ ഉയർത്തുന്ന വെല്ലുവിളി ഏറ്റെടുക്കുവാൻ ചങ്കൂറ്റമുണ്ടെങ്കിൽ – അതെ, ചങ്കൂറ്റമുള്ളവർക്കേ അതിന് കഴിയൂ – നമ്മിലൂടെ സീറോ മലബാർ സഭയിലൂടെ, തിരുസ്സഭയിലൂടെ ലോകത്തിൽ ക്രിസ്തുമസ് സംജാതമാക്കുവാൻ നമുക്ക് കഴിയും. നമ്മുടെ ക്രൈസ്തവജീവിതങ്ങൾ വെറും വേഷംകെട്ടലാകാതിരിക്കട്ടെ. ക്രിസ്തുവിനെതിരെ ദുഷ്ടശക്തികൾ ലോകം മുഴുവനും പ്രബലപ്പെടുന്ന ഈ കാലഘട്ടത്തിൽ, ക്രിസ്തുവിനായി ലോകം മുഴുവനും ദാഹിക്കുന്ന ഈ അവസരത്തിൽ പ്രച്ഛന്നവേഷമത്സരങ്ങൾ നടത്തി സമയം നഷ്ടപ്പെടുത്തരുതേ! മുന്തിരിച്ചെടിയോട് ചേർന്ന് നിന്നെങ്കിലേ ഫലം പുറപ്പെടുവിക്കാനാകൂ. സഭയോടൊത്ത് ചിന്തിക്കാനും, ജീവിക്കാനും, ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും നമുക്കാകട്ടെ. നാമാരും ഇന്ന് ദൈവത്തിന്റെ ഇഷ്ടം അന്വേഷിക്കുന്നില്ല. കണ്ടെത്തിയാലും അതിന്റെ മുൻപിൽ സമർപ്പിതരാകുന്നില്ല. നാമാരും ക്രിസ്തുവിനെ ഗർഭം ധരിക്കുന്നില്ല. അതുകൊണ്ടു തന്നെ ക്രിസ്തുവിനെ പ്രസവിക്കുന്നുമില്ല. അഥവാ ആരെങ്കിലും ക്രിസ്തുവിനെ ഗർഭം ധരിക്കുന്നുണ്ടെങ്കിൽ അത് സഭയിലൂടെ, കുടുംബത്തിലൂടെ, വെളിപ്പെടുന്ന ദൈവേഷ്ടത്തിന് എതിര് നിൽക്കുന്നതുകൊണ്ട്, അതിനെതിരെ മുഷ്ടിചുരുട്ടി അലറുന്നതുകൊണ്ട് അലസിപ്പോകുന്നു പ്രിയപ്പെട്ടവരേ!!!!!!
ഓരോ തീരുമാനത്തിന്റെ സമയത്തും സ്വർഗം നമ്മുടെ മുൻപിലെത്തുന്നുണ്ട് എന്ന് സ്‌നേഹമുള്ളവരെ മനസ്സിലാക്കുക. കാരണം, ഓരോ തീരുമാനവും ഈ ഭൂമിയിൽ ക്രിസ്തുമസ്സാകാൻ, ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും വിതറുന്നതാകാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ഓരോ തീരുമാനവും ക്രിസ്തു നമ്മിൽ ഗർഭം ധരിക്കുന്നതുവേണ്ടിയുള്ള YES ആകാൻ സ്വർഗം ആഗ്രഹിക്കുന്നു. നമ്മുടെ ഓരോ തീരുമാനവും ക്രിസ്‌തുവിന് ഈ ഭൂമിയിൽ ജന്മം കൊടുക്കുന്നതാകണമെന്നു സ്വർഗം ആഗ്രഹിക്കുന്നു. ഏറ്റവും മനോഹരവും നല്ലതുമായ തീരുമാനത്തിൽ ജീവിക്കുകയെന്നാണ് പരിശുദ്ധ ‘അമ്മ ഇന്ന് നമ്മോടു പറയുന്ന സന്ദേശം.
സമാപനം
സ്നേഹമുള്ളവരേ, എങ്ങനെയാണ് ക്രിസ്മസ് ഭൂമിയിൽ കൊണ്ടുവരേണ്ടതെന്നു, നമ്മുടെ ക്രൈസ്തവ ജീവിതം എങ്ങനെയാണ് നയിക്കേണ്ടതെന്നു നമ്മെ പഠിപ്പിക്കുന്ന സ്കൂളാണ് പരിശുദ്ധ ‘അമ്മ. നമ്മുടെ ജീവിതത്തിൽ നാമെടുത്ത, നാമെടുക്കുന്ന തീരുമാനങ്ങളോട് ചേർന്ന് പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ നമ്മുടെ കുടുംബജീവിതം, വൈദിക ജീവിതം സന്യസ്തജീവിതം നയിക്കുമ്പോൾ നാമും കൃപനിറഞ്ഞവരാകും. കർത്താവ് നമ്മോടുകൂടെയുണ്ടാകും. പരിശുദ്ധാത്മാവ് നമ്മുടെമേൽ വരും. നാം ഈശോയെ ഗർഭം ധരിക്കും. പടുത്തുയർത്തുന്ന, ക്രിയാത്മകമായ തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കുവാൻ ആരാണ് നമ്മെ സഹായിക്കുക? ആരാണ് നമ്മെ ശക്തിപ്പെടുത്തുക? മറ്റാരുമല്ല, വിശുദ്ധ കുർബാനയിലെ ഈശോ നമ്മെ ശക്തിപ്പെടുത്തും.

ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഇടപെടലുകൾ മനസ്സിലാക്കുവാനും, അറിയിപ്പുകൾ കേൾക്കാനും, ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കുവാനും, തീരുമാനങ്ങളോട് ചേർന്ന് നന്മനിറഞ്ഞ ക്രൈസ്തവജീവിതം നയിക്കുവാനും നമുക്കാകട്ടെ. അപ്പോൾ നമ്മിലൂടെ ക്രിസ്മസ് ആഗതമാകും. നാം അനുഗ്രഹീതരാകും. ഇതാ കർത്താവിന്റെ ദാസി / ദാസൻ. അവിടുത്തെ ഇഷ്ടം എന്നിൽ, എന്റെ കുടുംബത്തിൽ, സഭയിൽ, ഇടവകയിൽ നിറവേറട്ടെ. ആമേൻ!
Reblogged this on Nelson MCBS.
LikeLike
Thank you Fr. For putting these in today’s context. let us all Pray to strengthen our unity as a community and remain true to our calling with the right discernment !
“ക്രിസ്തുവിനെതിരെ ദുഷ്ടശക്തികൾ ലോകം മുഴുവനും പ്രബലപ്പെടുന്ന ഈ കാലഘട്ടത്തിൽ, ക്രിസ്തുവിനായി ലോകം മുഴുവനും ദാഹിക്കുന്ന ഈ അവസരത്തിൽ പ്രച്ഛന്നവേഷമത്സരങ്ങൾ നടത്തി സമയം നഷ്ടപ്പെടുത്തരുതേ! മുന്തിരിച്ചെടിയോട് ചേർന്ന് നിന്നെങ്കിലേ ഫലം പുറപ്പെടുവിക്കാനാകൂ. സഭയോടൊത്ത് ചിന്തിക്കാനും, ജീവിക്കാനും, ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും നമുക്കാകട്ടെ.’
ഇതാ കർത്താവിന്റെ ദാസി / ദാസൻ. അവിടുത്തെ ഇഷ്ടം എന്നിൽ, എന്റെ കുടുംബത്തിൽ, സഭയിൽ, ഇടവകയിൽ നിറവേറട്ടെ.
LikeLike
Exactly….Come Holy Spirit!
LikeLike
Thanks for the up to date information for Sunday homilies.
LikeLike
Thanks…Let us be attentive to the promptings of Holy Spirit!
LikeLike