പിറവിക്കാലം ഒന്നാം ഞായർ
മത്താ 2, 1 – 12
സന്ദേശം
2021 ലെ ക്രിസ്തുമസ് ആഘോഷത്തിന് ശേഷമുള്ള ആദ്യത്തെ ഞായറാഴ്ചയാണിന്ന്. ലോകത്തിന് സന്തോഷത്തിന്റെ സദ്വാർത്തയായ ക്രിസ്തുമസിന്റെ ദിനത്തിൽ ദൈവം പ്രത്യേകമായി നമുക്കും നമ്മുടെ കുടുംബങ്ങൾക്കും നൽകിയ വലിയ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നാമിന്ന് ബലിയർപ്പിക്കുന്നത്. “ദൈവമേ, സകല ജനത്തിനും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കണ്ടു കഴിഞ്ഞു” എന്ന നീതിമാനും ദൈവ ഭക്തനുമായ ശിമയോൻ പറഞ്ഞതുപ്പോലെ പറയുവാനുള്ള അവസരമാണ് ക്രിസ്തുമസ് നമുക്ക് ഒരുക്കിത്തരുന്നത്. അതുകൊണ്ടാണ് ക്രിസ്തുമസ് കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ച്ച തന്നെ, ലോകരക്ഷകനായ ക്രിസ്തുവിനെ കണ്ട, കണ്ട ക്രിസ്തുവിനെ ആരാധിച്ച, ആരാധിച്ച ക്രിസ്തുവിന് പൊന്നും മീറയും കുന്തിരിക്കവും കാഴ്ചവച്ച മൂന്ന് ജ്ഞാനികളെ സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. വെറും ജ്ഞാനികളായിരുന്ന ഇവരെ ഇന്ന് ലോകം അറിയുന്നത് ദൂരദേശത്തു നിന്ന് ക്രിസ്തുവിനെ അന്വേഷിച്ച് ദീർഘദൂരം യാത്രചെയ്തു, അവസാനം ക്രിസ്തുവിനെ കണ്ട്, അവിടുത്തെ ദൈവവും രക്ഷകനുമായി ആരാധിച്ച മൂന്ന് ജ്ഞാനികൾ എന്നാണ്. ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം നമ്മിൽ നിന്നും ആവശ്യപ്പെടുന്നത് ഇത് തന്നെയാണ്. ഹേ, ക്രൈസ്തവരെ ഈ ഭൂമിയിൽ, ജീവിച്ചിരിക്കുമ്പോഴും, നിങ്ങളുടെ മരണശേഷവും, നിങ്ങൾ അറിയപ്പെടേണ്ടത് ക്രിസ്തുവിനെ കണ്ടവർ എന്ന വിശേഷണത്തോടുകൂടി ആയിരിക്കണം. ക്രൈസ്തവരായ നാം എങ്ങനെയാണ് അറിയപ്പെടേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷഭാഗം.
വ്യാഖ്യാനം
ഇന്നത്തെ സുവിശേഷഭാഗത്തിന്റെ ചരിത്രപരത അന്വേഷിച്ചുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിശുദ്ധ ഗ്രന്ഥത്തിൽ ചരിത്രം ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. “ഹേറോദേസ് രാജാവിന്റെ കാലത്ത് യൂദയായിലെ ബെത്ലഹേമിൽ യേശു ജനിച്ചപ്പോൾ” (മത്താ 2, 1) എന്ന ആമുഖം തന്നെ ക്രിസ്തു ചരിത്രത്തിൽ പിറന്നവനാണെന്ന സത്യം പ്രഘോഷിക്കുന്നതാണ്. എങ്കിലും, ഹോറോദേസ് രാജാവിന്റെ പിന്നാലെ പോകുക എന്നതിനേക്കാൾ ജ്ഞാനികളുടെ പിന്നാലെ യാത്രചെയ്യാനാണ് ഞാൻ ആഗ്രഹിക്കുക. വിശുദ്ധ മത്തായി ഇവർ രാജാക്കന്മാർ എന്ന് പറഞ്ഞിട്ടില്ല, മൂന്നുപേരെന്നും പറഞ്ഞിട്ടില്ല. മൂന്നുപേരെന്നതു പാരമ്പര്യത്തിൽനിന്നു വന്നതാണ്. പൗരസ്ത്യ ദേശത്തുനിന്നുള്ള ജ്ഞാനികൾ എന്നാണു അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരു നക്ഷത്രത്തിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചവരാണെന്നുള്ളതുകൊണ്ടു അവർ ജ്ഞാനികൾ ആയിരിക്കണം. അന്നും ഇന്നും പൗരസ്ത്യദേശത്ത് ജ്യോതിഷം വേദത്തിന്റെ, വെളിപാടിന്റെ ഭാഗമാണ്.
ജ്യോതിഷത്തിന്റെ അറിവിൽനിന്നായിരിക്കണം, അവർ കണ്ടുപിടിച്ചത് യഹൂദന്മാർക്കു ഒരു രാജാവ് പിറന്നിരിക്കുന്നുവെന്നാണ്. പഴയനിയമത്തിലെ പ്രവചനവും അവർ ഓർത്തിരിക്കണം. “യാക്കോബിൽ നിന്ന് ഒരു നക്ഷത്രമുദിക്കും. ഇസ്രായേലിൽ നിന്ന് ഒരു ചെങ്കോൽ ഉയരും.” (സംഖ്യ 24, 17) ഈ പ്രവചനത്തിന്റെ ചുവടുപിടിച്ച്, ധ്യാനിക്കുകയും ഗവേഷണം നടത്തുകയും ചെയ്തുകൊണ്ടിരുന്നപ്പോഴായിരിക്കണം കിഴക്ക് ഉദിച്ചുയർന്ന ഒരു ദിവ്യ നക്ഷത്രം അവരുടെ ശ്രദ്ധയിൽപെട്ടത്. ആ നക്ഷത്രത്തെ, ദൈവിക അടയാളത്തെ പിന്തുടർന്ന അവർ ഉണ്ണിയേശുവിനെ കാണുകയും ആരാധിക്കുകയും പൊന്നും കുന്തിരക്കവും മീറയും കാഴ്‌ചവയ്ക്കുകയും ചെയ്തു. ഇന്ന് അവർ അറിയപ്പെടുന്നത് വെറും ജ്ഞാനികൾ എന്ന് മാത്രമല്ല ലോകരക്ഷകനായി പിറന്ന ക്രിസ്തുവിനെ, ധാരാളം പ്രതിസന്ധികൾ തരണം ചെയ്തു കണ്ടെത്തിയവർ എന്നാണ്.
സ്നേഹമുള്ളവരേ, നാളെ നമ്മെ, ക്രൈസ്തവരെ, ഈ ലോകം അറിയേണ്ടത് English medium സ്കൂളുകൾ നടത്തുന്നവരായിട്ടായിരിക്കരുത്, വലിയ വലിയ സ്ഥാപനങ്ങൾ നടത്തുന്നവർ എന്നുമായിരിക്കരുത്, കോടികളുടെ വീട് പണിതവനെന്നോ, BMW കാറുള്ളവനെന്നോ, വലിയ വലിയ ബിരുദങ്ങൾ ഉള്ളവരെന്നോ ആയിരിക്കരുത്. അവൾ, അവൻ ക്രിസ്തുവിനെ കണ്ടവൾ, ക്രിസ്തുവിനെ കണ്ടവൻ; ക്രിസ്തുവിന്റെ വചനം കേൾക്കുന്നവൾ, കേൾക്കുന്നവൻ; അതിനനുസൃതം ജീവിക്കുന്നവർ എന്നായിരിക്കണം. ക്രിസ്തുവിനെ കണ്ടെത്തി അവിടുത്തെ ആരാധിച്ചു, അവിടുത്തെ വചനങ്ങൾക്കനുസരിച്ചു ജീവിക്കുന്നവർ എന്നായിരിക്കണം. അതിനുവേണ്ടി ഒന്നാമതായി, ഈ ജ്ഞാനികളെപ്പോലെ നമുക്ക് ഒരു ഉറച്ച ലക്ഷ്യമുണ്ടായിരിക്കണം.

We have to set a goal. അവർ പറയുന്നത് ശ്രദ്ധിക്കൂ. “ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കുവാൻ വന്നിരിക്കുകയാണ്”. രണ്ടാമത് നാം നമ്മുടെ ലക്ഷ്യത്തിനു എതിരായി വരുന്നവയെയെല്ലാം അകറ്റിനിർത്തണം. We have to avoid all the nagatives. രാജകൊട്ടാരത്തിന്റെ ആഡംബരം, അസ്വസ്ഥനായ ഹേറോദേസ്, അദ്ദേഹത്തിന്റെ ഹിഡൺ അജണ്ടയോടെയുള്ള സംസാരം, എല്ലാം നെഗറ്റിവുകളാണ്. അവർക്കു അവയെ തട്ടിമാറ്റാൻ കഴിഞ്ഞു. മൂന്നാമത്തേത്, കഠിനാധ്വാനമാണ്. Hard work. പൗരസ്ത്യദേശത്തുനിന്നു ഒട്ടകപ്പുറത്തുള്ള യാത്ര – പകലുകൾ, രാത്രികൾ, തണുപ്പ്, ചൂട് …. എല്ലാം അവർക്കു തരണം ചെയ്യാൻ കഴിഞ്ഞു. അങ്ങനെ ക്രിസ്തുവിനെ കണ്ടെത്തിക്കഴിയുമ്പോൾ, അവിടുത്തെ വചനമനുസരിച്ച് ജീവിതത്തെ തിരിച്ചു വിടുമ്പോൾ, അന്നുവരെ പൊയ്ക്കൊണ്ടിരുന്ന മാർഗങ്ങൾ ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പാതയിപ്പോടെ പോകുമ്പോൾ ലോകം പറയും “ഇതാ ക്രിസ്തുവിനെ കണ്ടവർ!! ജീവിതത്തിലൂടെ ക്രിസ്തുവിനെ ആരാധിക്കുന്നവർ!!”
അങ്ങനെ ഈ ലോകത്തിൽ സംഭവിച്ചിട്ടുണ്ട് പ്രിയപ്പെട്ടവരേ. പന്ത്രണ്ടാം നൂറ്റാണ്ടിൽ ക്രിസ്തുമതം രാജകീയ പ്രൗഢിയുടെ തിന്മകളും പേറി, ലൗകിക ജീവിതത്തിന്റെ ആർഭാടങ്ങളും ചുമന്ന് ക്രിസ്തുവിന്റെ വഴിയിൽ നിന്ന് മാറി ജീവിച്ചപ്പോൾ, അതേ ലൗകിക സന്തോഷങ്ങളും ആർഭാടങ്ങളും വെടിഞ്ഞ് ജീവിതത്തിൽ ക്രിസ്തുവിനെ കണ്ടെത്തി ജീവിച്ച ഫ്രാൻസിസ് അസീസിയെ കണ്ടപ്പോൾ ലോകം പറഞ്ഞു, “ഇതാ, രണ്ടാമത്തെ ക്രിസ്തു പോകുന്നു!!” ഇത് നുണയല്ല, കെട്ടുകഥയല്ല, സംഭവിച്ചതാണ് പ്രിയപ്പെട്ടവരേ!!
ക്രിസ്തുമസ് കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ചയിലെ സന്ദേശം ഇതാണ്: ക്രൈസ്തവരേ നിങ്ങൾ ക്രിസ്തുവിനെ കണ്ടവർ ആകണം! ലോകത്തുള്ള ക്രൈസ്തവരേ, ക്രിസ്തുവിനെ കണ്ടവർ, ആ ക്രിസ്തുവിന്റെ വചനമനുസരിച്ച് ജീവിക്കുന്നവർ എന്ന് ലോകം പറയണം. നന്മ ചെയ്യുന്നവരായി, ദൈവാന്വേഷകരായി, ലോകം നമ്മെ അറിയുവാൻ ഇടയാകണം. നമ്മുടെ ജീവിതം മനോഹരമാകുവാൻ, ധന്യമാകുവാൻ നാം ഈ ജ്ഞാനികളെപ്പോലെയാകണം.
പത്തൊന്പതാം നൂറ്റാണ്ടിന്റെ ഒരു പ്രഭാതത്തിൽ സ്വീ ഡൻകാരനായ ഒരു കെമിസ്റ്റ് ദിനപത്രത്തിലൂടെ കണ്ണോടിച്ചപ്പോൾ ഒരു വാർത്ത കണ്ടു ഞെട്ടിപ്പോയി. ചരമകോളത്തിൽ ദേ തന്റെ ഫോട്ടോയും വാർത്തയും! സമനിലവീണ്ടെടുത്ത അയാൾ വാർത്തയിലൂടെ കടന്നുപോയപ്പോൾ കണ്ടതോ മനസ്സിനെ തകർക്കുന്നതായിരുന്നു. അയാളെക്കുറിച്ചു അതിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു: “ഡൈനാമൈറ്റ് രാജാവ് മരിച്ചു”, “അയാൾ മരണത്തിന്റെ കച്ചവടക്കാരനായിരുന്നു”. പൊട്ടിത്തെറിച്ചു ഭീകരത സൃഷ്ടിക്കുന്ന, മരണം വിതക്കുന്ന ഡൈനാമൈറ്റ് കണ്ടുപിടിച്ചത് അയാളായിരുന്നു. ‘മരണത്തിന്റെ കച്ചവടക്കാരൻ എന്ന് വായിച്ചപ്പോൾ അയാൾ സ്വയം ചോദിച്ചു: “ഇങ്ങനെയാണോ ഞാൻ അറിയപ്പെടാൻ പോകുന്നത്” “ഇങ്ങനെയാണോ ഞാൻ എന്റെ മരണശേഷം അറിയപ്പെടേണ്ടത്?”

ആ നിമിഷം മുതൽ അയാൾ സമാധാനത്തിനുവേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. ഇന്ന്, ആ ഡൈനാമൈറ്റ് രാജാവ്, ആൽഫ്രഡ് നോബൽ അറിയപ്പെടുന്നത് ലോകത്തിലെ വലിയ അവാർഡായ നോബൽ പ്രൈസിന്റെ പേരിലാണ്.
ഇന്നലെ ക്രിസ്തുമസ് ആഘോഷിച്ച, സ്നേഹമുള്ള ക്രൈസ്തവരേ, നാമൊക്കെ, ചിന്തിച്ചു നോക്കണം, നമ്മെക്കുറിച്ച് ഈ ലോകം എന്താണ് പറയുന്നത് എന്ന്. നമ്മുടെയൊക്കെ മരണശേഷം എന്താണ് പറയാൻ സാധ്യതയെന്ന്!! ഒരു കാര്യം നാം ഓർക്കണം. നാമൊക്കെ, ഏത് രാജ്യത്താണ് ജീവിച്ചത് എന്ന് ചോദിക്കാത്ത, എത്ര പ്രൗഢിയിലാണ് ജീവിച്ചത് എന്ന് പരിഗണിക്കാത്ത ഒരു രാജ്യത്തിലേക്കുള്ള യാത്രയിലാണ് നാം. മരണത്തിനുശേഷം ദൈവത്തിന്റെ മുൻപിൽ നിൽക്കുമ്പോൾ ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിന് നാം കണക്കുകൊടുക്കേണ്ടിവരും. അത് ഒരു ദിവസം ജീവിച്ചാലും, ഒരു മണിക്കൂർ ജീവിച്ചാലും, ഒരു ആയുസ്സ് ദൈർഘ്യം ജീവിച്ചാലും നാം കണക്കുകൊടുക്കേണ്ടി വരും. അന്ന് പാശ്ച്യാത്യരെയും, പൗരസ്ത്യരെയും കർത്താവ് വേർതിരിക്കുമോ? യൂറോപ്യരെയും, ഏഷ്യാക്കാരെയും ദൈവം വേർതിരിക്കുമോ? കേരളക്കാരനെയും, മഹാരാഷ്ട്രക്കാരനെയും വേർതിരിക്കുമോ? ദൈവം ചോദിക്കുന്ന, ക്രൈസ്തവരായി മരിക്കുന്ന നമ്മോട് ചോദിക്കുന്ന ഒരേയൊരു ചോദ്യമിതാണ്: എന്റെയീ ചെറിയവരിൽ ക്രിസ്തുവിനെ കണ്ടോ ഇല്ലയോ? ഈ ഭൂമിയിൽ ജീവിക്കുമ്പോഴും, മരണശേഷവും ക്രിസ്തുവിനെ കണ്ടത്തെയവനാണോ നീ എന്നതാണ് പ്രാധാനപ്പെട്ട കാര്യം!!
സമാപനം
സ്നേഹമുള്ളവരേ, ഭാവിയിൽ ക്രൈസ്തവരായ നാം എങ്ങനെയാണ് അറിയപ്പെടേണ്ടത്? ഏതു മൂല്യങ്ങളായിരിക്കും ജനങ്ങൾ നമ്മുടെ പേരിന്റെ കൂടെ പറയുക? മൂന്നു ജ്ഞാനികളെപ്പോലെ, അല്ലെങ്കിൽ ക്രിസ്തുവിനെ ദർശിച്ച ജ്ഞാനികളെപ്പോലെ, നല്ല ലക്ഷ്യങ്ങളുള്ള, തിന്മകളെ അകറ്റിക്കളയുന്ന, ദൈവത്തെ കാണാൻ കഠിനാധ്വാനം ചെയ്യുന്ന, ദൈവത്തിന്റെ സ്വരത്തിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തികളായി അറിയപ്പെടാനും ആയിത്തീരുവാനും നമുക്ക് സാധിക്കണം. എത്ര വലിയ titles ഉണ്ടായാലും, ലോകത്തിന്റേതായ രീതിയിൽ

എങ്ങനെ അറിയപ്പെട്ടാലും നല്ല ക്രൈസ്തവരെന്ന, യഥാർത്ഥ ക്രൈസ്തവർ എന്ന title ഇല്ലായെങ്കിൽ എന്തുഫലം? സത്യം പറയുന്ന, നന്മ പ്രവർത്തിക്കുന്ന, കുടുംബത്തിന്റെ എല്ലാ കാര്യങ്ങൾക്കും ദൈവത്തിന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്ന നല്ല ക്രൈസ്തവരാകാൻ നമുക്കാകട്ടെ. ആമ്മേൻ!