SUNDAY SERMON MT 5, 17-26

ദനഹാക്കാലം അഞ്ചാം ഞായർ

പുറപ്പാട് 20, 1 -17

എസെക്കിയേൽ 11, 14-21

കൊളോസോസ് 3, 5-14

മത്തായി 5, 17-26

സന്ദേശം

Anger Leads to Suffering (Matthew 5:21-26) — East Shore Baptist Church

വീണ്ടും കോവിഡിന്റെ ഭീതിയിലായിരിക്കുകയാണ് ലോകം. യുക്രെയ്‌നിൽനിന്ന് യുദ്ധത്തിന്റെ വാർത്തകളും വരുന്നുണ്ട്. സഭൈക്യവാര പ്രാർത്ഥന കഴിഞ്ഞെങ്കിലും അനൈക്യത്തിന്റെ അന്തരീക്ഷത്തിലാണ് നാം കഴിയുന്നത്. സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയായതുകൊണ്ടാണോ എന്നെനിക്കറിയില്ല, ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ക്രൈസ്തവരായ നാം പുലർത്തേണ്ട സ്നേഹത്തിന്റെ, രമ്യതയുടെ, ഐക്യത്തിന്റെ സന്ദേശമാണ് നമ്മോട് പറയുന്നത്. ക്രിസ്തു ഈ ലോകത്തിൽ വന്നത് നമ്മുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ, രമ്യതയുടെ സുവർണ നിയമം ആലേഖനം ചെയ്യാനാണ്. വെറും പുസ്തകത്താളുകളിൽ നിന്ന് പഠിക്കുന്ന നിയമമല്ല, ഹൃദയത്തിൽ നിന്നുയരുന്ന സ്നേഹത്തിന്റെ രമ്യതയുടെ നിയമമാണ് നമ്മെ യഥാർത്ഥ ക്രൈസ്തവരാക്കുന്നത് എന്നാണ് ഇന്നത്തെ സുവിശേഷം പ്രഘോഷിക്കുന്നത്.

വ്യാഖ്യാനം

വളരെ വ്യത്യസ്തവും എന്നാൽ വ്യക്തവുമായ ദൗത്യവുമായിട്ടാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. ഈശോയുടെ shജീവിതം വ്യത്യസ്തമായിരുന്നു; ജീവിതശൈലി വിഭിന്നമായിരുന്നു. മാത്രമല്ല, മനുഷ്യ നിർമ്മിതങ്ങളായ പല നിയമങ്ങളോടും അവിടുന്ന് വൈമുഖ്യം കാണിക്കുകയും ചെയ്തു. അക്കാരണത്താൽ തന്നെ നിയമങ്ങളെ നശിപ്പിക്കുവാൻ വന്നിരിക്കുന്നവനാണെന്ന ആരോപണവും ഈശോയ്ക്ക്മേൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ്, തന്റെ ചുറ്റും കൂടിയ ജനത്തോട് ഈശോ വളരെ വ്യക്തമായി പറയുന്നത്, ‘നിയമത്തെയും, പ്രവാചകന്മാരെയും നശിപ്പിക്കുവാനല്ല പൂർത്തിയാക്കുവാനാണ്’ താൻ വന്നിരിക്കുന്നത് എന്ന്. 

ക്രൈസ്തവ സഹോദരരേ, മനസിലാക്കുക, ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് നിയമത്തെയും പ്രവാചകന്മാരെയും നശിപ്പിക്കുവാനല്ല പൂർത്തീകരിക്കുവാനാണ്. അവിടുന്നാണ് നിയമത്തിന്റെയും, പ്രവാചകന്മാരുടെയും പൂർത്തീകരണം, Fulfillment, ഗ്രീക്ക് ഭാഷയിൽ Pleroma! എന്താണ് ഇവിടെ നിയമംകൊണ്ട് വിവക്ഷിക്കുന്നത്? പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളാണ് നിയമങ്ങൾ – ഉത്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമവാർത്തനം. എന്താണ് പ്രവാചകന്മാർ? പഴയനിയമത്തിലെ വലുതും ചെറുതുമായ പ്രവാചക ഗ്രന്ഥങ്ങൾ. (Major and Minor Prophetical Books)

ഈ വിശുദ്ധ പുസ്തകങ്ങളിലെ ദൈവിക നിയമങ്ങളെയും, പ്രവചനങ്ങളെയും നശിപ്പിക്കുവാനല്ല, അവയെ മാറ്റിമറിക്കാനല്ല, അവ ഉപയോഗശൂന്യങ്ങളാണ് എന്ന് പ്രഖ്യാപിക്കനല്ല ക്രിസ്തു വന്നത്. ആ നിയമങ്ങൾ അനുസരിക്കുന്നവർ സ്വർഗ്ഗരാജ്യത്തിലെ വലിയവരാണ് എന്ന് പറയുവാനാണ്, ഒന്നാം വായനയിൽ കേട്ടപോലെ, കല്പനകൾ പാലിക്കുന്നവരോട് ആയിരം തലമുറകൾ വരെ ദൈവം കരുണകാണിക്കും എന്ന് പറയുവാനാണ് ക്രിസ്തു ആഗ്രഹിച്ചത്. അവയ്‌ക്കെല്ലാമുപരി, ആ നിയമങ്ങളെയും പ്രവാചകരെയും പൂർത്തീകരിക്കുവാനാണ് താൻ വന്നിരിക്കുന്നത് എന്ന് പറയാനാണ് ഈശോ ആഗ്രഹിച്ചത്.  ഇതിനായി, പൂർത്തീകരണമെന്നോണം, സ്നേഹത്തിന്റെ, ഐക്യത്തിന്റെ, ഒരുമയുടെ, രമ്യതയുടെ പുതിയ നിയമം ഈശോ കൂട്ടിച്ചേർക്കുകയാണ്. ഈ നിയമമാകട്ടെ, പുസ്തകത്താളുകളിൽ എഴുതാനല്ല, കട്ടിളപ്പടിയിന്മേലും മേൽപ്പടിയിന്മേലും എഴുതാനല്ല, നെറ്റിയിലും കൈത്തണ്ടയിലും മാത്രം എഴുതാനല്ല, ക്രൈസ്തവ സ്ഥാപനങ്ങളുടെ ചുമരിന്മേലും, കെട്ടിത്തൂക്കുന്ന ഫ്ളക്സുകളിന്മേലും മാത്രം എഴുതാനല്ല ഈശോ ആഗ്രഹിച്ചത്. രണ്ടാം വായനയിൽ നിന്ന്, എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽ നിന്ന് വായിച്ചുകേട്ടതുപോലെ, ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ എഴുതുവാനാണ് ഈശോ ആഗ്രഹിച്ചത്. എന്താണ് എസക്കിയേൽ പ്രവാചകൻ പറയുന്നത്? അവർക്ക് ഞാൻ ഒരു പുതിയ ഹൃദയം നൽകും; ഒരു പുതിയ ചൈതന്യം അവരിൽ ഞാൻ നിക്ഷേപിക്കും. അവരുടെ ശരീരത്തിൽ നിന്ന് ശിലാഹൃദയം എടുത്തുമാറ്റി, ഒരു മാംസളഹൃദയം ഞാൻ കൊടുക്കും. അങ്ങനെ അവർ എന്റെ കല്പനകൾ അനുസരിച്ചു് ജീവിക്കുകയും, എന്റെ നിയമങ്ങൾ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യും. അപ്പോൾ അവർ എന്റെ ജനവും, ഞാൻ അവരുടെ ദൈവവുമായിരിക്കും.” (11, 19-20) സ്നേഹത്തിന്റെ, രമ്യതയുടെ ഈ പുതിയ നിയമത്തിന് മാത്രമേ, മനുഷ്യനും ദൈവവും തമ്മിലുള്ള രമ്യത സൃഷ്ടിക്കുവാൻ സാധിക്കൂ…മനുഷ്യനും മനുഷ്യനും തമ്മിലുള്ള രമ്യത സൃഷ്ടിക്കുവാൻ സാധിക്കൂ…മനുഷ്യനും പ്രകൃതിയും തമ്മിലുള്ള രമ്യത സൃഷ്ടിക്കുവാൻ സാധിക്കൂ..

 പ്രിയപ്പെട്ടവരേ, മനുഷ്യന്റെ ഹൃദയമിടിപ്പിന്റെ താളമായിരിക്കണം സ്നേഹത്തിന്റെ, രമ്യതയുടെ, അനുരഞ്ജനത്തിന്റെ ഈ പുതിയ നിയമം; മനുഷ്യന്റെ പ്രവർത്തനങ്ങളുടെ മാനദണ്ഡമായിരിക്കണം ഈ നിയമം; മനുഷ്യൻ ലോകത്തിലെ ബലിപീഠങ്ങളിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയുടെ അടിസ്ഥാനമായിരിക്കണം ഈ പുതിയ നിയമം; പഴയ നിയമ പ്രവാചക വചനങ്ങളുടെ പൂർത്തീകരണമായിരിക്കണം ഈ പുതിയ നിയമം എന്നാണ് ഈശോ പറയുവാൻ ആഗ്രഹിച്ചത്.

The Law of Unity | Peace Insights

നിയമത്തിന്റെ പൂർത്തീകരണമായി ഈശോ നൽകുന്ന സ്നേഹത്തിന്റെ, അനുരഞ്ജനത്തിന്റെ, രമ്യതയുടെ ഈ പുതിയ നിയമം ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിച്ചു നിൽക്കുന്നതാണ്. ദൈവത്തിന്റെ ഇഷ്ടത്തോട് ചേർന്ന് നിൽക്കാത്ത ഒരു ഹൃദയമാണ് നിന്റേതെങ്കിൽ സഹോദരീ, സഹോദരാ, എങ്ങനെയാണ് ദൈവവുമായി അനുരഞ്ജനത്തിൽ കഴിയുവാൻ നിനക്ക് സാധിക്കുക? നിന്റെ വ്യക്തി ജീവിതത്തിൽ, കുടുംബജീവിതത്തിൽ, ഇടവക, സമൂഹ ജീവിതത്തിൽ തൊട്ടതിനും പിടിച്ചതിനും, ദേഷ്യപ്പെടുന്നവളാണെങ്കിൽ ദേഷ്യപ്പെടുന്നവനാണെങ്കിൽ, രോഷാകുലയാകുന്നവളെങ്കിൽ, രോഷാകുലനാകുന്നവനാണെങ്കിൽ, നിനക്കെങ്ങനെ ദൈവവുമായി, സഹോദരരുമായി രമ്യതയിൽ ജീവിക്കുവാൻ സാധിക്കും? നീ നിന്റെ അഹന്ത നിറഞ്ഞ മനസ്സിന്റെ പ്രകടനമായി കള്ളാ കള്ളായെന്നും, ചതിയായെന്നും, വിഡ്ഢിയെന്നും, പിശാചെന്നുമൊക്കെ നിന്റെ സഹോദരരെ തൊള്ളകീറുമാറു ഉറക്കെ വിളിച്ചുകൂവുമ്പോൾ നിന്റെ ജീവിതത്തിൽ ദൈവവുമായി, സഹോദരരുമായി എങ്ങനെ രമ്യതയിൽ കഴിയുവാൻ നിനക്ക് പറ്റും? നിന്റെ മാതാപിതാക്കൾക്കെതിരായി, സഹോദരർക്കെതിരായി, നിന്റെ അധികാരികൾക്കെതിരെയായി, സഹോദരവൈദികനെതിരായി, സന്യാസ സഹോദരിക്കെതിരായി കേസിന് പോകാൻ ആഗ്രഹിക്കുമ്പോൾ തന്നെ അവരുമായി രമ്യതപ്പെടാതെ മുന്നോട്ട് പോയാൽ നിന്റെ ജീവിതത്തിൽ എങ്ങനെയാണ് ദൈവവുമായി, സഹോദരരുമായി നിനക്ക് രമ്യതയിൽ ജീവിക്കുവാൻ സാധിക്കുക? തീർന്നില്ല.

നിന്റെ ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുർബാന അർപ്പിക്കുവാൻ ദേവാലയത്തിൽ ചെന്ന് നിൽക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് നീ ഓർത്താൽ, സഹോദരാ,  സഹോദരീ, നിന്റെ നിയോഗങ്ങളും, നിന്റെ പ്രാർത്ഥനകളും, നിന്റെ കണ്ണീരും, നിന്റെ നെടുവീർപ്പുകളും അവിടെ വച്ചിട്ട്, പോയി നീ രമ്യപ്പെടുക. പിന്നെ വന്ന് വിശുദ്ധ കുർബാന അർപ്പിക്കുക. ശരിയാണ്, അങ്ങനെയാകുമ്പോൾ, രാവിലെ 7 മണിക്ക് തന്നെ ബലിയർപ്പിക്കുവാൻ സാധിച്ചെന്നു വരില്ല. പള്ളിയിൽ വന്ന് മുട്ടുകുത്തി, കുരിശുവരച്ചു കഴിഞ്ഞ് തലയുയർത്തുമ്പോൾ, “ഞാൻ എല്ലാവരുമായി രമ്യതയിലാണോ കർത്താവേ” എന്ന് സ്വയം ചോദിക്കുമ്പോൾ തന്നെ പതിയെ നാം അവിടെനിന്ന് എഴുന്നേൽക്കും. കാരണം, അൾത്താരയിലെ ഭിന്നത, അനൈക്യം നമ്മുടെ ജീവിതത്തെ, നമ്മുടെ കുടുംബത്തെ, നമ്മുടെ ഇടവകയെ, നമ്മുടെ സഭയെ കത്തിച്ചു ചാമ്പലാക്കിക്കളയുന്ന അഗ്നിയാണ്.  അൾത്താരയിലെ ഭിന്നത, കുടുംബത്തിലെ ഭിന്നത, എല്ലാ ഭിന്നതകളും, അനൈക്യങ്ങളും നമ്മുടെ ജീവിതത്തെ, നമ്മുടെ കുടുംബത്തെ, നമ്മുടെ ഇടവകയെ, നമ്മുടെ സഭയെ നാം സ്വരുക്കൂട്ടിവച്ചിരിക്കുന്നവയെയെല്ലാം തട്ടിതരിപ്പണമാക്കുന്ന സുനാമിയാണ്. പലരുമായും, പലതുമായും നാം രമ്യതയിലല്ല പ്രിയപ്പെട്ടവരേ. ഭാര്യയോട്, ഭർത്താവിനോട്, മക്കളോട്, മാതാപിതാക്കളോട്, അയൽവക്കക്കാരോട്, ബഹുമാനപ്പെട്ട വികാരിയച്ചനോട് …. മാത്രമല്ല, ദേഷ്യം വന്നപ്പോൾ ആഞ്ഞു കൊട്ടിയടച്ച വാതിലിനോട്, എടുത്തെറിഞ്ഞ പാത്രത്തിനോട്,  വലിച്ചെറിഞ്ഞ പേനയോട് ….. പ്രിയപ്പെട്ടവരേ, രമ്യതപ്പെടേണ്ടിയിരിക്കുന്നു.

ഒരിക്കൽ ഒരു ബുദ്ധിസ്റ്റ് ഗുരു, റിൻസായ് (Rinzai) ഒരു മുറിയിൽ തന്റെ ശിഷ്യർക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയായിരുന്നു. അപ്പോൾ ഒരു മനുഷ്യൻ വാതിൽ ശക്തമായി തള്ളി തുറന്നുകൊണ്ട്, വീണ്ടും അത് കൊട്ടിയടച്ചുകൊണ്ടു, തന്റെ ഷൂസ് മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട്  മുറിയ്ക്കുള്ളിൽ പ്രവേശിച്ചു. ഇരിക്കുവാൻ നേരം അടുത്തുണ്ടായിരുന്ന സഹോദരനെ തള്ളിമാറ്റിക്കൊണ്ട് ഇരിപ്പുറപ്പിച്ചു. അദ്ദേഹം വളരെ ദേഷ്യത്തിലായിരുന്നു.

ഇതെല്ലം ശ്രദ്ധിച്ച ഗുരു അദ്ദേഹത്തോട് പറഞ്ഞു: സഹോദരാ, അവിടെയിരിക്കല്ലേ. ആദ്യം തന്നെ അടുത്തിരിക്കുന്ന സഹോദരനോട് ക്ഷമചോദിക്കൂപിന്നെ വാതിലിനോട് , പിന്നെ ഷൂസിനോട്

ഇതുകേട്ടപ്പോൾ അയാളുടെ ദേഷ്യം ഇരട്ടിയായി. അയാൾ പറഞ്ഞു: എന്താണ് നിങ്ങളീ പറയുന്നത്. വാതിലിനോട് ക്ഷമ ചോദിക്കുകയോ? ഷൂസ് എന്റേതാണ്. പിന്നെ, പയ്യനോട്..വയ്യ.

ഗുരു വളരെ ശാന്തനായി പറഞ്ഞു: “ആ വാതിൽ നിങ്ങളോട് എന്ത് ചെയ്തു? ഷൂസ്, ഈ സഹോദരൻ…ഇവർ താങ്കളോട് എന്താണ് ചെയ്തത്? ഇവരോട് ദേഷ്യപ്പെടാമെങ്കിൽ ക്ഷമയും ചോദിക്കാം. അനുരഞ്ജനപ്പെടാതെ, എങ്ങനെ താങ്കൾ എന്റെ വചനം കേൾക്കും, എങ്ങനെ പ്രാർത്ഥനകൾ നടത്തും? എങ്ങനെ ധ്യാനിക്കും?  ആദ്യം ക്ഷമ ചോദിക്കൂ..രമ്യതയിലാകൂ.. എന്നിട്ട് വന്നിരിക്കൂ.”

Rinzai school - Wikipedia

ഗുരു പറഞ്ഞതിന്റെ logic അയാൾക്ക് പിടികിട്ടി. “നിങ്ങൾക്ക് അവയോട് ദേഷ്യപ്പെടാമെങ്കിൽ ക്ഷമയും ചോദിക്കാം.” അയാൾ എഴുന്നേറ്റ് വാതിലിനോടും, സഹോദരനോടും, അദ്ദേഹത്തിന്റെ ഷൂസിനോടും ക്ഷമ ചോദിച്ചു. ആദ്ദേഹം ഗുരുവിന്റെ കാൽക്കൽ വീണപ്പ്പോൾ, ഗുരു പറഞ്ഞു, “രമ്യതയാണ്, അനുരഞ്ജനമാണ് ദൈവം, ദൈവാനുഭവം.”

സമാപനം

സ്നേഹമുള്ളവരേ, നിയമങ്ങളുടെ, പ്രവചനങ്ങളുടെ പൂർത്തീകരണമാണ് ക്രിസ്തു. അവിടുന്ന് ഇവയെ പൂർത്തീകരിച്ചത് സ്നേഹത്തിന്റെ, രമ്യതയുടെ, ഐക്യത്തിന്റെ, അനുരഞ്ജനത്തിന്റെ പുതിയ നിയമം അവയോട് കൂട്ടിച്ചേർത്തുകൊണ്ടാണ്. ലേഖനത്തിൽ വായിച്ചു കേട്ടതുപോലെ, പഴയ മനുഷ്യനെ നമുക്ക് ദൂരെയെറിയാം. അഹന്ത വെടിഞ്ഞ്, കരുണ, ദയ,വിനയം എന്നിവ ധരിക്കുവിൻ. സഹോദരങ്ങളുമായി

Brotherhood Royalty Free Vector Image - VectorStock

നമുക്ക് രമ്യതപ്പെടാം. എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂർണമായ ഐക്യത്തിൽ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിൻ. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ, നമ്മുടെ ഭവനങ്ങളെ ഭരിക്കട്ടെ. ആമേൻ! 

SUNDAY SERMON JN 4, 1-26

ദനഹാക്കാലം നാലാം ഞായർ

ഉത്പത്തി 29, 1 -14

2 രാജാ 17, 24-28

ഹെബ്രാ 6, 1-12

യോഹ 4, 1, 26

സീറോ മലബാർ സഭയുടെ മുപ്പതാമത്‌ സിനഡിന്റെ ആദ്യ സമ്മേളനത്തിന്റെ ചർച്ചാവിഷയങ്ങളും സിനഡ് എടുത്ത തീരുമാനങ്ങളൂം, സിനഡിന്റെ നിർദ്ദേശങ്ങളും വായിച്ചു കേട്ടതോടൊപ്പം, ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ സന്ദേശം വളരെ ചുരുക്കമായി നമുക്കൊന്ന്  വിചിന്തനം ചെയ്യാം.

ഈശോ, “മിശിഹാ” ആണെന്ന് വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും വെളിപ്പെടുന്ന ദനഹാക്കാലത്തിന്റെ ചൈതന്യവുമായി നിൽക്കുന്ന നമ്മോട്, ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ തന്നെ, താൻ “മിശിഹാ” ആണെന്ന് വെളിപ്പെടുത്തുകയാണ്. ശമരിയക്കാരി സ്ത്രീ, “മിശിഹാ-ക്രിസ്തു വരുമെന്ന് എനിക്കറിയാം. അവൻ വരുമ്പോൾ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും” എന്ന് പറഞ്ഞപ്പോൾ ഈശോ പറയുകയാണ്: “നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെയാണ് അവൻ.” മിശിഹാ ആവിഷ്കാരം, ദനഹാ സംഭവിക്കുകയാണ് ഇവിടെ. ഈശോ, “മിശിഹാ” യാണെന്നും, ലോക രക്ഷയ്ക്കായി, മനുഷ്യ രക്ഷയ്ക്കായി “ദൈവത്തിന്റെ ദാനം” നൽകുവാൻ വന്നവനാണെന്നും, ആ ദാനം സ്വീകരിക്കുവാൻ മനുഷ്യൻ ഒരുങ്ങണമെന്നുമാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. 

സമരിയായിൽ, യാക്കോബ് തന്റെ മകൻ ജോസഫിന് നൽകിയ വയലിന്  അടുത്തുള്ള പട്ടണമായ സിക്കാറിലുള്ള യാക്കോബിന്റെ കിണറ്റിൻ കരയിൽ വച്ചാണ് യേശുവും ശമരിയക്കാരി സ്ത്രീയും തമ്മിലുള്ള  കൂടിക്കാഴ്ച്ച നടക്കുന്നത്. ചരിത്രപരമായി   പൂർവപിതാവായ യാക്കോബ് അവിടെയുള്ള, അതിലേ കടന്നുപോകുന്ന ജനങ്ങൾക്കും, ആടുമാടുകൾക്കും  വെള്ളം കുടിക്കുവാൻ വേണ്ടി സ്ഥാപിച്ചതാണ് ഈ കിണർ.

മറ്റൊരു തലത്തിൽ ചിന്തിച്ചാൽ, യാക്കോബിന്റെ കിണർ ഒരു പ്രതീകമാണ്. ഇത് പാരമ്പര്യത്തിന്റെ  കിണറാണ്; പഴയനിയമങ്ങളുടെ കിണറാണ്; ഐതിഹ്യങ്ങളുടെ കിണറാണ്. ആചാരാനുഷ്ഠാനങ്ങളുടെ കിണറാണ്. ഈ കിണറിലേക്ക്, കിണറ്റിൻ കരയിലേക്ക് ധാരാളം ആളുകൾ വരും.  വെള്ളം കുടിക്കും. പക്ഷേ, വീണ്ടും ദാഹിക്കും.

എന്നാൽ, ജീവജലത്തിന്റെ ഉറവ ക്രിസ്തുവാണ്. ക്രിസ്തുവിൽ വരുന്നവർക്ക്, ക്രിസ്തുവിൽ നിന്ന് ദൈവത്തിന്റെ ദാനം സ്വീകരിക്കുന്നവർക്ക് ഒരിക്കലും ദാഹിക്കുകയില്ല. മറ്റൊരു വാക്കിൽ  പറഞ്ഞാൽ, സംതൃപ്തി ലഭിക്കും, സന്തോഷം ലഭിക്കും. ജീവിതത്തിൽ സംതൃപ്തി ലഭിക്കുവാൻ, സന്തോഷം ലഭിക്കുവാൻ മനുഷ്യൻ ഇന്ന് നെട്ടോട്ടമോടുകയാണ്. ഒരു ധ്യാനകേന്ദ്രത്തിൽ നിന്ന് അടുത്ത ധ്യാനകേന്ദ്രത്തിലേക്ക്; ഒരു മാളിൽ നിന്ന് അടുത്ത മാളിലേക്ക്; കൈനോട്ടക്കാരന്റെ അടുക്കലേക്ക്, ലഹരിയിലേക്ക്, മദ്യപാനത്തിലേക്ക്, അധാർമിക മാർഗങ്ങളിലേക്ക് നിർത്താതെ ഓടുകയാണ്. എന്നിട്ടും സംതൃപ്തി ലഭിക്കാഞ്ഞിട്ട് മൊബൈൽ എടുത്ത് തോണ്ടലോട് തോണ്ടലാണ്. മനുഷ്യൻ ജീവിതത്തിൽ സംതൃപ്തി ലഭിക്കാതെ യഥാർത്ഥത്തിൽ അലയുകയാണ്.

മാത്രമല്ല, ജീവജലത്തിന്റെ, ദൈവദാനത്തിന്റെ ഉറവയായി ക്രിസ്തുവിനെ സ്വീകരിക്കുന്നവരും, ക്രിസ്തുവിൽ വിശ്വസിക്കുന്നവരും, ജീവജലത്തിന്റെ ഉറവയായ ക്രിസ്തുവിൽ നിന്ന്

Streams of living water | Revdhj's Weblog

   ജീവജലം നുകരുന്നവരും, കണ്ടുമുട്ടുന്നവർക്ക് ജീവജലം നല്കുന്നവരാകും, ജീവജലത്തിന്റെ അരുവികളാകും. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഏഴാം അദ്ധ്യായം 37 മുതലുള്ള വചനം പറയുന്നു: “തിരുനാളിന്റെ അവസാനത്തെ മഹദിനത്തിൽ യേശു എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി പറഞ്ഞു: “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൾ /അവൻ എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും.””

സ്നേഹമുള്ളവരേ, ദൈവദാനത്തിന്റെ, ജീവജലത്തിന്റെ അരുവികളാകുവാൻ ഇന്ന് ക്രിസ്തു നമ്മെ ക്ഷണിക്കുകയാണ്. ഇതിനായി, രണ്ട് കാര്യങ്ങളാണ് ഈശോ ആവശ്യപ്പെടുന്നത്. ഒന്ന്, നിന്റെ തിന്മയുടെ, അവിശ്വസ്തതയുടെ, ഉടലിന്റെ കാമനകളുടെ, അഹങ്കാരത്തിന്റെ, ധാർഷ്ട്യത്തിന്റെ പഴയജീവിതം ഉപേക്ഷിക്കണം. എന്നിട്ട്, രണ്ട്, ദൈവത്തിന്റെ യഥാർത്ഥ ആരാധകരാകണം. ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നവരാകണം. അപ്പോൾ മാത്രമേ, ജീവിതത്തിൽ സംതൃപ്തി ലഭിക്കുകയുള്ളു. ഈ ലോകത്തിന്റേതായ ഒന്നിനും, സാമ്പത്തിനോ, സ്വർണത്തിനോ, കോടികൾ മുടക്കി പണിയുന്ന വീടുകൾക്കോ, ആഡംബരകാറുകൾക്കോ, വർണശബളമായ വസ്ത്രങ്ങൾക്കോ ഒന്നിനും നമുക്ക് സംതൃപ്തി നൽകുവാൻ സാധിക്കുകയില്ല.

സ്നേഹമുള്ളവരേ, ക്രിസ്തുവാകുന്ന, ക്രിസ്തു സ്നേഹമാകുന്ന കിണറിൽ നിന്ന് വെള്ളം കുടിക്കുക. ക്രിസ്തുവിന്റെ കാരുണ്യമാകുന്ന, നന്മയാകുന്ന കിണറിൽ നിന്ന് നുകരുക. നമ്മുടെ ജീവിതം, ജീവിത പ്രവർത്തികൾ ക്രിസ്തുവിൽ നിന്ന് ആരംഭിക്കട്ടെ, ക്രിസ്തുവിൽ നിലനിൽക്കട്ടെ. അപ്പോൾ നമ്മുടെ ജീവിതം ക്രിസ്തുവിന്റെ സംതൃപ്തിയിൽ നിറയും. 

ഒരു ടെലിഫോൺ അഭിമുഖത്തിൽ നൈജീരിയൻ കോടീശ്വരൻ ഫെമി ഒട്ടേഡോളയോട് റേഡിയോ അവതാരകൻ ചോദിച്ചു, “സർ, ജീവിതത്തിൽ നിങ്ങൾക്ക് ഏറ്റവും   സന്തോഷം, സംതൃപ്തി   നൽകിയത് എന്താണെന്ന് നിങ്ങൾക്ക് ഓർമ്മിക്കാമോ?”  ഫെമി പറഞ്ഞു:  “ഞാൻ ജീവിതത്തിൽ സന്തോഷത്തിന്റെ, സംതൃപ്തിയുടെ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയി, ഒടുവിൽ യഥാർത്ഥ സന്തോഷത്തിന്റെ, സംതൃപ്തിയുടെ അർത്ഥം ഞാൻ മനസ്സിലാക്കിയത് മറ്റൊന്നിലൂടെ ആയിരുന്നു.”

Femi Otedola Biography, Femi Otedola Net Worth And Forte Oil

 സമ്പത്തും സുഖ സൗകര്യങ്ങളും  സ്വരൂപിക്കലായിരുന്നു ആദ്യഘട്ടം.  പക്ഷേ ഈ ഘട്ടത്തിൽ ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല.  തുടർന്ന് വിലപിടിപ്പുള്ള വസ്തുക്കൾ ശേഖരിക്കുന്നതിന്റെ രണ്ടാം ഘട്ടമായി.  എന്നാൽ, വിലപ്പെട്ട വസ്തുക്കളുടെ തിളക്കം അധികനാൾ നിലനിൽക്കില്ലെന്ന്  ഞാൻ മനസ്സിലാക്കി. പിന്നീട് വലിയ പ്രോജക്ടുകൾ നേടുന്നതിന്റെ മൂന്നാം ഘട്ടമായി.  നൈജീരിയയിലും ആഫ്രിക്കയിലും ഡീസൽ വിതരണത്തിന്റെ 95% ഞാൻ കൈവശം വച്ചിരിക്കുമ്പോഴായിരുന്നു അത്.  ആഫ്രിക്കയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കപ്പൽ ഉടമയും ഞാനായിരുന്നു.  പക്ഷെ ഇവിടെയും ഞാൻ വിചാരിച്ച സന്തോഷം, സംതൃപ്തി  കിട്ടിയില്ല.

വികലാംഗരായ ചില കുട്ടികൾക്ക് വീൽചെയർ വാങ്ങാൻ എന്റെ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ട സമയമായിരുന്നു നാലാമത്തെ ഘട്ടം.  ഏകദേശം 200 കുട്ടികൾ മാത്രം.  സുഹൃത്തിന്റെ അഭ്യർത്ഥന മാനിച്ച് ഞാൻ ഉടൻ തന്നെ വീൽചെയറുകൾ വാങ്ങി.  പക്ഷേ, ഞാൻ അവന്റെ കൂടെ പോയി വീൽചെയറുകൾ കുട്ടികൾക്ക് കൈമാറണമെന്ന് സുഹൃത്ത് നിർബന്ധിച്ചു.  ഞാൻ റെഡിയായി അവന്റെ കൂടെ പോയി.  അവിടെ വെച്ച് ഞാൻ ഈ വീൽ ചെയറുകൾ എന്റെ സ്വന്തം കൈകൊണ്ട് ഈ കുട്ടികൾക്ക് നൽകി.  ഈ കുട്ടികളുടെ മുഖത്ത് സന്തോഷത്തിന്റെ വിചിത്രമായ തിളക്കം ഞാൻ കണ്ടു.  അവരെല്ലാവരും വീൽചെയറിൽ ഇരുന്നു ചുറ്റിക്കറങ്ങുന്നതും രസിക്കുന്നതും ഞാൻ കണ്ടു.

 അവർ ഒരു പിക്‌നിക് സ്‌പോട്ടിൽ എത്തിയതുപോലെയായിരുന്നു, അവിടെ അവർ വിജയിച്ച ഒരു മത്സരം പങ്കിടുന്നപോലെ ആഘോഷിക്കുന്നു.  എന്റെ ഉള്ളിൽ യഥാർത്ഥ സന്തോഷം തോന്നി.  ഒരു സംതൃപ്തി എന്നിലൂടെ കടന്നുപോയി. ഞാൻ പോകാൻ തീരുമാനിച്ചപ്പോൾ കുട്ടികളിൽ ഒരാൾ എന്റെ കാലിൽ പിടിച്ചു.  ഞാൻ മെല്ലെ എന്റെ കാലുകൾ വിടുവിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി എന്റെ മുഖത്തേക്ക് നോക്കി എന്റെ കാലുകൾ മുറുകെ പിടിച്ചു.

 ഞാൻ കുനിഞ്ഞ് കുട്ടിയോട് ചോദിച്ചു: നിനക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ?

 ഈ കുട്ടി എനിക്ക് നൽകിയ ഉത്തരം എന്നെ സന്തോഷിപ്പിക്കുക മാത്രമല്ല ജീവിതത്തോടുള്ള എന്റെ മനോഭാവം പൂർണ്ണമായും മാറ്റിമറിക്കുകയും ചെയ്തു.  ഈ കുട്ടി പറഞ്ഞു:  “എനിക്ക് നിങ്ങളുടെ മുഖം വീണ്ടും ഓർമ്മിക്കാൻ ആഗ്രഹമുണ്ട്, അങ്ങനെ ഞാൻ നിങ്ങളെ സ്വർഗ്ഗത്തിൽ കണ്ടുമുട്ടുമ്പോൾ, എനിക്ക് നിങ്ങളെ തിരിച്ചറിയാനും ഒരിക്കൽ കൂടി നന്ദി പറയാനും കഴിയും.” ഞാൻ ജീവിതസംതൃപ്തി അനുഭവിച്ച നിമിഷമായിരുന്നു അത്.

പ്രിയപ്പെട്ടവരേ

Living Water (Jesus and the Samaritan Woman)

, ക്രിസ്തുവാകുന്ന ജീവന്റെ ഉറവയിൽ നിന്ന് ദൈവത്തിന്റെ ദാനം സ്വീകരിക്കുക. ക്രിസ്തുവാകുന്ന ഉറവയിൽ നിന്ന് നിങ്ങളുടെ പ്രവർത്തികൾ ചെയ്യുക. അപ്പോൾ, നിങ്ങൾക്ക് വീണ്ടും  ദാഹിക്കുകയില്ല. ജീവിത സന്തോഷത്തിന്റെ, സംതൃപ്തിയുടെ അരുവികളായി നിങ്ങൾ  മാറും. അതിനായി, ഈ ദിവ്യബലി നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON MK 3, 7-19

ദനഹാക്കാലം മൂന്നാം ഞായർ

നിയമ 31, 1-8

ഏശയ്യാ 41, 8-16

ഫിലി 3, 4-16

മർക്കോ 3, 7-19

സന്ദേശം

A Multitude by the Sea Mark 3:7-12 7 Jesus withdrew with his disciples to  the sea

കോവിഡ് 19 ന്റെ മൂന്നാം തരംഗം ഡെൽറ്റായായും, ഒമൈക്രോൺ ആയും, ലോകം മുഴുവനും പടരുകയാണ്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭാഗികമായി പ്രവർത്തിക്കുകയും, സാമൂഹ്യജീവിതത്തിൽ നിയന്ത്രണങ്ങൾ വരികയും ചെയ്യുമ്പോൾ മനസ്സ് നിറയെ ആശങ്കയും ഭയവുമാണ്. എങ്കിലും, “നമുക്കെതിരേ വരുന്ന ശത്രുക്കളെയും, ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ട് തറപറ്റിക്കുവാൻ കഴിയുന്ന സർവ്വ ശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ” എന്ന് പറഞ്ഞ മക്കബേയൂസിനെപ്പോലെ, (2 മക്കബായർ 8, 18) നമ്മുടെ രക്ഷകനായ ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ടാണ്, ക്രിസ്തുവിൽ  ആശ്രയിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത്, ഈ ദേവാലയത്തിൽ ഇപ്പോൾ ആയിരിക്കുന്നത്, ബലിയർപ്പിക്കുന്നത്. ഈ പ്രത്യാശയോടെ, ഇന്ന് വായിച്ചുകേട്ട സുവിശേഷം നമുക്ക് വിചിന്തനം ചെയ്യാം.

ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും, പ്രത്യേകിച്ച് മഹാമാരി പോലുള്ള ദുരിത കാലങ്ങളിൽ ഒരു ക്രൈസ്തവൻ ആരായിരിക്കണം, എന്തായിരിക്കണം എന്നാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മോട് പറയുന്നത്. സന്ദേശം ഇതാണ്: ദൈവമായ, ദൈവപുത്രനായ ക്രിസ്തു ഓരോ ക്രൈസ്തവനെയും തന്റെ ശിഷ്യത്വത്തിലേക്ക് വിളിക്കുന്നത്, ക്രിസ്തുവിന്റെ highly effective instruments ആകുവാനാണ്.

വ്യാഖ്യാനം

നമുക്കറിയാവുന്നതുപോലെ, AD 65 നും 70 നും ഇടയ്ക്ക് റോമിൽ വച്ച് റോമായിലെ ക്രൈസ്തവർക്കുവേണ്ടിയാണ് വിശുദ്ധ മർക്കോസ് സുവിശേഷം എഴുതുന്നത്. സുവിശേഷത്തിന്റെ, പ്രത്യേകിച്ച് ആദ്യഭാഗത്തിന്റെ മുഖ്യപ്രമേയം യേശുക്രിസ്തു ദൈവപുത്രനാണെന്ന ആദിമസഭയുടെ വിശ്വാസം റോമിലെ ക്രൈസ്തവരെ പഠിപ്പിക്കുക എന്നതാണ്. വിശുദ്ധ മർക്കോസ് സുവിശേഷം തുടങ്ങുന്നത് തന്നെ ഈ ലക്‌ഷ്യം അവതരിപ്പിച്ചുകൊണ്ടാണ്: “ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.” (മർക്കോ 1, 1) ഇന്നത്തെ സുവിശേഷഭാഗത്താകട്ടെ ദൈവപുത്രനായ യേശുക്രിസ്തു തന്റെ സുവിശേഷം തുടർന്നും, ലോകത്തിന്റെ അതിർത്തികൾ വരെ, ലോകാവസാനത്തോളം പ്രഘോഷിക്കപ്പെടുവാൻ ശിഷ്യന്മാരെ തിരഞ്ഞെടുക്കുകയാണ്.

ഈ പ്രവർത്തിക്ക് വളരെ മനോഹരമായ ഒരു ആമുഖം വിശുദ്ധ മർക്കോസ് എഴുതിച്ചേർക്കുന്നുണ്ട്. ക്രിസ്തുവിനെ ഒരു Super Hero ആയി മർക്കോസ് അവതരിപ്പിക്കുകയാണ്. പരസ്യ ജീവിതത്തിന്റെ ആരംഭം മുതലേ അത്ഭുതങ്ങൾ ചെയ്തും, രോഗികളെ സുഖപ്പെടുത്തിയും, വേദനിക്കുന്നവരെ ആശ്വസിപ്പിച്ചും ജനത്തിനിടയിലായിരുന്ന ക്രിസ്തുവിന് ജനമനസ്സിൽ വലിയ സ്ഥാനമുണ്ടായിരുന്നു. എപ്പോഴും വലിയൊരു ജനക്കൂട്ടം ഈശോയെ അനുഗമിക്കുകയാണ്. എവിടെനിന്നൊക്കെ? ഗലീലിയയിൽ നിന്ന്, യൂദാ, ജെറുസലേം എന്നിവിടങ്ങളിൽ നിന്ന്, ജോർദ്ദാന്റെ മറുകര നിന്ന്, ടയിർ, സീദോൻ പരിസരങ്ങളിൽ നിന്ന്. എന്നുവച്ചാൽ, ഇസ്രയേലിന്റെ എല്ലാ ഭാഗത്തും നിന്ന് ഈശോയുടെ പ്രവർത്തികളെക്കുറിച്ചു കേട്ട് ജനം അവിടുത്തെ കാണാൻ വന്നെത്തുന്നു.  ഒരു ചുവട് മുന്നോട്ട് വയ്ക്കുവാൻ കഴിയാത്തവിധം ആൾത്തിരക്കാണ്. ക്രിസ്തു വചനം പ്രഘോഷിക്കുന്നു, രോഗികളെ സുഖപ്പെടുത്തുന്നു, അശുദ്ധാത്മാക്കളെ പുറത്താക്കുന്നു. പുറത്താകുന്ന അശുദ്ധാത്മാക്കൾ ഈശോയെ ദൈവപുത്രനെന്ന് പ്രഘോഷിക്കുന്നു. അശുദ്ധാത്മാക്കൾ ഈശോയുടെ ദൈവത്വം വെളിപ്പെടുത്തുന്നത് കണ്ട് ജനം മുഴുവൻ കണ്ണുമിഴിച്ച് നിൽക്കുകയാണ്. അവരെല്ലാവരും മനസ്സിൽ ഉറപ്പിച്ചു: അതെ ഇവൻ തന്നെ മിശിഹാ!!

ഇത്രയുമായപ്പോഴേക്കും, ഈശോ മലമുകളിലേക്ക് കയറുകയാണ്. മലമുകൾ എല്ലാ മത പാരമ്പര്യത്തിലും ചേതോഹരമായ ഒരു പ്രതീകമാണ്. ദൈവത്തിന്റെ, ദൈവ സാന്നിധ്യത്തിന്റെ, ദൈവമഹത്വത്തിന്റെ ശ്രേഷ്ഠമായ പ്രതീകം. യേശുക്രിസ്തു ദൈവപുത്രനായിക്കൊണ്ട്, ആ ദൈവമഹത്വത്തിൽ നിന്നുകൊണ്ട് തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്ക് വിളിച്ചു. എന്തിനുവേണ്ടി? To be his instruments! ക്രിസ്തു തന്റെ ദൈവരാജ്യപ്രഘോഷണത്തിന്റെ, ദൈവരാജ്യ സംസ്ഥാപനത്തിന്റെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി വ്യക്തികളെ, highly effective instruments കളെ അന്വേഷിക്കുകയാണ്. അവർ എന്താണ് ചെയ്യേണ്ടത്? ക്രിസ്തുവിനോടുകൂടി ആയിരിക്കണം. ക്രിസ്തുവിന്റെ വചനം പ്രഘോഷിക്കണം. ക്രിസ്തുവിന്റെ, പിശാചുക്കളെ ബഹിഷ്കരിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യണം… – ക്രിസ്തുവിന്റെ വിളികേട്ട് അവിടുത്തെ സമീപത്തേക്ക് ചെന്നവരെ ക്രിസ്തു നിയോഗിക്കുകയാണ്, തന്റെ highly effective instruments ആയി ക്രിസ്തു അവരെ സ്വീകരിക്കുകയാണ്.

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ ശിഷ്യത്വത്തിൽ ജീവിക്കുക എന്നതാണ് ക്രൈസ്തവജീവിതത്തിന്റെ കാതൽ. നാമോരോരുത്തരും ക്രിസ്തുവിന് ഇഷ്ടമുള്ളവരാണ്. നമ്മൾ അവിടുത്തേക്ക് വിലപ്പെട്ടവരും, ബഹുമാന്യരും, പ്രിയങ്കരരുമാണ്. (ഏശയ്യാ 43, 4) നാം പാവപ്പെട്ടവരോ, സമ്പന്നരോ ആരായിരുന്നാലും ക്രിസ്തുവിന് നമ്മെപ്പറ്റി കരുതലുണ്ട്. (സങ്കീ 40, 17) ക്രിസ്തുവിന് നമ്മെക്കുറിച്ച് വിചാരമുണ്ടെന്ന് മാത്രമല്ല, അവിടുന്ന് ഇപ്പോഴും നമ്മെ അനുഗ്രഹിക്കുന്നുണ്ട്. (സങ്കീ 115, 12) ക്രിസ്തുവിന്റെ മുൻപാകെ സ്നേഹത്തിൽ പരിശുദ്ധരും, നിഷ്കളങ്കരുമായിരിക്കുവാൻ ലോകസ്ഥാപനത്തിന് മുൻപ് തന്നെ തിരഞ്ഞെടുക്കപ്പെട്ടവരാണ് നാം. (എഫേ 1, 4) ഇത് നാമോരോരുത്തരും ക്രിസ്തുവിന്റെ മഹത്വത്തിനും സ്തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്. (എഫേ 1, 12) ഇന്നത്തെ സുവിശേഷത്തിന്റെ വെളിച്ചത്തിൽ പറഞ്ഞാൽ, ക്രിസ്തുവിന്റെ highly effective Instruments ആകുവാനായിട്ടാണ് അവിടുന്ന് നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത്, നാം ക്രൈസ്തവരായിരിക്കുന്നത്. 

ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ പുത്രിയാണ്, പുത്രനാണ്. ഓരോ നിമിഷവും അവിടുന്ന് നമ്മെ വിളിക്കുന്നുണ്ട്, അവിടുത്തെ നല്ല ഉപകരണങ്ങളാകുവാൻ. നമ്മുടെ വ്യക്തി ജീവിതത്തിലൂടെ, കുടുംബജീവിതത്തിലൂടെ, സന്യാസ പൗരോഹിത്യ ജീവിതങ്ങളിലൂടെ ക്രിസ്തുവിന്റെ കയ്യിലെ ഉപകരണങ്ങളാകുവാൻ അവിടുന്ന് നമ്മെ വിളിക്കുകയാണ്. ജീവിതാന്തസ്സിന്റെ പ്രത്യേകത അനുസരിച്ച് നാമാകുന്ന ഉപകരണങ്ങൾക്കും വ്യത്യാസമുണ്ടാകും എന്നുമാത്രം.  വിശുദ്ധഗ്രന്ഥം ദൈവത്തിന്റെ വിളിയുടെ കഥകളാണ് നമ്മോട് പറയുന്നത്. ദൈവത്തിന്റെ കയ്യിലെ effective ഉപകാരണങ്ങളാകുവാൻ വേണ്ടി മനുഷ്യനെ വിളിക്കുന്ന കഥകളാണ് ബൈബിളിൽ നാം കാണുന്നത്. ഇന്നും ഈശോ വിളിക്കുന്നുണ്ട്. അബ്രഹാമിനെപ്പോലെ ഭൂമിയിൽ അനുഗ്രഹമാകുവാൻ, an Instrument of the blessing of God ആകുവാൻ അവിടുന്ന് നമ്മെ വിളിക്കുന്നുണ്ട്. ആബേലിനെപ്പോലെ, മെൽക്കിസദേക്കിനെപ്പോലെ ദൈവത്തിന് വിശുദ്ധിയോടെ, വിശ്വാസത്തോടെ, അനുസരണത്തോടെ ബലിയർപ്പിക്കുവാൻ ദൈവത്തിന് effective, holy Instruments ആവശ്യമുണ്ട്. മോസസ്സിനെപ്പോലെ, ജോഷ്വായെപ്പോലെ നാം കണ്ടുമുട്ടുന്ന എല്ലാവരെയും സമൃദ്ധിയിലേക്ക്, സമാധാനത്തിലേക്ക്, സന്തോഷത്തിലേക്ക് നയിക്കുവാൻ ക്രിസ്തു നമ്മെ വിളിക്കുന്നുണ്ട്. സോളമൻ രാജാവിനെപ്പോലെ മനുഷ്യ ഹൃദയങ്ങളെ ദേവാലയങ്ങളാക്കുവാൻ, മനുഷ്യ ഹൃദയങ്ങളിൽ ദേവാലയം പണിയുവാൻ സ്നേഹമുള്ള സഹോദരീ, സഹോദരാ, ക്രിസ്തുവിന് നിന്നെ ആവശ്യമുണ്ട്. ഏലിയാ പ്രവാചകനെപ്പോലെ ദൈവത്തിന്റെ സംസ്കാരം പടുത്തുയർത്തുവാൻ ക്രിസ്തുവിന് നമ്മെ ആവശ്യമുണ്ട്.  പരിശുദ്ധ അമ്മയെപ്പോലെ ക്രിസ്തുവിനെ ഈ ലോകത്തിന് പ്രദാനം ചെയ്യുവാൻ ഈശോ നിന്നെ വിളിക്കുന്നുണ്ട്. ക്രിസ്തുവിന്റെ ശിഷ്യരെപ്പോലെ ലോകം മുഴുവനും ദൈവരാജ്യത്തിനായി ജീവൻ സമർപ്പിച്ചും പ്രവർത്തിക്കുവാൻ ക്രിസ്തു നമ്മെ വിളിക്കുന്നുണ്ട്. ക്രൈസ്തവന്റെ ജീവിതം ദൈവത്തിന്റെ വിളിയുടെ ജീവിതമാണ്; ദൈവത്തിന്റെ ദൗത്യം പൂർത്തിയാക്കുന്നതിന്റെ ജീവിതമാണ്; ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്നതിന്റെ, ജീവിക്കുന്നതിന്റെ ജീവിതമാണ്. ക്രിസ്തുവിന്റെ കയ്യിലെ effective instrument ആകുന്നതിന്റെ ജീവിതമാണ്.

വിശുദ്ധരുടെ ജീവിതത്തിന്റെ മനോഹാരിത അവർ ക്രിസ്തുവിന്റെ വിളി സ്വീകരിച്ച്, ക്രിസ്തുവിന്റെ കയ്യിലെ effective Instruments ആയിരുന്നു എന്നതാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിനെ ഓർക്കുന്നില്ലേ? അദ്ദേഹം പറഞ്ഞിരുന്നത്, ‘ഞാൻ ദൈവത്തിന്റെ കഴുതയാണ്; ഞാനാകുന്ന കഴുതപ്പുറത്തിരുന്ന് ഈശോ എത്ര വേണേലും സഞ്ചരിച്ചോട്ടെ എന്നാണ്. ഫ്രാൻസിസ് അസ്സീസിയാകുന്ന കഴുതപ്പുറത്തിരുന്ന് ഈശോ സഞ്ചരിച്ചില്ലേ പ്രിയപ്പെട്ടവരേ? ആ യാത്ര കണ്ടപ്പോൾ ലോകം പറഞ്ഞു, ദേ പോകുന്നു രണ്ടാമത്തെ ക്രിസ്തു എന്ന്. വിശുദ്ധ മദർ തെരേസാ എന്താണ് പറഞ്ഞത്? “ഞാൻ ദൈവത്തിന്റെ കയ്യിലെ ഒരു തൂലികയാകുന്നു. ഞാനാകുന്ന തൂലിക ഉപയോഗിച്ച് ഈശോ എഴുതിക്കോട്ടെ. കഴുത്തറപ്പൻ മത്സരവും, ലൗകിക തൃഷ്ണയുമായി നടക്കുന്ന ആധുനിക ലോകത്തിന്റെ ചുമരിൽ മദർ തെരേസയാകുന്ന തൂലിക ഉപയോഗിച്ച് ദൈവം കരുണയാകുന്നു എന്ന് ക്രിസ്തു എഴുതിയില്ലേ പ്രിയപ്പെട്ടവരേ?

873 Music Flute Nature Horizontal Stock Photos, Pictures & Royalty-Free  Images - iStock

ഭാരതത്തിന്റെ മഹാകവി രബീന്ദ്രനാഥ് ടാഗോർ പറഞ്ഞത്, ‘ഞാൻ ദൈവത്തിന്റെ കയ്യിലെ പുല്ലാങ്കുഴൽ ആണ്. ഞാനാകുന്ന പുല്ലാങ്കുഴലിലൂടെ ഈശ്വരൻ എപ്പോഴും പാടിക്കോട്ടെ’ എന്നാണ്. ടാഗോറാകുന്ന ഓടക്കുഴലുപയോഗിച്ച് സ്നേഹത്തിന്റെ, സമാധാനത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ എത്രയോ ഗാനങ്ങളാണ് ഈശ്വരൻ പാടിയത്!

ഈ ലോകത്തിലെ നമ്മുടെ ജീവിതം ധന്യമാക്കുവാൻ, മനോഹരമാക്കുവാൻ ഈശോ നമ്മെ എപ്പോഴും വിളിക്കുന്നുണ്ട്. നാം തയ്യാറാണെങ്കിൽ നമുക്ക് Excuses ഒന്നുമില്ലെങ്കിൽ തീർച്ചയായും അവിടുത്തെ ശിഷ്യരാകുവാൻ നമുക്ക് സാധിക്കും. ശിഷ്യരെ ഈശോ തിരഞ്ഞെടുത്തപ്പോൾ തോമാശ്ലീഹാ വിചാരിച്ചിരുന്നോ, താൻ ഭാരതത്തിൽ വന്ന് സുവിശേഷം പ്രസംഗിക്കുമെന്ന്, ക്രിസ്തുവിനായി മരിക്കുമെന്ന്? ഇല്ല. പക്ഷേ, ക്രിസ്തു നമ്മെ തന്റെ അടുത്തേക്ക് വിളിക്കുന്നു, നിയോഗിക്കുന്നു. എന്തിന്? എവിടെ? എപ്പോൾ? നമുക്കറിയില്ല. നല്ലൊരു കുടുംബനാഥയായി, കുടുംബനാഥനായി സന്യാസിയായി, പുരോഹിതനായി, ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ജീവിക്കുമ്പോൾ ആദ്യമായും അവസാനമായും ഓർക്കേണ്ടത്, ക്രിസ്തു എന്നെ വിളിക്കുന്നു. അവിടുന്ന് എന്നെ തിരഞ്ഞെടുക്കുന്നു. അവിടുത്തെ കയ്യിലെ effective instruments ആണ് ഞാൻ എന്നാണ്.

ഒരിക്കൽ ഒരു മനുഷ്യൻ തന്റെ ഗ്രാമത്തിലൂടെ നടക്കുകയായിരുന്നു. അപ്പോൾ, വഴിയരുകിൽ രണ്ട് ചിറകുകളുമില്ലാത്ത ഒരു കാക്കയെ കണ്ടു. അദ്ദേഹത്തിന് അതിനോട് വല്ലാത്ത അനുകമ്പ തോന്നി. “പാവം കാക്ക. ഇതെങ്ങനെ ജീവിക്കും? ഇതിന് എങ്ങനെ ആഹാരം കിട്ടും?” ഇങ്ങനെ ചിന്തിച്ചിരിക്കെ ആദ്ദേഹം കണ്ടു, അകലെ നിന്ന് ഒരു പരുന്തു വരുന്നതും, അതിന്റെ കൊക്കിലിരുന്ന മാംസക്കഷ്ണംകൊണ്ട് ആ കാക്കയെ തീറ്റുന്നതും. ഇതുകണ്ട് അദ്ദേഹം മനസ്സിൽ പറഞ്ഞു: “ഓ ഇങ്ങനെയാണ് ദൈവം തീറ്റിപ്പോറ്റുന്നത്. അവിടുന്ന് ആരെയെങ്കിലും അയയ്ക്കും, വിശക്കുന്നവരെ തീറ്റിപ്പോറ്റാനും, വിഷമിക്കുന്നവരെ സഹായിക്കുവാനും.”

സ്നേഹമുള്ളവരേ, നമ്മുടെ നല്ല വാക്കുകളിലൂടെ മാത്രം ആശ്വാസത്തിനായി കൊതിച്ച്  ധാരാളം വ്യക്തികൾ നമ്മുടെ അടുത്തും അകലെയുമായി ജീവിക്കുന്നുണ്ട്. അവർക്കുവേണ്ടി ക്രിസ്തുവിന്റെ ഉപകാരണമാകുവാൻ നീ തയ്യാറുണ്ടോ? നമ്മിലൂടെ നല്ല ജീവിതത്തിലേക്ക് വരുവാൻ, നമ്മിലൂടെ ക്രിസ്തുവിന്റെ കാരുണ്യം നേടുവാൻ ധാരാളം ആളുകൾ നമ്മുടെ അടുത്തും അകലെയുമായും ജീവിക്കുന്നുണ്ട്.അവർക്കുവേണ്ടി ക്രിസ്തുവിന്റെ ഉപകരണമാകുവാൻ നീ തയ്യാറുണ്ടോ? നിന്നിലൂടെ രക്ഷയ്ക്കപ്പെടുവാൻ ഒരു ജനത കാത്തു നിൽപ്പുണ്ട്. അവർക്കുവേണ്ടി ക്രിസ്തുവിന്റെ ഉപകാരണമാകുവാൻ നീ തയ്യാറുണ്ടോ?  

ക്രിസ്തുവിന്റെ ഒരു ഉപകരണമാകാൻ, നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവന്റെ മാതൃക പിന്തുടരാൻ നാം തയ്യാറായിരിക്കണം. സുവിശേഷം വായിക്കുക മാത്രമല്ല, അതനുസരിച്ച് ജീവിക്കുകയും വേണം. നമ്മുടെ മുഴുവൻ മനസ്സും ഹൃദയവും അവന്റെ വചനത്തിലേക്ക് നയിക്കണം. ക്രിസ്തുവിന്റെ ഉപകരണമാകുന്നതിന് നാം ക്രിസ്തുവിന്റെ ഹൃദയം സ്വന്തമാക്കണം. ഉദാരമനസ്കനായിരിക്കുക എന്നതിനർത്ഥം പണം നൽകണമെന്നല്ല, മറിച്ച് ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ ഇതുവരെയുള്ള നമ്മുടെ യാത്രയിൽ നിന്ന് നാം അനുഭവിച്ചതും പഠിച്ചതുമായ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കിടുക എന്നതാണ്.  തന്റെ മക്കളുടെ യാചനകൾ കേൾക്കാനും അവരെ സഹായിക്കാനും ദൈവം തന്നെ ഒരിക്കലും മടിക്കാത്തതുപോലെ മറ്റുള്ളവരെ സഹായിക്കാൻ നാം മടിക്കരുത്. ലളിതമായി പറഞ്ഞാൽ, ദയയും സഹായവും ദൈവത്തിന്റെ ഒരു ഉപകരണത്തിന്റെ പ്രധാന സവിശേഷതകളാണ്. അതിനാൽ, യഥാർത്ഥത്തിൽ ദൈവത്തിന്റെ ഉപകരണമായിത്തീരുന്നതിന്, മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും സന്നദ്ധതയുള്ള ഒരു ഹൃദയം നാം വികസിപ്പിക്കേണ്ടതുണ്ട്.

സമാപനം

ഒരു Emotional blackmailing ആണെന്ന് നിങ്ങൾ വിചാരിക്കരുത്. ഇതൊരു psaychological move ഉം അല്ല. സത്യമിതാണ്. ക്രിസ്തുവിന് നമ്മെ ആവശ്യമുണ്ട്. വെറും ഒരു Instrument ആയിട്ടല്ല. Highly effective Instrument ആയിട്ടുതന്നെ. അതിനായിട്ടാണ് അവിടുന്ന് നമ്മെ വിളിക്കുന്നത്, തിരഞ്ഞെടുക്കുന്നത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുവാൻ നമ്മുടേതല്ലാതെ ഒരു ഹൃദയം ക്രിസ്തുവിനില്ല. നന്മ ചെയ്യുവാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് കരങ്ങളില്ല. ഈ ലോകം മുഴുവൻ സഞ്ചരിക്കാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് കാലുകളില്ല. മറ്റുള്ളവരെ കരുണയോടെ നോക്കുവാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് കണ്ണുകളില്ല. മറ്റുള്ളവരെ കേൾക്കുവാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് കാതുകളില്ല. ആശ്വാസവാക്കുകൾ പറയുവാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് നാവില്ല.  ഇത് ഒരു Emotional blackmailing അല്ല.

Inspirational Bible Verses–God Make Me an Instrument | Darrell Creswell - A  Study of Christian Grace

ഈ ഞായറാഴ്ചത്തെ, വരും ദിവസങ്ങളിലെ നമ്മുടെ ചിന്ത ഇതായിരിക്കട്ടെ: “ഈശോയുടെ കയ്യിലെ എങ്ങനെയുള്ള ഉപകരണമാണ് ഞാൻ?” ആമേൻ!

SUNDAY SERMON JN 8, 21-30

ദനഹാക്കാലം രണ്ടാം ഞായർ

പുറ 3, 9-16

പ്രഭാ 18, 1-14

വെളി 1, 4-8

യോഹ 8, 21-30

സന്ദേശം

(സീറോ മലബാർ സഭയുടെ പുതിയ ആരാധനാക്രമ കലണ്ടർ അനുസരിച്ചുള്ള സുവിശേഷ ഭാഗമാണ് വിചിന്തനത്തിനായി എടുത്തിരിക്കുന്നത്.)

കഴിഞ്ഞ ജനുവരി ആറാം തിയതി വ്യാഴാഴ്ച്ച ഈശോയുടെ ദനഹാത്തിരുനാൾ തിരുസ്സഭ ആഘോഷിച്ചു. കേരളത്തിൽ പലയിടങ്ങളിൽ പലവിധ പേരുകളിൽ, പിണ്ടികുത്തിത്തിരു നാളായും രാക്കുളിതിരുനാളായുമൊക്കെ വലിയ പ്രാധാന്യത്തോടെ തന്നെ ക്രിസ്തുവിന്റെ ദനഹാ, ആവിഷ്കാരം നാം ആചരിക്കുകയുണ്ടായി. എന്നാൽ ക്രിസ്തുവിന്റെ ദൈവത്വം, ദൈവമഹത്വം പ്രപഞ്ചം മുഴുവനിലും, മനുഷ്യനിലും നിറഞ്ഞു നിന്നിട്ടും, ക്രിസ്തു യഥാർത്ഥത്തിൽ ആരാണ് എന്ന് ക്രൈസ്തവർ പോലും ശരിയായി മനസ്സിലാക്കിയിട്ടില്ല. രണ്ടായിരം വർഷങ്ങൾക്കേറെ മുൻപ് നസ്രത്തിൽ ജീവിച്ചു കടന്നു പോയ യേശു എന്ന ചെറുപ്പക്കാരൻ ആരാണ് എന്ന ചോദ്യം, കേവലം ഒരു തച്ചന്റെ മകൻ മാത്രമായിരുന്നോ, അതോ ദൈവപുത്രനായിരുന്നോ എന്ന ചോദ്യം ഇന്നും പലകേന്ദ്രങ്ങളിൽ നിന്ന് പല രീതിയിൽ ഉയരുന്നുണ്ട്. അതിന് ഉത്തരം നൽകാൻ പലരും ശ്രമിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ ആരാധനാക്രമത്തിലെ ദനഹാക്കാലം നമുക്ക് ഏറെ പ്രധാനപ്പെട്ടതാണ്.  

എന്തുകൊണ്ടാണ് ക്രിസ്തു ആരാണ് എന്ന ചോദ്യം ഇന്നും ഉയരുന്നത്? തന്നെക്കുറിച്ചോ, ദൈവത്തെക്കുറിച്ചോ ഒരു ഗ്രന്ഥവും എഴുതാത്ത ക്രിസ്തുവിനെ, ഒരു രാജ്യവും വെട്ടിപ്പിടിക്കാത്ത, ചക്രവർത്തിപദം അലങ്കരിക്കാത്ത, സ്ഥാപനങ്ങളൊന്നും പടുത്തുയർത്താത്ത ക്രിസ്തുവിനെ അവഹേളിക്കുവാനും, ഇല്ലായ്മചെയ്യുവാനും എന്തുകൊണ്ടാണ് ഇന്നും മനുഷ്യൻ ശ്രമിക്കുന്നത്? യൂട്യൂബ് മുതലായ മാധ്യമങ്ങളിലൂടെ ക്രിസ്തുവിനെ ദുഷിച്ചു സംസാരിക്കുന്ന, അവിടുത്തെ ദൈവത്വം നിഷേധിക്കുന്ന അനേകം പ്രസംഗങ്ങളും ഷോർട്ട് ഫിലിമുകളും upload ചെയ്യപ്പെടുന്നുണ്ട്. നാമെല്ലാവരും അവ വായിക്കുന്നവരുമാണ്. ക്രിസ്തുമസ് കാലത്ത് ഒരു മുസ്‌ലിം പണ്ഡിതൻ ശ്രമിച്ചത് ക്രിസ്തുവിന്റെ ദൈവിക ജന്മത്തെ അവഹേളിക്കുവാനായിരുന്നു. വളരെ മ്ലേച്ഛമായ ഭാഷയിലാണ് ഈശോയുടെ ജനനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്, ഈശോ ആരാണെന്ന് പറഞ്ഞു വച്ചത്. ക്രിസ്തുവിന്റെ പേരിൽ നടക്കുന്ന മിഷനറി പ്രവർത്തനങ്ങളെയും, ആതുര സേവനങ്ങളെയും ആളുകൾ ഭയക്കുന്നത് എന്തിനാണ്? കഴിഞ്ഞ വെള്ളിയാഴ്ച്ചയിലെ ദീപിക ദിനപത്രത്തിലെ എഡിറ്റോറിയൽ പേജിലെ ലേഖനത്തിന്റെ തലക്കെട്ട് തന്നെ “മദർ തെരേസായുടെ ഓർമകളെ ഭയപ്പെടുന്ന ആർ എസ് എസ്” എന്നായിരുന്നു. ഗവണ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ചുപോലും മദർ തെരേസ സിസ്റ്റേഴ്സിന്റെ പ്രവർത്തനങ്ങൾക്ക്, ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്ന ക്രൈസ്തവ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുവാൻ ക്രിസ്തുവിന്റെ ശത്രുക്കൾ ശ്രമിക്കുമ്പോൾ, വെറും ഞായറാഴ്ച്ച ക്രിസ്ത്യാനികൾ ആകാതെ ക്രിസ്തു എനിക്ക് ആരാണ് എന്ന് ഉറക്കെ പറയുവാൻ ക്രൈസ്തവർക്ക് കഴിയണം.  ഉറക്കത്തിൽ നിന്നുണർന്ന് ക്രിസ്തുവിന്റെ ദൈവത്വം, ദൈവമഹത്വം പ്രഘോഷിക്കുവാൻ ക്രൈസ്തവരെല്ലാവരും തയ്യാറാകാനുള്ള സമയം ആഗതമായിരിക്കുന്നു.

ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ ഉയർത്തുന്ന ചോദ്യം ഇതാണ്: ക്രിസ്തു ആരാണ്? ഈ ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച ക്രിസ്തു നമുക്ക് ആരെന്നറിയാനും, കാലത്തിന്റെ ചലനങ്ങൾ മനസ്സിലാക്കിക്കൊണ്ട് നാം അറിയുന്ന ക്രിസ്തുവിനെ പ്രഘോഷിക്കുവാനും തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

ക്രിസ്തുവിൽ ദൈവത്തിന്റെ മഹത്വം കാണുവാനുള്ള ആഹ്വാനമാണ് ഇന്നത്തെ സുവിശേഷം. ഈ സുവിശേഷ ഭാഗത്തിന്റെ ഹൃദയമാകട്ടെ ഒരു ചോദ്യമാണ്: “ക്രിസ്തു ആരാണ്?” മുപ്പത് മുപ്പത്തിരണ്ട് വയസ്സുള്ള ഒരു ചെറുപ്പക്കാരൻ, അതും ആശാരി യൗസേപ്പിന്റെയും ആശാരിച്ചി മറിയത്തിന്റെയും മകൻ ഈശോ, വലിയ വായയിൽ highly philosophical ആയി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, അവിടുത്തെ ശ്രവിച്ചുകൊണ്ടിരുന്ന യഹൂദരാണ് ഈശോയോടു ചോദിച്ചത് “നീ ആരാണ്?”. ഈ   ചോദ്യത്തിന്റെ പ്രതിഫലനങ്ങളാണ് ഇന്നും നാം കേൾക്കുന്നത്. ഈശോയുടെ ജന്മത്തെക്കുറിച്ച് ആക്ഷേപിച്ചു സംസാരിച്ച മുസ്‌ലിം പണ്ഡിതനും അന്വേഷിക്കുന്നത് ഇത് തന്നെ, ക്രിസ്തു ആരാണ്. ക്രൈസ്തവമിഷനറിപ്രവർത്തനങ്ങളെ അവഹേളിക്കുന്നവരും, ക്രൈസ്തവരെ  ആക്രമിക്കുന്നവരും  അന്വേഷിക്കുന്നതും ഇത് തന്നെ, ക്രിസ്തു ആരാണ്? യഹൂദരുടെ “നീ ആരാണ്” എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിലൂടെ ഈശോ തന്നെത്തന്നെ വെളിപ്പെടുത്തുകയാണ്. ഈശോ തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ട് പറയുന്ന അക്കാര്യങ്ങൾ ഇവയാണ്: ഒന്ന്, ഈശോ ഈ ലോകത്തിൽ നിന്നുള്ളവനല്ല. അവിടുന്ന് ഉന്നതത്തിൽ നിന്നുള്ളവനാണ്. ഈശോ ഒരു ഗോത്രത്തിന്റെ ദൈവമല്ല. ഈശോ മനുഷ്യ ഭാവനയുടെ പൂർത്തീകരണവുമല്ല. അവിടുന്ന് ദൈവത്തിൽ നിന്നുള്ളവനാണ്, ദൈവമാണ്. രണ്ട്, ഈശോ കുരിശുമരണത്തിലൂടെ ലോകത്തെ രക്ഷിക്കുന്നവനാണ്. നീ ആരാണ് എന്നതിന്റെ ഏറ്റവും ശക്തമായ ഉത്തരമാണ് ഈശോയുടെ കുരിശുമരണം. ഈശോയുടെ ദൈവമഹത്വം വെളിപ്പെട്ടത് അവിടുത്തെ കുരിശുമരണത്തിലൂടെയാണ്. മൂന്ന്, ഈശോ പിതാവായ ദൈവത്തിന്റെ വചനം പഠിപ്പിക്കുന്നവനാണ്.

സുവിശേഷങ്ങൾ നാലും, പുതിയനിയമം മുഴുവനും ഈശോയുടെ ദൈവത്വത്തെ സാക്ഷ്യപ്പെടുത്തുവാനാണ് എഴുതപ്പെട്ടിട്ടുള്ളത്. വിശുദ്ധ മർക്കോസ് തന്റെ സുവിശേഷത്തിന് ശീർഷകമായി നൽകിയിരിക്കുന്നത് തന്നെ “ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം” എന്നാണ്. (മർക്കോ 1, 1) വിശുദ്ധ ലൂക്കാ ഈശോയുടെ ജനനത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: “പരിശുദ്ധാത്മാവ് നിന്റെമേൽ വരും …. ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്ന് വിളിക്കപ്പെടും.” (ലൂക്ക 1, 35) തന്റെ സുവിശേഷ രചനയുടെ ലക്‌ഷ്യം യോഹന്നാൻ ഇപ്രകാരം വെളിവാക്കുന്നു: ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിനും …” (യോഹ 20, 31) യേശുവിനെ ദൈവപുത്രനായ വിശ്വസിച്ച് ഏറ്റുപറയുന്ന അനേകം സാക്ഷ്യങ്ങൾ സുവിശേഷങ്ങളിലുണ്ട്. യേശുവിനെ കണ്ട നഥാനിയേൽ വിളിച്ചു പറയുന്നു: “റബ്ബീ, അങ്ങ് ദൈവപുത്രനാണ്; ഇസ്രയേലിന്റെ രാജാവാണ്.” “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ ആകുന്നു” എന്ന് കേസരിയ ഫിലിപ്പിയിൽ വച്ച് പത്രോസ് പ്രഖ്യാപിക്കുന്നു. (മത്താ 16, 17) കടലിന് മീതെ നടന്ന് ഈശോ ശിഷ്യരുടെ അടുക്കലെത്തിയപ്പോൾ “നീ സത്യമായും ദൈവപുത്രനാണെന്നും” പറഞ്ഞ് അവർ ഈശോയെ ആരാധിക്കുന്നു. (മത്താ 14, 33) ഈശോയുടെ മരണം നേരിൽ കണ്ട ശതാധിപൻ പറയുന്നത് “സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു” എന്നാണ്. (മർക്കോ 15, 39) ഉത്ഥാനം ചെയ്ത ഈശോയെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് വിശുദ്ധ തോമാശ്ലീഹാ ഏറ്റുപറയുന്നു. (യോഹ 20, 28) ഇതിനെല്ലാം പുറമെ, സുവിശേഷങ്ങൾ ഈശോയുടെ സുപ്രധാനങ്ങളായ മൂന്ന് ദൈവിക വെളിപ്പെടുത്തലുകളെ (Theophanic events) – ഈശോയുടെ ജ്ഞാനസ്നാനം, രൂപാന്തരീകരണം, ഉത്ഥാനം – എന്നിവയെ അവതരിപ്പിച്ചുകൊണ്ട് ഈശോയുടെ ദൈവത്വത്തെ വിളംബരം ചെയ്യുന്നുണ്ട്.  

ലോകം ക്രിസ്തുവിനെ ജാരസന്തതിയെന്നുമൊക്കെ വിളിച്ച് അവിടുത്തെ ദൈവത്വത്തെ ആക്ഷേപിക്കുമ്പോൾ ജീവിതംകൊണ്ട് ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുവാൻ നമുക്ക് കടമയുണ്ട്.  ഈ കാലഘട്ടത്തിൽ ക്രൈസ്തവർ ചെയ്തു തീർക്കേണ്ട ദൗത്യമാണിത്. സോഷ്യൽ നെറ്റ്‌വർക്കുകളിൽ വന്ന് ക്രിസ്തുവിനെ അധിക്ഷേപിക്കുമ്പോൾ, അവർ പറഞ്ഞോട്ടെ, അവർ എത്ര പറഞ്ഞാലും ക്രിസ്തുവിന്റെ ദൈവത്വത്തിന് ഒന്നും സംഭവിക്കില്ല എന്ന് പറയുന്ന ക്രൈസ്തവരേ കേൾക്കുക, ഈ ഭൂമിയിലേക്ക് ക്രിസ്തു നിങ്ങളെ അയച്ചിരിക്കുന്നത് അവിടുത്തെ അധരംകൊണ്ടു ഏറ്റുപറയുവാനും അവിടുന്ന് ദൈവമാണെന്ന് ഹൃദയത്തിൽ വിശ്വസിച്ച് അവിടുത്തെ മഹ ത്വപ്പെടുത്തുവാനുമാണ്. ക്രിസ്തുവിനെക്കുറിച്ചും, തിരുസ്സഭയെക്കുറിച്ചുമൊക്കെ തെറ്റായ പഠനങ്ങൾ പ്രചരിക്കുമ്പോൾ അതൊന്നും എനിക്ക് പ്രശ്നമല്ല എന്ന് ചി ന്തിക്കുന്ന ക്രൈസ്തവരേ കേൾക്കുക, മാമ്മോദീസാമുങ്ങി, കൂദാശകൾ സ്വീകരിച്ച് മാത്രം ജീവിക്കുവാനല്ല ക്രിസ്തു നിങ്ങളെ ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. ജീവിതംകൊണ്ട് ക്രിസ്തു ആരെന്ന് ലോകത്തെ പഠിപ്പിക്കുവാനാണ് നിങ്ങൾ അയയ്ക്കപ്പെട്ടിട്ടുള്ളത്. ‘ദൈവത്തെ ആത്മാവിൽ ആരാധിച്ചുകൊണ്ട്, യേശുക്രിസ്തുവിൽ അഭിമാനം കൊണ്ടുകൊണ്ട്, ജഡത്തിൽ ശരണംവയ്ക്കാതിരുന്നുകൊണ്ട്’ (ഫിലി 3, 3) ക്രിസ്‌തുവിനെ മഹത്വപ്പെടുത്തുന്ന ക്രൈസ്തവജീവിതത്തിന്റെ മനോഹാരിത ലോകത്തിന് നൽകുവാനാണ്‌ നാം ക്രൈസ്തവരായിരിക്കുന്നത്.

ഈയിടെ Whats App ൽ ചില വീഡിയോകൾ കണ്ടപ്പോൾ എത്രയോ തെറ്റായ പഠനങ്ങളാണ് ഈശോയെക്കുറിച്ചു പ്രചരിപ്പിക്കുന്നത് എന്ന് ഓർത്തുപോയി. ഒരു മുസ്‌ലിം കൗമാരക്കാരൻ നല്ല ഒഴുക്കുള്ള ഇംഗ്ലീഷിൽ ഒരു വീഡിയോയിൽ പറയുന്നത് കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് നമ്മുടെ ഭാരതത്തിൽ ക്രൈസ്തവർക്കെതിരെ നടന്ന 7 ആക്രമണങ്ങളെക്കുറിച്ചാണ്. അവൻ സംസാരിക്കുന്നത് മുസ്ലീമുകൾക്ക് വേണ്ടിയല്ല, ക്രൈസ്തവർക്കുവേണ്ടിയാണ്. എന്നിട്ട് അവൻ പറയുന്നത് ക്രൈസ്തവരും മുസ്ലീമുകളും അബ്രഹാമിന്റെ തായ് വഴിയിൽ ഒരേ മതത്തിൽപെട്ടവർ ആണെന്നാണ്. തെറ്റായ പഠനമാണിത്. യഹൂദരും ക്രൈസ്തവരുമാണ് വിശ്വാസത്തിൽ അബ്രഹാമിനെ പിതാവായി സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം 600 വർഷങ്ങൾ കഴിഞ്ഞാണ് ഇസ്ലാം മതം ഉണ്ടാകുന്നത്. ഖുറാനിൽ പറയുന്ന അബ്രഹാമും, വിശുദ്ധ ബൈബിളിലെ അബ്രഹാമും രണ്ടു വ്യക്തികളാണ്. ഒരാളല്ല. ഖുറാനിൽ ഉള്ള അബ്രഹാമിന്റെ പിതാവിന്റെ പേര് അസ്സർ എന്നാണ്. പഴയനിയമത്തിലെ ഉത്പത്തി പുസ്തകത്തിലെ അബ്രഹാമിന്റെ പിതാവിന്റെ പേര് തേരഹ് എന്നാണ്. അതുപോലെ മുസ്ളീം കൗമാരക്കാരൻ പറയുന്നത് ജീസസിനെക്കുറിച്ച് ഖുറാനിൽ 27 പ്രാവശ്യം പറയുന്നു എന്നാണ്. എന്നാൽ ഏത് ജീസസ് ആണ് ഖുറാനിൽ ഉള്ളത്? ഖുറാനിൽ ഉള്ളത് ഇമ്രാമിന്റെ മകളായ മറിയത്തിന്റെ പുത്രൻ ഇസ ആണ്. എന്നാൽ, പുതിയ നിയമത്തിലെ മറിയത്തിന്റെ മാതാപിതാക്കളുടെ പേര് യോവാക്കീം അന്നാ എന്നാണ്. പഴയനിയമമായോ, പുതിയനിയമമായോ ഖുര്ആന് ഒരു ബന്ധവുമില്ല. ഖുറാനിൽ പറയുന്ന ഈസാ ഒരു പ്രവാചകൻ മാത്രമാണ്. അദ്ദേഹം കുരിശിൽ മരിച്ചിട്ടില്ല. ഉത്ഥാനം ചെയ്തിട്ടുമില്ല. എന്നാൽ ക്രൈസ്തവന്റെ ഈശോ ദൈവമാണ്. അവിടുന്ന് കുരിശിൽ മരിച്ച് മൂന്നാം നാൾ ഉത്ഥാനം ചെയ്ത് ഇന്നും ജീവിക്കുന്ന ദൈവമാണ്. സ്നേഹമുള്ള ക്രൈസ്തവരേ, ക്രിസ്തുവിനെക്കുറിച്ച് ശരിയായ ബോധ്യമുള്ള ക്രൈസ്തവരായി ജീവിക്കുവാൻ നമുക്കാകണം.

അതുപോലെ തന്നെ, ഹൈന്ദവ വേദഗ്രന്ഥങ്ങളിലും ക്രിസ്തുവിനെക്കുറിച്ച്, അവിടുത്തെ ദൈവത്വത്തെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഹൈന്ദവ ആധികാരിക ഗ്രന്ഥമായ ഋഗ്വേദത്തിൽ ആരാണ് ദൈവം എന്ന് പറയുന്നുണ്ട്. “താത പുത്രാ ആത്മ സംയുക്തം ദൈവം!” പിതാവ്, പുത്രൻ ആത്മാവ് – ഇവ മൂന്നും അടങ്ങിയതാണ് ദൈവം. പിതാവ് പുത്രനെ മാനവ രക്ഷയ്ക്കായി ലോകത്തിലേക്ക് അയയ്ക്കുന്നു. ഋഗ്വേദം പത്താം മണ്ഡലം തൊണ്ണൂറാം സൂക്തം ഏഴാമത്തെ മന്ത്രത്തിൽ ഈ പുത്രൻ മനുഷ്യ വംശത്തിന്റെ പാപമോചനത്തിനുവേണ്ടി സ്വയം ബലിയായി തീരുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. ഭൂമിയിൽ താഴ്ത്തിയ മരത്തൂണിൽ ചേർത്ത്, കരചരണങ്ങൾ ഇരുമ്പാണികൊണ്ട് ബന്ധിച്ച്, രക്തം വാർന്ന് മരിച്ചു, മൂന്നാം ദിനം ഉയിർത്തെഴുന്നേറ്റ് സ്വർഗാരോഹണം ചെയ്യുന്ന ദൈവപുത്രനായ പ്രജാപതിയെക്കുറിച്ച്, മനുഷ്യന്റെ രക്ഷകനെക്കുറിച്ച്

Scripture for Today: John 8:21-30 ~ I am

വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്.  ദൈവപുത്രനായ പ്രജാപതിയുടെ രണ്ട് ലക്ഷണങ്ങൾ ഋഗ്വേദത്തിൽ പറയുന്നുണ്ട്. ഒന്ന്, ദൈവപുത്രനായ പ്രജാപതി രൂപത്തിൽ മനുഷ്യനും പ്രകൃതത്തിൽ ദൈവവുമായിരിക്കും. രണ്ട്, ദൈവപുത്രനായ പ്രജാപതി മനുഷ്യ കുലത്തിന്റെ പാപങ്ങൾ സ്വയം എടുത്തു ബലിയായിത്തീർന്ന് മരിക്കും. യാഗശേഷം ഉയിർക്കും. യജുർ വേദത്തിന്റെ ബ്രാഹ്മണ ഗ്രന്ഥമായ ശതപഥബ്രാഹ്‌മണത്തിൽ ഈ യാഗത്തെക്കുറിച്ചു 7 കാര്യങ്ങൾ പറയുന്നുണ്ട്. 1. യാഗപുരുഷന്റെ തലയിൽ യാഗസമയത്തു മുള്ളുള്ള കാട്ടുവള്ളികൾ കൊണ്ടുള്ള കിരീടം ധരിപ്പിക്കണം. 2. കരാചരണങ്ങളിൽ ഇരുമ്പാണി അടിച്ചു യൂപത്തിൽ (മരത്തൂണ്) ബന്ധിക്കണം. 3. ബലിപുരുഷന്റെ അസ്ഥികൾ തകർന്നുപോകാൻ പാടില്ല. 4. മരണത്തിന് മുൻപ് ബലിപുരുഷന് സോമരസം കൊടുക്കണം. 5. ബലിപുരുഷന്റെ കച്ച പൂജാരികൾ പങ്കിട്ടെടുക്കണം. 6. ബലിപുരുഷന്റെ മാംസം ഭക്ഷക്കപ്പെടണം. 7. ബലിപുരുഷന്റെ രക്തം പാനം ചെയ്യപ്പെടണം. ഈ 7 യാഗവിധികളും ക്രിസ്തുവിൽ പൂർത്തീകരിക്കപ്പെടുന്നു.

സമാപനം

സ്നേഹമുള്ളവരേ, ജീവിതത്തിൽ ക്രിസ്തുവിന്റെ ദൈവത്വം ഏറ്റുപറഞ്ഞ് അവിടുത്തെ മഹത്വപ്പെടുത്തി ജീവിക്കുവാൻ ഇതില്പരം മറ്റെന്ത് Motivation ആണ് നമുക്ക് വേണ്ടത്? നമ്മുടെ ജീവിതങ്ങളെ, ക്രൈസ്തവജീവിതങ്ങളെ ഒരു തകിടം മറിക്കലിന് വിധേയമാക്കുവാൻ സമയമായിരിക്കുന്നു. ക്രൈസ്തവരുടെ, ക്രൈസ്തവ കുടുംബജീവിതക്കാരുടെ ജീവിതം, ക്രൈസ്തവ പുരോഹിതരുടെ, സന്യസ്തരുടെ ജീവിതം ഒരു Theophanic event, ദൈവിക വെളിപാട് ആകേണ്ടിയിരിക്കുന്നു. ക്രിസ്തുവിനെ കൂടുതൽ അറിയുവാനും, അറിഞ്ഞ ക്രിസ്തുവിനെ അനുഭവിക്കുവാനും, അനുഭവിച്ച ക്രിസ്തുവിനെ ജീവിതത്തിലൂടെ പ്രഘോഷിക്കുവാനും നമുക്കാകണം. ക്രിസ്തു ദൈവമാണ്. അവിടുന്നിൽ മാത്രമാണ് രക്ഷ. മറ്റൊരുവനിലും രക്ഷയില്ല. ആകാശത്തിൻ കീഴിൽ ഭൂമിക്കുമുകളിൽ രക്ഷപ്പെടുവാനായി, ഈശോ എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല. ക്രിസ്തു ദൈവമാണ്. അവിടുന്നിൽ മാത്രമാണ് രക്ഷ. അഗ്നി എന്ന വാക്കിന് നമ്മെ പൊള്ളലേൽപിക്കാനാകില്ല. ജലം എന്ന പദത്തിന് നമ്മെ നനയ്ക്കാനുമാകില്ല. എന്നാൽ ക്രിസ്തു എന്ന വാക്കിന് നമ്മെ രക്ഷിക്കാനാകും. നമ്മുടെ കുടുംബങ്ങളെ പ്രകാശിപ്പിക്കാനാകും. കരയുന്ന മുഖങ്ങളിൽ പുഞ്ചിരി വിടർത്താനാകും. കാരണം,  അവിടുന്ന് ഉന്നതതിൽ നിന്ന് വന്ന നമ്മുടെ ദൈവമാണ്. വിശുദ്ധ പൗലോശ്ലീഹായുടെ വിശ്വാസം നമുക്കും ഉണ്ടാകേണ്ടിയിരിക്കുന്നു. അദ്ദേഹം പറയുന്നു: “എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ യേശുക്രിസ്തു വഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും.” (ഫിലി 4, 19)

Daily Meditations with Fr. Alfonse: Jn 8:21-30 Looking For Jesus

ക്രിസ്തുവിനെ രക്ഷകനായി, ദൈവമായി സ്വീകരിച്ച് ജീവിതത്തെ നമുക്ക് ദൈവാനുഗ്രഹം നിറഞ്ഞതാക്കാം. വിശുദ്ധ കുർബാനയിൽ നിന്ന് ശക്തി നേടിക്കൊണ്ട് നമുക്ക് ക്രിസ്തുവിനെ പ്രഘോഷിക്കാം. ആമേൻ!

SUNDAY SERMON JN 1, 45-51

ദനഹാക്കാലം ഒന്നാം ഞായർ

യോഹ 1, 45-51

(സീറോ മലബാർ സഭയുടെ പുതിയ ആരാധനാക്രമ കലണ്ടറനുസരിച്ചുള്ള സുവിശേഷഭാഗമാണ് വിചിന്തനത്തിനായി എടുത്തിരിക്കുന്നത്.)

സന്ദേശം

Parole de L'Évangile de Jésus Christ selon…Vendredi 24 Août 2018–& Livre du  Ciel-Jésus à Luisa →Bien des paroles peuvent être dites sur l'hostie, mais  si ce ne sont pas les quelques paroles

ശുഭപ്രതീക്ഷകളോടെ, നിറയെ സ്വപ്നങ്ങളും പ്രാർത്ഥനകളുമായി നാം പുതുവർഷത്തിലേക്ക്, 2022 ലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 12 മാസങ്ങളും, 52 ആഴ്ചകളും, 365 ദിവസങ്ങളും, 8784 മണിക്കൂറുകളും, 527040 മിനിറ്റുകളും, 31622400 സെക്കന്റുകളും സമ്മാനിച്ച് കടന്നുവന്നിരിക്കുന്ന 2022 ലെ ആദ്യ ഞായറാഴ്ചയാണിന്ന്. ഈ പുതുവർഷം ദൈവാനുഗ്രഹത്താൽ സമ്പന്നമാകാൻ വേണ്ടി നമുക്ക് പരസ്പരം പ്രാർത്ഥിക്കാം. സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് നാം ഈ ഞായറാഴ്ച്ച ദനഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് “ദനഹാ” എന്ന വാക്കിന്റെ അർത്ഥം. മനുഷ്യാവതാരത്തിലൂടെ ദൈവം ഈ ലോകത്തിൽ ആഗതനായെങ്കിലും, അവിടുത്തെ പ്രത്യക്ഷവത്കരണം ആരംഭിക്കുന്നത് യോർദ്ദാൻ നദിയിൽ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദ്ദീസ സ്വീകരിക്കുന്നതിലൂടെയാണ്. ഈശോ സ്വയം ലോകത്തിന് വെളിപ്പെടുത്തുകയും, പിതാവും പരിശുദ്ധാത്മാവും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ദനഹാത്തിരുനാൾ ജനുവരി ആറാം തീയതിയാണ് നാം ആഘോഷിക്കുന്നതെങ്കിലും, ‘ക്രിസ്തു തന്നെത്തന്നെ ഈ ലോകത്തിന് വെളിപ്പെടുത്തുന്നു’ എന്ന സന്ദേശം ഈ ഞായറാഴ്ച മുതൽ സഭ പ്രഘോഷിക്കുകയാണ്.

ദനഹാക്കാലത്തിന്റെ സന്ദേശം എന്താണ് എന്ന് ചോദിച്ചാൽ ഉത്തരം ഇതാണ്: ഓരോ ക്രൈസ്തവനും, തിരുസ്സഭയോട് ചേർന്ന് ചിന്തയിലും, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക! ഇതാണ് ക്രൈസ്തവവരുടെ കടമയും, ദൗത്യവും!

വ്യാഖ്യാനം

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ പ്രത്യേക ലക്‌ഷ്യം തന്നെ ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക എന്നതാണ്. വിശുദ്ധ യോഹാന്നാൻ അവതരിപ്പിക്കുന്ന അത്ഭുതങ്ങൾ ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ് സംഭവിക്കുന്നത്.   വിശുദ്ധ യോഹാന്നാൻ അവതരിപ്പിക്കുന്ന അടയാളങ്ങൾ ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്; വിശുദ്ധ യോഹാന്നാൻ അവതരിപ്പിക്കുന്ന പ്രതീകങ്ങൾ ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ് നിലകൊള്ളുന്നത്; വിശുദ്ധ യോഹന്നാൻ കൊണ്ടുവരുന്ന വ്യക്തികൾ ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ് രംഗത്തുവരുന്നത്.        ഇന്നത്തെ സുവിശേഷത്തിലും ഈശോയുടെ ഭാവി ശിഷ്യന്മാരാകാൻ പോകുന്ന പീലിപ്പോസിലൂടെയും, നഥാനിയേൽ എന്ന് വിളിക്കപ്പെടുന്ന ബർത്തലോമിയോയിലൂടെയും സംഭവിക്കുന്നതും ഈശോയുടെ മഹത്വീകരണമാണ്.

ഇന്നത്തെ സുവിശേഷത്തിൽ, ഈശോയെ അനുഗമിക്കുവാൻ പീലിപ്പോസ് തീരുമാനിച്ചപ്പോൾ, ഭാരതത്തിന്റെ ഭക്തകവി കബീർദാസ് പാടിയപോലെ “ദൈവമേ നീ എന്നിലൂടെ പ്രകാശിക്കൂ ….നിന്നെക്കുറിച്ചുള്ള സ്നേഹഗീതങ്ങളാകട്ടെ എന്റെ അധരങ്ങൾ ഉരുവിടേണ്ടത്” എന്ന് മനസ്സുകൊണ്ട് അദ്ദേഹം  പറഞ്ഞു കാണണം. മാത്രമല്ല, “നാളെ ചെയ്യാനാഗ്രഹിക്കുന്നതെന്തോ, അത് ഇന്ന് ചെയ്യുക, ഇന്ന് ചെയ്യാനാഗ്രഹിക്കുന്നത് ഇപ്പോൾ ചെയ്യുക” എന്ന കബീർദാസിന്റെ മനോഭാവത്തോടെയാകണം അയാൾ കൂട്ടുകാരൻ നഥാനിയേലിന്റെ അടുത്തേയ്ക്കു ചെന്നത്. അത്രമേൽ ഇച്ഛാശക്തിയോടെയാണ് പീലിപ്പോസ് ഈശോയുടെ ശിഷ്യനായത്. കാരണം, ക്രിസ്തുവിന്റെ ശിഷ്യന്റെ ഇച്ഛാശക്തി (Will Power) എന്നുപറയുന്നത് തന്നിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുക എന്നതാണ്. ക്രിസ്തുവിന്റെ ശിഷ്യന്റെ ഇച്ഛാശക്തി എന്നുപറയുന്നത് തന്റെ ചിന്തയിലൂടെ, വാക്കിലൂടെ, പ്രവർത്തിയിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുക എന്നത് മാത്രമാണ്. അതുകൊണ്ട് പീലിപ്പോസ് നഥാനിയേലിനോട് പറയുകയാണ്: “മോശയുടെ നിയമത്തിലും, പ്രവാചക ഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ, ജോസഫിന്റെ മകൻ, നസ്രത്തിൽ നിന്നുള്ള യേശുവിനെ ഞാൻ കണ്ടു.” താൻ ആരുടെ ശിഷ്യനാണോ ആ ക്രിസ്തുവിനെ തന്റെ ജീവിതത്തിലൂടെ വെളിപ്പെടുത്തുവാനാണ് പീലിപ്പോസ് ശ്രമിക്കുന്നത്. തന്റെ സുഹൃത്തിന് അത് ഇഷ്ടമാകുമോ, തങ്ങളുടെ സൗഹൃദം അതുവഴി തകരാറിലാകുമോ, തന്നെ നഥാനിയേൽ വിലകുറച്ചു കാണുമോ എന്നുള്ള ചിന്തകളൊന്നും പീലിപ്പോസിലില്ല. അങ്ങനെയുള്ള ചിന്തകളൊന്നും ക്രിസ്തുവിനെ മറ്റുള്ളവരുടെ മുൻപിൽ ഏറ്റുപറയുവാൻ, തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ പീലിപ്പോസിന് തടസ്സമാകുന്നുമില്ല. പീലിപ്പോസിലൂടെ ക്രിസ്തു മഹത്വീകൃതനാകുകയാണ്.

പീലിപ്പോസിന്റെ ഇച്ഛാശക്തി നഥാനിയേലിൽ പലവിധ പ്രതികരണങ്ങൾ ഉണ്ടാക്കിയെങ്കിലും, ആ സാഹചര്യം ക്രിസ്തുവിന്റെ ഇടപെടലുകൊണ്ട് വിശുദ്ധമാകുകയാണ്. ഒരു ക്രൈസ്തവൻ, അവൾ, അവൻ ആരുമാകട്ടെ, തന്റെ കടമയും ദൗത്യവും നിർവഹിക്കുവാൻ തയ്യാറാകുമ്പോൾ, തങ്ങളുടെ ക്രൈസ്തവ ജീവിതത്തിലൂടെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുവാൻ ഇച്ഛാശക്തി കാണിക്കുമ്പോൾ അവിടെ ക്രിസ്തു ഇടപെടുമെന്നത് തീർച്ചയാണ്; പരിശുദ്ധാത്മാവിന്റെ കൃപയുടെ ഒഴുക്കുണ്ടാകുമെന്നത് അച്ചട്ടമാണ്. സംശയങ്ങൾ ഏറെയുണ്ടായെങ്കിലും, തന്റേതായ വാദമുഖങ്ങൾ അദ്ദേഹം തുറന്നെങ്കിലും, ഒടുവിൽ നഥാനിയേലും തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുവാനുള്ള ഇച്ഛാശക്തി കാണിക്കുകയാണ്. അദ്ദേഹം പറയുകയാണ്: “റബ്ബീ, അങ്ങ് ദൈവപുത്രനാണ്, ഇസ്രയേലിന്റെ രാജാവാണ്.”

ഈ രംഗം ഒന്ന് ഭാവന ചെയ്യാൻ സാധിച്ചാൽ മനോഹരമാണ് പ്രിയപ്പെട്ടവരേ! ഒരു വ്യക്തി ക്രിസ്തുവിനെ ജീവിതത്തിൽ സ്വീകരിച്ചിട്ട്, തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുമ്പോൾ, ക്രിസ്തു സന്തോഷിക്കുകയാണ്. അത് മാത്രമല്ല, അയാളുടെ ജീവിതത്തിലേക്ക് വലിയ വലിയ കാര്യങ്ങളുടെ വെബ്‌സൈറ്റ് തുറക്കുകയാണ്. അദ്ദേഹത്തിന് കൊടുക്കുന്ന സൗഭാഗ്യങ്ങൾ ഊഹിക്കാൻ പോലും സാധിക്കുന്നതല്ല. ഈശോ പറയുകയാണ്, സ്വർഗം തുറക്കപ്പെടുന്നത് നീ കാണും. അവിടെ മാലാഖമാരുടെ പ്രവർത്തനങ്ങൾ നീ വീക്ഷിക്കും. എന്നുവച്ചാൽ, നിന്റെ വ്യക്തി ജീവിതത്തിൽ, നിന്റെ കുടുംബത്തിൽ സ്വർഗീയ അന്തരീക്ഷം നിറയും. നിന്റെ ജീവിതത്തെ, കുടുംബത്തിന്റെ, മക്കളുടെ ജീവിതത്തെ കാക്കുവാനും നയിക്കുവാനും മാലാഖമാർ വരികയും പോകുകയും ചെയ്യും. നീ വലിയ വലിയ കാര്യങ്ങൾ കാണുക തന്നെ ചെയ്യും!

എന്താണ് ഇച്ഛാശക്തി? (Will Power) ഒരു വ്യക്തി തന്നിലുള്ള സ്വാഭാവിക പ്രവണതകളെ നിയന്ത്രിച്ചുകൊണ്ട്, ജീവിതത്തിലെ കടമയും ദൗത്യവും നിറവേറ്റുവാൻ തന്റെ ശക്തിയും പ്രയത്നവും പൂർണമായും ഉപയോഗിക്കുന്നതിനെയാണ് ഇച്ഛാശക്തി എന്ന് പറയുന്നത്. ഒരു വ്യക്തി ജീവിതത്തിൽ ചെയ്യേണ്ടത് ചെയ്യാനുള്ള കഴിവാണ് ഇച്ഛാശക്തി. നിങ്ങൾക്കത് ചെയ്യുവാൻ ഇഷ്ടമില്ലെങ്കിലും, നിങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗം നിങ്ങൾ ചെയ്യേണ്ടതിനെ പിന്തുടരുവാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, നിങ്ങൾ ചെയ്യേണ്ടവ ചെയ്യുവാൻ നിങ്ങൾ കാണിക്കുന്ന ആർജ്ജവമാണ്, അതിനോട് കാണിക്കുന്ന ആത്മാർത്ഥതയാണ് ഇച്ഛാശക്തി. ഇച്ഛാശക്തിയിലേക്ക് എത്തിച്ചേരുവാൻ ആദ്യമായി ഒരു വ്യക്തി താൻ ആരാണെന്നും, തന്റെ കടമയും ദൗത്യവും എന്താണെന്നും അറിയണം. രണ്ടാമതായി, ആത്മനിയന്ത്രണത്തിലൂടെ ആ വ്യക്തി കടന്നുപോകണം.

Willpower Focus for the Entrepreneur - DanaScranton.com

തന്റെ ദൗത്യത്തിനും കടമയ്ക്കും അനുസരിച്ച് തന്റെ ചിന്തയെയും, വാക്കിനേയും, പ്രവർത്തിയെയും നിയന്ത്രിക്കണം. മൂന്നാമതായി, ലക്ഷ്യത്തിലേക്കെത്തുവാനുള്ള പ്രയത്നം. ഈ മൂന്നുകാര്യങ്ങളും കൂടുമ്പോഴാണ് ഒരു വ്യക്തിയിൽ ഇച്ഛാശക്തി രൂപപ്പെടുക.

ഒരു ക്രൈസ്തവൻ തന്നിൽ രൂപപ്പെടുത്തേണ്ടത് ക്രൈസ്തവ ഇച്ഛാശക്തിയാണ് (Christian Will Power). മാമ്മോദീസയിലൂടെ ക്രിസ്തുവിന്റെ സഭയിൽ അംഗങ്ങളായി തീരുന്ന ക്രൈസ്തവർ, പരിശുദ്ധാത്മാവിന്റെ കൃപയിൽ നിറഞ്ഞ് തങ്ങളുടെ ജീവിതത്തിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ തയ്യാറാകുന്നിടത്താണ്, തങ്ങളുടെ സമയവും, കഴിവും, പ്രയത്നവും ഉപയോഗിക്കുന്നിടത്താണ് ക്രൈസ്തവരിൽ ക്രൈസ്തവ ഇച്ഛാശക്തി രൂപപ്പെടുന്നത്. ക്രൈസ്തവർ തങ്ങളുടെ ജീവിതാവസ്ഥയ്ക്ക് അനുസരിച്ച് അവരുടെ ക്രൈസ്തവ ഇച്ഛാശക്തിയെ രൂപപ്പെടുത്തുവാൻ ശ്രമിക്കണം. കുടുംബ സന്യാസ പൗരോഹിത്യ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ, യുവജനങ്ങളും കുട്ടികളും അവരുടെ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ഓരോ നിമിഷവും പരിശോധിക്കണം, എന്റെ വാക്കിലൂടെ, ചിന്തയിലൂടെ പ്രവർത്തികളിലൂടെ ക്രിസ്തു വെളിപ്പെടുന്നുണ്ടോ, ക്രിസ്തു മഹത്വീകൃതനാകുന്നുണ്ടോ എന്ന്.

തന്റെ ജീവിതത്തിൽ പീലിപ്പോസ് കാണിച്ച ക്രൈസ്തവ ഇച്ഛാശക്തി അദ്ദേഹത്തെ സ്വന്തം ജീവൻ ത്യജിച്ചും ക്രിസ്തുവിനെ മഹത്വപ്പെടുവാൻ ശക്തനാക്കി. നഥാനിയേലെന്ന ബർത്തലോമിയോ ആകട്ടെ ലോകത്തിന്റെ പലഭാഗങ്ങളിലൂടെയും സഞ്ചരിച്ച് ക്രിസ്തുവിനെ മഹത്വപ്പെടുത്തി. ഒടുവിൽ അദ്ദേഹം ഇന്ത്യയിലും എത്തിയെന്ന് പറയപ്പെടുന്നു.

ഗലീലിയയിലെ കാനായിൽ നിന്നുള്ള നഥാനിയേൽ AD 55 ൽ ഭാരതത്തിലെ ഗോവയിൽ വന്നെന്നും, അവിടെ ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചെന്നും ഒരു വാചിക പാരമ്പര്യമുണ്ട്. വിശുദ്ധ ബർത്തോലോമിയോ മെസപ്പൊട്ടോമിയയിലും, ഈജിപ്തിലും, അർമേനിയയിലും പേർഷ്യയിലും ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചിട്ടുണ്ട് എന്നതിന് ധാരാളം ഐതിഹ്യങ്ങളുണ്ട്. അദ്ദേഹം AD ൽ ഭാരതത്തിൽ വന്നെന്നും മഹാരാഷ്ട്രയിലെ കല്യാണിൽ സുവിശേഷം പ്രഘോഷിച്ചെന്നും, AD 62 ൽ രക്തസാക്ഷിത്വം വരിച്ചെന്നും പറയപ്പെടുന്നു. ഗോവയിലെ ചില പള്ളികളിൽ പാടത്തുനിന്ന് കൊയ്തെടുക്കുന്ന ആദ്യ നെൽക്കതിരുകൾ വെഞ്ചിരിക്കുന്ന പതിവ് വിശുദ്ധ ബർത്തോലോമിയയുമായി ബന്ധപ്പെടുത്തി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. AD 62 ലാണ് ബർത്തലോമിയോ രക്തസാക്ഷിയായത്. മരണവരെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുവാൻ അദ്ദേഹം തയ്യാറായി.

സ്നേഹമുള്ളവരേ, ജീവിതത്തിലൂടെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുകയാണ്, വെളിപ്പെടുത്തുകയാണ് നമ്മുടെ ക്രൈസ്തവ ദൗത്യവും കടമയുമെന്ന് ഇന്നത്തെ സുവിശേഷം നമ്മെ ഓർമപ്പെടുത്തുകയാണ്. അതിനുള്ള ഇച്ഛാശക്തി കാണിക്കുവാൻ ക്രൈസ്തവർ തയ്യാറാകേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. തിരുസ്സഭയോട് ചേർന്ന്, തിരുസ്സഭയിലൂടെയാണ് നാമിന്ന് ക്രിസ്തുവിനെ വെളിപ്പെടുത്തേണ്ടത്. നമ്മുടെ ക്രൈസ്തവജീവിതങ്ങളുടെ –  അത് കുടുംബജീവിതക്കാരുടേതായാലും, സന്യസ്തരുടെതായാലും, പുരോഹിതരുടേതായാലും – അലകും പിടിയും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഇന്നത്തെ കാലത്ത്  , കോവിഡ് മൂലം ധ്യാനകേന്ദ്രങ്ങളൊക്കെ അടഞ്ഞുകിടക്കുകയാണെങ്കിലും, സാമൂഹ്യ സമ്പർക്ക മാധ്യമങ്ങളിലൂടെ വളരെ ശക്തമായിത്തന്നെ നാം ക്രിസ്തുവിനെ പ്രഘോഷിക്കുന്നുണ്ട്. പക്ഷേ, നമ്മുടെ വാക്കുകളിലൂടെ, പ്രവർത്തികളിലൂടെ ഇന്ന് ക്രിസ്തു എത്രമാത്രം വെളിപ്പെടുന്നുണ്ട്????  ഈ ചോദ്യം നിങ്ങളിലും എന്നിലും ഉണ്ട്. ജനങ്ങൾ ഇന്ന് ക്രൈസ്തവരിലേക്ക്, ക്രൈസ്തവ ദേവാലയങ്ങളിലേക്ക്, ക്രൈസ്തവ കുടുംബങ്ങളിലേക്ക്, ക്രൈസ്തവ സന്യസ്തരിലേക്ക്, പുരോഹിതരിലേക്ക് കടന്നുവരുന്നത് ലൗകിക ലക്ഷ്യങ്ങൾക്ക് വേണ്ടിയല്ല. ദൈവത്തിന്റെ, ക്രിസ്തുവിന്റെ മഹത്വം കാണുവാനാണ്, ക്രിസ്തുവിനെ കാണുവാനാണ്!!! പക്ഷേ, എന്നിലൂടെ, നിങ്ങളിലൂടെ, ക്രിസ്തു വെളിപ്പെടുന്നില്ല എന്നതല്ലേ സത്യം?? 

സമാപനം

പ്രിയപ്പെട്ടവരേ, ക്രൈസ്തവ ഇച്ഛാശക്തിയുടെ അഭാവം ഇന്ന് നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും കാണുന്നു എന്നത് ഒരു ദുഃഖസത്യമാണ്. ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ നമ്മിലെ അഹങ്കാരം, പിടിവാശി, ധാർഷ്ട്യം, ലോകത്തിന്റെ വഴികളുടെ നടക്കാനുള്ള ആവേശം തുടങ്ങിയവ തടസ്സമാകുന്നുണ്ടെങ്കിൽ, ഇച്ഛാശക്തി എന്ന ആയുധം എടുക്കുവാൻ നാം തയ്യാറാകണം. പ്രതികരിക്കുക, പ്രതിരോധിക്കുക എന്നതിനേക്കാൾ, ജീവിതവിശുദ്ധിയിലൂടെ, ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ നമുക്കാകണം.

Pin on t r u t h

അത് ബുദ്ധിമുട്ടേറിയതുകൊണ്ടാകാം, ചിലരൊക്കെ ലൗകിക വിപ്ലവ വഴികളിലൂടെ ക്രിസ്തുവിനായി പ്രവർത്തിക്കുന്നത്. ദനഹാക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ച്ച, പുതുവർഷത്തിലെ ഒന്നാം ഞായറാഴ്ച്ച നമ്മുടെ ക്രൈസ്തവജീവിതങ്ങളെ ശക്തിപ്പെടുത്തുവാനുള്ള പ്രതിജ്ഞകളെടുക്കുവാൻ നമ്മെ ആഹ്വാനം ചെയ്യുകയാണ്. ഇന്നത്തെ വിശുദ്ധ ബലി നമ്മെ വിശുദ്ധീകരിക്കട്ടെ, ശക്തിപ്പെടുത്തട്ടെ, നക്കിടെ ഹൃദയങ്ങളെ ജ്വലിപ്പിക്കട്ടെ, നമ്മുടെ കണ്ണുകളെ തുറക്കട്ടെ. ആമേൻ!