ദനഹാക്കാലം അഞ്ചാം ഞായർ
പുറപ്പാട് 20, 1 -17
എസെക്കിയേൽ 11, 14-21
കൊളോസോസ് 3, 5-14
മത്തായി 5, 17-26
സന്ദേശം

വീണ്ടും കോവിഡിന്റെ ഭീതിയിലായിരിക്കുകയാണ് ലോകം. യുക്രെയ്‌നിൽനിന്ന് യുദ്ധത്തിന്റെ വാർത്തകളും വരുന്നുണ്ട്. സഭൈക്യവാര പ്രാർത്ഥന കഴിഞ്ഞെങ്കിലും അനൈക്യത്തിന്റെ അന്തരീക്ഷത്തിലാണ് നാം കഴിയുന്നത്. സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയായതുകൊണ്ടാണോ എന്നെനിക്കറിയില്ല, ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ക്രൈസ്തവരായ നാം പുലർത്തേണ്ട സ്നേഹത്തിന്റെ, രമ്യതയുടെ, ഐക്യത്തിന്റെ സന്ദേശമാണ് നമ്മോട് പറയുന്നത്. ക്രിസ്തു ഈ ലോകത്തിൽ വന്നത് നമ്മുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ, രമ്യതയുടെ സുവർണ നിയമം ആലേഖനം ചെയ്യാനാണ്. വെറും പുസ്തകത്താളുകളിൽ നിന്ന് പഠിക്കുന്ന നിയമമല്ല, ഹൃദയത്തിൽ നിന്നുയരുന്ന സ്നേഹത്തിന്റെ രമ്യതയുടെ നിയമമാണ് നമ്മെ യഥാർത്ഥ ക്രൈസ്തവരാക്കുന്നത് എന്നാണ് ഇന്നത്തെ സുവിശേഷം പ്രഘോഷിക്കുന്നത്.
വ്യാഖ്യാനം
വളരെ വ്യത്യസ്തവും എന്നാൽ വ്യക്തവുമായ ദൗത്യവുമായിട്ടാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. ഈശോയുടെ shജീവിതം വ്യത്യസ്തമായിരുന്നു; ജീവിതശൈലി വിഭിന്നമായിരുന്നു. മാത്രമല്ല, മനുഷ്യ നിർമ്മിതങ്ങളായ പല നിയമങ്ങളോടും അവിടുന്ന് വൈമുഖ്യം കാണിക്കുകയും ചെയ്തു. അക്കാരണത്താൽ തന്നെ നിയമങ്ങളെ നശിപ്പിക്കുവാൻ വന്നിരിക്കുന്നവനാണെന്ന ആരോപണവും ഈശോയ്ക്ക്മേൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ്, തന്റെ ചുറ്റും കൂടിയ ജനത്തോട് ഈശോ വളരെ വ്യക്തമായി പറയുന്നത്, ‘നിയമത്തെയും, പ്രവാചകന്മാരെയും നശിപ്പിക്കുവാനല്ല പൂർത്തിയാക്കുവാനാണ്’ താൻ വന്നിരിക്കുന്നത് എന്ന്.
ക്രൈസ്തവ സഹോദരരേ, മനസിലാക്കുക, ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് നിയമത്തെയും പ്രവാചകന്മാരെയും നശിപ്പിക്കുവാനല്ല പൂർത്തീകരിക്കുവാനാണ്. അവിടുന്നാണ് നിയമത്തിന്റെയും, പ്രവാചകന്മാരുടെയും പൂർത്തീകരണം, Fulfillment, ഗ്രീക്ക് ഭാഷയിൽ Pleroma! എന്താണ് ഇവിടെ നിയമംകൊണ്ട് വിവക്ഷിക്കുന്നത്? പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളാണ് നിയമങ്ങൾ – ഉത്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമവാർത്തനം. എന്താണ് പ്രവാചകന്മാർ? പഴയനിയമത്തിലെ വലുതും ചെറുതുമായ പ്രവാചക ഗ്രന്ഥങ്ങൾ. (Major and Minor Prophetical Books)
ഈ വിശുദ്ധ പുസ്തകങ്ങളിലെ ദൈവിക നിയമങ്ങളെയും, പ്രവചനങ്ങളെയും നശിപ്പിക്കുവാനല്ല, അവയെ മാറ്റിമറിക്കാനല്ല, അവ ഉപയോഗശൂന്യങ്ങളാണ് എന്ന് പ്രഖ്യാപിക്കനല്ല ക്രിസ്തു വന്നത്. ആ നിയമങ്ങൾ അനുസരിക്കുന്നവർ സ്വർഗ്ഗരാജ്യത്തിലെ വലിയവരാണ് എന്ന് പറയുവാനാണ്, ഒന്നാം വായനയിൽ കേട്ടപോലെ, കല്പനകൾ പാലിക്കുന്നവരോട് ആയിരം തലമുറകൾ വരെ ദൈവം കരുണകാണിക്കും എന്ന് പറയുവാനാണ് ക്രിസ്തു ആഗ്രഹിച്ചത്. അവയ്‌ക്കെല്ലാമുപരി, ആ നിയമങ്ങളെയും പ്രവാചകരെയും പൂർത്തീകരിക്കുവാനാണ് താൻ വന്നിരിക്കുന്നത് എന്ന് പറയാനാണ് ഈശോ ആഗ്രഹിച്ചത്. ഇതിനായി, പൂർത്തീകരണമെന്നോണം, സ്നേഹത്തിന്റെ, ഐക്യത്തിന്റെ, ഒരുമയുടെ, രമ്യതയുടെ പുതിയ നിയമം ഈശോ കൂട്ടിച്ചേർക്കുകയാണ്. ഈ നിയമമാകട്ടെ, പുസ്തകത്താളുകളിൽ എഴുതാനല്ല, കട്ടിളപ്പടിയിന്മേലും മേൽപ്പടിയിന്മേലും എഴുതാനല്ല, നെറ്റിയിലും കൈത്തണ്ടയിലും മാത്രം എഴുതാനല്ല, ക്രൈസ്തവ സ്ഥാപനങ്ങളുടെ ചുമരിന്മേലും, കെട്ടിത്തൂക്കുന്ന ഫ്ളക്സുകളിന്മേലും മാത്രം എഴുതാനല്ല ഈശോ ആഗ്രഹിച്ചത്. രണ്ടാം വായനയിൽ നിന്ന്, എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽ നിന്ന് വായിച്ചുകേട്ടതുപോലെ, ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ എഴുതുവാനാണ് ഈശോ ആഗ്രഹിച്ചത്. എന്താണ് എസക്കിയേൽ പ്രവാചകൻ പറയുന്നത്? “അവർക്ക് ഞാൻ ഒരു പുതിയ ഹൃദയം നൽകും; ഒരു പുതിയ ചൈതന്യം അവരിൽ ഞാൻ നിക്ഷേപിക്കും. അവരുടെ ശരീരത്തിൽ നിന്ന് ശിലാഹൃദയം എടുത്തുമാറ്റി, ഒരു മാംസളഹൃദയം ഞാൻ കൊടുക്കും. അങ്ങനെ അവർ എന്റെ കല്പനകൾ അനുസരിച്ചു് ജീവിക്കുകയും, എന്റെ നിയമങ്ങൾ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യും. അപ്പോൾ അവർ എന്റെ ജനവും, ഞാൻ അവരുടെ ദൈവവുമായിരിക്കും.” (11, 19-20) സ്നേഹത്തിന്റെ, രമ്യതയുടെ ഈ പുതിയ നിയമത്തിന് മാത്രമേ, മനുഷ്യനും ദൈവവും തമ്മിലുള്ള രമ്യത സൃഷ്ടിക്കുവാൻ സാധിക്കൂ…മനുഷ്യനും മനുഷ്യനും തമ്മിലുള്ള രമ്യത സൃഷ്ടിക്കുവാൻ സാധിക്കൂ…മനുഷ്യനും പ്രകൃതിയും തമ്മിലുള്ള രമ്യത സൃഷ്ടിക്കുവാൻ സാധിക്കൂ..
പ്രിയപ്പെട്ടവരേ, മനുഷ്യന്റെ ഹൃദയമിടിപ്പിന്റെ താളമായിരിക്കണം സ്നേഹത്തിന്റെ, രമ്യതയുടെ, അനുരഞ്ജനത്തിന്റെ ഈ പുതിയ നിയമം; മനുഷ്യന്റെ പ്രവർത്തനങ്ങളുടെ മാനദണ്ഡമായിരിക്കണം ഈ നിയമം; മനുഷ്യൻ ലോകത്തിലെ ബലിപീഠങ്ങളിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയുടെ അടിസ്ഥാനമായിരിക്കണം ഈ പുതിയ നിയമം; പഴയ നിയമ പ്രവാചക വചനങ്ങളുടെ പൂർത്തീകരണമായിരിക്കണം ഈ പുതിയ നിയമം എന്നാണ് ഈശോ പറയുവാൻ ആഗ്രഹിച്ചത്.

നിയമത്തിന്റെ പൂർത്തീകരണമായി ഈശോ നൽകുന്ന സ്നേഹത്തിന്റെ, അനുരഞ്ജനത്തിന്റെ, രമ്യതയുടെ ഈ പുതിയ നിയമം ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിച്ചു നിൽക്കുന്നതാണ്. ദൈവത്തിന്റെ ഇഷ്ടത്തോട് ചേർന്ന് നിൽക്കാത്ത ഒരു ഹൃദയമാണ് നിന്റേതെങ്കിൽ സഹോദരീ, സഹോദരാ, എങ്ങനെയാണ് ദൈവവുമായി അനുരഞ്ജനത്തിൽ കഴിയുവാൻ നിനക്ക് സാധിക്കുക? നിന്റെ വ്യക്തി ജീവിതത്തിൽ, കുടുംബജീവിതത്തിൽ, ഇടവക, സമൂഹ ജീവിതത്തിൽ തൊട്ടതിനും പിടിച്ചതിനും, ദേഷ്യപ്പെടുന്നവളാണെങ്കിൽ ദേഷ്യപ്പെടുന്നവനാണെങ്കിൽ, രോഷാകുലയാകുന്നവളെങ്കിൽ, രോഷാകുലനാകുന്നവനാണെങ്കിൽ, നിനക്കെങ്ങനെ ദൈവവുമായി, സഹോദരരുമായി രമ്യതയിൽ ജീവിക്കുവാൻ സാധിക്കും? നീ നിന്റെ അഹന്ത നിറഞ്ഞ മനസ്സിന്റെ പ്രകടനമായി കള്ളാ കള്ളായെന്നും, ചതിയായെന്നും, വിഡ്ഢിയെന്നും, പിശാചെന്നുമൊക്കെ നിന്റെ സഹോദരരെ തൊള്ളകീറുമാറു ഉറക്കെ വിളിച്ചുകൂവുമ്പോൾ നിന്റെ ജീവിതത്തിൽ ദൈവവുമായി, സഹോദരരുമായി എങ്ങനെ രമ്യതയിൽ കഴിയുവാൻ നിനക്ക് പറ്റും? നിന്റെ മാതാപിതാക്കൾക്കെതിരായി, സഹോദരർക്കെതിരായി, നിന്റെ അധികാരികൾക്കെതിരെയായി, സഹോദരവൈദികനെതിരായി, സന്യാസ സഹോദരിക്കെതിരായി കേസിന് പോകാൻ ആഗ്രഹിക്കുമ്പോൾ തന്നെ അവരുമായി രമ്യതപ്പെടാതെ മുന്നോട്ട് പോയാൽ നിന്റെ ജീവിതത്തിൽ എങ്ങനെയാണ് ദൈവവുമായി, സഹോദരരുമായി നിനക്ക് രമ്യതയിൽ ജീവിക്കുവാൻ സാധിക്കുക? തീർന്നില്ല.
നിന്റെ ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുർബാന അർപ്പിക്കുവാൻ ദേവാലയത്തിൽ ചെന്ന് നിൽക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് നീ ഓർത്താൽ, സഹോദരാ, സഹോദരീ, നിന്റെ നിയോഗങ്ങളും, നിന്റെ പ്രാർത്ഥനകളും, നിന്റെ കണ്ണീരും, നിന്റെ നെടുവീർപ്പുകളും അവിടെ വച്ചിട്ട്, പോയി നീ രമ്യപ്പെടുക. പിന്നെ വന്ന് വിശുദ്ധ കുർബാന അർപ്പിക്കുക. ശരിയാണ്, അങ്ങനെയാകുമ്പോൾ, രാവിലെ 7 മണിക്ക് തന്നെ ബലിയർപ്പിക്കുവാൻ സാധിച്ചെന്നു വരില്ല. പള്ളിയിൽ വന്ന് മുട്ടുകുത്തി, കുരിശുവരച്ചു കഴിഞ്ഞ് തലയുയർത്തുമ്പോൾ, “ഞാൻ എല്ലാവരുമായി രമ്യതയിലാണോ കർത്താവേ” എന്ന് സ്വയം ചോദിക്കുമ്പോൾ തന്നെ പതിയെ നാം അവിടെനിന്ന് എഴുന്നേൽക്കും. കാരണം, അൾത്താരയിലെ ഭിന്നത, അനൈക്യം നമ്മുടെ ജീവിതത്തെ, നമ്മുടെ കുടുംബത്തെ, നമ്മുടെ ഇടവകയെ, നമ്മുടെ സഭയെ കത്തിച്ചു ചാമ്പലാക്കിക്കളയുന്ന അഗ്നിയാണ്. അൾത്താരയിലെ ഭിന്നത, കുടുംബത്തിലെ ഭിന്നത, എല്ലാ ഭിന്നതകളും, അനൈക്യങ്ങളും നമ്മുടെ ജീവിതത്തെ, നമ്മുടെ കുടുംബത്തെ, നമ്മുടെ ഇടവകയെ, നമ്മുടെ സഭയെ നാം സ്വരുക്കൂട്ടിവച്ചിരിക്കുന്നവയെയെല്ലാം തട്ടിതരിപ്പണമാക്കുന്ന സുനാമിയാണ്. പലരുമായും, പലതുമായും നാം രമ്യതയിലല്ല പ്രിയപ്പെട്ടവരേ. ഭാര്യയോട്, ഭർത്താവിനോട്, മക്കളോട്, മാതാപിതാക്കളോട്, അയൽവക്കക്കാരോട്, ബഹുമാനപ്പെട്ട വികാരിയച്ചനോട് …. മാത്രമല്ല, ദേഷ്യം വന്നപ്പോൾ ആഞ്ഞു കൊട്ടിയടച്ച വാതിലിനോട്, എടുത്തെറിഞ്ഞ പാത്രത്തിനോട്, വലിച്ചെറിഞ്ഞ പേനയോട് ….. പ്രിയപ്പെട്ടവരേ, രമ്യതപ്പെടേണ്ടിയിരിക്കുന്നു.
ഒരിക്കൽ ഒരു ബുദ്ധിസ്റ്റ് ഗുരു, റിൻസായ് (Rinzai) ഒരു മുറിയിൽ തന്റെ ശിഷ്യർക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയായിരുന്നു. അപ്പോൾ ഒരു മനുഷ്യൻ വാതിൽ ശക്തമായി തള്ളി തുറന്നുകൊണ്ട്, വീണ്ടും അത് കൊട്ടിയടച്ചുകൊണ്ടു, തന്റെ ഷൂസ് മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് മുറിയ്ക്കുള്ളിൽ പ്രവേശിച്ചു. ഇരിക്കുവാൻ നേരം അടുത്തുണ്ടായിരുന്ന സഹോദരനെ തള്ളിമാറ്റിക്കൊണ്ട് ഇരിപ്പുറപ്പിച്ചു. അദ്ദേഹം വളരെ ദേഷ്യത്തിലായിരുന്നു.
ഇതെല്ലം ശ്രദ്ധിച്ച ഗുരു അദ്ദേഹത്തോട് പറഞ്ഞു: സഹോദരാ, അവിടെയിരിക്കല്ലേ. ആദ്യം തന്നെ അടുത്തിരിക്കുന്ന സഹോദരനോട് ക്ഷമചോദിക്കൂ…പിന്നെ വാതിലിനോട് , പിന്നെ ഷൂസിനോട്…
ഇതുകേട്ടപ്പോൾ അയാളുടെ ദേഷ്യം ഇരട്ടിയായി. അയാൾ പറഞ്ഞു: എന്താണ് നിങ്ങളീ പറയുന്നത്. വാതിലിനോട് ക്ഷമ ചോദിക്കുകയോ? ആ ഷൂസ് എന്റേതാണ്. പിന്നെ, ഈ പയ്യനോട്..വയ്യ.
ഗുരു വളരെ ശാന്തനായി പറഞ്ഞു: “ആ വാതിൽ നിങ്ങളോട് എന്ത് ചെയ്തു? ഷൂസ്, ഈ സഹോദരൻ…ഇവർ താങ്കളോട് എന്താണ് ചെയ്തത്? ഇവരോട് ദേഷ്യപ്പെടാമെങ്കിൽ ക്ഷമയും ചോദിക്കാം. അനുരഞ്ജനപ്പെടാതെ, എങ്ങനെ താങ്കൾ എന്റെ വചനം കേൾക്കും, എങ്ങനെ പ്രാർത്ഥനകൾ നടത്തും? എങ്ങനെ ധ്യാനിക്കും? ആദ്യം ക്ഷമ ചോദിക്കൂ..രമ്യതയിലാകൂ.. എന്നിട്ട് വന്നിരിക്കൂ.”

ഗുരു പറഞ്ഞതിന്റെ logic അയാൾക്ക് പിടികിട്ടി. “നിങ്ങൾക്ക് അവയോട് ദേഷ്യപ്പെടാമെങ്കിൽ ക്ഷമയും ചോദിക്കാം.” അയാൾ എഴുന്നേറ്റ് വാതിലിനോടും, സഹോദരനോടും, അദ്ദേഹത്തിന്റെ ഷൂസിനോടും ക്ഷമ ചോദിച്ചു. ആദ്ദേഹം ഗുരുവിന്റെ കാൽക്കൽ വീണപ്പ്പോൾ, ഗുരു പറഞ്ഞു, “രമ്യതയാണ്, അനുരഞ്ജനമാണ് ദൈവം, ദൈവാനുഭവം.”
സമാപനം
സ്നേഹമുള്ളവരേ, നിയമങ്ങളുടെ, പ്രവചനങ്ങളുടെ പൂർത്തീകരണമാണ് ക്രിസ്തു. അവിടുന്ന് ഇവയെ പൂർത്തീകരിച്ചത് സ്നേഹത്തിന്റെ, രമ്യതയുടെ, ഐക്യത്തിന്റെ, അനുരഞ്ജനത്തിന്റെ പുതിയ നിയമം അവയോട് കൂട്ടിച്ചേർത്തുകൊണ്ടാണ്. ലേഖനത്തിൽ വായിച്ചു കേട്ടതുപോലെ, പഴയ മനുഷ്യനെ നമുക്ക് ദൂരെയെറിയാം. അഹന്ത വെടിഞ്ഞ്, കരുണ, ദയ,വിനയം എന്നിവ ധരിക്കുവിൻ. സഹോദരങ്ങളുമായി

നമുക്ക് രമ്യതപ്പെടാം. എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂർണമായ ഐക്യത്തിൽ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിൻ. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ, നമ്മുടെ ഭവനങ്ങളെ ഭരിക്കട്ടെ. ആമേൻ!