ദനഹാക്കാലം ആറാം ഞായർ
ലേവ്യ 4, 13-21
ദാനിയേൽ 9, 1-9
കൊളോ 1, 12-19
മാർക്കോ 2, 1-12
സന്ദേശം

ക്രിസ്തുവിനെ വളരെ മനോഹരമായി, അവതരിപ്പിച്ചിരിക്കുന്ന ഒരു സുവിശേഷഭാഗമാണ് ദനഹാക്കാലത്തിന്റെ ഈ ആറാം ഞായറാഴ്ച്ച നാം ശ്രവിച്ചത്. നസ്രത്തിലെ ഈശോ, ദരിദ്രൻ, ആശാരിയുടെ മകൻ എന്നൊക്കെ അന്നത്തെ സമൂഹം പറഞ്ഞെങ്കിലും “എത്ര അധികാരത്തോടെ ഇവൻ സംസാരിക്കുന്നു” എന്നും ജനക്കൂട്ടം ക്രിസ്തുവിനെപ്പറ്റി പറഞ്ഞു. ക്രിസ്തുവിനെപ്പോലെ വാക്കുകൾക്ക് ഇത്രമാത്രം കനം നൽകിയ മറ്റൊരാളില്ല. സാധാരണമായ വാക്കുകൾ അവിടുത്തെ അധരങ്ങളിൽ രത്നങ്ങളായി മാറി; പാപങ്ങൾ മോചിക്കുന്ന ദൈവിക വചസ്സുകളായി അവ മാറി. ഇന്നത്തെ സുവിശേഷഭാഗം അതിന് ഉദാഹരണമാണ്. സുവിശേഷത്തിന്റെ സന്ദേശം ഇതാണ്.മനുഷ്യാ, നിന്റെ ഉള്ളിലെ ആത്മാവിനെ, ദൈവാത്മാവിനെ മറന്ന് നീ ജീവിക്കരുത്.”
വ്യാഖ്യാനം
ഈശോയുടെ അത്ഭുത രോഗശാന്തികൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട് വിശുദ്ധ മർക്കോസിന്റെ സുവിശേഷം. ആദ്യത്തെ പത്ത് അധ്യായങ്ങൾ ഓരോന്നിലും ഒന്നുകിൽ ഒരു രോഗശാന്തി അല്ലെങ്കിൽ ഒരത്ഭുതം നമുക്ക് കാണാൻ കഴിയും. മറ്റു മൂന്ന് സുവിശേഷങ്ങളേക്കാൾ അത്ഭുതങ്ങൾക്കും, രോഗശാന്തിക്കും വിശുദ്ധ മാർക്കോസ് പ്രത്യേകം ശ്രദ്ധ നൽകുന്നു. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ 678 വചനങ്ങളിൽ, 198 ഉം അത്ഭുതസംഭവങ്ങളുടെ നാൾ വഴികളാണ്. അവയിൽത്തന്നെ വലിയൊരു ഭാഗം രോഗശാന്തി വിവരണങ്ങളാണ്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ ഈ രോഗശാന്തികൾ പ്രധാനമായും നടക്കുന്നത് ഗലീലിയിൽ വച്ചാണ്.
അന്ന് ഗലീലിയിൽ ധാരാളം മാന്ത്രികരുണ്ടായിരുന്നു.. അവർ യഹൂദരോ, ഗ്രീക്കുകാരോ റോമക്കാരോ ആയിരുന്നു. അവർ കള്ളത്തരങ്ങളിലൂടെയോ, കൺകെട്ടുവിദ്യകളിലൂടെയോ, മറ്റ് ചെപ്പടിവിദ്യകളിലൂടെയോ ആണ് അത്ഭുതങ്ങൾ, മാജിക്കുകൾ നടത്തിയിരുന്നത്. എന്നാൽ ഈശോയുടെ രോഗശാന്തികൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അത് വെറുമൊരു ഷോ മാത്രമായിരുന്നില്ല. ശാരീരികമായ സൗഖ്യം മാത്രമായിരുന്നില്ല. ആളുകളിൽ നിന്ന് കയ്യടി ലഭിക്കുവാനുള്ള കള്ളത്തരങ്ങളുമായിരുന്നില്ല. ഈശോയുടെ രോഗശാന്തികൾ മനുഷ്യന്റെ സമഗ്രമായ വിമോചനത്തെ ലക്‌ഷ്യംവച്ചുള്ളതായിരുന്നു; മനുഷ്യന്റെ ആന്തരിക മാറ്റത്തെ ലക്‌ഷ്യം വച്ചുള്ളതായിരുന്നു. വെറും ശാരീരികമെന്നതിനേക്കാൾ, മനസികമെന്നതിനേക്കാൾ ഈശോ ശ്രദ്ധിച്ചിരുന്നത് മനുഷ്യന്റെ ആത്മീയ വിമോചനമായിരുന്നു, ആത്മാവിന്റെ രക്ഷയായിരുന്നു.
ഇന്നത്തെ സുവിശേഷഭാഗത്ത് സുതരാം വ്യക്തമാണ് ഈശോയുടെ ഈ പ്രവർത്തന ശൈലി. ആധുനിക സാമൂഹ്യ മനഃശാസ്ത്രം പറയുന്നപോലെ വെറും Psychosomatic രോഗശാന്തികളായിരുന്നില്ല ഈശോയുടേത്. അവിടുത്തെ രോഗശാന്തിയുടെ പ്രത്യേകതകൾ നോക്കുക: 1. ജനക്കൂട്ടത്തിന്റെ മുൻപിൽ വച്ചാണ് അവിടുന്ന് രോഗശാന്തി നൽകുന്നത്. 2. രോഗശാന്തിക്ക് സാക്ഷ്യം വഹിക്കുന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്നവരായിരുന്നില്ല. 3. രോഗശാന്തി ലഭിച്ചവരെ സമൂഹത്തിന് പരിശോധിക്കാമായിരുന്നു. 4. ഈശോ മനുഷ്യന്റെ ആത്മാവിന്റെ സൗഖ്യമാണ് ആദ്യമായി ആഗ്രഹിക്കുന്നത്. 5. രോഗിയുടെയോ, രോഗിയുടെ അടുത്തുനിൽക്കുന്നവരുടെയോ വിശ്വാസം ഈശോ പരിഗണിച്ചിരുന്നു. തളർവാതരോഗിയെ സുഖപ്പെടുത്തുമ്പോൾ ഈശോ പിന്തുടരുന്ന pattern ഇത് തന്നെയാണ്. ആദ്യം രോഗിയുടെ പാപങ്ങൾ മോചിക്കുന്നു, പിന്നെ രോഗിയെ സുഖപ്പെടുത്തുന്നു.
ഗലീലി കടൽത്തീരത്തിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കഫർണാം എന്ന ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഇന്നത്തെ സുവിശേഷത്തിൽ അവതരിപ്പിക്കുന്ന സംഭവം നടക്കുന്നത്. വിശുദ്ധ പത്രോസിന്റെ വീട് കേന്ദ്രീകരിച്ചാണ് ഈശോ തന്റെ സുവിശേഷ ദൗത്യം കഫെർണാമിൽ നടത്തിയിരുന്നത്. അതുകൊണ്ട് സുവിശേഷഭാഗത്ത് പറയുന്ന വീട് വിശുദ്ധ പത്രോസിന്റേതായിരിക്കണം. ആ വീട് അത്ര വലുതൊന്നുമായിരുന്നില്ല. അതിന്റേത് താഴ്ന്ന മച്ചുമായിരുന്നു. ഈശോയുടെ പ്രവർത്തനശൈലിയുടെ പ്രത്യേകതകൊണ്ടും, ഈശോ ആ പ്രദേശത്ത് സാമാന്യം പ്രശസ്തനായതുകൊണ്ടും ആയിരിക്കണം, മുറ്റം നിറയെയും, വീടിന്റെ അകം നിറയെയും ആളുകൾ അവിടെ കൂടിയത്. അല്പം സാഹസപ്പെട്ടിട്ടാണെങ്കിലും ഒരു തളർവാത രോഗി അവിടെ ഈശോയുടെ മുൻപിൽ എത്തുകയാണ്.
ഈശോയുടെ കാലത്ത് പലസ്തീനയിൽ സാധാരണമായ ഒരു രോഗമായിരുന്നു തളർവാതം. എന്തുകൊണ്ട് തളർവാതം? ചിലപ്പോൾ ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ടാകാം; കാലാവസ്ഥയുടെ സ്വഭാവംകൊണ്ടാകാം; പരിസരം വൃത്തിയില്ലാത്തതായതുകൊണ്ടാകാം; അനാരോഗ്യകരമായ ഭക്ഷണരീതികൾകൊണ്ടാകാം. എന്തായാലും, ആ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു മഹാരോഗമായി തളർവാതം രൂപപ്പെട്ടിരുന്നു. ഈ അസുഖത്തിന്റെ ആരംഭത്തിൽ കാലുകൾക്കാണ് തളർച്ച അനുഭവപ്പെടുക. പിന്നെ കൈത്തണ്ടകളിലേക്ക് വ്യാപിക്കുകയും, പതുക്കെ കഴുത്തിന് ചുറ്റും വരെ എത്തുകയും ചെയ്യും. മൂന്ന് ആഴ്ചയോടെ രോഗി പൂർണമായും തളർന്നുപോകും. ഒരു ന്യൂറോളജിക്കൽ അസുഖമാണിത്.
എന്നാൽ, ഈശോയുടെ കാഴ്ചപ്പാടിൽ ഈ രോഗത്തിന്റെ കാരണം ന്യൂറോളജിക്കൽ പഠനങ്ങൾക്കും അപ്പുറമായിരുന്നു. മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കും അപ്പുറം ജീവിതാവസ്ഥകളെ കാണാൻ ക്രിസ്തുവിന് കഴിയുമായിരുന്നു. അന്നത്തെ മനുഷ്യന്റെ ആത്മീയ ജീവിതത്തിലെ, മതജീവിതത്തിലെ പുഴുക്കുത്തുകളെ, ദൈവത്തെ, ദൈവത്തിലുള്ള വിശ്വാസത്തെ സ്വന്തം സുഖത്തിനും, വളർച്ചയ്ക്കും, അധികാരത്തിനും പണത്തിനും പാരമ്പര്യത്തിനുവേണ്ടി ഉപയോഗിക്കുന്ന മനുഷ്യന്റെ അഹങ്കാരത്തെ, സ്വാർത്ഥതയെ കാണാൻ, അതുവഴി നശിച്ചുപോകുന്ന ആത്മാക്കളെ കാണാൻ ക്രിസ്തുവിന് സാധിച്ചു. ഈശോ തളർവാതരോഗിയെ നോക്കിയപ്പോൾ കണ്ടത്, ദൈവവുമായി അനുരജ്ഞനപ്പെടാതെ നിൽക്കുന്ന, ദൈവത്തിന്റെ പ്രസാദവരങ്ങളുമായി സഹകരിക്കാതെ നിൽക്കുന്ന, ആവശ്യമായ പോഷണങ്ങൾ നൽകാതെ തളർന്നു നിൽക്കുന്ന അവന്റെ ആത്മാവിനെയായിരുന്നു. പാപത്തിന്റെ വഴികളിലൂടെ നടന്ന് തളർന്നുപോയ അവന്റെ കാലുകളേക്കാൾ, തിന്മയുടെ ലഹരിയിൽ തളർന്നുപോയ ശരീരത്തേക്കാൾ ഈശോ കണ്ടത്, തിന്മയുടെ ബന്ധനത്തിൽ കിടക്കുന്ന അവന്റെ ആത്മാവിനെയാണ്. സ്വർഗ്ഗപിതാവിന്റെ പുത്രനായ ക്രിസ്തു, ദൈവാത്മാവ് നിറഞ്ഞ ദൈവപുത്രൻ, സർവ്വാധികാരത്തോടെ, അതിലുമുപരി കരുണയോടെ, സ്നേഹത്തോടെ പറയുന്നു: “മകനേ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”

ഈശോ ആ രോഗിയെ ആത്മീയമായി സ്വതന്ത്രനാക്കുകയാണ്. തുടർന്ന് ഈശോയുടെ പ്രവർത്തിയെ ദൈവദൂഷണമായിക്കണ്ട് ജനക്കൂട്ടം ബഹളം വയ്ക്കുകയും അതിന്റെ അവസാനം ആ തളർവാതരോഗി ശാരീരികമായും സുഖപ്പെടുകയാണ്.
സ്നേഹമുള്ളവരേ, വായിച്ചുകേട്ട സുവിശേഷ ഭാഗത്തെ വീണ്ടും വിസ്തരിച്ച് നിങ്ങളുടെ സമയം നഷ്ടപ്പെടുത്തുവാനല്ല ഞാൻ ശ്രമിച്ചത്. നിങ്ങളുടെയും, എന്റെയും ദൈവമായ, ഈ ലോകത്തിന്റെ ഏക രക്ഷകനായ, രണ്ടാം വായനയിൽ ദാ നിയേൽ പ്രവാചകൻ പറയുന്ന കരുണയും പാപമോചനവും നിറഞ്ഞു നിൽക്കുന്ന, (ദാനിയേൽ 9, 9) ലേഖനത്തിൽ വായിച്ചുകേട്ടതുപോലെ നമുക്ക് രക്ഷയും പാപമോചനവും നൽകുന്ന കർത്താവായ ക്രിസ്തുവിന്റെ പ്രവർത്തനശൈലി, കാഴ്ചപ്പാട് നിങ്ങളെ ഓർമപ്പെടുത്തുവാനാണ് ഞാൻ ശ്രമിച്ചത്. നിങ്ങളുടെയും എന്റെയും കണ്ണുകളിലൂടെ നോക്കിക്കൊണ്ട് നിങ്ങളുടെയും എന്റെയും ഹൃദയത്തെ കാണുന്നവനാണ്, ആത്മാവിനെ കാണുന്നവനാണ്, നിങ്ങളുടെയും എന്റെയും ജീവിതാവസ്ഥ മനസ്സിലാക്കുന്നവനാണ് ഈശോ എന്ന് ഒരിക്കൽക്കൂടി പറയുവാനാണ്, ആ ഈശോയാണ് നിങ്ങളുടെയും എന്റെയും ആത്മാവിനെ, ജീവിതത്തെ എല്ലാവിധ തിന്മകളിൽ നിന്നും പാപത്തിൽ നിന്നും രക്ഷിക്കുന്നവനെന്ന് പ്രഘോഷിക്കുവാനാണ് ഞാൻ ശ്രമിച്ചത്.
മനുഷ്യൻ വെറും ശരീരം മാത്രമല്ല; മനുഷ്യൻ വെറും മനസ്സും മാത്രമല്ല. മനുഷ്യൻ ശരീരവും മനസ്സും കൂടിയവനും മാത്രമല്ല.നിരീശ്വരവാദികളും, യുക്തിവാദികളും, ഭൗതികവാദികളും മനുഷ്യൻ ശരീരം മാത്രമെന്നും, ശരീരവും മനസ്സുമെന്നുമൊക്കെ സൗകര്യപൂർവം വാദിച്ചുകൊണ്ടിരിക്കും. എന്നാൽ, ക്രിസ്തുവിന്റെ മനുഷ്യ ദർശനം എന്നും ഇവർക്കെല്ലാം ഉപരിയായിരിക്കും. കാരണം, ക്രിസ്തുവിന് മനുഷ്യൻ മനുഷ്യൻ വെറും ശരീരം മാത്രമല്ല; മനുഷ്യൻ വെറും മനസ്സും മാത്രമല്ല. മനുഷ്യൻ ശരീരവും മനസ്സും കൂടിയവനും മാത്രമല്ല. മനുഷ്യൻ ക്രിസ്തുവിന് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ്. അതുകൊണ്ടു തന്നെ, മനുഷ്യൻ ശരീരവും മനസ്സും ആത്മാവും ഉള്ളവനാണ്. മനുഷ്യാ നിന്നിൽ ദൈവത്തിന്റെ ആത്മാവുണ്ടെന്നും, നീ ദൈവത്തിന്റെ ആലയമാണെന്നും, നിന്നിലുള്ള ആത്മാവിന്റെ ജീവിതമാണ് നീ നയിക്കേണ്ടതെന്നും നമ്മെ ഓർമിപ്പിക്കുവാനും, പഠിപ്പിക്കുവാനുമാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. അതുകൊണ്ടാണ് ഈശോ ഒരിക്കൽ പറഞ്ഞത്: “ഹേ മനുഷ്യാ, നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ നിനക്ക് എന്ത് പ്രയോജനം? ആത്മാവിന് പകരമായി നീ എന്ത് കൊടുക്കും?”
എന്നാൽ, ഇന്ന് ക്രൈസ്തവർ ഈ ആത്മാവിനെ മറന്ന് ജീവിക്കുകയാണ്. ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് കൊറോണ വൈറസുമൊന്നുമല്ല പ്രിയപ്പെട്ടവരേ. വർഗീയതയുമല്ല. ക്രിസ്ത്യാനികളെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന തീവ്രവാദവും അല്ല. ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. ഞാൻ ഒന്നുക്കൂടി പറയട്ടെ: ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. ശരീരത്തിനുവേണ്ടി മാത്രം ഒരു വ്യക്തി ജീവിക്കുമ്പോൾ അത് പാപത്തിലുള്ള ജീവിതമാണ്. മനസ്സിനുവേണ്ടി മാത്രം പലതരത്തിലുള്ള ലഹരിയ്ക്കുവേണ്ടി മാത്രം ഉള്ള ജീവിതമാണ് നീ നയിക്കുന്നതെങ്കിൽ അത് തിന്മയിലുള്ള ജീവിതമാണ്. അത് നിന്നെ തളർവാതത്തിലേക്ക് നയിക്കും. നിന്റെ ജീവിതത്തെ, നിന്റെ കുടുംബത്തെ, നിന്റെ ഇടവകയെ, നിന്റെ രൂപതയെ, നിന്റെ സഭയെ തകർത്തുകളയുന്ന തളർവാതത്തിലേക്ക് നയിക്കും. കേരളത്തിലെ കോട്ടയം നഗരത്തിൽ, കാറിന്റെ താക്കോൽ കൈമാറ്റത്തിലൂടെ ജീവിത പങ്കാളിയെ കൈമാറുന്ന ഒറിജിനൽ നാടകങ്ങൾ നടക്കുമ്പോൾ, അതിനെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് അധികാരികൾ പറയുമ്പോൾ ആത്മാവിനെ മറന്നുള്ള ജീവിതമല്ലേ അത് പ്രിയപ്പെട്ടവരേ? മുസ്ലീങ്ങളുടെ ദൈവമായ അല്ലാഹുവിന് അർപ്പിച്ച ഭക്ഷണം, ഹലാൽ ഭക്ഷണം തികഞ്ഞ അറിവോടെ ഭക്ഷിക്കുന്നത് ആത്മാവിനെ മറന്നുള്ള ജീവിതമല്ലേ പ്രിയപ്പെട്ടവരേ? തിരുസഭയുടെ പഠനങ്ങളെ മറന്ന്, കൗദാശികജീവിതം ഇല്ലാതെ വെറും തോന്നലുകൾക്കനുസരിച്ച് മാത്രം ജീവിക്കുന്നത് ആത്മാവിനെ മറന്നുള്ള ജീവിതമല്ലേ? ലോകത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് വ്യക്തിജീവിതത്തെയും, കുടുംബ ജീവിതത്തെയും രൂപപ്പെടുത്തുന്നത് ഉള്ളിലുള്ള ദൈവത്തിന്റെ ആത്മാവിനെ വേദനിപ്പിക്കുകയില്ലേ? മദ്യത്തിന്റെയും, ലഹരിവസ്തുക്കളുടെയും പിന്നാലെ പായുമ്പോൾ, അവയിൽ മുഴുകുമ്പോൾ നമ്മിലുള്ള ദൈവത്തിന്റെ ആത്മാവിനെ നാം കൊല്ലുകയല്ലേ പ്രിയപ്പെട്ടവരേ?
സമാപനം
ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. സ്നേഹമുള്ളവരേ, നമ്മെ, നമ്മുടെ കുടുംബത്തെ തളർവാതമെന്ന രോഗം അലട്ടുന്നുണ്ടെങ്കിൽ ക്രിസ്തുവിന്റെ സന്നിധിയിൽ അണയുക. നമ്മുടെ ഹൃദയങ്ങൾ, ജീവിതങ്ങൾ കാണുന്ന ക്രിസ്തു നമ്മുടെ ആത്മാവിനെ വീണ്ടെടുക്കും. നാം തയ്യാറാണെങ്കിൽ ഇന്ന്, ഇപ്പോൾ, ഈ വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ സ്വരം നാം ശ്രവിക്കും

:“മകളേ, മകനേ, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു.” അതിനായി അതിയായി ആഗ്രഹിച്ചുകൊണ്ട് വിശുദ്ധ കുർബാന നമുക്ക് തുടർന്ന് അർപ്പിക്കാം. ആമേൻ!