ദനഹാക്കാലം ഏഴാം ഞായർ
പുറപ്പാട് 16, 13-21
1 രാജാക്കന്മാർ 19, 1-8
1 കോറിന്തോസ് 10, 14-21
യോഹന്നാൻ 6, 47-59
സന്ദേശം

1845 ഒക്ടോബർ ആറാം തീയതി രാത്രി, ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠിപ്പിക്കുന്ന, സർവകലാശാലയിലെ സെന്റ് മേരീസ് പള്ളിവികാരിയായിരുന്ന ആംഗ്ലിക്കൻ സഭയിൽപ്പെട്ട ഫാദർ ജോൺ ഹെൻറി ന്യൂമാൻ ഇറ്റലിക്കാരൻ പാഷനിസ്റ്റ് സഭാ വൈദികനായ ഡൊമിനിക് ബാർബെറിയെ കാത്തിരിക്കുകയായിരുന്നു. കാത്തിരിക്കുവാൻ ഒരു കാരണമുണ്ടായിരുന്നു. അധ്യാപനം ഉപേക്ഷിച്ച്, ആംഗ്ലിക്കൻ സഭയിൽ നിന്ന് പുറത്തുപോന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിന്റെ ഏറ്റവും അടുത്ത ഒരുക്കത്തിലായിരുന്നു ഫാദർ ന്യൂമാൻ. ഒട്ടും വൈകാതെ തന്നെ ഫാദർ ബാർബെറി എത്തിച്ചേർന്നു. പിറ്റേന്ന് ഫാദർ ബാർബെറി പ്രാരംഭകാര്യങ്ങളെല്ലാം ചെയ്തു. ഒക്ടോബർ 9 ന് ഫാദർ ന്യൂമാൻ മാമ്മോദീസ സ്വീകരിച്ചു. കത്തോലിക്കാ വിശ്വാസം ഏറ്റുപറഞ്ഞു. ഫാദർ ഡൊമിനിക്കിന്റെ അടുത്ത് കുമ്പസാരിച്ചു. വിശുദ്ധ കുർബാന സ്വീകരിച്ചു. വിവരമറിഞ്ഞ് ഓടിയെത്തിയ ഒരു സുഹൃത്ത് ന്യൂമാനോട് പറഞ്ഞു: “എന്ത് വിവരക്കേടാണ് നിങ്ങളീ കാണിക്കുന്നത്? എന്തിനാണ് ജോലി രാജിവച്ചത്? ഇത്രയും പ്രശസ്തനായ നിങ്ങൾക്ക് മാസം ലഭിക്കുന്ന 4000 പൗണ്ട് നഷ്ടപ്പെടുകയില്ലേ? അപ്പോൾ വളരെ ശാന്തനായി ഫാദർ ന്യൂമാൻ പറഞ്ഞു: “സ്നേഹിതാ, ക്ഷമിക്കണം. കത്തോലിക്കാ സഭയിൽ ഞാനൊരു മഹാത്ഭുതം കണ്ടു, ദിവ്യകാരുണ്യമെന്ന മഹാത്ഭുതം. വിശുദ്ധ കുർബാനയോട് താരതമ്യം ചെയ്യുമ്പോൾ ഈ 4000 പൗണ്ട് എന്താണ് സുഹൃത്തേ?” കത്തോലിക്കാസഭയിലെ ദിവ്യകാരുണ്യമെന്ന വലിയ നിധി കണ്ടെത്തിയപ്പോൾ അത് സ്വന്തമാക്കാൻ ആംഗ്ലിക്കൻ സഭ വിട്ട് പുറത്തുവന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച വലിയ പണ്ഡിതനാണ്, ഇപ്പോൾ വിശുദ്ധനാണ് കർദിനാൾ ന്യൂമാൻ.
ഇന്ന്, ദനഹാക്കാലം ഏഴാം ഞായറാഴ്ച്ചത്തെ, ഈശോ ജീവന്റെ അപ്പമാകുന്നു എന്ന സുവിശേഷഭാഗം വായിച്ചു ധ്യാനിച്ചപ്പോൾ മനസ്സിലേക്ക് ഓടിവന്ന സംഭവമാണ് ഞാനിപ്പോൾ വിവരിച്ചത്. കത്തോലിക്കാ സഭയിലെ വിശുദ്ധ കുർബാനയെന്ന ഈ മഹാത്ഭുതത്തെക്കുറിച്ചാകട്ടെ ഇന്നത്തെ നമ്മുടെ വിചിന്തനം.
വ്യാഖ്യാനം
AD 95 ൽ എഫോസോസിൽ വച്ച് രചന പൂർത്തിയാക്കിയ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ വിശുദ്ധ കുർബാന സ്ഥാപനത്തെക്കുറിച്ചുള്ള വിവരണം ഇല്ലെങ്കിലും, ജീവന്റെ അപ്പത്തെക്കുറിച്ച്, വിശുദ്ധ കുർബാനയെക്കുറിച്ച് വളരെ വിശദമായും, ദൈവശാസ്ത്രപരമായും വിശുദ്ധ യോഹന്നാൻ പ്രതിപാദിച്ചിട്ടുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം മുഴുവനും, (ഈശോ വെള്ളത്തിന് മീതെ നടക്കുന്ന അത്ഭുതം മാറ്റിനിർത്തിയാൽ) ക്രിസ്തു ജീവന്റെ അപ്പമാണ് എന്നതിന്റെ വിവരണമാണ്. AD 95 ൽ എഴുതപ്പെട്ടു എന്ന് പറയുമ്പോൾ നാം മനസ്സിലാക്കേണ്ടത്, ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെയും, അവരുടെ ക്രിസ്തു സാക്ഷ്യത്തിന്റെയും, വിശ്വാസത്തിന്റെയും, വിശുദ്ധ കുർബാനയെക്കുറിച്ചുള്ള അറിവിന്റെയും, ആചരണത്തിന്റെയും പിൻബലം ഈ സുവിശേഷ ഭാഗത്തിന് ഉണ്ട് എന്നാണ്. മാത്രമല്ല, വിശുദ്ധ യോഹന്നാനാണ് ഈ സുവിശേഷത്തിന്റെ കർത്താവ്. താൻ നേരിട്ട് കണ്ടതും,കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് എഴുതിയിരിക്കുന്നത് എന്ന് സുവിശേഷത്തിന്റെ അവസാനം അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തുവിന്റെ പ്രസ്താവം വളരെ ശക്തമാണ്. ഇത് വെറുമൊരു political statement അല്ല. കയ്യടികിട്ടാനുള്ള വാചകക്കസർത്തുമല്ല. ദൈവത്തിന്റെ വെളിപാടാണിത്, ദൈവത്തിന്റെ ജീവനുള്ള വചനമാണിത്. ഈശോ പറയുന്നു: “സത്യം സത്യമായി നിങ്ങളോട് പറയുന്നു, ഞാൻ ജീവന്റെ അപ്പമാണ്. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവർ മരിച്ചു. ഇതാകട്ടെ, ഭക്ഷിക്കുന്നതിനുവേണ്ടി സ്വർഗത്തിൽ നിന്നിറങ്ങിയ അപ്പമാണ്. ഇത് ഭക്ഷിക്കുന്നവൻ മരിക്കുകയില്ല … ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്.” (48-50) എത്ര ശക്തമായ പ്രസ്താവനയാണിത്. അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ഈശോ രക്ഷാകര പദ്ധതിയുടെ,

തന്റെ രക്ഷാകര ദൗത്യത്തിന്റെ ചുരുളഴിക്കുകയാണ്. ഇന്നും നമ്മുടെ പെന്തക്കോസ്ത് സഭാസഹോദരങ്ങൾക്ക് മനസ്സിലാക്കാനോ, സ്വീകരിക്കുവാനോ സാധിക്കാത്ത ദൈവത്തിന്റെ വെളിപാടാണിതെങ്കിലും, സത്യമിതല്ലേ? ക്രിസ്തു ജീവന്റെ അപ്പമാണ്. ക്രിസ്തുവിന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് ജീവൻ ഉണ്ടായിരിക്കുകയില്ല. (54).
ഇസ്രായേൽ ജനത്തിനിടയിൽ ഉണ്ടായിരുന്ന വലിയൊരു വിശ്വാസത്തിന്റെ ബലത്തിലായിരിക്കണം ഈശോ ഇക്കാര്യങ്ങൾ പറയുന്നത്. മിശിഹാ വരുമെന്നത് ഇസ്രായേൽ ജനത്തിന്റെ വലിയൊരു പ്രതീക്ഷയായിരുന്നു. മിശിഹാ വരുമ്പോൾ എങ്ങനെയാണു മിശിഹായെ തിരിച്ചറിയുക? അവർക്ക് അതിനൊരു അടയാളം ഉണ്ടായിരുന്നു. എന്തായിരുന്നു ആ അടയാളം? അവരുടെ പിതാക്കന്മാർ മരുഭൂമിയിലായിരുന്ന കാലത്ത് സ്വർഗത്തിൽ നിന്ന് മന്നാവർഷം ഉണ്ടായതുപോലെ, മിശിഹാ വരുമ്പോൾ, മിശിഹായുടെ നാളുകളിൽ മന്നാ വർഷമുണ്ടാകുമെന്ന് ഇസ്രായേൽ ജനം ഉറച്ചു വിശ്വസിച്ചിരുന്നു. യഹൂദരുടെ വ്യാഖ്യാന ഗ്രന്ഥമായ മിദ്രാഷിലാണ് (Midrash /ˈmɪdrɑːʃ/; Hebrew: midrashim) ഇക്കാര്യം വിവരിക്കുന്നത്. സ്വർഗത്തിൽ നിന്ന് മന്ന കൊണ്ടുവരുന്നവനായിരിക്കും മിശിഹാ എന്ന വലിയ പ്രതീക്ഷ ഇസ്രായേൽ പുലർത്തിപ്പോന്നു. അതുകൊണ്ടാണ് പുറപ്പാടിന്റെ പുസ്തകത്തിലെ മന്നയെ ഓർമിപ്പിച്ചുകൊണ്ട് ഈശോ ജനത്തിനോട് പറഞ്ഞത്, ഇസ്രായേൽ മക്കളേ, നിങ്ങളുടെ പിതാക്കന്മാർ സ്വർഗത്തിൽ നിന്ന് വന്ന മന്നാ ഭക്ഷിച്ചില്ലേ? നോക്കൂ, ഞാൻ സ്വർഗത്തിൽ നിന്നിറങ്ങിയ മന്നയാണ്. എന്നാൽ ഒരു വ്യത്യാസമുണ്ട്. നിങ്ങളുടെ പിതാക്കന്മാർ മന്നാ ഭക്ഷിച്ചെങ്കിലും മരിച്ചു. എന്നാൽ – ഞാൻ സ്വർഗത്തിൽ നിന്നിറങ്ങി വന്ന അപ്പമാണ്. പിതാക്കന്മാർ മന്ന ഭക്ഷിച്ചതുപോലെയല്ല. എന്നെ ഭക്ഷിക്കുന്നവൻ എന്നേയ്ക്കും ജീവിക്കും. (58)
പുറപ്പാടിന്റെ പുസ്തകം പതിനാറാം അധ്യായത്തിലെ മന്നവർഷത്തെക്കുറിച്ച് വായിച്ചിട്ട് പുതിയനിയമത്തിലേക്ക് ഒരു ചാട്ടം ചാടുവാൻ നിങ്ങൾ ആഗ്രഹിച്ചാൽ, വന്നെത്തിനിൽക്കുന്നത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അധ്യായത്തിലെ ജീവന്റെ അപ്പത്തെക്കുറിച്ചുള്ള വിവരണത്തിലായിരിക്കും. ഇന്നത്തെ രണ്ടാം വായനയിൽ കർത്താവിന്റെ ദൂതൻ ഏലിയായോട് പറയുന്നില്ലേ. “എഴുന്നേറ്റ് ഭക്ഷിക്കുക” എന്ന്. അവിടെനിന്നും പുതിയനിയമത്തിലേക്കൊരു ചാട്ടം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിങ്ങൾ വന്നെത്തിനിൽക്കുന്നത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അധ്യായത്തിലെ ജീവന്റെ അപ്പത്തെക്കുറിച്ചുള്ള വിവരണത്തിലായിരിക്കും. അതുപോലെ തന്നെ, ഉത്പത്തിപുസ്തകത്തിലെ മൂന്നാം അദ്ധ്യായത്തിൽ ‘ഈ പഴം ഭക്ഷിക്കുന്ന ദിവസം നിങ്ങളുടെ കണ്ണുകൾ തുറക്കപ്പെടും എന്ന് സർപ്പം പറഞ്ഞതുകേട്ട് അവൾ പഴം പറിച്ചു തിന്നു. ഭർത്താവിനും കൊടുത്തു. അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരാണെന്ന് അവരറിഞ്ഞു’ (6-7) എന്ന ബൈബിൾ ഭാഗത്തുനിന്ന് പുതിയനിയമത്തിലേക്ക് ഒരു ചാട്ടം ചാടുവാൻ നിങ്ങൾ ആഗ്രഹിച്ചാൽ വന്നെത്തിനിൽക്കുന്നത് വിശുദ്ധ ലൂക്കയുടെ സുവിശേഷം അദ്ധ്യായം 24, വാക്യം 31 ൽ ആയിരിക്കും. “അവൻ അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ച് അവർക്ക് കൊടുത്തു. അപ്പോൾ അവരുടെ കണ്ണ് തുറക്കപ്പെട്ടു. അവർ അവനെ തിരിച്ചറിഞ്ഞു.” പുതിയ നിയമത്തിലെ മന്നയാണ് ക്രിസ്തു – ജീവന്റെ അപ്പം. രക്ഷാകര പദ്ധതിയുടെ കേന്ദ്രവും,ലക്ഷ്യവും, പൂർത്തീകരണവുമാണ് ജീവന്റെ അപ്പമായ ക്രിസ്തു.
പഴയനിയമത്തിലെ മന്ന, പുതിയനിയമത്തിലെ വിശുദ്ധ കുർബാനയുടെ, ദിവ്യകാരുണ്യത്തിന്റെ പ്രതീകമാണ്. പഴയനിയമത്തിലെ ദൈവജനത്തിന് കാനാൻദേശത്തേയ്ക്കുള്ള യാത്രയിൽ ദൈവം നൽകിയ സ്വർഗീയ ഭോജനമായിരുന്നു മന്ന. അത് മനുഷ്യപ്രയത്നത്താൽ നിർമിതമായിരുന്നില്ല. (പുറ 16, 12; ജ്ഞാനം 16, 20) മന്ന ‘ദൈവദൂതന്മാരുടെ അപ്പം’, ‘മാലാഖമാരുടെ ഭോജനം’ എന്ന് വിശേഷിക്കപ്പെട്ടിരുന്നു. (സങ്കീ 78, 25) ദൈവം സ്വന്തം മക്കളോട് കാണിച്ച സ്നേഹവാത്സല്യത്തിന്റെ പ്രകടനമായിരുന്നു മന്ന. (ജ്ഞാനം 16, 20) ജനത്തിന്റെ ആത്മീയ ഭക്ഷണവുംകൂടിയായിരുന്നു മന്ന. (1 കോറി 10, 3)
പുതിയനിയമത്തിലെ ജീവന്റെ അപ്പമായ ക്രിസ്തു, മരുഭൂമിയിൽ വർഷിക്കപ്പെട്ട മന്നയെ അതിശയിപ്പിക്കുന്ന ജീവമന്നയാണ്. ദൈവം മോശവഴി നൽകിയതാണ് മന്നയെങ്കിൽ, ദിവ്യകാരുണ്യം സ്വർഗത്തിൽ നിന്നുവന്ന ദൈവപുത്രനായ ക്രിസ്തുവാണ്. അത് സ്വാഭാവിക അപ്പമല്ല, നിത്യജീവന്റെ അനശ്വരമായ അപ്പമാണ്. അത് ലോകത്തിന് മുഴുവൻ ജീവൻ നൽകുന്നതാണ്. ഈ അപ്പം, കേവലം ഒരു പദാർത്ഥമല്ല. ദൈവപുത്രനായ ക്രിസ്തു തന്നെയാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പപ്പാ പറയുന്നു: ” നമ്മുടെ അൾത്താരകളിൽ മുറിക്കപ്പെടുന്ന അപ്പം ഈ ലോകപാതയിലെ വഴിയാത്രക്കാരായ നമുക്ക് നല്കപ്പെട്ടിരിക്കുന്ന മാലാഖമാരുടെ അപ്പമാണ്.” (സഭയും വിശുദ്ധ കുർബാനയും 48)
സ്നേഹമുള്ളവരേ, ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങൾക്കും ആഹാരം വേണം. നമ്മുടെ ആത്മാവിനും പോഷണം ആവശ്യമാണ്. ആത്മാവിന്റെ ജീവൻ നിലനിർത്താനാവശ്യമായ ഭക്ഷണം സൃഷ്‌ടവസ്തുക്കളിൽ ഇല്ല. അതുകൊണ്ട്, ദൈവം തന്നെ നമ്മുടെ ആത്മാവിന് ഭക്ഷണമായി. അതാണ് ദിവ്യകാരുണ്യം, വിശുദ്ധ കുർബാന. നമ്മുടെ അൾത്താരകളിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന ക്രിസ്തു കാൽവരിയിൽ അർപ്പിച്ചതും അന്ത്യ അത്താഴത്തിൽ കൗദാശികമായി സ്ഥാപിച്ചതുമായ അതേ ബലി തന്നെയാണ്. ഈ ബലിയിലൂടെയാണ് ഇന്നും ജീവന്റെ അപ്പമായ ക്രിസ്തുവിനെ നാം സ്വീകരിക്കുന്നത്. ഈ വിശുദ്ധ കുർബാനയില്ലാതെ ക്രൈസ്തവന് ഈ ഭൂമിയിലെ ജീവിതം മുന്നോട്ട് കൊണ്ടുപോകുക സാധ്യമല്ല.
റോമാസാമ്രാജ്യത്തിൽ ക്രൈസ്തവർക്കെതിരെ, മതമർദ്ദനം നടന്നിരുന്ന കാലം. അന്ന് ഒരുമിച്ചുകൂടുവാനോ, ബലിയർപിപ്പിക്കുവാനോ അനുവാദമില്ലായിരുന്നു. ക്രിസ്തീയ മതശുശ്രൂഷകൾ പാടേ നിരോധിച്ചിരുന്നു. ആഫ്രിക്കയിലെ അലൂറ്റ എന്ന നഗരത്തിൽ രാജകല്പന ലംഘിച്ചു 34 പുരുഷന്മാരും, 17 സ്ത്രീകളും വിശുദ്ധ ബലിയർപ്പിക്കുവാൻ ഒരുമിച്ചുകൂടി. ന്യായാധിപൻ അവരെ അറസ്റ്റുചെയ്തു. കുർബാന പുസ്തകങ്ങളും തിരുവസ്തുക്കളും അഗ്നിയിലേക്കെറിഞ്ഞു. എന്നാൽ ഉടൻ തന്നെ മഴപെയ്യുകയും തീ കെടുകയും ചെയ്തു. ന്യായാധിപൻ അവരെയെല്ലാം ചക്രവർത്തിയുടെ അടുക്കലേക്ക് കൊണ്ടുപോയി. അവിടെ ഒരു പീഡനയന്ത്രത്തിൽ കിടത്തി കൊടിലുകൾകൊണ്ട് ശരീരങ്ങൾ കീറിമുറിക്കാൻ ചക്രവർത്തി കൽപ്പിച്ചു. എന്നാൽ, ക്രൈസ്തവർ വിശുദ്ധ ബലിയർപ്പിച്ചതിന്റെ പേരിൽ മറിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. കോപാക്രാന്തനായ ചക്രവർത്തി ക്രിസ്ത്യാനികളെയെല്ലാം തടവറയിൽ പട്ടിണിക്കിട്ട് പീഡിപ്പിക്കാൻ കൽപ്പിച്ചു. തുടർന്ന് എമറിക്കസ് എന്ന ക്രിസ്ത്യാനിയെ ചോദ്യം ചെയ്യുവാൻ കൊണ്ടുവന്നു. അദ്ദേഹമാണ് തന്റെ ഭവനം വിശുദ്ധ കുർബാന അർപ്പിക്കാനായി വിട്ടുകൊടുത്തത്. അദ്ദേഹം ചക്രവർത്തിയോട് പറഞ്ഞു: ” ക്രിസ്ത്യാനികളായ ഞങ്ങൾക്ക് വിശുദ്ധ കുർബാന ഒഴിച്ചുകൂടാനാവാത്തതാണ്.” അദ്ദേഹത്തെ കഠോര പീഡകൾക്ക് ഏല്പിച്ചുകൊടുത്തു. പിന്നെ ഫെലിക്സ് എന്ന വ്യക്തിയെ ചോദ്യം ചെയ്തു. “നിങ്ങൾ എന്റെ കൽപ്പന ലംഘിച്ചു ബലിയിൽ പങ്കെടുത്തോ? ” ചക്രവർത്തി ചോദിച്ചു. അദ്ദേഹം പറഞ്ഞു: അങ്ങയുടെ ചോദ്യം തികച്ചും അപ്രസക്തമാണ്. ഞങ്ങൾ ക്രിസ്തു വിശ്വാസികളാണ്. വിശുദ്ധ കുര്ബാനയില്ലാതെ ക്രിസ്ത്യാനിക്ക് ജീവിക്കാനാകില്ല.” ഫെലിക്സ് മരണംവരെ പീഡിപ്പിക്കപ്പെട്ടു. മറ്റു തടവുകാരെയെല്ലാം പട്ടിണിക്കിട്ട് വധിച്ചു. അവരെല്ലാവരും വിശുദ്ധ കുർബാനയെ പ്രതി രക്ത സാക്ഷികളായിത്തീർന്നു.
പ്രിയപ്പെട്ടവരേ, സത്യമിതാണ്: വിശുദ്ധ കുർബാനയില്ലാതെ ക്രിസ്ത്യാനിക്ക് ജീവിക്കാനാകില്ല. ക്രൈസ്തവന് സ്വജീവനേക്കാൾ ശേഷ്ഠമാണ് വിശുദ്ധ ബലിയർപ്പണവും, ജീവന്റെ അപ്പമായ ദിവ്യകാരുണ്യവും. വിശുദ്ധ തോമസ് അക്വീനാസ് പറയുന്നത്, തിരുസ്സഭയിലെ എല്ലാ പ്രവർത്തികളിലുംവെച്ചു ഏറ്റവും ഉന്നതവും വൈശിഷ്ട്യവുമാണ് വിശുദ്ധ കുർബാന എന്നാണ്. വിശുദ്ധ ജോൺ മരിയ വിയാനിയുടെ അഭിപ്രായത്തിൽ, ലോകത്തിലുള്ള എല്ലാ നന്മ പ്രവർത്തികൾ ഒരുമിച്ചെടുത്താലും ഒരു വിശുദ്ധ കുർബാനയുടെ വില അതിനുണ്ടാവുകയില്ല എന്നാണ്. കാരണം, നന്മപ്രവർത്തികൾ മനുഷ്യന്റെ പ്രവർത്തിയാണ്. വിശുദ്ധ കുർബാനയാകട്ടെ ദൈവത്തിന്റെ പ്രവർത്തിയും. “വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് വിശുദ്ധ കുർബാന സ്വീകരിക്കുന്നത് വഴിയല്ലാതെ ലോകത്തിന് സമാധാനം കണ്ടെത്താൻ മറ്റു മാർഗങ്ങളില്ല.” ഇത് ഞാൻ പറയുന്നതല്ല. വിശുദ്ധ ഫൗസ്റ്റീനയുടെ വാക്കുകളാണ്.
സ്നേഹമുള്ളവരേ, വിശുദ്ധ കുർബാനയെക്കുറിച്ചു അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്: 1. ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു വിശുദ്ധ കുർബാനയാണ്. വിശുദ്ധ കുർബാനയ്ക്ക് “അപ്പത്തിന്റെ സ്വാദ് ഉണ്ടെങ്കിലും അത് അപ്പമല്ല, പ്രത്യത ക്രിസ്തുവിന്റെ ശരീരമാണ്. വീഞ്ഞായി നാം കാണുന്നത് വീഞ്ഞല്ല, ക്രിസ്തുവിന്റെ രക്തമാണ്.” ജറുസലേമിലെ വിശുദ്ധ സിറിളിന്റെ വാക്കുകളാണിവ. 2. വിശുദ്ധ കുർബാന ക്രിസ്തു എന്ന വ്യക്തിയുടെ സാന്നിധ്യമായി മാറുന്നു. നാം സ്വീകരിക്കുന്നത് ജീവനില്ലാത്ത രണ്ട് പദാർഥങ്ങളല്ല. ജീവിക്കുന്ന ക്രിസ്തു എന്ന വ്യക്തിയെയാണ്. ജീവന്റെ അപ്പമായ ക്രിസ്തു സ്വയം ദാനമായി നമ്മിൽ വന്ന് വസിക്കുകയാണ്. 3. ഈശോ വിശുദ്ധ കുർബാന ഭരമേല്പിച്ചത് തിരുസ്സസഭയ്ക്കാണ്, ഏതെങ്കിലും വ്യക്തികൾക്കല്ല. അതുകൊണ്ടു സഭയോട് ചേർന്ന് മാത്രമേ നമുക്ക് ബലിയർപ്പിക്കുവാൻ സാധിക്കൂ. സഭയെ ധിക്കരിച്ചു വിശുദ്ധ കുർബാന അർപ്പിക്കുവാൻ സാധിക്കുകയില്ല. വൈദികൻ ബലിയർപ്പിക്കുമ്പോൾ കർത്താവിന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അനുസ്മരണമായി തിരുസ്സഭയാണ് ബലിയർപ്പിക്കുന്നത്. അപ്പോൾ മാത്രമേ, രക്ഷാകര പ്രവൃത്തിയുടെ ഈ കേന്ദ്ര സംഭവം യഥാർത്ഥത്തിൽ സന്നിഹിതമാകുകയും, നമ്മുടെ രക്ഷാകരകർമ്മം സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്യുന്നുള്ളു. (സഭയും വിശുദ്ധ കുർബാനയും 11 ) 4. വിശുദ്ധ കുർബാനയിൽ നാം വെറും കാഴ്ചക്കാരല്ല. നാം തന്നെ അവിടുത്തോടൊപ്പം ബലിയർപ്പകരും, ബലിവസ്തുവും, ബലിയുമായിത്തീരുകയുമാണ് ചെയ്യുന്നത്. 5. “ഒരാൾ തന്റെ സർവ്വ സമ്പത്തും ദരിദ്രർക്ക് വിതരണം ചെയ്യുന്നതിനേക്കാളും, ലോകം മുഴുവൻ തീർത്ഥാടനം നടത്തുന്നതിനേക്കാളും കൂടുതൽ പ്രയോജനകരം വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുക്കുന്നതാണ്.” (വിശുദ്ധ ബർണാഡ്)
സമാപനം
ജീവന്റെ അപ്പമായ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ആഴപ്പെട്ട് ജീവിക്കുവാൻ ഇന്നത്തെ വിചിന്തനം നമ്മെ സഹായിക്കട്ടെ. വിശുദ്ധ കുർബാനയുടെ സംസ്കാരം നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലെ ആഴ്ന്നിറങ്ങട്ടെ. ഓരോ ദിവസവും എത്രയെത്ര ബലിവേദികളിൽ എത്രയെത്ര വിശുദ്ധ കുർബാനകളാണ് അർപ്പിക്കപ്പെടുന്നത്!! എന്നിട്ട് എന്തേ, ക്രൈസ്തവരും, നമ്മുടെ സഭയും, ക്രിസ്തുവും ഇന്നും ലോകത്തിൽ അവഹേളിക്കപ്പെടുന്നു?? അശുദ്ധിയുടെ ലക്ഷണങ്ങൾ വിശുദ്ധ സ്ഥലത്ത് നിലയുറപ്പിക്കാൻ ഇടയാകുന്നുണ്ടോ? നമ്മുടെ വിശുദ്ധ കുർബാനയർപ്പണത്തിന്റെ ആധികാരികത നിർണയിക്കുന്ന മാനദണ്ഡം ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യരായി സഭയോടൊത്ത് വിശുദ്ധ കുർബാന അർപ്പിക്കുക എന്നതാണ്

. വിശുദ്ധ കുർബാന നമ്മെ രൂപപ്പെടുത്തുന്നത് നാമോരോരുത്തരും നമ്മുടെ ജീവിത സാഹചര്യങ്ങളിൽ വിശുദ്ധ കുർബാന ആയിക്കൊണ്ടാകണം. ആമേൻ!
Reblogged this on Nelson MCBS.
LikeLike