SUNDAY SERMON MT 9, 35-10, 4

ദനഹാക്കാലം എട്ടാം ഞായർ

ഉത്പത്തി 49, 22-26

ജെറമിയ 23, 1-4

1 പത്രോസ് 5, 1-11

മത്തായി 9, 35- 10, 4

സന്ദേശം

സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ദനഹാക്കാലത്തിന്റെ അവസാനത്തെ ഞായറാഴ്ച്ചയിൽ നാം പ്രവേശിച്ചിരിക്കുകയാണ്. ഇടയനില്ലാതെ അലയുന്ന ആടുകളെയും, അലഞ്ഞു നടക്കുന്ന ആടുകളോട് അനുകമ്പ തോന്നുന്ന നല്ലിടയനായ ഈശോയെയും അവതരിപ്പിച്ചുകൊണ്ട്, ഈശോ നല്ലിടയനാണെന്ന് വെളിപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം. നസ്രത്തുകാരനായ ഈശോ, മിശിഹാ ആണെന്ന് വെളിപ്പെടുത്തുന്ന മഹാരഹസ്യം ധ്യാനിക്കുകയായിരുന്നു നാം ഈ ദനഹാക്കാലത്ത്. ദനഹാക്കാലത്തിന്റെ ആദ്യഞായറാഴ്ച്ച പീലിപ്പോസിലൂടെയും, നഥാനിയേലിലൂടെയും ഈശോ, മിശിഹാ ആണെന്ന് വെളിപ്പെടുത്തപ്പെട്ടു. രണ്ടാം ഞായറാഴ്ച്ച യഹൂദരുടെ, ക്രിസ്തു ആരെന്ന ചോദ്യത്തിലൂടെ, സ്വർഗത്തിൽ നിന്നുവന്ന ദൈവപുത്രനാണ് ഈശോ എന്ന വെളിപാടാണ് സുവിശേഷത്തിലൂടെ നാം കണ്ടത്. മൂന്നാം ഞായറാഴ്ച്ച അശുദ്ധാത്മാക്കൾ ഈശോയെ ദൈവപുത്രനാണെന്ന് പ്രഘോഷിക്കുന്നതാണ് നാം ധ്യാനിച്ചത്. നാലാം ഞായറാഴ്ച്ച ശമരിയക്കാരി സ്ത്രീയിലൂടെ, അഞ്ചാം ഞായറാഴ്ച്ച നിയമത്തിന്റെയും പ്രവാചകന്മാരുടെയും പൂർത്തീകരണമായി, ആറാം ഞായറാഴ്ച്ച തളർവാത രോഗിയുടെ പാപങ്ങൾ മോചിച്ചുകൊണ്ട്, ഏഴാം ഞായറാഴ്ച്ച ജീവന്റെ അപ്പമായി, ഇതാ എട്ടാം ഞായറാഴ്ച്ച ആടുകളോട് അനുകമ്പ തോന്നുന്ന നല്ലിടയനായി ഈശോയുടെ ദൈവത്വം വെളിപ്പെടുത്തപ്പെടുകയാണ്. എത്ര മനോഹരമായിട്ടാണ് ദനഹാക്കാലത്തെ ധ്യാന ചിന്തകൾ സഭ അവതരിപ്പിച്ചിരിക്കുന്നത്!

വ്യാഖ്യാനം

മനുഷ്യജീവിതം പണ്ടത്തേതിനേക്കാളും വളരെ പുരോഗമിച്ചെങ്കിലും, പഴയകാലത്തേക്കാൾ സുഖസൗകര്യങ്ങൾ വർധിച്ചെങ്കിലും, pleasure, happiness, cheerfulness, delight, joviality തുടങ്ങിയ വാക്കുകൾക്കൊന്നും പഞ്ഞമില്ലെങ്കിലും, മനുഷ്യൻ ഇടയനില്ലാത്ത ആടുകളെപ്പോലെ ഇന്നും അലയുകയാണ്. ഈശോയുടെ കാലത്തെ ജനങ്ങളെ നോക്കുക: അവരിൽ രോഗികളുണ്ടായിരുന്നു; അവരെ വ്യാധികൾ അലട്ടിയിരുന്നു; അവർ പരിഭ്രാന്തരായിരുന്നു, നിസ്സഹായരായിരുന്നു; അശുദ്ധാത്മാക്കൾ ബാധിച്ചവരായിരുന്നു; അവർ നല്ല ഇടയന്മാർ ഇല്ലാത്തവരായിരുന്നു.

ഇന്നത്തെ കാലത്തെ ആടുകളെ നോക്കുക! Globalization എന്ന വലിയ വാക്ക് ഉപയോഗിച്ചുകൊണ്ട്, ലോകം മുഴുവനും ഒറ്റ ഗ്രാമമായി എന്ന് വീമ്പടിക്കുന്നുണ്ടെങ്കിലും, ബഹിരാകാശത്തേക്ക് പിക്നിക്കിന് പോകാൻ ഞങ്ങൾ ഒരുങ്ങുന്നു എന്ന് ഹുങ്ക് പറയുന്നുണ്ടെങ്കിലും, ഞങ്ങൾക്ക് continent to continent മിസൈലുകൾ ഉണ്ടെന്നും, ആണവായുധങ്ങളും, വേണ്ടി വന്നാൽ രാസായുധങ്ങളും, ജൈവായുധങ്ങളും ഉണ്ടെന്നും വായ്ത്താരി വിടുന്നുണ്ടെങ്കിലും, ലോകത്തിലെ ശരാശരി മനുഷ്യൻ ഇന്നും അലയുകയാണ്. ലോകത്തിലെ ശരാശരി മനുഷ്യൻ രോഗത്താൽ, വ്യാധികളാൽ ക്ലേശിക്കുകയാണ്. ഭയമാണ് ആധുനിക മനുഷ്യന്റെ മുഖമുദ്ര. കുടുംബത്തിൽ, സമൂഹത്തിൽ മനുഷ്യൻ നിസ്സഹായനാണ്. അശുദ്ധാത്മാക്കൾ ബാധിച്ചവരെപ്പോലെ അലറുകയാണ്. യുക്രയിൻ എന്ന രാജ്യത്തിനുമേൽ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് അന്ധരായി തപ്പിത്തടയുകയാണ്. ഇന്നും ജനക്കൂട്ടങ്ങൾ ഇടയനില്ലാത്ത ആടുകളെപ്പോലെ അലയുകയാണ്.

ഇന്നത്തെ നമ്മുടെ കുടുംബങ്ങൾ ഇടയന്മാരില്ലാതെ, സഹായിക്കുവാൻ ആരുമില്ലാതെ, ആശ്വസിപ്പിക്കുവാൻ ആരുമില്ലാതെ അലയുകയാണ്. കോവിഡെന്ന മഹാമാരിയാൽ കഷ്ടപ്പെടുന്ന എത്രയോ കുടുംബങ്ങളുണ്ട്! സർക്കാരും, സഭയും, മറ്റ് സന്നദ്ധ സംഘടനകൾ ധാരാളമുണ്ടെങ്കിലും എത്രയോ കുടുംബങ്ങളാണ് അടച്ചുറപ്പുള്ള ഒരു വീടില്ലാതെ ഇന്നും സങ്കടപ്പെടുന്നത്! കോടികൾ മുടക്കി പണിയുന്ന നമ്മുടെ വീടുകൾക്കും, ദേവാലയങ്ങൾക്കും, സന്യാസാശ്രമങ്ങൾക്കും, സ്ഥാപനങ്ങൾക്കും ചുറ്റും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എത്രയോ കുടുംബങ്ങളുണ്ട്!  ഇക്കഴിഞ്ഞ ദിവസമല്ലേ, മാതാപിതാക്കളില്ലാതെ, പത്താം ക്ലാസ്സിൽ പഠിക്കുന്ന അനാഥയായ ഒരു പെൺകുട്ടിയുടെ ജീവിതം നാം Newspaper ൽ കണ്ടത്. അവളുടെ ചെറിയ വീടും സ്ഥലവും ബാങ്കുകാരും കൊണ്ടുപോയി. ഇങ്ങനെ എത്രയോ കുടുംബങ്ങൾ അലയുന്നു!!

ഇന്ന് നമ്മുടെ വൃദ്ധരായ മാതാപിതാക്കൾ അലയുകയാണ്. സ്നേഹം ലഭിക്കാതെ, മക്കളുടെ സാമിപ്യം കിട്ടാതെ, അവരുടെ ശുശ്രൂഷ ലഭിക്കാതെ അലയുകയാണ്.

വൃദ്ധനായ ഒരു മനുഷ്യൻ തന്റെ mobile repair ചെയ്യാനായി ഒരു mobile shop ൽ എത്തി. എന്നിട്ട് technician ന്റെ കയ്യിലേക്ക് തന്റെ mobile കൊടുത്തു. അയാൾ മൊബൈൽ check ചെയ്തു നോക്കി. പ്രത്യേകിച്ച് കുഴപ്പമൊന്നും അയാൾ ആ മൊബൈലിൽ കണ്ടില്ല. Technician പറഞ്ഞു: “ഇതിന് കുഴപ്പമൊന്നും ഇല്ലല്ലോ അങ്കിൾ.” അപ്പോൾ ആ വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം മൊബൈൽ തിരികെ വാങ്ങിയിട്ട് ആ ടെക്‌നിഷ്യനോട്‌ ചോദിച്ചു: “എന്നിട്ടും എന്ത്യേ എന്റെ മക്കളാരും എന്നെ വിളിക്കാത്തേ?” ശാരീരികമായിട്ടല്ലെങ്കിലും, മാനസികമായി നമ്മുടെ വൃദ്ധരായവർ അലഞ്ഞു നടക്കുകയാണ്.

നമ്മുടെ യുവജനങ്ങളും ഇന്ന് അലയുകയാണ്. തെളിഞ്ഞ ജലാശയത്തിലേക്ക് നയിക്കുവാൻ ഇടയന്മാരില്ലാത്തതുകൊണ്ട് അവർ കലക്കവെള്ളം കുടിക്കുകയാണ്. ഈയടുത്ത ദിവസങ്ങളിൽ വന്ന കോടതി വിധികൾ നിങ്ങൾ ശ്രദ്ധിച്ചോ? വധശിക്ഷ ലഭിച്ചവരും, ജീവപര്യന്തം കിട്ടിയവരുമൊക്കെ യുവജനങ്ങളാണ്. രാഷ്ട്രീയ കൊലപാതകങ്ങളും, തീവ്രവാദപ്രവർത്തനങ്ങളും, മദ്യവും, ലഹരിവസ്തുക്കളും, അന്ധമായ മതാചാരങ്ങളുമെല്ലാം നമ്മുടെ യുവജനങ്ങളെ പെരുവഴിയിലാക്കിയിരിക്കുകയാണ്. നമ്മുടെ മക്കൾ ലൗവ് ജിഹാദിലും, ലഹരിവസ്തുക്കളുടെ പിടിയിലും കിടന്ന് വലയുന്നത് ഇടയന്മാരില്ലാഞ്ഞിട്ടല്ലേ?

ഇന്ന് നമ്മുടെ സമൂഹത്തിൽ സ്ത്രീകളും, കുഞ്ഞുങ്ങളുമെല്ലാം അലയുകയാണ്. തീവ്രവാദവും, വർഗീയതയും, വികലമായ ദേശീയതയും പറഞ്ഞ് രാഷ്ട്രീയക്കാരും മനുഷ്യരെ, ആടുകളെ അന്ധരാക്കുകയാണ്. ആടുകൾ പൊതുവെ വളരേ ബലഹീനരായവരാണ്. വെറും ഇരുപത് വാര അകലെ മാത്രമേ അവർക്ക് കാണുവാൻ സാധിക്കുകയുള്ളു. ആടുകൾ ഭയത്തിൽ ജീവിക്കുന്നവരാണ്. ആടുകൾ എപ്പോഴും തൊട്ടുരുമ്മി നടക്കുന്നത് കണ്ടിട്ടില്ലേ? ഒറ്റയ്ക്ക് നടക്കാൻ അവർക്ക് ഭയമാണ്. അതുകൊണ്ട് തന്നെ അവർക്ക് ഇടയനെ വേണം. നല്ല ഇടയന്മാരില്ലെങ്കിൽ അവർ വഴിതെറ്റി അലയും. ഇന്ന് എല്ലാ രംഗത്തും നാം കാണുന്നത് ഈ വഴിതെറ്റി അലയലാണ്.

പ്രിയപ്പെട്ടവരേ, അന്ന് ഇടയനില്ലാത്ത ജനക്കൂട്ടത്തെ കണ്ട് കരുണ തോന്നുവാൻ, അവരെ രോ ഗങ്ങളിൽ നിന്ന്, വ്യാധികളിൽ നിന്ന് രക്ഷിക്കുവാൻ അവരുടെ ഇടയിൽ ഒരു ക്രിസ്തു ഉണ്ടായിരുന്നു. മാത്രമല്ല, ഇതേ കഴിവുകളുള്ള, നല്ലിടയനായ ക്രിസ്തുവിന്റെ ഹൃദയമുണ്ടായിരുന്ന ശിഷ്യന്മാരുണ്ടായിരുന്നു. താൻ ചെയ്തുകൊണ്ടിരുന്ന അതേ ദൗത്യം ചെയ്യുവാനാണ് ഈശോ ശിഷ്യരെ തിരഞ്ഞെടുത്തത്. പക്ഷേ, ഇസ്രായേൽ ജനം നല്ലിടയനെ, ക്രിസ്തുവിനെ, ഗുരുവിന്റെ സ്വഭാവമുള്ള ശുഷ്യരെ മനസ്സിലാക്കിയില്ല. അതിനുമപ്പുറം ഇസ്രായേൽ ജനം, ലോകം അവരെ കൊന്നു കളഞ്ഞു.

ഇക്കാര്യം പറയുന്ന എനിക്കും എന്നെ കേൾക്കുന്ന നിങ്ങൾക്കും ധാർമിക രോഷം ഉയരുന്നുണ്ടെന്നും, ഇസ്രായേൽ ജനത്തോട് ദേഷ്യം തോന്നുന്നുണ്ടെന്നും എനിക്കറിയാം. എന്നാൽ, സ്നേഹിതരേ, ഇന്നും സാഹചര്യം ഒട്ടും തന്നെ വ്യത്യസ്തമല്ല. ഇന്നും ജനക്കൂട്ടം അലയുകയാണ്. ഇന്നും അവരോട് അനുകമ്പ കാണിക്കുന്ന ക്രിസ്തു ഇവിടെയുണ്ട്. ക്രിസ്തുവിന്റെ അത്ഭുത പ്രവൃത്തികളും നടക്കുന്നുണ്ട്. പ്രപഞ്ചം മുഴുവനിലും ഉണ്ട്. ക്രിസ്തു ധാരാളംപേരെ തന്റെ അതേ ദൗത്യം തുടരുവാൻ അയയ്ക്കുന്നുമുണ്ട്. എന്നിട്ടും, എന്നിട്ടും, ജനക്കൂട്ടം അലയുകയാണ്. അവർ തിന്മയുടെ വഴിയേ ചരിക്കുകയാണ്. അവർ കലക്കവെള്ളം കുടിക്കുകയാണ്. Junk Food കഴിച്ച് അവർക്ക് അജീർണം വന്നിരിക്കുകയാണ്.

ഇവിടെ രണ്ട് കാര്യങ്ങൾ സംഭവിക്കുന്നു. ഒന്ന്, ഇത്രയുമൊക്കെയായിട്ടും ക്രിസ്തുവിലേക്ക് ആരും വരുന്നില്ല. തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ അവർ ക്രിസ്തുവിനെ കൊല്ലുകയാണ്, കൊന്ന് കൊലവിളിക്കുകയാണ്. രണ്ട്, ക്രിസ്തു തന്റെ അതേ ദൗത്യം നൽകി അയച്ചവർ ആ ദൗത്യം നിർവഹിക്കുന്നില്ല.

രണ്ടിന്റെയും net result ഒന്ന് തന്നെയാണ്: ജനക്കൂട്ടം ഇടയനില്ലാത്ത ആടുകളെപ്പോലെ അലയുന്നു. ആടുകളാകട്ടെ തങ്ങളുടെ അലച്ചിൽ അവസാനിപ്പിക്കുവാനൊട്ട് ആഗ്രഹിക്കുന്നുമില്ല. അത്രമാത്രം തിന്മയുടെ അന്ധതയിലാണവർ. അവരോട് അനുകമ്പ കാണിക്കുന്ന ക്രിസ്തുവിനെ ഇല്ലാതാക്കുവാനാണ് അവരുടെ ശ്രമം. വിശുദ്ധ കുർബാനയിലൂടെ ഇന്നും ജീവിക്കുന്ന കാരുണ്യവാനായ ക്രിസ്തുവിനെ ഇല്ലാതാക്കുവാൻ, അവർ വിശുദ്ധ കുർബാനയെ തെരുവിൽ വലിച്ചിഴയ്ക്കുന്നു. അതിന്റെ നന്മയെ ഇല്ലാതാക്കുന്നു. കരുണ കാണിക്കുന്ന നന്മയുടെ വൃക്ഷങ്ങളെയെല്ലാം വേരോടെ പിഴുതുകളയുവാനാണ് മനുഷ്യരിന്ന് ശ്രമിക്കുന്നത്. അനുകമ്പ കാണിച്ചുകൊണ്ട് കത്തിജ്വലിച്ചു നിൽക്കുന്ന ദീപങ്ങളെ തല്ലിക്കൊടുത്തുവാനാണ് ആളുകൾക്കിന്ന്  ഹരം! നല്ല ആത്മീയതയുള്ള ക്രൈസ്തവ കുടുംബങ്ങളെ നരകതുല്യമാക്കാനാണ് ശത്രുക്കൾ രാത്രിയെ പകലാക്കി അധ്വാനിക്കുന്നത്. ക്രിസ്തുവിനെ വികലമാക്കാൻ കിട്ടുന്ന ഒരവസരവും അവർ പാഴാക്കുന്നില്ല. ഫലമോ, ജനക്കൂട്ടം അലയുകയാണ്.

പലവിധ ജീവിതാന്തസ്സുകൾ നൽകി ക്രിസ്തു നിയോഗിച്ച ഇടയന്മാരാകട്ടെ, ഇന്നത്തെ രണ്ടാം വായനയിൽ ജെറമിയാ പ്രവാചകൻ പറയുന്നതുപോലെ ആടുകളെ ചിതറിച്ചുകളയുകയാണ്. അവയെ യഥാവിധം പരിപാലിക്കുന്നില്ല. എസക്കിയേൽ പ്രവാചകന്റെ പുസ്തകം മുപ്പത്തിനാലാം അധ്യായത്തിലും ആടുകളെ സംരക്ഷിക്കാത്ത, ദുർബലമായതിന് ശക്തി കൊടുക്കാത്ത, ആടുകളെ ഒരുമിച്ച് നിർത്താത്ത ഇസ്രയേലിന്റെ ഇടയന്മാരെക്കുറിച്ച് പ്രവാചകൻ പറയുന്നുണ്ട്. വിശുദ്ധ പത്രോസ് ശ്ലീഹ ഇന്നത്തെ ലേഖനത്തിൽ, ദൈവത്തെപ്രതി സന്മനസ്സോടെ, സന്മാതൃക നൽകിക്കൊണ്ട്, ദൈവത്തിന്റെ ശക്തമായ കാര്യത്തിന് കീഴിൽ താഴ്മയോടെ നിന്നുകൊണ്ട് ഇടയന്മാർ ആടുകളെ പരിപാലിക്കണമെന്ന് പറയുന്നുണ്ട്. പത്രോസ് ശ്ലീഹാ പറയുന്നപോലെ, പ്രിയപ്പെട്ടവരേ, പിശാച് അലറുന്ന സിംഹത്തെപ്പോലെ, നമ്മെ, ക്രൈസ്തവരെ വിഴുങ്ങുവാൻ ഓടിനടക്കുന്നുണ്ട്. അതുകൊണ്ട്, ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, സഭയോടൊത്ത് നമ്മെ ക്രിസ്തു ഏൽപ്പിക്കുന്ന ദൗത്യം നാം നിർവഹിക്കണം.

സമാപനം

സ്നേഹമുള്ളവരേ, കാരുണ്യം മാത്രമായ, അനുകമ്പ നിറഞ്ഞ ഒരു ദൈവമാണ്, ക്രിസ്തുവാണ് നമുക്കുള്ളത്. നാം ഒരേസമയം ആടുകളും ഇടയന്മാരുമാണെന്ന് മനസ്സിലാക്കിക്കൊണ്ട്, നമ്മോട് അനുകമ്പ കാണിക്കുന്ന നല്ല ദൈവത്തിനോട്, നമ്മോട് അനുകമ്പ കാണിക്കുന്ന വ്യക്തികളോട് നമുക്ക് നന്ദിയുള്ളവരാകാം. ഒപ്പം, മറ്റുള്ളവരോട് അനുകമ്പ കാണിക്കുന്ന നല്ല ഇടയൻമാരായി നമുക്ക് ജീവിക്കാം. സഭയോട് ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ട്, ദിവ്യകാരുണ്യം സ്വീകരിച്ചുകൊണ്ട് അനുകമ്പ നിറഞ്ഞ ഹൃദയമുള്ള ക്രൈസ്തവരായി നമുക്ക് ജീവിക്കാം. അലഞ്ഞു നടക്കുന്ന സഹോദരർക്കുവേണ്ടി പ്രാർത്ഥിക്കാം. ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, അനുകമ്പയോടെ ഈശോയെ ഞങ്ങളെ നോക്കേണമേ എന്ന് അപേക്ഷിച്ചുകൊണ്ട് നമുക്ക് ഏറ്റുപറയാം

: കർത്താവാണ് എന്റെ ഇടയൻ. എനിക്കൊന്നിനും കുറവുണ്ടാകുകയില്ല…മരണത്തിന്റെ നിഴൽവീണ താഴ്വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും, അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല.” (സങ്കീ 23) ആമേൻ!