SUNDAY SERMON JN 8, 1-11

നോമ്പുകാലം അഞ്ചാം ഞായർ

ഉത്പത്തി 4, 8-16

1 സാമുവേൽ 24, 1 -8

1 യോഹന്നാൻ 1, 5-10

യോഹന്നാൻ 8, 1-11

സന്ദേശം

അൻപത് നോമ്പിന്റെ അഞ്ചാം ഞായറാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നാം. നമുക്ക് ചുറ്റും വളരെ പ്രക്ഷുബ്ധമായ സംഭവങ്ങളാണ് നടക്കുന്നത്; നോമ്പിന്റെ പുണ്യത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. ഉക്രയിൻ -റഷ്യ യുദ്ധം ധാർമികതയുടെ എല്ലാ അതിർത്തികളും ലഘിച്ചുകൊണ്ട് മുന്നേറുകയാണ്. കേരളത്തിലാണെങ്കിൽ കെ-റയിൽ പദ്ധതിയുടെ പേരിൽ അസ്വസ്ഥത പടരുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കന്മാരും, ജനങ്ങളും തെരുവിലാണ്. ഇങ്ങനെയുള്ള സാഹചര്യത്തിലും, പരിശുദ്ധമായ മനഃസാക്ഷിയോടെ, ക്രിസ്തുവിന്റെ മുഖത്തോടെ, ചൈതന്യത്തോടെ ജീവിക്കുവാൻ ഇന്നത്തെ സുവിശേഷഭാഗം നമ്മോട് ആഹ്വാനം ചെയ്യുന്നു.  ക്രിസ്തുവിന്റെ കരുണയുടെ മുഖം സ്വന്തമാക്കുവാൻ, ആ മുഖം ലോകത്തിന് കാണിച്ചുകൊടുക്കുവാൻ, മുഖം മൂടികളില്ലാതെ ജീവിക്കുവാൻ ക്രിസ്തു നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

സമാന്തര (വിശുദ്ധ മത്തായി, മാർക്കോസ്, ലൂക്കാ) സുവിശേഷങ്ങളിൽ കാണാത്ത, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന ഈ സംഭവം ബൈബിൾ പണ്ഡിതന്മാർക്കിടയിൽ ഇന്നും തർക്കവിഷയമാണ്. ചില ബൈബിൾ വ്യാഖ്യാനങ്ങൾ ഈ സംഭവം മനഃപൂർവം വിട്ടുകളയുന്നുമുണ്ട്. കാരണം മറ്റൊന്നുമല്ല. ഈ സംഭവം വിശുദ്ധ യോഹന്നാൻ എഴുതിയതാണോ, അതോ, പിന്നീട് ആരെങ്കിലും എഴുതി ചേർത്തതാണോയെന്ന് പല കാരണങ്ങളാൽ പണ്ഡിതന്മാർ സംശയിക്കുന്നുണ്ട്. വിവാദത്തിന്റെ പിന്നാലെ പോകുന്നതിനേക്കാൾ, രണ്ട് കാര്യങ്ങൾകൊണ്ട് ഇത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുവാനാണ് എനിക്ക് താത്പര്യം.

ഒന്ന്, ഈ സംഭവം പാപികളോടുള്ള ഈശോയുടെ മനോഭാവവുമായി ചേർന്നുപോകുന്നതാണ്. പാപത്തെ വെറുക്കുന്ന, പാപിയെ സ്നേഹിക്കുന്ന പാപമോചകനായ, രക്ഷകനായ ക്രിസ്തുവിന്റെ ചിത്രം മറ്റു സംഭവങ്ങളിലെന്നപോലെ ഇവിടെയും തെളിഞ്ഞു നിൽക്കുന്നുണ്ട്. ചുങ്കക്കാരനായ മത്തായിയെ തന്റെ ശിഷ്യഗണത്തിന്റെ ഭാഗമാക്കുന്നതുവഴി പാപികളെ രക്ഷിക്കുവാൻ വന്നവനാണ് താൻ എന്ന ദൈവിക വെളിപാടിന് അടിവരയിടുകയായിരുന്നു ഈശോ. സ്വർഗം മതിമറന്ന് സന്തോഷിക്കുന്ന അസുലഭ നിമിഷങ്ങൾ പാപികളുടെ മാനസാന്തത്തിന്റെ അവസരങ്ങളാണെന്ന് ഈശോ പറഞ്ഞിട്ടുണ്ട്. ഫരിസേയന്റെ വീട്ടിൽ ഭക്ഷണത്തിനിരുന്നപ്പോൾ നർദ്ദീൻ തൈലത്തിന്റെ പരിമളത്തോടൊപ്പം അനുതപിക്കുന്ന ഹൃദയവുമായെത്തിയ സ്ത്രീയെ, ഈശോ രക്ഷയിലേക്ക് ചേർത്തുനിർത്തുന്നത് സുവിശേഷങ്ങളിലെ കണ്ണുനനയിക്കുന്ന സുന്ദര ചിത്രമാണ്. സിക്കാറിലെ യാക്കോബിന്റെ കിണറ്റിൻ കരയിൽ കണ്ടുമുട്ടിയ ശമരിയക്കാരി സ്ത്രീയെ രക്ഷയിലേക്ക് കൈപിടിച്ചുകയറ്റിയതും, സക്കേവൂസിന്റെ ഭവനത്തിലെത്തി അദ്ദേഹത്തെ മാത്രമല്ല കുടുംബത്തെ മുഴുവനും രക്ഷയുടെ മഹാസമുദ്രത്തിൽ മാമ്മോദീസാമുക്കിയെടുത്തതും പാപികളെ സ്നേഹിക്കുന്ന ക്രിസ്തുവിന്റെ മനോഭാവത്തിന്റെ നിദർശനങ്ങളാണ്. “യേശുക്രിസ്തു പാപികളെ രക്ഷിക്കാനാണ് ലോകത്തിലേക്ക് വന്നത്” എന്ന വിശുദ്ധ പൗലോശ്ലീഹായുടെ ഏറ്റുപറച്ചിലും ഇതോടൊപ്പം ഓർക്കാവുന്നതാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹ ബോധപൂർവം തന്നെ എഴുതിച്ചേർത്തതായിരിക്കണം ഈ സംഭവം.  

രണ്ട്, ദൈവകൃപയുടെ വലിയ പ്രവാഹമാണ് ഈ സംഭവത്തിൽ നാം കാണുന്നത്. അടയാളങ്ങളുടെ പുസ്തകമായ വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തിൽ വചനം പറയുന്നത്, ‘ക്രിസ്തുവിലൂടെ നാം കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചിരിക്കുന്നു’ എന്നാണ്. വചനം, വെള്ളം, പ്രകാശം തുടങ്ങിയവയോടൊപ്പം വിശുദ്ധ യോഹന്നാൻ ഉപയോഗിക്കുന്ന ഒരു ദൈവിക അടയാളമാണ് കൃപ. “സ്ത്രീയേ, നിന്നെ ഞാനും വിധിക്കുന്നില്ല, പോകുക, ഇനിമേൽ പാപം ചെയ്യരുത്” എന്ന ഈശോയുടെ വചനത്തിലൂടെ ദൈവകൃപയുടെ നറുംനിലാവ് അവളുടെ ജീവിതത്തിൽ നിറയുകയായിരുന്നു.

ഈ രണ്ട് കാരണങ്ങൾ മതി ഇന്നത്തെ സുവിശേഷഭാഗം ആരും പിന്നീട് എഴുതിച്ചേർത്തതല്ല എന്ന് സമർത്ഥിക്കുവാൻ. ഇന്നത്തെ സുവിശേഷഭാഗം വിശുദ്ധ യോഹന്നാൻ അവതരിപ്പിക്കുന്നതാണെന്നതിൽ യാതൊരു സംശയവുമില്ല. മാത്രമല്ല, ഈശോയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണിത്. ഒരിക്കലും നാം miss ചെയ്യാൻ പാടില്ലാത്ത സംഭവം!

മൂന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്നതിലൂടെ, അവയ്ക്ക് ഉത്തരങ്ങൾ കണ്ടെത്തുന്നതിലൂടെ ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശത്തിലേക്ക് എത്തിച്ചേരുവാനാണ് ഞാൻ ശ്രമിക്കുന്നത്.

ഒന്നാമത്തെ ചോദ്യം ഇതാണ്: പുരുഷനെവിടെ? അന്നത്തെ കാലത്തിന്റെ രീതികൾവച്ച് നോക്കുമ്പോൾ ഈ ചോദ്യം അസ്ഥാനത്താണ്.  കാരണം, പുരുഷമേധാവിത്വം സമൂഹത്തിന്റെ എല്ലാ തലങ്ങളേയും അടക്കി വാണിരുന്ന ഒരു കാലത്ത് എന്തിന് പുരുഷനെക്കുറിച്ച്, അവന്റെ ചെയ്തികളെക്കുറിച്ച് ചിന്തിക്കണം? സ്ത്രീകളെക്കുറിച്ച്, സമൂഹത്തിലെ താഴേക്കിടയിലുള്ളവരെക്കുറിച്ച്, അവരുടെ തിന്മകളെക്കുറിച്ച് ചിന്തിച്ചാൽ പോരേ?  എന്നാൽ, ഇന്ന് നാം ഈ ചോദ്യം ഉന്നയിക്കതന്നെ വേണം. പുരുഷനെവിടെ? ഇന്നത്തെ കപടസദാചാര പ്രവർത്തകരെപ്പോലെയായിരുന്നു അന്നത്തെ നിയമജ്ഞരും, ഫരിസേയരും. അന്നത്തെ സമൂഹത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ടവരായിരുന്നു ഫരിസേയരും നിയമജ്ഞരും. പുറമേ ധാർമികരായി കരുതപ്പെട്ടിരുന്നെങ്കിലും അവരുടെ മനസ്സുനിറയെ തേളുകളും പഴുതാരകളും ആയിരുന്നു. തങ്ങൾ ധാർമികരും, മറ്റുള്ളവരെല്ലാം അധാർമികരുമെന്ന ചിന്തയുള്ളവരായിരുന്നു അവർ. തങ്ങൾക്കില്ലാത്തത് പൊലിപ്പിച്ചുകാട്ടുകയും, മറ്റുള്ളവരെ കുറ്റക്കാരായി മുദ്രകുത്തുകയും ചെയ്യുന്ന കപടസദാചാരപ്രവർത്തകരായിരുന്നു അവർ. സമൂഹത്തെ നന്മയുള്ളതാക്കുക എന്നതായിരുന്നില്ല അവരുടെ ലക്‌ഷ്യം. തങ്ങളുടെ സ്വാർത്ഥമായ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതായിരുന്നു അവരുടെ ലക്‌ഷ്യം.  സമൂഹത്തിലെ സ്ത്രീകളും വിജാതീയരുമടങ്ങുന്ന ബലഹീനരുടെ തെറ്റുകൾ ഇപ്പോഴും ഉയർത്തിക്കാട്ടിക്കൊണ്ട് തങ്ങളുടെ തിന്മകൾ മൂടിവയ്ക്കുകയെന്ന തികച്ചും അധാർമികമായ അടവുനയമായിരുന്നു അവർ അതിനായി ഉപയോഗിച്ചിരുന്നത്.

മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിലൂടെ തങ്ങളെ മാന്യന്മാരായി അവതരിപ്പിക്കുവാനും, മറ്റുള്ളവരെ ചൂഷണംചെയ്യാനും അവർക്ക് കഴിയും. അതുകൊണ്ടാണ് പുരുഷനെ അവർ മറച്ചുവച്ചത്. ഒരു പുരുഷനെ രംഗത്തുകൊണ്ടുവന്നാൽ പിന്നെ തങ്ങളുടെ മുഖംമൂടികളും വലിച്ചുകീറപ്പെടുമെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. അത്രയും കാപട്യം നിറഞ്ഞ സദാചാരപ്രവർത്തകരായിരുന്നു അവർ!

മനുഷ്യന്റെ മുഖംമൂടികൾ അഴിഞ്ഞു വീഴണമെങ്കിൽ, പലമുഖമുള്ളവരായി തങ്ങളെത്തന്നെ വഞ്ചിച്ചുകൊണ്ട് ജീവിക്കാതെ , ഒരൊറ്റ മിഖമുള്ളവരായി ക്രിസ്തുവിന്റെ മുഖമുള്ളവരായി ജീവിക്കണമെങ്കിൽ നാം ചോദിക്കണം, പുരുഷനെവിടെ? വ്യഭിചാരമെന്നത് പവിത്രമായ, വിശുദ്ധമായ ബന്ധങ്ങളിലെ വിള്ളലുകളാണ്;  അപചയമാണ്;  പൈശാചികതയാണ്. അവിടെ രണ്ട് പേരുണ്ടാകണം. ചിലപ്പോൾ അതിലധികവും. എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട് ക്രിസ്തുവിനെ സമീപിക്കുവാൻ സാധിക്കുക? എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട് നിന്റെ ഭാര്യയെ, ഭർത്താവിനെ സമീപിക്കുവാൻ സാധിക്കുക? എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട്  സഹോദരങ്ങളെ,സുഹൃത്തുക്കളെ സമീപിക്കുവാൻ സാധിക്കുക? എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട് ദേവാലയത്തിൽ വരുവാൻ, കുമ്പസാരത്തിനായുവാൻ, വിശുദ്ധ കുർബാന അർപ്പിക്കുവാൻ സാധിക്കുക? 

രണ്ടാമത്തെ ചോദ്യം: എന്തുകൊണ്ടാണ് ഈശോ കുനിഞ്ഞിരുന്നത്? എന്താണ് ഈശോ കുനിഞ്ഞിരുന്ന് നിലത്ത് എഴുതിക്കൊണ്ടിരുന്നത്? ഈ ചോദ്യത്തിന് സഭാപിതാക്കന്മാർ തുടങ്ങി പലരും ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. ദൈവശാസ്ത്രപരമായ, സാമാന്യബുദ്ധിക്കനുസരിച്ചുള്ള പല ഉത്തരങ്ങൾ ഈ ചോദ്യത്തിന് ഉണ്ടെങ്കിലും എനിക്കിഷ്ടപ്പെട്ടത് മനഃശാസ്ത്രപരമായ ഒരു ഉത്തരമാണ്. അത് ദൈവിക ചൈതന്യം നിറഞ്ഞ ഉത്തരവുമാണ്.

വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെമേൽ, “ഇവൾ കല്ലെറിഞ്ഞ് കൊല്ലപ്പെടേണ്ടവളാണ് എന്ന   വിധിപ്രസ്താവിച്ചതിന്റെ ഹുങ്കും, അഹങ്കാരത്തിന്റെ കല്ലുമായി നിൽക്കുന്ന നിയമജ്ഞരുടെയും ഫരിസേയരുടെയും ലക്‌ഷ്യം സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുക, ക്രിസ്തുവിനെ കെണിയിൽ കുടുക്കി ഇല്ലാതാക്കുക എന്നതായിരുന്നു. സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുക എന്നത് അവർക്കൊരു വിനോദമായിരുന്നെങ്കിൽ, ക്രിസ്തുവിനെ ഇല്ലാതാക്കുക എന്നത് അവരുടെ നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു. സ്ത്രീയെ ശിക്ഷിക്കുക എന്നതിനേക്കാൾ അവർക്ക് വേണ്ടത് ഈശോയെ വാക്കിൽകുടുക്കുക എന്നതായിരുന്നു. അതുകൊണ്ടാണ് അവരുടെ ചോദ്യം: “നീ എന്ത് പറയുന്നു?” ഈശോ കുനിഞ്ഞിരിക്കുകയായിരുന്നു. കാരണം, എന്താണ് പറയേണ്ടതെന്ന തേങ്ങൽ അവിടുത്തേയ്ക്കുണ്ടായിരുന്നു. “മോശ പറഞ്ഞതാണ് ശരി അതുപോലെ ചെയ്യൂ”, എന്ന് പറഞ്ഞാൽ അവർ ചോദിക്കും, “അപ്പോൾ നിന്റെ കരുണ എവിടെ? സ്നേഹം എവിടെ? രക്ഷ എവിടെ?” മോശയ്ക്ക് എതിരായി എന്തെങ്കിലും പറഞ്ഞാൽ അപ്പോഴും അവർ ചോദിക്കും, ‘നീ മോശയെയും പ്രവാചകരെയും നശിപ്പിക്കാൻ വന്നവനാണല്ലേ?” എന്തുപറഞ്ഞാലും പെട്ടുപോകുന്ന ഒരു അവസ്ഥ. ഈശോയുടെ മനസ്സ് ഒരു ഉത്തരത്തിനുവേണ്ടി പരതുകയായിരുന്നു. അവന്റെ മനസ്സിന്റെ തേക്കത്തിനനുസരിച്ചു അവന്റെ വിരലുകൾ മണലിലൂടെ ഉദാസീനമായി നീങ്ങിക്കൊണ്ടിരുന്നു. അല്പം കഴിഞ്ഞ് തലയുയർത്തി ഈശോ പറഞ്ഞു: “നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം കല്ലെറിയട്ടെ.”  

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം കുറ്റം ചെയ്യാത്തവൻ എന്നല്ല, പാപം ഇല്ലാത്തവൻ പാപം ചെയ്യാത്തവൻ എന്നാണ്. എന്താണ് പാപം? തെറ്റായ ഒരു പ്രവൃത്തി ചെയ്യാൻ മനസ്സിൽ ആലോചന നടത്തുന്നതാണ്. അതിനെപ്പറ്റി ചിന്തിക്കുന്നതാണ് പാപം. എന്താണ് കുറ്റം? ആ plan നടപ്പിലാക്കുന്നതാണ്, ആ പാപം ചെയ്യുന്നതാണ് കുറ്റം. ഒരാളെ തല്ലാനോ കൊല്ലാനോ   ചിന്തിച്ചാൽ അത് പാപമാണ്. ഒരു കോടതിയ്ക്കും അതിന് ആരെയും ശിക്ഷിക്കാനാകില്ല. എന്നാൽ കുറ്റം ചെയ്‌താൽ ശിക്ഷിക്കാം. കുറ്റം ചെയ്യാത്തവർ ഉണ്ടാകുമെങ്കിലും, പാപം ഇല്ലാത്ത, പാപം ചെയ്യാത്ത ആരും ഉണ്ടാകാൻ സാധ്യമല്ലെന്ന് ഈശോയ്ക്കറിയാം. അവിടുന്ന് വളരെ സമർത്ഥമായ, reasonable ആയ ഉത്തരമാണ് കൊടുത്തത്. നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യം കല്ലെറിയട്ടെ. എന്നിട്ട് വീണ്ടും കുനിഞ്ഞ് നില ത്തെഴുതിക്കൊണ്ടിരുന്നു.

ഇപ്രാവശ്യം വലിയൊരു psaychological move ആണ് ഈശോ നടത്തിയത്. അഹങ്കാരത്തിന്റെ കല്ലുമായി വന്നവർ മുറിപ്പെട്ടു എന്ന് ഈശോയ്ക്കറിയാം. ഒരു നിമിഷംകൊണ്ട് അവർ ഒന്നുമല്ലാതായി. ഈശോയുടെ ഒരു നോട്ടംപോലും ചിലപ്പോൾ അവരെ provoke ചെയ്യാം. തല ഉയർത്തിപ്പിടിച്ച് ഒരു ഇന്നസെന്റ് സ്റ്റൈലിൽ എന്ത്യേ എന്ന് ചോദിച്ചാൽ …. ഏതെങ്കിലും ഒരുത്തൻ ഒരു കുഞ്ഞിക്കല്ല് എറിഞ്ഞാൽ മതി…തീർന്നു…പിന്നെ എല്ലാവരും ഏറിയും. അതാണ് ആൾക്കൂട്ടത്തിന്റെ മനശ്ശാസ്ത്രം. ഒരാൾ ചെയ്‌താൽ മതി … തെറ്റാണോ ശരിയാണോയെന്ന് ചിന്തിക്കാതെ എല്ലാവരും കൂടെച്ചേരും…ആൾക്കൂട്ടക്കൊലപാതകങ്ങളുടെ മനശ്ശാസ്ത്രമാണത്. ഈശോ മനഃപൂർവം പിൻവാങ്ങുകയാണ്. കുനിഞ്ഞിരുന്ന് അവരുടെ ego വീണ്ടും hurt ചെയ്യാതെ നോക്കുകയാണ്. ഈശോയ്ക്കറിയാം തന്റെ പറച്ചിൽ അവരെ വേദനിപ്പിച്ചെന്ന്. അതാഘോഷിക്കുകയല്ല ഈശോ ചെയ്തത്. അവിടുന്ന് അവർക്ക് മതിയായ അവസരം നൽകുകയാണ്. തനിക്കെതിരെ വന്നവരുടെയും feelings നെ പരിഗണിക്കുകയാണ്. നിയമപരമായി അവർക്ക് ഈ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാം. നിയമപരമായി തങ്ങൾ ധാർമികരാണെന്ന് മേനിനടിക്കാം.    പക്ഷേ അവരതെല്ലാം മറന്നുപോയി. ഈശോയുടെ പ്രസ്‌താവന എല്ലാം തെറ്റിച്ചുകളഞ്ഞു. ഈശോ അവരുടെ ചിന്ത ആ സ്ത്രീയിൽ നിന്ന് അവരിലേക്ക് തിരിച്ചു. അവൻ അവരെ മനസാന്തരപ്പെടുത്തി.  മുതിർന്നവർ തുടങ്ങി കല്ലുകൾ താഴെയിട്ട് മടങ്ങിപ്പോയി.

മൂന്നാമത്തെ ചോദ്യം ഇങ്ങനെയാണ്: ഈശോ എന്തുകൊണ്ട് ആ സ്ത്രീയെ വിധിച്ചില്ല? ഈശോ കണ്ണുകളുയർത്തി നോക്കിയപ്പോൾ ആ സ്ത്രീ തനിയെ! അവളുടെമേൽ കുറ്റമാരോപിച്ചവർ പോയിക്കഴിഞ്ഞിരുന്നു. കുറ്റമാരോപിച്ചവരുടെ കൂട്ടത്തിൽ ഈശോ ഉണ്ടായിരുന്നില്ല. സ്വർഗത്തിനെങ്ങനെ ഒരാളെ വിധിക്കുവാൻ സാധിക്കും? സ്വർഗത്തിനെങ്ങനെ ഒരാളെ, കുറ്റക്കാരനാണെങ്കില്പോലും കല്ലെറിഞ്ഞ് കൊല്ലാൻ കഴിയും? ക്രിസ്തു കരുണയോടെ, സ്നേഹത്തോടെ അവളെ കടാക്ഷിച്ചിട്ട് അവളോട് പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല…പോകുക ഇനിമേൽ പാപം ചെയ്യരുത്.” ഇതാണ് ദൈവികത…ആത്മീയത…നീ ചെയ്തതെല്ലാം ഇതാ സ്വർഗം, ദൈവം മറന്നിരിക്കുന്നു. The past is past. ഇത് ഒരനുഭവമായിട്ടുണ്ടെങ്കിൽ ഇനിമേൽ പാപത്തിലേക്ക് പോകരുത്.

സ്നേഹമുള്ളവരേ, ഇതാണ് ക്രിസ്തുവിന്റെ സന്ദേശത്തിന്റെ സത്ത -essence! പാപികളെ രക്ഷയിലേക്ക് വിളിക്കുവാൻ വന്നവൻ, വിധി പ്രസ്താവിച്ച് നാശത്തിലേക്ക് തള്ളിവിടാൻ വന്നവനല്ല. ഈശോയ്ക്കറിയാം, തെറ്റുചെയ്യുന്നവനോടൊപ്പം നിന്നെങ്കിലേ അവളെ /അവനെ രക്ഷിക്കുവാൻ സാധിക്കുകയുള്ളൂവെന്ന്. ഒരാൾ ഒരു തെറ്റ് ചെയ്‌താൽ എത്ര ശിക്ഷ അയാൾ ഏറ്റുവാങ്ങണം? എത്രപേരിൽ നിന്നുള്ള ശിക്ഷ സ്വീകരിക്കണം? എത്രനാൾ ശിക്ഷ സ്വീകരിക്കണം? നിന്റെ സൗഹൃദത്തിൽ നിന്ന്, കുടുംബത്തിൽ നിന്ന്, സമൂഹത്തിൽ നിന്ന് എത്രനാൾ മാറ്റിനിർത്തണം? നാമോരോരുത്തരും നമ്മുടെ മനസ്സിന്റെ കുടുസ്സുമുറിയിൽ നിർത്തി എത്രപ്രാവശ്യം വിധി പ്രസ്താവിക്കണം? ചേർത്ത് നിർത്തുകയാണ് ക്രിസ്തു -പാപിനിയെ മാത്രമല്ല, അവൾക്കെതിരെ ആരോപണങ്ങളുമായി വന്നവരെയും. പാപിനിയെ മാത്രമല്ല, തന്നെ വക്കിൽകുടുക്കി ഇല്ലാതാക്കുവാൻ വന്നവരെയും! ഈശോയുടെ argument നോക്കുക – “നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം കല്ലെറിയട്ടെ.”

പാപത്തെ വെറുക്കുമ്പോഴും പാപിയെ സ്നേഹിക്കുവാൻ സാധിക്കുക – അതാണ് ഈശോയുടെ കരുണയുടെ പാഠം. ഇതാണ് നമ്മുടെ കുമ്പസാരത്തിന്റെ മഹനീയത! ഉയർന്ന മലയിൽ നിന്നേ, സമതലങ്ങളിലേക്ക് നദിക്കു ഒഴുകുവാൻ കഴിയൂ. ദൈവത്തിൽ നിന്നേ മനുഷ്യനിലേക്ക് ക്ഷമ, കരുണ ഒഴുകുവാൻ കഴിയൂ. ക്രിസ്തുവിന്റെ ഒരു നോട്ടം, ഒരു സ്പർശം…അത് മതി രൂപാന്തരത്തിന്റെ, ക്ഷമയുടെ പ്രസാദവരം നമ്മിലേക്കൊഴുകാൻ!

സമാപനം

സ്നേഹമുള്ളവരേ, അൻപത് നോമ്പിന്റെ അഞ്ചാം ഞായറാഴ്ച്ച ഈശോ നമ്മെ, നമ്മുടെ മനഃസാക്ഷിയെ പിടിച്ചു കുലുക്കുകയാണ്. മുഖംമൂടികൾ വച്ചുകൊണ്ട്, കപട  സദാചാരത്തിൽ ജീവിക്കുവാൻ നമുക്കാകില്ല. വിശുദ്ധമായ ബന്ധങ്ങളെ വ്യഭിചരിച്ചുകൊണ്ട് മുന്നോട്ട് പോകാൻ നമുക്കാകില്ല. നമ്മെ അപകീർത്തിപ്പെടുത്തുവാൻ വരുന്നവരുടെപോലും, നമ്മെ കെണിയിൽ കുടുക്കുവാൻ വരുന്നവരുടെപോലും മനസ്സിലെ മുറിപ്പെടുത്താതെ പെരുമാറുവാൻ നമുക്കാകണം.

ആരെയും വിധിക്കാതെ, ബലഹീനരെ, പാപികളെ, തെറ്റിൽ വീഴുന്നവരെ കൈപിടിച്ചുയർത്താനും, ചേർത്തുപിടിക്കാനും നമുക്കാകണം. വിശുദ്ധ യോഹന്നാൻ പറഞ്ഞതുപോലെ, ശിക്ഷിക്കാനല്ലോ രക്ഷിക്കാനല്ലേ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്?! ആമേൻ!

SUNDAY SERMON MT 5, 27-32

നോമ്പുകാലം നാലാം ഞായർ

ഉത്പത്തി 19, 1-11

2 സാമുവേൽ 12, 1-7; 13-17

2 തിമോ 2, 22-26

മത്തായി 5, 27-32

സന്ദേശം

അൻപത് നോമ്പിന്റെ പുണ്യം നിറഞ്ഞ വഴികളെ ദൈവികമാക്കാൻ ഇന്നത്തെ സുവിശേഷം നമ്മെ വിശുദ്ധിയിലേക്ക് ക്ഷണിക്കുകയാണ്. ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്, കുരിശുമരണത്തിലൂടെ നമുക്ക് രക്ഷ നേടിത്തന്നത്, വിശുദ്ധ കുർബാനയിലൂടെ ഇന്നും നമ്മോടൊത്തു വസിക്കുന്നത്, നമ്മെ ശക്തിപ്പെടുത്തുന്നത് നമ്മെ വിശുദ്ധിയിലേക്ക് വിളിക്കുവാനാണ്, നമ്മെ വിശുദ്ധരാക്കുവാനാണ്. വിശുദ്ധ ബൈബിൾ നമുക്ക് വിശ്വാസത്തെക്കുറിച്ചും, ദൈവിക വെളിപാടുകളെക്കുറിച്ചുമെല്ലാം പറഞ്ഞു തരുന്നുണ്ടെങ്കിലും, വിശുദ്ധ പൗലോശ്ലീഹാ എഫേസോസുകാരോട് പറഞ്ഞതുപോലെ, ‘ദൈവത്തിന്റെ മുൻപാകെ എങ്ങനെ പരിശുദ്ധരായി, നിഷ്കളങ്കരായി ജീവിക്കാമെന്നാണ്’ വചനം നമ്മെ പഠിപ്പിക്കുന്നത്. വിശുദ്ധ കുർബാനയിലെ നാലാം പ്രണാമജപത്തിലും നാം ആഗ്രഹിച്ച്, പ്രാർത്ഥിക്കുന്നത് എന്താണ്? “… പരിശുദ്ധ കത്തോലിക്കാ സഭയുടെ സന്താനങ്ങളുമായ എല്ലാവർക്കുംവേണ്ടിയുള്ള നൈർമല്യവും വിശുദ്ധിയും ഞങ്ങളെ പഠിപ്പിച്ചെന്നും എല്ലാ മനുഷ്യരും അറിയട്ടെ” എന്നാണ്.

നോമ്പുകാലത്തിന്റെ ഈ നാലാം ഞായറാഴ്ച നാമെല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ചിന്തിക്കുവാനും, വിശുദ്ധിയുടെ വഴിയിലൂടെ ജീവിക്കുവാൻ, അനുതാപത്തിലൂടെ ജീവിതനവീകരണത്തിലേക്ക് പ്രവേശിക്കുവാനും തിരുസഭ ആഗ്രഹിക്കുന്നു.

വ്യാഖ്യാനം  

മനുഷ്യനും ദൈവവും തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലമാണ് വിശുദ്ധി. ലോകം പണിയപ്പെട്ടിരിക്കുന്നത് നാം കരുതുന്നപോലെ കല്ലും സിമന്റും വച്ചല്ല; ഭൗതികവാദ പ്രസ്ഥാനങ്ങൾ കരുതുന്നപോലെ, വർഗ്ഗസമരത്താലോ, വിപ്ലവം കൊണ്ടോ അല്ല. ലോകം പണിയപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ നന്മയെ പ്രകാശിപ്പിക്കുംവിധം മനുഷ്യനിലെ നന്മയും വിശുദ്ധിയും ചേർത്തുകെട്ടിയാണ്.

ഇന്നത്തെ വിശുദ്ധ കുർബാനയിലെ വായനകളെല്ലാം തന്നെ വിശുദ്ധിയെ പരാമർശിച്ചാണ് നിലകൊള്ളുന്നത്. ഒന്നാം വായന ഉത്പത്തി പുസ്തകത്തിലെ സോദോം ഗൊമോറയുടെ ധാർമിക പശ്ചാത്തലത്തിൽ നിന്നുള്ളതാണ്. മനുഷ്യനിൽ ദൈവം നിക്ഷേപിച്ചിട്ടുള്ള നന്മ, വിശുദ്ധി വറ്റിപ്പോയാൽ, ശാരീരിക തൃഷ്ണകളാൽ ആസക്തരായാൽ വാതിൽ തപ്പി നടക്കുന്ന, വഴിതേടി നടക്കുന്ന വലിയ അന്ധതയിലേക്ക് മനുഷ്യൻ നിപതിക്കുമെന്ന, നമ്മെ ഭയപ്പെടുത്തുന്ന സന്ദേശമാണ് നാമിവിടെ കണ്ടുമുട്ടുന്നത്. രണ്ടാം വായന പഴയനിയമത്തിലെ വലിയൊരു ദുരന്തത്തെയാണ് വരച്ചുകാട്ടുന്നത്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട, രാജാവായി അഭിഷിക്തനായ ദാവീദ് ലൈംഗിക ആസക്തിയാൽ അശുദ്ധിയിലേക്ക്, തിന്മയിലേക്ക് തലകുത്തി വീഴുന്ന സംഭവം ഒരുൾക്കിടിടലത്തോടെയല്ലാതെ നമുക്ക് ധ്യാനിക്കാൻ കഴിയില്ല! ഇവിടെയും, തൃഷ്ണകളുടെ, രതിയുടെ, അശുദ്ധിയുടെ, മനുഷ്യനിലെ ദൈവികത മരിക്കുന്നതിന്റെ ഫലമായുണ്ടാകുന്നവ നിലനിൽക്കുകയില്ലെന്ന് മാത്രമല്ല, ബാല്യത്തിലേ ഇല്ലാതാകുമെന്നുള്ള സന്ദേശമാണ് നാം കാണുന്നത്. നാഥാൻ പ്രവാചകൻ പറയുന്നത് കേൾക്കുക: “കർത്താവ് നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു. നീ മരിക്കുകയില്ല. എങ്കിലും, ഈ പ്രവർത്തികൊണ്ട് നീ കർത്താവിനെ അവഹേളിച്ചതിനാൽ നിന്റെ കുഞ്ഞ് മരിച്ചുപോകും.” മനുഷ്യൻ അശുദ്ധികൊണ്ട് നേടുന്നതൊന്നും നിലനിൽക്കുകയില്ല.

നാം വായിച്ചുകേട്ട ലേഖനഭാഗത്ത് വിശുദ്ധ പൗലോശ്ലീഹാ വിശുദ്ധിയെ വിവിധ ഭാവങ്ങളിൽ അവതരിപ്പിക്കുകയാണ്. പരിശുദ്ധ ഹൃദയത്തോടെ കർത്താവിനെ വിളിക്കുന്നത്, നീതി പ്രവർത്തിക്കുന്നത്, സ്നേഹം, വിശ്വാസം, സമാധാനം എന്നിവ ലക്ഷ്യംവയ്ക്കുന്നത് സൗമ്യതയോടെ, ക്ഷമാശീലത്തോടെ വർത്തിക്കുന്നത് എല്ലാം വിശുദ്ധിയാണ് അദ്ദേഹത്തിന്. യുവസഹജമായ വ്യാമോഹങ്ങളും, മൂഢവും, ബാലിശവുമായ വാദപ്രതിവാദങ്ങൾ, കലഹിക്കൽ തുടങ്ങിയവയാകട്ടെ അശുദ്ധിയായാണ് പൗലോശ്ലീഹാ കാണുന്നത്.

സുവിശേഷത്തിലേക്ക് വരുമ്പോൾ ഈശോ വിശുദ്ധിക്ക് പുതിയൊരു ഭാഷ്യം, അർഥം നൽകുന്നുണ്ട്. ഈശോയുടെ വീക്ഷണത്തിൽ വിശുദ്ധി എന്നത് ശരിയായ ചര്യകളിലൂടെ, പ്രവൃത്തികളിലൂടെ  മുന്നോട്ട് പോകുന്നതാണ്. ചര്യ എന്നാൽ മര്യാദ എന്ന് അർത്ഥമുണ്ട്. ശരിയായ മര്യാദകളിൽ നിന്ന് വ്യതിചലിക്കുന്നത് (Deviate) പാപമാണ്, അശുദ്ധിയാണ്. ഈശോ പറയുന്ന ഉദാഹരണം ലൈംഗിക ആസക്തിയുമായി ബന്ധപ്പെട്ടതാണ്. അവിടെ, ആസക്തിയോടെ, തിന്മനിറഞ്ഞ മനസ്സോടെ സ്ത്രീയെ നോക്കുന്നതുപോലും, അങ്ങനെ ചിന്തിക്കുന്നതുപോലും തെറ്റായിട്ടാണ് ഈശോ പറയുന്നത്.  എന്നുവച്ചാൽ, നീ കണ്ടുമുട്ടുന്ന മനുഷ്യരെയും, വസ്തുക്കളെയും, വെറും ഭോഗവസ്തുക്കളായി നീ കണ്ടാൽ, മനസ്സിൽ വിചാരിച്ചാൽ, നീ കണ്ടുമുട്ടുന്ന മനുഷ്യരെയും, വസ്തുക്കളെയും നിന്റെ സുഖത്തിനായി മാത്രം,നിന്റെ  സംതൃപ്തിക്കായി മാത്രം, ഉപയോഗിച്ചാൽ, അങ്ങനെ നീ മനസ്സിൽ ചിന്തിച്ചാൽ നീ  അശുദ്ധനായി. അങ്ങനെ നിന്നെ അശുദ്ധനാക്കാൻ നിന്റെ കണ്ണ് കാരണമാകുന്നുണ്ടെങ്കിൽ, കൈകൾ കാരണമാകുന്നുണ്ടെങ്കിൽ, കാലുകൾ കാരണമാകുന്നുണ്ടെങ്കിൽ. ഈ അവയവങ്ങൾ ഇല്ലാത്തവരെപ്പോലെ ജീവിക്കണം. അശുദ്ധി അല്ല, വിശുദ്ധി ആയിരിക്കണം നിങ്ങളുടെ പ്രവൃത്തികളുടെ മാനദണ്ഡം, അളവുകോൽ.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷ സന്ദേശം മനസിലാക്കാൻ രണ്ട് കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം. ഒന്ന്, വിശുദ്ധി എന്നത് ലൈംഗികതയെ മാത്രം ആശ്രയിച്ചല്ല നിലകൊള്ളുന്നത്. രണ്ട്, വിശുദ്ധി എന്നത് മനുഷ്യ ശരീരത്തോട് മാത്രം, മനുഷ്യ ബന്ധങ്ങളോട് മാത്രം ബന്ധപ്പെട്ട് നിൽക്കുന്ന ഒന്നല്ല. ഈ പ്രപഞ്ചവും, അതിലുള്ളതെല്ലാം ദൈവത്തിന്റെ വിശുദ്ധിയിൽ പങ്കുപറ്റുന്നവയാണ്.

വിശുദ്ധ മദർ തെരേസ (St. Mother Teresa) പറയുന്നത്, വിശുദ്ധി എന്നത് ജീവിതത്തെ ദൈവത്തിന്റെ ഇഷ്ടമായി സ്വീകരിക്കുക, അതിനനുസരിച്ച് ജീവിക്കുക എന്നതാണ്. ദൈവം നമുക്ക് തന്റെ വിശുദ്ധി സമ്മാനിക്കുമ്പോൾ, നാം എന്തിനാണ് ധനവും, ലോകവസ്തുക്കളും തേടിപോകുന്നത്? ദൈവം നമുക്ക് മഹത്വം, മൂല്യം നൽകുമ്പോൾ, നാം എന്തിനാണ് കീർത്തിയും, അധികാരവും തേടിപോകുന്നത്? ദൈവം നമുക്ക് അനശ്വരമായ സ്വർഗം നൽകുമ്പോൾ, നാമെന്തിനാണ് നശ്വരമായ ഈ ലോകം തേടിപ്പോകുന്നത്? വിശുദ്ധി എന്നത് നമ്മിലുള്ള ദൈവത്തിന്റെ സ്നേഹസാന്നിധ്യമാണ്. വിശുദ്ധി എന്നത് നമ്മിലെ നന്മയാണ്.

ഈ പ്രപഞ്ചത്തിന് വിശുദ്ധിയുണ്ട്. അത് ഈ പ്രപഞ്ചത്തിലുള്ളവയുടെയെല്ലാം വിശുദ്ധിയാണ്. മനുഷ്യൻ പ്രപഞ്ചത്തെ ഒരു ഉപഭോഗ വസ്തുവായി കാണുമ്പോൾ, അതിനനുസരിച്ച് പ്രകൃതിയെ ദുരുപയോഗിക്കുമ്പോൾ അതിന്റെ വിശുദ്ധി അപ്രത്യക്ഷമാകുകയാണ്. ക്രൈസ്തവർ കെ. റെയിൽ പദ്ധതിയെ എതിർക്കുന്നുണ്ടെങ്കിൽ, അതിന്റെ കാരണം, കേരളത്തിന്റെ വിശുദ്ധിയെ, കേരളത്തിന്റെ പ്രകൃതിയുടെ വിശുദ്ധിയെ അത് നശിപ്പിക്കും എന്നുള്ളതുകൊണ്ടാണ്. മറ്റ് പ്രായോഗിക പ്രശ്നങ്ങൾ എല്ലാം നിലനിൽക്കുമ്പോഴും കെ. റെയിൽ പദ്ധതി കേരളത്തിന്റെ വിശുദ്ധിയെ നശിപ്പിക്കും എന്ന യാഥാർഥ്യം നാം മറക്കരുത്. നാം മാലിന്യം വലിച്ചെറിയുമ്പോഴും, വനം നശിപ്പിക്കുമ്പോഴും, എൻഡോസൾഫാൻ ഉപയോഗിക്കുമ്പോഴും പ്രകൃതിയുടെ വിശുദ്ധി നശിക്കുകയുകയാണ്. മനുഷ്യനിലെ അശുദ്ധികൊണ്ട് പ്രകൃതി നിറയുകയാണ്.

നമ്മുടെ കുടുംബങ്ങൾക്കുമുണ്ട് വിശുദ്ധി. നമ്മുടെ കുടുംബങ്ങളുടെ വിശുദ്ധി എന്നത് മാതാപിതാക്കളുടെ, മക്കളുടെ കുടുംബത്തിലെ എല്ലാവരുടെയും ഹൃദയവിശുദ്ധിയുടെ പ്രകടനമാണ്, പ്രതിഫലനമാണ്. അത് മാതാപിതാക്കളുടെ ദാമ്പത്യസ്നേഹത്തിന്റെ വിശുദ്ധിയാകാം, ദാമ്പത്യബന്ധത്തിന്റെ വിശുദ്ധിയാകാം, കുടുംബത്തിനുവേണ്ടിയുള്ള സമർപ്പണത്തിന്റെ വിശുദ്ധിയാകാം, മക്കളുടെ നന്മനിറഞ്ഞ ജീവിതത്തിന്റെ വിശുദ്ധിയാകാം, അനുസരണത്തിന്റെ, ബഹുമാനത്തിന്റെ ഒക്കെ വിശുദ്ധിയാകാം. നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ കടമയുണ്ടെന്ന് ഇന്നത്തെ സുവിശേഷം പ്രത്യേകം നമ്മെ ഓർമിപ്പിക്കുന്നുണ്ട്.  ഈ വിശുദ്ധിയുടെ പ്രകടനമായിട്ടാകണം നമ്മുടെ കുടുംബത്തിലെ എല്ലാ പ്രവർത്തനങ്ങളും നടക്കുവാൻ. മാതാപിതാക്കളെ അനുസരിക്കാത്ത മക്കളുണ്ടെങ്കിൽ, കുടുംബപ്രാർത്ഥനയില്ലാത്ത കുടുംബങ്ങളുണ്ടെങ്കിൽ ഓർക്കുക നമ്മുടെ കുടുംബങ്ങൾ അശുദ്ധിയിലാണ്. അപ്പോൾ ഭീഷ്മപർവം മുതലായ സിനിമകൾ നമ്മുടെ ക്രൈസ്തവ കുടുംബങ്ങളെ സിനിമയിൽ ആവിഷ്കരിക്കുന്നതും അതുപോലെയാകും. അങ്ങനെയല്ലെങ്കിലും, നമ്മുടെ കുടുംബങ്ങളിലെ വിശുദ്ധിയെ തകർക്കുവാൻ മനഃപൂർവം സിനിമകളിൽ വിശുദ്ധിയില്ലാത്ത ക്രൈസ്തവകുടുംബങ്ങളെ കാണിക്കുവാൻ ചിലർ ശ്രമിക്കും.

നാം ജീവിക്കുന്ന ഈ സമൂഹത്തിനും വിശുദ്ധിയുണ്ട്. രാജ്യങ്ങൾ തമ്മിൽ സമാധാനത്തിലും സഹവർത്തിത്വത്തിലും ജീവിക്കുമ്പോൾ, മനുഷ്യർ പരസ്പരം സ്‌നേഹിക്കുമ്പോൾ, സഹായിക്കുമ്പോൾ, വളർത്തുമ്പോൾ സമൂഹത്തിന്റെ വിശുദ്ധിയാണത്. എന്നാൽ, യുദ്ധങ്ങൾ സമൂഹത്തിന്റെ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്നു. യുക്രയിൻ-റഷ്യ യുദ്ധം, യമനിൽ നടക്കുന്ന നരഹത്യകൾ, പിന്നെ നമുക്കറിയാത്ത യുദ്ധങ്ങളും സമൂഹത്തെ അശുദ്ധമാക്കുന്നു. യുദ്ധമുണ്ടാകുമ്പോൾ ആദ്യം മരിക്കുന്നത് സമൂഹത്തിന്റെ വിശുദ്ധിയാണ്. വെട്ടിപ്പിടിക്കുവാനും, അയൽരാജ്യങ്ങളെ ശത്രുക്കളായിക്കണ്ട് ആക്രമിക്കുവാനും, സ്വന്തം അഹന്തയെ തൃപ്തിപ്പെടുത്തുവാൻ അപരന്റെമേൽ ബോംബിടാനും തുടങ്ങിയാൽ അശുദ്ധിയുടെ കൂമ്പാരമായിത്തീരും മാനവസമൂഹം! വർഗീയതയുടെ പേരിൽ സമൂഹങ്ങളെ ഒറ്റപ്പെടുത്തുമ്പോൾ, വ്യക്തികൾക്ക്, സമൂഹങ്ങൾക്ക് നീതി നിഷേധിക്കുമ്പോൾ, അഴിമതിയും, അസമത്വവും അഴിഞ്ഞാടുമ്പോൾ, സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്. സ്നേഹത്തിനുവേണ്ടി, ഭക്ഷണത്തിനുവേണ്ടി, മക്കൾ കാത്തിരിക്കുമ്പോൾ സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്.  എവിടെയെല്ലാം മനുഷ്യൻ വേദനിക്കുന്നുണ്ടോ, എവിടെയെല്ലാം മനുഷ്യൻ ആൾക്കൂട്ടക്കൊലപാതകത്തിൽപെടുന്നുവോ അവിടെയെല്ലാം സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്. സ്നേഹത്തെ നാം ജീവനോടെ കുഴിച്ചുമൂടുമ്പോൾ, മറവിയെ അതിനുമേൽ പുല്ലുപോലെ വളർത്തുമ്പോൾ സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്.

ഒരു രാജസ്ഥാനി നാടോടിക്കഥ ഇങ്ങനെയാണ്: വരൾച്ച മൂർധന്യത്തിലെത്തുമ്പോൾ ആ ഗ്രാമത്തിലെ ആളുകൾ വീടൊഴിഞ്ഞ് മറ്റു ദിക്കുകളിലേക്ക് പോകും. ഒരു വീട്ടിലെ രണ്ടാനമ്മയും അച്ഛനും രണ്ടരയും നാലും വയസ്സുള്ള രണ്ട് പെൺകുട്ടികളെ വീട്ടിൽ നിർത്തി പുറപ്പെടുന്നു. അച്ഛന് ആവുമ്പോൾ അവരെക്കൂടി കൂട്ടാൻ നിർബന്ധിക്കുന്നുണ്ട്, അപേക്ഷിക്കുന്നുണ്ട്. ആ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുവാൻ തക്കം പാർത്തിരിക്കുകയാണ് ആ രണ്ടാനമ്മ. “നമുക്ക് പോകാം, നമുക്ക് മാത്രം.” അവൾ കടുപ്പിച്ച് പറഞ്ഞു. പുറപ്പെടുമ്പോൾ ആ സ്ത്രീ കുഞ്ഞുങ്ങളോട് പറഞ്ഞു: “വൈകുന്നേരം ഞങ്ങൾ തിരിച്ചു വരും. അതുവരെ അടങ്ങിയിരിക്കുക.” കണ്ണീര് മറച്ചുവയ്ക്കാനായി അച്ഛൻ മുറ്റത്തിറങ്ങി നിന്നു.

ഉച്ചകഴിഞ്ഞു. “വിശക്കുന്നു.” ഇളയകുട്ടി ചേച്ചിയോട് പറഞ്ഞു. “വൈകുന്നേരമാവട്ടെ മോളെ.” കുഞ്ഞേടത്തി അനിയത്തിയോട് പറഞ്ഞു. വൈകുന്നേരമായി, ഇരുട്ടായി, പേടിയും വിശപ്പും വർധിച്ചു. “വൈകുന്നേരമായില്ലേ?” “ഇല്ല.” ചേച്ചി പറഞ്ഞു. പുലർന്നു. വീണ്ടു വൈകുന്നേരമായി. “വൈകുന്നേരമായില്ലേ?” “ഇല്ല മോളെ. വൈന്നേരമായാൽ അച്ഛൻ വരില്ലേ?”

മൂന്നുമാസം കഴിഞ്ഞ്, വരൾച്ച കഴിഞ്ഞ് അച്ഛനും രണ്ടാനമ്മയും വീട്ടിലെത്തി. അച്ഛൻ രണ്ടാൾക്കുമായി കൈനീട്ടി. “നിങ്ങളെന്ത് ഗോഷ്ടിയാണീ കാണിക്കുന്നത്? ഇത് കാണുന്നില്ലേ?” രണ്ടാനമ്മ കൈചൂണ്ടിയിടത്ത് അച്ഛൻ കണ്ടു, ദ്രവിച്ചു തുടങ്ങിയ ഇളയ എല്ലിൻ കൂടുകൾ!

ഈ കഥ ഇന്നത്തെ മനുഷ്യ സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ്. മനുഷ്യനെ ഒറ്റപ്പെടുത്തിയും, പട്ടിണിക്കിട്ടും, നടപ്പാക്കാത്ത വാഗ്ദാനങ്ങൾ നൽകിയും മോഹിപ്പിച്ച് കൊല്ലുകയാണ്, വെറും അസ്ഥികൂടങ്ങളാക്കുകയാണ് ആർത്തിമൂത്ത മനുഷ്യർ! ഇതിൽ രാഷ്ട്രീയക്കാർ മാത്രമല്ല, മതത്തിൽ വിശ്വസിക്കുന്നവരും ഉണ്ട്.

തിരുസ്സഭയ്ക്കും വിശുദ്ധിയുണ്ട്. നമ്മുടെ സീറോ മലബാർ സഭയ്ക്കും വിശുദ്ധിയുണ്ട്. ആ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്ന പ്രവൃത്തികൾ, മനോഭാവങ്ങൾ ഒരിക്കലും സഭാമക്കളിൽ നിന്ന് ഉണ്ടാകരുത്.

മനുഷ്യ ബന്ധങ്ങൾക്കുമുണ്ട് വിശുദ്ധി. സൗഹൃദങ്ങളിൽ വിശുദ്ധിയുണ്ട്. മനുഷ്യന്റെ എല്ലാകാര്യങ്ങളിലും വ്യാപിച്ചു നിൽക്കുന്ന മനോഹരമായ ദൈവികാംശമാണ് വിശുദ്ധി. നമ്മുടെ സംഗീതത്തിന്, നൃത്തത്തിന്, നമ്മുടെ വസ്ത്രധാരണത്തിന് എല്ലാം വിശുദ്ധിയുണ്ട്.

സമാപനം

സ്നേഹമുള്ളവരേ, വിശുദ്ധിയുടെ മഹത്തായ ഇടങ്ങളിലേക്ക് വിശുദ്ധിയെക്കുറിച്ചുള്ള ഈ ധ്യാനം നമ്മെ നയിക്കട്ടെ.  ആമേൻ!

SUNDAY SERMON MT 6, 1-8; 16-18

നോമ്പുകാലം മൂന്നാം ഞായർ

നിയമാവർത്തനം 15, 7-15

തോബിത് 12, 6-15

2 കോറി 8, 9-15

മത്തായി 6, 1-8; 16-18

നമ്മുടെ സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിലെ നോമ്പുകാലത്തിന്റെ മൂന്നാം ഞായറാഴ്ചയിലേക്ക് നാം കടന്നിരിക്കുകയാണ്. നോമ്പിന്റെയും ഉപവാസത്തിന്റെയും ചൈതന്യത്തിലൂടെ അമ്പതു നോമ്പിന്റെ പുണ്യദിനങ്ങളെ വിശുദ്ധമാക്കുവാൻ ശ്രമിക്കുന്ന നമ്മെ ഈ കാലഘട്ടത്തിൽ അനുവർത്തിക്കേണ്ട മൂന്ന് മനോഭാവങ്ങളെക്കുറിച്ച്, മൂന്ന് നന്മകളെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം.

വിശുദ്ധ മത്തായി യഹൂദക്രൈസ്തവർക്കുവേണ്ടി സുവിശേഷം തയ്യാറാക്കിയതുകൊണ്ടാകാം ദാനത്തെക്കുറിച്ചും പ്രാർത്ഥനയെക്കുറിച്ചും, ഉപവാസത്തെക്കുറിച്ചും ഈശോ പഠിപ്പിച്ച കാര്യങ്ങൾ വലിയ പ്രാധാന്യത്തോടെ സംസാരിക്കുന്നത്. വളരെ കാർക്കശ്യത്തോടെ നിയമങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്ന യഹൂദരോട് ഈ മൂന്ന് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ദാനത്തിന്റെയും, പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ശരിയായ ആത്മീയത എന്തെന്ന് ഈശോ അവരെ പഠിപ്പിക്കുകയാണ്. കാരണം, ക്രിസ്തുവിന് മനുഷ്യരുടെ ഹൃദയമെന്തെന്ന് അറിയാമായിരുന്നു. ഈശോയ്ക്കറിയാം, മനുഷ്യർ കപടനാട്യക്കാരാണെന്ന്. പേരിനും പെരുമയ്ക്കുംവേണ്ടി അവർ എന്തും ചെയ്യും. അവർ ചെറിയൊരു ദാനം ചെയ്‌താൽ പോലും കാഹളം മുഴക്കുന്നവരാണ്. പ്രാർത്ഥിക്കുമ്പോൾ പോലും അത് വലിയ ഷോ ആക്കുന്നവരാണ്. ആത്മീയതയെപ്പോലും വിറ്റ് കാശാക്കുന്നവരാണ്. സ്വാർത്ഥരാണവർ. വെള്ളയടിച്ച കുഴിമാടങ്ങളാണവർ. ആക്രാന്തവും ആർത്തിയും അവരുടെ കൂടെപ്പിറപ്പുകളാണ്. ഇങ്ങനെയുള്ളവരെ ആത്മീയതയിലേക്ക്, ക്രിസ്തുവിലേക്ക് ക്ഷണിക്കുമ്പോൾ ഈശോ അവരെ ശരിയായ മനോഭാവത്തിലേക്ക് നയിക്കുകയാണ്.

ഇന്നും മനുഷ്യർ വ്യത്യസ്തരല്ല. ഇന്ന് ഈ നിമിഷം വരെ ആഗ്രഹങ്ങളാണ്, അത്യാഗ്രഹങ്ങളാണ് മനുഷ്യന്റെ ജീവിതത്തെ മലിനമാക്കുന്നത്; നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്നത്. എന്താ സംശയമുണ്ടോ? കഴിഞ്ഞകാലങ്ങളിലെ ചെറുതും വലുതുമായ യുദ്ധങ്ങൾ, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ നടന്നത് എന്തിന് വേണ്ടിയായിരുന്നു? മൂന്നാം ലോകമഹായുദ്ധത്തിന്റെ കൊടിയേറ്റമെന്നോണം ഇപ്പോൾ നടക്കുന്ന യുക്രയിൻ-റഷ്യ യുദ്ധം എന്തിന് വേണ്ടിയാണ്? നമ്മുടെ കുടുംബങ്ങളിൽ, ഇടവകയിൽ, രൂപതയിൽ, സഭയിൽ നടക്കുന്ന തർക്കങ്ങളും വഴക്കുകളും എന്തിന് വേണ്ടിയാണ്? ഈ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ ഒരാൾ മാതൃസഹോദരനെയും, അനുജനെയും വെടിവച്ച് കൊന്നത് എന്തിനാണ്? ഒന്നരവയസ്സുള്ള ഒരു കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊന്നത് എന്തിനുവേണ്ടിയാണ്? എന്തിന് വേണ്ടിയാണ് ഇന്നും മനുഷ്യരക്തത്തിനുവേണ്ടി മനുഷ്യൻ കൊലവിളി നടത്തുന്നത്? തട്ടിപ്പറിക്കാൻ വേണ്ടി, വെട്ടിപ്പിടിക്കാൻ വേണ്ടി, മണ്ണിന് വേണ്ടി, പെണ്ണിന് വേണ്ടി, കാർന്നോന്മാരുടെ സ്വത്തിനുവേണ്ടി, ദൈവങ്ങൾക്കുവേണ്ടി, മതത്തിനുവേണ്ടി …. .ആഗ്രഹം ഒരു വിഷമാണ്. അധികാരം പണം, മറ്റുള്ളവരെക്കാൾ ഉയരത്തിലെത്താനുള്ള മനസ്സിന്റെ വെമ്പൽ, ഇവയെല്ലാം മനുഷ്യനെ കൊല്ലുന്ന വിഷമാണ്.

ഇങ്ങനെയുള്ള മനുഷ്യനെ ജീവനിലേക്ക്, രക്ഷയിലേക്ക് ദൈവത്തിലേക്ക് കൊണ്ടുവരാൻ, ഈ നോമ്പുകാലത്ത് പ്രത്യേകിച്ച്, ഈശോ നൽകുന്ന മൂന്ന് വഴികളാണ് ദാനം പ്രാർത്ഥന, ഉപവാസം.

വളരെപ്പഴയ ഒരു കഥ ഓർമ്മവരുന്നു. ഒരു രാജാവ് തോട്ടത്തിൽ ഉലാത്താൻ ഇറങ്ങി. അവിടെനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ഒരു യാചകനെക്കണ്ടു. യാചകനാകട്ടെ, രാജാവിന്റെ അടുത്തേക്ക് ഓടിയെത്തി. “നിനക്ക് എന്തുവേണം?”രാജാവ് ചോദിച്ചു. യാചകന് സന്തോഷമായി. “അധികമൊന്നും വേണ്ട. ഈ ചെറിയ പിച്ചപ്പാത്രത്തിൽ അങ്ങേയ്ക്ക് കഴിയുന്നത് തരിക. എന്നെ നോക്കേണ്ട. ഞാനൊരു തെണ്ടിയാണ്. അങ്ങാണെങ്കിൽ രാജാവും. എന്ത് തന്നാലും എന്റെയീ പിച്ചപ്പാത്രം നിറയണം.” രാജാവ് സമ്മതിച്ചു. പ്രധാനമന്ത്രിയോട് രത്നങ്ങളും, സ്വർണവും, ധാന്യങ്ങളും കൊണ്ടുവരുവാൻ കല്പിച്ചു. രത്നക്കല്ലുകൾ പാത്രത്തിലിട്ടു. എന്നാൽ അവ അപ്രത്യക്ഷമായി. പിന്നെ, സ്വർണം…ധാന്യം….എല്ലാം അപ്രത്യക്ഷമായി. അവസാനം രാജാവ് ഒന്നുമില്ലാത്തവനായി. പിച്ചപ്പാത്രമാകട്ടെ ശൂന്യവും. ജനങ്ങളിത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് രാജാവ് യാചകനോട് പറഞ്ഞു: ഞാൻ തോറ്റിരിക്കുന്നു. എന്താണ് ഇതിന്റെ രഹസ്യം?” യാചകൻ പറഞ്ഞു: ഞാനൊരു മന്ത്രികനല്ല. ഒരു പിച്ചപ്പാത്രം വാങ്ങാൻ പോലും പൈസ എനിക്കില്ലായിരുന്നു. വഴിയിൽ കിടന്ന് ഒരു മനുഷ്യന്റെ തലയോട്ടി എനിക്ക് കിട്ടി. അതുകൊണ്ടാണ് ഞാനിത് ഉണ്ടാക്കിയത്. ഇതിൽ എന്തിട്ടാലും മറഞ്ഞുപോകും. ആഗ്രഹം മാത്രം ബാക്കിയാകും.

മരിച്ചാലും തീരാത്ത ആഗ്രഹങ്ങളുടെ കുട്ടയും ചുമന്നല്ലേ പ്രിയപ്പെട്ടവരേ നാമും നടക്കുന്നത്? അത്യാഗ്രഹികളായ, ആർത്തിപ്പണ്ടാരങ്ങളായ നമ്മോട് ഈശോ പറയും, നിങ്ങൾ വിശുദ്ധരാകാൻ, ദൈവമക്കളാകാൻ, ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കാൻ യോഗ്യതയുള്ളവരാകാൻ ആദ്യമായി ചെയ്യേണ്ടത്, നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. ദാനം ചെയ്യുമ്പോൾ, അപരനിലുള്ള ദൈവത്തിനാണ് ന്നെ കൊടുക്കുന്നത് എന്ന ചിന്തയിൽ ദാനം കൊടുക്കുക. ദൈവത്തിനാണ് കൊടുക്കുന്നതെങ്കിൽ പിന്നെ എന്തിനാണ് ഒച്ചപ്പാടും  ബഹളവും!

പ്രപഞ്ചം വെളിപ്പെടുത്തുന്ന വലിയ സത്യം ഇതാണ്, അതിന്റെ നിലനിൽപ്പ് കൊടുക്കൽ വാങ്ങലിലൂടെയാണ്.ഇതിന്റെ  പ്രതിരൂപമാണ് ശരീരത്തിലെ രക്ത ചംക്രമണം. ഹൃദയം വിശ്രമമില്ലാതെ രക്തം നൽകുന്നതോടൊപ്പം സ്വീകരിക്കുകയും ചെയ്യുന്നു.  കൊടുക്കുക എന്നതും, അതിന്റെ ഫലമായ സ്വീകരിക്കലും ദൈവിക നിയമം മാത്രമല്ല, അത് പ്രപഞ്ചത്തിന്റെ രീതിയും കൂടിയാണ്. ദാനത്തിന്റെ പിന്നിലുള്ള പ്രമാണം വളരെ ലളിതമാണ്. നിങ്ങൾ കൊടുക്കുന്നത് നിങ്ങൾക്ക് തിരികെ ലഭിക്കും. സ്നേഹമാണ് നിങ്ങൾ കൊടുക്കുന്നതെങ്കിൽ നിങ്ങൾക്ക് സ്നേഹം ലഭിക്കും. സുഖവും   സമൃദ്ധിയുമാണെങ്കിൽ അത് ലഭിക്കും. നിങ്ങളുടെ ജീവിതം ധാന്യവും അനുഗ്രഹീതവുമാകണമെങ്കിൽ അവ മറ്റുള്ളവർക്കും ലഭ്യമാകാൻ പ്രാർത്ഥിക്കുകയും, ശ്രമിക്കുകയും ചെയ്യുക.

ചിന്തകനും എഴുത്തുകാരനുമായ ഖലീൽ ജിബ്രാൻ തന്റെ പ്രവാചകൻ എന്ന ഗ്രന്ഥത്തിൽ ദാനത്തെക്കുറിച്ച് പറയുന്നു: “നിങ്ങളുടെ സമ്പാദ്യം കൊടുക്കുമ്പോൾ ഒന്നും കൊടുക്കുന്നില്ല. നിങ്ങൾ നിങ്ങളെത്തന്നെ ദാനം ചെയ്യുമ്പോഴത്രേ യഥാർത്ഥത്തിൽ കൊടുക്കുന്നത്.” സ്നേഹമുള്ളവരേ, എങ്ങനെ ദാനം ചെയ്യുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സന്തോഷത്തോടെ കൊടുക്കുന്നവരുണ്ട്. ആ സന്തോഷമാണ് അവരുടെ പ്രതിഫലം. വേദനയോടെ കൊടുക്കുന്നവരുണ്ട്. ആ വേദനയത്രേ അവരുടെ ജ്ഞാനസ്നാനം. പൂക്കൾ സുഗന്ധം പരത്തുന്നതുപോലെ ദാനം ചെയ്യണം. കാറ്റ് എവിടെ പോകുന്നുവോ അവിടെയെല്ലാം സുഗന്ധം പരക്കും. ആർക്ക് നൽകിയെന്ന് പൂക്കൾ അന്വേഷിക്കാറില്ല. പ്രതിഫലമോ നന്മയോ നോക്കാതെ അവർ സുഗന്ധം, സ്നേഹം നൽകുന്നു. ജിബ്രാൻ പറയുന്നത്, ഇവരെപ്പോലുള്ളവരുടെ കരങ്ങളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. ഈ ലോകത്തിൽ ദൈവത്തിന്റെ കരങ്ങളാകുക, ദൈവത്തിന്റെ കണ്ണുകളാകുക, ദൈവത്തിന്റെ ഹൃദയമാകുക.

നല്കുന്നതിനെക്കുറിച്ച് വിഷമിക്കാതിരിക്കുക. കാരണം ഒരിക്കൽ മരണം എല്ലാം കൊണ്ടുപോകും. അതുകൊണ്ട് ദൈവത്തിന്റെ കരങ്ങളാകാനുള്ള അവസരം പാഴാക്കാതിരിക്കുക.

മനുഷ്യന് തന്നെത്തന്നെ വിശുദ്ധീകരിക്കുവാനുള്ള രണ്ടാമത്തെ ഉപാധിയായി ഈശോ പറയുന്നത് പ്രാർത്ഥനയാണ്. ഈശോയ്ക്ക് പ്രാർത്ഥനയെന്നത് പിതാവായ ദൈവവുമായുള്ള ബന്ധമാണ്. അത് നടക്കുന്നതോ നിശ്ശബ്ദതയിലാണ്. പ്രാർത്ഥിക്കാനിരിക്കുന്ന സ്ഥലം നിശ്ശബ്ദതയിലായിരിക്കണം. നിന്റെ ശരീരം നിശ്ശബ്ദതയിലായിരിക്കണം. നിന്റെ മനസ്സും ഹൃദയവും നിശ്ശബ്ദതയിലായിരിക്കണം. നിശബ്ദതയിൽ ആയിരിക്കാൻ കഴിഞ്ഞാൽ ദൈവം നിന്റെ ജീവിതത്തിന്റെ, ഹൃദയത്തിന്റെ വാതിലിൽ മുട്ടും. ഹൃദയകവാടം തുറക്കുമ്പോൾ ദൈവം നിന്നിലെത്തുക തന്നെ ചെയ്യും.

ഖലീൽ ജിബ്രാൻ പറയുന്നത് നാം നമ്മുടെ ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കണം എന്നാണ്. ധാരാളം ആളുകൾ ദിവസവും പ്രാർത്ഥിക്കുന്നുണ്ട് . നമ്മളും പ്രാർത്ഥിക്കുന്നുണ്ട്. പക്‌ഷേ ആത്മാവിന്റെ നിശബ്ദതകളിൽ അല്ലെന്ന് മാത്രം. വെറും വാക്കുകൾ മാത്രം. ക്രിസ്ത്യൻ വാക്കുകൾ….ഹിന്ദു വാക്കുകൾ….മുസ്‌ലിം വാക്കുകൾ!!   സാധാരണ നാം നിശബ്ദത എന്നാണ് പറയാറ്. എന്നാൽ, ജിബ്രാൻ പറയുന്നത് നിശ്ശബ്ദതകളിൽ എന്നാണ്. നമ്മുടെ ശരീരത്തിൽ ഏഴ് കേന്ദ്രങ്ങൾ ഉണ്ട്. ഓരോ കേന്ദ്രവും നിശബ്ദമാകണം. നമ്മിലെ ലൈംഗികതയുടെ, വികാരങ്ങളുടെ, ശക്തിയുടെ, ഹൃദയത്തിന്റെ, സംഭാഷണത്തിന്റെ, അവബോധത്തിന്റെ, ധ്യാനത്തിന്റെ – ഏഴ് കേന്ദ്രങ്ങൾ നിശ്ശബ്ദതമാകേണ്ടിയിരിക്കുന്നു. ഓരോ നിശ്ശബ്ദതയ്ക്കും തനതായ സുഗന്ധമുണ്ട്, രുചിയുണ്ട്. അതായത് , വെറുതെ കണ്ണടച്ചാൽ മാത്രം നിശ്ശബ്ദതയിലേക്ക്, പ്രാർത്ഥന യിലേക്ക് വന്നെത്തുവാൻ സാധിക്കുകയില്ല. ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കുമ്പോഴാണ് ദൈവത്തിന്റെ ഇഷ്ടം നമ്മിൽ ഒരാഘോഷമാകുന്നത്.

ജീവിത നവീകരണത്തിന്, വിശുദ്ധീകരണത്തിന് ഉതകുന്ന മൂന്നാമത്തെ മാർഗം ഉപവാസമാണ്. ഉപവാസമെന്നത് ദുഃഖത്തിന്റെ, വിഷാദഭാവം നടിക്കുന്നതിന്റെ അനന്തരഫലമല്ല. വിഷാദം ഉള്ള ഒരാൾക്കും ഉപവസിക്കുവാൻ കഴിയില്ല. ഉപവാസമെന്നത് ആനന്ദത്തിന്റെ, ആത്മാവിലുള്ള ആനന്ദത്തിന്റെ അനന്തരഫലമാണ്.

ഉപവസിക്കുക എന്നതിന് അടുത്തിരിക്കുക, അടുത്ത വസിക്കുക എന്നൊക്കെയാണ് വാച്യാർത്ഥം. എന്നുവച്ചാൽ, ഒരാൾ തൻറെ തന്നെ ആന്തരിക ലോകത്തോട്, ആത്മീയ ജീവിതത്തോട് ഏറ്റവും കൂടുതൽ അടുത്ത് ഇരിക്കുക എന്നാണർത്ഥം. ആത്മാവിൽ അടുത്തിരിക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ ശാരീരികത മറക്കുന്നു. ആത്മീയതയിലേക്കുള്ള ഈ ആന്തരിക യാത്രയാണ് ഉപവാസം. ഉപവാസത്തിലൂടെയുള്ള ഈ ആന്തരിക യാത്രയിൽ ഒരാൾ തന്നിലുള്ള ക്രിസ്തുവിനെ കണ്ടെത്തുകയാണ്. തന്നോട് അടുത്ത ആയിരിക്കുമ്പോൾ അയാൾ മനസ്സിലാക്കുന്നു തൻറെ ഉള്ളിൽ ക്രിസ്തു ഉണ്ട് എന്ന്. വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ പോലെ “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന അവബോധത്തിലേക്ക്, അനുഭവത്തിലേക്ക് ഒരു വ്യക്തി കടന്നു വരുന്നു.  ഈ അനുഭവത്തിന്റെ, ആനന്ദത്തിന്റെ നിറവിൽ അയാൾ വിശപ്പ് പോലുമറിയാത്ത അവസ്ഥയിലെത്തുന്നു. മാത്രമല്ല, തന്നിൽ കണ്ടെത്തിയ ക്രിസ്തുവിനെ അവൾ / അവൻ അയൽക്കാരരിലും കണ്ടെത്തുന്നു. ഉപവസിക്കുമ്പോൾ, തന്റെ ആത്മീയതയോട്, ദൈവത്തോട്, സഹോദരരിലെ ക്രിസ്തുവിനോട് അടുത്തായിരിക്കുമ്പോൾ കിട്ടുന്ന വലിയ ആനന്ദത്തിൽ വിശപ്പ് മറക്കുന്നു. ഈ അവസ്ഥയാണ് ഉപവാസം.

പട്ടിണി കിടക്കലല്ല ഉപവാസം. പട്ടിണി കിടക്കുക എന്നാൽ ശരീരത്തെ പീഡിപ്പിക്കൽ ആണ്. അത് ഹിംസയാണ്.  ഉപവാസം എന്നതിന് ഭക്ഷണം കഴിക്കാതിരിക്കുക എന്ന് അർത്ഥമില്ല. വിശപ്പ് പോലുമറിയാത്ത വിധത്തിൽ ഒരാൾ ആനന്ദത്തിൽ ആകുക എന്നതാണ് ഉപവാസത്തിൽ സംഭവിക്കുന്നത്.  തന്നിൽ, തന്റെ സഹോദരങ്ങളിൽ, പ്രപഞ്ചത്തിൽ ദൈവത്തെ കണ്ടുമുട്ടുന്ന, ആ ദൈവത്തോടൊത്തായിരിക്കുന്ന അയാൾ ഭക്ഷണത്തെപ്പറ്റി ചിന്തിക്കുന്നില്ല. ഉദാഹരണത്തിന്, നിങ്ങൾ സന്തോഷത്തിലാണെങ്കിൽ നിങ്ങൾക്ക് അധികം ഭക്ഷണം കഴിക്കാൻ സാധിക്കുകയില്ല. നിങ്ങൾ ആനന്ദംകൊണ്ട് നിറയുമ്പോൾ നിങ്ങൾ അധികം ഭക്ഷണം കഴിക്കുകയില്ല.   എന്നാൽ ഭക്ഷണം ദുഃഖിതനാണെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കും. ടെൻഷൻ ഉള്ള ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കും, കൂടുതൽ തിന്നാൻ തുടങ്ങും.  കൂടുതൽ ഭക്ഷിക്കുന്നത് ഒരാൾ ദുഃഖിതനാണെന്നതിന്റെ പ്രഖ്യാപനമാണ്.

സ്നേഹമുള്ളവരേ, സ്വാഭാവിക പ്രവണതകളുടെ, ലൗകിക മോഹങ്ങളുടെ പ്രലോഭനങ്ങളിൽ പെടാതെ, ജീവിതത്തെ വിശുദ്ധീകരിച്ചുകൊണ്ട് ദൈവാനുഭവത്തിൽ ജീവിക്കുവാൻ സുവിശേഷം അവതരിപ്പിക്കുന്ന ഈ മൂന്ന് മനോഭാവങ്ങളും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. നാം ചെയ്യുന്ന എല്ലാ ജോലികളിലും, ആരംഭിക്കുന്ന എല്ലാ പ്രവർത്തികളിലും ദൈവാനുഗ്രഹമുണ്ടാകാൻ ദാനധർമ്മം ചെയ്യേണ്ടിയിരിക്കുന്നു, ക്രിസ്തുവുമായി പ്രാർത്ഥനയിൽ ജീവിക്കേണ്ടിയിരിക്കുന്നു, ഉപവസിക്കേണ്ടിയിരിക്കുന്നു.

കണ്ടുമുട്ടുന്നവർക്ക് കൊടുക്കുക, ചോദിക്കാതെ മനസ്സിലാക്കിക്കൊടുക്കുക. അർഹതപ്പെട്ടവർക്ക് മാത്രമല്ല, ആവശ്യമുള്ളവർക്ക് എല്ലാവർക്കും കൊടുക്കുക. ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കുക. ഹൃദയത്തിന്റെ ആനന്ദത്തിൽ ഭക്ഷണം മറക്കുക. അപ്പോൾ, ഈ നോമ്പുകാലം ആനുഗ്രഹീതമാകും. ആമേൻ!

SUNDAY SERMON LK 19, 1-10

നോമ്പുകാലം രണ്ടാം ഞായർ

ഉത്പത്തി 13, 1-13

പ്രഭാ 31, 1-11

1 തിമോ 6, 3-10

ലൂക്കാ 19, 1-10

നോമ്പുകാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച്ച നാം വായിച്ചുകേട്ട സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്, ക്രിസ്തുവിന്റെ കാലത്ത് ഇസ്രായേലിൽ ഉണ്ടായിരുന്ന ചുങ്കക്കാരിൽ പ്രധാനനും, ധനികനുമായിരുന്ന സക്കേവൂസ്, തന്റെ ജീവിതത്തിന്റെ പ്രതിസന്ധിഘട്ടത്തിൽ ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ എടുത്ത ഒരു തീരുമാനത്തേയും അതിന്റെ പരിണതഫലങ്ങളെയും ആണ്. നമുക്കറിയാവുന്നതുപോലെ, ജീവിതത്തിന്റെ ഓരോ നിമിഷവും നാമെടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെയും, നമുക്ക് ചുറ്റും ജീവി ക്കുന്നവരുടെയും, എന്തിന്, ചിലപ്പോൾ ഈ ലോകത്തിന്റെയും ഭാവി നിശ്ചയിക്കുന്നത്. എന്തുകൊണ്ടാണ് ലോകം മുഴുവനും ഇപ്പോൾ യുദ്ധത്തിന്റെ, ഭീതിയുടെ നിഴലിലായിരിക്കുന്നത്?  2022 ഫെബ്രുവരി 24 പ്രഭാതത്തിൽ ഇപ്പോഴത്തെ റഷ്യൻ പ്രസിഡണ്ട് വ്ളാദ്മിർ പുടിൻ (Vladimir Putin) അഹന്തയുടെ, ധാർഷ്ട്യത്തിന്റെ സിംഹാസനത്തിൽ ഇരുന്ന് എടുത്ത ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ അനന്തരഫലമാണ് ഇന്ന് ലോകം അനുഭവിക്കുന്ന യുദ്ധഭീതി; ആയുധബലമില്ലാത്ത, വലിയ പിന്തുണയില്ലാത്ത യുക്രൈൻ എന്ന രാജ്യം അനുഭവിക്കുന്ന യുദ്ധവും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവ സുരക്ഷയ്ക്കുവേണ്ടിയുള്ള പലായനവും.

ദൈവമില്ലാത്ത,ദൈവവിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റ് നിരീശ്വര വാദത്തിന്റെ തകർന്നുപോയ ഗോപുരമുകളിലിരുന്ന് എടുക്കുന്ന ഒരു തീരുമാനത്തിന് ലോകത്തെ രക്ഷിക്കുവാൻ, നന്മയിലേക്ക് നയിക്കുവാൻ സാധിക്കുകയില്ലയെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് വ്ളാദിമിർ പുട്ടിന്റെ യുദ്ധത്തിനോടുള്ള ഈ ആക്രാന്തം! എന്നാൽ, ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ, ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് ഒരാൾ എടുക്കുന്ന ഒരു തീരുമാനത്തിന് അദ്ദേഹത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ മാത്രമല്ല, അദ്ദേഹത്തോട് ചേർന്ന് ജീവിക്കുന്നവരെയും രക്ഷിക്കുവാൻ സാധിക്കുമെന്നതിന് ശക്തമായ ഉദാഹരണമാണ് ഇന്നത്തെ സുവിശേഷത്തിലെ സക്കേവൂസിന്റെ ജീവിതം.

മനുഷ്യജീവിതം തീരുമാനങ്ങളുടെ ആകെത്തുകയാണ്. രാവിലെ ഉണരുമ്പോൾ മുതൽ രാത്രിയിൽ ഉറങ്ങുന്നതുവരെ എത്രയോ തീരുമാനങ്ങളാണ് നാം എടുക്കുന്നത്! രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നടത്തണമോ വേണ്ടയോ, ചായയാണോ, കാപ്പിയാണോ  കുടിക്കേണ്ടത്? ജോലിക്കു പോകുമ്പോൾ, സ്കൂളിൽ പോകുമ്പോൾ ഏത് വസ്ത്രം ധരിക്കണം? സ്കൂട്ടറിലോ ബസ്സിലോ, കാറിലോ – ഏതിലാണ് ജോലിക്ക് പോകേണ്ടത്? ഇന്ന് ഞായറാഴ്ച്ച ആയതുകൊണ്ട് പള്ളിയിൽ പോകണമോ, വേണ്ടയോ? Online കുർബാന പോരേ? ഇപ്പോൾ അച്ചന്റെ പ്രസംഗം കേൾക്കണോ വേണ്ടയോ? …. ഇങ്ങനെ ഓരോ നിമിഷവും നാം തീരുമാനങ്ങളെടുത്തുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഇങ്ങനെ തീരുമാനങ്ങളുടെ ഒരു ഘോഷയാത്രയാണ് നമ്മുടെ ജീവിതം. ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ജീവിതത്തിന്റെ ഗതി നിർണയിക്കുന്നത്. സക്കേവൂസിന്റെ ജീവിതം ഉചിതമായ, നല്ല തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കേണ്ടതെങ്ങനെയെന്ന് ഇന്ന് നമ്മെ പഠിപ്പിക്കുകയാണ്.

നമ്മുടെ ജീവിതങ്ങളുമായി സക്കേവൂസിന്റെ ജീവിതത്തിന് എന്തെങ്കിലും സാമ്യങ്ങളുണ്ടോ എന്ന് അറിയുന്നത് വളരെ നല്ലതാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, അയാൾ ഒരു ചു ങ്കക്കാരനായിരുന്നു. എന്ന് പറഞ്ഞാൽ റോമാചക്രവർത്തിക്കുവേണ്ടി പണിയെടുക്കുന്ന ആൾ. യഹൂദരുടെ വിരോധി. മാത്രമല്ല, ചക്രവർത്തി 5% നികുതിയാണ് ചുമത്തുന്നതെങ്കിൽ, സക്കേവൂസ് ആളുകളിൽനിന്ന് 10% പിരിക്കും. ഇങ്ങനെ തട്ടിപ്പറിക്കുന്നതുകൊണ്ട് അയാൾ ധനികനാണ്. റോമാചക്രവർത്തിയുടെ ആളായതുകൊണ്ട് നല്ല സ്വാധീനവും ഉണ്ടായിരുന്നു. പക്ഷേ, അയാൾ ജീവിതത്തിൽ സംതൃപ്തനായിരുന്നില്ല. ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങളിൽ താൻ ഒന്നുമില്ലാത്തവനാണെന്ന് അയാൾക്ക്‌ തോന്നും. തന്റെ പ്രവർത്തികളിൽ എവിടെയോ ഒക്കെ തെറ്റുകളില്ലേയെന്ന ചിന്ത അയാളുടെ ഉറക്കം കെടുത്തിയിരുന്നു. താൻ തട്ടിപ്പറിക്കുന്നതുകൊണ്ട് അനേകരുടെ കണ്ണീരും   ശാപവും തന്റെ ജീവിതത്തിന്മേൽ ഇല്ലേയെന്ന് അയാൾ പലവട്ടം തന്നോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു. സാധാരണമനുഷ്യർക്ക് തന്നെ ഇഷ്ടമല്ലെന്നും, തന്നോട് വെറുപ്പും വിദ്വേഷവും മാത്രമേ ഉണ്ടാകുകയുള്ളുവെന്നും അയാൾ ചിന്തിച്ചു. ഈ ചിന്തകൾ ചിലപ്പോഴൊക്കെ അയാളെ ഒരു ഭ്രാന്തനെപ്പോലെയാക്കി. സമ്പത്ത് ഉണ്ടായിട്ട് മാത്രം എന്ത് കാര്യം എന്ന് അയാളുടെ മനഃസാക്ഷി അയാളോട് ചോദിച്ചുകൊണ്ടേയിരുന്നു.

നമുക്ക് എന്ത് ഉണ്ട് എന്നതിനേക്കാൾ, നാം ആരാണ് എന്നതാണ് പ്രധാനപ്പെട്ടത്; നാം എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്; നാം എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ടത്. നമ്മുടെ സ്വത്തിനോ, നാം നേടിയെടുക്കുന്ന ഡിഗ്രികൾക്കോ, തട്ടിയെടുക്കുന്ന ഭൂമിക്കോ, രാജ്യത്തിനോ, ഒരു വിലയുമില്ലാത്ത രാജ്യത്തിലേക്കുള്ള യാത്രയിലാണ് നാം പ്രിയപ്പെട്ടവരേ. അവിടെ ചെല്ലുമ്പോൾ ക്രൈസ്തവരായ നമ്മോട് ഒരു ചോദ്യമേ ചോദിക്കൂ. “ഈ ചെറിയവർക്ക് നീ എന്താണ് ചെയ്തത്?” ഇന്നത്തെ ലേഖനത്തിൽ പൗലോശ്ലീഹാ നമ്മെ ഓർമപ്പെടുത്തുന്നതും ശ്രദ്ധിക്കുക: “നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്ക് സാധിക്കുകയില്ല.” നമ്മുടെ സുകൃതം നിറഞ്ഞ ജീവിതമല്ലാതെ മറ്റൊന്നും സ്വർഗത്തിന് വേണ്ട.

ജീവിതത്തിന്റെ ചില നിമിഷങ്ങളിൽ ഈ ചിന്തകൾ നമ്മെ അലട്ടും. അപ്പോഴാണ് ദൈവത്താൽ സൃഷ്ടിക്കപ്പെട്ട നാം നമ്മുടെ ഉള്ളിലുള്ള ദൈവാംശത്തെ അന്വേഷിക്കുന്നത്. സക്കേവൂസും അങ്ങനെയൊരവസ്ഥയിലായി. അയാൾ തന്നോട് തന്നെ ഒരു നൂറുവട്ടം പറഞ്ഞു കാണും: ” എനിക്ക് ഈശോയെ കാണണം.” ആ ആഗ്രഹത്തിന്റെ പരിസമാപ്തിയാണ് ഈശോ അയാളുടെ വീട്ടിൽ വിരുന്നെത്തുന്നതും, ജീവിതത്തിന്റെ ഏതോ ഒരു ഭാഗ്യപ്പെട്ട നിമിഷത്തിൽ എന്ന് ഞാൻ പറയും, അയാൾ ഒരു തീരുമാനത്തിലെത്തുന്നതും.      

അതുകൊണ്ടല്ലേ, ആളുകൾ കൂടിയിരുന്നിട്ടും, അതിൽ തന്റെ ശത്രുക്കൾ ധാരാളം ഉണ്ടെന്നറിഞ്ഞിട്ടും, കുടുംബാംഗങ്ങൾ ഉണ്ടായിട്ടും സക്കേവൂസിന് തന്റെ തീരുമാനം ഉറക്കെ വിളിച്ചുപറയാൻ സാധിച്ചത്. ജനത്തിന്റെ പിറുപിറുപ്പുകളൊഴിച്ചാൽ അവിടം ശാന്തമായിരുന്നു. അയാൾ ഒരു നിമിഷം ദീർഘമായി ഒന്ന് ശ്വാസോച്ഛാസം ചെയ്തുകാണണം. ആ നിമിഷം ദൈവകൃപ അയാളിൽ നിറഞ്ഞിട്ടുണ്ടാകും.  എന്നിട്ട് അയാൾ ചാടിയെഴുന്നേറ്റിട്ടുണ്ടാകും. മറ്റൊന്നും ചിന്തിക്കാതെ അയാൾ ഉറക്കെ തന്റെ തീരുമാനം പറഞ്ഞു: കർത്താവേ, ഞാനിതാ നല്ല മനുഷ്യനാകാൻ തീരുമാനിച്ചു. ദൈവത്തിന്റെ മകനാകാൻ തീരുമാനിച്ചു. ഇതാ, എന്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു.  ആരുടെയെങ്കിലും വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ, നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു.

സ്നേഹമുള്ളവരേ, ഈ തീരുമാനത്തിന്റെ വിശുദ്ധി എന്താണെന്നറിയാൻ, ക്രിസ്തുവിന്റെ പ്രതികരണം കേൾക്കണം. ഈ തീരുമാനത്തിന്റെ range, ഈ തീരുമാനത്തിന്റെ reach അറിയണമെങ്കിൽ ഈശോ എന്താണ് പറയുന്നതെന്ന് അറിയണം. ഈശോ പറയുന്നു: “ഇന്ന് ഈ ഭവനം രക്ഷ പ്രാപിച്ചിരിക്കുന്നു. സക്കേവൂസ്, ദൈവത്തിൽ വിശ്വസിച്ചപ്പോൾ, തന്നിലുള്ള ദൈവത്തെ അന്വേഷിച്ച്, കണ്ടെത്തിയപ്പോൾ, ആ ദൈവത്തിന്റെ സാന്നിധ്യത്തിലായപ്പോൾ, അയാൾ എടുത്ത തീരുമാനം അയാളുടെയും, അയാളുടെ കുടുംബത്തിന്റെയും രക്ഷയായിത്തീർന്നു. മാത്രമല്ല. ഈശോ വീണ്ടും പറഞ്ഞു: ഇവനും അബ്രാഹത്തിന്റെ പുത്രനാണ്. സക്കേവൂസിന്റെ ജീവിതത്തിന്റെ അലകും പിടിയും മാറുകയാണ്. ഇതുവരെ അയാളുടെ Identity എന്തായിരുന്നു? പേര്: സക്കേവൂസ്, സ്ഥലം ജെറീക്കോ, ജോലി tax collector, income tax അടയ്ക്കുന്നുണ്ട്. ദൈവത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിച്ചപ്പോൾ അയാളുടെ identity തന്നെ മാറുകയാണ്. അയാൾ അബ്രാഹത്തിന്റെ പുത്രനാവുകയാണ്.

ഇങ്ങനെയാണ് പ്രിയപ്പെട്ടവരേ നാം ക്രൈസ്തവർ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടത്. ദൈവത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ, പ്രാർത്ഥനയുടെ നിമിഷങ്ങളിൽ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞാകണം നമ്മുടെ തീരുമാനങ്ങൾ. നാട്ടിലെ കള്ളുഷാപ്പിലിരുന്നോ, ക്ളബുകളിലിരുന്നോ, ദേഷ്യം നിറഞ്ഞ, വെറുപ്പുനിറഞ്ഞ മനസ്സോടെയോ, തെരുവിൽ ധർണ നടത്തിയോ ഒന്നും ആകരുത് നാം തീരുമാനങ്ങൾ എടുക്കേണ്ടത്. നമ്മുടെ തീരുമാനങ്ങളുടെമേൽ സ്വർഗ്ഗത്തിന്റെ, ക്രിസ്തുവിന്റെ കൈയൊപ്പുണ്ടായിരിക്കണം.

ഉചിതവും, നല്ലതും, വേഗത്തിലുള്ളതുമായ തീരുമാനങ്ങൾ എടുക്കുക എന്നത് തികച്ചും വെല്ലുവിളിയാണ്. അനിശ്ചിതത്വത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലാണ് ഒരാൾ തീരുമാനങ്ങൾ എടുക്കേണ്ടതെങ്കിൽ തളർച്ചയ്ക്കുള്ള സാധ്യതയേറും! ജീവിതം അനിശ്ചിതത്വത്തിലാകുമ്പോൾ, അടിയന്തരവും അപൂർണങ്ങളുമായ വിവരങ്ങൾ മനുഷ്യ ജീവിതസാഹചര്യങ്ങളെ നിർവചിക്കുമ്പോൾ, തീരുമാനത്തെ കാത്തിരിക്കുന്നത് കലങ്ങിമറയുന്ന തിരമാലകളായിരിക്കും. ദൈവപരിപാലനയുടെ സ്നേഹകരങ്ങളിൽ പിടിച്ചാണ് നമ്മുടെ യാത്രയെങ്കിൽ ഇന്നത്തെ ഒന്നാം വായനയിലെ അബ്രാഹത്തിന്റെ ജീവിതത്തിലെന്നപോലെ ദൈവത്തിന്റെ അനുഗ്രഹം കൂടെയുണ്ടാകും.

പ്രതിസന്ധികളുടെ മൂടൽ മഞ്ഞ് നമ്മുടെ വീക്ഷണത്തെ ഭാഗികമായിട്ടെങ്കിലും മറയ്ക്കാൻ ശക്തമെങ്കിലും, ശാന്തതയോടെ ദീർഘമായി ശ്വാസോച്ഛാസം നടത്തുവാൻ നാം എടുക്കുന്ന സമയം ദൈവകൃപയുടെ അനുഗ്രഹീത നിമിഷമായിട്ട് മാറും. ആ നിമിഷം നമ്മിൽ നടക്കുന്നത് അത്ഭുതമാണോ, യാഥാർഥ്യമാണോയെന്ന് വേർതിരിച്ചറിയാൻ വയ്യാത്തവിധം നാം ദൈവത്തിന്റെ കരങ്ങളിലായിരിക്കും. ഉടനെ എടുക്കുന്ന തീരുമാനം നമുക്ക് മാത്രമല്ല നമ്മോടൊത്തുള്ളവർക്കും രക്ഷയായിഭവിക്കും. 

2009 ജനുവരി 15 ന് ന്യൂയോർക്കിലെ ലാ ഗാർഡിയ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന യു എസ് എയർവേസ് ഫ്ലൈറ്റ് 1549. പതിവുപോലെ യാത്രക്കാരെയെല്ലാം സുരക്ഷിതരാക്കിയശേഷം ലക്ഷ്യസ്ഥാനത്തേക്ക് റൺവേയിലൂടെ വിമാനം കുതിച്ചു. പറന്നുയർന്ന് ഏകദേശം ഒരു മിനിറ്റിനുശേഷം വ്യോമയാന വ്യവസായത്തിലെ ശത്രുക്കളായ കാനറി ഗീസുകൾ എന്ന പക്ഷിക്കൂട്ടത്തിൽ ഇടിച്ചു. പക്ഷികളുടെ പ്രഹരത്തിൽ രണ്ട് എൻജിനുകളും തകരാറിലായി, ശക്തി നഷ്ടപ്പെട്ട് നിശബ്ദമായി. ഉടനെ കൺട്രോൾ റൂമിൽ നിന്ന് ക്യാപ്റ്റൻ സുല്ലൻ ബെർഗറിനോട് (Chesley Burnett Sullenberger) അടിയന്തര ലാൻഡിംഗ് നടത്തുവാൻ ആവശ്യപ്പെട്ടു. എയർ ട്രാഫിക് കൺട്രോളർമാർ പൈലറ്റിനോട്

അടുത്തുള്ള എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പറഞ്ഞെങ്കിലും, പരിചയസമ്പന്നനായ ഈ പൈലറ്റ് വിമാനം അവിടംവരെ എത്തുകയില്ല എന്ന് മറുപടി പറഞ്ഞു. എന്നിട്ട് സുല്ലൻബെർഗെർ ഒന്ന് ദീർഘമായി ശ്വസിച്ചശേഷം, വളരെ ശാന്തമായി അവരെ അറിയിച്ചു: ” വാട്ടർ ലാൻഡിംഗ് നടത്തുവാൻ പോകുന്നു. ഞങ്ങൾ ഹഡ്‌സണിൽ ആയിരിക്കും.” വിമാനത്തിലുണ്ടായിരുന്ന 150 യാത്രക്കാരെയും ലാൻഡിംഗ് നേരിടാൻ ഒരുക്കി.

തൊണ്ണൂറ് സെക്കൻഡുകൾക്ക് ശേഷം, സല്ലൻബെർഗർ, ഫ്ലൈറ്റ് 1549 ജോർജ്ജ് വാഷിംഗ്ടൺ പാലത്തിന് മുകളിലൂടെ ഹഡ്‌സൺ നദിയുടെ തണുത്ത പ്രതലത്തിലേക്ക് തെറിപ്പിച്ചു. അവിടെ അത് മാൻഹട്ടനും ന്യൂജേഴ്‌സിക്കും ഇടയിൽ മധ്യഭാഗത്ത് ലാൻഡ് ചെയ്തു. ഫ്ലൈറ്റ് അറ്റൻഡന്റുകൾ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകി, യാത്രക്കാർ എമർജൻസി എക്സിറ്റുകളിലൂടെ, ബോബിംഗ് ജെറ്റിന്റെ വെള്ളം നിറഞ്ഞ ചിറകുകളിലേക്കും കയറ്റിയപ്പോൾ, യാത്രാ ബോട്ടുകളുടെയും, രക്ഷായാനങ്ങളുടെയും ഒരു നിര സംഭവസ്ഥലത്തേക്ക് കുതിച്ചു. എല്ലാവരെയും രക്ഷപ്പെടുത്താനായി. അതിജീവിച്ചവരിൽ ഒരാൾക്ക് രണ്ട് കാലുകൾക്ക് ഒടിവുണ്ടായി, മറ്റുള്ളവർക്ക് ചെറിയ പരിക്കുകൾക്കോ ​​ഹൈപ്പോതെർമിയക്കോ ചികിത്സ നൽകി. പക്ഷേ മരണങ്ങളൊന്നും സംഭവിച്ചില്ല. പൂർണ്ണമായ ഒഴിപ്പിക്കൽ ഉറപ്പാക്കാൻ വിമാനത്തിന്റെ ഇടനാഴിയിലൂടെ രണ്ടുതവണ മുകളിലേക്കും താഴേക്കും നടന്ന ശേഷം, മുങ്ങുന്ന വിമാനം അവസാനമായി ഉപേക്ഷിച്ചത് സുല്ലൻബർഗറായിരുന്നു.

അന്ന്, ആ പ്രതിസന്ധിഘട്ടത്തിൽ ക്യാപ്റ്റൻ ചെൽസി സല്ലൻബെർഗർ എടുത്ത തീരുമാനത്തിന് 150 മനുഷ്യജീവനുകളുടെ വിലയുണ്ടായിരുന്നു.  വലിയ പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹം എടുത്ത തീരുമാനം അദ്ദേഹത്തിന്റെ നൈപുണ്യത്തിന്റെയും, ശാന്തതയുടെയും, പ്രകടനമായിമാറി. ഉചിതമായ സമയത്ത്, പാകതയോടെ എടുക്കുന്ന തീരുമാനങ്ങൾക്ക് ദൈവത്തിന്റെ കൈയൊപ്പ് ഉണ്ടായിരിക്കും!

ഒരു തീരുമാനം എടുക്കുക. ആ തീരുമാനമാകട്ടെ നിങ്ങളുടെ ജീവിതം. ആ തീരുമാനത്തെക്കുറിച്ച് എപ്പോഴും ആലോചിക്കുക; അതിനെക്കുറിച്ച് സ്വപ്നം കാണുക. നിങ്ങളുടെ തലച്ചോറും, പേശികളും, നാഡികളും, നിങ്ങളുടെ ശരീരത്തിന്റെ ഓരോ ഭാഗവും ആ തീരുമാനം കൊണ്ട് നിറയട്ടെ. ആ തീരുമാനമാണ് ജീവിതവിജയത്തിലേക്കുള്ള പാത. അങ്ങനെയാണ് മഹാന്മാർ ജനിക്കുന്നത്. അങ്ങനെയാണ് നമ്മുടെ കുടുംബങ്ങൾ ദൈവത്തിന്റെ രക്ഷകൊണ്ട് നിറയുന്നത്.

സ്നേഹമുള്ളവരേ, നാമെടുക്കുന്ന, നമ്മുടെ യുവജനങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ പലതും പാളിപ്പോകുന്നുണ്ട്. ചിലപ്പോഴൊക്കെ നമ്മുടെ തീരുമാനങ്ങൾ നമ്മെ ബിവറേജസിന്റെ മുൻപിൽ എത്തിക്കും. മറ്റുചിലപ്പോൾ stuff (ലഹരി) കിട്ടുന്ന ഇടങ്ങളിലേക്ക്. ചില തീരുമാനങ്ങൾ നമ്മുടെയും കുടുംബത്തിന്റെയും തകർച്ചയായിത്തീരും. നാമെടുക്കുന്ന ഓരോ തീരുമാനത്തിനും രണ്ടു കാര്യങ്ങൾ ചെയ്യുവാൻ കഴിയും. ഒന്നുകിൽ your decision can break everything. അല്ലെങ്കിൽ the very decision of yours can make everything! ഒന്നാമത്തേത്, വളരെ സ്വാർത്ഥവും, സ്വന്തം ലാഭം മാത്രം ലക്ഷ്യമാക്കിയുള്ളതും വൃത്തികെട്ടതുമാണ്. അത് എല്ലാം, നമ്മുടെ വ്യക്തി ജീവിതം, കുടുംബജീവിതം, നമ്മുടെ ജോലി, ബന്ധങ്ങൾ എല്ലാം തകർത്തുകളയും. രണ്ടാമത്തേത്, നമ്മിലുള്ള നന്മയെല്ലാം പകർന്നുകൊടുത്തു പടുത്തുയർത്തുന്നതാണ്. ഓർത്തുനോക്കിക്കോളൂ …. എപ്പോഴാണ് നിങ്ങളുടെ ജീവിതം താളം തെറ്റിയത്? എപ്പോഴാണ് വലിയ ഉയർച്ചയിൽ നിന്ന് നിങ്ങൾ താഴേക്കു പതിച്ചത്? നിങ്ങൾ തെറ്റായ, തകർക്കുന്ന, break ചെയ്യുന്ന തീരുമാനം എടുത്തപ്പോഴല്ലേ? മദ്യപിക്കണം എന്ന തീരുമാനത്തിന്റെ പരിണിതഫലങ്ങളായിരുന്നില്ലേ നിങ്ങളുടെ accident? നിങ്ങളുടെ വീട്ടിലുണ്ടായ കലഹം? അമിതലാഭമുണ്ടാക്കണമെന്ന തീരുമാനമല്ലേ കൂട്ടുകാരനെ/ കൂട്ടുകാരിയെ വഞ്ചിക്കുന്നതിലേക്കു നയിച്ചത്? നിങ്ങളുടെ ചീത്തകൂട്ടുകെട്ടു, മയക്കുമരുന്നുപയോഗം, ഉചിതമല്ലാത്ത പ്രണയ കൂട്ടുകൾ – എല്ലാം തീരുമാനത്തിന്റെ ഫലമല്ലേ? മറിച്ച്, സ്നേഹം നിറഞ്ഞ, സമാധാനം നിറഞ്ഞ, വളർച്ചയുടെ, ഉയർച്ചയുടെ വിജയത്തിന്റെ നിമിഷങ്ങൾ – അതും നിങ്ങളുടെ തീരുമാനത്തിന്റെ ഫലമല്ലേ?

ജീവിതനവീകരണത്തിലേക്കുള്ള, ക്രിസ്തുവിന്റെ രക്ഷയിലേക്കുള്ള തീരുമാനങ്ങൾ എടുക്കുവാൻ സക്കേവൂസ് നമ്മെ പഠിപ്പിക്കട്ടെ. ജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ, നമ്മെ സൃഷ്ടിച്ച, നമ്മിൽ വസിക്കുന്ന ക്രിസ്തുവിലേക്ക് തിരിയുവാൻ നമുക്ക് സാധിക്കട്ടെ. ക്രിസ്തുവിന് മാത്രമേ എന്റെ ജീവിതം നന്മയിലേക്ക് നയിക്കുവാൻ സാധിക്കൂ എന്ന് വിശ്വസിക്കുക. ആ ക്രിസ്തുവിന്റെ സാന്നിധ്യം വ്യക്തിജീവിതത്തിലും, കുടുംബത്തിലും വിശുദ്ധ കുർബാനയിലും അനുഭവിക്കുക. എന്നിട്ട് ഓരോ നിമിഷവും തീരുമാനങ്ങളെടുക്കുക. ആ തീരുമാനങ്ങൾ നമ്മെ രക്ഷയിലേക്ക്, ജീവിത വിജയത്തിലേക്ക് നയിക്കും. ഈ നോമ്പുകാലത്ത് നാമെടുക്കുന്ന തീരുമാനങ്ങളെ,

നാമെടുത്തിരിക്കുന്ന തീരുമാനങ്ങളെ ഇന്നത്തെ വിശുദ്ധ കുർബാനയിൽ അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ഈശോയ്ക്ക് സമർപ്പിക്കാം. ജീവിതനവീകരണത്തിനായി വിശുദ്ധ കുമ്പസാരത്തിനായി അണയാം. അപ്പോൾ ഈശോ നമ്മോട് പറയും, ഇന്ന് നീയും നിന്റെ ഭവനവും രക്ഷപ്രാപിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ ഈ വചനം കേൾക്കാൻ നമുക്കാകട്ടെ. ആമേൻ!