നോമ്പുകാലം മൂന്നാം ഞായർ
നിയമാവർത്തനം 15, 7-15
തോബിത് 12, 6-15
2 കോറി 8, 9-15
മത്തായി 6, 1-8; 16-18

നമ്മുടെ സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിലെ നോമ്പുകാലത്തിന്റെ മൂന്നാം ഞായറാഴ്ചയിലേക്ക് നാം കടന്നിരിക്കുകയാണ്. നോമ്പിന്റെയും ഉപവാസത്തിന്റെയും ചൈതന്യത്തിലൂടെ അമ്പതു നോമ്പിന്റെ പുണ്യദിനങ്ങളെ വിശുദ്ധമാക്കുവാൻ ശ്രമിക്കുന്ന നമ്മെ ഈ കാലഘട്ടത്തിൽ അനുവർത്തിക്കേണ്ട മൂന്ന് മനോഭാവങ്ങളെക്കുറിച്ച്, മൂന്ന് നന്മകളെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം.
വിശുദ്ധ മത്തായി യഹൂദക്രൈസ്തവർക്കുവേണ്ടി സുവിശേഷം തയ്യാറാക്കിയതുകൊണ്ടാകാം ദാനത്തെക്കുറിച്ചും പ്രാർത്ഥനയെക്കുറിച്ചും, ഉപവാസത്തെക്കുറിച്ചും ഈശോ പഠിപ്പിച്ച കാര്യങ്ങൾ വലിയ പ്രാധാന്യത്തോടെ സംസാരിക്കുന്നത്. വളരെ കാർക്കശ്യത്തോടെ നിയമങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്ന യഹൂദരോട് ഈ മൂന്ന് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ദാനത്തിന്റെയും, പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ശരിയായ ആത്മീയത എന്തെന്ന് ഈശോ അവരെ പഠിപ്പിക്കുകയാണ്. കാരണം, ക്രിസ്തുവിന് മനുഷ്യരുടെ ഹൃദയമെന്തെന്ന് അറിയാമായിരുന്നു. ഈശോയ്ക്കറിയാം, മനുഷ്യർ കപടനാട്യക്കാരാണെന്ന്. പേരിനും പെരുമയ്ക്കുംവേണ്ടി അവർ എന്തും ചെയ്യും. അവർ ചെറിയൊരു ദാനം ചെയ്‌താൽ പോലും കാഹളം മുഴക്കുന്നവരാണ്. പ്രാർത്ഥിക്കുമ്പോൾ പോലും അത് വലിയ ഷോ ആക്കുന്നവരാണ്. ആത്മീയതയെപ്പോലും വിറ്റ് കാശാക്കുന്നവരാണ്. സ്വാർത്ഥരാണവർ. വെള്ളയടിച്ച കുഴിമാടങ്ങളാണവർ. ആക്രാന്തവും ആർത്തിയും അവരുടെ കൂടെപ്പിറപ്പുകളാണ്. ഇങ്ങനെയുള്ളവരെ ആത്മീയതയിലേക്ക്, ക്രിസ്തുവിലേക്ക് ക്ഷണിക്കുമ്പോൾ ഈശോ അവരെ ശരിയായ മനോഭാവത്തിലേക്ക് നയിക്കുകയാണ്.
ഇന്നും മനുഷ്യർ വ്യത്യസ്തരല്ല. ഇന്ന് ഈ നിമിഷം വരെ ആഗ്രഹങ്ങളാണ്, അത്യാഗ്രഹങ്ങളാണ് മനുഷ്യന്റെ ജീവിതത്തെ മലിനമാക്കുന്നത്; നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്നത്. എന്താ സംശയമുണ്ടോ? കഴിഞ്ഞകാലങ്ങളിലെ ചെറുതും വലുതുമായ യുദ്ധങ്ങൾ, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ നടന്നത് എന്തിന് വേണ്ടിയായിരുന്നു? മൂന്നാം ലോകമഹായുദ്ധത്തിന്റെ കൊടിയേറ്റമെന്നോണം ഇപ്പോൾ നടക്കുന്ന യുക്രയിൻ-റഷ്യ യുദ്ധം എന്തിന് വേണ്ടിയാണ്? നമ്മുടെ കുടുംബങ്ങളിൽ, ഇടവകയിൽ, രൂപതയിൽ, സഭയിൽ നടക്കുന്ന തർക്കങ്ങളും വഴക്കുകളും എന്തിന് വേണ്ടിയാണ്? ഈ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ ഒരാൾ മാതൃസഹോദരനെയും, അനുജനെയും വെടിവച്ച് കൊന്നത് എന്തിനാണ്? ഒന്നരവയസ്സുള്ള ഒരു കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊന്നത് എന്തിനുവേണ്ടിയാണ്? എന്തിന് വേണ്ടിയാണ് ഇന്നും മനുഷ്യരക്തത്തിനുവേണ്ടി മനുഷ്യൻ കൊലവിളി നടത്തുന്നത്? തട്ടിപ്പറിക്കാൻ വേണ്ടി, വെട്ടിപ്പിടിക്കാൻ വേണ്ടി, മണ്ണിന് വേണ്ടി, പെണ്ണിന് വേണ്ടി, കാർന്നോന്മാരുടെ സ്വത്തിനുവേണ്ടി, ദൈവങ്ങൾക്കുവേണ്ടി, മതത്തിനുവേണ്ടി …. .ആഗ്രഹം ഒരു വിഷമാണ്. അധികാരം പണം, മറ്റുള്ളവരെക്കാൾ ഉയരത്തിലെത്താനുള്ള മനസ്സിന്റെ വെമ്പൽ, ഇവയെല്ലാം മനുഷ്യനെ കൊല്ലുന്ന വിഷമാണ്.
ഇങ്ങനെയുള്ള മനുഷ്യനെ ജീവനിലേക്ക്, രക്ഷയിലേക്ക് ദൈവത്തിലേക്ക് കൊണ്ടുവരാൻ, ഈ നോമ്പുകാലത്ത് പ്രത്യേകിച്ച്, ഈശോ നൽകുന്ന മൂന്ന് വഴികളാണ് ദാനം പ്രാർത്ഥന, ഉപവാസം.
വളരെപ്പഴയ ഒരു കഥ ഓർമ്മവരുന്നു. ഒരു രാജാവ് തോട്ടത്തിൽ ഉലാത്താൻ ഇറങ്ങി. അവിടെനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ഒരു യാചകനെക്കണ്ടു. യാചകനാകട്ടെ, രാജാവിന്റെ അടുത്തേക്ക് ഓടിയെത്തി. “നിനക്ക് എന്തുവേണം?”രാജാവ് ചോദിച്ചു. യാചകന് സന്തോഷമായി. “അധികമൊന്നും വേണ്ട. ഈ ചെറിയ പിച്ചപ്പാത്രത്തിൽ അങ്ങേയ്ക്ക് കഴിയുന്നത് തരിക. എന്നെ നോക്കേണ്ട. ഞാനൊരു തെണ്ടിയാണ്. അങ്ങാണെങ്കിൽ രാജാവും. എന്ത് തന്നാലും എന്റെയീ പിച്ചപ്പാത്രം നിറയണം.” രാജാവ് സമ്മതിച്ചു. പ്രധാനമന്ത്രിയോട് രത്നങ്ങളും, സ്വർണവും, ധാന്യങ്ങളും കൊണ്ടുവരുവാൻ കല്പിച്ചു. രത്നക്കല്ലുകൾ പാത്രത്തിലിട്ടു. എന്നാൽ അവ അപ്രത്യക്ഷമായി. പിന്നെ, സ്വർണം…ധാന്യം….എല്ലാം അപ്രത്യക്ഷമായി. അവസാനം രാജാവ് ഒന്നുമില്ലാത്തവനായി. പിച്ചപ്പാത്രമാകട്ടെ ശൂന്യവും. ജനങ്ങളിത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് രാജാവ് യാചകനോട് പറഞ്ഞു: ഞാൻ തോറ്റിരിക്കുന്നു. എന്താണ് ഇതിന്റെ രഹസ്യം?” യാചകൻ പറഞ്ഞു: ഞാനൊരു മന്ത്രികനല്ല. ഒരു പിച്ചപ്പാത്രം വാങ്ങാൻ പോലും പൈസ എനിക്കില്ലായിരുന്നു. വഴിയിൽ കിടന്ന് ഒരു മനുഷ്യന്റെ തലയോട്ടി എനിക്ക് കിട്ടി. അതുകൊണ്ടാണ് ഞാനിത് ഉണ്ടാക്കിയത്. ഇതിൽ എന്തിട്ടാലും മറഞ്ഞുപോകും. ആഗ്രഹം മാത്രം ബാക്കിയാകും.
മരിച്ചാലും തീരാത്ത ആഗ്രഹങ്ങളുടെ കുട്ടയും ചുമന്നല്ലേ പ്രിയപ്പെട്ടവരേ നാമും നടക്കുന്നത്? അത്യാഗ്രഹികളായ, ആർത്തിപ്പണ്ടാരങ്ങളായ നമ്മോട് ഈശോ പറയും, നിങ്ങൾ വിശുദ്ധരാകാൻ, ദൈവമക്കളാകാൻ, ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കാൻ യോഗ്യതയുള്ളവരാകാൻ ആദ്യമായി ചെയ്യേണ്ടത്, നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. ദാനം ചെയ്യുമ്പോൾ, അപരനിലുള്ള ദൈവത്തിനാണ് ന്നെ കൊടുക്കുന്നത് എന്ന ചിന്തയിൽ ദാനം കൊടുക്കുക. ദൈവത്തിനാണ് കൊടുക്കുന്നതെങ്കിൽ പിന്നെ എന്തിനാണ് ഒച്ചപ്പാടും ബഹളവും!
പ്രപഞ്ചം വെളിപ്പെടുത്തുന്ന വലിയ സത്യം ഇതാണ്, അതിന്റെ നിലനിൽപ്പ് കൊടുക്കൽ വാങ്ങലിലൂടെയാണ്.ഇതിന്റെ പ്രതിരൂപമാണ് ശരീരത്തിലെ രക്ത ചംക്രമണം. ഹൃദയം വിശ്രമമില്ലാതെ രക്തം നൽകുന്നതോടൊപ്പം സ്വീകരിക്കുകയും ചെയ്യുന്നു. കൊടുക്കുക എന്നതും, അതിന്റെ ഫലമായ സ്വീകരിക്കലും ദൈവിക നിയമം മാത്രമല്ല, അത് പ്രപഞ്ചത്തിന്റെ രീതിയും കൂടിയാണ്. ദാനത്തിന്റെ പിന്നിലുള്ള പ്രമാണം വളരെ ലളിതമാണ്. നിങ്ങൾ കൊടുക്കുന്നത് നിങ്ങൾക്ക് തിരികെ ലഭിക്കും. സ്നേഹമാണ് നിങ്ങൾ കൊടുക്കുന്നതെങ്കിൽ നിങ്ങൾക്ക് സ്നേഹം ലഭിക്കും. സുഖവും സമൃദ്ധിയുമാണെങ്കിൽ അത് ലഭിക്കും. നിങ്ങളുടെ ജീവിതം ധാന്യവും അനുഗ്രഹീതവുമാകണമെങ്കിൽ അവ മറ്റുള്ളവർക്കും ലഭ്യമാകാൻ പ്രാർത്ഥിക്കുകയും, ശ്രമിക്കുകയും ചെയ്യുക.

ചിന്തകനും എഴുത്തുകാരനുമായ ഖലീൽ ജിബ്രാൻ തന്റെ പ്രവാചകൻ എന്ന ഗ്രന്ഥത്തിൽ ദാനത്തെക്കുറിച്ച് പറയുന്നു: “നിങ്ങളുടെ സമ്പാദ്യം കൊടുക്കുമ്പോൾ ഒന്നും കൊടുക്കുന്നില്ല. നിങ്ങൾ നിങ്ങളെത്തന്നെ ദാനം ചെയ്യുമ്പോഴത്രേ യഥാർത്ഥത്തിൽ കൊടുക്കുന്നത്.” സ്നേഹമുള്ളവരേ, എങ്ങനെ ദാനം ചെയ്യുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സന്തോഷത്തോടെ കൊടുക്കുന്നവരുണ്ട്. ആ സന്തോഷമാണ് അവരുടെ പ്രതിഫലം. വേദനയോടെ കൊടുക്കുന്നവരുണ്ട്. ആ വേദനയത്രേ അവരുടെ ജ്ഞാനസ്നാനം. പൂക്കൾ സുഗന്ധം പരത്തുന്നതുപോലെ ദാനം ചെയ്യണം. കാറ്റ് എവിടെ പോകുന്നുവോ അവിടെയെല്ലാം സുഗന്ധം പരക്കും. ആർക്ക് നൽകിയെന്ന് പൂക്കൾ അന്വേഷിക്കാറില്ല. പ്രതിഫലമോ നന്മയോ നോക്കാതെ അവർ സുഗന്ധം, സ്നേഹം നൽകുന്നു. ജിബ്രാൻ പറയുന്നത്, ഇവരെപ്പോലുള്ളവരുടെ കരങ്ങളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. ഈ ലോകത്തിൽ ദൈവത്തിന്റെ കരങ്ങളാകുക, ദൈവത്തിന്റെ കണ്ണുകളാകുക, ദൈവത്തിന്റെ ഹൃദയമാകുക.
നല്കുന്നതിനെക്കുറിച്ച് വിഷമിക്കാതിരിക്കുക. കാരണം ഒരിക്കൽ മരണം എല്ലാം കൊണ്ടുപോകും. അതുകൊണ്ട് ദൈവത്തിന്റെ കരങ്ങളാകാനുള്ള അവസരം പാഴാക്കാതിരിക്കുക.
മനുഷ്യന് തന്നെത്തന്നെ വിശുദ്ധീകരിക്കുവാനുള്ള രണ്ടാമത്തെ ഉപാധിയായി ഈശോ പറയുന്നത് പ്രാർത്ഥനയാണ്. ഈശോയ്ക്ക് പ്രാർത്ഥനയെന്നത് പിതാവായ ദൈവവുമായുള്ള ബന്ധമാണ്. അത് നടക്കുന്നതോ നിശ്ശബ്ദതയിലാണ്. പ്രാർത്ഥിക്കാനിരിക്കുന്ന സ്ഥലം നിശ്ശബ്ദതയിലായിരിക്കണം. നിന്റെ ശരീരം നിശ്ശബ്ദതയിലായിരിക്കണം. നിന്റെ മനസ്സും ഹൃദയവും നിശ്ശബ്ദതയിലായിരിക്കണം. നിശബ്ദതയിൽ ആയിരിക്കാൻ കഴിഞ്ഞാൽ ദൈവം നിന്റെ ജീവിതത്തിന്റെ, ഹൃദയത്തിന്റെ വാതിലിൽ മുട്ടും. ഹൃദയകവാടം തുറക്കുമ്പോൾ ദൈവം നിന്നിലെത്തുക തന്നെ ചെയ്യും.
ഖലീൽ ജിബ്രാൻ പറയുന്നത് നാം നമ്മുടെ ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കണം എന്നാണ്. ധാരാളം ആളുകൾ ദിവസവും പ്രാർത്ഥിക്കുന്നുണ്ട് . നമ്മളും പ്രാർത്ഥിക്കുന്നുണ്ട്. പക്‌ഷേ ആത്മാവിന്റെ നിശബ്ദതകളിൽ അല്ലെന്ന് മാത്രം. വെറും വാക്കുകൾ മാത്രം. ക്രിസ്ത്യൻ വാക്കുകൾ….ഹിന്ദു വാക്കുകൾ….മുസ്‌ലിം വാക്കുകൾ!! സാധാരണ നാം നിശബ്ദത എന്നാണ് പറയാറ്. എന്നാൽ, ജിബ്രാൻ പറയുന്നത് നിശ്ശബ്ദതകളിൽ എന്നാണ്. നമ്മുടെ ശരീരത്തിൽ ഏഴ് കേന്ദ്രങ്ങൾ ഉണ്ട്. ഓരോ കേന്ദ്രവും നിശബ്ദമാകണം. നമ്മിലെ ലൈംഗികതയുടെ, വികാരങ്ങളുടെ, ശക്തിയുടെ, ഹൃദയത്തിന്റെ, സംഭാഷണത്തിന്റെ, അവബോധത്തിന്റെ, ധ്യാനത്തിന്റെ – ഏഴ് കേന്ദ്രങ്ങൾ നിശ്ശബ്ദതമാകേണ്ടിയിരിക്കുന്നു. ഓരോ നിശ്ശബ്ദതയ്ക്കും തനതായ സുഗന്ധമുണ്ട്, രുചിയുണ്ട്. അതായത് , വെറുതെ കണ്ണടച്ചാൽ മാത്രം നിശ്ശബ്ദതയിലേക്ക്, പ്രാർത്ഥന യിലേക്ക് വന്നെത്തുവാൻ സാധിക്കുകയില്ല. ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കുമ്പോഴാണ് ദൈവത്തിന്റെ ഇഷ്ടം നമ്മിൽ ഒരാഘോഷമാകുന്നത്.
ജീവിത നവീകരണത്തിന്, വിശുദ്ധീകരണത്തിന് ഉതകുന്ന മൂന്നാമത്തെ മാർഗം ഉപവാസമാണ്. ഉപവാസമെന്നത് ദുഃഖത്തിന്റെ, വിഷാദഭാവം നടിക്കുന്നതിന്റെ അനന്തരഫലമല്ല. വിഷാദം ഉള്ള ഒരാൾക്കും ഉപവസിക്കുവാൻ കഴിയില്ല. ഉപവാസമെന്നത് ആനന്ദത്തിന്റെ, ആത്മാവിലുള്ള ആനന്ദത്തിന്റെ അനന്തരഫലമാണ്.
ഉപവസിക്കുക എന്നതിന് അടുത്തിരിക്കുക, അടുത്ത വസിക്കുക എന്നൊക്കെയാണ് വാച്യാർത്ഥം. എന്നുവച്ചാൽ, ഒരാൾ തൻറെ തന്നെ ആന്തരിക ലോകത്തോട്, ആത്മീയ ജീവിതത്തോട് ഏറ്റവും കൂടുതൽ അടുത്ത് ഇരിക്കുക എന്നാണർത്ഥം. ആത്മാവിൽ അടുത്തിരിക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ ശാരീരികത മറക്കുന്നു. ആത്മീയതയിലേക്കുള്ള ഈ ആന്തരിക യാത്രയാണ് ഉപവാസം. ഉപവാസത്തിലൂടെയുള്ള ഈ ആന്തരിക യാത്രയിൽ ഒരാൾ തന്നിലുള്ള ക്രിസ്തുവിനെ കണ്ടെത്തുകയാണ്. തന്നോട് അടുത്ത ആയിരിക്കുമ്പോൾ അയാൾ മനസ്സിലാക്കുന്നു തൻറെ ഉള്ളിൽ ക്രിസ്തു ഉണ്ട് എന്ന്. വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ പോലെ “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന അവബോധത്തിലേക്ക്, അനുഭവത്തിലേക്ക് ഒരു വ്യക്തി കടന്നു വരുന്നു. ഈ അനുഭവത്തിന്റെ, ആനന്ദത്തിന്റെ നിറവിൽ അയാൾ വിശപ്പ് പോലുമറിയാത്ത അവസ്ഥയിലെത്തുന്നു. മാത്രമല്ല, തന്നിൽ കണ്ടെത്തിയ ക്രിസ്തുവിനെ അവൾ / അവൻ അയൽക്കാരരിലും കണ്ടെത്തുന്നു. ഉപവസിക്കുമ്പോൾ, തന്റെ ആത്മീയതയോട്, ദൈവത്തോട്, സഹോദരരിലെ ക്രിസ്തുവിനോട് അടുത്തായിരിക്കുമ്പോൾ കിട്ടുന്ന വലിയ ആനന്ദത്തിൽ വിശപ്പ് മറക്കുന്നു. ഈ അവസ്ഥയാണ് ഉപവാസം.
പട്ടിണി കിടക്കലല്ല ഉപവാസം. പട്ടിണി കിടക്കുക എന്നാൽ ശരീരത്തെ പീഡിപ്പിക്കൽ ആണ്. അത് ഹിംസയാണ്. ഉപവാസം എന്നതിന് ഭക്ഷണം കഴിക്കാതിരിക്കുക എന്ന് അർത്ഥമില്ല. വിശപ്പ് പോലുമറിയാത്ത വിധത്തിൽ ഒരാൾ ആനന്ദത്തിൽ ആകുക എന്നതാണ് ഉപവാസത്തിൽ സംഭവിക്കുന്നത്. തന്നിൽ, തന്റെ സഹോദരങ്ങളിൽ, പ്രപഞ്ചത്തിൽ ദൈവത്തെ കണ്ടുമുട്ടുന്ന, ആ ദൈവത്തോടൊത്തായിരിക്കുന്ന അയാൾ ഭക്ഷണത്തെപ്പറ്റി ചിന്തിക്കുന്നില്ല. ഉദാഹരണത്തിന്, നിങ്ങൾ സന്തോഷത്തിലാണെങ്കിൽ നിങ്ങൾക്ക് അധികം ഭക്ഷണം കഴിക്കാൻ സാധിക്കുകയില്ല. നിങ്ങൾ ആനന്ദംകൊണ്ട് നിറയുമ്പോൾ നിങ്ങൾ അധികം ഭക്ഷണം കഴിക്കുകയില്ല. എന്നാൽ ഭക്ഷണം ദുഃഖിതനാണെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കും. ടെൻഷൻ ഉള്ള ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കും, കൂടുതൽ തിന്നാൻ തുടങ്ങും. കൂടുതൽ ഭക്ഷിക്കുന്നത് ഒരാൾ ദുഃഖിതനാണെന്നതിന്റെ പ്രഖ്യാപനമാണ്.
സ്നേഹമുള്ളവരേ, സ്വാഭാവിക പ്രവണതകളുടെ, ലൗകിക മോഹങ്ങളുടെ പ്രലോഭനങ്ങളിൽ പെടാതെ, ജീവിതത്തെ വിശുദ്ധീകരിച്ചുകൊണ്ട് ദൈവാനുഭവത്തിൽ ജീവിക്കുവാൻ സുവിശേഷം അവതരിപ്പിക്കുന്ന ഈ മൂന്ന് മനോഭാവങ്ങളും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. നാം ചെയ്യുന്ന എല്ലാ ജോലികളിലും, ആരംഭിക്കുന്ന എല്ലാ പ്രവർത്തികളിലും ദൈവാനുഗ്രഹമുണ്ടാകാൻ ദാനധർമ്മം ചെയ്യേണ്ടിയിരിക്കുന്നു, ക്രിസ്തുവുമായി പ്രാർത്ഥനയിൽ ജീവിക്കേണ്ടിയിരിക്കുന്നു, ഉപവസിക്കേണ്ടിയിരിക്കുന്നു.

കണ്ടുമുട്ടുന്നവർക്ക് കൊടുക്കുക, ചോദിക്കാതെ മനസ്സിലാക്കിക്കൊടുക്കുക. അർഹതപ്പെട്ടവർക്ക് മാത്രമല്ല, ആവശ്യമുള്ളവർക്ക് എല്ലാവർക്കും കൊടുക്കുക. ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കുക. ഹൃദയത്തിന്റെ ആനന്ദത്തിൽ ഭക്ഷണം മറക്കുക. അപ്പോൾ, ഈ നോമ്പുകാലം ആനുഗ്രഹീതമാകും. ആമേൻ!
Thank you Fr. Saju . Great insights and call to action for this Lenten season !
“കണ്ടുമുട്ടുന്നവർക്ക് കൊടുക്കുക, ചോദിക്കാതെ മനസ്സിലാക്കിക്കൊടുക്കുക. അർഹതപ്പെട്ടവർക്ക് മാത്രമല്ല, ആവശ്യമുള്ളവർക്ക് എല്ലാവർക്കും കൊടുക്കുക. ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കുക. ഹൃദയത്തിന്റെ ആനന്ദത്തിൽ ഭക്ഷണം മറക്കുക. അപ്പോൾ, ഈ നോമ്പുകാലം ആനുഗ്രഹീതമാകും.”
LikeLike
Thanks…let our Inner-Self be strong n holy!!
LikeLike