SUNDAY SERMON LK 24, 44-53

ഉയിർപ്പുകാലം ഏഴാം ഞായർ

ഉത്പത്തി 28, 10-19

മിക്കാ 4, 1-5

1പത്രോസ് 1, 3 -9

ലൂക്കാ 24, 44-53

സന്ദേശം

ഉയിർപ്പുകാലത്തിന്റെ അവസാനത്തെ ഞായറാഴ്ചയാണിന്ന്. ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷീകരണമാണ് സ്വർഗാരോഹണ തിരുനാളിന് ശേഷം വന്നെത്തിയിരിക്കുന്ന ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ ഈശോയുടെ മൂന്നാമത്തെ പ്രത്യക്ഷീകരണമാണിത്. ഈ പ്രത്യക്ഷീകരണത്തിൽ പതിനൊന്ന് ശിഷ്യരോടും, അവരോടൊപ്പമുണ്ടായിരുന്നവരോടും (24, 33) നിയമങ്ങളുടെയും, പ്രവാചകന്മാരുടെയും പൂർത്തീകരണമാണ് താനെന്ന് ക്രിസ്തു പ്രഘോഷിക്കുകയാണ്. അവിടുത്തെ ദൈവരാജ്യ പ്രഘോഷണങ്ങൾക്കും, അത്ഭുതപ്രവർത്തികൾക്കും സാക്ഷികളായ അവരോട്, ജറുസലേം മുതൽ എല്ലാജനതകളോടും ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാൻ അവിടുന്ന് ആഹ്വാനം ചെയ്യുകയാണ്. പിതാവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിനാൽ ശക്തിപ്രാപിച്ചുകൊണ്ട് ഈ ദൗത്യത്തിലേക്ക് ഈശോ അവരെ ക്ഷണിക്കുകയാണ്.  അങ്ങനെ പ്രചോദിതരായ, ശക്തരായ, തീക്ഷ്ണമതികളായ ശിഷ്യരാകട്ടെ, ബഥാനിയായിൽ ക്രിസ്തു സ്വർഗത്തിലേക്ക് ആരോഹണം ചെയ്യപ്പെടുന്നത് കണ്ടശേഷം ആനന്ദത്തോടെ തിരികെ ജറുസലേമിൽ വന്ന് സദാസമയവും, ദൈവത്തെ സ്തുതിച്ചുകൊണ്ട് ദൈവാലയത്തിൽ കഴിഞ്ഞുകൂടി.

ഇത്രയും സംഭവങ്ങളടങ്ങുന്ന ഇന്നത്തെ സുവിശേഷഭാഗം ക്രൈസ്തവരായ നമ്മെ ഓർമപ്പെടുത്തുന്നത് നമ്മുടെ ക്രൈസ്തവ ദൗത്യത്തെയാണ്. ക്രൈസ്തവരുടെ ജീവിതം 180 ഡിഗ്രി തിരിക്കാവുന്ന ചോദ്യം ഇതാണ്: ഒരു ക്രൈസ്തവ സഹോദരി എന്ന നിലയിൽ, ക്രൈസ്തവ സഹോദരൻ എന്ന നിലയിൽ നീ ഈ ഭൂമിയിൽ ചെയ്തു തീർക്കേണ്ട ദൗത്യമെന്ത്? ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം നീ ആയിരിക്കുന്ന ഇടങ്ങളിലെല്ലാം ധൈര്യപൂർവം പ്രഘോഷിക്കുക. ഈ ദൗത്യം നമ്മെ ഓർമപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം.

വ്യാഖ്യാനം

വിശുദ്ധ ലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം അവരുടെ മനസ്സ് അവൻ തുറന്നു എന്ന് എഴുതുമ്പോഴും, ഏതെല്ലാം വിശുദ്ധഗ്രന്ഥഭാഗങ്ങളാണ് ഈശോ അവരെ ഓർമിപ്പിച്ചതെന്നോ, ഏതെല്ലാം വിശുദ്ധ ഗ്രന്ഥഭാഗങ്ങളാണ് അവർക്ക് വിശദീകരിച്ചു കൊടുത്തതെന്നോ വിശുദ്ധ ലൂക്കാ നമ്മോട് പറയുന്നില്ല. എന്നാൽ, ഈ സുവിശേഷഭാഗത്തുനിന്ന് തിരുസഭയുടെ വചനപ്രഘോഷണത്തിന്റെ മൂന്ന് ഘടകങ്ങൾ വിശുദ്ധ ലൂക്കാ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. ഒന്ന്, ക്രിസ്തുവിന്റെ പീഡാസഹനവും, മരണവും. രണ്ട്, ക്രിസ്തു ഉത്ഥിതനായി ഇന്നും ജീവിക്കുന്നു. മൂന്ന്, ക്രിസ്തുവിന്റെ ക്ഷമയും, പാപമോചനവും എല്ലാ ജനതകളോടും പ്രസംഗിക്കുക.

ജറുസലേമിൽ നിന്ന് ആരംഭിക്കുന്ന ഈ പ്രഘോഷണം പക്ഷേ, ജറുസലേമിൽ മാത്രം ഒതുങ്ങുന്നില്ല. അത് ജറുസലേമിൽ നിന്ന് യൂദയായിലേക്ക്, അവിടെനിന്ന് സമരിയയിലേക്ക്, പിന്നെ ഭൂമിയുടെ അതിർത്തികൾ വരെയും എത്തേണ്ടിയിരിക്കുന്നു. (അപ്പ 1, 8) ഈ പ്രഘോഷണമാണ്, തിരുസഭയുടെ, ഓരോ ക്രൈസ്തവ സഹോദരിയുടെ, സഹോദരന്റെ ഈ ഭൂമിയിലെ ജീവിത ദൗത്യം. നാമോരോരുത്തരുടേയും മനുഷ്യ ജീവിത സാഹചര്യങ്ങളിൽ ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ, അവിടുത്തെ കർത്താവും ദൈവവുമായി ഏറ്റുപറയുവാൻ നമുക്കാകണം. ഈ ഏറ്റുപറച്ചിലാകണം ഓരോ ക്രൈസ്തവന്റെയും ജീവിതം. മതമർദ്ദനത്തെയോ, കൊലവിളി മുദ്രാവാക്യങ്ങളെയോ പേടിച്ച് ഓടിയൊളിക്കുവാനല്ല ക്രിസ്തു തന്റെ രക്തംകൊണ്ട് നമ്മെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ വലിയ റാലിയിൽ കേവലം ഒൻപതു വയസ്സുള്ള ഒരു ബാലന്റെ വായിലൂടെ പുറത്തു വന്ന മുദ്രാവാക്യങ്ങൾ കേൾക്കാത്തവരായി ഇന്ന് ഭൂമിമലയാളത്തിൽ ആരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. ആ മുദ്രാവാക്യങ്ങൾകേട്ട് ഏതെങ്കിലും ക്രൈസ്തവന് ഞെട്ടലുണ്ടായെങ്കിൽ അതിന്റെ കാരണം, മൂർച്ചയുള്ള മുദ്രാവാക്യത്തേക്കാൾ അതിലടങ്ങിയിരിക്കുന്ന തീവ്രവാദത്തിന്റെയും, അസഹിഷ്ണതയുടെയും, കൊലവിളിയുടെയും ഉള്ളടക്കംകൊണ്ടാണ്. തങ്ങൾ മറ്റു മതസ്ഥരുടെ അന്തകരാകുമെന്നും, തങ്ങൾ പറയുന്ന മര്യാദയ്ക്കനുസരിച്ചു ജീവിച്ചില്ലെങ്കിൽ കുന്തിരിക്കം കരുതിവയ്ക്കണമെന്നും പറയുമ്പോൾ, പേടിച്ചു പോകുന്നവരാണ് ക്രൈസ്തവരെന്നാണ് അവർ കരുതിയത്.

ഈയിടെ റിലീസ് ചെയ്ത വരയൻ സിനിമയിൽ നായകനായ എബിച്ചൻ പറയുന്ന മനോഹരമായ ഒരു ഡയലോഗുണ്ട്. അച്ചനെ കുത്തിക്കൊല്ലാൻ വരുന്ന ഇടവകയിലെ ഗുണ്ടയോട് അച്ചൻ പറയുന്നതിങ്ങനെയാണ്: ‘എന്നോട് പൊരുതാൻ വന്നാൽ നീ തോറ്റുപോകും. കാരണം, ഞാൻ (ക്രിസ്തുവിനായി) മരിക്കാൻ വന്നവനാണ്. എനിക്കൊന്നും നഷപ്പെടുവാനില്ല. നീ ജീവിക്കാൻ ആഗ്രഹിക്കുന്നവനാണ്.’

അതേ സ്നേഹമുള്ളവരേ, ഒരു ക്രൈസ്തവ സഹോദരിയും, സഹോദരനും ക്രിസ്തുവിനായി ഈ ഭൂമിയിൽ ജീവൻകൊണ്ടും, ജീവിതംകൊണ്ടും സാക്ഷ്യം നൽകുവാൻ, രാക്ഷസാക്ഷിത്വം വഹിക്കുവാൻ തയ്യാറായി നിൽക്കുന്നവളാണ്, നിൽക്കുന്നവനാണ്. അവർക്ക്, വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, ക്രിസ്തുവിൽ മരണം നേട്ടമാണ്. അവരെ മുദ്രാവാക്യങ്ങളാകുന്ന ഓലപ്പടക്കങ്ങൾകൊണ്ട് പേടിപ്പിക്കുവാൻ ശ്രമിക്കുന്നത് വെറും വ്യാമോഹമാണെന്ന് വിളിച്ചുപറയുവാൻ, ജീവിതംകൊണ്ട് കാണിച്ചുകൊടുക്കുവാൻ നമുക്കാകണം. കാരണം, സ്നേഹത്തിനുപകരം സ്നേഹം നൽകാനും, ബലിക്കുപകരം ബലിയാകാനും തയ്യാറായിട്ടാണ് ഓരോ ക്രൈസ്തവനും ഓരോ നിമിഷവും ജീവിക്കുന്നത്. ഇനി ഒരു ബലി അർപ്പിക്കുവാൻ വരുമോ ഇല്ലയോ എന്ന് പറഞ്ഞിട്ട് വിശുദ്ധ കുർബാനയുടെ ജീവിതം നയിക്കുവാൻ ഇറങ്ങിപുറപ്പെടുന്ന ക്രൈസ്തവനെ പേടിപ്പിക്കുവാൻ ഈ ലോകത്തിലെ മുദ്രാവാക്യങ്ങൾക്കോ, പീഡനങ്ങൾക്കോ സാധിക്കുകയില്ലെന്ന് ക്രൈസ്തവ ചരിത്രം എത്രയോ വട്ടം തെളിയിച്ചിട്ടുള്ളതാണ്!!! അങ്ങനെ ശ്രമിക്കുന്നത് വെടിക്കെട്ടുകാരന്റെ മകനെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നതുപോലെയിരിക്കും!!

ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ, അവിടുത്തെ ദൈവമായി ഏറ്റുപറയുന്നവരെ ഇല്ലായ്മചെയ്യുവാൻ അരയും തലയും മുറുക്കി തയ്യാറായി നിൽക്കുന്നവർ കേൾക്കേ നാം വിളിച്ചു പറയണം ക്രിസ്തു ഞങ്ങൾക്ക് ജീവനാണ് ജീവിതമാണെന്ന്. വർഗീയതയും, തീവ്രവാദവും കൊലവിളികളും പറയുവാൻ കൊച്ചുകുട്ടികളെപ്പോലും ഉപകരണങ്ങളാക്കുന്നവർ വിശ്വസിക്കുന്ന മതമേതാണാവോ? ഏറ്റുപറയുന്ന ദൈവത്തിന്റെ സ്വഭാവമെന്താണാവോ?

അതെന്തായാലും, ക്രൈസ്തവർ വിശ്വസിക്കുന്ന ദൈവം സ്നേഹമാണ്; ക്രൈസ്തവർ ഏറ്റുപറയുന്ന ദൈവം കാരുണ്യവാനാണ്; ക്രൈസ്തവർ പ്രഘോഷിക്കുന്ന മതം ശത്രുവിനെപ്പോലും സ്നേഹിക്കുവാൻ പഠിപ്പിക്കുന്ന, സഹോദരങ്ങൾക്കുവേണ്ടി മരിക്കുവാൻ തയ്യാറാകുന്ന മതമാണ്. മാത്രമല്ല, ലോകാവസാനവരെ നമ്മോടൊത്തു വസിക്കുന്ന, ഇന്നും ജീവിക്കുന്ന ക്രിസ്തുവിലാണ് ക്രൈസ്തവരുടെ വിശ്വാസം.

അതുകൊണ്ട് സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കപ്പെടുന്നതുവരെ, ലോകമെങ്ങും പ്രഘോഷിക്കപ്പെടുന്നതുവരെ ഈ ലോകം അവസാനിക്കുകയില്ല. ഫാദർ ചാൾസ് അർമിനോയുടെ „യുഗാന്ത്യവും ഭാവിജീവിതത്തിന്റെ രഹസ്യങ്ങളും“ എന്ന ഗ്രന്ഥത്തിൽ ലോകം അവസാനിക്കുന്നതിനുള്ള മൂന്ന് അടയാളങ്ങളെക്കുറിച്ച് പറയുന്നുണ്ട്. 1. വിശുദ്ധ മത്തായിയുടെ സുവിശേഷം 24, 14 ആണ്. “എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിൻറെ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യമാകും.” 2. വിശുദ്ധ പൗലോശ്ലീഹാ തെസ്സലോനിക്കക്കാർക്ക് എഴുതിയ രണ്ടാം ലേഖനം രണ്ടുമുതൽ നാലുവരെയുള്ള വാക്യങ്ങളിൽ പറയുന്ന അരാജകത്വത്തിന്റെ മനുഷ്യനായ അന്തിക്രിസ്തുവിന്റെ ആഗമനമാണ്. 3. വിശുദ്ധ പൗലോശ്ലീഹാ റോമക്കാർക്ക് എഴുതിയ ലേഖനം പതിനൊന്നാം അദ്ധ്യായം 14 മുതലുള്ള വാക്യങ്ങളിൽ പറയുന്ന യഹൂദരുടെ മനസാന്തരമാണ്.

അടുത്ത നൂറ് വർഷത്തേക്ക് കൂടി ലോകം നിലനിൽക്കുമോ? അതോ, നമ്മുടെ ഈ സഹസ്രാബ്ദത്തിൽ തന്നെ അത് അവസാനിക്കുമോ? ഒരു സാങ്കൽപ്പിക സിദ്ധാന്തത്തിനും അനുമാനത്തിനും ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങളാണിവയെല്ലാം. ആ ദിവസം നമുക്ക് അറിയാനാകില്ല എങ്കിലും, ഒരു കാര്യം നമുക്ക് ഉറപ്പാണ്. ദൈവത്തിന്റെ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കുന്ന ഒരു കാര്യമാണത്. മാത്രമല്ല, ദൈവം തന്റെ വചനങ്ങളിലൂടെ നമുക്കത് അറിയിച്ചു തരികയും ചെയ്തിട്ടുണ്ട്. വിശുദ്ധ ജെറോമിനെയും (St. Jerome) ബീഡിനെയും (St. Bede the Venerable) പോലുള്ളവർ ദൈവത്തിന്റെ വചനങ്ങൾ കർശനമായും അക്ഷരാർത്ഥത്തിലും മനസ്സിലാക്കണമെന്നാണ് പറയുന്നത്. കൊർണേലിയൂസ് ലാപിഡ് (Fr. Cornelius Lapide SJ) എന്ന ബൈബിൾ വ്യാഖ്യാതാവ് പറയുന്നത്, “ക്രിസ്തുമതം പ്രഘോഷിക്കപ്പെടുകയും, പ്രചരിപ്പിക്കപ്പെടുകയും മാത്രമല്ല, ഒരു പൊതു സംവിധാനമെന്ന നിലയിൽ രൂപപ്പെടുകയും സ്ഥാപിക്കപ്പെടുകയും ചെയ്തതിനുശേഷമാണ് അവസാനം വരിക.” അഭിമാനത്തോടെ ദൈവരാജ്യത്തിന്റെ സുവിശേഷം ഏറ്റുപറയുവാൻ, ധൈര്യത്തോടെ ജീവിതത്തിന്റെ എല്ലാസാഹചര്യങ്ങളിലും, എല്ലാ വേളകളിലും പ്രഘോഷിക്കുവാൻ നാം തയ്യാറാകുമ്പോഴേ, പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ ശക്തിയിൽ ചൈതന്യത്തിൽ ജീവിക്കുവാൻ നമുക്കാകൂ. ഈ ദൈവരാജ്യത്തിന്റെ സുവിശേഷം, ഒരു സമുദ്രവും ബാക്കിയില്ലാതെ, അജ്ഞാതമായ ഒരു ദ്വീപില്ലാതെ, എല്ലാ വിജനപ്രദേശങ്ങളിലും, ജനവാസ മേഖലകളിലും, മുസ്ലീമിനോടും, ഹിന്ദുവിനോടും, നിരീശ്വര വാദിയോടും, നിർമ്മതക്കാരനോടും, ജാതി, മത വർഗ വർണ വ്യത്യാസമില്ലാതെ എല്ലാവരോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ, “ഒരിടയനും ഒരു തൊഴുത്തും ആകും” (യോഹ 10, 16) എന്ന ക്രിസ്തുവിന്റെ വചനം നിറവേറുവാൻ നാം ഉപകരണങ്ങളാകേണ്ടിയിരിക്കുന്നു!!

ഇതാണ് നമ്മുടെ ജീവിത ദൗത്യമെന്ന് നമ്മെ ഓർമിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷം. കാലത്തിന്റെ സ്പന്ദനങ്ങൾ നാം വായിച്ചെടുക്കുമ്പോൾ, ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പ്രസക്തി ഏറുകയാണ്. കഴിഞ്ഞ ആഴ്ചയിൽ മുസ്‌ലിം തീവ്രവാദികൾ നൈജീരിയയിൽ കൊലപ്പെടുത്തിയത് 19 ക്രിസ്ത്യാനികളെയാണ്.

ഭാരതത്തിലും, ഈ കൊച്ചുകേരളത്തിലും വർഗീയ തീവ്രവാദികളുടെ target നാം ക്രൈസ്തവരല്ലാതെ മറ്റാരുമല്ല. സ്നേഹമുള്ളവരേ, നമ്മുടെ ജീവിത ദൗത്യത്തെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു. തമ്മിൽതല്ലി ചാകുവാനായിട്ടല്ല ക്രിസ്തു നമുക്കുവേണ്ടി കാൽവരികയറിയത്; മുന്നണികളിൽ തൂങ്ങി മരിച്ചത്; മൂന്നാം ദിനം ഉത്ഥിതനായത്; ഇന്നും വിശുദ്ധ കുർബാനയിലൂടെ നമ്മോടൊത്തു വസിക്കുന്നത്. ക്രിസ്തുവിന്റെ സഭയോടൊത്തു ചേർന്ന്, ക്രിസ്തുവിന്റെ സഭയ്ക്കുവേണ്ടി ജീവിക്കുവാൻ നമ്മുടെ പിടിവാശികളും, ഈഗോയും നാം മാറ്റിവയ്ക്കണം. തെരുവിൽ, പൊതുസമൂഹത്തിന്റെ മുൻപിൽ ക്രിസ്തുവിനെ നാണം കെടുത്തുവാനല്ല, ക്രിസ്തുവിനെ പ്രഘോഷിക്കുവാനാണ് നാം ക്രൈസ്തവരായി വിളിക്കപ്പെട്ടിരിക്കുന്നതു!!  നമ്മുടെ കുടുംബങ്ങളെ എല്ലാ അർത്ഥത്തിലും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ഇടങ്ങളാക്കി നാം മാറ്റണം. വീട്ടിൽ നിന്ന് എന്തുകാര്യത്തിന് ഇറങ്ങുമ്പോഴും, തിരിയെ എത്തുമ്പോഴും തിരുഹൃദയഈശോയുടെ മുൻപിൽ നമ്മെ സമർപ്പിക്കുവാൻ നമുക്കാകട്ടെ. ആധ്യാത്മിക കാര്യങ്ങൾക്ക് നാം പ്രാധാന്യംകൊടുക്കുന്നത് നിരീക്ഷിക്കുന്ന നമ്മുടെ സഹോദരങ്ങൾ തീർച്ചയായും ക്രിസ്തുവിനെ അറിയും. ഒപ്പം, വൈദികരെയും സിസ്റ്റേഴ്സിനെയും കാണുമ്പോൾ “ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ“എന്ന് പറയുന്നത് ശ്രേഷ്ഠം തന്നെ. എന്നാൽ, ക്രൈസ്തവർ പരസ്പരം കാണുമ്പോഴും “ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ” എന്ന് പറയുന്നത് നമ്മുടെ ജീവിത ദൗത്യം എന്തെന്ന് പരസ്പരം ഓർമിപ്പിക്കുവാൻ ഉപകരിക്കും.

സമാപനം

വീട്ടിലുള്ള ഭൂപടം ഒന്ന് നിരീക്ഷിക്കൂ… അല്ലെങ്കിൽ ഗൂഗിൾ ചെയ്താൽ കാണാൻ പറ്റും. ദൈവരാജ്യത്തിന്റെ സുവിശേഷം എല്ലാ മനുഷ്യരിലും വിളംബരം ചെയ്യപ്പെട്ടിട്ടില്ല എന്ന് നമുക്കപ്പോൾ മനസ്സിലാകും. വെളിവാക്കപ്പെട്ട സത്യത്തിന്റെ നേരിയ കിരണങ്ങൾപോലും ദർശിക്കാത്തവർ ഇന്നുമുണ്ട്. അപ്പോൾ, പ്രിയപ്പെട്ടവരേ, നാം ഉറക്കം തൂങ്ങികളാകരുത്; നമ്മുടെ ദൗത്യം മറക്കുന്നവരുമാകരുത്. രാത്രി പകലാക്കിക്കൊണ്ട് ക്രിസ്തുവിനുവേണ്ടി അധ്വാനിക്കുവാൻ നാം തയ്യാറാകണം. മുദ്രാവാക്യങ്ങളെ നാം ഭയപ്പെടേണ്ടതില്ല; ഭരണസംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടുപോലും നമ്മെ തകർക്കുവാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ഭയക്കേണ്ടതില്ല. “നമുക്കെതിരേ വരുന്ന ശത്രുക്കളെയും, ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ്വ ശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ.” (2 മക്കബായർ 8, 18)

നമ്മുടെ ജീവിതദൗത്യം നമുക്ക് സാധിക്കുന്നിടത്തോളം പൂർണതയിലും, ശക്തിയിലും നിർവഹിക്കാം. ഓരോ വിശുദ്ധ കുർബാനയും നമ്മുടെ ജീവിത ദൗത്യത്തെ ഓർമപ്പെടുത്തുന്ന ക്രിസ്തുവിന്റെ ബലിയാണെന്ന് നാം മറക്കാതിരിക്കുക. ആമേൻ!  

SUNDAY SERMON JN 5, 19-29

ഉയിർപ്പുകാലം ആറാം ഞായർ

ഉത്പത്തി 9, 8-17

2 രാജാ 2, 1-15

റോമാ 8, 1-11

യോഹ 5, 19-29

ഉയിർപ്പുകാലത്തിന്റെ ആറാം ഞായറാഴ്ചയിലേക്ക് നാം കടന്നിരിക്കുകയാണ്. നമുക്കറിയാവുന്നതുപോലെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിന്റെ ദൈവത്വത്തിന്റെ വിപുലീകരണത്തിന്റെയും, അവിടുത്തെ മഹത്വത്തിന്റെ വെളിപ്പടുത്തലിന്റെയും ഉത്തമ ഉദാഹരണമാണ്. ക്രിസ്തുവിന്റെ പരസ്യജീവിത പ്രവർത്തനങ്ങളിൽ ഊന്നിനിന്നുകൊണ്ട് ക്രിസ്തുവിന്റെ വ്യക്തിത്വ രൂപവത്ക്കരണമാണ് ഇന്നത്തെ സിവിശേഷഭാഗത്തിലൂടെ വിശുദ്ധ യോഹന്നാൻ സാധ്യമാക്കുന്നത്. സുവിശേഷ ഭാഗത്തിന്റെ കാലിക പ്രസക്തിയും, നമ്മുടെ ജീവിതത്തിൽ ഈ വചനസന്ദേശത്തിന്റെ സാധ്യതകളുമാണ് നാമിന്ന് അന്വേഷിക്കുക. 

ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ പശ്ചാത്തലമായി നിലകൊള്ളുന്നത് തൊട്ട് മുൻപ് നടന്ന ബെത് സൈദാ യിലെ രോഗശാന്തിയും, അതിനുശേഷം യഹൂദർക്കിടയിൽ നടന്ന സംഭാഷണവുമാണ്. സാബത്തിൽ ഈശോ രോഗിയെ സുഖപ്പെടുത്തിയതിൽ അമർഷംപൂണ്ട യഹൂദരോട് ഈശോ പറഞ്ഞത് തന്റെ പിതാവ് എപ്പോഴും പ്രവർത്തന നിരതനാണ് എന്നാണ്. ഇങ്ങനെയൊരു statement യഹൂദരെ കോപാകുലരാക്കിയതിൽ അത്ഭുതപ്പെടേണ്ടതില്ല. ദൈവത്തെ പിതാവ് എന്ന് വിളിച്ചതിൽ ദൈവദൂഷണമാണ് അവർ കാണുന്നത്. യഹോവയുടെ നാമം അത്രയും ബഹുമാനത്തോടെയാണ് അവർ കണ്ടിരുന്നത്. തങ്ങളുടെ എതിരാളിയായ ഈശോയിൽ നിന്ന് ഇങ്ങനെയൊരു പ്രസ്‌താവന വന്നപ്പോൾ അതവർ ഈശോയ്‌ക്കെതിരായി ഉപയോഗിച്ചു. സാബത്ത് ലംഘിക്കുക മാത്രമല്ല, ദൈവത്തെ പിതാവെന്ന് വിളിച്ചെന്നും, അതുമൂലം ഈശോ തന്നെത്തന്നെ ദൈവതുല്യനാക്കിയെന്നും അവർ വിളിച്ചു പറഞ്ഞു. ആ യഹൂദരുടെ മുൻപിലാണ് ഈശോ ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്.

എന്തൊക്കെയാണ് ഈശോ അന്ന് യഹൂദരോട് പറയാൻ ആഗ്രഹിച്ചത്? ഇന്ന് നമ്മോട് പറയുവാൻ ആഗ്രഹിക്കുന്നത്? ശരിയാണ്, ഈ സുവിശേഷഭാഗം അത്ര പെട്ടെന്ന് നമുക്ക് മനസ്സിലായെന്ന് വരില്ല. എങ്കിലും, അല്പമൊന്ന് ധ്യാനിച്ചാൽ, ഈ ഭാഗത്തെ പ്രധാന ആശയങ്ങൾ നമുക്ക് കൊത്തിപ്പെറുക്കിയെടുക്കുവാൻ സാധിക്കും. അവ ഇങ്ങനെയാണ്: ഒന്ന്, ഈശോ തന്നെത്തന്നെ വെളിപ്പെടുത്തുകയാണ്; തന്റെ വ്യക്തിത്വം expand ചെയ്യുകയാണ്.  രണ്ട്, താനും പിതാവും ഒന്നാണെന്ന് ഈശോ പ്രഖ്യാപിക്കുന്നു മൂന്ന്, പിതാവായ ദൈവത്തിൽ വിശ്വസിക്കുന്നവന് നിത്യജീവനുണ്ട്. അവൾ / അവൻ മരിച്ചാലും ജീവിക്കും. നാല്, താൻ ചെയ്യുന്ന എല്ലാ പ്രവൃത്തികളും പിതാവിന്റെ പ്രവൃത്തികളാണെന്നും, പിതാവിന്റെ ഇഷ്ടമാണ് താൻ പ്രവർത്തികമാക്കുന്നതെന്നും ഈശോ വെളിപ്പെടുത്തുന്നു. ഈശോയുടെ വ്യക്തിത്വം പിതാവായ ദൈവത്തിന്റെ പ്രതിഫലനമാകുന്നു.

ഇതിൽ ഒന്നും രണ്ടും ഈ സുവിശേഷഭാഗത്തിന്റെ ദൈവിക മാനമാണ് (Divine Dimension). മൂന്നാമത്തേതാകട്ടെ, ഇതിന്റെ ആത്മീയമാനമാണ് (Spiritual Dimension). നാലാമത്തേതാകട്ടെ, ക്രൈസ്തവജീവിതത്തിന്റെ പ്രായോഗിക മാനവും (Practical Dimension). ഇവ മൂന്നും ദൈവിക മാനവും, ആത്മീയമാനവും, പ്രായോഗികമാനവും – ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളാകുമ്പോഴാണ് ക്രൈസ്തവജീവിതം ഫലം ചൂടുന്ന വൻവൃക്ഷമാകുന്നത്.  ക്രിസ്തുവിനെ ദൈവമായി ഏറ്റുപറയുകയും, ക്രിസ്തു എന്റെ കർത്താവും ദൈവവുമാണെന്ന് വിശ്വസിക്കുകയും ചെയ്യുക എന്ന ക്രൈസ്തവ ചൈതന്യത്തെ ഒരു ഉന്നതമായ ചിന്താസരണിയായി ഉയർത്തിയെടുക്കുക എന്നത് നമ്മുടെ ക്രൈസ്തവ സ്വഭാവമാകണം. ക്രിസ്തുവിന്റെ വചനങ്ങളിലും, സഭയുടെ പഠനങ്ങളിലും, സഭയുടെ പാരമ്പര്യത്തിലുമുള്ളവയെ ആത്മീയമായ ആർജവത്തോടെ സ്വാംശീകരിക്കുവാൻ ക്രൈസ്തവന് കഴിഞ്ഞാൽ, ജീവിതാനുഭവങ്ങളെയും, ക്രൈസ്തവ മൂല്യങ്ങൾക്കനുസരിച്ചുള്ള ജീവിതത്തെയും വിശ്വാസ വെളിച്ചത്തിൽ വിലയിരുത്തുവാൻ ക്രൈസ്തവന് സാധിക്കും.

പഴയനിയമത്തിന്റെയും, പ്രവചനങ്ങളുടെയും പൂർത്തീകരണമായി (Fulfilment), ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ പൂർണതയായി (Pleroma) ക്രിസ്തുവിനെ കാണുവാൻ അന്നത്തെ ജനത്തിന് സാധിച്ചില്ല. യഹൂദ പരമ്പര്യത്തിന്റെ ഒരു ഉപോത്പന്നമായിട്ടായി രിക്കാം ക്രിസ്തുവിനെ യഹൂദജനം കണ്ടിരുന്നത്. ശിഷ്യന്മാരാകട്ടെ, ഈശോയെ ഒരു വിപ്ലവകാരിയായിട്ടാണ്, റോമാസാമ്രാജ്യത്വത്തിന്റെ പിടിയിൽ നിന്ന് തങ്ങളെ വിമോചിപ്പിക്കുന്ന നേതാവായിട്ടാണ് കണ്ടത്. ക്രിസ്തുവിന്റെ മഹാത്ഭുതങ്ങളിലൊന്നും, അവിടുത്തെ ദൈവത്വം ദർശിക്കുവാൻ യഹൂദജനത്തിന് സാധിച്ചില്ല. എന്നാൽ, കാൽവരിയിൽ ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യേ, മൂന്നാണികളിൽ കുരിശിന്മേൽ കിടന്നപ്പോൾ, പ്രപഞ്ചം ഞെട്ടുമാറ് ഉച്ചത്തിൽ നിലവിളിച്ച് ജീവൻ വെടിഞ്ഞപ്പോൾ, ഒരു ശതാധിപൻ വിളിച്ചുപറയുന്നുണ്ട്, “ഇവൻ സത്യമായും ദൈവപുത്രനായിരുന്നു ” (മാർക്കോ 15,39) എന്ന്. പിന്നീട്, ഈശോയുടെ ഉത്ഥാനത്തിനുശേഷമാണ് ശിഷ്യന്മാർ ഈശോയെ കർത്താവും, ദൈവവും, രക്ഷകനുമായി മനസ്സിലാക്കുന്നതും, അനുഭവിക്കുന്നതും, ജീവിതംകൊണ്ട് സാക്ഷ്യം നൽകുന്നതും. മതമർദ്ദനത്തിന്റെ ഭീകരതകൾ അവരെ ഭയപ്പെടുത്തിയില്ല. നീണ്ടുനിൽക്കുന്ന മർദ്ദനങ്ങളുടെ വേളയിലും, “ദൈവത്തിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. അത് ഓരോ പ്രഭാതത്തിലും പുതിയതാണ്” എന്ന് പാടുവാൻ, “ആകാശത്തിനും ഭൂമിക്കും മദ്ധ്യേ രക്ഷപ്പെടുവാൻ ഒരു നാമമേ നല്കപ്പെട്ടിട്ടുള്ളു -ക്രിസ്തുവിന്റെ നാമം” എന്ന് ധൈര്യത്തോടെ ഏറ്റുപറയുവാൻ അവർക്ക് സാധിച്ചത് ക്രിസ്തുവിൽ ദൈവത്തെ കണ്ടതുകൊണ്ടാണ്, അനുഭവിച്ചതുകൊണ്ടാണ്.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിന്റെ കാലികപ്രസക്തി ഇവിടെയാണ്. ഈശോയെ കർത്താവായി, ദൈവമായി, ക്രിസ്തുവായി, മിശിഹായായി ജീവിതത്തിന്റെ ഏതുസാഹചര്യത്തിലും ഏറ്റുപറയുവാൻ നമുക്കാകണം. നമ്മുടെ സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി, ഭരണസംവിധാനങ്ങളുടെ ഭീഷണി പേടിച്ച്, ലോകത്തിന്റെ രീതികൾക്ക് വഴങ്ങി ക്രിസ്തു ദൈവമാണെന്ന് ഏറ്റുപറയുവാൻ നാം മടിക്കുന്നുണ്ടെങ്കിൽ ഓർത്തുകൊള്ളുക, നാം അലയേണ്ടിവരും, ജീവിതത്തിന്റെ മരുഭൂമികളിലൂടെ സംവത്സരങ്ങളിൽ നിന്ന് സംവത്സരങ്ങളിലേക്ക് നാം അലയേണ്ടിവരും.

ഈ സുവിശേഷ ഭാഗത്തിന്റെ ആത്മീയ മാനമാണ് ക്രിസ്തുവിൽ വിശ്വസിക്കുക എന്നത്. ക്രിസ്തുവിലുള്ള ഉറച്ച വിശ്വാസമാണ് നമുക്ക് നിത്യജീവൻ, നിത്യരക്ഷ പ്രദാനം ചെയ്യുന്നത്. അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ വിശ്വാസാധിഷ്ഠിതമായ നീതിയെക്കുറിച്ച് സംസാരിക്കുന്നത്. കാരണം, വിശ്വാസമാണ് രക്ഷയിലേക്ക്, നിത്യജീവനിലേക്ക് നയിക്കുന്നത്. അദ്ദേഹം പറയുന്നതിങ്ങനെയാണ്. ‘ക്രിസ്തു നിനക്ക് സമീപസ്ഥമാണ്. അവൻ നിന്റെ അധരത്തിലുണ്ട്; നിന്റെ ഹൃദയത്തിലുണ്ട്.’  “ആകയാൽ, യേശു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നീ രക്ഷ പ്രാപിക്കും.” (റോമാ 10, 9)

ക്രിസ്തുവിൽ വിശ്വസിക്കുന്നവൻ നിത്യംജീവിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ഞായറാഴ്ച്ച വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ ദൈവ സഹായം പിള്ള. വെറുമൊരു സാധാരണക്കാരനായിരുന്നില്ല ക്രിസ്തുവിനെ സ്വീകരിച്ച നീലകണ്ഠ പിള്ള.

സംസ്കൃതമറിയാമായിരുന്ന, വേദങ്ങളിലും, ഉപനിഷത്തുക്കളിലും പ്രാവീണ്യമുണ്ടായിരുന്ന, ഹൈന്ദവ ആചാരങ്ങളെല്ലാം കൃത്യമായി പാലിച്ചിരുന്ന നീലകണ്ഠ പിള്ളയാണ് ക്രിസ്തുവിനെ കർത്താവും ദൈവവുമായി സ്വീകരിച്ചത്. തിരുവതാംകൂർ രാജാവിന്റെ കൊട്ടാരം മേലന്വേഷകനായിരുന്ന നീലകണ്ഠ പിള്ളയാണ്, തനിക്ക് സ്വന്തമാക്കാൻ കഴിയുന്നതിനെയെല്ലാം തുച്ഛമായി കരുതിക്കൊണ്ട്, ക്രിസ്തുവിനെ ഹൃദയത്തിൽ വിശ്വസിക്കുകയും, അധരംകൊണ്ട് ഏറ്റുപറയുകയും ചെയ്തുകൊണ്ട് നിത്യജീവൻ നേടിയെടുത്തത്. അദ്ദേഹമാണ് മരിച്ച് 270 വർഷങ്ങൾ കഴിഞ്ഞിട്ടും ജീവനുള്ളവനായി നിലകൊള്ളുന്നത്.  

സ്നേഹമുള്ളവരേ, കർത്താവായ ഈശോയിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷാപാപിക്കും. കർത്താവായ ഈശോയിൽ വിശ്വസിക്കുക, നീ സൗഖ്യം പ്രാപിക്കും. കാരണം, മരുന്നോ, ലേപനമോ അല്ല കർത്തായ ഈശോയാണ് നിന്നെ സുഖപ്പെടുത്തുന്നത്. കർത്താവായ ഈശോയിൽ വിശ്വസിക്കുക, നീ ശക്തിയുള്ളവളാകും, ശക്തിയുള്ളവനാകും. കർത്താവാണ് നിന്റെ ബലം. കർത്താവായ ഈശോയിൽ വിശ്വസിക്കുക, നിനക്ക് സമൃദ്ധിയുണ്ടാകും, അളവുകളില്ലാതെ ആത്മാവിനെ കൊടുക്കുന്നവനാണ് ക്രിസ്തു. കർത്താവായ ഈശോയിൽ വിശ്വസിക്കുക, നിങ്ങൾക്ക് സമാധാനം ഉണ്ടാകും, കാരണം അവൻ സമാധാനത്തിന്റെ രാജാവാണ്. കർത്താവായ ഈശോയിൽ വിശ്വസിക്കുക, നിങ്ങൾക്ക് ജീവൻ ഉണ്ടാകും, ജീവനുണ്ടാകുവാനും, അത് സമൃദ്ധമായി നല്കുവാനുമാണ് അവൻ വന്നത്.

ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പ്രായോഗിക മാനമാണ് ക്രൈസ്തവരെല്ലാവരും തങ്ങളുടെ ജീവിതത്തിലൂടെ ക്രിസ്തുവിന്റെ പ്രവൃത്തികൾ പ്രകാശിപ്പിക്കുന്നവരാകണം എന്നത്. ഇന്നത്തെ സുവിശേഷത്തിൽ അന്തർലീനമായിരിക്കുന്ന ക്രിസ്തുവിന്റെ ശബ്ദമിതാണ്, നാം ക്രിസ്തുവിന്റെ പ്രവൃത്തികൾ ചെയ്യുന്നവരാകണം. ഇന്ന് ഭാരതത്തിൽ, കേരളത്തിൽ ക്രൈസ്തവസമൂഹം മാറ്റിനിർത്തപ്പെടുന്നുണ്ടെങ്കിൽ, ക്രൈസ്തവസമൂഹത്തിന് നീതി, അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ, കേരളത്തിൽ പ്രത്യേകിച്ചും രാഷ്ട്രീയമായി ഒതുക്കപ്പെടുന്നുണ്ടെങ്കിൽ അതിന്റെ കാരണം, നാം എണ്ണത്തിൽ കുറവായതുകൊണ്ട് മാത്രമല്ല, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ക്രിസ്തുവിന്റെ പ്രതിഫലനങ്ങൾ ആകാത്തതുകൊണ്ടുകൂടിയാണ്. നാം എണ്ണത്തിൽ കുറവാകുന്നു എന്നത് ഒരു യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ മുന്നണികൾ രാഷ്ട്രീയമായി നമ്മെ മാറ്റിനിർത്തുന്നു. നമ്മെ നശിപ്പിക്കുവാൻ, ഇല്ലാതാക്കുവാൻ ശ്രമിക്കുന്നു. ശരിതന്നെ. എങ്കിലും, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ, കുടുംബജീവിതങ്ങൾ ശക്തമാണെങ്കിൽ, ക്രിസ്തു ചൈതന്യം നിറഞ്ഞതാണെങ്കിൽ പ്രിയപ്പെട്ടവരേ, ഒരിക്കലും നമ്മെ ഇല്ലാതാക്കുവാൻ ആകില്ല.

സ്നേഹമുള്ളവരേ, ക്രൈസ്തവജീവിതത്തിന്റെ ലാവണ്യമെന്നത്, സൗന്ദര്യമെന്നത് ക്രിസ്തുവിലുള്ള വിശ്വാസമാണ്. ക്രിസ്തുവിലുള്ള വിശ്വാസം നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന ഒരു പ്രക്രിയയാണ് എന്ന് നാം മറക്കരുത്. നമ്മുടെ ജീവിതത്തിന്റെ പരിസരങ്ങളിൽ ധാരാളം അപകടങ്ങൾ പതിയിരിക്കുന്ന ഒളിയിടങ്ങളുണ്ട്. എപ്പോഴാണ് ഈ അപകടങ്ങൾ മറനീക്കി പുറത്തുവരിക എന്ന് നമുക്ക് അറിയില്ല. നമ്മെ സഹായിക്കുമെന്ന് നാം കരുതുന്ന ഒന്നിനും അപ്പോൾ നമ്മെ സഹായിക്കുവാൻ കഴിഞ്ഞെന്നും വരില്ല. അവിടെ നമുക്ക് ഇപ്പോഴും സമീപസ്ഥമായ നമ്മുടെ ദൈവമാണ്, ക്രിസ്തുവാണ് നമ്മെ സഹായിക്കുവാൻ എത്തുക. ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ രൂപപ്പെടുന്ന ജീവിതദർശനം നമുക്ക് സഹായത്തിനെത്തും.  

ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പ്രത്യക്ഷരൂപങ്ങളാണ്  നമ്മുടെ ക്രൈസ്തവ വ്യക്തി, കുടുംബ, ഇടവക ജീവിതങ്ങൾ എന്ന് മനസ്സിലാക്കി മുന്നോട്ട് പോകുവാൻ നമുക്കാകട്ടെ. ന

മ്മുടെ ക്രൈസ്തവജീവിതങ്ങൾ ക്രിസ്തുവിന്റെ ലാവണ്യത്തിൽ, മഹത്വത്തിൽ തിളങ്ങുവാൻ ഇന്നത്തെ വിശുദ്ധബലി നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON LK 10, 1-12

ഉയിർപ്പുകാലം അഞ്ചാം ഞായർ

ലൂക്ക 10, 1-12

ഇന്ന് 2022 മേയ് 15. ലോകത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവരെല്ലാം തിരുസ്സഭയെ വളരെയേറെ മമതയോടും അഭിമാനത്തോടും കൂടി നോക്കിക്കാണുന്ന ദിനം. കേരളത്തിന്റെ തലസ്ഥാന നഗരിയ്‌ക്കടുത്തുള്ള നട്ടാലം ഗ്രാമത്തിൽ മരുതംകുളങ്ങര വാസുദേവൻ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും മകനായി 1712 ഏപ്രിൽ 23 ന് ജനിച്ച നീലകണ്ഠപിള്ള എന്ന ദൈവസഹായം പിള്ളയെ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുകയാണിന്ന്.  വിനായക് നിർമൽ എന്ന എഴുത്തുകാരൻ “ദീപനാളം” വാരികയിൽ എഴുതിയതുപോലെ, “ഒരു വിശ്വാസജീവിതംകൂടി പീഠത്തിൽ കൊളുത്തിവച്ച വിളക്കുപോലെ അൾത്താരയിൽ തെളിയുകയാണ്.” 

നമ്മിൽ എത്രപേർക്ക് അറിയാം ഇന്ന് വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഭാരതീയനായ ആദ്യ രക്തസാക്ഷിയും അത്മായ വിശുദ്ധനുമായ ദേവസഹായംപിള്ളയെക്കുറിച്ച്! നല്ല പാരമ്പര്യ ഹൈന്ദവനായിരുന്നിട്ടും, ക്രിസ്തുവിനെ അറിഞ്ഞപ്പോൾ നീലകണ്ഠപിള്ളക്ക് നാല്പതുവയസ്സുപോലും തികഞ്ഞിരുന്നില്ല. ക്രിസ്ത്യാനിയാകുക എന്നത് രക്തസാക്ഷിത്വത്തിലേക്കുള്ള വഴിയാണെന്നറിഞ്ഞിട്ടും, ക്രിസ്തുവിനെ കർത്താവും ദൈവവുമായി ഏറ്റുപറയുവാൻ അദ്ദേഹം ഒട്ടും മടികാണിച്ചില്ല.  തിരുവതാംകൂർ രാജാവിന്റെ സൈന്യാധിപനും, കൊട്ടാരമേലന്വേഷകനുമായിരുന്ന അദ്ദേഹം ക്രിസ്തുവിനെപ്രതി ഭൗതികമായിട്ടുള്ളതെല്ലാം ഉച്ഛിഷ്ടംപോലെ കരുതി. ജന്മംകൊണ്ട് ക്രിസ്ത്യാനികളായിത്തീർന്ന നമ്മെക്കാൾ വിശ്വാസതീക്ഷ്ണതയും, ദൈവസ്നേഹവും ജീവിതത്തിൽ പ്രകടിപ്പിച്ച്, 1752 ജനുവരി 14 ന് ക്രിസ്തുവിന്റെ രക്തസാക്ഷിയായിത്തീർന്നു. 1756 മുതൽ ആരംഭിച്ച നാമകരണനടപടികളുടെ സമാപനമാണ് ഇന്ന് പൂർത്തിയാകുന്നത്. നമ്മുടെയൊക്കെ ക്രൈസ്തവജീവിതങ്ങളെ കൂടുതൽ പ്രോജ്വലിപ്പിക്കുവാൻ വിശുദ്ധ ദൈവസഹായം പിള്ളയുടെ ക്രിസ്തുസാക്ഷ്യം ഇടവരുത്തട്ടെ.

നാമിന്ന് വായിച്ചുകേട്ട സുവിശേഷഭാഗത്തിന്റെ വെളിച്ചത്തിൽ ദൈവസഹായം പിള്ളയുടെ ജീവിതത്തെ നോക്കിക്കാണുമ്പോൾ, നമ്മിൽ ഉയരുന്ന ചോദ്യമിതാണ്: ഹൈന്ദവനായിരുന്ന, ക്രിസ്തുവിനെക്കുറിച്ച് അറിയാതിരുന്ന നീലകണ്ഠപിള്ളയുടെ അടുത്തേക്ക്, ഇന്നത്തെ സുവിശേഷത്തിൽ പറയുന്ന പോലെ തനിക്കുമുന്പേ ക്രിസ്തു ആരെയാണ് അയച്ചത്? അതറിയാൻ തിരുവിതാംകൂറിന്റെ ചരിത്രത്തിലേയ്ക്കൊന്ന് എത്തിനോക്കണം. നാമൊക്കെ ആറാം ക്ളാസിലോ, എട്ടാംക്ലാസ്സിലോ പഠിച്ച കുളച്ചൽ യുദ്ധം ഒന്ന് ഓർമിച്ചെടുക്കണം. 1741 ൽ ഡച്ച് നേവൽ കമാൻഡർ എവ്‌സ്റ്റാക്കിയൂസ് ഡേ ലെനായിയുടെ (Eustachius De Lannoy) നേതൃത്വത്തിൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യവും, തിരുവതാംകൂർ രാജാവിന്റെ സൈന്യവും കുളച്ചൽ എന്ന സ്ഥലത്തുവച്ചു ഒരു യുദ്ധം നടന്നു. അതാണ് കേരളചരിത്രത്തിൽ പ്രസിദ്ധമായ കുളച്ചൽ യുദ്ധമെന്ന് (Battle of Colachel) അറിയപ്പെടുന്നത്. ആ യുദ്ധത്തിൽ തിരുവതാംകൂർ ജയിച്ചു. രാജാവ് തടവുകാരായി പിടിച്ചതിൽ എവ്‌സ്റ്റാക്കിയൂസ് ഡെ ലെനായിയും ഉണ്ടായിരുന്നു. രാജാവ് അദ്ദേഹത്തെ സൈന്യത്തിന്റെ പരിശീലകനാക്കി. കൊട്ടാരം മേലന്വേഷകനായിരുന്ന നീലകണ്ഠപിള്ളയുടെ ജീവിതത്തിലേക്ക് ക്രിസ്തു കടന്നുവരുന്നതിനുള്ള വഴിയൊരുങ്ങിയത് അങ്ങനെയായിരുന്നു. ഡെ ലെനായിയും, നീലകണ്ഠപിള്ളയും സുഹൃത്തുക്കളാകാൻ അധികസമയം എടുത്തില്ല. ആ സൗഹൃദമാണ് ക്രിസ്തുവിന്റെ രാക്ഷസാക്ഷിയാകുവാനുള്ള വഴിയിലേക്ക് നീലകണ്ഠപിള്ളയെ നയിച്ചത്. ഡെ ലെനായി വഴി നീലകണ്ഠപിള്ള ക്രിസ്തുവിനെ അറിഞ്ഞപ്പോൾ അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചു. കൂടെ, അദ്ദേഹത്തിന്റെ ഭാര്യ ജ്ഞാനപ്പൂ, ത്രേസ്യാ എന്ന പേര് സ്വീകരിച്ച് ക്രിസ്ത്യാനിയായിത്തീർന്നു.

ഇവിടെയാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പ്രസക്തി. ഈ സുവിശേഷഭാഗം പന്ത്രണ്ട് ശിഷ്യന്മാരെ അയയ്ക്കുന്ന വിവരണമല്ല. 72 ശിഷ്യന്മാരെ അയയ്ക്കുന്ന വിവരണമാണ് നമുക്ക് നൽകുന്നത്. അതായത്, ഈശോ തിരഞ്ഞെടുത്ത പന്ത്രണ്ട് പേര് മാത്രമല്ല, ഈശോയുടെ ഓരോ ശിഷ്യയും, ശിഷ്യനും, ക്രൈസ്തവരെല്ലാവരും അയയ്ക്കപ്പെടുന്നവരാണ്, മിഷനറിമാരാണ്. ക്രിസ്തുവിന്റെ മനോഭാവം സ്വീകരിച്ചുകൊണ്ട്, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കേണ്ടവരാണ്; ക്രിസ്തുവിന്റെ സമാധാനം ഓരോ ഹൃദയത്തിലും, ഓരോ കുടുംബത്തിലും നൽകുവാൻ വിളിക്കപ്പെട്ടവരാണ്. നോക്കുക, മടിശീലയോ, സഞ്ചിയോ, ചെരുപ്പോ…..ക്രൈസ്തവജീവിതം, മിഷനറിപ്രവർത്തനം ദൈവപരിപാലനയിൽ  ആശ്രയിച്ചുള്ളതായിരിക്കണം എന്നതാണ് ഇവിടെ വിവക്ഷ! ഇന്നത്തെ തലമുറയ്ക്കിത് വെറും തമാശയായിട്ട് തോന്നാം. ഈശോയെ ഒന്ന് നന്നായി ട്രോളാനും തോന്നും. ഇനിയും….ആശംസിക്കേണ്ടത് ക്രിസ്തുവിന്റെ സമാധാനമാണ്…കൈമാറേണ്ടത് ക്രിസ്തുവിന്റെ സൗഖ്യമാണ്….പ്രഘോഷിക്കേണ്ടത് ദൈവരാജ്യമാണ്!

ഇന്ന്, കണക്കിൽപെടുത്തിയും, കണക്കിൽ പെടാതെയും മടിശീലകൾ ഉള്ളപ്പോൾ, സ്വരുക്കൂട്ടിവച്ചിരിക്കുന്ന സഞ്ചികളുള്ളപ്പോൾ, സ്വന്തം പ്ലാനുകളുടേയും, പദ്ധതികളുടെയും ചെരുപ്പുകൾ ഉള്ളപ്പോൾ (ചെരുപ്പ് സ്വന്തം അളവിന്റെ, സ്വന്തം കണക്കുകൂട്ടലുകളുടെ പ്രതീകമാണ്) ഈ ദൈവവചനഭാഗം മനസ്സിലാക്കുവാൻ ഇന്നത്തെ തലമുറയ്ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും!!! സമ്പത്തുകൊണ്ടുള്ള ആർഭാടങ്ങളായി ക്രൈസ്തവരുടെ, ക്രൈസ്തവസഭയുടെ പ്രേഷിതപ്രവർത്തനങ്ങൾ മാറുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!! അതല്ലെങ്കിൽ, നമ്മുടെ പ്രേഷിത പ്രേഷിതപ്രവർത്തനങ്ങളെ അവയുടെ വിശുദ്ധിയിൽ, നന്മയിൽ കാണുവാൻ മറ്റുള്ളവർക്ക് സാധിക്കുന്നില്ലായെന്നത് ഒരു പരാമർത്ഥമല്ലേ? ക്രിസ്തുവിന്റെ മനോഭാവമില്ലാതെ, പ്രേഷിതപ്രവർത്തനം നടത്തിയാൽ ആ പ്രവർത്തനങ്ങളെല്ലാം അലസിപ്പോകുമെന്നതിന് സംശയംവേണ്ട!

നാമിന്ന് നമ്മോട് തന്നെ ചോദിക്കേണ്ടത് ഇങ്ങനെയാണ്: എന്റെ ജീവിതം വഴി, എന്റെ പ്രവർത്തികൾവഴി, എന്റെ ഇടപെടലുകൾ വഴി, എന്റെ പ്രേഷിത പ്രവർത്തനങ്ങൾ വഴി, വൈദിക സന്യാസ ജീവിതം വഴി എത്ര പേർക്ക് ക്രിസ്തുവിനെ നൽകുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്? എത്ര പേരുടെ ജീവിതങ്ങളെ ക്രിസ്തുവിലേക്ക് ആകർഷിക്കുവാൻ എനിക്ക് സാധിക്കുന്നുണ്ട്? ഓർക്കുക, ഒരു ദൈവസഹായം പിള്ളയെ, ആയിരം ദൈവസഹായം പിള്ളമാരെ ക്രിസ്തുവിനായി നേടുവാനാണ് സഭ സ്വഭാവത്താലേ മിഷനറിയായിരിക്കുന്നത്. പാതിവഴിയിൽ പ്രേഷിതപ്രവർത്തനം അവസാനിപ്പിച്ച്, എല്ലാറ്റിനോടും കോമ്പ്രമൈസ് ചെയ്‌ത്‌ നാമമാത്ര ക്രൈസ്തവരായി തീരുന്നതിൽ നമുക്കാർക്കും അത്ര വലിയ സങ്കടം ഒന്നും ഇല്ല. ക്രിസ്തുവിന്റെ മിഷനറിയുടെ കാഴ്ചകളും കാഴ്ചപ്പാടുകളും നമുക്കെവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു!! ക്രിസ്തുമതമെന്നത് വെറുമൊരു മതം മാത്രമല്ലെന്നും, ലോകരക്ഷകനായ, ഏകരക്ഷകനായ ക്രിസ്തുവിന്റെ കാരുണ്യവും, സ്നേഹവും നിറഞ്ഞു നിൽക്കുന്ന സാഗരമാണെന്നും ലോകത്തോട് പറയുവാൻ ഇനിയും നാം മടികാണിക്കരുത്.

മിഷനറി പ്രവർത്തനം മറന്ന പ്രേഷിതസഭയായി, ക്രിസ്തുസഭയായി നാം മാറിയിട്ടില്ലേ എന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയിലെ സുവിശേഷഭാഗം ലോകം എങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവാൻ നമ്മെ ആഹ്വാനം ചെയ്തുവല്ലോ? ഇപ്പോൾ കപട മതേതരത്വത്തിന്റെ പേരിൽ, പ്രശ്നങ്ങളുണ്ടകുമെന്ന് ഭയന്ന്, അതുമല്ലെങ്കിൽ മതമർദ്ദനം ഭയന്ന് നാം ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ മടികാണിക്കുന്നു. നാം അയയ്ക്കപ്പെട്ട ജനമാണ് എന്നും, ക്രിസ്തുവിനെ പ്രഘോഷിക്കേണ്ടവരാണെന്നും, ദൈവരാജ്യത്തിലേക്ക് മറ്റുള്ളവരെക്കൂടി ക്ഷണിക്കേണ്ടവരാണെന്നും, അതാണ് അത് മാത്രമാണ് നമ്മുടെ കടമയെന്നും നാം സൗകര്യപൂർവം മറക്കുന്നു!!! 

അയയ്ക്കപ്പെടുമ്പോഴുണ്ടാകുന്ന, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുമ്പോഴുണ്ടാകുന്ന, ക്രിസ്തുവിന്റെ ചൈതന്യത്തിൽ ജീവിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നമ്മെ അയയ്ക്കുന്ന ക്രിസ്തു ബോധവാനാണ്. അവിടുന്ന് പറയുന്നു: ”…ഏതെങ്കിലും നഗരത്തിൽ പ്രവേശിക്കുമ്പോൾ അവർ നിങ്ങളെ സ്വീകരിക്കാതിരുന്നാൽ…”. ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സന്ദേശത്തെ, ക്രിസ്തുവിന്റെ ശിഷ്യഗണങ്ങളെ സ്വീകരിക്കാതിരിക്കുക ലോകത്തിന്റെ സ്വഭാവമാണ്. വിശുദ്ധ യോഹന്നാൻ തന്റെ സുവിശേഷത്തിന്റെ ആരംഭത്തിൽ തന്നെ ലോകത്തിന്റെ ഈ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. “അവൻ സ്വജനത്തിന്റെ അടുത്തേക്ക് വന്നു. എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല.” (യോഹ 1, 11)

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയുടെ ജീവിതത്തിലും തിരസ്കരണത്തിന്റെ അനുഭവങ്ങളുണ്ടായിരുന്നു. രാജാവോ, സൈന്യമോ, സുഹൃത്തുക്കളോ അദ്ദേഹത്തെ സ്വീകരിച്ചില്ല. അവർ അദ്ദേഹത്തെ ശ്വാസം മുട്ടിച്ചുകൊള്ളാൻ നോക്കി. ഘർവാപ്പസിക്കായി അദ്ദേഹത്തെ നിർബന്ധിപ്പിച്ചു. അദ്ദേഹത്തിന്റെ അവസാന നാളുകൾ കഠിനയാതനകളുടേതായിരുന്നു, കൊടുംപീഡനങ്ങളുടേതായിരുന്നു. അതിനിടയിലും, ദൈവത്തിന്റെ പരിപാലന അദ്ദേഹം അനുഭവിച്ചു. അവസാനം മൂന്ന് പടയാളികൾ നിരന്നുനിന്ന് ഒരേ സമയം വെടിവച്ചെങ്കിലും ഒരു വെടിയുണ്ടപോലും അദ്ദേഹത്തെ സ്പർശിച്ചില്ല. ഭടന്മാരുടെ നിസ്സഹായാവസ്ഥകണ്ട്‌, ഒരിക്കൽക്കൂടി വെടിവയ്ക്കാൻ ദേവസഹായം പിള്ള ആവശ്യപ്പെട്ടു. വെടിയേറ്റുവീണ് അദ്ദേഹത്തിന്റെ ശരീരം വന്യമൃഗങ്ങൾക്ക് ആഹരമായി.

അത് നീലകണ്ഠപിള്ളയുടെ അവസാനമായിരുന്നെന്ന് രാജാവും ആളുകളും വിചാരിച്ചു. എന്നാൽ, അത് ദൈവസഹായത്തിന്റെ ആരംഭമായിരുന്നു. The beginning of the birth of a saint!

സ്നേഹമുള്ളവരേ, ഈശോ 72 പേരെ തനിക്ക് മുന്പേ അയച്ചതുപോലെ, നാം ആയിരിക്കുന്ന സാഹചര്യങ്ങളിലേക്ക് നമ്മെയും ഈശോ അയയ്ക്കുകയാണ്. നാം എവിടെയായിരുന്നാലും, വീട്ടിലായാലും, ജോലിസ്ഥലത്തായാലും, സ്കൂളിലായാലും, സുഹൃത്തുക്കളോടൊത്തായാലും ഈശോ നമ്മെ അയച്ചിരിക്കുന്നതാണ്. കണ്ടുമുട്ടുന്നവരിൽ ക്രിസ്തുവിന്റെ സമാധാനം ആശംസിക്കുവാനും, ക്രിസ്തുവിന്റെ സൗഖ്യം നൽകാനും, ദൈവരാജ്യം പ്രഘോഷിക്കുവാനും ഈശോ നമ്മെ അയക്കുന്നതാണ്. ക്രിസ്തുവിനെ രുചിച്ചറിയുവാനും, ക്രിസ്തുവിന്റെ സുഗന്ധം പരത്തുവാനും നമുക്കാകട്ടെ. കോവിഡ് രോഗികളാകാതിരിക്കട്ടെ നാം. കോവിഡ് രോഗികളെപ്പോലെയാണെങ്കിൽ ക്രിസ്തുവിനെ രുചിച്ചറിയാൻ നമുക്കാകില്ല. ക്രിസ്തുവിന്റെ പരിമളം, സുഗന്ധം മണത്തറിയുവാൻ നമുക്കാകില്ല.

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നതിൽ സന്തോഷിക്കുന്നതോടൊപ്പം, ലോകം മുഴുവനും, ഭാരതം മുഴുവനും ക്രിസ്തുവിന്റെ സന്ദേശം സ്വീകരിക്കുവാനും ക്രിസ്തുവിനെ മഹത്വപ്പെടുത്തുവാനും ഇടയാകട്ടെയെന്ന് പ്രാർത്ഥിക്കാം. മുന്നോട്ട് പോകണം നമ്മൾ ക്രിസ്തുവിൻ സാക്ഷികളായി! ആമേൻ!