SUNDAY SERMON LK 10, 1-12

ഉയിർപ്പുകാലം അഞ്ചാം ഞായർ

ലൂക്ക 10, 1-12

ഇന്ന് 2022 മേയ് 15. ലോകത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവരെല്ലാം തിരുസ്സഭയെ വളരെയേറെ മമതയോടും അഭിമാനത്തോടും കൂടി നോക്കിക്കാണുന്ന ദിനം. കേരളത്തിന്റെ തലസ്ഥാന നഗരിയ്‌ക്കടുത്തുള്ള നട്ടാലം ഗ്രാമത്തിൽ മരുതംകുളങ്ങര വാസുദേവൻ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും മകനായി 1712 ഏപ്രിൽ 23 ന് ജനിച്ച നീലകണ്ഠപിള്ള എന്ന ദൈവസഹായം പിള്ളയെ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുകയാണിന്ന്.  വിനായക് നിർമൽ എന്ന എഴുത്തുകാരൻ “ദീപനാളം” വാരികയിൽ എഴുതിയതുപോലെ, “ഒരു വിശ്വാസജീവിതംകൂടി പീഠത്തിൽ കൊളുത്തിവച്ച വിളക്കുപോലെ അൾത്താരയിൽ തെളിയുകയാണ്.” 

നമ്മിൽ എത്രപേർക്ക് അറിയാം ഇന്ന് വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഭാരതീയനായ ആദ്യ രക്തസാക്ഷിയും അത്മായ വിശുദ്ധനുമായ ദേവസഹായംപിള്ളയെക്കുറിച്ച്! നല്ല പാരമ്പര്യ ഹൈന്ദവനായിരുന്നിട്ടും, ക്രിസ്തുവിനെ അറിഞ്ഞപ്പോൾ നീലകണ്ഠപിള്ളക്ക് നാല്പതുവയസ്സുപോലും തികഞ്ഞിരുന്നില്ല. ക്രിസ്ത്യാനിയാകുക എന്നത് രക്തസാക്ഷിത്വത്തിലേക്കുള്ള വഴിയാണെന്നറിഞ്ഞിട്ടും, ക്രിസ്തുവിനെ കർത്താവും ദൈവവുമായി ഏറ്റുപറയുവാൻ അദ്ദേഹം ഒട്ടും മടികാണിച്ചില്ല.  തിരുവതാംകൂർ രാജാവിന്റെ സൈന്യാധിപനും, കൊട്ടാരമേലന്വേഷകനുമായിരുന്ന അദ്ദേഹം ക്രിസ്തുവിനെപ്രതി ഭൗതികമായിട്ടുള്ളതെല്ലാം ഉച്ഛിഷ്ടംപോലെ കരുതി. ജന്മംകൊണ്ട് ക്രിസ്ത്യാനികളായിത്തീർന്ന നമ്മെക്കാൾ വിശ്വാസതീക്ഷ്ണതയും, ദൈവസ്നേഹവും ജീവിതത്തിൽ പ്രകടിപ്പിച്ച്, 1752 ജനുവരി 14 ന് ക്രിസ്തുവിന്റെ രക്തസാക്ഷിയായിത്തീർന്നു. 1756 മുതൽ ആരംഭിച്ച നാമകരണനടപടികളുടെ സമാപനമാണ് ഇന്ന് പൂർത്തിയാകുന്നത്. നമ്മുടെയൊക്കെ ക്രൈസ്തവജീവിതങ്ങളെ കൂടുതൽ പ്രോജ്വലിപ്പിക്കുവാൻ വിശുദ്ധ ദൈവസഹായം പിള്ളയുടെ ക്രിസ്തുസാക്ഷ്യം ഇടവരുത്തട്ടെ.

നാമിന്ന് വായിച്ചുകേട്ട സുവിശേഷഭാഗത്തിന്റെ വെളിച്ചത്തിൽ ദൈവസഹായം പിള്ളയുടെ ജീവിതത്തെ നോക്കിക്കാണുമ്പോൾ, നമ്മിൽ ഉയരുന്ന ചോദ്യമിതാണ്: ഹൈന്ദവനായിരുന്ന, ക്രിസ്തുവിനെക്കുറിച്ച് അറിയാതിരുന്ന നീലകണ്ഠപിള്ളയുടെ അടുത്തേക്ക്, ഇന്നത്തെ സുവിശേഷത്തിൽ പറയുന്ന പോലെ തനിക്കുമുന്പേ ക്രിസ്തു ആരെയാണ് അയച്ചത്? അതറിയാൻ തിരുവിതാംകൂറിന്റെ ചരിത്രത്തിലേയ്ക്കൊന്ന് എത്തിനോക്കണം. നാമൊക്കെ ആറാം ക്ളാസിലോ, എട്ടാംക്ലാസ്സിലോ പഠിച്ച കുളച്ചൽ യുദ്ധം ഒന്ന് ഓർമിച്ചെടുക്കണം. 1741 ൽ ഡച്ച് നേവൽ കമാൻഡർ എവ്‌സ്റ്റാക്കിയൂസ് ഡേ ലെനായിയുടെ (Eustachius De Lannoy) നേതൃത്വത്തിൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യവും, തിരുവതാംകൂർ രാജാവിന്റെ സൈന്യവും കുളച്ചൽ എന്ന സ്ഥലത്തുവച്ചു ഒരു യുദ്ധം നടന്നു. അതാണ് കേരളചരിത്രത്തിൽ പ്രസിദ്ധമായ കുളച്ചൽ യുദ്ധമെന്ന് (Battle of Colachel) അറിയപ്പെടുന്നത്. ആ യുദ്ധത്തിൽ തിരുവതാംകൂർ ജയിച്ചു. രാജാവ് തടവുകാരായി പിടിച്ചതിൽ എവ്‌സ്റ്റാക്കിയൂസ് ഡെ ലെനായിയും ഉണ്ടായിരുന്നു. രാജാവ് അദ്ദേഹത്തെ സൈന്യത്തിന്റെ പരിശീലകനാക്കി. കൊട്ടാരം മേലന്വേഷകനായിരുന്ന നീലകണ്ഠപിള്ളയുടെ ജീവിതത്തിലേക്ക് ക്രിസ്തു കടന്നുവരുന്നതിനുള്ള വഴിയൊരുങ്ങിയത് അങ്ങനെയായിരുന്നു. ഡെ ലെനായിയും, നീലകണ്ഠപിള്ളയും സുഹൃത്തുക്കളാകാൻ അധികസമയം എടുത്തില്ല. ആ സൗഹൃദമാണ് ക്രിസ്തുവിന്റെ രാക്ഷസാക്ഷിയാകുവാനുള്ള വഴിയിലേക്ക് നീലകണ്ഠപിള്ളയെ നയിച്ചത്. ഡെ ലെനായി വഴി നീലകണ്ഠപിള്ള ക്രിസ്തുവിനെ അറിഞ്ഞപ്പോൾ അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചു. കൂടെ, അദ്ദേഹത്തിന്റെ ഭാര്യ ജ്ഞാനപ്പൂ, ത്രേസ്യാ എന്ന പേര് സ്വീകരിച്ച് ക്രിസ്ത്യാനിയായിത്തീർന്നു.

ഇവിടെയാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പ്രസക്തി. ഈ സുവിശേഷഭാഗം പന്ത്രണ്ട് ശിഷ്യന്മാരെ അയയ്ക്കുന്ന വിവരണമല്ല. 72 ശിഷ്യന്മാരെ അയയ്ക്കുന്ന വിവരണമാണ് നമുക്ക് നൽകുന്നത്. അതായത്, ഈശോ തിരഞ്ഞെടുത്ത പന്ത്രണ്ട് പേര് മാത്രമല്ല, ഈശോയുടെ ഓരോ ശിഷ്യയും, ശിഷ്യനും, ക്രൈസ്തവരെല്ലാവരും അയയ്ക്കപ്പെടുന്നവരാണ്, മിഷനറിമാരാണ്. ക്രിസ്തുവിന്റെ മനോഭാവം സ്വീകരിച്ചുകൊണ്ട്, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കേണ്ടവരാണ്; ക്രിസ്തുവിന്റെ സമാധാനം ഓരോ ഹൃദയത്തിലും, ഓരോ കുടുംബത്തിലും നൽകുവാൻ വിളിക്കപ്പെട്ടവരാണ്. നോക്കുക, മടിശീലയോ, സഞ്ചിയോ, ചെരുപ്പോ…..ക്രൈസ്തവജീവിതം, മിഷനറിപ്രവർത്തനം ദൈവപരിപാലനയിൽ  ആശ്രയിച്ചുള്ളതായിരിക്കണം എന്നതാണ് ഇവിടെ വിവക്ഷ! ഇന്നത്തെ തലമുറയ്ക്കിത് വെറും തമാശയായിട്ട് തോന്നാം. ഈശോയെ ഒന്ന് നന്നായി ട്രോളാനും തോന്നും. ഇനിയും….ആശംസിക്കേണ്ടത് ക്രിസ്തുവിന്റെ സമാധാനമാണ്…കൈമാറേണ്ടത് ക്രിസ്തുവിന്റെ സൗഖ്യമാണ്….പ്രഘോഷിക്കേണ്ടത് ദൈവരാജ്യമാണ്!

ഇന്ന്, കണക്കിൽപെടുത്തിയും, കണക്കിൽ പെടാതെയും മടിശീലകൾ ഉള്ളപ്പോൾ, സ്വരുക്കൂട്ടിവച്ചിരിക്കുന്ന സഞ്ചികളുള്ളപ്പോൾ, സ്വന്തം പ്ലാനുകളുടേയും, പദ്ധതികളുടെയും ചെരുപ്പുകൾ ഉള്ളപ്പോൾ (ചെരുപ്പ് സ്വന്തം അളവിന്റെ, സ്വന്തം കണക്കുകൂട്ടലുകളുടെ പ്രതീകമാണ്) ഈ ദൈവവചനഭാഗം മനസ്സിലാക്കുവാൻ ഇന്നത്തെ തലമുറയ്ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും!!! സമ്പത്തുകൊണ്ടുള്ള ആർഭാടങ്ങളായി ക്രൈസ്തവരുടെ, ക്രൈസ്തവസഭയുടെ പ്രേഷിതപ്രവർത്തനങ്ങൾ മാറുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!! അതല്ലെങ്കിൽ, നമ്മുടെ പ്രേഷിത പ്രേഷിതപ്രവർത്തനങ്ങളെ അവയുടെ വിശുദ്ധിയിൽ, നന്മയിൽ കാണുവാൻ മറ്റുള്ളവർക്ക് സാധിക്കുന്നില്ലായെന്നത് ഒരു പരാമർത്ഥമല്ലേ? ക്രിസ്തുവിന്റെ മനോഭാവമില്ലാതെ, പ്രേഷിതപ്രവർത്തനം നടത്തിയാൽ ആ പ്രവർത്തനങ്ങളെല്ലാം അലസിപ്പോകുമെന്നതിന് സംശയംവേണ്ട!

നാമിന്ന് നമ്മോട് തന്നെ ചോദിക്കേണ്ടത് ഇങ്ങനെയാണ്: എന്റെ ജീവിതം വഴി, എന്റെ പ്രവർത്തികൾവഴി, എന്റെ ഇടപെടലുകൾ വഴി, എന്റെ പ്രേഷിത പ്രവർത്തനങ്ങൾ വഴി, വൈദിക സന്യാസ ജീവിതം വഴി എത്ര പേർക്ക് ക്രിസ്തുവിനെ നൽകുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്? എത്ര പേരുടെ ജീവിതങ്ങളെ ക്രിസ്തുവിലേക്ക് ആകർഷിക്കുവാൻ എനിക്ക് സാധിക്കുന്നുണ്ട്? ഓർക്കുക, ഒരു ദൈവസഹായം പിള്ളയെ, ആയിരം ദൈവസഹായം പിള്ളമാരെ ക്രിസ്തുവിനായി നേടുവാനാണ് സഭ സ്വഭാവത്താലേ മിഷനറിയായിരിക്കുന്നത്. പാതിവഴിയിൽ പ്രേഷിതപ്രവർത്തനം അവസാനിപ്പിച്ച്, എല്ലാറ്റിനോടും കോമ്പ്രമൈസ് ചെയ്‌ത്‌ നാമമാത്ര ക്രൈസ്തവരായി തീരുന്നതിൽ നമുക്കാർക്കും അത്ര വലിയ സങ്കടം ഒന്നും ഇല്ല. ക്രിസ്തുവിന്റെ മിഷനറിയുടെ കാഴ്ചകളും കാഴ്ചപ്പാടുകളും നമുക്കെവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു!! ക്രിസ്തുമതമെന്നത് വെറുമൊരു മതം മാത്രമല്ലെന്നും, ലോകരക്ഷകനായ, ഏകരക്ഷകനായ ക്രിസ്തുവിന്റെ കാരുണ്യവും, സ്നേഹവും നിറഞ്ഞു നിൽക്കുന്ന സാഗരമാണെന്നും ലോകത്തോട് പറയുവാൻ ഇനിയും നാം മടികാണിക്കരുത്.

മിഷനറി പ്രവർത്തനം മറന്ന പ്രേഷിതസഭയായി, ക്രിസ്തുസഭയായി നാം മാറിയിട്ടില്ലേ എന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയിലെ സുവിശേഷഭാഗം ലോകം എങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവാൻ നമ്മെ ആഹ്വാനം ചെയ്തുവല്ലോ? ഇപ്പോൾ കപട മതേതരത്വത്തിന്റെ പേരിൽ, പ്രശ്നങ്ങളുണ്ടകുമെന്ന് ഭയന്ന്, അതുമല്ലെങ്കിൽ മതമർദ്ദനം ഭയന്ന് നാം ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ മടികാണിക്കുന്നു. നാം അയയ്ക്കപ്പെട്ട ജനമാണ് എന്നും, ക്രിസ്തുവിനെ പ്രഘോഷിക്കേണ്ടവരാണെന്നും, ദൈവരാജ്യത്തിലേക്ക് മറ്റുള്ളവരെക്കൂടി ക്ഷണിക്കേണ്ടവരാണെന്നും, അതാണ് അത് മാത്രമാണ് നമ്മുടെ കടമയെന്നും നാം സൗകര്യപൂർവം മറക്കുന്നു!!! 

അയയ്ക്കപ്പെടുമ്പോഴുണ്ടാകുന്ന, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുമ്പോഴുണ്ടാകുന്ന, ക്രിസ്തുവിന്റെ ചൈതന്യത്തിൽ ജീവിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നമ്മെ അയയ്ക്കുന്ന ക്രിസ്തു ബോധവാനാണ്. അവിടുന്ന് പറയുന്നു: ”…ഏതെങ്കിലും നഗരത്തിൽ പ്രവേശിക്കുമ്പോൾ അവർ നിങ്ങളെ സ്വീകരിക്കാതിരുന്നാൽ…”. ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സന്ദേശത്തെ, ക്രിസ്തുവിന്റെ ശിഷ്യഗണങ്ങളെ സ്വീകരിക്കാതിരിക്കുക ലോകത്തിന്റെ സ്വഭാവമാണ്. വിശുദ്ധ യോഹന്നാൻ തന്റെ സുവിശേഷത്തിന്റെ ആരംഭത്തിൽ തന്നെ ലോകത്തിന്റെ ഈ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. “അവൻ സ്വജനത്തിന്റെ അടുത്തേക്ക് വന്നു. എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല.” (യോഹ 1, 11)

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയുടെ ജീവിതത്തിലും തിരസ്കരണത്തിന്റെ അനുഭവങ്ങളുണ്ടായിരുന്നു. രാജാവോ, സൈന്യമോ, സുഹൃത്തുക്കളോ അദ്ദേഹത്തെ സ്വീകരിച്ചില്ല. അവർ അദ്ദേഹത്തെ ശ്വാസം മുട്ടിച്ചുകൊള്ളാൻ നോക്കി. ഘർവാപ്പസിക്കായി അദ്ദേഹത്തെ നിർബന്ധിപ്പിച്ചു. അദ്ദേഹത്തിന്റെ അവസാന നാളുകൾ കഠിനയാതനകളുടേതായിരുന്നു, കൊടുംപീഡനങ്ങളുടേതായിരുന്നു. അതിനിടയിലും, ദൈവത്തിന്റെ പരിപാലന അദ്ദേഹം അനുഭവിച്ചു. അവസാനം മൂന്ന് പടയാളികൾ നിരന്നുനിന്ന് ഒരേ സമയം വെടിവച്ചെങ്കിലും ഒരു വെടിയുണ്ടപോലും അദ്ദേഹത്തെ സ്പർശിച്ചില്ല. ഭടന്മാരുടെ നിസ്സഹായാവസ്ഥകണ്ട്‌, ഒരിക്കൽക്കൂടി വെടിവയ്ക്കാൻ ദേവസഹായം പിള്ള ആവശ്യപ്പെട്ടു. വെടിയേറ്റുവീണ് അദ്ദേഹത്തിന്റെ ശരീരം വന്യമൃഗങ്ങൾക്ക് ആഹരമായി.

അത് നീലകണ്ഠപിള്ളയുടെ അവസാനമായിരുന്നെന്ന് രാജാവും ആളുകളും വിചാരിച്ചു. എന്നാൽ, അത് ദൈവസഹായത്തിന്റെ ആരംഭമായിരുന്നു. The beginning of the birth of a saint!

സ്നേഹമുള്ളവരേ, ഈശോ 72 പേരെ തനിക്ക് മുന്പേ അയച്ചതുപോലെ, നാം ആയിരിക്കുന്ന സാഹചര്യങ്ങളിലേക്ക് നമ്മെയും ഈശോ അയയ്ക്കുകയാണ്. നാം എവിടെയായിരുന്നാലും, വീട്ടിലായാലും, ജോലിസ്ഥലത്തായാലും, സ്കൂളിലായാലും, സുഹൃത്തുക്കളോടൊത്തായാലും ഈശോ നമ്മെ അയച്ചിരിക്കുന്നതാണ്. കണ്ടുമുട്ടുന്നവരിൽ ക്രിസ്തുവിന്റെ സമാധാനം ആശംസിക്കുവാനും, ക്രിസ്തുവിന്റെ സൗഖ്യം നൽകാനും, ദൈവരാജ്യം പ്രഘോഷിക്കുവാനും ഈശോ നമ്മെ അയക്കുന്നതാണ്. ക്രിസ്തുവിനെ രുചിച്ചറിയുവാനും, ക്രിസ്തുവിന്റെ സുഗന്ധം പരത്തുവാനും നമുക്കാകട്ടെ. കോവിഡ് രോഗികളാകാതിരിക്കട്ടെ നാം. കോവിഡ് രോഗികളെപ്പോലെയാണെങ്കിൽ ക്രിസ്തുവിനെ രുചിച്ചറിയാൻ നമുക്കാകില്ല. ക്രിസ്തുവിന്റെ പരിമളം, സുഗന്ധം മണത്തറിയുവാൻ നമുക്കാകില്ല.

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നതിൽ സന്തോഷിക്കുന്നതോടൊപ്പം, ലോകം മുഴുവനും, ഭാരതം മുഴുവനും ക്രിസ്തുവിന്റെ സന്ദേശം സ്വീകരിക്കുവാനും ക്രിസ്തുവിനെ മഹത്വപ്പെടുത്തുവാനും ഇടയാകട്ടെയെന്ന് പ്രാർത്ഥിക്കാം. മുന്നോട്ട് പോകണം നമ്മൾ ക്രിസ്തുവിൻ സാക്ഷികളായി! ആമേൻ!