SUNDAY SERMON JN 15, 1-8

കൈത്താക്കാലം രണ്ടാം ഞായർ

നിയമാവർത്തനം 28, 1-14

പ്രഭാഷകൻ 10, 19-25

റോമാ 11, 17-24

യോഹ 15, 1-8

വളരെ മനോഹരമായ ഒരു രൂപകകഥയുമായാണ് (Allegory) ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. ഇസ്രായേൽക്കാരുടെ ജീവിതപശ്ചാത്തലത്തിൽ നിന്ന്, അവരുടെ കാർഷിക സംസ്കാരത്തിൽ നിന്ന് അടർത്തിയെടുത്ത കഥയായതുകൊണ്ട് ഈ രൂപകകഥയ്ക്ക് ജീവിതത്തിന്റെ പച്ചപ്പുണ്ട്, മണ്ണിന്റെ മണമുണ്ട്. ഇവിടെ നാല് വ്യക്തികളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഒന്ന്, കൃഷിക്കാരൻ. രണ്ട്, മുന്തിരിച്ചെടി. മൂന്ന്, ശാഖകൾ. നാല്, ചെടിയോട് ചേർന്ന് നിൽക്കാത്ത ഉപയോഗശൂന്യരായ ശാഖകൾ.

രൂപകകഥയായതുകൊണ്ട്, നിങ്ങൾക്കറിയാവുന്നതുപോലെ, ഓരോ കഥാപാത്രത്തിനും പ്രതീകാത്മകമായ അർത്ഥങ്ങളുണ്ട് (Symbolic meaning), അർത്ഥതലങ്ങളുണ്ട്. ഇതിലെ കൃഷിക്കാരൻ പിതാവായ ദൈവമാണ്. മുന്തിരിച്ചെടിയാകട്ടെ ക്രിസ്തുവാണ്. ശാഖകൾ ക്രിസ്തുവിൽ വിശ്വസിക്കുന്ന, അവിടുത്തെ ദൈവവും, കർത്താവുമായ ഏറ്റുപറയുന്ന ക്രൈസ്തവരാണ്, നാം ഓരോരുത്തരുമാണ്. ക്രിസ്തുവിനോട് ചേർന്ന് നിൽക്കാത്ത, ക്രിസ്തുവിനെ തള്ളിപ്പറയുന്ന വ്യക്തികളാണ് ഫലംപുറപ്പെടുവിക്കാത്ത ശാഖകൾ. മുന്തിരിച്ചെടിയുടെ ഉപമ ഈ നാല് വ്യക്തികളെ അവതരിപ്പിക്കുകയല്ല ചെയ്യുന്നത്; അവരുടെ ബന്ധത്തിന്റെ കഥയാണ് ഓരോ അടരുകളായി ഈശോ പറഞ്ഞുവയ്ക്കുന്നത്. ഒപ്പം, നമ്മുടെ ബന്ധങ്ങളുടെ കഥയും ഈശോ പറയുകയാണ്.  

ഈ രൂപകകഥയിൽ ആദ്യഭാഗത്തുതന്നെ ഈശോ നാല് കഥാപാത്രങ്ങളെയും അവതരിപ്പിക്കുകയാണ്. കഥപറയുന്നത് ഇങ്ങനെയാണ്: ഞാനാണ് സാക്ഷാൽ മുന്തിരിച്ചെടി. എന്റെ പിതാവാണ് കൃഷിക്കാരൻ. എന്റെ ശാഖകളിൽ ഫലം തരുന്നതിനെ ഞാൻ കൂടുതൽ കരുതലോടെ കാക്കുന്നു. ഫലം തരാത്തതിനെ നീക്കിക്കളയുന്നു, വെട്ടിക്കളയുന്നു, കത്തിച്ചുകളയുന്നു.

ഇത് ബന്ധങ്ങളുടെ കഥയാണ്. ഒന്നാമത്തേത്, കൃഷിക്കാരനും, മുന്തിരിച്ചെടിയും തമ്മിലുള്ള ബന്ധമാണ്; ദൈവവും ക്രിസ്തുവും തമ്മിലുള്ള ബന്ധമാണ്. കൃഷിക്കാരന്റെ ആത്മപ്രകാശനമാണ്, ജീവൻ തന്നെയാണ് അയാൾ നട്ടുവളർത്തുന്ന ഓരോ ചെടിയും. കൃഷിക്കാർക്ക് ഈ ആത്മബന്ധത്തിന്റെ പൊരുൾ പെട്ടെന്ന് മനസ്സിലാകും. അതുപോലെ, ഈ പ്രപഞ്ചത്തിലെ ബന്ധങ്ങളുടെ ഒരു sterling example ആയിട്ടാണ് ദൈവവും ക്രിസ്തുവും തമ്മിലുള്ള ബന്ധം ക്രിസ്തു അവതരിപ്പിക്കുന്നത്. എങ്ങനെയാണ് ദൈവവും, ക്രിസ്തുവും തമ്മിലുള്ള ബന്ധം? വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 10 വാക്യം 30 ൽ ഈശോ പറയുന്നു: “ഞാനും പിതാവും ഒന്നാണ്.” ആ ബന്ധത്തിന്റെ ആഴം കാണണമെങ്കിൽ, ആ ബന്ധത്തിന്റെ മഹത്വം മനസ്സിലാകണമെങ്കിൽ വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 14, വാക്യം 9 വായിക്കണം. “എന്നെ കാണുന്നവൻ എന്റെ പിതാവിനെ കാണുന്നു. ബന്ധങ്ങളുടെ കഥ പറയുന്ന മുന്തിരിച്ചെടിയുടെ ഉപമയുടെ ആദ്യഭാഗത്തു തന്നെ തികച്ചും പൂർണതയുള്ള, സുന്ദരമായ ഒരു ബന്ധത്തെ ഈശോ ചിത്രീകരിക്കുകയാണ്. എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു എന്ന് പറയുന്നതിൽ കൂടുതലായി, ഇതിൽപ്പരം വ്യക്തമായി എങ്ങനെയാണ് പ്രിയപ്പെട്ടവരേ, മാനുഷിക ഭാഷയിൽ ഒരു ബന്ധത്തെ അവതരിപ്പിക്കുക!!

രണ്ടാമത്തേത്, മുന്തിരിച്ചെടിയും ശാഖകളും തമ്മിലുള്ള ബന്ധമാണ്. മുന്തിരിച്ചെടി, ശാഖകൾക്ക് വളരുന്നതിനാവശ്യമായവ കൊടുക്കുവാൻ തയ്യാറായി നിൽക്കുകയാണ്. രണ്ടുതരത്തിലുള്ള ശാഖകളുണ്ട്. ഫലം തരുന്നവയും, ഫലവും തരാത്തവയും. ഫലം തരുന്നവയെ കൂടുതൽ കായ്ക്കുവാനായി വളർത്തുകയും, ഫലം തരാത്തതിനെ മുറിച്ചുകളയുകയും, പിന്നീട് കത്തിച്ചുകളയുകയും ചെയ്യുന്ന രീതിയാണ് മുന്തിരിച്ചെടിയുടെ കർഷകർ പിന്തുടരുന്നത്.  ഒരു ചെടിയും അതിന്റെ ശാഖകളും, ഒരു വൃക്ഷവും അതിന്റെ ശാഖകളും തമ്മിലുള്ള ബന്ധം എങ്ങനെയാണ് എന്ന് നിങ്ങളോട് ഞാൻ വിവരിക്കേണ്ട ആവശ്യമില്ല. ശാഖകൾ ചെടിയോട്, തായ്ത്തടിയോട് ചേർന്നു നിന്നാൽ മാത്രമേ, വെള്ളവും, വളവും വലിച്ചെടുത്തു് പൂവണിയുവാനും, ഫലങ്ങൾ പുറപ്പെടുവിക്കുവാനും കഴിയൂ.

രൂപകകഥയുടെ പ്രതീകാത്മകമായ അർത്ഥത്തിൽ, ക്രിസ്തുവും ക്രൈസ്തവരും തമ്മിലുള്ള ബന്ധമാണ് ഇവിടെ വിവക്ഷ. ശാഖകൾ മുന്തിരിച്ചെടിയോട് ചേർന്ന് നിൽക്കുന്നതുപോലെ, ഓരോ ക്രൈസ്തവനും ക്രിസ്തുവിനോട് ചേർന്ന് നിന്നാൽ മാത്രമേ ഈ ഭൂമിയിലെ മനുഷ്യന്റെ ജീവിതം മനോഹരമാക്കുവാൻ സാധിക്കൂ. ശാഖകൾക്ക് ജീവനുണ്ടാകുവാനും, ആ ജീവൻ സമൃദ്ധിയായി നല്കുവാനുമാണ് മുന്തിരിച്ചെടിയായ ക്രിസ്തു വന്നിരിക്കുന്നത്. ക്രിസ്തുവിൽ വസിച്ചാൽ മാത്രമേ, നമ്മുടെ ജീവിതത്തിൽ ഫലം പുറപ്പെടുവിക്കുവാൻ സാധിക്കുകയുള്ളു. ക്രിസ്തുവിൽ വസിക്കുന്നില്ലെങ്കിൽ ഉണങ്ങിയ ശാഖയായി, ജീവിതം വെറും ഭസ്മമായിത്തീരും.

മുന്തിരിച്ചെടിയുടെ രൂപകകഥ ഈ ഭൂമിയിലുള്ള ബന്ധങ്ങളെപ്പറ്റിയാണ് നമ്മോട് സംസാരിക്കുന്നത്. ആത്മീയജീവിയായ മനുഷ്യൻ ദൈവത്തോടും, സാമൂഹ്യജീവിയായ മനുഷ്യൻ പ്രകൃതിയോടും, പ്രകൃതിയിലെ മനുഷ്യരുൾപ്പെടെ എല്ലാ ജീവജാലങ്ങളോടും ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. ഈ ഭൂമിയിലെ നമ്മുടെ ബന്ധങ്ങൾ എങ്ങനെയായിരിക്കണമെന്നാണ് മുന്തിരിച്ചെടിയുടെ കഥ നമ്മോട് പറയുന്ന സാരോപദേശം. ഇതിനെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമായി മാത്രം വ്യാഖ്യാനിച്ചു് വികൃതമാക്കരുത് നാം. ചോര ചോരയെ തിരിച്ചറിയുന്നു എന്നൊക്കെയുള്ള അറിവ് വച്ചല്ലേ ദൈവവുമായുള്ള നമ്മുടെ ബന്ധംപോലും നാം മനസ്സിലാക്കുന്നത്!!! ദൈവത്തോടൊപ്പം വസിക്കുന്നില്ലെങ്കിൽ, ക്രിസ്തുവിൽ നിന്ന് ജീവനും, ചൈതന്യവും സ്വീകരിക്കുന്നില്ലെങ്കിൽ നാമൊക്കെ കല്ലിന്മേൽ കല്ല് ശേഷിക്കാതെ നശിച്ചുപോകുമെന്നതിന് പ്രത്യേകിച്ച് ഉദാഹരണങ്ങൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ബാബേൽഗോപുരംപോലെ ആകാശം മുട്ടേ പടുത്തുയർത്തിയാലും ദൈവമാകുന്ന, ക്രിസ്തുവാകുന്ന പാറമേലല്ലെങ്കിൽ അവയെല്ലാം കടലാസുഗോപുരംപോലെ തകർന്നുവീഴും; ക്രിസ്തുവിനോടൊത്തല്ലെങ്കിൽ നാമെല്ലാവരും ചിതറിക്കപ്പെടും! ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം മനോഹരമാക്കേണ്ടത് ലൗകിക സമ്പത്തുകൊണ്ടല്ല ഉള്ളിലെ നന്മകൊണ്ടാണ്; ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ഉറപ്പിക്കേണ്ടത് ഫെവിക്കുക്കു കൊണ്ടല്ല ഹൃദയത്തിലെ സ്‌നേഹംകൊണ്ടാണ്.

നമ്മുടെ ബന്ധങ്ങളിൽ നാം ഓർക്കേണ്ട ഒരു കാര്യം, ഒരു ബന്ധവും ആകസ്മികമായി സംഭവിക്കുന്നതല്ല എന്നാണ്. ബന്ധങ്ങളെക്കുറിച്ചു് പറയുമ്പോൾ ഈശോ പറയുന്നത് “ദൈവം യോജിപ്പിച്ചത്’ എന്നാണ്. അത് വിവാഹ ബന്ധത്തിന് മാത്രമല്ല, എല്ലാ ബന്ധങ്ങൾക്കും ഇണങ്ങും. ഒരാളുടെ സൗഹൃദങ്ങൾ, ഭാര്യാഭർത്തൃബന്ധങ്ങൾ, മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധങ്ങൾ, സഹോദരീ സഹോദരങ്ങൾ തമ്മിലുള്ള ബന്ധം, ടീച്ചറും കുട്ടികളും തമ്മിലുള്ള ബന്ധം, ജോലിചെയ്യുന്ന സ്ഥാപനവുമായുള്ള ബന്ധം, ഓടിക്കുന്ന വാഹനങ്ങളുമായുള്ള മാനസിക അടുപ്പം, കളിക്കുന്ന പാവക്കുട്ടിയുമായുള്ള കുട്ടിയുടെ അടുപ്പം …എല്ലാ ബന്ധങ്ങൾക്കും ക്രിസ്തുവിന്റെ കണക്കും കരുതലും ഉണ്ട്. ഒരാൾ ഒരു പ്രത്യേക കുടുംബവൃക്ഷത്തിന്റെ ചില്ലയിൽ പൊടിച്ചു എന്നതിൽ ദൈവത്തിന്റെ പരിപാലനവും തീരുമാനവും ഉണ്ട്. മറക്കരുത് ഈ സത്യം!

എന്തിനാണിങ്ങനെ ബന്ധങ്ങൾ ഈ ഭൂമിയിൽ? പ്രപഞ്ചത്തിലെ വളരെ ദുർബലമായ ഒരു കൂട്ടമാണ് മനുഷ്യർ. അങ്ങനെ ദുർബലമായവയ്ക്കുവേണ്ടിയുള്ള സ്വർഗ്ഗത്തിന്റെ, ദൈവത്തിന്റെ കരുതലാണ് ബന്ധങ്ങൾ. ഭൂമിയിലെ ഒരു ജീവജാലത്തിനും ഇത്രയും നിരാലംബത്വം അനുഭവിക്കേണ്ടിവരുന്നില്ല. പെറ്റുവീഴുന്ന ഒരു പശുക്കുട്ടി എത്ര പെട്ടെന്നാണ് ചാടിമറിയുന്നത്! മനുഷ്യനോ? ഒന്ന് പിച്ചവയ്ക്കാൻ എത്രയോ നാളുകൾ കാത്തിരിക്കണം! അതും എത്രയോ പേരുടെ സഹായത്താൽ! ബന്ധങ്ങൾക്കുമേൽ ബന്ധങ്ങൾ ഉണ്ടായാലേ മനുഷ്യന് മുന്നോട്ട് പോകാൻ കഴിയൂ. ഇത് ശൈശവത്തിന്റെ പ്രശ്നം മാത്രമല്ല. ജീവിതത്തിന്റെ ഓരോ ചുവടിലും ബന്ധങ്ങളിലൂടെയേ മനുഷ്യന് വളരുവാൻ കഴിയൂ.

ഈ ബന്ധങ്ങൾ എങ്ങനെയായിരിക്കണം? മുന്തിരിച്ചെടിയും ശാഖകളും പോലെയായിരിക്കണം. മുന്തിരിച്ചെടിയോട് ചേർന്നുവളരുവാൻ നമുക്കാകണം.

ആരൊക്കെയാണ് ഈ മുന്തിരിച്ചെടികൾ? നാമോരോരുത്തരും ഒരേ സമയം മുന്തിരിച്ചെടികളും ശാഖകളുമാണ്. നിങ്ങൾ ഈ ഭൂമിയിലേതാണെങ്കിൽ തീർച്ചയായും ഏതെങ്കിലും മുന്തിരിച്ചെടിയോട് ചേർന്ന് നിൽക്കണം. തിരുസ്സഭ, മാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, അധ്യാപകർ, രാഷ്ട്രീയ സാമുദായിക നേതാക്കന്മാർ എല്ലാവരും മുന്തിരിച്ചെടികളാണ്. അതേസമയം തന്നെ, നാം ശാഖകളുമാണ്. ഒറ്റയ്ക്ക് നമുക്ക് നിലനിൽപ്പില്ല. ചേർന്ന് നിൽക്കുന്നില്ലങ്കിൽ നാം ഉണങ്ങിപ്പോകും. വളവും ജലവും ലഭിക്കില്ല. ഫലം പുറപ്പെടുവിക്കില്ല.

ബന്ധങ്ങൾ പരസ്പരം സഹായിക്കുന്ന, താങ്ങുന്ന, ബലപ്പെടുത്തുന്ന ഊന്നുവടികളാണ്. മുന്തിരിച്ചെടിയെ ശാഖകൾ പരിപോഷിക്കുമ്പോൾ, ശാഖകൾ തായ്ത്തടിയെ ശക്തിപ്പെടുത്തുന്നുണ്ട്. മുന്തിരിച്ചെടി എന്നത് തായ്‌ത്തടിയും ശാഖകളും ചേർന്നതാണ്. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഊന്നുവടികളാണ്. നമ്മുടെ ബന്ധങ്ങളും അങ്ങനെത്തന്നെയല്ലേ? ഭർത്താവ് മുന്തിരിച്ചെടിയെങ്കിൽ, ഭാര്യ ശാഖയാണ്. ഭാര്യ മുന്തിരിച്ചെടിയെങ്കിൽ ഭർത്താവ് ശാഖയാണ്. മാതാപിതാക്കളും മക്കളും, പരസ്പരം മുന്തിരിച്ചെടിയും ശാഖകളുമാണ്. ഒരുമിച്ച് നിൽക്കുമ്പോഴാണ് വളരുന്നത്. ഫലം പുറപ്പെടുവിക്കുന്നത്.

സ്നേഹമുള്ളവരേ, ഭാര്യയെ ഒന്ന് സ്നേഹത്തോടെ ചേർത്തുപിടിച്ചിട്ട്? ഭർത്താവിനെ ഒന്ന് സ്നേഹത്തോടെ ആ കണ്ണുകളിലേക്ക് നോക്കിയിട്ട്? പരസ്പരം ചേർന്നിരുന്നിട്ട്? നമ്മുടെ ബന്ധങ്ങളിൽ പാരസ്പര്യം കുറഞ്ഞു പോയിരിക്കുന്നു. നിലത്തുപാകുന്ന ഗ്രാനൈറ്റ് പാളികളേക്കാൾ നമ്മുടെ ബന്ധങ്ങൾ തണുത്തുപോയിരിക്കുന്നു. ബന്ധങ്ങളിലെ ഊഷ്മളത കുറഞ്ഞിരിക്കുന്നു. ബന്ധങ്ങൾ വെറും ബാധ്യതയായി മാറിയിരിക്കുന്നു! ബന്ധങ്ങൾക്ക് നാമിന്ന് വിലയിടുകയാണ്. അവയ്ക്കിടയിലുള്ള സ്നേഹത്തെ നാം തൂക്കിനോക്കുകയാണ്. ചിരപരിചയം കൊണ്ടാകാം, നമ്മുടെ ബന്ധങ്ങൾ നമ്മെ ഇന്ന് സന്തോഷിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ നാം വാടിപ്പോകുന്നു. ഫലം പുറപ്പെടുവിക്കാത്ത ശാഖകളായി മാറുന്നു.

എന്താണ് ബന്ധങ്ങളുടെ ധർമ്മം? മുന്തിരിച്ചെടിയും ശാഖകളുമായി നിൽക്കുമ്പോൾ എന്താണ് അനുഷ്ഠിക്കേണ്ട ധർമ്മം? മറ്റൊന്നുമല്ല, കാവലാകുകയാണ് ബന്ധങ്ങളുടെ ധർമ്മം. കൃഷിക്കാരൻ മുന്തിരിച്ചെടിയ്ക്ക് കാവലാകണം. വേരുകൾ മുന്തിരിച്ചെടിയ്ക്ക് കാവലാകണം. മുന്തിരിച്ചെടി ശാഖകൾക്ക് കാവലാകണം. ശാഖകൾ പൂവിനും, ഫലങ്ങൾക്കും കാവലാകണം. പൂവുകളും ഫലങ്ങളും വരുംതലമുറയ്ക്ക് കാവലാകണം. നമ്മുടെ ബന്ധങ്ങളിൽ ഒരാൾ മറ്റൊരാൾക്ക് ഇമവെട്ടാതെ കാവലാകണം.

അതിന് അടുത്താകണമെന്നൊന്നുമില്ല. അകാലങ്ങളിലായാലും നമുണ്ട് ബന്ധങ്ങളെ ശക്തിപ്പെടുത്താനും കാവലാകാനും സാധിക്കും.

അമേരിക്കൻ ജേർണലിസ്റ്റും, എഴുത്തുകാരിയുമായ എലിസബത്ത് ഗിൽബെർട്ടിന്റെ (Elizabeth Gilbert) Eat Pray Love എന്നൊരു പുസ്തകമുണ്ട്. ഒരു സ്ത്രീയുടെ, എഴുത്തുകാരിയുടെ തന്നെ ആധ്യാത്മിക അന്വേഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആ പുസ്തകം സമർപ്പിച്ചിരിക്കുന്നത് സൂസൻ ബോവന് ആണ്. എഴുതിയിരിക്കുന്നത് ഇങ്ങനെ: For Susan Bowen – who provided refuge even from 12,000 miles away.  സൂസൻ ബോവന്, പന്തീരായിരം മൈലുകൾക്കപ്പുറത്തുനിന്ന് എനിക്ക് അഭയമായതിന്.

ബന്ധങ്ങൾക്ക് കാവലാകാൻ ദൂരം ഒരു ഘടകമേയല്ല. കാര്യമിതാണ്: നിന്റെ ബന്ധങ്ങൾ കൃഷിക്കാരന്റേതും മുന്തിരിച്ചെടിയുടേതുംപോലെയാണോ? ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പോലെയാണോ? മുന്തിരിച്ചെടിക്കോ, ശാഖകൾക്കോ ഒറ്റക്ക് നിലനില്പില്ലെന്ന് ഓർക്കുക. മുന്തിരിച്ചെടിയിൽ നിന്ന് അകന്നുപോകുന്നതൊന്നും, ബന്ധങ്ങളെ ബന്ധനങ്ങളാക്കി മാറ്റുന്നതൊന്നും നമ്മുടെ ജീവിതത്തിൽ, കുടുംബത്തിൽ  സംഭവിക്കാതിരിക്കട്ടെ.

സ്നേഹമുള്ളവരേ, നമ്മുടെ ബന്ധങ്ങൾ വളരെ ശാസ്ത്രീയമാകണമെന്നൊന്നുമില്ല. പക്ഷേ, അതൊരിക്കലും യന്ത്രികമാകരുത്. മുന്തിരിച്ചെടിയും നല്ല ശാഖകളുംപോലെ ജൈവികമായിരിക്കണം. നമ്മുടെ ബന്ധങ്ങളിൽ സ്നേഹം നിറക്കേണ്ടതും, ആ ബന്ധങ്ങളിലെ ഊഷ്‌മളത അനുഭവിക്കേണ്ടതും ഇപ്പോഴാണ്. നമ്മുടെ ബന്ധങ്ങൾ എങ്ങനെയായിരിക്കണമെന്ന് ഇന്നത്തെ രൂപകകഥയിലൂടെ ഈശോ നമുക്ക് കാണിച്ചുതരുമ്പോൾ അതിനെ

മനസ്സിലാക്കാനും സ്വീകരിക്കുവാനും ഈശോ നമ്മെ അനുഗ്രഹിക്കട്ടെ. 

SUNDAY SERMON MT 10, 1-15

കൈത്താക്കാലം ഒന്നാം ഞായർ

ഉത്പത്തി 35, 23-29

ജോഷ്വാ 4, 1-9

വെളിപാട് 21, 9-21

മത്തായി 10, 1-15

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ കൈത്താക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ക്രിസ്തുവിന്റെ 12 ശ്ലീഹന്മാരെ പ്രത്യേകമായി കൈത്താക്കാലത്തിൽ നാം അനുസ്മരിക്കുന്നു. ഏഴ് ആഴ്ചകളാണ് ഈ കാലത്തിനുള്ളത്. ക്രിസ്തു സാക്ഷികളായ ക്രൈസ്തവരുടെ ജീവിതത്തിലൂടെ സംജാതമാകുന്ന സഭയുടെ വളർച്ചയും ക്രൈസ്തവമൂല്യങ്ങളുടെ ഫലം ചൂടലുമാണ് ഈ ഏഴ് ആഴ്ചകളിൽ നാം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.

ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ശ്ലീഹന്മാർ നടത്തിയ സുവിശേഷ പ്രഘോഷണവും, ക്രിസ്തു സ്ഥാപിച്ച ക്രൈസ്തവ സഭയുടെ വളർച്ചയും വെറും ഭൗതിക വിപ്ലവ മുന്നേറ്റമായിരുന്നില്ല. അത് ക്രിസ്തുവിനാൽ കേന്ദ്രീകൃതമായതും, ക്രിസ്തുവാകുന്ന പാറമേൽ പണിതുയർത്തിയതുമാണ്. അത് ദൈവികമായതുകൊണ്ടും, ദൈവാത്മാവിനാൽ നയിക്കപ്പെടുന്നതുകൊണ്ടും മതമർദ്ദനങ്ങളെയും, ശീശ്‌മകളെയും, പാഷണ്ഡതകളെയും, യുദ്ധങ്ങളെയും, വിഘടനങ്ങളെയും, വിവാദങ്ങളെയും, വിമതപ്രവർത്തനങ്ങളേയും അതിജീവിച്ചുകൊണ്ട് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ക്രിസ്തുവിന്റെ രക്ഷാകരപ്രവർത്തനങ്ങളെ കഴിഞ്ഞുപോയ ഒരു ചരിത്രമായിട്ടല്ല, ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഒരു ദൈവിക, ആധ്യാത്മിക പ്രക്രിയയായിട്ടാണ് നാം വിലയിരുത്തുന്നത്.  

ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗം സുതരാം വെളിപ്പെടുത്തുന്ന സത്യം ഇതാണ്: ഭൂമിയിലെ ക്രൈസ്തവ സഭ ക്രിസ്തുവിലും, ക്രിസ്തുവിനോടുകൂടിയും, ക്രിസ്തുവിലൂടെയും മുന്നോട്ട് പോകുന്ന ഒരു മഹാപ്രസ്ഥാനമാണ്. പ്രസ്ഥാനമെന്നത് രാഷ്ട്രീയക്കാർ വിവക്ഷിക്കുന്നതുപോലെ ആളുകളുടെ ഒരു കൂട്ടമോ, ഒരുമിച്ചുള്ള പ്രവർത്തനമോ അല്ല. അത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമാണ്. ഒരു സ്ഥലം വിട്ട്, ഒരു പുതിയ ലക്ഷ്യത്തോടെയുള്ള യാത്രയാണ്. ഭൗതികമായതെല്ലാം ഉപേക്ഷിച്ചു് ക്രിസ്തുവിനെ സ്വീകരിച്ചു്, ക്രിസ്തുവിനോടൊപ്പമുള്ള യാത്രയാണത്. സ്വർഗത്തിലേക്ക്, ക്രിസ്തുവിലേക്ക് തീർത്ഥാടനം നടത്തുന്നവരാണ് ക്രൈസ്തവർ. ക്രിസ്തുവിനോടൊപ്പമുള്ള എല്ലാ യാത്രയും തീർത്ഥാടനമാണ്.

ഈശോ ശിഷ്യരെ തിരഞ്ഞെടുക്കുന്ന സംഭവത്തോടെയാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. അന്നുവരെയുണ്ടായിരുന്ന ഗുരുക്കന്മാരെല്ലാം, നേതാക്കന്മാരെല്ലാം തങ്ങളുടെ ശിഷ്യരായി സ്വീകരിച്ചിരുന്നത് ഉയർന്ന കുടുംബങ്ങളിൽ നിന്നുള്ളവരെയും, വിദ്യാഭ്യാസമുള്ളവരെയും, സവർണ സമുദായങ്ങളിൽ നിന്നുള്ളവരെയും ആയിരുന്നെങ്കിൽ, ഈശോ തന്റെ ശിഷ്യരെ തിരഞ്ഞെടുക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിൽ, ജീവിതവുമായി മൽപ്പിടുത്തം നടത്തുന്ന മുക്കുവരെയാണ്. വിദ്യാഭ്യാസമില്ലാത്ത, നിരക്ഷരരായ ഈ ശിഷ്യന്മാരെ ഈശോ ഏൽപ്പിക്കുന്ന ജോലിയോ വലുതാണുതാനും. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കുവാനും, എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുവാനും ഈശോ അവരെ ചുമതലപ്പെടുത്തുകയാണ്. ചുമതലപ്പെടുത്തുക മാത്രമല്ല, അവരെ അതിനായി അയയ്ക്കുകയാണ്.

വലിയൊരു പരിശീലന പദ്ധതിയാണ് ഈശോ ഇവിടെ ആവിഷ്കരിക്കുന്നത്.ക്രിസ്തുവിനെ ദൈവമായി, രക്ഷകനായി സ്വീകരിക്കുന്ന ഓരോ ക്രൈസ്തവനും എങ്ങനെയാണ് തങ്ങളുടെ ജീവിതങ്ങളെ രൂപപ്പെടുത്തേണ്ടതെന്ന് ഈശോ അന്ന് ശിഷ്യന്മാരെ, ഇന്ന് നാം ഓരോരുത്തരെയും പഠിപ്പിക്കുകയാണ്. രണ്ട്‌ തലങ്ങളിലൂടെയാണ് ഈശോയുടെ പഠനം, പരിശീലന പദ്ധതി മുന്നോട്ട് പോകുന്നത്.

ഒന്ന്, ക്രൈസ്തവരുടെ ആത്മീയജീവിത തലമാണ്. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ, ദൈവത്താൽ അയയ്ക്കപ്പെട്ടവരാണ് തങ്ങൾ എന്ന ബോധ്യത്തോടെ ജീവിക്കേണ്ടവരാണ് ക്രൈസ്തവർ. നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക്, ജീവിതത്തിന്റെ പാപമേഖലകളിൽ, നിരാശയുടെ മേഖലകളിൽ, ഇല്ലായ്മകളുടെ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുടെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ.  ദൈവത്താൽ അയയ്ക്കപ്പെട്ടവരായിക്കൊണ്ട്, ക്രിസ്തുവിന്റെ പ്രേഷിതരായിക്കൊണ്ട് സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കേണ്ടവരാണ് ക്രൈസ്തവർ. ശാരീരിക, മാനസിക, ആത്മീയ തലങ്ങളിൽ രോഗികളായി കഴിയുന്നവരെ, അഹങ്കാരത്തിന്റെ, ആഡംബരത്തിന്റെ, പിശുക്കിന്റെ, മറ്റുള്ളവരിൽ തിന്മമാത്രം കാണുന്നതിന്റെ രോഗങ്ങളുമായി കഴിയുന്നവരെ സുഖപ്പെടുത്തുവാൻ അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ. ലഹരിയുടെ, മദ്യപാനത്തിന്റെ, പുകവലിയുടെ, അലസതയുടെ അശുദ്ധാത്മാക്കളുടെ അടിമത്വത്തിൽ കഴിയുന്നവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കേണ്ടവരാണ് ക്രൈസ്തവർ.

ക്രിസ്തുമതത്തിന്റെ ആദ്യകാലങ്ങളിൽ നമ്മുടെ ക്രൈസ്തവ സഹോദരീസഹോരരർ അങ്ങനെയായിരുന്നു ജീവിച്ചിരുന്നത്. ആദിമക്രൈസ്തവരുടെ ജീവിതവിശുദ്ധിയും, അവരിലെ നന്മയും കണ്ട് അക്രൈസ്തവർ വിസ്മയത്തോടെ ക്രൈസ്തവരെ നോക്കിനിന്നിട്ടുണ്ട്.

എന്തിന്, നമ്മുടെ കൊച്ചുകേരളത്തിൽ, ചാതുർവർണ്യം കൊടികുത്തിവാണിരുന്ന കാലത്തു്, ഏതെങ്കിലും, ബ്രാഹ്‌മണൻ അശുദ്ധനയാൽ, ഒരു ക്രൈസ്തവൻ തൊട്ടാൽ അവർ ശുദ്ധിയുള്ളവരാകും എന്ന് വിശ്വസിച്ചിരുന്ന ഹൈന്ദവപാരമ്പര്യം ഇവിടെയുണ്ടായിരുന്നു.

ഇന്ന് കാലം മാറി, കഥ മാറി! അക്രൈസ്തവർ നമ്മെ ഇപ്പോൾ വിസ്മയത്തോടെയല്ല, വിഷമത്തോടെയാണ് നോക്കുന്നത്. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കേണ്ടവർ അശുദ്ധാത്മാക്കളാൽ അടിമപ്പെട്ട് തെരുവിൽ കിടന്ന് അലമുറയിടുകയാണ്; മറ്റുള്ളവരെ ഉപദ്രവിക്കുകയാണ്; നശിപ്പിക്കുകയാണ്. ക്രിസ്തുസ്നേഹത്തിന്റെയും, ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും വിശുദ്ധ ഇടങ്ങളായിരുന്ന നമ്മുടെ കുടുംബങ്ങൾക്ക് ഇന്ന് രോഗം പിടിച്ചിരിക്കുകയാണ്; വളർച്ച നിലച്ചു് മുരടിച്ചു പോകുകയാണ്. സിനിമകളിലൊക്കെ, വില്ലന്മാരെയും, പിടിച്ചുപറിക്കാരെയും, ചീത്തവഴികളിലൂടെയൊക്കെ നടക്കുന്ന കഥാപാത്രങ്ങളെയും അവതരിപ്പിക്കുമ്പോൾ, എന്തുകൊണ്ടാണ് അവർക്കൊക്കെ ക്രൈസ്തവ നാമങ്ങൾ കിട്ടുന്നത്? മറ്റു പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും, നമ്മുടെ യഥാർത്ഥ ജീവിതങ്ങൾ അങ്ങനെയായതുകൊണ്ടും കൂടിയല്ലേ? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ക്രൈസ്തവ ജീവിതങ്ങളുടെ വിശുദ്ധി, നന്മ വീണ്ടെടുക്കേണ്ടിയിരിക്കുന്നു!

സ്നേഹമുള്ളവരേ, ക്രിസ്തു ഇന്ന് നമ്മെ വീണ്ടും പഠിപ്പിക്കുകയാണ്. ക്രൈസ്തവർ എങ്ങനെയുള്ളവരായിരിക്കണം, ഈ ഭൂമിയിൽ എങ്ങനെ അവർ ജീവിക്കണം എന്ന് ഈശോ നമുക്ക് പറഞ്ഞു തരികയാണ്.

രണ്ട്‌, ക്രൈസ്തവ മനോഭാവത്തിന്റെ തലം. ക്രൈസ്തവരുടെ ജീവിതത്തോടുള്ള മനോഭാവം എങ്ങനെയായിരിക്കണമെന്ന് ഈശോ നമ്മോട് പറയുകയാണ്: “ദാനമായി നിങ്ങൾക്ക് കിട്ടി. ദാനമായിത്തന്നെ കൊടുക്കുവിൻ.” ഇത് മിഷനറി പ്രവർത്തനത്തിന് പോകുന്ന വൈദികരോടും, സിസ്റേഴ്സിനോടും മാത്രം പറയുന്നതല്ല. ഓരോ ക്രൈസ്തവന്റെയും ജീവിത മനോഭാവം ഇതായിരിക്കണം. നാമെല്ലാവരും സ്വീകർത്താക്കളാണ്. നല്കപ്പെട്ടിട്ടുള്ളതല്ലാതെ, സ്വീകരിച്ചിട്ടുള്ളതല്ലാതെ എന്താണ് നമ്മുടെ ജീവിതത്തിലുള്ളത്? നമ്മുടെ ഈ കൊച്ചു ജീവിതം, ജീവൻ നിലനിർത്തുന്ന പ്രാണവായു, നാം കുടിക്കുന്ന ജലം, തിന്നുന്ന ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങൾ, സൂര്യനിൽ നിന്ന് ലഭിക്കുന്ന ചൂട്, ചന്ദ്രനക്ഷത്രാദികൾ, ഉള്ളിലേക്ക് വലിക്കുന്ന ഓക്സിജൻ, പുറത്തേക്ക് വിടുന്ന കാർബൺ ഡയോക്സൈഡ്…എല്ലാം പ്രിയപ്പെട്ടവരേ, ദൈവം നമുക്ക് നൽകിയതാണ്. നാം ആമസോൺ വഴി ഓർഡർ ചെയ്തതല്ല, ഫ്ലിപ്കാർട്ടിന്റെ പ്ലാറ്റഫോമിൽ പരസ്യം കണ്ടിട്ട് ബുക്ക് ചെയ്തതല്ല. എല്ലാം ദാനമാണ്. ഇതെല്ലം എന്റേതാണ് എന്ന അഹങ്കാരം പറച്ചിൽ പാടില്ല. അത് അപരാധമാണ്. വിശുദ്ധ പൗലോശ്ലീഹാ വിജ്ഞാനത്തിൽ, സമ്പത്തിൽ, സൈന്യബലത്തിൽ, മസിൽ പവറിൽ അഹങ്കരിച്ച റോമക്കാരോട് എന്താണ് പറഞ്ഞത്? ” മനുഷ്യന്റെ ആഗ്രഹമോ, പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.” (9, 16)

നമ്മുടെ ശ്വാസകോശത്തിൽ എത്ര സുഷിരങ്ങളുണ്ട്? ഏതാണ്ട് ആറായിരം ചെറിയ സുഷിരങ്ങളുണ്ട്. എങ്കിലും വളരെ അപൂർവമായേ ഒരാൾ തന്റെ മുഴുവൻ ശ്വാസകോശങ്ങളും ഉപയോഗിക്കുന്നുള്ളൂ. നല്ല ആരോഗ്യമുള്ളയാൾപോലും രണ്ടായിരം സുഷിരങ്ങളിലൂടെയേ ശ്വസിക്കുന്നുള്ളു. ബാക്കി നാലായിരം സുഷിരങ്ങൾ ഓടുമ്പോഴോ, നീന്തുമ്പോഴോ, വലിയ ജോലികൾ ചെയ്യുമ്പോഴോ കൂടുതൽ ശ്വസിക്കുവാനുള്ളതാണ്. ശ്വസിക്കുന്നതിന് മുൻപ് കാർബൺ ഡയോക്സൈഡ് ശ്വാസ കോശത്തിൽ നിന്ന് പുറന്തള്ളണം. ശ്വാസകോശത്തിൽ കാർബൺ ഡയോക്സൈഡ് നിറഞ്ഞാൽ മരണം സംഭവിക്കും. നമുക്ക് ചുറ്റുമുള്ള മരങ്ങളും ശ്വസിക്കുന്നുണ്ട്. അവ ശ്വസിക്കുന്നത് കാർബൺ ഡയോക്സൈഡ് ആണ്. അവർക്കിത് കിട്ടുന്നത് നമ്മിൽ നിന്നാണ്. നമ്മളില്ലെങ്കിൽ അവ മരിക്കും. മരങ്ങളില്ലെങ്കിൽ ഓക്സിജൻ നമുക്ക് ലഭിക്കില്ല. അപ്പോൾ നാം മരിക്കും.

എന്നാൽ, എല്ലാം വളരെ കൃത്യമായി നൽകപ്പെടുന്നു. ആരാണ് തരുന്നത്? അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ? റഷ്യൻ ഭീമൻ വ്ളാദിമിർ പുടിൻ? ഇന്ത്യൻ പ്രധാനമന്ത്രി നരേദ്ര മോദി? എല്ലാത്തിന്റെയും അടിസ്ഥാനം ദൈവത്തിന്റെ ദയയാണ്.

എങ്കിൽ, ഞാൻ കൊടുക്കുകയില്ല, പങ്കുവയ്ക്കുകയില്ല എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ദൈവം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. നിങ്ങളുടെ തോട്ടത്തിലെ, വൃക്ഷങ്ങളോ, നിങ്ങളുടെ തൊഴുത്തിലെ കന്നുകാലികളോ അങ്ങനെ പറയുന്നുണ്ടോ? ഇല്ല. പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന വായു അങ്ങനെ പറയുന്നുണ്ടോ? നിങ്ങളുടെ കിണറിലെ, പുഴയിലെ, കുളത്തിലെ വെള്ളം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. അപ്പോൾ പിന്നെ? എല്ലാം ദാനമായി കിട്ടിയതുകൊണ്ട്, ഹേ, മനുഷ്യാ, ദാനമായിത്തന്നെ നീ കൊടുക്കണം. ഇതാണ് ക്രിസ്തുവിന്റെ ഹൃദയം! ക്രൈസ്തവ മനോഭാവം.  

കുട്ടിയായിരുന്നപ്പോൾ വീട്ടിലെ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ഓരോ നേരവും ചോറുവയ്ക്കുവാനായി അരിയെടുക്കുമ്പോൾ എന്റെ അമ്മച്ചി ഒരു പിടി അരി അതിൽ  നിന്നെടുത്തു് മാറ്റിവയ്ക്കും. വിൻസെന്റ് ഡി പോൾ സംഘടനയിലെ അംഗങ്ങൾ വരുമ്പോൾ കൊടുക്കുവാനാണ്. ഒരു കാലത്തു് നമ്മുടെ എല്ലാ അമ്മമാരും ഇങ്ങനെ ചെയ്തിരുന്നു. എന്നാൽ, എന്റെ അമ്മച്ചിയുടെ കാര്യത്തിൽ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് ഇതാണ്. ഒരു പിടി അരിയെടുത്തിട്ട് അതിൽ നോക്കി അമ്മച്ചി ഒന്ന് പുഞ്ചിരിക്കും. എന്നിട്ടത് വേറൊരു  പാത്രത്തിലേക്ക് മാറ്റിവയ്ക്കും. ഒരിക്കൽ ഞാൻ അമ്മച്ചിയോട് ചോദിച്ചു:” അമ്മച്ചീ, അമ്മച്ചി എന്തിനാണ് പിടിയരി നോക്കി പുഞ്ചിരിക്കുന്നത്?” അപ്പോൾ അമ്മച്ചി പറഞ്ഞു: “ഈ ലോകത്തിലെ ഏതെങ്കിലും ഒരു വ്യക്തി ഈ അരി ഭക്ഷിക്കും. ആ വ്യക്തിയുടെ മുഖത്തെ അപ്പോഴത്തെ സംതൃപ്തി ഓർത്തിട്ടാണ് ഞാൻ പുഞ്ചിരിക്കുന്നത്”. ധാരാളം ഉണ്ടായിട്ടല്ല, ഉള്ളത് ദാനമായി കിട്ടിയതുകൊണ്ട്, ദാനമായി കൊടുക്കുവാനുള്ള അമ്മച്ചിയുടെ മനസ്സായിരുന്നു ആ പുഞ്ചിരി എന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു.     

നമുക്ക് ഉള്ളത് നല്കപ്പെട്ടിട്ടുള്ളതാണ്. ദാനമായി ലഭിച്ചിട്ടുള്ളതാണ്. ഉള്ളതിൽ നിന്ന് കൊടുക്കുമ്പോഴുണ്ടാകുന്ന വേദനയാണ് ക്രൈസ്തവന്റെ ജ്ഞാനസ്നാനം. ആ വേദനയാണ് നമുക്ക് ദൈവത്തിന്റെ കൃപയായി, സമൃദ്ധിയായി വീണ്ടും നമ്മുടെ ജീവിതത്തിൽ നിറയുന്നത്. എല്ലാം ദാനമായി കിട്ടിയതായാത്തതുകൊണ്ട് കൊടുക്കുക എന്നത് ഒരു സ്വാഭാവിക പ്രവൃത്തിയാകണം. പൂക്കൾ സുഗന്ധം പരത്തുന്നതുപോലെയാണത്. ആർക്ക് നൽകുന്നതെന്ന് അവർ അറിയുന്നില്ല. അവർക്കതിൽ താത്പര്യമില്ല. കാറ്റ് എവിടെ പോകുന്നുവോ അവിടെയെല്ലാം സുഗന്ധം പരക്കും. ഇങ്ങനെയുള്ളവർ നല്കുന്നതിനെക്കുറിച്ചു് അറിയുന്നുപോലുമില്ല. ഇവരെപ്പോലുള്ളവരുടെ കരങ്ങളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. മഹാനായ, ചിന്തകനായ ഖലീൽ ജിബ്രാൻ പറയുന്നത് കേൾക്കുക: “ചോദിക്കുമ്പോൾ കൊടുക്കുന്നത് നല്ലതുതന്നെ. എന്നാൽ ചോദിക്കാതെ, മനസ്സിലാക്കിക്കൊടുക്കുന്നത് ഏറെ നന്ന്. കാരണം, ചോദിക്കാതെയല്ലേ നമുക്കെല്ലാം ലഭിക്കുന്നത്!!!”

സ്നേഹമുള്ളവരേ, കോവിഡനന്തര കാലത്തിന്റെ ബുദ്ധിമുട്ടുകളും, കർക്കിടകത്തിന്റെ കഷ്ടങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നമ്മോട് ഇന്നത്തെ സുവിശേഷം പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ. രണ്ട് കാര്യങ്ങളാണ് പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്. നമ്മുടെ ക്രൈസ്തവ ആത്മീയ ജീവിതത്തിന്റെ തലങ്ങൾ നാം ശക്തിപ്പെടുത്തണം. എല്ലാം ദാനമാണ്, ദൈവം നൽകിയതാണ്. ദാനമായിത്തന്നെ കൊടുക്കുക.

ക്രിസ്തുമതം മറ്റേതൊരു മതത്തെയും പോലെ ഒരു മതമാണ് എന്നും, മറ്റ് സംഘടനകളെപ്പോലെ ഒരു സംഘടനയാണെന്നുമൊക്കെ വരുത്തി തീർക്കുവാനുള്ള പരിശ്രമങ്ങൾ ലോകം മുഴുവനും നടക്കുന്നുണ്ട്. എന്നാൽ, ക്രിസ്തുമതത്തിന് ഒരു പ്രത്യേകതയുണ്ട്. ക്രൈസ്തവ ആത്മീയതയ്ക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട്. ക്രൈസ്തവരുടെ മനോഭാവങ്ങൾക്ക് പ്രത്യേക സൗന്ദര്യമുണ്ട്. ഇക്കാര്യം ലോകത്തോട് പ്രഘോഷിക്കുവാനാണ് ദൈവം നമ്മെ ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്.

അത്, നഷ്ടപ്പെടുന്നുണ്ട് എന്ന് സാമാന്യമായി പറയാമെങ്കിലും, ഈ പ്രത്യേകതയും, സുഗന്ധവും, സുന്ദര്യവും ഒട്ടും കുറയാതെ കാത്തുസൂക്ഷിക്കുന്ന ധാരാളം ക്രൈസ്തവരുണ്ട് എന്നത് നാം മറക്കരുത്. നമ്മുട ജീവിതങ്ങളും, കുടുംബങ്ങളും ക്രൈസ്തവ ചൈതന്യത്താൽ നിറയട്ടെ. ക്രിസ്തു ഇന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ.

നൽകുന്നവനും സ്വീകരിക്കുന്നവനും ദൈവത്തിന്റെ മുൻപിൽ അവിടുത്തെ മക്കളാണ്. ആമേൻ!

SUNDAY SERMON JN 16, 16-20+25-26

ശ്ളീഹാക്കാലം ഏഴാം ഞായർ

സംഖ്യ 11, 16-18; 24 -30

1 സാമുവേൽ 16, 14-23

ഗലാ 5, 16-26 

യോഹ 16, 16-20 + 25-26

സന്ദേശം

സീറോമലബാർ സഭയുടെ ആരാധനാക്രമ കലണ്ടറിലെ ശ്ളീഹാക്കാലത്തിന്റെ അവസാന ഞായറാഴ്ചയാണിന്ന്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ക്രിസ്തുവിന്റെ രക്ഷയും, സമാധാനവും, സൗഖ്യവും പ്രഘോഷിക്കുവാൻ, ക്രിസ്തുവിനെ ലോകത്തിന് നൽകുവാൻ ഭൂമിയുടെ അതിർത്തികളോളം സഞ്ചരിച്ച ശ്ലീഹന്മാരെ പഠിക്കുകയാണ് നാം ശ്ളീഹാക്കാലത്തിൽ ചെയ്യുന്നത്.  ശ്ലീഹന്മാരെപ്പോലെ, ക്രിസ്തു ആരെന്നറിഞ്ഞ് ജീവിതത്തിലൂടെ അവിടുത്തെ പ്രഘോഷിക്കുവാനാണ് നാം ക്രൈസ്തവരായത്. ഇന്നത്തെ സുവിശേഷഭാഗവും ക്രിസ്തു ആരെന്ന് നമ്മോട് പറയുന്നുണ്ട്. സുവിശേഷങ്ങളിൽ തെളിയുന്ന ക്രിസ്തുവിന്റെ വ്യക്‌തിത്വ സവിശേഷതകളിൽ ഏറ്റവും ഹൃദയസ്പർശിയായ സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, സഹാനുഭൂതിയോടെ വ്യക്തിത്വമാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഇതൾവിരിയുന്നത്. ജീവിതത്തിൽ ദുഃഖത്തിന്റെ കാർമേഘങ്ങൾ, ദുരിതത്തിന്റെ അന്ധകാരം നിറയുമ്പോൾ ദൈവമേ നീ എവിടെ എന്ന് ചോദിക്കുന്ന മനുഷ്യന്റെ മുൻപിൽ, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറുമെന്ന് പറയുന്ന, നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം തരുമെന്ന് പറയുന്ന ദൈവത്തെയാണ്, ക്രിസ്തുവിനെയാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത്.   ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു പറയുന്നു: വിഷമിക്കേണ്ടാ, ഈ അല്പസമയം കടന്നുപോകും, നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും. കാരണം, ഈ ലോകത്തെ ജയിച്ചിരിക്കുന്നവനാണ് നിങ്ങളുടെ ദൈവം! ലോകം അസ്വസ്ഥതകളിലൂടെ കടന്നുപോകുമ്പോൾ, ഓരോ നിമിഷവും നമ്മുടെ ജീവിതം പിരിമുറുക്കങ്ങളിലൂടെ, സാമ്പത്തിക ഞെരുക്കങ്ങളിലൂടെ, പലതരത്തിലുള്ള പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ ദൈവത്തിന്റെ വചനത്തിന്റെ പൊരുൾ ഗ്രഹിക്കുവാൻ നമുക്കാകട്ടെ.

വ്യാഖ്യാനം

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈശോയുടെ വിടവാങ്ങൽ പ്രസംഗങ്ങളും, അതിലെ സന്ദേശങ്ങളും അവതരണ രീതികൊണ്ടും, ആശയസമ്പുഷ്ടതകൊണ്ടും വളരെ പ്രസിദ്ധമാണ്.   ഈശോ തന്റെ വേർപാടിനെക്കുറിച്ചും സ്വർഗ്ഗത്തെക്കുറിച്ചുമൊക്കെയാണ് പറയുന്നതെങ്കിലും, ജീവിതഗന്ധിയായ ഒട്ടേറെ സത്യങ്ങൾ ഈ വിടവാങ്ങൽ പ്രസംഗങ്ങളിലുണ്ട്. അത്തരമൊരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്. കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലല്ലെങ്കിലും ഈശോ പറയുന്നതിങ്ങനെയാണ്: അല്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. വീണ്ടു അല്പസമയം കഴിഞ്ഞാൽ നിങ്ങളെന്നെ കാണും.”

നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുപോലെ ശിഷ്യർക്കും അന്ന് ഈ വചനങ്ങളുടെ അർഥം മനസ്സിലായില്ല. അവരുടെ മുഖഭാവം കണ്ടപ്പോൾ ഈശോ അല്പസമയത്തിന്റെ അർത്ഥമെന്തെന്ന് അവർക്ക് പറഞ്ഞു കൊടുത്തു. എന്താണത്? ‘നിങ്ങൾ കരയുകയും വിലപിക്കുകയും ചെയ്യുന്ന, അതുകണ്ട് ലോകം സന്തോഷിക്കുന്ന സമയമാണ് ആദ്യത്തെ അല്പസമയം. നിങ്ങൾ നീതിന്യായ കോടതികൾക്ക് മുൻപിൽ നിൽക്കുമ്പോൾ, നിങ്ങൾക്കെതിരെ കള്ളസാക്ഷ്യങ്ങൾ നിരത്തപ്പെടുമ്പോൾ, നിങ്ങൾ തെറ്റിദ്ധരിക്കപ്പെടുമ്പോൾ കവലകളിലും, വാർത്താമാധ്യമങ്ങളിലും ലോകം അത് ആഘോഷിക്കുന്ന സമയമാണ് ആദ്യത്തെ അല്പസമയം.

ഇത് ഈശോ പറയുന്ന അന്ധകാരത്തിന്റെ സമയമാണ്. കഷ്ടപ്പാടുകളുടെ സമയമാണ്. കടൽത്തീരത്ത് ഒരാളുടെ കാൽപ്പാടുകൾ മാത്രം കണ്ട കുട്ടി ദൈവത്തോട് ചോദിച്ചതുപോലെ, “എന്റെ വേദനകളുടെ സമയത്ത് ഞാൻ ഒറ്റയ്ക്കായിരുന്നപ്പോൾ, നീ എവിടെയായിരുന്നു” എന്ന് മനുഷ്യൻ ചോദിക്കുന്ന സമയമാണിത്. രണ്ടാമത്തെ അല്പസമയമാകട്ടെ, ആദ്യത്തെ അല്പസമയത്തിലൂടെ കടന്നുപോകുന്ന മനുഷ്യൻ “ദൈവമേ, നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് പറയുന്ന അല്പസമയമാണ്. ആ നിമിഷം, ആ സമർപ്പണത്തിന്റെ നിമിഷം ആ അല്പസമയം മനുഷ്യൻ വീണ്ടും ദൈവത്തെ അവളുടെ/അവന്റെ ജീവിതത്തിൽ കണ്ടുമുട്ടും. വിശുദ്ധ ആഗസ്തീനോസ് (St. Augustine) പറയുന്നപോലെ, ഈ രണ്ടാമത്തെ അല്പസമയം മുതലാണ് ഒരു വ്യക്തി, തന്റെ ജീവിതത്തെ തികച്ചും പ്രസാദാത്മകമാക്കുന്നത്, തന്റെ ജീവിതത്തെ, ജീവിതത്തിലെ സംഭവങ്ങളെ രക്ഷാകരമാക്കുന്നത്. ഈ രണ്ട് അല്പസമയങ്ങളിലൂടെയുള്ള യാത്രയാണ് മനുഷ്യജീവിതം!

അന്ന് മാത്രമല്ല, ഇന്നും, ക്രിസ്തുവിന്റെ അനുയായികളെന്ന നിലയിൽ, ക്രിസ്തുവിന് സാക്ഷ്യം വഹിച്ചുകൊണ്ട് ജീവിക്കുമ്പോൾ ആവശ്യം കടന്നുവരുന്ന സഹനങ്ങളുടെ വേളയാണ്, ത്യാഗത്തിന്റെ നിമിഷമാണ് അല്പസമയം. തീവ്രവാദികളും, വർഗീയവാദികളും, ക്രൈസ്തവരെ കൊല്ലുകയും, പള്ളികൾ ആക്രമിക്കുകയും ചെയ്യുമ്പോൾ ഭരണകൂടങ്ങൾ അവയ്ക്കു നിയമ പരിരക്ഷ നൽകുന്ന സമയമാണ് അല്പസമയം.  ക്രിസ്തു ശിഷ്യരുടെ ജീവിതത്തിന്റെ അവസ്ഥയെയാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. എവിടെ ദൈവമക്കൾ, ക്രിസ്തു ശിഷ്യർ കരയുകയും വിലപിക്കുകയും ചെയ്യുന്നുവോ അവിടെയെല്ലാം, എപ്പോഴൊക്കെ ക്രിസ്തു ശിഷ്യർ പീഡിപ്പിക്കപ്പെടുകയും, അവഹേളിക്കപ്പെടുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം ലോകം സന്തോഷിക്കും. ക്രിസ്തുവിനു എതിരായവർ, സഭയ്ക്ക് എതിരായവർ ആഹ്ലാദിക്കും. ഇതാണ് അല്പസമയങ്ങൾ! ഈ അല്പസമയം ഓരോ ക്രൈസ്തവനിലും സംഭവിച്ചേ തീരൂ.  ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സുവിശേഷത്തെ വാക്കുകൊണ്ടും, ജീവിതംകൊണ്ടും പ്രഘോഷിക്കുന്ന ഓരോ ക്രൈസ്തവനും ഈ അല്പസമയത്തിലൂടെ കടന്നുപോയേ തീരൂ. ഒരു ജീവനെ, കുഞ്ഞിനെ ലോകത്തിനു പ്രദാനം ചെയ്യണമെങ്കിൽ ഒരു സ്ത്രീ പ്രസവ വേദനയുടെ നിമിഷങ്ങളിലൂടെ കടന്നു പോകുക തന്നെ വേണം. ഒരു വ്യക്തിയിൽ ക്രിസ്തു രൂപപ്പെടണമെങ്കിൽ, ഒരു ക്രൈസ്തവകുടുംബം ക്രിസ്തുവിനെ കുടുംബജീവിതത്തിലൂടെ പ്രഘോഷിക്കണമെങ്കിൽ ഈ അല്പസമയത്തിലൂടെ കടന്നുപോകുകതന്നെവേണം.

ക്രിസ്തുവിനുവേണ്ടി പ്രസവ വേദന അനുഭവിച്ച ഒരാളെ നിങ്ങൾക്കറിയില്ലേ? അഹന്തയുടെ കുതിരപ്പുറത്തുകയറി ക്രിസ്ത്യാനികളെ കൊന്നൊടുക്കുവാൻ പുറപ്പെട്ട, പിന്നീട്, ക്രിസ്തുവിനുവേണ്ടി ജീവിതം സമർപ്പിച്ച ആ ഒരാൾ! വിശുദ്ധ പൗലോശ്ലീഹാ! അദ്ദേഹം പറഞ്ഞതിങ്ങനെയാണ്:  “എന്റെ കുഞ്ഞു മക്കളെ, ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ ഞാൻ നിങ്ങൾക്കുവേണ്ടി ഈറ്റുനോവനുഭവിക്കുന്നു”. (ഗലാ 4, 19) സ്നേഹമുള്ളവരേ, ഈ അല്പസമയങ്ങൾ ക്രൈസ്തവന്റെ കൂടെപ്പിറപ്പുകളാണ്.

പഴയനിയമത്തിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ മക്കളുടെ അല്പസമയത്തെക്കുറിച്ചു ധാരാളം പ്രതിപാദനങ്ങളുണ്ട്. നിയമാവർത്തനം 28, 65 ൽ ദൈവം പറയുന്നു: “ആ ജനതകളുടെ ഇടയിൽ നിനക്ക് ആശ്വാസമോ, നിന്റെ പാദങ്ങൾക്ക് വിശ്രമമോ ലഭിക്കുകയില്ല…നിന്റെ ഹൃദയം ഭയചകിതമാകും. കണ്ണുകൾക്ക് മങ്ങൽ വരുത്തും…നിന്റെ ജീവൻ നിരന്തരം അപകടത്തിലായിരിക്കും.” ദൈവത്തിന്റെ മക്കൾ കടന്നുപോകുന്ന അല്പസമയങ്ങളുടെ സ്വഭാവം ഇങ്ങനെയാകാം. വീണ്ടും ദൈവം പറയുന്നു.” ജീവിതത്തിൽ നിനക്ക് ഒരു സുരക്ഷിതത്വവും ലഭിക്കുകയില്ല. …പ്രഭാതത്തിൽ നീപറയും, ദൈവമേ, സന്ധ്യയായിരുന്നെങ്കിൽ! സന്ധ്യയിൽ നീ പറയും, ദൈവമേ, പ്രഭാതമായിരുന്നെങ്കിൽ!” (നിയമ 28, 67) അത്രമാത്രം അസ്വസ്ഥമായിരിക്കും നിന്റെ മനസ്സ് ക്രിസ്തുവിനുവേണ്ടി സുവിശേഷ മൂല്യങ്ങൾക്കനുസരിച്ചു ജീവിക്കുമ്പോൾ ഇതുപോലുള്ള ജീവിതാവസ്ഥകളിലൂടെ നാം കടന്നുപോകും. ഈ അല്പസമയത്തിന്റെ ദയനീയത ദൈവത്തിന്റെ പ്രിയപ്പെട്ടവനായ ജോബിന്റെ ജീവിതത്തിൽ വളരെ കഷ്ടമായിരുന്നു. ജീവിതത്തിന്റെ അവസ്ഥകണ്ട്‌ ജോബ് പറയുകയാണ്:” “എന്റെ ഭാര്യ എന്നോട് അറപ്പുകാട്ടുന്നു. എന്റെ സഹോദരന്മാർക്കും ഞാൻ നിന്ദാപാത്രമായി…എന്റെ ഉറ്റ സ്നേഹിതന്മാർ എന്നിൽനിന്ന് അറപ്പോടെ അകലുന്നു. എന്നെ സ്നേഹിച്ചവർ എനിക്കെതിരെ തിരിഞ്ഞു.” (ജോബ് 19, 17-19) ജോബിന്റെ ഭാര്യപോലും പറഞ്ഞതിങ്ങനെയാണ്: “ഇനിയും ദൈവ ഭക്തിയിൽ ഉറച്ചു നിൽക്കുന്നോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക.” (ജോബ് 2, 9) ഇതുപോലുള്ള അല്പസമയങ്ങൾ മനുഷ്യൻ, ക്രിസ്തു ശിഷ്യർ നെട്ടോട്ടമോടുന്ന സമയങ്ങളല്ലേ? പള്ളികളായ പള്ളികളിലേക്ക്, ധ്യാനകേന്ദ്രങ്ങളായ ധ്യാനകേന്ദ്രങ്ങളിലേക്കു, കൈനോട്ടക്കാരുടെ അടുത്തേക്ക് … ഇതെല്ലം കണ്ടു ക്രിസ്തുവിന്റെ ശത്രുക്കൾ ചിരിക്കുകയും ചെയ്യും.

എന്നാൽ ഈശോ പറയുന്നു: “നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. സ്ത്രീക്ക് പ്രസവ വേദന ആരംഭിക്കുമ്പോൾ അവളുടെ സമയം വന്നതുകൊണ്ട് അവൾക്കു ദുഃഖം ഉണ്ടാകുന്നു. എന്നാൽ ശിശുവിനെ പ്രസവിച്ചു കഴിയുമ്പോൾ …സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവൾ ഓർമിക്കുന്നില്ല.” (യോഹ 16, 21) “ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെ എന്നും പറഞ്ഞ് ദൈവത്തിന്റെ കൃപയുടെ കുടക്കീഴിൽ ആകുന്ന നിമിഷം നമ്മുടെ ദുഃഖം സന്തോഷമായി മാറും. “എല്ലാം ദൈവമേ നിൻ സ്നേഹ പരിപാലന എന്ന് പാടാൻ കഴയുന്ന നിമിഷം, “എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു” എന്ന് പാടാൻ കഴിയുന്ന നിമിഷം നമ്മുടെ ദുഃഖം സന്തോഷമായി മാറും.

സ്നേഹമുള്ളവരേ, ഈശോയുടെ വചനം വീണ്ടും കേൾക്കുക: നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.” നമ്മുടെ ജീവിതത്തിന്റെ അല്പസമയങ്ങളിൽ നമുക്ക് ആശ്വാസം പകരുന്ന ദൈവത്തിന്റെ വചനത്തിനു സ്തുതി പറയാം. അല്പസമയങ്ങളുടെ കരച്ചിലുകളിൽ നിന്ന് ഇതുവരെ നമ്മെ കാത്തുരക്ഷിച്ച ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. കാരണം, നമ്മുടെ വേദനകൾ അറിയുന്നവനാണ്, നമ്മുടെ അലച്ചിലുകൾ എണ്ണുന്നവനാണ് നമ്മുടെ ദൈവം. (സങ്കീ 56, 8) മാത്രമല്ല, ഇസ്രായേൽ ജനത്തെ ഈജിപ്താകുന്ന ഇരുമ്പു ചൂളയിൽ നിന്ന് രക്ഷിച്ചു ദൈവം അവർക്ക് കാനാൻ ദേശം നൽകിയെങ്കിൽ, സ്നേഹമുള്ളവരേ, ഉറച്ച വിശ്വാസത്തോടെ ഞാൻ പറയുന്നു, ഇരുമ്പുചൂള കണക്കെ തീയും ചൂടും നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്ന് എന്റെ ദൈവം എന്നെ രക്ഷിക്കും, എന്റെ ദുഃഖത്തെ അവിടുന്ന് സന്തോഷമായി മാറ്റും.  (നിയമ 4, 20) വിലാപങ്ങളുടെ പുസ്തകത്തിൽ പറയുന്നു: “കർത്താവ് എന്നേയ്ക്കുമായി നിന്നെ ഉപേക്ഷിക്കുകയില്ല. അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിനനുസൃതമായി ദയ കാണിക്കും.” (3, 31-32)

നമ്മുടെ ജീവിതത്തിന്റെ അല്പസമയങ്ങളുടെ സ്വഭാവവും രീതികളും എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി അറിയുക സാധ്യമല്ല. എന്നാൽ, കരയുകയും വിലപിക്കുകയും ചെയ്യുന്ന നമ്മുടെ അല്പസമയങ്ങളെ സന്തോഷമുള്ളതാക്കാൻ ക്രിസ്തു നമ്മോടൊത്തുണ്ടാകും. മകളേ, മകനേ, നിന്റെ അല്പസമയങ്ങളിൽ നീ സമുദ്രത്തിലൂടെ കടന്നുപോയാലും നീ മുങ്ങിപ്പോകുകയില്ല. അഗ്നിയിലൂടെ നടക്കുകയാണെങ്കിലും നിനക്ക് പൊള്ളലേൽക്കുകയില്ല. (ഏശയ്യാ 43, 1-4) മകളേ, മകനേ, നിന്റെ സങ്കടങ്ങളുടെ വേളയിൽ കടൽത്തീരത്ത് നീ കണ്ടത് നിന്റെ കാൽപ്പാടുകളല്ല, നിന്നെ തോളിൽ വഹിച്ചുകൊണ്ട് നടന്ന എന്റെ കാൽപ്പാടുകളാണ്. കാരണം, നിന്റെ തളർന്ന കൈകളെയും, ബലമില്ലാത്ത കാൽ മുട്ടുകളെയും ശക്തിപ്പെടുത്തുന്നവനാണ് നിന്റെ ദൈവം. “നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്.” (ഹെബ്രാ 4, 15) നമ്മുടെ ദൈവം വിശ്വസ്തനാണ്. നമ്മുടെ ശക്തക്കതീതമായ ദുഃഖങ്ങൾ ഉണ്ടാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല. നമുക്ക് വേദനകളുണ്ടാകുമ്പോൾ ആ അല്പസമയങ്ങളെ അതിജീവിക്കുവാൻ വേണ്ട ശക്തി അവിടുന്ന് നമുക്ക് നൽകും. (1 കോറി 10, 13)

ഈശോ പറയുന്ന അല്പസമയത്തിന്റെ ദൈർഘ്യം അൽപ നിമിഷങ്ങളല്ല എന്നും നാം അറിയണം. ഇസ്രായേൽ ജനത്തിന്റെ അല്പസമയത്തിന്റെ ദൈർഘ്യം എത്രയായിരുന്നു? നാല്പതു സംവത്സരം!! എന്തിനുവേണ്ടിയായിരുന്നു ഈ നാല്പതു സംവത്സരം? ദൈവത്തിനു മറുതലിച്ചു നിൽക്കുന്ന ജനങ്ങളെ എളിമപ്പെടുത്താനും, ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുമോ ഇല്ലയോ എന്നൊക്കെയുളള അവരുടെ ഹൃദയവിചാരങ്ങൾ അറിയാനും, മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, കർത്താവിന്റെ വചനംകൊണ്ടും കൂടിയാണ് ജീവിക്കുന്നത് എന്നും പഠിപ്പിക്കുവാനുമാണ് അവിടുന്ന് ഇസ്രായേൽ ജനത്തിന് അല്പസമയങ്ങൾ കൊടുത്തത്. എന്നാൽ ഈ അല്പസമയങ്ങളിലെല്ലാം ദൈവം അവരോടുകൂടെ ഉണ്ടായിരുന്നു. അവരുടെ വസ്ത്രങ്ങൾ പഴകി കീറിപ്പോയില്ല. ഇത്രയും നാൾ നടന്നിട്ടും അവരുടെ കാലുകൾ വിങ്ങുകയോ, പൊള്ളുകയോ ചെയ്തില്ല. അവസാനം അവർക്കു ലഭിച്ചതോ? അരുവികളും, ഉറവകളും, മലകളും താഴ്വരകളും ഒക്കെയുള്ള ഒരു നല്ല ദേശം. ഗോതമ്പും ബാർലിയും, മുന്തിരിചെടികളും, അത്തിവൃക്ഷങ്ങളും, മാതളനാരകങ്ങളും ഒലിവുമരങ്ങളും, തേനും ഉള്ള ഒരു നല്ല ദേശം. ഒപ്പം ദൈവത്തിന്റെ ഒരു വാഗ്ദാനവും:” നിങ്ങൾക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.” (നിയമ 8, 9)

അല്പസമയങ്ങൾ നമ്മുടെ ജീവിതത്തിന്റെ സ്വഭാവമായിരിക്കുന്നപോലെതന്നെ, ഈ അല്പസമയങ്ങൾക്ക് താങ്ങായി, ഈ അല്പസമയങ്ങളെ അതിജീവിക്കുവാൻ ശക്തിയായി ദൈവം മനുഷ്യന് ഈ പ്രപഞ്ചത്തിൽ ധാരാളം നന്മകളെ ഒരുക്കിയിട്ടുണ്ട്.  നമ്മുടെ ശരീരത്തിലേക്ക് ഒന്ന് നോക്കൂ... “തലയ്ക്കുനേരേ വരുന്ന ഓരോ അടിയും താങ്ങാൻ/ കൈകൾ പേടികൂടാതെ മുന്നോട്ട് വരുന്നു./ മുട്ടൻ തെറിവിളിച്ചശേഷം പേടിയില്ലാതുറങ്ങുന്ന നാവിനെ/ കോട്ടയായി നിന്ന് കാക്കാൻ പല്ലുകൾക്കറിയാം./ സൂര്യന്റെ അമ്പുകൾക്കുനേരെ വലിഞ്ഞടയുന്നതിൽനിന്ന്/ കൺപോളകളെ ആർക്ക് തടയാനാകും./ മുറിവിലൂതുന്നതിന്റെ തളർച്ചയെ/ ചുണ്ടുകൾ പുഞ്ചിരികൊണ്ട് മറയ്ക്കുന്നു./ വഴുക്കുന്ന വലതുകലിന്/ ഇടതുകാൽ താങ്ങാകുന്ന കാലത്തോളം,/ പുറത്തെ ചൊറിപ്പാടിലേക്ക് നീണ്ടെത്താൻ/ വിരലുക ധൃതിപ്പെടുന്ന നിമിഷം വരേയ്ക്കും,/ എല്ലാം മറന്നുള്ള ഉറക്കിനൊപ്പം/ പാവം കൈത്തണ്ടയുമുറങ്ങുന്ന കാഴ്ച്ച അവസാനിക്കാത്ത കാലത്തോളം/ ആർക്ക് പറയാനാകും” നിങ്ങൾക്കാരുമില്ലെന്ന് ? ദൈവം നമ്മെ കാക്കുന്നില്ലെന്ന്?!! വീരാൻകുട്ടി എന്ന കവിയുടെ “നന്ദികെട്ടവരോട്” എന്ന കവിതയിൽ, കവി ജീവിതത്തിന്റെ കഷ്ടതയേറിയ അല്പസമയങ്ങളെ കാക്കുന്ന ദൈവത്തെ ഓർത്തു് എഴുതിയതാകാം ഈ വരികൾ!

സ്നേഹമുള്ളവരേ, ജനിച്ചു വീഴുന്ന കുട്ടികൾ മുതൽ, രോഗങ്ങളുമായി വാർദ്ധക്യത്തിലൂടെ കടന്നുപോകുന്നവർ വരെ ഭാരമുള്ള മനസ്സുമായി ജീവിക്കുന്നവരാണ്. എന്നാൽ, ഉറച്ചു വിശ്വസിക്കുക, ആരും നമ്മിൽ നിന്ന് എടുത്ത് കളയാത്ത സന്തോഷത്തിലേക്ക് നമ്മെ എന്നും ഈശോ നയിക്കും. അവിടുത്തെ രീതി അങ്ങനെയാണ്. കുഞ്ഞുങ്ങളെ സുരക്ഷിതമായ ഒരു കൂട്ടിൽ പാർപ്പിക്കുകയും, അവയ്ക്കു ആവശ്യമായതെല്ലാം നൽകുകയും, എന്നാൽ ഒരു സമയത്തു കൂടു ചലിപ്പിക്കുകയും, കുഞ്ഞുങ്ങളുടെ മുകളിൽ ചിറകടിക്കുകയും, അവരെ പറക്കാൻ പഠിപ്പിക്കുകയും, അവർ ക്ഷീണിച്ചു വീഴാൻ തുടങ്ങുമ്പോൾ വിരിച്ച ചിറകുകളിൽ അവയെ വഹിക്കുകയും ചെയ്യുന്ന ‘അമ്മ കഴുകനെപ്പോലെയാണ് ദൈവം. (നിയമ 32, 10-11) ഹെബ്രായ ലേഖനത്തിൽ വചനം പറയുന്നത് ഇങ്ങനെയാണ്: “കർത്താവിന്റെ ശിക്ഷണത്തെ നീ നിസ്സാരമാക്കരുത്. അവൻ ശാസിക്കുമ്പോൾ നീ നഷ്ടധൈര്യനാകുകയുമരുത്. താൻ സ്നേഹിക്കുന്നവന് കർത്താവ് ശിക്ഷണം നൽകുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു.” (ഹെബ്ര 12, 6- 8) മക്കളോടെന്നപോലെയാണ് ദൈവം നമ്മോട് പെരുമാറുന്നത്.

സമാപനം

അമ്യൂസ്മെന്റ് പാർക്കുകളിലെ റോളർ കോസ്റ്റർ (Roller Coaster) കണ്ടിട്ടില്ലേ? അതിൽ യാത്ര ചെയ്യാത്തവരും ചുരുക്കമായിരിക്കും. അതിൽ കയറുമ്പോൾ തന്നെ നമ്മെ ആ യന്ത്രത്തിൽ സുരക്ഷിതമായി ബന്ധിക്കും. എന്നിട്ട് യന്ത്രം സ്റ്റാർട്ട് ചെയ്യും. നാമതിൽ കറങ്ങാൻ തുടങ്ങും. വേഗത കൂടുന്നതിനനുസരിച്ചു നമ്മിൽ ഭയവും വർധിക്കും. ചിലർ കരയും, കരഞ്ഞു നിലവിളിക്കും, ചിലർ കൂവും, ചിലർ ഈ യന്ത്രം ഒന്ന് നിറു ത്തണേയെന്നു ഉറക്കെ വിളിച്ചു പറയും. ചിലർ മലമൂത്ര വിസർജനം വരെ നടത്തും. എന്നാൽ, യന്ത്രത്തിന്റെ ഓപ്പറേറ്റർ അവിടെ ശാന്തനായി നിൽക്കും. അയാൾക്കറിയാം, ആവശ്യത്തിനുള്ള വേഗതയേ താൻ കൊടുത്തിട്ടുള്ളു എന്ന്. ചിലർക്ക് അത് കൂടുതലായിരിക്കാം. എന്നാൽ, ഒരപകടവും കൂടാതെ എല്ലാവരെയും സംരക്ഷിക്കത്തക്ക സംവിധാനമാണ് അയാൾ ഒരുക്കിയിരിക്കുന്നത്.

ഈശോയും ഇങ്ങനെത്തന്നെയാണ് പ്രിയപ്പെട്ടവരേ. നമ്മെ ഒരിക്കലും അവിടുന്ന് ഉപേക്ഷിക്കുകയില്ല. നമ്മുടെ ജീവിതത്തിലെ അല്പസമയങ്ങളെ, കരയുകയും വിലപിക്കുകയും ചെയ്യുന്ന സമയങ്ങളെ നമുക്കൊന്ന് പരിശോധിക്കാം. നമ്മുടെ മനോഭാവങ്ങൾ തിരുത്താം. നമ്മുടെ ജീവിതത്തിലെ അല്പസമയങ്ങളെ ഈശോയുടെ ഹൃദയത്തോട് ചേർന്ന് നിന്ന് അഭിമുഖീകരിക്കുവാനും അതിജീവിക്കുവാനും നമുക്ക് പഠിക്കാം. ദൈവമാണ് നമുക്ക് ഈ ജീവിതം നൽകിയത്. നന്ദിയുള്ളവരായിരിക്കാം നമുക്ക്. ജീവിത പ്രശ്നങ്ങളെ, ബുദ്ധിമുട്ടുകളെ, മഹാമാരികളെ ദൈവത്തിന്റെ മുൻപിൽ നമുക്ക് സമർപ്പിക്കാം. എന്നിട്ട്, അമ്മ കുഞ്ഞിനെ തല്ലുമ്പോൾ, തല്ലുന്ന അമ്മയെ ത്തന്നെ വിളിച്ചു കരയുന്ന കുഞ്ഞുങ്ങളെപ്പോലെ നമുക്ക് ദൈവസന്നിധിയിൽ കരങ്ങളുയർത്താം. ഉച്ചത്തിൽ വിളിച്ചു പ്രാർത്ഥിക്കാം. തീർച്ചയായും അവിടുന്ന് നമ്മെ കേൾക്കും. നമുക്ക് ഉത്തരമരുളും. (ജെറമിയ 33, 3) നമ്മുടെ ദുഃഖങ്ങൾ സന്തോഷമായി മാറും.

നമുക്കൊന്നിനും കുറവില്ലാതെ നമ്മുടെ ദൈവം നമ്മെ കാക്കട്ടെ. ആമേൻ!

SUNDAY SERMON MT 9, 27-38

ശ്ളീഹാക്കാലം ആറാം ഞായർ

ലേവ്യർ 8, 1-13

ഏശയ്യാ 6, 1-8

1 കോറി 1, 26-31

മത്താ 9, 27-38

ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ച്ചത്തെ സുവിശേഷഭാഗം ക്രിസ്തുവിന്റെയും, ക്രിസ്തു ശിഷ്യരുടേയും സ്വഭാവവും ദൗത്യവുമെന്തെന്ന് വളരെ വ്യക്തമായി അവതരിപ്പിക്കുകയാണ്.

ക്രിസ്തുവിന്റെയും, ക്രിസ്തു ശിഷ്യരുടേയും സ്വഭാവമാണ് കരുണ. ക്രിസ്തുവിനെപ്പറ്റി സുവിശേഷം പറയുന്നത് “ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ യേശുവിന് അവരുടെമേൽ അനുകമ്പ തോന്നി.” വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 20, 34 ൽ ജെറീക്കോയിലെ അന്ധരെ സുഖപ്പെടുത്തുന്നത് വിവരിക്കുമ്പോൾ സുവിശേഷകൻ പറയുന്നത്, “ഈശോ ഉള്ളലിഞ്ഞ് അവരുടെ കണ്ണുകളിൽ സ്പർശിച്ചു. തത്ക്ഷണം അവർക്ക് കാഴ്ച്ച കിട്ടി” എന്നാണ്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായത്തിൽ കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്ന രംഗമുണ്ട്. അവിടെ സുവിശേഷകൻ പറയുന്നതും ക്രിസ്തുവിന്റെ കരുണയെക്കുറിച്ചാണ്. “അവൻ കരുണ തോന്നി കൈനീട്ടി അവനെ സ്പർശിച്ചുകൊണ്ട് പറഞ്ഞു: എനിക്ക് മനസ്സുണ്ട്. നിനക്ക് ശുദ്ധിയുണ്ടാകട്ടെ. തത്ക്ഷണം കുഷ്ഠം മാറി അവന് ശുദ്ധിവന്നു.” വിശുദ്ധ മത്തായി ക്രിസ്തുവിന്റെ കരുണ നിറഞ്ഞ ഹൃദയത്തെ അവതരിപ്പിക്കുവാനായി അവിടുത്തെ വചനം തന്നെ രേഖപ്പെടുത്തുകയാണ്. ‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും, വിനീത ഹൃദയനുമാണ്.‘ (28) ക്രിസ്തു കരുണാമയനാണ്, കാരുണ്യം മാത്രമാണ്. സമുദ്രത്തിന്റെ ഏത് ഭാഗത്തുനിന്നും എടുക്കുന്ന ജലത്തിന് ഉപ്പുരസം ഉള്ളതുപോലെ, ക്രിസ്തുമുഴുവനും കരുണയാണ്.

ക്രിസ്തുവിന്റെ ദൗത്യമെന്താണ്? ലോകത്തിന്റെ, മനുഷ്യരുടെ, ഈ പ്രപഞ്ചത്തിന്റെ സൗഖ്യം!! മലക്കിയ പ്രവാചകൻ വളരെ വ്യക്തമായി ഇക്കാര്യം പറയുന്നുണ്ട്. ” നിങ്ങൾക്കുവേണ്ടി നീതി സൂര്യൻ ഉദിക്കു. അവന്റെ ചിറകുകളിൽ സൗഖ്യമുണ്ട്.” (4, 2) പുറപ്പാടിന്റെ പുസ്തകത്തിൽ ദൈവ വചനം പറയുന്നു, “ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്.” (പുറപ്പാട് 16, 26) ക്രിസ്തു സുഖപ്പെടുത്തുന്ന ദൈവമാണ്.

ക്രിസ്തുവിന്റെ സ്വഭാവവും ദൗത്യവും ഇവയാണെങ്കിൽ, ക്രിസ്തു ശിഷ്യരുടേയും സ്വഭാവവും, ദൗത്യവും വേറൊന്നാകാൻ സാധ്യമല്ലല്ലോ! ക്രിസ്തുവിന്റെ കരുണ നിറഞ്ഞ ഹൃദയമ ഉള്ളവരാകുകയാണ് ക്രൈസ്തവരുടെ സ്വഭാവം. ഈ ലോകത്തെ, ഈ പ്രപഞ്ചത്തെ, എല്ലാ മനുഷ്യരെയും സുഖപ്പെടുത്തുകയാണ് ക്രൈസ്തവരുടെ ദൗത്യം. ഇന്നത്തെ സുവിശേഷത്തിന്റെ സന്ദേശം ഇത് തന്നെയാണ്. കരുണയുള്ളവരായിക്കൊണ്ട് ക്രിസ്തുവിന്റെ സൗഖ്യത്തിൽ ജീവിക്കുക, മറ്റുള്ളവർക്ക് ആ സൗഖ്യം പകർന്നുകൊടുക്കുക.

ക്രിസ്തു കരുണയായതുകൊണ്ട്, കരുണ മാത്രമായതുകൊണ്ട്, ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നവർക്ക് മാത്രമല്ല, ഈശോ തന്റെ സൗഖ്യം നൽകുന്നത്.

സുവിശേഷങ്ങളിൽ ഈശോ രോഗികളെ സുഖപ്പെടുത്തുമ്പോൾ എല്ലാവരിൽ നിന്നും ഈ വിശ്വാസം ആവശ്യപ്പെടുന്നില്ല. ചിലരുടെ അടുത്ത് ഈശോ അവരുടെ വിശ്വാസം ഏറ്റുപറയുവാൻ അവസരമൊരുക്കുന്നുണ്ട്. അന്ധതയുണ്ടായിരുന്നിട്ടും ഈശോയെ അനുഗമിക്കുന്ന, ജനങ്ങളെ തട്ടിയും, മുട്ടിയും ഈശോയെ പിന്തുടരുന്ന രണ്ടു കുരുടന്മാർക്കും ഈശോയിൽ വിശ്വാസമുണ്ടായിരുന്നു. ദാവീദിന്റെ പുത്രാ എന്ന വിളിയിൽ ആ വിശ്വാസം നമുക്ക് സ്പഷ്ടമായി കേൾക്കാം. ഞങ്ങളിൽ കനിയണമേ എന്ന നിലവിളിയിൽ ആ വിശ്വാസം നമുക്ക് തെളിഞ്ഞ് കാണാം. കാഴ്ച്ച കിട്ടിയശേഷം നാടെങ്ങും ഈശോയുടെ കീർത്തി പ്രചരിപ്പിച്ചതിൽ നിന്ന് അവരുടെ വിശ്വാസം നമുക്ക് വായിച്ചെടുക്കാം. ഈശോ അവരുടെ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അവരെ സുഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

മറ്റുചിലരുടെ കാര്യത്തിൽ മാതാപിതാക്കളുടെയോ, സ്നേഹിതരുടെയോ വിശ്വാസം കണ്ടുകൊണ്ട് ഈശോ അവരെ സുഖപ്പെടുത്തുന്നുണ്ട്. എന്നാൽ, ചില സമയങ്ങളിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഇല്ലാതെ, മനുഷ്യന്റെ വേദന മനസ്സിലാക്കിക്കൊണ്ട് അവളുടെ / അവന്റെ ജീവിതത്തിലേക്ക് ഈശോ തന്റെ കാരുണ്യം ചൊരിഞ്ഞുകൊണ്ട് അവരെ സുഖപ്പെടുത്തുന്നു. ഇന്നത്തെ സുവിശേഷത്തിൽ, രണ്ടു കുരുടന്മാരോട് അവരുടെ വിശ്വാസത്തെപ്പറ്റി അന്വേഷിക്കുമ്പോൾ, ഊമനെ തന്റെ കാരുണ്യത്താൽ ഈശോ സുഖപ്പെടുത്തുകയാണ്.

Cumpassio എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് compassion എന്ന English വാക്കുണ്ടായത്. Cumpassio എന്ന വാക്കിന്റെ അർത്ഥം co-suffering ഒത്ത് സഹിക്കുക എന്നാണ്. ഈ മനോഭാവം ഉൾക്കൊള്ളുന്ന അർത്ഥമാണ് മലയാളഭാഷയിൽ നാം ഉപയോഗിക്കുന്ന കരുണ, ദയ, അനുകമ്പ തുടങ്ങിയ വാക്കുകൾക്കുള്ളത്. ദലൈലാമയുടെ പുസ്തകത്തിന്റെ English പരിഭാഷകൻ തുപ്റ്റെൻ ജിൻപാ (Thupten Jinpa) Compassion നെ നിർവചിക്കുന്നത് ഇങ്ങനെയാണ്:

“കരുണ എന്നത് മറ്റുള്ളവരുടെ കഷ്ടപ്പാടുകളിൽ ഉത്കണ്ഠയുള്ള, കഷ്ടപ്പാടുകളിൽ നിന്ന് മോചനം നേടാൻ ആഗ്രഹമുള്ള, അവരുടെ കഷ്ടപ്പാടുകൾ നീങ്ങുന്നതുവരെ അവരോടൊത്ത് നിൽക്കുവാനുള്ള ഒരു മാനസികാവസ്ഥയാണ്.”

കരുണയ്ക്ക് മൂന്ന് തലങ്ങളുണ്ട്:

ഒന്ന്, അറിവിന്റെ തലം. ഒരു വ്യക്തിയുടെ ജീവിതസാഹചര്യങ്ങളിൽ നിന്നുകൊണ്ട് “എനിക്ക് നിന്നെ മനസിലാക്കുവാൻ, അറിയാൻ സാധിക്കുന്നുണ്ട്” എന്ന് പറയുവാൻ കഴിയുന്ന മനസികാവസ്ഥയാണത്.

രണ്ട്, സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ തലം. എനിക്ക് നിന്നെ മനസ്സിലാക്കുവാൻ മാത്രമല്ല, എനിക്ക് നിന്നോടൊത്ത് വിഷമിക്കുവാനുമാകും എന്ന അവസ്ഥ.

മൂന്ന്, ബോധ്യപ്പെടുത്തലിന്റെ തലം. നിന്റെ ഈ വിഷമത്തിനകത്തുനിന്ന് പുറത്തുകടക്കാൻ നിന്റെകൂടെ ഞാനുമുണ്ടാകുമെന്ന് വേദനിക്കുന്ന വ്യക്തിയെ ബോധ്യപ്പെടുത്തുന്ന, അവളുടെ /അവന്റെ വേദന ഇല്ലാതാക്കിയെടുക്കുന്ന അവസ്ഥ.  അവസ്ഥ.

കരുണയുടെ ഈ മൂന്നുതലങ്ങളും ഒരുമിച്ചു ചേർന്നിരിക്കുകയാണ് ക്രിസ്തുവിൽ. ഈശോയ്ക്ക് എല്ലാവരെയും അറിയാം. നിങ്ങളെയും എന്നെയും ഈശോയ്ക്കറിയാം. ആരോടും പറയുവാൻ സാധിക്കാതെ ഉള്ളിലൊളിപ്പിച്ചിരിക്കുന്ന നമ്മുടെ സങ്കടങ്ങളോടൊപ്പം, ആഗ്രഹങ്ങളോടൊപ്പം ഈശോയ്ക്ക് നമ്മെ അറിയാം. നമ്മുടെ ജീവിതവുമായി താദാത്മ്യപെട്ട്  നിൽക്കുന്നവനാണ് ഈശോ. ലാസറിന്റെ മരണത്തിൽ ലാസറിന്റെ സഹോദരിമാരോടൊത്ത് കരഞ്ഞവനാണ് ഈശോ. തോമാശ്ലീഹായുടെ മനസ്സിന്റെ വേദനയറിഞ്ഞവനാണ് ഈശോ. മഗ്ദലേനയിലെ മറിയത്തിന്റെ ഹൃദയത്തിനുള്ളിൽ നന്മ കണ്ടെത്തിയവനാണ് ഈശോ. നമ്മോടൊത്തു ചിരിക്കാനും, കരയാനും, വേവലാതിപ്പെടാനും കഴിയുന്നവനാണ് ഈശോ. നമ്മുടെ പ്രശ്നങ്ങളെ പരിഹരിക്കുന്നവനാണ് ഈശോ. കരുണ പൂത്തുലഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു വൃക്ഷമായി ഈശോ മനുഷ്യന്റെ മുൻപിൽ നിൽക്കുമ്പോൾ തത്ക്ഷണം അവളുടെ/അവന്റെ ബന്ധങ്ങൾ അഴിയുകയാണ്; കണ്ണുകൾ തുറക്കപ്പെടുകയാണ്; സംസാരശക്തി വീണ്ടുകിട്ടുകയാണ്. വചനം പറയുന്നത് കേൾക്കുക: “തത്ക്ഷണം അവൻ സുഖപ്പെട്ടു.”

ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ആൾരൂപമാകേണ്ടവളാണ്/ ആൾരൂപമാകേണ്ടവനാണ്. ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ആൾ രൂപങ്ങളായി ക്രൈസ്തവർ ഈ ലോകത്തിലൂടെ നടക്കുമ്പോൾ, സഞ്ചരിക്കുമ്പോൾ ഈ ലോകം സൗഖ്യം പ്രാപിക്കും. ഇതാണ് നമ്മുടെ പ്രാർത്ഥന: “ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴിതുറക്കൂ.”

എന്നാൽ, ഇങ്ങനെ പ്രാർത്ഥിച്ചു് ലോകത്തെ സുഖപ്പെടുത്തുന്ന ക്രൈസ്തവരെ ഓടിച്ചുകളയുന്നതുകണ്ട്‌ ഞെട്ടുകയാണ് നാമിന്ന്. കഴിഞ്ഞ വെള്ളിയാഴ്ചയിലെ ദീപിക ദിനപത്രത്തിന്റെ അവസാന പേജിൽ ഒരു വാർത്തയുണ്ടായിരുന്നു. വാർത്ത വായിച്ചു് ഞാൻ ശരിക്കും ഞെട്ടിപ്പോയി. “മദർ തെരേസായുടെ സന്യാസിനിമാർ പുറത്താക്കി നിക്കരാഗ്വ.” ഒപ്പം, നിക്കരാഗ്വയിൽ നിന്ന് അയൽരാജ്യമായ കോസ്റ്റാറിക്കയിലേക്ക് നടന്നു നീങ്ങുന്ന സന്യാസിനിമാരുടെ ചിത്രവും കൊടുത്തിരുന്നു. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനിമാർ 1988 മുതൽ നിക്കരാഗ്വയിൽ പ്രവർത്തിക്കുന്നതാണ്. കുട്ടികൾക്കുള്ള നഴ്സറിയും, സ്ത്രീകൾക്കായുള്ള അഭയ കേന്ദ്രവും നഴ്‌സിംഗ് ഹോമും അവർ നടത്തിയിരുന്നു. ക്രിസ്തുവിന്റെ കരുണയിലൂടെ നിക്കരാഗ്വയെ സൗഖ്യപ്പെടുത്തിയിരുന്ന സന്യാസിനിമാരെയാണ് നിക്കരാഗ്വയിലെ പ്രസിഡണ്ട് ഡാനിയേൽ ഒർട്ടേഗയുടെ സർക്കാർ ആട്ടിയോടിച്ചത്. നന്മയെ, കരുണയെ  മനസ്സിലാക്കാൻ സാധിക്കാത്ത ആധുനിക ലോകത്തിന്റെ ഒരു പരിച്ഛേദമാണ് നിക്കരാഗ്വ.

നിക്കരാഗ്വ മാത്രമല്ല, നമ്മുടെ ഭാരതവും ക്രിസ്തുവിന്റെ കരുണയുടെ മുഖങ്ങളെ മാവോയിസ്റ്റുകൾ എന്നൊക്കെ മുദ്രകുത്തി ഇല്ലാതാക്കുവാൻ ശ്രമിക്കുന്നുണ്ട്. ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ആൾരൂപമായിക്കൊണ്ട് പാവങ്ങൾക്കുവേണ്ടി പ്രവർത്തിച്ച, ജീവിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ മരണവാർഷികമായിരുന്നു ജൂലൈ 5. ക്രിസ്തുവിന്റെ കരുണയുടെ മുഖങ്ങളെ, ഭാരതത്തെ സുഖപ്പെടുത്തുന്ന ക്രൈസ്തവരെ ഇല്ലാതാക്കുമ്പോൾ നഷ്ടപ്പെടുന്നത് ലോകത്തിന്റെ മനുഷ്യന്റെ സൗഖ്യമാണെന്ന് ലോകം മറന്നുപോകുന്നു.

ഗവൺമെന്റ് ആദ്യം ചോദിച്ചത് കത്തോലിക്കരേ, എവിടെനിന്നാണ് നിങ്ങൾക്ക് പണം ലഭിക്കുന്നത്? അപ്പോൾ ലോകം വിചാരിച്ചു, ശരിയല്ലേ. സമ്പത്ത് കൊണ്ട് ക്രൈസ്തവർ എന്ത് ചെയ്യുന്നു എന്ന് ആരും ചോദിച്ചില്ല. പിന്നെ, സർക്കാർ, കത്തോലിക്കരുടെ സ്ഥാപനങ്ങളെ കൂച്ചുവിലങ്ങിടുവാൻ തുടങ്ങി. അപ്പോൾ ലോകം പറഞ്ഞു സുതാര്യത നല്ലതല്ലേ. ഒർട്ടേഗയുടെ മനസ്സിലിരിപ്പിനെക്കുറിച്ചു് ആരും ചിന്തിച്ചില്ല. പിന്നെ, ക്രൈസ്തവരുടെ പ്രവൃത്തികളെക്കുറിച്ചായി ചോദ്യങ്ങൾ. അവിടെയും ലോകം ഒർട്ടേഗയുടെ കൂടെ നിന്നു. അങ്ങനെ പതുക്കെ, പതുക്കെ ഒർട്ടേഗ തന്റെ അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ക്രൈസ്തവമുക്ത നിക്കരാഗ്വ നിർമിച്ചുകൊണ്ടിരിക്കുന്നു. സ്നേഹമുള്ളവരേ, നമ്മുടെ ഇന്ത്യയും ഈ ഒരു ദിശയിലൂടെയല്ലേ നീങ്ങിക്കൊണ്ടിരിക്കുന്നത്? ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ മുഖം തുടച്ചു നീക്കുവാൻ, ഇന്ത്യയെ  സുഖപ്പെടുത്തുന്ന ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ആളുകളെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നത് വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന് ചരിത്രം പറയുന്നു.

മനുഷ്യൻ മനുഷ്യനോട്, പ്രകൃതിയോട് കരുണകാണിക്കാത്ത കാലങ്ങളിൽ സംഭവിച്ചതൊക്കെ മനുഷ്യൻ മറക്കുകയാണ്. രണ്ടാം ലോകമഹായുദ്ധവും, ഹിറ്റ്ലറിൻറെ ഫാസിസ്റ്റ് രീതികളും, യഹൂദരെ ഇല്ലാതാക്കുവാൻ നടത്തിയ വംശഹത്യയുമൊക്കെ ക്രിസ്തുവിന്റെ കാരുണ്യം ലവലേശംപോലും ഇല്ലാത്ത വ്യക്തികളുടെ കിരാത നൃത്തമായിരുന്നു. അവർ ലോകത്തെ സുഖപ്പെടുത്തുകയല്ല, ലോകത്തെ കൂടുതൽ കൂടുതൽ മുറിപ്പെടുത്തുകയായിരുന്നു.

ഹങ്കേറിയൻ നോവലിസ്റ്റ് എലീ വീസലിന്റെ (Elie Wiesel) നൈറ്റ് (Night) എന്ന നോവൽ വായിച്ചാൽ കഴിഞ്ഞ തലമുറയുടെ ക്രൂരമുഖം നമുക്ക് മനസ്സിലാകും. ലക്ഷക്കണക്കിന് ജൂതരുടെ എഴുതപ്പെടാത്ത ഡയറിക്കുറിപ്പുകളുടെ സമാഹാരമാണ് ഈ നോവൽ. എലീ വീസൽ പറയുന്നത് കേൾക്കൂ..”മനുഷ്യർ മനുഷ്യരോട് ചെയ്തത് എന്തെന്ന് ഓർത്തുവെയ്ക്കാൻ നാം തയ്യാറാണെങ്കിൽ, നാളെ മറ്റു ദുരന്തങ്ങൾ തടയാൻ നമുക്ക് സാധിച്ചേക്കും.”

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം, സുവിശേഷ സന്ദേശം നമുക്കൊരു വെല്ലുവിളിയാണ്. മനുഷ്യൻ മനുഷ്യനിലെ മൃഗീയത കൂടുതലായി പുറത്തുകൊണ്ടു വരുന്ന ഒരു കാലഘട്ടമായി വർത്തമാനകാലത്തെ കരുതാൻ താത്പര്യമില്ലെങ്കിലും, ഓരോ ദിവസവും നടക്കുന്ന സംഭവങ്ങൾ അതിന് അടിവരയിടുകയല്ലേ? എന്തെന്ത് ക്രൂരതകളാണ്, കുടുംബങ്ങളിലും, സമൂഹങ്ങളിലും, ആത്മീയ ഇടങ്ങളിലും നടമാടുന്നത്? ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ മുഖമുള്ളവർ കുറയുന്നു ഇവിടെ. കരുണ വറ്റിയ കണ്ണുകളുള്ള, ഹൃദയമുള്ള ആളുകൾ കൂടിവരുന്നു. ക്രിസ്തുവിന്റെ കരുണയുടെ ലോകത്തെ സുഖപ്പെടുത്തുന്നവർ കുറഞ്ഞു വരുന്നു.

എഴുന്നേൽക്കുവിൻ, ഉണരുവിൻ! ക്രിസ്തുവിനെ, അവിടുത്തെ കരുണയെ അവിടുത്തെ സൗഖ്യത്തെ ലോകത്തിന് നൽകുവാൻ തയ്യാറകുവിൻ! ആമേൻ!