SUNDAY SERMON MT 9, 27-38

ശ്ളീഹാക്കാലം ആറാം ഞായർ

ലേവ്യർ 8, 1-13

ഏശയ്യാ 6, 1-8

1 കോറി 1, 26-31

മത്താ 9, 27-38

ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ച്ചത്തെ സുവിശേഷഭാഗം ക്രിസ്തുവിന്റെയും, ക്രിസ്തു ശിഷ്യരുടേയും സ്വഭാവവും ദൗത്യവുമെന്തെന്ന് വളരെ വ്യക്തമായി അവതരിപ്പിക്കുകയാണ്.

ക്രിസ്തുവിന്റെയും, ക്രിസ്തു ശിഷ്യരുടേയും സ്വഭാവമാണ് കരുണ. ക്രിസ്തുവിനെപ്പറ്റി സുവിശേഷം പറയുന്നത് “ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ യേശുവിന് അവരുടെമേൽ അനുകമ്പ തോന്നി.” വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 20, 34 ൽ ജെറീക്കോയിലെ അന്ധരെ സുഖപ്പെടുത്തുന്നത് വിവരിക്കുമ്പോൾ സുവിശേഷകൻ പറയുന്നത്, “ഈശോ ഉള്ളലിഞ്ഞ് അവരുടെ കണ്ണുകളിൽ സ്പർശിച്ചു. തത്ക്ഷണം അവർക്ക് കാഴ്ച്ച കിട്ടി” എന്നാണ്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായത്തിൽ കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്ന രംഗമുണ്ട്. അവിടെ സുവിശേഷകൻ പറയുന്നതും ക്രിസ്തുവിന്റെ കരുണയെക്കുറിച്ചാണ്. “അവൻ കരുണ തോന്നി കൈനീട്ടി അവനെ സ്പർശിച്ചുകൊണ്ട് പറഞ്ഞു: എനിക്ക് മനസ്സുണ്ട്. നിനക്ക് ശുദ്ധിയുണ്ടാകട്ടെ. തത്ക്ഷണം കുഷ്ഠം മാറി അവന് ശുദ്ധിവന്നു.” വിശുദ്ധ മത്തായി ക്രിസ്തുവിന്റെ കരുണ നിറഞ്ഞ ഹൃദയത്തെ അവതരിപ്പിക്കുവാനായി അവിടുത്തെ വചനം തന്നെ രേഖപ്പെടുത്തുകയാണ്. ‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും, വിനീത ഹൃദയനുമാണ്.‘ (28) ക്രിസ്തു കരുണാമയനാണ്, കാരുണ്യം മാത്രമാണ്. സമുദ്രത്തിന്റെ ഏത് ഭാഗത്തുനിന്നും എടുക്കുന്ന ജലത്തിന് ഉപ്പുരസം ഉള്ളതുപോലെ, ക്രിസ്തുമുഴുവനും കരുണയാണ്.

ക്രിസ്തുവിന്റെ ദൗത്യമെന്താണ്? ലോകത്തിന്റെ, മനുഷ്യരുടെ, ഈ പ്രപഞ്ചത്തിന്റെ സൗഖ്യം!! മലക്കിയ പ്രവാചകൻ വളരെ വ്യക്തമായി ഇക്കാര്യം പറയുന്നുണ്ട്. ” നിങ്ങൾക്കുവേണ്ടി നീതി സൂര്യൻ ഉദിക്കു. അവന്റെ ചിറകുകളിൽ സൗഖ്യമുണ്ട്.” (4, 2) പുറപ്പാടിന്റെ പുസ്തകത്തിൽ ദൈവ വചനം പറയുന്നു, “ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്.” (പുറപ്പാട് 16, 26) ക്രിസ്തു സുഖപ്പെടുത്തുന്ന ദൈവമാണ്.

ക്രിസ്തുവിന്റെ സ്വഭാവവും ദൗത്യവും ഇവയാണെങ്കിൽ, ക്രിസ്തു ശിഷ്യരുടേയും സ്വഭാവവും, ദൗത്യവും വേറൊന്നാകാൻ സാധ്യമല്ലല്ലോ! ക്രിസ്തുവിന്റെ കരുണ നിറഞ്ഞ ഹൃദയമ ഉള്ളവരാകുകയാണ് ക്രൈസ്തവരുടെ സ്വഭാവം. ഈ ലോകത്തെ, ഈ പ്രപഞ്ചത്തെ, എല്ലാ മനുഷ്യരെയും സുഖപ്പെടുത്തുകയാണ് ക്രൈസ്തവരുടെ ദൗത്യം. ഇന്നത്തെ സുവിശേഷത്തിന്റെ സന്ദേശം ഇത് തന്നെയാണ്. കരുണയുള്ളവരായിക്കൊണ്ട് ക്രിസ്തുവിന്റെ സൗഖ്യത്തിൽ ജീവിക്കുക, മറ്റുള്ളവർക്ക് ആ സൗഖ്യം പകർന്നുകൊടുക്കുക.

ക്രിസ്തു കരുണയായതുകൊണ്ട്, കരുണ മാത്രമായതുകൊണ്ട്, ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നവർക്ക് മാത്രമല്ല, ഈശോ തന്റെ സൗഖ്യം നൽകുന്നത്.

സുവിശേഷങ്ങളിൽ ഈശോ രോഗികളെ സുഖപ്പെടുത്തുമ്പോൾ എല്ലാവരിൽ നിന്നും ഈ വിശ്വാസം ആവശ്യപ്പെടുന്നില്ല. ചിലരുടെ അടുത്ത് ഈശോ അവരുടെ വിശ്വാസം ഏറ്റുപറയുവാൻ അവസരമൊരുക്കുന്നുണ്ട്. അന്ധതയുണ്ടായിരുന്നിട്ടും ഈശോയെ അനുഗമിക്കുന്ന, ജനങ്ങളെ തട്ടിയും, മുട്ടിയും ഈശോയെ പിന്തുടരുന്ന രണ്ടു കുരുടന്മാർക്കും ഈശോയിൽ വിശ്വാസമുണ്ടായിരുന്നു. ദാവീദിന്റെ പുത്രാ എന്ന വിളിയിൽ ആ വിശ്വാസം നമുക്ക് സ്പഷ്ടമായി കേൾക്കാം. ഞങ്ങളിൽ കനിയണമേ എന്ന നിലവിളിയിൽ ആ വിശ്വാസം നമുക്ക് തെളിഞ്ഞ് കാണാം. കാഴ്ച്ച കിട്ടിയശേഷം നാടെങ്ങും ഈശോയുടെ കീർത്തി പ്രചരിപ്പിച്ചതിൽ നിന്ന് അവരുടെ വിശ്വാസം നമുക്ക് വായിച്ചെടുക്കാം. ഈശോ അവരുടെ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അവരെ സുഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

മറ്റുചിലരുടെ കാര്യത്തിൽ മാതാപിതാക്കളുടെയോ, സ്നേഹിതരുടെയോ വിശ്വാസം കണ്ടുകൊണ്ട് ഈശോ അവരെ സുഖപ്പെടുത്തുന്നുണ്ട്. എന്നാൽ, ചില സമയങ്ങളിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഇല്ലാതെ, മനുഷ്യന്റെ വേദന മനസ്സിലാക്കിക്കൊണ്ട് അവളുടെ / അവന്റെ ജീവിതത്തിലേക്ക് ഈശോ തന്റെ കാരുണ്യം ചൊരിഞ്ഞുകൊണ്ട് അവരെ സുഖപ്പെടുത്തുന്നു. ഇന്നത്തെ സുവിശേഷത്തിൽ, രണ്ടു കുരുടന്മാരോട് അവരുടെ വിശ്വാസത്തെപ്പറ്റി അന്വേഷിക്കുമ്പോൾ, ഊമനെ തന്റെ കാരുണ്യത്താൽ ഈശോ സുഖപ്പെടുത്തുകയാണ്.

Cumpassio എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് compassion എന്ന English വാക്കുണ്ടായത്. Cumpassio എന്ന വാക്കിന്റെ അർത്ഥം co-suffering ഒത്ത് സഹിക്കുക എന്നാണ്. ഈ മനോഭാവം ഉൾക്കൊള്ളുന്ന അർത്ഥമാണ് മലയാളഭാഷയിൽ നാം ഉപയോഗിക്കുന്ന കരുണ, ദയ, അനുകമ്പ തുടങ്ങിയ വാക്കുകൾക്കുള്ളത്. ദലൈലാമയുടെ പുസ്തകത്തിന്റെ English പരിഭാഷകൻ തുപ്റ്റെൻ ജിൻപാ (Thupten Jinpa) Compassion നെ നിർവചിക്കുന്നത് ഇങ്ങനെയാണ്:

“കരുണ എന്നത് മറ്റുള്ളവരുടെ കഷ്ടപ്പാടുകളിൽ ഉത്കണ്ഠയുള്ള, കഷ്ടപ്പാടുകളിൽ നിന്ന് മോചനം നേടാൻ ആഗ്രഹമുള്ള, അവരുടെ കഷ്ടപ്പാടുകൾ നീങ്ങുന്നതുവരെ അവരോടൊത്ത് നിൽക്കുവാനുള്ള ഒരു മാനസികാവസ്ഥയാണ്.”

കരുണയ്ക്ക് മൂന്ന് തലങ്ങളുണ്ട്:

ഒന്ന്, അറിവിന്റെ തലം. ഒരു വ്യക്തിയുടെ ജീവിതസാഹചര്യങ്ങളിൽ നിന്നുകൊണ്ട് “എനിക്ക് നിന്നെ മനസിലാക്കുവാൻ, അറിയാൻ സാധിക്കുന്നുണ്ട്” എന്ന് പറയുവാൻ കഴിയുന്ന മനസികാവസ്ഥയാണത്.

രണ്ട്, സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ തലം. എനിക്ക് നിന്നെ മനസ്സിലാക്കുവാൻ മാത്രമല്ല, എനിക്ക് നിന്നോടൊത്ത് വിഷമിക്കുവാനുമാകും എന്ന അവസ്ഥ.

മൂന്ന്, ബോധ്യപ്പെടുത്തലിന്റെ തലം. നിന്റെ ഈ വിഷമത്തിനകത്തുനിന്ന് പുറത്തുകടക്കാൻ നിന്റെകൂടെ ഞാനുമുണ്ടാകുമെന്ന് വേദനിക്കുന്ന വ്യക്തിയെ ബോധ്യപ്പെടുത്തുന്ന, അവളുടെ /അവന്റെ വേദന ഇല്ലാതാക്കിയെടുക്കുന്ന അവസ്ഥ.  അവസ്ഥ.

കരുണയുടെ ഈ മൂന്നുതലങ്ങളും ഒരുമിച്ചു ചേർന്നിരിക്കുകയാണ് ക്രിസ്തുവിൽ. ഈശോയ്ക്ക് എല്ലാവരെയും അറിയാം. നിങ്ങളെയും എന്നെയും ഈശോയ്ക്കറിയാം. ആരോടും പറയുവാൻ സാധിക്കാതെ ഉള്ളിലൊളിപ്പിച്ചിരിക്കുന്ന നമ്മുടെ സങ്കടങ്ങളോടൊപ്പം, ആഗ്രഹങ്ങളോടൊപ്പം ഈശോയ്ക്ക് നമ്മെ അറിയാം. നമ്മുടെ ജീവിതവുമായി താദാത്മ്യപെട്ട്  നിൽക്കുന്നവനാണ് ഈശോ. ലാസറിന്റെ മരണത്തിൽ ലാസറിന്റെ സഹോദരിമാരോടൊത്ത് കരഞ്ഞവനാണ് ഈശോ. തോമാശ്ലീഹായുടെ മനസ്സിന്റെ വേദനയറിഞ്ഞവനാണ് ഈശോ. മഗ്ദലേനയിലെ മറിയത്തിന്റെ ഹൃദയത്തിനുള്ളിൽ നന്മ കണ്ടെത്തിയവനാണ് ഈശോ. നമ്മോടൊത്തു ചിരിക്കാനും, കരയാനും, വേവലാതിപ്പെടാനും കഴിയുന്നവനാണ് ഈശോ. നമ്മുടെ പ്രശ്നങ്ങളെ പരിഹരിക്കുന്നവനാണ് ഈശോ. കരുണ പൂത്തുലഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു വൃക്ഷമായി ഈശോ മനുഷ്യന്റെ മുൻപിൽ നിൽക്കുമ്പോൾ തത്ക്ഷണം അവളുടെ/അവന്റെ ബന്ധങ്ങൾ അഴിയുകയാണ്; കണ്ണുകൾ തുറക്കപ്പെടുകയാണ്; സംസാരശക്തി വീണ്ടുകിട്ടുകയാണ്. വചനം പറയുന്നത് കേൾക്കുക: “തത്ക്ഷണം അവൻ സുഖപ്പെട്ടു.”

ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ആൾരൂപമാകേണ്ടവളാണ്/ ആൾരൂപമാകേണ്ടവനാണ്. ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ആൾ രൂപങ്ങളായി ക്രൈസ്തവർ ഈ ലോകത്തിലൂടെ നടക്കുമ്പോൾ, സഞ്ചരിക്കുമ്പോൾ ഈ ലോകം സൗഖ്യം പ്രാപിക്കും. ഇതാണ് നമ്മുടെ പ്രാർത്ഥന: “ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴിതുറക്കൂ.”

എന്നാൽ, ഇങ്ങനെ പ്രാർത്ഥിച്ചു് ലോകത്തെ സുഖപ്പെടുത്തുന്ന ക്രൈസ്തവരെ ഓടിച്ചുകളയുന്നതുകണ്ട്‌ ഞെട്ടുകയാണ് നാമിന്ന്. കഴിഞ്ഞ വെള്ളിയാഴ്ചയിലെ ദീപിക ദിനപത്രത്തിന്റെ അവസാന പേജിൽ ഒരു വാർത്തയുണ്ടായിരുന്നു. വാർത്ത വായിച്ചു് ഞാൻ ശരിക്കും ഞെട്ടിപ്പോയി. “മദർ തെരേസായുടെ സന്യാസിനിമാർ പുറത്താക്കി നിക്കരാഗ്വ.” ഒപ്പം, നിക്കരാഗ്വയിൽ നിന്ന് അയൽരാജ്യമായ കോസ്റ്റാറിക്കയിലേക്ക് നടന്നു നീങ്ങുന്ന സന്യാസിനിമാരുടെ ചിത്രവും കൊടുത്തിരുന്നു. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനിമാർ 1988 മുതൽ നിക്കരാഗ്വയിൽ പ്രവർത്തിക്കുന്നതാണ്. കുട്ടികൾക്കുള്ള നഴ്സറിയും, സ്ത്രീകൾക്കായുള്ള അഭയ കേന്ദ്രവും നഴ്‌സിംഗ് ഹോമും അവർ നടത്തിയിരുന്നു. ക്രിസ്തുവിന്റെ കരുണയിലൂടെ നിക്കരാഗ്വയെ സൗഖ്യപ്പെടുത്തിയിരുന്ന സന്യാസിനിമാരെയാണ് നിക്കരാഗ്വയിലെ പ്രസിഡണ്ട് ഡാനിയേൽ ഒർട്ടേഗയുടെ സർക്കാർ ആട്ടിയോടിച്ചത്. നന്മയെ, കരുണയെ  മനസ്സിലാക്കാൻ സാധിക്കാത്ത ആധുനിക ലോകത്തിന്റെ ഒരു പരിച്ഛേദമാണ് നിക്കരാഗ്വ.

നിക്കരാഗ്വ മാത്രമല്ല, നമ്മുടെ ഭാരതവും ക്രിസ്തുവിന്റെ കരുണയുടെ മുഖങ്ങളെ മാവോയിസ്റ്റുകൾ എന്നൊക്കെ മുദ്രകുത്തി ഇല്ലാതാക്കുവാൻ ശ്രമിക്കുന്നുണ്ട്. ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ആൾരൂപമായിക്കൊണ്ട് പാവങ്ങൾക്കുവേണ്ടി പ്രവർത്തിച്ച, ജീവിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ മരണവാർഷികമായിരുന്നു ജൂലൈ 5. ക്രിസ്തുവിന്റെ കരുണയുടെ മുഖങ്ങളെ, ഭാരതത്തെ സുഖപ്പെടുത്തുന്ന ക്രൈസ്തവരെ ഇല്ലാതാക്കുമ്പോൾ നഷ്ടപ്പെടുന്നത് ലോകത്തിന്റെ മനുഷ്യന്റെ സൗഖ്യമാണെന്ന് ലോകം മറന്നുപോകുന്നു.

ഗവൺമെന്റ് ആദ്യം ചോദിച്ചത് കത്തോലിക്കരേ, എവിടെനിന്നാണ് നിങ്ങൾക്ക് പണം ലഭിക്കുന്നത്? അപ്പോൾ ലോകം വിചാരിച്ചു, ശരിയല്ലേ. സമ്പത്ത് കൊണ്ട് ക്രൈസ്തവർ എന്ത് ചെയ്യുന്നു എന്ന് ആരും ചോദിച്ചില്ല. പിന്നെ, സർക്കാർ, കത്തോലിക്കരുടെ സ്ഥാപനങ്ങളെ കൂച്ചുവിലങ്ങിടുവാൻ തുടങ്ങി. അപ്പോൾ ലോകം പറഞ്ഞു സുതാര്യത നല്ലതല്ലേ. ഒർട്ടേഗയുടെ മനസ്സിലിരിപ്പിനെക്കുറിച്ചു് ആരും ചിന്തിച്ചില്ല. പിന്നെ, ക്രൈസ്തവരുടെ പ്രവൃത്തികളെക്കുറിച്ചായി ചോദ്യങ്ങൾ. അവിടെയും ലോകം ഒർട്ടേഗയുടെ കൂടെ നിന്നു. അങ്ങനെ പതുക്കെ, പതുക്കെ ഒർട്ടേഗ തന്റെ അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ക്രൈസ്തവമുക്ത നിക്കരാഗ്വ നിർമിച്ചുകൊണ്ടിരിക്കുന്നു. സ്നേഹമുള്ളവരേ, നമ്മുടെ ഇന്ത്യയും ഈ ഒരു ദിശയിലൂടെയല്ലേ നീങ്ങിക്കൊണ്ടിരിക്കുന്നത്? ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ മുഖം തുടച്ചു നീക്കുവാൻ, ഇന്ത്യയെ  സുഖപ്പെടുത്തുന്ന ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ആളുകളെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നത് വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന് ചരിത്രം പറയുന്നു.

മനുഷ്യൻ മനുഷ്യനോട്, പ്രകൃതിയോട് കരുണകാണിക്കാത്ത കാലങ്ങളിൽ സംഭവിച്ചതൊക്കെ മനുഷ്യൻ മറക്കുകയാണ്. രണ്ടാം ലോകമഹായുദ്ധവും, ഹിറ്റ്ലറിൻറെ ഫാസിസ്റ്റ് രീതികളും, യഹൂദരെ ഇല്ലാതാക്കുവാൻ നടത്തിയ വംശഹത്യയുമൊക്കെ ക്രിസ്തുവിന്റെ കാരുണ്യം ലവലേശംപോലും ഇല്ലാത്ത വ്യക്തികളുടെ കിരാത നൃത്തമായിരുന്നു. അവർ ലോകത്തെ സുഖപ്പെടുത്തുകയല്ല, ലോകത്തെ കൂടുതൽ കൂടുതൽ മുറിപ്പെടുത്തുകയായിരുന്നു.

ഹങ്കേറിയൻ നോവലിസ്റ്റ് എലീ വീസലിന്റെ (Elie Wiesel) നൈറ്റ് (Night) എന്ന നോവൽ വായിച്ചാൽ കഴിഞ്ഞ തലമുറയുടെ ക്രൂരമുഖം നമുക്ക് മനസ്സിലാകും. ലക്ഷക്കണക്കിന് ജൂതരുടെ എഴുതപ്പെടാത്ത ഡയറിക്കുറിപ്പുകളുടെ സമാഹാരമാണ് ഈ നോവൽ. എലീ വീസൽ പറയുന്നത് കേൾക്കൂ..”മനുഷ്യർ മനുഷ്യരോട് ചെയ്തത് എന്തെന്ന് ഓർത്തുവെയ്ക്കാൻ നാം തയ്യാറാണെങ്കിൽ, നാളെ മറ്റു ദുരന്തങ്ങൾ തടയാൻ നമുക്ക് സാധിച്ചേക്കും.”

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം, സുവിശേഷ സന്ദേശം നമുക്കൊരു വെല്ലുവിളിയാണ്. മനുഷ്യൻ മനുഷ്യനിലെ മൃഗീയത കൂടുതലായി പുറത്തുകൊണ്ടു വരുന്ന ഒരു കാലഘട്ടമായി വർത്തമാനകാലത്തെ കരുതാൻ താത്പര്യമില്ലെങ്കിലും, ഓരോ ദിവസവും നടക്കുന്ന സംഭവങ്ങൾ അതിന് അടിവരയിടുകയല്ലേ? എന്തെന്ത് ക്രൂരതകളാണ്, കുടുംബങ്ങളിലും, സമൂഹങ്ങളിലും, ആത്മീയ ഇടങ്ങളിലും നടമാടുന്നത്? ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ മുഖമുള്ളവർ കുറയുന്നു ഇവിടെ. കരുണ വറ്റിയ കണ്ണുകളുള്ള, ഹൃദയമുള്ള ആളുകൾ കൂടിവരുന്നു. ക്രിസ്തുവിന്റെ കരുണയുടെ ലോകത്തെ സുഖപ്പെടുത്തുന്നവർ കുറഞ്ഞു വരുന്നു.

എഴുന്നേൽക്കുവിൻ, ഉണരുവിൻ! ക്രിസ്തുവിനെ, അവിടുത്തെ കരുണയെ അവിടുത്തെ സൗഖ്യത്തെ ലോകത്തിന് നൽകുവാൻ തയ്യാറകുവിൻ! ആമേൻ!