SUNDAY SERMON JN 15, 1-8

കൈത്താക്കാലം രണ്ടാം ഞായർ

നിയമാവർത്തനം 28, 1-14

പ്രഭാഷകൻ 10, 19-25

റോമാ 11, 17-24

യോഹ 15, 1-8

വളരെ മനോഹരമായ ഒരു രൂപകകഥയുമായാണ് (Allegory) ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. ഇസ്രായേൽക്കാരുടെ ജീവിതപശ്ചാത്തലത്തിൽ നിന്ന്, അവരുടെ കാർഷിക സംസ്കാരത്തിൽ നിന്ന് അടർത്തിയെടുത്ത കഥയായതുകൊണ്ട് ഈ രൂപകകഥയ്ക്ക് ജീവിതത്തിന്റെ പച്ചപ്പുണ്ട്, മണ്ണിന്റെ മണമുണ്ട്. ഇവിടെ നാല് വ്യക്തികളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഒന്ന്, കൃഷിക്കാരൻ. രണ്ട്, മുന്തിരിച്ചെടി. മൂന്ന്, ശാഖകൾ. നാല്, ചെടിയോട് ചേർന്ന് നിൽക്കാത്ത ഉപയോഗശൂന്യരായ ശാഖകൾ.

രൂപകകഥയായതുകൊണ്ട്, നിങ്ങൾക്കറിയാവുന്നതുപോലെ, ഓരോ കഥാപാത്രത്തിനും പ്രതീകാത്മകമായ അർത്ഥങ്ങളുണ്ട് (Symbolic meaning), അർത്ഥതലങ്ങളുണ്ട്. ഇതിലെ കൃഷിക്കാരൻ പിതാവായ ദൈവമാണ്. മുന്തിരിച്ചെടിയാകട്ടെ ക്രിസ്തുവാണ്. ശാഖകൾ ക്രിസ്തുവിൽ വിശ്വസിക്കുന്ന, അവിടുത്തെ ദൈവവും, കർത്താവുമായ ഏറ്റുപറയുന്ന ക്രൈസ്തവരാണ്, നാം ഓരോരുത്തരുമാണ്. ക്രിസ്തുവിനോട് ചേർന്ന് നിൽക്കാത്ത, ക്രിസ്തുവിനെ തള്ളിപ്പറയുന്ന വ്യക്തികളാണ് ഫലംപുറപ്പെടുവിക്കാത്ത ശാഖകൾ. മുന്തിരിച്ചെടിയുടെ ഉപമ ഈ നാല് വ്യക്തികളെ അവതരിപ്പിക്കുകയല്ല ചെയ്യുന്നത്; അവരുടെ ബന്ധത്തിന്റെ കഥയാണ് ഓരോ അടരുകളായി ഈശോ പറഞ്ഞുവയ്ക്കുന്നത്. ഒപ്പം, നമ്മുടെ ബന്ധങ്ങളുടെ കഥയും ഈശോ പറയുകയാണ്.  

ഈ രൂപകകഥയിൽ ആദ്യഭാഗത്തുതന്നെ ഈശോ നാല് കഥാപാത്രങ്ങളെയും അവതരിപ്പിക്കുകയാണ്. കഥപറയുന്നത് ഇങ്ങനെയാണ്: ഞാനാണ് സാക്ഷാൽ മുന്തിരിച്ചെടി. എന്റെ പിതാവാണ് കൃഷിക്കാരൻ. എന്റെ ശാഖകളിൽ ഫലം തരുന്നതിനെ ഞാൻ കൂടുതൽ കരുതലോടെ കാക്കുന്നു. ഫലം തരാത്തതിനെ നീക്കിക്കളയുന്നു, വെട്ടിക്കളയുന്നു, കത്തിച്ചുകളയുന്നു.

ഇത് ബന്ധങ്ങളുടെ കഥയാണ്. ഒന്നാമത്തേത്, കൃഷിക്കാരനും, മുന്തിരിച്ചെടിയും തമ്മിലുള്ള ബന്ധമാണ്; ദൈവവും ക്രിസ്തുവും തമ്മിലുള്ള ബന്ധമാണ്. കൃഷിക്കാരന്റെ ആത്മപ്രകാശനമാണ്, ജീവൻ തന്നെയാണ് അയാൾ നട്ടുവളർത്തുന്ന ഓരോ ചെടിയും. കൃഷിക്കാർക്ക് ഈ ആത്മബന്ധത്തിന്റെ പൊരുൾ പെട്ടെന്ന് മനസ്സിലാകും. അതുപോലെ, ഈ പ്രപഞ്ചത്തിലെ ബന്ധങ്ങളുടെ ഒരു sterling example ആയിട്ടാണ് ദൈവവും ക്രിസ്തുവും തമ്മിലുള്ള ബന്ധം ക്രിസ്തു അവതരിപ്പിക്കുന്നത്. എങ്ങനെയാണ് ദൈവവും, ക്രിസ്തുവും തമ്മിലുള്ള ബന്ധം? വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 10 വാക്യം 30 ൽ ഈശോ പറയുന്നു: “ഞാനും പിതാവും ഒന്നാണ്.” ആ ബന്ധത്തിന്റെ ആഴം കാണണമെങ്കിൽ, ആ ബന്ധത്തിന്റെ മഹത്വം മനസ്സിലാകണമെങ്കിൽ വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 14, വാക്യം 9 വായിക്കണം. “എന്നെ കാണുന്നവൻ എന്റെ പിതാവിനെ കാണുന്നു. ബന്ധങ്ങളുടെ കഥ പറയുന്ന മുന്തിരിച്ചെടിയുടെ ഉപമയുടെ ആദ്യഭാഗത്തു തന്നെ തികച്ചും പൂർണതയുള്ള, സുന്ദരമായ ഒരു ബന്ധത്തെ ഈശോ ചിത്രീകരിക്കുകയാണ്. എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു എന്ന് പറയുന്നതിൽ കൂടുതലായി, ഇതിൽപ്പരം വ്യക്തമായി എങ്ങനെയാണ് പ്രിയപ്പെട്ടവരേ, മാനുഷിക ഭാഷയിൽ ഒരു ബന്ധത്തെ അവതരിപ്പിക്കുക!!

രണ്ടാമത്തേത്, മുന്തിരിച്ചെടിയും ശാഖകളും തമ്മിലുള്ള ബന്ധമാണ്. മുന്തിരിച്ചെടി, ശാഖകൾക്ക് വളരുന്നതിനാവശ്യമായവ കൊടുക്കുവാൻ തയ്യാറായി നിൽക്കുകയാണ്. രണ്ടുതരത്തിലുള്ള ശാഖകളുണ്ട്. ഫലം തരുന്നവയും, ഫലവും തരാത്തവയും. ഫലം തരുന്നവയെ കൂടുതൽ കായ്ക്കുവാനായി വളർത്തുകയും, ഫലം തരാത്തതിനെ മുറിച്ചുകളയുകയും, പിന്നീട് കത്തിച്ചുകളയുകയും ചെയ്യുന്ന രീതിയാണ് മുന്തിരിച്ചെടിയുടെ കർഷകർ പിന്തുടരുന്നത്.  ഒരു ചെടിയും അതിന്റെ ശാഖകളും, ഒരു വൃക്ഷവും അതിന്റെ ശാഖകളും തമ്മിലുള്ള ബന്ധം എങ്ങനെയാണ് എന്ന് നിങ്ങളോട് ഞാൻ വിവരിക്കേണ്ട ആവശ്യമില്ല. ശാഖകൾ ചെടിയോട്, തായ്ത്തടിയോട് ചേർന്നു നിന്നാൽ മാത്രമേ, വെള്ളവും, വളവും വലിച്ചെടുത്തു് പൂവണിയുവാനും, ഫലങ്ങൾ പുറപ്പെടുവിക്കുവാനും കഴിയൂ.

രൂപകകഥയുടെ പ്രതീകാത്മകമായ അർത്ഥത്തിൽ, ക്രിസ്തുവും ക്രൈസ്തവരും തമ്മിലുള്ള ബന്ധമാണ് ഇവിടെ വിവക്ഷ. ശാഖകൾ മുന്തിരിച്ചെടിയോട് ചേർന്ന് നിൽക്കുന്നതുപോലെ, ഓരോ ക്രൈസ്തവനും ക്രിസ്തുവിനോട് ചേർന്ന് നിന്നാൽ മാത്രമേ ഈ ഭൂമിയിലെ മനുഷ്യന്റെ ജീവിതം മനോഹരമാക്കുവാൻ സാധിക്കൂ. ശാഖകൾക്ക് ജീവനുണ്ടാകുവാനും, ആ ജീവൻ സമൃദ്ധിയായി നല്കുവാനുമാണ് മുന്തിരിച്ചെടിയായ ക്രിസ്തു വന്നിരിക്കുന്നത്. ക്രിസ്തുവിൽ വസിച്ചാൽ മാത്രമേ, നമ്മുടെ ജീവിതത്തിൽ ഫലം പുറപ്പെടുവിക്കുവാൻ സാധിക്കുകയുള്ളു. ക്രിസ്തുവിൽ വസിക്കുന്നില്ലെങ്കിൽ ഉണങ്ങിയ ശാഖയായി, ജീവിതം വെറും ഭസ്മമായിത്തീരും.

മുന്തിരിച്ചെടിയുടെ രൂപകകഥ ഈ ഭൂമിയിലുള്ള ബന്ധങ്ങളെപ്പറ്റിയാണ് നമ്മോട് സംസാരിക്കുന്നത്. ആത്മീയജീവിയായ മനുഷ്യൻ ദൈവത്തോടും, സാമൂഹ്യജീവിയായ മനുഷ്യൻ പ്രകൃതിയോടും, പ്രകൃതിയിലെ മനുഷ്യരുൾപ്പെടെ എല്ലാ ജീവജാലങ്ങളോടും ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. ഈ ഭൂമിയിലെ നമ്മുടെ ബന്ധങ്ങൾ എങ്ങനെയായിരിക്കണമെന്നാണ് മുന്തിരിച്ചെടിയുടെ കഥ നമ്മോട് പറയുന്ന സാരോപദേശം. ഇതിനെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമായി മാത്രം വ്യാഖ്യാനിച്ചു് വികൃതമാക്കരുത് നാം. ചോര ചോരയെ തിരിച്ചറിയുന്നു എന്നൊക്കെയുള്ള അറിവ് വച്ചല്ലേ ദൈവവുമായുള്ള നമ്മുടെ ബന്ധംപോലും നാം മനസ്സിലാക്കുന്നത്!!! ദൈവത്തോടൊപ്പം വസിക്കുന്നില്ലെങ്കിൽ, ക്രിസ്തുവിൽ നിന്ന് ജീവനും, ചൈതന്യവും സ്വീകരിക്കുന്നില്ലെങ്കിൽ നാമൊക്കെ കല്ലിന്മേൽ കല്ല് ശേഷിക്കാതെ നശിച്ചുപോകുമെന്നതിന് പ്രത്യേകിച്ച് ഉദാഹരണങ്ങൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ബാബേൽഗോപുരംപോലെ ആകാശം മുട്ടേ പടുത്തുയർത്തിയാലും ദൈവമാകുന്ന, ക്രിസ്തുവാകുന്ന പാറമേലല്ലെങ്കിൽ അവയെല്ലാം കടലാസുഗോപുരംപോലെ തകർന്നുവീഴും; ക്രിസ്തുവിനോടൊത്തല്ലെങ്കിൽ നാമെല്ലാവരും ചിതറിക്കപ്പെടും! ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം മനോഹരമാക്കേണ്ടത് ലൗകിക സമ്പത്തുകൊണ്ടല്ല ഉള്ളിലെ നന്മകൊണ്ടാണ്; ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ഉറപ്പിക്കേണ്ടത് ഫെവിക്കുക്കു കൊണ്ടല്ല ഹൃദയത്തിലെ സ്‌നേഹംകൊണ്ടാണ്.

നമ്മുടെ ബന്ധങ്ങളിൽ നാം ഓർക്കേണ്ട ഒരു കാര്യം, ഒരു ബന്ധവും ആകസ്മികമായി സംഭവിക്കുന്നതല്ല എന്നാണ്. ബന്ധങ്ങളെക്കുറിച്ചു് പറയുമ്പോൾ ഈശോ പറയുന്നത് “ദൈവം യോജിപ്പിച്ചത്’ എന്നാണ്. അത് വിവാഹ ബന്ധത്തിന് മാത്രമല്ല, എല്ലാ ബന്ധങ്ങൾക്കും ഇണങ്ങും. ഒരാളുടെ സൗഹൃദങ്ങൾ, ഭാര്യാഭർത്തൃബന്ധങ്ങൾ, മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധങ്ങൾ, സഹോദരീ സഹോദരങ്ങൾ തമ്മിലുള്ള ബന്ധം, ടീച്ചറും കുട്ടികളും തമ്മിലുള്ള ബന്ധം, ജോലിചെയ്യുന്ന സ്ഥാപനവുമായുള്ള ബന്ധം, ഓടിക്കുന്ന വാഹനങ്ങളുമായുള്ള മാനസിക അടുപ്പം, കളിക്കുന്ന പാവക്കുട്ടിയുമായുള്ള കുട്ടിയുടെ അടുപ്പം …എല്ലാ ബന്ധങ്ങൾക്കും ക്രിസ്തുവിന്റെ കണക്കും കരുതലും ഉണ്ട്. ഒരാൾ ഒരു പ്രത്യേക കുടുംബവൃക്ഷത്തിന്റെ ചില്ലയിൽ പൊടിച്ചു എന്നതിൽ ദൈവത്തിന്റെ പരിപാലനവും തീരുമാനവും ഉണ്ട്. മറക്കരുത് ഈ സത്യം!

എന്തിനാണിങ്ങനെ ബന്ധങ്ങൾ ഈ ഭൂമിയിൽ? പ്രപഞ്ചത്തിലെ വളരെ ദുർബലമായ ഒരു കൂട്ടമാണ് മനുഷ്യർ. അങ്ങനെ ദുർബലമായവയ്ക്കുവേണ്ടിയുള്ള സ്വർഗ്ഗത്തിന്റെ, ദൈവത്തിന്റെ കരുതലാണ് ബന്ധങ്ങൾ. ഭൂമിയിലെ ഒരു ജീവജാലത്തിനും ഇത്രയും നിരാലംബത്വം അനുഭവിക്കേണ്ടിവരുന്നില്ല. പെറ്റുവീഴുന്ന ഒരു പശുക്കുട്ടി എത്ര പെട്ടെന്നാണ് ചാടിമറിയുന്നത്! മനുഷ്യനോ? ഒന്ന് പിച്ചവയ്ക്കാൻ എത്രയോ നാളുകൾ കാത്തിരിക്കണം! അതും എത്രയോ പേരുടെ സഹായത്താൽ! ബന്ധങ്ങൾക്കുമേൽ ബന്ധങ്ങൾ ഉണ്ടായാലേ മനുഷ്യന് മുന്നോട്ട് പോകാൻ കഴിയൂ. ഇത് ശൈശവത്തിന്റെ പ്രശ്നം മാത്രമല്ല. ജീവിതത്തിന്റെ ഓരോ ചുവടിലും ബന്ധങ്ങളിലൂടെയേ മനുഷ്യന് വളരുവാൻ കഴിയൂ.

ഈ ബന്ധങ്ങൾ എങ്ങനെയായിരിക്കണം? മുന്തിരിച്ചെടിയും ശാഖകളും പോലെയായിരിക്കണം. മുന്തിരിച്ചെടിയോട് ചേർന്നുവളരുവാൻ നമുക്കാകണം.

ആരൊക്കെയാണ് ഈ മുന്തിരിച്ചെടികൾ? നാമോരോരുത്തരും ഒരേ സമയം മുന്തിരിച്ചെടികളും ശാഖകളുമാണ്. നിങ്ങൾ ഈ ഭൂമിയിലേതാണെങ്കിൽ തീർച്ചയായും ഏതെങ്കിലും മുന്തിരിച്ചെടിയോട് ചേർന്ന് നിൽക്കണം. തിരുസ്സഭ, മാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, അധ്യാപകർ, രാഷ്ട്രീയ സാമുദായിക നേതാക്കന്മാർ എല്ലാവരും മുന്തിരിച്ചെടികളാണ്. അതേസമയം തന്നെ, നാം ശാഖകളുമാണ്. ഒറ്റയ്ക്ക് നമുക്ക് നിലനിൽപ്പില്ല. ചേർന്ന് നിൽക്കുന്നില്ലങ്കിൽ നാം ഉണങ്ങിപ്പോകും. വളവും ജലവും ലഭിക്കില്ല. ഫലം പുറപ്പെടുവിക്കില്ല.

ബന്ധങ്ങൾ പരസ്പരം സഹായിക്കുന്ന, താങ്ങുന്ന, ബലപ്പെടുത്തുന്ന ഊന്നുവടികളാണ്. മുന്തിരിച്ചെടിയെ ശാഖകൾ പരിപോഷിക്കുമ്പോൾ, ശാഖകൾ തായ്ത്തടിയെ ശക്തിപ്പെടുത്തുന്നുണ്ട്. മുന്തിരിച്ചെടി എന്നത് തായ്‌ത്തടിയും ശാഖകളും ചേർന്നതാണ്. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഊന്നുവടികളാണ്. നമ്മുടെ ബന്ധങ്ങളും അങ്ങനെത്തന്നെയല്ലേ? ഭർത്താവ് മുന്തിരിച്ചെടിയെങ്കിൽ, ഭാര്യ ശാഖയാണ്. ഭാര്യ മുന്തിരിച്ചെടിയെങ്കിൽ ഭർത്താവ് ശാഖയാണ്. മാതാപിതാക്കളും മക്കളും, പരസ്പരം മുന്തിരിച്ചെടിയും ശാഖകളുമാണ്. ഒരുമിച്ച് നിൽക്കുമ്പോഴാണ് വളരുന്നത്. ഫലം പുറപ്പെടുവിക്കുന്നത്.

സ്നേഹമുള്ളവരേ, ഭാര്യയെ ഒന്ന് സ്നേഹത്തോടെ ചേർത്തുപിടിച്ചിട്ട്? ഭർത്താവിനെ ഒന്ന് സ്നേഹത്തോടെ ആ കണ്ണുകളിലേക്ക് നോക്കിയിട്ട്? പരസ്പരം ചേർന്നിരുന്നിട്ട്? നമ്മുടെ ബന്ധങ്ങളിൽ പാരസ്പര്യം കുറഞ്ഞു പോയിരിക്കുന്നു. നിലത്തുപാകുന്ന ഗ്രാനൈറ്റ് പാളികളേക്കാൾ നമ്മുടെ ബന്ധങ്ങൾ തണുത്തുപോയിരിക്കുന്നു. ബന്ധങ്ങളിലെ ഊഷ്മളത കുറഞ്ഞിരിക്കുന്നു. ബന്ധങ്ങൾ വെറും ബാധ്യതയായി മാറിയിരിക്കുന്നു! ബന്ധങ്ങൾക്ക് നാമിന്ന് വിലയിടുകയാണ്. അവയ്ക്കിടയിലുള്ള സ്നേഹത്തെ നാം തൂക്കിനോക്കുകയാണ്. ചിരപരിചയം കൊണ്ടാകാം, നമ്മുടെ ബന്ധങ്ങൾ നമ്മെ ഇന്ന് സന്തോഷിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ നാം വാടിപ്പോകുന്നു. ഫലം പുറപ്പെടുവിക്കാത്ത ശാഖകളായി മാറുന്നു.

എന്താണ് ബന്ധങ്ങളുടെ ധർമ്മം? മുന്തിരിച്ചെടിയും ശാഖകളുമായി നിൽക്കുമ്പോൾ എന്താണ് അനുഷ്ഠിക്കേണ്ട ധർമ്മം? മറ്റൊന്നുമല്ല, കാവലാകുകയാണ് ബന്ധങ്ങളുടെ ധർമ്മം. കൃഷിക്കാരൻ മുന്തിരിച്ചെടിയ്ക്ക് കാവലാകണം. വേരുകൾ മുന്തിരിച്ചെടിയ്ക്ക് കാവലാകണം. മുന്തിരിച്ചെടി ശാഖകൾക്ക് കാവലാകണം. ശാഖകൾ പൂവിനും, ഫലങ്ങൾക്കും കാവലാകണം. പൂവുകളും ഫലങ്ങളും വരുംതലമുറയ്ക്ക് കാവലാകണം. നമ്മുടെ ബന്ധങ്ങളിൽ ഒരാൾ മറ്റൊരാൾക്ക് ഇമവെട്ടാതെ കാവലാകണം.

അതിന് അടുത്താകണമെന്നൊന്നുമില്ല. അകാലങ്ങളിലായാലും നമുണ്ട് ബന്ധങ്ങളെ ശക്തിപ്പെടുത്താനും കാവലാകാനും സാധിക്കും.

അമേരിക്കൻ ജേർണലിസ്റ്റും, എഴുത്തുകാരിയുമായ എലിസബത്ത് ഗിൽബെർട്ടിന്റെ (Elizabeth Gilbert) Eat Pray Love എന്നൊരു പുസ്തകമുണ്ട്. ഒരു സ്ത്രീയുടെ, എഴുത്തുകാരിയുടെ തന്നെ ആധ്യാത്മിക അന്വേഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആ പുസ്തകം സമർപ്പിച്ചിരിക്കുന്നത് സൂസൻ ബോവന് ആണ്. എഴുതിയിരിക്കുന്നത് ഇങ്ങനെ: For Susan Bowen – who provided refuge even from 12,000 miles away.  സൂസൻ ബോവന്, പന്തീരായിരം മൈലുകൾക്കപ്പുറത്തുനിന്ന് എനിക്ക് അഭയമായതിന്.

ബന്ധങ്ങൾക്ക് കാവലാകാൻ ദൂരം ഒരു ഘടകമേയല്ല. കാര്യമിതാണ്: നിന്റെ ബന്ധങ്ങൾ കൃഷിക്കാരന്റേതും മുന്തിരിച്ചെടിയുടേതുംപോലെയാണോ? ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പോലെയാണോ? മുന്തിരിച്ചെടിക്കോ, ശാഖകൾക്കോ ഒറ്റക്ക് നിലനില്പില്ലെന്ന് ഓർക്കുക. മുന്തിരിച്ചെടിയിൽ നിന്ന് അകന്നുപോകുന്നതൊന്നും, ബന്ധങ്ങളെ ബന്ധനങ്ങളാക്കി മാറ്റുന്നതൊന്നും നമ്മുടെ ജീവിതത്തിൽ, കുടുംബത്തിൽ  സംഭവിക്കാതിരിക്കട്ടെ.

സ്നേഹമുള്ളവരേ, നമ്മുടെ ബന്ധങ്ങൾ വളരെ ശാസ്ത്രീയമാകണമെന്നൊന്നുമില്ല. പക്ഷേ, അതൊരിക്കലും യന്ത്രികമാകരുത്. മുന്തിരിച്ചെടിയും നല്ല ശാഖകളുംപോലെ ജൈവികമായിരിക്കണം. നമ്മുടെ ബന്ധങ്ങളിൽ സ്നേഹം നിറക്കേണ്ടതും, ആ ബന്ധങ്ങളിലെ ഊഷ്‌മളത അനുഭവിക്കേണ്ടതും ഇപ്പോഴാണ്. നമ്മുടെ ബന്ധങ്ങൾ എങ്ങനെയായിരിക്കണമെന്ന് ഇന്നത്തെ രൂപകകഥയിലൂടെ ഈശോ നമുക്ക് കാണിച്ചുതരുമ്പോൾ അതിനെ

മനസ്സിലാക്കാനും സ്വീകരിക്കുവാനും ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.