SUNDAY SERMON JN 6, 16-24

കൈത്താക്കാലം ആറാം ഞായർ

ഉത്പത്തി 8, 1-11

ഉത്തമഗീതം 6, 1-4

വെളിപാട് 21, 9-14

യോഹന്നാൻ 6, 16 -24

അലകളൊടുങ്ങാത്ത കടൽപോലെയാണ് ഇന്നത്തെ ലോകം. ക്ഷോഭിക്കുന്ന കടൽപോലെയുള്ള   അവസ്ഥകളെ ഓർക്കുമ്പോൾ ആദ്യംതന്നെ ഓർമയിലേക്കോടിയെത്തുന്നത് വിഴിഞ്ഞം തുറമുഖവികസനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന നമ്മുടെ സഹോദരങ്ങളെയാണ്. മനുഷ്യന്റെ ആക്രാന്തവും അഹന്തയുംമൂലം വീട് നഷ്ടപ്പെടുന്ന ധാരാളം കുടുംബങ്ങളിന്ന് സമരമുഖത്താണ്. അവരുടെ ജീവിതത്തിന്റെ താളം തെറ്റിയിരിക്കുകയാണ്. ലഹരിയുടെ, മദ്യത്തിന്റെ, പബ് പ്രോഗ്രാമുകളുടെ  തിരമാലകളടിച്ചു് താളം തെറ്റുന്ന യുവജനങ്ങളും, സ്കൂൾ കുട്ടികളും അവരുടെ ജീവിതമാകുന്ന വള്ളം കരയ്ക്കടുപ്പിക്കുവാൻ പാടുപെടുകയാണ്. രാജ്യങ്ങളും, രാഷ്ട്രീയ, സാമൂഹ്യ സംവിധാനങ്ങളും യുദ്ധത്തിന്റെ, വർഗീയതയുടെ, തീവ്രവാദത്തിന്റെ തിരമാലകളിൽ ആടിയുലയുന്ന ചിത്രങ്ങൾ നമ്മെ പേടിപ്പെടുത്തുന്നുണ്ട്. മതങ്ങൾപോലും ഇന്ന് വിഭജനത്തിന്റെ, അടിമത്വത്തിന്റെ, ബിസിനസ്സ് രീതികളുടെ തിരമാലകളിൽ താളം തെറ്റി ലക്ഷ്യമില്ലാതെ നീങ്ങുകയാണ്. ഈ തിരമാലകൾക്കെല്ലാം മുകളിലൂടെ മനുഷ്യ ജീവിതങ്ങളെ ശാന്തമാക്കുവാൻ ക്രിസ്തു നടന്നുവരുന്നുണ്ട് എന്ന വലിയ സന്ദേശമാണ് ഇന്നത്തെ സുവിശേഷം. ആ ക്രിസ്തുവിനെ മകളേ, മകനേ നിന്റെ ആടിയുലയുന്ന നിന്റെ ജീവിതമാകുന്ന വള്ളത്തിൽ കയറ്റാൻ നീ ആഗ്രഹിക്കുക എന്ന അപേക്ഷയുമായിട്ടാണ് തിരുസ്സഭ ഈ സുവിശേഷഭാഗം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

വിശുദ്ധ മത്തായിയുടെയും (മത്താ 14, 22-27), വിശുദ്ധ മാർക്കോസിന്റെയും (മാർക്കോ 6, 45-52) സുവിശേഷങ്ങളിൽ ഈശോ വെള്ളത്തിനുമീതെ നടക്കുന്ന സംഭവം അവതരിപ്പിക്കുന്നുണ്ടെങ്കിലും, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈ സംഭവത്തിന്റെ വിവരണത്തിന് വളരെ പ്രത്യേകതയുണ്ട്. ഈശോയുടെ ദൈവത്വം വെളിപ്പെടുത്തുന്ന, ആ ദൈവത്തെ ജീവിതത്തിൽ സ്വീകരിക്കുവാൻ ആഹ്വാനംചെയ്യുന്ന മനോഹരമായ ഒരു അവസരമായിട്ടാണ് വിശുദ്ധ യോഹന്നാൻ ഈ സംഭവത്തെ കാണുന്നത്.

ഈശോയുടെ യാത്രയുടെ ഗതി ഒന്ന് പരിശോധിച്ചാൽ അവിടുത്തെ പ്രവർത്തനങ്ങളുടെ സ്വഭാവം ഒന്ന് മനസ്സിലാക്കിയാൽ എത്ര തിരക്കേറിയ ജീവിതമാണ് ഈശോ നയിച്ചിരുന്നത് എന്ന് അല്പം അത്ഭുതഹത്തൂടെ തന്നെ നാം ചോദിച്ചുപോകും!! വിശുദ്ധ യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായത്തിന്റെ അവസാനം ഈശോയെ നാം കാണുന്നത് ഗലീലിയയിൽ ആണ്. അഞ്ചാം അദ്ധ്യായത്തിലാകട്ടെ ഈശോ ജെറുസലേമിലാണ്. ആറാം അദ്ധ്യായത്തിൽ ഈശോ വീണ്ടും ഗലീലിയയിലേക്ക് വരികയാണ്. അവിടെ വളരെ തിരക്കേറിയ പ്രവർത്തനങ്ങളുമായി ഈശോ ജനങ്ങളുടെ ഇടയിലായിരുന്നു ദിവസം മുഴുവനും. ആറാം അദ്ധ്യായത്തിൽ രണ്ട് വലിയ അത്ഭുതങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒന്നാമത്തേത് അയ്യായിരങ്ങളെ തീറ്റിപ്പോറ്റുന്നതാണ്. രണ്ടാമത്തേതാകട്ടെ, ഇന്നത്തെ നമ്മുടെ സുവിശേഷഭാഗത്തിലെ ഈശോ കടലിന് മീതെ നടക്കുന്നതും.

അഞ്ചപ്പംകൊണ്ട് അയ്യായിരങ്ങളെ തൃപ്തരാക്കിയ സംഭവത്തിനുശേഷം, വൈകുന്നേരമായപ്പോൾ, ശിഷ്യന്മാർ തടാകം കടന്ന് കഫെർണാമിലേക്ക് വഞ്ചിയിൽ യാത്ര തിരിക്കുന്നതാണ് ഇന്നത്തെ സുവിശേഷത്തിന്റെ സന്ദർഭം. “അപ്പോൾ നേരം ഇരുട്ടിത്തുടങ്ങി” എന്ന വചനം സ്വാഭാവികമായ ഒരു വിവരണമായി എടുക്കാമെങ്കിലും, ആ വചനത്തിന്റെ രണ്ടാമത്തെ ഭാഗം, ‘ഇരുട്ടിത്തുടങ്ങി’ എന്ന വിശേഷണത്തിന് പ്രത്യേക അർഥം നൽകുന്നുണ്ട്. എന്താണ് രണ്ടാമത്തെ ഭാഗത്ത് പറഞ്ഞിരിക്കുന്നത്? “യേശു അവരുടെ അടുത്ത് എത്തിയിരുന്നുമില്ല.” ഈശോയെ ലോകത്തിന്റെ പ്രകാശമായി അവതരിപ്പിക്കുവാൻ പ്രത്യേക ശ്രദ്ധ കാണിക്കുന്ന വിശുദ്ധ യോഹന്നാൻ, “യേശു അവരുടെ അടുത്ത് എത്തിയിരുന്നുമില്ല” എന്ന് പറയുമ്പോൾ സൂചിപ്പിക്കുന്നത് പ്രകാശമായ ഈശോ അവരുടെകൂടെ ഇല്ലാതിരുന്നതുകൊണ്ട് അവരുടെ ജീവിതങ്ങൾ, ജീവിതസാഹചര്യങ്ങൾ ഇരുട്ടിലായി തുടങ്ങി എന്നാണ്. മറ്റൊരുവാക്കിൽ, ഈശോയുടെ absence നമ്മുടെ ജീവിതത്തെ, ജീവിതവഴികളെ ഇരുട്ടിലാക്കും എന്നൊരു സൂചന പ്രതീകാത്മകാർത്ഥത്തിൽ വിശുദ്ധ യോഹന്നാൻ നമുക്ക് തരുന്നുണ്ട്.

പിന്നീടുള്ള വിവരണം “യേശു അവരുടെ അടുക്കലുണ്ടായിരുന്നില്ല” എന്ന സൂചനയുടെ പരിണതഫലങ്ങളായി നാം എടുക്കുകയാണെങ്കിൽ ഈ സുവിശേഷഭാഗത്തിന്റെ ഭംഗി വർധിക്കും. കാരണം, കാറ്റടിക്കുന്നതും, ഗലീലി കടൽ ക്ഷോഭിക്കുന്നതും വളരെ സാധാരണമായ ഒരു പ്രതിഭാസമായിട്ടാണ് അവിടെയുള്ള മനുഷ്യർ കണ്ടിരുന്നത്. ആ തടാകത്തിന്റെ, കടലിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത അറിയാമായിരുന്ന ശിഷ്യർ, കാറ്റിനനുസരിച്ചു് തണ്ടു വലിക്കാനും, വഞ്ചിയെ നിയന്ത്രിക്കാനും സമർത്ഥരായിരുന്നു.

നാലുവശവും മലകളാൽ ചുറ്റപ്പെട്ട, സമുദ്രനിരപ്പിൽനിന്ന് 700 അടി താഴെ സ്ഥിതിചെയ്യുന്ന ഈ തടാകത്തിൽ മലയിൽ നിന്ന് വീശുന്ന കാറ്റ് ചുഴലിയായി രൂപാന്തരപ്പെട്ട് കടൽക്ഷോഭം ഉണ്ടാക്കുക സാധാരണമായിരുന്നു. മാത്രമല്ല, ഈ ക്ഷോഭിക്കുന്ന കടൽ ശാന്തമാകുവാൻ അധികം സമയം വേണ്ടെന്നതും നാം അറിഞ്ഞിരിക്കണം. അതുകൊണ്ടായിരിക്കണം ശിഷ്യന്മാർ കടൽക്ഷോഭംകണ്ട് ഭയപ്പെടാതിരുന്നത്.

ഇരുപത്തഞ്ചോ, മുപ്പതോ സ്താദിയോൺ ദൂരം ശിഷ്യന്മാർ തുഴഞ്ഞപ്പോഴാണ് അവരെ വല്ലാതെ ഭയപ്പെടുത്തിയ സംഭവം ഉണ്ടാകുന്നത്. ഒരു സ്താദിയോൺ എന്നത് 600 അടി, 180 മീറ്റർ ദൂരമാണ്. അതായത് ഏകദേശം 15000-18000 അടി, 3.5 മൈലുകൾ, 5.5 കിലോമീറ്റർ അവർ തുഴഞ്ഞുകാണും. തിബേരിയസ് കടലിന്റെ വീതി അതിന്റെ ഏറ്റവും വീതികൂടിയ ഭാഗത്ത്, കിഴക്കുനിന്നും പടിഞ്ഞാറ് 13 കിലോമീറ്ററാണ്. വടക്ക്- തെക്ക് അതിന്റെ നീളം 21 കിലോമീറ്ററാണ്. ശിഷ്യന്മാർ തുഴഞ്ഞ് കടലിന്റെ നടുക്ക് എത്തികാണണം. വളരെ പരിചിതരായ മുക്കുവന്മാരുള്ള ആ സംഘത്തിന് ആ യാത്രയിൽ ക്ഷോഭിച്ച കടൽ താണ്ടാമെന്ന് ഉറപ്പായിരുന്നു.

പക്ഷേ, അവരെ ഭയപ്പെടുത്തിയത്, ആശ്ചര്യഭരിതരാക്കിയത് ക്രിസ്തു കടലിനുമീതെ, ക്ഷോഭിതയായ കടൽത്തിരകൾക്കുമീതെ നടന്നുവരുന്നതാണ്. അതവർ ഒരിക്കലും കണ്ടിട്ടില്ല, അതവർ ഈശോയിൽ നിന്ന് പ്രതീക്ഷിച്ചില്ല. തങ്ങളുടെ ജീവിതത്തിന്റെ താളം നഷ്ടപ്പെടുത്തുന്ന തിരകൾക്കും മീതെ അധികാരമുള്ളവനാണ് ക്രിസ്തുവെന്ന് അവർ അതുവരെ അറിഞ്ഞിരുന്നില്ല.  തങ്ങളുടെ ജീവിതത്തെ ഭാരപ്പെടുത്തുന്നവയെ വളരെ നിസ്സരമായി കാണുന്ന, അതിനു മീതെ പരവതാനിയിൽ എന്നപോലെ നടക്കുന്ന ഈശോയെ വിസ്മയം നിറഞ്ഞ ഭയത്തോടെയാണവർ കണ്ടത്. പ്രപഞ്ച ശക്തികൾക്കും മീതെ നിൽക്കുന്ന ദൈവമാണ് തങ്ങളോടൊപ്പം, ഭക്ഷിക്കുന്ന, തങ്ങളോടൊപ്പം നടക്കുന്ന ക്രിസ്തു എന്ന് അവർക്കറിയാൻ കഴിഞ്ഞിരുന്നില്ല.

അവരുടെ ആശ്ചര്യം നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ, ഭയം നിറഞ്ഞ മനസ്സ് കണ്ടപ്പോൾ ഈശോ പറയുന്നത് വലിയ വെളിപാടാണ്. “ഞാനാണ് ഭയപ്പെടേണ്ട.” ഇവിടെ ഞാൻ എന്നത് ആശാരിചെറുക്കനായ ഈശോ എന്നല്ല വിവക്ഷ. ഇവിടെ ഞാൻ എന്നത് ജനങ്ങളോടൊപ്പം നടക്കുന്ന, ചുങ്കക്കാരുടെയും, പാപികളുടെയും സുഹൃത്തായ ഈശോ എന്നല്ല. ഇവിടെ ഞാൻ എന്നത് ദൈവത്തിന്റെ പേരാണ്. ഗ്രീക്ക് ഭാഷയിലെ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ Ego eimi എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.  അതിന്റെ അർഥം I AM എന്നാണ്. I AM -ഇതെവിടെയോ നിങ്ങൾ കേട്ടിട്ടില്ലേ? തീർച്ചയായും കേട്ടുകാണും. പഴയനിയമത്തിലെ ദൈവത്തിന്റെ പേരാണത്. Ego eimi is the first person singular present active indicative of the verb “to be” in ancient Greek -I AM. ഈ Ego eimi വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പലയിടത്തും ഉപയോഗിക്കുന്നുണ്ട്. ego eimi the bread of life” (6:35) —”ego eimi the light of the world” (8:12)—”ego eimi the good shepherd” (10:11)—etc.  

ഞാനിത്രയും പറഞ്ഞത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈ സംഭവത്തിന്റെ വിവരണത്തിന് സാധാരണ അർത്ഥത്തെക്കാൾ ആഴമുണ്ട്, വ്യാപ്തിയുണ്ട് എന്ന് മനസ്സിലാക്കിത്തരുവാനാണ്. ക്രിസ്തുവിനെ ഒരു സാധാരണ മനുഷ്യനായി കാണുന്ന പ്രവണത ഇന്ന് പരക്കെയുണ്ട്. ലോകത്തിലെ മറ്റ് മഹാന്മാരെപ്പോലെ ഒരു മഹാത്മാവ്, അല്ലെങ്കിൽ, മറ്റ് രാഷ്ട്രീയ, സാമൂഹ്യ നേതാക്കന്മാരെപ്പോലെ ഒരു നേതാവ് എന്നൊക്കെ ഈശോയുടെ ദൈവത്വത്തെ അവഗണിച്ചുകൊണ്ട് ഒരു അമിത ലളിതവത്ക്കരണം (Over simplification) നടക്കുന്നുണ്ട്. ഇത് ക്രിസ്തുവിനെയും, ക്രിസ്തുവിലുള്ള വിശ്വാസത്തെയും, ക്രൈസ്തവസഭയെയും തകർക്കാനുള്ള ഒരു പദ്ധതിയാണ്. ക്രിസ്തു വെറുമൊരു ജനകീയ നേതാവല്ല; ക്രിസ്തു ഒരു വിപ്ലവകാരി മാത്രമോ, സാമൂഹ്യപരിഷ്കർത്താവ് മാത്രമോ അല്ല. അവിടുന്ന് ദൈവമാണ്. അവിടുന്ന് നിന്റെ ജീവിതത്തെ ശാന്തമാക്കാൻ കഴിയുന്ന, നിന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന പ്രശ്നങ്ങൾക്കുമേൽ, ദുരന്തങ്ങൾക്കുമേൽ അധികാരമുള്ള ദൈവമാണ്. നിന്റെ ജീവിതത്തിലെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ക്രിസ്തു. നിന്റെ രോഗങ്ങൾക്ക് സൗഖ്യമാണ് ക്രിസ്തു; നിന്റെ ഇല്ലായ്മകളിൽ സമൃദ്ധിയാണ് ക്രിസ്തു. നിന്റെ മാനുഷികതയിൽ നിറഞ്ഞു നിൽക്കുന്ന നിന്റെ ദൈവമാണ് ക്രിസ്തു. ക്രിസ്തു നിന്റെ ദൈവമാകുന്നില്ലെങ്കിൽ നീ ആഗ്രഹിക്കുന്ന കരയിൽ നിന്റെ ജീവിതമാകുന്ന വള്ളം അടുക്കുകയില്ല. ക്രിസ്തു നിന്റെ ദൈവമാകുന്നില്ലെങ്കിൽ, നിന്റെ ലക്ഷ്യത്തിലേക്കുള്ള അകലം വർധിക്കും, ലക്‌ഷ്യം നേടുവാൻ നിനക്ക് സാധിക്കുകയില്ല.

സ്നേഹമുള്ളവരേ, ക്രിസ്തുവിനെ ദൈവമായി സ്വീകരിക്കുക. നിന്റെ ജീവിതമാകുന്ന, കുടുംബമാകുന്ന വള്ളം തീരത്തെത്തുവാൻ ഏറ്റവും നല്ല മാർഗ്ഗമാണത്. നിന്റെ ജീവിതത്തിന്റെ സാധാരണ തിരമാലകളിൽപെട്ട് മുന്നോട്ട് പോകാൻ നീ ബുദ്ധിമുട്ടുമ്പോൾ, പ്രശ്നങ്ങളുടെ നടുക്കടലിൽ കിടന്ന് തണ്ടുവലിക്കുമ്പോൾ, ക്രിസ്തു നിന്റെ പ്രശ്നങ്ങളുടെ മുകളിലൂടെ തന്നെ നിന്റെ അടുക്കലെത്തും. അപ്പോൾ, നീയും നിന്റെ കുടുംബത്തിലുള്ളവരും ലക്‌ഷ്യം വച്ചിരിക്കുന്ന കര ഏതുമാകട്ടെ – ഒരു ജോലി, OET, IELTS പരീക്ഷകളിൽ വിജയം, ഒരു വീട്, രോഗസൗഖ്യം, കടബാധ്യത ഇല്ലാതാകൽ, വഴക്കുകൾ ഇല്ലാതാകൽ – ആ കരയ്‌ക്കെത്തുവാൻ ക്രിസ്തുവിനെ നിന്റെ ജീവിതമാകുന്ന, കുടുംബമാകുന്ന വെള്ളത്തിലേക്ക് കയറ്റാൻ ആഗ്രഹിക്കുക.

നാളെ നിന്റെ ജീവിതത്തിൽ, കുടുംബത്തിൽ സമാധാനമുണ്ടാകുമ്പോൾ, പ്രതീക്ഷയുണ്ടാകുമ്പോൾ, സമൃദ്ധിയുണ്ടാകുമ്പോൾ, നിന്നെ നേരത്തെ അറിഞ്ഞിരുന്ന ജനങ്ങൾ പറയും, ദേ, ഇത്രയും നാൾ അവൻ പള്ളിയിൽ പോയിരുന്നില്ല, കുടുംബപ്രാർത്ഥനയിൽ വീട്ടിൽ ചെന്നിരുന്നില്ല, ബൈബിൾ വായിച്ചിരുന്നില്ല. അതെല്ലാം മാറി, ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ, ഇതാ, അവന്റെ ജീവിതം മാറിമറഞ്ഞിരിക്കുന്നു. ഈശോയെ വള്ളത്തിൽ കയറ്റാൻ ആഗ്രഹിച്ച നിമിഷത്തിൽ തന്നെ ശിഷ്യന്മാർ കരയ്ക്കടുത്തതുപോലെ, ഈശോയെ നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കുവാൻ, ഈശോയെ നമ്മുടെ കുടുംബത്തിന്റെ നാഥനായി സ്വീകരിക്കുവാൻ ആഗ്രഹിക്കുന്ന നിമിഷത്തിൽ തന്നെ നമ്മുടെ ജീവിതമാകുന്ന വള്ളം, കുടുംബമാകുന്ന വള്ളം രക്ഷയുടെ, അനുഗ്രഹത്തിന്റെ കരയെ തൊടും. അത് മറ്റുള്ളവർ മനസ്സിലാക്കുകയും ചെയ്യും.

അപ്പസ്തോലപ്രവർത്തനങ്ങൾ അദ്ധ്യായം 16, 25 മുതൽ 34 വരെയുള്ള വാക്യങ്ങളിൽ വിവരിക്കുന്ന സംഭവം ഇന്നത്തെ സുവിശേഷ ചിന്തയോട് ചേർന്ന് പോകുന്നതാണ്. ഇവിടെ ക്ഷോഭിതമായ, പെട്ടെന്നുണ്ടായ തിരമാലകളാൽ ആടിയുലയുന്ന ഒരു ജീവിതം നമ്മൾ കാണുന്നുണ്ട്. ആരാണയാൾ? പൗലോസിനെയും, ശീലാസിനേയും കാരാഗൃഹത്തിൽ അടച്ച ആ രാത്രി കാവൽ നില്ക്കാൻ വിധിക്കപ്പെട്ട ഒരു പാവം പട്ടാളക്കാരൻ! പെട്ടെന്നാണ് അയാളുടെ ജീവിതം കീഴ്മേൽ മറഞ്ഞത്. അയാൾ ഉണർന്നപ്പോൾ കാരാഗൃഹവാതിലുകൾ തുറന്നു കിടക്കുന്നത് കണ്ടപ്പോൾ തന്റെ ജീവിതം, ജോലി എല്ലാം തകർന്നെന്ന് ചിന്തിച്ച അയാൾ ആത്മഹത്യയ്ക്ക് ഒരുങ്ങുകയാണ്. ഒരു വ്യക്തി ആത്മഹത്യയ്ക്ക് തയ്യാറാകണമെങ്കിൽ അയാളുടെ ജീവിതം എന്തുമാത്രം തകർന്നിരിക്കണം പ്രിയപ്പെട്ടവരേ? ആത്മഹത്യയ്ക്ക് ഒരുങ്ങിയ അയാളോട് പൗലോസ് വിളിച്ചുപറയുകയാണ്, സുഹൃത്തേ, സാഹസം കാണിക്കരുത്. നിന്റെ താളം തെറ്റിയ ജീവിതത്തിൽ ക്രിസ്തു നിൽക്കുന്നത് കാണുക. “കർത്താവായ യേശുവിൽ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.” (31)

സ്നേഹമുള്ളവരേ, നമുക്കെല്ലാവർക്കും, വളരെ ആശ്വാസം നൽകുന്ന, പ്രതീക്ഷ നൽകുന്ന സുവിശേഷഭാഗമാണ് ഇന്നത്തേത്. കാറ്റുംകോളും നിറഞ്ഞ കടൽ ക്ഷോഭിക്കുന്നതുപോലെ നമ്മുടെ ജീവിത സാഹചര്യങ്ങൾ ക്ഷോഭിക്കുമ്പോൾ , നമ്മുടെ ജീവിതമാകുന്ന വള്ളം സുരക്ഷിതമായി കരയ്ക്കടുക്കണമെങ്കിൽ ക്രിസ്തുവിനെ ദൈവമായി സ്വീകരിക്കുക. സ്വീകരിക്കേണ്ട, നിന്റെ ജീവിതമാകുന്ന വള്ളത്തിൽ കയറ്റാൻ നീ ആഗ്രഹിച്ചാലും മതി.

ഇന്നത്തെ വിശുദ്ധ കുർബാനയിൽ നമ്മുടെ ആടിയുലയുന്ന ജീവിതങ്ങളെ സമർപ്പിക്കാം. തീർച്ചയായും, വിശുദ്ധ കുർബാനയിലെ ഈശോ നമ്മുടെ ജീവിതത്തെ ലക്ഷ്യത്തിലെത്തിക്കും. കാരണം അവിടുന്ന് നമ്മുടെ ദൈവമാണ്. ആമേൻ!

SUNDAY SERMON LK 11, 14-26

കൈത്താക്കാലം അഞ്ചാം ഞായർ

ലേവ്യർ 16, 20-28

ഏശയ്യാ 14, 1-15

യൂദാ 1, 8-13

ലൂക്കാ 11, 14-26

പിശാചുബാധിതനെ സുഖപ്പെടുത്തുന്ന ആമുഖത്തോടെ തുടങ്ങുന്ന ഇന്നത്തെ സുവിശേഷ ഭാഗത്തിലെ ക്രിസ്തു പറയുന്ന അവസാന വാക്യങ്ങളെ ധ്യാനവിഷയമാക്കുവാനാണ്, അതിലൂടെ ഈ ഞായറാഴ്ചത്തെ സുവിശേഷ സന്ദേശത്തിലേക്ക് പ്രവേശിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വാക്യങ്ങൾ ഇങ്ങനെയാണ്: “എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു”

ആമുഖ സംഭവം ഈശോ പിശാചുബാധിതനെ സുഖപ്പെടുത്തുന്നതാണ്. ഊമനായ, പിശാചുബാധിച്ച മനുഷ്യനെ ഈശോ സുഖപ്പെടുത്തിയിട്ടും അതിൽ ദൈവത്തിന്റെ കരം ദർശിക്കുവാൻ യഹൂദജനത്തിന് കഴിയുന്നില്ല എന്ന് മാത്രമല്ല, പിശാചുക്കളെക്കൊണ്ടാണ് ഈശോ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു. ക്രിസ്തുവിൽ ദൈവത്തെ കാണുവാനോ, ദൈവത്തിന്റെ കരം ദർശിക്കുവാനോ, ക്രിസ്തുവിനൊപ്പം നിൽക്കുവാനോ സാധിക്കാത്തവിധം അന്ധരായിപ്പോയ ഒരുകൂട്ടം മനുഷ്യരെയാണ് നാമിവിടെ കാണുന്നത്.   

അവരോടാണ് ഈശോ പറയുന്നത് തന്നോടൊപ്പം നിൽക്കാത്തവർ തനിക്കെതിരാണ് എന്ന്. ദൈവത്തോടൊപ്പം നിൽക്കുന്നവർക്കേ, തങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ കരം ദർശിക്കുവാൻ, അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തുവാൻ, ദൈവത്തിന്റെ മകളും, മകനുമായി ജീവിക്കുവാൻ സാധിക്കുകയുള്ളു. മനുഷ്യജീവിതം, മനുഷ്യന്റെ   അസ്തിത്വം കരുത്താർജിക്കുന്നതും, മനോഹരമാകുന്നതും, വിജയപ്രദമാകുന്നതും ദൈവത്തോടൊപ്പം നിൽക്കുമ്പോഴാണ്. ഈ സത്യം ഏറ്റവും കൂടുതലായി അനുഭവിച്ച ഒരു ജനതയുടെ വർത്തമാന തലമുറയാണ് ദൈവം മുന്നിൽ നിന്നിട്ടും, ആ ദൈവത്തെ മനസ്സിലാക്കാതിരുന്നത്.

പഴയനിയമത്തിലെ ജനതയുടെ ചരിത്രം തന്നെ ദൈവത്തോടോത്തുനിൽക്കുന്നതിന്റെയും, ദൈവത്തെ മറുതലിച്ചു് നിൽക്കുന്നതിന്റേതുമാണ്. ദൈവം മനുഷ്യരോടൊപ്പം വസിച്ചതിന്റെ, അവരോടൊപ്പം യാത്രചെയ്തതിന്റെ, ജനം കലഹിച്ചപ്പോഴും, ദൈവത്തിനെതിരെ തിരിഞ്ഞപ്പോഴും, അവരോട് ക്ഷമിച്ചതിന്റെ, അവർക്കുവേണ്ടി യുദ്ധംചെയ്തതിന്റെ,  അത്ഭുതങ്ങൾ ചെയ്‌ത്‌ പോലും അവരെ തീറ്റിപ്പോറ്റിയതിന്റെ, അവർക്ക് തേനും പാലുമൊഴുകുന്ന കാനാൻ ദേശം സമ്മാനിച്ചതിന്റെ ചരിത്രമല്ലാതെ മറ്റെന്താണ് പഴയനിയമ വിവരണങ്ങൾ!! അതോടൊപ്പം തന്നെ, ദൈവത്തോട് കൂടെയല്ലാതിരുന്നതുകൊണ്ട്, ദൈവത്തോടൊത്ത് ശേഖരിക്കാതിരുന്നതുകൊണ്ട്, സ്വന്തം കഴിവിലും, അംഗബലത്തിലും ആശ്രയിച്ചതുകൊണ്ട് ചിതറിപ്പോയ ഒരു ജനതയുടെ ചരിത്രവും കൂടിയാണ് പഴയനിയമ വിവരണങ്ങൾ!! ആ പഴയകാല ജനതയുടെ വർത്തമാന തലമുറയാണ് ദൈവം മുന്നിൽ വന്നു നിന്നിട്ടും, സ്വർഗ്ഗത്തിന്റെ അനുഗ്രഹങ്ങൾ ചൊരിഞ്ഞിട്ടും, ആ ദൈവത്തിൽ പൈശാചികത ആരോപിച്ചത്. ഇപ്പോഴത്തെ ഇസ്രയേലിന്റെ ചരിത്രവും ദൈവത്തോടൊത്ത്, ക്രിസ്തുവിനോടൊത്ത് നിൽക്കാത്തവർ ചിതറിക്കപ്പെടുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്!

ക്രിസ്തുവിനോടൊപ്പം നിൽക്കാനുള്ള വിളിയാണ് ക്രിസ്തുശിഷ്യത്വത്തിലേക്കുള്ള വിളി. സ്വർഗ്ഗത്തിന്റെ പുണ്യങ്ങളും, ദൈവത്തിന്റെ അനുഗ്രഹങ്ങളും ലഭിക്കണമെങ്കിൽ അതിന് ശ്രേഷ്ഠമായ പരിസരങ്ങൾ, atmosphere ആവശ്യമാണ്. മനുഷ്യനായി അവതരിച്ചു് ഭൂമിയിൽ വന്ന് ദൈവത്തിന്റെ കരങ്ങളുടെ പ്രവർത്തനങ്ങൾ ഭൂമിയിലെ ജനങ്ങളെ കാണിച്ചിട്ടും ക്രിസ്തുവിനോടൊത്ത് നിൽക്കാതിരുന്ന ഒരു ജനത്തെ മുന്നിൽ നിർത്തിക്കൊണ്ടാണ്, സ്നേഹമുള്ളവരേ, ഇന്ന് വലിയൊരു സത്യം ഈശോ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത് – “എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു”.

അമേരിക്ക ആഭ്യന്തര യുദ്ധത്തിന്റെ പിടിയിൽപെട്ട നാളുകളിൽ ഏറ്റവും അസ്വസ്ഥനായിരുന്നത് അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കണായിരുന്നു. (Abraham Lincon) തന്റെ ഉപദേശകരോട് എന്താണ് ഇനി ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് കിട്ടിയ ഉത്തരം ഇതായിരുന്നു: “അങ്ങ് ഒന്നുകൊണ്ടും ഭയപ്പെടേണ്ട. ദൈവം അങ്ങയുടെ പക്ഷത്താണ്.” ഇതുകേട്ടപ്പോൾ പ്രസിഡണ്ടിന്റെ മറുപടി വളരെ ക്ലാസ്സിക് ആണ്. അദ്ദേഹം പറഞ്ഞു: “ദൈവം എന്റെ കൂടെയുണ്ട് എന്നത് എനിക്ക് ഉറപ്പാണ്. എന്നാൽ, ഞാൻ ദൈവത്തോട് കൂടെയാണോ എന്നതാണ് യഥാർത്ഥ പ്രശ്നം.”

ഓരോരുത്തരും ആരോടൊപ്പമാണ് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരുവൻ ക്രിസ്തുവിനോട് കൂടെയല്ലെങ്കിൽ, അവൾ/ അവൻ മറ്റ് ആരുടെയെങ്കിലും കൂടെയായിരിക്കും; മറ്റെന്തിന്റെയെങ്കിലും കൂടെയായിരിക്കും. അവരോടൊപ്പം ആയിരിക്കും, അവയോടൊപ്പമായിരിക്കും. ദൈവത്തിന്റെ പ്രവർത്തികൾ നമ്മെ കാണിക്കുവാനും, ദൈവത്തിന്റെ കൃപകളിലൂടെ ജീവിതം ധന്യമാക്കാനും, അങ്ങനെ ദൈവരാജ്യത്തിന്റെ മക്കളായി ജീവിക്കുവാനും നമ്മെ പഠിക്കുവാൻ വന്ന ക്രിസ്തു, സ്വർഗത്തെ സ്വീകരിക്കുവാനുള്ള യോഗ്യതയായി നമ്മോട് പറയുന്നത് ദൈവത്തോടുകൂടി, ക്രിസ്തുവിനോടുകൂടി ജീവിക്കുവാനാണ്. ദൈവത്തോട് കൂടി, ക്രിസ്തുവിനോടുകൂടി, ക്രിസ്തുവിനോട് ചേർന്ന് ശേഖരിക്കുവാനാണ്, ജീവിതം പടുത്തുയർത്തുവാനാണ്; ക്രിസ്തുവാകുന്ന പാറമേൽ നമ്മുടെ ജീവിതം പണിയുവാനാണ്. (ലൂക്കാ 6, 46-49) അല്ലെങ്കിൽ ദൈവരാജ്യത്തിന്റെ മുത്തുകൾ നമുക്ക് ലഭിക്കുകയില്ല. ദൈവത്തെ മറുതലിക്കുന്ന, ദൈവത്തിലും പൈശാചികത ആരോപിക്കുന്ന ജനത്തിനോടാണ് ക്രിസ്തു പറഞ്ഞത്: “വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുത്; മുത്തുകൾ പന്നികൾക്ക് ഇട്ട് കൊടുക്കരുത്” (മത്താ 7, 6) എന്ന്. ശ്രേഷ്ഠമായത് നമുക്ക് ലഭിക്കണമെങ്കിൽ ശ്രേഷ്ഠമായ പരിസരങ്ങളും നാം രൂപപ്പെടുത്തണം; ശ്രേഷ്ഠമായ ചിന്തകളും, പ്രവർത്തികളും നാം പരിചയിക്കണം. നാം ആരോടൊപ്പമാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.

ദൈവത്തിന്റെ കരങ്ങളിൽ, അവിടുത്തെ പരിപാലനയിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ക്രിസ്തു അനുശാസിക്കുന്ന അനിവാര്യതകളിലൊന്നാണ്, യോഗ്യതകളിലൊന്നാണ് ക്രിസ്തുവിനോടൊപ്പം നിൽക്കുക എന്നത്, ക്രിസ്തുവിനോടൊപ്പം ശേഖരിക്കുക എന്നത്. അങ്ങനെയല്ലാത്തവർക്ക് ഒരിക്കലും ദൈവത്തിന്റെ പരിപാലനയിൽ ആയിരിക്കുവാൻ സാധിക്കുകയില്ല. കാരണം സ്വർഗീയമായ മുത്തുകൾ ലഭിക്കുവാൻ മാത്രം അവർ ഒരുക്കമില്ലാത്തവരാണെന്ന് ചുരുക്കം. മദ്യപിച്ചിരിക്കുന്ന ഒരുവനോട് “ദേ സുഹൃത്തേ, നിന്റെ ഭാര്യ നിന്നെ കാത്തിരിക്കുന്നു ” എന്ന് പറയരുത്. സ്നേഹത്തോടെയുള്ള കാത്തിരിപ്പാകുന്ന മുത്തിനെ മനസ്സിലാക്കുവാൻ അവന് കഴിയില്ല. അവനത് ചവുട്ടി നശിപ്പിക്കും. ലഹരിയുടെ, ലൗകികസുഖങ്ങളുടെ, ചീത്ത കൂട്ടുകെട്ടിന്റെ പിടിയിലമർന്നനിരിക്കുന്ന മക്കളോട്, മാതാപിതാക്കളുടെ കണ്ണുനീരിനെക്കുറിച്ചു്, അവരുടെ ത്യാഗത്തെക്കുറിച്ചു്, സ്നേഹത്തെക്കുറിച്ചു് പറയരുത്. അവരതിനെ പുച്ഛിച്ചു് തള്ളിക്കളയും. വിശുദ്ധ കുർബാനയുടെ പേരിൽ തെരുവിലിറങ്ങി നിൽക്കുന്നവരോട് വിശുദ്ധ കുർബാനയുടെ മഹത്വത്തെക്കുറിച്ചു്, ക്രിസ്തുവിന്റെ മഹാത്യാഗത്തെക്കുറിച്ചു് പറയരുത്. അവരതിനെ വിവാദമാക്കി ക്രിസ്തുവിനെ നിസ്സാരമാക്കിക്കളയും. ജീവിതം ചിതറിച്ചുകളയാതിരിക്കണമെങ്കിൽ, ജീവിതം പണിതുയർത്തണമെങ്കിൽ, എന്നും എപ്പോഴും ദൈവത്തിന്റെ കൃപയുടെ, പരിപാലനയുടെ കുടക്കീഴിൽ നിൽക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രിയപ്പെട്ടവരേ ക്രസിതുവിനോടൊത്ത് ജീവിക്കുവാൻ പഠിക്കുക. നാം ആരോടൊപ്പമാണെന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്.

നാം ക്രിസ്തുവിനോടൊപ്പമല്ലെങ്കിൽ പിന്നെ ആരോടൊപ്പമാണെന്ന് ചിന്തിക്കേണ്ടതുണ്ട്. കാരണം, അത് നമ്മുടെ നാശത്തിനുള്ള പടപ്പുറപ്പാടായിരിക്കും. അന്യദൈവങ്ങളോടൊപ്പമാണ് നമ്മുടെ ജീവിതമെങ്കിൽ, ഉള്ളിൽ ഇരുട്ട് സൂക്ഷിക്കുന്നവരോടൊപ്പമാണ് നമ്മുടെ സൗഹൃദങ്ങളെങ്കിൽ, അമിതമായി സമ്പത്തിന്റെയും, ലൗകിക സുഖങ്ങളുടെയും കൂടെയാണ് നമ്മുടെ ജീവിതമെങ്കിൽ, അഹങ്കാരത്തിന്റെയും, വെറുപ്പിന്റെയും, മുൻകോപത്തിന്റെയും കുതിരപ്പുറത്താണ് നമ്മുടെ യാത്രയെങ്കിൽ, നമ്മുടെ കുടുംബങ്ങളിൽ ക്രിസ്തു രാജാവായി വാഴുന്നില്ലെങ്കിൽ സംശയംവേണ്ട, ജീവിതം തകർച്ചയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ദൈവകൃപയുടെ കുടക്കീഴിലല്ലെങ്കിൽ ഒന്നിനും നിലനില്പില്ലെന്ന് നാം അറിയണം.

ഒരു നിമിഷംകൊണ്ട് ജീവിതത്തിന്റെ മുഴുവൻ ഭ്രമണപഥങ്ങളെയും തെറ്റിച്ചുകളയുന്ന മനുഷ്യരുടെ കൂടെയാണ് നമ്മുടെ ജീവിതമെങ്കിൽ നമ്മുടെ കയ്യിലെ മെഴുകുതിരികൾ ഒരു ചെറിയ കാറ്റിൽ പോലും കെട്ടുപോകും. തിന്മയ്ക്കിപ്പോൾ നന്മയെക്കാളും സൗന്ദര്യമാണ്; ഇരുട്ടിപ്പോൾ പ്രകാശത്തേക്കാളും ആകർഷകമാണ്.

ഇന്നത്തെ സുവിശേഷം ഒരു മുന്നറിയിപ്പാണ്; ഒപ്പം സ്‌നേഹപൂർവമായ ഒരു ഓർമപ്പെടുത്തലുമാണ്. ഈശോ നമ്മെ പേടിപ്പിക്കുവാൻവേണ്ടി പറയുന്നതല്ല. പക്ഷേ, അവിടുത്തേക്ക് നമ്മെക്കുറിച്ചു് കരുതലുള്ളതുകൊണ്ട് നമ്മുടെ ജീവിതം ചിതറിപ്പോകാതിരിക്കുവാൻ നമ്മെ ഓർമിപ്പിക്കുകയാണ്, മകളേ, മകനേ നിന്റെ ജീവിതവഴികളിൽ പതിയിരിക്കുന്ന അപകടം നീ കാണുക എന്ന്. അത് കാണുവാൻ നമ്മുടെ കണ്ണുകളെ തുറക്കുവാൻ ഇന്നത്തെ സുവിശേഷം സഹായകമാകണം. ജീവിതം ചിതറിപ്പോകാതിരിക്കുവാൻ നമ്മുടെ മനസ്സിനെ ബലപ്പെടുത്തണം.

കാൽവരിയിൽ ചിതറിക്കപ്പെടാതെ നിന്ന് ജീവിതത്തെ സംരക്ഷിച്ച ഒരു വ്യക്തിത്വമുണ്ട് – പരിശുദ്ധ കന്യകാമറിയം. അതിനവളെ സഹായിച്ചത് ശിമെയോനെന്ന ഒരു ദീർഘദർശിയാണ്. ജീവിതത്തിന്റെ യുവത്വത്തിൽ, കുടുംബജീവിതം പതുക്കെ മുന്നോട്ട് പോകുന്ന സമയത്ത് മറിയത്തെ വലിയൊരു പേടിയിലേക്ക് നയിച്ച ശിമെയോനെന്ന ദീർഘദർശിയോട് ചിലപ്പോൾ നമുക്ക് ഒരു ഇഷ്ടക്കേട് തോന്നാം. എന്തിനാണയാൾ ഇത്രയും ഭയപ്പെടുത്തുന്ന ഒരു കാര്യം യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ ഒരു സ്ത്രീയോട്, ഒരമ്മയോട് പറഞ്ഞത്? ജീവിതത്തിലേക്ക് എപ്പോഴോ എത്തിച്ചേരുവാൻ ഊഴവും കാത്തുനിൽക്കുന്ന ഒരു വാൾ!! അതിനെക്കുറിച്ചയാൾ ഓർമിപ്പിക്കുന്നത് യാതൊരു കാരുണ്യവുമില്ലാതെയാണ്. എങ്കിലും, മേരിയ്ക്കത് ദൈവത്തിന്റെ ഓർമപ്പെടുത്തലായി തോന്നി. തന്റെ ജീവിതത്തിലേക്ക് വരൻ പോകുന്ന ഒരു വാളിനെ അഭിമുഖീകരിക്കുവാൻ, ആ വാൾ വരുമ്പോൾ ജീവിതം ചിതറിയിക്കപ്പെടാതിരിക്കുവാൻ അവൾ അവളെ ബലപ്പെടുത്തി, ദൈവത്തെ മുറുകെപ്പിടിച്ചു.. അതുകൊണ്ടല്ലേ, ചിതറിക്കപ്പെടാതെ തന്റെ മകന്റെ കുരിശുമരണവേളയിൽ കാൽവരിയിൽ കുരിശിൻ കീഴെ നില്ക്കാൻ മറിയത്തിനായത്?! അതെ, ശിമയോൻ അവളെ സഹായിക്കുകയായിരുന്നു. ചില ഓർമ്മപ്പെടുത്തലുകൾ നല്ലതാണ്!

സ്നേഹമുള്ളവരേ, ഈ ഞായറാഴ്ച്ച ദൈവത്തെ നൽകിയ ദിവസമാണ്. ഈ സുവിശേഷ സന്ദേശം ഈശോയുടെ സ്നേഹം നിറഞ്ഞ ഓർമപ്പെടുത്തലാണ്. ക്രിസ്തുവിനോട് ചേർന്ന് നില്ക്കാൻ, മഴയത്തും, വെയിലിലും, ക്രിസ്തുവിനോടൊപ്പം നില്ക്കാൻ നാം പഠിക്കണം; നമ്മുടെ മക്കളെ പഠിപ്പിക്കണം. അക്കരപ്പച്ചകൾ കണ്ട് ഇളകാതിരിക്കുക!

നാം ഓരോരുത്തരുടെയും ജീവിതമാകുന്ന മേശകളിൽ നമുക്കാവശ്യമായ സ്നേഹസമ്പന്നനായ ആതിഥേയൻ, ക്രിസ്തു നമുക്ക് വിളമ്പിത്തരും. സ്വീകരിക്കാനുള്ള യോഗ്യത പുൽക്കൂട്ടിൽ ജനിച്ചവനോടൊത്ത്, മനുഷ്യന്റെ പാദങ്ങൾ കഴുകിയവനോടൊത്ത്, കാൽവരി കയറിയവനോടൊത്ത്, ഉത്ഥിതനായി വിശുദ്ധ കുർബാനയിൽ ജീവിക്കുന്നവനോടൊത്ത് ജീവിക്കുക, ശേഖരിക്കുക എന്നുള്ളതാണ്. ആമേൻ! 

SUNDAY SERMON MT 13, 44-52

കൈത്താക്കാലം നാലാം ഞായർ

നിയമാവർത്തനം 6, 1-9

എസക്കിയേൽ 3, 16-21

2 തെസ 2, 13-17 

മത്താ 13, 44-52

നിധിയുടെയും, രത്നത്തിന്റെയും, വലയുടെയും കഥയാണ് ഇന്നത്തെ സുവിശേഷം. ജീവിതത്തിൽ ഓരോ സെക്കന്റിനും വിലയുണ്ടെന്നും, ജീവിതത്തിൽ നാം കണ്ടെത്തുന്നതും നേടിയെടുക്കുന്നതും ഏറ്റവും നല്ലതായിരിക്കണമെന്നും, ലോകത്തിലെ നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്ന വിഡ്ഢികളാകരുത് നാമെന്നും   സൂചിപ്പിക്കുന്ന വളരെ മനോഹമായ ഒരു സുവിശേഷഭാഗമാണ് ഈ ഞായറാഴ്ച തിരുസ്സഭ നമുക്കായി അവതരിപ്പിക്കുന്നത്. മനുഷ്യാ, ഈ ലോകം മുഴുവൻ നീ നേടിയാലും, നിന്റെ ഭാഗം ജയിക്കുവാൻ വേണ്ടി ഏത് മാർഗം നീ സ്വീകരിച്ചാലും ക്രിസ്തുവിനെ നിന്റെ ജീവിതത്തിന്റെ നിധിയായി, രത്നമായി, മാർഗമായി നീ കണ്ടെത്തുന്നില്ലെങ്കിൽ നിനക്കെന്ത് ഫലം എന്ന ചങ്കിൽ തട്ടുന്ന ചോദ്യമാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമ്മുടെ മുൻപിൽ വയ്ക്കുന്നത്.

വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 13 അറിയപ്പെടുന്നത് ഉപമകളുടെ അദ്ധ്യായമായിട്ടാണ്. ഈ അദ്ധ്യായത്തിലെ അവസാനത്തെ ഉപമകളായിട്ടാണ് നിധിയുടെയും, രത്നത്തിന്റെയും, വലയുടെയും ഉപമകൾ ഈശോ പറയുന്നത്. നമുക്കറിയാവുന്നതുപോലെ, തന്റെ അടുക്കലേക്ക് വന്ന ജനങ്ങളുടെ മനസ്സറിഞ്ഞ ഈശോ, അവരെ ഉപകളിലൂടെയാണ് ദൈവരാജ്യത്തിന്റെ വലിയ സത്യങ്ങൾ ലളിതമായി പഠിപ്പിച്ചുകൊണ്ടിരുന്നത്. ഉപമകൾ തന്നെ വലിയസത്യങ്ങൾ ചെറിയ, എന്നാൽ മനോഹരമായ കഥകളിലൂടെ അവതരിപ്പിക്കുന്ന ഒരു technique ആണ്, സാഹിത്യശൈലി ആണ്. ഈശോ ബോധപൂർവം ഉപമയുടെ വിശദീകരണം പലപ്പോഴും ഒഴിവാക്കുന്നുണ്ട്. ഇന്നത്തെ സുവിശേഷത്തിലെ ഉപമകളുടെ വിശദീകരണം ഈശോ നൽകുന്നില്ല. അതുകൊണ്ടുതന്നെ അവയ്ക്ക് വ്യാഖ്യാനം, വിശദീകരണം ആവശ്യമാണ്. 

സ്വർഗ്ഗരാജ്യത്തിന്റെ, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാൻ വന്ന ഈശോ, ഉപമകളിലൂടെ എന്താണ് സ്വർഗ്ഗരാജ്യമെന്നും, എന്താണ് സ്വർഗ്ഗരാജ്യത്തിന്റെ മൂല്യമെന്നും, ഈ ഭൂമിയിൽ മനുഷ്യൻ എന്തെല്ലാം നേടിയാലും സ്വർഗ്ഗരാജ്യം നേടുന്നില്ലെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുകകയാണ്. മൂന്ന് മഹത്തായ കാര്യങ്ങളാണ് ഇന്ന് ഈശോ നമ്മുടെ കാതുകളിൽ ഓതുന്നത്.

ഒന്ന്, സ്വർഗ്ഗരാജ്യം നാം കണ്ടെത്തേണ്ട, കണ്ടെത്തിക്കഴിഞ്ഞാൽ നേടിയെടുക്കേണ്ട അമൂല്യ നിധിയാണ്, വിലയേറിയ രത്നമാണ്. എന്താണ് സ്വർഗ്ഗരാജ്യം? ദൈവത്തോടോത്തുള്ള, ക്രിസ്തുവിനോടൊത്തുള്ള ജീവിതം. എന്താണ് ഈ പ്രപഞ്ചത്തിൽ, നമ്മിൽ ദൈവം ഒളിപ്പിച്ചിരിക്കുന്ന നിധി? ക്രിസ്തുവാണ് നാം കണ്ടെത്തേണ്ട, നേടിയെടുക്കേണ്ട നിധി! ഈ ഭൂമിയിലുള്ളവയെക്കാളും വിലയേറിയ രത്നമേതാണ്? ക്രിസ്തുവാണ് നമുള്ളതെല്ലാം വിറ്റ് നാം വാങ്ങിച്ചെടുക്കേണ്ട രത്നം!

തമ്പുരാനാണ് എന്റെ നിധിയെന്ന് കണ്ടെത്തുന്ന, അത് വാങ്ങുന്ന വ്യക്തിയാണ് ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ! തമ്പുരാനോടുള്ള പ്രണയമൊഴികെ, ഈ ഭൂമിയിലുള്ളതെല്ലാം മടു ക്കുന്ന ഒരു കാലം മകളേ, മകനേ നിന്റെ ജീവിതത്തിൽ വരികയാണെങ്കിൽ നീയപ്പോൾ സ്വർഗ്ഗരാജ്യത്തിലായിരിക്കും. “കർത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കാര്യങ്ങളിലാണ്” (സങ്കീ 16, 5) എന്ന് പാടിയ സങ്കീർത്തകൻ ദൈവത്തെ നിധിയായി കണ്ടെത്തിയവനാണ്, ആ നിധി സ്വന്തമാക്കിയവനാണ്. ജീവിതത്തിലെ ദുരന്തങ്ങളുടെ ലിസ്റ്റ്, ഇല്ലായ്‍മയുടെ ലിസ്റ്റ് നിരത്തിയതിനുശേഷം “ഞാൻ കർത്താവിൽ ആനന്ദിക്കും, എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ സന്തോഷിക്കും, കർത്താവാണ് എന്റെ ബലം” (ഹബക്കുക്ക് 3, 18-19) എന്ന് ഉദ്‌ഘോഷിച്ച ഹബക്കുക്ക് പ്രവാചകൻ ദൈവത്തെ നിധിയായി കണ്ടെത്തിയവനാണ്, സർവ്വതും വിറ്റ് ആ രത്നം നേടിയവനാണ്. ദാരിദ്ര്യത്തെ ഉപാസിച്ചുകൊണ്ട്, ദൈവമേ എന്റെ സർവ്വസ്വമെ എന്ന് പാടി നൃത്തം ചെയ്ത അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് ക്രിസ്തുവിനെ നിധിയായി കണ്ടെത്തിയവനാണ്. കഴിഞ്ഞ പതിനൊന്നാം തീയതി തിരുനാളാഘോഷിച്ച വിശുദ്ധ ക്‌ളാര പറഞ്ഞത് എനിക്ക് ക്രിസ്തുമാത്രം മതിയെന്നാണ്. പട്ടുമെത്തയിൽ കിടന്നവൾ വൈക്കോലിൽ കിടക്കുവാൻ തയ്യാറായെങ്കിൽ, സ്വർണ്ണാഭരണങ്ങൾക്ക് പകരം അരയിൽ കയർ ധരിക്കുവാൻ, വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ ഉപേക്ഷിച്ചു് പച്ചിലകൊണ്ടുള്ള സൂപ്പ് ഭക്ഷിക്കുവാൻ, വിലകൂടിയ ചെരുപ്പുപേക്ഷിച്ചു് നഗ്‌ന പാദയായി നടക്കുവാൻ ക്ലാര തയ്യാറായെങ്കിൽ അതിന്റെ കാരണം, അതിന്റെ ഒരേയൊരു കാരണം ഈ ഭൂമിയിൽ, ജീവിതവഴികളിൽ ഒളിഞ്ഞിരുന്ന നിധിയെ അവൾ കണ്ടെത്തിയെന്നതാണ്.

പ്രസിദ്ധ ബ്രസീലിയൻ നോവലിസ്റ്റായ പൗലോ കൊയ്‌ലോയുടെ പ്രസിദ്ധമായ നോവലാണ് ആൽക്കെമിസ്റ്റ്. അതിന്റെ സാന്റിയാഗോ എന്ന ഇടയബാലൻ ഒരു രതിയിൽ സ്വപ്നം കാണുകയാണ്. സ്വാപനം എന്തായിരുന്നെന്നോ? വലിയൊരു നിധി, സ്വരങ്ങളും രത്നങ്ങളുമടങ്ങുന്ന വലിയൊരു നിധി. അതായിരുന്നു സ്വപ്നം. എന്നാൽ അത് എവിടെയാണെന്നോ, എങ്ങനെയാണ് കണ്ടെത്തേണ്ടതെന്നോ അവന് അറിയില്ല. ഈ നിധി കണ്ടെത്തണം. അതായിരുന്നു പിന്നെ അവന്റെ ചിന്ത. അതിനായുള്ള അന്വേഷണമാണ് ഈ നോവൽ. നിധി കണ്ടെത്തുവാൻ അവൻ ധാരാളം സഞ്ചരിക്കുന്നുണ്ട്. അതിന്റെ ചിലവിലേക്കായി കഠിനമായി അധ്വാനിക്കുന്നുണ്ട്. മാത്രമല്ല, ജീവിതത്തിന്റെ ഓരോ നിമിഷവും അവന്റെ ഒരേയൊരു ചിന്ത ഈ നിധി മാത്രമായിരുന്നു. ഇടിഞ്ഞുപൊളിഞ്ഞ ഒരു പള്ളിയിൽ തന്റെ ആടുകളോടൊത്ത് അന്തിയുറങ്ങിയപ്പോഴാണ് അവന് ഈ സ്വപ്നം ഉണ്ടാകുന്നത്. അവിടെ നിന്ന് അവൻ മരുഭൂമികളിലൂടെ, പട്ടണങ്ങളിലൂടെ ധാരാളം യാത്രചെയ്യുന്നുണ്ട്. അവസാനം, തിരികെ പഴയ പള്ളിയിൽ എത്തുമ്പോൾ അവിടെ അവൻ ആ നിധി കണ്ടെത്തുകയാണ്. നമ്മിൽത്തന്നെ, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ തന്നെ നിധി കണ്ടെത്താനാകുമെന്ന സന്ദേശമാണ് ഈ നോവൽ.

സ്നേഹമുള്ളവരേ, ദൈവം താനാകുന്ന നിധിയെ സ്നേഹത്തോടെ ഒളിച്ചുവച്ചിരിക്കുന്നത് നമ്മിൽ തന്നെയാണ്; നമ്മുടെ കുടുംബങ്ങളിലാണ്; നമ്മുടെ തിരുസ്സഭയിലാണ്; നമ്മുടെ സൗഹൃദങ്ങളിലാണ്, ബന്ധങ്ങളിലാണ്; നാം എന്നും അർപ്പിക്കുന്ന വിശുദ്ധ കുർബാനയിലാണ്, നാം നടത്തുന്ന പ്രാർത്ഥനകളിലാണ്, കുടുംബപ്രാർത്ഥനകളിലാണ്. ഈ നിധിയെ കണ്ടെത്തുവാൻ നാം അന്വേഷിക്കേണ്ടത് ഇവിടെയൊക്കെത്തന്നെയാണ്. കുട്ടികൾ നടത്തുന്ന ഒരു കളിയില്ലേ? Treasure Hunting -നിധി കണ്ടെത്തൽ. നമ്മുടെ ക്രൈസ്തവ ജീവിതം ഈ നിധി കണ്ടെത്താനുള്ള അലച്ചിലാകണം. ദൈവത്താൽ നല്കപ്പെട്ടിട്ടുള്ളവയിൽ ദൈവത്തെ തേടാതെ, നിധി അന്വേഷിക്കാതെ, നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തരുത് നാം. ക്രിസ്തുവാണ് നിധിയെന്നറിഞ്ഞിട്ടും, ക്രിസ്തുവാണ് ഏറ്റവും വിലയേറിയ രത്നമെന്നറിഞ്ഞിട്ടും, എന്തേ, ആ നിധി, രത്നം സ്വന്തമാക്കുവാൻ നാം മടിക്കുന്നു? ഭൂതത്താൻ നിധി കാക്കുന്ന പോലെയാണ് ഭൂമിയിൽ അധികം പേരും. ജീവിച്ചിരിക്കുന്നവർക്കെല്ലാം ജീവിച്ചു് കൊതിതീരുന്നില്ല. വാശി പിടിച്ചു് വെട്ടിപ്പിടിക്കുന്നതെല്ലാം നിധിയെന്ന മട്ടിൽ, രത്നമെന്ന മട്ടിൽ

പൊത്തിപ്പിടിച്ചുകൊണ്ടിരിക്കുകയാണ്. ചിലർക്ക് അധികാരമാണ് നിധി; ചിലർക്ക് ലഹരി മരുന്നുകളാണ് രത്നം. ചിലർക്ക് നശ്വരമായ സമ്പത്താണ് നിധി! ഇന്നത്തെ സുവിശേഷം പറയുന്നു, വ്യക്തമായി നമുക്ക് കാണിച്ചു തരുന്നു, ക്രിസ്തുവാണ്, ക്രിസ്തുമാത്രമാണ് നമ്മുടെ നിധിയെന്ന്!

രണ്ട്, അന്ത്യോന്മുഖമായ ഒരു ദർശനം (Eschatological vision) ഈശോ വലയുടെ ഉപമയിലൂടെ, ഉപമയിലെ നല്ല മത്സ്യങ്ങളെ ശേഖരിക്കുകയും, ചീത്ത മത്സ്യങ്ങളെ പുറത്തെറിയുകയുംചെയ്യുന്ന മുക്കുവരുടെ പ്രവർത്തിയിലൂടെ ആവിഷ്കരിക്കുകയാണ്. മനുഷ്യജീവിതം ഹൃസ്വമാണെന്നും, ലോകത്തിലുള്ളതെല്ലാം നശ്വരങ്ങളാണെന്നും, ഭൂമിയിൽ മനുഷ്യജീവിതം ധന്യമാകുന്നത് ക്രിസ്തുവിനെ സ്വന്തമാക്കുമ്പോഴാണെന്നും മനസ്സിലാക്കി, വിശുദ്ധ പൗലോശ്ലീഹാ പറയുന്ന പോലെ “ക്രിസ്തുവിനെ മനോഭാവം പുലർത്തിക്കൊണ്ട് മനുഷ്യൻ ജീവിക്കണമെന്നും ക്രിസ്തു നമ്മെ പഠിപ്പിക്കുകയാണ്. കാരണം, ചെമ്മരിയാടുകളെ കോലാടുകളിൽ നിന്ന് വേർതിരിക്കുന്ന അന്ത്യദിനമുണ്ട്. അന്ന് ഒരു വലയിൽ അകപ്പെട്ട നല്ലതും ചീത്തയുമായ മത്സ്യങ്ങളെപോലെ, ചെറുതും, വലുതുമായ മത്സ്യങ്ങളെപ്പോലെ എല്ലാവരും ഒരുമിച്ചു ചേർക്കപ്പെടും. ചെമ്മരിയാടുകളെ വലതുവശത്തേക്കും കോലാടുകളെ ഇടതുവശത്തേയ്ക്കും മാറ്റിനിർത്തുന്ന രക്ഷാകരമായ സംഭവത്തിന് സാക്ഷികളാകേണ്ടവരാണ് ഭൂമിയിലൂടെ കടന്നുപോകേണ്ട മനുഷ്യരെല്ലാവരും. ദൈവദൂതന്മാർ ദുഷ്ടരെ നീതിമാന്മാരിൽ നിന്ന് വേർതിരിക്കും, മുക്കുവർ ചീത്ത മത്സ്യങ്ങളെ നല്ല മത്സ്യങ്ങളിൽ നിന്ന് വേർതിരിക്കുന്നതുപോലെ.

സ്നേഹമുള്ളവരേ, നാമെല്ലാവരും മരിക്കും. മരണശേഷം ഒരു വിധിയുണ്ട്. മരണം വഴി ദൈവത്തിങ്കലെത്തുന്ന ഓരോ മനുഷ്യനും തന്റെ ഭൂമിയിലെ ജീവിതത്തിന് കണക്കുകൊടുക്കേണ്ടിവരും. അത് ഒരു നിമിഷം ജീവിച്ചാലും, ഒരു മണിക്കൂർ ജീവിച്ചാലും, ഒരു ദിവസം ജീവിച്ചാലും, ആയുസ്സിന്റെ ദൈർഘ്യം മുഴുവനും ജീവിച്ചാലും – നാമെല്ലാവരും കണക്കുകൊടുക്കേണ്ടി വരും. അവിടെ വിധിയുടെ അളവുകോൽ ഒന്നുമാത്രം. ക്രിസ്തുവിനെ നിധിയായി, രത്നമായി നീ സ്വന്തമാക്കിയോ? അങ്ങനെ സ്വന്തമാക്കിയിട്ട് “ഈ ചെറിയവരിൽ  ക്രിസ്തുവിനെക്കണ്ട്  അവർക്കുവേണ്ടി നന്മപ്രവർത്തികൾ ചെയ്തുവോ? നിധിയായ ക്രിസ്തുവിനെ സ്വന്തമാക്കുവാൻ അവരെ സഹായിച്ചുവോ? അന്ന്, വിലാപത്തിന്റെയും പല്ലുകടിയുടെയും അവസ്ഥകളിൽപെട്ടുപോകാതിരിക്കുവാൻ ഒരു മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷ സന്ദേശം!

മൂന്ന്, സ്വർഗ്ഗരാജ്യത്തിലെ അന്ത്യവിധി നിന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും സംഭവിക്കണം. സ്വർഗ്ഗരാജ്യത്തിലെ ശിഷ്യനാണ് നീയെങ്കിൽ, തന്റെ നിക്ഷേപത്തിൽ നിന്ന് പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനെപ്പോലെ, പുതിയത്, നല്ലത് സ്വീകരിച്ചിട്ട്, പഴയത് ആക്രിക്കാർക്ക് വിൽക്കുന്ന, കത്തിച്ചുകളയുന്ന വീട്ടുടമസ്ഥനെപ്പോലെ ജീവിതത്തിന്റെ സാഹചര്യങ്ങളിൽ അന്ത്യവിധി ഓരോ നിമിഷവും സംഭവിക്കേണ്ടിയിരിക്കുന്നു.  പുതിയജീവിതത്തിലേക്ക് രാവിലെ ഉണ ർന്നെഴുന്നേൽക്കുമ്പോൾ, രാവിലെ മുതൽ ഓരോരോ കർമങ്ങളിൽ ഏർപ്പെടുമ്പോൾ, സംസാരിക്കുവാൻ വായ് തുറക്കുമ്പോൾ, സഹോദരീസഹോദരന്മാരെ കാണുമ്പോൾ, സ്വാഭാവിക പ്രവണതകൾ തിന്മയിലേക്ക് നയിക്കുമ്പോൾ ഓർക്കണം നാം, നമ്മുടെ ജീവിതത്തെ അരിച്ചുപെറുക്കുന്ന അന്ത്യവിധിയെക്കുറിച്ചു്, നന്മതിന്മകളെ തിരിച്ചറിഞ്ഞ് ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു്.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നൽകുന്ന ഈ മൂന്ന് സന്ദേശങ്ങൾ ഇന്ന് നാം ജീവിക്കുന്ന കാലഘട്ടത്തിൽ പ്രസക്തമാണെന്നും, ജീവിതം നന്മയുള്ളതാക്കുവാൻ, ക്രൈസ്തവമാക്കുവാൻ ഉതകുന്നതാണെന്നും മനസ്സിലാക്കുവാൻ ദൈവത്തിന്റെ ആത്മാവ് നമുക്ക് കൃപനൽകട്ടെ. ക്രിസ്തുവിനെ നമ്മുടെ ജീവിതതിന്റെ നിധിയായി, രത്നമായി നമുക്ക് സ്വീകരിക്കാം. നശ്വരമായവയ്ക്ക് പിന്നാലെ ഓടാതെ, നൈമിഷിക സുഖങ്ങൾക്കുവേണ്ടി, ക്രിസ്തുവാകുന്ന രത്നത്തെ നഷ്ടപ്പെടുത്താതെ ജീവിക്കുവാൻ നമുക്കാകട്ടെ. നിസ്സാരമായവയ്ക്കുവേണ്ടി നഷ്ടപ്പെടുത്തുവാനല്ല ഈ ജീവിതം ദൈവം നമുക്ക് നൽകിയത് എന്നത് നാം മറക്കാതിരിക്കുക.

വിശുദ്ധ കുർബാന നൽകുന്ന കൃപയും ശക്തിയും സ്വീകരിച്ചുകൊണ്ട് നമ്മുടെ ജീവിതം ക്രിസ്തുവാകുന്ന നിധിയെ കണ്ടെത്തുവാനുള്ള അന്വേഷണമാക്കി മാറ്റാം. ആമേൻ! 

SUNDAY SERMON LK 10, 38-42

കൈത്താക്കാലം മൂന്നാം ഞായർ

റൂത്ത് 1, 6-18

പ്രഭാഷകൻ 33, 7-13

റോമാ 12, 3-8 

ലൂക്കാ 10, 38-42

ഓർക്കാൻ ഒട്ടും ആഗ്രഹിക്കാത്ത 2018 ലെ പ്രളയഭീതിയെ ഓർമയിലേക്ക് കൊണ്ടുവന്ന കനത്ത മഴയുടെ ദിവസങ്ങളിലൂടെ വീണ്ടും നാം കടന്നുപോയിക്കിക്കൊണ്ടിരിക്കുകയാണ്. മുല്ലപ്പെരിയാർ ഉൾപ്പെടെ കൂടുതൽ ഡാമുകൾ തുറക്കുന്നു, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, തീരങ്ങളിൽ ജാഗ്രത നിർദ്ദേശം എന്നിങ്ങനെ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വാർത്തകൾ നമ്മുടെ ആധിയെ വർധിപ്പിക്കുന്നു. ആശങ്കകൾ കരകവിഞ്ഞൊഴുകുമ്പോൾ നമ്മുടെ മനസ്സിലുയരുന്ന ചോദ്യം ‘ഇനി എന്ത് ചെയ്യും?‘ എന്നായിരിക്കും. ഈ വലിയ ചോദ്യത്തിന് നല്ലൊരു ഉത്തരമാണ് ഇന്നത്തെ സുവിശേഷം. ജീവിതത്തിന്റെ സാധാരണ സാഹചര്യങ്ങളിലും, വിഷമമേറിയ ഘട്ടങ്ങളിലും എന്ത് ചെയ്യണമെന്നാണ്, ഏത് ഭാഗം തിരഞ്ഞെടുക്കണമെന്നാണ് മർത്തായുടെയും, മേരിയുടെയും മനോഭാവങ്ങളിലൂടെ ഈശോ വെളിപ്പെടുത്തുന്നത്.

നമ്മുടെ ക്രൈസ്തവ വിശ്വാസത്തിൽ ദൈവമേകുന്ന പരിപാലനയുടെ, ദൈവമേകുന്ന കൂട്ടിന്റെ തുടർക്കഥകളാണ് നമ്മുടെ ജീവിതമെന്ന് വിശ്വസിക്കുന്നവരാണ് നാം. നാമൊക്കെ നനയാതിരിക്കുവാനായി സ്നേഹത്തിന്റെ, സംരക്ഷണയുടെ കുട നിവർത്തിപ്പിടിച്ചിരിക്കുന്നവനാണ് ക്രിസ്തു എന്ന വിശ്വാസമാണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ, സമൃദ്ധിയുടെ സപ്രമഞ്ചങ്ങളിലേറുമ്പോൾ, വിജയത്തിന്റെ സോപാനങ്ങളിൽ നിൽക്കുമ്പോൾ കുപ്പായങ്ങളും കളിപ്പാട്ടങ്ങളും ധാരാളമാകുമ്പോൾ ദൈവത്തെ സൗകര്യപൂർവം മറക്കുന്നു എന്നത് നമ്മുടെയൊക്കെ ജീവിതങ്ങളിലെ ദുരന്തങ്ങളാണ്.

അങ്ങനെയൊരു അവസ്ഥയിലേക്ക് മനുഷ്യൻ വീഴാതിരിക്കുവാനുള്ള ദൈവത്തിന്റെ മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷഭാഗം. ആതിഥ്യമര്യാദയുടെ, അതിഥിയെ ബഹുമാനിക്കുന്നതിന്റെ, ഭാരതീയ പശ്ചാത്തലത്തിലെ അതിഥി ദേവോ ഭവ: എന്ന മനോഭാവം അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ സുവിശേഷഭാഗമെന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും, ജീവിതത്തിൽ എല്ലാ പ്രവർത്തനങ്ങൾക്കുമുപരി ദൈവത്തോടൊത്തായിരിക്കുകയാണ് പരമപ്രധാനമെന്ന് കാണിക്കുവാനാണ് ഈ സുവിശേഷഭാഗം ശ്രമിക്കുന്നതെന്ന് പറയാമെങ്കിലും, ഇവയേക്കാളെല്ലാം ഉപരിയായി ജീവിതത്തിൽ ദൈവത്തിന്റെ ഭാഗത്താണ് ക്രൈസ്തവൻ നിൽക്കേണ്ടതെന്ന്, സത്യത്തിന്റെ വഴിയാണ് ക്രൈസ്തവൻ തിരഞ്ഞെടുക്കേണ്ടതെന്ന്, കർത്താവും, ദൈവവുമായ  ക്രിസ്തുവിനെ കെട്ടിപ്പിടിച്ചാണ്, ക്രിസ്തുവിന്റെ തിരുസ്സഭയോടൊത്താണ്  ക്രൈസ്തവൻ  ജീവിക്കേണ്ടതെന്ന് പറയാനാണ് ഇന്ന് ഈ സുവിശേഷഭാഗം നമ്മെ സമീപിച്ചിരിക്കുന്നത്.

മർത്താ, മേരി, ലാസർ എന്നിവരുടെ കുടുംബസുഹൃത്താകുന്നിടത്തോളം വളർന്ന ഈശോയുടെ സൗഹൃദം വളരെ ഹൃദ്യമായി വരച്ചിടിന്നുണ്ട് വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അദ്ധ്യായം. വളരെ ഹൃദ്യമായി, ഊഷ്മളമായി ഈശോയെ സ്വീകരിച്ചിരുന്ന വീടാണ് ഇവരുടേത്. ഇവരെല്ലാവരും ഈശോയെ സ്നേഹിച്ചിരുന്നെന്നും, ഇവരുടെ ജീവിതത്തിനാവശ്യമായ നിർദ്ദേശങ്ങൾ ഈശോ കൊടുത്തിരുന്നെന്നും ന്യായമായും നമുക്ക് അനുമാനിക്കാം. മർത്താ ഈശോയെ അതിയായി സ്നേഹിച്ചിരുന്നുവെന്നതിൽ യാതൊരു സംശയവും വേണ്ട. എന്നാൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാളിൽ ഉണ്ടായിരിക്കേണ്ട ശാന്തത, സഹിഷ്ണത, ക്ഷമ ഈശോ അവളിൽ കണ്ടില്ല. അവൾ പല കാര്യങ്ങളാൽ വ്യഗ്രചിത്തയായിരുന്നു. She was too much distracted…ജീവിതത്തിലെ ഇല്ലായ്മകൾകൊണ്ടോ, വല്ലായ്മകൾകൊണ്ടോ അവൾ അസ്വസ്ഥയായിരുന്നിരിക്കണം…ലോകത്തിന്റെ സുഖങ്ങൾക്ക് പിന്നാലെ പോകുന്നതുകൊണ്ട്, അവ കിട്ടാതെ വരുന്നതിൽ നിരാശപ്പെട്ടുപോകുന്നതുകൊണ്ട് ഹൃദയത്തിൽ ദേഷ്യം കൊണ്ടുനടന്നവളായിരിക്കാം…മറ്റുള്ളവരുടെ നന്മയിൽ, വളർച്ചയിൽ അസൂയപ്പെടുന്നതുകൊണ്ട് മനസ്സ് പിടച്ചുകൊണ്ടിരിക്കുന്നവളായിരിക്കാം… അത് മനസ്സിലാക്കുവാൻ ക്രിസ്തുവിനല്ലാതെ മറ്റാർക്കാണ് കഴിയുക! അവിടുന്ന് അവളുടെ മനസ്സറിഞ്ഞപ്പോൾ അവളെ തിരുത്തുകയാണ്, “മർത്താ, മർത്താ നീ പലതിനെക്കുറിച്ചും, ഉത്കണ്ഠാകുലയും, അസ്വസ്ഥയുമായിരിക്കുന്നു.”  ഈശോയ്ക്ക് അവളോട് സ്നേഹമില്ലാഞ്ഞിട്ടല്ല ഈ വിമർശനം. അവളുടെ പേര് രണ്ടുപ്രാവശ്യം വിളിക്കുന്നതിൽ തന്നെ ഈശോയ്ക്ക് മാർത്തായോടുള്ള സ്നേഹം വ്യക്തമാണ്. എന്നാൽ, അവളുടേത് ഉചിതമായ ഒരു തിരഞ്ഞെടുപ്പമല്ല. മേരിയുടേതാകട്ടെ, വളരെ, പക്വമായ, ദൈവത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. അതുകൊണ്ടാണ് ഈശോയുടെ പ്രസ്‌താവന: “മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു.”

ഇത് വീട്ടിൽ വന്ന ഒരു വ്യക്തിയോട് കാട്ടുന്ന ആതിഥ്യമര്യാദയുടെ study class അല്ല. അല്ലെങ്കിൽ study class മാത്രമല്ല. ഇത് സഹോദരിമാരിൽ ഒരാൾ മാത്രം ജോലിചെയ്യുന്നതുകൊണ്ടുള്ള പരാതിപറച്ചിലുമല്ല. ഇത് ജീവിതത്തിന്റെ സന്നിഗ്ദ ഘട്ടങ്ങളിൽ ഒരുവൻ ക്രിസ്തുവിനോട് കൂടെ നിൽക്കണമെന്നുള്ള ആഹ്വാനമാണ്. ജീവിതത്തിന്റെ ഏത് ഘട്ടങ്ങളിലും നല്ലതുമാത്രം തിരഞ്ഞെടുക്കുന്ന, സ്വന്തം ജീവിതത്തിനും, കൂടെയുള്ളവരുടെ ജീവിതത്തിനും നൻമ മാത്രം ഉണ്ടാകുവാൻ ക്രിയാത്മകമായവ മാത്രം ചെയ്യുന്ന ക്രിസ്തുമനോഭാവത്തിലേക്കുള്ള ക്ഷണമാണ്. നല്ല ഭാഗം എപ്പോഴും തിരഞ്ഞെടുക്കുവാനുള്ള ക്രിസ്തുവിന്റെ ഓർമപ്പെടുത്തലാണ്.

ബൈബിളിൽ നല്ല ഭാഗം തിരഞ്ഞെടുക്കുന്നവരും, ചീത്തഭാഗം തിരഞ്ഞെടുക്കുന്നവരും ധാരാളമാണ്. പുരോഹിത വസ്ത്രമണിഞ്ഞ് അഭിഷേകതൈലത്തിന്റെ പരിമളമേന്തി നിൽക്കുന്ന അഹറോൻ പഴയനിയമത്തിലെ ജീവസ്സുറ്റ ഒരു കഥാപാത്രമാണ്. എപ്പോഴും ദൈവത്തിലേക്ക് നോക്കി ദൈവത്തിന്റെ അരുളപ്പാടും കാത്തിരിക്കുന്ന, ദൈവത്തിന്റെ ഇഷ്ടം മാത്രം നിർവഹിക്കുവാൻ ആഗ്രഹിക്കുന്ന, ദൈവത്തിന് വിശ്വസ്തതയോടെ കൃതജ്ഞതാബലികളും, ദഹനബലികളും അർപ്പിക്കുന്ന അഹറോൻ പക്ഷേ ജീവിതത്തിൽ മോശയോടൊപ്പം നിൽക്കേണ്ട ഘട്ടം വന്നപ്പോൾ വീണുപോയി. ഇതുവരെ പ്രിയമുള്ളതായി കരുതിയതും, കരുതിയവരും, എന്തിന് ഉയിര്‌പോലും ദൈവത്തിനായി മാറ്റിവച്ച ആ വൈദികന് കാലിടറുകയാണ്.

ഒരുവട്ടം മിറിയാം എന്ന സ്ത്രീയോട് ചേർന്ന് ദൈവപുരുഷനായ മോശയ്‌ക്കെതിരെ തിരിഞ്ഞപ്പോഴാണ് അത് സംഭവിച്ചത്. ദൈവജനത്തിന്റെ മുഴുവൻ ചുമതലയും ദൈവം ഏൽപ്പിച്ച മോശയോട് ചേർന്ന് ദൈവജനത്തെ നയിക്കേണ്ട അഹറോൻ ഒരുവട്ടം മിറിയാമിനോട് ചേർന്ന് മോശയ്‌ക്കെതിരെ ദുഷിച്ചുപറയുകയാണ്. അപ്പോൾ, നല്ല ഭാഗം തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ദൈവത്തോടൊപ്പം, മോശയോടൊപ്പം നില്ക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്തുസംഭവിച്ചു, മിറിയാം കുഷ്ഠം പിടിച്ചു് വിളറി വെളുത്തുപോയി. അവളെ പാളയത്തിന് പുറത്താക്കി. (ലേവ്യർ 12)

രണ്ടാം വട്ടം. ഉടമ്പടി പലകകൾ ദൈവത്തിൽ നിന്ന് വാങ്ങാൻപോയ മോശ, മലയിൽ നിന്നിറങ്ങാൻ വൈകിയപ്പോൾ ജനം ദേഷ്യപ്പെട്ട് അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: “ഞങ്ങളെ നയിക്കാൻ വേഗം ദേവന്മാരെ ഉണ്ടാക്കിത്തരിക.” ഇക്കുറിയും നല്ല ഭാഗം തിരഞ്ഞെടുക്കുവാൻ അഹറോന് സാധിച്ചില്ല. അയാൾ അവരിൽ നിന്ന് സ്വർണം വാങ്ങി മൂശയിലുരുക്കി ഒരു സ്വർണ കാളക്കുട്ടിയെ വാർത്തെടുത്തു് ആരാധിക്കുവാനായി ജനത്തിന് നൽകി.. ആൾക്കൂട്ടത്തിന്റെ ഇഷ്ടങ്ങളിൽ അഭ്രമിച്ചു് സ്വർണ കാളക്കുട്ടിയെ നിർമിക്കാൻ പുരോഹിതനായ അഹരോൻ കൂട്ടുനിൽക്കുമ്പോൾ ആയിരങ്ങൾ മരിച്ചു വീഴുന്നു. (പുറപ്പാട് 32)

സ്നേഹമുള്ളവരേ, ജീവിതസാഹചര്യങ്ങളിൽ നല്ല ഭാഗം, ദൈവത്തിന്റെ ഭാഗം തിരഞ്ഞെടുക്കുവാൻ നമുക്കാകുന്നില്ലെങ്കിൽ ഓർക്കുക, അത് നമുക്ക് മാത്രമല്ല, നമ്മോട് കൂടെ നിൽക്കുന്നവർക്കും നാശമായിരിക്കും.

കുടുംബപ്രാർത്ഥനയുടെ സമയത്ത് മറ്റ് കാര്യങ്ങൾ വരുമ്പോൾ ഏതിന് priority കൊടുക്കും? ഏതായിരിക്കും നല്ലഭാഗം? നമ്മുടെ മതകാര്യങ്ങളിൽ, വസ്ത്രധാരണങ്ങളിൽ, ആഘോഷങ്ങളിൽ, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ, ഞായറാഴ്ച്ച ആചരണങ്ങളിൽ, സഭയുടെ പഠനങ്ങളിൽ … എന്തായിരിക്കും നമ്മുടെ priority? ഏതായിരിക്കും നല്ലഭാഗം? മേരി നല്ലഭാഗം തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ഈശോ പറഞ്ഞപോലെ, നമ്മോടും ഈശോ പറയുമോ? ഇവിടെയെല്ലാം നാം distracted ആയാൽ, മറ്റു പലതുകൊണ്ടും വ്യഗ്രചിത്തരായാൽ പ്രിയപ്പെട്ടവരേ, നല്ല ഭാഗം തിരഞ്ഞെടുക്കാതിരുന്നാൽ!!? ക്രിസ്തുവിനെ കെട്ടിപ്പിടിച്ചോണ്ട് നിൽക്കേണ്ടവരൊക്കെ വേറെയെന്തിനെയൊക്കെയോ പറ്റിപ്പിടിച്ചുകൊണ്ട് നിൽക്കുമ്പോൾ, വേറെയെന്തിനൊക്കെയോവേണ്ടി സംഘടിക്കുമ്പോൾ ആണ് അവരും, അവരോടൊപ്പം നിൽക്കുന്നവരും വീണുപോകുന്നത്. ക്രിസ്തുവിനോട് തോളോടുതോൾ ചേർന്ന് നിന്നിട്ട് മുപ്പതുവെള്ളിക്കാശിനെ കെട്ടിപ്പിടിക്കുന്നവരാകല്ലേ പ്രിയപ്പെട്ടവരേ നാം. നാം നല്ല ഭാഗം തിരഞ്ഞെടുക്കാതെ വരുമ്പോൾ പൊള്ളുന്നത് ക്രിസ്തുവിന്റെ നെഞ്ചകമാണ്!!

“(കോട്ടയത്തുള്ള) വടവാതൂർ സെമിനാരി. പ്രായമുള്ളൊരു അച്ചന്റെ പകൽ ബലി. ധൂപമാട്ടിയും, പാട്ടുപാടിയും, പ്രാർത്ഥനചൊല്ലിയും നാനൂറോളം ശെമ്മാച്ചന്മാർ. പെട്ടെന്ന് ഞെട്ടിപ്പിക്കുന്ന ഒരു ശബ്ദം. പാതിമയക്കത്തിലായിരുന്നവരൊക്കെ ഞെട്ടിയുണർന്നു. ആരോ വിളിച്ചുകൂവി, “പള്ളിയുടെ മുകളിലേക്ക് വിമാനം വീണതാ.” കേട്ട പാതി, കേൾക്കാത്ത പാതി പടവുകളിറങ്ങി താഴേക്കെത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. റിക്ടർ സ്കെയിലിൽ കൂടുതൽ അളവ് രേഖപ്പെടുത്തിയ ഭൂമികുലുക്കമായിരുന്നു. കിതപ്പൊന്നകന്നപ്പോൾ, തമാശകൾ പറഞ്ഞ് ചിരിച്ചു് പടവുകൾ കയറി ചാപ്പലിലെത്തിയപ്പോൾ അതിശയിപ്പിക്കുന്ന ഒരു കാഴ്ച്ച. ബലിയർപ്പിച്ചുകൊണ്ടിരുന്ന വൃദ്ധവൈദികൻ ബലിപീഠത്തിൽ കെട്ടിപ്പിടിച്ചു കിടക്കുന്നു. കുട്ടികൾ ചോദിച്ചു, “അച്ചനെന്തേ ഓടാതിരുന്നേ?” സൗമ്യമായ മറുപടി: “ഈ അൾത്താരയെ വിട്ടോടിയാൽ എവിടംവരെ ഓടാനാവും മക്കളേ?” ” (ഫാ. വിബിൻ ചൂതംപറമ്പലിന്റെ “ഞാൻ” എന്ന പുസ്തകത്തിൽ നിന്ന്)

അച്ചൻ നല്ല ഭാഗം തിരഞ്ഞെടുത്തു. ജീവിതത്തിന്റെ സാധാരണതകളിലും, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും ക്രിസ്തുവാണ് എന്റെ ഭാഗം, എന്റെ എല്ലാം എന്ന മട്ടിൽ ജീവിതം ഇന്ന് വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നു.

വിശുദ്ധ മദർ തെരേസ ജീവിതത്തിൽ എപ്പോഴും നല്ല ഭാഗം തിരഞ്ഞെടുത്തവളും, നല്ലഭാഗം തിരഞ്ഞെടുക്കാൻ സഹോദരിമാരെ പഠിപ്പിക്കുകയും ചെയ്തവളുമാണ്. ഒരിക്കൽ പ്രേഷിത പ്രവർത്തനങ്ങളുടെ കൂടുതൽകൊണ്ട് ആകുലപ്പെട്ട് ഒരു സിസ്റ്റർ മദറിനോട് പറഞ്ഞു: “അമ്മേ, ജനങ്ങൾക്കുവേണ്ടി ധാരാളം കാര്യങ്ങൾചെയ്യുവാൻ നമുക്കുണ്ട്. സമയമാണെങ്കിൽ തികയുന്നുമില്ല. അതിനാൽ എന്നുമുള്ള ആരാധനയുടെ സമയം നമുക്കൊന്ന് കുറച്ചാലോ?”അപ്പോൾ മദറിന്റെ മറുപടി ഇങ്ങനെയായിരുന്നു: “നാം എന്നും നടത്തുന്ന ആരാധന ഇന്ന് മുതൽ കൂടുതൽ സമയം ആക്കാം. കാരണം, ദൈവത്തെക്കൂടാതെ, അവിടുത്തെ ശക്തിയും ചൈതന്യവും ലഭിക്കാതെ എങ്ങനെയാണ് നമുക്ക് ജോലിചെയ്യുവാൻ കഴിയുക?” നല്ല ഭാഗത്തു നിന്നാലേ, ക്രിസ്തുവിനോടൊപ്പം നിന്നാലേ, മറ്റുള്ളവർക്ക് ക്രിസ്തുവിനെ നൽകുവാൻ കഴിയൂ.

കോളേജിൽ ക്രിസ്ത്യൻ മോട്ടിവേഷൻ ക്ലാസ്സിൽ (Christian Motivation Program) ഒരു പെൺകുട്ടി തന്റെ അനുഭവം പങ്കുവച്ചത് ഇങ്ങനെയാണ്: കോളേജിലെ സുഹൃത്തുക്കളോടൊപ്പമുള്ള ജീവിതം വളരെ ഹൃദ്യമായിരുന്നു. വളരെ ത്രില്ലോടെ മുന്നോട്ട് പോകുമ്പോഴാണ് കൂട്ടുകാരികൾ ഒരു മുസ്‌ലിം സുഹൃത്തിനെ എനിക്ക് പരിചയപ്പെടുത്തിത്തന്നത്. നല്ല ചെറുപ്പക്കാരനായിരുന്നു അവൻ. അവനും ഞങ്ങളുടെ ഗ്രൂപ്പിൽ കൂടി. കൂട്ടുകാരികൾ എന്നെയും അവനെയും ചേർത്ത് തമാശകൾ പറയാൻ തുടങ്ങി. ഒരിക്കൽ വളരെ സീരിയസ്സായി അവനുവേണ്ടി എന്റെ ഒരു കൂട്ടുകാരി എന്നോട് സംസാരിച്ചു. വിവാഹക്കാര്യമാണ്. ആദ്യം അല്പം ശങ്കിച്ചെങ്കിലും, എവിടെനിന്നോ കിട്ടിയ ധൈര്യം കൊണ്ട് ഞാൻ പറഞ്ഞു: “അവനെ എനിക്ക് ഇഷ്ടമാണ്. പക്ഷേ, എന്റെ ജീവിതപങ്കാളിയാകാനുള്ള യോഗ്യത അവനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ക്രിസ്തുവിനോടൊപ്പം, ക്രിസ്തുവിനുവേണ്ടി ജീവിക്കുന്ന ഒരാളോടൊപ്പം ജീവിതം പങ്കിടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.” എനിക്കറിയാം ഇത് പറയാൻ ധൈര്യം തന്നത് പരിശുദ്ധാത്മാവാണ്. അവൾ പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു. ഞാൻ പറഞ്ഞു: സൗമ്യ, നീ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. ഇത് നിന്നിൽ നിന്ന് എടുക്കപ്പെടുകയില്ല.

നല്ല ഭാഗം തിരഞ്ഞെടുക്കാൻ കഴിയാതെ പോകുന്നതാണ് നമ്മുടെയൊക്കെ ജീവിതത്തിലെ വലിയ സങ്കടം. പുരോഹിതനായ എന്റെ ജീവിതം എന്നുപറയുന്നത് ഒരു പാതിയിൽ പവിത്രമായ പുരോഹിത വിചാരങ്ങളുടെ സങ്കീർത്തനം! മറുപാതിയിലാകട്ടെ പ്രലോഭനങ്ങളുടെ പ്രഹേളിക! ഏതു ഭാഗം ഞാൻ തിരഞ്ഞെടുക്കും? ഈശോയെ, നല്ല ഭാഗം എപ്പോഴും തിരഞ്ഞെടുക്കുവാൻ അനുഗ്രഹിക്കണമേ. നിങ്ങളുടെയൊക്കെ ജീവിതത്തിലും ഈ യുദ്ധം ഉണ്ടെന്ന് എനിക്കറിയാം. സ്നേഹമുള്ളവരേ, നല്ല ഭാഗം എപ്പോഴും തിരഞ്ഞെടുക്കുവാൻ, അതുവഴി എപ്പോഴും ദൈവകൃപയിൽ ജീവിക്കുവാൻ നമുക്ക് സാധിക്കട്ടെ. ആരെയും നഷ്ടപ്പെടുത്താതെ അരികിൽ ചേർത്തുനിർത്തുന്ന ക്രിസ്തുവിനെ, ക്രിസ്തുവിന്റെ വിശുദ്ധ കുർബാനയെ കെട്ടിപ്പിടിച്ചുകൊണ്ടാകട്ടെ നമ്മുടെ ജീവിതയാത്ര! ആമേൻ!