SUNDAY SERMON JN 6, 16-24

കൈത്താക്കാലം ആറാം ഞായർ

ഉത്പത്തി 8, 1-11

ഉത്തമഗീതം 6, 1-4

വെളിപാട് 21, 9-14

യോഹന്നാൻ 6, 16 -24

അലകളൊടുങ്ങാത്ത കടൽപോലെയാണ് ഇന്നത്തെ ലോകം. ക്ഷോഭിക്കുന്ന കടൽപോലെയുള്ള   അവസ്ഥകളെ ഓർക്കുമ്പോൾ ആദ്യംതന്നെ ഓർമയിലേക്കോടിയെത്തുന്നത് വിഴിഞ്ഞം തുറമുഖവികസനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന നമ്മുടെ സഹോദരങ്ങളെയാണ്. മനുഷ്യന്റെ ആക്രാന്തവും അഹന്തയുംമൂലം വീട് നഷ്ടപ്പെടുന്ന ധാരാളം കുടുംബങ്ങളിന്ന് സമരമുഖത്താണ്. അവരുടെ ജീവിതത്തിന്റെ താളം തെറ്റിയിരിക്കുകയാണ്. ലഹരിയുടെ, മദ്യത്തിന്റെ, പബ് പ്രോഗ്രാമുകളുടെ  തിരമാലകളടിച്ചു് താളം തെറ്റുന്ന യുവജനങ്ങളും, സ്കൂൾ കുട്ടികളും അവരുടെ ജീവിതമാകുന്ന വള്ളം കരയ്ക്കടുപ്പിക്കുവാൻ പാടുപെടുകയാണ്. രാജ്യങ്ങളും, രാഷ്ട്രീയ, സാമൂഹ്യ സംവിധാനങ്ങളും യുദ്ധത്തിന്റെ, വർഗീയതയുടെ, തീവ്രവാദത്തിന്റെ തിരമാലകളിൽ ആടിയുലയുന്ന ചിത്രങ്ങൾ നമ്മെ പേടിപ്പെടുത്തുന്നുണ്ട്. മതങ്ങൾപോലും ഇന്ന് വിഭജനത്തിന്റെ, അടിമത്വത്തിന്റെ, ബിസിനസ്സ് രീതികളുടെ തിരമാലകളിൽ താളം തെറ്റി ലക്ഷ്യമില്ലാതെ നീങ്ങുകയാണ്. ഈ തിരമാലകൾക്കെല്ലാം മുകളിലൂടെ മനുഷ്യ ജീവിതങ്ങളെ ശാന്തമാക്കുവാൻ ക്രിസ്തു നടന്നുവരുന്നുണ്ട് എന്ന വലിയ സന്ദേശമാണ് ഇന്നത്തെ സുവിശേഷം. ആ ക്രിസ്തുവിനെ മകളേ, മകനേ നിന്റെ ആടിയുലയുന്ന നിന്റെ ജീവിതമാകുന്ന വള്ളത്തിൽ കയറ്റാൻ നീ ആഗ്രഹിക്കുക എന്ന അപേക്ഷയുമായിട്ടാണ് തിരുസ്സഭ ഈ സുവിശേഷഭാഗം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

വിശുദ്ധ മത്തായിയുടെയും (മത്താ 14, 22-27), വിശുദ്ധ മാർക്കോസിന്റെയും (മാർക്കോ 6, 45-52) സുവിശേഷങ്ങളിൽ ഈശോ വെള്ളത്തിനുമീതെ നടക്കുന്ന സംഭവം അവതരിപ്പിക്കുന്നുണ്ടെങ്കിലും, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈ സംഭവത്തിന്റെ വിവരണത്തിന് വളരെ പ്രത്യേകതയുണ്ട്. ഈശോയുടെ ദൈവത്വം വെളിപ്പെടുത്തുന്ന, ആ ദൈവത്തെ ജീവിതത്തിൽ സ്വീകരിക്കുവാൻ ആഹ്വാനംചെയ്യുന്ന മനോഹരമായ ഒരു അവസരമായിട്ടാണ് വിശുദ്ധ യോഹന്നാൻ ഈ സംഭവത്തെ കാണുന്നത്.

ഈശോയുടെ യാത്രയുടെ ഗതി ഒന്ന് പരിശോധിച്ചാൽ അവിടുത്തെ പ്രവർത്തനങ്ങളുടെ സ്വഭാവം ഒന്ന് മനസ്സിലാക്കിയാൽ എത്ര തിരക്കേറിയ ജീവിതമാണ് ഈശോ നയിച്ചിരുന്നത് എന്ന് അല്പം അത്ഭുതഹത്തൂടെ തന്നെ നാം ചോദിച്ചുപോകും!! വിശുദ്ധ യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായത്തിന്റെ അവസാനം ഈശോയെ നാം കാണുന്നത് ഗലീലിയയിൽ ആണ്. അഞ്ചാം അദ്ധ്യായത്തിലാകട്ടെ ഈശോ ജെറുസലേമിലാണ്. ആറാം അദ്ധ്യായത്തിൽ ഈശോ വീണ്ടും ഗലീലിയയിലേക്ക് വരികയാണ്. അവിടെ വളരെ തിരക്കേറിയ പ്രവർത്തനങ്ങളുമായി ഈശോ ജനങ്ങളുടെ ഇടയിലായിരുന്നു ദിവസം മുഴുവനും. ആറാം അദ്ധ്യായത്തിൽ രണ്ട് വലിയ അത്ഭുതങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒന്നാമത്തേത് അയ്യായിരങ്ങളെ തീറ്റിപ്പോറ്റുന്നതാണ്. രണ്ടാമത്തേതാകട്ടെ, ഇന്നത്തെ നമ്മുടെ സുവിശേഷഭാഗത്തിലെ ഈശോ കടലിന് മീതെ നടക്കുന്നതും.

അഞ്ചപ്പംകൊണ്ട് അയ്യായിരങ്ങളെ തൃപ്തരാക്കിയ സംഭവത്തിനുശേഷം, വൈകുന്നേരമായപ്പോൾ, ശിഷ്യന്മാർ തടാകം കടന്ന് കഫെർണാമിലേക്ക് വഞ്ചിയിൽ യാത്ര തിരിക്കുന്നതാണ് ഇന്നത്തെ സുവിശേഷത്തിന്റെ സന്ദർഭം. “അപ്പോൾ നേരം ഇരുട്ടിത്തുടങ്ങി” എന്ന വചനം സ്വാഭാവികമായ ഒരു വിവരണമായി എടുക്കാമെങ്കിലും, ആ വചനത്തിന്റെ രണ്ടാമത്തെ ഭാഗം, ‘ഇരുട്ടിത്തുടങ്ങി’ എന്ന വിശേഷണത്തിന് പ്രത്യേക അർഥം നൽകുന്നുണ്ട്. എന്താണ് രണ്ടാമത്തെ ഭാഗത്ത് പറഞ്ഞിരിക്കുന്നത്? “യേശു അവരുടെ അടുത്ത് എത്തിയിരുന്നുമില്ല.” ഈശോയെ ലോകത്തിന്റെ പ്രകാശമായി അവതരിപ്പിക്കുവാൻ പ്രത്യേക ശ്രദ്ധ കാണിക്കുന്ന വിശുദ്ധ യോഹന്നാൻ, “യേശു അവരുടെ അടുത്ത് എത്തിയിരുന്നുമില്ല” എന്ന് പറയുമ്പോൾ സൂചിപ്പിക്കുന്നത് പ്രകാശമായ ഈശോ അവരുടെകൂടെ ഇല്ലാതിരുന്നതുകൊണ്ട് അവരുടെ ജീവിതങ്ങൾ, ജീവിതസാഹചര്യങ്ങൾ ഇരുട്ടിലായി തുടങ്ങി എന്നാണ്. മറ്റൊരുവാക്കിൽ, ഈശോയുടെ absence നമ്മുടെ ജീവിതത്തെ, ജീവിതവഴികളെ ഇരുട്ടിലാക്കും എന്നൊരു സൂചന പ്രതീകാത്മകാർത്ഥത്തിൽ വിശുദ്ധ യോഹന്നാൻ നമുക്ക് തരുന്നുണ്ട്.

പിന്നീടുള്ള വിവരണം “യേശു അവരുടെ അടുക്കലുണ്ടായിരുന്നില്ല” എന്ന സൂചനയുടെ പരിണതഫലങ്ങളായി നാം എടുക്കുകയാണെങ്കിൽ ഈ സുവിശേഷഭാഗത്തിന്റെ ഭംഗി വർധിക്കും. കാരണം, കാറ്റടിക്കുന്നതും, ഗലീലി കടൽ ക്ഷോഭിക്കുന്നതും വളരെ സാധാരണമായ ഒരു പ്രതിഭാസമായിട്ടാണ് അവിടെയുള്ള മനുഷ്യർ കണ്ടിരുന്നത്. ആ തടാകത്തിന്റെ, കടലിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത അറിയാമായിരുന്ന ശിഷ്യർ, കാറ്റിനനുസരിച്ചു് തണ്ടു വലിക്കാനും, വഞ്ചിയെ നിയന്ത്രിക്കാനും സമർത്ഥരായിരുന്നു.

നാലുവശവും മലകളാൽ ചുറ്റപ്പെട്ട, സമുദ്രനിരപ്പിൽനിന്ന് 700 അടി താഴെ സ്ഥിതിചെയ്യുന്ന ഈ തടാകത്തിൽ മലയിൽ നിന്ന് വീശുന്ന കാറ്റ് ചുഴലിയായി രൂപാന്തരപ്പെട്ട് കടൽക്ഷോഭം ഉണ്ടാക്കുക സാധാരണമായിരുന്നു. മാത്രമല്ല, ഈ ക്ഷോഭിക്കുന്ന കടൽ ശാന്തമാകുവാൻ അധികം സമയം വേണ്ടെന്നതും നാം അറിഞ്ഞിരിക്കണം. അതുകൊണ്ടായിരിക്കണം ശിഷ്യന്മാർ കടൽക്ഷോഭംകണ്ട് ഭയപ്പെടാതിരുന്നത്.

ഇരുപത്തഞ്ചോ, മുപ്പതോ സ്താദിയോൺ ദൂരം ശിഷ്യന്മാർ തുഴഞ്ഞപ്പോഴാണ് അവരെ വല്ലാതെ ഭയപ്പെടുത്തിയ സംഭവം ഉണ്ടാകുന്നത്. ഒരു സ്താദിയോൺ എന്നത് 600 അടി, 180 മീറ്റർ ദൂരമാണ്. അതായത് ഏകദേശം 15000-18000 അടി, 3.5 മൈലുകൾ, 5.5 കിലോമീറ്റർ അവർ തുഴഞ്ഞുകാണും. തിബേരിയസ് കടലിന്റെ വീതി അതിന്റെ ഏറ്റവും വീതികൂടിയ ഭാഗത്ത്, കിഴക്കുനിന്നും പടിഞ്ഞാറ് 13 കിലോമീറ്ററാണ്. വടക്ക്- തെക്ക് അതിന്റെ നീളം 21 കിലോമീറ്ററാണ്. ശിഷ്യന്മാർ തുഴഞ്ഞ് കടലിന്റെ നടുക്ക് എത്തികാണണം. വളരെ പരിചിതരായ മുക്കുവന്മാരുള്ള ആ സംഘത്തിന് ആ യാത്രയിൽ ക്ഷോഭിച്ച കടൽ താണ്ടാമെന്ന് ഉറപ്പായിരുന്നു.

പക്ഷേ, അവരെ ഭയപ്പെടുത്തിയത്, ആശ്ചര്യഭരിതരാക്കിയത് ക്രിസ്തു കടലിനുമീതെ, ക്ഷോഭിതയായ കടൽത്തിരകൾക്കുമീതെ നടന്നുവരുന്നതാണ്. അതവർ ഒരിക്കലും കണ്ടിട്ടില്ല, അതവർ ഈശോയിൽ നിന്ന് പ്രതീക്ഷിച്ചില്ല. തങ്ങളുടെ ജീവിതത്തിന്റെ താളം നഷ്ടപ്പെടുത്തുന്ന തിരകൾക്കും മീതെ അധികാരമുള്ളവനാണ് ക്രിസ്തുവെന്ന് അവർ അതുവരെ അറിഞ്ഞിരുന്നില്ല.  തങ്ങളുടെ ജീവിതത്തെ ഭാരപ്പെടുത്തുന്നവയെ വളരെ നിസ്സരമായി കാണുന്ന, അതിനു മീതെ പരവതാനിയിൽ എന്നപോലെ നടക്കുന്ന ഈശോയെ വിസ്മയം നിറഞ്ഞ ഭയത്തോടെയാണവർ കണ്ടത്. പ്രപഞ്ച ശക്തികൾക്കും മീതെ നിൽക്കുന്ന ദൈവമാണ് തങ്ങളോടൊപ്പം, ഭക്ഷിക്കുന്ന, തങ്ങളോടൊപ്പം നടക്കുന്ന ക്രിസ്തു എന്ന് അവർക്കറിയാൻ കഴിഞ്ഞിരുന്നില്ല.

അവരുടെ ആശ്ചര്യം നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ, ഭയം നിറഞ്ഞ മനസ്സ് കണ്ടപ്പോൾ ഈശോ പറയുന്നത് വലിയ വെളിപാടാണ്. “ഞാനാണ് ഭയപ്പെടേണ്ട.” ഇവിടെ ഞാൻ എന്നത് ആശാരിചെറുക്കനായ ഈശോ എന്നല്ല വിവക്ഷ. ഇവിടെ ഞാൻ എന്നത് ജനങ്ങളോടൊപ്പം നടക്കുന്ന, ചുങ്കക്കാരുടെയും, പാപികളുടെയും സുഹൃത്തായ ഈശോ എന്നല്ല. ഇവിടെ ഞാൻ എന്നത് ദൈവത്തിന്റെ പേരാണ്. ഗ്രീക്ക് ഭാഷയിലെ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ Ego eimi എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.  അതിന്റെ അർഥം I AM എന്നാണ്. I AM -ഇതെവിടെയോ നിങ്ങൾ കേട്ടിട്ടില്ലേ? തീർച്ചയായും കേട്ടുകാണും. പഴയനിയമത്തിലെ ദൈവത്തിന്റെ പേരാണത്. Ego eimi is the first person singular present active indicative of the verb “to be” in ancient Greek -I AM. ഈ Ego eimi വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പലയിടത്തും ഉപയോഗിക്കുന്നുണ്ട്. ego eimi the bread of life” (6:35) —”ego eimi the light of the world” (8:12)—”ego eimi the good shepherd” (10:11)—etc.  

ഞാനിത്രയും പറഞ്ഞത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈ സംഭവത്തിന്റെ വിവരണത്തിന് സാധാരണ അർത്ഥത്തെക്കാൾ ആഴമുണ്ട്, വ്യാപ്തിയുണ്ട് എന്ന് മനസ്സിലാക്കിത്തരുവാനാണ്. ക്രിസ്തുവിനെ ഒരു സാധാരണ മനുഷ്യനായി കാണുന്ന പ്രവണത ഇന്ന് പരക്കെയുണ്ട്. ലോകത്തിലെ മറ്റ് മഹാന്മാരെപ്പോലെ ഒരു മഹാത്മാവ്, അല്ലെങ്കിൽ, മറ്റ് രാഷ്ട്രീയ, സാമൂഹ്യ നേതാക്കന്മാരെപ്പോലെ ഒരു നേതാവ് എന്നൊക്കെ ഈശോയുടെ ദൈവത്വത്തെ അവഗണിച്ചുകൊണ്ട് ഒരു അമിത ലളിതവത്ക്കരണം (Over simplification) നടക്കുന്നുണ്ട്. ഇത് ക്രിസ്തുവിനെയും, ക്രിസ്തുവിലുള്ള വിശ്വാസത്തെയും, ക്രൈസ്തവസഭയെയും തകർക്കാനുള്ള ഒരു പദ്ധതിയാണ്. ക്രിസ്തു വെറുമൊരു ജനകീയ നേതാവല്ല; ക്രിസ്തു ഒരു വിപ്ലവകാരി മാത്രമോ, സാമൂഹ്യപരിഷ്കർത്താവ് മാത്രമോ അല്ല. അവിടുന്ന് ദൈവമാണ്. അവിടുന്ന് നിന്റെ ജീവിതത്തെ ശാന്തമാക്കാൻ കഴിയുന്ന, നിന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന പ്രശ്നങ്ങൾക്കുമേൽ, ദുരന്തങ്ങൾക്കുമേൽ അധികാരമുള്ള ദൈവമാണ്. നിന്റെ ജീവിതത്തിലെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ക്രിസ്തു. നിന്റെ രോഗങ്ങൾക്ക് സൗഖ്യമാണ് ക്രിസ്തു; നിന്റെ ഇല്ലായ്മകളിൽ സമൃദ്ധിയാണ് ക്രിസ്തു. നിന്റെ മാനുഷികതയിൽ നിറഞ്ഞു നിൽക്കുന്ന നിന്റെ ദൈവമാണ് ക്രിസ്തു. ക്രിസ്തു നിന്റെ ദൈവമാകുന്നില്ലെങ്കിൽ നീ ആഗ്രഹിക്കുന്ന കരയിൽ നിന്റെ ജീവിതമാകുന്ന വള്ളം അടുക്കുകയില്ല. ക്രിസ്തു നിന്റെ ദൈവമാകുന്നില്ലെങ്കിൽ, നിന്റെ ലക്ഷ്യത്തിലേക്കുള്ള അകലം വർധിക്കും, ലക്‌ഷ്യം നേടുവാൻ നിനക്ക് സാധിക്കുകയില്ല.

സ്നേഹമുള്ളവരേ, ക്രിസ്തുവിനെ ദൈവമായി സ്വീകരിക്കുക. നിന്റെ ജീവിതമാകുന്ന, കുടുംബമാകുന്ന വള്ളം തീരത്തെത്തുവാൻ ഏറ്റവും നല്ല മാർഗ്ഗമാണത്. നിന്റെ ജീവിതത്തിന്റെ സാധാരണ തിരമാലകളിൽപെട്ട് മുന്നോട്ട് പോകാൻ നീ ബുദ്ധിമുട്ടുമ്പോൾ, പ്രശ്നങ്ങളുടെ നടുക്കടലിൽ കിടന്ന് തണ്ടുവലിക്കുമ്പോൾ, ക്രിസ്തു നിന്റെ പ്രശ്നങ്ങളുടെ മുകളിലൂടെ തന്നെ നിന്റെ അടുക്കലെത്തും. അപ്പോൾ, നീയും നിന്റെ കുടുംബത്തിലുള്ളവരും ലക്‌ഷ്യം വച്ചിരിക്കുന്ന കര ഏതുമാകട്ടെ – ഒരു ജോലി, OET, IELTS പരീക്ഷകളിൽ വിജയം, ഒരു വീട്, രോഗസൗഖ്യം, കടബാധ്യത ഇല്ലാതാകൽ, വഴക്കുകൾ ഇല്ലാതാകൽ – ആ കരയ്‌ക്കെത്തുവാൻ ക്രിസ്തുവിനെ നിന്റെ ജീവിതമാകുന്ന, കുടുംബമാകുന്ന വെള്ളത്തിലേക്ക് കയറ്റാൻ ആഗ്രഹിക്കുക.

നാളെ നിന്റെ ജീവിതത്തിൽ, കുടുംബത്തിൽ സമാധാനമുണ്ടാകുമ്പോൾ, പ്രതീക്ഷയുണ്ടാകുമ്പോൾ, സമൃദ്ധിയുണ്ടാകുമ്പോൾ, നിന്നെ നേരത്തെ അറിഞ്ഞിരുന്ന ജനങ്ങൾ പറയും, ദേ, ഇത്രയും നാൾ അവൻ പള്ളിയിൽ പോയിരുന്നില്ല, കുടുംബപ്രാർത്ഥനയിൽ വീട്ടിൽ ചെന്നിരുന്നില്ല, ബൈബിൾ വായിച്ചിരുന്നില്ല. അതെല്ലാം മാറി, ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ, ഇതാ, അവന്റെ ജീവിതം മാറിമറഞ്ഞിരിക്കുന്നു. ഈശോയെ വള്ളത്തിൽ കയറ്റാൻ ആഗ്രഹിച്ച നിമിഷത്തിൽ തന്നെ ശിഷ്യന്മാർ കരയ്ക്കടുത്തതുപോലെ, ഈശോയെ നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കുവാൻ, ഈശോയെ നമ്മുടെ കുടുംബത്തിന്റെ നാഥനായി സ്വീകരിക്കുവാൻ ആഗ്രഹിക്കുന്ന നിമിഷത്തിൽ തന്നെ നമ്മുടെ ജീവിതമാകുന്ന വള്ളം, കുടുംബമാകുന്ന വള്ളം രക്ഷയുടെ, അനുഗ്രഹത്തിന്റെ കരയെ തൊടും. അത് മറ്റുള്ളവർ മനസ്സിലാക്കുകയും ചെയ്യും.

അപ്പസ്തോലപ്രവർത്തനങ്ങൾ അദ്ധ്യായം 16, 25 മുതൽ 34 വരെയുള്ള വാക്യങ്ങളിൽ വിവരിക്കുന്ന സംഭവം ഇന്നത്തെ സുവിശേഷ ചിന്തയോട് ചേർന്ന് പോകുന്നതാണ്. ഇവിടെ ക്ഷോഭിതമായ, പെട്ടെന്നുണ്ടായ തിരമാലകളാൽ ആടിയുലയുന്ന ഒരു ജീവിതം നമ്മൾ കാണുന്നുണ്ട്. ആരാണയാൾ? പൗലോസിനെയും, ശീലാസിനേയും കാരാഗൃഹത്തിൽ അടച്ച ആ രാത്രി കാവൽ നില്ക്കാൻ വിധിക്കപ്പെട്ട ഒരു പാവം പട്ടാളക്കാരൻ! പെട്ടെന്നാണ് അയാളുടെ ജീവിതം കീഴ്മേൽ മറഞ്ഞത്. അയാൾ ഉണർന്നപ്പോൾ കാരാഗൃഹവാതിലുകൾ തുറന്നു കിടക്കുന്നത് കണ്ടപ്പോൾ തന്റെ ജീവിതം, ജോലി എല്ലാം തകർന്നെന്ന് ചിന്തിച്ച അയാൾ ആത്മഹത്യയ്ക്ക് ഒരുങ്ങുകയാണ്. ഒരു വ്യക്തി ആത്മഹത്യയ്ക്ക് തയ്യാറാകണമെങ്കിൽ അയാളുടെ ജീവിതം എന്തുമാത്രം തകർന്നിരിക്കണം പ്രിയപ്പെട്ടവരേ? ആത്മഹത്യയ്ക്ക് ഒരുങ്ങിയ അയാളോട് പൗലോസ് വിളിച്ചുപറയുകയാണ്, സുഹൃത്തേ, സാഹസം കാണിക്കരുത്. നിന്റെ താളം തെറ്റിയ ജീവിതത്തിൽ ക്രിസ്തു നിൽക്കുന്നത് കാണുക. “കർത്താവായ യേശുവിൽ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.” (31)

സ്നേഹമുള്ളവരേ, നമുക്കെല്ലാവർക്കും, വളരെ ആശ്വാസം നൽകുന്ന, പ്രതീക്ഷ നൽകുന്ന സുവിശേഷഭാഗമാണ് ഇന്നത്തേത്. കാറ്റുംകോളും നിറഞ്ഞ കടൽ ക്ഷോഭിക്കുന്നതുപോലെ നമ്മുടെ ജീവിത സാഹചര്യങ്ങൾ ക്ഷോഭിക്കുമ്പോൾ , നമ്മുടെ ജീവിതമാകുന്ന വള്ളം സുരക്ഷിതമായി കരയ്ക്കടുക്കണമെങ്കിൽ ക്രിസ്തുവിനെ ദൈവമായി സ്വീകരിക്കുക. സ്വീകരിക്കേണ്ട, നിന്റെ ജീവിതമാകുന്ന വള്ളത്തിൽ കയറ്റാൻ നീ ആഗ്രഹിച്ചാലും മതി.

ഇന്നത്തെ വിശുദ്ധ കുർബാനയിൽ നമ്മുടെ ആടിയുലയുന്ന ജീവിതങ്ങളെ സമർപ്പിക്കാം. തീർച്ചയായും, വിശുദ്ധ കുർബാനയിലെ ഈശോ നമ്മുടെ ജീവിതത്തെ ലക്ഷ്യത്തിലെത്തിക്കും. കാരണം അവിടുന്ന് നമ്മുടെ ദൈവമാണ്. ആമേൻ!