ഏലിയാ സ്ലീവാ മൂശേക്കാലം രണ്ടാം ഞായർ
സംഖ്യ 21, 1-9
സഖറിയാ 10, 8-12
ഗലാ 6, 11-18
മത്തായി 10, 34-42

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ രണ്ടാം ഞായറാഴ്ച, മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണെന്ന് തോന്നുന്ന ഒരു സുവിശേഷഭാഗമാണ് നമുക്ക് പരിചിന്തനത്തിനായി തിരുസ്സഭ നൽകിയിരിക്കുന്നത്. ഈ സുവിശേഷഭാഗത്തെ തെറ്റായി മനസ്സിലാക്കി, ക്രിസ്തുവിനെ, അവിടുത്തെ സന്ദേശത്തെ വികലമായി അവതരിപ്പിക്കുന്ന ക്രൈസ്തവരും, അക്രൈസ്തവരുമായ പണ്ഡിതന്മാരുള്ളപ്പോൾ ഈ സുവിശേഷ ഭാഗത്തെ ശരിയായി മനസ്സിലാക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഈയിടെ Whats App ൽ കണ്ട ഒരു മുസ്ലിം പണ്ഡിതന്റെ പ്രസംഗം അത്തരത്തിലുള്ള ഒന്നായിരുന്നു. അദ്ദേഹം സമർത്ഥിക്കാൻ ശ്രമിച്ചത്, സമാധാനരാജാവായി ക്രൈസ്തവർ വാഴ്ത്തുന്ന ക്രിസ്തു ഭിന്നത കൊണ്ടുവരുന്നവനാണ്, വാളിനെക്കുറിച്ചു് സംസാരിക്കുന്നവനാണ്, അക്രമം പ്രോത്സാഹിപ്പിക്കുന്നവനാണ് എന്നൊക്കെയാണ്. കേൾവിക്കാരായ മുസ്ലിം സഹോദരങ്ങൾ അദ്ദേഹത്തെ കൈയ്യടിച്ചു് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ‘അത് ശരിയാണല്ലോ’യെന്ന് തലകുലുക്കി സമ്മതിക്കുന്ന ക്രൈസ്തവരുമുണ്ട്. അതുകൊണ്ട്, ക്രിസ്തു ആരെന്നും, ക്രിസ്തുവിന്റെ സന്ദേശത്തിന്റെ പ്രത്യേകതയെന്തെന്നും, ഒരു വ്യക്തി തന്റെ ജീവിതത്തിൽ ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ എന്താണ് സംഭവിക്കുകയെന്നും അറിയുകയാണ് ഇന്നത്തെ നമ്മുടെ വിചിന്തനത്തിന്റെ ലക്‌ഷ്യം.
വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 10 ആരംഭിക്കുന്നത്, ഈശോ അപ്പസ്തോലന്മാരെ തിരഞ്ഞെടുത്ത് അയയ്ക്കുന്ന ഭാഗത്തോടെയാണ്. ധാരാളം ശിഷ്യരുണ്ടായിരുന്നു എങ്കിലും പന്ത്രണ്ട് പേരെ തന്റെ Core Group ആയി തിരഞ്ഞെടുക്കുകയാണ് ഈശോ. അവരെ തന്റെ ശിഷ്യരായി, പ്രേഷിതരായി അയയ്ക്കുമ്പോൾ അവർക്കായി ഈശോ ഒരുക്കുന്ന ഒരു ജീവിതശൈലിയുണ്ട്. അവരുടെ target നിയമജ്ഞരോ, ഫരിസേയരോ, പ്രഭുക്കന്മാരോ അല്ല, നഷ്ടപ്പെട്ട ആടുകളാണ്. അവരുടെ package ൽ ഉള്ള ഓഫറുകൾ ആകർഷകമാണ്. അവർ സ്വർഗ്ഗരാജ്യത്തെക്കുറിച്ചു് പറയും; രോഗികളെ സുഖപ്പെടുത്തും. മരിച്ചവരെ ഉയിർപ്പിക്കും; കുഷ്ഠരോഗികളെ ശുദ്ധരാക്കും; പിശാചുക്കളെ ബഹിഷ്കരിക്കും. അവരുടെ ജീവിതശൈലിയും പ്രത്യേകതയുള്ളതാണ്. അരപ്പട്ടയിൽ സ്വർണം, വെള്ളി, ചെമ്പ് തുടങ്ങിയവ ഉണ്ടാകാൻ പാടില്ല. യാത്രയ്ക്ക് സഞ്ചിയോ, രണ്ട് ഉടുപ്പുകളോ, ചെരിപ്പോ, വടിയോ കൊണ്ടുപോകരുത്. ലോകത്തിന്റെ ക്രമങ്ങൾക്കനുസരിച്ചുള്ള ഒരു ജീവിതശൈലിയല്ല ഈശോ ശിഷ്യർക്കായി രൂപപ്പെടുത്തിയതും, അവർക്ക് നൽകിയതും. ഇങ്ങനെയുള്ള ജീവിതശൈലിയുമായി, ക്രിസ്തുവിന്റെ സന്ദേശവുമായി അവർ പോകുമ്പോൾ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ എന്തെല്ലാമെന്നും ഈശോ പറയുന്നുണ്ട്. 1. ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെന്നപോലെയാണ് ഈശോ അവരെ അയയ്ക്കുന്നത്. ചെമ്മരിയാടുകളും, ചെന്നായ്ക്കളും. 2. ശിഷ്യരെ സ്വീകരിക്കുന്നവരും, സ്വീകരിക്കാത്തവരും. 3. ശിഷ്യർ അറസ്റ്റു ചെയ്യപ്പെടും. 4. ശിഷ്യർ മർദ്ദിക്കപ്പെടും. 5. ശിഷ്യരെ കൊല്ലും.
സ്നേഹമുള്ളവരേ, ഇത്രയും പറഞ്ഞ ശേഷമാണ് ഈശോ പറയുന്നത് എന്റെ വരവ് ഞാനിപ്പോൾ പറഞ്ഞ കാര്യങ്ങൾകൊണ്ടുതന്നെ സമാധാനത്തിന്റെ ഒരവസ്ഥയായിരിക്കില്ല സൃഷ്ടിക്കുക; സമാധാനമല്ല, വാളാണ്, ഭിന്നതയാണ് സംഭവിക്കുക. കാരണം, ഈശോയുടെ സന്ദേശവുമായി പോകുന്നവർ, ഈശോയുടെ ജീവിതശൈലിയുമായി ഈ ഭൂമിയിൽ ജീവിക്കുന്നവർ മറ്റുള്ളവരാൽ, അത്തരം ജീവിതശൈലി ഇഷ്ടപ്പെടാത്തവരാൽ സ്വീകൃതരാകുകയില്ല. അത് സമൂഹത്തിലാകട്ടെ, കുടുംബത്തിലാകട്ടെ അങ്ങനെത്തന്നെയായിരിക്കും. അപ്പോൾ രൂപപ്പെടുന്ന അവസ്ഥ ഈശോ മുന്കൂട്ടിക്കണ്ടുകൊണ്ട് നമ്മെ ഒരുക്കുകയാണ് ഈ സുവിശേഷഭാഗത്തിലൂടെ.
ഈ സുവിശേഷഭാഗത്തെ ശരിയായി മനസ്സിലാക്കാത്തവർ പറയുന്നപോലെ ഈശോ അക്രമത്തിന്റെ, വിഭജനത്തിന്റെ വാളുമായി വന്നവനല്ല. അവിടുന്ന് സമാധാനമാണ്, ശത്രുവിനെപ്പോലും സ്നേഹിക്കുന്ന മനോഭാവമാണ്, ഐക്യമാണ് ദൈവരാജ്യത്തിന്റെ സുവിശേഷമാണ് പ്രഘോഷിച്ചത്. ക്രിസ്തുവിന്റെ കാലം മുതലേ, ക്രിസ്തുവിന്റെ സുവിശേഷം സ്വീകരിക്കുന്നവരും,സ്വീകരിക്കാത്തവരും ഉണ്ടായിരുന്നു. ക്രിസ്തു പ്രഘോഷിച്ചത് സ്നേഹമായിരുന്നെങ്കിലും,ക്രിസ്തു പ്രവർത്തിച്ചത് നന്മയായിരുന്നെങ്കിലും, ക്രിസ്തു ചെയ്തത് അത്ഭുതങ്ങളായിരുന്നെങ്കിലും അതെല്ലാം സൃഷ്ടിച്ചത് ഭിന്നതയായിരുന്നു. കാരണം, ക്രിസ്തുവിന്റെ സ്നേഹം, സമാധാനം, സൗഖ്യം, നന്മ മനസ്സിലാക്കുവാൻ കഴിയാഞ്ഞവർ ക്രിസ്തുവിനെതിരെ തിരിഞ്ഞു; ആ ഭിന്നത ക്രിസ്തുവിനെ ഇല്ലാതാക്കുന്നതുവരെ നീണ്ടുനിന്നു. തീർന്നില്ല, ക്രിസ്തു ജീവിക്കുന്നു എന്നറിഞ്ഞ രാജാക്കന്മാർ മതമർദ്ദനം അഴിച്ചുവിട്ടു. ഭയാനകമായ അവസ്ഥകളിലൂടെ ക്രിസ്ത്യാനികൾ കടന്നുപോയി! നിർഭാഗ്യവശാൽ അത് ഇന്നും തുടരുന്നു…!
ഇത് ക്രിസ്തുവിന്റെ സന്ദേശത്തിന്റെ പ്രശ്നമല്ല; ക്രിസ്തു രൂപപ്പെടുത്തിയ ജീവിതശൈലിയുടെ പ്രശ്നമല്ല. അതിന്റെ നന്മയെ, വിശുദ്ധിയെ സ്വീകരിക്കുവാൻ മനുഷ്യൻ തയ്യാറാകാത്തതിന്റെ പ്രശ്നമാണ്. ഇന്നും ലോകത്തിന്റെ പലഭാഗങ്ങളിലും, എന്തിന് ഇന്ത്യയുടെ പലഭാഗങ്ങളിലും, നാം ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ക്രിസ്തുവിന്റെ സമാധാനം സ്വീകരിക്കുവാൻ അവർ മനുഷ്യൻ തയ്യാറാകുന്നില്ല; ക്രിസ്തുവിന്റെ നന്മ പ്രഘോഷിക്കുന്നവരെ അവർ ശത്രുക്കളായിക്കാണുന്നു.
ക്രിസ്തുവിനെ സ്വീകരിക്കുന്നവർ, ക്രിസ്തുവിനായി സമർപ്പിതരാകുന്നവർ ഒരിക്കലും വിഭജനത്തിന്റെ, അനൈക്യത്തിന്റെ, അശാന്തിയുടെ വ്യക്തികൾ ആകില്ല; ആകാൻ കഴിയില്ല. ക്രിസ്തുവിന്റെ സമാധാനത്തിന്റെ സുവിശേഷം സ്വീകരിക്കാത്തവർ, ക്രിസ്തുസന്ദേശത്തിന്റെ എതിരാളികളായിമാറുന്നു; അത് വിഭജനത്തിന്റെ, അനൈക്യത്തിന്റെ വാൾ ആയിമാറുന്നു. ക്രിസ്തുവിന്റെ സന്ദേശമാണ്, അതിനോടുള്ള എതിർപ്പാണ് വാൾ ആയി മാറുന്നത്.
സാമൂഹ്യ, സമ്പർക്ക മാധ്യമങ്ങളിൽ വിപുലമായി ഉപയോഗിക്കുന്ന ഒരു tool ആണ് Blootooth. രണ്ട് Devices അടുത്തുവരുമ്പോൾ, Blootooth ഓൺ ചെയ്യുമ്പോൾ, പരസ്പരം സ്വീകരിക്കുമ്പോൾ, paired ആകുമ്പോൾ communication നടക്കും. പരസ്പരം സ്വീകരിക്കുന്നില്ലെങ്കിൽ communicaiton നടക്കില്ല. എവിടെനിന്നാണ് ഈ

Blootooth എന്ന പേര് വന്നത്? പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന Herald Blootooth എന്ന നേതാവ്, അന്ന് വിഘടിച്ചും, കലഹിച്ചും നിന്നിരുന്ന Norwey, Denmark എന്നീ രാജ്യങ്ങളെ ഒരുമിപ്പിച്ചു. ക്രിസ്തുവർഷം 958 ലാണ് Herald Blootooth Gorson ഇത് ചെയ്തത്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് Blootooth എന്ന വാക്ക് Social networks സ്വീകരിച്ചിരിക്കുന്നത്. ഈ ഐക്യത്തിന്റെ സന്ദേശമാണ് ഇന്നത്തെ Blootooth നൽകുന്നത്. Blootooth ന്റെ സമാധാനത്തിന്റെ സന്ദേശം ഏതെങ്കിലും ഒരു രാജ്യം സ്വീകരിക്കാതിരുന്നെങ്കിലോ? ആ സദ് ഉദ്യമം ഒരു വാളായി, വിഭജനത്തിന്റെ രൂപമായി മാറിയേനെ!!
യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ സന്ദേശത്തിന്റെ മഹത്വമാണ് ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്. നന്മയായിട്ടുള്ളത്, തീർത്തും നല്ലതായിട്ടുള്ളത് മനുഷ്യൻ സ്വീകരിക്കുന്നില്ലെങ്കിൽ, അതിനെ എതിർക്കുകയാണെങ്കിൽ അത് വലിയ തിന്മയായിട്ട് മാറും; വാളായി മാറും. എന്തുകൊണ്ടാണ് മാതാപിതാക്കന്മാർ പറയുന്നത് മക്കൾക്ക് മനസ്സിലാകാതെ വരുന്നത്? അവർക്കത് സ്വീകരിക്കുവാൻ പറ്റാത്തത്? അവർ OLd Generation ആയതുകൊണ്ടാണ്. Generation Gap ന്റെ പ്രശ്നമല്ല എപ്പോഴും. നന്മയെ ഉൾക്കൊള്ളാൻ മനുഷ്യന് സ്വഭാവത്താലേ മടിയാണ്. അപ്പോൾ മാതാപിതാക്കന്മാർ പറയുന്ന നന്മ, നല്ല കാര്യങ്ങൾ എന്തായി മാറും? പ്രശ്നങ്ങളുടെ, വഴക്കിന്റെ വാളായി മാറും.
അതുകൊണ്ടാണ് സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന മാർഗമായി ഈശോ പറയുന്നത് പരസ്പരം സ്വീകരിക്കുക, മനസിലാക്കുക. “നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.”
എം. ആർ. വിഷ്ണുപ്രസാദിന്റെ “ഒന്നാമത്തെ സിനിമ” എന്ന ചെറിയൊരു കവിതയുണ്ട്. അതിങ്ങനെയാണ്: “ഭൂമിയിലെ അവസാനത്തെ സിനിമ കാണാനിരുന്നു. കണ്ണുകളുടെ സ്ഥാനത്ത് ചെവിയുള്ള പെൺകുട്ടിയുടെ ചിത്രമായിരുന്നു അത്. ചെവിയുടെ സ്ഥാനത്ത് കണ്ണുകളുള്ള ഞങ്ങൾക്ക് ആ സിനിമ പിടികിട്ടിയില്ല”. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 99, 13.02.2022) കണ്ണുകളുടെ സ്ഥാനത്ത് ചെവിയുള്ള പെൺകുട്ടിയുടെ കഥ, ചെവിയുടെ സ്ഥാനത്ത് കണ്ണുകളുള്ള ഞങ്ങൾക്ക് എങ്ങനെ പിടികിട്ടാനാണ്? പിടികിട്ടുകയില്ലെന്ന് മാത്രമല്ല, അതൊരു പ്രശ്നമായിത്തീരുകയും ചെയ്യും.
സ്നേഹമുള്ളവരേ, ക്രിസ്തു ദൈവമാണ്, നന്മയാണ്, സ്നേഹമാണ്. ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ എല്ലാം നന്മയായിഭവിക്കും. അപ്പോൾ, ഒരു പാത്രം വെള്ളം കൊടുക്കുന്നത് പോലും ദൈവകൃപയുടെ മഴ പെയ്തായിത്തീരും. നമ്മുടെ ജീവിതം എപ്പോഴും പാരസ്പര്യത്തിലായിരിക്കുവാൻ, ഐക്യത്തിലായിരിക്കുവാൻ, ദൈവാനുഗ്രഹത്തിലായിരിക്കുവാൻ ക്രിസ്തുവിനെ സ്വീകരിക്കുന്നവരാകാം.
മനുഷ്യജീവിതത്തെ, നമ്മുടെ കുടുംബജീവിതങ്ങളെ അസ്വസ്ഥതയിലേക്ക്, ബുദ്ധിമുട്ടുകളിലേക്ക്, നമ്മുടെ മക്കളെ തിന്മയുടെ വഴിയിലേക്ക് നയിക്കുന്നത് ക്രിസ്തുവിനെ, നന്മയെ സ്വീകരിക്കാത്തതാണ്. മനുഷ്യജീവിതത്തിന്റെ വൈരുദ്ധ്യാത്മകമായ എല്ലാ പ്രേരണകളിൽനിന്നും രക്ഷപ്പെടുവാനുള്ള ഏകവഴി ക്രിസ്തുവിനെ സ്വീകരിച്ചുകൊണ്ട് സ്നേഹത്തിലേക്ക്, ഒരുമയിലേക്ക് പ്രവേശിക്കുക എന്നതാണ്. അല്ലെങ്കിൽ ഭിന്നതയിലേക്കായിരിക്കും നമ്മുടെ ജീവിതം പോകുക.

ക്രിസ്തുവിന്റെ സ്നേഹത്തിന്റെ, സമാധാനത്തിന്റെ, ഐക്യത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ട് ക്രിസ്തുവിന്റെ സമാധാനത്തിൽ ജീവിക്കുവാൻ നമുക്കാകട്ടെ. ആമേൻ!