ഏലിയാ സ്ലീവാ മൂശേക്കാലം മൂന്നാം ഞായർ
ഉത്പത്തി 9, 8-17
ദാനിയേൽ 7, 9-14
1 കോറി 1, 18-25
മത്താ 24, 29-36

ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ചൈതന്യത്തിനനുസരിച്ചുള്ള ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചു കേട്ടത്. ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയുമെക്കെ ഈ കാലത്തിന്റെ വിചിന്തനത്തിനുള്ള വിഷയങ്ങളാണ്. കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണം കാണാതെ പഠിച്ച കാലം മുതൽ, വിശുദ്ധ കുർബാനയുടെ വേളയിലും, കുടുംബപ്രാർത്ഥനാസമയത്തും, മറ്റ് പ്രാർത്ഥനാവേളകളിലും “ക്രിസ്തു മരിച്ചവരെയും, ജീവിക്കുന്നവരെയും വിധിക്കുവാൻ വീണ്ടും വരുമെന്നും ഞാൻ വിശ്വസിക്കുന്നു” എന്ന് ഏറ്റുപറയുന്നവരാണ് നാമെല്ലാവരും. ആ വിശ്വാസത്തിന്റെ ബൈബിളധിഷ്ഠിതമായ വിവരണമാണ് ഇന്നത്തെ സുവിശേഷത്തിലുള്ളത്.
മനുഷ്യ ചരിത്രത്തിന്റെ ആദ്യകാലം മുതലേ, മനുഷ്യൻ ബുദ്ധി ക്രമമായി ഉപയോഗിക്കുവാൻ തുടങ്ങിയ കാലം മുതലേ മനുഷ്യന്റെ മുൻപിലെ സമസ്യകളാണ് മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും എന്നിവ. ഒരിക്കലും മറികടക്കാനാകാത്ത സംഭവമായി മരണം മനുഷ്യന്റെ മുൻപിൽ നിൽക്കുമ്പോൾ, മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും, എന്നിവ ഇന്നും കടംകഥകളായി, ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്.
ഈ ഉത്തരംകിട്ടാ ചോദ്യങ്ങൾക്ക് മറുപടിയുമായി എല്ലാ മതങ്ങളും രംഗത്തുണ്ടെങ്കിലും, വെളിപ്പെടുത്തപ്പെട്ട സത്യവിശ്വാസമായി ഇന്നും സജീവമായി നിൽക്കുന്ന ക്രിസ്തുമതം, ക്രിസ്തുവിന്റെ യുഗാന്ത്യോന്മുഖ ദർശനം അവതരിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ. തങ്ങളെ സൃഷ്ടിച്ച ദൈവത്തെപ്പറ്റിയോ, ഓരോ നിമിഷവും കൈപിടിച്ച് നടത്തുന്ന ദൈവത്തിന്റെ പരിപാലനയെപ്പറ്റിയോ, ദൈവം നല്കിയതല്ലാതെ തങ്ങൾക്ക് ഒന്നുമില്ലയെന്ന സത്യത്തെപ്പറ്റിയോ ചിന്തിക്കുവാൻ സമയമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യന്റെ മുൻപിൽ വലിയൊരു ഓർമപ്പെടുത്തലായാണ് ഈ സുവിശേഷഭാഗം നിൽക്കുന്നത് – ഹേ, മനുഷ്യാ നീ ഒരുനാൾ മരിക്കും എന്നതാണ് ആ ഓർമ്മപ്പെടുത്തൽ! ഹേ, മനുഷ്യാ, ഈ ഭൂമിയിലെ നിന്റെ ജീവിതത്തിന് നീ കണക്ക് കൊണ്ടുക്കേണ്ടിവരും. അത് നീ ഒരു മാസം ജീവിച്ചാലും, ഒരു ദിവസം ജീവിച്ചാലും, ആയുസ്സിന്റെ ദൈർഘ്യം മുഴുവനും ജീവിച്ചാലും നീ കണക്കുകൊടുക്കേണ്ടിവരും. അതിനായി നിനക്ക് അന്ത്യവിധിയുണ്ടായിരിക്കും എന്നതാണാ ഓർമ്മപ്പെടുത്തൽ. അതിനായി നിന്റെ ദൈവം, ക്രിസ്തു വീണ്ടും വരും എന്നതാണ് ആ ഓർമ്മപ്പെടുത്തൽ. ക്രിസ്തുവിന്റെ വീണ്ടും വരവ്, രണ്ടാമത്തെ ആഗമനം മനസ്സിലാക്കുവാനുള്ള അടയാളങ്ങൾ ഇവയായിരിക്കും എന്നതാണാ ഓർമ്മപ്പെടുത്തൽ.
ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഒരു പ്രത്യേകത അവിടുന്ന് എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നതിന് മുൻപ് അടയാളമോ, അടയാളങ്ങളോ നൽകും. ഉദാഹരണത്തിന്, ജലപ്രളയം വന്ന് ഭൂമി മുഴുവൻ നശിക്കുന്നതിന് മുൻപ് ദൈവം ഒരടയാളം നൽകി. പെട്ടകമായിരുന്നു അടയാളം. ഇസ്രായേൽ ജനത്തെ ഈജിപ്തിൽ നിന്ന് മോചിപ്പിക്കുന്നതിന് മുൻപ് അടയാളങ്ങൾ നൽകി. മഹാമാരികളായിരുന്നു അടയാളങ്ങൾ. ഇസ്രായേൽ ജനം ബാബിലോണിലെ അടിമത്വത്തിലേക്ക് നീങ്ങുന്നതിന് മുൻപ് ദൈവം അടയാളങ്ങൾ നൽകി. ഏലിയാ-ഏലീഷാ പ്രവാചകന്മാരുടെ അത്ഭുതങ്ങളായിരുന്നു അടയാളങ്ങൾ. പരിശുദ്ധ കന്യകാമറിയത്തിൽ നിന്ന് ഈശോ ജനിച്ചപ്പോൾ അടയാളം നൽകി. അത്ഭുത നക്ഷത്രമായിരുന്നു അടയാളം. ഇതുപോലെ മനുഷ്യപുത്രന്റെ രണ്ടാമത്തെ ആഗമനത്തിന് മുൻപും ഈശോ അടയാളങ്ങൾ നൽകും. എന്താണാ അടയാളങ്ങൾ ഈശോ പറയുന്നു: “നോഹയുടെ ദിവസങ്ങൾപോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.”
നോഹയുടെ കാലത്ത് ജനസംഖ്യാവിസ്ഫോടനം (population Explosion) ഉണ്ടായിരുന്നു. (ഉതപ്ത്തി 1, 27) ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയായും ഒരു ജനസംഖ്യ വിസ്ഫോടനം ഉണ്ടാകും. നോഹയുടെ കാലത്ത് അറിവിന്റെ, സാങ്കേതിക വിദ്യയുടെ (Information Technological Revolution) വിപ്ലവം ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയാണ് അറിവിന്റെ, സാങ്കേതിക വിദ്യയുടെ വിപ്ലവം ഉണ്ടായിരിക്കും. നോഹയുടെ കാലത്ത് ധാർമിക അധഃപതനം (Moral Degradation) ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയായും ധാർമിക അധഃപതനം ഉണ്ടായിരിക്കും.
ഇവയോടൊപ്പമായിരിക്കും പ്രപഞ്ചത്തിലെ ശക്തികളിലുണ്ടാകുന്ന മാറ്റം. സൂര്യൻ ഇരുണ്ടുപോകും;ചന്ദ്രൻ പ്രകാശം തരികയില്ല. നക്ഷത്രങ്ങള ആകാശത്തിൽ നിന്ന് നിപതിക്കും. ആകാശശക്തികൾ ഇളകും. ഈശോ ഇവിടെ ആലങ്കാരിക ഭാഷയാണ് ഉപയോഗിക്കുന്നത്. ഇത് AD 70 ൽ നടന്ന ജറുസലേം ദേവാലയത്തിന്റെ തകർച്ചയെക്കുറിച്ചല്ല ഈശോ പറയുന്നത്. ഇത് കഴിഞ്ഞുപോയ സൂര്യ-ചന്ദ്ര ഗ്രഹങ്ങളെക്കുറിച്ചുമല്ല ഈശോ സൂചിപ്പിക്കുന്നത്. ഇത് വരാനിരിക്കുന്ന ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചാണ് ഈശോ പറയുന്നത്. കർത്താവിന്റെ ദിനത്തിൽ സൂര്യൻ ഇരുണ്ടുപോകുമെന്നും, നക്ഷത്രങ്ങൾ പ്രകാശം മറച്ചുകളയുമെന്നും ജോയേൽ പ്രവാചകൻ പറയുന്നുണ്ട്. (2, 10) വെളിപാടിന്റെ പുസ്തകത്തിൽ ചന്ദ്രൻ രക്തവർണമാകുന്നതും, ആകാശം തെറുത്തുമാറ്റിയ ചുരുൾപോലെ അപ്രത്യക്ഷമാകുന്നതും അത്തിവൃക്ഷത്തിൽ നിന്ന് പച്ചക്കായ്‌കൾ പൊഴിയുന്നതുപോലെ നക്ഷത്രങ്ങൾ നിപതിക്കുന്നതും വിശുദ്ധ യോഹന്നാൻ വിവരിക്കുന്നുണ്ട്. (6, 13) അത് എന്നായിരിക്കുമെന്നതിന് ഒരു സൂചനയും ഈശോ നൽകുന്നില്ല. നൽകുന്നില്ലെന്ന് മാത്രമല്ല പിതാവായ ദൈവത്തിനല്ലാതെ മറ്റാർക്കും അറിയില്ലയെന്നും ഈശോ പറഞ്ഞുവയ്ക്കുന്നു.
സ്നേഹമുള്ളവരേ, ലോകം എന്ന് അവസാനിക്കുമെന്നതിനെക്കുറിച്ചു് ചിന്തിച്ചു് സമയം കളയുവാനല്ല, ആകാശശക്തികളുടെ ചലനങ്ങൾ നിരീക്ഷിച്ചു് വെറുതെ ഇരിക്കാനല്ല, ഇവയെല്ലാം എന്ന്, എപ്പോൾ, എങ്ങനെ സംഭവിക്കുമെന്നോർത്ത് ആകുലപ്പെട്ടിരിക്കുവാനല്ല ഈശോ ഇക്കാര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നത്. ക്രൈസ്തവരായി ഈ ഭൂമിയിലൂടെ നാം നടക്കുമ്പോൾ, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ, അന്ത്യവിധിയുടെ നാളിൽ അർഹതയുള്ളവരായി, യോഗ്യതയുള്ളവരായി ദൈവത്തിന്റെ മുൻപിൽ കണ്ടെത്തക്കവിധത്തിൽ ജീവിക്കുവാൻ നാം തയ്യാറാകണമെന്ന് ഓർമിപ്പിക്കുവാനാണ് ഈശോ ഈ ഞായറാഴ്ച്ച ഈ സുവിശേഷഭാഗം നമുക്ക് നൽകുന്നത്. അതിന്, പ്രകൃതിയിൽ നിന്ന് കാലങ്ങൾ നിരീക്ഷിച്ചു് മനസ്സിലാക്കുവാൻ നമുക്ക് കഴിയുന്നതുപോലെ ഈ കാലഘട്ടത്തിന്റെ, വർത്തമാനകാലത്തിലെ മനുഷ്യരുടെ ചലനങ്ങൾ നിരീക്ഷിച്ചുകൊണ്ട് ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങി നിൽക്കുവാൻ നമുക്ക് സാധിക്കട്ടെ.
ക്രിസ്തു നമുക്ക് തരുന്ന ഒരേയൊരു ലക്ഷണം ഇതാണ്: നോഹയുടെ ദിവസങ്ങൾ പോലെയുള്ള അവസ്ഥയിലൂടെ ലോകം കടന്നുപോകുമ്പോൾ ഓർക്കുക തകർച്ചയുടെ കാലം അകലെയല്ലെന്ന്.

നമ്മുടെ ജീവിതത്തിൽ നന്മയുടെ, ധാർമികതയുടെ, ക്രൈസ്തവമൂല്യങ്ങളുടെ അധഃപതനങ്ങൾ ഉണ്ടാകുമ്പോൾ ക്രിസ്തുവിലേക്ക് തിരിയുവാൻ നകുക്കാകട്ടെ. ആമേൻ!