SUNDAY SERMON JN 12, 27-36

ഏലിയാ സ്ലീവാ മൂശേക്കാലം നാലാം ഞായർ

ഉത്പത്തി 41, 37-45

പ്രഭാഷകൻ 47, 2-3; 8-11

ഹെബ്രായർ 1, 1-4

യോഹന്നാൻ 12, 27-36

വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 12 വായിച്ചുകഴിയുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ സ്വതവേ തോന്നുന്ന ചിന്ത ഇതായിരിക്കും: ജീവിതത്തിന്റെ പെരുവഴിയിൽ വലിച്ചെറിയപ്പെടുന്നവന്റെ വികാരം! ശരിയാണ്, ഈശോ വിഷമിക്കുന്നുണ്ട്.  തന്റെ ആത്മാവ് അസ്വസ്ഥമാണെന്ന് ഈശോ തന്നെ പറയുന്നുണ്ട്. എങ്കിലും, സഹനത്തിലൂടെ മാത്രമേ തന്നിലെ ദൈവത്വം ലോകത്തിന് മുന്നിൽ പ്രകടമാകുകയുള്ളു എന്ന് ഈശോയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണല്ലോ ‘ആ മണിക്കൂറിലേക്ക് പ്രവേശിക്കുന്നതിന് താൻ തയ്യാറാണെന്ന്’ ഈശോ പറയുന്നത്. അതുതന്നെയാണ് ഈ അധ്യായത്തിന്റെ വൈശിഷ്ട്യവും.

ഈശോ ഈ ലോകത്തിലേക്ക് വന്നത് ലോകത്തെ, മനുഷ്യവർഗത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല, രക്ഷയിലേക്ക് വീണ്ടെടുക്കുവാനാണ്. രക്ഷയ്ക്കായി ഈശോ നമുക്ക് നൽകുന്ന മാർഗം സഹനമാണ്. ബുദ്ധമതസ്ഥാപകനായ ശ്രീ ബുദ്ധൻ രക്ഷയ്ക്കായി നൽകുന്നത് ധ്യാനമെന്ന മാർഗമാണ്. ധ്യാനത്തിലൂടെ രക്ഷ, Enlightenment എന്നതായിരുന്നു ബുദ്ധൻ നിർദ്ദേശിച്ച മാർഗം. ഭാരതത്തിന്റെ രക്ഷ, സ്വാതന്ത്ര്യം എന്ന ലക്‌ഷ്യം നേടിയെടുക്കുവാൻ മഹാത്മാഗാന്ധി നിർദ്ദേശിച്ചത് അഹിംസയുടെ മാർഗമാണ്. കമ്മ്യൂണിസത്തിന്റെ ആചാര്യനായ കാറൽമാർക്‌സാകട്ടെ ഹിംസയുടെ മാർഗമാണ് നിർദ്ദേശിച്ചത്. മനുഷ്യരക്ഷയ്ക്കായി ക്രിസ്തു നിർദ്ദേശിക്കുന്നത് സഹനമാണ്. മഹത്വത്തിലേക്ക്, നന്മയിലേക്ക് പ്രവേശിക്കണമെങ്കിൽ നാം സഹനത്തിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ ചൈതന്യമെന്നത് “ഗോതമ്പുമണിപോലെ അഴിയുക, ഇല്ലാതായിത്തീരുക എന്നതാണ്.” ഇവിടെ സഹനമെന്നത് ഭൂമിയിലെ ജീവിതത്തെ മഹത്വപ്പെടുത്തുന്ന ചവിട്ടുപടികളായി മാറുകയാണ്. പരാതികളില്ലാത്ത, പരിദേവനങ്ങളില്ലാത്ത സഹനമാണ് ക്രിസ്തുവിൽ നാം കാണുക. പ്രപഞ്ചത്തിന്റെ തുടിപ്പും പരിഭവമില്ലാത്ത, പിറുപിറുപ്പുകളില്ലാത്ത സഹനമാണ്. അമ്മയുടെ ഈറ്റുനോവിന്റെ നിലവിളികളിൽ എവിടെയാണ് പരിഭവം? ശിശുവിനെ പ്രസവിച്ച ശേഷം സന്തോഷം നിമിത്തം ആ വേദന പിന്നീടവൻ ഓർക്കുന്നതേയില്ല.

വിശുദ്ധ യോഹന്നാന്റെ സുവിശേഷം പന്ത്രണ്ടാം അധ്യായത്തിന്റെ essence, ചൈതന്യം ജീവിതത്തിന്റെ പെരുവഴിയിൽ വലിച്ചെറിയപ്പെടുന്നവന്റെ വികാരമല്ല, ഈശോയുടെ മഹത്വപ്പെടലാണ്; അതിലൂടെ പിതാവായ ദൈവത്തിന്റെ മഹത്വമാണ്. പന്ത്രണ്ടാം അധ്യായത്തിന്റെ ആരംഭത്തിലെ പാപിനിയായ സ്ത്രീയുടെ തൈലാഭിഷേകവും, ഒലിവില ചില്ലകളും ഓശാനവിളികളുമായി ഈശോയെ സ്വീകരിച്ചാനയിക്കലും ഈശോയെ ദൈവമായി, രാജാവായി സ്വീകരിക്കുന്നതിന്റെ വിവരണങ്ങളാണ്. അതിനുശേഷമാണ് ഈശോ തന്റെ തന്നെ മഹത്വപ്പെടലിനെക്കുറിച്ചു് പറയുന്നത്. ഈശോ ഉടനെ കൂട്ടിച്ചേർക്കുന്നത് “പിതാവേ, നിന്റെ നാമത്തെ നീ മഹത്വപ്പെടുത്തണമേ” എന്നാണ്. അപ്പോൾ സ്വർഗം അതിനെ സ്ഥിരീകരിക്കുകയാണ്. സ്വർഗത്തിൽ നിന്ന് ഒരു സ്വരമുണ്ടാകുന്നു. ഈശോയുടെ ജീവിതത്തിന്റെ പ്രത്യേക സാഹചര്യങ്ങളിൽ സ്വർഗ്ഗത്തിന്റെ സവിശേഷ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്. ഈശോയുടെ മാമ്മോദീസാവേളയിൽ, താബോർമലയിലെ രൂപാന്തരീകരണവേളയിൽ, ഇതാ ഇപ്പോൾ തന്നിലൂടെയുള്ള പിതാവായ ദൈവത്തിന്റെ മഹത്വീകരണത്തെക്കുറിച്ചു് പറയുമ്പോൾ സ്വർഗം അതിനെ സ്ഥിരപ്പെടുത്തുകയാണ്. ഈശോയുടെ സാന്നിധ്യത്തെ, അവിടുത്തെ പ്രവർത്തനങ്ങളെ, സുവിശേഷ പ്രഘോഷണത്തെ സാധൂകരിക്കുന്നതാണ് ഈ ശബ്ദം. പിതാവായ ദൈവത്തിന്റെ ഉറപ്പാണ് ഈ ശബ്ദം. ഈശോ കന്യകയിൽ നിന്ന് ജനിക്കണമെന്നുള്ള ദൈവത്തിന്റെ പദ്ധതിയുടെ, അവിടുത്തെ അത്ഭുതപ്രവൃത്തികൾ ദൈവരാജ്യത്തിന്റെ അടയാളങ്ങളാണെന്ന പദ്ധതിയുടെ ഉറപ്പിക്കലാണ് ഈ ശബ്ദം. ഈശോയെ റോമൻ കുരിശിൽ തറയ്ക്കുകയെന്നത് രക്ഷാകരപദ്ധതിയിൽപെട്ടതാണ്. ഈശോയെ ഒരു കുഴിമാടത്തിൽ സംസ്കരിക്കുകയെന്നതും, മൂന്നാം ദിവസം ഈശോ ഉയിർത്തെഴുന്നേൽക്കുകയെന്നതും പിതാവിന്റെ പദ്ധതിയാണ്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ സഹനം മഹത്വത്തിലേക്കുള്ള വഴിയാണ്. സഹനത്തിന് എന്നും ഇപ്പോഴും ഒരു സ്വഭാവം തന്നെയാണെങ്കിലും ക്രൈസ്തവരതിനെ രക്ഷാകരമാക്കുകയാണ്.

ഇന്നത്തെ സുവിശേഷത്തിന്റെ മുഖ്യ സന്ദേശം മനുഷ്യപുത്രൻ ഉയർത്തപ്പെടണം എന്നതാണ്. ഈ “ഉയർത്തപ്പെടൽ” പക്ഷേ, സഹനത്തിലൂടെ, കുരിശുമരണത്തിലൂടെ മാത്രമേ നടക്കുകയുള്ളൂ. “ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ ആളുകളെയും എന്നിലേക്ക് ആകർഷിക്കും” എന്ന ഈശോയുടെ വചനത്തിനുശേഷം, സുവിശേഷകൻ ഉടനെ കൂട്ടിച്ചേർക്കുന്നത് “തൻ ഏതുതരം മരണത്താൽ മരിക്കാൻ പോകുന്നുവെന്ന് കാണിക്കാനാണ് അവൻ ഇത് പറഞ്ഞത് എന്നാണ്. ഈശോയുടെ  കാര്യത്തിൽ ഉയർത്തപ്പെടുക എന്നത് ക്രൂശിയ്ക്കപ്പെടുക എന്നതാണ് അർത്ഥം. എന്നാൽ, ഇന്ന് നാം മനസിലാക്കുക ഈശോയുടെ ദൈവത്വം ഇതൾവിടർന്നത് കുരിശുമരണമെന്ന യാഥാർഥ്യംകൊണ്ട് മാത്രമല്ല എന്നാണ്. സഹനത്തിന്റെ വഴിയിൽ ദൈവത്തിന്റെ ഇഷ്ടത്തോടൊപ്പം നടന്നപ്പോഴാണ് ഈശോയുടെ സഹനങ്ങൾ രക്ഷാകരമായിത്തീർന്നത്. അല്ലെങ്കിൽ കുരിശുമരണംപോലും വ്യർത്ഥമായിപ്പോകുമായിരുന്നു!!!

ഉയർത്തപ്പെടലിന്റെ, നന്മയുടെ, ഉത്തമമായ സന്തോഷത്തിന്റെ, സമൃദ്ധിയുടെ വഴി സഹനത്തിന്റെ വഴിയാണെന്ന് ഈശോ നമ്മെ പഠിപ്പിച്ചതിനെ ശരിവയ്ക്കുകയാണ് ഈ പ്രപഞ്ചം, പ്രപഞ്ചത്തിലെ വിസ്മയങ്ങൾ. “പ്രപഞ്ചത്തെ ഒന്ന് വീക്ഷിക്കൂ … മനോഹരമായതെന്തും ഫലപ്രദമായതെന്തും ഈ ഭൂമിയിലേക്ക് കടന്നുവരുന്നത് വളരെ ക്ലേശം നിറഞ്ഞ പ്രയത്നത്തിലൂടെയാണ്. ഒരു പുതു നാമ്പ്, വിടർന്നു നിൽക്കുന്ന ഒരു പൂവ്, ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷം – ചോദിച്ചു നോക്കൂ അവർ കടന്നു വന്ന വാതിലുകളെക്കുറിച്ച്! അവർക്കു പറയാനുള്ളത് ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും. ഇനി, നമ്മുടെ തന്നെ നേട്ടങ്ങളെക്കുറിച്ചു, വിജയങ്ങളെക്കുറിച്ചു, നമ്മുടെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചു ഓർത്താലും കടന്നുവന്ന ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും നമുക്കും പറയാനുണ്ടാവുക. മഹാകവി ഉള്ളൂർ തന്റെ “നവയുഗോദയം” എന്ന കവിതയിൽ ജലത്തിന്റെയും, സ്വർണത്തിന്റെയും ഇടുങ്ങിയ വാതിലുകളെക്കുറിച്ച് പാടുന്നുണ്ട്. “പാറയ്ക്കുമേൽ തട്ടിയുടഞ്ഞുവേണം/പാനാർഹമായി സരിതാംബു തീരാൻ/ഇരുട്ട് തിങ്ങും ഖനി വിട്ടുവേണം/ഹീരം നൃപൻ തൻ മകുടത്തിൽ മിന്നാൻ.” “ (ഫാ. സാജു പൈനാടത്ത്, ദൈവത്തിന്റെ  ഭാഷ-വിശുദ്ധ കുർബാന, 5, 59, പേജ് 103)

സഹനം അവസാനമല്ല, ആരംഭമാണ്- ദൈവമഹത്വത്തിന്റെ, പുതുജീവിതത്തിന്റെ ആരംഭം. സഹനം തകർച്ചയല്ല, ആദ്യപടിയാണ് – ഉയർത്തപ്പെടലിന്റെ ആദ്യപടി. മരണം, സഹനം അവസാനമല്ലെന്നും, ഉത്ഥാനമാണ്, ഉയിർപ്പാണ്, മഹത്വപ്പെടലാണ് അവസാനവാക്കെന്നും അറിയുന്ന ക്രൈസ്തവരാണ് യഥാർത്ഥ ക്രൈസ്തവർ. വിശുദ്ധരുടെ, രാക്ഷസാക്ഷികളുടെ ജീവിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് നാമെല്ലാവരും ഉയർത്തപ്പെടുമെന്ന് തന്നെയാണ്.

എന്നാൽ, ഉയർത്തപ്പെടണമെങ്കിൽ, തകർച്ചയിലൂടെ കടന്നുപോകുമ്പോൾ, ക്രൂശുമരണത്തിൽപോലും ദൈവമഹത്വം പ്രകടമാക്കണമെങ്കിൽ എന്താണ് വേണ്ടത്? ഉത്തരം പഴയനിയമത്തിലെ ജോസഫിന്റെ ജീവിതത്തിലുണ്ട്. ഇന്നത്തെ ഒന്നാം വായനയിൽ നാം കണ്ട ജോസഫ് തകർച്ചയുടെ, സഹനത്തിലൂടെ കടന്നുപോയവനാണ്. വചനം പറയുന്നു: ‘ദൈവത്തിന്റെ ആത്മാവ് ഉണ്ടായിരുന്നതുകൊണ്ട് ദൈവം അവനെ ഉയർത്തി.’ സഹനത്തിന്റെ, കുരിശിന്റെ വഴികളിലൂടെ കടന്നുപോകുമ്പോഴും, അവയെ രക്ഷാകരമാക്കണമെങ്കിൽ നാം ദൈവാത്മാവിനാൽ നിറഞ്ഞവരാകണം. ദാവീദ് ദൈവാത്മാവിനാൽ നിറഞ്ഞ വേളകളിലെല്ലാം ദൈവം അദ്ദേഹത്തെ ഉയർത്തുകയും, ദൈവാത്മാവ് ഇല്ലാതെ ജീവിച്ചപ്പോൾ ദൈവം അദ്ദേഹത്തെ താഴ്ത്തുകയും ചെയ്തു.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം ഉയർത്തപ്പെടലിന്റെ സുവിശേഷമാണ്. അതിനുള്ള മാർഗം സഹനത്തിന്റെ, കുരിശിന്റെ മാർഗമാണ്. നാലപ്പാട്ട് നാരായണമേനോൻ തന്റെ കണ്ണുനീർത്തുള്ളി എന്ന കവിതയിൽ പാടുന്നപോലെ,

“ഉരുക്കിടുന്നു മിഴിനീരിലിട്ട് / മുക്കുന്നു മുറ്റും ഭുവനൈക ശില്പി / മനുഷ്യഹൃത്താം കനകത്തെയേതോ / പണിത്തരത്തിന്നു പയുക്തമാക്കാൻ.” 

മനുഷ്യഹൃത്താകുന്ന സ്വർണം അഗ്നിയിലൂടെ, സഹനത്തിലൂടെ, കുരിശിലൂടെ കടന്നുപോയെങ്കിൽ മാത്രമേ, ദൈവമഹത്വം പ്രകടമാക്കുന്ന ഒന്നായി മാറുകയുള്ളുവെന്ന സത്യം ഒരിക്കലും മറക്കാതിരിക്കാം.

നമ്മുടെ ജീവിതത്തെ, ജീവിതത്തിലെ സഹനങ്ങളെ രക്ഷാകരമാക്കുവാൻ ഇന്നത്തെ സുവിശേഷ സന്ദേശം നമ്മെ സഹായിക്കട്ടെ. ആമേൻ!

Leave a comment