ഏലിയാ സ്ലീവാ മൂശേക്കാലം ആറാം ഞായർ
ഉത്പത്തി 19, 23-29
മലാക്കി 4, 1-6
1 തെസ 4, 13-18
ലൂക്കാ 21, 20-28

സ്വർഗ്ഗത്തിന്റെ പൊക്കിൾക്കുടിയിൽ നിന്ന് മനുഷ്യന്റെ ഹൃദയ ഭൂമികയിലേക്ക് ദൈവത്തെ, ദൈവസ്നേഹത്തെ കൊണ്ടുവന്ന ക്രിസ്തു, ഇന്നത്തെ സുവിശേഷത്തിലൂടെ മനുഷ്യജീവിതസാഹചര്യങ്ങളിൽ, ജീവിതത്തിന്റെ, ലോകത്തിന്റെ അന്തിമനാളുകളിൽപോലും ക്രിസ്തു ശിഷ്യരായി ശിരസ്സുയർത്തി നിൽക്കുവാനും, പലവിധ ബന്ധനങ്ങളിൽ കഴിയുന്ന നമ്മുടെ വിമോചനം സമീപിച്ചിരിക്കുന്നുവെന്ന് നമ്മോട് പറയുവാനും ആഗ്രഹിക്കുകയാണ്.
മനുഷ്യജീവിതത്തിന്റെ സങ്കീർണവും, ദുർഘടവുമായ കയറ്റിറക്കങ്ങളിലൂടെ കടന്നുപോകുമ്പോഴും, എന്നും നമ്മെ അലട്ടുന്ന ചോദ്യങ്ങളിൽ ഒന്നാണ് ഈ ലോകത്തിന്റെ അവസാനം എങ്ങനെയായിരിക്കുമെന്നത്. ലോകാവസാനം എങ്ങനെയായിരിക്കുമെന്നത് ഭാവനചെയ്യാനും, തങ്ങളുടെ ഭാവനയിൽ വിരിയുന്നവ നോവലുകളായും, സിനിമകളായുമൊക്കെ അവതരിപ്പിക്കുവാനും മനുഷ്യൻ താത്പര്യം കാണിക്കാറുണ്ട്. ഓരോ കാലഘട്ടത്തിലും മനുഷ്യൻ ലോകത്തിന്റെ അവസാനം പ്രവചിക്കുന്നുണ്ട്. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളിലൂടെ കടന്ന് രണ്ടായിരം പിറന്നപ്പോൾ, രണ്ടായിരത്തിൽ ലോകം അവസാനിക്കുമെന്നുംപറഞ്ഞ് എന്ത് ബഹളമായിരുന്നു. പിന്നെ, മായൻ കലണ്ടറനുസരിച്ച് (Mayan Calendar) ഡിസംബർ 21, 2012 11:11 ന് ലോകം അവസാനിക്കുമെന്നായിരുന്നു പറച്ചിൽ. 2018 ൽ വെള്ളപ്പൊക്കം വന്നപ്പോഴും, 2019 ൽ മഹാമാരി വന്നപ്പോഴും ഇതാ ലോകത്തിന്റെ അവസാനമായിയെന്ന് നാം വിചാരിച്ചു. ഏറ്റവും ഒടുവിൽ യാതൊരു നീതിയുമില്ലാതെ, അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം, മര്യാദകളെയെല്ലാം അവഗണിച്ച് റഷ്യ യുക്രൈനിനെ ആക്രമിച്ചപ്പോൾ ഇതൊരു മൂന്നാം ലോകയുദ്ധത്തിന് തുടക്കമാകുമെന്നും, അങ്ങനെ ലോകം അവസാനിക്കുമെന്നും നാം കരുതി. ഒന്നും പറയാറായിട്ടില്ലെങ്കിലും, ഈ യുദ്ധവും കടന്നുപോകും.
എങ്കിലും, ലോകത്തിന് അവസാനമുണ്ടാകുമെന്ന് തന്നെയാണ് ക്രിസ്തു നമ്മോട് പറയുന്നത്. പക്ഷെ, അടയാളങ്ങൾ എന്തായിരിക്കുമെന്നും, അടയാളങ്ങൾ കാണുമ്പോൾ നാമെങ്ങനെ വ്യാപാരിക്കണമെന്നും, നാം സ്വീകരിക്കേണ്ട മനോഭാവമെന്തായിരിക്കണമെന്നും, ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. രണ്ട് പ്രവചനങ്ങളാണ് ഈശോ ഇവിടെ നടത്തുന്നത്. ഒന്ന്, ജറുസലേം തകർക്കപ്പെടും. രണ്ട്, ലോകത്തിന്റെ അവസാനം വരും. ഒപ്പം, മനുഷ്യുത്രന്റെ ആഗമനവും. ഇതിൽ ഒന്നാമത്തേത് പൂർത്തീകരിക്കപ്പെട്ടത് AD 70 ൽ ആണ്. ദാവീദ് രാജാവിന്റെ മകനായ സോളമൻ 975 BCE ൽ പണികഴിപ്പിച്ച, ബാബിലോൺ രാജാവായ നെബുക്കദ്‌നേസർ രണ്ടാമൻ 586 BCE ൽ തകർത്തുകളഞ്ഞ, പിന്നീട്, 515 BCE ൽ പുനർനിർമിച്ച ജെറുസലേം ദേവാലയം റോമക്കാർ വന്ന് ഇസ്രയേലിനെ ആക്രമിക്കുകയും, ദേവാലയവും, പട്ടണവും തകർക്കുകയും ചെയ്തത് AD 70 ൽ ആണ്. രണ്ടാമത്തേത് ഇനിയും പൂർത്തിയായിട്ടില്ല. പൂർത്തിയാകാത്ത ഈ രണ്ടാമത്തെ പ്രവചനത്തെക്കുറിച്ചാണ് തിരുവചനം സംസാരിക്കുന്നത്.
അങ്ങനെ സംസാരിക്കുമ്പോഴും വിശുദ്ധ ലൂക്കാ സുവിശേഷകൻ ഊന്നൽ കൊടുക്കുവാൻ ആഗ്രഹിക്കുന്നത് ജെറുസലേമിന്റെ പതനമോ, മനുഷ്യപുത്രന്റെ ആഗമനമോ അല്ല. സമാന്തര സുവിശേഷങ്ങളിൽ – വിശുദ്ധ മത്തായിയുടെയും, മാർക്കോസിന്റെയും സുവിശേഷങ്ങളിൽ – ഈ രണ്ടു ഘടകങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ ഭാഗം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, വിശുദ്ധ ലൂക്കായുടെ മുഖ്യപ്രമേയം ക്രൈസ്തവർ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചാണ്, ക്രൈസ്തവർ പുലർത്തേണ്ട മനോഭാവത്തെക്കുറിച്ചാണ്. അത് മറ്റൊന്നുമല്ല, ക്രിസ്തുവിനെ എതിർക്കുന്നവർ ആകാതിരിക്കുക എന്നതാണ്.
ഇന്ന് നാം വായിച്ചുകേട്ടത് വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 21 ൽ നിന്നാണ്. തെട്ടുമുൻപുള്ള അദ്ധ്യായം 20 ൽ പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ലിനെക്കുറിച്ച് ഈശോ പറയുന്നുണ്ട്. ഈശോയെ ഉപേക്ഷിക്കുന്ന, എതിർക്കുന്ന, ദൈവമായി സ്വീകരിക്കാത്ത ജനത്തെക്കുറിച്ചാണ് ഈശോ പറയുന്നത്. അദ്ധ്യായം 21 ലും ക്ലേശങ്ങളുടെ ആരംഭം വിവരിക്കുമ്പോൾ, ക്രിസ്തുവിന് സാക്ഷ്യം നല്കുന്നവരാകാനാണ് ഈശോ ജനത്തെ ക്ഷണിക്കുക. അന്തിമനാളുകളിൽ പ്രത്യക്ഷപ്പെടുന്ന ക്ലേശങ്ങൾ ഒന്നൊന്നായി വിവരിക്കുമ്പോഴും, മനുഷ്യപുത്രന്റെ ആഗമനത്തിന് മുൻപ് ആകാശത്തും, സൂര്യചന്ദ്രന്മാരിലുമുണ്ടാകുന്ന വലിയ മാറ്റങ്ങളെപ്പറ്റി എണ്ണിയെണ്ണി പറയുമ്പോഴും ഈശോയുടെ ഊന്നൽ ആ സാഹചര്യങ്ങളിൽ ക്രൈസ്തവർ എങ്ങനെ വ്യാപാരിക്കണമെന്നുള്ളതാണ്. കാരണം, അന്തിമനാളുകളിലെ അടയാളങ്ങളും, ക്ലേശങ്ങളും സംഭവിക്കേണ്ടവയാകുന്നു. എന്നാൽ, മനുഷ്യപുത്രൻ മഹത്വത്തോടെ പ്രത്യക്ഷപ്പെടുമ്പോൾ, മനുഷ്യപുത്രന്റെ മുൻപിൽ നിൽക്കുവാൻ, വിധിയാളനായി ക്രിസ്തു വരുമ്പോൾ ഭൂമിയിൽ ചെയ്ത സ്യകൃതങ്ങളുടെ കണക്കുമായി നിൽക്കുവാൻ മനുഷ്യരെ തയ്യാറാക്കുകയാണ് ഈശോ. ക്രിസ്തുവിന്റെ നാമം നിമിത്തം ക്രൈസ്തവർ ദ്വേഷിക്കപ്പെടുമെങ്കിലും ക്രിസ്തുവിൽ ഉറച്ചു നിൽക്കുന്നവർ ജീവിക്കും എന്നാണ് ഈശോ പറയുന്നത്. അപ്പോഴാണ് മനുഷ്യപുത്രന്റെ ആഗമനത്തിൽ ശിരസ്സുയർത്തി നിൽക്കുവാൻ നമുക്കാകുക. വിമോചനത്തിലേക്ക്, ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുവാൻ നമുക്കാകുക.

ക്ലേശങ്ങളുണ്ടാകുമ്പോൾ, നിങ്ങൾ ഒറ്റിക്കൊടുക്കപെടുമ്പോൾ, പീഡിക്കപ്പെടുമ്പോൾ, പ്രപഞ്ച ശക്തികൾ ഇളകുമ്പോൾ, ജെറുസലേം ദേവാലയം പോലുള്ള സത്യവിശ്വാസത്തിന്റെ മിനാരങ്ങൾ, ദൈവവിശ്വാസത്തിന്റെ കൊടുമുടികൾ തകർക്കപ്പെടുമ്പോൾ, ക്രിസ്തുവിന്റെ പ്രതിനിധികൾപോലും ക്രിസ്തുവിനെതിരെ തിരിയുമ്പോൾ, കത്തോലിക്കാ വിശ്വാസത്തിന്റെ ആണിക്കല്ലായ, ഉറവിടവും, അടിസ്ഥാനവുമായ വിശുദ്ധ കുർബാനപോലും അനൈക്യത്തിന്റെയും, അനുസരണക്കേടിന്റെയും, വിഘടനത്തിന്റെയും, പരസ്പരം ചെളിവാരിയെറിയലിന്റെയും കാരണമാകുമ്പോൾ മകളേ, മകനേ, നിനക്ക് ക്രിസ്തുവിനെ ഏറ്റുപറഞ്ഞുകൊണ്ട് ജീവിക്കുവാൻ, ക്രിസ്തുവിനുവേണ്ടി ജീവിക്കുവാൻ സാധിക്കുമോ, ഇല്ലയോ എന്നതാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ വയ്ക്കുന്ന ചോദ്യം.
Rejecting Jesus – ഇതാണ് വളരെ കൃത്യമായ Point ആയി വിശുദ്ധ ലൂക്ക അവതരിപ്പിക്കുന്നത്. വിശുദ്ധ സ്നാപകയോഹന്നാന്റെ മാമ്മോദീസായെ ധിക്കരിച്ച യഹൂദരെപ്പോലെയാകാതെ, അവകാശിയെ കൊന്ന് അതിർത്തിക്കപ്പുറം എറിഞ്ഞുകളഞ്ഞ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരെപ്പോലെയാകാതെ, ദൈവത്തിന് കൊടുക്കേണ്ടത് ദൈവത്തിന് കൊടുക്കാത്ത മുഖ്യ പുരോഹിതരെപ്പോലെയാകാതെ, ക്രിസ്തുവിനെ ധിക്കരിച്ച നിയമജ്ഞ-ഫരിസേയരെപ്പോലെയാകാതെ ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ക്രിസ്തുവിനെ സ്വീകരിക്കുക എന്നതായിരിക്കണം ക്രൈസ്തവന്റെ മനോഭാവം.
ഉത്പത്തി പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയിലെ സംഭവങ്ങളും, അവയോട് അബ്രഹാമും ലോത്തും കാണിച്ച മനോഭാവങ്ങളും നമുക്ക് പാഠമായിരിക്കണം. സോദോം ഗൊമോറ നഗരങ്ങൾ നാശത്തിലേക്ക് വഴുതിവീണപ്പോൾ ദൈവത്തിന്റെ സ്വരത്തിനനുസരിച്ചു് പ്രവർത്തിച്ച അബ്രഹാമിനെക്കുറിച്ചു് വചനം പറയുന്നത്, ” താഴ് വരകളിലെ നഗരങ്ങൾ നശിച്ചപ്പോൾ ദൈവം അബ്രഹാമിനെ ഓർത്തു” എന്നാണ്. അതുപോലെ ലോത്തിനെക്കുറിച്ചും പറയുന്നത്, “ഈ നഗരങ്ങളെ നശിപ്പിച്ചപ്പോൾ അവിടുന്ന് ലോത്തിനെ നാശത്തിൽ നിന്ന് രക്ഷിച്ചു” എന്നാണ്. സ്നേഹമുള്ളവരേ, അന്തിമനാളുകളിൽ, ക്ലേശങ്ങളുടെ സമയത്ത്, പ്രപഞ്ചശക്തികളെല്ലാം തകർന്നുവീഴുന്ന വേളയിൽ ക്രിസ്തു നമ്മെ ഓർക്കണമെങ്കിൽ, നാശത്തിൽ നിന്ന് നമ്മെ രക്ഷിക്കണമെങ്കിൽ നാം ക്രിസ്തുവിന്റെ അരികുപറ്റി നടക്കേണ്ടിയിരിക്കുന്നു. “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന ബോധ്യത്തോടെ ജീവിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ലോത്തിന്റെ ഭാര്യയ്ക്ക് സമമാകും നമ്മുടെ ജീവിതങ്ങൾ. ദൈവത്തിന്റെ വചനം ധിക്കരിച്ചു്, നാശത്തിലേക്ക് പിന്തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഉപ്പുതൂണായിത്തീർന്നു. തിന്മയിലേക്ക്, നാശത്തിലേക്ക്, ഒരിക്കലും തിരുത്തപ്പെടാനാവാത്ത ജീവിതത്തിലെ കഴിഞ്ഞകാല ദുര്യോഗങ്ങളിലേക്ക് തിരിഞ്ഞുനോക്കി ഓടിയാൽ, ജീവിച്ചാൽ, പ്രിയപ്പെട്ടവരേ, നാമൊക്കെ ഉപ്പുതൂണുകളായിത്തീരും; നമ്മുടെ ജീവിതങ്ങളൊക്കെ ഉപ്പുതൂണിനുസമം ജീവനില്ലാത്തതാകും!
രണ്ടാം വായനയിൽ മലാക്കി പ്രവാചകൻ നമ്മെ ഓർമ്മിപ്പിക്കുന്നതും ഇതുതന്നെയാണ്. കർത്താവിന്റെ ദിനത്തിൽ, അവിടുത്തോട് ചേർന്ന് നിൽക്കാത്തവർ, അഹങ്കാരികളും ദുഷ്ടന്മാരും വൈക്കോൽപോലെയാകും. വേരും ശാഖയും അവശേഷിക്കാത്തവിധം അവരെ ദഹിപ്പിച്ചു കളയും. ദുഷ്ടന്മാർ ചാരംപോലെയാകും. എന്നാൽ, ദൈവത്തിന്റെ നാമത്തെ ബഹുമാനിക്കുന്നവർക്കുവേണ്ടി, ദൈവത്തോടൊപ്പം നിൽക്കുന്നവർക്കുവേണ്ടി നീതിസൂര്യനുദിക്കും. അതിന്റെ ചിറകുകളിലാകട്ടെ സൗഖ്യമുണ്ടായിരിക്കും.
ഇന്നത്തെ സുവിശേഷത്തിന്റെ Focus ക്രിസ്തുവിന് ജീവിതംകൊണ്ട് സാക്ഷ്യം നല്കുന്നവരാകുക, ക്രിസ്തുവിനെ എതിർക്കുന്നവരാകരുത് എന്നതുതന്നെയാണ്. ജീവിതത്തിൽ നിന്ന് ക്ലേശങ്ങളെ നമുക്ക് മാറ്റിനിർത്തുവാൻ കഴിയില്ല. ജീവിതത്തിൽ നിന്ന് ബുദ്ധിമുട്ടുകളെ മാറ്റിനിർത്താനാകില്ല. ഈ ലോകത്തിന്റെ അവസാനം എന്നാണെന്നത് നമുക്കറിയില്ലെങ്കിലും, ലോകാവസാനം ഉണ്ടാകുമെന്നും, മനുഷ്യപുത്രൻ തന്റെ സർവ്വപ്രതാപത്തിലും വനമേഘങ്ങളിൽ ആഗതനാകുമെന്നും, അതിനുശേഷം അന്ത്യവിധിയുണ്ടാകുമെന്നും നാം വിശ്വസിക്കുകയും, പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ലോകാവസാനവും മാറ്റിനിർത്തുവാൻ നമുക്കാകില്ല. എന്നാൽ, പ്രിയപ്പെട്ടവരേ, ഈ ലോകത്തിലായിരിക്കുമ്പോൾ, തിന്മയെ നമ്മിൽ നിന്ന് മാറ്റിനിർത്തുവാൻ നമുക്കാകും. ക്രിസ്തു ദൈവമാണെന്ന് ഹൃദയത്തിൽ വിശ്വസിക്കുന്നവരാകാൻ, അധരംകൊണ്ട് ഏറ്റുപറയുന്നവരാകാൻ നമുക്ക് സാധിക്കും. ക്രിസ്തുവിനോടൊപ്പം, തിരുസ്സഭയോടൊപ്പം നടക്കുവാൻ നമുക്കാകും. ക്രിസ്തുവിനെ ക്ഷീണിപ്പിക്കുന്ന, ക്രിസ്തുവിനെ വീണ്ടും വീണ്ടും കുരിശിലേറ്റുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുവാൻ നമുക്കാകും. അപ്പോൾ അന്ത്യനാളുകളിൽപോലും ശിരസ്സുയർത്തി നിൽക്കുവാൻ നമുക്ക് സാധിക്കും.
സ്നേഹമുള്ളവരേ, ജെറുസലേം ദേവാലയം പോലുള്ള നമ്മുടെ വിശ്വാസ സൗധങ്ങൾ, നമ്മുടെ വിശ്വാസജീവിതങ്ങൾ തകർന്നുകൊണ്ടിരിക്കുകയല്ലേ? അയ്യായിരത്തിനും, അതിലുമേറെയും ലൈക്കുകൾ കിട്ടുന്ന videos, പോസ്റ്റുകൾ ഏതാണ് പ്രിയപ്പെട്ടവരേ? ക്രിസ്തുവിനെതിരായ, തിരുസ്സഭയ്‌ക്കെതിരായ videos, ലേഖനങ്ങൾ, പോസ്റ്റുകൾ അല്ലേ? കൂടുതൽ പോപ്പുലറായ ഹാഷ്ടാഗുകൾ # syro Malabar church, ##Holy Mass, #eesho എന്നതൊക്കെയല്ലേ? ക്രൈസ്തവർക്കിന്ന് ഒന്നിനോടും Commitment തോന്നുന്നില്ല. ഒന്നിനോടും! ക്രിസ്തുവിനോടോ, ക്രിസ്തുവിന്റെ മണവാട്ടിയെന്നും, ക്രിസ്തുവിന്റെ ശരീരമെന്നുമൊക്കെ വിശേഷിപ്പിക്കുന്ന തിരുസ്സഭയോടോ, തിരുസ്സഭയിലെ നിയമങ്ങളോടോ, തങ്ങളുടെതന്നെ വിശ്വാസത്തോടോ, ഒന്നിനോടും യാതൊരുവിധ പ്രതിബദ്ധതയുമില്ലാതെ, Commitments ഇല്ലാതെ, വെറും തരംതാഴ്ന്ന രാഷ്ട്രീയക്കാരുടെ പ്രവർത്തനശൈലികളുമായിട്ടാണ് ക്രൈസ്തവരിന്ന് മുന്നോട്ട് പോകുന്നത്. സ്വന്തം സ്വാർത്ഥതയെ പരിപോഷിപ്പിക്കുവാൻ വേണ്ടി ക്രിസ്തുവിനെ ഇകഴ്ത്തിക്കാട്ടുവാൻ ഇന്ന് ക്രൈസ്തവർക്ക് ഒരു മടിയുമില്ലാതായിരിക്കുന്നു. പിന്നെങ്ങനെ, ക്ലേശങ്ങളുടെ സമയങ്ങളിൽ, അന്തിമനാളുകളിൽ, ശത്രുക്കൾക്ക് മുൻപിൽ ക്രിസ്തുശിഷ്യരായി തലയുയർത്തി നിൽക്കാനാകും?!!
ഓരോ നിമിഷവും മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് അറിയാമെങ്കിലും, ഏത് നിമിഷവും ഞാൻ മരിക്കുമെന്നറിയാമെങ്കിലും, ഒരിക്കലും മരിക്കയില്ലയെന്ന ഹുങ്കിലാണ് പലരും!! അവർക്കായി കവയിത്രി സിസ്റ്റർ മേരി ബനീഞ്ഞയുടെ നാലുവരി കവിത പാടാം.
“സമർത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും/ സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിജ്ഞരും/ അമർന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ/ നമുക്കു പിന്നെയെന്തു ശങ്ക മാറ്റമൊന്നുമില്ലതിൽ!” (ലോകമേ യാത്ര)
പ്രിയപ്പെട്ടവരേ, അറിയണെ … ഭ്രമം ബാധിച്ച തലച്ചോറുമായി നടക്കുമ്പോൾ, തിമിരം ബാധിച്ച കണ്ണുകളുമായി നടക്കുമ്പോൾ, ഇരുപത്തിനാല് മണിക്കൂറും മൊബൈലും തൊട്ടുകൂട്ടി നടക്കുമ്പോൾ, രക്തബന്ധങ്ങളെ മറന്ന്, സ്നേഹവും സാഹോദര്യവും മറന്ന്, കുടുംബത്തെമറന്ന് സ്വാർത്ഥതയ്ക്ക് പിന്നാലെ ഓടിനടക്കുമ്പോൾ, സമ്പത്തിന്റെ പിന്നാലെ, ആഡംബരത്തിന്റെ പിന്നാലെ, ലോകസുഖങ്ങളുടെ പിന്നാലെ, അനൈക്യത്തിന്റെയും, വിഘടനവാദത്തിന്റെയും കാഹളം മുഴക്കി നടക്കുമ്പോൾ പ്രിയപ്പെട്ടവരേ, ഓർക്കണേ, ഈ ഭൂമിയിൽ ജീവിതം ധന്യമാക്കുവാൻ ഒന്നേ ചെയ്യേണ്ടതായിട്ടുള്ളു, ക്രിസ്തുവിന്റെ സ്വന്തമായിരിക്കുക; ക്രിസ്തുവിനെ സ്വന്തമാക്കുക. ഒരു കാര്യമേ ചിന്തിക്കേണ്ടതായിട്ടുള്ളു – ക്രിസ്തു, ക്രിസ്തുവിന്റെ സ്നേഹം. എന്തിന്, ഇന്നുള്ളതും, നാളെ തീയിലേറിയപ്പെടുന്നതുമായ പുല്ലുകൾക്ക് പിന്നാലെ പോകുന്നു? അനശ്വരനായ ക്രിസ്തുവിന്റെ പിന്നാലെ പോയി, നമ്മുടെ ഈ ഭൂമിയിലെ ജീവിതം ധന്യമാക്കാം.

ഈ ഞായറാഴ്ച്ച, ക്രിസ്തുവിനെ Reject ചെയ്ത് ചരിത്രം ആവർത്തിക്കുന്നവരാകാതെ, ക്രിസ്തുവിനെ Accept ചെയ്ത് പുതിയ ചരിത്രം എഴുതുന്നവരാകാൻ നമുക്കാകട്ടെ. ആമേൻ!
Reblogged this on Nelson MCBS.
LikeLike
Reblogged this on Nelsapy.
LikeLike
Thank you Fr. Saju, very pertinent observation that question the conscience of every Christian :
“Commitments ഇല്ലാതെ, വെറും തരംതാഴ്ന്ന രാഷ്ട്രീയക്കാരുടെ പ്രവർത്തനശൈലികളുമായിട്ടാണ് ക്രൈസ്തവരിന്ന് മുന്നോട്ട് പോകുന്നത്. സ്വന്തം സ്വാർത്ഥതയെ പരിപോഷിപ്പിക്കുവാൻ വേണ്ടി ക്രിസ്തുവിനെ ഇകഴ്ത്തിക്കാട്ടുവാൻ ഇന്ന് ക്രൈസ്തവർക്ക് ഒരു മടിയുമില്ലാതായിരിക്കുന്നു. പിന്നെങ്ങനെ, ക്ലേശങ്ങളുടെ സമയങ്ങളിൽ, അന്തിമനാളുകളിൽ, ശത്രുക്കൾക്ക് മുൻപിൽ ക്രിസ്തുശിഷ്യരായി തലയുയർത്തി നിൽക്കാനാകും?!! “
LikeLike
Thanks for your comment. We have to wake ourselves up for Christ!
LikeLike