മംഗളവാർത്താക്കാലം-ഞായർ 3
ഉത്പത്തി 18, 1-10
ന്യായ 13, 2-7
എഫേസൂസ് 3, 1-13
ലൂക്കാ 1, 57 – 80
സന്ദേശം

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ മംഗളവാർത്താക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്.
ക്രിസ്തുമസിന് ഒരുക്കമായുള്ള മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ „ഇതാ കർത്താവിന്റെ ദാസി „ എന്നും പറഞ്ഞ് സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തിത്തന്നത്. ഈ മൂന്നാം ഞായറാഴ്ചത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം, മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ച് പുത്രന് ജന്മം നൽകുന്നതും, കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നുവെന്നു കേട്ട അയൽവക്കക്കാരും ബന്ധുക്കളും സന്തോഷിക്കുന്നതും, ദൈവഹിതമനുസരിച്ച് കുഞ്ഞിന് യോഹന്നാൻ, ദൈവത്തിന്റെ സമ്മാനം എന്ന് അർഥം വരുന്ന യോഹന്നാൻ എന്ന് നാമകരണം ചെയ്യുന്നതും, ദൈവഹിതമനുസരിച്ചു് പ്രവർത്തിച്ചപ്പോൾ സഖറിയാസിന്റെ നാവ് സ്വതന്ത്രമാകുന്നതും, സഖറിയാസ് മകനെക്കുറിച്ചു ദർശനം പറയുന്നതുമാണ്.
വ്യാഖ്യാനം
രണ്ട് കാര്യങ്ങളാണ് നാമിന്നു ഈ സുവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്.
ഒന്ന്, നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്താൻ, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ മനോഹരമാക്കാൻ, നമ്മുടെ ക്രൈസ്തവജീവിതങ്ങളിലൂടെ ക്രിസ്തുവിനെ ലോകത്തിന് നൽകാൻ നാം എന്ത് ചെയ്യണം എന്നതാണ്. അതിനായുള്ള പ്രയത്നം മറ്റൊന്നുമല്ല, നമ്മുടെ ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുകയാണ്. ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും, പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് സഖറിയാസ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, ‘നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം’ എന്നാണ്. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു.
നാട്ടുനടപ്പുകളും, പാരമ്പര്യങ്ങളും തീർച്ചയായും മാനിക്കപ്പെടേണ്ടത് തന്നെയാണ്. ഡയലോഗും സമവായവും വളരെ നല്ലതാണ്. എന്നാൽ അവയെല്ലാം ദൈവേഷ്ടം നടപ്പാക്കാൻ നമ്മെ സഹായിക്കുന്നവയാകണം. നേരെ മറിച്ചാകരുത്. ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്. ഇന്ന് മതത്തിലൂടെ, മതവിശ്വാസികളിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ, തീവ്രവാദ സംഘടനകളുടെ സ്വരമാണ് നാം കേൾക്കുന്നത്. വിശ്വാസികളെ ദൈവത്തിന്റെ ഇഷ്ടം കണ്ടെത്താൻ സഹായിക്കുന്നതിന് പകരം, ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാൻ പഠിപ്പിക്കുന്നതിന് പകരം ഇന്ന് മതങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെ ചട്ടുകങ്ങളാകുകയാണ്; മതവിശ്വാസികൾ തീവ്രവാദ സംഘടനകളുടെ ചാവേറുകളാകുകയാണ്. ഈ സാഹചര്യം ഭയാനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെങ്കിലും ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുയാണ് നമ്മുടെ ദൗത്യം.
പഴയനിയമത്തിൽ ഉത്പത്തി പുസ്തകം അദ്ധ്യായം 24 ൽ തന്റെ ഏക മകൻ ഇസഹാക്കിനു ഒരു പെൺകുട്ടിയെ കണ്ടെത്താൻ അബ്രാഹം തന്റെ വിശ്വസ്തനായ വേലക്കാരനെ നിയോഗിക്കുന്നുണ്ട്. നീണ്ട യാത്രകൾക്കൊടുവിൽ അദ്ദേഹം റബേക്ക എന്ന പെൺകുട്ടിയെ കണ്ടെത്തുകയും അവളുടെ വീട്ടിൽച്ചെന്നു തന്റെ യജമാനന്റെ ആഗ്രഹം മാതാപിതാക്കളോടും ലാബാൻ എന്ന സഹോദരനോടും പറയുമ്പോൾ റബേക്കായുടെ പിതാവായ ബത്തുവേലും ചെറുപ്പക്കാരനായ ലാബാനും ഒരുമിച്ചു പറയുന്ന മറുപടി ഇങ്ങനെയാണ്: “ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല.” കർത്താവ് തിരുവുള്ളമായതുപോലെ കുടുംബജീവിതത്തെ രൂപപ്പെടുത്തുവാൻ അവർ ശ്രമിക്കുകയാണ്.
ഉത്പത്തി പുസ്തകം അധ്യായം 45 ൽ ജോസഫ് തന്നെത്തന്നെ സഹോദരങ്ങളുടെ മുൻപിൽ വെളിപ്പെടുത്തുന്ന ഒരു വൈകാരിക രംഗമുണ്ട്. “ഞാൻ ജോസഫാണ്” എന്നും പറഞ്ഞു തന്നെത്തന്നെ ജോസഫ് വെളിപ്പെടുത്തിയപ്പോൾ ഒന്നും സംസാരിക്കാൻ കഴിയാതെ സ്തംഭിച്ചുപോയ സഹോദരങ്ങളോട് ജോസഫ് പറഞ്ഞു:”എന്നെ ഇവിടെ വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട…കാരണം ജീവൻ നിലനിർത്താൻ വേണ്ടി നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്”. ജീവിതത്തിലുണ്ടായ, അതും സ്വന്തം സഹോദരങ്ങളിൽ നിന്നുണ്ടായ ദുരന്തത്തെപ്പോലും ദൈവത്തിന്റെ ഇഷ്ടമായി കാണാൻ, ദൈവത്തിന്റെ പദ്ധതിയായിക്കാണാൻ മാത്രം ആത്മീയതയിൽ വളർന്ന ജോസഫിനെയാണ് നാം ഇവിടെ കാണുന്നത്.
ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരൻ പറഞ്ഞ അനുഭവം ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. ആ ചെറുപ്പക്കാരനെ കണ്ടപ്പോൾ മുതൽ എന്തോ ദുഃഖം അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി. കുഞ്ഞു സംസാരങ്ങളിലൂടെ ഞങ്ങൾ അറിയാതെ തന്നെ ഞങ്ങൾക്കിടയിൽ ഒരു സൗഹൃദം ഉടലെടുത്തു. അപ്പോഴാണ് അദ്ദേഹത്തിന്റെ കഥ എന്നോട് പറഞ്ഞത്. നാട്ടിൽ ഭാര്യയും, മൂന്ന് മക്കളുമുണ്ട്, പിന്നെ അപ്പച്ചനും അമ്മച്ചിയും. നാട്ടിലെ ബിസിനസ്സ് പോരാ എന്ന് തോന്നിയപ്പോൾ മുംബൈയ്ക്ക് വണ്ടികയറി. മാതാപിതാക്കൾക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു. നാട്ടിലെ ബിസിനസ് പോരേയെന്നാണ് അവർ ചോദിച്ചത്. എന്നാൽ, അവരുടെ ഇഷ്ടത്തിന് വിലകൊടുക്കാതെ അയാൾ മുംബൈയിലെത്തി. ബിസിനസ് നന്നായി നടത്തുവാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിരുന്നു. എന്നാൽ, എപ്പോഴും പല പല തടസ്സങ്ങൾ…ചുരുക്കി പറഞ്ഞാൽ, ഇപ്പോൾ ബിസിനസ് നഷ്ടത്തിലാണ്. വീട്ടിൽ രണ്ടാമത്തെ കുഞ്ഞിന് അസുഖമായതുകൊണ്ടാണ് നാട്ടിലേക്ക് യാത്രയായത്. അദ്ദേഹത്തെ കേട്ട്, അല്പം ശാന്തമായിരുന്ന ശേഷം ഞാൻ പറഞ്ഞു, “സ്നേഹിതാ, ബിസിനസ് നഷ്ടമായതും, കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുന്നതും മറ്റൊന്നും കൊണ്ടല്ല. താങ്കളുടെ ചിന്തകൾ കൊണ്ടാണ്. മാതാപിതാക്കളുടെ ഇഷ്ടത്തിന് എതിരായിട്ടാണല്ലോ ഞാൻ ബിസ്നസ് നടത്തുന്നത് എന്ന ചിന്തയല്ലേ എപ്പോഴും താങ്കളുടെ മനസ്സിൽ? ആ ചിന്ത തന്നെ താങ്കളുടെ ഹൃദയത്തെ വിഭജിതമാക്കുന്നു. അതുകൊണ്ടു തന്നെ, ദൈവത്തിന്റെ ആത്മാവിന്റെ പ്രവർത്തനം താങ്കളിൽ നടക്കുന്നില്ല. വീട്ടിൽ ചെന്ന് മാതാപിതാക്കളുമായി സംസാരിക്കുക. നല്ലൊരു കുമ്പസാരം നടത്തുക. പരിശുദ്ധാത്മാവിന്റെ കൃപകളും വരങ്ങളും താങ്കളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും.” സ്നേഹമുള്ളവരേ, ഇന്ന് അദ്ദേഹവും കുടുംബവും ക്രിസ്തുവിൽ സന്തോഷത്തോടെ ജീവിക്കുന്നു.
ജീവിതത്തിലെ പ്ലാനുകളും പദ്ധതികളും സ്വപ്നങ്ങളുമെല്ലാം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ക്രമീകരിക്കപ്പെടുമ്പോഴാണ് ക്രൈസ്തവജീവിതം ക്രിസ്തുവിനോടൊത്തുള്ളതാകുന്നത്, ക്രിസ്തുമസ് നമ്മിൽ സംഭവിക്കുന്നത്. ഇന്നത്തെ സുവിശേഷ ഭാഗത്തും ഇതുതന്നെയാണ് നാം കാണുന്നത്. ദൈവേഷ്ടം അന്വേഷിക്കുമ്പോൾ, അത് പൂർത്തീകരിക്കുവാൻ തയ്യാറാകുമ്പോൾ സഖറിയാസിന്റെ കുടുബത്തിൽ അത് ദൈവകൃപയുടെ വസന്തോത്സവമാകുകയാണ്. ചങ്ങലകളെല്ലാം അഴിയുകയാണ്. സഖറിയാസ് സ്വതന്ത്രനാകുകയാണ്. ദൈവത്തിന്റെ കരം സഖറിയാസിന്റെ കുടുബത്തിൽ ദർശിക്കുവാൻ ജനത്തിനു സാധിക്കുകയാണ്.
രണ്ട്, നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ തകർക്കുന്ന പ്രവർത്തനങ്ങൾ ലോകത്തിൽ സംഭവിക്കുമ്പോൾ, സഭയിൽ ഉണ്ടാകുമ്പോൾ, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാൻ നമുക്കാകണം. മൂകനായ സഖറിയാസ് ആ ഒൻപത് മാസവും പ്രാർത്ഥനയിൽ, ഉപവാസത്തിൽ ആയിരുന്നതുപോലെ, ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ നമുക്കാകണം. അപ്പോൾ, നമ്മുടെ കുടുംബങ്ങളെ ക്രിസ്തുമസിന്റെ സന്തോഷത്താൽ, നിറയ്ക്കുവാനാകും. മാത്രമല്ല, വരും തലമുറയെ വിശ്വാസത്തിൽ വളർത്തിയെടുക്കാൻ നമുക്കാകും. അതിനായി മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകും. പാർട്ടിക്ലാസ്സുകളിൽ പറയുന്നപോലത്തെ ഒരു താത്വികമായ അവലോകനത്തെ പറ്റിയല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്. ക്രൈസ്തവരെല്ലാവരും, പ്രത്യേകിച്ച് ക്രൈസ്തവ മാതാപിതാക്കൾ അവശ്യം എത്തിച്ചേരേണ്ട അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത് – മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം.
എത്ര മനോഹരമായിട്ടാണ്, എത്ര വിശ്വാസത്തോടെയാണ് സഖറിയാസ് പറയുന്നത്: “നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കുവാൻ നീ പോകും.” നിങ്ങൾക്ക് സഖറിയാസിനോട് അസൂയ തോന്നുന്നില്ലേ? നമുക്കൊക്കെ എത്ര പുത്രന്മാരും, പുത്രിമാരും ഉണ്ടായിരിക്കുന്നു. അവരെക്കുറിച്ചു നമുക്ക് ദർശനങ്ങൾ ഉണ്ടാകുന്നുണ്ടോ? തലേ ദിവസം അമ്മയുടെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചു അമ്മയുടെയും പപ്പയുടെയും ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറഞ്ഞു പിറ്റെന്നു കോളേജിൽ പോയ മകൾ കൂട്ടുകാരന്റെകൂടെ, അതും അന്യമതസ്ഥനായ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയപ്പോൾ ആരാണ് തോറ്റത്? ആരാണ് ജയിച്ചത്? മാസങ്ങളായി സ്കൂളിൽ നിന്ന് വരുന്ന മകൻ മയക്കുമരുന്ന് കൊണ്ടുവരികയും, കലണ്ടറിന്റെ പുറകിലും, ഡിക്ഷ്ണറിയിലും മറ്റും ഒളിപ്പിച്ചു വയ്ക്കുകയും, അത് ഉപയോഗിക്കുകയും ചെയ്തിട്ടും മാതാപിതാക്കൾക്ക് അത് മനസ്സിലാകുന്നില്ല. അവർക്കു അത് sense ചെയ്യാൻ പറ്റുന്നില്ല.
മക്കളെക്കുറിച്ചു ദർശനങ്ങൾ പോയിട്ട് അവർ എന്താണ് ചിന്തിക്കുന്നതെന്നു നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നില്ല. വീട്ടിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ മക്കൾ പറയുന്ന ഡയലോഗുകൾ കേട്ട് മാതാപിതാക്കൾ അന്തംവിടുകയാണ്!!! എന്തൊക്കെയാണ് ഇവർ ചിന്തിക്കുന്നത്? എന്തൊക്കെയാണ് ഇവർ പറയുന്നത്? “തമ്പുരാനേ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ” എന്നോർത്ത് തലയിൽ കൈവച്ചുപോകുകയാണ് മാതാപിതാക്കൾ!
അമ്മിഞ്ഞകുടിക്കുന്ന കുഞ്ഞിന്റെ ഓരോ മൂളലിന്റെയും അർഥം മനസിലാക്കി തിരിച്ചു മൂളുകയും സംസാരിക്കുകയും ചെയ്തിരുന്ന അമ്മമാർക്കു പോലും മക്കൾ വലതുതായിവരുമ്പോൾ അവരെ മനസ്സിലാകുന്നില്ല. അവരെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുന്നില്ല. സത്യമല്ലേ പ്രിയപ്പെട്ടവരേ? ഇന്ന് നമ്മുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇതല്ലേ? ആർക്കും ആരെക്കുറിച്ചും ദർശനങ്ങൾ ഉണ്ടാകുന്നില്ല.
എനിക്ക് സഖറിയാസിനോട് അസൂയ തോന്നുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്? സ്വന്തം മകനെക്കുറിച്ചു എങ്ങനെയാണ് അദ്ദേഹത്തിന് ദർശനം ലഭിച്ചത്? ഉത്തരം ഒന്നേയുള്ളു – പരിശുദ്ധാത്മാവിന്റെ കൃപകൊണ്ട്. ഓരോ മനുഷ്യന്റെയും ആത്മീയ ജനിതകത്തിൽ ഉള്ള ഒന്നാണ് പരിശുദ്ധാത്മാവിന്റെ കൃപ. കാരണം, ദൈവത്തിന്റെ ആത്മാവാണ് നമ്മെ നയിക്കുന്നത്. ഈ ആത്മാവിനെ നമുക്ക് നൽകുവാനാണ് ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. ഈ പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനപ്പെടുത്തുവാനാണ് ക്രിസ്തു വരുന്നതെന്ന് ലോകത്തോട് പറയുക എന്നതായിരുന്നു (ലൂക്ക 3, 16) സ്നാപക യോഹന്നാന്റെ ദൗത്യം. ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് അറിയുവാനും, നമ്മുടെ ജീവിതത്തെക്കുറിച്ചു, കുടുംബത്തെക്കുറിച്ചു, മക്കളെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുവാനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും ആത്മ്മാവിനാൽ നയിക്കപ്പെടുന്നവരുമാകണം നാം. ദൈവസന്നിധിയിൽ നീതിനിഷ്ഠനാകുക, ദൈവേഷ്ടം ജീവിതത്തിൽ നിവർത്തിക്കുക. പരിശുദ്ധാത്മാവേ, അങ്ങയുടെ കൃപകളാലും വരങ്ങളാലും എന്നെ നിറക്കുകയെന്നു പ്രാർത്ഥിക്കുക. അപ്പോൾ മക്കളെക്കുറിച്ചു നമുക്കും ദൈവം ദർശനങ്ങൾ നൽകും.
ദൈവേഷ്ടത്തിന്റെ മഴയിൽ നനയുകയെന്നതാണ് ക്രിസ്തുമസിന്റെ സന്തോഷത്തിലേക്കുള്ള വഴി. ഗദ്സെമനിയിൽ സങ്കടങ്ങളുടെ രാത്രിയെ ഈശോ മറികടക്കുന്നത് എങ്ങനെയാണ്? കാൽവരി യാത്രയുടെ അപമാനവും, കനൽവഴിയിലെ പൊള്ളലുകളും, കാൽവരിയിലെ കുരിശുമരണവും രക്തംവിയർക്കത്തക്കവിധം അവിടുത്തെ ഞെരിച്ചപ്പോൾ, ഈശോ അവയെയെല്ലാം മറികടക്കുന്നത് ഇങ്ങനെയാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ജീവിതത്തിൽ ദൈവേഷ്ടം നിറവേറ്റുകയെന്നത് ലഹരിയാകുന്നവർക്ക് കുരിശുമരണവും, സിംഹക്കൂടുമൊന്നും ഭയാനകങ്ങളല്ല. ദൈവേഷ്ടം നിറവേറ്റുകയെന്ന മനോഭാവത്തെ വീണ്ടെടുക്കുകയാണ് ജീവിത പ്രശ്നങ്ങളെ ക്രൈസ്തവോചിതമായി നേരിടുവാനുള്ള വഴി. എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നിടത്തുനിന്ന് ചില മനുഷ്യർ പിടിച്ചു കയറുന്നത് കണ്ടിട്ടില്ലേ? എത്ര ശ്രമിച്ചാലും നേടാൻ സാധിക്കുകയില്ലായെന്ന് വിചാരിക്കുന്നിടത്തുനിന്ന് ചിലർ നേടിയെടുക്കുന്നത് കണ്ടിട്ടില്ലേ? പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർ പെട്ടെന്ന് ഒരുനാൾ അവയിൽ നിന്ന് പുറത്തുവരുന്നത് കണ്ടിട്ടില്ലേ? എങ്ങനെയാണത് സംഭവിക്കുന്നത്? അതിന്റെ സൂത്രവാക്യം ഇതാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ഇങ്ങനെ പറയുന്ന നിമിഷം മുതൽ നിന്റെ കെട്ടുകളഴിയും; നീ സംസാരിച്ചു തുടങ്ങും. നിന്റെ ജീവിതം ദൈവത്തിന്റെ സമ്മാനംകൊണ്ട് നിറയും. അസാധ്യമെന്ന് തോന്നിയതെല്ലാം നിന്റെ ജീവിതത്തിൽ സാധ്യമാകും.
സമാപനം
സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ അസ്വസ്ഥരാക്കണം. പ്രത്യേകിച്ച് ഇന്നത്തെ ലോകത്തിൽ. നാം അദ്ധ്വാനിക്കുന്നുണ്ട്, മക്കൾക്കുവേണ്ടി 24 മണിക്കൂറും ആകുലപ്പെടുന്നുണ്ട്. നല്ല ക്രൈസ്തവരായി ജീവിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, നമ്മുടെ ക്രൈസ്തവ ജീവിതം എത്രമേൽ ഫലപ്രദമാണ്? ദൈവേഷ്ടത്തിന്റെ ആഘോഷമാണോ നമ്മുടെ ജീവിതം? ദൈവം ദർശനങ്ങൾ നൽകാൻ മാത്രം യോഗ്യതയിലാണോ, വിശുദ്ധിയിലാണോ നമ്മുടെ ജീവിതം? ദൈവത്തോട് നന്ദിയുള്ളവരാണോ? ഉറച്ച ദൈവ വിശ്വാസമുള്ളവരാണോ? നമ്മുടെ അനുദിന ജീവിത പ്രവർത്തികൾ, ആധ്യാത്മിക കാര്യങ്ങൾ നമ്മെ ക്രിസ്തുവിലേക്കു അടുപ്പിക്കുന്നുണ്ടോ?
ക്രിസ്മസിന് ഒരുക്കമായി ഈ ചിന്തകളിലൂടെ ഇന്ന് നമ്മുടെ മനസ്സുകൾ കടന്നുപോകട്ടെ. ക്രിസ്തുമസിനൊരുങ്ങുന്ന എല്ലാ സഹോദരീസഹോദരരെയും, വിശ്വാസത്തിനുവേണ്ടി വേദന സഹിക്കുന്ന എല്ലാവരെയും ഈ ബലിയിൽ ഓർത്തു പ്രാർത്ഥിക്കാം. നമുക്ക് പ്രാർത്ഥിക്കാം:

ഈശോയെ, ആസുരമായ ഒരു കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അങ്ങേ നന്മകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ, ഞങ്ങളുടെ കുടുംബങ്ങളെ പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറയ്ക്കണമേ. ഞങ്ങളുടെ മക്കളെ സ്നാപകനെപ്പോലെ ആത്മാവിൽ ശക്തിപ്പെടുത്തണമേ. ആമ്മേൻ!
Reblogged this on Nelsapy.
LikeLike
Thanks for following my Blog
LikeLike
Reblogged this on Nelson MCBS.
LikeLike
Thanks dear Nelson!
LikeLiked by 1 person