SUNDAY SERMON JN 2, 1-11

ദനഹാക്കാലം നാലാം ഞായർ

സംഖ്യ 11, 23-35

ഏശയ്യാ 46, 5-13

ഹെബ്രാ 7, 23-28

യോഹന്നാൻ 2, 1-11

പ്രധാന ആശയം

ക്രിസ്തുമതത്തിന്റെ ആധ്യാത്മികതയെ വെളിപ്പെടുത്തുന്ന, ആന്തരികതയെ വ്യക്തമാക്കുന്ന സുന്ദരമായ ഒരു അത്ഭുതമാണ് കാനായിലെ കല്യാണവിരുന്നിൽ സംഭവിച്ചത്. ക്രിസ്തുമതത്തിലെ ആന്തരികയെന്നത് നിരന്തരം വളരുന്ന, രൂപാന്തരം പ്രാപിക്കുന്ന, മനോഹരമായി ഇതൾവിടരുന്ന ദൈവികതയാണ്, വെള്ളം വീഞ്ഞാകുന്ന അത്ഭുതമാണ്. ക്രൈസ്തവജീവിതം എന്നത്, വെള്ളം വീഞ്ഞാകുന്ന, മാനുഷികത ദൈവികതയാകുന്ന, മാനുഷിക ബലഹീനത, ദൈവകൃപയാൽ ദൈവിക ശക്തിയാകുന്ന വലിയൊരു അത്ഭുതമാണ്.

പശ്ചാത്തലം

വാസ്തവത്തിൽ, മനുഷ്യൻ, ഇന്നുവരെ വെളിപ്പെടുത്തപ്പെട്ട വേദഗ്രന്ഥങ്ങളെ, അവയുടെ ആത്മാവിനെ ശരിക്കും മനസ്സിലാക്കിയിട്ടില്ല. വേദഗ്രന്ഥങ്ങളുടെ അന്തസത്ത എന്തെന്ന് അന്വേഷിക്കുവാൻ മനുഷ്യൻ അധികം മെനക്കെട്ടിട്ടില്ല. അങ്ങനെത്തന്നെയാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്ന് വായിച്ചുകേട്ട കാനായിലെ അത്ഭുതത്തെ ക്രൈസ്തവർപോലും വ്യക്തമായി മനസ്സിലാക്കിയിട്ടില്ല. ഈ ഭൂമിയിലെ മനുഷ്യന്റെ ജീവിതത്തെ ആസ്പദമാക്കി വേദങ്ങളെ, സുവിശേഷങ്ങളെ, അവയിൽ വിവരിക്കുന്ന അത്ഭുതങ്ങളെ വ്യാഖ്യാനിക്കാമെങ്കിലും, അവയുടെയൊക്കെ സത്ത, Essence ആന്തരികതയാണ്, ആധ്യാത്മികതയാണ്. ഒറ്റ സ്വരത്തിൽ അവയെല്ലാം വിളിച്ചുപറയുന്നത് രൂപാന്തത്തെക്കുറിച്ചാണ്. മനുഷ്യൻ ഈ ഭൂമിയിൽ അവളുടെ/അവന്റെ സ്വാഭാവിക പ്രവണതകൾക്കനുസരിച്ച്, മാനുഷിക ചോദനകൾക്കനുസരിച്ച് ജീവിച്ച് മരിക്കേണ്ട ഒന്നല്ല. അങ്ങനെ ജീവിച്ചാൽ മനുഷ്യന്റെ ഈ ഭൂമിയിലെ ജീവിതം വെറും വയലിലെ പുല്ലിന് സദൃശ്യമാകും. ദൈവാത്മാവിനാൽ നിറഞ്ഞ മനുഷ്യൻ തന്നിലെ ദൈവികതയെ ഊതിക്കത്തിച്ച് ആ ദൈവിക പ്രകാശത്താൽ നിറയേണ്ടവളും, നിറയേണ്ടവനുമാണ്. മറ്റെരുവാക്കിൽ, വെറും വെള്ളമായ മനുഷ്യൻ വീഞ്ഞായി തീരേണ്ട മഹാത്ഭുതത്തിലൂടെ കടന്നുപോകേണ്ടവനാണ്. അങ്ങനെ ദൈവികതയുടെ സുവർണ താക്കോൽ കണ്ടെത്തി ജീവിതത്തിൽ ദൈവിക വസന്തം വിടർത്തേണ്ട, അതിനോടൊപ്പം നൃത്തം ചെയ്യേണ്ടവനാണ് മനുഷ്യൻ.

ഇന്നത്തെ സുവിശേഷ ഭാഗം കേവലം വെറുമൊരു മാനുഷിക സാഹചര്യത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു കല്യാണവീടിന്റെ മനോഹരമായ ഇടത്തിലാണ് ഈ അത്ഭുതം സംഭവിക്കുന്നത്. ഗലീലിയ എന്ന വലിയ പ്രദേശത്തുള്ള കാന എന്ന ഗ്രാമത്തിലെ  ഒരു കല്യാണവീട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈശോയുടെ ആദ്യത്തെ അത്ഭുതത്തിനുള്ള, അതിലൂടെ തന്റെ ദൈവിക പ്രാഭവം വെളിപ്പെടുത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ഒരു സാഹചര്യം. ഈ ഭൂമിയിൽ താൻ മനുഷ്യനായി അവതരിച്ചതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വ്യക്തമായി ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുവാൻ സാധിക്കുന്ന എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഒരു സീൻ. എന്താണ് ഈശോയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ? എന്തിനാണ് ദൈവം മനുഷ്യനായി പിറന്നത്? എന്തിനാണ് സ്വർഗം ഈ ഭൂമിയിൽ വന്ന് മണ്ണിനെ പുണർന്നത്? ഉത്തരം ഒന്നേയുള്ളു. മനുഷ്യനെ ദൈവികതയാൽ നിറയ്ക്കുവാൻ. മണ്ണിനെ വിണ്ണോളമുയർത്തുവാൻ! മൃഗീയതയിൽ രമിക്കുന്ന മനുഷ്യനെ, ദൈവകൃപയാൽ നിറച്ച് ദൈവമകളാക്കുവാൻ, ദൈവമകനാക്കുവാൻ! വെറും വെള്ളമായ മനുഷ്യനെ വീഞ്ഞാക്കുവാൻ! ഇവിടെ വെള്ളമുണ്ട്, വീഞ്ഞുണ്ട്. പരിശുദ്ധ അമ്മയുണ്ട്, ഭാവിയിൽ ശ്ലൈഹിക പിന്തുടർച്ചയ്ക്കായുള്ള ശിഷ്യരുണ്ട്. വീഞ്ഞ് തീർന്നുപോകുന്ന അവസ്ഥ കല്യാണവീടുകളിൽ വെറും സാധാരണമാണ്. ഇങ്ങനെയുള്ള അവശ്യഘട്ടത്തിൽ സഹായിക്കാനെത്തുന്നവൻ തീർച്ചയായും ഒരു ദൈവ പുരുഷൻ തന്നെയാകും.  ക്രിസ്തുവിന് ഇടപെടുവാൻ തീർത്തും അനുയോജ്യമായ സാഹചര്യം. ജനം, ലോകം എത്രമാത്രം തന്റെ മനസ്സ് വായിക്കുമെന്ന് ഈശോയ്ക്കറിയില്ലെങ്കിലും, അവിടുന്ന് ഇടപെടുകയാണ്.

വ്യഖ്യാനം 1

കല്യാണവീട്ടിലെ ഇല്ലായ്മയുടെ വേളയിൽ ഈശോയുടെ ഇടപെടലിലൂടെ അവരുടെ നാണക്കേട് മാറുകയും അവർ വിസ്മയഭരിതരാകുകയും ചെയ്യുന്നുണ്ട്. നല്ലതുതന്നെ. എന്നാൽ ഈശോയുടെ മനസ്സിൽ നിറഞ്ഞു നിന്നത് രണ്ട് ഘടകങ്ങളാണ്. വെള്ളവും വീഞ്ഞും.

യഹൂദപാരമ്പര്യത്തിന്റെ സംസ്കാരംപേറുന്ന ആറ് ശൂന്യമായ കൽഭരണികൾ അവിടെ ഉണ്ടായിരുന്നു.  അവ ഉപയോഗിച്ചിരുന്നതാകട്ടെ ശുദ്ധീകരണകർമ്മങ്ങൾക്കുവേണ്ടിയായിരുന്നു. ഈശോ പറയുന്നത് ശ്രദ്ധിക്കുക: “ഭരണികളിൽ വെള്ളം നിറയ്ക്കുവിൻ”. ഈശോ വെള്ളം എന്ന ഘടകത്തെ അവിടെ കൊണ്ടുവരികയാണ്. ഈശോയ്ക്ക് വേണമെങ്കിൽ ഒറ്റവാക്കിൽ കല്യാണവീട്ടുകാരുടെ ആവശ്യം സാധിതമാക്കാമായിരുന്നു. വീഞ്ഞ് നിറയട്ടെ എന്ന് ഒരു രജനീകാന്ത് സ്റ്റൈലിൽ കയ്യൊന്ന് വായുവിൽ കറക്കി പറഞ്ഞാൽ മതിയായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അത്ഭുതം ഒന്നുകൂടി സ്റ്റൈലാകുമായിരുന്നു. പക്ഷെ ഈശോ പറയുന്നത് വെള്ളം നിറയ്ക്കുവിൻ എന്നാണ്. വെള്ളം ഇവിടെ ഒരു പ്രതീകമാണ്, ശൂന്യമായ യഹൂദ പാരമ്പര്യത്തിന്റെ പ്രതീകം. നശ്വരമായ സകലത്തിന്റെയും പ്രതീകം. മൂന്ന് ദിവസത്തിൽ കൂടുതൽ വെള്ളം കേടുകൂടാതിരിക്കുകയില്ല. ഇന്ന് കുപ്പികളിൽ കിട്ടുന്ന വെള്ളത്തെക്കുറിച്ചല്ലാ കേട്ടോ ഞാൻ പറയുന്നത്. മൂന്ന് ദിവസമാകുമ്പോഴേക്കും ദുർഗന്ധം വന്നുതുടങ്ങും. വെള്ളം മനുഷ്യന്റെ പ്രതീകമാണ്. മനുഷ്യന്റെ ബലഹീനതകളുടെ, മനുഷ്യനിലെ എല്ലാ തിന്മകളുടെ, യുദ്ധങ്ങളുടെ, സംഘർഷങ്ങളുടെ, ആർത്തിയുടെ, നശീകരണപ്രവണതകളുടെ, പ്രായംചെല്ലുംന്തോറും ഇല്ലാതാകുന്ന നന്മകളുടെ പ്രതീകമാണ്. ഇന്നുണ്ടായി അല്പം കഴിഞ്ഞ് കൊഴിഞ്ഞുപോകുന്ന പൂവിന് സമമാണ് മനുഷ്യൻ. ആ മനുഷ്യന്റെ പ്രതീകമാണ് വെള്ളം.

ദിവസങ്ങൾ കഴിയുന്തോറും ചീഞ്ഞുതുടങ്ങുന്ന വെള്ളംപോലെ മനുഷ്യനിലെ നിഷ്കളങ്കത ഇല്ലാതാകുകയാണ്. മനുഷ്യന് പ്രായം കൂടുന്നുണ്ട്. അവൾ/ അവൻ വളരുകയാണ്. എന്നാൽ അവൾ/അവൻ കൂടുതൽ നിഷ്കളങ്കരാകുന്നില്ല. അവൾക്ക്/അവനു കൂടുതൽ ഉൾക്കാഴ്ച്ച കിട്ടുന്നില്ല, കൂടുതൽ ദൈവികരാകുന്നില്ല. അവർ ദുർഗന്ധം നിറഞ്ഞ, ചീഞ്ഞളിഞ്ഞ വ്യക്തിത്വങ്ങളാകുകയാണ്. വെറും വെള്ളം!!ഇതാണ് ഈശോയെ അലട്ടുന്ന പ്രശ്നം. ദൈവം നൽകുന്ന നിഷ്കളങ്കത, ദൈവികത, മനുഷ്യൻ നഷ്ടപ്പെടുത്തുന്നു. അവൾ/അവൻ പിന്നീട് അതിലേക്ക് രൂപാന്തരപ്പെടുന്നില്ല. 

വിവരണം

കുഞ്ഞു മരിയയ്ക്ക് 3 വയസ്സുള്ളപ്പോഴാണ് ഒരു അനുജൻ പിറക്കുന്നത്.  നക്ഷത്രക്കണ്ണുള്ള ആ കുഞ്ഞിനെ തൊടാനും ലാളിക്കാനും മരിയയ്ക്ക് വലിയ ഇഷ്ടമാണ്. അവളുടെ ഒരു ആഗ്രഹം മാതാപിതാക്കളെ തെല്ല് അസ്വസ്ഥതപ്പെടുത്തി.  കുഞ്ഞിനെ അവളുടെ മടിയിൽ കിടത്തി മാതാപിതാക്കൾ മുറിയിൽ നിന്ന് മാറി നിൽക്കണം എന്നാണ് അവൾ പറയുന്നത്. എന്തിനായിരിക്കും? എന്തോ രഹസ്യം പറയാൻ ആണത്രേ. കുഞ്ഞുങ്ങൾ ഇളയവരെ ഉപദ്രവിക്കാറുണ്ട് എന്ന് കേൾക്കാറുണ്ടല്ലോ. ഒരു ദിവസം അവളുടെ ആഗ്രഹപ്രകാരം കുഞ്ഞിനെ മടിയിൽ കിടത്തി, പപ്പയും മമ്മിയും മുറിയിൽ നിന്ന് പുറത്തിറങ്ങി. അവർ തനിച്ചായപ്പോൾ മരിയ കുഞ്ഞിനെ ചുംബിച്ചു. എന്നിട്ട് കാതിൽ ഒരു രഹസ്യം എന്നതുപോലെ ചോദിച്ചു” “പറയൂ, ദൈവം എങ്ങനെയാണ് ഇരിക്കുന്നത്? സ്വർഗ്ഗം എങ്ങനെയാണ്? ഞാൻ എല്ലാം മറന്നു തുടങ്ങിയിരിക്കുന്നു.” (ആഴം, ഡോ. ഫാ. ഷിന്റോ മംഗലത്ത് വി.സി., പേജ് 42)

അങ്ങനെയായിരുന്നു മനുഷ്യവംശത്തിന്റെ ബാല്യം.  ഈ മണ്ണിൽ പിറന്നുവീണ് വളർന്നു തുടങ്ങുമ്പോൾ സ്വർഗ്ഗവും ദൈവവും ഒക്കെ വിസ്മരിക്കപ്പെട്ടു പോകുന്നു. മനുഷ്യനെ ആ നിഷ്കളങ്കതയിലേക്ക്, ദൈവികതയിലേക്ക് വീണ്ടെടുക്കാനാണ് ഈശോ വന്നത്. “ഭരണികളിൽ വെള്ളം നിറയ്ക്കുവിൻ.“ ഈ വാക്കുകൾ എന്റെ ഹൃദയത്തിൽ അലയടിച്ചുകൊണ്ടിരിക്കുന്നു.

വ്യാഖ്യാനം 2

വെള്ളം പകർന്ന് കാലവറക്കാരന്റെ അടുത്ത് എത്തിയപ്പോഴേയ്ക്കും അത് വീഞ്ഞായി മാറിയിരുന്നു. രൂപാന്തരപ്പെട്ടിരുന്നു. വീഞ്ഞ് ദൈവികതയുടെ പ്രതീകമാണ്. ക്രിസ്തുവിന്റെ പ്രതീകമാണ്. അനശ്വരമായ സകലത്തിന്റെയും പ്രതീകം. വീഞ്ഞ് നിങ്ങൾ സൂക്ഷിച്ചു വയ്ക്കൂ …ദിവസം ചെല്ലുംന്തോറും അതിന്റെ രുചി കൂടിവരും. വീര്യം കൂടിവരും. അത് ഒരിക്കലും നശിച്ചുപോകുകയില്ല. അത് Spirit ആണ്. Spirit ന് നാശം ഇല്ലല്ലോ. ഈശോയുടെ തത്വം ഇതാണ്. മനുഷ്യനിലെ നഷ്ടപ്പെട്ട് പോയ നിഷ്കളങ്കത, ദൈവികത, അനശ്വരത വീണ്ടെടുക്കുക. അതിലേക്ക് മനുഷ്യൻ രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. വെള്ളം വീഞ്ഞായി രൂപപ്പെട്ടതുപോലെ. ഈശോയുടെ സുവിശേഷം രൂപാന്തരത്തിന്റെ, Transformation ന്റെ സുവിശേഷമാണ്.

മനുഷ്യജീവിത സാഹചര്യങ്ങളിൽ രൂപാന്തരത്തിന്റെ അത്ഭുതം മനുഷ്യനിൽ നടക്കണം. രൂപാന്തരത്തിലൂടെ പ്യൂപ്പയിൽ നിന്ന് ദൈവികതയിലേക്ക് ഉണരുന്ന ശലഭമായി തീരുന്ന അത്ഭുതം നടക്കേണ്ടിയിരിക്കുന്നു. മൃഗീയതിൽ അഭിരമിക്കുന്ന, ലോകത്തിന്റെ ആഡംബരങ്ങളിൽ മുഴുകുന്ന മനസ്സുകൾക്ക് ഈ രൂപാന്തരത്തിന്റെ കഥയോട് വലിയ താത്പര്യം ഉണ്ടാകില്ല. എന്നാൽ രൂപാന്തരത്തിലേക്ക് മനുഷ്യനെ നയിക്കുവാനാണ് ക്രിസ്തു ഈ ഭൂമിയിൽ വന്നത്. അതുകൊണ്ടാണ് തന്റെ ആദ്യത്തെ അത്ഭുതം തന്നെ മഹത്വപൂർണമാക്കുവാൻ അവിടുന്ന് ആഗ്രഹിച്ചത്.  

സന്ദേശം

ശുദ്ധീകരണകർമത്തിന് ഉപയോഗിച്ചിരുന്ന കൽഭരണികളെ ഈശോ രൂപാന്തരത്തിന്റെ പാത്രങ്ങളാക്കി മാറ്റുകയാണ്. ഈ ഭൂമിയിലെ മനുഷ്യന്റെ ജീവിതം ശുദ്ധീകരിക്കപ്പെടുവാനുള്ളതാണ്. രൂപാന്തരത്തിലേക്ക് കടന്നെത്തി നിൽക്കുവാനുള്ളതാണ്. മനുഷ്യന്റെ സാധാരണ ആവശ്യങ്ങളിൽ, ശൂന്യതകളിൽ നിറവായി വരുന്നവനാണ് ക്രിസ്തു. മനുഷ്യന്റെ ഇല്ലായ്മയെ, ഉള്ളായ്മയാക്കി മാറ്റുന്നവനാണ് ദൈവം. ഉറപ്പുതന്നെ. എന്നാൽ ആ നിറവ് രൂപാന്തരത്തിന്റെ, വീഞ്ഞിന്റെ, ദൈവികതയുടെ നിറവായി മാറണം. ഈശോ നമ്മെ ക്ഷണിക്കുന്നത് ഈ രൂപാന്തരത്തിലേക്ക് നാം എത്തിച്ചേരുവാനാണ്.

കാരണം, ക്രിസ്തു ലക്‌ഷ്യം വയ്ക്കുന്നത് ഉന്നതമായവയെയാണ്. ശരിയാണ്, മനുഷ്യന്റെ മാനുഷിക ആവശ്യങ്ങള പ്രധാനപ്പെട്ടതുതന്നെ. പക്ഷേ, ക്രിസ്തു നമ്മെ ക്ഷണിക്കുന്നത് അതുക്കും മേലെ സ്വർഗ്ഗത്തിലേക്കാണ്.  

നാമോരോരുത്തരും, ക്രിസ്തുവിന്റെ സഭയിൽ, കത്തോലിക്കാ തിരുസഭയിൽ മാമ്മോദീസയിലൂടെ അംഗങ്ങളായി തീർന്നിരിക്കുന്നത് നമ്മുടെ മാനുഷികതയിൽ ദൈവികത നിറയ്ക്കുന്ന, നമ്മുടെ മാനുഷികതയെ ദൈവികമാക്കുന്ന അത്ഭുതത്തിന് സാക്ഷികളാകുവാനാണ്. വെള്ളം വീഞ്ഞായി മാറുന്ന അത്ഭുതം നമ്മിൽ സംഭവിക്കുവാനാണ്.

ഇന്നും ക്രിസ്തു നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിൽ വന്ന്, നമ്മോടൊത്തായിരുന്നുകൊണ്ട് നമ്മെ രൂപാന്തരപ്പെടുത്തുകയാണ്, രൂപാന്തരത്തിലേക്ക് ക്ഷണിക്കുകയാണ്. ക്രിസ്തുവിന്റെ സാന്നിധ്യം ഈ പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണെങ്കിലും അവിടുത്തെ കൗദാശിക സാന്നിധ്യം നിലനിൽക്കുന്നതും അത്ഭുതം പ്രവർത്തിക്കുന്നതും തിരുസ്സഭയിലാണ്.

പഞ്ചഭൂതബന്ധിയായ അനുഭവത്തിനും അപ്പുറം നിലകൊള്ളുന്ന വെളിപ്പെടുത്തപ്പെട്ട ദൈവികതയുടെ (revealed divinity) കൗദാശിക സാന്നിധ്യമായ (Sacramental presence) വിശുദ്ധ കുർബാന രൂപാന്തരത്തിന്റെ പൂർണതയാണ്. അന്തരത്തിന്റെ (അകത്തുള്ളതിന്റെ) രൂപമാണ് രൂപാന്തരം. പ്രത്യക്ഷത്തിൽ വരാത്തത് രൂപമായി വരുന്നു. ഉള്ളടക്കത്തെ ഗാഢമായി അവതരിപ്പിക്കുകയാണ് രൂപം. പ്രത്യക്ഷത്തിന്റെ (Facticity) അസ്തിത്വവഴികളിൽ രൂപാന്തരത്തിന്റെ (Transcendence) അത്ഭുതമാണ് വിശുദ്ധ കുർബാന സൃഷ്ടിക്കുന്നത്.“ (ദൈവത്തിന്റെ ഭാഷ-വിശുദ്ധ കുർബാന, ഫാ. സാജു പൈനാടത്ത് എംസിബിഎസ്, പേജ് 71)

സമാപനം

വെള്ളം വീഞ്ഞാകുന്ന രൂപാന്തരത്തിന്റെ അത്ഭുതം ഇന്ന് തിരുസഭയിൽ, തിരുസഭാമക്കളിൽ നടക്കുന്നില്ല എന്ന വലിയ ദുരന്ത മുഖത്താണ് നാം ജീവിക്കുന്നത്. മാമ്മോദീസയിലൂടെ തിരുസ്സഭയുടെ മക്കളായി ഉയർത്തപ്പെടുന്നുണ്ടെങ്കിലും, ആ അവസ്ഥയിലേക്ക് തങ്ങളെ ഉയർത്തിയെടുക്കുവാൻ, രൂപാന്തരപ്പെടുത്തിയെടുക്കുവാൻ നമുക്കാകുന്നില്ല.  വെള്ളമായിത്തന്നെ നിലനിൽക്കുന്നതുകൊണ്ട് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ക്രിസ്തുവിന്റെ പരിമളം പരത്തുന്നില്ല, എന്ന് മാത്രമല്ല, ദുർഗന്ധം പടർത്തുകയാണ്. ഇന്നത്തെ ആനുകാലിക സംഭവങ്ങളോട് ചേർത്ത് ഇന്നത്തെ സുവിശേഷ സന്ദേശം വായിക്കുമ്പോൾ മനസ്സിലാകും എത്രമാത്രം ദുർഗന്ധമാണ് നാം പരത്തുന്നതെന്ന്!  ക്രൈസ്തവരെ കാണുമ്പോൾ ഇന്ന് മറ്റുള്ളവർ മൂക്കുപൊത്തുകയാണ്. ക്രിസ്തു ചൈതന്യമില്ലാത്ത, തിരുസ്സഭയെയും, സഭാസംവിധാനത്തെയും, ശ്ലൈഹീക പിന്തുടർച്ചയെയും അവഗണിക്കുന്ന കൃത്രിമ ക്രൈസ്തവരായ നമ്മെ കാണുമ്പോൾ, നമ്മുടെ അടുത്ത് വരുമ്പോൾ നാം ചീഞ്ഞുനാറുകയാണ് പ്രിയപ്പെട്ടവരേ.

വെറും വെള്ളമായി എത്രനാൾ ഇങ്ങനെ ചീഞ്ഞളിഞ്ഞ ജീവിതങ്ങളുമായി നാം ജീവിക്കും??? രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു നാം. വെള്ളത്തിൽ നിന്ന് വീഞ്ഞിലേക്ക്!! ആമേൻ!

SUNDAY SERMON JN 1, 14-18

ദനഹാക്കാലം രണ്ടാം ഞായർ

സംഖ്യ 10, 29-36

ഏശയ്യാ 45, 11-17

ഹെബ്രാ 3, 1-6

യോഹന്നാൻ 1, 14-18

പ്രധാന ആശയം

ദൈവം വചനമാണ്; വചനം ദൈവമാണ്. വചനമാകുന്ന ദൈവം മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നു. എന്തിന്? മനുഷ്യനെ രക്ഷിക്കുവാൻ. ആ വചനത്തിന്റെ പേരാണ്, രക്ഷയുടെ പേരാണ് ക്രിസ്തു. മിശിഹായായ ക്രിസ്തു വഴിയാണ് മനുഷ്യകുലത്തിന് ദൈവത്തിന്റെ കൃപ ലഭിക്കുന്നത്. വചനമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച വചനത്തിലൂടെയുള്ള ദൈവിക വെളിപാടാണ് ചിന്താവിഷയം.

പശ്ചാത്തലം

പാശ്ചാത്യ ലോകത്തിൽ ഗ്രീക്ക് തത്വചിന്തയിലാണ് വചനത്തിന് ദൈവികപരിവേഷം ലഭിച്ചതായി നാം കാണുന്നത്. ഒരു പ്രാപഞ്ചിക ദൈവിക തത്വമായിട്ടാണ് (Universal Divine Principle) ഗ്രീക്കുകാർ വചനത്തെ മനസ്സിലാക്കിയിരുന്നത്. ഗ്രീക്ക് ഭാഷയിൽ ലോഗോസ് (Logos) ആണ് വചനം. ഗ്രീക്ക് തത്വചിന്തകനായ ഹെറാക്ളീറ്റസ് (Heraclitus) ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹം Logos നെ യുക്തിപരമായ ദൈവിക ബുദ്ധിശക്തി (Rational Divine Intelligence), ദൈവത്തിന്റെ മനസ്സ് (Mind of God), ദൈവത്തിന്റെ ജ്ഞാനം (Wisdom of God’s Will) എന്നങ്ങനെയാണ് കണ്ടത്. Logos ലൂടെയാണ്, logos കാരണമാണ് സർവ്വതും ഈ ലോകത്തിൽ ഉണ്ടായത് എന്നതായിരുന്നു ഹെരാക്ലിറ്റസിന്റെ ചിന്ത.

വിശുദ്ധ ബൈബിളിലും, ദൈവത്തിന്റെ മനസ്സിന്റെ ഉണ്ടാകട്ടെ എന്ന വചനത്തിലൂടെയാണ്, വാക്കിലൂടെയാണ് പ്രപഞ്ചം ഉണ്ടാകുന്നത്. ഉത്പത്തി പുസ്തകത്തിന്റെ ആദ്യ ഭാഗംതന്നെ പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള വിവരണമാണ്. പൗരസ്ത്യ ചിന്തയിൽ വാക്ക് ബ്രഹ്മമാണ്. ശബ്ദത്തിലൂടെയാണ് സർവ്വതുമുണ്ടായതെന്ന് ഭാരതീയ ഭാഷാ പണ്ഡിതനായ ഭർതൃഹരി (Barthrhari) തന്റെ വാക്യപദീയം (വാക്യപദീയം) എന്ന പുസ്തകത്തിലൂടെ പറയുന്നുണ്ട്.  

വിശുദ്ധ യോഹന്നാൻ ഗ്രീക്ക് ക്രൈസ്തവർക്കായി സുവിശേഷം അറിയിച്ചപ്പോൾ ഗ്രീക്ക് ചിന്തയിലെ Logos എന്ന ദൈവിക തത്വത്തെ ദൈവമായി അവതരിപ്പിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നതുതന്നെ ഈ ചിന്ത പങ്കുവച്ചുകൊണ്ടാണ്. ” ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു…സമസ്തവും അവനിലൂടെയുണ്ടായി;ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.” (1, 1-2)   ഗ്രീക്കുകാരുടെ ചിന്തയ്ക്കും ജീവിതത്തിനും തത്വശാസ്ത്രത്തിന്റെ പിൻ ബലമുണ്ടായിരുന്നു, അവരുടെ സാധാരണജീവിതംപോലും സോക്രട്ടീസിന്റെയും, പ്ലേറ്റോയുടെയും ഒക്കെ ചിന്തകൾകൊണ്ട് മിനുസപ്പെടുത്തിയതായിരുന്നു. അതുകൊണ്ട് LOGOS, വചനം അവർക്ക് എല്ലാമായിരുന്നു. വിശുദ്ധ യോഹന്നാൻ ആദിയിൽ വചനമുണ്ടായിരുന്നു, വചനം ദൈവമായിരുന്നു വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു, ആ വചനം ക്രിസ്തുവാണ് എന്ന് പറഞ്ഞപ്പോൾ അവർക്കത് പുതിയവെളിച്ചമായി മാറി.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷഭാഗം യഥാർത്ഥത്തിൽ ദൈവം മനുഷ്യനായി അവതരിച്ചതിന്റെ വിവരണമാണ്. വിശുദ്ധ മത്തായിയെപ്പോലെയോ, വിശുദ്ധ ലൂക്കായെപ്പോലെയോ നീണ്ട വിവരണങ്ങളൊന്നും ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിശുദ്ധ യോഹന്നാൻ നൽകുന്നില്ല. മറിച്ച്, വളരെ മനോഹരമായ, കാച്ചിക്കുറുക്കിയ പരുവത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിന്റെ ജനനം അവതരിപ്പിക്കുകയാണ് – “വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റെതുമായ മഹത്വം.“ ശരിയാണ്, കഥകളിലൂടെ, സംഭവങ്ങളിലൂടെ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ, അത് കേൾക്കാനും, വായിക്കാനും നമുക്കൊക്കെ എളുപ്പമാണ്, ഇഷ്ടവുമാണ്. എന്നാൽ, ഇത്ര ആഴമായി, അല്പം ഫിലോസോഫിക്കലായി അവതരിപ്പിക്കുമ്പോൾ, നമുക്കത് മനസ്സിലാക്കാൻ പ്രയാസമുണ്ട്. എങ്കിലും, അതിന്റെ സൗന്ദര്യം നമ്മെ ആകർഷിക്കും. ഇങ്ങനെയല്ലാതെ മറ്റൊരു രീതിയിൽ അത്ഭുതകരമായ ഈ രഹസ്യം അവതരിപ്പിക്കുവാൻ വിശുദ്ധ യോഹന്നാന് സാധിച്ചില്ല എന്നതാണ് യാഥാർഥ്യം.!

വിശുദ്ധ യോഹന്നാൻ നമ്മോട് പറയുവാൻ ആഗ്രഹിക്കുന്നത് ഇതാണ്: സ്നേഹിതരേ, വചനമായ ക്രിസ്തുവാണ് നിങ്ങളുടെ രക്ഷകൻ! ക്രിസ്തുവിലൂടെയാണ് കൃപയ്ക്കുമേൽ കൃപ നിങ്ങൾ സ്വീകരിക്കുന്നത്. വചനത്തിലൂടെയാണ് നിങ്ങളുടെ ജീവിതത്തിലേക്ക് കൃപ ഒഴുകിയെത്തുന്നത്. യേശുക്രിസ്തുവിലൂടെയാണ് നിങ്ങൾക്ക് കൃപയും സത്യവും ലഭിക്കുന്നത്. അതുകൊണ്ട്, വചനം വെറുമൊരു കളിപ്പാട്ടമല്ല. വെറുതെ അർഥം മാത്രം കൈമാറാനുള്ള, വിവരങ്ങൾ കൈമാറാനുള്ള ഒരു ഉപാധി മാത്രമല്ല വചനം, വാക്ക്, ശബ്ദം. വചനം ദൈവമാണ്;വാക്ക് ദൈവമാണ്; ശബ്ദം ദൈവമാണ്. നമുക്ക് ക്രിസ്തുവാണ്. വചനത്തിലൂടെയാണ് നമുക്ക് കൃപ ലഭിക്കുന്നതും.

സന്ദേശം

നാം സംസാരിക്കുന്ന, ഉപയോഗിക്കുന്ന വാക്കുകൾ ദൈവ കൃപയുടെ നിറകുടങ്ങളാണ്. ദൈവം, ജ്ഞാനം, ദൈവകൃപ, ദൈവത്തിന്റെ അനുഗ്രഹങ്ങൾ സർവ്വതും നമ്മിലേക്ക് വരുന്നത് നാം ഉപയോഗിക്കുന്ന വാക്കുകളിലൂടെയാണ്. വാക്കുകൾ അത്രയ്ക്കും പരിശുദ്ധമാണ്. ഭാഷ തന്നെ വലിയൊരു രഹസ്യമാണ്. എങ്ങനെയാണ് വാക്കുകൾ നമ്മുടെ ഉള്ളിൽ രൂപപ്പെടുന്നത്, എങ്ങനെയാണ് വാക്കുകൾ നമ്മിൽ നിന്നും പുറപ്പെടുന്നത്, എങ്ങനെയാണ് നാമത് ഉച്ചരിക്കുന്നത്, എങ്ങനെയാണ് നാം ഉദ്ദേശിക്കുന്ന കാര്യങ്ങൾ വാക്കുകളിലൂടെ മറ്റുള്ളവർ മനസ്സിലാക്കുന്നത് … ഇതെല്ലാം – ധാരാളം സിദ്ധാന്തങ്ങളും, വ്യാഖ്യാനങ്ങളും ഇവയെപ്പറ്റി ഉണ്ടെങ്കിലും – ഇന്നും വലിയൊരു രഹസ്യം തന്നെയാണ്. എന്തുതന്നെയായാലും, വാക്കുകൾ ദൈവകൃപയുടെ വാഹകരാണ്.

അപ്പോൾ, ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം നാം ഉപയോഗിക്കുന്ന വാക്കുകളെക്കുറിച്ച് ബോധമുള്ളവരാകുക എന്നതാണ്.

ഒരു സ്ത്രീ ഒരുദിവസം എത്ര വാക്കുകൾ ഉച്ചരിക്കുന്നുണ്ട്? ശാസ്ത്രീയമായി പറയുന്നത്, മുപ്പതിനായിരം വാക്കുകൾ. ഒരു പുരുഷനോ? പതിനയ്യായിരം വാക്കുകൾ. യുവജനങ്ങളും കുട്ടികളുമൊക്കെ ഏകദേശം ഇരുപത്തിയൊന്നായിരം വാക്കുകൾ ഉച്ചരിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഈ വാക്കുകളൊക്കെ ദൈവകൃപയുടെ ചാലുകളാണ് എന്നാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. നാം ഉപയോഗിക്കുന്ന നല്ല വാക്കുകകൾ, വചനങ്ങൾ നമ്മുടെ തലച്ചോറിനെ നന്മയിലേക്ക് ഉദ്ദീപിപ്പിക്കുകയും, ഹൃദയം വികസിക്കുകയും, നാം ഉപയോഗിക്കുന്ന ചീത്ത വാക്കുകൾ നമ്മിൽ തിന്മയുടെ ശക്തിയെ ക്ഷണിച്ചു വരുത്തുകയും ചെയ്യും. കാരണം, വാക്കുകൾ ശക്തിയുള്ളതാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു, ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോൾ കേൾക്കുന്നയാൾക്കും, പറയുന്ന ആൾക്കുമുണ്ടാകുന്ന മാറ്റങ്ങൾ, ഞാൻ നിന്നെ വെറുക്കുന്നു, നിന്നെ എനിക്ക് ഇഷ്ടമല്ല എന്ന് പറയുമ്പോഴും സംഭവിക്കുന്നുണ്ട്. ഒന്ന്, നല്ലതാണെങ്കിൽ, മറ്റേത് തിന്മയാണ് ഉണ്ടാക്കുന്നത്. വചനം എന്നും ഇപ്പോഴും നല്ലതാണെങ്കിലും അത് ഉച്ചരിക്കുന്ന ആളുടെ ദുഷ്ട മനോഭാവവും, ചീത്ത മനസ്സും ആ വചനത്തെ വിഷലിപ്തമാക്കുന്നു. വചനത്തിലെ ദൈവകൃപ ഉപയോഗ്യശൂന്യമാകുന്നു. നല്ല വൃത്തിയായ ഒരു പാത്രത്തിലേക്ക് ശുദ്ധമായ പാൽ ഒഴിക്കുക. പാത്രത്തിലെ  പാൽ ശുദ്ധമായിത്തന്നെ ഇരിക്കും. എന്നാൽ, വൃത്തിയില്ലാത്ത ഒരു പാത്രത്തിലേക്ക് ശുദ്ധമായ പാൽ ഒഴിക്കൂ …ആ ശുദ്ധമായ പാൽ ചീത്തയാകും.  

വിവരണം

1. ഈയിടെ എറണാകുളം-അങ്കമാലി അതിരൂപതയിൽ നടക്കുന്ന പ്രശ്നങ്ങളുടെ ചില വീഡിയോകൾ കാണുവാൻ ഇടയായി. അതിൽ ഇരുഭാഗവും ഉപയോഗിക്കുന്ന വാക്കുകൾ കേട്ടപ്പോൾ ദുഃഖം തോന്നി. ഒരു വ്യക്തി അതിനെക്കുറിച്ച് പറഞ്ഞത്, ഭരണിപ്പാട്ട് ഇതിലും എത്രയോ ഭേദം എന്നാണ്. എങ്ങനെ ദൈവത്തിന്റെ കൃപയുടെ ഒഴുക്കുണ്ടാകും?! നാം ഉരുവിടുന്ന വാക്കുകൾകൊണ്ടുതന്നെ നാം വിധിക്കപ്പെടുമെന്നുള്ളത് ദൈവത്തിന്റെ വചനമാണ്. ദൈവത്തിന്റെകൃപയും സത്യവും നിറഞ്ഞ വാക്കുകൾ അഭിഷിക്തരിൽ നിന്ന് മാത്രമല്ല എല്ലാ ക്രൈസ്തവരിൽ നിന്നും ഉണ്ടാകണം.

2. ഒരു കുടുംബം. കുടുംബനാഥനും, കുടുംബനാഥയും മക്കളും തമ്മിൽ മിക്കപ്പോഴും വഴക്കാണ്. മാത്രമല്ല, അവരുപയോഗിക്കുന്ന വാക്കുകൾ കേട്ട്, നാട്ടുകാർ പോലും ചെവിപൊത്തും. ചന്തയിൽ ഉപയോഗിക്കുന്ന വാക്കുകളേക്കാൾ ചീത്തവാക്കുകളാണ് അവർ ഉപയോഗിച്ചിരുന്നത്. ആ വീട്ടിലെ മകന് വിവാഹം നടക്കാത്തതുകൊണ്ട് വീട്ടിൽ ചെന്ന് പ്രാർത്ഥിക്കാമെന്ന് കരുതി അവിടേയ്ക്ക് കടന്നുചെന്നപ്പോൾ, അവരോട് സംസാരിച്ചപ്പോൾ, എനിക്ക് മനസ്സിലായി, അവരിലൂടെ, അവരുടെ വാക്കുകളിലൂടെ ദൈവത്തിന്റെ കൃപയല്ല ആ കുടുംബത്തിലേക്ക് ഒഴുകുന്നത് എന്ന്. ഒരു ധ്യാനത്തിലൂടെ, മനസാന്തരത്തിലൂടെ ആ കുടുംബം കടന്നുപോയി. ഇന്ന് അവരിലൂടെ, അവരുടെ വാക്കുകളിലൂടെ ക്രിസ്തു, ക്രിസ്തുവിന്റെ കൃപ അവരിലേക്ക്, അവരുടെ കുടുംബത്തിലേക്ക് ഒഴുകുകയാണ്. രണ്ട് ആണ്മക്കളുടെ വിവാഹം കഴിഞ്ഞു; ഒരു മകൾക്ക് വിദേശത്ത് ജോലി ശരിയായി. ഇന്ന് അവരുടെ വാക്കുകൾ ദൈവകൃപയുടെ വാഹകരാണ്.

സമാപനം

സ്നേഹമുള്ളവരേ, സുഭാഷിതങ്ങളുടെ പുസ്തകം പറയുന്നു:”നീതിമാന്മാരുടെ ആധാരം ജീവന്റെ ഉറവയാണ്; ദുഷ്ടന്മാരുടേതോ അക്രമത്തെ മൂടിവയ്ക്കുന്നു.” (10, 11) വിശുദ്ധ പൗലോശ്ലീഹാ കൊളോസോസുകാരോട് പറയുന്നത് ‘അവരുടെ സംസാരം ഇപ്പോഴും കരുണാമസൃണവും, ഹൃദ്യവുമായിരിക്കട്ടെ എന്നാണ്. (4, 6) എഫേസോസുകാരോടും ശ്ലീഹ പറയുന്നത് വാക്കിനെ സൂക്ഷിക്കുക എന്ന് തന്നെയാണ്. “നിങ്ങളുടെ അധരങ്ങളിൽ നിന്ന് തിന്മയുടെ വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. വചനം മാംസമായി നമ്മിലൂടെ ക്രിസ്തു ജനിക്കുവാൻ, ക്രിസ്തു വെളിപ്പെടുവാൻ നാം നമ്മുടെ വാക്കുകളെ, സംസാരത്തെ വിശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുടുംബങ്ങളിൽ ചീത്തവാക്കുകൾ മുഴങ്ങാതിരിക്കട്ടെ. നമ്മിൽ നിന്ന് ചീത്ത വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. നീതിമാൻറെമേലും, നീതിരഹിതന്റെമേലും ഒരുപോലെ ഒഴുകുന്ന ദൈവകൃപ മലിനമാക്കാതിരിക്കുവാൻ, വിഷലിപ്‌തമാക്കാതിരിക്കുവാൻ നമുക്ക് ശ്രമിക്കാം. നമ്മുടെ ജീവിതങ്ങളെനോക്കിയും, മറ്റുള്ളവർക്ക് പറയുവാൻ കഴിയണം:

“വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റെതുമായ മഹത്വം.“ ആമേൻ! 

SUNDAY SERMON LK 4, 16-22a

ദനഹാക്കാലം ഒന്നാം ഞായർ

പുറപ്പാട് 3, 1-12

ഏശയ്യാ 44, 28-45,4

2 തിമോ 3, 10-15 

ലൂക്കാ 4, 16-22a

ശുഭപ്രതീക്ഷകളോടെ, നിറയെ സ്വപ്നങ്ങളും പ്രാർത്ഥനകളുമായി നാം പുതുവർഷത്തിലേക്ക്, 2023 ലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 12 മാസങ്ങളും, 52 ആഴ്ചകളും, 365 ദിവസങ്ങളും, 8784 മണിക്കൂറുകളും, 527040 മിനിറ്റുകളും, 31622400 സെക്കന്റുകളും സമ്മാനിച്ച് കടന്നുവന്നിരിക്കുന്ന 2023 ദൈവാനുഗ്രഹത്താൽ സമ്പന്നമാകാൻ വേണ്ടി നമുക്ക് പരസ്പരം പ്രാർത്ഥിക്കാം. സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് നാം ഈ ഞായറാഴ്ച്ച ദനഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് “ദനഹാ” എന്ന വാക്കിന്റെ അർത്ഥം. മനുഷ്യാവതാരത്തിലൂടെ ദൈവം ഈ ലോകത്തിൽ ആഗതനായെങ്കിലും, അവിടുത്തെ പ്രത്യക്ഷവത്കരണം ആരംഭിക്കുന്നത് യോർദ്ദാൻ നദിയിൽ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദ്ദീസ സ്വീകരിക്കുന്നതിലൂടെയാണ്. ഈശോ സ്വയം ലോകത്തിന് വെളിപ്പെടുത്തുകയും, പിതാവും പരിശുദ്ധാത്മാവും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ദനഹാത്തിരുനാൾ ജനുവരി ആറാം തീയതിയാണ് നാം ആഘോഷിക്കുന്നതെങ്കിലും, ‘ക്രിസ്തു തന്നെത്തന്നെ ഈ ലോകത്തിന് വെളിപ്പെടുത്തുന്നു’ എന്ന സന്ദേശം ഈ ഞായറാഴ്ച മുതൽ സഭ പ്രഘോഷിക്കുകയാണ്.

ജനുവരി ആറാം തീയതി ആഘോഷിക്കുന്ന കർത്താവിന്റെ ദനഹാതിരുനാൾ കേരളത്തിന്റെ വടക്കൻഭാഗങ്ങളിൽ പിണ്ടികുത്തിത്തിരുനാളെന്നും, തെക്കൻഭാഗങ്ങളിൽ രാക്കുളിതിരുനാളെന്നും അറിയപ്പെടുന്നു. ലോകത്തിന്റെ പ്രകാശമായ മിശിഹായെ (യോഹ 8, 12) ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും, വശപ്പിനടിയിൽ പന്തംകൊളുത്തി അതിന് ചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് ദൈവം പ്രകാശമാകുന്നു എന്ന് ആർത്തുവിളിവഹിക്കുന്ന പതിവിൽ നിന്നാണ് പിണ്ടികുത്തിത്തിരുനാൾ രൂപപ്പെട്ടത്. ഈശോയുടെ മാമ്മോദീസായെ സ്മരിച്ചുകൊണ്ട് ഈ തൊരുനാളിന്റെ തലേദിവസം അടുത്തുള്ള നദിയിലോ, കുളത്തിലോ പോയി നമ്മുടെ പൂർവികർ നടത്തിയിരുന്ന ആചരക്കുളിയിൽ നിന്നാണ് രാക്കുളി എന്നപേര് തിരുനാളിന് ലഭിച്ചത്.

ദനഹാതിരുനാളിൽ മുഖ്യമായും ഈശോയുടെ മാമ്മോദീസായെയാണ് നമ്മൾ അനുസ്മരിക്കുന്നത്. യോഹന്നാനിൽ നിന്നും ഈശോ മാമ്മോദീസാ സ്വീകരിച്ച വേളയിൽ സ്വർഗം തുറക്കപ്പെടുകയും, പിതാവും പുത്രനും പരിശുദ്ധാത്മാവും, മാനവകുലത്തിന് വെളിപ്പെടുകയും, ചെയ്തു. ക്രിസ്തീയ മാമ്മോദീസായെന്നത് ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലുമുള്ള പങ്കുചേരലാണെന്ന് (റോമാ 6, 3) ദനഹാതിരുനാൾ നമ്മെ ഓർമിപ്പിക്കുന്നു. ദനഹാക്കാലത്തിന്റെ സന്ദേശം എന്താണ് എന്ന് ചോദിച്ചാൽ ഉത്തരം ഇതാണ്: ഓരോ ക്രൈസ്തവനും, തിരുസ്സഭയോട് ചേർന്ന് ചിന്തയിലും, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക! ഇതാണ് ക്രൈസ്തവവരുടെ കടമയും, ദൗത്യവും!

മൂന്നാം അധ്യായത്തിലാണ് ഈശോയുടെ മാമ്മോദീസ ലൂക്കാ സുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, നാലാം അദ്ധ്യായത്തിലാണ് ജനങ്ങളുടെ മുൻപാകെ, രാജകീയ പ്രതാപത്തോടെ, പ്രവാചക ശബ്ദത്തോടെ, പുരോഹിതന്റെ മഹത്വത്തോടെ ഈശോയെ ലൂക്കാ സുവിശേഷകൻ വെളിപ്പെടുത്തുന്നത്.  വളരെ നാടകീയമായും, തികഞ്ഞ സൗന്ദര്യത്തോടുംകൂടിയാണ് അദ്ദേഹം ഈ രംഗം അവതരിപ്പിച്ചിരിക്കുന്നത്. താൻ പിച്ചവച്ചു നടന്ന, കൂട്ടുകാരോടൊത്ത് കളിച്ചു നടന്ന സ്ഥലമായ നസ്രത്തിൽ ഈശോ, പൗരുഷ്യമുള്ള, അരോഗദൃഢഗാത്രനായ ചെറുപ്പക്കാരൻ സിനഗോഗിലേക്ക് പ്രവേശിക്കുകയാണ്. ഇത് ആദ്യമായിട്ടൊന്നും ആയിരിക്കില്ല ഈശോ അവിടേക്ക് പ്രവേശിക്കുന്നത്. എല്ലാർക്കും പരിചിതനാണ് ഈശോ. കാരണം, ഈശോ വായിക്കുവാൻ എഴുന്നേറ്റപ്പോൾ, ദൈവാലയ ശുശ്രൂഷകൻ അവന് പുസ്തകം നല്കുകയാണ്. എന്നാൽ, ആ ദിനത്തിന് എന്തോ പ്രത്യേകതയുള്ളതുപോലെ, ജനങ്ങൾക്ക് മാത്രമല്ല സിനഗോഗിലെ കല്ലുകൾക്കുപോലും തോന്നി. സ്വർഗീയ മഹത്വം അവിടെ നിറഞ്ഞു നിൽക്കുന്നതുപോലെ…അന്തരീക്ഷത്തിന് തന്നെ ഒരു മാറ്റം. മാലാഖമാർ വചനപീഠത്തിന് ചുറ്റും നിൽക്കുന്നതുപോലെ ജനങ്ങൾക്ക് തോന്നി. അത്രമാത്രം സ്വർഗീയമായിരുന്നു അവിടം. മുഖത്തു നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയോടെ ഈശോ വായിക്കുവാൻ ആരംഭിച്ചു. “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്.” കൂടിയിരുന്നവർ പതിയെപ്പറഞ്ഞു: ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നാണല്ലോ വായന..” ഈശോ തുടരുകയാണ്. ജനം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് അത് മുഴുവൻ കേട്ടു. എല്ലാവരും വിസ്മയത്തോടെ അവനെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ഈശോയാകട്ടെ, അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് പറഞ്ഞു: “നിങ്ങൾ കേൾക്കെത്തന്നെ ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു.” ഈശോയുടെ ദനഹായാണ്, ദൈവിക വെളിപ്പെടുത്തലാണ് ലൂക്കാ സുവിശേഷകൻ വളരെ മനോഹരമായി ഇവിടെ കുറിച്ച് വച്ചിരിക്കുന്നത്.

എണ്ണിത്തീർക്കാനാവാത്ത ജീവിത നിരീക്ഷണങ്ങളിലൊന്ന് ഈ പ്രപഞ്ചം മുഴുവനും, നമ്മുടെ സാധാരണ ജീവിതം മുഴുവനും ദൈവത്തിന്റെ വെളിപ്പെടുത്തലുകളാണ് എന്നാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ കാനായിലെ അത്ഭുതം പോലെ ഒന്ന് നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിലും സംഭവിക്കുന്നുണ്ട്. കാനായിലെ കല്യാണവിരുന്നിലെ വെള്ളം വീഞ്ഞാക്കിയ അത്ഭുതം വിവരിച്ചശേഷം സുവിശേഷകൻ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. “യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിന് പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനയിൽ ചെയ്ത ഈ അത്ഭുതം.” (യോഹ 2, 11) ഈശോയുടെ മഹത്വം വെളിവാകുന്ന അത്ഭുതങ്ങളുടെ, വെളിപാടുകളുടെ ദനഹാ യാണ് സ്നേഹമുള്ളവരേ, ഈ പ്രപഞ്ചവും നമ്മുടെ ഈ ഭൂമിയിലെ ജീവിതവും.

രാത്രിയുടെ ഇരുളിനെ വകഞ്ഞുമാറ്റി ഉദിച്ചുയരുന്ന സൂര്യൻ മുതൽ സൗരയൂഥങ്ങളും, ആകാശങ്ങളും എന്തെന്ത് വിസ്മയങ്ങളൊരുക്കിയാണ് ദൈവിക വെളിപാടുകളുടെ അടയാളങ്ങളാകുന്നത്!! വിത്തിനകത്ത് ഒളിച്ചിരിക്കുന്ന വൃക്ഷവും,   ചെയ്കളിൽ വിടരുന്ന പുഷ്പങ്ങളും, ഫലങ്ങളും ഓരോ നിമിഷവും നടക്കുന്ന ജന്മങ്ങളും …ഓരോന്നും ക്രിസ്തുവിന്റെ വെളിപാടുകളാണ്. മനുഷ്യനിലെ അത്ഭുതങ്ങളിലൂടെ വിടരുന്ന ദൈവത്തിന്റെ വെളിപാടുകൾ അനവധിയാണ്! നമ്മുടെ അപ്പച്ചന്മാരും അമ്മച്ചിമാരും ദൈവത്തിന്റെ വെളിപാടുകളല്ലേ? നാം അറിഞ്ഞും അറിയാതെയും എത്രയോ വട്ടമാണ് ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്! ദൈവത്തിന്റെ വെളിപാടുകളായി ജീവിതത്തെ മുഴുവൻ കാണുവാൻ സാധിക്കുക – അതാണ് ദനഹാക്കാലത്തിന്റെ ചൈതന്യമെന്ന് പറയുന്നത്.

ലോകരക്ഷകനായ ക്രിസ്തുവിന്റെ സുവിശേഷം ക്രിസ്തുമതത്തിന്റെ ചൈതന്യമായി, അലങ്കാരമായി തിളങ്ങി നിന്ന ആദിമകാലങ്ങളിലെ രക്ത സാക്ഷികളുടെ ജീവിതങ്ങൾ ക്രിസ്തുവിന്റെ വെളിപാടുകളായിരുന്നു. ക്രിസ്തുമതത്തിലെ ആയിരക്കണക്കിന് വിശുദ്ധരുടെ ജീവിതങ്ങളും, ജീവിതത്തിന്റെ സാധാരണ സാഹചര്യങ്ങളിൽ ജീവിതംകൊണ്ടും, ജീവൻ കൊടുത്തും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ക്രൈസ്തവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്. ക്രിസ്തുമതത്തിൽ ഭൗതികതയുടെ, ലൗകികതയുടെ മാറാലകൾ നിറഞ്ഞു നിന്ന മധ്യകാലഘട്ടങ്ങളിൽ ഉദിച്ചുയർന്ന വിശുദ്ധ ഫ്രാൻസിസ് അസീസി (St. Francis Assissi), കച്ചവട താത്പര്യങ്ങളുടെയും, ആധുനിക സങ്കല്പ്പങ്ങളുടെയും പിന്നാലെ നടക്കുന്ന ആധുനിക ക്രിസ്തുമതത്തിൽ ക്രിസ്തുവിന്റെ വെളിപാടായി മാറിയ വിശുദ്ധ മദർ തെരേസ (St. Mothere Teresa), സോഷ്യൽ മീഡിയയുടെ പിന്നാലെപോയി വഴിതെറ്റുന്ന ആധുനിക അവതലമുറയ്ക്കു മുന്നിൽ ഉയർന്നു നിൽക്കുന്ന ധന്യനായ കാർലോസ് അക്വിറ്റസ് (venerated Carlos Acutis) തുടങ്ങിയവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്.

കഴിഞ്ഞ ഡിസംബർ 31 ന് കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ മരണം ദൈവത്തിന്റെ വെളിപാടായി മാറിയത് ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. “കർത്താവേ, നിന്നെ ഞാൻ സ്നേഹിക്കുന്നു” എന്ന അവസാന വാക്കുകൾ എത്രയോ മനോഹരമാണ്.

സ്നേഹമുള്ളവരേ,

നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിൽ വെളിവാകുന്ന അസാധാരണമായ ക്രിസ്തുവിന്റെ വെളിപാടുകളായി നമ്മുടെ ജീവിതങ്ങളെ മാറ്റുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും ജീവിത ദൗത്യം. ആമേൻ!