SUNDAY SERMON JN 2, 1-11

ദനഹാക്കാലം നാലാം ഞായർ

സംഖ്യ 11, 23-35

ഏശയ്യാ 46, 5-13

ഹെബ്രാ 7, 23-28

യോഹന്നാൻ 2, 1-11

പ്രധാന ആശയം

ക്രിസ്തുമതത്തിന്റെ ആധ്യാത്മികതയെ വെളിപ്പെടുത്തുന്ന, ആന്തരികതയെ വ്യക്തമാക്കുന്ന സുന്ദരമായ ഒരു അത്ഭുതമാണ് കാനായിലെ കല്യാണവിരുന്നിൽ സംഭവിച്ചത്. ക്രിസ്തുമതത്തിലെ ആന്തരികയെന്നത് നിരന്തരം വളരുന്ന, രൂപാന്തരം പ്രാപിക്കുന്ന, മനോഹരമായി ഇതൾവിടരുന്ന ദൈവികതയാണ്, വെള്ളം വീഞ്ഞാകുന്ന അത്ഭുതമാണ്. ക്രൈസ്തവജീവിതം എന്നത്, വെള്ളം വീഞ്ഞാകുന്ന, മാനുഷികത ദൈവികതയാകുന്ന, മാനുഷിക ബലഹീനത, ദൈവകൃപയാൽ ദൈവിക ശക്തിയാകുന്ന വലിയൊരു അത്ഭുതമാണ്.

പശ്ചാത്തലം

വാസ്തവത്തിൽ, മനുഷ്യൻ, ഇന്നുവരെ വെളിപ്പെടുത്തപ്പെട്ട വേദഗ്രന്ഥങ്ങളെ, അവയുടെ ആത്മാവിനെ ശരിക്കും മനസ്സിലാക്കിയിട്ടില്ല. വേദഗ്രന്ഥങ്ങളുടെ അന്തസത്ത എന്തെന്ന് അന്വേഷിക്കുവാൻ മനുഷ്യൻ അധികം മെനക്കെട്ടിട്ടില്ല. അങ്ങനെത്തന്നെയാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്ന് വായിച്ചുകേട്ട കാനായിലെ അത്ഭുതത്തെ ക്രൈസ്തവർപോലും വ്യക്തമായി മനസ്സിലാക്കിയിട്ടില്ല. ഈ ഭൂമിയിലെ മനുഷ്യന്റെ ജീവിതത്തെ ആസ്പദമാക്കി വേദങ്ങളെ, സുവിശേഷങ്ങളെ, അവയിൽ വിവരിക്കുന്ന അത്ഭുതങ്ങളെ വ്യാഖ്യാനിക്കാമെങ്കിലും, അവയുടെയൊക്കെ സത്ത, Essence ആന്തരികതയാണ്, ആധ്യാത്മികതയാണ്. ഒറ്റ സ്വരത്തിൽ അവയെല്ലാം വിളിച്ചുപറയുന്നത് രൂപാന്തത്തെക്കുറിച്ചാണ്. മനുഷ്യൻ ഈ ഭൂമിയിൽ അവളുടെ/അവന്റെ സ്വാഭാവിക പ്രവണതകൾക്കനുസരിച്ച്, മാനുഷിക ചോദനകൾക്കനുസരിച്ച് ജീവിച്ച് മരിക്കേണ്ട ഒന്നല്ല. അങ്ങനെ ജീവിച്ചാൽ മനുഷ്യന്റെ ഈ ഭൂമിയിലെ ജീവിതം വെറും വയലിലെ പുല്ലിന് സദൃശ്യമാകും. ദൈവാത്മാവിനാൽ നിറഞ്ഞ മനുഷ്യൻ തന്നിലെ ദൈവികതയെ ഊതിക്കത്തിച്ച് ആ ദൈവിക പ്രകാശത്താൽ നിറയേണ്ടവളും, നിറയേണ്ടവനുമാണ്. മറ്റെരുവാക്കിൽ, വെറും വെള്ളമായ മനുഷ്യൻ വീഞ്ഞായി തീരേണ്ട മഹാത്ഭുതത്തിലൂടെ കടന്നുപോകേണ്ടവനാണ്. അങ്ങനെ ദൈവികതയുടെ സുവർണ താക്കോൽ കണ്ടെത്തി ജീവിതത്തിൽ ദൈവിക വസന്തം വിടർത്തേണ്ട, അതിനോടൊപ്പം നൃത്തം ചെയ്യേണ്ടവനാണ് മനുഷ്യൻ.

ഇന്നത്തെ സുവിശേഷ ഭാഗം കേവലം വെറുമൊരു മാനുഷിക സാഹചര്യത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു കല്യാണവീടിന്റെ മനോഹരമായ ഇടത്തിലാണ് ഈ അത്ഭുതം സംഭവിക്കുന്നത്. ഗലീലിയ എന്ന വലിയ പ്രദേശത്തുള്ള കാന എന്ന ഗ്രാമത്തിലെ  ഒരു കല്യാണവീട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈശോയുടെ ആദ്യത്തെ അത്ഭുതത്തിനുള്ള, അതിലൂടെ തന്റെ ദൈവിക പ്രാഭവം വെളിപ്പെടുത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ഒരു സാഹചര്യം. ഈ ഭൂമിയിൽ താൻ മനുഷ്യനായി അവതരിച്ചതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വ്യക്തമായി ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുവാൻ സാധിക്കുന്ന എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഒരു സീൻ. എന്താണ് ഈശോയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ? എന്തിനാണ് ദൈവം മനുഷ്യനായി പിറന്നത്? എന്തിനാണ് സ്വർഗം ഈ ഭൂമിയിൽ വന്ന് മണ്ണിനെ പുണർന്നത്? ഉത്തരം ഒന്നേയുള്ളു. മനുഷ്യനെ ദൈവികതയാൽ നിറയ്ക്കുവാൻ. മണ്ണിനെ വിണ്ണോളമുയർത്തുവാൻ! മൃഗീയതയിൽ രമിക്കുന്ന മനുഷ്യനെ, ദൈവകൃപയാൽ നിറച്ച് ദൈവമകളാക്കുവാൻ, ദൈവമകനാക്കുവാൻ! വെറും വെള്ളമായ മനുഷ്യനെ വീഞ്ഞാക്കുവാൻ! ഇവിടെ വെള്ളമുണ്ട്, വീഞ്ഞുണ്ട്. പരിശുദ്ധ അമ്മയുണ്ട്, ഭാവിയിൽ ശ്ലൈഹിക പിന്തുടർച്ചയ്ക്കായുള്ള ശിഷ്യരുണ്ട്. വീഞ്ഞ് തീർന്നുപോകുന്ന അവസ്ഥ കല്യാണവീടുകളിൽ വെറും സാധാരണമാണ്. ഇങ്ങനെയുള്ള അവശ്യഘട്ടത്തിൽ സഹായിക്കാനെത്തുന്നവൻ തീർച്ചയായും ഒരു ദൈവ പുരുഷൻ തന്നെയാകും.  ക്രിസ്തുവിന് ഇടപെടുവാൻ തീർത്തും അനുയോജ്യമായ സാഹചര്യം. ജനം, ലോകം എത്രമാത്രം തന്റെ മനസ്സ് വായിക്കുമെന്ന് ഈശോയ്ക്കറിയില്ലെങ്കിലും, അവിടുന്ന് ഇടപെടുകയാണ്.

വ്യഖ്യാനം 1

കല്യാണവീട്ടിലെ ഇല്ലായ്മയുടെ വേളയിൽ ഈശോയുടെ ഇടപെടലിലൂടെ അവരുടെ നാണക്കേട് മാറുകയും അവർ വിസ്മയഭരിതരാകുകയും ചെയ്യുന്നുണ്ട്. നല്ലതുതന്നെ. എന്നാൽ ഈശോയുടെ മനസ്സിൽ നിറഞ്ഞു നിന്നത് രണ്ട് ഘടകങ്ങളാണ്. വെള്ളവും വീഞ്ഞും.

യഹൂദപാരമ്പര്യത്തിന്റെ സംസ്കാരംപേറുന്ന ആറ് ശൂന്യമായ കൽഭരണികൾ അവിടെ ഉണ്ടായിരുന്നു.  അവ ഉപയോഗിച്ചിരുന്നതാകട്ടെ ശുദ്ധീകരണകർമ്മങ്ങൾക്കുവേണ്ടിയായിരുന്നു. ഈശോ പറയുന്നത് ശ്രദ്ധിക്കുക: “ഭരണികളിൽ വെള്ളം നിറയ്ക്കുവിൻ”. ഈശോ വെള്ളം എന്ന ഘടകത്തെ അവിടെ കൊണ്ടുവരികയാണ്. ഈശോയ്ക്ക് വേണമെങ്കിൽ ഒറ്റവാക്കിൽ കല്യാണവീട്ടുകാരുടെ ആവശ്യം സാധിതമാക്കാമായിരുന്നു. വീഞ്ഞ് നിറയട്ടെ എന്ന് ഒരു രജനീകാന്ത് സ്റ്റൈലിൽ കയ്യൊന്ന് വായുവിൽ കറക്കി പറഞ്ഞാൽ മതിയായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അത്ഭുതം ഒന്നുകൂടി സ്റ്റൈലാകുമായിരുന്നു. പക്ഷെ ഈശോ പറയുന്നത് വെള്ളം നിറയ്ക്കുവിൻ എന്നാണ്. വെള്ളം ഇവിടെ ഒരു പ്രതീകമാണ്, ശൂന്യമായ യഹൂദ പാരമ്പര്യത്തിന്റെ പ്രതീകം. നശ്വരമായ സകലത്തിന്റെയും പ്രതീകം. മൂന്ന് ദിവസത്തിൽ കൂടുതൽ വെള്ളം കേടുകൂടാതിരിക്കുകയില്ല. ഇന്ന് കുപ്പികളിൽ കിട്ടുന്ന വെള്ളത്തെക്കുറിച്ചല്ലാ കേട്ടോ ഞാൻ പറയുന്നത്. മൂന്ന് ദിവസമാകുമ്പോഴേക്കും ദുർഗന്ധം വന്നുതുടങ്ങും. വെള്ളം മനുഷ്യന്റെ പ്രതീകമാണ്. മനുഷ്യന്റെ ബലഹീനതകളുടെ, മനുഷ്യനിലെ എല്ലാ തിന്മകളുടെ, യുദ്ധങ്ങളുടെ, സംഘർഷങ്ങളുടെ, ആർത്തിയുടെ, നശീകരണപ്രവണതകളുടെ, പ്രായംചെല്ലുംന്തോറും ഇല്ലാതാകുന്ന നന്മകളുടെ പ്രതീകമാണ്. ഇന്നുണ്ടായി അല്പം കഴിഞ്ഞ് കൊഴിഞ്ഞുപോകുന്ന പൂവിന് സമമാണ് മനുഷ്യൻ. ആ മനുഷ്യന്റെ പ്രതീകമാണ് വെള്ളം.

ദിവസങ്ങൾ കഴിയുന്തോറും ചീഞ്ഞുതുടങ്ങുന്ന വെള്ളംപോലെ മനുഷ്യനിലെ നിഷ്കളങ്കത ഇല്ലാതാകുകയാണ്. മനുഷ്യന് പ്രായം കൂടുന്നുണ്ട്. അവൾ/ അവൻ വളരുകയാണ്. എന്നാൽ അവൾ/അവൻ കൂടുതൽ നിഷ്കളങ്കരാകുന്നില്ല. അവൾക്ക്/അവനു കൂടുതൽ ഉൾക്കാഴ്ച്ച കിട്ടുന്നില്ല, കൂടുതൽ ദൈവികരാകുന്നില്ല. അവർ ദുർഗന്ധം നിറഞ്ഞ, ചീഞ്ഞളിഞ്ഞ വ്യക്തിത്വങ്ങളാകുകയാണ്. വെറും വെള്ളം!!ഇതാണ് ഈശോയെ അലട്ടുന്ന പ്രശ്നം. ദൈവം നൽകുന്ന നിഷ്കളങ്കത, ദൈവികത, മനുഷ്യൻ നഷ്ടപ്പെടുത്തുന്നു. അവൾ/അവൻ പിന്നീട് അതിലേക്ക് രൂപാന്തരപ്പെടുന്നില്ല. 

വിവരണം

കുഞ്ഞു മരിയയ്ക്ക് 3 വയസ്സുള്ളപ്പോഴാണ് ഒരു അനുജൻ പിറക്കുന്നത്.  നക്ഷത്രക്കണ്ണുള്ള ആ കുഞ്ഞിനെ തൊടാനും ലാളിക്കാനും മരിയയ്ക്ക് വലിയ ഇഷ്ടമാണ്. അവളുടെ ഒരു ആഗ്രഹം മാതാപിതാക്കളെ തെല്ല് അസ്വസ്ഥതപ്പെടുത്തി.  കുഞ്ഞിനെ അവളുടെ മടിയിൽ കിടത്തി മാതാപിതാക്കൾ മുറിയിൽ നിന്ന് മാറി നിൽക്കണം എന്നാണ് അവൾ പറയുന്നത്. എന്തിനായിരിക്കും? എന്തോ രഹസ്യം പറയാൻ ആണത്രേ. കുഞ്ഞുങ്ങൾ ഇളയവരെ ഉപദ്രവിക്കാറുണ്ട് എന്ന് കേൾക്കാറുണ്ടല്ലോ. ഒരു ദിവസം അവളുടെ ആഗ്രഹപ്രകാരം കുഞ്ഞിനെ മടിയിൽ കിടത്തി, പപ്പയും മമ്മിയും മുറിയിൽ നിന്ന് പുറത്തിറങ്ങി. അവർ തനിച്ചായപ്പോൾ മരിയ കുഞ്ഞിനെ ചുംബിച്ചു. എന്നിട്ട് കാതിൽ ഒരു രഹസ്യം എന്നതുപോലെ ചോദിച്ചു” “പറയൂ, ദൈവം എങ്ങനെയാണ് ഇരിക്കുന്നത്? സ്വർഗ്ഗം എങ്ങനെയാണ്? ഞാൻ എല്ലാം മറന്നു തുടങ്ങിയിരിക്കുന്നു.” (ആഴം, ഡോ. ഫാ. ഷിന്റോ മംഗലത്ത് വി.സി., പേജ് 42)

അങ്ങനെയായിരുന്നു മനുഷ്യവംശത്തിന്റെ ബാല്യം.  ഈ മണ്ണിൽ പിറന്നുവീണ് വളർന്നു തുടങ്ങുമ്പോൾ സ്വർഗ്ഗവും ദൈവവും ഒക്കെ വിസ്മരിക്കപ്പെട്ടു പോകുന്നു. മനുഷ്യനെ ആ നിഷ്കളങ്കതയിലേക്ക്, ദൈവികതയിലേക്ക് വീണ്ടെടുക്കാനാണ് ഈശോ വന്നത്. “ഭരണികളിൽ വെള്ളം നിറയ്ക്കുവിൻ.“ ഈ വാക്കുകൾ എന്റെ ഹൃദയത്തിൽ അലയടിച്ചുകൊണ്ടിരിക്കുന്നു.

വ്യാഖ്യാനം 2

വെള്ളം പകർന്ന് കാലവറക്കാരന്റെ അടുത്ത് എത്തിയപ്പോഴേയ്ക്കും അത് വീഞ്ഞായി മാറിയിരുന്നു. രൂപാന്തരപ്പെട്ടിരുന്നു. വീഞ്ഞ് ദൈവികതയുടെ പ്രതീകമാണ്. ക്രിസ്തുവിന്റെ പ്രതീകമാണ്. അനശ്വരമായ സകലത്തിന്റെയും പ്രതീകം. വീഞ്ഞ് നിങ്ങൾ സൂക്ഷിച്ചു വയ്ക്കൂ …ദിവസം ചെല്ലുംന്തോറും അതിന്റെ രുചി കൂടിവരും. വീര്യം കൂടിവരും. അത് ഒരിക്കലും നശിച്ചുപോകുകയില്ല. അത് Spirit ആണ്. Spirit ന് നാശം ഇല്ലല്ലോ. ഈശോയുടെ തത്വം ഇതാണ്. മനുഷ്യനിലെ നഷ്ടപ്പെട്ട് പോയ നിഷ്കളങ്കത, ദൈവികത, അനശ്വരത വീണ്ടെടുക്കുക. അതിലേക്ക് മനുഷ്യൻ രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. വെള്ളം വീഞ്ഞായി രൂപപ്പെട്ടതുപോലെ. ഈശോയുടെ സുവിശേഷം രൂപാന്തരത്തിന്റെ, Transformation ന്റെ സുവിശേഷമാണ്.

മനുഷ്യജീവിത സാഹചര്യങ്ങളിൽ രൂപാന്തരത്തിന്റെ അത്ഭുതം മനുഷ്യനിൽ നടക്കണം. രൂപാന്തരത്തിലൂടെ പ്യൂപ്പയിൽ നിന്ന് ദൈവികതയിലേക്ക് ഉണരുന്ന ശലഭമായി തീരുന്ന അത്ഭുതം നടക്കേണ്ടിയിരിക്കുന്നു. മൃഗീയതിൽ അഭിരമിക്കുന്ന, ലോകത്തിന്റെ ആഡംബരങ്ങളിൽ മുഴുകുന്ന മനസ്സുകൾക്ക് ഈ രൂപാന്തരത്തിന്റെ കഥയോട് വലിയ താത്പര്യം ഉണ്ടാകില്ല. എന്നാൽ രൂപാന്തരത്തിലേക്ക് മനുഷ്യനെ നയിക്കുവാനാണ് ക്രിസ്തു ഈ ഭൂമിയിൽ വന്നത്. അതുകൊണ്ടാണ് തന്റെ ആദ്യത്തെ അത്ഭുതം തന്നെ മഹത്വപൂർണമാക്കുവാൻ അവിടുന്ന് ആഗ്രഹിച്ചത്.  

സന്ദേശം

ശുദ്ധീകരണകർമത്തിന് ഉപയോഗിച്ചിരുന്ന കൽഭരണികളെ ഈശോ രൂപാന്തരത്തിന്റെ പാത്രങ്ങളാക്കി മാറ്റുകയാണ്. ഈ ഭൂമിയിലെ മനുഷ്യന്റെ ജീവിതം ശുദ്ധീകരിക്കപ്പെടുവാനുള്ളതാണ്. രൂപാന്തരത്തിലേക്ക് കടന്നെത്തി നിൽക്കുവാനുള്ളതാണ്. മനുഷ്യന്റെ സാധാരണ ആവശ്യങ്ങളിൽ, ശൂന്യതകളിൽ നിറവായി വരുന്നവനാണ് ക്രിസ്തു. മനുഷ്യന്റെ ഇല്ലായ്മയെ, ഉള്ളായ്മയാക്കി മാറ്റുന്നവനാണ് ദൈവം. ഉറപ്പുതന്നെ. എന്നാൽ ആ നിറവ് രൂപാന്തരത്തിന്റെ, വീഞ്ഞിന്റെ, ദൈവികതയുടെ നിറവായി മാറണം. ഈശോ നമ്മെ ക്ഷണിക്കുന്നത് ഈ രൂപാന്തരത്തിലേക്ക് നാം എത്തിച്ചേരുവാനാണ്.

കാരണം, ക്രിസ്തു ലക്‌ഷ്യം വയ്ക്കുന്നത് ഉന്നതമായവയെയാണ്. ശരിയാണ്, മനുഷ്യന്റെ മാനുഷിക ആവശ്യങ്ങള പ്രധാനപ്പെട്ടതുതന്നെ. പക്ഷേ, ക്രിസ്തു നമ്മെ ക്ഷണിക്കുന്നത് അതുക്കും മേലെ സ്വർഗ്ഗത്തിലേക്കാണ്.  

നാമോരോരുത്തരും, ക്രിസ്തുവിന്റെ സഭയിൽ, കത്തോലിക്കാ തിരുസഭയിൽ മാമ്മോദീസയിലൂടെ അംഗങ്ങളായി തീർന്നിരിക്കുന്നത് നമ്മുടെ മാനുഷികതയിൽ ദൈവികത നിറയ്ക്കുന്ന, നമ്മുടെ മാനുഷികതയെ ദൈവികമാക്കുന്ന അത്ഭുതത്തിന് സാക്ഷികളാകുവാനാണ്. വെള്ളം വീഞ്ഞായി മാറുന്ന അത്ഭുതം നമ്മിൽ സംഭവിക്കുവാനാണ്.

ഇന്നും ക്രിസ്തു നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിൽ വന്ന്, നമ്മോടൊത്തായിരുന്നുകൊണ്ട് നമ്മെ രൂപാന്തരപ്പെടുത്തുകയാണ്, രൂപാന്തരത്തിലേക്ക് ക്ഷണിക്കുകയാണ്. ക്രിസ്തുവിന്റെ സാന്നിധ്യം ഈ പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണെങ്കിലും അവിടുത്തെ കൗദാശിക സാന്നിധ്യം നിലനിൽക്കുന്നതും അത്ഭുതം പ്രവർത്തിക്കുന്നതും തിരുസ്സഭയിലാണ്.

പഞ്ചഭൂതബന്ധിയായ അനുഭവത്തിനും അപ്പുറം നിലകൊള്ളുന്ന വെളിപ്പെടുത്തപ്പെട്ട ദൈവികതയുടെ (revealed divinity) കൗദാശിക സാന്നിധ്യമായ (Sacramental presence) വിശുദ്ധ കുർബാന രൂപാന്തരത്തിന്റെ പൂർണതയാണ്. അന്തരത്തിന്റെ (അകത്തുള്ളതിന്റെ) രൂപമാണ് രൂപാന്തരം. പ്രത്യക്ഷത്തിൽ വരാത്തത് രൂപമായി വരുന്നു. ഉള്ളടക്കത്തെ ഗാഢമായി അവതരിപ്പിക്കുകയാണ് രൂപം. പ്രത്യക്ഷത്തിന്റെ (Facticity) അസ്തിത്വവഴികളിൽ രൂപാന്തരത്തിന്റെ (Transcendence) അത്ഭുതമാണ് വിശുദ്ധ കുർബാന സൃഷ്ടിക്കുന്നത്.“ (ദൈവത്തിന്റെ ഭാഷ-വിശുദ്ധ കുർബാന, ഫാ. സാജു പൈനാടത്ത് എംസിബിഎസ്, പേജ് 71)

സമാപനം

വെള്ളം വീഞ്ഞാകുന്ന രൂപാന്തരത്തിന്റെ അത്ഭുതം ഇന്ന് തിരുസഭയിൽ, തിരുസഭാമക്കളിൽ നടക്കുന്നില്ല എന്ന വലിയ ദുരന്ത മുഖത്താണ് നാം ജീവിക്കുന്നത്. മാമ്മോദീസയിലൂടെ തിരുസ്സഭയുടെ മക്കളായി ഉയർത്തപ്പെടുന്നുണ്ടെങ്കിലും, ആ അവസ്ഥയിലേക്ക് തങ്ങളെ ഉയർത്തിയെടുക്കുവാൻ, രൂപാന്തരപ്പെടുത്തിയെടുക്കുവാൻ നമുക്കാകുന്നില്ല.  വെള്ളമായിത്തന്നെ നിലനിൽക്കുന്നതുകൊണ്ട് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ക്രിസ്തുവിന്റെ പരിമളം പരത്തുന്നില്ല, എന്ന് മാത്രമല്ല, ദുർഗന്ധം പടർത്തുകയാണ്. ഇന്നത്തെ ആനുകാലിക സംഭവങ്ങളോട് ചേർത്ത് ഇന്നത്തെ സുവിശേഷ സന്ദേശം വായിക്കുമ്പോൾ മനസ്സിലാകും എത്രമാത്രം ദുർഗന്ധമാണ് നാം പരത്തുന്നതെന്ന്!  ക്രൈസ്തവരെ കാണുമ്പോൾ ഇന്ന് മറ്റുള്ളവർ മൂക്കുപൊത്തുകയാണ്. ക്രിസ്തു ചൈതന്യമില്ലാത്ത, തിരുസ്സഭയെയും, സഭാസംവിധാനത്തെയും, ശ്ലൈഹീക പിന്തുടർച്ചയെയും അവഗണിക്കുന്ന കൃത്രിമ ക്രൈസ്തവരായ നമ്മെ കാണുമ്പോൾ, നമ്മുടെ അടുത്ത് വരുമ്പോൾ നാം ചീഞ്ഞുനാറുകയാണ് പ്രിയപ്പെട്ടവരേ.

വെറും വെള്ളമായി എത്രനാൾ ഇങ്ങനെ ചീഞ്ഞളിഞ്ഞ ജീവിതങ്ങളുമായി നാം ജീവിക്കും??? രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു നാം. വെള്ളത്തിൽ നിന്ന് വീഞ്ഞിലേക്ക്!! ആമേൻ!

Leave a comment