നോമ്പുകാലം രണ്ടാം ഞായർ
ഉത്പത്തി 5, 19-31
ജോഷ്വാ 4, 15-24
റോമാ 6, 15-23
മത്താ 7, 21-27

ആരാധനക്രമ വത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട, വിശുദ്ധ ദിവസങ്ങളിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. “നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ മടങ്ങും” എന്നും പറഞ്ഞുകൊണ്ട്, അനുതാപത്തിന്റെ പ്രതീകമായ ചാരംകൊണ്ട് നെറ്റിയിൽ കുരിശുവരച്ചുകൊണ്ടാണ് പുണ്യം പൂക്കുന്ന വലിയനോമ്പ് നാം ആരംഭിച്ചിരിക്കുന്നത്. ഈ ഭൂമിയിലെ ജീവിതം ഒരിക്കൽ കടന്നുപോകുമെന്നും, എളിമപ്പെടാനും, ത്യാഗമനോഭാവത്തോടെ ജീവിക്കുവാനുമുള്ളതാണ് ഈ ജീവിതമെന്നും നമ്മെ ഓർമപ്പെടുത്തിയ വിഭൂതിത്തിരുനാളിന് പിന്നാലെയെത്തുന്ന ഈ ഞായറാഴ്ച്ചത്തെ സുവിശേഷം അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് ജീവിക്കുവാൻ നമ്മെ ക്ഷണിക്കുകയാണ്.
വ്യാഖ്യാനം
ഈശോ ഈ ഭൂമിയിലേക്ക് വന്നത് ദൈവരാജ്യത്തെക്കുറിച്ചു ലോകത്തോട് പറയുവാനും, ദൈവരാജ്യത്തിലേക്ക്, സ്വർഗ്ഗരാജ്യത്തിലേക്ക് ലോകത്തിലുള്ള എല്ലാവരെയും ക്ഷണിക്കുവാനുമാണ്. ദൈവരാജ്യത്തിലേക്ക് ഒരാൾ പ്രവേശിക്കുന്നതിന് യോഗ്യതയെന്താണെന്ന്, യോഗ്യതകൾ എന്താണെന്ന് ഈശോ പറയുമ്പോൾ, മനുഷ്യന്റെ അഹങ്കാരത്തിന്റെ, അഹന്തയുടെ, കാപട്യത്തിന്റെ മുഖംമൂടികൾ ഈശോ വലിച്ചെറിയുകയാണ്.
ആരാണ് ദൈവരാജ്യത്തിലെ അംഗങ്ങൾ, ആരല്ല ദൈവരാജ്യത്തിലെ അംഗങ്ങൾ എന്ന് വളരെ വ്യക്തമായിത്തന്നെ ഈശോ പറയുന്നുണ്ട്. ആരാണ് ദൈവരാജ്യത്തിലെ അംഗങ്ങൾ? ‘കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവരല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുക’. അപ്പോൾ ആരല്ല ദൈവരാജ്യത്തിലെ അംഗങ്ങൾ? ‘കർത്താവേ, കർത്താവേ, എന്ന് മാത്രം വിളിച്ചുകൊണ്ട് എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റാതെ ജീവിക്കുന്നവർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല’. ഇതിൽ കൂടുതൽ മറ്റൊരു യോഗ്യതയും ഈശോ നമ്മിൽ നിന്നും ആവശ്യപ്പെടുന്നില്ല. ഇതിൽ നിന്നും മാറി മറ്റെന്ത് ചെയ്താലും, മറ്റെന്തു നേടിയാലും അത് യോഗ്യതയായി ഈശോ കണക്കുകൂട്ടുന്നുമില്ല.
ആധ്യാത്മിക കാര്യങ്ങൾ ശരിയായി ചെയ്യുവാൻ സാധിക്കാത്ത, വിശുദ്ധ കുർബാനയുടെ അർപ്പണത്തെച്ചൊല്ലി തമ്മിൽത്തല്ലുന്ന ക്രൈസ്തവരുള്ള, പ്രവാചകന്മാരില്ലാത്ത, വെളിപാടുകൾക്കു കാതോർക്കാത്ത ഇന്നത്തെ കാലഘട്ടത്തിനോട് എഴുതപ്പെട്ട ദൈവത്തിന്റെ വചനം പറയുന്നത്, അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം തേടുന്നവരാണ്, അത് പ്രാവർത്തികമാക്കുന്നവരാണ് ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എന്നാണ്.
ഈശോയ്ക്ക് പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്നത് ശരീരത്തിന് ഭക്ഷണംപോലെ പ്രധാനപ്പെട്ടതായിരുന്നു. സമരിയായിലെ സിക്കാർ എന്നപട്ടണത്തിലെ യാക്കോബിന്റെ കിണറ്റിൻ കരയിലിരുന്നു ശമറിയാക്കാരി സ്ത്രീയോട് സംസാരിച്ചിരിക്കുകയായിരുന്നു ഈശോ. സമയം കുറെ കടന്നു പോയപ്പോൾ ശിഷ്യന്മാർ ഈശോയോട് പറഞ്ഞു: “റബ്ബീ ഭക്ഷണം കഴിച്ചാലും.” അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വളരെ ശാന്തമായി ഈശോ പറയുകയാണ്: “നിങ്ങൾ അറിയാത്ത ഭക്ഷണം എനിക്കുണ്ട്”.

നൂറായിരം ചോദ്യങ്ങൾ ശിഷ്യന്മാരുടെ ഉള്ളിൽ മിന്നിമറഞ്ഞപ്പോൾ ഈശോ തുടർന്നു: “എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം.” (യോഹ 4, 31-34) ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുക എന്നത് ഈശോയുടെ ജീവിതവുമായി അത്രമാത്രം സമരസപ്പെട്ട ഒന്നായിരുന്നു.
ഒരിക്കൽ ഈശോ ദൈവരാജ്യത്തെക്കുറിച്ചു ജനങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ തന്റെ അമ്മയെ പുകഴ്ത്തി പറയുന്നത് കേട്ടപ്പോൾ, അവിടുന്ന് പറഞ്ഞു: “ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ അമ്മയും, സഹോദരനും, സഹോദരിയും.” (മത്താ 12, 46-50) അതായത്, ദൈവരാജ്യത്തിൽ പ്രവേശിക്കാൻ, യഥാർത്ഥ ശിഷ്യനാകാൻ, ക്രിസ്തുവിന്റെ പുരോഹിതനാകാൻ, സന്യാസിയാകാൻ, കുടുംബനാഥനും, കുടുംബനാഥയുമാകാൻ, ക്രിസ്തുവിന്റെ യുവതയാകാൻ, ബാലികാബാലന്മാരാകാൻ നാം ചെയ്യേണ്ടത് ഇത്രമാത്രം – ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി ജീവിതം മാറ്റുക!
ഈശോയുടെ ജീവിതത്തിൽ ദൈവേഷ്ടത്തിന്റെ ആഘോഷം കാണണമെങ്കിൽ പ്രിയപ്പെട്ടവരേ, നാം ഗദ്സേമിനി വരെ പോകണം. അവിടെ രാത്രിയുടെ ഏകാന്തതയിൽ തനിയെ മുട്ടിന്മേൽ നിന്ന് പിതാവിനോട് സംസാരിക്കുന്ന ഈശോയെ കേൾക്കണം. ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ശരീരം മുഴുവൻ രക്തം വിയർക്കുന്ന ഈശോയുടെ സഹനത്തോട് നമ്മുടെ മനസ്സുകൾ ചേർത്തുവയ്ക്കണം. അതിനുശേഷം, “പിതാവേ, അങ്ങേയ്ക്കു ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് അകറ്റണമേ. എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ” (ലൂക്ക 22,42) എന്ന ചങ്കുലയ്ക്കുന്ന ഈശോയുടെ പ്രാർത്ഥനയെ ധ്യാനിക്കണം. ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിച്ചുകൊണ്ടു ജീവിക്കുക എന്നത് ഈശോയ്ക്ക് ജീവിത വൃതമായിരുന്നു.
സ്നേഹമുള്ളവരേ, അമ്പതു നോമ്പിനെ പുണ്യം നിറഞ്ഞതാക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുക! അതിനുവേണ്ടത് ധൈര്യമാണ്. സ്വന്തം ഇഷ്ടത്തെ വെടിഞ്ഞു ദൈവത്തിന്റെ ഇഷ്ടം സ്വന്തം ഇഷ്ടമാക്കി മാറ്റുന്നവരാണ് ഈ ലോകത്തിലെ ധൈര്യശാലികൾ. ധൈര്യശാലികൾക്കേ, ദൈവഹിതത്തിനു തങ്ങളെത്തന്നെ സമർപ്പിക്കുവാൻ കഴിയൂ. ഭീരുക്കളാണ് ഞാനെന്നഭാവവുമായി കുറുവടിയുമായി ഉറഞ്ഞു തുള്ളുന്നവർ! നിർഭാഗ്യവശാൽ അവർക്കാണിന്ന് ഭൂരിപക്ഷം! അതിന്റെ ഫലമോ? സമ്പത്തിന്റെയും, അധികാരത്തിന്റെയും അഹന്തയുടെയും കുതിരപ്പുറത്തുകയറി അവർ മറ്റുള്ളവരെ വേട്ടയാടുന്നു! സുവിശേഷ മൂല്യങ്ങളെയും, മാനുഷിക മൂല്യങ്ങളെയും തങ്ങളുടെ ധാർഷ്ട്യത്തിന്റെ ബൂട്ടുകൾകൊണ്ട് നടുറോഡിലിട്ടു ചവുട്ടിയരയ്ക്കുന്നു! നീതിക്കുവേണ്ടി ശബ്ദമുയർത്തുന്നവർ ഓരോരുത്തരായി നിശ്ശബ്ദരാക്കപ്പെടുന്നു!
അഹന്തയുടെ, ഞാനെന്നഭാവത്തിന്റെ, അഹമ്മതിയുടെ പ്രദക്ഷിണങ്ങൾ അരങ്ങുതകർക്കുകയാണിവിടെ. റഷ്യൻ-യുക്രയിൻ യുദ്ധം തുടങ്ങിയിട്ട് കഴിഞ്ഞ ദിവസം ഒരു ഒരു വർഷമായി. എന്നിട്ടും അഹന്തയുടെ കുതിരപ്പുറത്തു നിന്നിറങ്ങാതെ വ്ളാദ്മിർ പുടിൻ യുദ്ധവെറിപൂണ്ട് നിൽക്കുകയാണ്. പ്രകൃതിയെ വെല്ലുവിളിച്ചു പണിതുയർത്തുന്ന, മോടിപിടിപ്പിക്കുന്ന വീടുകളും, ദേവാലയങ്ങളും, അമ്പലങ്ങളും മോസ്‌കുകളും, പ്രതിമകളും, ദൈവവിശ്വാസത്തിന്റെ, ദൈവസ്നേഹത്തിന്റെ, ദൈവമഹത്വത്തിന്റെ അടയാളങ്ങൾക്കു പകരം അഹന്തയുടെ മാത്സര്യത്തിന്റെ വമ്പൻ പ്രതീകങ്ങളാകുകയാണ്. ഭൂരിപക്ഷത്തിന്റെ അഹമ്മതിക്കു മുൻപിൽ, പണത്തിന്റെ അഹങ്കാരത്തിനുമുന്പിൽ, ഗുണ്ടായിസത്തിന്റെ അഹന്തക്ക് മുൻപിൽ ദൈവം നോക്കുകുത്തിയാകുന്നു!! തിരുസ്സഭയും, സഭയുടെ സംവിധാനങ്ങളും അപഹാസ്യമാകുന്നു; ക്രിസ്തു അവഗണിക്കപ്പെടുന്നു.!
ഈശോ പറയുന്നത് നമ്മൾ ആത്മീയത പോലും അഹന്തയുടെ ആഘോഷമാകുന്നു എന്നാണ്. ലക്ഷങ്ങൾ മുടക്കിയുള്ള പ്രാർത്ഥനായജ്ഞങ്ങളിൽ ‘കർത്താവേ, കർത്താവേ, എന്നുള്ള അധരവ്യായാമങ്ങൾ പ്രാർത്ഥനയാകില്ല എന്ന് ഈശോ പറയുന്നു. മൈക്ക് കെട്ടി വിളിച്ചുപറയുന്ന കാര്യങ്ങൾ – ഞങ്ങൾ നിന്റെ നാമത്തിൽപ്രവചിച്ചില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ രോഗികളെ സൗഖ്യപ്പെടുത്തിയില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ദേവാലയങ്ങൾ പണിതില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ നീണ്ടപലവർണ കുപ്പായങ്ങളിൽ പ്ര്യത്യക്ഷപ്പെട്ടില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ഊട്ടു നേർച്ചകൾ നടത്തിയില്ലേ കർത്താവേ – ഇവയെ അനീതിയുടെ ഗണത്തിലാണ് ഈശോ ഉൾപ്പെടുത്തുന്നത് എന്നോർക്കുക. ഞാൻ എന്റെ കുടുംബത്തെ സംരക്ഷിക്കുന്നില്ലേ കർത്താവേ, ഞാൻ കഷ്ടപ്പെടുന്നതുകൊണ്ടല്ലേ ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത് കർത്താവേ, ഞാൻ പഠിച്ചു, വിദേശത്തുപോയി ജോലിചെയ്തതുകൊണ്ടല്ലേ നല്ലൊരു വീടുണ്ടാക്കാൻ പറ്റിയത് കർത്താവേ… ഈശോ പറയും, നീ പറയുന്നത് അനീതിയാണ്; അഹന്തയാണ്. ഞങ്ങൾ, ഞങ്ങൾ എന്ന്, ഞാൻ, ഞാൻ എന്ന് പറഞ്ഞു നിങ്ങൾ നിങ്ങളുടെ അഹന്തയെ ആഘോഷിക്കുമ്പോൾ, സ്നേഹമുള്ളവരെ, അത് അനീതിയാണ്. കാരണം, അതെല്ലാം ചെയ്തത് നിങ്ങളല്ല, ദൈവമാണ്.
നിങ്ങൾ ക്ലെയിം (claim) ചെയ്യുകയാണ്. ക്ലെയിം കടന്നുവരുന്നത് നിങ്ങളുടെ അഹന്തയിൽ നിന്നാണ്. അത് അനീതിയാണ്.
തീർച്ചയായും നിങ്ങളിലൂടെ ദൈവമാണ് അത് ചെയ്തത്. നിങ്ങൾ claim ചെയ്യുന്ന നിമിഷം നിങ്ങൾ വലിയ അനീതിചെയ്യുകയാണ്. അതുകൊണ്ടാണ് ദൈവവചനം ഇവിടെ അല്പം പരുഷമാകുന്നത്: “അനീതി പ്രവർത്തിക്കുന്നവരെ, നിങ്ങൾ എന്നിൽ നിന്ന് അകന്നു പോകുവിൻ”.
നിങ്ങൾ ഒരു നദിക്കരയിൽ നില്കുകയാണ്. ആ നിമിഷത്തിൽ ഒരു മനുഷ്യൻ വള്ളത്തിൽ മുങ്ങുന്നത് നിങ്ങൾ കാണുകയാണ്. നിങ്ങൾ ഓടിച്ചെന്നു, വെള്ളത്തിലേക്ക് ചാടി അയാളെ രക്ഷിക്കുകയാണ്. എന്നിട്ടു കരയ്ക്കു കയറി വന്നപ്പോൾ, ചാനലുകാരോട് നിങ്ങൾ പറയുന്നു, “ഞാനാണ് ആ മനുഷ്യനെ രക്ഷിച്ചത്“. എന്നാൽ ഇതാണോ സത്യം? നിങ്ങളോർത്തോ? ഇതാ ഒരു മനുഷ്യൻ മുങ്ങുന്നു…എനിക്ക് അയാളെ രക്ഷിക്കണം…രക്ഷിക്കുക എന്നത് നല്ല കാര്യമല്ലേ? …എന്നൊക്കെ. ഇല്ല. സ്നേഹിതാ, ആ നിമിഷം നിങ്ങൾ ദൈവത്താൽ പൊതിയപ്പെട്ടിരിക്കുകയായിരുന്നു. ദൈവത്താൽ സ്വന്തമാക്കപ്പെട്ടിരിക്കുകയായിരുന്നു. You were possessed by God in that moment!
നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതെല്ലാം, നല്ലതും ചീത്തയും, സന്തോഷവും ദുഃഖവും എല്ലാം ദൈവേഷ്ടമായി കാണുമ്പോഴാണ് നാം പാറമേൽ പണിപ്പെട്ട വീടുകളാകുന്നത്.
സാമുവേൽ പ്രവാചകന്റെ രണ്ടാം പുസ്തകത്തിൽ ഒരു വിവരണമുണ്ട്. ദാവീദ് രാജാവ് ബഹുറൈമില എത്തിയപ്പോൾ സാവൂളിന്റെ ബന്ധുവായ ഗേറയുടെ മകൻ ഷിമേയി ദാവീദിന്റെമേൽ ശാപവാക്കുകൾ പറയാൻ തുടങ്ങി. കൊലപാതകീ, നീചാ എന്നൊക്കെയുള്ള ചീത്തവാക്കുകളാണ് അയാൾ ഉപയോഗിച്ചത്. അപ്പോൾ സെറൂയായുടെ മകൻ അബീശായി പറഞ്ഞു: ” ഈ ചത്ത പട്ടി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നുവോ? ഞാൻ ഇവന്റെ തല വെട്ടിക്കളയട്ടെ?” അപ്പോൾ ദാവീദ് രാജാവ് പറഞ്ഞു:”നിങ്ങൾക്കിതിൽ എന്ത് കാര്യം? ദാവീദിനെ ശപിക്കുകയെന്നു കർത്താവ് കല്പിച്ചിട്ടാണ് അവനതു ചെയ്യുന്നതെങ്കിൽ, കർത്താവിന്റെ ഇഷ്ടമാണ് അതെങ്കിൽ അരുതെന്നു പറയുവാൻ ആർക്കു കഴിയും? …അവനെ വെറുതെ വിട്ടേയ്ക്കൂ…കർത്താവ് എന്റെ കഷ്ടത കണ്ടു അവന്റെ ശാപത്തിനു പകരം എന്നെ അനുഗ്രഹിച്ചേക്കും.” (16, 5-14) ജീവിതത്തിലെ വേദനിപ്പിക്കുന്ന സംഭവങ്ങളെ ദൈവകല്പിതങ്ങളായി, ദൈവേഷ്ടങ്ങളായി കാണുമ്പോൾ അവ ദൈവാനുഗ്രഹങ്ങളായി മാറുന്ന അത്ഭുതം നമ്മിൽ നടക്കും.
സ്നേഹമുള്ളവരേ, ദൈവത്തിന്റെ പ്രവർത്തനങ്ങളാൽ നിറയപ്പെടേണ്ട ഈ ലോകത്തിൽ അതിനുള്ള ഉപകരണങ്ങളാകുകയാണ് നമ്മുടെ നിയോഗം. അതുകൊണ്ടാണ് ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുന്നവരാകുവാൻ ഈശോ നമ്മെ ക്ഷണിക്കുന്നത്. എന്തെങ്കിലും നന്മ നമ്മിലൂടെ സംഭവിക്കുന്നുണ്ടെങ്കിൽ അത് ദൈവത്തിൽ നിന്നാണ്. അത് ക്ലെയിം ചെയ്യാൻ പാടില്ല. claim ചെയ്യുക വഴി അത് നിന്റെ അഹന്തയുടെ ഒരു ആഭരണമായി മാറും. അത് ദൈവത്തിന്റെ ഇഷ്ടം ആകാതെപോകും.
ശരിയായ ആധ്യാത്മികത, ആത്മീയ ജീവിതം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക എന്നതാണ്. എന്നുവച്ചാൽ, നിന്നിലെ പഴയ മനുഷ്യനെ മാറ്റി, ദൈവിക ചിന്തയുള്ള പുതിയ മനുഷ്യനാകണം; നിന്റെ ജീവിതത്തിന്റെ അടിസ്ഥാനം ക്രിസ്തുവാകണം. നിന്നിൽ അന്ധകാരം സൃഷ്ടിക്കുന്നതിനോടെല്ലാം ബൈ പറയണം. വിശുദ്ധ പൗലോശ്ലീഹാ പറയുന്നത് ഇങ്ങനെയാണ്: “നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും, നല്ലതും, പ്രീതിജനകവും, പരിപൂർണവുമായത് എന്തെന്നും വിവേചിച്ചറിയുവാൻ അപ്പോൾ നിങ്ങൾക്ക് സാധിക്കും.” (റോമാ 12, 2)
അപ്പോൾ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും, ദൈവേഷ്ടം പ്രവർത്തിക്കാത്തവനും തമ്മിൽ എന്തുണ്ട് വ്യത്യാസം? അതാണ് ഈശോ പറയുന്ന ഉപമ. ക്രിസ്തുവാകുന്ന പാറമേൽ, ക്രിസ്തുവിന്റെ ഇഷ്ടമാകുന്ന അടിസ്ഥാനത്തിന്മേൽ നീയാകുന്ന, നിന്റെ കുടുംബമാകുന്ന, നിന്റെ ഇടവകയാകുന്ന, തിരുസ്സഭയാകുന്ന വീട് പണിതുയർത്തുമ്പോഴാണ് ഏത് കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും തകർക്കാനാവാത്ത ഉറപ്പ് അതിന് ലഭിക്കുന്നത്. എന്നാൽ, കപടതയിൽ, അഹങ്കാരത്തിൽ, ദൈവത്തെയും ദൈവത്തിന്റെ ഇഷ്ടത്തെയും അവഗണിച്ചുകൊണ്ട് എന്ത് പണിതുയർത്തിയാലും അത് ഈശോ പറയുന്നപോലെ, കല്ലിന്മേൽ കല്ലുശേഷിക്കാതെ തകർന്നുപോകും. പക്ഷെ ഒന്നോർക്കുക! ദൈവേഷ്ടമനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കുന്ന നിന്റെ ജീവിതത്തിലും, ദൈവേഷ്ടം പ്രവർത്തിക്കാത്തവന്റെ ജീവിതത്തിലും ഒരു സംശയം വേണ്ട, മഴ പെയ്യും, കൊടുങ്കാറ്റുണ്ടാകും, വെള്ളപ്പൊക്കമുണ്ടാകും. അത് നിന്റെയും അപരന്റേയും ജീവിതത്തിലേക്ക് ആഞ്ഞടിച്ചുതന്നെ കയറും. പക്ഷെ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും നിന്റെ കുടുംബവും വീഴില്ല. അപരന്റേത് തകർന്നുപോകും. ഇത് ക്രിസ്തുവിന്റെ ഉറപ്പാണ്. നിന്റെ ജീവിതത്തിനുമേൽ ദൈവം സ്ഥാപിക്കുന്ന ഉറപ്പ്!
സമാപനം
ദൈവത്തിന്റെ അനന്ത സ്നേഹത്താൽ നിറഞ്ഞിരിക്കുന്ന ഈ ദേവാലയത്തിൽ, ദൈവകൃപ നമ്മിലേക്ക് വചന പ്രഘോഷണത്തിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷത്തിൽ സ്നേഹമുള്ളവരേ, എടുക്കുക ഒരു ഉറച്ച തീരുമാനം. എന്ത് തന്നെ വന്നാലും, എന്റെ ജീവിതത്തിന്റെ, കുടുംബത്തിന്റെ പ്ലാനുകളിലും പദ്ധതികളിലും ആദ്യം ഞാനന്വേഷിക്കുന്നത് ദൈവമേ നിന്റെ തിരുവിഷ്ടമായിരിക്കും. ഇന്ന് നാം അർപ്പിക്കുന്ന ഈ വിശുദ്ധ കുർബാന നമ്മുടെ തീരുമാനത്തെ ബലപ്പെടുത്തട്ടെ.

നമ്മുടെ ജീവിതങ്ങളെ കൃപകൊണ്ട് നിറയ്ക്കട്ടെ. ജീവിതത്തിലെ ഓരോ നിമിഷവും ഇതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന: ഈശോയെ, നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. ആമേൻ!







