ദനഹാക്കാലം അഞ്ചാം ഞായർ
നിയമവാർത്തനം 18, 13-18
ഏശയ്യാ 48, 12-20
ഹെബ്രാ 6, 9-15
യോഹന്നാൻ, 3, 14-21

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്ന് വായിച്ചുകേട്ട മനോഹരമായ വചനത്തിന്റെ ചുവടുപിടിച്ച് നമുക്ക് ഇന്നത്തെ വചന വിചിന്തനത്തിലേക്ക് പ്രവേശിക്കാം. “എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈ ദൈവവചനത്തോട് കിടപിടിക്കുന്ന ഒരു ദൈവവചനം കണ്ടെത്തുക ഏതാണ്ട് അസാധ്യമാണ്. ദൈവത്തിന്റെ രക്ഷാകരപദ്ധതി കാച്ചിക്കുറുക്കിയെടുത്ത വചനമാണിത്. ഈ വചനത്തിന് അതിഗംഭീരമായ ആന്തരിക സ്ഥിരതയുണ്ട്. ആദ്യം ഈ വചനം ദൈവത്തിൽ വിശ്വസിക്കുന്നതിനെക്കുറിച്ച് പറയുന്നു. പിന്നീട് മനുഷ്യൻ നേടിയെടുക്കേണ്ട നിത്യജീവനെക്കുറിച്ച്. പിന്നെ ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച്.
ഈ മൂന്ന് കാര്യങ്ങളെക്കുറിച്ച് എന്തിന് സംസാരിക്കണം എന്ന് ചോദിക്കുന്നവരുണ്ടാകാം. ഇവ തങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്നില്ലെന്നും, ദൈവമില്ലാതെ തങ്ങൾക്ക് വളരെ നന്നായി ജീവിക്കുവാൻ സാധിക്കും എന്ന് പറയുന്നവരുണ്ടാകാം. ഇവ പൊള്ളയായ വാക്കുകളായും, വെറും കളികളോ കടംകഥകളോ ആയും കാണുന്നവരുണ്ടാകാം .പൊള്ളയായും, കടംകഥകളായും ഇവയെ കരുതുമ്പോഴാണ് മനുഷ്യന്റെ മനസ്സ് എല്ലാത്തരം ചവറുകളുംകൊണ്ട് നിറയുന്നത്. ജീവിതം വെറും പൊള്ളയാകുന്നത്. അപ്പോഴാണ് അമ്മയുടെ ഗർഭപാത്രത്തിന്റെ ഇരുട്ടിൽ നിന്നും, നിശ്ചയിക്കപ്പെട്ട ആറടി മണ്ണിന്റെ ഇരുട്ടിലേക്ക് എത്തുന്നതുവരെയുള്ള ജീവിതം നിരാശാജനകവും, വ്യർത്ഥവുമാകുന്നത്. അപ്പോഴാണ് മനുഷ്യർ പ്രകാശത്തെ അന്ധകാരമായും നന്മയെ തിന്മയായും കാണുന്നത്. ‘പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യൻ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിക്കുന്നത്.’
എന്നാൽ, ഈ മണ്ണിൽ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും ജീവിതം മനോഹരവും പ്രസാദം നിറഞ്ഞതുമാകുന്നത് ഈ മൂന്ന് കാര്യങ്ങൾക്കൊണ്ടാണ്. ഒന്നാമത്തേത് ദൈവം സ്നേഹിച്ചു എന്നതാണ്. സ്നേഹമാണ് പരമോന്നതമൂല്യം. അതുകൊണ്ടാണ് ദൈവം സ്നേഹമാകുന്നു എന്ന് ഈശോയ്ക്ക് പറയുവാൻ കഴിഞ്ഞത്. ദൈവം സ്നേഹമാകുന്നു എന്നത് ഒരു വിശകലനാത്മകമായ വാചകമാണ് (Analytical sentence). A is A എന്നു പറയുന്നപോലെ. ദൈവം സ്നേഹമാകുന്നു; സ്നേഹം ദൈവമാകുന്നു. ദൈവം നമുക്ക് ജീവൻ തരുന്നത് ഭക്ഷണത്തിലൂടെയല്ല. സ്നേഹത്തിലൂടെയാണ്. സ്നേഹം നമുക്ക് ജീവൻ തരിക മാത്രമല്ല, സൗന്ദര്യമുള്ള, സത്യമുള്ള, മൂല്യമുള്ള മറ്റനേകം കാര്യങ്ങളും നൽകുന്നുണ്ട്. ലൗകിക സമൃദ്ധിയിലല്ല ജീവിതം സമ്പന്നമാകുന്നത് എന്ന് ഈശോ പറയുന്നത് ഇതിന്റെ വെളിച്ചത്തിലാണ്. സ്നേഹത്തിൽ മാത്രമേ, ദൈവത്തിൽ ജീവിക്കുമ്പോൾ മാത്രമേ ജീവിതം സമ്പന്നമാകുകയുള്ളു.
ദൈവം എന്തിനെയാണ് സ്നേഹിച്ചത്? ലോകത്തെ. ലോകം എന്നുള്ളത് ഇവിടെ ഒരു പൊതുനാമമാണ്. ദൈവം താൻ സൃഷ്ടിച്ച ലോകത്തെ സ്നേഹിച്ചു എന്നല്ല പറയുന്നത്. ഒരു വിശേഷണവും ഇവിടെ ഇല്ല. ഈ ലോകത്തെയെന്നും പറയുന്നില്ല. This എന്ന Demonstrative pronoun ഉപയോഗിക്കുന്നില്ല. ലോകത്തെ എന്നാണ് പറയുന്നത്. ഇവിടെ ലോകമെന്നത് എന്തുമാകാം. പ്രപഞ്ചം മുഴുവനും ലോകമാണ്. ഞാൻ എന്ന് പറയുന്ന വ്യക്തി ലോകമാണ്. മാനസിക വിശകലനത്തിന്റെ (Psychoanalysis) പിതാവായ ഫ്രോയിഡ് (Sigmund Freud) പറയുന്നത് ഓരോ മനുഷ്യനും ഒരു ലോകമാണ് എന്നാണ്. ഓരോ കുടുംബവും ലോകമാണ്. ഓരോ ഇടവകയും, രൂപതയും ലോകമാണ്. സീറോമലബാർ സഭ ലോകമാണ്. തിരുസ്സഭയും ലോകമാണ്. എന്റെ ലോകം എന്ന ഒരു സങ്കല്പം തന്നെയുണ്ട്. മാതാപിതാക്കൾക്ക് കുടുംബമാണ് അവരുടെ ലോകം. മക്കൾക്ക് മാതാപിതാക്കളാണ് അവരുടെ ലോകം. പ്രേമിക്കുന്ന ഒരു വ്യക്തി കൂട്ടുകാരനോട്, കൂട്ടുകാരിയോട് പറയുന്നത് You are my world എന്നല്ലേ? കവിയും എഴുത്തുകാരനും അധ്യാപകനുമായ അവിജിത് ദാസ് (Avijeet Das) പറയുന്നത് “My students are my world. And my heart is where they stay permanently.” ഇതുപോലെ ദൈവത്തിനും ലോകമുണ്ട്. ദൈവം സ്നേഹിക്കുന്ന, ദൈവത്തിന്റെ ഹൃദയം എപ്പോഴും വസിക്കുന്ന ലോകം. അത് മകളേ, മകനേ നീയാകുന്ന ലോകമാണ്.
ലോകം ഒരു പൊതുനാമമാണ്. ദൈവം ലോകത്തെ സ്നേഹിച്ചു എന്ന് പറയുമ്പോൾ അതിന് വ്യാപകമായ അർത്ഥമുണ്ട്; അർത്ഥതലങ്ങളുണ്ട്. ദൈവം ലോകത്തെ സ്നേഹിച്ചു എന്ന് പറയുമ്പോൾ ഞാനാകുന്ന ലോകത്തെ സ്നേഹിച്ചു എന്നാണ് അർഥം. എന്റെ കുടുംബമാകുന്ന ലോകത്തെ സ്നേഹിച്ചു എന്നാണ് അർഥം. അത്രയ്ക്കും വ്യക്തിപരമാണ് ഈ പ്രസ്താവന.
എങ്ങനെയാണ് സ്നേഹിച്ചത്? തന്റെ പുത്രനെ നൽകുവാൻ തക്കവിധം. എന്നു പറഞ്ഞാൽ എന്താണ് അർത്ഥം? തന്റെ പുത്രനെ നൽകുവാൻ എന്നത് മനുഷ്യന്റെ ദൈവത്തെക്കുറിച്ചുള്ള, ദൈവസ്നേഹത്തെക്കുറിച്ചുള്ള അവതരണമാണ്. പുത്രനോ, പുത്രിയോ എന്നത് മാതാപിതാക്കളുടെ ഭാഗമാണ്, മാതാപിതാക്കൾ തന്നെയാണ്. അതുകൊണ്ടാണ്, തന്റെ പുത്രനെ നൽകുവാൻ തക്കവിധം എന്ന രൂപകം മനുഷ്യൻ ഉപയോഗിക്കുന്നത്. ദൈവംതന്നെ ഭൂമിയിലെത്തി എന്നുപറയുവാൻ ആഗ്രഹിച്ച മനുഷ്യന്റെ അവതരണമാണിത്. ഖലീൽ ജിബ്രാൻ (Khalil Gibran) തന്റെ „പ്രവാചകൻ“ (The Prophet) എന്ന പുസ്തകത്തിൽ വളരെ വ്യക്തമായി ഈ കാര്യം മനസ്സിലാക്കിത്തരുന്നുണ്ട്. “സ്നേഹം തന്നെത്തന്നെയല്ലാതെ മറ്റൊന്നുമല്ല നൽകുന്നത്. തന്നിൽ നിന്നുമല്ലാതെ മറ്റൊന്നിൽ നിന്നുമാണ് അത് എടുക്കുന്നത്…” സ്നേഹം തന്നെത്തന്നെ മാത്രമേ നൽകൂ. അതിൽ കൂടുതൽ നല്കാനാകില്ല. അതിലും മഹത്തായത് ചിന്തിക്കാൻ കഴിയില്ല. അതിലും മൂല്യമുള്ളത് സ്നേഹത്തിന് നല്കാനില്ല. സ്നേഹം തന്നെതന്നെയല്ലാതെ മറ്റൊന്നുമല്ല നൽകുന്നത്. തന്റെ പുത്രനെ നൽകുവാൻ തക്കവിധം എന്ന് പറഞ്ഞാൽ ദൈവം തന്നെത്തന്നെ ഭൂമിക്ക് നൽകി എന്നാണ് അർഥം. ദൈവത്തിന്റെ, ദൈവസ്നേഹത്തിന്റെ സമൂർത്ത രൂപമാണ് പുത്രൻ.
എന്തിനാണ് ദൈവം ലോകത്തെ തന്റെ പുത്രനെ നൽകുവാൻ തക്കവിധം അത്രമാത്രം സ്നേഹിച്ചത്? മനുഷ്യന് നിത്യജീവനുണ്ടാകുവാൻ. ദൈവത്തിൽ വിശ്വസിക്കുന്ന മനുഷ്യന് നിത്യജീവൻ ഉണ്ടാകുവാൻ, മനുഷ്യർ രക്ഷിക്കപ്പെടുവാൻ. കുടുംബമാകുന്ന ലോകം, ഇടവകയാകുന്ന ലോകം, തിരുസ്സഭയാകുന്ന ലോകം രക്ഷിക്കപ്പെടുവാൻ. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് നാമാകുന്ന ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല, പ്രത്യുത, അവൻ വഴി നാമാകുന്ന ലോകം രക്ഷപ്രാപിക്കാനാണ്. (യോഹ 3,17 ) വിശുദ്ധ യോഹന്നാന്റെ സുവിശേഷം പത്താം അധ്യായം പത്താം വാക്യം പറയുന്നു: ‘ കൊല്ലാനും നശിപ്പിക്കുവാനുമാണ് കള്ളൻ വരുന്നത്. എന്നാൽ ഞാൻ വന്നിരിക്കുന്നത് മനുഷ്യർക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധിയായി ഉണ്ടാകുവാനുമാണ്.’ (യോഹ 10, 10) കാരണം നിത്യജീവന്റെ വാക്കുകൾ ദൈവത്തിന്റെ, ക്രിസ്തുവിന്റെ പക്കൽ മാത്രമേയുള്ളു. (യോഹ 6, 68) തന്റെ പരസ്യജീവിതകാലത്ത് ഈശോ നടത്തിയ ഏറ്റവും ദീർഘമായ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള പ്രഭാഷണത്തിലും അവിടുന്ന് പറയുന്നത് ഇപ്രകാരമാണ്. : “നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ, മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ.” (യോഹ 6, 27) നമ്മുടെ ഈ ഭൂമിയിലെ ജീവിതം വരപ്രസാദ പൂർണമാക്കുന്നത് ക്രിസ്തുവിന്റെ ജീവനിലുള്ള പങ്കാളിത്തമാണ്.
തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം നാമാകുന്ന ലോകത്തെ, നമ്മുടെ കുടുംബമാകുന്ന ലോകത്തെ സ്നേഹിക്കുന്ന ദൈവത്തിന്റെ സ്നേഹം മറക്കാതിരിക്കുവാൻ നാം ശ്രദ്ധിക്കണം. നാം ജീവിക്കുന്ന ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൈവം സ്നേഹിക്കുന്ന ധാരാളം ലോകങ്ങൾ ആക്രമിക്കപ്പെടുന്നുണ്ട്. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകത്തെ തകർക്കുവാൻ, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നമ്മുടെ കുടുംബങ്ങളാകുന്ന ലോകത്തെ ശിഥിലമാക്കുവാൻ, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന സീറോമലബാർ സഭയാകുന്ന ലോകത്തെ ഇല്ലാതാക്കുവാൻ, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന തിരുസ്സഭയാകുന്ന ലോകത്തെ നശിപ്പിക്കുവാൻ ശത്രുക്കൾ ശ്രമിക്കുമ്പോൾ, ശത്രുവിന് ഒരുത്തിരി സ്ഥലം പോലും നാമാകുന്ന ലോകത്ത് കൊടുക്കാതിരിക്കണം. ഒരു ചെറിയ ഇടം നാമാകുന്ന ലോകത്ത് ശത്രുവിന് കൊടുത്താൽ അത് മതി, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകം തകർക്കുവാൻ. മരുഭൂമിയിൽ ഒരു യാത്രക്കാരൻ തൽമാത്രം വയ്ക്കുവാൻ ഒട്ടകത്തിന് സ്ഥലം കൊടുത്ത കഥ ഓർക്കുന്നില്ലേ? തല വയ്ക്കുവാൻ ഒരു നുള്ള് സ്ഥലം കൊടുത്തിട്ട് അവസാനം യാത്രക്കാരനെ ഒട്ടകം പുറത്താക്കി.
ഇന്നത്തെ ആനുകാലിക സംഭവങ്ങൾ നമ്മോട് പറയുന്നത്, നമ്മൾ ക്രൈസ്തവർ തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന ലോകങ്ങളിൽ, നമ്മുടെ ജീവിതങ്ങളിൽ, കുടുംബങ്ങളിൽ ശത്രുവിന് ഇടം കൊടുക്കുന്നുണ്ട് എന്നാണ്. അങ്ങനെ ശത്രുവിന് ഇടം കൊടുത്താൽ പുൽക്കൂടുപോലെ, വിശുദ്ധ ബൈബിൾപോലെ നാം വിശുദ്ധമായി കരുതുന്ന പലതും പതുക്കെ പതുക്കെ നശിപ്പിക്കപ്പെടും! തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകങ്ങളിൽ ജീവിക്കുവാൻ പറ്റാത്തവിധം നമ്മുടെ ജീവിതം അസഹ്യമാകും, അസാധ്യമാകും!!?
ഒരാൾ തന്റെ വീട് പത്തുലക്ഷം രൂപയ്ക്ക് വിൽക്കുവാൻ തീരുമാനിച്ചു. വീടില്ലാത്ത ഒരു പാവം മനുഷ്യന് ഈ വീട് വളരെ ഇഷ്ടമായി. എന്നാൽ ആ പാവപ്പെട്ടവന് തന്റെ കയ്യിൽ മൂന്ന് ലക്ഷമേ ഉണ്ടയിരുന്നുള്ളു. അയാൾ വന്ന് തന്റെ പ്രശ്നം വീട്ടുടമസ്ഥനോട് പറഞ്ഞു. വീട്ടുടമസ്ഥൻ തന്റെ വീട് പാവപ്പെട്ടവന് നൽകുവാൻ സമ്മതിച്ചു. ഒരൊറ്റ കണ്ടീഷൻ മാത്രം ആ ഉടമസ്ഥൻ മുന്നോട്ടുവച്ചു. ഈ വീടിന്റെ ചുവരിൽ ഒരു ആണി എന്റേതായി കാണും. ആ ആണിയുടെ ഉടമസ്ഥൻ ഞാനായിരിക്കും. ആ ആണിയൊഴികെ എല്ലാം നിന്റേതായിരിക്കും. അവർ രണ്ടുപേരും ആ കാര്യത്തിൽ സമ്മതിച്ചു. പുതിയവീട്ടിൽ ആ മനുഷ്യൻ താമസവും ആരംഭിച്ചു. സന്തോഷകരമായ ദിനങ്ങൾ കഴിഞ്ഞുപോയി. ചില നാളുകൾക്കുശേഷം ആദ്യത്തെ ഉടമസ്ഥന് ഒരാഗ്രഹം, തന്റെ പഴയ വീട് തിരികെ വേണം. എന്നാൽ അത് കൊടുക്കുവാൻ പുതിയ ഉടമസ്ഥന് താത്പര്യമില്ലായിരുന്നു. പഴയ ഉടമസ്ഥൻ പോയി ഒരു ചത്ത മൃഗത്തെ തനിക്ക് അവകാശപ്പെട്ട ആണിയിൽ കൊണ്ട് തൂക്കി. ആ ശവം അവിടെകിടന്ന് ജീർണിക്കുവാൻ തുടങ്ങി. എങ്ങനെയെങ്കിലും അവിടെ പിടിച്ചു നിൽക്കുവാൻ അവർ എല്ലാവരും ശ്രമിച്ചു. പക്ഷെ അവർക്ക്, ഒന്നും പറയുവാൻ പറ്റാത്ത അവസ്ഥയായി. ഉടമ്പടി പ്രകാരം ആ ആണി അയാളുടേതാണ്. ദുർഗന്ധം വമിക്കുന്ന ഓരോരോ കാര്യങ്ങൾ ആ ആണിയിൽ തൂക്കി അവിടെ ജീവിക്കുവാൻ പറ്റാത്ത അവസ്ഥ അയാൾ ഒരുക്കി. ഒരൊറ്റ ആണി! ആ ആണിയുടെ ഉടമസ്ഥാവകാശം കയ്യിൽവച്ചുകൊണ്ട് അയാൾ ആ വീടിന്റെ സമാധാനം കെടുത്തി.
സ്നേഹമുള്ളവരേ, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകങ്ങളെ തകർക്കുവാൻ ശത്രുവിന് ഒരു ചെറിയ ഇടം മതി. വളരെ നിസ്സാരങ്ങളെന്ന് ചെലപ്പോൾ തോന്നാവുന്ന ആ ചെറിയ ഇടങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടെങ്കിൽ അത് മതി, നമ്മുടെ ലോകങ്ങൾ തകർക്കുവാൻ. നമ്മുടെ സ്വാഭാവിക പ്രവണതകൾ, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം, പുകവലി, അഹങ്കാരം, തുടങ്ങിയ കുറവുകളാകാം, ആരെങ്കിലും പറഞ്ഞ ഒരു വക്കാകാം, ഒരു ചെറിയ നിരാശയാകാം, ആരുടെയെങ്കിലും രോഗമാകാം അങ്ങനെയുള്ള ആണികൾ മതി നമ്മുടെ ജീവിതത്തെ, നമ്മുടെ ലോകങ്ങളെ ദുർഗന്ധപൂരിതമാക്കുവാൻ! നാമാകുന്ന ലോകത്തിന്റെ, നമ്മുടെ കുടുംബമാകുന്ന ലോകത്തിന്റെ സകല സൗന്ദര്യവും, സുഗന്ധവും തകർക്കുവാൻ ഇവ മതിയാകും. നമ്മുടെ അൽപ്പം ശത്രുവിന് നൽകിയാൽ അതിലൂടെ അവൻ നമ്മുടെ മുഴുവനെയും എടുക്കും.
ഇന്നത്തെ ദൈവവചനം നമ്മോട് പറയുന്നത് തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം നമ്മെ സ്നേഹിക്കുന്ന ഒരു ദൈവം നമുക്കുണ്ട് എന്നാണ്. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്നത് നാമാകുന്ന ലോകത്തെയാണ്. നമുക്ക് നിത്യജീവൻ നൽകുവാൻ വേണ്ടിയാണ് അവിടുന്ന് നാമാകുന്ന ലോകത്തെ സ്നേഹിക്കുന്നത്.

തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകത്തെ ദൈവകൃപയുള്ളതാക്കി നിലനിർത്തുവാൻ നമുക്ക് സാധിക്കട്ടെ. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ഞാനാകുന്ന ലോകത്തെ, എന്റെ കുടുംബമാകുന്ന ലോകത്തെ സ്നേഹിച്ച ദൈവം – ഇതായിരിക്കട്ടെ ഈ ആഴ്ചയിലെ നമ്മുടെ ധ്യാനം. ഈ ധ്യാനവഴികൾ ദൈവാനുഗ്രഹത്തിന്റെ അരുവികളായിരിക്കും. തീർച്ച! ആമേൻ!